Monday, 9 December 2019

അജ്ഞാതം


ഉദ്ഘാടനത്തിനു തയ്യാറായി നീണ്ടു നിവർന്നു നില്‍ക്കുന്ന അമ്പത്തൊന്ന് നില ഫ്ലാറ്റ് സമുച്ചയത്തിന്‍റെ പരസ്യ ബോർഡിന് താഴെ, റോഡരികിലാണ്  ആ വൃദ്ധന്‍റെ കിടപ്പ്. ദിവസേന കാലത്തും വൈകിട്ടും, പീജിക്കും മെട്രോ സ്റ്റേഷനുമിടയിലെ നടപ്പിൽ അവന്റെ സ്ഥിരം കാഴ്ച്ചയാണത്. അമ്മിക്കല്ല് പോലെ പരന്ന കല്ലിൽ തല വെച്ച്, ശരീരം മുഴുവൻ മറക്കാനില്ലാത്ത ഒരു കീറക്കമ്പിളി പുതച്ച് ചുരുണ്ടുകൂടി  കിടക്കുന്ന അയാളുടെ മുഖത്തെ ശാന്തത, ബോര്‍ഡിലെ "പ്രശാന്തിയുടെ ഔന്നത്യം"  എന്ന പരസ്യ വാചകത്തെ  അന്വർത്ഥമാക്കുന്നുണ്ട് എന്ന ചിന്ത അവൻ ഒരിക്കൽ സചിത്രം  ഫേസ്ബുക്കിൽ പങ്ക് വെച്ചതാണ്. പതിവ് പോലെ, കയ്യില്‍ കരുതിയ ഭക്ഷണപ്പൊതി അയാളുടെ കാല്‍ക്കല്‍ വെച്ച് മുന്നോട്ട് നടക്കുമ്പോൾ ഫ്ലാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടകനായ കേന്ദ്ര മന്ത്രിയുടെ വരവറിയിച്ചു കൊണ്ടുള്ള അനൌണ്‍സ്മെന്‍റ് വാഹനം എതിരെ പാഞ്ഞു പോയി.

ക്യാമ്പസ്‌ സെലക്ഷന്‍ വഴി നേടിയ ഐ.ടി. ജോലിയുമായി ഈ മെട്രോ നഗരത്തിലേക്ക് വന്നടിഞ്ഞപ്പോഴും ഉള്ളിലെ നാട്ടിമ്പുറത്തുകാരനെ അവൻ കൂടെ കൂട്ടിയിരുന്നു. അത് കൊണ്ടാവണം, കൂറ്റൻ മാളുകള്‍ക്കും പബ്ബുകള്‍ക്കും പേരുകേട്ട ഉദ്യാന നഗരിയിലെ ഇനിയും വറ്റാത്ത തടാകങ്ങളും കത്തി തീരാത്ത  തണലിടങ്ങളും അവനു പ്രിയപ്പെട്ടതായത്. മാറിയ കാലത്തിന്‍റെ വേഗതയോട് സമന്വയപ്പെടാത്ത ചിന്തകളും ചെയ്തികളും ഒപ്പമുള്ളവര്‍ക്കിടയിൽ അവനെ ഒറ്റയാനാക്കി. 

ഹോട്ടലിന്റെ  രണ്ടാം നിലയിൽ, മെനു കാർഡിലെ വിഭവങ്ങൾക്കായി സുഹൃത്തുക്കൾ 'ലേലം വിളി' നടത്തുമ്പോൾ അവൻ ചില്ലു ചുവരിലൂടെ നഗരക്കാഴ്ച്ചകൾ രുചിക്കുകയായിരുന്നു. ഉച്ച വെയിലിൽ തിളച്ചു മറിയുന്ന നഗരത്തിരക്കിലൂടെ  കീറക്കമ്പിളിയും പുതച്ചു നടന്നു മറയുന്ന  വൃദ്ധനെ ഒരു മിന്നായം പോലെയാണ് കണ്ടത്. റോഡരികിലെ കിടപ്പിൽ നിന്നും മാറി അയാളെ മറ്റൊരിടത്തു കാണുന്നത് ഇതാദ്യമാണ്. 

അവന്റെ ജന്മദിനാഘോഷത്തിനാണ്  ഇന്ന് അവരവിടെ  കൂടിയിരിക്കുന്നത്. പത്താമത്തെ വയസ്സിൽ ക്ലീറ്റസങ്കിൾ തേടിയെത്തുന്നത് വരെ ഓർഫനേജ് റജിസ്റ്ററിൽ പേര് ചേർത്ത തീയ്യതിയായിരുന്നു അവന്റെ ജന്മദിനം.  തന്നെ പ്രസവിച്ചിട്ട്  നിമിഷങ്ങള്‍ക്കകം മരണപ്പെട്ട അമ്മയെ പറ്റി അങ്കിളിൽ നിന്നും അറിഞ്ഞതിന് ശേഷം ആഘോഷിക്കപ്പെടാതെ പോയ ഒരോ ജന്മദിനവും അവന് അമ്മയുടെ  ഓര്‍മ്മ ദിനമായിരുന്നു. പക്ഷെ ഇന്ന് എച്ച്.ആർ. ഡിപ്പാർട്മെന്റിൽ നിന്നും ലഭിച്ച  ജന്മദിനാശംസ സഹപ്രവർത്തകർ കണ്ടു പിടിച്ചതോടെ അവരുടെ നിര്‍ബന്ധത്തിനു വഴങ്ങേണ്ടി വന്നു. ആദ്യമായാണ് ഇത്രയും വലിയൊരു ഹോട്ടലിൽ നിന്നും അവൻ ഭക്ഷണം കഴിക്കുന്നത്. എത്ര തന്നെ ശബ്ദമുണ്ടാക്കി കഴിച്ചാലും വിരലുകള്‍ നക്കിത്തുടച്ചാലും ചുളിയാത്ത മുഖങ്ങൾ ചുറ്റുമുള്ള ചെറിയ ഭക്ഷണശാലകളേയാണ്  എന്നും ഇഷ്ടപ്പെട്ടത്. എല്ലാവരും കഴിച്ചെണീറ്റപ്പോഴും 'ലേലം വിളിച്ചെടുത്ത' വിഭവങ്ങൾ മേശയിൽ ബാക്കിയായി. മാസ ശമ്പളത്തിന്‍റെ പകുതിയോളം വരുന്ന ബില്ല്  പേ ചെയ്ത്, ബാക്കി വന്ന ഭക്ഷണം പൊതിഞ്ഞു തരാന്‍ ആവശ്യപ്പെട്ടപ്പോൾ ബെയറര്‍ പയ്യന്‍റെ കണ്ണുകളിൽ വിരിഞ്ഞത് അതിശയമോ പുച്ഛമോ? 

സിഗ്നലിന് മുന്നിലെ പെരുമ്പാമ്പിന്റെ വാലറ്റത്താണ് അവരുടെ കാറ്. കടും നിറത്തിലുള്ള ചേല ചുറ്റിയ ഹിജഡകൾ ശ്യംഗാരവും ഭീഷണിയും കലർന്ന സ്വരത്തിൽ വാഹനങ്ങൾ തോറും നടന്ന് കാശ് പിരിക്കുന്നുണ്ട്. മണ്ണിന്റെ നിറമുള്ള കുട്ടികൾ, പത്ത് രൂപക്ക് രണ്ട് നീളൻ പേനകളും പൂക്കളും വലിയ ബലൂണുകളുമായി ചില്ലുകളിൽ തൊട്ട് തൊട്ട് തിരക്കിലൂടെ ഊളിയിടുന്നു. അവരുടെ കാർ സിഗ്നലിന് മുന്നിലെത്തിയപ്പോഴേക്കും വീണ്ടും  ചുവപ്പ് കത്തി. അവൻ ചില്ലിലേക്ക് തല ചായ്ച്ചു.

അന്യമതസ്ഥരായ അച്ഛന്‍റെയും അമ്മയുടെയും വിപ്ലവപ്രണയത്തിന് സകല പിന്തുണയും നൽകി ഒടുവിൽ അവരുടെ  ഒളിച്ചോട്ട വിവാഹം നടത്തിക്കൊടുത്തതും ക്ലീറ്റസങ്കിളാണ്. അയാളുടെ ബലത്തിലാണ് അവർ ജീവിതം കെട്ടിപ്പടുത്തത്. അങ്കിൾ കൈമാറിയ, അച്ഛന്റെ ചുവന്ന ചട്ടയുള്ള ഒരു ഡയറിയിൽ നിന്ന് വായിച്ചറിഞ്ഞതാണ് ഇതെല്ലാം. ഡയറിയുടെ അവസാന താളിൽ ഒരു ബ്ലാക്ക് ആന്‍റ് വൈറ്റ്‌  ഫോട്ടോയുണ്ട്.  തോളിലൂടെ കൈയ്യിട്ട് അമ്മയെ ചേർത്ത് നിൽക്കുന്ന അച്ഛന്റെ ചിത്രം അവരുടെ പ്രണയകാലത്ത് അങ്കിളെടുത്തതാണ്.

സ്വത്ത് തര്‍ക്കത്തിന്‍റെ പേരില്‍ അച്ഛനെ ആക്രമിക്കാന്‍ അമ്മാവൻമാരുടെ ഗുണ്ടകളെത്തിയപ്പോൾ, അങ്കിൾ മീൻപിടുത്ത ബോട്ടിൽ നടുക്കടലിലായിരുന്നു. അന്ന് ആരുടെയോ ചവിട്ടേറ്റ് പൂർണ്ണ ഗർഭിണിയായ അമ്മ വീണു പോയി. മൃതപ്രായനായ അച്ഛനെ അവരെവിടെയോ കൊണ്ട് പോയി ഉപേക്ഷിച്ചു. പിന്നീട്, പാതിജീവനുമായി തിരിച്ചെത്തിയ അച്ഛനെ, അമ്മയുടെ മരണവാര്‍ത്തയറിഞ്ഞതോടെ  ആരും കണ്ടിട്ടില്ല. അമ്മയോടൊപ്പം അവനും മരിച്ചു പോയെന്ന് അയാൾ കരുതിയിരിക്കണം. 

അങ്കിളാണ് അവനെ പള്ളി വക അനാഥാലയത്തിൽ ചേർത്തത്. അവിടെ നിന്ന് പഠിച്ച് സ്കോളർഷിപ്പോടെ എഞ്ചിനീയറിങ്ങിന് ചേർന്നപ്പോഴും  അയാൾ മുടങ്ങാതെ ചെന്നു കണ്ടു കൊണ്ടിരുന്നു. എന്നാൽ ഇപ്പോൾ, പ്രായമേറിയതിനാൽ,  ഇത്ര ദൂരെ വന്ന് കാണാനുള്ള ആരോഗ്യസ്ഥിതിയിലല്ല. അയാൾക്ക് അതിൽ വലിയ വിഷമമുണ്ട്. പകരം കത്തുകളാണ്. ഓർമ്മകൾ വിടരും മുമ്പേ വിട്ടു പോയ അച്ഛനമ്മമാർ അങ്കിളിന്റെ ഓർമ്മകളിലൂടെ അവനൊപ്പം കൂടുന്നു. വർഷങ്ങൾക്ക് ഇപ്പുറവും  ഓർമ്മകൾ മുറിഞ്ഞ്  കണ്ണീരൊഴുകുന്നു.  

തല ചായ്ച്ചു വെച്ചിരുന്ന ജനലിലെ തട്ട് കേട്ടാണ് അവൻ ചിന്തയിൽ നിന്നുണർന്നത്.  കയ്യിലെ ട്രേ നിറയെ  തലയാട്ടുന്ന  പലതരം പട്ടികളും ഒക്കത്തൊരു കുഞ്ഞുമായി നില്ക്കുന്ന നാടോടി സ്ത്രീ. ചില്ല് പാതി താഴ്ത്തി വിരല്‍ ചൂണ്ടി വില ചോദിക്കുന്ന സുഹൃത്തിനു  ക്ഷമയോടെ ഓരോന്നിന്‍റെയും വില അവള്‍ പറഞ്ഞു കൊടുക്കുന്നുണ്ട്. ഒടുക്കം, ബട്ടന്‍ പൊട്ടിയ ഷര്‍ട്ടിന്റെ വിടവിലൂടെ കാണുന്ന തന്റെ മെല്ലിച്ച ശരീരത്തിന്‍റെ  വിലയാണ് അവൻ ചോദിക്കുന്നതെന്ന്  മനസിലായതോടെ അവള്‍ മുഖം കുനിച്ച് കൊണ്ട്  അടുത്ത വാഹനത്തിനടുത്തേക്ക് പോയി. കാറിനുള്ളിൽ മുഴങ്ങിയ പൊട്ടിച്ചിരിയിൽ പങ്കുചേരാനാകാതെ  അവന്‍ കണ്ണുകളടച്ചു. അമ്മയുടെ തോളിലൂടെയിട്ട അച്ഛന്‍റെ കയ്യിൽ പച്ച കുത്തിയ 'കുരിശിൽ തറച്ച ചെഗുവേര'  കൺമുന്നിൽ തെളിഞ്ഞു വന്നു. 

മെട്രോ ഇറങ്ങി നടക്കുമ്പോൾ  വൃദ്ധനെ കണ്ടില്ല. അയാൾ തല വെച്ചുറങ്ങാറുള്ള കല്ലിൽ ആരോ ഒരു ത്രിവര്‍ണ്ണ പതാക വരച്ചു ചേര്‍ത്തിട്ടുള്ളത്  തെരുവ് വിളക്കിന്‍റെ  അരണ്ട വെട്ടത്തിൽ കണ്ടു. തൊട്ടരികിലായി സ്ഥാപിച്ച കമ്പിക്കൂടിനകത്തെ കുഴിയിലൊരു വൃക്ഷത്തൈയ്യുണ്ട്. ആളുകൾ മത്സരിച്ചൊഴിച്ച വെള്ളം കുഴി നിറഞ്ഞൊഴുകി പുറത്ത് തളം കെട്ടിക്കിടന്നു. കയ്യിൽ കരുതിയ ഭക്ഷണപ്പൊതി ആ കമ്പിക്കൂടില്‍ ചാരി വെച്ച് അവന്‍ നടന്നകന്നു. 

പിന്നീടുള്ള ദിവസങ്ങളിലും വൃദ്ധനെ കണ്ടില്ല. കാരണം, അവൻ വായിക്കാതെ തൂക്കിവിറ്റ  പത്രങ്ങളിലൊന്നില്‍  ക്രൂശിതനായ ചെഗുവേരയെ പച്ചകുത്തിയ കയ്യുള്ള അജ്ഞാത മൃതദേഹമായി അയാൾ ഉറങ്ങിക്കിടന്നിരുന്നു.  അപ്പോഴേക്കും, കമ്പിക്കൂടിനകത്തെ വൃക്ഷത്തൈ വെളളം കിട്ടാതെ കരിഞ്ഞുണങ്ങി പോയിരുന്നു.

No comments:

Post a Comment