Tuesday, 4 February 2020

അച്ഛൻ

ബാംഗ്ലൂരിലെ ഒരു പരീക്ഷാ കേന്ദ്രം.

"ഓ പിന്നെ...അവരക്ക് പണി വെക്കം തീർത്ത് വീട്ടീ പോകാനക്കൊണ്ടാണ്"

പത്ത് മണിയുടെ പരീക്ഷക്ക്  ഒമ്പത് മണിക്ക് തന്നെ പരീക്ഷാർത്ഥികൾ ഹാളിനകത്ത് കയറണമെന്ന അറിയിപ്പ് കേട്ടതോടെ അസ്വസ്ഥനായ മകനോടായി അയാൾ പറഞ്ഞു.

"മോൻ സമാധാനായി കഴിച്ചോ. ദേ...ഈ ബ്രഡ് കൂടി എട്ക്കട്ടെ."

പ്ലാസ്റ്റിക് കൂടയിൽ നിന്നും പൊട്ടിച്ചിട്ടില്ലാത്ത ബ്രഡിന്റെ പാക്കറ്റ് അയാൾ എടുത്തുയർത്തി.

"ഞാനിതെല്ലാം കൂടി വലിച്ചെറിഞ്ഞേച്ച് പോണോ?"

പകുതി കഴിച്ച റോബസ്റ്റ പഴമുയർത്തിയാണ് മകന്റെ ഉറക്കെയുള്ള ചോദ്യം.

"ഓ..വേണ്ട...വേണ്ട... അല്ലേലും മോനിപ്പം എന്നാ പെട്ടെന്നാ  ദേഷ്യം വരുന്നേ!!"

ചുരുട്ടിപ്പിടിച്ച പ്ലാസ്റ്റിക് കൂടയിലേക്ക് നോക്കി ശബ്ദം താഴ്ത്തി അയാൾ പറഞ്ഞു. 

"നാശം പിടിക്കാൻ..."

പഴം അയാൾക്ക് മുന്നിലേക്ക് വലിച്ചെറിഞ്ഞ് അവൻ ധൃതിയിൽ നടന്നു പോയി.

തരിച്ചിരുന്നു പോയ അയാൾക്ക് മുന്നിലേക്കാണ് ആ അച്ഛനും മകളും വന്നത്. കാലിൽ തൊട്ട് വണങ്ങിയ മകളെ അച്ഛൻ മൂർദ്ധാവിൽ കൈ വെച്ചനുഗ്രഹിക്കുന്നു. ഇത് കണ്ടതും, അയാൾ ധൃതിയിൽ എണീറ്റ്, ഓടിച്ചെന്ന് ഹാളിലേക്ക് കയറുന്ന മകന്റെ കൈയ്യിൽ പിടിച്ചു. ഞെട്ടിത്തിരിഞ്ഞ അവനെ ചേർത്ത് പിടിച്ച് ഒരു നിമിഷം കണ്ണടച്ചു പ്രാർത്ഥിച്ചു. പിന്നെ പിടി വിട്ട് പതിയെ തിരിഞ്ഞു നടന്നു.

മരത്തണലിൽ ചെന്നിരുന്നപ്പോൾ അടുത്തിരുന്ന കോഴിക്കോട്ടുകാരൻ മിണ്ടിത്തുടങ്ങി. രാഷ്ട്രീയവും, വിലപ്പെരുപ്പവും, കാലാവസ്ഥയുമായി വിഷയങ്ങൾ ഒന്നിനു പുറകെ ഒന്നായി വന്നു പോയി. മതപ്രകാരമുള്ള വസ്ത്രം ധരിക്കാൻ പോലും അനുവദിക്കാത്ത പരീക്ഷാ ഹാളിലെ പരിശോധനകളെ പറ്റി പറഞ്ഞ് കോഴിക്കോട്ടുകാരൻ പല്ലിറുമ്മിയപ്പോൾ, ആർക്കും ആരെയും വിശ്വാസമില്ലാത്ത കെട്ട കാലത്തെ പഴിച്ച് അയാൾ ആശ്വസിപ്പിച്ചു.

കുറെ നേരമങ്ങനെ സംസാരിച്ചിരുന്ന ശേഷം, ഇരുന്നും കിടന്നും ഉറക്കം കിട്ടാതെയുള്ള തലേന്നത്തെ RAC ടിക്കറ്റ് യാത്രയുടെ വൈഷമ്യം പങ്കിട്ടു കൊണ്ട്, അയാൾ അരമതിലിൽ വിരിച്ച പത്രത്താളുകളിലേക്ക്  ചാഞ്ഞു.

''റൂമെടുത്തില്ലേ ?"

കോഴിക്കോട്ടുകാരന്റെ ചോദ്യത്തിന് മറുപടിയായി അയാൾ ചൂണ്ടിക്കാണിച്ച ലോഡ്ജിന്റെ ബോർഡ് അവിടെയിരുന്നു തന്നെ വായിക്കാമായിരുന്നു.

''പരീക്ഷ കയ്യാൻ ഇനീം നേരെമ്പാടൂണ്ട്. ഇങ്ങക്കെന്തേലും കയ്ച്ച് ഒന്നൊറങ്ങി വന്നൂടെ?"

"ഏയ് അത് ശര്യാവൂല. മോൻ ഒന്നും കഴിക്കാതെ പോയതോർത്തിട്ടൊരു സമാധാനോമില്ല. അവനിറങ്ങിയാൽ കഴിപ്പിക്കാനുള്ളതാ..."

അയാൾ പ്ലാസ്റ്റിക് കൂട ഉയർത്തിക്കാട്ടി.

"ഞാനിവിടെ കെടന്നോളാം. നമ്മുക്കിതൊക്കെയാ ശീലം."

വലത് കൈ മടക്കി തലയിണയാക്കി അയാൾ ചെരിഞ്ഞു കിടന്നു കണ്ണടച്ചു.

ഹാളിന് പുറത്തേക്കിറങ്ങുന്ന കുട്ടികളുടെ ബഹളം കേട്ടാണ് ഉണർന്നത്. തിരക്കിനിടയിലൂടെ നടന്ന് വരുന്ന മകനെ കണ്ടതും അയാൾ വേഗത്തിൽ അരികിലേക്ക് ചെന്നു.

"എങ്ങനുണ്ടായി മോനേ?"

ഒരു മൂളൽ മാത്രമായിരുന്നു മറുപടി.

"ഓ...അതൊക്കെ ശര്യാവുന്നേ. മോനിതെടുത്തങ്ങ് കഴിച്ചേ."

അയാൾ ബ്രഡ് പാക്കറ്റെടുത്ത് നീട്ടി.

"നിങ്ങൾ റൂമിലേക്ക് പൊക്കോ... ഫ്രണ്ട്സുണ്ട്....ഞാൻ കഴിച്ചേച്ചങ്ങെത്താം.

ഒരു നിമിഷ നേരമങ്ങനെ നിന്ന ശേഷം, മകനെയും പുറകിലിരുത്തി പാഞ്ഞു പോകുന്ന ബൈക്കിന് പുറകെ അയാൾ സാവധാനം നടന്നു തുടങ്ങി.


No comments:

Post a Comment