Monday, 30 January 2023

ഗോ റിപബ്ലിക്

കോടതി മുറി തിങ്ങി നിറഞ്ഞിട്ടുണ്ട്. കാരണം വിചിത്രമായ ഒരു കേസിന്റെ തുടർ വാദമാണ് ഇന്ന് നടക്കുന്നത്. നിലവിൽ രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന വൈചിത്ര്യങ്ങളെ ഓർക്കുമ്പോൾ ഈ കേസിനെ വിചിത്രമെന്ന് വിശേഷിപ്പിക്കാമോ എന്നതൊരു തർക്കവിഷയമാണ്.

"ഒബ്ജെക്ഷൻ സസ്റ്റെയിന്ഡ്" 

 ഇല്ലാത്ത ചുറ്റിക കൊണ്ട് ജഡ്‌ജി മേശപ്പുറത്ത് മൂന്ന് വട്ടം ആഞ്ഞടിച്ചു.

"താങ്ക്യൂ യുവറോണർ"

ഗൗൺ വലിച്ച് നേരെയിട്ട് പ്രതിഭാഗം വക്കീൽ മുന്നോട്ട് കയറി നിന്നു.

"പബ്ലിക് പ്രോസിക്യൂട്ടറുടെ വാദങ്ങൾ അംഗീകരിച്ചു കൊണ്ട് തന്നെ പറയട്ടെ; എന്റെ കക്ഷി ഈ രാജ്യത്തെ ഔദ്യോഗിക മത വിഭാഗത്തിൽപ്പെട്ട ഒരാളല്ല. മാത്രവുമല്ല സ്വന്തം പൗരത്വം തെളിയിക്കാനാവശ്യമായ രേഖകളൊന്നും അയാളുടെ പക്കലില്ല."

പബ്ലിക് പ്രോസിക്യൂട്ടറുടെ കനത്ത താടി രോമങ്ങൾക്കിടയിൽ ഒരു നനുത്ത ചിരി പടർന്നു. അത് അവഗണിച്ചു കൊണ്ട് പ്രതി ഭാഗം വക്കീൽ തുടർന്നു:

"പക്ഷെ അദ്ദേഹം പറയാത്ത ചില കാര്യങ്ങൾ എനിക്ക് ബോധിപ്പിക്കാനുണ്ട്. അതിനായി മുൻകൂറായി സമർപ്പിച്ച പട്ടികയിൽ നിന്നും ഒരു വ്യക്തിയെ എനിക്ക് കോടതി മുമ്പാകെ ഹാജരാക്കേണ്ടതുണ്ട്."

"യെസ്...പ്രൊസീഡ്"

മുന്നിലെ പട്ടികയിലൂടെ കണ്ണോടിച്ചു കൊണ്ട് ജഡ്ജി മുരണ്ടു.

പുറകിലായി ഒന്ന് തട്ടിയപ്പോൾ അവൾ മുന്നോട്ട് കയറി നിന്നു. 

"ഈ വ്യക്തി രാജ്യത്തെ പൗരനാണെന്നതിൽ ആർക്കും എതിർപ്പില്ലെന്ന് വിശ്വസിക്കട്ടെ."

പ്രതിഭാഗം വക്കീൽ ഗൗൺ വലിച്ചു നേരെയിട്ടു.

"എന്ത് ചോദ്യമാണ് ഹേ.. നിങ്ങളെന്താ കോടതിയെ കളിയാക്കുകയാണോ? ഇദ്ദേഹം വെറുമൊരു പൗരനാണോ; നമ്മുടെ ദേശീയതയുടെ പ്രതീകമല്ലേ?"

ജഡ്ജി ആകാവുന്നത്രയും മുന്നോട്ട് വളഞ്ഞു നിന്ന് കൈകൾ കൂപ്പി. മുറിയിലെ ഭൂരിപക്ഷവും യാന്ത്രികമായി ജഡ്ജിയെ അനുകരിച്ചു. അത് ഇഷ്ടപ്പെട്ട മട്ടിൽ അവൾ തല കുലുക്കിയപ്പോൾ കഴുത്തിലെ മണി കിലുങ്ങി.

"ക്ഷമിക്കണം കളിയാക്കാൻ ഉദ്ദേശിച്ചതല്ല."

പ്രതിഭാഗം വക്കീൽ കൈകൂപ്പി തല കുനിച്ചു.

""ഓക്കെ...പ്രൊസീഡ്"

"യുവറോണർ, അങ്ങ് പറഞ്ഞ പ്രകാരം നമ്മുടെ ദേശീയതയുടെ പ്രതീകമായ ഇദ്ദേഹവുമായി എന്റെ കക്ഷി തീവ്ര പ്രണയത്തിലാണ്. അഞ്ച് വർഷങ്ങൾക്ക് മുമ്പ് ഒരു പെരുന്നാൾ ദിനത്തിൽ അറവ് കത്തിയുടെ മുനയിൽ നിന്നും ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത് എന്റെ കക്ഷിയാണ്. അന്ന് തുടങ്ങിയ ബന്ധം വീട്ടുകാരുടെ കടുത്ത എതിർപ്പുകൾ മറികടന്നും എന്റെ കക്ഷി തുടരവേയാണ്..."

"ഒബ്ജക്ഷൻ യുവറോണർ"

പ.പ്രോ. അലറിക്കൊണ്ട് സീറ്റിൽ നിന്നും ചാടിയെണീറ്റു.

"ഒബ്ജെക്ഷൻ സസ്റ്റെയിന്ഡ്" 

വിരണ്ടു പോയ ജഡ്ജി പറഞ്ഞാെപ്പിച്ചു.

"ദിസ് ഈസെ ക്ലിയർ കേസ് ഓഫ് ലൗ ജിഹാദ്... നമ്മുടെ ദേശീയതയുടെ പ്രതീകത്തെ പോലും പ്രണയക്കുരുക്കിൽപ്പെടുത്തി മതപരിവർത്തനം നടത്താൻ ധൈര്യം കാണിച്ച ഇയാൾക്കെതിരെ കോടതി സ്വമേധയാ കേസെടുക്കണമെന്നാണ് എനിക്ക് പറയാനുളളത്." 

ഒറ്റശ്വാസത്തിൽ പറഞ്ഞ് തീർത്ത് പ.പ്രോ. സീറ്റിലമർന്നു.

"നിങ്ങൾക്കെന്താണ് പറയാനുളളത്"

ജഡ്ജി പ്ര.ഭാ. വക്കീലിനെ നോക്കി.

"യുവറോണർ, പ.പ്രോ.യുടെ ഈ ആരോപണം ഞാൻ പ്രതീക്ഷിച്ചതാണ്. പക്ഷെ എന്റെ കക്ഷിയുടെ പ്രണയത്തിന്റെ ആത്മാർത്ഥത തെളിയിക്കാനാകും എന്ന ഉറപ്പ് എനിക്കുണ്ട്." 

പ്ര.ഭാ. വക്കീൽ മുന്നോട്ട് ചെന്ന് ചില കടലാസ്സുകൾ കോടതി ക്ലാർക്കിന് കൈ മാറി.
 
"എന്റെ കക്ഷിയുടെ വീട് സ്ഥിതി ചെയ്യുന്ന പഞ്ചായത്തിലെ സർക്കാർ വക ഗോശാലയിൽ വെച്ച്, ഗോരക്ഷക് പ്രമുഖിന്റെ കാർമ്മികത്വത്തിൽ, ഇവരുടെ വിവാഹം നടന്നതിന്റെ രേഖകൾ ഇവിടെ സമർപ്പിച്ചിട്ടുള്ളത് താങ്കൾക്ക് പരിശോധിക്കാവുന്നതാണ്. മാത്രവുമല്ല, രാജ്യത്തിന്റെ ഔദ്യോഗിക മതത്തിലേക്ക് മാറാനുള്ള ആഗ്രഹം അറിച്ചു കൊണ്ട് ദേശീയ മതപരിവർത്തന കമ്മീഷന് എന്റെ കക്ഷി നൽകിയ അപേക്ഷയും ഇവിടെ സമർപ്പിച്ചിട്ടുണ്ട്. ഈ വസ്തുതകളെല്ലാം പരിഗണിച്ചു കൊണ്ട് എന്റെ കക്ഷിക്ക് പൗരത്വം അനുവദിച്ച് നൽകണമെന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു."

ഉച്ച ഭക്ഷണത്തിനായി പിരിഞ്ഞ കോടതി വീണ്ടും ചേർന്നു.

തികട്ടിക്കയറി വന്ന വായു പ്രവാഹത്തെ ഒരിറക്ക് വെള്ളത്തോടൊപ്പം കുടിച്ചിറക്കി കൊണ്ട് ജഡ്ജി ഇങ്ങനെ വിധി പ്രസ്താവിച്ചു:

"രാജ്യത്തിന്റെ നിലവിലെ നിയമ വ്യവസ്ഥയനുസരിച്ച് ഒരു പൗരന്റെ നിയമപരമായ പങ്കാളിക്ക് പൗരത്വത്തിന് അർഹതയുണ്ട്. കോടതിക്ക് മുന്നിൽ സമർപ്പിക്കപ്പെട്ട രേഖകൾ പ്രകാരം പ്രതി ഔദ്യോഗിക മതാചാര പ്രകാരം രാജ്യത്തെ പൗരനുമായി വിവാഹം ചെയ്യപ്പെട്ടിട്ടുളളതാണ്. മാത്രവുമല്ല, പ്രതിയുടെ പങ്കാളിയായ പൗരൻ ഒരു വിശിഷ്ട വ്യക്തി കൂടിയാണെന്നത് വിഷയത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. ആയതിനാൽ, പ്രതിക്ക് രാജ്യത്തിന്റെ പൗരത്വം അനുവദിച്ച് നൽകണമെന്നും 
ഘർ വാപസി പദ്ധതിയിൽ ഉൾപ്പെടുത്തി ആറു മാസത്തിനകം പ്രതിയെ രാജ്യത്തിന്റെ ഔദ്യോഗിക മതത്തിലേക്ക് പരിവർത്തനം ചെയ്യണമെന്നും ഈ കോടതി വിധിക്കുന്നു."

ഇല്ലാത്ത ചുറ്റിക പല തവണ വായുവിൽ ഉയർന്നു താഴ്ന്നു.

Monday, 2 January 2023

ഹണി ട്രാപ്

"ഒരു കപ്പക്കഷ്ണത്തിലൊടുങ്ങുന്ന വിശപ്പിനെ മാത്രം സ്വപ്നം കണ്ട്, കെണിയിലേക്കാണെന്ന പൂർണ്ണ ബോധ്യത്തോടെ നടന്നു കയറുന്ന ചില എലികളുണ്ട്" - കേ.സി. പങ്കജാക്ഷന്റെ 'എലിക്കെണി' എന്ന കഥയിൽ നിന്നും.

കണ്ടവരൊക്കെ വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. സോഷ്യൽ മീഡിയയിലാണെങ്കിൽ ടൺ കണക്കിന് പോസിറ്റീവ് റിവ്യൂസും പിന്നെ മികച്ച റേറ്റിങ്ങും.  അതൊക്കെ കണ്ടിട്ടാണ്, നല്ല തിരക്കുള്ള സമയമായിരുന്നിട്ടും, നെറ്റ്ഫ്ലിക്സിലെ പുതിയ സീരിസ് കാണണമെന്ന് രഘു തീരുമാനിച്ചത്. പ്രതീക്ഷ തെറ്റിയില്ല; കണ്ടു തുടങ്ങിയപ്പോൾ നിർത്താൻ തോന്നിയില്ല. റിലീസായ മുഴുവൻ എപ്പിസോഡുകളും ഒറ്റയിരുപ്പിന് കണ്ട് തീർത്തപ്പോഴേക്കും നേരം പുലർച്ചെ മൂന്ന് മണി കഴിഞ്ഞിരുന്നു. ടിവി ഓഫ് ചെയ്ത് കിടപ്പു മുറിയിലേക്ക് നടക്കുമ്പോഴാണ് മകന്റെ മുറിയുടെ  വാതിലിനടിയിലൂടെ അരിച്ചെത്തുന്ന ലാപ്ടോപ്പിന്റെ വെട്ടം ശ്രദ്ധിച്ചത്. നേരമിത്ര വൈകിയിട്ടും ഉറങ്ങാതെ അവനെന്താണ് പരിപാടി എന്നന്വേഷിക്കാനാണ് ചെന്നത്. പക്ഷെ, വാതിൽക്കലെത്തിയപ്പോൾ അയാൾക്ക് മുന്നിൽ വളരെ പഴക്കമുള്ളാെരു രംഗം തെളിഞ്ഞു. 

വെപ്രാളം കൊണ്ട് കുറ്റിയിടാൻ മറന്നു പാേയ വാതിൽ തുറന്ന് മുറിയിലേക്ക് പെട്ടെന്ന് കയറി വന്ന അച്ഛൻ. വിറച്ചു പോയ കൗമാരക്കാരന്റെ കൈയ്യിൽ നിന്നൂർന്നു വീണ മാസികയിലെ അർദ്ധനഗ്നസുന്ദരി തറയിൽ മലർന്നു കിടന്നു. ഒന്നും ചോദിക്കാതെ, അവനെ നോക്കിയൊന്ന് പുഞ്ചിരിച്ചു കൊണ്ട് ഇറങ്ങിപ്പോയ അച്ഛന് പുറകിൽ വാതിലടഞ്ഞു.

ഓർമ്മയിൽ നിന്നുണർന്നപ്പോൾ, മകന്റെ വാതിൽക്കൽ നിന്നും വേഗം തിരിച്ചു നടന്ന്, ഒരറ്റത്തായി ഭാര്യ ചെരിഞ്ഞു കിടന്നുറങ്ങുന്ന കിങ്-സൈസ് കിടക്കയുടെ മറ്റേയറ്റത്തായി അയാൾ ചെന്നു മലർന്നു.

പതിവ് തെറ്റിയിട്ടാവണം, ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടന്നുരുളുമ്പോഴാണ് സൈലന്റ് മോഡിലിട്ട മൊബൈൽ ബെഡ്സൈഡ് ടേബിളിൽ കിടന്ന് വട്ടം കറങ്ങിയത്. അയാൾ പിടഞ്ഞെണീറ്റു. 

ഉദയേച്ചിയാണ് വിളിക്കുന്നത്. 'എന്തിനാണാവോ ഈ നട്ടപ്പൊലർച്ചക്ക്' എന്ന ദ്രുതചിന്തയെ,  ആസ്ത്രേലിയയിൽ അപ്പോഴേക്കും നേരം പരപരാ വെളുത്തുവെന്ന തിരിച്ചറിവ് വെട്ടിത്തിരുത്തി. 

"നീയ്യ് വേഗാ സൂം മീറ്റില് കേറ്. ലിങ്ക് വാട്ട്സാപ്പില്ണ്ട്"

ഫോണുമായി രഘു സിറ്റിങ്ങ് റൂമിലെ സെറ്റിയിൽ ചെന്നിരുന്നു. വാട്ട്സാപ്പ് തുറന്ന് സൂം മീറ്റിന്റെ ലിങ്കിൽ കുത്തിത്തുറന്നു. വിചാരിച്ചത് പോലെ മീറ്റിന്റെ ഓർഗനൈസർ "പുരു നായർ" തന്നെ. ഉദയേച്ചിയുടെ ഭർത്താവ് പുരുഷോത്തമൻ നായരെന്ന പുരുവേട്ടൻ ആസ്ത്രേലിയയിൽ ഒരു ഫാർമാ കമ്പനിയിലെ വലിയ ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന്റെ കമ്പനി വക പ്രീമിയം സൂം അക്കൗണ്ടിലാണ് കോവിഡ് കാലത്തെ വിഷുവിനും ഓണത്തിനും കുടുംബയോഗം ചേർന്നത്.

ലാപ്ടോപ് സ്ക്രീനിലെ ചതുരക്കളങ്ങളിൽ നിരന്ന നാലാമൻ ഉദയയുടേയും രഘുവിന്റെയും മൂത്ത സഹോദരൻ ഭാസ്കരനാണ്. എല്ലാ മുഖങ്ങളിലെയും പതിവില്ലാത്ത ഗൗരവം തിരിച്ചറിഞ്ഞതോടെ മുഖത്ത് വരുത്തിയ പുഞ്ചിരി രഘു പെട്ടെന്ന് തന്നെ മായ്ച്ചു കളഞ്ഞു.

"വിശേഷാെക്കെ അറിഞ്ഞില്ലേ" - ഭാസ്കരേട്ടനാണ്

എന്തോ പറയാനാഞ്ഞ ഉദയേച്ചിയെ പുരുവേട്ടൻ തടഞ്ഞു.

"നീ മിണ്ടല്ല; ഞാൻ സ്ക്രീൻ ഷെയർ ചെയ്യാം"

പുരു നായർ തന്റെ സ്ക്രീൻ ഷെയർ ചെയ്യുന്നുവെന്ന സന്ദേശത്തിന് ശേഷം, ഒരു പ്രമുഖ ഓൺലൈൻ വാർത്താ പാേർട്ടലിന്റെ പേജ് സ്ക്രീനിൽ നിറഞ്ഞു.

"ഹണിട്രാപ്പ് സംഘം പിടിയിൽ; തട്ടിപ്പിന് ഇരയാക്കപെട്ടവരിൽ പോലീസുകാരും പ്രമുഖരും" എന്ന തലക്കെട്ടിനടിയിലെ വിശദമായ വാർത്തയിലേക്ക് സൂം ഇൻ ചെയ്തപ്പോൾ, സംഘത്തിന്റെ കെണിയിൽ പെട്ടവരിൽ  പ്രമുഖ സാഹിത്യകാരൻ കേ.സീ.പങ്കജാക്ഷനുമുണ്ടെന്ന് പോലീസ് വൃത്തങ്ങളെയുദ്ധരിച്ച് മാധ്യമം റിപ്പോർട്ട് ചെയ്ത ഭാഗം വ്യക്തമായി. തട്ടിപ്പു സംഘത്തിലെ ഒരു യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് കേസീയുടെ അക്കൗണ്ടിൽ നിന്നും മാസാമാസം അയ്യായിരം രൂപ വീതം  പോയതിന്റെ സ്റ്റേറ്റ്മെന്റും തെളിവായി  ചേർത്തിട്ടുണ്ട്. 

സ്ക്രീൻ ഷെയറിങ്ങ് അവസാനിച്ച ശേഷം 
കുറച്ചു നേരത്തേക്ക് ആരുമൊന്നും മിണ്ടിയില്ല.

ആ വാർത്തയിൽ പ്രതിപാദിച്ച, കേസി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന, കേ.സി.പങ്കജാക്ഷനെന്ന പ്രമുഖ എഴുത്തുകാരന്റെ  മക്കളാണ് ഭാസ്കരനും ഉദയയും രഘുവും.

"തൃപ്തിയായല്ലോ നിനക്ക്?"
ഭാസ്കരേട്ടന്റെ ചോദ്യം തന്നോടാണെന്ന് മനസിലായിട്ടും രഘു പ്രതികരിച്ചില്ല. 

മറ്റാരോടുമാലോചിക്കാതെ, അച്ഛന് സ്മാർട്ട് ഫോൺ വാങ്ങി നൽകിയത് രഘുവാണ്. അമ്മയുടെ ഒന്നാമാണ്ടിന് കൂടിയപ്പോഴായിരുന്നുവത്.  

ഇടക്കിടെ വന്നു കാണാമെന്നും പറ്റുമ്പോഴൊക്കെ കൂടെ താമസിക്കാമെന്നുമൊക്കെയുള്ള ധാരാളം ഉറപ്പുകൾ  അച്ഛന് നൽകിയിട്ടാണ്, അമ്മ മരിച്ചതിന്റെ പതിനാറു തികയുന്നതിന് മുമ്പേ തന്നെ മക്കളൊക്കെ പിരിഞ്ഞതെങ്കിലും ആ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിരുന്നില്ല. ഇതിനിടയിൽ ഉദയ ഭർത്താവിനൊപ്പം  ആസ്ത്രേലിയിലേക്കും രഘു ജോലി സംബന്ധമായി ഡൽഹിലേക്കും സ്ഥലം മാറി. ഭാസ്കരൻ നേരത്തെ തന്നെ യുഎസിൽ സെറ്റിൽഡാണ്.

മലയാളത്തിലെ ഏറെ ആഘോഷിക്കപ്പെട്ട എഴുത്തുകാരനായിട്ടും, സ്വഭാവത്തിലെ കാർക്കശ്യം കാരണം കേസിക്ക് വലിയ സുഹൃദ് വലയമോ സ്തുതിപാഠക സംഘമോ ഉണ്ടായിരുന്നില്ല. അതിനാൽ വീട്ടിൽ വിരുന്നുകാരും കുറവായിരുന്നു. ഭാര്യയുടെ മരണത്തോടെ അയാൾ കൂടുതൽ ഉൾവലിഞ്ഞു. കോവിഡ് കാലത്തെ സാഹിത്യ സംഗമങ്ങൾ ഓൺലെെനിലുമായതോടെ,  മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ എല്ലാകാലത്തും മടിച്ചു നിന്ന കേസി തികച്ചും ഒറ്റപ്പെട്ടു. 

അടുത്തിടെ, ഒരു പ്രമുഖ മാസികയിൽ കേസിയുടെ അഭിമുഖ സംഭാഷണം വന്നിരുന്നു. "എന്ത് കൊണ്ട് ഇപ്പോഴൊന്നും എഴുതുന്നില്ല?" എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയത് ഇങ്ങനെയാണ്- "എഴുതാനുള്ളതെല്ലാം ഞാൻ നേരത്തെ എഴുതി തീർത്തതാണ്. എഴുത്ത് ജീവിതത്തിനിടയിൽ കുടുംബത്തിനൊപ്പം സമയം ചിലവിടാൻ എനിക്ക് സാധിച്ചിട്ടില്ല. എഴുത്തു മുറിയെന്നത് എന്റേത് മാത്രമായ ഒരു ലോകമെന്ന് പ്രഖ്യാപിച്ച് അവിടേക്ക് ഭാര്യക്കും മക്കൾക്കും കൂടി പ്രവേശനം നിഷേധിച്ചു.  എഴുതാനുള്ളതെല്ലാം പെട്ടെന്ന് തീർത്ത ശേഷം, ശിഷ്ട ജീവിതം കുടുംബത്തിനൊപ്പം കഴിയാമെന്നായിരുന്നു എന്റെ വ്യാമാേഹം. പക്ഷെ, ഇപ്പോൾ ഭാര്യ എന്നെ വിട്ട് പോയി. മക്കൾ അവരുടേതായ തിരക്കുകളിലുമായി. എനിക്കാണെങ്കിൽ ഇപ്പോൾ കുറേയേറെ സമയമുണ്ട്; പക്ഷെ എഴുതാൻ യാതൊന്നുമില്ല". 

കേസിയുടെ ചിരിക്കുന്ന ചിത്രത്തോടൊപ്പം ചേർത്ത ആ വരികളിലെ നനവ് രഘു അന്നു തന്നെ തൊട്ടറിഞ്ഞതാണ്. ഫോണിലൂടെ അച്ഛൻ കാര്യമായൊന്നും സംസാരിക്കാറില്ല. അങ്ങോട്ട് പറയുന്നതെല്ലാം മൂളിക്കേൾക്കും. ഒടുവിൽ എപ്പോഴാണ് വീട്ടിലേക്ക് വരുന്നതെന്ന് മാത്രം ചോദിക്കും. 

അമ്മയുടെ ആണ്ട് ബലിക്ക് ഒരാഴ്ച്ച മുമ്പേ തന്നെ രഘു വീട്ടിലെത്തിയിരുന്നു. അമ്മയില്ലാതായ ഒറ്റ വർഷം അച്ഛനെ എത്രത്തോളം മാറ്റിയെന്ന് അയാൾ അദ്ഭുതപ്പെട്ടു. കാലങ്ങളായി പരുക്കനെന്ന് ഉള്ളിലുറച്ചു പോയൊരാൾ തന്നെ കണ്ടമാത്രയിൽ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞപ്പോൾ രഘു അപ്പാടെ തളർന്നു പോയി. അവർ മാത്രമായ പിന്നീടുള്ള ദിവസങ്ങളിൽ പെട്ടെന്നൊരു നാൾ ഒറ്റക്കായി പാേയതിന്റെ വേവലാതികൾ യാതൊരു മറയുമില്ലാതെ അച്ഛനയാളോട് പങ്കു വെച്ചു. അങ്ങനെയാണ് അമ്മ ബാക്കിയാക്കി പോയ ശൂന്യതയുടെ നിലയില്ലാക്കയത്തിൽ നിന്നും അച്ഛനെ കരകയറ്റണമെന്ന് രഘു ഉറപ്പിച്ചത്.

ആണ്ടിന്റെ തലേന്ന്, എല്ലാവരും ഒരുമിച്ചുണ്ടായ അത്താഴ സമയത്താണ് അച്ഛനെ വീണ്ടുമൊരു വിവാഹം ചെയ്യിക്കുന്നതിനെ പറ്റി ആലോചിക്കണമെന്ന് രഘു പറഞ്ഞത്.  അത്താഴ പാത്രത്തിലേക്ക് തല കുമ്പിട്ടിരിക്കുന്ന അച്ഛന്റെ പ്രതികരണത്തിന് പോലും കാക്കാതെ, മൂത്ത സഹോദരങ്ങളിരുവരും വിയോജിപ്പ് വ്യക്തമാക്കി. ഈ പ്രായത്തിൽ അച്ഛന് വേണ്ടത് പെൺകൂട്ടല്ലെന്നും; വീണു പോയാൽ പിടിച്ചെഴുന്നേൽപ്പിക്കാൻ കെൽപ്പുള്ള ആൺ സഹായിയെ ആണെന്നും അവർ വിധിച്ചു.  

ആണ്ടുചടങ്ങുകൾ കഴിഞ്ഞ് തിരിച്ചു പോകുമ്പോഴേക്കും പുരുവേട്ടന്റെ അകന്ന ബന്ധത്തിലുള്ള ഒരു മെയിൽ നഴ്സിനെ അച്ഛന് വേണ്ടി അവർ ഏർപ്പാടാക്കിയിരുന്നു. ഏതായാലും, തിരിച്ചു പോകുന്നതിന് മുമ്പേ രഘു അച്ഛനൊരു  സ്മാർട്ട്ഫോൺ വാങ്ങി നൽകി. അച്ഛനത് വലിയ സമ്മതമില്ലായിരുന്നു. എങ്കിലും, വീഡിയോ കാളിലൂടെ എല്ലാവരെയും ഇടക്കിടെ കാണാമെന്ന പ്രലോഭനത്തിലും ഫോണിന്റെ അടിസ്ഥാന ഉപയോഗങ്ങൾ നഴ്സ് പയ്യൻ പഠിപ്പിച്ചു നൽകുമെന്ന ഉറപ്പിലും അച്ഛൻ വഴങ്ങി.

ഏറെ വൈകാതെ തന്നെ, ആഴ്ച്ചയിലൊരിക്കലെങ്കിലും അച്ഛനും മക്കളും വാട്സാപ്പ് ഗ്രൂപ്പ് കോളിൽ സംസാരിക്കാൻ തുടങ്ങി. അത്തരം ഒത്തുചേരലുകൾ ഒറ്റപ്പെട്ടുവെന്ന തോന്നലിൽ നിന്നും രക്ഷപ്പെടാൻ കേസിയെ വളരെയധികം സഹായിച്ചിരുന്നു. എന്നാൽ അൽപം കഴിഞ്ഞതോടെ, എല്ലാവരും ഒരുമിച്ച് കാളിൽ വരാതായി. പതുക്കെ കോളുകളുടെ ദൈർഘ്യം കുറയുകയും ഇടവേളകൾ കൂടുകയും ചെയ്തു.  പിന്നീട് ഓഡിയോ കാളിലേക്കും അവിടെ നിന്നും വോയ്സ് മെസേജുകളിലേക്കും ചുരുങ്ങുകയും ചെയ്തു. അപ്പോഴേക്കും കേസി സ്വന്തമായൊരു ഫേസ്ബുക്ക് പ്രൊഫൈലുണ്ടാക്കി സോഷ്യൽ മീഡിയയിൽ ഇടപെട്ടു തുടങ്ങിയിരുന്നു. അച്ഛന്റെ ഈ പ്രകടമായ മാറ്റത്തിന് ഒരു കാരണമാവാൻ സാധിച്ചതിൽ രഘു രഹസ്യമായി അഭിമാനിച്ചിരുന്നു. 

പക്ഷെ, അതിനിടയിൽ  കേസിക്ക് വലിയൊരബദ്ധം പറ്റി.  ഒരശ്ലീല വീഡിയോ ക്ലിപ് അയാളുടെ ഫേസ്ബുക്ക് പ്രാെഫൈലിലൂടെ അറിയാതെ പങ്ക് വെക്കപ്പെട്ടു. മാധ്യമങ്ങളേറ്റെടുത്തതോടെ വിഷയമാകെ വഷളായി. ഒടുക്കം, "എന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തിരിക്കുന്നു" എന്ന് നഴ്സ് പയ്യനെ കൊണ്ട് പോസ്റ്റ് ചെയ്യിപ്പിച്ച ശേഷം കേസിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യിക്കുകയാണുണ്ടായത്.അവരോടാലോചിക്കാതെ അച്ഛന് സ്മാർട്ട്ഫോൺ വാങ്ങിച്ചു കൊടുത്തതിന്റെ പേരിൽ കുറ്റം മുഴുവൻ സഹോദരങ്ങളന്ന് രഘുവിന്റെ മേൽ ചാർത്തിക്കൊടുത്തിരുന്നു. 

"അന്നേ ആ ഫോൺ തിരികെ വാങ്ങിക്കേണ്ടതായിരുന്നു. അതെങ്ങനാ തനിക്ക് മാത്രേ അച്ഛനോട് സ്നേഹള്ളൂന്ന് തെളിയാക്കാനല്ലേ ഇവിടെ ഒരോരുത്തര് വല്ലാണ്ടെ ശ്രമിക്കുന്നേ" - തന്നെ കുറ്റപ്പെടുത്താൻ കിട്ടുന്ന ഒരവസരവും ഭാസ്കരേട്ടൻ പാഴാക്കില്ലെന്ന്  രഘുവിനറിയാം.

"മാനം പോവുമ്പോ അതെല്ലാർടേം പൂവല്ലോ. നാട്ടിലെപ്പോലല്ല; ഇനിയിവിടുത്തെ മലയാളി അസോസിയേഷൻകാരുടെ മുഖത്തൊക്കെ എങ്ങനെ നോക്കുന്നാലോചിക്കുമ്പഴാ..." - ഉദയേച്ചി പറഞ്ഞു.

"നടന്നത് നടന്നിട്ട് നമ്മളിങ്ങനെ തമ്മാമ്മിൽ കുറ്റപ്പെടുത്തിയിട്ടെന്താ കാര്യം" - പുരുവേട്ടൻ ഇടപെട്ടു.

"ഇതാ നഴ്സ് പയ്യന്റെ തലയിലങ്ങ് വെക്കാം; അല്ലാതെന്ത്. അച്ഛനറിയാതെ ഫോണും ബാങ്ക് അക്കൗണ്ടും അവനുപയോഗിച്ചു. അത്ര തന്നെ" - പുരുവേട്ടൻ പോംവഴി പറഞ്ഞു.

"അവൻ സമ്മതിക്കുമോ ..." - ഭാസ്കരേട്ടന് സംശയം

"സമ്മതിപ്പിക്കാം. നമ്മുടെ പയ്യനാണ്. പക്ഷെ അതിനളിയന്റെ ചെറിയ സഹായം വേണം. ഇങ്ങനൊരു മോശം പേരുണ്ടായാൽ അവന് പിന്നെ നാട്ടിൽ നിൽക്കാനാവില്ലല്ലോ. അത് കൊണ്ട്, കേസാെക്കെ വേഗം തീർത്ത് അവനെയങ്ങ് അമേരിക്കക്ക് കൊണ്ട് പോയി ഒരു ജോലി ശര്യാക്കി കൊടുക്കണം."

ഭാസകരേട്ടന് സമ്മതിക്കാതെ നിവൃത്തിയില്ലായിരുന്നു. മൂത്ത മകളുടെ വിവാഹം ഏതാണ്ടുറച്ചതാണ്; റിസ്കെടുക്കാനാവില്ല.

രഘുവിനോട് നാളെ തന്നെ നാട്ടിൽ പോയി അച്ഛനെ കൊണ്ട് പത്ര സമ്മേളനം നടത്തിച്ച് നഴ്സ് പയ്യനെ കുറ്റക്കാരനാക്കാൻ നിർദ്ദേശിച്ചു കൊണ്ട് യോഗം പിരിഞ്ഞു.

***********

അടുത്ത ദിവസം അതിരാവിലെ കേസീയുടെ വീട്ടിൽ:

"മുറ്റം നിറയെ പത്രക്കാരാ മാഷേ... ഇങ്ങളൊന്ന് വേഗം വന്നേ..." - നഴ്സ് പയ്യൻ വാതിലിൽ വീണ്ടുമൊരു വട്ടം കൂടി ആക്കത്തിൽ തട്ടി

"എന്തേടോ, എനിക്ക് പുതിയ അവാർഡ് വല്ലതും തരപ്പെട്ടോ" - വെളുക്കെ ചിരിച്ചു കൊണ്ട് കേസി വാതിൽ തുറന്നു.

"ഇതതൊന്ന്വല്ല...കാര്യായിട്ടെന്തോ പ്രശ്നണ്ട്" പുതിയൊരു സർജിക്കൽ മാസ്ക് മാഷിന്റെ കൈയ്യില് വെച്ച് കൊടുത്തിട്ട്  പയ്യൻ ധൃതിയിൽ ഉമ്മറത്തേക്ക് നടന്നു. അരക്കെെയ്യൻ ബനിയന് മീതെ കാവിമുണ്ട്  മുറുക്കിയുടുത്തു കൊണ്ട് കേസി പുറകെയും.

ഉമ്മറം നിറയെ മാസ്ക്ധാരികളാണ്. വാതിൽക്കൽ തെളിഞ്ഞ മാഷിന്റെ മുഖത്തെ ചാനൽ മൈക്കുകൾ പൊതിഞ്ഞു. .

"അല്ലാ, എന്തേപ്പോ എല്ലാരൂടെ ?"

അമ്പരപ്പ് ഒട്ടും പ്രകടമാക്കാതെ മാഷ് പോയി ഉമ്മറക്കസേരയിലമർന്നു.

"മാഷിന്റെ പ്രതികരണമറിയാൻ വന്നതാണ്" - കൂട്ടത്തിലാെരാൾ പറഞ്ഞു.

"എന്തിനോട് ?"

"തേൻകെണി സംഘത്തിന്റെ വാർത്ത കണ്ടില്ലേ?"  

"തേൻകെണിയോ... അതെന്താത്?"

"മാഷ് ടിവീം പത്രോമൊന്നും വായിക്കാറില്ലേ ?"

ചെറുപ്പക്കാരൻ റിപ്പോർട്ടർക്ക് ക്ഷമ നശിച്ചു തുടങ്ങി.

"സത്യം പറഞ്ഞാ...ഇല്ല.. പത്രോം കേബിളും നിർത്തീട്ടിപ്പോ മാസം കൊറച്ചായി. വേണ്ടതൊക്കെ ഇപ്പോ ഇതിലുണ്ടല്ലോ"  മാഷ് സ്മാർട്ട്ഫോണുയർത്തി കാട്ടി.

"മാഷേ, സ്ത്രീകളെ ഉപയോഗിച്ച് ആളുകളോട് അടുപ്പമുണ്ടാക്കി നേടുന്ന സ്വകാര്യ ഫോട്ടോകളും വീഡിയോകളും സന്ദേശങ്ങളുമൊക്കെ കാണിച്ച് കാശടിക്കുന്നതിനെയാണല്ലോ "ഹണിട്രാപ്പ്" എന്ന് പറയുന്നത്; അതിനെ ഒന്ന് മലയാളീകരിച്ചതാണ് 'തേൻകെണി'  എന്നത്. "

കേസീയുടെ കഥകളിലെ ദുർഗ്രാഹ്യതയെ പറ്റി നല്ല ബോധ്യമുള്ള, കൂട്ടത്തിലെ തല മുതിർന്ന റിപ്പോർട്ടർ കാര്യങ്ങൾ വിശദീകരിച്ചു.

"ആയ്ക്കോട്ടെ, സാധിക്കുന്നത്ര വാക്കുകൾ മലയാളത്തിലാക്കുന്നത് നല്ല കാര്യല്ലേ. പക്ഷെ ഇതിലിപ്പം ഞാനെന്ത് പ്രതികരിക്കണമെന്നാ തിരിയാത്തെ?"

ചെറുപ്പക്കാരൻ റിപ്പോർട്ടറുടെ ക്ഷമ കെട്ടു.

"മാഷേ, ഇങ്ങനൊരു സംഘം ഇന്നലെ പോലീസിന്റെ പിടിയിലായിട്ടുണ്ട്. അതിലൊരു യുവതിയുടെ അക്കൗണ്ടിലേക്ക് മാഷിന്റെ അക്കൗണ്ടിൽ നിന്നും  അയ്യായിരം രൂപ വീതം, കഴിഞ്ഞ കുറെ മാസങ്ങളായി  പോയിട്ടുമുണ്ട്. അതെന്തിനാണെന്നറിയാനാണ് ഞങ്ങൾ വന്നത്"

"ദാ...ഇവളാണ് ആള്" - മറ്റൊരാൾ ഫോൺ കേസിയുടെ നേരെ ഉയർത്തി.

മാഷിന്റെ മുഖമിരുണ്ടത് എല്ലാവരും ശ്രദ്ധിച്ചു. പക്ഷെ, പെട്ടെന്നു തന്നെ മുഖത്ത് പ്രസന്നത വരുത്തിക്കൊണ്ട് അയാൾ പറഞ്ഞു - 

"ഓഹ്... ഇപ്പോ സംഗതി പിടികിട്ടി. അതിനെ പറ്റിയാവുമ്പോ കുറച്ചേറെ പറയാനുണ്ട്. നിങ്ങളിങ്ങനെ വന്ന കാലിൽ നിൽക്കാതെ ഉള്ള സ്ഥലത്തൊക്കെ അഡ്ജസ്റ്റ് ചെയ്തിരിക്ക്."

മാഷിന്റെ സ്വഭാവം വെച്ച്, ഒരു പ്രതികരണം പോലും  കിട്ടാതെ ചീത്ത കേട്ട് മടങ്ങേണ്ടി വരുമോ എന്ന് ഭയന്നിടത്ത് ഒരു പത്രസമ്മേളനം തന്നെ ഒത്ത് കിട്ടിയേക്കാമെന്ന തോന്നലിൽ റിപ്പോർട്ടർമാരൊക്കെ ഉഷാറായി. കസേരകളിലും ചാരുപടിയിലും നിലത്തുമൊക്കെയായി അവർ നിരന്നു; മാഷിന് ചുറ്റും കുട്ടികളെന്ന പോലെ.

ദീർഘമായൊന്ന് നിശ്വസിച്ച ശേഷം മാഷ് പറഞ്ഞു തുടങ്ങി -

"ഒരു ദിവസം, വാട്ട്സാപ്പിൽ ഈ പെൺകുട്ടി എന്നെ ഇങ്ങോട്ട്  വിളിക്കുകയായിരുന്നു. നമ്പർ തെറ്റിയെന്നാെക്കെയാണ് പറഞ്ഞതെങ്കിലും അതങ്ങനെയല്ലെന്ന് പിന്നീടുള്ള സംസാരത്തിൽ മനസിലായി. എന്റെ പുസ്തകങ്ങളെ പറ്റിയൊക്കെ നല്ല അറിവോടെയാണ് സംസാരിച്ചത്. പിന്നെ പതിയെ വ്യക്തിപരമായ കാര്യങ്ങളൊക്കെ സംസാരിച്ചു തുടങ്ങി. അങ്ങനെ കുറച്ച് ദിവസം നല്ല രീതിയിൽ തുടർന്ന സംഭാഷണം പിന്നെ വീഡിയോ കാളിലേക്കും വളർന്നു. ദിവസവും വിളിച്ച് എന്റെ ആരോഗ്യസ്ഥിതിയൊക്കെ അന്വേഷിക്കും. അടുത്ത് വായിച്ച പുസ്തകങ്ങളെ പറ്റി ചർച്ച ചെയ്യും. അങ്ങനെ എനിക്ക് തുടക്കത്തിലുണ്ടായിരുന്ന സംശയമൊക്കെ മുഴുവനായും മാറിയിരുന്നു. പക്ഷെ, പിന്നീടെപ്പോഴോ സംസാരത്തിന്റെ രീതി മാറിത്തുടങ്ങി. ഒരു ദിവസം ശരീരമൊക്കെ പ്രദർശിപ്പിക്കുന്ന രീതിയിലാണ് വീഡിയോ കാളിൽ വന്നത്. ഇത്തരം തട്ടിപ്പുകളെ പറ്റി വായിച്ചറിഞ്ഞിരുന്നതിനാൽ ഞാൻ ദേഷ്യപ്പെട്ട് കാൾ കട്ട് ചെയ്തു. അവൾ തിരിച്ചു വിളിച്ചിട്ടും എടുത്തില്ല. പക്ഷെ, ആ ബന്ധം അത്ര പെട്ടെന്നുപേക്ഷിക്കാൻ സാധിക്കുന്ന അവസ്ഥയിലായിരുന്നില്ല അപ്പോൾ ഞാൻ. കാശ് തട്ടിക്കുക മാത്രമായിരുന്നു ഉദ്ദേശ്യമെന്ന് മനസിലായെന്നും തട്ടിപ്പിനിരയാവാൻ താൽപര്യമിലെന്നും എന്നാൽ പഴയത് പോലെ തുടർന്നും എന്നോട് സംസാരിക്കാമെങ്കിൽ വേണ്ട കാശ് തരാൻ തയ്യാറാണെന്നും ഞാനവൾക്കൊരു മെസേജയച്ചു. പക്ഷെ അവളതിന് മറുപടിയൊന്നും തന്നില്ല. ആ നമ്പറിലേക്ക് പിന്നീടെനിക്ക് ബന്ധപ്പെടാൻ സാധിച്ചതുമില്ല.

ആഴ്ചകൾക്ക് ശേഷം മറ്റൊരു നമ്പറിൽ നിന്നും അവളെന്നെ വിളിച്ചു. പറ്റിയ തെറ്റിന് മാപ്പപേക്ഷിച്ചു. കൂടുതലൊന്നും പറയാൻ ഞാൻ അനുവദിച്ചില്ല. ഞങ്ങൾ വീണ്ടും പഴയത് പോലെ സംസാരിച്ച് തുടങ്ങി. ഇപ്പോഴും മിക്ക ദിവസവും വിളിക്കാറുണ്ട്. ഒരുപാട് നേരം പലതും സംസാരിക്കാറുമുണ്ട്. പിന്നെ, നിങ്ങൾ പറഞ്ഞ പാേലെ, കൃത്യമായ ഒരു തുക ഞാനവളുടെ അക്കൗണ്ടിലേക്ക് മാസം തോറും അയക്കുന്നുമുണ്ട്.അതിലെന്തെങ്കിലും തെറ്റുള്ളതായി ഞാൻ കരുതുന്നില്ല. എന്റെ ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഏർപ്പാടാക്കിയ നഴ്സിന് കൃത്യമായ ശമ്പളം ലഭിക്കുന്നുണ്ട്. അപ്പോൾ പിന്നെ, മാനസികാരോഗ്യം നിലനിർത്താൻ സഹായിക്കുന്നവൾക്കും ഞാൻ ശമ്പളം കൊടുക്കണ്ടേ?" 

മാഷ് എല്ലാവരോടുമായാണ് ചോദിച്ചതെങ്കിലും മറുപടിയൊന്നും കിട്ടിയില്ല.

"മാഷേ, എന്താെക്കെ വിഷയങ്ങളാണ് നിങ്ങൾ സംസാരിക്കാറ്?"

ബസിൽ സ്ത്രീകളുടെ സീറ്റിലിരുന്ന യുവാവ് യുവതിക്ക് സീറ്റൊഴിഞ്ഞു കൊടുക്കാതിരുന്ന വാർത്തക്ക് "ബസിനകത്ത് യുവാവ് യുവതിയോട് ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും" എന്ന രീതിയിൽ തലക്കെട്ടെഴുതുന്ന ഓൺലൈൻ മാധ്യമ ലേഖകന് തന്റെ ആദിമചോദന അടക്കാനായില്ല.

"ഒരു മുതിർന്ന ആണും പെണ്ണും സ്വതന്ത്രമായി സംസാരിക്കുന്ന വിഷയങ്ങളെല്ലാം ഞങ്ങൾ സംസാരിക്കാറുണ്ട്. അതിൽ നിങ്ങളുദ്ദേശിച്ച വിഷയവുമുണ്ട്. പക്ഷെ ഒരാണിനും പെണ്ണിനും സംസരിക്കാൻ സെക്സ്‌ മാത്രമേയുള്ളു എന്ന് കരുതുന്നതാണ് സുഹൃത്തേ പ്രശ്നം."

മാസ്ക് വലിച്ചു നേരെയിട്ട് കൊണ്ട് ലേഖകൻ മുഖത്തെ ചമ്മൽ മറക്കാൻ ശ്രമിച്ചു. 

"അല്ല മാഷേ , തട്ടിപ്പാണെന്നറിഞ്ഞിട്ടുമെന്തിനാണ് പിന്നെയും ഇതിനൊക്കെ നിന്ന് കൊടുത്തത് " - കൂട്ടത്തിൽ മുതിർന്ന റിപ്പോർട്ടറാണ്

"അതൊരു നല്ല ചാേദ്യമാണ്.  അതിന് മറുപടി വിശദമായി തന്നെ പറയേണ്ടതുണ്ട്."

മാഷ് നിവർന്നിരുന്നു

"ഭാര്യ പെട്ടെന്ന് മരിച്ചതോടെ തന്നെ ഞാൻ വല്ലാതെ ഒറ്റപ്പെട്ടു പോയിരുന്നു. മക്കളെല്ലാവരും അകലെയാണ്. കോവിഡും കൂടി വന്നതോടെ മനസ് പാളം തെറ്റാൻ തുടങ്ങി. അങ്ങനെയാണ്, തനിച്ചായിപ്പോയ ഒരാളെ കൂടെ നിർത്താമെന്ന് ഇളയ മകൻ പറഞ്ഞപ്പോൾ ഞാൻ സമ്മതം മൂളിയത്. ജീവിച്ചിരിക്കുന്നു എന്ന് സ്വയം ബോധ്യപ്പെടുത്താൻ എനിക്കപ്പോഴൊരു കൂട്ട് അത്യാവശ്യമായിരുന്നു. പക്ഷെ എന്റെ മൂത്ത മക്കൾക്ക് അത് ശരിയായി തോന്നിയില്ല. പകരം അവരെനിക്കൊരു മെയിൽ നഴ്സിനെ ഏർപ്പാടാക്കി തന്നു. അവന്റ നിർദേശം തള്ളപ്പെട്ടതിൽ നിരാശനായെങ്കിലും ഒരു സ്മാർട്ട്ഫോൺ എനിക്ക് വാങ്ങി തന്നിട്ടാണ് ഇളയവൻ മടങ്ങിയത്.

ഇനി എനിക്ക് പറയാനുള്ളത് എന്നെപ്പോലെ ജീവിതാന്ത്യത്തിൽ പെട്ടെന്നൊരു നാൾ ഒറ്റപ്പെട്ടു പോയവരെ പറ്റിയാണ്. ഏറെ പഴുത്തു പോയ ഞങ്ങൾക്ക് വേണ്ടത് മരുന്നും ശ്രുശ്രൂഷയും മാത്രമാണെന്ന് നിങ്ങൾ പച്ചിലകൾ തെറ്റിദ്ധരിക്കരുത്. എഴുപതും എൺപതും വർഷം ജീവിച്ചതാേടെ ഞങ്ങൾക്ക് ജീവിതം മടുത്തുവെന്ന് കരുതുകയുമരുത്. ഈ മൊബൈൽ ഫോണെന്നത് നിങ്ങൾ ചെറുപ്പക്കാർക്ക് അതിവേഗ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാവും. പക്ഷെ ഞങ്ങളുടെ തലമുറയിൽപ്പെട്ട ഭൂരിഭാഗത്തിനും ഒറ്റപ്പെടലിന്റെ പടുകുഴിയിൽ നിന്നും രക്ഷപ്പെടാൻ കിട്ടുന്ന ഒരു കച്ചിത്തുരുമ്പാണത്. തേഞ്ഞു തീരാറായ ഞങ്ങളുടെ തലച്ചോറിന് അതിന്റെ പ്രവർത്തനം പൂർണ്ണമായി മനസിലാക്കാനാവില്ലായിരിക്കാം. എങ്കിലും വാശിയോടെ ഞങ്ങൾ പഠിക്കാൻ ശ്രമിക്കും. ചിലപ്പോൾ അബദ്ധങ്ങളും പറ്റും. എന്നാലും തോറ്റു കൊടുക്കില്ല. തങ്ങളുടെതെന്ന് വിശ്വസിച്ചിരുന്ന ലോകത്തിൽ ഒറ്റപ്പെടുന്നു എന്ന് തിരിച്ചറിയുമ്പോൾ, നിരാശരാവാതെ പുതുലോകങ്ങളിലേക്കുള്ള വാതായനങ്ങൾ  ഇത് ഞങ്ങൾക്ക് തുറന്നു തരുന്നു.

സ്മാർട്ട് ഫോൺ കിട്ടിയപ്പോൾ ഇടക്കെങ്കിലും മക്കളെ കണ്ട് സംസാരിക്കാൻ സാധിച്ചിരുന്നു. അതോടെ ഒറ്റക്കായെന്ന തോന്നൽ തന്നെ മാറി വന്നതാണ്. പക്ഷെ, അവർ വീണ്ടുമവരുടെ തിരക്കുകളിലേക്ക് മടങ്ങിയപ്പോൾ ഞാൻ പഴയതിലുമേറെ ഒറ്റപ്പെട്ടു. അങ്ങനെയുള്ള സമയത്താണ് ആ പെൺകുട്ടിയോട് ഞാനടുക്കുന്നത്. പിന്നീട്, അതൊരു കെണിയായിരുന്നു എന്നറിഞ്ഞപ്പോഴും, എന്നോട് സംസാരിക്കാൻ സമയം കണ്ടെത്തുന്ന ഒരാളെ നഷ്ടപ്പെടുത്താൻ സാധിക്കുന്ന സാഹചര്യമായിരുന്നില്ല എന്റേത്. അവൾക്ക് വേണ്ടത് കാശായിരുന്നെങ്കിൽ എനിക്ക് വേണ്ടതൊരു കൂട്ടായിരുന്നു. അത് ഞങ്ങൾ പരസ്പരം നൽകി. ശാസ്ത്രത്തിൽ പറയുന്നത് പോലൊരു സിമ്പയോട്ടിക് റിലേഷൻഷിപ്പ്.

എലിപ്പെട്ടിയിൽ കപ്പ വെച്ചിട്ടല്ലേ നമ്മൾ എലിയെ പിടിക്കുന്നത്. പാരമ്പര്യമായി ആർജിച്ച അറിവ് വെച്ച് അതൊരു കെണിയാണെന്നും തങ്ങളെ ആകർഷിക്കാനാണ് അതിനകത്ത് കപ്പക്കഷ്ണം വെച്ചിരിക്കുന്നതെന്നും എലികൾക്കറിയേണ്ടതാണ്. എന്നിരുന്നാലും, വിശപ്പ് സഹിക്കാതെ വരുമ്പോൾ, കപ്പയെന്ന ഒറ്റ ലക്ഷ്യം മാത്രം മുന്നിൽ കണ്ട്,  ചില എലികൾ അറിഞ്ഞു കൊണ്ട് കെണിയിലേക്ക് നടന്നു കയറുമെന്ന് ഞാൻ പണ്ടേ എഴുതി വെച്ചിട്ടുണ്ടല്ലോ. കുഞ്ചനും ആശാനും മാത്രമല്ല കേസീക്കും അറം പറ്റാമല്ലോ. ഇനി നാളേക്ക് പറ്റിയ ഒരു തലക്കെട്ട് കൂടിയങ്ങ് പറഞ്ഞു തന്നേക്കാം -  'കെണിയിലായ കേസി' ... ഏങ്ങനൊണ്ട് ?

കുംഭ കുലുക്കിക്കൊണ്ട് മാഷ് വിടർന്നു ചിരിച്ചു. ആ ചിരി ഒരു നറു നിലാവു പോലെ ചുറ്റിലുമിരുന്നവരിലേക്കും പടർന്നു. 

Wednesday, 30 November 2022

ഫെമിനിച്ചി

കഥയുടെ പേര് വായിച്ച് തെറ്റിദ്ധരിക്കണ്ട; ഇതെന്റെ കഥയാണ്. 

ഞാനൊരു പട്ടിയാണ്; നെറ്റി ചുളിക്കേണ്ട, അസ്സൽ പെൺപട്ടി തന്നെ.

പേരോ........??? എനിക്ക് പേരില്ല. 

ഊരും പേരുമില്ലാതെ തെരുവിൽ വന്നടിയുന്ന എന്നെ പോലുള്ളവരെ നിങ്ങൾ വിളിക്കുന്ന പേരില്ലേ; അത് തന്നെ വിളിച്ചോളൂ. കേൾക്കാൻ അത്ര സുഖമില്ലെങ്കിലും മുഖം കറുപ്പിക്കാതെ, വാലാട്ടി നിന്ന് ഞാൻ വിളി കേൾക്കാം. പക്ഷെ, ദയവ് ചെയ്ത്, നിങ്ങളെന്റെ കഥ മുഴുവനായും ശ്രദ്ധിച്ച് കേൾക്കണം.

നഗരത്തിരിക്കിന് വെളിയിൽ, എന്നാൽ മുൻസിപ്പാലിറ്റി പരിധിയിലെ ഒരു ചെറിയ വീടിന്റെ വിറകു പുരയിലാണ് എന്റെ പിറവി. അമ്മയുടെ കന്നിപ്രസവമായിരുന്നു- ഞാനും നാല് സഹോദരൻമാരും. അമ്മയുടെ ചൂടു പറ്റിക്കിടന്ന്, മത്സരിച്ച് അമ്മിഞ്ഞ കുടിച്ച്, വിറക് പുരക്കുള്ളിൽ ചാടിമറിഞ്ഞ്... ഓ... എന്തൊരു രസമായിരുന്നു. എന്നാൽ അധിക നാൾ അത് നീണ്ടില്ല. പാമ്പ് കടിയേറ്റാണ് അമ്മ മരിച്ചത്; ക്ഷമിക്കണം, ചത്തത്. വിറക് കൂനയിൽ നിന്നും ഞങ്ങൾക്ക് നേരെ പടം വിരിച്ചെത്തിയ പാമ്പിനെ ഏറെ പണിപ്പെട്ടാണ് അമ്മ കൊന്നത്. രണ്ടായി മുറിഞ്ഞ പാമ്പിനരികിൽ നീലിച്ച ശരീരവുമായി അമ്മ കുഴഞ്ഞു വീണപ്പോഴാണ്, കെട്ടി മറിച്ചിലിനിടയിൽ അമ്മക്കു കൊത്തേറ്റിരുന്നെന്ന്  ഞങ്ങളറിഞ്ഞത്. ഞങ്ങളെ പേര് ചൊല്ലി വിളിക്കുന്നതിന് മുമ്പേയാണ് അമ്മ പോയത്. നേരത്തെ തന്നെ പറഞ്ഞുവല്ലോ; എനിക്ക് പേരില്ല.

അവഗണനകളുടെ, വിവേചനങ്ങളുടെ നാളുകളായിരുന്നു പിന്നീടങ്ങോട്ട്. പെണ്ണായത് കൊണ്ട് മാത്രം ഞാൻ ആ വീട്ടുകാരുടെ കണ്ണിലെ കരടായി.  അവരെന്നെ പലവട്ടം ഓടിച്ചു വിടാൻ ശ്രമിച്ചതാണ്; ഞാൻ പോയില്ല. സഹോദരൻമാർക്ക് കിണ്ണത്തിൽ നിറയെ പാൽ കിട്ടിയപ്പോൾ, അവർ ബാക്കിയാക്കിയത് ഞാൻ നക്കിത്തുടച്ചു. അവർക്ക് മീനും ഇറച്ചിയും, എനിക്ക്  ചവച്ചു തുപ്പിയ എല്ലും മുള്ളും. നിങ്ങൾ മനുഷ്യരോളം സ്ത്രീ വിരുദ്ധർ വേറെയില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞ നാളുകൾ. മാസങ്ങൾ  കഴിഞ്ഞു പോകെ സഹോദരർ തടിച്ചുരുണ്ടും ഞാൻ ശോഷിച്ചുമിരുന്നു. ഞങ്ങളെ കണ്ടാൽ ഒരേ പ്രായക്കാരാണെന്ന് ആരും പറയില്ല. 

അങ്ങനെയിരിക്കെ, ആ വീട്ടിലേക്ക് ഒരാൾ വന്നു. വീട്ടുകാരൻ  എന്റെ തടിച്ചുരുണ്ട സഹോദരരെ അയാൾക്ക് മുന്നിൽ നിരത്തി; അയാളുടെ മുഖം തെളിഞ്ഞു. ഒരു പിടി നോട്ടുകൾ വീട്ടുകാരന് നൽകി അയാൾ അവരെയെല്ലാം ഒരു ചട്ടപ്പെട്ടിയിലാക്കി കൊണ്ട് പോയി. എനിക്ക് വല്ലാത്ത വിഷമമായി. ഞാൻ കുരച്ചു കൊണ്ടു പുറകെയോടിച്ചെന്നു. അയാളെ മടക്കി വിളിച്ച വീട്ടുകാരൻ എന്നെ ചൂണ്ടി എന്തോ പറഞ്ഞു. അയാൾ നിഷേധാർത്ഥത്തിൽ കൈയ്യും തലയുമിളക്കി. ഒടുക്കം കിട്ടിയ നോട്ടുകളിൽ ചിലത് വീട്ടുകാരൻ തിരിച്ച് നൽകിയപ്പോൾ അയാൾ എന്നെയുമെടുത്ത് ആ പെട്ടിയിലേക്കിട്ടു.

പിക്കപ്പ് ഓട്ടോയുടെ പുറകിൽ, കുലുങ്ങിക്കൊണ്ടിരുന്ന പെട്ടിക്കുള്ളിൽ, ഞങ്ങൾ ശ്വാസം മുട്ടിയിരുന്നു. ഞങ്ങളുടെ മോങ്ങലിനു മീതെ മുരണ്ടു കൊണ്ട് ഓട്ടോ കുലുങ്ങിപ്പാഞ്ഞു. അവിടെ എത്തുമ്പോൾ ഞാൻ നല്ല ഉറക്കമായിരുന്നു.

അതൊരു വീടല്ലായിരുന്നു. അവിടെ ഞങ്ങളെ പോലെ പലതരം ജീവികളുണ്ടായിരുന്നു. കൂടുകളിൽ മുയലുകൾ, പട്ടികൾ, അണ്ണാൻ തുടങ്ങിയവ; തൂക്കിയിട്ട കൂടുകളിൽ പക്ഷികൾ; ചില്ലു കുടങ്ങളിൽ നീന്തുന്ന മത്സ്യങ്ങൾ; കാടും കടലും ആകാശവും ആ തകര ഷെഡിൽ സംയോജിച്ച പോലെ. അവിടെ ഒരു പെൺകുട്ടിയുണ്ട്; അയാളുടെ മകളാവണം. അവളാണ് ഞങ്ങൾക്ക് ഭക്ഷണം തരുന്നത്. ദിവസവും അവിടെ പലരും വന്ന് പോയി കൊണ്ടിരുന്നു. ചിലർ ഞങ്ങളുടെ കൂടിനരികിലും വന്നിരുന്നു. കുട്ടികൾ കൂടുതലും വർണ്ണ മീനുകൾക്കരികെ ചുറ്റിപറ്റി നിൽക്കും. ഒരിക്കൽ, ഒരു കുട്ടി അവന്റെ കൈയ്യിലെ കമ്പ് മീനുകളുടെ ചില്ലുകൂട്ടിനക്കത്തിട്ട് ഇളക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. കഴിഞ്ഞ ദിവസം ആരോ വാങ്ങി കൊണ്ട് പോയ ഇണയെ ഓർത്ത് ദുഖിച്ചിരുന്ന സ്വർണ്ണ മത്സ്യം ആ ഇത്തിരി ജലത്തിൽ പേടിച്ച് പരക്കം പായുന്നത് കണ്ടപ്പോൾ എനിക്ക് പ്രതികരിക്കാതിരിക്കാനായില്ല. ഞാൻ ഉറക്കെ കുരച്ചു. അതോടെ അവന്റെ ശ്രദ്ധ എന്നിലായി. എന്നെ തന്നെ തുറിച്ച്  നോക്കുന്നത് കണ്ട് പേടി തോന്നിയെങ്കിലും സ്വർണ്ണ മീനിനെ രക്ഷിക്കാനായതിൽ ഞാൻ സന്തോഷിച്ചു. പക്ഷെ, അവനെനിക്ക് നേരെ ഓടി വന്നു കണ്ണിൽ ഒറ്റക്കുത്ത്. ഹൗ...ഓർക്കുമ്പോൾ ഇപ്പോഴും വേദനിക്കുന്നു.

ഏതായാലും രണ്ടാഴ്ച്ചക്കുള്ളിൽ എന്റെ മൂന്ന് സഹോദരൻമാരേയും ആരൊക്കേയോ വാങ്ങിക്കൊണ്ട് പോയി. മുറിച്ചെവിയനും ഞാനും മാത്രം ബാക്കിയായി. ഒരു ദിവസം കടക്കാരൻ ഞങ്ങളെയും പെട്ടിയിലാക്കി ഇറങ്ങി. ഉച്ചവരെ കറങ്ങിയപ്പോഴേക്കും ഏതോ വീട്ടിൽ അവനെ കൊടുത്തു. പെൺപട്ടിയെ വേണ്ടെന്ന് എല്ലാവരും തീർത്തു പറഞ്ഞു. പിന്നെയും പല വീടുകൾ കയറിയിറങ്ങി; കാര്യമുണ്ടായില്ല. വൈകിട്ട് തിരിച്ചു പോരും വഴി പുഴക്കരയിൽ വണ്ടി നിർത്തി അയാൾ എന്നെയിട്ട ചട്ടപ്പെട്ടി വലിച്ചെറിഞ്ഞു. അത് ചെന്ന് വീണത്  മാലിന്യം തള്ളാനെത്തിയ ലോറിയിലാണ്.  പെട്ടിയിൽ നിന്നും ഞാനൊരു വിധം പുറത്ത് കടന്നപ്പോഴേക്കും ലോറി നീങ്ങി തുടങ്ങിയിരുന്നു. രാവിലെ തൊട്ട് ഒന്നും കഴിക്കാത്തത് കൊണ്ട് നല്ല വിശപ്പുണ്ടായിരുന്നു. ലോറിയുടെ നിലത്ത്  പറ്റിപ്പിടിച്ചു കിടന്ന ഭക്ഷണ സാധനങ്ങൾ ഞാൻ ഓടി നടന്നു തിന്നു തുടങ്ങി. ഒടുവിൽ, തളർന്ന്  ഒരു മൂലയിൽ ചുരുണ്ടു. 

അടിവയറ്റിലേറ്റ തൊഴിയുടെ ഊക്കിൽ ഞാൻ പുറത്തേക്ക് തെറിച്ചു വീണു.  നേരം പരപരാ വെളുത്തിരുന്നു. നിർത്തിയിട്ട ലോറിയിലേക്ക് വീണ്ടും മാലിന്യം നിറക്കുകയാണ്. അതൊരു ബാറിന്റെ അടുക്കളപ്പുറമാണെന്ന് പറഞ്ഞത് അവിടെ പ്രാതൽ കഴിക്കാനെത്തിയ പതിവുകാരാണ്. അങ്ങനെ ഞാനും ആ കൂട്ടത്തിലൊന്നായി.

കാലം കടന്നു പോയി. ഇറച്ചിയും മീനും തിന്ന് തിന്ന് എന്റെ മെല്ലിച്ച ദേഹം തടിച്ചു കൊഴുക്കാൻ തുടങ്ങി; ഞാനൊരു ഒത്ത പെണ്ണായി. കന്നി മാസമല്ലാതിരുന്നിട്ടും, എന്റെ ദേഹത്തിന്റെ മിനുപ്പ് കണ്ട് പലരും മണത്ത് പുറകെ വരാൻ തുടങ്ങിയെങ്കിലും ഞാൻ താൽപര്യം കാണിച്ചില്ല. പക്ഷെ, നിങ്ങളെ പോലെയല്ല കേട്ടോ; ഒരുത്തനും ബലം പ്രയോഗിച്ച് എന്നെ കീഴ്പ്പെടുത്തിയില്ല. അങ്ങനെ ജീവിതം പൊതുവെ സുഖകരമായി പോകുമ്പോഴാണ് അത് സംഭവിച്ചത്. സർക്കാരുത്തരവിൽ ബാർ പൂട്ടി. അതാേടെ ഞങ്ങളുടെ അന്നം മുട്ടി. 

അവിടിന്നിറങ്ങിയ നടത്തം ചെന്ന് നിന്നത് ഒരു കോളനിയിലാണ്. കുറെ അലഞ്ഞിട്ടാണ് എന്തെങ്കിലുമൊന്ന് നക്കാൻ തന്നെ കിട്ടിയത്. അവിടെ മിക്കവാറും കൂരകളിൽ പട്ടിണിയായിരുന്നു;  കഴിക്കാൻ തികയാത്തിടത്തെങ്ങനെയാണ് കളയാനുണ്ടാവുക. എങ്കിലും, അവിടുത്തുകാർ ദയവുള്ളവരായിരുന്നു. ഉള്ളതിൽ ഒരു പങ്ക് അവരെനിക്ക് തന്നു കൊണ്ടിരുന്നു.

ഒരു ദിവസം രാത്രിഭക്ഷണം കഴിഞ്ഞ് മടങ്ങുമ്പോഴാണ്  വഴിയരികിൽ ചോരയൊലിപ്പിച്ച്  കിടക്കുന്ന അവനെ ഞാൻ കാണുന്നത്. നന്നായാെന്ന് നക്കിത്തുടച്ചപ്പോൾ ചോരയൊലിപ്പ് നിന്നു; അവൻ കണ്ണ് മിഴിച്ചു. നാടനല്ല; ഏതോ നല്ല വീട്ടിൽ വളർന്നതാണ്. വീട്ടുകാരൻ മരിച്ചപ്പോൾ അയാളുടെ ഓർമ്മകളോടൊപ്പം വീട്ടുകാർ അവനേയും തല്ലിയിറക്കിയത്രേ. വരത്തനായതിനാൽ തെരുവിലെ കൂട്ടർ കടിച്ചു കുടഞ്ഞതാണ്. മതിൽക്കെട്ടിനകത്തെ സുഖ ജീവിതത്തിനിടയിൽ, പ്രതികൂല സാഹചര്യങ്ങളോട് പൊരുതി നിൽക്കാനൊന്നും അവൻ പരിശീലിക്കപ്പെട്ടിരുന്നില്ല. ഞാനവന് കുറച്ച് ഭക്ഷണം കൊണ്ട് കൊടുത്തു. എണീറ്റ് നടക്കാറായപ്പോൾ പിന്നെ ഒരുമിച്ചായി നടപ്പ്.  അത് വരെ ഒറ്റയായിരുന്ന ഞങ്ങൾ പെട്ടെന്ന് കൂട്ടായി. 

മഴ പെയ്ത് തോർന്ന ഒരു രാത്രി, തെരുവ് വിളക്കിന്റെ മഞ്ഞവെട്ടം പെയ്യുന്ന ഒഴിഞ്ഞ റോഡിലൂടെ നടക്കുമ്പോൾ, അവനെന്നോട് കൂടുതൽ ഒട്ടുന്നത് പോലെ എനിക്ക് തോന്നി; അവന്റെ രോമാവൃതമായ വാൽ എന്നെ ഇക്കിളിപ്പെടുത്തി. അവനെന്നോട് എന്തോ പറയാനുണ്ടെന്ന് എനിക്കുറപ്പായിരുന്നു. ഞാൻ മുമ്പോട്ട് നടന്ന് അവന് നേരെ തിരിഞ്ഞു നിന്നു. കേൾക്കാനാഗ്രഹിച്ചത് ആ തിളങ്ങുന്ന കണ്ണുകളിൽ ഞാൻ വായിച്ചെടുത്തു. ആ രാത്രി ഞങ്ങൾ ഉറങ്ങിയില്ല.

"ഉളുപ്പില്ലാത്ത... നായിന്റ മക്കള്.. മാന്യൻമാര് താമസിക്കുന്നോടത്താ  തോന്ന്യാസം"

മൂർച്ചയുള്ള വാക്കുകൾക്കൊപ്പം വീശിയ സദാചാര ചൂരൽ പുറത്ത് വീണപ്പോഴാണ് എന്റെ പുറകിൽ നിന്നിറങ്ങി അവൻ ഓടിയത്. ഞാനെത്തുമ്പോഴേക്കും അവനെ ചതച്ചരച്ച് പാഞ്ഞ ചരക്ക് ലോറി വളവ് തിരിഞ്ഞു മറഞ്ഞിരുന്നു. ചോരയിൽ കുളിച്ചു കിടന്ന അവനെ ഒന്നേ നോക്കിയുള്ളു. ശരീരത്തിലൂടെ  ഇനിയും വണ്ടികൾ കയറാതിരിക്കാൻ  ഞാനവനെ കഷ്ടപ്പെട്ട് വലിച്ച് റോഡരികിലാക്കി. അൽപനേരം മുമ്പ് അവനുരുമ്മിയ എന്റെ കവിളുകളിൽ അവന്റെ ചോരയുടെ ചൂട് പടർന്നു.

അവന്റെ ശരീരത്തിന് രണ്ട് ദിവസം ഞാൻ കാവലിരുന്നു. നിങ്ങളുടെ കൂട്ടർ അരികിലൂടെ മൂക്ക് പൊത്തി കടന്ന് പോയി. തിരിഞ്ഞു നോക്കാത്തതിൽ എനിക്കദ്ഭുതമില്ല. വണ്ടി ഇടിച്ചു കിടന്ന സ്വന്തം കൂട്ടത്തിൽപ്പെട്ടവനെ നിങ്ങൾ ചോര വാർന്ന് ചാകാൻ വിട്ടതിന് ഞാനൊരിക്കൽ സാക്ഷിയായിട്ടുണ്ട്. ഒടുവിൽ, സമരം തീർന്ന് മുൻസിപ്പാലിറ്റിക്കാർ വന്ന് അവനേയും തൂക്കി വണ്ടിയിലിട്ട് ഓടിച്ച് പോയി. വണ്ടി കാഴ്ച്ചയിൽ നിന്നും മറഞ്ഞപ്പോൾ ഞാനെതിർദിശയിലേക്ക് ലക്ഷ്യമില്ലാതെ പാഞ്ഞു.

ആ ഓട്ടം ചെന്ന് നിന്നത് ഒരു  അപാർട്ട്മെന്റ് സമുച്ചയത്തിന്റെ ഗേറ്റിലാണ്. ബഹുനില കെട്ടിടത്തിന്റെ അറ്റം കാണാൻ കഴുത്ത് വില്ലിച്ചു  ശ്രമിക്കുമ്പോഴാണ് മുന്നിൽ ബിസ്കറ്റ് കഷ്ണങ്ങൾ വന്നു വീണത്. നോക്കിയപ്പോൾ, അരികിലെ ജനാലയ്ക്കൽ ഒരു ചിരിക്കുന്ന മുഖം;  ആ കെട്ടിടത്തിന്റെ കാവൽക്കാരനാണ്. അതൊരു പതിവായി. ദിവസവും രാവിലെ ഞാനവിടെ ചെന്ന്  പിൻകാലുകളിലമർന്ന് മുൻകാലുകളിലുയർത്തി അയാളെ നോക്കും.  അയാളെനിക്ക് ബിസ്കറ്റുകളോ റൊട്ടി കഷ്ണങ്ങളോ ഇട്ട് തരും. എന്നെ തലോടും, വിശേഷങ്ങൾ പറയും. ഒരു ദിവസം, ഞാൻ ബിസ്കറ്റും തിന്ന് അയാൾക്കരികിലിരിക്കുമ്പോഴാണ് ആ കൊമ്പൻ മീശക്കാരൻ വന്നത്.  മേലുദ്യോസ്ഥനെ കണ്ടതും കാവൽക്കാരൻ ചാടിയെണീറ്റ് സല്യൂട്ട് ചെയ്തു. എന്നാൽ, കൊമ്പൻ മീശക്കാരൻ സല്യൂട്ട് മടക്കാതെ എന്നെയും മുന്നിലെ ബിസ്കറ്റിനെയും തുറിച്ചു നോക്കി.

"അപ്പോ ഡ്യൂട്ടി സമയത്ത് ഇതാണ് പരിപാടി"

അയാളുടെ ചോരക്കണ്ണുകൾ നേരിടാനാവാതെ കാവൽക്കാരൻ മുഖം കുനിച്ചു.

"അയ്ശ്ശെരി... പെണ്ണാ...."

എന്റെ വേണ്ടാത്തിടത്തേക്കാണ് അയാളുടെ നോട്ടം എന്നറിഞ്ഞപ്പോൾ ഞാൻ ചൂളിപ്പോയി.

"ഇനി ഇതിന്റെ മണം പിടിച്ച് നാട്ടിലെ സകലയെണ്ണം ഈ ഗേറ്റിന്റെ മുന്നിലുണ്ടാവും.. നോക്കിക്കോ..."

എനിക്ക് നല്ല ദേഷ്യം വന്നു. അയാൾക്കിട്ടൊരു കടി കൊടുക്കാൻ പോലും തോന്നിയതാണ്. ഞങ്ങളുടെ വാലുകൾ കുഴലിലിട്ടാൽ ചിലപ്പോൾ നിവർന്നെന്ന് വരാം. എന്നാലും,  സ്ത്രീകളോടുള്ള നിങ്ങളുടെ മനോഭാവത്തിൽ യാതൊരു മാറ്റവുമുണ്ടാകില്ല എന്നെനിക്കുറപ്പായി.

"ഫോ.... " എന്ന കൊമ്പന്റെ ആട്ടലിൽ ആദ്യം ഓടണമെന്ന് കരുതിയതാണ്. എന്നാൽ, ബിസ്കറ്റിൽ കണ്ണും നട്ട് ഗേറ്റിലിരിക്കുന്ന കാക്കയെ കണ്ടപ്പോൾ അനങ്ങാനായില്ല.

"പേടിണ്ടോന്ന് നോക്ക് പട്ടിച്ചിക്ക്"

ബൂട്ടിട്ട പുറംകാലനടി കവിളിൽ വീണപ്പോൾ തല തിരിഞ്ഞു പോയി.

അതിന് ശേഷം ഞാൻ ഗേറ്റിന് മുന്നിലേക്ക് പോകാറില്ല. മതിലിനോട് ചേർന്ന കുറ്റിക്കാട്ടിലിരുന്നാൽ മതി,  കാവൽക്കാരന്റെ ചിരിയും ബിസ്കറ്റുകളും എന്നെത്തേടിയെത്തും.

ആയിടക്കാണ്  അവളെ ഞാൻ പരിചയപ്പെടുന്നത്. അപാർട്ട്മെന്റിലെ താമസക്കാരിയാണ്. ഉടമയായ സ്ത്രീ അപ്പിയിടിക്കാനായി അവളെ കുറ്റിക്കാട്ടിലേക്ക് കൊണ്ട് വരുന്നതാണ്.  ആ സ്ത്രീയുടെ ചെവിയോടൊട്ടിപ്പിടിച്ച പോലെ  എല്ലായ്പ്പോഴും മൊബൈലുണ്ടാവും. അതിൽ സംസാരിക്കുമ്പോൾ അവർ മറ്റേതോ ലോകത്താണ്. അതു കൊണ്ട് ഞങ്ങൾക്ക് സ്വാതന്ത്ര്യത്താേടെ ഇടപഴകാനായി. മൂന്നാം ദിവസം ഞാനെന്റെ കഥ പറഞ്ഞ് തീർത്തപ്പോൾ അവൾ ചുണ്ടുകൾ കോട്ടി സഹതാപം രേഖപ്പെടുത്തി.

''എനിക്കൊരിക്കലും ഇത്തരം അവഗണനകൾ നേരിടേണ്ടി വന്നില്ല" എന്നും പറഞ്ഞ് അവൾ തല ഉയർത്തിപ്പിടിച്ചു.  അത് കണ്ടിട്ടാവണം, യജമാനത്തി ചങ്ങലയിലെ പിടി ഒന്നു മുറുക്കി; ഉയർന്ന തല പതുക്കെ താഴ്ന്നു.

എനിക്കവളോട് കടുത്ത അസൂയ തോന്നി. കഴുത്തിൽ കുടുക്കുണ്ടെങ്കിലെന്താണ്, സമയത്ത് ഭക്ഷണം, ശ്രുശ്രൂഷ, പരമസുഖം. സ്വർണ നിറത്തിലുള്ള ആ കുടുക്ക് കാണാൻ തന്നെന്തൊരു ഭംഗിയാണ്. 

സ്വാതന്ത്ര്യമെന്നൊക്കെ ചുമ്മാ പറയാൻ കൊള്ളാം; ദിവസവും വയറ് നിറക്കാൻ എന്തൊരു പെടാപ്പാടാണ്.  കഴുത്തിൽ അങ്ങനൊരു കുരുക്ക് വീഴാൻ ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു.

എന്റെ നേർക്ക് പറന്നു വരുന്ന കുരുക്ക്  കണ്ടതും ഞാൻ കഴുത്ത് നീട്ടിക്കൊടുത്തു. പ്രാർത്ഥന ഇത്ര വേഗം കേട്ടതിന് ഒരു നിമിഷം കണ്ണടച്ച് ദൈവത്തിന് നന്ദി പറഞ്ഞു.

"ഇന്നത്തെ കണക്കിൽ ഒരു നൂറ്റമ്പത് കൂടി എഴുതിക്കോ"

കുരുക്കിനറ്റത്തെ അവസാന പിടച്ചിലിനിടയിൽ ഞാൻ അവസാനമായി കേട്ടു.

Thursday, 23 December 2021

അന്ന് ക്രിസ്തുമസായിരുന്നു

അച്ഛനുമമ്മക്കുമൊപ്പം അഞ്ചാം നിലയിലുള്ള ഫ്ലാറ്റിലാണ് കുട്ടി താമസിച്ചിരുന്നത്.

എല്ലാ കുട്ടികളേയും പോലെ, കളിപ്പാട്ടങ്ങളെന്നാൽ ഈ കുട്ടിക്കും ജീവനായിരുന്നു.

പല തരത്തിലും വലുപ്പത്തിലുമുള്ള പാവകളും പന്തുകളും വണ്ടികളും മൃഗങ്ങളും തോക്കുകളുമൊക്കെയായി കളിപ്പാട്ടങ്ങളുടെ വലിയൊരു ശേഖരം കുട്ടിക്കുണ്ട്. എന്നാലും, എപ്പോൾ പുറത്ത് പോയാലും പുതിയൊരു കളിപ്പാട്ടമില്ലാതെ അവൻ തിരിച്ചു വരാറില്ല. വാങ്ങി കൊടുക്കാതിരിക്കാൻ അച്ഛനുമമ്മയും എത്ര തന്നെ ശ്രമിച്ചാലും ഒടുവിൽ കുട്ടിയുടെ പിടിവാശിക്ക് മുന്നിൽ അവർ തോറ്റു പോകും.

അങ്ങനെയിരിക്കെ, കളിപ്പാട്ടങ്ങളുടെ മൂന്നാമത്തെ പെട്ടിയും നിറഞ്ഞപ്പോൾ അച്ഛനുമമ്മയും ഒന്ന് തീരുമാനിച്ചു; കുട്ടി ഉപയോഗിക്കാത്തതും കേട് വരാത്തതുമായ കളിപ്പാട്ടങ്ങൾ വേറെ ഏതെങ്കിലും കുട്ടികൾക്ക് കൊടുക്കുക. പക്ഷെ കുട്ടിയാകട്ടെ, ഇത് കേട്ടതോടെ അവൻ ഉപയോഗിക്കുന്നില്ലെന്ന് പറഞ്ഞ് അമ്മ മാറ്റി വെച്ച കളിപ്പാട്ടങ്ങൾ കൊണ്ട് കളിക്കാൻ തുടങ്ങി. അതാെക്കെ ബലം പ്രയോഗിച്ച് വാങ്ങാൻ ശ്രമിച്ചപ്പോൾ കുട്ടി നിലത്തുരുണ്ട് കരയാനാരംഭിച്ചു. അങ്ങനെ ഒരിക്കൽ കൂടി കുട്ടിയുടെ വാശി ജയിച്ചു.
നാലാമത്തെ കളിപ്പാട്ടപ്പെട്ടിയും നിറയാൻ തുടങ്ങി.

പിന്നീടൊരു ദിവസം, അച്ഛനും കുട്ടിയും കൂടി അടുത്തുള്ള ഒരു ഷോപ്പിങ്ങ് മാളിലേക്ക് നടക്കുകയായിരുന്നു. 

"നോക്കച്ഛാ... നമ്മടെ വീട്ടിലെ പോലത്തെ പ്ലേ-ടെന്റ്"

റോഡരികിൽ, ഏതോ നാടോടി സംഘം നീല ഷീറ്റ് വലിച്ചു കെട്ടിയുണ്ടാക്കിയ കൂരയെ ചൂണ്ടിയാണ് കുട്ടി പറഞ്ഞത്.

"പ്ലേ-ടെന്റല്ല മോനെ...അതവരുടെ വീടാണ്" - അച്ഛൻ പറഞ്ഞു.

"വീടോ... ഇതോ... അച്ഛൻന്നെ പറ്റിക്ക്യാൻ നോക്കണ്ട" - കുട്ടി മുഖം കൂർപ്പിച്ചു.

മറുപടിയായി, അച്ഛൻ കുട്ടിയെ നോക്കി ചിരിക്കുക മാത്രം ചെയ്തു.

അവരപ്പോഴേക്കും കൂരയുടെ മുന്നിലെത്തിയിരുന്നു.
അതിന്റെ മുന്നിൽ കുറച്ചു കുട്ടികളിരുന്നു കളിക്കുന്നുണ്ട്.

"കണ്ടോച്ഛാ ... ഞാൻ പറഞ്ഞീല്ലേ... ഈ കുട്ടികൾടെ പ്ലേ-ടെന്റാത്"

അച്ഛൻ വീണ്ടും ചിരിക്കാൻ ശ്രമിച്ചു.

"അയ്യേ ...ന്താ കുട്ടികള് ഡ്രെസ്സൊന്നൂടാതെ മണ്ണിലിരിക്കുന്നത്...ജേംസ് വരൂലേ അച്ഛാ"

അച്ഛനൊന്ന് മൂളി കൊണ്ട് നടത്തത്തിന് വേഗത കൂട്ടി.

കുട്ടിയപ്പോഴും തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു.

"നോക്കച്ഛാ... കല്ലോണ്ടൊക്കെയാ അവര് കളിക്കണത്. അങ്ങനെ കളിക്കാൻ പാടുണ്ടോ; വാവു ആവൂല്ലേ."

ഇത്തവണ അച്ഛന് മൂളാൻ സാധിച്ചില്ല.

"മോനേ ഡ്രസ്സ് വാങ്ങാനും കളിപ്പാട്ടം വാങ്ങാനുമൊക്കെ കുറെ പെെസ വേണ്ടെ. ആ കുട്ടികൾടെ അച്ഛനുമമ്മക്കും അത്രക്ക് പൈസ ഉണ്ടാവൂല്ല."

പിന്നീട് കുട്ടിയൊന്നും ചോദിച്ചില്ല. പക്ഷെ, ആ കൂര കാഴ്ച്ചയിൽ നിന്നും മറയുന്നത് വരെ അവൻ ഇടക്കിടെ തിരിഞ്ഞു നോക്കിക്കാെണ്ടിരുന്നു.

അന്ന് മാളിൽ മുഴുവൻ കറങ്ങിയിട്ടും പുതിയൊരു കളിപ്പാട്ടം വാങ്ങാൻ കുട്ടി വാശി പിടിക്കാതിരുന്നത് അച്ഛനെ അദ്ഭുതപ്പെടുത്തി. തിരികെ വീട്ടിലെത്തിയപ്പോൾ, അമ്മയോടത് പങ്ക് വെക്കുകയും ചെയ്തു. 

കുട്ടിയാകട്ടെ, ആ നേരത്ത് തന്റെ പഴയ നഴ്സറി ബാഗിൽ കളിപ്പാട്ടങ്ങൾ കുത്തി നിറക്കുകയായിരുന്നു. നിറഞ്ഞ ബാഗും തോളിൽ തൂക്കി അച്ഛനൊപ്പം പോകാനിറങ്ങിയ കുട്ടിയുടെ തലയിൽ, അമ്മ അവന് സർപ്രൈസ് ഗിഫ്റ്റായി വാങ്ങി വെച്ചിരുന്ന സാന്റാക്ലോസ് തൊപ്പി വെച്ചു കൊടുത്തു. 

അന്ന് ക്രിസ്തുമസായിരുന്നു; കുട്ടിക്കും റോഡരികിലെ കുട്ടികൾക്കും.

Saturday, 15 May 2021

പുഞ്ചിരിയുടെ പ്രത്യയശാസ്ത്രം

ഹാൾ ടിക്കറ്റിൽ രേഖപ്പെടുത്തിയ പരീക്ഷാ കേന്ദ്രം കണ്ടപ്പോൾ തന്നെ പോകേണ്ടെന്ന് തീരുമാനിച്ചിരുന്നതാണ്. പക്ഷെ, നിലവിലെ ജോലിയിലുള്ള അസംതൃപ്തിയും വീട്ടുകാരുടെ നിർബന്ധവും അത്രമേൽ ശക്തമായിരുന്നതിനാൽ ആ തീരുമാനം മാറ്റേണ്ടി വന്നു.

ഗൂഗിളിനു പോലും കാര്യമായൊന്നും അറിഞ്ഞു കൂടാത്ത ഒരു 'ഗുദാമിലെ' എൽ.പി. സ്കൂളാണ് മേൽപ്പറഞ്ഞ പരീക്ഷാ കേന്ദ്രം. അതിനോട് ഏറ്റവും അടുത്ത പട്ടണം വരെയുള്ള യാത്ര ട്രെയിനിലായിരുന്നു. അതേ കേന്ദ്രത്തിൽ തന്നെ പരീക്ഷ എഴുതുന്ന ചിലരെ ട്രെയിനിൽ വെച്ച് പരിചയപ്പെട്ടത് ഭാഗ്യമായി. പട്ടണത്തിൽ നിന്നും അങ്ങോട്ടേക്ക് ഒറ്റ ട്രാൻസ്പോർട്ട് ബസ് മാത്രമേയുള്ളുവെന്നും ദിവസവുമുള്ള രണ്ടോ മൂന്നോ ട്രിപ്പുകളിൽ പരീക്ഷാ സമയത്ത് എത്താൻ പാകത്തിലുള്ള ഒന്നുമില്ലെന്നും അങ്ങനെയാണ് അറിയാൻ സാധിച്ചത്. എതായാലും, റെയിൽവേ സ്റ്റേഷനിലെ ഓട്ടോക്കാർക്ക് അന്ന് ചാകരയായിരുന്നു. ഒരാൾക്ക് ഇരുനൂറ് രൂപ വീതം ചാർജ് ചെയ്ത്, ശരീരഭാരമനുസരിച്ച്, അഞ്ചും ആറും പേരെ കുത്തിനിറച്ച ഓട്ടോകൾ വരിയായി കുലുങ്ങിക്കുലുങ്ങി കുന്ന് കയറി.

ഹാളിൽ ഹാജർ പകുതിയിൽ താഴെ മാത്രമായിരുന്നു. പരീക്ഷ തുടങ്ങിയതിനു ശേഷവും ചിലരൊക്കെ ഓടിക്കിതച്ച് വന്നു കയറുന്നുണ്ട്. ചട്ടപ്രകാരം അനുവദനീയമല്ലെങ്കിലും, അധിക സമയം നൽകില്ല എന്ന നിബന്ധനയിൽ, വൈകിയെത്തുന്നവർക്കും ഹാളിലേക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്. ചോദ്യപേപ്പർ കൈയ്യിൽ കിട്ടിയതോടെ, ഇത്രക്ക് കഷ്ടപ്പെട്ട് വരേണ്ടിയിരുന്നില്ല എന്ന് ബോധ്യപ്പെട്ടു. ഉത്തരമറിയുന്ന ചാേദ്യങ്ങൾ ചികഞ്ഞും ബാക്കി കറക്കിക്കുത്തിയും, നിർബന്ധമായും ഇരിക്കേണ്ട സമയം തീർത്ത് പുറത്തേക്കിറങ്ങി.

 ഒരു ചായക്കാരന്റെ സൈക്കിളും സർബത്തും മിഠായി ഭരണികളും നിരത്തിയ ഒരുന്തുവണ്ടിയും ഹാളിൽ നിന്നിറങ്ങുന്നവരേയും കാത്ത് നിൽപ്പുണ്ടായിരുന്നു. രാവിലെ വന്ന ഓട്ടോറിക്ഷകൾ മിക്കതും മടക്കയാത്രക്കാരെയും കാത്ത് തണലിൽ കിടപ്പുണ്ട്. കാലത്ത് കൂടെ വന്നവർ കാര്യമായി ക്ഷണിച്ചെങ്കിലും ബസിനു വന്നു കൊള്ളാമെന്ന് പറഞ്ഞ് ഒഴിവായി. ഇരുന്നൂറ് രൂപ ലാഭിക്കാമെന്നതായിരുന്നില്ല ലക്ഷ്യം; പരീക്ഷ കഴിഞ്ഞുള്ള ചോദ്യപ്പേപ്പർ പോസ്റ്റ്മോർട്ടത്തിൽ താൽപര്യം ഒട്ടുമുണ്ടായിരുന്നില്ല. ഓട്ടോറിക്ഷകൾ നിര തെറ്റിക്കാതെ കുന്നിറങ്ങി.

ഉന്തുവണ്ടിക്കാരനോട് ഒരു സിഗരറ്റ് വാങ്ങി കത്തിച്ചു.

"ഇവിടടുത്ത് ഹോട്ടലെവിടാ?"

കാലത്തൊന്നും കഴിക്കാത്തതിനാൽ വിശപ്പ് കലശലായുണ്ട്.

"അയ്യോ.. ഇപ്പ ഹോട്ടലൊന്നും കാണൂല; അയ്നൊക്കെ സീസണാവണം. ഇങ്ങക്ക് വേണെങ്കി ഇന്റടുക്കെ ബണ്ണുണ്ട്...എട്ക്കട്ടെ"

മറുപടിക്ക് കാക്കാതെ, ചായക്കാരൻ രണ്ട് ബണ്ണുകളുള്ള ഒരു പ്ലാസ്റ്റിക് കവർ എനിക്ക് നീട്ടി.

ചായയും ബണ്ണും കഴിക്കുന്നതിനിടയിൽ അവിടെ നിന്നും അൽപമകലെയുള്ള വെള്ളച്ചാട്ടത്തെ പറ്റിയും സീസണിൽ അവിടേക്കുള്ള ജനപ്രവാഹത്തെ പറ്റിയുമൊക്കെ അയാൾ വിവരിച്ചു. ആ വെള്ളച്ചാട്ടത്തിന് മുകളിലായി പണിയുന്ന ഡാമിനെ പറ്റിയും അതിനെതിരെ നടക്കുന്ന പ്രക്ഷോഭത്തെ പറ്റിയുമെല്ലാം വായിച്ചത് പെട്ടെന്നാേർത്തു.

അങ്ങനെ സംസാരിച്ച് നിൽക്കുമ്പോഴാണ് ഒരു വയസ്സൻ അലൂമിനിയം ബക്കറ്റും തൂക്കി അങ്ങോട്ട് വന്നത്.

"ന്താ കാക്കാ... ഇന്നങ്ങാടിക്ക് പോയീലേ?"

സാധനങ്ങളെല്ലാം വാരിക്കെട്ടി പോകാനൊരുങ്ങുന്ന ഉന്തുവണ്ടിക്കാരൻ ചോദിച്ചു.

"ന്ത് പറയാനാണ്ടോ... മൂന്നരേന്‍റെ വണ്ടിക്ക് പോകാനെറങ്ങീതാ. അപ്പളാ കേട്ടേ ബസ്ന്റെ ടയർ പൊട്ടിക്കീന്ന്... ഇന്നിനി വരവുണ്ടാവൂല പോലും. ഇന്റെ ബെടക്ക് കാലന്നല്ലാണ്ടെന്ത് പറയാനാ..."

ചെവിക്ക് പിറകിൽ നിന്നുമൊരു ബീഡിയെടുത്ത് കത്തിക്കുമ്പോഴാണ് അയാളെന്നെ ശ്രദ്ധിച്ചത്. ഉടനെ കുനിഞ്ഞ്, ബക്കറ്റ് മൂടിയിരിക്കുന്ന വാഴയില മാറ്റി, പച്ച ഈർക്കിലിൽ കോർത്ത മൂന്നു നാല് മീനുകളുമായി നിവർന്നു.

"സാറേ വേണോ...അമ്പതുറുപ്പ്യ തന്നാ മതി"

അയാളത് എനിക്ക് നേരെ നീട്ടി.

"അയ്യോ വേണ്ട''

"അങ്ങാടിലേന്റെ പാതി വെലയാ സാറേ പറഞ്ഞേ. അല്ലേല് ഇങ്ങക്ക് തോന്ന്യേത് തന്നാ മതി. മടക്കി കൊണ്ടോയിട്ട് കാര്യല്ലാത്തോണ്ടാ..." 

അയാളുടെ കണ്ണുകളിൽ പ്രതീക്ഷ പെടക്കുന്നത് എനിക്ക് കാണാമായിരുന്നു.

"വില ഒക്കാഞ്ഞിട്ടല്ലക്കാ... എനിക്ക് കുറേ ദൂരം പോവാനുള്ളതാ."

അയാളുടെ മുഖത്തെ വെട്ടമണഞ്ഞു. തൂക്കിപ്പിടിച്ച മീനുകളെ തിരികെ ബക്കറ്റിലാക്കി അയാൾ പതുക്കെ നടന്നകന്നു.

"ഇങ്ങള് ബേജാറാവണ്ടാന്ന്..."

ചായക്കടക്കാരനാണ്; തിരികെ പോകാൻ ബസ്സില്ലായെന്ന വിവരം എന്നെ പരിഭ്രമിപ്പിച്ചത് അയാൾ ശ്രദ്ധിച്ചു കാണും.

"ഈ കുന്നിറങ്ങി കാെറച്ചങ്ങ് ചെന്നാ തീവണ്ടിയാപ്പീസായി. ആട്ന്ന് ഏയ്ന്‍റെ വണ്ടി പിടിച്ചാ അര മണിക്കൂറോണ്ട് ഇങ്ങക്ക് ടൗണിലെത്താം"

ഇങ്ങനൊരു കുന്നിൻ പ്രദേശത്ത് ഒരു റെയിൽവേ സ്റ്റേഷനുണ്ടാവുമെന്ന് പ്രതീക്ഷിച്ചതേയല്ല. അയാൾ പറഞ്ഞത് പ്രകാരമാണെങ്കിൽ, ടൗണിൽ ചെന്ന് ഒമ്പത് മണിയുടെ മടക്ക ട്രെയിൻ പിടിക്കാൻ സാധിക്കും.

"സുബൈറേ... ഇയ്യിതൊന്ന് നോക്കിക്കാ. ഞാൻ മൂപ്പർക്കാ റൂട്ടാെന്ന് കാട്ടിക്കൊട്ത്ത്ട്ട് വരാ... "

ഉന്തുവണ്ടിക്കാരനോട് വിളിച്ചു പറഞ്ഞിട്ട് ചായക്കടക്കാരൻ എന്നേയും കൂട്ടി നടന്ന് തുടങ്ങി.

ബ്രിട്ടീഷുകാരുടെ കാലത്ത്, വെള്ളച്ചാട്ടം കാണുന്ന വിധത്തിൽ ഒരു ബംഗ്ലാവ് പണിയാൻ ഏതോ സായിപ്പ് തീരുമാനിച്ചതും അതിന് സാധനങ്ങളെത്തിക്കാൻ റെയിൽപ്പാളം വിരിച്ചതും പിന്നീട് ബംഗ്ലാവിന്‍റെ പണി തുടങ്ങും മുമ്പേ ബ്രിട്ടീഷുകാർക്ക് ഇന്ത്യ വിടേണ്ടി വന്നതുമെല്ലാം യാത്രാമധ്യേ അയാൾ വിവരിച്ചു. പൊടിപ്പും തൊങ്ങലുമധികമായുള്ള കഥയുടെ വിവരണം അതീവ രസകരമായിരുന്നു.

"ദാ...ഈ വയിക്ക് നേരങ്ങ് നടന്നാ മതി. എങ്ങട്ടും തെറ്റണ്ട. കഷ്ടി ഒന്നൊന്നര കിലോമീറ്ററ്ണ്ടാവും. നേരെ ചെന്ന് നിക്ക്വാ തീവണ്ടിയാപ്പീസിന്‍റെ പടിക്കലാ."

മുന്നിൽ വളഞ്ഞു പുളഞ്ഞു നീളുന്ന ഒറ്റയടിപ്പാത. അയാളോട് യാത്ര പറഞ്ഞ് ഞാൻ നടന്നു തുടങ്ങി. വളവ് തിരിഞ്ഞ് മറയും മുമ്പേ ഒന്ന് തിരിഞ്ഞ് നോക്കി. നാട്ടിൻപുറം നന്മകളാൽ സമൃദ്ധമെന്ന കവി വാക്യത്തിന്റെ സാക്ഷ്യമായി അയാളവിടെ തന്നെ നിൽപ്പുണ്ട്. 

സമയം നാല് മണി പോലുമായില്ല. ഇരുഭാഗത്തും തിങ്ങി വളര്‍ന്ന മരങ്ങളുടെ തണൽ ഒറ്റയടിപ്പാതയിൽ ചാരനിറമുള്ള ഇരുട്ട് വിരിച്ചു. മരങ്ങൾക്കിടയിലൂടെ കാണപ്പെടുന്ന കുടിലുകളിൽ വിളക്കുകൾ തെളിഞ്ഞു തുടങ്ങിയിരുന്നു. ഞാൻ നടത്തിന് വേഗം കൂട്ടി.

സ്റ്റേഷനിലെത്തിയപ്പോഴേക്കും സാമാന്യം നന്നായി ഇരുട്ടായിരുന്നു. ഒന്നൊന്നര കിലോമീറ്റർ എന്നാണയാൾ പറഞ്ഞതെങ്കിലും കഷ്ടി മുക്കാൽ മണിക്കൂറിന്‍റെ നടപ്പുണ്ടായിരുന്നു. ഇരുട്ടിൽ മുങ്ങി കിടക്കുന്ന ആ ഒറ്റമുറി ഷെഡിനെ സ്റ്റേഷൻ എന്നൊന്നും വിളിക്കാനാവില്ല. 'ടിക്കറ്റ് കൗണ്ടർ' എന്ന ബോർഡിനു താഴെ മേശയിൽ തല വെച്ച് മയങ്ങുന്ന പയ്യൻ രണ്ടു മൂന്ന് തവണ വിളിച്ചിട്ടാണ് ഉണർന്നത്. ഉറക്കം നഷ്ടപെട്ടതിന്റെ ഈർഷ്യയിൽ, മഞ്ഞ കാർഡ്ബോർഡ് ടിക്കറ്റിൻമേൽ അവൻ ഊക്കാേടെ ഇരുമ്പ് സീലടിച്ചപ്പോൾ, അവിടമാകെയാെന്ന് വിറ കാെണ്ടത് പോലെ തോന്നി.

ബെഞ്ചുകളോ കസേരകളോ ഇല്ലാത്ത പാറ്റ്ഫോമിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന മരങ്ങൾക്കടിയിൽ ചിലരൊക്കെ കിടന്നുറങ്ങുന്നുണ്ട്. അത്രയും ദൂരമാെന്നും നടന്ന് ശീലമില്ലാത്ത എന്റെ കാലുകൾക്ക് കടച്ചിൽ അനുഭവപ്പെട്ട് തുടങ്ങിയിരുന്നു. പ്ലാറ്റ്ഫാേo തറയെ തുളച്ചു പാെന്തിയ ഒരു പാെന്തൻ വേരിനെ ഞാന്‍ ഇരിപ്പിടമാക്കി.

ഇരുളിനെയും നിശബ്ദതയേയും തുരന്നെത്തിയ തീവണ്ടി സ്റ്റേഷനിൽ വന്ന് നിന്ന് കിതപ്പാറ്റി. ഏതാണ്ട് കാലിയായിരുന്ന കമ്പാർട്ട്മെന്റിലേക്ക്, മരച്ചുവട്ടിൽ കിടന്നുറങ്ങിയിരുന്നവര്‍ക്കൊപ്പം ഞാനും കയറി. ഒപ്പമുള്ളവരിൽ ഏറെയും അന്യഭാഷാ തൊഴിലാളികളാണ്; ഡാം സൈറ്റിൽ പണിയെടുക്കാൻ വന്നവരാകണം. കുറേപ്പേർ പണിസഞ്ചി തലയ്ക്കൽ വെച്ച് സീറ്റുകളിൽ നീണ്ടു നിവർന്നു കിടന്നു. മറ്റു ചിലരാകട്ടെ, ഹെഡ്സെറ്റ് ചെവിയിൽ തിരുകി, സീറ്റുകളിലിരുന്ന് ഉറക്കം തൂങ്ങുന്നുണ്ട്. അരമണിക്കൂറോളം വിശ്രമിച്ച ശേഷം അനങ്ങിത്തുടങ്ങിയ വണ്ടിയിലേക്കാണ് അവൾ ഓടി വന്ന് കയറിയത് .

നീണ്ടു മെലിച്ച്, മുടി ക്രോപ്പ് ചെയ്ത്, ജീൻസും ഷർട്ടുമിട്ട അവളെ കണ്ടപ്പോൾ "ശ്രീധരന്റെ ഒന്നാം തിരുമുറിവ്" -ലെ നീനാ കുറുപ്പിനെയാണ് ഓർമ്മ വന്നത്. എനിക്കെതിരെയുള്ള സീറ്റിൽ വന്നിരുന്നത് താെട്ട് കാലിൻമേൽ കാല് കയറ്റി വെച്ചിരുന്ന് ഒരേ ഫോൺ വിളിയാണ്. ഏതാണാവോ കണക്ഷൻ!!! ഞാൻ അരമണിക്കൂർ മുമ്പേ അയച്ച മെസേജുകൾ പോലും റേഞ്ച് കിട്ടാതെ ഫോണിൽ തങ്ങിക്കിടക്കുകയാണ്. പെട്ടെന്നാണ് ശ്രദ്ധിച്ചത്; ചുറ്റിലും അത്രയും നേരം ഉറങ്ങിയും ഉറക്കം തൂങ്ങിയുമിരുന്നവരിൽ പലരും ഉണർന്നിരിക്കുന്നു. മൂർച്ചയുള്ള നോട്ടങ്ങളെല്ലാം ചെന്ന് തറക്കുന്നത് അവളിലാണ്. കാലിയായി കിടന്നിരുന്ന സീറ്റുകൾ പെട്ടെന്ന് നിറഞ്ഞത് പോലെ. ചുറ്റുമുള്ളവരെല്ലാം ചേർന്ന് അവളെ ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍ എനിക്കാെന്നും ചെയ്യാനാവില്ല എന്ന ചിന്തയിൽ ഞാൻ വല്ലാതെ അസ്വസ്ഥനായി. എന്നാൽ, അതൊന്നും ശ്രദ്ധിക്കാതെ അവൾ ഫോണിൽ സംസാരിച്ച് കൊണ്ടിരിക്കുന്നു. 

റേഞ്ച് പോയതാവണം; മുഖത്തിന് നേരെ പിടിച്ച മാെബൈലിലേക്ക് നിരാശയാേടെ നോക്കിയ ശേഷം അവളതെടുത്ത് ബാഗിൽ വെച്ചു. ശേഷം, എന്നെ അമ്പരിപ്പിച്ചു കാെണ്ട്, ആർത്തിയോടെ തനിക്ക് നേരെ നീളുന്ന ഒരോ കണ്ണിലേക്കും നോക്കി ഭംഗിയായി പുഞ്ചിരിച്ചു. ചിലരെങ്കിലും പുഞ്ചിരി മടക്കി നൽകി. മറ്റു ചില നോട്ടങ്ങൾ താഴ്ന്നു പോയി. ബാക്കിയുള്ളവക്കാകട്ടെ പഴയ മൂർച്ചയുമില്ല. ഒടുക്കം, അവരെല്ലാം ഉറക്കത്തിലേക്കും ഉറക്കം തൂങ്ങലിലേക്കും മടങ്ങി പോയി.

അടുത്ത സ്റ്റോപ്പിൽ ആളിറങ്ങിയപ്പോൾ അവൾ ജനലരികിലേക്ക് നീങ്ങിയിരുന്നു. ഇപ്പോഴവൾ എനിക്ക് നേരെ മുന്നിലാണ്.

"പരീക്ഷക്ക് വന്നതാണല്ലേ?" -

എന്നെ നോക്കി പുഞ്ചിരിച്ചതിന്‍റെ ധൈര്യത്തിലാണ് ചോദിച്ചത്.

"ആ... അതേ...നിങ്ങളും ? "

ഞാൻ തലയാട്ടി.

''ശരിക്കും പെട്ടു പോയല്ലേ...പക്ഷേണ്ടല്ലോ എത്തിപ്പെടാൻ പാടാന്നേള്ളു എന്ത് ഭംഗിയുള്ള സ്ഥലാ..."

അവൾ മുന്നോട്ടാഞ്ഞിരുന്നു.

"അല്ല, എങ്ങനെ ആ സ്റ്റേഷൻ വരെയെത്തി; സ്ഥലം പരിചയമുണ്ടായിരുന്നാേ?"

അവളെ കണ്ടപ്പോൾ താെട്ട് ചോദിക്കാൻ കാത്ത് വെച്ചതാണ്.

"ഏയ്, ഞാൻ ഇവിടെ ആദ്യമാ. കാലത്ത് ഓട്ടോക്കായിരുന്നു വന്നത്. തിരിച്ച് മൂന്നരേടെ ബസ് പിടിക്കാന്ന് കരുതി ചുറ്റും ഫോട്ടോ ഏട്ത്ത് നടപ്പായിരുന്നു. പക്ഷെ ബസെന്തോ റിപ്പയറായത്രേ. ശരിക്കും പണി കിട്ടിയെന്ന് കരുതിയതാ. ഭാഗ്യത്തിന് എക്സാം ഡ്യൂട്ടിക്ക് വന്നവരുടെ വണ്ടിയുണ്ടായിരുന്നു. അവര്‍ പോകുന്ന വഴി ഇവിടെ ഡ്രാേപ്പ് ചെയ്തു"

അങ്ങനൊരു ബുദ്ധി തോന്നാത്തതിൽ ഞാൻ സ്വയം ശപിച്ചു.

പിന്നെയും ഞങ്ങളെന്തൊക്കെയോ സംസാരിച്ചു; പഠിച്ച കോളേജിനെ പറ്റി, ചെയ്യാൻ താൽപര്യമുള്ള കോഴ്സുകളെ പറ്റി, ജോലിയെ പറ്റി, അങ്ങനെ പലതും. എന്നാൽ, ഞാൻ ഭയന്നത് പോലെ അന്നത്തെ പരീക്ഷ ചാേദ്യപ്പേപ്പർ വിഷയമായതേയില്ല. അവളും 'പോസ്റ്റുമോർട്ടം' താൽപര്യമില്ലാത്ത കൂട്ടത്തിലാവണം .

പെട്ടെന്ന് ഞങ്ങൾക്കിടയിലെ സംസാരമങ്ങ് വറ്റിപ്പോയി. രണ്ട് പേരും വെറുതെ പുറത്തെ ഇരുട്ടിലേക്ക് നോക്കിയിരുന്നു.

"ആണുങ്ങൾ മാത്രമുള്ള കമ്പാർട്ട്മെന്റിൽ ഒറ്റക്കായിട്ടും പേടി തോന്നുന്നില്ലേ? ഇത്രയും പേരുടെ ആർത്തിയോടെയുള്ള നോട്ടം കണ്ടിട്ടും?"

അവസാന ഭാഗത്ത് ഞാൻ ശബ്ദമല്പം താഴ്ത്തിയിരുന്നു. 

"ഭയമില്ലെന്നാര് പറഞ്ഞു?" 

അൽപനേരം എന്നെ നാേക്കിയ ശേഷം വന്ന പുഞ്ചിരിയോടെയുള്ള മറുചോദ്യം എന്നെ കുഴക്കി.

"പിന്നെങ്ങനെ ഒരോരുത്തരേയും നോക്കി അങ്ങനെ പുഞ്ചിരിക്കാൻ സാധിച്ചു "

"അതിന്‍റെ ഫലം കണ്ടതല്ലേ?"

"അതെ...അതാണെന്നെ ശരിക്കും ഞെട്ടിച്ചത്."

"മറുപടി തരും മുമ്പേ ഞാനൊന്ന് ചോദിക്കട്ടെ; നമ്മുക്ക് ചുറ്റും ഇത്ര മാത്രം സ്ത്രീകൾ പീഡിപ്പിക്കപെടാനുള്ള കാരണമെന്താണ് ?"

എന്റെ കണ്ണുകളിലേക്കു തറപ്പിച്ചു നോക്കിയാണ് അവളുടെ ചോദ്യം.

ആണുങ്ങളുടെ 'സെക്ഷ്വൽ ഫ്രസ്ട്രേഷൻ', വസ്ത്രധാരണ രീതിയിലടക്കം സ്ത്രീകൾ പുലർത്തേണ്ട ജാഗ്രത എന്നാെക്കെയുള്ള ക്ലീഷേ കാരണങ്ങൾ നാക്കിൻ തുമ്പത്തേക്ക് ഓടിക്കയറി വന്നെങ്കിലും ഞാൻ ഒന്നും മിണ്ടാതെ അവളെ നോക്കിയിരുന്നതേയുള്ളു.

"നിങ്ങൾ പറയാൻ മടിച്ചെങ്കിലും, സ്ത്രീകളുടെ ഭാഗത്ത് നിന്നുണ്ടാവുന്ന പ്രവോക്കേഷനാണ് പീഡിക്കപ്പെടാൻ മുഖ്യ കാരണമെന്നാണ് സ്ത്രീകളടക്കം പറയുന്നത്. പക്ഷെ പിഞ്ചു കുഞ്ഞുങ്ങളും മുത്തശ്ശിമാരും ഒരേ പോലെ പീഡിപ്പിക്കപ്പെടുന്ന ഇക്കാലത്ത് എനിക്കത് വിശ്വസിക്കാൻ സൗകര്യമില്ല."

കള്ളം കണ്ടു പിടിക്കപ്പെട്ടവനെ പോലെ ഞാനിരുന്ന് ചൂളി. 

ഒന്ന് നിർത്തി, മറുപടിക്ക് കാക്കാതെ അവൾ തുടർന്നു.

"ഒരു പെണ്ണിന്റെ സൗന്ദര്യത്തേക്കാൾ ആണിനെ ലഹരി പിടിപ്പിക്കുന്നത് അവളുടെ കണ്ണിൽ തെളിയുന്ന ഭയമാണെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. വീട്ടിലും ഓഫീസിലും തുടങ്ങി സാേഷ്യൽ മീഡിയയിൽ വരെ, വെർബൽ റേപും സ്ലട്ട് ഷെയിമിങ്ങും നടത്തി ഒരു പെണ്ണിനെ പേടിപ്പിച്ച് കീഴടക്കുമ്പോൾ കിട്ടുന്ന ആനന്ദമൂർച്ഛ തന്നെയാണ്, ഇരുട്ടിന്റെ മറവിൽ ശാരീരികമായി കീഴടക്കാൻ ശ്രമിക്കുന്നവനും തേടുന്നത്."

ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി, അവൾ കിതച്ചു. അവളുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു. 

കുപ്പി തുറന്ന് ഒരിറക്ക് വെള്ളം കുടിച്ച ശേഷം അവൾ സാവധാനം തുടർന്നു.

"ഇങ്ങനെയുള്ള സിറ്റ്വേഷൻസ് വരുമ്പോൾ ഭയത്തെ അഡ്രസ്സ് ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്. കമ്പാർട്ട്മെന്റിൽ കയറിയപ്പാേൾ പെട്ടെന്നുണ്ടായ ഭയം ഇല്ലാതാക്കാൻ എനിക്ക് കുറച്ച് സമയം വേണമായിരുന്നു. അതിനുള്ള മറയായിരുന്നു ആ കള്ള ഫോൺ വിളി. സത്യം പറഞ്ഞാൽ കയറിയപ്പോഴേ റേഞ്ചൊന്നുമുണ്ടായിരുന്നില്ല."

ഞാൻ അറിയാതെ ചിരിച്ചു പോയി. അത് ഗൗനിക്കാതെ അവൾ തുടർന്നു.

"കൈയ്യിൽ പെപ്പർ സ്പ്രേയും സേഫ്റ്റിപിന്നുമുണ്ടായിട്ട് മാത്രം കാര്യമില്ലല്ലാേ; അതെല്ലാം ആവശ്യത്തിന് ഉപയോഗിക്കാനുള്ള ധൈര്യവും വേണ്ടേ. പിന്നെ ഈ ചിരി നമ്പറൊക്കെ എപ്പോഴും വർക്ക്ഔട്ട് ആവുമെന്നൊന്നും ഞാൻ കരുതുന്നില്ലാട്ടോ; പോയാലൊരു ചിരി അത്രല്ലേള്ളു."

പറഞ്ഞു നിർത്തിയ ശേഷം, വീണ്ടും അവളെന്നെ നോക്കി ഭംഗിയായി പുഞ്ചിരിച്ചു. അപ്പോൾ, അവളുടെ തിളങ്ങുന്ന കണ്ണുകളിലേക്ക് നോക്കി ഞാനും പുഞ്ചിരിച്ചു; ഒരു മനുഷ്യൻ മനുഷ്യനോടെന്ന പോലെ."

Thursday, 6 August 2020

രാമനും റഹീമും

അതിരാവിലെ തന്നെ, നിർത്താതെയുള്ള ഡോർബെൽ കേട്ടാണ് റഹീം പാതിയുറക്കത്തിൽ ചെന്ന് വാതിൽ തുറന്നത്. 


"അല്ല രാമേട്ടനോ ... എന്തായീ നട്ടപ്പൊലച്ചക്ക്?"


അഴിഞ്ഞു പോകാൻ തുടങ്ങിയ കള്ളിമുണ്ട് വലിച്ചുടുത്ത് കൊണ്ട് റഹീം ഉമ്മറത്തേക്കിറങ്ങി നിന്നു.


"വരീ... കയറിയിരിക്കി..."


രാമേട്ടനൊപ്പം കണ്ട് പരിചയമില്ലാത്ത മൂന്ന് പേർ കൂടിയുണ്ട്.


"വേണ്ട...വേണ്ട... നിങ്ങളവിടെ തന്നെ നിന്നാ മതി."


മാസ്ക് വലിച്ചു താഴ്ത്തിക്കൊണ്ട്, കൂട്ടത്തിൽ നിന്നും ഒരു നരച്ച താടിക്കാരൻ മുന്നാേട്ട് കയറി നിന്നു.


വന്നവർക്കെല്ലാം മാസ്കുണ്ട്. താൻ മാസ്കിട്ടില്ലെന്ന കാര്യം അപ്പോഴാണ് റഹീം ഓർത്തത്. 


"ഞങ്ങളീ വസ്തൂന്റെ കാര്യം പറയാൻ വന്നതാ" - താടിക്കാരൻ തുടർന്നു.


"ഏഹ്...ഏത് വസ്തൂന്റെ " - റഹീം ഉറക്കച്ചടവുള്ള കണ്ണുകൾ അമർത്തി തിരുമ്മി.


"ഗതികെട്ട കാലത്ത് ഇദ്ദേഹം നിങ്ങൾക്ക് വിറ്റ് പോയ ഈ വസ്തൂനെ പറ്റ്യന്നെ..."


- കറുപ്പും വെളുപ്പും ഇന്റർലോക്ക് കട്ടകൾ പാകിയ തറയിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് താടിക്കാരൻ കടുത്ത സ്വരത്തിൽ പറഞ്ഞു നിർത്തി.


റഹീം രാമനെ നോക്കി. മുഖത്തിന്റെ മുക്കാലും മാസ്ക് മറച്ചിട്ടുണ്ടെങ്കിലും, ആ കണ്ണുകളിൽ കിടന്നുരുളുന്ന ഭയത്തെ റഹീം വ്യക്തമായി കണ്ടു.


"ഞങ്ങടെ കാർന്നോമാരുടെ ഗതികേട് ഇങ്ങളെ കൂട്ടര് വേണ്ട്വോളം  മൊതലാക്കീട്ട്ണ്ടല്ലോ..."


മുന്നോട്ട് കയറി നിന്ന ചെറുപ്പക്കാരനെ കൂടുതൽ പറയാൻ വിടാതെ താടിക്കാരൻ കൈ കാട്ടി വിലക്കി.


"ഞങ്ങടെ കുടുംബത്തിന്റെ പരദേവത കുടിയിരിക്കുന്ന വസ്തുവാത്" 


-  താടിക്കാരന്റെ സ്വരത്തിന് വല്ലാത്തൊരു മുഴക്കം കൈവന്നു.


"അദ്നിക്കറിയാല്ലോ... അതോണ്ടന്നെ ഞാനത് തൊട്ടിട്ടേയില്ലപ്പാ. അവിടല്ലേ രാമേട്ടൻ മാസം തോറും വന്ന് വിളക്ക് കത്തിക്കല്..."


റഹീമിന്റെ നോട്ടത്തിന് പിടി നൽകാതെ രാമേട്ടന്റെ കണ്ണുകൾ തറയിലെ കറുപ്പും വെളുപ്പും കളങ്ങളിലൂടെ തെന്നി നീങ്ങി.


"അത് കൊണ്ടായില്ല. കുടുംബത്തിന്റെ ഐശ്വര്യത്തിന് അവിടൊരമ്പലം പണിയണന്നാ പ്രശ്നവശാൽ കണ്ടത്. "


"ആയ്ക്കോട്ടെ...ഞമ്മക്കതിന് പ്രശ്നൊന്നൂല്ലാന്ന്..."


ഇതായിരുന്നോ കാര്യമെന്ന നിലയിൽ റഹീമൊരു ആശ്വാസച്ചിരി ചിരിച്ചു.


"അമ്പലം...മേത്തന്റെ പറമ്പില്... ബെസ്റ്റ് .."


ചെറുപ്പക്കാരൻ വീണ്ടും ഇടക്ക് കയറിയതിലുള്ള അനിഷ്ടം മൂർച്ചയുള്ള ഒരു നോട്ടത്താൽ താടിക്കാരൻ പ്രകടിപ്പിച്ചു.


"അങ്ങനെ വെറുതെയൊരു അമ്പലമല്ല. നാട്ടിലേക്കും വെച്ച് വല്ല്യാെരു ക്ഷേത്രം പണിയണംന്നാണ് ഞങ്ങളുടെ തീരുമാനം."


- താടിക്കാരന്റെ സ്വരം ഭക്തിസാന്ദ്രമായി


"ഇവിടെ ഇങ്ങനൊരു ക്ഷേത്രം വന്നാപ്പിന്നെ നാടിന്റെ ഗതിയെന്താ. ഇത് കേട്ടറിഞ്ഞിട്ട്, പുറംദേശത്ത് പണിയെടുക്കുന്ന ഇന്നാട്ടിലെ ഭക്തന്മാർ ക്ഷേത്രം പണിക്കുള്ള കല്ലുകൾ വരെ സ്പോൺസർ ചെയ്ത് തുടങ്ങി "


ഇത്തവണ താടിക്കാരൻ ചെറുപ്പക്കാരനെ തടഞ്ഞില്ല.


"ഒന്നും വെറുതെ വേണ്ട... ഇദ്ദേഹം നിങ്ങളോട് വാങ്ങിയ കാശ് മുഴുവനായും തിരികെ തരും"


"പത്തിരുപത് കൊല്ലം മുമ്പത്തെ വെലയോ?"


- ഒക്കെ കേട്ട് അന്തംവിട്ട് പോയ റഹീമിന് പെട്ടെന്ന് അങ്ങനെ ചോദിക്കാനാണ് തോന്നിയത്.


"പണം വേണ്ടെങ്കിൽ വേണ്ട; വേറെ വസ്തു തരാം."


താടിക്കാരൻ വല്ലാത്തൊരു ചിരി ചിരിച്ചു. 


"അപ്പോന്റെ വീടോ...?"


"അത് പൊളിക്കാൻ ഏർപ്പാടാക്കാന്ന്.  നമ്മടെ കസ്റ്റഡീല് തന്നെ പറ്റ്യ ആളോളുണ്ട്."


- അത്രയും നേരം മിണ്ടാതെ നിൽക്കുകയായിരുന്ന കാവി മുണ്ടുകാരൻ പെട്ടെന്ന് കയറി പറഞ്ഞു.


"ഇപ്പോ കാര്യങ്ങൾക്കെല്ലാം ഒത്തുതീർപ്പായില്ലേ... പോയി വരാം"


അൽപദൂരം നടന്ന ശേഷം താടിക്കാരൻ തിരിഞ്ഞു നിന്നു.


"ഇനി കേസും കോടതിയുമൊക്കെ ആക്കാനാണേൽ; അറിയാല്ലോ ..."


കൈയ്യിലെ ചരട് തിരുപ്പിച്ച് കൊണ്ട് അയാൾ വക്രിച്ചാെരു ചിരി ചിരിച്ചു. അതിന്റെ മൂർച്ചയേറ്റ് റഹീമിന്റെ അകം മുറിഞ്ഞു.


ഏറ്റവും പുറകിലായി തല കുമ്പിട്ടു നടക്കുന്ന രാമനെ, ചോര കിനിയുന്ന കണ്ണുകളോടെ റഹീം നോക്കി നിന്നു.








Saturday, 28 March 2020

വിഷുക്കൈനീട്ടം

കേരളത്തിന്റെ ദേശീയോത്സവം ഓണമാണെന്നതൊക്കെ ശരി തന്നെ; പക്ഷെ ഞങ്ങൾ വടക്കർക്ക് ഒരൽപം ഇഷ്ടക്കൂടുതൽ വിഷുവിനോടാണ്. ജന്മം കൊണ്ട് കേരളത്തിലെ വടക്കൻ ജില്ലക്കാരനും തൊഴിൽപരമായി വടക്കേ അമേരിക്കക്കാരനുമായ എനിക്കതിന്റെ കാര്യകാരണങ്ങളൊന്നും അറിയില്ല. ചെറുപ്പം തൊട്ടേ അതങ്ങനെയാണ്.

ആഘോഷത്തിനപ്പുറം വിഷു എനിക്ക് പൊള്ളുന്ന ഒരോർമ്മ കൂടിയാണ്. തിരക്കുകളുടെ കൂമ്പാരക്കെട്ടുകൾക്കിടയിൽ മറവിയുടെ ചാക്കിൽ കെട്ടി പൂഴ്ത്തി വെച്ച ഒരു ദുരന്തത്തിന്റെ ഓർമ്മദിവസം. രണ്ട് ദശാബ്ദങ്ങൾക്കിപ്പുറം ആ കീറച്ചാക്ക് തപ്പിയെടുത്ത് അഴിച്ചു നോക്കിയതിന്റെ കാരണം കേട്ടാൽ നിങ്ങൾ ചിലപ്പോൾ ചിരിക്കും.

കേരളത്തിലെ തിയേറ്ററുകളിൽ വിപ്ലവം തീർത്ത 'പ്രേമം' ഞാൻ കാണുന്നത്, ഇന്നലെ ചാനലിൽ സായാഹ്ന ചിത്രമായി കാണിച്ചപ്പോഴാണ്. ഇത് പതിമൂന്നാമത്തെ തവണയാണത്രേ ഈ പടം ഇതേ ചാനലിൽ വരുന്നത്. പതിവ് ഹിന്ദി സീരിയൽ കാണാൻ വിടാതെ റിമോട്ടും കാലിനിടയിൽ തിരുകിയുള്ള എന്റെ ഇരിപ്പ് കണ്ട് കലിപ്പ് കേറിയ ഭാര്യ തുള്ളിച്ചാടി പോകും വഴി എറിഞ്ഞിട്ട പിറുപിറുക്കലുകളിൽ നിന്നും കിട്ടിയ അറിവാണ്. അവളുടെ പക്കൽ ഇതിന്റെയൊക്കെ കൃത്യമായ കണക്കുണ്ട്. എങ്ങനെ കാണാതിരിക്കും. നാട്ടിലെ നല്ലൊരുദ്യോഗം രാജി വെപ്പിച്ച് ഇവിടെ കൊണ്ട് വന്ന് തളച്ചിട്ട് വർഷം പത്താകുന്നു. ഇവിടെയൊരു ജോലിക്ക് ശ്രമിക്കാമെന്ന പലപ്പോഴായുള്ള അവളുടെ ആവശ്യത്തോടുള്ള പ്രതികരണം ആവശ്യാനുസരണം നീട്ടുകയും കുറുക്കുകയും ചെയ്ത മൂളലുകളിൽ ഞാനൊതുക്കി. പോകെ പോകെ എന്റെ മൂളലുകളുടെ അർത്ഥം ഗ്രഹിച്ചിട്ടാവണം,  ഓഫീസിലേക്ക് ഞാനും സ്ക്കൂളിലേക്ക് മകളും പോയാൽ കിട്ടുന്ന അധിക സമയം  ടിവിക്കും ഇന്റർനെറ്റിനുമായി അവൾ പകുത്ത് നൽകിയത്. കണക്കുകൾ സൂക്ഷിക്കാനുള്ള അവളുടെ മികവിനെ പറ്റി പണ്ട് യാത്രയയപ്പ് യോഗത്തിൽ മേലുദ്യോഗസ്ഥൻ പറഞ്ഞത് ഭംഗി വാക്കെന്നാണ് അന്ന് കരുതിയത്. ഒരു വലിയ തെറ്റായിരുന്നു ആ ധാരണ. അവളുടെ പക്കൽ എല്ലാത്തിന്റേയും കൃത്യം കണക്കുണ്ട്; അതിലും വ്യക്തമായ കണക്ക് കൂട്ടലുകളും.

പറഞ്ഞ് പറഞ്ഞങ്ങ് കാട് കയറി പോയി.  'പ്രേമം' സിനിമയാണല്ലോ നമ്മുടെ വിഷയം. അതിലെ ഒരോ സീനും നിങ്ങൾക്ക് മന:പാഠമായിരിക്കുമെന്നറിയാം. നായകന്റെ "രണ്ടാം ഭാവത്തിലുള്ള" ഇൻട്രൊ സീൻ. സിനിമാറ്റിക് ഡാൻസ് നടക്കുന്ന സ്റ്റേജിന് താഴെ ഗുണ്ട് കത്തിച്ച് വെച്ച്, കറുത്ത കരയുള്ള മുണ്ടും മടക്കിക്കുത്തി കൂളായി നടന്ന് പോകുന്ന കറുത്ത ഷർട്ടിട്ട താടിക്കാരൻ നായകന് പുറകെ നിങ്ങൾ പോകുമ്പോൾ അയാൾ സ്റ്റേജിനടിയിൽ കത്തിച്ചു വെച്ച ഗുണ്ടിൽ എന്റെ മനസ്സുടക്കി കിടന്നു. ഈ സീൻ കണ്ടയുടനെ ഞാൻ ഹരിയെയും സെബിയേയും വിളിച്ചപ്പോൾ, ഇതേ സീനിൽ മനസ്സുടക്കിയ കാര്യം അവരും പറഞ്ഞു. ജോലി സ്ഥലത്തായത് കൊണ്ട് വാട്ട്സാപ്പിൽ മാത്രം അവയ്ലബിളായ ചാക്കോയും ഞങ്ങൾ മൂവരോടും യോജിച്ചു. വെറുതെ എന്നെ വിഷമിപ്പിക്കണ്ട എന്നോർത്താണത്രേ അവരാരും ഇതേ വരെ എന്നോടിത് പറയാതിരുന്നത്.

ഇനി ഞാൻ പറയാൻ പോകുന്നത് കിട്ടനെ പറ്റിയാണ്. ഞങ്ങളുടെ നാട്ടിലൊക്കെ അക്കാലത്ത് 'ഷ് '- ൽ അവസാനിക്കുന്ന പേരുകൾക്ക് ഭയങ്കര ജനപ്രീതിയായിരുന്നു. അങ്ങനെയുള്ള ഏതോ ഫാഷൻ പേരാണ് കിട്ടന്റെ ഔദ്യോഗിക നാമം. പക്ഷെ ഉടുക്കാപ്പെട്ടികളായി കളിച്ചു നടക്കുന്ന കാലം തൊട്ടേ അവനെനിക്ക് കിട്ടനാണ്.
കിട്ടന്റെ അച്ഛന് പടക്കമുണ്ടാക്കുന്ന പണിയാണ്. പടക്കത്തിന് ഡിമാന്റില്ലാത്ത കാലത്ത് ബീഡി തെറുക്കും.  ക്ഷയത്തിന്റെ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങിയ ഞങ്ങളുടെ തറവാട്ടിലെ ആകെയുള്ള പണിക്കാരത്തിയായിരുന്നു അവന്റെ അമ്മ.

പാടവും തോടും ചാടി മറിഞ്ഞും മാവിലെറിഞ്ഞും പത്താം തരം വരെ ഞങ്ങളൊരുമിച്ച് നാട്ടിലെ സ്കൂളിൽ പോയി. വർഷം മുഴുവൻ എന്റെ പക്കൽ നിന്ന് പറ്റുന്ന ഔദാര്യത്തിന്റെ കണക്ക് അവൻ തീർക്കുന്നത് വിഷുക്കാലത്താണ്. വിഷുത്തലേന്നിനെ ഞങ്ങൾ ചെറിയ വിഷുവെന്നാണ് വിളിക്കുക. അന്ന് ഊണിന് ഇറച്ചിയൊക്കെ വെക്കും. ഉണ്ണാറാകുന്ന സമയത്ത് വലിയൊരു കൂട നിറയെ ഓലപ്പടക്കങ്ങളുമായി കിട്ടൻ ഹാജരുണ്ടാകും. ത്രികോണാകൃതിയിൽ പല വലിപ്പത്തിൽ പനയോലയിൽ മെടഞ്ഞെടുത്ത പടക്കങ്ങൾ വലിപ്പമനുസരിച്ച് കുട്ടികളും വലിയവരും പൊട്ടിക്കും. ധൈര്യശാലികൾ പടക്കത്തിന്റെ ചെറിയ തിരിയിൽ തീ പടർത്തി വായുവിൽ എറിഞ്ഞ്  പൊട്ടിക്കും. എന്നെപ്പോലത്തെ പേടിത്തൊണ്ടൻമാർ നിലത്ത് വെച്ച പടക്കത്തിന്റെ തിരിയിൽ തൂക്കിയിട്ട നീണ്ട കടലാസ് കഷ്ണത്തിന് തീ കൊളുത്തി തിരിഞ്ഞോടും. മിക്കവാറും കടലാസ് മാത്രം കത്തിത്തീരും. ധീരൻമാർ അത്തരത്തിൽ ബാക്കി വരുന്ന പടക്കങ്ങൾ കൂടി എറിഞ്ഞ് പൊട്ടിക്കും. അതിനൊപ്പം എന്റെ അഭിമാനവും നല്ല ശബ്ദത്തിൽ തന്നെ പൊട്ടാറുണ്ട്. ഓലപ്പടക്കങ്ങൾ നിരയായി ചാക്ക് നൂലിൽ കോർത്തുണ്ടാക്കുന്ന മാലപ്പടക്കമാണ്  വിഷുത്തീയിടുന്ന നേരത്തും പിറ്റേന്ന് കണി കാണുമ്പോഴും വിഷു സദ്യക്ക് ശേഷവും പൊട്ടിക്കുക.

പത്ത് പാസ്സായപ്പോൾ ഞാൻ പട്ടണത്തിലെ കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നു. തോറ്റു പോയ കിട്ടൻ അച്ഛനോടൊപ്പം പടക്കപ്പണിക്ക് പോയി. അതോടെ ഞങ്ങൾ തമ്മിൽ വലിയ ബന്ധമില്ലാതായി. കിട്ടനോട് മാത്രമല്ല, പട്ടണത്തിലെത്തിയതോടെ ദൂരത്തേക്കാളുപരി മനസ്സ് കൊണ്ട് നാടിനോട് ഞാൻ അകലം പാലിച്ചു. നാട്ടിലെ പാർട്ടിക്കാർ ബോംബുപയോഗിച്ചുള്ള രാഷ്ട്രീയ പ്രവർത്തനം ഉഷാറാക്കിയതോടെ  പടക്കങ്ങൾക്ക് വർഷം മുഴുവൻ ഡിമാന്റായി. കിട്ടന്റെ ചേട്ടൻമാർ അങ്ങനെ കുറെ കാശുണ്ടാക്കുകയും ഇടക്കിടെ ജയിലിൽ പോയി വരികയും ചെയ്തു. അപ്പാേഴും കിട്ടൻ അച്ഛനൊപ്പം ഓലപ്പടക്കമുണ്ടാക്കിയും ബീഡി തെറുത്തും ജീവിതത്തോട് പന്തയം കളിച്ചു. 

പിന്നെ ഞാൻ കിട്ടനോട് സംസാരിക്കുന്നത് കോളേജിലെ  ബിരുദ ക്ലാസ്സിന്റെ  'സെന്റ് ഓഫ് ഡേ'യുടെ തലേന്നാണ്. ഒടുക്കത്തെ രാത്രി ആഘോഷിക്കാൻ 'കുപ്പികളിലാക്കിയ കവിതയുമായി' ഹോസ്റ്റൽ ടെറസ്റ്റിൽ ഒത്ത് കൂടിയതാണ് ഞങ്ങൾ സുഹൃത്തുക്കൾ. എപ്പോഴുമെന്ന പോലെ സിനിമയും സാഹിത്യവും രാഷ്ട്രീയവുമെല്ലാമായി വിഷയ പരിധിയില്ലാത്ത ചർച്ചകൾ അന്താരാഷ്ട്രത്തിൽ നിന്നും രാഷ്ട്രത്തിലേക്കും പിന്നെയും താഴ്ന്ന് സംസ്ഥാനവും കടന്ന് ഒടുവിൽ ഞങ്ങളുടെ ക്യാമ്പസിൽ വന്ന് നിന്നു. അതോടെ വിഷയം അവളിലേക്ക് ചുരുങ്ങി - 'നവാഗത സംഗമം' തൊട്ട് പുറകെ നടക്കുന്ന എനിക്ക് പുല്ല് വില പോലും നൽകാതെ ക്യാമ്പസിനകത്തും പുറത്തും ഒരേ സമയം പലരേയും പ്രണയിച്ച് നടക്കുന്ന കോളേജ് ബ്യൂട്ടി. വീണ്ടും സിനിമയിലേക്ക് തന്നെ ഒന്ന് പോയി വരട്ടെ. നായകന്റെ ക്ലാസ്സിലെ ഒരു നിരാശാ കാമുകനെ നിങ്ങളോർക്കുന്നുണ്ടാകുമല്ലോ. അക്കാലത്ത് ഏതാണ്ട് അതേ അവസ്ഥയിലായിരുന്നു ഞാൻ. പക്ഷെ ചുറ്റിലുമിരിക്കുന്ന ഹൃദയ സൂക്ഷിപ്പുകാരും സിരകളിൽ നുരയുന്ന ലഹരിയും സ്വതേ ഭീരുവായ എന്നെ ധീരനായ താടിക്കാരൻ നായകനാക്കി മാറ്റി. അങ്ങനെ ഞാനും ഹരിയും സെബിയും ചാക്കോയുമടങ്ങുന്ന നാൽവർ സംഘം അവളോട് പ്രതികാരം ചെയ്യാൻ തന്നെ തീരുമാനിച്ചു. നാളെ വൈകിട്ടത്തെ കലാ പരിപാടിക്കിടെ കോളേജ് ബ്യൂട്ടിയുടെ നൃത്തം നടക്കുമ്പോൾ സ്റ്റേജിനടിയിൽ ഒരു ഗുണ്ട് പൊട്ടിക്കുക എന്ന പദ്ധതി രേഖ ഐക്യകണ്ഠേന പാസായി.

അവന്റെ ചേട്ടന്റെ വീട്ടിൽ ഫോൺ കണക്ഷൻ കിട്ടിയപ്പോൾ, എനിക്ക് തരാൻ വേണ്ടി കിട്ടൻ നമ്പറെഴുതി വീട്ടിലേൽപ്പിച്ച തുണ്ട് കടലാസ് ഞാൻ പേഴ്സിൽ നിന്നും തപ്പിയെടുത്തു. വർഷങ്ങൾക്ക് ശേഷം എന്റെ ശബ്ദം കേട്ടതിലുള്ള അപ്പുറത്തെ ആഹ്ലാദ പ്രകടനം ഗൗനിക്കാതെ ഞാൻ വിഷയമവതരിപ്പിച്ചു. കോളേജിലെ പരിപാടിക്ക് വേണ്ടി എന്ന് മാത്രമേ പറഞ്ഞുള്ളു. ഒഴിഞ്ഞു മാറാൻ അവനൊരുപാട് ശ്രമിച്ചതാണ്. പക്ഷെ പഴയ കാര്യങ്ങളും കടപ്പാടും വിളമ്പി ഞാനവന്റെ നിസ്സഹായത ചൂഷണം ചെയ്തു. പിറ്റേന്ന് ഉച്ചക്ക് സാധനം എത്തിക്കാമെന്ന ഉറപ്പ് വാങ്ങിച്ചിട്ടാണ് ഞാൻ ഫോൺ വെച്ചത്.

ലഹരിയുടെ കെട്ടിറങ്ങിയതോടെ പ്രതികാരത്തിന്റെ കാര്യമൊക്കെ ഞങ്ങൾ മറന്നിരുന്നു. എന്നാൽ കിട്ടനൊന്നും മറന്നിരുന്നില്ല എന്ന് അറിയുന്നത് അച്ഛന്റെ ഫോൺ വന്നപ്പോഴാണ്. തലേന്ന് രാത്രി പടക്കമുണ്ടാക്കുന്നതിനിടയിൽ അപകടം പറ്റി കിട്ടൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണത്രേ. ഞാൻ ഫോണിൽ ആവശ്യപ്പെട്ട പ്രകാരമാണ് അവൻ ആ വൈകിയ നേരത്ത് പടക്കമുണ്ടാക്കാൻ പോയതെന്ന കേട്ടറിവ് ഉറപ്പിക്കാൻ വേണ്ടിയാണ് അച്ഛൻ വിളിച്ചത്. ഞാൻ കുറ്റം സമ്മതിച്ചു. ഒന്നും പറയാതെ ഫോൺ വെച്ച അച്ഛൻ, ഏതാണ്ട് അരമണിക്കൂറിന് ശേഷം തിരികെ വിളിച്ച് നേരെ ബോംബയിലെ ചെറിയച്ഛനടുത്തേക്ക് പൊയ്ക്കൊള്ളാൻ പറഞ്ഞു. അതിൽ പിന്നെ ഞാൻ നാട് കണ്ടിട്ടില്ല. 

അമ്മ മരിക്കുമ്പോൾ ഞാൻ ദുബായിലാണ്. ഷോപ്പിങ്ങ് ഫെസ്റ്റിവൽ കാരണം ടിക്കറ്റിന് തീപിടിച്ച വിലയായിരുന്നു. അമേരിക്കയിലെത്തി പുതിയ ജോലിക്ക് ചേർന്നതിന്റെ അടുത്ത മാസമാണ് അച്ഛൻ മരിക്കുന്നത്. ലീവ് കിട്ടിയില്ല. അങ്ങനെയുള്ള ഞാനാണ് തറവാട് വസ്തുവിന്റെ വിൽപ്പനയുടെ പേരും പറഞ്ഞ്  ഇപ്പോൾ നാട്ടിലേക്ക് പോകുന്നത്.
അളിയന് നൽകിയ പവറോഫ് അറ്റോർണിയുടെ ബലത്തിൽ എന്റെ അസാന്നിദ്ധ്യത്തിലും കാര്യങ്ങളൊക്കെ തടസ്സമില്ലാതെ നടത്താവുന്നതാണ്. എന്നിട്ടും,  ഞാൻ എന്തിനാണ് ഇത്രയും കാശും മുടക്കി ഇപ്പോൾ നാട്ടിലേക്ക്  പോകുന്നതെന്ന് നിങ്ങൾക്ക് ഊഹിക്കാൻ സാധിച്ചേക്കാം.  അതേ, എനിക്കെന്റെ കിട്ടനെ കാണണം. ഇത്രയും വൈകിയ വേളയിൽ ഇനിയെന്തിനെന്ന് ചോദിച്ചാൽ ഉത്തരമില്ല. ഇങ്ങനെ ഉത്തരമില്ലാത്ത ചില ചോദ്യങ്ങളുടെ ഉത്തരം തിരയലാണല്ലോ നമ്മുടെയൊക്കെ ജീവിതം എന്നൊരു തത്വചിന്ത വേണമെങ്കിൽ വെച്ച് കാച്ചാം.

ചെറിയ വിഷുവിന്റന്നാണ് നാട്ടിലെത്തിയത്.   കണ്ണൂർ എയർപ്പോർട്ടിൽ വിമാനമിറങ്ങി ടാക്സി പിടിച്ച് ഉച്ചയായപ്പോഴേക്ക് തറവാട്ടിലെത്തി. അവിടെ പെങ്ങളും അളിയനുമാണ് താമസം. പഴയ വീടിന്റെ സ്ഥാനത്ത് പഴമയുടെ മുഖംമൂടിയണിഞ്ഞ പുത്തൻ  മാളിക തലയുയർത്തി നിൽപ്പുണ്ട്. ഊണ് കഴിഞ്ഞ് മയങ്ങാനായി മേലെ നിലയിലെ മുറിയിലേക്ക് പോയി. പുഴയുടെ നനവോർമ്മയിലേക്ക് തുറന്നു കിടന്ന ജനാല കൊട്ടിയടച്ച് ഏസി ഓൺ ചെയ്ത് പുറത്തെ തീവെയിലിൽ നിന്നും രക്ഷ നേടി.

വിഷുവിന് പുലർച്ചെ കുളിച്ച് തറവാട്ടമ്പലത്തിൽ പോയി കണി കണ്ടു. അമ്പലത്തിൽ നിന്നിറങ്ങിയപ്പോൾ വെളിച്ചം നന്നെ പരന്നിരുന്നു. നേരെ അവനെ ചെന്ന് കാണാനാണ് തോന്നിയത്. അമ്പലത്തിന് പുറകിലെ വയൽ കടന്ന് കുന്ന് കയറിയിറങ്ങിയാൽ അവന്റെ വീടാണ്. പക്ഷെ ചെന്ന് നോക്കിയപ്പോൾ വയല് കാണാനില്ല. പകരം നിരന്ന് നിൽക്കുന്ന കുറെ വീടുകൾ. അവക്കിടയിലൂടെ വരച്ചു ചേർക്കാൻ ശ്രമിച്ച ഓർമ്മയിലെ നാട്ടിടവഴികൾ ഉയർന്ന മതിലുകൾക്കും അടച്ചു പൂട്ടിയ കൂറ്റൻ ഗേറ്റുകൾക്കും മുന്നിൽ ചെന്ന് തീർന്നു. ഏറെ കറങ്ങി ഒടുവിൽ കണ്ണെത്തുന്നിടത്ത് കുന്ന് കണ്ടതോടെ ആശ്വാസമായി.  പക്ഷെ കുന്ന് കയറാനായി താഴെയെത്തിയപ്പോൾ കാണുന്നത് കുന്നിനെ ചുറ്റിപ്പോകുന്ന   വീതിയേറിയ ടാർ റോഡാണ്. അറ്റത്ത്,  വിമാനത്താവളത്തിന്റെ കവാടം സ്വാഗതമോതുന്നു. ഏറെ ചുറ്റിത്തിരിഞ്ഞിട്ടാണെങ്കിലും ഒടുക്കം അവന്റെ വീട് കണ്ട് പിടിക്കുക തന്നെ ചെയ്തു.

ചെറ്റക്കുടിലിന് പകരം ചെത്തിത്തേക്കാത്ത ചെറിയൊരു വാർപ്പ് വീട്. ഉമ്മറക്കോലായിൽ തന്നെ കിട്ടനിരിപ്പുണ്ട്.  ഞാൻ നേരെ ചെന്ന് അവന് മുന്നിലായി നിന്നു.  അവിടവിടെ നരച്ച രോമങ്ങൾ തെറിച്ചു നിൽക്കുന്നുവെന്നല്ലാതെ കുട്ടിക്കാലത്തെ മുഖത്തിന് മാറ്റമൊന്നുമില്ല.  തൂവെള്ള ഷർട്ടിന്റെ തെറുത്ത് വെച്ച സ്ലീവിനടിയിൽ മുട്ടിന് താഴെ അവസാനിക്കുന്ന ഇരു കൈകളുടെയും മുരടിപ്പിലാണ് നോട്ടം ചെന്ന് തറച്ചത്. തരിച്ചു നിൽക്കുന്ന എനിക്കരികിലേക്ക് എന്റെ പേര് നീട്ടി വിളിച്ചു കൊണ്ട് കിട്ടൻ ഓടി വന്നു. അവനെന്നെ ഇത്ര വേഗം തിരിച്ചറിയുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.  

എന്റെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞും അവന്റെത് പറഞ്ഞും കിട്ടൻ നിർത്താതെ സംസാരിച്ചു; അല്ല അവൻ മാത്രമാണ് സംസാരിച്ചത്. ഇടക്കെപ്പഴോ, അന്ന് സംഭവിച്ചതിനെ പറ്റിയുള്ള  എന്റെ വിറയാർന്ന ചോദ്യം അവൻ പാടെ അവഗണിച്ചു കളഞ്ഞു. ഞാൻ അത്രയും നേരം പിടിച്ചു വച്ചതെല്ലാം നിയന്ത്രണം വിട്ട് പൊട്ടിയൊഴുകുമെന്നായപ്പോൾ അവനെന്നെയും കൂട്ടി പുറത്തേക്ക് നടന്നു. പറമ്പിൽ അൽപമകലെയുള്ള ഒരു ഷെഡിലേക്കാണ് എന്നെ കൊണ്ട് പോയത്. അവിടെയിട്ട ഒരു മരബഞ്ചിന് മുന്നിൽ അവൻ ചെന്നു നിന്നു. അതിൽ കമിഴ്ന്നു കിടന്നാണത്രേ അവർ ശക്തിയുള്ള പടക്കങ്ങൾ നിർമ്മിക്കുക. അബദ്ധത്തിൽ പൊട്ടിയാലും മുഖവും ശരീരവും ഒഴിവാകണം. അന്ന്, വെളിച്ചം കുറവായിരുന്നതിനാൽ, ഉപയോഗിച്ച വെടിമരുന്നിന്റെ തരവും അളവും അൽപം തെറ്റിപ്പോയി. എങ്കിലും കൈകൾ മാത്രമല്ലേ നഷ്ടമായുള്ളു എന്ന് അവൻ ആശ്വസിക്കുമ്പോൾ,  ഒരു മരവിപ്പോടെ നോക്കി നിൽക്കാനേ എനിക്ക് പറ്റിയുള്ളു.

തിരികെ നടക്കുമ്പോൾ കിട്ടൻ പറഞ്ഞത് മുഴുവൻ പോളിടെക്നിക് കഴിഞ്ഞ് നിൽക്കുന്ന മകനെ പറ്റിയാണ്. രാഷ്ട്രീയക്കാർ കണക്കുകൾ കൃത്യം കൃത്യമായി തീർക്കാൻ തുടങ്ങിയതോടെ ബോംബുകൾക്ക് പഴയതിനേക്കാൾ ഡിമാന്റാണ്. ചേട്ടൻമാരുടെ വഴിയെ മകനും പോകുമോ എന്ന് അവൻ ഭയക്കുന്നുണ്ട്.

കിട്ടന്റെ ഉമ്മറത്തിരുന്ന്  ചെയ്ത ഒന്ന് രണ്ട് ഫോൺ വിളികളിലൂടെ അവന്റെ മകന് സാമാന്യം നല്ലൊരു ജോലി ഉറപ്പാക്കാനായി. തിരിച്ചിറങ്ങുമ്പോൾ, കയ്യിൽ കരുതിയ പണമെടുത്ത് ഞാൻ കിട്ടന്റെ കീശയിൽ തിരുകി. പെട്ടന്ന് മുന്നോട്ടാഞ്ഞ് എന്നെ കെട്ടിപ്പിടിച്ചപ്പോൾ അവന്റെ കൈകൾക്ക് നഷ്ടപ്പെട്ട നീളം തിരികെ കിട്ടിയതായി എനിക്ക് തോന്നി. എന്റെ കണ്ണീരിൽ അവന്റെ ചുമൽ കുതിർന്നു. തറവാട്ട് വസ്തുവിൽ എന്റെ വിഹിതത്തിന്റെ ഒരു പങ്ക് കിട്ടന്റെ പേരിലാക്കിയിട്ടാണ് തിരികെ പറന്നത്.

രാമന്‍ രാവണനെ നിഗ്രഹിച്ചതിനു ശേഷം സൂര്യന്‍ നേരേ ഉദിച്ചു തുടങ്ങിയതാണോ, അതോ വസന്ത കാലാരംഭത്തിൽ നരകാസുരനെ കൃഷ്ണൻ വധിച്ചതാണോ; ഏതാണ് വിഷുവിന്റെ ഐതിഹ്യമെന്ന് തീർച്ചയില്ല. പക്ഷെ ഒന്നുറപ്പിച്ച് പറയാം; കാലങ്ങളായി അടിത്തട്ടിൽ അടിഞ്ഞു കിടന്ന തിന്മക്ക് മേൽ നന്മ നേടിയ വിജയം എന്റെ മനസ്സ് പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഘോഷിക്കുകയായിരുന്നു.