ഒരു ബന്ധുവിനെ കാണാനാണ് അയാൾ ആശുപത്രിയിലെത്തിയത്. ബന്ധുവെന്ന് ഒഴുക്കൻ മട്ടിലങ്ങ് പറഞ്ഞാൽ മതിയാവില്ല. ബന്ധം അൽപസ്വൽപം വളഞ്ഞതാണെങ്കിലും ആശുപത്രിയിൽ കിടക്കുന്നത് വകയിൽ അയാളുടെ അമ്മാവനാണ്.
- നെഞ്ച് വേദന കഠിനമായതിനെ തുടർന്നാണ് കഴിഞ്ഞ രാത്രിയിൽ അമ്മാവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
- ഗുരുതരമായ പ്രശ്നങ്ങളൊന്നുമില്ലെങ്കിലും കുറച്ച് നാളത്തെ ആശുപത്രി വാസം വേണ്ടി വരും.
- ആസ്ത്രേലിയയിൽ വേരുറപ്പിച്ചിട്ടുള്ള ഏക മകളുടെ സുഹൃത്തിന്റെതാണ് ആശുപത്രി.
വാട്ട്സാപ്പിലെ വിവിധ കുടുംബ ഗ്രൂപ്പുകളിൽ നിന്നുമാണ് ഇത്രയും വിവരങ്ങൾ അമ്മ സംഘടിപ്പിച്ചത്.
''കൊച്ചൊന്നും അടുത്തില്ലാത്തതല്ലേ നീയൊന്ന് പോയി ചേട്ടനെ കണ്ടേച്ചും വാ"
മക്കളേയും കൂട്ടി ഭാര്യ കൂട്ടുകാരിയുടെ മകളുടെ വിവാഹത്തിന് പോയതോടെ തനിക്ക് മാത്രമായി കിട്ടിയ ഞായറാഴ്ച്ചയെ എങ്ങനെ പിച്ചിച്ചീന്താമെന്ന ചിന്തയുടെ കടക്കലാണ് അമ്മ കത്തി വെച്ചത്. മുഖത്തെ നിഷേധ ഭാവം വായിച്ചെടുത്താവണം, കോളേജ് പഠനകാലത്ത് അമ്മാവൻ ചെയ്ത സാമ്പത്തിക സഹായങ്ങളുടെ കണക്കു പുസ്തകം അമ്മ തുറന്നത്. ചരിത്രത്തെ കൂടുതൽ കീറി മുറിക്കാൻ വിടാതെ അയാൾ ആശുപത്രിയിലേക്കിറങ്ങി.
രണ്ടാമത്തെ തട്ടിന്, ഒരു പെൺകുട്ടി വന്ന് വാതിൽ തുറന്നു; സഹായത്തിന് നിർത്തിയതാവണം. അമ്മാവൻ നല്ല ഉറക്കത്തിലാണ്. വായിച്ചു കൊണ്ടിരുന്ന മാസിക മടക്കി വെച്ച് കട്ടിലിന്റെ കാലിനോട് ചേർത്തിട്ടിരിക്കുന്ന കസേരയിൽ നിന്നും അമ്മായി പതുക്കെ എഴുന്നേറ്റു. തമ്മിൽ കണ്ടിട്ട് വർഷങ്ങളായെങ്കിലും അയാളെ പെട്ടെന്ന് തന്നെ അവർ തിരിച്ചറിഞ്ഞു. സ്വയം പരിചയപ്പെടുത്തൽ ഒഴിവായതിന്റെ ആശ്വാസത്തിൽ അയാൾ എതിർ വശത്തെ സോഫയിലമർന്നു.
സംസാരിക്കുന്നതിനിടയിൽ മുറിയിലാകെ ഒന്ന് കണ്ണോടിച്ചു. സാമാന്യത്തിലധികം വലിപ്പമുള്ള മുറി ഒരു ഹോട്ടൽ റൂമിനെ പോലെയുണ്ട്. നല്ല കാറ്റും വെളിച്ചവും. ആശുപത്രിയുടെ തനതായ രൂക്ഷഗന്ധം ഒട്ടുമില്ല. മകളുടെ സുഹൃത്തിന്റെ ആശുപത്രിയിൽ അമ്മാവന് ലഭിക്കുന്ന പ്രത്യേക പരിഗണന മുറിയുടെ അന്തരീക്ഷത്തിൽ നിന്ന് തന്നെ മനസിലാക്കാം.
അരികിലെ മേശയിൽ വെച്ച പഴക്കൂട കണ്ണിൽപ്പെട്ടതും കൈയ്യും വീശിയാണല്ലോ താൻ വന്നത് എന്നോർത്ത് അയാൾക്ക് ചെറുതല്ലാത്ത ജാള്യത തോന്നി. അമ്മാവൻ ഇനിയുമുണർന്നിട്ടില്ല. അൽപ നേരമിരുന്ന ശേഷം യാത്ര പറഞ്ഞിറങ്ങാൻ തുടങ്ങിയതാണ്. അപ്പോഴാണ് വാതിൽ തുറന്ന് ഡോക്ടർ അകത്തേക്ക് വന്നത്. ഡോക്ടർ പൾസ് നോക്കുമ്പോഴും ഒപ്പമുള്ള നഴ്സ് ഡ്രിപ്പിന്റെയും മൂത്രത്തിന്റെയും അളവുമെടുക്കുമ്പോഴുമൊക്കെ അമ്മാവൻ നല്ല ഉറക്കത്തിൽ തന്നെയായിരുന്നു. അമ്മാവന്റെ നിലവിലെ ആരോഗ്യസ്ഥിതിയെ പറ്റി ചില കാര്യങ്ങൾ പറഞ്ഞ ശേഷം ഡോക്ടർ ധൃതിയിൽ പുറത്തേക്കിറങ്ങി. ആർക്കെന്നില്ലാതെ നഴ്സ് നീട്ടിയ കുറിപ്പടിയും വാങ്ങി അയാൾ താഴെ നിലയിലുള്ള ഫാർമസിയിലേക്ക് ലിഫ്റ്റിലിറങ്ങി.
ഫാർമസിയിൽ വലിയ തിരക്കില്ലായിരുന്നു. പ്രിസ്ക്രിപ്ഷൻ പ്രകാരമുള്ള മരുന്നുകൾ എടുത്ത് വെച്ച ശേഷം ക്യാഷ് കൗണ്ടറിലേക്ക് ചെല്ലാൻ ഫാർമസിസ്റ്റ് പറഞ്ഞു. കൗണ്ടറിന് മുന്നിൽ ഒരു യുവതിയുണ്ട്. നിറം മങ്ങിയ അയഞ്ഞ ചുരിദാറിട്ട അവളുടെ പുറകിലായി അയാൾ ചെന്ന് നിന്നു. വാരി വലിച്ച് ഉയർത്തിക്കെട്ടിയ മുടി അനാവൃതമാക്കിയ പിൻകഴുത്തിൽ, കറുത്ത ചരടിന് ചുറ്റുമായി ചെളി അടിഞ്ഞ് കിടക്കുന്നത് കാണാം. സുഗന്ധലേപനത്തിന്റെ കലർപ്പില്ലാത്ത നല്ല വിയർപ്പ് നാറ്റമടിക്കുന്നുണ്ട്. അയാൾ രണ്ടടി പുറകോട്ട് നിന്നു. പണമടച്ച് മരുന്നുകൾ കൈയ്യിൽ കിട്ടിയിട്ടും യുവതി കൗണ്ടറിന് മുന്നിൽ നിന്നും മാറുന്നില്ല. മരുന്നുകൾ ഓരോന്നും ബില്ലുമായി ചേർത്ത് വെച്ച് നോക്കുകയാണ്. ഇടയിൽ ഒരോ മരുന്നെടുത്ത് അതിന്റെ വിലയിലെ സംശയം തീർക്കുന്നുമുണ്ട്. പല്ലിറുമ്മിയാണ് കൗണ്ടറിലെ പെൺകുട്ടി മറുപടി നൽകുന്നത്. പക്ഷെ അതൊന്നും ആ യുവതി ഗൗനിക്കുന്നതായേ തോന്നിയില്ല. പല നിറത്തിലുള്ള പ്ലാസ്റ്റിക് വളകളിട്ട കൈകൾ ഉയർത്തിപ്പിടിച്ച് വിരലുകൾ ഒന്നൊന്നായി മടക്കി അവൾ കണക്ക് കൂട്ടുകയാണ്.
"ചേച്ചിയൊന്നങ്ങോട്ട് മാറി നിന്നേ.... പുറകിലാളുണ്ട്."
കൗണ്ടറിലെ പെൺകുട്ടിക്ക് ക്ഷമ നശിച്ചു.
'പുറകിലെ ആ 'ആൾ' താനാണെന്ന അറിവ് അയാളെ പരിഭ്രമിപ്പിച്ചു. യുവതി തിരിഞ്ഞു നിന്ന് വല്ലതും പറയുമോ എന്ന ഭയമുണ്ടായിരുന്നു. ഒന്നുമുണ്ടായില്ല. മിണ്ടാതെ, തലയുയർത്തുക പോലും ചെയ്യാതെ ഒരരികിലേക്ക് നീങ്ങി നിന്ന് അവൾ കണക്ക് കൂട്ടൽ തുടർന്നു.
''ഇതെന്തിനാ...."
നാലഞ്ച് വിക്സ് മിഠായികൾ കൗണ്ടറിന് മുന്നിലേക്ക് നീക്കി വെച്ചാണ് അവളുടെ ചോദ്യം.
"ചില്ലറയില്ല"
മുഖയുയർത്താതെയാണ് പെൺകുട്ടി മറുപടി നൽകിയത്.
"എനിക്കിത് വേണ്ട. ബാക്കി അഞ്ച് രൂപ തന്നേ"
യുവതിയുടെ ഭാവവും ശബ്ദത്തിലെ ദൃഢതയും തിരിച്ചറിഞ്ഞാവണം, എന്തൊക്കെയോ പിറുപിറുത്ത് കൊണ്ട്, പെൺകുട്ടി അഞ്ച് രൂപ നാണയമെടുത്ത് കൗണ്ടറിന് മുന്നിലേക്കിട്ടു കൊടുത്തു. അത് ഉരുണ്ട് താഴേക്ക് വീഴുകയും ചെയ്തു. മരുന്നുമായി അയാൾ തിരികെ പോകുമ്പോഴും യുവതി കുനിഞ്ഞ് നിന്ന് നാണയം തിരയുകയായിരുന്നു.
ഒരാഴ്ച്ച കഴിഞ്ഞ്, ഉച്ചഭക്ഷണത്തിനായി ഓഫീസ് കാന്റീനിലിരിക്കുമ്പോഴാണ് അയാളുടെ ഫോണിലേക്ക് ഒരു വിദേശ നമ്പറിൽ നിന്നും കാൾ വരുന്നത്. അത്തരം കാളുകൾ സ്വീകരിച്ചാൽ പോലും ബാങ്ക് അക്കൗണ്ടിലെ കാശ് പോകുമെന്ന അറിവ് വെച്ച് രണ്ട് തവണ അയാൾ കട്ട് ചെയ്തതാണ്. പക്ഷെ വീണ്ടും വന്നപ്പോൾ സീകരിക്കാതിരിക്കാനായില്ല.
"ധനേട്ടൻ തിരക്കിലാണോ....?"
ധനേട്ടൻ എന്ന് തന്നെ വിളിക്കാറുള്ള ഭാര്യയുടേയും സഹോദരിമാരുടേതുമല്ലാത്ത സ്ത്രീശബ്ദം അയാളെ കുഴക്കി.
''ഞാൻ പവിത്രയാണ്....ശേഖരൻ മാമേടെ...."
അയാൾ ആശുപത്രിയിൽ ചെന്ന് കണ്ട വകയിലെ അമ്മാവനാണ് ശേഖരമ്മാമ. പവിത്ര അദ്ദേഹത്തിന്റെ ഏക മകളാണ്. ഒരേ കലാലയത്തിൽ പഠിക്കുന്ന കാലത്ത് നാണക്കേട് കാരണം ബന്ധുത്വം മറച്ച് പിടിച്ച് അകലം പാലിച്ചവൾ ഇപ്പോൾ അങ്ങ് ആസ്ത്രേലിയയിൽ നിന്നും തന്റെ നമ്പർ തപ്പി പിടിച്ചു വിളിക്കുന്നതെന്തിനാവും? ചിന്തകളങ്ങനെ കാട് കയറുന്നതിനിടയിലാണ് അവൾ ചോദിച്ചതിന് മറുപടി നൽകിയില്ലല്ലോ എന്നോർത്തത്.
''ഇല്ല തിരക്കില്ല...പറയൂ..."
"അച്ഛനെ കാണാൻ ചെന്നിരുന്ന കാര്യം അമ്മ ഇന്നലെ വിളിച്ചപ്പോ പറഞ്ഞിരുന്നു. വല്യ ആശ്വാസായി അമ്മക്ക്."
അയാളൊന്ന് മൂളുക മാത്രം ചെയ്തു.
"പ്രായമായ അച്ഛനുമമ്മേം തനിച്ചാക്കി ഇവിടിങ്ങനെ നിക്കുമ്പോ എന്തൊരു സമാധാനക്കേടാന്നറിയോ ധനേട്ടാ. വയ്യാണ്ടായീന്നൊക്കെയറിയുമ്പോ..."
തൊണ്ട ഇടറുന്നുണ്ടോ??? അവൾ പണ്ടേ നല്ല നടിയാണ്.
"ഇടക്കൊക്കെ വന്നൂടെ...അതിന് തക്ക ആസ്തീണ്ടല്ലോ."
അയാൾക്ക് ഒന്ന് കുത്താതിരിക്കാനായില്ല.
''ആഗ്രഹമില്ലാഞ്ഞിട്ടല്ല ഏട്ടാ. ഒക്കെ അവസാനിപ്പിച്ച് വരണന്ന്ണ്ട്. പക്ഷേല് ഒറ്റ ദിവസം കൊണ്ട് എല്ലാം ഇട്ടെറിഞ്ഞ് ഓടി വരാൻ പറ്റണ്ടെ. പിന്നെ അങ്ങോർക്കും കുട്ട്യോൾക്കും അത് കേക്ക്വേ വേണ്ട. ആഹ്...എന്റെ വിധി....!!"
അങ്ങയറ്റത്ത് ഒരു തേങ്ങൽ അയാൾ വ്യക്തമായി കേട്ടതാണ്.
"ആഹ്...അതൊക്കെ പോട്ടെ... ഞാനിപ്പോ ധനേട്ടനെ വിളിച്ചത് ഒരു സഹായത്തിനാ. അച്ഛനെ ഇന്നലെ ഐ.സി.യുവിലേക്ക് മാറ്റി. അറിയാലോ; ഹോസ്പിറ്റൽ എന്റെ സുഹൃത്തിന്റെയൊക്കെ തന്ന്യാ. എല്ലാ സൗകര്യവും അവൻ ചെയ്യേം ചെയ്യും. പക്ഷെ അടുത്ത് സ്വന്തക്കാരുണ്ടാവുമ്പോ കിട്ടുന്ന ഒരാശ്വാസമുണ്ടല്ലോ...."
പാതിയിൽ നിർത്തിയത് തന്നിൽ നിന്നുമൊരു മറുപടി പ്രതീക്ഷിച്ചിട്ടാണെന്ന് തീർച്ചയാണ്. എന്നിട്ടും അയാൾ ഒന്ന് മൂളുക പോലും ചെയ്തില്ല.
"ഇപ്പോ എന്നോട് വരാനാ അമ്മ പറയണേ. ഇത്ര പെട്ടെന്നൊക്കെ ഇങ്ങനെ പറഞ്ഞാ എന്താ ചെയ്യാ. വെക്കേഷൻ സമയമായതോണ്ട് ടിക്കറ്റിനൊക്കെ മൂന്നും നാലുമിരട്ടിയാ ചാർജ്ജ്. അതോണ്ട്...ഏട്ടന് പറ്റുമ്പോഴൊക്കെ ഒന്ന് ആശുപത്രി വരെ ചെല്ലണം. അതൊരു വല്ല്യ ആശ്വാസാവും അമ്മക്ക്.ബുദ്ധിമുട്ടിക്കുകയാണെന്നറിയാം. നിവൃത്തികേട് കൊണ്ടാണ് "
അപ്പുറത്ത് കരച്ചിൽ അണമുറിഞ്ഞൊഴുകി. അയാൾ കാൾ കട്ട് ചെയ്തു. കാലങ്ങൾക്കിപ്പറമുള്ള ബന്ധം പുതുക്കലിന്റെ ഉദ്ദേശ ലക്ഷ്യം ശരിക്കും ബോധ്യമായി. അയാൾ പല്ലിറുമ്മി.
പിറ്റേന്ന്, അയാൾ ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങി ആശുപത്രിയിലേക്ക് പോയി. സന്ദർശക സമയമാവാൻ കാത്ത് റിസപ്ഷനിലെ സോഫയിൽ ഇരിക്കുമ്പോൾ ബഹളം കേട്ടാണ് ഫാർമസിയുടെ ഭാഗത്തേക്ക് നോക്കിയത്. അവിടെ കൗണ്ടറിന് മുന്നിൽ അന്നത്തെ ആ യുവതി. അതേ മുഷിഞ്ഞ ചുരിദാർ, വാരിക്കെട്ടിയ മുടി, കൈയ്യിൽ മരുന്ന് കവർ; ഒരാഴ്ച്ചക്കാലം അവിടെ മരവിച്ച് നിന്ന് പോയത് പോലെ അയാൾക്ക് തോന്നി. കൗണ്ടറിലെ പെൺകുട്ടിയുടെ ശബ്ദമാണ് ഉയർന്ന് കേൾക്കുന്നത്. അവൾ വിളിച്ചിട്ടാവണം ഒരു സെക്യൂരിറ്റിക്കാരൻ ഓടി വന്നത്. അയാൾക്ക് പുറകെ, അനുസരണയുള്ള കുട്ടിയെ പോലെ യുവതി വാതിൽ കടന്ന് പുറത്തേക്ക് നടന്നു. അയാൾക്ക് പിന്നെ ഇരിപ്പുറച്ചില്ല. ഗേറ്റിന് പുറത്ത് തന്നെ അവൾ നിൽക്കുന്നുണ്ട്. നടപ്പാതയിലൂടെ കടന്ന് പോകുന്നവർ മതിലിൽ മുഖം ചേർത്ത് നിൽക്കുന്ന അവളെ ശ്രദ്ധിക്കുന്നുണ്ട്. റോഡിലൂടെ പരക്കം പായുന്ന വാഹനങ്ങളുടെ ഇരമ്പൽ അയാൾ കേട്ടതേയില്ല. അയാളുടെ സാമിപ്യം തിരിച്ചറിഞ്ഞ് അവൾ തിരിഞ്ഞു നിന്നു. പിന്നെ ഷാൾ കൊണ്ട് മുഖം അമർത്തി തുടച്ചു.
"എന്താ പറ്റിയത്?"
അയാളുടെ ചോദ്യത്തിന് മറുപടി കിട്ടിയില്ല.
ഒരാഴ്ച്ച മുമ്പേ അവളെ കണ്ടതും ഇപ്പോൾ ഫാർമസിയിൽ വെച്ച് വീണ്ടും കാണാനിടയായതുമെല്ലാം അയാൾ വിവരിച്ചു. പിന്നെ ശബ്ദം ആവുന്നത്ര മയപ്പെടുത്തി ഇത്രയും പറഞ്ഞു:
''പറഞ്ഞോളൂ....എന്താ യഥാർത്ഥത്തിൽ സംഭവിച്ചത്. എനിക്ക് ചിലപ്പോൾ കുട്ടിയെ സഹായിക്കാൻ പറ്റിയേക്കും. ഇതെനിക്ക് പരിചയമുള്ള ഒരാളുടെ ആശുപത്രിയാണ്."
നിറഞ്ഞ കണ്ണുകൾ വിടർന്നു.
"അച്ഛൻ ജനറലാശുപത്രില് കിടപ്പായിരുന്നു. അവിടെ മരുന്ന് കിട്ടാത്തോണ്ട് ഇവിടുന്ന് വാങ്ങാനാ ഡോക്ടർ സാറ് പറഞ്ഞെ. ആയിരം രൂപക്കുള്ള മരുന്നാ ഇത്. മാനം വിറ്റ്ണ്ടാക്ക്യ കാശാ. എന്നിട്ടെന്താ, കൊണ്ട് ചെല്ലുമ്പോഴേക്കും അച്ഛൻ പോയി. പറഞ്ഞിട്ട് കാര്യല്ല. അതിനും മത്യായിക്കാണും."
അവൾ വല്ലാത്തൊരു ചിരി ചിരിച്ചു.
"വീട്ടിൽ പട്ടിണിയാ സാറേ. അച്ഛൻ മരിച്ച് മൂന്നായപ്പോ ഉറ്റോരൊക്കെ പോയി. ഇളയുത്ങ്ങളിപ്പോ വിശന്ന് കരയ്വാ. തെണ്ടാനിറങ്ങിയതാ, അപ്പഴാ ഈന്റെ കാര്യോർത്തത്. പൊട്ടിച്ച്ട്ടും കൂടല്ല. പക്ഷേല് വിറ്റ മരുന്ന് എടുക്കൂല്ലന്നാ അവര് പറയുന്നേ. ഒന്ന് സഹായിക്ക് സാറേ."
അവൾ മുന്നിൽ കൈ കൂപ്പി നിൽക്കുന്നു. വേണമെങ്കിൽ പവിത്രയുടെ ബന്ധമുപയോഗിച്ച് മരുന്ന് തിരിച്ചെടുപ്പിക്കാം. അത് വേണ്ടെന്ന് തോന്നി. കീശയിൽ നിന്നും രണ്ട് അഞ്ഞൂറിന്റെ നോട്ടുകളെടുത്ത് അവൾക്ക് നീട്ടി.
"വേണ്ട സാറേ... മരുന്ന് തിരിച്ചെടുക്ക്വെങ്കി മതി.. ഇല്ലെങ്കി പോട്ടെ..."
കണ്ണുകൾ തുടച്ച് നടന്ന് തുടങ്ങിയ അവളുടെ കൈയ്യിൽ അയാൾ കടന്ന് പിടിച്ചു. പ്ലാസ്റ്റിക് വളകൾ ഞെരിഞ്ഞു. മരുന്നിന്റെ കവർ വാങ്ങിച്ച്, നോട്ടുകൾ അവളുടെ കൈയ്യിൽ തിരുകി കൊടുത്തു.
"അതിന് ഇത് വെറും മരുന്നുകൾ മാത്രമല്ലല്ലോ...ഇതെനിക്ക് വേണം..."
കേട്ടതിന്റെ പൊരുളറിയാതെ അന്തിച്ച് നിൽക്കുന്ന അവളെ വിട്ട്, അയാൾ ആശുപത്രി ഗേറ്റിന് നേരെ വേഗത്തിൽ നടന്നു.
No comments:
Post a Comment