Thursday, 19 January 2017

ശുദ്ധി കലശം

ഒക്കത്ത്  കൈക്കുഞ്ഞുമായി അവള്‍ വഴിപാട് കൗണ്ടറിന് മുന്നില്‍  പരുങ്ങി നിന്നു.

" ഊം.... "
 അഴികൾക്കു പിന്നിലെ വെളുത്തുരുണ്ട  മുഖം മുരണ്ടു.

'' മോള് അകത്തുന്നല്‍പം മൂത്രൊഴിച്ചു പോയിരുന്നു.... അതിന് പരിഹാരമെന്തെങ്കിലും.."
മടിച്ചു മടിച്ചാണ് അവള്‍ പറഞ്ഞോപ്പിച്ചത്.

കണ്ണടയുടെ കട്ടിച്ചില്ലുകളിലൂടെ കണ്ട  ഉരുളന്‍ കണ്ണുകള്‍ അവളെ ഭയപ്പെടുത്തി.

"ശ്ശേ...എന്തൊരു കഷ്ടാത്..... നിങ്ങക്കിതൊക്കെ കഴിച്ചിട്ട് കൊണ്ടോന്നാ പോരേ. ഇനിയിപ്പോ ശുദ്ധി കലശം നടത്തണം. ആയിരത്തൊന്ന് ഉറുപ്പ്യാവും... പേര്  പറയൂ ..."

അയാള്‍ രശീതിക്കുറ്റി നിവര്‍ത്തി.

"ഏഹ്...അത്രയൊക്കെ ആവ്വോ...കുഞ്ഞ്‌ അറിയാണ്ടല്ലേ...പിന്നെ..ഉണ്ണി മൂത്രം പുണ്യാഹന്നോക്കെയല്ലേ..."

"നോക്കൂ...അതൊക്കെ നിങ്ങടെ വീട്ടില്.... ഇവിടെ ക്ഷേത്ര മതിൽക്കെട്ടിനകത്ത് ഇത്തരം കാര്യങ്ങളൊക്കെ  അശുദ്ധിയാ...അത്  വലിയോരായാലും ചെറ്യോരായാലും... നിങ്ങള്‍ സമയം കളയാതെ പേര് പറയൂ..."

അവളെ മുഴുമിപ്പിക്കാൻ വിടാതെ,  നീരസത്തോടെ  ഇത്രയും പറഞ്ഞു കൊണ്ട് അയാൾ രശീതി എഴുതിത്തുടങ്ങി.

"ഏയ്...ശങ്ക്വാരേ .. "

കൂനിക്കൂടി ധൃതിയില്‍ നടന്നു പോകുന്ന വൃദ്ധൻ അയാളുടെ വിളി കേട്ട് തിരിഞ്ഞു നിന്നു.

"ഭാഗ്യത്തിന് നന്ദിനിപ്പൈയ്യ് ഇന്നാ നടക്കല് സിമന്‍റ് പാക്യോടത്ത് തന്നെ ഇട്ടിട്ടുണ്ട്. ചൂടാറും മുമ്പേ അതൊന്ന് വാരി വെക്കാൻ ജാനൂനോട് പറഞ്ഞോളൂ."

"ആ .. അവ്ടെ  പേരെന്താ പറഞ്ഞേ..??"

Thursday, 29 December 2016

ടോക്കണ്‍

പാസ്പോര്‍ട്ട്‌ സേവാകേന്ദ്രത്തിന്‍റെ എക്സിറ്റ് കൌണ്‍ടെറില്‍ നിന്നും "പാസ്പോര്‍ട്ട് ഗ്രാന്‍റഡ്" എന്നെഴുതിയ സ്ലിപ്പും കൈപ്പറ്റി പുറത്തു കടക്കുമ്പോള്‍ നേരം ഒരു മണി. വിശപ്പ്‌ അതിന്‍റെ പാരമ്യതയിലെത്തി നില്‍ക്കുന്നു. ഏറ്റവും അടുത്ത ഭക്ഷണശാലയായി  'ഗൂഗിള്‍'  പറഞ്ഞു തന്നിടത്തേക്ക് നടക്കുവാനുള്ള  ദൂരമേയുള്ളൂ എന്നു ഓട്ടോക്കാരന്‍  പറഞ്ഞെങ്കിലും അതെ ഓട്ടോയില്‍ തന്നെ ഞാന്‍ ഹോട്ടലിനു മുന്നില്‍  ചെന്നിറങ്ങി.

റോഡിലേക്ക് നീണ്ടു കിടന്ന ക്യൂ കണ്ടപ്പോള്‍ തന്നെ തല കറങ്ങി. പക്ഷെ  ഇനി മറ്റൊരിടം കണ്ടെത്താനുള്ള ത്രാണി  ഇല്ലാത്തതിനാല്‍  ഞാനാ വരിയുടെ അറ്റത്ത് ചെന്ന് നിന്നു. ഒടുവില്‍ വരി ചുരുങ്ങിച്ചുരുങ്ങി കൌണ്ടെറില്‍ എത്തിയപ്പോള്‍, ഏ.ടി.എം. കാര്‍ഡ്‌ സ്വൈപ് ചെയ്ത് ഞാന്‍ 'ക്യാഷ് ലെസ്സ് ഇക്കോണമിക്ക്'  ഐക്യദ്ധാര്‍ട്യം പ്രകടിപ്പിക്കുകയും ബാങ്കിന് നല്‍കേണ്ടി വരുന്ന സര്‍വീസ് ചാര്‍ജിനെ കുറിച്ചോര്‍ത്ത് കാഷ്യര്‍ മുഖം കറുപ്പിക്കുകയും ചെയ്തു.  ഓഫീസിനടുത്തുള്ള 'അന്നപൂര്‍ണ്ണയില്‍' നിന്നും ഒരാഴ്ച്ചത്തേക്ക്  ഉച്ചയൂണ് കഴിക്കാനുള്ള തുക കയ്യിലെ ടോക്കണില്‍ ഒരുമിച്ച്  കണ്ട എന്‍റെ  കണ്ണുകള്‍ തള്ളി.

പടികള്‍ കയറി ചെല്ലുന്ന ഹാളില്‍ നിറയെ ആളുകളാണ്. ഭക്ഷണ മുറിയുടെ വാതില്‍ക്കലൊരു ശുഭ്ര വസ്ത്രധാരി നില്‍പ്പുണ്ട്. അയാള്‍ തന്‍റെ കയ്യിലെ കടലാസ്സു നോക്കി വിളിക്കുന്ന ടോക്കണ്‍ നമ്പറുകളനുസരിച്ചാണ് അകത്തേക്ക് ആളുകളെ കയറ്റി വിടുന്നത്. നമ്പറിട്ട് കിട്ടാന്‍ കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച ടോക്കണുകളുമായി ശുഭ്ര വസ്ത്രധാരിക്ക്‌ ചുറ്റും  തിക്കിത്തിരക്കുന്ന ആള്‍ക്കൂട്ടത്തിലേക്ക് ഞാനും ചേര്‍ന്നു. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം '68' എന്നു എഴുതിക്കിട്ടിയ ടോക്കണുമായി ഹാളില്‍ നിരത്തിയിട്ടിരിക്കുന്ന ബെഞ്ചുകളില്‍ ഒന്നില്‍ ഒരിടം കണ്ടെത്തി.

ആളുകള്‍ വീണ്ടും വീണ്ടും വന്നു കൊണ്ടിരുന്നു. ചിലര്‍ വന്ന അതെ വേഗതയില്‍ ഇറങ്ങി പോകുന്നു. മറ്റു ചിലര്‍ ആ ശുഭ്ര വസ്ത്രധാരിയോട് കയര്‍ക്കുന്നുണ്ട്. എന്നാല്‍ ഭൂരിപക്ഷവും, അയാളെ പോലെ, കയ്യില്‍ ടോക്കണ്‍ ഉള്ളതിനാല്‍ അല്പം വൈകിയാലും ഭക്ഷണം കിട്ടുമല്ലോ എന്നോര്‍ത്ത് സമാധാനിച്ച്, സാമാന്യത്തിലധികം നീളമുള്ള ഒരു നെടുവീര്‍പ്പില്‍ എല്ലാ അക്ഷമയുമൊതുക്കി കാത്തിരുന്നു.

മൊബൈലില്‍ തുറന്നു വെച്ച ഫേസ്ബുക്ക് പേജിലൂടെ വിരലുകള്‍  അതിവേഗം ചലിച്ചു. അതിനിടയിലെവിടെയോ  യുദ്ധഭൂമിയായ സിറിയയില്‍  ഏതോ സന്നദ്ധ സംഘടന വിതരണം ചെയ്യുന്ന ഭക്ഷണ പൊതികള്‍ക്കായി ഉയര്‍ത്തിപ്പിടിച്ച കൈകളുമായി തിരക്ക് കൂട്ടുന്ന ഒരു ജനക്കൂട്ടത്തിന്‍റെ ചിത്രം ഞാന്‍ കണ്ടു. പക്ഷെ ആ ചിത്രത്തിലെ  കൈകളിലൊന്നും ടോക്കണുകളുണ്ടായിരുന്നില്ല. അതിനാലാവാം,  ഒരേ ഛായയുള്ള  ആ മുഖങ്ങളിലൊന്നും തന്നെ ദിവസങ്ങളായി സംഭരിച്ചു വെച്ച വിശപ്പിനെ ശമിപ്പിക്കാമെന്ന വ്യാമോഹവുമുണ്ടായിരുന്നില്ല.

ഊഴമനുസരിച്ച് അകത്തു കയറിയ എനിക്ക്‌ മുന്നില്‍ ഒന്നിലധികം പേര്‍ക്ക് കഴിക്കാനുള്ള വിഭവങ്ങള്‍ നിരത്തപ്പെട്ടു. ഒടുവില്‍, ഞാന്‍  വേണ്ടെന്നു പറയാഞ്ഞതും വിളമ്പുകാരന്‍ വേണമോയെന്ന് ചോദിക്കാതെ തന്നെ വിളമ്പിയതുമായ  വിഭവങ്ങളില്‍ മിക്കതും ബാക്കി വെച്ച് എണീറ്റു. അപ്പോഴും ടോക്കണില്ലാത്ത കൈയ്യുകള്‍ വായുവില്‍ ഉയര്‍ന്നു തന്നെ നിന്നു.



 

Saturday, 24 December 2016

സമത്വം

ശനിയാഴ്ച്ച, ജോലി കഴിഞ്ഞു വീട്ടിലെത്തിയ അയാളെ വസ്ത്രം മാറ്റാന്‍ കൂടെ സമ്മതിക്കാതെ ഭാര്യ വലിച്ചു കൊണ്ട് പോയത് നഗര ഹൃദയത്തില്‍  സ്ഥിതി ചെയ്യുന്ന ടൌണ്‍ ഹാളിലേക്കാണ്. അവര്‍ കടന്നു ചെല്ലുമ്പോള്‍ വേദിയില്‍ മുഖ്യ പ്രഭാഷക  കത്തിക്കയറുകയാണ്. അവര്‍ക്കു പുറകിലായി വലിച്ചു കെട്ടിയ ഫ്ലെക്സില്‍ "വനിതാ ദിനം-സെമിനാര്‍" എന്നെഴുതിയത് വായിച്ച അയാള്‍ ഭാര്യയുടെ മുഖത്തേക്കൊന്നു പാളി നോക്കി.

"പൂച്ചക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം" എന്ന മട്ടിലുള്ള ആ നോട്ടത്തിനു മറുപടിയായി  "നിങ്ങളെ പോലുള്ളവരാ മനുഷനേ ഇതൊക്കെ കേക്കണ്ടത്"   എന്നും പറഞ്ഞ്  അവര്‍  അയാളുടെ കൈയും പിടിച്ച്‌ മുന്നോട്ടു നടന്നു. മടിച്ചു മടിച്ചുള്ള  ആ നടപ്പിനിടയില്‍,  സ്ത്രീ രത്നങ്ങള്‍ തിങ്ങി നിറഞ്ഞ സദസ്സിനിടയില്‍ തന്നെ പോലെ "പണി കിട്ടിയ" ചില പുരുഷ പ്രജകളെയും അയാള്‍ കണ്ടു.

"ഈ നാട്ടിലെ പുരുഷന്മാരോടെനിക്ക് ഒന്നേ പറയാനുള്ളൂ...ഞങ്ങള്‍ സ്ത്രീകള്‍ക്ക് നിങ്ങളുടെ യാതൊരു ഔദാര്യവും വേണ്ട. ഒരു വിധത്തിലുള്ള പ്രത്യേക പരിഗണനയും ഞങ്ങള്‍ക്കു ആവശ്യമില്ല....ഞങ്ങള്‍ നിങ്ങള്‍ക്കു താഴെയാണ് എന്നു വരുത്തിത്തീര്‍ക്കാന്‍ കാലാകാലങ്ങളായി നിങ്ങള്‍ നടത്തുന്ന കുത്സിത  ശ്രമങ്ങള്‍  ഞങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.
ഒന്ന് നിങ്ങള്‍ മനസിലാക്കി കൊള്ളുക. ഞങ്ങളും നിങ്ങളും തുല്യരാണ്...ഒന്ന് ഇരുത്തി  ചിന്തിച്ചാല്‍ നിങ്ങള്‍ക്കും  ഒരുപടി  മുകളിലാണ് ഞങ്ങളുടെ സ്ഥാനം.."

പൊതുവേ എക്കോ കൂടുതലുള്ള ഹാളിന്‍റെ വയസ്സന്‍ ചുവരുകള്‍ വളയിട്ട കരങ്ങള്‍ തീര്‍ക്കുന്ന ഘോഷത്താല്‍ കുലുങ്ങി വിറക്കുമ്പോള്‍ അയാള്‍ കീശയില്‍ നിന്നും തന്‍റെ മൊബൈല്‍ ഫോണ്‍ പുറത്തെടുത്തു.

'ടെക്ക്-സാവി' ആയ ഭാര്യക്ക് വിദേശത്തുള്ള മകന്‍ പുതിയ സ്മാര്‍ട്ട്‌ ഫോണ്‍ അയച്ചു കൊടുത്തപ്പോഴാണ്‌ അയാള്‍ ഒരു മൊബൈല്‍ ഫോണ്‍ ഉടമയായത്. ആ പഴയ നോക്കിയ ഫോണില്‍  കാള്‍ ചെയ്യാനും ടോര്‍ച്ച് കത്തിക്കാനും റേഡിയോ കേള്‍ക്കാനും 'പാമ്പ് ഇര പിടിക്കുന്ന' കളി കളിക്കാനും പഠിക്കുന്നതിനിടയില്‍ ലോകം   3Gയും കടന്നു 4G ആയ വിവരമൊന്നും  അയാളറിഞ്ഞിരുന്നില്ല.

സീതാ ദേവിയില്‍ തുടങ്ങിയ  മലാലയില്‍ എത്തി നില്‍ക്കുന്ന പ്രസംഗത്തിനൊപ്പം അയാളുടെ മൊബൈല്‍ പാമ്പിന്‍റെ നീളവും കൂടിക്കൂടി  വന്നു. ഒടുവില്‍ ചുവരില്‍ തലയിടിച്ചു  പാമ്പ് മരിച്ചതും  "വാ പോകാം"  എന്നും പറഞ്ഞു ഭാര്യ തോണ്ടി വിളിച്ചതും ഒരുമിച്ചായിരുന്നു.

ബസ്‌ സ്റ്റാന്‍ഡിലെത്തിയപ്പോള്‍ നാട്ടിലേക്കുള്ള ബസ്‌ പോകാന്‍ തയ്യാറായി കിടപ്പുണ്ട്.

"ഓ..അതില്‍ സീറ്റൊന്നുമില്ല. അടുത്തത് പത്ത്-പതിനഞ്ചു മിട്ടിനകം വരും... നമ്മുക്കതില്‍ പോകാന്നെ..."

എന്നും പറഞ്ഞു കൊണ്ട് അയാള്‍ സ്റ്റാന്‍ഡിലെ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് നടന്നു. അല്പമൊന്നു മടിച്ചെങ്കിലും പുറകെ  ഭാര്യയും. എന്നാല്‍ അര മണിക്കൂറോളം കഴിഞ്ഞ് അടുത്ത ബസ്‌ വന്നു നിന്നപ്പോഴാണ്  തന്‍റെ  അതെ പ്രതീക്ഷയില്‍ തന്നെയായിരുന്നു ചുറ്റും ഇരുന്നവരില്‍ ഭൂരിഭാഗവുമെന്ന്
അയാള്‍ക്ക് ബോധ്യപ്പെട്ടത്.

തിക്കിത്തിരക്കി കയറിയെങ്കിലും സീറ്റൊന്നും തരപ്പെടാതെ പരുങ്ങുമ്പോഴാണ് ഡ്രൈവറുടെ തൊട്ടു പിന്നിലെ സീറ്റിലിരുന്നു ഭാര്യ കൈ വീശി വിളിക്കുന്നത് അയാള്‍ കണ്ടത്. അവര്‍ അയാള്‍ക്കായി ഒരു സീറ്റ്‌പിടിച്ചിരുന്നു.

"ഞാനില്ലെങ്കിലിപ്പോ കാണായിരുന്നു...ഒരു നശിച്ച ബുദ്ധി...നേരത്തത്തെ ബസിനു പോയിരുന്നേലിപ്പോ വീടെത്തിയേനെ..."

ജാള്യത മറക്കാനായി അയാള്‍ മുഖം തിരിച്ച് പുറത്തേക്കു നോക്കിയിരുന്നു.

പതിയെ നീങ്ങിത്തുടങ്ങിയ ബസ്‌ പെട്ടെന്ന് നിന്നു. ഡോര്‍ തുറന്നു കയറി വരുന്ന മുഖ്യ പ്രഭാഷകയെ കണ്ട അയാള്‍ ഭാര്യയെ വിളിച്ചു കാണിച്ചു. സീറ്റിനരികെ വന്നു നിന്ന അവരോടു അയാളൊന്നു പുഞ്ചിരിച്ചെങ്കിലും രൂക്ഷമായൊരു നോട്ടമായിരുന്നു മറുപടി.

"നാണമില്ലേടോ....സ്ത്രീകളുടെ സീറ്റില്‍ കേറി ഞെളിഞ്ഞിരിക്ക്യാ. എന്നിട്ട് അവര് വരുമ്പോ എണീറ്റ്‌ കൊടുക്കാതെ ഒരുളുപ്പുലാതെ ഇളിക്ക്യേം ചെയ്യാ... എണീക്കെടോ..."

ബസ്‌ മുഴുവന്‍ കിടുക്കുന്ന ആ ശബ്ദപ്രവാഹത്തില്‍  അയാള്‍ തരിച്ചിരുന്നു പോയി. അവര്‍ക്കൊപ്പം ബസിലെ വര്‍ഗ്ഗബോധമില്ലാത്ത പുരുഷ കേസരികള്‍ കൂടി ചേര്‍ന്നപ്പോള്‍ അയാള്‍ക്ക്‌ ആ സീറ്റ്‌ ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു. കാരണം അയാളിരുന്ന സീറ്റ്‌  പുരുഷന്മാര്‍ക്ക് തുല്യരായ, അല്ലെങ്കില്‍ ഒരുപടി മുകളിലുള്ള,  സ്ത്രീകള്‍ക്കായി "സംവരണം" ചെയ്യപ്പെട്ടതായിരുന്നു.   











Monday, 19 December 2016

സ്വാതന്ത്ര്യ ദിനം

റെയില്‍ പാളത്തിനു സമാന്തരമായി കിടക്കുന്ന ഒറ്റയടിപ്പാതയിലൂടെ സാമാന്യം വേഗതയിലാണ് അയാളുടെ നടപ്പ്. പാതയോരത്ത്, പുലര്‍ച്ചെ പെയ്ത മഴയുടെ ഓര്‍മ്മയും പേറി  കുതിര്‍ന്നു നില്‍ക്കുന്ന  പുല്ലുകള്‍ മടക്കിക്കുത്തിയ മുണ്ടിനു താഴെ നഗ്നമായ അയാളുടെ കാലുകളെ അലോസരപ്പെടുത്തി. ഇടയ്ക്കു കീശയില്‍ നിന്നും മൊബൈല്‍ ഉയര്‍ത്തി സമയം നോക്കിയ അയാള്‍ നടത്തത്തിന്‍റെ  വേഗത പിന്നെയും കൂട്ടി.

തിരക്കിട്ട് പാളം മുറിച്ചു കടക്കുന്നതിനിടയിലാണ് അയാള്‍ കാലുടക്കി കമിഴ്ന്നടിച്ചു വീണത്. കൂര്‍ത്ത കരിങ്കല്‍ കഷ്ണങ്ങളിലമര്‍ന്നു കാല്‍മുട്ടില്‍ ചോര കിനിയുന്നതയാളറിഞ്ഞു. ഒരു വിധത്തിലെഴുന്നേറ്റു വളരെ പ്രയാസപ്പെട്ടാണ് പാളത്തിലെ വിള്ളലില്‍ കുരുങ്ങിപ്പോയ ചെരുപ്പ് വലിച്ചെടുത്തത്. ആ വിള്ളലിന് സാമാന്യം വലിപ്പമുണ്ടായിരുന്നു. തിരികെ സ്റ്റേഷന്‍ വരെ ചെന്ന് ഈ വിവരം പറയാമെന്നു കരുതിയെങ്കിലും സമയത്തെക്കുറിച്ചുള്ള ബോധം അയാളെ പിന്തിരിപ്പിച്ചു. ചോരയൊലിക്കുന്ന കാലുകള്‍ വലിച്ചു വെച്ച് അയാള്‍ ധ്രിതിയില്‍ നടന്നു.

ഓഫീസിലേക്ക് തിരിയും മുന്‍പേ, എതിരെ ഓടിപ്പോയ ആള്‍ക്കൂട്ടത്തില്‍ നിന്നും പാളം തെറ്റിയ തീവണ്ടിയെ പറ്റി അയാളറിഞ്ഞിരുന്നു.

പാറിപ്പറക്കുന്ന പതാകയുടെ മുന്നില്‍, സമയം തെറ്റാതെ പതാകയുയർത്താൻ സാധിച്ചതിലുള്ള കൃതാർത്ഥതയോടെ, അയാള്‍ അറ്റെന്‍ഷനില്‍ നിന്നു. നിറഞ്ഞു പെയ്ത ദേശീയബോധം അയാള്‍ക്കുള്ളിലെ കുറ്റബോധത്തിന്‍റെ  കറ കഴുകി കളഞ്ഞു.  റെയിൽ പാളത്തിൽ നിന്നുമുയരുന്ന രോദനങ്ങളെ മുക്കിക്കളഞ്ഞു കൊണ്ട്  അയാളുടെ കീശയിലെ ചൈന മൊബൈല്‍ ഉറക്കെയുറക്കെ ഇന്ത്യൻ ദേശീയ ഗാനം പാടിക്കൊണ്ടിരുന്നു.



     

Saturday, 29 October 2016

അവയവദാനം

ഒന്ന്
------
ആശുപത്രിക്കിടക്കയിൽ തനിച്ചാക്കി പോന്ന മകനെ കുറിച്ചായിരുന്നു ആ നീണ്ട ബസ് യാത്രയിൽ മുഴുവൻ യൂസഫിന്റെ ചിന്ത. അവസാന സ്റ്റോപ്പായ ആശുപത്രിപ്പടിയിൽ ബസ് ചെന്ന് നിൽക്കുമ്പോഴും ചിന്തകളുടെ മുൾപ്പടർപ്പിനുള്ളിൽ നിന്നും അയാൾ പുറത്ത് കടന്നിരുന്നില്ല. അത് കൊണ്ടാണ്, പല്ലുകൾക്കിടയിൽ പെട്ട തെറി വാക്കുകൾ കടിച്ചു പൊട്ടിച്ചു കൊണ്ട്, കണ്ടക്ടർക്ക് അയാളെ ചെന്ന് തട്ടിയുണർത്തേണ്ടി വന്നത്.

ബസിൽ നിന്നിറങ്ങി തല നിവർത്തിയത് ആശുപത്രിയുടെ പഴകി ദ്രവിച്ച ബോർഡിലേക്കാണ്. "ആദിവാസികൾക്കായി കേന്ദ്ര ഫണ്ടുപയോഗിച്ച് നിർമ്മിച്ച കെട്ടിടം" എന്ന കറുത്ത അക്ഷരങ്ങൾ മാഞ്ഞും തെളിഞ്ഞും നിരന്ന മഞ്ഞ ബോർഡിന് താഴെ തറയിൽ ചിലർ ഇരിക്കുന്നുണ്ട്. സിമന്റ് തേപ്പിളകി  ചെങ്കല്ലുകൾ വെളിപ്പെട്ട ചുവരും മേൽക്കൂരയിലെ തുരുമ്പെടുത്ത തകര ഷീറ്റും കെട്ടിടത്തിന്റെ പ്രായാധിക്യം വിളിച്ചോതുന്നുണ്ട്. കുന്നിൻ മുകളിലുള്ള ഒരു  കാട്ടുപ്രദേശമായിരുന്നു അത്. കാടിനകത്തേക്ക്  'റ' ആകൃതിയിൽ നിരപ്പാക്കിയെടുത്ത സ്ഥലത്ത് നില കൊള്ളുന്ന ആശുപത്രി കെട്ടിടത്തിന് നേരെ യൂസഫ് നടന്നു.

അടഞ്ഞു കിടക്കുന്ന വാതിലിന് മുന്നിൽ തറയിൽ ഇരിക്കുന്നവർ ചുമ്മാ തുറിച്ച് നോക്കിയതല്ലാതെ അയാളോടൊന്നും ചോദിച്ചില്ല. എന്തിന്, അവർ തമ്മിൽ  വല്ലതും സംസാരിക്കുന്നുണ്ടോ എന്ന് പോലും സംശയമാണ്. കാറ്റത്ത് തകര ഷീറ്റുകളടിച്ചുണ്ടാകുന്ന കടകട ശബ്ദം മാത്രമേ  തിങ്ങിക്കിടന്ന നിശ്ശബ്ദതയെ ഇടക്കെങ്കിലും അലോസരപ്പെടുത്തുന്നുള്ളു. തിളച്ചു മറിയുന്ന നഗര ബഹളങ്ങളിൽ ഊളിയിട്ട് പഴകിയ അയാൾക്ക് ആ ശാന്തതയുമായി പൊരുത്തപ്പെടാൻ ചെറുതല്ലാത്ത പ്രയാസമനുഭവപ്പെടുന്നുണ്ട്.

നിലത്തിരിക്കുന്നവരുടെ കണ്ണുകൾ തന്റെ മേൽ നിന്നും  മാറിയിട്ടില്ലെന്ന് യൂസഫിന് മനസിലായി. അവരുടെ നോട്ടം മുഴുവൻ തന്റെ വസ്ത്രത്തിലേക്കാണെന്ന തോന്നലിൽ അയാളൊന്നു ചൂളി. അത്ര മികച്ച വസ്ത്രങ്ങളൊന്നുമല്ല അയാൾ ധരിച്ചിരുന്നത്. എന്നാൽ അവരുടെ പഴകി മുഷിഞ്ഞ വസ്ത്രങ്ങളേക്കാൾ എത്രയോ മടങ്ങ് മെച്ചമാണെന്നതിൽ സംശയമില്ല. നഗരത്തിരക്കുകളിലൂടെ നിർബാധമൊഴുകാറുള്ള  വില കൂടിയ വസ്ത്രങ്ങളുടെ മിനുപ്പുകളിലേക്ക് നിയന്ത്രണം വിട്ട് നീളാറുള്ള തന്റെ കണ്ണുകളെ പറ്റി പെട്ടെന്നയാൾ ഓർത്തു. വർധിച്ച അസ്വസ്ഥതയും പേറി എതിർവശത്തെ മാടക്കട ലക്ഷ്യമാക്കി അയാൾ പതിയെ നടന്നു.

കടയോട് ചേർന്ന് വലിച്ചു കെട്ടിയ ഫ്ലക്സിനടിയിലെ മരബെഞ്ചിൽ യൂസഫ് ചെന്നിരുന്നു. ചില്ല് ഗ്ലാസിൽ കിട്ടിയ ചായ തണുത്ത കയ്യിൽ ഇളം ചൂട് പകരുന്നുണ്ട്. ആവി പറക്കുന്ന ചായ മൊത്തി കുടിക്കുമ്പോഴാണ് കടയുടെ മൂലയിൽ കൂനിക്കൂടിയിരിക്കുന്ന പയ്യൻ അയാളുടെ കണ്ണിൽപ്പെട്ടത്. ഈർപ്പമകന്ന ചകിരി കണക്കെയുള്ള ചപ്രശ്ശ മുടി, എല്ലുന്തിയ മുഖത്തെ ഒട്ടിയ കവിളുകൾ, മേൽച്ചുണ്ടിൽ മീശയെന്ന് വിളിക്കാനാകാതെ ചിതറി കിടക്കുന്ന  രോമങ്ങൾക്ക് താഴെ മുന്നോട്ട് തള്ളി നിൽക്കുന്ന കറ പിടിച്ച പല്ലുകൾ, മുഷിഞ്ഞു നാറി ഒറ്റ നിറമായ ഷർട്ടും മുണ്ടും - ഒരു പട്ടിണിക്കോലത്തിന് വേണ്ട സർവ്വ ലക്ഷണങ്ങളും തികഞ്ഞിട്ടുണ്ട്. ചൂട് വമിക്കുന്ന സമോവറിനരികിൽ മെല്ലിച്ച കൈകൾ പിണച്ച് ഇരു തോളിലും പിടിച്ച്   കൂനിക്കൂടി ഇരിക്കുന്ന അവന്റെ കുണ്ടിൽ പോയ കണ്ണുകൾ അകലെയെവിടെയോ തറച്ച് വെച്ചിരിക്കുകയാണ്.

"ഇവിടെ ആരെ കാണാനായിരുന്നു?"

കടക്കാരന്റെ ചോദ്യം കേട്ടാണ് യൂസഫ് പയ്യനിൽ നിന്നും നോട്ടം പറിച്ചെടുത്തത്.

പുതിയ ചാലുകൾ എത്ര വന്നടിഞ്ഞാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന സമുദ്രമാണ് നഗരമെങ്കിൽ, ഗ്രാമങ്ങളിൽ സ്ഥിതി വ്യത്യസ്തമാണ്. ഒരു പുറം നാട്ടുകാരൻ  ഗ്രാമീണനിലുണ്ടാക്കുന്ന സ്വാഭാവികമായ ജിജ്ഞാസയാണ് കടക്കാരന്റേത്. വർഗ്ഗീസ് ഡോക്ടർ പറഞ്ഞ പ്രകാരം അദ്ദേഹത്തെ കാണാൻ വന്നതാണെന്ന വിവരം അയാളെ തൃപ്തിപ്പെടുത്തിയിരിക്കണം. നഗരത്തിലെ ആശുപത്രി തിരക്കുകൾക്കിടയിലും ആഴ്ച്ചയിലൊരിക്കൽ കാട് കയറി വന്ന് രോഗികളെ കാണുന്ന ഡോക്ടറുടെ നല്ല മനസ്സിനെ പറ്റി അയാൾ വാചാലനായി. കൂടിയ രോഗമുള്ളവരെ നഗരത്തിലെ ആശുപത്രിയിൽ കൊണ്ട് പോയി പോലും ഡോക്ടർ ചികിത്സിക്കുന്നുണ്ടത്രേ; അതും തികച്ചും സൗജന്യമായി.

പെട്ടെന്നാണ് വികൃതമായ ശബ്ദത്തിൽ കൂകി വിളിച്ച്  കൊണ്ട്  ആ പയ്യൻ കാട്ടിലേക്ക് ഓടിക്കയറിയത്. ആശുപത്രിക്ക് മുന്നിലിരുന്നവരിൽ ഒന്ന് രണ്ട് പേർ അവന് പുറകെയോടി. മറ്റുള്ളവരാകട്ടെ യാതൊന്നും സംഭവിച്ചില്ലെന്ന മട്ടിൽ ആ ഇരിപ്പ് തുടർന്നു.

"ഓനങ്ങനാ സാറേ"

ഇടക്ക് മുറിഞ്ഞ് പോയ സംസാരം കടക്കാരൻ വീണ്ടെടുത്തു.

"എന്തോ കൂടിയ സൂക്കേടായിനു. ടൗണിലെ ഡോക്ടറ്ടെ ആസ്പത്രില് എത്ര കെടന്നിട്ടാ ഉയിര് ബാക്കി കിട്ട്യേന്നറിയോ ഇങ്ങക്ക്.... ഇന്ന്ട്ടും ഒറ്റ പൈസ മൂപ്പര് വാങ്ങീട്ട്ലാ."

യൂസഫിന്റെ ചിന്ത വീണ്ടും മകനിലെത്തി. നഗരത്തിലെ ആശുപത്രിയിൽ കിടക്കുന്ന മകന്റെ രോഗ വിവരം പറയാനായി ഇത്രയുമകലേക്ക് വരാൻ ഡോക്ടർ പറഞ്ഞതെന്തിനാവും? ഡോക്ടറുടെ വലിയ കറുത്ത കാറ് മുന്നിൽ വന്ന് നിർത്തുമ്പോഴും എത്തും പിടിയുമില്ലാത്ത പല ചിന്തകളിലായിരുന്നു അയാൾ.

"ആ...യൂസഫ്....നേരത്തെയെത്തിയോ? അകത്തേക്ക് വരൂ "

തോളിൽ തട്ടിയാണ് ഡോക്ടർ വിളിക്കുന്നത്. യൂസഫ് ഡോക്ടർക്ക് പുറകെ നടന്നു. കാത്തിരുന്നു മുഷിഞ്ഞ കണ്ണുകൾ ബഹുമാനം നിറച്ച് അവരെ പിന്തുടർന്നു.

രണ്ട്
-------
ഡോക്ടറുടെ മുറിയിൽ നിന്നുമിറങ്ങിയ യൂസഫിന് തല തിരിയുന്നത്  പോലെ തോന്നി. വേച്ചുവേച്ച് ജനലിനോട് ചേർത്തിട്ടിരിക്കുന്ന മര ബെഞ്ചിൽ ചെന്നിരുന്നു. അറുപത് വാട്ട് ബൾബിന്റെ അരണ്ട മഞ്ഞ വെട്ടം വരാന്തയിൽ ഒഴുകിപ്പരക്കുന്നു. ജനലഴികളിൽ മുഖം ചേർത്ത് പുറത്തെ ഇരുട്ടിലേക്ക് നോക്കി അയാളിരുന്നു. ഏതോ ഗുഹയിൽ നിന്നെന്ന പോലെ ഡോക്ടറുടെ ശബ്ദം വീണ്ടും വീണ്ടും ചെവിയിൽ മുഴങ്ങുന്നു. എത്ര നേരമങ്ങനെ ഇരുന്നു എന്നറിയില്ല. നിശബ്ദതയെ ചവിട്ടി മെതിക്കുന്ന ബൂട്ടിന്റെ കനത്ത ശബ്ദം തൊട്ടരികിലെത്തിയിട്ടും അയാൾ മുഖമുയർത്തിയില്ല. 

"യൂസഫല്ലേ....?"

കലങ്ങിയ കണ്ണുകൾ ഇടം കൈയാൽ തുടച്ച്  എണീക്കാൻ തുടങ്ങിയ യൂസഫിനെ തടഞ്ഞു കൊണ്ട് വന്നയാൾ ബെഞ്ചിലിരുന്നു.

"ഞാൻ ബാബു...ഇവിടുത്തെ വർഗീസ്  ഡോക്ടറുടെ സുഹൃത്താണ്. നിങ്ങടെ മോന്‍റെ കാര്യമെല്ലാം  ഡോക്ടറെന്നോട് പറഞ്ഞിട്ടുണ്ട്. ഒന്ന് കാണാൻ വേണ്ടിയാ ഞാനിപ്പോൾ വന്നത്. "

യൂസഫ് ഒന്ന് മുരടനക്കി; അത്ര മാത്രം.

"കുട്ടിയുടെ അവസ്ഥ എത്രത്തോളം  മോശമാണെന്ന് ഡോക്ടർ പറഞ്ഞില്ലേ?"

തനിക്ക് നേരെ ഉയർന്ന ആ കണ്ണുകളിലെ തിരയിളക്കം ബാബു പ്രതീക്ഷിച്ചതാണ്.

"പറഞ്ഞിക്കണ് സാറേ...മൂപ്പരെന്തെല്ലോ പറഞ്ഞിക്കണ്. ഓപ്പരേശൻ ഇനീം വെച്ച് താമസിച്ചാൽ ഇന്റെ പൊന്നു മോനെ ഇനിക്ക് തിരികെ കിട്ടൂലാന്നൊക്കെ..."

വാക്കുകൾ മുഴുമിപ്പിക്കാനാകാതെ യൂസഫ് പൊട്ടിപ്പൊട്ടിക്കരഞ്ഞു.

"ഏ...എന്തായിത് യൂസഫ്...നിങ്ങളിങ്ങനെ കൊച്ചു കുട്ടികളെ പോലെ കരയാതെ. നമ്മുക്ക് പരിഹാരമുണ്ടാക്കാം. അതിനല്ലേ ഞങ്ങളൊക്കെ ഇവിടെ"

ബാബുവിന്റെ കൈപ്പത്തി അയാളുടെ തോളിലമർന്നു.

"ഇങ്ങക്കറിയോ സാറേ, ഓൻ പെറന്നത് തന്നെ നെഞ്ചിലീ തൊളേങ്കാെണ്ടാ. ശ്വാസം കിട്ടാണ്ടെ ഓൻ പെടാപ്പാട് പെടണതെമ്പാടും ഞമ്മള് കണ്ടിക്കണ്. കുട്ട്യോൾടൊപ്പരം കളിക്കാനും സ്കൂളില് പൂവാനും പറ്റാണ്ടെ ഓൻ  വെശ്മിക്കുമ്പോയൊക്കെ  വല്തായാ ഒക്കെ ശെര്യാവുന്ന്  ഒറപ്പ് പറഞ്ഞോനാ ഞമ്മള്. പച്ചേങ്കില് അന്നൊന്നും  ഇത്രക്കും വല്യ കൊയ്പ്പണ്ട്ന്ന്  പടച്ചോനാണെ  ഞമ്മക്കറീലാർന്നു. ഓനെന്തേലും പറ്റൂന്നൊക്കെ  കേട്ടാ സഹിക്കാൻ കയ്യൂല സാറേ"

സർവ്വ നിയന്ത്രണവുമറ്റ് നിറഞ്ഞ് തുളുമ്പുന്ന കണ്ണുകൾ ഒളിപ്പിക്കാനായി അയാൾ ഇരുകൈകൾ ചേർത്ത്  മുഖം പൊത്തി.

"അതിനെന്താ യൂസഫെ. ഈ ഓപ്പറേഷൻ ഇപ്പൊ കഴിഞ്ഞാപ്പിന്നെ പേടിക്കാനൊന്നുമില്ലെന്നേ. നിങ്ങള് പറഞ്ഞ കണക്ക് മോന് കളിക്കാനും സ്കൂളിൽ പോവാനുമൊക്കെ പറ്റും. ഡോക്ടറു പറഞ്ഞില്ലേ  അതൊക്കെ? ഛെ...നിങ്ങളിങ്ങനെ കരയാതെ" 

തോളിൽ വെച്ച കൈ കൊണ്ട് അയാൾ യൂസഫിന്റെ പുറത്ത് പതിയെ തട്ടി.

 "മൂപ്പരെല്ലാം പറഞ്ഞിക്ക് സാറേ...പച്ചേങ്കില് ഓനിക്ക് പറ്റിയ ഒരു ഹൃദയം കിട്ടാനും  അത് വെച്ച്  പിടിപ്പിക്കാനുമൊക്കെപ്പാടും  കൂടി  ഒരു മുപ്പത് ലച്ചെങ്കിലും ആവൂല്ലേ. അങ്ങാടി ചുമടെടുക്കണോനാ സാറേ ഞമ്മള്. ഇന്നെ  കൊണ്ടത്തറയൊന്നും കൂട്ട്യാ കൂടൂല്ല."

"അപ്പോ പിന്നെ എന്ത് ചെയ്യാനാ താൻ ഉദ്ദേശിച്ചിരിക്കുന്നേ?? മോൻ അങ്ങ് മരിച്ചു പൊക്കോട്ടേന്നാണോ? "

കൈ പിൻവലിച്ചു കൊണ്ട് ബാബു  ശബ്ദമുയർത്തി.

"ഇന്റള്ളോ...അങ്ങനൊന്നും പറയല്ല സാറേ. ഇത്തറ കാലം ഓനെ ചികിൽസിച്ചെന്റെ കടം തന്നെ വീട്ടി കയിഞ്ഞിക്കില്ല. ഇനി ചോയ്ക്കാൻ പരിചയത്തിലൊരാളും ബാക്കീല്ല. ബന്ധക്കാരും കൂട്ടാരന്മാരൊക്കെ ഇന്നേ പോലെ തന്നെ  പ്രാരാബ്ധക്കാരാ. വേറെ വയിയൊന്നുല്ല സാറേ മുന്നില്...അതാ..."

തികട്ടി വന്ന കരച്ചിലിൽ അയാളുടെ ശബ്ദം മുറിഞ്ഞു.

"ഒന്ന് ഞമ്മളൊറപ്പിച്ചിക്ക്; ഓനെ ചാവാൻ വിട്ടിട്ട് ഞമ്മള് ഉയിരോടുണ്ടാവൂല...."

അയാൾ ഏങ്ങലടിച്ചു.

"പോയങ്ങു മരിച്ചു കളഞ്ഞാൽ നിങ്ങള്  രക്ഷപ്പെടും...നിങ്ങടെ മോനോ? അതോർത്തിട്ടുണ്ടോ?"

"പിന്നെ ഞമ്മളെന്താ സാറേ കാട്ടണ്ടെ ?  ഓനെ പെറ്റിട്ടിട്ട് പോയതാ ഓന്റുമ്മ. ഇനി ഓന്റെ മയ്യത്തും കൂടെ ഇന്നെക്കൊണ്ട് ചൊമക്കാനാവൂല..ചത്താളും സാറേ. അതൊറപ്പിച്ചതാ ഞമ്മള്"

അടക്കിപിടിച്ച കരച്ചിൽ ഒരു വികൃത ശബ്ദത്തോടെ അയാളിൽ നിന്നും പുറത്തേക്കൊഴുകി.

"യൂസഫ്....."

തലകുനിച്ചിരുന്ന് ഏങ്ങലടിക്കുന്ന അയാളെ ബാബു ചേർത്ത് പിടിച്ചു.

"മോനെ രക്ഷപ്പെടുത്താൻ നിങ്ങൾക്കു ചെയ്യാനാവുന്ന ഒരു കാര്യം ഞാൻ പറയാം....''

യൂസഫിന്റെ കലങ്ങിയ കണ്ണുകളിൽ പെട്ടെന്ന് ഒരു  തിളക്കം മിന്നി മറഞ്ഞു.

"ഏതായാലും നിങ്ങൾ മരിക്കാൻ തീരുമാനിച്ചു. എന്നാ പിന്നെ അത് കൊണ്ട് അവന്റെ ജീവനും ജീവിതവും രക്ഷപ്പെടുമെങ്കിൽ അതല്ലേടോ നല്ലത്?"

യൂസഫിന്റെ  വിടരുന്ന കണ്ണുകളിൽ നോക്കി കൊണ്ട് ബാബു തുടർന്നു -

"നിങ്ങളുടെ മകനെ പോലെ പല അവയവങ്ങൾക്കുമായി കാത്തു കിടക്കുന്ന ഒരുപാട് പേരുണ്ട്. ഈ ആരോഗ്യമുള്ള ശരീരത്തിലെ ഓരോ അവയവത്തിനും അതിൽ  പലർക്കും ഒരു പുതു ജീവൻ നൽകാനാകും."

യൂസഫിന്റെ ഉറച്ച ശരീരത്തിൽ വിരലൂന്നിയാണ് അയാളത് പറഞ്ഞത്.

"ഇങ്ങള്  പറയുന്നെ ഇനിക്ക് തിരിയണില്ല സാറേ"

"അതായത് യൂസഫെ...നിങ്ങൾ ഏതായാലും മരിക്കാൻ തീരുമാനിച്ചു. ഞാൻ നേരത്തെ പറഞ്ഞ പോലെ നിങ്ങളുടെ അവയവങ്ങൾ ആവശ്യമുള്ള, അതിനായി കാശെത്ര വേണമെങ്കിലും ചിലവാക്കാൻ   തയ്യാറുള്ള ഒരുപാട് പേര് എന്റെ കസ്റ്റഡിയിലുണ്ട്. അവർ തരുന്ന കാശ് കൊണ്ട് മകന്റെ ഹൃദയം മാറ്റിവെക്കും. ശസ്ത്രക്രിയ കഴിഞ്ഞാലും ശിഷ്ട കാലം ജീവിക്കാനുള്ള ഒരു തുക അവന്റെ പേരിൽ ബാങ്കിലുണ്ടാവുകയും ചെയ്യും."

പറഞ്ഞു നിർത്തി  ബാബു പതുക്കെയെണീറ്റു.

"ആ പിന്നെ...ചുമ്മാ പോയങ്ങു മരിച്ചു കളഞ്ഞാൽ ഇതൊന്നും നടക്കില്ല കേട്ടോ.  ഞങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ, "മസ്തിഷ്ക മരണം" സംഭവിച്ച ഒരാളുടെ അവയവങ്ങൾ മാത്രമേ മറ്റൊരാൾക്ക് മാറ്റി വെക്കാൻ പറ്റൂ. ആഹ്... അക്കാര്യങ്ങളൊക്കെ നിങ്ങളെനിക്ക് വിട്ടേക്ക്. എന്താ  വേണ്ടതെന്നു നന്നായി ആലോചിച്ച് ഒരു തീരുമാനം പറഞ്ഞാൽ  മതി. പിന്നൊരു കാര്യം. ഇപ്പറഞ്ഞതൊന്നും മൂന്നാമതൊരാൾ അറിയരുത് കേട്ടോ. പറഞ്ഞേക്കാം...."

നന്നായി ചിരിച്ച്, യൂസഫിന്റെ തോളിലൊന്ന്  തട്ടി, അയാൾ നടന്നകന്നു.

യൂസഫിന് തന്റെ കണ്ണുകളിൽ ഇരുട്ട് പടരുന്നതായി തോന്നി. ആ ഇരുട്ടിൽ  ആളുകൾ ചുമന്നു കൊണ്ട് പോകുന്ന ഒരു മയ്യത്തു കട്ടിലും കൂട്ടുകാർക്കൊപ്പം  ഉത്സാഹത്തോടെ സ്കൂളിലേക്ക് പോകുന്ന  മകനെയും അയാൾ കണ്ടു. അപ്പോൾ അയാളുടെ വരണ്ട ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർന്നു.

മൂന്ന്
-------
ആദിവാസിക്കോളനി കേന്ദ്രീകരിച്ച് അവയവക്കച്ചവടം നടത്തുന്ന പ്രമുഖ ഡോകടർ അറസ്റ്റിലായ വാർത്തയുമായാണ് നാട്ടിലെ പത്രങ്ങൾ അന്ന് പുറത്തിറങ്ങിയത്. അന്നേ ദിവസത്തെ ഒരു പ്രമുഖ ദിനപത്രത്തിന്റെ "നല്ല വാർത്ത" പേജിൽ മറ്റൊരു വാർത്തയുണ്ടായിരുന്നു - അപകടത്തിൽ മരണപ്പെട്ട മകന്റെ ഹൃദയം ദാനം ചെയ്യാൻ സന്മനസ്സു കാട്ടിയ മാതാപിതാക്കളെയും  സഹപ്രവർത്തകന്റെ മകന്റെ ചികിത്സക്കായി ലക്ഷങ്ങൾ സമാഹരിക്കാൻ മുൻകൈയ്യെടുത്ത ചുമട്ടു തൊഴിലാളികളുടെയും അവർക്കൊപ്പം നിന്ന ഒരു നാടിനേയും കുറിച്ചുള്ള ആ വാർത്തക്കൊപ്പം മകനെ കെട്ടിപ്പിടിച്ചു നിൽക്കുന്ന യൂസഫിന്റെ പുഞ്ചിരിക്കുന്ന ഫോട്ടോയുമുണ്ടായിരുന്നു.

Monday, 12 September 2016

ഓണപ്പൊട്ടൻ

"അമ്മേ... ദാ മാവേലി വര്ണൂ..."         
   
അപ്പൂ ഓടി അടുക്കളയിലെത്തി. മണിക്കിലുക്കം കേട്ടൂത്രേ. സീമ ഉമ്മറത്തേക്ക് ചെന്നു. ശരിയാണ് കിലുക്കം കേൾക്കാനുണ്ട്.

കാലത്തെണീറ്റ് താനൊരുക്കിയ പൂക്കളത്തിന്റെ ഭംഗി ഒന്നൂടെ ആസ്വദിക്കാനാണ് അവൾ മുറ്റത്തേക്കൊന്ന് പാളി നോക്കിയത്. ഉള്ളിൽ നിന്നുയർന്ന  ആർത്തനാദം തൊണ്ടയിൽ കുരുങ്ങി. അപ്പുവിന്റെ കരവിരുതിനാൽ അതൊരു "പൂക്കൊളം" ആയിട്ടുണ്ട്. ചെക്കനെ പിടിച്ച് രണ്ട് പെടക്കാനാണ് ആദ്യം തോന്നിയതെങ്കിലും നല്ലൊരു ദിവസമായിട്ടത് വേണ്ടെന്ന് വെച്ചു.

 "സീമേ... ആ നാഴീം വിളക്കും ഉമ്മറത്തേക്കെടുത്ത് വെച്ചോളൂ"

ഐശ്വര്യവുമായി വന്നു കയറുന്ന മാവേലി കണ്ടാൽ മോശമല്ലേയെന്നും കരുതി പൂക്കളം ഒന്ന് മോടി പിടിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് അകത്ത് നിന്നും അമ്മ വിളിച്ചു പറഞ്ഞത്.

വിളക്കു കത്തിച്ച് നാഴിയിൽ അരി നിറച്ച് ഉമ്മറത്ത് കൊണ്ട് പോയി വെക്കുമ്പോഴേക്കും മണികിലുക്കം പടിക്കലെത്തിയിരുന്നു. മാവേലി മന്നന് ദക്ഷിണയായി നൽകാൻ പത്ത് രൂപ നോട്ട് മുത്തശ്ശി അപ്പുവിന്റെ കൈയ്യിൽ തിരുകി കൊടുത്തു. പടികൾക്കു മീതെ ഉയർന്നു വരുന്ന ഓലക്കുട പ്രതീക്ഷിച്ചു നിന്ന അവർക്കു മുന്നിൽ ഒരു വടിയുടെ അറ്റം തെളിഞ്ഞു വന്നു.

" അക്കാ.... പഞ്ഞി മിഠായി വേണമാ? 
പത്ത് റൂപാക്ക് റണ്ട് പേക്ക്"      

പഞ്ഞി മിഠായി പാക്കറ്റുകൾ നിറഞ്ഞ വടിയുമായി കറുത്ത് മെല്ലിച്ചൊരു പയ്യൻ.

" വേണമാ തമ്പീ....?"     

കയ്യിലെ മണി കിലുക്കി കൊണ്ടുള്ള ചോദ്യം അപ്പുവിനോടാണ്. മുത്തശ്ശിയുടെ വേഷ്ടിത്തുമ്പ് കടിച്ചും കൊണ്ട് "ഓണപ്പൊട്ടനാ"യുള്ള അപ്പുവിന്റെ നിൽപ് കണ്ടപ്പോ സീമക്ക് ചിരി പൊട്ടി.

ഏതായാലും മാവേലിക്ക് നൽകാനിരുന്ന അരിയും കാശും കൊടുത്താണ് പയ്യനെ അവർ പറഞ്ഞു വിട്ടത്.

"നാടും വീടും സ്വത്തുമൊക്കെ ഇട്ടിട്ടു പോയ മാബലിക്കെവിടുന്നാ കിരീടോം ചെങ്കോലും? ഇത് പോലെ വല്ല രൂപത്തിലാവും മൂപ്പർടെ നടപ്പ്"

പടികളിറങ്ങുന്ന പയ്യനെ നോക്കി ഇങ്ങനെ പറഞ്ഞു കൊണ്ട് മുത്തശ്ശി അകത്തേക്ക് നടന്നു. പിറകിൽ വിളക്കും നാഴിയുമായി സീമയും പഞ്ഞി മിഠായി നുണഞ്ഞു കൊണ്ട് അപ്പുവും.

Thursday, 25 August 2016

വർഗ്ഗസ്നേഹം

സ്വതേ ഉയർന്ന (കഴിഞ്ഞ അസോസിയേഷൻ ഇലക്ഷനിൽ അഡ്വ: ലളിതശ്രീയോടേറ്റ അപ്രതീക്ഷിത പരാജയത്തിനു ശേഷം അല്പം കുനിഞ്ഞ) ശിരസ്സ് ഒന്ന് കൂടി ഉയർത്തി പിടിച്ചാണ് ശ്രീമതി ലീലാമ്മ ഫ്രാൻസിസിന്‍റെ  നടപ്പ്. അതിനു തക്കതായ കാരണവുമുണ്ട്. അവരൊരാളുടെ "മിടുക്ക്‌" കൊണ്ടാണ് അസോസിയേഷന്‍റെ   ഇത്തവണത്തെ പരിസ്ഥിതി ദിനാചരണത്തിന് മുഖ്യാതിഥിയായി ജില്ലാ പോലീസ് മേധാവിയായ യുവ ഐ.പി.എസ്സുകാരനെ തന്നെ കിട്ടിയത്.

താൻ മാനേജരായ ബ്രാഞ്ചിലെ കസ്‌റ്റമറാണെന്ന ഒറ്റ ധൈര്യത്തിലാണ് ഇക്കാര്യം പറഞ്ഞു കൊണ്ട് അങ്ങേരെ ചെന്ന് മുട്ടിയത്. ഔദ്യോഗിക തിരക്കും മറ്റും പറഞ്ഞു ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും, ദിവസങ്ങളോളം അസമയത്തോളം നീളുന്ന "വാട്സാപ്പ് ചാറ്റ്"  യജ്ഞത്തിലൂടെ അത്തരം തിരക്കുകളൊക്കെ മാറ്റിവെപ്പിക്കാൻ ലീലാമ്മക്കു സാധിച്ചു.

"ആ കമ്പും കുറ്റീമൊക്കെ പറിച്ചു കളഞ്ഞേച്ച് അവിടേം കൂടെ കസേര നിരത്തിയേര്" 

കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ നട്ട "വൃക്ഷ തൈകളെ" ചൂണ്ടിയാണ് ലീലാമ്മ പറയുന്നത്.

ഇത്തവണ ഏതായാലും ദിനാചരണത്തോടനുബന്ധിച്ച് കാലിക പ്രസക്തിയുള്ള ഒരു പരിപാടിയാണ് അവർ തീരുമാനിച്ചത്- "തെരുവ് നായ്ക്കളെ കൊന്നൊടുക്കുന്നതിനും വന്ധ്യംകരണമുൾപ്പെടെ നടത്തി പീഢിപ്പിക്കുന്നതിനുമെതിരെ ഒരു പ്രതിഷേധ കൂട്ടായ്മ"

ലീലാമ്മയുടെ മറ്റെല്ലാ നിർദ്ദേശങ്ങളെയും പ്രസിഡൻ്റിന്‍റെ  വീറ്റോ പവർ ഉപയോഗിച്ച് നിർദാക്ഷിണ്യം തള്ളിക്കളഞ്ഞെങ്കിലും ഈ നിർദ്ദേശത്തിന് ലളിതശ്രീയും സമ്മതം മൂളി. ഇതും കൂടെ തള്ളിയാൽ ഉദ്‌ഘാടകന്‍റെ  കാര്യത്തിൽ ലീലാമ്മ കാലു മാറിയേക്കുമെന്ന ഇന്‍റലിജന്‍സ്  വിവരത്തിന്‍റെ  അടിസ്ഥാനത്തിലാണ് ആ നടപടിയെന്നത് അടുക്കള രഹസ്യം.

"ഒരു തെരുവ് പട്ടിയെ ഏറ്റു വാങ്ങിക്കൊണ്ട്  വേണം ഉദ്ഘാടിക്കാനെന്നു കേട്ടപ്പോൾ പുള്ളിക്കാരന്‍റെ   ഞെട്ടലൊന്ന് കാണേണ്ടതാ. ഒടുക്കം ലീനേടെടെ വളർത്തു പട്ടിയാന്നും ഒരാഴ്ച പട്ടിണി കിടത്തി തെരുവ് പട്ടീടെ ലുക്ക് വരുത്തീതാനും പറഞ്ഞപ്പോൾ, എൻ്റെ റോസ്യേ, പുള്ളീടെ ഒരു ദീർഘനിശ്വാസമുണ്ട്. എനിക്ക് ചിരിയടക്കാൻ പറ്റിയില്ല. "

 ലീലാമ്മ പൊട്ടിച്ചിരിച്ചു. കോറസ്സായി മറ്റു സ്ത്രീജനങ്ങളും.

വേദിയിൽ പ്രസിഡൻറ്റിന്‍റെ  സ്വാഗതം പ്രസംഗമാണ്. കസേര അടുത്തേക്ക് നീക്കിയിട്ട്  ഉദ്ഘാടകന്‍റെ   ദേഹത്തേക്ക് അല്പം ചാഞ്ഞു കൊണ്ട് ലീലാമ്മ പറഞ്ഞു:

"സർ, അന്ന് ഞാൻ സംസാരിച്ച  മറ്റേ കാര്യമില്ലേ..."

"ഏതു കാര്യമാ മാഡം..?" 

ഒരുപാട് "മറ്റേ" കാര്യങ്ങൾക്കിടയിൽ ഏതാണെന്ന് ഐ.പി.എസ്സുകാരന് പിടികിട്ടിയില്ല.

"ആ ചേരിക്കാരുടെ...ഇങ്ങോട്ടു വരുമ്പോ സർ കണ്ടില്ലേ ഗേറ്റിനു പുറത്തെ ടെൻറ്റുകൾ...? എവിടുന്നോ വന്നു തമ്പടിച്ച കൂട്ടരാ...വണ്ടീലൊക്കെ വരുമ്പോ ഹോൺ അടിച്ചാ പോലും റോഡീന്നു മാറത്തില്ലാ. പിള്ളേരെയൊക്കെ പുറത്തേക്കു ഒറ്റക്ക് വിടാൻ തന്നെ പേടിയാ...ഇവിടുത്തെ റെസിഡന്‍റസിന്‍റെയൊക്കെ ഒപ്പു ശേഖരിച്ച് ഒരു ഡീറ്റൈൽഡ് മെമോറാണ്ടo റെഡി ആക്കിട്ടുണ്ട്. സാർ അതൊന്നു കൺസിടെർ ചെയ്ത് പെട്ടെന്നൊരു ആക്ഷൻ എടുക്കണം.പ്ലീസ്."

അയാളുടെ കൈക്കു  മീതെ ലീലാമ്മയുടെ വിരലുകളമർന്നു.

എന്നാല്‍, കഴിഞ്ഞയാഴ്ച്ച തെരുവ് പട്ടികൾ  കടിച്ചു കൊന്ന  പിഞ്ചു കുഞ്ഞിന്‍റെ   ശരീരവുമായി  സ്റ്റേഷൻ ഉപരോധിച്ച ചേരി നിവാസികളുടെ ചിത്രമായിരുന്നു അയാളുടെ മനസ്സ് നിറയെ.