ഒരു സ്മാർട്ട് ഫോണില്ലാതെയാണ് ഗോവിന്ദൻ മാഷ് ഇത്രയും കാലം ജീവിച്ചത്. വീട്ടിലാണെങ്കിൽ, ജിയോ സിമ്മിട്ട സ്മാർട്ട്ഫോണുള്ള ഭാര്യയും മരുമകളും സദാ ഓൺലൈനാണ്. അടുക്കളപ്പണി തീർന്നാൽ പിന്നെ വെവ്വേറെ മുറികളിലിരുന്നുള്ള മാരത്തോൺ ചാറ്റിങ്ങാണ്; തമ്മാമ്മിലും അല്ലാതെയും. ഇടക്കിടെ കടലിനക്കരെയിരുന്നു മകനും കൂടും. മരുമകളെ പറ്റി അമ്മയുടെയും അമ്മായിയമ്മയെ പറ്റി ഭാര്യയുടെയും പരാതികൾ സ്വകാര്യ സന്ദേശങ്ങളായി അയാളെ തേടി കടൽ കടന്ന് ചെല്ലാറുണ്ട്. മൂവരും ചേര്‍ന്ന് വീട്ടുപേരില്ലൊരു വാട്സാപ് ഗ്രൂപ്പുണ്ടാക്കിയിട്ടുണ്ട്. ക്യാമറാ ഫ്ലാഷിൽ കണ്ണടച്ചു പോയ മാഷൊഴികെ മറ്റെല്ലാവരും വെളുക്കെ ചിരിക്കുന്ന കുടുംബചിത്രമാണ് ഗ്രൂപ്പിന്റെ മുഖചിത്രം. ശുഭദിനവും ശുഭരാത്രിയുമാശംസിച്ചും വിശേഷങ്ങൾ പങ്ക് വെച്ചും ഗ്രൂപ്പിനകത്ത് അവരൊരു മാതൃകാ കുടുംബമാണ്. പല സുപ്രധാന വീട്ടുകാര്യങ്ങളും തീരുമാനിക്കപ്പെടുന്നത് പോലും അവിടെയാണ്. സാങ്കേതികമായി ഗൃഹനാഥനായ മാഷ് ഈ നേരത്തെല്ലാം ഓഫ്‌ലൈനായി വല്ല മൂലയിലിരുന്ന് ഏതെങ്കിലും പത്രമോ പുസ്തകമോ അരിച്ചു പെറുക്കുന്നുണ്ടാകും.
വീട്ടിനകത്ത് മാത്രമല്ല പുറത്തും ഇതൊക്കെ തന്നെയാണവസ്ഥ. കുടുംബ ഗ്രൂപ്പ്, നാട്ടു ഗ്രൂപ്പ്, സഹപാഠി ഗ്രൂപ്പ്, സഹപ്രവർത്തക ഗ്രൂപ്പ്....അങ്ങനെ നാലാള് കൂടിയാൽ, കേരള കോൺഗ്രസ്സിനെ കണക്കെ, പുതിയൊരു ഗ്രൂപ്പ് പിറക്കുന്നു. സ്മാർട്ട് ഫോണില്ലാത്ത മാഷാകട്ടെ ഇത്തരം ഗ്രൂപ്പുകൾക്കൊക്കെ പുറത്താണ്.
"ഒരു മണിക്കൂറ് ഇൻറർനെറ്റിൽ ചിലവിട്ടാൽ ഒരു നൂറ് പുസ്തകങ്ങൾ വായിച്ച വിവരം കിട്ടും മാഷേ."
പഞ്ചായത്ത് വായനശാലയിലെ പൊടി പിടിച്ചു കിടക്കുന്ന അലമാരയിൽ ഏതോ പുസ്തകം തിരയുകയായിരുന്ന മാഷിനോട് മൊബൈലിൽ നിന്ന് മുഖമുയർത്താതെയാണ് ലൈബ്രേറിയൻ പറഞ്ഞത്. ഇത്തരത്തിൽ വിവരം വെച്ച വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മുന്നിൽ പലപ്പോഴും ഉത്തരം മുട്ടിപ്പോകാറുള്ളത് അപ്പോൾ മാഷ് ഓർത്തു പോയി.
സയൻസ് ക്ലാസ്സിൽ റൈറ്റ് ബ്രദേർസ് വിമാനം കണ്ടു പിടിച്ചതിനെ പറ്റി പറഞ്ഞപ്പോൾ ഒരു മിടുക്കൻ എണീറ്റു നിന്നു പറയുകയാണ് -
"തെറ്റാ മാഷേ.... ഭാരതത്തിലെ ഋഷിമാരാ വിമാനത്തിന്റെ ടെക്നിക്കൊക്കെ കണ്ടു പിടിച്ചത്. അല്ലാണ്ടെ പിന്നെ രാമായണത്തിൽ പുഷ്പകവിമാനമൊക്കെ
ഉണ്ടാവ്വോ? മാഷ് ഫേസ്ബുക്കിലൊന്നൂല്ലേ?"
ഉത്തരം മുട്ടിയ മാഷ് ക്ലാസ്സവസാനിപ്പിച്ച് സ്റ്റാഫ് റൂമിലേക്ക് പോന്നു.
സാമൂഹ്യപാഠ ക്ലാസ്സിലായിരുന്നു ഇതിലും വലിയ കുഴപ്പം. സ്വാതന്ത്ര്യ സമരം പഠിപ്പിക്കുമ്പോഴേക്കും ക്ലാസ് പ്രത്യക്ഷത്തിൽ രണ്ട് ചേരിയായി. കുട്ടികൾ സീറ്റുകൾ പോലും മാറിയിരുന്നു. ചിലർക്ക് നെഹ്റുവിനെ പറ്റി കേൾക്കണ്ട; പട്ടേലിനെ മതി. ജിന്നയുടെ പേര് പറഞ്ഞപ്പോൾ ആരോ കൂവി. പകരം ഷൂ നക്കി സവർക്കറെന്നാരോ വിളിച്ചു പറഞ്ഞു. ഗാന്ധിജിയുടേയും ഗോഡ്സയുടേയും പക്ഷം പിടിച്ചുള്ള ബഹളം തുടങ്ങിയപ്പോഴേക്കും നീണ്ട ബെല്ലടിച്ചു. മാഷ് ചെവി പൊത്തിക്കൊണ്ട് സ്റ്റാഫ് റൂമിലേക്കോടി.
"ഏഴാം ക്ലാസ്സിലാന്ന് പറഞ്ഞിട്ട് കാര്യല്ല മാഷേ; കുട്ട്യോൾക്കൊക്കെ നല്ല വിവരാ. അതെങ്ങനെ വിവരങ്ങളൊക്കെയിപ്പോ കൈവെള്ളയിലല്ലേ. പരസ്യങ്ങളൊക്കെ കുത്തിനിറച്ച് ബാക്കിള്ള ഇത്തിരിയിടത്ത് അവർക്കിഷ്ടപ്പെട്ട വാർത്തകൾ കൊടുക്കുന്ന ടീവീന്നും പത്രത്തീന്നും കിട്ടുന്നേലും വിവരങ്ങൾ ദേ ഇതീന്ന് കിട്ടും."
സ്മാർട്ട്ഫോൺ ഉയർത്തിപ്പിടിച്ചാണ് ഗോപി മാഷ് പറഞ്ഞത്.
"ഇതൊന്നുല്ലാണ്ടെ ഇപ്പഴത്തെ പിള്ളേരോടൊന്നും പിടിച്ച് നിക്കാമ്പറ്റൂല മാഷേ"
സരോജിനി ടീച്ചറാണ്.
മറുപടിയൊന്നുമില്ലാതെ മാഷ് മുഖം താഴ്ത്തിയിരുന്നു.
ഇത്രയും പറഞ്ഞത് ഇന്നലെ വരെയുള്ള ഗോവിന്ദൻ മാഷിനെ പറ്റിയാണ് കേട്ടോ. ഒന്ന് സിനിമ സ്റ്റൈലിൽ പറഞ്ഞാൽ മാഷിപ്പോൾ പഴയ മാഷല്ല.
"ഇന്നേതായാലും സരോജിനി ടീച്ചറും ഗോപി മാഷുമൊക്കെയൊന്നു ഞെട്ടും."
ബാഗിലെ തടിപ്പിൽ കയ്യമർത്തി മാഷ് ഊറിചിരിച്ചു.
മാഷിന്റെ ബാഗിനകത്തുള്ള സ്മാർട്ട് ഫോൺ ഇത്തവണത്തെ പിറന്നാൾ സമ്മാനമായി മകൻ അയച്ചു കൊടുത്തതാണ്. സത്യം പറഞ്ഞാല്‍ അത് വെക്കാന്‍ വേണ്ടി മാത്രമാണ് മാഷ് ബാഗ് കയ്യിലെടുത്തത്. നേരത്തെയുണ്ടായിരുന്ന മൊബൈല്‍ അയാള്‍ക്ക് കീശയിലോ അരയിലോ വെച്ച് കയ്യും വീശി നടക്കാമായിരുന്നു. ഇതങ്ങനെയാണോ; കൈപ്പത്തിയോളം വലുപ്പത്തിൽ ചില്ല് കഷ്ണം കണക്കെയുള്ള അതൊന്നു പിടിക്കാന്‍ തന്നെ മാഷിന് രണ്ടു കയ്യും തികച്ചും വേണം. ഇങ്ങനെയുള്ള വിപ്ലവകരമായ മാറ്റത്തിനെല്ലാം ഹേതുവായ സംഭവം നടക്കുന്നത് മാഷിന്റെ മകന്‍റെ കഴിഞ്ഞ വരവിലാണ്.
പഴയ വീട് പൊളിച്ച് അതിന്‍റെ സ്ഥാനത്തൊരു ഇരു നില മാളിക പണിതത് മകന്‍റെ കാശു കൊണ്ടാണ്. ഗൃഹപ്രവേശത്തിന്‍റെ സമയത്ത് അവനു ലീവ് കിട്ടാഞ്ഞതിനാല്‍ ഈ വരവില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായൊരു സത്കാരം ഏര്‍പ്പാട് ചെയ്തിരുന്നു. അങ്ങനെ ഉച്ച ഭക്ഷണം കഴിഞ്ഞ് എല്ലാവരും ഹാളിലിരുന്നു ഐസ്ക്രീം നുണയുന്നതിനിടയിലാണ് ഗോവിന്ദന്‍ മാഷിന്‍റെ കീശയില്‍ കിടന്ന് മൊബൈല്‍ റിംഗ് ചെയ്തത്. അയാള്‍ കുറച്ചധികം മെനക്കെട്ടിട്ടാണ് പരമാവധി ഉച്ചത്തില്‍ മുഴങ്ങിയ 'നോക്കിയ ട്യൂണ്‍' നിലച്ചത്.
"കസ്റ്റമര്‍കെയറീന്നാ"
ജാള്യത പടര്‍ന്ന മുഖത്തോടെ എല്ലാവരെയുമൊന്നു നോക്കിയ ശേഷം അയാള്‍ ഫോണ്‍ തിരികെ കീശയിലിട്ടു.
"ഈ ഫോണൊക്കെ ഇപ്പഴും മനുഷന്മാരുപയോഗിക്കുന്നുണ്ടല്ലേ??
മകന്‍റെ ടെക്കി സുഹൃത്ത് മൊട്ടത്തലയില്‍ തടവി കൊണ്ട് ചോദിച്ചു.
"എന്തായാലും ആ റിംഗ് ടോണ്‍...അത് വല്ലാത്തൊരു നൊസ്ടാള്ജിയ ക്രിയേറ്റ് ചെയ്തു. താങ്ക്യൂ അങ്കിള്‍"
പറഞ്ഞതെന്താണെന്നു മുഴുവന്‍ മനസിലായില്ലെങ്കിലും മകന്‍റെ പെണ്‍സുഹൃത്ത് കൈ പിടിച്ച് കുലുക്കിയപ്പോള്‍ അയാളും ചിരിച്ചു.
"ഒന്നൂലേല്‍ നീയൊരു ഗള്‍ഫുകാരനല്ലെ. അച്ഛനൊരു നല്ല ഫോണ്‍ വാങ്ങിച്ചു കൊടുത്തൂടെടാ കഞ്ചൂസാ...?"
കൂട്ടത്തിലാരോ കൊളുത്തിയ കൂട്ടച്ചിരിയിൽ പങ്കുചേർന്നെങ്കിലും മകന്റെ വെളുത്ത മുഖത്ത് പടർന്ന കാളിമ മാഷ് മാത്രം കണ്ടിരുന്നു.
ഇതാദ്യമായാണ് മാഷിന്റെ പിറന്നാളിന് മകന്റെ വകയൊരു സമ്മാനം. അന്നത്തെ സംഭവത്തില്‍ മാഷിന്റെ മൊബൈലോളം ചെറുതായി പോയതിനാലാവണം അച്ഛന് പിറന്നാള്‍ സമ്മാനമെന്ന പേരിലൊരു അഞ്ചരയിഞ്ച് സ്‌ക്രീൻ സൈസുള്ള ഫോർജി സ്മാർട്ട്ഫോൺ അയച്ചു കൊടുത്തത്.
ട്രെയിനിൽ കയറിയപ്പോൾ തന്നെ മാഷിനു സീറ്റ് കിട്ടിയതാണ്. സാധാരണ ഗതിയിൽ കണ്ണൂര് എത്തും വരെ പത്രത്തിൽ തല പൂഴ്ത്തിയിരിക്കുന്ന ആളാണ്. ഇന്ന് പത്രം എടുക്കാൻ തന്നെ മറന്നു.
മാഷ് ബാഗിൽ നിന്നും ശ്രദ്ധയോടെ ഫോണ്‍ പുറത്തെടുത്തു. ഭാര്യയെ ഒന്ന് ഞെട്ടിച്ചിട്ടു തന്നെ കാര്യം. ഇന്നലെ ഫോണിന്റെ കുറച്ചു ബാലപാഠങ്ങൾ പേരക്കുട്ടിയോടു ചോദിച്ചു പഠിക്കുമ്പോൾ എന്തായിരുന്നു അവൾടെ പരിഹാസം.
"നായക്ക് മുഴു തേങ്ങ കിട്ടിയ പോലെ കളിക്കണ കളി കണ്ടില്ലേ ??"
പണ്ടേ "സ്മാർട്ട് " ആയതിന്‍റെ അഹങ്കാരം. അല്ലാണ്ടെന്താ പറയ്വാ.
മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന പേരക്കുട്ടി ഫേസ്ബുക്കും വാട്സാപ്പും യൂടുബുമൊക്കെ പഠിപ്പിക്കാന്‍ ഏറെ ശ്രമിച്ചെങ്കിലും അയാളുടെ പഴക്കം ചെന്ന 'പ്രോസ്സസര്‍' അതിനൊന്നും വഴങ്ങിയില്ല. തൽക്കാലം കാൾ ചെയ്യാൻ മാത്രം പഠിച്ചു. എന്തായാലും ഭാര്യയെ ഒന്നു വിളിച്ചിട്ടു തന്നെ കാര്യം. ഇതവളൊട്ടും പ്രതീക്ഷിക്കില്ല.
ഫോണ്‍ മുഖത്തിന് നേരെ പിടിച്ചു ചുണ്ണാമ്പ് തേക്കും പോലെ പതുക്കെയൊന്നു തോണ്ടണം. എന്നാലെ അത് തുറക്കുവത്രെ.
"ഇടത്തോട്ടോ വലത്തോട്ടോ??"
മാഷിനു സംശയമായി.
രണ്ടും കൽപ്പിച്ച് വലത്തോട്ട് തോണ്ടി. പെട്ടെന്ന് സ്ക്രീനാകെ കറുപ്പ് നിറമായി. പിന്നെ പതുക്കെ ഒരു പെണ്‍കുട്ടിയുടെ ചിത്രം തെളിഞ്ഞു വന്നു.
"ഏതാ ഈ കുട്ടി...നല്ല മുഖ പരിചയം തോന്നുന്നല്ലോ." - മാഷ് മനസ്സില്‍ കരുതി.
"ഡാ കള്ള കെളവാ ...പെമ്പില്ലേരുടെ പടം പിടിക്കാൻ ഇറങ്ങിയതാണല്ലേ ??"
അരികിൽ നിൽക്കുകയായിരുന്ന ചെറുപ്പക്കാരൻ മാഷിന്‍റെ കയ്യിൽ നിന്നും ഫോണ്‍ പിടിച്ചു വാങ്ങി കൊണ്ട് അലറി.
മുന്നിലെ സീറ്റിലിരുന്ന പെൺകുട്ടിയുടെ ബാഗ് തന്റെ മുഖത്തിന് നേരെ വീശിയടുത്തത് മാത്രം മാഷിനോർമ്മയുണ്ട്.
ഒരു തള്ളലിൽ മറിഞ്ഞു വീണു പോയ മാഷ്, ഏതോ കാലിനടിയിൽ ഞെരിഞ്ഞമരുന്ന സ്മാർട്ട്‌ഫോണിന്‍റെ ഞരക്കം വ്യക്തമായും കേട്ടു.
പാവം ഫോൺ ' അതെന്ത് പിഴച്ചു ' കണ്ടവന്റെ കാലിനടിയിൽ അമർന്ന് തീരുവാൻ
ReplyDelete