ഹാൾ ടിക്കറ്റിൽ രേഖപ്പെടുത്തിയ പരീക്ഷാ കേന്ദ്രം കണ്ടപ്പോൾ തന്നെ പോകേണ്ടെന്ന് തീരുമാനിച്ചിരുന്നതാണ്. പക്ഷെ, നിലവിലെ ജോലിയിലുള്ള അസംതൃപ്തിയും വീട്ടുകാരുടെ നിർബന്ധവും അത്രമേൽ ശക്തമായിരുന്നതിനാൽ ആ തീരുമാനം മാറ്റേണ്ടി വന്നു.
ഗൂഗിളിനു പോലും കാര്യമായൊന്നും അറിഞ്ഞു കൂടാത്ത ഒരു 'ഗുദാമിലെ' എൽ.പി. സ്കൂളാണ് മേൽപ്പറഞ്ഞ പരീക്ഷാ കേന്ദ്രം. അതിനോട് ഏറ്റവും അടുത്ത പട്ടണം വരെയുള്ള യാത്ര ട്രെയിനിലായിരുന്നു. അതേ കേന്ദ്രത്തിൽ തന്നെ പരീക്ഷ എഴുതുന്ന ചിലരെ ട്രെയിനിൽ വെച്ച് പരിചയപ്പെട്ടത് ഭാഗ്യമായി. പട്ടണത്തിൽ നിന്നും അങ്ങോട്ടേക്ക് ഒറ്റ ട്രാൻസ്പോർട്ട് ബസ് മാത്രമേയുള്ളുവെന്നും ദിവസവുമുള്ള രണ്ടോ മൂന്നോ ട്രിപ്പുകളിൽ പരീക്ഷാ സമയത്ത് എത്താൻ പാകത്തിലുള്ള ഒന്നുമില്ലെന്നും അങ്ങനെയാണ് അറിയാൻ സാധിച്ചത്. എതായാലും, റെയിൽവേ സ്റ്റേഷനിലെ ഓട്ടോക്കാർക്ക് അന്ന് ചാകരയായിരുന്നു. ഒരാൾക്ക് ഇരുനൂറ് രൂപ വീതം ചാർജ് ചെയ്ത്, ശരീരഭാരമനുസരിച്ച്, അഞ്ചും ആറും പേരെ കുത്തിനിറച്ച ഓട്ടോകൾ വരിയായി കുലുങ്ങിക്കുലുങ്ങി കുന്ന് കയറി.
ഹാളിൽ ഹാജർ പകുതിയിൽ താഴെ മാത്രമായിരുന്നു. പരീക്ഷ തുടങ്ങിയതിനു ശേഷവും ചിലരൊക്കെ ഓടിക്കിതച്ച് വന്നു കയറുന്നുണ്ട്. ചട്ടപ്രകാരം അനുവദനീയമല്ലെങ്കിലും, അധിക സമയം നൽകില്ല എന്ന നിബന്ധനയിൽ, വൈകിയെത്തുന്നവർക്കും ഹാളിലേക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്. ചോദ്യപേപ്പർ കൈയ്യിൽ കിട്ടിയതോടെ, ഇത്രക്ക് കഷ്ടപ്പെട്ട് വരേണ്ടിയിരുന്നില്ല എന്ന് ബോധ്യപ്പെട്ടു. ഉത്തരമറിയുന്ന ചാേദ്യങ്ങൾ ചികഞ്ഞും ബാക്കി കറക്കിക്കുത്തിയും, നിർബന്ധമായും ഇരിക്കേണ്ട സമയം തീർത്ത് പുറത്തേക്കിറങ്ങി.
ഒരു ചായക്കാരന്റെ സൈക്കിളും സർബത്തും മിഠായി ഭരണികളും നിരത്തിയ ഒരുന്തുവണ്ടിയും ഹാളിൽ നിന്നിറങ്ങുന്നവരേയും കാത്ത് നിൽപ്പുണ്ടായിരുന്നു. രാവിലെ വന്ന ഓട്ടോറിക്ഷകൾ മിക്കതും മടക്കയാത്രക്കാരെയും കാത്ത് തണലിൽ കിടപ്പുണ്ട്. കാലത്ത് കൂടെ വന്നവർ കാര്യമായി ക്ഷണിച്ചെങ്കിലും ബസിനു വന്നു കൊള്ളാമെന്ന് പറഞ്ഞ് ഒഴിവായി. ഇരുന്നൂറ് രൂപ ലാഭിക്കാമെന്നതായിരുന്നില്ല ലക്ഷ്യം; പരീക്ഷ കഴിഞ്ഞുള്ള ചോദ്യപ്പേപ്പർ പോസ്റ്റ്മോർട്ടത്തിൽ താൽപര്യം ഒട്ടുമുണ്ടായിരുന്നില്ല. ഓട്ടോറിക്ഷകൾ നിര തെറ്റിക്കാതെ കുന്നിറങ്ങി.
ഉന്തുവണ്ടിക്കാരനോട് ഒരു സിഗരറ്റ് വാങ്ങി കത്തിച്ചു.
"ഇവിടടുത്ത് ഹോട്ടലെവിടാ?"
കാലത്തൊന്നും കഴിക്കാത്തതിനാൽ വിശപ്പ് കലശലായുണ്ട്.
"അയ്യോ.. ഇപ്പ ഹോട്ടലൊന്നും കാണൂല; അയ്നൊക്കെ സീസണാവണം. ഇങ്ങക്ക് വേണെങ്കി ഇന്റടുക്കെ ബണ്ണുണ്ട്...എട്ക്കട്ടെ"
മറുപടിക്ക് കാക്കാതെ, ചായക്കാരൻ രണ്ട് ബണ്ണുകളുള്ള ഒരു പ്ലാസ്റ്റിക് കവർ എനിക്ക് നീട്ടി.
ചായയും ബണ്ണും കഴിക്കുന്നതിനിടയിൽ അവിടെ നിന്നും അൽപമകലെയുള്ള വെള്ളച്ചാട്ടത്തെ പറ്റിയും സീസണിൽ അവിടേക്കുള്ള ജനപ്രവാഹത്തെ പറ്റിയുമൊക്കെ അയാൾ വിവരിച്ചു. ആ വെള്ളച്ചാട്ടത്തിന് മുകളിലായി പണിയുന്ന ഡാമിനെ പറ്റിയും അതിനെതിരെ നടക്കുന്ന പ്രക്ഷോഭത്തെ പറ്റിയുമെല്ലാം വായിച്ചത് പെട്ടെന്നാേർത്തു.
അങ്ങനെ സംസാരിച്ച് നിൽക്കുമ്പോഴാണ് ഒരു വയസ്സൻ അലൂമിനിയം ബക്കറ്റും തൂക്കി അങ്ങോട്ട് വന്നത്.
"ന്താ കാക്കാ... ഇന്നങ്ങാടിക്ക് പോയീലേ?"
സാധനങ്ങളെല്ലാം വാരിക്കെട്ടി പോകാനൊരുങ്ങുന്ന ഉന്തുവണ്ടിക്കാരൻ ചോദിച്ചു.
"ന്ത് പറയാനാണ്ടോ... മൂന്നരേന്‍റെ വണ്ടിക്ക് പോകാനെറങ്ങീതാ. അപ്പളാ കേട്ടേ ബസ്ന്റെ ടയർ പൊട്ടിക്കീന്ന്... ഇന്നിനി വരവുണ്ടാവൂല പോലും. ഇന്റെ ബെടക്ക് കാലന്നല്ലാണ്ടെന്ത് പറയാനാ..."
ചെവിക്ക് പിറകിൽ നിന്നുമൊരു ബീഡിയെടുത്ത് കത്തിക്കുമ്പോഴാണ് അയാളെന്നെ ശ്രദ്ധിച്ചത്. ഉടനെ കുനിഞ്ഞ്, ബക്കറ്റ് മൂടിയിരിക്കുന്ന വാഴയില മാറ്റി, പച്ച ഈർക്കിലിൽ കോർത്ത മൂന്നു നാല് മീനുകളുമായി നിവർന്നു.
"സാറേ വേണോ...അമ്പതുറുപ്പ്യ തന്നാ മതി"
അയാളത് എനിക്ക് നേരെ നീട്ടി.
"അയ്യോ വേണ്ട''
"അങ്ങാടിലേന്റെ പാതി വെലയാ സാറേ പറഞ്ഞേ. അല്ലേല് ഇങ്ങക്ക് തോന്ന്യേത് തന്നാ മതി. മടക്കി കൊണ്ടോയിട്ട് കാര്യല്ലാത്തോണ്ടാ..."
അയാളുടെ കണ്ണുകളിൽ പ്രതീക്ഷ പെടക്കുന്നത് എനിക്ക് കാണാമായിരുന്നു.
"വില ഒക്കാഞ്ഞിട്ടല്ലക്കാ... എനിക്ക് കുറേ ദൂരം പോവാനുള്ളതാ."
അയാളുടെ മുഖത്തെ വെട്ടമണഞ്ഞു. തൂക്കിപ്പിടിച്ച മീനുകളെ തിരികെ ബക്കറ്റിലാക്കി അയാൾ പതുക്കെ നടന്നകന്നു.
"ഇങ്ങള് ബേജാറാവണ്ടാന്ന്..."
ചായക്കടക്കാരനാണ്; തിരികെ പോകാൻ ബസ്സില്ലായെന്ന വിവരം എന്നെ പരിഭ്രമിപ്പിച്ചത് അയാൾ ശ്രദ്ധിച്ചു കാണും.
"ഈ കുന്നിറങ്ങി കാെറച്ചങ്ങ് ചെന്നാ തീവണ്ടിയാപ്പീസായി. ആട്ന്ന് ഏയ്ന്‍റെ വണ്ടി പിടിച്ചാ അര മണിക്കൂറോണ്ട് ഇങ്ങക്ക് ടൗണിലെത്താം"
ഇങ്ങനൊരു കുന്നിൻ പ്രദേശത്ത് ഒരു റെയിൽവേ സ്റ്റേഷനുണ്ടാവുമെന്ന് പ്രതീക്ഷിച്ചതേയല്ല. അയാൾ പറഞ്ഞത് പ്രകാരമാണെങ്കിൽ, ടൗണിൽ ചെന്ന് ഒമ്പത് മണിയുടെ മടക്ക ട്രെയിൻ പിടിക്കാൻ സാധിക്കും.
"സുബൈറേ... ഇയ്യിതൊന്ന് നോക്കിക്കാ. ഞാൻ മൂപ്പർക്കാ റൂട്ടാെന്ന് കാട്ടിക്കൊട്ത്ത്ട്ട് വരാ... "
ഉന്തുവണ്ടിക്കാരനോട് വിളിച്ചു പറഞ്ഞിട്ട് ചായക്കടക്കാരൻ എന്നേയും കൂട്ടി നടന്ന് തുടങ്ങി.
ബ്രിട്ടീഷുകാരുടെ കാലത്ത്, വെള്ളച്ചാട്ടം കാണുന്ന വിധത്തിൽ ഒരു ബംഗ്ലാവ് പണിയാൻ ഏതോ സായിപ്പ് തീരുമാനിച്ചതും അതിന് സാധനങ്ങളെത്തിക്കാൻ റെയിൽപ്പാളം വിരിച്ചതും പിന്നീട് ബംഗ്ലാവിന്‍റെ പണി തുടങ്ങും മുമ്പേ ബ്രിട്ടീഷുകാർക്ക് ഇന്ത്യ വിടേണ്ടി വന്നതുമെല്ലാം യാത്രാമധ്യേ അയാൾ വിവരിച്ചു. പൊടിപ്പും തൊങ്ങലുമധികമായുള്ള കഥയുടെ വിവരണം അതീവ രസകരമായിരുന്നു.
"ദാ...ഈ വയിക്ക് നേരങ്ങ് നടന്നാ മതി. എങ്ങട്ടും തെറ്റണ്ട. കഷ്ടി ഒന്നൊന്നര കിലോമീറ്ററ്ണ്ടാവും. നേരെ ചെന്ന് നിക്ക്വാ തീവണ്ടിയാപ്പീസിന്‍റെ പടിക്കലാ."
മുന്നിൽ വളഞ്ഞു പുളഞ്ഞു നീളുന്ന ഒറ്റയടിപ്പാത. അയാളോട് യാത്ര പറഞ്ഞ് ഞാൻ നടന്നു തുടങ്ങി. വളവ് തിരിഞ്ഞ് മറയും മുമ്പേ ഒന്ന് തിരിഞ്ഞ് നോക്കി. നാട്ടിൻപുറം നന്മകളാൽ സമൃദ്ധമെന്ന കവി വാക്യത്തിന്റെ സാക്ഷ്യമായി അയാളവിടെ തന്നെ നിൽപ്പുണ്ട്.
സമയം നാല് മണി പോലുമായില്ല. ഇരുഭാഗത്തും തിങ്ങി വളര്‍ന്ന മരങ്ങളുടെ തണൽ ഒറ്റയടിപ്പാതയിൽ ചാരനിറമുള്ള ഇരുട്ട് വിരിച്ചു. മരങ്ങൾക്കിടയിലൂടെ കാണപ്പെടുന്ന കുടിലുകളിൽ വിളക്കുകൾ തെളിഞ്ഞു തുടങ്ങിയിരുന്നു. ഞാൻ നടത്തിന് വേഗം കൂട്ടി.
സ്റ്റേഷനിലെത്തിയപ്പോഴേക്കും സാമാന്യം നന്നായി ഇരുട്ടായിരുന്നു. ഒന്നൊന്നര കിലോമീറ്റർ എന്നാണയാൾ പറഞ്ഞതെങ്കിലും കഷ്ടി മുക്കാൽ മണിക്കൂറിന്‍റെ നടപ്പുണ്ടായിരുന്നു. ഇരുട്ടിൽ മുങ്ങി കിടക്കുന്ന ആ ഒറ്റമുറി ഷെഡിനെ സ്റ്റേഷൻ എന്നൊന്നും വിളിക്കാനാവില്ല. 'ടിക്കറ്റ് കൗണ്ടർ' എന്ന ബോർഡിനു താഴെ മേശയിൽ തല വെച്ച് മയങ്ങുന്ന പയ്യൻ രണ്ടു മൂന്ന് തവണ വിളിച്ചിട്ടാണ് ഉണർന്നത്. ഉറക്കം നഷ്ടപെട്ടതിന്റെ ഈർഷ്യയിൽ, മഞ്ഞ കാർഡ്ബോർഡ് ടിക്കറ്റിൻമേൽ അവൻ ഊക്കാേടെ ഇരുമ്പ് സീലടിച്ചപ്പോൾ, അവിടമാകെയാെന്ന് വിറ കാെണ്ടത് പോലെ തോന്നി.
ബെഞ്ചുകളോ കസേരകളോ ഇല്ലാത്ത പാറ്റ്ഫോമിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന മരങ്ങൾക്കടിയിൽ ചിലരൊക്കെ കിടന്നുറങ്ങുന്നുണ്ട്. അത്രയും ദൂരമാെന്നും നടന്ന് ശീലമില്ലാത്ത എന്റെ കാലുകൾക്ക് കടച്ചിൽ അനുഭവപ്പെട്ട് തുടങ്ങിയിരുന്നു. പ്ലാറ്റ്ഫാേo തറയെ തുളച്ചു പാെന്തിയ ഒരു പാെന്തൻ വേരിനെ ഞാന്‍ ഇരിപ്പിടമാക്കി.
ഇരുളിനെയും നിശബ്ദതയേയും തുരന്നെത്തിയ തീവണ്ടി സ്റ്റേഷനിൽ വന്ന് നിന്ന് കിതപ്പാറ്റി. ഏതാണ്ട് കാലിയായിരുന്ന കമ്പാർട്ട്മെന്റിലേക്ക്, മരച്ചുവട്ടിൽ കിടന്നുറങ്ങിയിരുന്നവര്‍ക്കൊപ്പം ഞാനും കയറി. ഒപ്പമുള്ളവരിൽ ഏറെയും അന്യഭാഷാ തൊഴിലാളികളാണ്; ഡാം സൈറ്റിൽ പണിയെടുക്കാൻ വന്നവരാകണം. കുറേപ്പേർ പണിസഞ്ചി തലയ്ക്കൽ വെച്ച് സീറ്റുകളിൽ നീണ്ടു നിവർന്നു കിടന്നു. മറ്റു ചിലരാകട്ടെ, ഹെഡ്സെറ്റ് ചെവിയിൽ തിരുകി, സീറ്റുകളിലിരുന്ന് ഉറക്കം തൂങ്ങുന്നുണ്ട്. അരമണിക്കൂറോളം വിശ്രമിച്ച ശേഷം അനങ്ങിത്തുടങ്ങിയ വണ്ടിയിലേക്കാണ് അവൾ ഓടി വന്ന് കയറിയത് .
നീണ്ടു മെലിച്ച്, മുടി ക്രോപ്പ് ചെയ്ത്, ജീൻസും ഷർട്ടുമിട്ട അവളെ കണ്ടപ്പോൾ "ശ്രീധരന്റെ ഒന്നാം തിരുമുറിവ്" -ലെ നീനാ കുറുപ്പിനെയാണ് ഓർമ്മ വന്നത്. എനിക്കെതിരെയുള്ള സീറ്റിൽ വന്നിരുന്നത് താെട്ട് കാലിൻമേൽ കാല് കയറ്റി വെച്ചിരുന്ന് ഒരേ ഫോൺ വിളിയാണ്. ഏതാണാവോ കണക്ഷൻ!!! ഞാൻ അരമണിക്കൂർ മുമ്പേ അയച്ച മെസേജുകൾ പോലും റേഞ്ച് കിട്ടാതെ ഫോണിൽ തങ്ങിക്കിടക്കുകയാണ്. പെട്ടെന്നാണ് ശ്രദ്ധിച്ചത്; ചുറ്റിലും അത്രയും നേരം ഉറങ്ങിയും ഉറക്കം തൂങ്ങിയുമിരുന്നവരിൽ പലരും ഉണർന്നിരിക്കുന്നു. മൂർച്ചയുള്ള നോട്ടങ്ങളെല്ലാം ചെന്ന് തറക്കുന്നത് അവളിലാണ്. കാലിയായി കിടന്നിരുന്ന സീറ്റുകൾ പെട്ടെന്ന് നിറഞ്ഞത് പോലെ. ചുറ്റുമുള്ളവരെല്ലാം ചേർന്ന് അവളെ ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍ എനിക്കാെന്നും ചെയ്യാനാവില്ല എന്ന ചിന്തയിൽ ഞാൻ വല്ലാതെ അസ്വസ്ഥനായി. എന്നാൽ, അതൊന്നും ശ്രദ്ധിക്കാതെ അവൾ ഫോണിൽ സംസാരിച്ച് കൊണ്ടിരിക്കുന്നു.
റേഞ്ച് പോയതാവണം; മുഖത്തിന് നേരെ പിടിച്ച മാെബൈലിലേക്ക് നിരാശയാേടെ നോക്കിയ ശേഷം അവളതെടുത്ത് ബാഗിൽ വെച്ചു. ശേഷം, എന്നെ അമ്പരിപ്പിച്ചു കാെണ്ട്, ആർത്തിയോടെ തനിക്ക് നേരെ നീളുന്ന ഒരോ കണ്ണിലേക്കും നോക്കി ഭംഗിയായി പുഞ്ചിരിച്ചു. ചിലരെങ്കിലും പുഞ്ചിരി മടക്കി നൽകി. മറ്റു ചില നോട്ടങ്ങൾ താഴ്ന്നു പോയി. ബാക്കിയുള്ളവക്കാകട്ടെ പഴയ മൂർച്ചയുമില്ല. ഒടുക്കം, അവരെല്ലാം ഉറക്കത്തിലേക്കും ഉറക്കം തൂങ്ങലിലേക്കും മടങ്ങി പോയി.
അടുത്ത സ്റ്റോപ്പിൽ ആളിറങ്ങിയപ്പോൾ അവൾ ജനലരികിലേക്ക് നീങ്ങിയിരുന്നു. ഇപ്പോഴവൾ എനിക്ക് നേരെ മുന്നിലാണ്.
"പരീക്ഷക്ക് വന്നതാണല്ലേ?" -
എന്നെ നോക്കി പുഞ്ചിരിച്ചതിന്‍റെ ധൈര്യത്തിലാണ് ചോദിച്ചത്.
"ആ... അതേ...നിങ്ങളും ? "
ഞാൻ തലയാട്ടി.
''ശരിക്കും പെട്ടു പോയല്ലേ...പക്ഷേണ്ടല്ലോ എത്തിപ്പെടാൻ പാടാന്നേള്ളു എന്ത് ഭംഗിയുള്ള സ്ഥലാ..."
അവൾ മുന്നോട്ടാഞ്ഞിരുന്നു.
"അല്ല, എങ്ങനെ ആ സ്റ്റേഷൻ വരെയെത്തി; സ്ഥലം പരിചയമുണ്ടായിരുന്നാേ?"
അവളെ കണ്ടപ്പോൾ താെട്ട് ചോദിക്കാൻ കാത്ത് വെച്ചതാണ്.
"ഏയ്, ഞാൻ ഇവിടെ ആദ്യമാ. കാലത്ത് ഓട്ടോക്കായിരുന്നു വന്നത്. തിരിച്ച് മൂന്നരേടെ ബസ് പിടിക്കാന്ന് കരുതി ചുറ്റും ഫോട്ടോ ഏട്ത്ത് നടപ്പായിരുന്നു. പക്ഷെ ബസെന്തോ റിപ്പയറായത്രേ. ശരിക്കും പണി കിട്ടിയെന്ന് കരുതിയതാ. ഭാഗ്യത്തിന് എക്സാം ഡ്യൂട്ടിക്ക് വന്നവരുടെ വണ്ടിയുണ്ടായിരുന്നു. അവര്‍ പോകുന്ന വഴി ഇവിടെ ഡ്രാേപ്പ് ചെയ്തു"
അങ്ങനൊരു ബുദ്ധി തോന്നാത്തതിൽ ഞാൻ സ്വയം ശപിച്ചു.
പിന്നെയും ഞങ്ങളെന്തൊക്കെയോ സംസാരിച്ചു; പഠിച്ച കോളേജിനെ പറ്റി, ചെയ്യാൻ താൽപര്യമുള്ള കോഴ്സുകളെ പറ്റി, ജോലിയെ പറ്റി, അങ്ങനെ പലതും. എന്നാൽ, ഞാൻ ഭയന്നത് പോലെ അന്നത്തെ പരീക്ഷ ചാേദ്യപ്പേപ്പർ വിഷയമായതേയില്ല. അവളും 'പോസ്റ്റുമോർട്ടം' താൽപര്യമില്ലാത്ത കൂട്ടത്തിലാവണം .
പെട്ടെന്ന് ഞങ്ങൾക്കിടയിലെ സംസാരമങ്ങ് വറ്റിപ്പോയി. രണ്ട് പേരും വെറുതെ പുറത്തെ ഇരുട്ടിലേക്ക് നോക്കിയിരുന്നു.
"ആണുങ്ങൾ മാത്രമുള്ള കമ്പാർട്ട്മെന്റിൽ ഒറ്റക്കായിട്ടും പേടി തോന്നുന്നില്ലേ? ഇത്രയും പേരുടെ ആർത്തിയോടെയുള്ള നോട്ടം കണ്ടിട്ടും?"
അവസാന ഭാഗത്ത് ഞാൻ ശബ്ദമല്പം താഴ്ത്തിയിരുന്നു.
"ഭയമില്ലെന്നാര് പറഞ്ഞു?"
അൽപനേരം എന്നെ നാേക്കിയ ശേഷം വന്ന പുഞ്ചിരിയോടെയുള്ള മറുചോദ്യം എന്നെ കുഴക്കി.
"പിന്നെങ്ങനെ ഒരോരുത്തരേയും നോക്കി അങ്ങനെ പുഞ്ചിരിക്കാൻ സാധിച്ചു "
"അതിന്‍റെ ഫലം കണ്ടതല്ലേ?"
"അതെ...അതാണെന്നെ ശരിക്കും ഞെട്ടിച്ചത്."
"മറുപടി തരും മുമ്പേ ഞാനൊന്ന് ചോദിക്കട്ടെ; നമ്മുക്ക് ചുറ്റും ഇത്ര മാത്രം സ്ത്രീകൾ പീഡിപ്പിക്കപെടാനുള്ള കാരണമെന്താണ് ?"
എന്റെ കണ്ണുകളിലേക്കു തറപ്പിച്ചു നോക്കിയാണ് അവളുടെ ചോദ്യം.
ആണുങ്ങളുടെ 'സെക്ഷ്വൽ ഫ്രസ്ട്രേഷൻ', വസ്ത്രധാരണ രീതിയിലടക്കം സ്ത്രീകൾ പുലർത്തേണ്ട ജാഗ്രത എന്നാെക്കെയുള്ള ക്ലീഷേ കാരണങ്ങൾ നാക്കിൻ തുമ്പത്തേക്ക് ഓടിക്കയറി വന്നെങ്കിലും ഞാൻ ഒന്നും മിണ്ടാതെ അവളെ നോക്കിയിരുന്നതേയുള്ളു.
"നിങ്ങൾ പറയാൻ മടിച്ചെങ്കിലും, സ്ത്രീകളുടെ ഭാഗത്ത് നിന്നുണ്ടാവുന്ന പ്രവോക്കേഷനാണ് പീഡിക്കപ്പെടാൻ മുഖ്യ കാരണമെന്നാണ് സ്ത്രീകളടക്കം പറയുന്നത്. പക്ഷെ പിഞ്ചു കുഞ്ഞുങ്ങളും മുത്തശ്ശിമാരും ഒരേ പോലെ പീഡിപ്പിക്കപ്പെടുന്ന ഇക്കാലത്ത് എനിക്കത് വിശ്വസിക്കാൻ സൗകര്യമില്ല."
കള്ളം കണ്ടു പിടിക്കപ്പെട്ടവനെ പോലെ ഞാനിരുന്ന് ചൂളി.
ഒന്ന് നിർത്തി, മറുപടിക്ക് കാക്കാതെ അവൾ തുടർന്നു.
"ഒരു പെണ്ണിന്റെ സൗന്ദര്യത്തേക്കാൾ ആണിനെ ലഹരി പിടിപ്പിക്കുന്നത് അവളുടെ കണ്ണിൽ തെളിയുന്ന ഭയമാണെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. വീട്ടിലും ഓഫീസിലും തുടങ്ങി സാേഷ്യൽ മീഡിയയിൽ വരെ, വെർബൽ റേപും സ്ലട്ട് ഷെയിമിങ്ങും നടത്തി ഒരു പെണ്ണിനെ പേടിപ്പിച്ച് കീഴടക്കുമ്പോൾ കിട്ടുന്ന ആനന്ദമൂർച്ഛ തന്നെയാണ്, ഇരുട്ടിന്റെ മറവിൽ ശാരീരികമായി കീഴടക്കാൻ ശ്രമിക്കുന്നവനും തേടുന്നത്."
ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി, അവൾ കിതച്ചു. അവളുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു.
കുപ്പി തുറന്ന് ഒരിറക്ക് വെള്ളം കുടിച്ച ശേഷം അവൾ സാവധാനം തുടർന്നു.
"ഇങ്ങനെയുള്ള സിറ്റ്വേഷൻസ് വരുമ്പോൾ ഭയത്തെ അഡ്രസ്സ് ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്. കമ്പാർട്ട്മെന്റിൽ കയറിയപ്പാേൾ പെട്ടെന്നുണ്ടായ ഭയം ഇല്ലാതാക്കാൻ എനിക്ക് കുറച്ച് സമയം വേണമായിരുന്നു. അതിനുള്ള മറയായിരുന്നു ആ കള്ള ഫോൺ വിളി. സത്യം പറഞ്ഞാൽ കയറിയപ്പോഴേ റേഞ്ചൊന്നുമുണ്ടായിരുന്നില്ല."
ഞാൻ അറിയാതെ ചിരിച്ചു പോയി. അത് ഗൗനിക്കാതെ അവൾ തുടർന്നു.
"കൈയ്യിൽ പെപ്പർ സ്പ്രേയും സേഫ്റ്റിപിന്നുമുണ്ടായിട്ട് മാത്രം കാര്യമില്ലല്ലാേ; അതെല്ലാം ആവശ്യത്തിന് ഉപയോഗിക്കാനുള്ള ധൈര്യവും വേണ്ടേ. പിന്നെ ഈ ചിരി നമ്പറൊക്കെ എപ്പോഴും വർക്ക്ഔട്ട് ആവുമെന്നൊന്നും ഞാൻ കരുതുന്നില്ലാട്ടോ; പോയാലൊരു ചിരി അത്രല്ലേള്ളു."
പറഞ്ഞു നിർത്തിയ ശേഷം, വീണ്ടും അവളെന്നെ നോക്കി ഭംഗിയായി പുഞ്ചിരിച്ചു. അപ്പോൾ, അവളുടെ തിളങ്ങുന്ന കണ്ണുകളിലേക്ക് നോക്കി ഞാനും പുഞ്ചിരിച്ചു; ഒരു മനുഷ്യൻ മനുഷ്യനോടെന്ന പോലെ."