കോടതി മുറി തിങ്ങി നിറഞ്ഞിട്ടുണ്ട്. കാരണം, വിചിത്രമായ ഒരു കേസിന്റെ തുടർ വാദമാണ് ഇന്നവിടെ നടക്കുന്നത്. (നിലവിൽ രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന വൈചിത്ര്യങ്ങൾ നോക്കിയാൽ ഈ കേസിനെ വിചിത്രമെന്ന് വിശേഷിപ്പിക്കുന്നതിലെ ശരിമ തീർച്ചയായും ഒരു തർക്കവിഷയമാണ്.)
"ഒബ്ജെക്ഷൻ ഓവർറൂൾഡ്..യൂ കാൻ പ്രൊസീഡ്"
ഇല്ലാത്ത ചുറ്റിക കൊണ്ട് ജഡ്‌ജി മേശപ്പുറത്ത് ആഞ്ഞടിച്ചു.
"താങ്ക്യൂ യുവറോണർ"
ഗൗൺ വലിച്ച് നേരെയിട്ട് പ്രതിഭാഗം വക്കീൽ അൽപം കൂടി മുന്നോട്ട് കയറി നിന്നു.
"പബ്ലിക് പ്രോസിക്യൂട്ടറുടെ വാദങ്ങൾ അംഗീകരിച്ചു കൊണ്ട് തന്നെ പറയട്ടെ; എന്റെ കക്ഷി ഈ രാജ്യത്തെ ഔദ്യോഗിക മത വിഭാഗത്തിൽപ്പെട്ട ഒരാളല്ല. മാത്രവുമല്ല സ്വന്തം പൗരത്വം തെളിയിക്കാനാവശ്യമായ പ്രപിതാമഹൻമാരുടെ രേഖകളൊന്നും അയാൾക്ക് ഹാജരാക്കാനാവില്ല. കാരണം, അയാൾ സ്വന്തം കുടുംബത്തിൽ നിന്നു തന്നെ പുറത്താക്കപ്പെട്ടയാളാണ്."
പബ്ലിക് പ്രോസിക്യൂട്ടറുടെ കനത്ത താടി രോമങ്ങൾക്കിടയിൽ പടരുന്ന നനുത്ത ചിരി അവഗണിച്ചു കൊണ്ട് പ്രതി ഭാഗം വക്കീൽ തുടർന്നു:
"പക്ഷെ പബ്ലിക് പ്രോസിക്യൂട്ടർ പറയാതെ പോയ ചില കാര്യങ്ങൾ എനിക്ക് ബോധിപ്പിക്കാനുണ്ട്. അതിന് വേണ്ടി, മുൻകൂറായി സമർപ്പിച്ച പട്ടികയിൽ നിന്നും ഒരു വ്യക്തിയെ എനിക്ക് കോടതി മുമ്പാകെ ഹാജരാക്കേണ്ടതുണ്ട്."
"യെസ്...പ്രൊസീഡ്"
മുന്നിലെ പട്ടികയിലൂടെ കണ്ണോടിച്ചു കൊണ്ട് ജഡ്ജി മുരണ്ടു.
പുറകിൽ ഒന്ന് തട്ടിയപ്പോൾ അവൾ മുന്നോട്ട് കയറി നിന്നു.
"ഈ വ്യക്തി രാജ്യത്തെ പൗരനാണെന്നതിൽ ആർക്കും എതിർപ്പില്ലെന്ന് വിശ്വസിക്കട്ടെ."
പബ്ലിക് പ്രോസിക്യൂട്ടറെ നോക്കിയാണ് പ്രതിഭാഗം വക്കീൽ ചോദിച്ചത്.
"എന്ത് ചോദ്യമാണ് ഹേ.. നിങ്ങളെന്താ കോടതിയെ കളിയാക്കുകയാണോ? ഇദ്ദേഹം വെറുമൊരു പൗരനാണോ; നമ്മുടെ ദേശീയതയുടെ തന്നെ പ്രതീകമല്ലേ?"
ജഡ്ജി ആകാവുന്നത്രയും മുന്നോട്ട് വളഞ്ഞു നിന്ന് കൈകൾ കൂപ്പി. പബ്ലിക് പ്രോസിക്യൂട്ടർ ഉൾപ്പടെ മുറിയിലെ ഭൂരിപക്ഷവും യാന്ത്രികമായി ജഡ്ജിയെ അനുകരിച്ചു. അത് ഇഷ്ടപ്പെട്ട മട്ടിൽ അവൾ തല കുലുക്കിയപ്പോൾ കഴുത്തിലെ മണി കിലുങ്ങി.
"ക്ഷമിക്കണം; കളിയാക്കാൻ ഉദ്ദേശിച്ചതല്ല."
പ്രതിഭാഗം വക്കീൽ കൈകൂപ്പി തല കുനിച്ചു.
""ഓക്കെ...പ്രൊസീഡ്"
"യുവറോണർ, നമ്മുടെ ദേശീയതയുടെ പ്രതീകമായ ഈ വ്യക്തിയുമായി എന്റെ കക്ഷി തീവ്ര പ്രണയത്തിലാണ്. പതിനഞ്ച് വർഷങ്ങൾക്ക് മുമ്പത്തെ ഒരു പെരുന്നാൾ ദിനത്തിൽ അറവ് കത്തിയുടെ മുനയിൽ നിന്നും ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത് എന്റെ കക്ഷിയാണ്. അന്ന് തുടങ്ങിയ ബന്ധം വീട്ടുകാരുടെ കടുത്ത എതിർപ്പുകൾ മറികടന്നും എന്റെ കക്ഷി തുടരവേയാണ്..."
"ഒബ്ജക്ഷൻ യുവറോണർ"
പബ്ലിക് പ്രോസിക്യൂട്ടർ അലറിക്കൊണ്ട് സീറ്റിൽ നിന്നും ചാടിയെണീറ്റു.
"ഒബ്ജെക്ഷൻ സസ്റ്റെയിന്ഡ്"
വിരണ്ടു പോയ ജഡ്ജി പറഞ്ഞാെപ്പിച്ചു.
"ദിസ് ഈസെ ക്ലിയർ കേസ് ഓഫ് ലൗ ജിഹാദ്... നമ്മുടെ ദേശീയതയുടെ പ്രതീകത്തെ പോലും പ്രണയക്കുരുക്കിൽപ്പെടുത്തി മതപരിവർത്തനം നടത്താൻ ധൈര്യം കാണിച്ച ഇയാൾക്കെതിരെ കോടതി സ്വമേധയാ കേസെടുക്കണമെന്നാണ് എനിക്ക് പറയാനുളളത്."
ഒറ്റശ്വാസത്തിൽ പറഞ്ഞ് തീർത്ത് പബ്ലിക് പ്രോസിക്യൂട്ടർ സീറ്റിലമർന്നു.
"നിങ്ങൾക്കെന്താണ് പറയാനുളളത്"
ജഡ്ജി പ്രതിഭാഗത്തെ നോക്കി.
"യുവറോണർ, പബ്ലിക് പ്രോസിക്യൂട്ടറുടെ ഈ ആരോപണം ഞാൻ പ്രതീക്ഷിച്ചതാണ്. പക്ഷെ എന്റെ കക്ഷിയുടെ പ്രണയത്തിന്റെ ആത്മാർത്ഥത എനിക്ക് തെളിയിക്കാനാകും."
പ്രതിഭാഗം വക്കീൽ മുന്നോട്ട് ചെന്ന് ചില കടലാസ്സുകൾ കോടതി ക്ലാർക്കിന് കൈ മാറി.
"സർക്കാർ വക ഗോശാലയിൽ വെച്ച്, ഗോരക്ഷക് പ്രമുഖിന്റെ കാർമ്മികത്വത്തിൽ, കഴിഞ്ഞ മാസം ഇവരുടെ വിവാഹം നടന്നതിന്റെ രേഖകൾ ഇവിടെ സമർപ്പിച്ചിട്ടുള്ളത് താങ്കൾക്ക് പരിശോധിക്കാവുന്നതാണ്. മാത്രവുമല്ല, രാജ്യത്തിന്റെ ഔദ്യോഗിക മതത്തിലേക്ക് മാറാനുള്ള ആഗ്രഹം അറിയിച്ചു കൊണ്ട് ദേശീയ മതപരിവർത്തന കമ്മീഷന് എന്റെ കക്ഷി നൽകിയ അപേക്ഷയും ഇവിടെ സമർപ്പിച്ചിട്ടുണ്ട്. ഈ വസ്തുതകളെല്ലാം പരിഗണിച്ചു കൊണ്ട് എന്റെ കക്ഷിക്ക് പൗരത്വം അനുവദിച്ച് നൽകണമെന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു."
ഉച്ച ഭക്ഷണത്തിനായി പിരിഞ്ഞ കോടതി വീണ്ടും ചേർന്നു.
തികട്ടിക്കയറി വന്ന വായു പ്രവാഹത്തെ ഒരിറക്ക് വെള്ളത്തോടൊപ്പം കുടിച്ചിറക്കി കൊണ്ട് ജഡ്ജി ഇങ്ങനെ വിധി പ്രസ്താവിച്ചു:
"രാജ്യത്തിന്റെ നിലവിലെ നിയമ വ്യവസ്ഥയനുസരിച്ച് ഒരു പൗരന്റെ നിയമപരമായ പങ്കാളിക്ക് പൗരത്വത്തിന് അർഹതയുണ്ട്. കോടതിക്ക് മുന്നിൽ സമർപ്പിക്കപ്പെട്ട രേഖകൾ പ്രകാരം പ്രതി ഔദ്യോഗിക മതാചാര പ്രകാരം രാജ്യത്തെ ഒരു പൗരനുമായി വിവാഹം ചെയ്യപ്പെട്ടിട്ടുളളതാണ്. മാത്രവുമല്ല, പ്രതിയുടെ പങ്കാളിയായ പൗരൻ ഒരു വിശിഷ്ട വ്യക്തിയാണെന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ആയതിനാൽ, പ്രതിക്ക് ഉടനടി രാജ്യത്തിന്റെ പൗരത്വം അനുവദിച്ച് നൽകണമെന്നും ആറു മാസത്തിനകം
ഘർ വാപസി പദ്ധതിയിൽ ഉൾപ്പെടുത്തി പ്രതിയെ രാജ്യത്തിന്റെ ഔദ്യോഗിക മതത്തിലേക്ക് പരിവർത്തനം ചെയ്യണമെന്നും ഈ കോടതി വിധിക്കുന്നു."
ഇല്ലാത്ത ചുറ്റിക വായുവിൽ പലവട്ടം ഉയർന്നു താഴ്ന്നു.
No comments:
Post a Comment