റെയില്‍വേ സ്റ്റേഷന്‍റെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും കാര്‍ പുറത്തേക്കെടുക്കുമ്പോഴാണ് അയാളെ കണ്ടത്. അരമതിലിനോട് ചേര്‍ന്നുള്ള തറയിൽ നരച്ച തലയും തൂക്കിയിട്ട് കൂനിക്കൂടി ഇരിക്കുന്ന ആ വൃദ്ധൻ. ഉജാലയുടെ നീലിമ പടര്‍ന്ന വെള്ള ഷര്‍ട്ടും മുണ്ടും അയാളൊരു തെരുവുവാസിയല്ലെന്ന് തോന്നിച്ചു. കാര്‍ നിര്‍ത്തി അയാള്‍ക്കരികിലേക്ക് ചെല്ലാൻ മനസ്സ് പറഞ്ഞപ്പോൾ അനുസരിച്ചു.
"എന്താ ഇവിടിരിക്കുന്നെ.....?? സുഖമില്ലേ??"
മറുപടിയില്ല.
"ഭക്ഷണം വല്ലതും കഴിക്കണോ....?"
സാവധാനം എനിക്ക് നേരെ ഉയർന്ന കണ്ണുകള്‍ മുഴുവനായും നിറഞ്ഞിരുന്നു.
പേഴ്സില്‍ നിന്നൊരു നൂറു രൂപാ നോട്ടെടുത്ത് ഞാൻ നീട്ടി. അങ്ങനെ ചെയ്യാനാണ് പെട്ടെന്ന് തോന്നിയത്. എന്നാൽ അത് വാങ്ങാതെ, എന്റെ കൈ മുഖത്തോട് ചേർത്ത് പിടിച്ച് അയാൾ തേങ്ങിക്കരയാന്‍ തുടങ്ങി. ഞാനാകെ പകച്ചു പോയി.
"വീടെവിടാ...ഞാന്‍ കൊണ്ടോയി വിടാം."
ഏങ്ങലടിക്കൊത്ത് ഉയർന്നു താഴുന്ന ചുമലില്‍ കൈ അമര്‍ത്തി അങ്ങനെ പറയുമ്പോൾ കൂടുതലൊന്നും ചിന്തിച്ചിരുന്നില്ല എന്നതാണ് നേര്.
അയാള്‍ പറഞ്ഞ സ്ഥലം നഗരത്തില്‍ നിന്നും അധികം ദൂരെയല്ലായിരുന്നു. പിടിച്ചെഴുന്നേല്‍പ്പിച്ചപ്പോൾ അനുസരണയുള്ള ഒരു കുട്ടിയെ പോലെ എനിക്കൊപ്പം കാറിനടുത്തേക്കു നടന്നു.
സീറ്റിലിരുന്നിട്ടും അയാളുടെ തേങ്ങലടങ്ങിയിരുന്നില്ല.
"എനിക്ക് പേടിയാ മോനേ......"
ഇടറിയ ശബ്ദത്തിൽ അയാള്‍ പറഞ്ഞു.
"ആരൊക്കെയുണ്ട് വീട്ടില്‍....?"
ചോദിച്ചു കഴിഞ്ഞാണ് വേണ്ടിയിരുന്നില്ല എന്ന തോന്നലുണ്ടായത്. മറുപടിയൊന്നും കിട്ടാതായപ്പോൾ ഒരു പക്ഷെ അയാൾ കേട്ടിട്ടുണ്ടാവില്ലെന്ന് ആശ്വസിച്ചു.
"മോനും ഓന്‍റെ ഭാര്യേം കുട്ട്യോളും...."
കണ്ണടച്ച് സീറ്റിലേക്ക് ചാരിക്കിടക്കുന്ന അയാളോട് എനിക്ക് കൂടുതലൊന്നും ചോദിക്കാനില്ലായിരുന്നു.
പ്രായമാകുമ്പോൾ തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന അച്ഛനമ്മമാരെ പത്രവാര്‍ത്തകളിലും സിനിമകളിലും കഥകളിലുമെല്ലാം ഒരുപാട് കണ്ടിട്ടുണ്ട്. പക്ഷെ യഥാർത്ഥ ജീവിതത്തിൽ ഇതാദ്യമാണ്. തെരുവിൽ ഉപേക്ഷിച്ച അച്ഛനെയും കൊണ്ട് മുന്നിൽ ചെന്നു നിൽക്കുന്ന എന്റെ സിനിമാ സ്റ്റൈൽ ഹീറോയിസത്തോടുള്ള അയാളുടെ മകന്‍റെ പ്രതികരണം എന്താവുമെന്ന് വെറുതെ ചിന്തിച്ചു നോക്കി. അരിച്ചരിച്ചു കയറുന്ന പേടിയുടെ തണുപ്പിൽ അകമേ ഞാനൊന്ന് വിറച്ചു. അയാൾ സീറ്റിലേക്ക് ചാഞ്ഞു കണ്ണടച്ചു കിടക്കുക തന്നെയാണ്.
നഗരത്തിരക്കുകളെ പിന്നിലാക്കി മുന്നോട്ടു പായുന്ന കാര്‍ ചെറിയൊരു അങ്ങാടിയിലെത്തി. കടകളുടെ ബോര്‍ഡുകളില്‍ അയാള്‍ പറഞ്ഞ സ്ഥലപ്പേരു കാണുന്നുണ്ട്. ടാറിട്ട റോഡ് അവിടെത്തീര്‍ന്നു. നേരം സന്ധ്യയായില്ലെങ്കിലും ചെമ്മണ്‍പാതയുടെ വശങ്ങളിലുള്ള വീടുകളില്‍ വിളക്കുകള്‍ തെളിഞ്ഞിരുന്നു. ഏതോ ക്ഷേത്രത്തിന്റെ കവാടം കടന്ന് കാർ അൽപം കൂടി മുന്നോട്ട് പോയി.
"അതാ...അതാ.... ന്റെ വീട്...."
സീറ്റിൽ മുന്നോട്ടാഞ്ഞിരുന്നു വിരല്‍ ചൂണ്ടുമ്പോൾ അയാളുടെ നരച്ച കണ്ണുകളിൽ കളഞ്ഞു പോയ കളിപ്പാട്ടം തിരികെ കിട്ടിയ കുട്ടിയുടെ ആവേശം കണ്ടു.
പടിക്കല്‍ കാര്‍ നിര്‍ത്തി അയാൾ ഇറങ്ങിയതും മുറ്റത്തുണ്ടായിരുന്ന രണ്ടു കുട്ടികള്‍ "മുത്തച്ഛാ..." എന്നു വിളിച്ചുകൊണ്ട് ഓടിയെത്തി. പിന്നെ അയാളെയും വലിച്ച് വീട്ടിലേക്ക് നടന്നു. അത് കണ്ടിട്ടാവണം, വീടിനകത്ത് നിന്നും ഒരു ചെറുപ്പക്കാരന്‍ ധൃതിപ്പെട്ട് ഇറങ്ങി വന്നു.
എന്ത് സംഭവിക്കുമെന്ന വിചാരത്തിൽ ഞാൻ ശ്വാസം പോലും വിടാൻ മറന്നു.
"എവിടായിരുന്നച്ഛാ.....??"
ഓടിയെത്തിയ ചെറുപ്പക്കാരന്‍ വൃദ്ധനെ മുറുക്കെ കെട്ടിപ്പിടിച്ചു.
"പേടിപ്പിച്ചു കളഞ്ഞല്ലോ ഞങ്ങളെ.... അച്ഛന്‍റെ കാലെങ്ങനുണ്ടിപ്പോ?"
പുറകെ ഇറങ്ങി വന്ന യുവതി വൃദ്ധന്റെ മുണ്ട് മുട്ടിനു മുകളിലേക്കുയര്‍ത്തി നോക്കി.
അയാളുടെ പഴുത്തൊലിക്കുന്ന തടിച്ച ഇടത് കാൽ അപ്പോഴാണ് ഞാന്‍ കണ്ടത്.
ഒരു നിമിഷം.... ഒരേയൊരു നിമിഷം....
തന്നെ ചുറ്റിവരിഞ്ഞ കൈകൾ വിടുവിച്ച് അയാൾ എനിക്കരികിലേക്ക് വന്നു. അയാളുടെ മുഖം വല്ലാതെ വലിഞ്ഞു മുറുകിയിരുന്നു.
"മോനെന്‍റെ അവസ്ഥ കണ്ടില്ലേ..പകരുന്ന സൂക്കേടാന്നാ ഡോക്ടര്‍മാര്‍ പറയുന്നേ... ഈ കുട്ട്യോള്‍ക്കെങ്ങാന്‍ വന്നാ എനിക്ക് സഹിക്കാന്‍ പറ്റൂല. പേട്യായിട്ടാ എങ്ങോട്ടേലും പോവാന്നും കരുതി വീട് വിട്ടെറെങ്ങ്യെ. പക്ഷെ മോനെ കണ്ടപ്പോ എനിക്കെന്‍റെ കണ്ണനെ ഓര്‍മ്മ വന്നു. അതാ വിളിച്ചപ്പോ ഒന്നുമോര്‍ക്കാതെ കൂടെ വന്നേ. ദയവു ചെയ്ത് എന്നെയാ റെയില്‍വേ സ്റ്റേഷനില്‍ തന്നെ ഒന്ന് കൊണ്ട് വിടണം. മോനെ ഒരുപാട് ബുദ്ധിമുട്ടിച്ചെന്നറിയാം. എന്നാലും ഇതും കൂടിയൊന്നു ചെയ്തു തരണം..."
നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അയാൾ മുന്നില്‍ കൈ കൂപ്പി നിന്നു.
എന്റെ കണ്ണുകൾ അപ്പോഴും അയാളുടെ തടിച്ച കാലിലായിരുന്നു. ഒന്നും പറയാതെ നില്‍ക്കുന്ന എന്നെ നോക്കിയൊന്ന് പുഞ്ചിരിച്ച്, മാറിക്കിടന്ന മുണ്ട് നേരെയിട്ട്, ആ തടിച്ച കാലും വലിച്ച് വെച്ച് അയാള്‍ പതുക്കെ നടന്നു തുടങ്ങി.
No comments:
Post a Comment