Wednesday, 16 March 2016

രാജ്യസ്നേഹം

മത്തായിച്ചന്‍റെ ഔട്ട്‌ ഹൗസിലായിരുന്നു അന്നത്തെ ആഴ്ച്ചക്കൂട്ടം. ഭാര്യമാരെ പേടിക്കാതെ രണ്ടെണ്ണം അടിക്കാനും, അവരുടെ ഭാഷയില്‍ പറഞ്ഞാല്‍, സൂര്യനു താഴെ കഴിഞ്ഞ ഒരാഴ്ചയില്‍ സംഭവിച്ചതെല്ലാം അവലോകനം ചെയ്യാനുമായി, അമേരിക്കയില്‍ താമസമാക്കിയ നാട്ടുകാരായ കുറച്ചു അമ്മാവന്മാരുടെ കൂട്ടായ്മ-അതാണ്‌ ആഴ്ച്ചക്കൂട്ടം.

"ഇവന്മാരിതെന്തൊക്കെയാ നാട്ടില്‍ കാട്ടിക്കൂട്ടുന്നെ??"
ഒരു സിപ്പെടുത്തു കൊണ്ടു ജോസൂട്ടി അന്നത്തെ ചര്‍ച്ചക്ക് തിരി കൊളുത്തി.

"ഹാ...നമ്മടെ JNU പിള്ളേരെ...."

കാര്യം പിടികിട്ടാതെ വാപൊളിച്ചു നിന്നവര്‍ക്കായി അയാള്‍ വിശദീകരിച്ചു കൊടുത്തു.

"രാജ്യദ്രോഹികള്‍...അവര്‍ക്കിപ്പോ ആസാദി വേണമത്രേ.... പാകിസ്ഥാനിലേക്ക് നാട് കടത്തണം ഇവറ്റെയൊക്കെ...."

അരവിന്ദേട്ടന് അമര്‍ഷം അടക്കാനായില്ല..

"ആ കന്നയ്യ കുമാറിന് പത്തുമുപ്പത് വയസ്സായി... ഇപ്പഴും അംഗനവാടി ജോലിക്കാരിയായ അമ്മേടെ ശമ്പളത്തിലാ ജീവിക്കുന്നെ...സ്വന്തം കാലില്‍ നില്ക്കാറായിട്ടില്ലാത്തവനാ ആസാദി വേണ്ടത്..."

മത്തായിച്ചന്‍ ആവേശഭരിതനായി.

മുപ്പത്തിയഞ്ചാം വയസ്സില്‍, അമേരിക്കയില്‍ നേഴ്സായ ത്രേസ്യാമ്മ ചേടത്തിടെ രണ്ടാം ഭര്‍ത്താവായി നാടു വിടും വരെ തല്ലിപ്പൊളിയായി നടന്ന മത്തായിച്ചന്‍റെ ഭൂതകാലം, അയാളോഴിച്ചു കൊടുത്ത വിസ്കിയോടൊപ്പം മറ്റുള്ളവര്‍ തൊണ്ട തൊടാതെ വിഴുങ്ങി.

"എന്‍റെ വിഷമം പാവം പട്ടാളക്കാരെ ഓര്‍ത്തിട്ടാ...നാടും വീടും വിട്ട്  രാപകലില്ലാതെ അതിര്‍ത്തിയില്‍ അവര്‍ കാവല്‍ നിക്കുമ്പോഴാ ഇവിടെ ഇവന്മാര് പാകിസ്ഥാന് ജയ് വിളിക്കുന്നേ..."

തോമാച്ചന്‍ വികാരാധീനനായി.

"തോമക്ക് പണ്ടേ പട്ടാളക്കാരോട് ഒടുക്കത്തെ സഹതാപമല്ലേ... ജവാന്‍ രാമേന്ദ്രന്‍റെ ഭാര്യോടു പണ്ട് കുളക്കടവില്‍ വെച്ച് സഹതപിച്ചത് ഓര്‍മയില്ലേ..?? "

മത്തായിച്ചന്‍റെ ചോദ്യമുയര്‍ത്തിയ കൂട്ടചിരിക്കിടയിലാണ് തോമാച്ചന്‍റെ മൊബൈല്‍ റിംഗ് ചെയ്തത്. നിശബ്ദരാകാന്‍ ആംഗ്യo കാണിച്ചു അയാള്‍ ഫോണ്‍ എടുത്തു..

"ആ ജോര്‍ജ്ജീ ...പറയെടാ...  ആന്നോ....അത് പൊളിച്ചല്ലോ...നീയൊരു കാര്യം ചെയ്യ്...ഒരു ഫിഫ്ടി ഇപ്പൊ ട്രാന്‍സ്ഫര്‍ ചെയ്തോ..ബാക്കി ഞാന്‍ ത്രേസ്യയോട് ചോദിച്ചിട്ട് പറയാം."

അയാള്‍ ഫോണ്‍ കട്ട്‌ ചെയ്തിട്ട് മറ്റുള്ളവന്‍മാരോടായി പറഞ്ഞു :

"ഡാ... റുപ്പീ പിന്നേം കൂപ്പുകുത്തിന്നു...ഡോളര്‍നു റെക്കോര്‍ഡ്‌  കയറ്റാ... ഇവന്മാരവിടെ കിടന്നിങ്ങനെ ഇടയ്ക്കിടെ ഓരോന്ന് കാട്ടുന്നോണ്ട് നമ്മളെ പോലുള്ലോര്‍ക്കാ ചാകര... ആ രഘുവണ്ണന്‍ വല്ല മാജിക്കും കാട്ടുന്നെനു മുമ്പേ കുറച്ചു ഫണ്ട്‌ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ നോക്ക്..."

"ഏത് രഘുവണ്ണനാ മത്തായിച്ചാ..."

അരവിന്ദേട്ടന്‍ നിഷ്കളങ്കമായി ചോദിച്ചു.

"മ്മടെ രഘുറാം രാജന്‍...അല്ലാണ്ടാരാ..."

ഒരു കൂട്ടചിരിയോടെ അന്നത്തെ ആഴ്ച്ചക്കൂട്ടത്തിനു തിരശീല വീണു.


Wednesday, 7 October 2015

വിഗ്രഹങ്ങള്‍ ഉടയുമ്പോള്‍

"അവള്‍ പലപ്പോഴായി കുറിച്ചിട്ട കവിതകള്‍ ചേര്‍ത്ത് ഒരു പുസ്തകമായി പ്രസിദ്ധീകരിക്കുക. ആനിയുടെ ഓര്‍മ്മക്കായി ഞങ്ങള്‍ക്ക് ചെയ്യാനാവുന്ന ഏറ്റവുമുചിതമായ കാര്യമതായിരുന്നു. അക്കാദമി ഹാളില്‍ വെച്ചു നടന്ന തീര്‍ത്തും ലളിതമായ ചടങ്ങിനു പ്രൌഡിയേകിയത് കലാ-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെ സജീവ സ്ത്രീശബ്ദമായ ടീച്ചറുടെ സാന്നിധ്യമാണ്. ആനിയെപ്പോലെ ആണിന്‍റെ കാമവെറി പിച്ചിചീന്തിയ പെണ്‍കുട്ടികളുടെ, പുരുഷ മേധാവിത്വം തീര്‍ത്ത ചുറ്റുമതിലുകള്‍ക്കുള്ളില്‍ എരിഞ്ഞു തീരുന്ന സ്ത്രീ ജന്മങ്ങളുടെ, സമൂഹത്തിന്‍റെ സര്‍വ്വ തലങ്ങളിലും അവഗണിക്കപ്പെടുന്ന പെണ്മയുടെ ചിത്രങ്ങള്‍ ഹ്രസ്വ-തീവ്രമായ വാക്കുകളില്‍ ടീച്ചര്‍ വരച്ചിട്ടപ്പോള്‍ മൂകമായ കരഘോഷത്തോടെയാണ് സദസ്സ് അതിനെ സ്വീകരിച്ചത്. നഷ്ടപ്പെട്ട  തന്‍റെ മകളെയോര്‍ത്ത് ഒരേ സമയം ദുഖിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന ആ പിതാവിന്‍റെ കരങ്ങള്‍, ടീച്ചറില്‍ നിന്നും പുസ്തകം ഏറ്റു വാങ്ങുമ്പോള്‍ വിറക്കുന്നുണ്ടായിരുന്നു...."

" ചേട്ടാ.... ഇറങ്ങണില്ലേ...?? "

ഓട്ടോക്കാരന്‍റെ ചോദ്യം കേട്ടാണ് മായയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും തലയുയര്‍ത്തിയത്.

ഓ.. സ്റ്റേഷനെത്തിയിരിക്കുന്നു.

ചടങ്ങില്‍ പങ്കെടുക്കാമെന്നു അവളോട്‌ ഉറപ്പ് പറഞ്ഞിരുന്നെങ്കിലും നഗരത്തിലുണ്ടായിട്ടു പോലും അതിന് സാധിച്ചില്ല. അതിന്‍റെ പരിഭാവത്തിലാവണം പലതവണ വിളിച്ചിട്ടും അവള്‍ കാള്‍ അറ്റന്‍ഡ് ചെയ്യാത്തത്.പക്ഷെ അവളെയൊന്നുചെന്ന് കാണാനും പിണക്കം മാറ്റാനുമുള്ള സാവകാശം അന്ന് അവനില്ലായിരുന്നു. ജേര്‍ണലിസം കഴിഞ്ഞ് കുറച്ചധികം അലഞ്ഞ ശേഷം കിട്ടിയ ജോലിയാണ്. പ്രൊബേഷന്‍ കഴിഞ്ഞ് കിട്ടുന്ന ആദ്യ അസൈന്‍മെന്ടാണ്. എങ്ങനെയും നാളെ രാവിലെ തിരുവനന്തപുരത്തെത്തിയെ പറ്റൂ. അത് കൊണ്ടാണ് റിസര്‍വേഷനിലാത്തതൊന്നും കാര്യമാക്കാതെ കിട്ടുന്ന വണ്ടിക്ക് കയറി പോകാമെന്ന് വെച്ചത്.      

കമ്പാര്‍ട്ട്മെന്‍റ്റില്‍ സാമാന്യം നല്ല തിരക്കുണ്ട്‌. ബാഗ്‌ സൈഡ് റാക്കില്‍ വെച്ചു സീറ്റില്‍ ചാരി നില്‍ക്കുമ്പോഴാണ് പുറകിലൊരു തോണ്ടല്‍.

തിരിഞ്ഞു നോക്കിയപ്പോള്‍  മുറുക്കാന്‍ കറ പിടിച്ച പല്ലുകള്‍ കാട്ടി വെളുക്കെ ചിരിച്ചു കൊണ്ടൊരു ബംഗാളി. (അതിപ്പോ അങ്ങനെയാണല്ലോ..മുമ്പ് നമ്മള്‍ തെക്കേ ഇന്ത്യക്കാരെയെല്ലാം വടക്കന്മാര്‍ മദിരാശികളെന്നു വിളിക്കുമ്പോലെ ഇപ്പോ വടക്കരൊക്കെ നമുക്ക് ബംഗാളികള്‍)

"ഭയ്യാ.... ബൈട്ടിയേ...."

ജനാലക്കരികിലേക്ക് നീങ്ങിയിരുന്ന് ബാക്കിയുള്ള സീറ്റില്‍ തട്ടിക്കൊണ്ട് അയാള്‍ ക്ഷണിക്കുകയാണ്.

വെള്ളം തൊടാത്ത ചെമ്പന്‍ മുടിയും മുഷിഞ്ഞു നാറുന്ന വേഷവും നോക്കി ആദ്യമൊന്നറച്ചെങ്കിലും, ആ ഓഫര്‍ വേണ്ടെന്നു വെക്കാനൊക്കാത്ത വിധം തളര്‍ന്നിരുന്നു.

ആലുവയില്‍ ആളുകള്‍ കുറെയിറങ്ങി. തിരക്കൊന്നൊതുങ്ങിയപ്പോഴാണ്  നേരെ എതിര്‍വശത്തായി രണ്ടു സീറ്റ് അപ്പുറത്ത് ടീച്ചറിരിക്കുന്നത് കണ്ടത്. ജനാലയിലൂടെ അലസമായി പുറത്തേക്കു നോക്കിയിരിപ്പാണ്. കയ്യിലേതോ മാസിക ചുരുട്ടി പിടിച്ചിട്ടുണ്ട്. അവളുടെ പേരും പറഞ്ഞ്  അടുത്ത് പോയി പരിചയപ്പെട്ടാലോ എന്നാലോചിച്ചെങ്കിലും തന്‍റെ പാതി സീറ്റിലേക്ക് നട്ടിരിക്കുന്ന അനേകം കണ്ണുകള്‍ ആ ആലോചന പിന്‍വലിപ്പിച്ചു.

അപ്പോഴാണ് പുറകില്‍ വീണ്ടുമൊരു തോണ്ടല്‍.

"ഭയ്യാ..... സീറ്റ് ഉസ്കോ ദേ ദേ ??"

 ടീച്ചറുടെ സീറ്റും ചാരി വിഷമിച്ചു നില്‍ക്കുന്ന  ഗര്‍ഭിണിയെ ചൂണ്ടിയാണ് അയാള്‍ ചോദിക്കുന്നത്.

സീറ്റില്‍ നിന്നും ഏഴുന്നേല്‍ക്കുമ്പോള്‍ ടീച്ചര്‍ക്ക്‌ നേരെ ഒന്നു നോക്കി, അവരുടെ മുഖം ഏതാണ്ട് മുഴുവനായി തന്നെ ആ മാസിക മറച്ചിരുന്നു.



Saturday, 28 March 2015

കാഴ്ചവട്ടം

സ്ഥലം : എറണാകുളം  നോർത്ത്  റെയിൽവേ സ്റ്റേഷൻ
സമയം : പുലർച്ചെ 3 മണി
രാജ്യറാണി  എക്സ്പ്രസ്സ്  അര മണിക്കൂർ വൈകി ഓടുന്നതിനാൽ  യാത്രക്കാർക്ക് നേരിട്ട അസൌകര്യത്തിൽ  ഖേദിച്ചു കൊണ്ടുള്ള അറിയിപ്പു കേട്ടു കൊണ്ടാണ് മനുഷ്യരും പട്ടികളും പലയിടത്തായി ചുരുണ്ട് കൂടിക്കിടന്നുറങ്ങുന്ന പ്ലാറ്റ്ഫോമിലേക്കു കാലെടുത്ത് വെച്ചത്. ടീ സ്റ്റാളില്‍ നിന്നും വാങ്ങിയ  ചായയും മൊത്തിക്കൊണ്ട്  ഒരിടത്തിരുന്നപ്പോഴാണ് അവരെന്‍റെ   ശ്രദ്ധയിൽപ്പെട്ടത്. 

ഇരുമ്പ് ബെഞ്ചില്‍ ചുരുണ്ട്  കൂടി  കിടന്നുറങ്ങുന്ന  ഒരു വൃദ്ധനും ബെഞ്ചിന്‍റെ അറ്റത്തായി  പത്തു പതിനെട്ടു വയസ്സ് തോന്നിക്കുന്ന  പട്ടു പാവാടക്കാരിയും. കറുത്ത കണ്ണട വെച്ച  വൃദ്ധൻ ഉറക്കത്തിനിടയിലും എന്തൊക്കെയോ പുലംബുന്നുണ്ട്. മദ്യപിച്ചിട്ടുണ്ടാവണം. തേന്മാവിൻ കൊമ്പിലെ  കുതിരവട്ടം പപ്പുവിനെയും ശോഭനയേയുമാണ് പെട്ടെന്നെനിക്കോർമ്മ വന്നത്.
കഴുകൻ കൂട്ടം ഇരക്കു ചുറ്റും സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു. ചൂളമടിച്ചും പലതും പറഞ്ഞും ശ്രദ്ധയാകർഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഒരു മന്ദസ്മിതത്തോടെ  മുന്നിൽ പരന്നു കിടക്കുന്ന ഇരുളിലേക്ക്  നോക്കിയിരിക്കുന്ന അവളതൊന്നും ശ്രദ്ധിക്കുന്നതായി പോലും  തോന്നിയില്ല.
ഏതോ ട്രെയിൻ പ്ലാറ്റ്ഫൊമിലെക്കു വന്നു കൊണ്ടിരിക്കുന്നതായി അറിയിപ്പ് വന്നതും അവളാ വൃദ്ധനെ  തട്ടിയുണർത്തി, താഴേക്ക് കുനിഞ്ഞു സീറ്റിനടിയിൽ നിന്നും ചക്രങ്ങള്‍ പിടിപ്പിച്ചൊരു മരപ്പലക  വലിച്ചെടുത്തു. അതിലിരുന്നു കൊണ്ട് എനിക്ക് മുന്നിലൂടെ നിരങ്ങി നീങ്ങി മുന്നോട്ടു പോകുന്ന അവളെ ഞാനെന്‍റെ മൊബൈല്‍ ക്യാമറയില്‍ ഒപ്പിയെടുത്തു.

Monday, 9 March 2015

വൈരുധ്യാത്മക ഭൌതികവാദം

തലക്കടിയിൽ  കിടന്ന മൊബൈൽ അടിക്കുന്നത്  കേട്ടാണ് ബെഞ്ചിന്മേല്‍ കിടന്നുറങ്ങുകയായിരുന്ന അവനുണർന്നത്.
"മോനേ.... നീയെവിട്യാ?? എന്താ ഇന്നലെ  വീടിലേക്ക് വരാഞ്ഞേ?? "
"പാർട്ടി ഓഫീസിലാ..എന്തേ...??" 
"അച്ഛന്‍റെ  ആണ്ടാ  ഇന്ന്. മറന്നോ നീയ്യ് ?? " 
"തള്ളെ...പലവട്ടം  ഞാൻ പറഞ്ഞതാ ചത്ത് മണ്ണടിഞ്ഞു പോയോരെ ഊട്ടാനും ഉറക്കാനൊന്നും  എന്നെ കിട്ടൂലാന്ന്. ഞാനൊരു കമ്മ്യൂണിസ്റ്റാ.." 
അയാൾ ഫോണ് കട്ട്  ചെയ്തു.

"അല്ല വിശ്വേട്ടാ.. ഇങ്ങളെണീറ്റില്ലേ ഇത് വരെ?? നേരെത്രായി വിചാരിച്ചിട്ടാ .. ഇപ്പൊ പോയാലെ മണ്ഡപത്തിലർപ്പിക്കാൻ നല്ല ഫ്രഷ് പൂവ് കിട്ടൂ. ബാക്കി സഖാക്കളൊക്കെ  എവടെ?? "  

സുരേഷ് സഖാവാണ്. അയാളെ കാത്ത് ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്ത് നിര്‍ത്തിയിരിക്കുകയാണ്.

ശ്ശെ.. ഇങ്ങനെ  കിടന്നു ഉറങ്ങരുതായിരുന്നു. താൻ ബ്രാഞ്ച് സെക്രട്ടറി ആയതിനു ശേഷമുള്ള ആദ്യത്തെ പൊതു പരിപാടിയാണ്. അതും സംസ്ഥാന നേതാക്കളൊക്കെ പങ്കെടുക്കുന്നത്.അവരുടെ കണ്ണിൽപ്പെടാൻ കിട്ടിയ അവസരമാണ്.അത് കൊണ്ട് തന്നെ ഒന്നിനും ഒരു കുറവും വരുത്തിയില്ല. രക്തസാക്ഷി  മണ്ഡപവും  കൊടി തോരണങ്ങളുമൊക്കെ ഒരുക്കിയപ്പോഴെക്കും മണി മൂന്നു കഴിഞ്ഞു. എപ്പഴോ ബെഞ്ചിൽ വന്നു കിടന്നതെ ഓർമ്മയുള്ളൂ.

"സുരേഷേ... ഫോട്ടോകളിലിട്ട മാലകളൊക്കെ മാറ്റണം. പ്ലാസ്റ്റിക് മതി."
ബൈക്ക് പുറത്തേക്കെടുക്കുമ്പോൾ അയാൾ  പറഞ്ഞു. 
"ശെര്യാ.. പിന്നെയാ  മാർക്സിന്‍റെ   ഫോട്ടോ തീരെ പഴകീണ്ട്. അതങ്ങ്  മാറ്റിയേക്കാം. ലെനിനും സ്റ്റാലിനുമുണ്ടല്ലോ.." 
അത് ശെരിയാണെന്ന്  അയാൾക്കും  തോന്നി.

Sunday, 23 November 2014

ബൈപ്പാസ്

"ബൈപ്പാസിൽ  രണ്ടു വൃദ്ധർ ഗ്യാസ്  ടാങ്കറിനടിയിൽ പെട്ട് മരിച്ചു"

നാട്ടിൽ കാട്ടുതീ പോലെ പടർന്ന വാര്‍ത്ത കണാരേട്ടന്‍റെ  ചായക്കടയില്‍ എത്തിയപ്പോഴേക്കും മരിച്ചത് അപ്പ്വേട്ടനും അപ്പൂട്ടേട്ടനുമാണെന്ന് സ്ഥിതീകരിക്കപ്പെട്ടിരുന്നു.

അപ്പ്വേട്ടനും അപ്പൂട്ടേട്ടനും  എന്നും ഒന്നിച്ചായിരുന്നു. ഒന്നിച്ചു  കളിച്ചു വളർന്ന്, ഒന്നിച്ചധ്വാനിച്ച്, അയല്‍ക്കാരായി  ജീവിക്കുന്ന ഉറ്റസ്നേഹിതർ. അതിരാവിലെ പണിക്കിറങ്ങിയാൽ തിരിച്ചെത്തുന്നത് സന്ധ്യ കഴിഞ്ഞാണ്. കുളിയും അത്താഴവും കഴിഞ്ഞാൽ രണ്ടാളും തോട്ടരികിലെത്തും. ആ നാട്ടു തോടാണ് രണ്ടു പുരയിടങ്ങളുടെയും ഇടയിലെ അതിര്. ആ തോട്ടിലൂടെ ഒഴുകി പോയതാണ് അവരുടെ ബാല്യവും കൌമാരവും യൗവനവുമെല്ലാം. അതിനപ്പുറമിപ്പുറം ഇരുന്നാണ്  തങ്ങളുടെ ദുഖങ്ങളും സന്തോഷങ്ങളും കൊച്ചു കൊച്ചു സ്വപ്നങ്ങളുമെല്ലാം അവർ പങ്കു വെക്കുന്നത്.  അവിടെയങ്ങനെ ഇരിക്കുമ്പോൾ സമയം പോകുന്നത് അവരറിയില്ല. ആ ഇരുത്തം ചിലപ്പോൾ പാതിരാ വരെ നീണ്ടെന്നിരിക്കും. ചുറ്റുമുള്ള വെട്ടങ്ങളെല്ലാം അണഞ്ഞാലും ഇരുകരകളിലായി എരിയുന്ന ബീഡിക്കുറ്റികളുടെ വെട്ടം മാത്രം ബാക്കിയാവും.

ആയിടയ്ക്കാണ്, പുതുതായി അനുവദിക്കപ്പെട്ട ബൈപ്പാസ്  ഗ്രാമത്തിലൂടെ കടന്നു പോകുന്നുവെന്ന വാർത്ത‍ കേട്ടത്. ടാറിട്ട ഒരു റോഡു പോലുമില്ലാത്ത നാട്ടിൽ അതൊരാഘോഷമായി; രണ്ടു പെർക്കൊഴികെ. സ്വന്തം പറമ്പിന്‍റെ  ഒരു ഭാഗം പോകുമെന്ന് ഓർത്തല്ല
അപ്പ്വേട്ടനും അപ്പൂട്ടേട്ടനും വിഷമിച്ചത്. അവരുടെ എല്ലാമെല്ലാമായ കൈത്തോടിനു മുകളിലൂടെയാണ് ആ 'ദുരന്തം' കടന്നു പോകുന്നത്. തോട് മാത്രമല്ല വയലുകളും വലിയ തോതിൽ നികത്തപ്പെടുമെന്ന് അറിഞ്ഞതോടെ, നാട്ടിൽ ബാക്കിയുള്ള ചുരുക്കം ചില കൃഷിക്കാരും, ''ടാറിട്ട റോഡുകൾ മാത്രമല്ല; വിളയുന്ന വയലുകളും നാടിന് വേണം" എന്ന് ചിന്തിക്കുന്ന ചില 'വികസന വിരോധികളും' അവർക്കൊപ്പം ചേർന്നതോടെയാണ് ജനകീയ സമര സമിതി രൂപമെടുത്തത്.

അപ്പ്വേട്ടനു ആദ്യമായി അറ്റാക്ക്‌ വന്നത്, സമിതിയുടെ നേതൃത്വത്തിൽ ബൈപ്പാസിനു സർവ്വേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ 'അറ്റാക്ക്‌' ചെയ്യാൻ പോയപ്പോഴാണെന്നത് നാട്ടില്‍ പാട്ടാണ്. 
സർവ്വായുധ വിഭൂഷിതരായി നിരന്നു നിൽക്കുന്ന പോലീസുകാരും മുന്നിൽ പടനായകനായി നാട്ടിലെ യുവ എം.എൽ.ഏയും. ഇവരുടെ മുന്നിലേക്കാണ് സമരക്കാരുടെ കൂട്ടത്തിൽ നിന്നും അപ്പ്വേട്ടൻ ഇറങ്ങി ചെല്ലുന്നത്.

"ദേ...അപ്പാപ്പാ...നാടിന് ഗുണമുള്ള കാര്യം വരുമ്പോ സ്വന്തം കാര്യം സിന്ദാബാദും വിളിച്ച് ഒടക്കുണ്ടാക്കാൻ വന്നാൽ പാർട്ടീം സർക്കാരും നോക്കി നിക്കില്ല. പറഞ്ഞേക്കാം"

എം.എൽ.ഏ. മുണ്ട് മടക്കിക്കുത്തി.

"സഖാവേ....നിങ്ങളിത് കണ്ട്നാ?"

ചെങ്കൊടി പാറുന്ന, അറ്റം ചെത്തി കൂർപ്പിച്ച മുള വടി എം.എൽ.ഏക്ക് നേരെ നീട്ടിയാണ് അപ്പ്വേട്ടന്റെ ചോദ്യം.

"പുന്നപ്രേലും വയലാറിലും സഖാക്കള് വാരിക്കുന്തം വെച്ച് സീപീന്റെ പട്ടാളത്തെ നേരിട്ടത് കേട്ട പൂതിക്ക് ഇണ്ടാക്കി വെച്ചതാ. ആടംബരെയൊന്നും പോയിക്കില്ലാന്നേള്ള് ഈന്റെയറ്റത്തും ഇത്തിരീശ്ശെ ചോരയൊക്കെ പറ്റീട്ട്ണ്ട്ടോ. അല്ല... ഞാമ്പറയണത് അനക്ക് തിരിയണണ്ടല്ലോല്ലേ."

ഒരു ചെറു പുഞ്ചിരിയോടെ, കൊടി നിലത്ത് കുത്തിപ്പിടിച്ച്, പറ്റാവുന്നിടത്തോളം നിവർന്നു നിൽക്കുന്ന അപ്പ്വേട്ടനിൽ നിന്നും കണ്ണുകൾ  പറിച്ചെടുത്ത് എം.എൽ.എ. തിരിഞ്ഞു നടന്നതും പോലീസ് മുന്നിലേക്കിരച്ചു കയറി. ഉന്തും തള്ളിലും കുഴഞ്ഞു വീണു പോയ അപ്പ്വേട്ടനെ ആരൊക്കെയോ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

"ബൈപ്പാസ് കൂടിയേ തീരു"

കയ്യിലെ കടല്ലാസു നോക്കി ഡോക്ടർ പറയുന്നത് കേട്ടതോടെ അപ്പ്വേട്ടന്‍റെ  സകല നിയന്ത്രണവും വിട്ടു പോയി.

"അത് ങ്ങളാ പറയ്വാ? പോണത് ഞാളെ തോടല്ലേ? ഏതു കത്തണ വെയിലത്തും ചതിക്കാത്ത ഞാളെ തോട്. ഞാൻ ചാവാണ്ട് ഇങ്ങക്കത് മൂടാമ്പറ്റൂല"

എന്താണ് നടക്കുന്നതെന്ന് മനസ്സിലാകാതെ, ഡോക്ടര്‍ പേടിച്ചു പിന്നോക്കം മാറി.

"അച്ഛാ..ഡോക്ടർ ആ ബൈപ്പാസിന്‍റെ  കാര്യല്ല; ഓപറേഷന്‍റെ കാര്യാ പറഞ്ഞെ."

അപ്പ്വേട്ടനെ  ബലമായി കട്ടിലിൽ പിടിച്ചിരുത്തിക്കൊണ്ട് മോൻ പറഞ്ഞു.

അപ്പ്വേട്ടനെ വീട്ടിൽ നിന്നും മാറ്റി നിർത്തുക എന്നത് സർക്കാരിനെ പോലെ മക്കളുടെയും ആവശ്യമായിരുന്നു.  ബൈപ്പാസിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന് കിട്ടുന്ന നഷ്ടപരിഹാര തുക ചെറുതാവില്ലെന്ന്, തന്‍റെ കാലശേഷം മതി സ്വത്തു ഭാഗം വെയ്ക്കലെന്ന അപ്പ്വേട്ടന്റെ നിലപാടിനെതിരെ ശീതസമരത്തിലുള്ള, മക്കൾക്കറിയാമായിരുന്നു.

വര്‍ഷങ്ങള്‍ക്കിപ്പുറം, ബൈപ്പാസിന്റെ നീളൻ മുറിവടയാളം പേറുന്ന  നെഞ്ചും തടവി ബൈപ്പാസിലേക്ക് കണ്ണും നട്ടിരിക്കുന്ന അപ്പ്വേട്ടൻ നാട്ടുകാർക്കൊരു പരിചിത കാഴ്ചയായിരുന്നു. തിമിരം ബാധിച്ചു തുടങ്ങിയ കണ്ണുകൾ അപ്പൂട്ടെട്ടന്‍റെ  ഉമ്മറം വരെ ചെന്നെത്താറില്ല.

ഇന്ന് അപ്പ്വേട്ടൻ പതിവില്ലാത്ത വിധം ഉത്സാഹിയാണ്. പട്ടണത്തിൽ മൂത്ത മകന്‍റെ   കൂടെ നില്ക്കുന്ന അപ്പൂട്ടെട്ടൻ നാട്ടിൽ വരുന്നുവത്രേ. ഇളയ മകന്‍റെ പേരിലാക്കി കൊടുത്ത പഴയ വീട് പുതുക്കി പണിഞ്ഞതിന്‍റെ  പാല് കാച്ചലാണ് പോലും.

ടിഫിൻ കാര്യറിലടച്ചു വെച്ചിരിക്കുന്ന ഉച്ചയൂണിന്‍റെ  കാര്യമോർമ്മിപ്പിച്ചു കൊണ്ട് മകളും ഭർത്താവും കാറിൽ കയറി ബൈപാസിലൂടെ പറന്നു പോയി. അപ്പ്വേട്ടനു ഇരിപ്പുറക്കുന്നില്ല. ഗൾഫിൽ നിന്നും മകൻ അയച്ചു കൊടുത്ത നീലപ്പിടിയുള്ള പുത്തൻ വടിയും കുത്തി വേച്ച് വേച്ച് റോഡിലെത്തി. തലങ്ങും വിലങ്ങും ചീറി പായുന്ന വണ്ടികൾ അയാളെ ഭയപ്പെടുത്തി. അണമുറിയാത്ത വാഹന പ്രവാഹത്തിനിടയിലെവിടെയോ ആ പഴയ ചങ്ങാതിയുടെ മുഖം  മിന്നി മാഞ്ഞു. അവരുടെ വാക്കുകൾ ചക്രങ്ങൾക്കടിയിൽ പെട്ടു ചതഞ്ഞരഞ്ഞു. അപ്പ്വേട്ടൻ നിരാശയോടെ തിരിഞ്ഞു നടന്നു.

ലോറി ഓടിച്ചിരുന്ന തമിഴൻ ഡ്രൈവറുടെ മൊഴി പ്രകാരം വണ്ടിയുടെ ബാറ്ററി വീക്കായിരുന്നു. ഹെഡ് ലൈറ്റിന്റെ മങ്ങിയ വെട്ടത്തിൽ  റോഡിനു നടുവിൽ എരിഞ്ഞു നിന്ന തീപ്പൊരി വെട്ടങ്ങള്‍ ശ്രദ്ധയിൽപ്പെട്ടപ്പോഴേക്കും വൈകിപ്പോയിരുന്നു. ഗ്യാസ് ടാങ്കറായാതിനാൽ സഡൻ ബ്രേക്ക് ചെയ്യാനും പറ്റിയില്ല.

തോട്ടു വക്കിൽ ബീഡിയും വലിച്ച് കഥ പറഞ്ഞിരിക്കുന്ന അപ്പ്വേട്ടനേയും  അപ്പൂട്ടേട്ടനേയും തമിഴൻ ഡ്രൈവർക്കറിയില്ലല്ലോ.

Saturday, 29 March 2014

പാര്‍ട്ടിചിഹ്നം

മാര്‍ക്കറ്റില്‍ നിന്ന് വരുന്ന വഴിക്കാണ് കണാരേട്ടന്‍ ആ അനൌണ്‍സ്മെന്‍റ് കേട്ടത്.

".......പാവങ്ങളുടെ പടത്തലവന്‍....നീതിയുടെ കാവലാള്‍..നമ്മുടെയൊക്കെ കണ്ണിലുണ്ണിയായ നേതാവ് അല്പസമയത്തിനകം നിങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതാണ്..."

കണാരേട്ടന് പ്രത്യേക രാഷ്ട്രീയ ചായ്‌വൊന്നുമില്ല..രാഷ്ട്രീയക്കാരുടെ ഭാഷയില്‍  പറഞ്ഞാല്‍ ഒരു ടിപ്പിക്കല്‍ അരാഷ്ട്രീയവാദി.എന്നിരുന്നാലും, മറ്റു പല അരാഷ്ട്രീയരെയും പോലെ ഈ നേതാവിനെ എന്തോ കണാരേട്ടന് ഇഷ്ടമാണ്. വയസ്സ് തൊണ്ണൂറു കഴിഞ്ഞിട്ടും കേരള രാഷ്ട്രീയത്തിലെ  നിറസാന്നിദ്ധ്യമായി അങ്ങേരെ കാണുമ്പോള്‍, ഒരറ്റത്ത് വിക്കറ്റുകള്‍ പൊഴിയുമ്പോഴും ഇപ്പുറത്ത്‌ സച്ചിന്‍ ഉണ്ടല്ലോ എന്ന പോലെയൊരു ആശ്വാസമാണ്. ഒരുപാട് കാലമായുള്ള മോഹമാണ് അങ്ങേരെ ഒന്ന് നേരില്‍ കാണുക എന്നുള്ളത്‌. ഇന്ന് നടന്നില്ലെങ്കില്‍ പിന്നെന്നാ?? കണാരേട്ടന്‍ പതുക്കെ മൈതാനിയിലേക്ക് കയറി.

മൈതാനം കൊടിതോരണങ്ങളാല്‍ നിറഞ്ഞിരിക്കുന്നു.നേതാവിനു സംസാരിക്കാനുള്ള വേദി റെഡിയാണ്..ആളുകള്‍ എത്തി തുടങ്ങുന്നതെയുള്ളു. ഇനി എത്ര തിരക്കായാലും ഇവിടെ നിന്നാല്‍ നേതാവിനെ വൃത്തിയായി കാണാം.കണാരേട്ടന്‍ സദസ്സിന്‍റെ മുന്‍വശത്തു തന്നെ നിലയുറപ്പിച്ചു.

ചുമലിലൊരു കൈ വന്നു വീണപ്പോഴാണ് കണാരേട്ടന്‍ തിരിഞ്ഞു നോക്കിയത്.

"ഞങ്ങടെ യോഗസ്ഥലത്ത്‌ മറ്റവന്‍മാരുടെ ചിഹ്നോ൦ പൊക്കിപ്പിടിച്ചു  വരാറായോടാ കഴുവേറീടെ മോനെ...???"

മറുപടിക്കായി വായ തുറക്കും മുന്‍പ് ആദ്യത്തെ അടി വീണു കഴിഞ്ഞു.

ചൂലും വാങ്ങി ഇപ്പൊ വരാന്നു പറഞ്ഞു പോയ ആളെ ഒരു മണിക്കൂറായിട്ടും  കാണാതായപ്പോള്‍  ഭവാനിയമ്മ പരിഭ്രമിച്ചു തുടങ്ങിയിരുന്നു.

Friday, 28 March 2014

നൊസ്റ്റാൾജിയ

എന്‍റെ  മുത്തശ്ശന്  ഒരു പഴയ മരപ്പെട്ടിയുണ്ടായിരുന്നു. വീട്ടിയിൽ  തീർത്ത, പിച്ചള പിടികളുള്ള ഒരു എഴുത്തുപ്പെട്ടി (പെട്ടിയുടെ  പുറ൦ എഴുതാൻ  ഉപയോഗിക്കുന്നതിനാലാവണ൦ അങ്ങനെയൊരു പേര്). കുട്ടിക്കാലത്ത് എന്നെ ഒരുപാടു കൊതിപ്പിച്ചിരുന്നു ആ പെട്ടി.

ഓരോ തവണ അമ്മേടവിടെ പോവുമ്പോഴും എനിക്ക് ആ പെട്ടി തുറന്നു കാണണം.അതിലുള്ളത് പലതും ഞാൻ  ആവശ്യപ്പെടും എന്ന പേടി കൊണ്ടാവണം മുത്തശ്ശൻ  ആ ആവശ്യം പരമാവധി കണ്ടില്ലെന്നു നടിക്കും.ഒടുക്കം, ഒന്നുകില്‍ എന്‍റെ  വാശി സഹിക്ക വയ്യാതാവുമ്പോ അല്ലെങ്കിൽ  മുത്തശ്ശിയുടെ നിർബന്ധത്തിനു വഴങ്ങി, മുത്തശ്ശൻ അതെനിക്ക് തുറന്നു  തരും.

വിവിധ തര൦ നാണയങ്ങൾ,പൊട്ടിയതും പൊട്ടാത്തതുമായ വ൪ണചില്ലുകൾ, മുത്തശ്ശൻ  എഴുതി പഠിച്ച എഴുത്താണി,ഓലക്കീറുകൾ, മുഴുവൻ വിരിഞ്ഞ മയില്പീലിതുണ്ടുകൾ,അറകളിൽ  നിറയെ മഞ്ചാടിയും കുന്നിക്കുരുക്കളും, കത്തുകളിൽ  നിന്ന് കീറിയെടുത്ത സ്റ്റാമ്പുകൾ.....അങ്ങനെ അറിയുന്നതും അറിയാത്തതുമായ ഒരുപാടു വസ്തുക്കൾ. മുന്നിൽ  ഒരു നിധികുംഭം തുറന്നു വെച്ച പോലെ. പലവട്ടം കണ്ടതെങ്കിലും ഓരോ തവണയും എന്‍റെ  കണ്ണുകൾ അത്ഭുതത്താൽ  വികസിക്കും. പക്ഷെ  കണ്ടു കൊതി തീരും മുമ്പേ  മുത്തശ്ശൻ പെട്ടി ഭദ്രമായി പൂട്ടി വെക്കും.

ഒരുപാട് ബാല്യകാലസ്വപ്നങ്ങളിൽ  ആ നിധിപെട്ടി എന്‍റെ  സ്വന്തമായിരുന്നു. അത് കിട്ടുവാൻ  വേണ്ടി മുത്തശ്ശന്‍റെ  മരണം പോലും  ഞാനാഗ്രഹിച്ചു കാണണം. പക്ഷെ ബാല്യത്തിൽ  നിന്നും കൌമാരത്തിലേക്കുള്ള യാത്രയിലെവിടെയോ ആ എഴുത്തുപെട്ടി എനിക്ക് നഷ്ടപ്പെട്ടു.

മുത്തശ്ശന്‍റെ  മരണ ശേഷം എന്നോ ആ എഴുത്തുപ്പെട്ടി എന്‍റെ  വീട്ടിലേക്കു കൊണ്ടു വന്നിരുന്നു. ഇന്ന് തീർത്തും അവിചാരിതമായി ആ പെട്ടി തുറന്നു നോക്കിയപ്പോൾ ഞാൻ കണ്ടത് എന്നോ കളഞ്ഞു പോയ എന്‍റെ  ബാല്യമാണ്. ശ്വസിച്ചത് ആ കാലത്തിൻറെ ഗന്ധമാണ്. കേട്ടത് മറന്ന്  ഒരുപാടീണങ്ങളാണ്. മനസ്സ് നിറഞ്ഞു പെയ്തത് ഓർമ്മകളുടെ കുളിർമാരിയാണ്...ഞാൻ  വല്ലാതെ നൊസ്റ്റാൾജിക്കായി.    

പിറ്റേന്ന്, ഓ.എൽ.എക്‌സിൽ ഞാൻ പോസ്റ്റ് ചെയ്ത ആൻറീക് എഴുത്തുപെട്ടിക്കു ആവശ്യക്കാർ ഏറെയായിരുന്നു.