Friday, 29 November 2019

തുലാവര്‍ഷം

പേരിനു മാത്രം ഇടിയും മിന്നലുമുള്ള ഒരു തുലാവര്‍ഷ രാത്രിയായിരുന്നു അത്. മഴയൊട്ടു പെയ്യുന്നുമില്ല. മതില്‍ക്കെട്ടില്ലാത്ത ക്ഷേത്രത്തിനു മുന്നിലെ ആല്‍ത്തറയില്‍ ബീഡിപ്പുക ചുരുളുകളായി ഇരുട്ടിലേക്ക് പറത്തി വിട്ടു കൊണ്ട് മലര്‍ന്നു കിടക്കുന്ന അയാളൊരു മോഷ്ടാവാണ്. അറിയാവുന്ന തൊഴില്‍ മോഷണം മാത്രമായതിനാല്‍ അന്ന് രാത്രിയും മോഷ്ടിക്കാനുള്ള അത്യാവശ്യം അയാള്‍ക്കുണ്ട്. എന്നാലെന്ത് കൊണ്ടോ  അന്ന് മോഷ്ടിക്കാനുള്ള ഒരിത് അയാള്‍ക്ക്‌ അശേഷമുണ്ടായിരുന്നില്ല.  അര്‍ദ്ധ മനസ്സോടെ കക്കാനിറങ്ങിയപ്പോഴെല്ലാം പിടിക്കപ്പെട്ടിട്ടുണ്ട് എന്ന അനുഭവത്തിന്‍റെ വെളിച്ചത്തില്‍ മോഷണ ത്വരയെ അയാള്‍ തല്‍ക്കാലം ഉറക്കിക്കിടത്തിയിരിക്കുകയാണ്.
ഇരച്ചെത്തിയ ഒരു വണ്ടി ചരലില്‍ സഡന്‍ ബ്രേക്ക് ചെയ്തു നിര്‍ത്തിയ ശബ്ദം കേട്ടാണ് അയാള്‍ ഞെട്ടിയെണീറ്റത്. വണ്ടിയില്‍ നിന്നുമിറങ്ങിയ രൂപം  ഇടത്തെ തോളിലൊരു  ബാഗും തൂക്കി  അമ്പലത്തിന് നേരെ നടക്കുന്നത് തിരികള്‍ മുഴുവനായും അണഞ്ഞിട്ടില്ലാത്ത കല്‍വിളക്കിന്‍റെ വിളറിയ വെട്ടത്തില്‍ അയാള്‍ കണ്ടു. ആ രൂപമൊരു സ്ത്രീയുടെതാണെന്ന് തിരിച്ചറിഞ്ഞ നിമിഷത്തില്‍,  ഉറക്കമുണര്‍ന്ന് ബാഗില്‍ കണ്ണ് വെച്ച മോഷ്ടാവും കാമദാഹിയായ മൃഗവും അയാള്‍ക്കുള്ളിലൊരു പിടിവലി തന്നെ  നടത്തി. ഏതായാലും ആദ്യം  അവര്‍ക്കരികിലെത്തുക  എന്ന സമവായത്തില്‍ ഇരുവരുമെത്തിയതോടെ  ആല്‍ത്തറയില്‍ നിന്നും  പതുക്കെ താഴെയിറങ്ങിയ നിമിഷത്തിലാണ് ഉഗ്രശബ്ദത്തോടെ ഒരു മിന്നല്‍പ്പിണര്‍ അയാള്‍ക്കരികില്‍ വന്നു നിപതിച്ചത്.
ഒരാര്‍ത്തനാദത്തോടെ പുറകോട്ടു മറിഞ്ഞു വീണ അയാള്‍ നിവര്‍ന്നു നിന്നപ്പോഴേക്കും അമ്പല നടയില്‍ ആ സ്ത്രീ ഉണ്ടായിരുന്നില്ല. ചരലില്‍ ചക്രങ്ങളുരുളുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ അയാളുടെ കാഴ്ച്ചയെ അനാഥമാക്കിക്കൊണ്ട് വണ്ടി ഇരുട്ടിലേക്ക് ഇരമ്പിയകന്നു. നിരാശനായി തിരികെ ആല്‍ത്തറയിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് നിലത്ത് കല്‍വിളക്കിനടുത്തായി  ആ ബാഗ്‌ അയാള്‍ കണ്ടത്. മിന്നലില്‍ ഭയന്ന് ഓടിപ്പോയവള്‍ ബാഗിനായി തിരികെയെത്തും മുന്‍പേ അതിലുള്ളത് കൈക്കലാക്കാനുള്ള വ്യഗ്രതയില്‍  ഉള്ളിലെ മോഷ്ടാവ് അയാളെയും വലിച്ച് ബാഗിനടുത്തേക്കോടി. അയാള്‍ ബാഗിനരികിലെത്തിയതും   അപ്പോള്‍ മാത്രം വീശിയ ഒരു ഇളം കാറ്റില്‍ വിളക്കിലെ ശേഷിച്ച തിരികളും അണഞ്ഞു പോയതും ഒരുമിച്ചായിരുന്നു. ബാഗും, അതികത്ത് എന്തായിരിക്കുമെന്ന ജിജ്ഞാസയോടെ  അയാളും  ഇരുട്ടില്‍ തനിച്ചായി. ഒരു മിന്നല്‍ വെട്ടത്തിനായി കാത്ത് കാത്ത് ക്ഷമ നശിച്ച അയാള്‍ പതിയെ ബാഗിന്‍റെ സിബ്ബ് തുറന്നു തന്‍റെ പരുക്കന്‍ വിരലുകള്‍ അകത്തേക്കിട്ടു.
ബാഗിനുള്ളില്‍ നിന്നും ചിതറി വീണ ചോരക്കുഞ്ഞിന്‍റെ കരച്ചില്‍ ഒരു മിന്നല്‍പ്പിണറായി  അയാളുടെ നെഞ്ചിന്‍ കൂടും തുരന്നു  ചുറ്റിലും കട്ട പിടിച്ചു കിടക്കുന്ന ഇരുട്ടില്‍ ചെന്ന് തറച്ചു. അപ്പോള്‍ അയാളുടെ കണ്ണുകളിലൂടെ തുലാവര്‍ഷം പെയ്തിറങ്ങി.  

No comments:

Post a Comment