Wednesday, 5 April 2017

കൊച്ചമ്മാവന്‍

"കാത്തിരുന്ന് മുഷിഞ്ഞു കാണുമല്ലേ...?"

അച്ഛന്‍റെ ശബ്ദമാണ്.

"ഏയ്‌ ഇല്ല..ട്രെയിന്‍ ലേറ്റ് ആണെന്നറിഞ്ഞിരുന്നു...എത്തീട്ട് അധിക നേരമായില്ല."

ആ  ശബ്ദം  തന്നിലുളവാക്കിയ ഊര്‍ജ്ജ പ്രവാഹം അവളറിഞ്ഞു. അമ്മയുടെ തോളിലേക്ക് ചായ്ച്ചു വെച്ചിരുന്ന തല താനേ ഉയര്‍ന്നു. ഉറക്കം തൂങ്ങുന്ന കണ്ണുകള്‍ മിഴിഞ്ഞു....മുഖം നിറഞ്ഞ ചിരിയോടെ അവള്‍ നീട്ടി വിളിച്ചു....

"കൊച്ചമ്മാവാ...."

രണ്ടു മാസത്തെ വെക്കേഷന് റിയാദില്‍ നിന്നും നാട്ടിലേക്കുള്ള വരവിനു എപ്പോഴും  ഒരു ടൈം ടേബിളുണ്ടായിരുന്നു. അച്ഛന്‍റെ തറവാട്ടിലെ രണ്ടാഴ്ച്ചക്കാലത്തെ താമസത്തിനു ശേഷം ചെങ്ങന്നൂരുള്ള  അമ്മാത്തേക്കുള്ള യാത്ര മിക്കപ്പോഴും ട്രെയിനിലാവും. കൊച്ചമ്മാവന് അന്ന് കോട്ടയത്താണ് ജോലി. അത് കൊണ്ട് തന്നെ കോട്ടയം മുതല്‍ അവര്‍ക്കൊപ്പം കൊച്ചമ്മാവനും കാണും.

"ആഹാ...ഉണര്‍ന്നോ കണ്ണടക്കാരി..."

കൊച്ചമ്മാവന്‍ തന്‍റെ സ്വതസിദ്ധമായ കള്ളച്ചിരിയോടെ ചോദിച്ചു.

കണ്ണടക്കാരി-കൊച്ചമ്മാവന്‍ അവള്‍ക്കു ചാര്‍ത്തി നല്‍കിയ അനേകം വിളിപ്പേരുകളില്‍ ഒന്നു മാത്രമാണത്. തനിക്കുള്ള സമ്മാനപ്പൊതി ഒളിഞ്ഞിരിക്കുന്ന കൊച്ചമ്മാവന്‍റെ ബാഗിനു ചുറ്റും മൂളിപ്പറക്കുന്നതിനിടയില്‍ അവളാ ചോദ്യം കേട്ടതായി തോന്നിയില്ല. 

"എന്ത് കോലമാടീ....സ്വര്‍ണ്ണ കണ്ണടയും...കീറിയ ജീന്‍സും....ഹാ....കഷ്ടം"

കൊച്ചമ്മാവന്‍ വിടാന്‍ ഭാവമില്ല.

ഇത്തവണ ഏതായാലും ലക്‌ഷ്യം തെറ്റിയില്ല. അവളുടെ  മുഖത്തെ ചിരി മാഞ്ഞു. മൂക്ക് ചുവന്നു. ചുണ്ടുകള്‍ കൂര്‍പ്പിച്ച് താഴോട്ട് നോക്കിയിരിക്കുന്ന  അവള്‍ക്കു ശുണ്ഠി വന്നിരുന്നു. എങ്ങനെ വരാതിരിക്കും. പുത്തന്‍ ഗോള്‍ഡന്‍ ഫ്രെയിം കണ്ണടയും വെച്ച് ലേറ്റസ്റ്റ് ഫാഷന്‍ ജീന്‍സുമിട്ട് പൂര്‍ണ്ണ സംതൃപ്തിയില്‍ ഇരിക്കുമ്പോഴാണ് ഇങ്ങനൊരു കളിയാക്കല്‍.

അല്ലെങ്കിലും അവളെ ശുണ്ഠി പിടിപ്പിക്കുക, പറഞ്ഞു പറ്റിക്കുക എന്നിവയൊക്കെയാണ് കൊച്ചമ്മാവന്‍റെ പ്രധാന വിനോദങ്ങള്‍. സ്നേഹവും വാത്സല്യവും വാരിക്കോരി നല്‍കുന്ന വല്യമ്മാവനാണ് ഒരു വശത്തെങ്കില്‍ കളിക്കൂട്ടുകാരനായ കൊച്ചമ്മാവനാണ് മറുവശത്ത്. അവളോടുള്ള കൊച്ചമ്മവന്‍റെ കുസൃതി അളക്കാന്‍ ഇനി പറയുന്നത് തന്നെ ധാരാളം.

ചെങ്ങന്നൂര് നിന്നും കോട്ടയം വരെയും തിരിച്ചും ദിവസവും താന്‍ ആനപ്പുറത്താണ് യാത്രയെന്നാണ് കൊച്ചമ്മാവന്‍ അവളോട് പറഞ്ഞിരിക്കുന്നത്. ആനയെ കാണാനായി   ദിവസവും കൊച്ചമ്മാവന്‍റെ  വരവും കാത്തിരിക്കുന്ന അവള്‍ക്ക്   തൊടിയില്‍ കെട്ടിയിട്ടിരിക്കുന്ന ആനയെ അയാള്‍ ചൂണ്ടി കാണിച്ചു കൊടുത്തിരുന്നു. പക്ഷെ തൊടിയിലെ ഇരുട്ട് കാരണം അവള്‍ക്കൊരിക്കലും  ആനയെ കാണാന്‍ പറ്റാറില്ല. എന്നെങ്കിലും തൊടിയിലെ ഇരുട്ട് വറ്റുമെന്നും അപ്പോള്‍ തനിക്ക് ആനയെ കാണാനാവുമെന്നും കരുതി അവള്‍ ആ നോട്ടം തുടര്‍ന്ന് കൊണ്ടേയിരുന്നു. അത്രക്കും സ്വാഭാവികമായിട്ടായിരുന്നു കൊച്ചമ്മാവന്‍  അവളെയാ  "ആന നുണ" പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്.

ഇടയ്ക്കിടെ പിണങ്ങാറുണ്ടെങ്കിലും ദിവസവും വൈകിട്ട് അവള്‍ക്കുള്ള പുസ്തകവുമായി കയറി വരുന്ന കൊച്ചമ്മാവനെ അവള്‍ക്കേറെ ഇഷ്ടമായിരുന്നു.

                                     X--------------------------X------------------------X

വര്‍ഷങ്ങള്‍ക്കിപ്പുറം ദല്‍ഹിയിലെ ഒരു പ്രഭാതം.

ആന കൊമ്പ് കുലുക്കിക്കൊണ്ട് ഓടിയടുക്കുകയാണ്. കൊച്ചമ്മാവന്‍ നിലത്ത് മണ്ണില്‍ മലര്‍ന്നു കിടക്കുന്നു. തുമ്പിക്കൈ ചുരുട്ടി മസ്തകത്തോട് ചേര്‍ത്ത് വെച്ച് കൊണ്ട് ചുറ്റും കിടുങ്ങുമാറുച്ചത്തില്‍ ആന  ചിന്നം വിളിച്ചു.

അവള്‍ ഞെട്ടിയുണര്‍ന്നു. സൈഡ് ടേബിളില്‍ കിടന്നു മൊബൈല്‍ വൈബ്രേറ്റ് ചെയ്ത് കറങ്ങുന്നു.

അച്ഛനാണ്.

"അമ്മൂ....കൊച്ചമ്മാവന്‍ പോയെടീ....."

മൊബൈല്‍ വെട്ടം അണഞ്ഞതോടെ ഹോസ്റ്റൽ മുറിയിലെ ഇരുട്ടിന് കട്ടി കൂടിയതായി അവള്‍ക്കു തോന്നി. ഒരാനയെ ഒളിപ്പിച്ചു നിര്‍ത്താന്‍ മാത്രം കട്ടിയുള്ള ഇരുട്ട്. അവളുടെ ചെവികളിലപ്പോഴുമാ ആനയുടെ  ചിന്നം വിളി മുഴങ്ങിക്കൊണ്ടിരുന്നു.








Thursday, 23 February 2017

കായി-ഓന്‍റെo ഞമ്മന്‍റെo..

ബാങ്കില്‍ പ്രൊബേഷണറി ഓഫീസറായുള്ള ആദ്യത്തെ പോസ്റ്റിങ്ങ്‌  മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ബ്രാഞ്ചിലായിരുന്നു. അതിനാല്‍,  കോഴിക്കോട്ടുകാരനായ എനിക്ക് ദിവസം വീട്ടില്‍ പോയി വരാന്‍ സാധിച്ചിരുന്നു.  എട്ടു മണിയുടെ പാസഞ്ചര്‍ ട്രെയിന്‍ പിടിച്ചാല്‍ ഒന്‍പതേ കാലോടെ ബ്രാഞ്ചിലെത്താം. എന്നാല്‍ അന്നത്തെ ദിവസമെനിക്ക്‌ ശെരിക്കുമൊരു 'പണി കിട്ടി' എന്ന് പറഞ്ഞാൽ മതിയല്ലോ. മംഗള എക്സ്പ്രെസ്സിന്‍റെ "വൈകിയോട്ടം" കാരണം ഓരോ സ്റ്റേഷനിലും പത്തുമിരുപതും മിനിറ്റ് പിടിച്ചിട്ട പാസഞ്ചര്‍ ട്രെയിന്‍ പരപ്പനങ്ങാടി എത്തുമ്പോത്തന്നെ  സമയം പത്തേ കാലായി. പിന്നെ ഓട്ടോ പിടിച്ചു ബ്രാഞ്ചിലെത്തിയപ്പോഴേക്കും സമയം പത്തര. 

ട്രെയിന്‍ വൈകിയോടുന്ന കാര്യം വിളിച്ചു പറഞ്ഞതിനാല്‍ കൂടുതല്‍ വിശദീകരണം നല്‍കാതെ അറ്റന്‍ഡന്‍സ് മാര്‍ക്ക് ചെയ്യാന്‍ പറ്റി. സീറ്റില്‍ ചെന്നിരിക്കാന്‍ തുടങ്ങുമ്പോഴാണ്‌, രണ്ടു-മൂന്നു പേര്‍  ലീവാണെന്നും   അതിനാല്‍ കൌണ്ടെറില്‍ ഇരിക്കണമെന്നും  ജോണ്‍സണ്‍ സാര്‍ വന്നു പറഞ്ഞത്. കൌണ്ടറിനു മുന്നിലപ്പോഴേക്കും സാമാന്യം നല്ലൊരു ആള്‍ക്കൂട്ടം രൂപപ്പെട്ടു കഴിഞ്ഞിരുന്നു. കയ്യില്‍ കിട്ടിയാല്‍ പച്ചയോടെ ചവച്ചരച്ചു തിന്നു കളയുമെന്ന മട്ടിലുള്ള നോട്ടങ്ങളും മുറുമുറുപ്പുകളും അവഗണിച്ച് കൊണ്ട് ഞാൻ അവിടെ ചെന്നിരുന്നു.

"ലേസം വൈകിപ്പോയല്ലേ.....സാരല്ല..."

ആള്‍ക്കൂട്ടത്തിന്‍റെ ഏറ്റവും മുന്നില്‍, കൌണ്ടറിന്‍റെ ഗ്ലാസ്സിനോട് ചേര്‍ന്നു    നില്‍ക്കുന്ന അപ്പൂപ്പനാണ്. പല്ലില്ലാത്ത മോണ മുഴുവന്‍ കാട്ടി അയാള്‍ ചിരിച്ചു.

"ട്രെയിന്‍ ലേറ്റായതാ...എന്ത് ചെയ്യാനാ..."

എലാവര്‍ക്കും കേട്ടോട്ടെയെന്നും കരുതി അല്പം ഉറക്കെയാണ് ഞാനത്  പറഞ്ഞത്.

"വൈകി വന്നേം പോര ഇങ്ങള് പൊന്നാരം പറഞ്ഞ് നിക്കാ..."

ആള്‍ക്കൂട്ടത്തിനുള്ളില്‍ നിന്നുയര്‍ന്ന കമൻറ്   കേട്ടില്ലെന്നു നടിച്ചു കൊണ്ട്  ഞാന്‍ സിസ്റ്റെത്തില്‍ ലോഗിന്‍ ചെയ്യുന്ന പണിയില്‍ മുഴുകി.

"ഇജ്ജിതങ്ങട്ട്  വാങ്ങിച്ചാ..."

ഗ്ലാസ്സിനു മുകളിലൂടെ കയ്യെത്തിച്ച് പാസ്ബുക്ക് നീട്ടിക്കൊണ്ട്  അപ്പൂപ്പന്‍ പറഞ്ഞു.

കയ്യില്‍ കിട്ടിയ പാസ്ബുക്ക് തുറന്നു നോക്കുമ്പോ അതിനകത്ത്  ഒരു കാഷ് ഡപോസിറ്റ്‌ സ്ലിപും, ചെക്കും പിന്നെ രണ്ട് ആയിരത്തിന്‍റെ നോട്ടുകളും.
സ്ലിപ്പില്‍ അക്കൗണ്ട്‌ നമ്പര്‍ എഴുതേണ്ട കളങ്ങളില്‍ "കുഞ്ഞഹമ്മദ്" എന്നും   പേരെഴുതാനുള്ളിടത്ത് "രണ്ടായിരമെന്നും" വൃത്തിയായി എഴുതി വെച്ചിട്ടുണ്ട്.

"ഇതാരാ പൂരിപ്പിച്ചേ..."

"ഇവനാ....ഫൈസല്...ഇന്‍റെ എളയോള്ടെ മോനാ..."

എന്‍റെ നോട്ടത്തിന്‍റെ അര്‍ത്ഥം മനസിലായിട്ടാവണം, തൊട്ടടുത്ത് നിന്ന കൌമാരക്കാരന്‍ എന്നെ നോക്കി  ഒരു വളിഞ്ഞ ചിരി പാസ്സാക്കി.

"ഇതിപ്പോ ഏത് അക്കൌണ്ടിലാ ഇടണ്ടേ..."

ഞാൻ നോട്ടുകൾ ഉയര്‍ത്തിക്കൊണ്ട്  ചോദിച്ചു

"അതാ ബുക്കില് ചേര്‍ത്തോ..."

അപ്പൂപ്പന് സംശയമൊന്നുമുണ്ടായിരുന്നില്ല.

ചൂടുമുള്ളവര്‍ അക്ഷമരായിത്തുടങ്ങിയിരുന്നു.  അപ്പൂപ്പനെ കൊണ്ട് പൂരിപ്പിച്ചു വാങ്ങിക്കാന്‍ നിന്നാല്‍  സമയമിനിയും പോവുമെന്നതിനാല്‍ ഞാന്‍ തന്നെ പാസ്ബുക്കിലെ  അക്കൗണ്ട്‌ നമ്പര്‍ സ്ലിപ്പില്‍ എഴുതി ചേര്‍ത്തു .

"അല്ലാ...ചെക്കും ഇതേ  അക്കൗണ്ടിലേതാണല്ലോ...?"

ചെക്ക് പോസ്റ്റ്‌ ചെയ്യ്യാനായെടുത്തപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്.

"ആന്ന് പുള്ളെ...ആ ബുക്കിലെ  തന്ന്യാ...ഇക്ക് അയീന്നൊരു രണ്ടായിരം എട്ക്കാനാ....പൊരേല് ഇമ്മിണി പണിണ്ടെ.."

"എഹ്....പിന്നെന്തിനാ ഉപ്പുപ്പാ ഇങ്ങള് കയ്യിലുള്ള രണ്ടായിരം അക്കൗണ്ടിലിടുന്നെ.. അതങ്ങ് എടുത്താ പോരെ..?"

എന്‍റെ  തലയാകെ  പെരുത്ത് വന്നു.

"അതായത് പുള്ളെ...രണ്ടു മൂന്നു മാസം മുമ്പേ ഞമ്മട അയലത്തുള്ള കുഞ്ഞാപ്പൂന് ഞമ്മളൊരു  രണ്ടായിരം ഉറുപ്പ്യ കൈവായ്പ്പ കൊട്ത്തിന്. പിന്നൊരു അനക്കോല്ല...കൊറേ ഒച്ചേം ബിളീo വെച്ചിട്ടാ ഓന്‍റെ  സൌദീലുള്ള  മോന്‍ ബസീറ് ഇന്നലെ  രണ്ടായിരം ഉറുപ്പ്യ ഞമ്മടെ കാര്‍ഡിലേക്ക്‌ ഇട്ട് തന്നത്... അതീ  ചെക്കനെ കൊണ്ട് ഞമ്മള് രാവിലെ തന്നെ എട്പ്പിച്ചീനു. അതാ ആ കായി..."

അയാള്‍ എന്‍റെ കയ്യിലെ നോട്ടുകള്‍ ചൂണ്ടിക്കാട്ടി.

അക്കൗണ്ട്‌ നോക്കിയപ്പോ ശെരിയാണ്. ഇന്നലെ രണ്ടായിരം ക്രെഡിറ്റ്‌ ആയിട്ടുണ്ട്. ഇന്നൊരു രണ്ടായിരം എ.ടി.എമ്മിലൂടെ പിന്‍വലിച്ചിട്ടുമുണ്ട്.

"ആയ്ക്കോട്ടെ ഉപ്പുപ്പാ..അപ്പൊ രണ്ടായിരം കയ്യില്‍ കിട്ടിയില്ലേ...പിന്നെ അതെന്തിനാ അക്കൗണ്ടിലിട്ട് പിന്നേം എടുക്കാന്‍ നിക്കുന്നെ... ഇങ്ങക്ക് ചില്ലറയാക്കാനാ??"

എന്‍റെ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു.

"അല്ല പുള്ളെ...അത് ബസീറിട്ട രണ്ടായിരല്ലേ..അപ്പൊ അത് ഓന്‍റെ കായല്ലേ. ഞമ്മക്ക് ഓന്‍റെ കായി വേണ്ട. അതെടുത്ത് ഈ  ബൂക്കിലിട്ടാ ഞമ്മന്‍റെതാവൂലേ. ഇങ്ങള് ഞമ്മക്ക് അതിങ്ങെടുത്ത് തന്നാ മതി... "

തികച്ചും നൂതനമായ "ബാങ്കിംഗ് പ്രാക്ടീസും" അതിനുള്ള  "റേഷനെലും" കേട്ട് ഞാൻ വാ പൊളിച്ചിരുന്നു പോയി എന്നതാണ് സത്യം.

"ഇങ്ങള് പുത്യേ ആളല്ലേ...അതാ പുടി കിട്ടാത്തെ...സാരല്ല.. എയ്മായിക്കോളും..."

പല്ലില്ലാത്ത മോണ മുഴുവനായും കാട്ടി അയാള്‍ വീണ്ടുo ആ ചിരി ചിരിച്ചു.

Tuesday, 14 February 2017

ഭാഗ്യം എന്നല്ലാതെന്ത് പറയാൻ

കുഞ്ഞാലിക്ക ആകെ ടെന്‍ഷനിലാണ്. ടെന്‍ഷനായാ പിന്നെ മൂപ്പര്‍ക്ക് ആകെയൊരു പരവേശമാണ്. മൂപ്പര്‍ടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍  അടിവയറ്റില്‍ നിന്നുo പുളിപ്പുരസമുള്ള തീവെള്ളം തികട്ടി വരുന്ന അവസ്ഥ. അത് വന്നാ പിന്നെ ഇരിക്കാനും നിക്കാനും പറ്റൂല. ഇതിപ്പോ എന്തിനാ ടെന്‍ഷന്‍ എന്നല്ലേ. കാര്യമുണ്ട്. ഇതാദ്യമാണ്‌ കുഞ്ഞാലിക്ക  കോടതി കേറുന്നത്. അതും കാര്യമില്ലാത്തൊരു കാര്യത്തിന്.

വേലിക്കെട്ട്‌ എന്ന് വിളിക്കാന്‍ പോലും പറ്റാത്ത, അങ്ങുമിങ്ങും  കുത്തി നിര്‍ത്തിയ നാലഞ്ച് ശീമക്കൊന്ന കോലുകളുടെ അപ്പുറമിപ്പുറമായി കുഞ്ഞാലിക്കയും ഗോപാലേട്ടനും കഴിയാന്‍ തുടങ്ങിയിട്ട് വര്‍ഷം കുറെയായി. തമ്മില്‍ പറഞ്ഞു തീര്‍ക്കാവുന്ന ഒരു വഴി പ്രശ്നം. അതാണ്‌ മതക്കാരും പാര്‍ട്ടിക്കാരുമിടപെട്ട് പോലീസ് സ്റ്റേഷനും കടന്ന് ഇപ്പോള്‍ കോടതിയില്‍ എത്തി നില്‍ക്കുന്നത്.

 തീവെള്ളത്തിന്‍റെ പുളിപ്പുരസം നാക്കിലറിഞ്ഞ കുഞ്ഞാലിക്ക
പുറത്തേക്കൊന്ന് നീട്ടിത്തുപ്പി തലയുയര്‍ത്തിയപ്പോഴാണ് വരാന്തയില്‍ തൂണിനു മറവില്‍ നിന്ന്‌ തന്നെ നോക്കുന്ന ഗോപാലേട്ടനെ  കണ്ടത്. കുഞ്ഞാലിക്കയുടെ ശ്രദ്ധയില്‍ പെട്ടുവെന്നു മനസിലാക്കിയ അയാള്‍ തല വെട്ടിച്ചു കൊണ്ട് തൂണിനു പുറകിലേക്ക് മറഞ്ഞു നിന്നു. എന്ത് വേണമെന്നു ശങ്കിച്ചു നില്‍ക്കുമ്പോഴാണ് കുഞ്ഞാലിക്കയുടെ  അരയില്‍ തിരുകിയ മൊബൈല്‍ അടിക്കാന്‍ തുടങ്ങിയത്.

 ഇളയമകന്‍ മമ്മാലിയുടെതാണ്  മൊബൈല്‍. കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ അപ്പപ്പോ വിളിച്ചറിയിക്കാന്‍ വേണ്ടി  സ്കൂളില്‍ പോകാന്‍ തയ്യാറായി നില്‍ക്കുന്ന  മമ്മാലിയുടെ കയ്യില്‍ നിന്നും തട്ടിപ്പറിച്ചാണ് ആമിനുമ്മ അത് കുഞ്ഞാലിക്കാക്ക് കൊടുത്തത്. തന്‍റെ രഹസ്യങ്ങളുടെ നിധികുംബം കൈവെടിയാതിരിക്കാന്‍ അവന്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഒടുക്കം ആമിനുമ്മയുടെ  വാശിക്കു മുമ്പില്‍  വഴങ്ങേണ്ടി വന്നു. എന്തായാലും കാള്‍ വന്നാല്‍ എടുക്കാനുള്ള  വിദ്യ മാത്രമേ അവന്‍ ഉപ്പാക്കു പഠിപ്പിച്ചു കൊടുത്തിട്ടുള്ളൂ.

മമ്മാലി പറഞ്ഞത് ഓര്‍ത്തെടുത്ത് സ്ക്രീനില്‍ തെളിഞ്ഞ പച്ച വട്ടത്തില്‍ വിരലമര്‍ത്തിക്കൊണ്ട് അയാള്‍ ഫോണ്‍ചെവിയിലേക്കടുപ്പിച്ചു.

"എന്താ മന്ശാ ഫോണെടുക്കാനിത്ര അമാന്തം...??? നോക്ക്...ഇങ്ങള അന്തം വിട്ട സ്വഭാവോം കൊണ്ട് കേസെങ്ങാന്‍ തോറ്റ് ഇങ്ങോട്ട് വാ...ബാക്കി ഞമ്മളപ്പോ പറയാ..."

അങ്ങേത്തലക്കല്‍ ആമിനുമ്മ കാറിപ്പൊളിച്ചു.

"ഇയ്യെന്ത് വര്‍ത്താനാ പറയുന്നേ... ഞമ്മളിവിടെ ഗുസ്തി മത്സരത്തിനാ വന്നിക്കണേ...ഞമ്മള് മാത്രം വിജാരിച്ചാ ജയിക്കാന്‍?? കോടതിയല്ലേ പറയാ...ഇയ്യ് ചെലക്കാണ്ടെ ഫോണ്‍ വെച്ചോ..."

നാട്ടുകാര്‍ക്കിടയില്‍ "അന്തം വിട്ടോന്‍" എന്നൊരു പേരുണ്ടെങ്കിലും സ്വന്തം കേട്ട്യോള്ടെ വായീന്നത് കേട്ടപ്പോള്‍ സ്വതേ ശാന്തശീലനായ കുഞ്ഞാലിക്കക്ക് കലിയടക്കാനായില്ല.

"നോക്ക്...ഇതിങ്ങളുടെ വീടല്ല; കോടതിയാ.. ഇവിടെയീ ഒച്ചേം ബഹളൊന്നും പറ്റൂല... ജഡ്ജിന്‍റെ  മുന്നിന്നെങ്ങാൻ മൊബൈൽ ശബ്ദിച്ചാ പിന്നെ അഞ്ഞൂറോ ആയിരോ പിഴയടക്കേണ്ടി വരും. ചിലപ്പോ അകത്ത് കെടക്കേണ്ടിo വരും..അതോണ്ട് ഇങ്ങളത് സയലന്‍റ്   ആക്കിക്കോ..."

അയാളുടെ ഉച്ചത്തിലുള്ള ഫോണ്‍ വിളി കേട്ടുകൊണ്ട് വന്ന ചെറുപ്പക്കാരന്‍ വക്കീല്‍ പറഞ്ഞു.

എങ്ങനാ സയലന്‍റ്  ആക്കുന്നെ എന്ന് കുഞ്ഞാലിക്ക ചോദിക്കും മുമ്പേ,
"ദാ ജഡ്ജ് വന്നു" എന്നുംപറഞ്ഞ് വക്കീല്‍ കോടതിമുറിയിലേക്ക് കയറിപ്പോയി. പുറകെ കുഞ്ഞാലിക്കയും.

മരത്തില്‍ തീര്‍ത്ത, അരക്കൊപ്പം ഉയരമുള്ള,  അഴികള്‍ക്കു പിന്നിലായി മുറിയുടെ ഏറ്റവും പുറകിൽ  അല്പം ഉയര്‍ന്ന തറയിലാണ് കുഞ്ഞാലിക്കയുടെ നില്‍പ്പ്. ജഡ്ജിന് നേരെയുള്ള ആ നില്പില്‍ അയാള്‍ക്കാ മുറിയാകെ കാണാം. വെളിച്ചം പൊതുവേ  കുറവുള്ള ആ മുറി കറുത്ത വക്കീല്‍ കോട്ടുകളാല്‍ കൂടുതല്‍ ഇരുണ്ടതായി തോന്നിച്ചു. അയാളുടെ വക്കീല്‍ കൊടുക്കുന്ന കടലാസുകള്‍ ഒരാള്‍ വാങ്ങി ജഡ്ജിക്ക് കൊടുക്കുന്നുണ്ട്. ജഡ്ജിയും വക്കീലും  സംസാരിക്കുന്ന ഭാഷ മലയാളമാണെങ്കിലും തന്‍റെയും ഗോപാലന്‍റെയും പേരുകളും വീട്ടു പേരുകളുമൊഴികെ മറ്റൊന്നും കുഞ്ഞാലിക്കക്ക് പിടി കിട്ടിയില്ല. മൂപ്പരങ്ങനെ ആകപ്പാടെ 'അന്തം വിട്ട്‌' നിക്കുമ്പോഴാണ് മൊബൈല്‍ വീണ്ടുമടിക്കാന്‍ തുടങ്ങിയത്. മുണ്ടിന്‍റെ കോന്തലയില്‍ ചുറ്റി അരയില്‍ തിരുകിയ മൊബൈല്‍ പുറത്തെടുത്തപ്പോഴേക്കും ശബ്ദം ഉച്ചസ്ഥായിയിലായി.അടിവയറ്റില്‍ നിന്നുo തീവെള്ളം തികട്ടിക്കയറി വരുന്നത് കുഞ്ഞാലിക്കയറിഞ്ഞു. തീര്‍ത്തും നിസ്സഹനായി,  പതുക്കെ തലയുയര്‍ത്തി
നോക്കിയ അയാൾ  കാണുന്നത് ജഡ്ജിയുള്‍പ്പെടെ ആ മുറിയിലെല്ലാവരും എഴുന്നേറ്റ് നില്‍ക്കുന്നതാണ്.

 സ്വാതന്ത്ര്യ ദിനം പ്രമാണിച്ച്  ദേശീയ ഗാനമെടുത്ത്  റിങ്ടോണാക്കാൻ  മമ്മാലിക്കു തോന്നിയത് കുഞ്ഞാലിക്കയുടെ ഭാഗ്യo എന്നല്ലാതെന്ത് പറയാൻ.



  

Thursday, 19 January 2017

ശുദ്ധി കലശം

ഒക്കത്ത്  കൈക്കുഞ്ഞുമായി അവള്‍ വഴിപാട് കൗണ്ടറിന് മുന്നില്‍  പരുങ്ങി നിന്നു.

" ഊം.... "
 അഴികൾക്കു പിന്നിലെ വെളുത്തുരുണ്ട  മുഖം മുരണ്ടു.

'' മോള് അകത്തുന്നല്‍പം മൂത്രൊഴിച്ചു പോയിരുന്നു.... അതിന് പരിഹാരമെന്തെങ്കിലും.."
മടിച്ചു മടിച്ചാണ് അവള്‍ പറഞ്ഞോപ്പിച്ചത്.

കണ്ണടയുടെ കട്ടിച്ചില്ലുകളിലൂടെ കണ്ട  ഉരുളന്‍ കണ്ണുകള്‍ അവളെ ഭയപ്പെടുത്തി.

"ശ്ശേ...എന്തൊരു കഷ്ടാത്..... നിങ്ങക്കിതൊക്കെ കഴിച്ചിട്ട് കൊണ്ടോന്നാ പോരേ. ഇനിയിപ്പോ ശുദ്ധി കലശം നടത്തണം. ആയിരത്തൊന്ന് ഉറുപ്പ്യാവും... പേര്  പറയൂ ..."

അയാള്‍ രശീതിക്കുറ്റി നിവര്‍ത്തി.

"ഏഹ്...അത്രയൊക്കെ ആവ്വോ...കുഞ്ഞ്‌ അറിയാണ്ടല്ലേ...പിന്നെ..ഉണ്ണി മൂത്രം പുണ്യാഹന്നോക്കെയല്ലേ..."

"നോക്കൂ...അതൊക്കെ നിങ്ങടെ വീട്ടില്.... ഇവിടെ ക്ഷേത്ര മതിൽക്കെട്ടിനകത്ത് ഇത്തരം കാര്യങ്ങളൊക്കെ  അശുദ്ധിയാ...അത്  വലിയോരായാലും ചെറ്യോരായാലും... നിങ്ങള്‍ സമയം കളയാതെ പേര് പറയൂ..."

അവളെ മുഴുമിപ്പിക്കാൻ വിടാതെ,  നീരസത്തോടെ  ഇത്രയും പറഞ്ഞു കൊണ്ട് അയാൾ രശീതി എഴുതിത്തുടങ്ങി.

"ഏയ്...ശങ്ക്വാരേ .. "

കൂനിക്കൂടി ധൃതിയില്‍ നടന്നു പോകുന്ന വൃദ്ധൻ അയാളുടെ വിളി കേട്ട് തിരിഞ്ഞു നിന്നു.

"ഭാഗ്യത്തിന് നന്ദിനിപ്പൈയ്യ് ഇന്നാ നടക്കല് സിമന്‍റ് പാക്യോടത്ത് തന്നെ ഇട്ടിട്ടുണ്ട്. ചൂടാറും മുമ്പേ അതൊന്ന് വാരി വെക്കാൻ ജാനൂനോട് പറഞ്ഞോളൂ."

"ആ .. അവ്ടെ  പേരെന്താ പറഞ്ഞേ..??"

Thursday, 29 December 2016

ടോക്കണ്‍

പാസ്പോര്‍ട്ട്‌ സേവാകേന്ദ്രത്തിന്‍റെ എക്സിറ്റ് കൌണ്‍ടെറില്‍ നിന്നും "പാസ്പോര്‍ട്ട് ഗ്രാന്‍റഡ്" എന്നെഴുതിയ സ്ലിപ്പും കൈപ്പറ്റി പുറത്തു കടക്കുമ്പോള്‍ നേരം ഒരു മണി. വിശപ്പ്‌ അതിന്‍റെ പാരമ്യതയിലെത്തി നില്‍ക്കുന്നു. ഏറ്റവും അടുത്ത ഭക്ഷണശാലയായി  'ഗൂഗിള്‍'  പറഞ്ഞു തന്നിടത്തേക്ക് നടക്കുവാനുള്ള  ദൂരമേയുള്ളൂ എന്നു ഓട്ടോക്കാരന്‍  പറഞ്ഞെങ്കിലും അതെ ഓട്ടോയില്‍ തന്നെ ഞാന്‍ ഹോട്ടലിനു മുന്നില്‍  ചെന്നിറങ്ങി.

റോഡിലേക്ക് നീണ്ടു കിടന്ന ക്യൂ കണ്ടപ്പോള്‍ തന്നെ തല കറങ്ങി. പക്ഷെ  ഇനി മറ്റൊരിടം കണ്ടെത്താനുള്ള ത്രാണി  ഇല്ലാത്തതിനാല്‍  ഞാനാ വരിയുടെ അറ്റത്ത് ചെന്ന് നിന്നു. ഒടുവില്‍ വരി ചുരുങ്ങിച്ചുരുങ്ങി കൌണ്ടെറില്‍ എത്തിയപ്പോള്‍, ഏ.ടി.എം. കാര്‍ഡ്‌ സ്വൈപ് ചെയ്ത് ഞാന്‍ 'ക്യാഷ് ലെസ്സ് ഇക്കോണമിക്ക്'  ഐക്യദ്ധാര്‍ട്യം പ്രകടിപ്പിക്കുകയും ബാങ്കിന് നല്‍കേണ്ടി വരുന്ന സര്‍വീസ് ചാര്‍ജിനെ കുറിച്ചോര്‍ത്ത് കാഷ്യര്‍ മുഖം കറുപ്പിക്കുകയും ചെയ്തു.  ഓഫീസിനടുത്തുള്ള 'അന്നപൂര്‍ണ്ണയില്‍' നിന്നും ഒരാഴ്ച്ചത്തേക്ക്  ഉച്ചയൂണ് കഴിക്കാനുള്ള തുക കയ്യിലെ ടോക്കണില്‍ ഒരുമിച്ച്  കണ്ട എന്‍റെ  കണ്ണുകള്‍ തള്ളി.

പടികള്‍ കയറി ചെല്ലുന്ന ഹാളില്‍ നിറയെ ആളുകളാണ്. ഭക്ഷണ മുറിയുടെ വാതില്‍ക്കലൊരു ശുഭ്ര വസ്ത്രധാരി നില്‍പ്പുണ്ട്. അയാള്‍ തന്‍റെ കയ്യിലെ കടലാസ്സു നോക്കി വിളിക്കുന്ന ടോക്കണ്‍ നമ്പറുകളനുസരിച്ചാണ് അകത്തേക്ക് ആളുകളെ കയറ്റി വിടുന്നത്. നമ്പറിട്ട് കിട്ടാന്‍ കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച ടോക്കണുകളുമായി ശുഭ്ര വസ്ത്രധാരിക്ക്‌ ചുറ്റും  തിക്കിത്തിരക്കുന്ന ആള്‍ക്കൂട്ടത്തിലേക്ക് ഞാനും ചേര്‍ന്നു. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം '68' എന്നു എഴുതിക്കിട്ടിയ ടോക്കണുമായി ഹാളില്‍ നിരത്തിയിട്ടിരിക്കുന്ന ബെഞ്ചുകളില്‍ ഒന്നില്‍ ഒരിടം കണ്ടെത്തി.

ആളുകള്‍ വീണ്ടും വീണ്ടും വന്നു കൊണ്ടിരുന്നു. ചിലര്‍ വന്ന അതെ വേഗതയില്‍ ഇറങ്ങി പോകുന്നു. മറ്റു ചിലര്‍ ആ ശുഭ്ര വസ്ത്രധാരിയോട് കയര്‍ക്കുന്നുണ്ട്. എന്നാല്‍ ഭൂരിപക്ഷവും, അയാളെ പോലെ, കയ്യില്‍ ടോക്കണ്‍ ഉള്ളതിനാല്‍ അല്പം വൈകിയാലും ഭക്ഷണം കിട്ടുമല്ലോ എന്നോര്‍ത്ത് സമാധാനിച്ച്, സാമാന്യത്തിലധികം നീളമുള്ള ഒരു നെടുവീര്‍പ്പില്‍ എല്ലാ അക്ഷമയുമൊതുക്കി കാത്തിരുന്നു.

മൊബൈലില്‍ തുറന്നു വെച്ച ഫേസ്ബുക്ക് പേജിലൂടെ വിരലുകള്‍  അതിവേഗം ചലിച്ചു. അതിനിടയിലെവിടെയോ  യുദ്ധഭൂമിയായ സിറിയയില്‍  ഏതോ സന്നദ്ധ സംഘടന വിതരണം ചെയ്യുന്ന ഭക്ഷണ പൊതികള്‍ക്കായി ഉയര്‍ത്തിപ്പിടിച്ച കൈകളുമായി തിരക്ക് കൂട്ടുന്ന ഒരു ജനക്കൂട്ടത്തിന്‍റെ ചിത്രം ഞാന്‍ കണ്ടു. പക്ഷെ ആ ചിത്രത്തിലെ  കൈകളിലൊന്നും ടോക്കണുകളുണ്ടായിരുന്നില്ല. അതിനാലാവാം,  ഒരേ ഛായയുള്ള  ആ മുഖങ്ങളിലൊന്നും തന്നെ ദിവസങ്ങളായി സംഭരിച്ചു വെച്ച വിശപ്പിനെ ശമിപ്പിക്കാമെന്ന വ്യാമോഹവുമുണ്ടായിരുന്നില്ല.

ഊഴമനുസരിച്ച് അകത്തു കയറിയ എനിക്ക്‌ മുന്നില്‍ ഒന്നിലധികം പേര്‍ക്ക് കഴിക്കാനുള്ള വിഭവങ്ങള്‍ നിരത്തപ്പെട്ടു. ഒടുവില്‍, ഞാന്‍  വേണ്ടെന്നു പറയാഞ്ഞതും വിളമ്പുകാരന്‍ വേണമോയെന്ന് ചോദിക്കാതെ തന്നെ വിളമ്പിയതുമായ  വിഭവങ്ങളില്‍ മിക്കതും ബാക്കി വെച്ച് എണീറ്റു. അപ്പോഴും ടോക്കണില്ലാത്ത കൈയ്യുകള്‍ വായുവില്‍ ഉയര്‍ന്നു തന്നെ നിന്നു.



 

Saturday, 24 December 2016

സമത്വം

ശനിയാഴ്ച്ച, ജോലി കഴിഞ്ഞു വീട്ടിലെത്തിയ അയാളെ വസ്ത്രം മാറ്റാന്‍ കൂടെ സമ്മതിക്കാതെ ഭാര്യ വലിച്ചു കൊണ്ട് പോയത് നഗര ഹൃദയത്തില്‍  സ്ഥിതി ചെയ്യുന്ന ടൌണ്‍ ഹാളിലേക്കാണ്. അവര്‍ കടന്നു ചെല്ലുമ്പോള്‍ വേദിയില്‍ മുഖ്യ പ്രഭാഷക  കത്തിക്കയറുകയാണ്. അവര്‍ക്കു പുറകിലായി വലിച്ചു കെട്ടിയ ഫ്ലെക്സില്‍ "വനിതാ ദിനം-സെമിനാര്‍" എന്നെഴുതിയത് വായിച്ച അയാള്‍ ഭാര്യയുടെ മുഖത്തേക്കൊന്നു പാളി നോക്കി.

"പൂച്ചക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം" എന്ന മട്ടിലുള്ള ആ നോട്ടത്തിനു മറുപടിയായി  "നിങ്ങളെ പോലുള്ളവരാ മനുഷനേ ഇതൊക്കെ കേക്കണ്ടത്"   എന്നും പറഞ്ഞ്  അവര്‍  അയാളുടെ കൈയും പിടിച്ച്‌ മുന്നോട്ടു നടന്നു. മടിച്ചു മടിച്ചുള്ള  ആ നടപ്പിനിടയില്‍,  സ്ത്രീ രത്നങ്ങള്‍ തിങ്ങി നിറഞ്ഞ സദസ്സിനിടയില്‍ തന്നെ പോലെ "പണി കിട്ടിയ" ചില പുരുഷ പ്രജകളെയും അയാള്‍ കണ്ടു.

"ഈ നാട്ടിലെ പുരുഷന്മാരോടെനിക്ക് ഒന്നേ പറയാനുള്ളൂ...ഞങ്ങള്‍ സ്ത്രീകള്‍ക്ക് നിങ്ങളുടെ യാതൊരു ഔദാര്യവും വേണ്ട. ഒരു വിധത്തിലുള്ള പ്രത്യേക പരിഗണനയും ഞങ്ങള്‍ക്കു ആവശ്യമില്ല....ഞങ്ങള്‍ നിങ്ങള്‍ക്കു താഴെയാണ് എന്നു വരുത്തിത്തീര്‍ക്കാന്‍ കാലാകാലങ്ങളായി നിങ്ങള്‍ നടത്തുന്ന കുത്സിത  ശ്രമങ്ങള്‍  ഞങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.
ഒന്ന് നിങ്ങള്‍ മനസിലാക്കി കൊള്ളുക. ഞങ്ങളും നിങ്ങളും തുല്യരാണ്...ഒന്ന് ഇരുത്തി  ചിന്തിച്ചാല്‍ നിങ്ങള്‍ക്കും  ഒരുപടി  മുകളിലാണ് ഞങ്ങളുടെ സ്ഥാനം.."

പൊതുവേ എക്കോ കൂടുതലുള്ള ഹാളിന്‍റെ വയസ്സന്‍ ചുവരുകള്‍ വളയിട്ട കരങ്ങള്‍ തീര്‍ക്കുന്ന ഘോഷത്താല്‍ കുലുങ്ങി വിറക്കുമ്പോള്‍ അയാള്‍ കീശയില്‍ നിന്നും തന്‍റെ മൊബൈല്‍ ഫോണ്‍ പുറത്തെടുത്തു.

'ടെക്ക്-സാവി' ആയ ഭാര്യക്ക് വിദേശത്തുള്ള മകന്‍ പുതിയ സ്മാര്‍ട്ട്‌ ഫോണ്‍ അയച്ചു കൊടുത്തപ്പോഴാണ്‌ അയാള്‍ ഒരു മൊബൈല്‍ ഫോണ്‍ ഉടമയായത്. ആ പഴയ നോക്കിയ ഫോണില്‍  കാള്‍ ചെയ്യാനും ടോര്‍ച്ച് കത്തിക്കാനും റേഡിയോ കേള്‍ക്കാനും 'പാമ്പ് ഇര പിടിക്കുന്ന' കളി കളിക്കാനും പഠിക്കുന്നതിനിടയില്‍ ലോകം   3Gയും കടന്നു 4G ആയ വിവരമൊന്നും  അയാളറിഞ്ഞിരുന്നില്ല.

സീതാ ദേവിയില്‍ തുടങ്ങിയ  മലാലയില്‍ എത്തി നില്‍ക്കുന്ന പ്രസംഗത്തിനൊപ്പം അയാളുടെ മൊബൈല്‍ പാമ്പിന്‍റെ നീളവും കൂടിക്കൂടി  വന്നു. ഒടുവില്‍ ചുവരില്‍ തലയിടിച്ചു  പാമ്പ് മരിച്ചതും  "വാ പോകാം"  എന്നും പറഞ്ഞു ഭാര്യ തോണ്ടി വിളിച്ചതും ഒരുമിച്ചായിരുന്നു.

ബസ്‌ സ്റ്റാന്‍ഡിലെത്തിയപ്പോള്‍ നാട്ടിലേക്കുള്ള ബസ്‌ പോകാന്‍ തയ്യാറായി കിടപ്പുണ്ട്.

"ഓ..അതില്‍ സീറ്റൊന്നുമില്ല. അടുത്തത് പത്ത്-പതിനഞ്ചു മിട്ടിനകം വരും... നമ്മുക്കതില്‍ പോകാന്നെ..."

എന്നും പറഞ്ഞു കൊണ്ട് അയാള്‍ സ്റ്റാന്‍ഡിലെ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് നടന്നു. അല്പമൊന്നു മടിച്ചെങ്കിലും പുറകെ  ഭാര്യയും. എന്നാല്‍ അര മണിക്കൂറോളം കഴിഞ്ഞ് അടുത്ത ബസ്‌ വന്നു നിന്നപ്പോഴാണ്  തന്‍റെ  അതെ പ്രതീക്ഷയില്‍ തന്നെയായിരുന്നു ചുറ്റും ഇരുന്നവരില്‍ ഭൂരിഭാഗവുമെന്ന്
അയാള്‍ക്ക് ബോധ്യപ്പെട്ടത്.

തിക്കിത്തിരക്കി കയറിയെങ്കിലും സീറ്റൊന്നും തരപ്പെടാതെ പരുങ്ങുമ്പോഴാണ് ഡ്രൈവറുടെ തൊട്ടു പിന്നിലെ സീറ്റിലിരുന്നു ഭാര്യ കൈ വീശി വിളിക്കുന്നത് അയാള്‍ കണ്ടത്. അവര്‍ അയാള്‍ക്കായി ഒരു സീറ്റ്‌പിടിച്ചിരുന്നു.

"ഞാനില്ലെങ്കിലിപ്പോ കാണായിരുന്നു...ഒരു നശിച്ച ബുദ്ധി...നേരത്തത്തെ ബസിനു പോയിരുന്നേലിപ്പോ വീടെത്തിയേനെ..."

ജാള്യത മറക്കാനായി അയാള്‍ മുഖം തിരിച്ച് പുറത്തേക്കു നോക്കിയിരുന്നു.

പതിയെ നീങ്ങിത്തുടങ്ങിയ ബസ്‌ പെട്ടെന്ന് നിന്നു. ഡോര്‍ തുറന്നു കയറി വരുന്ന മുഖ്യ പ്രഭാഷകയെ കണ്ട അയാള്‍ ഭാര്യയെ വിളിച്ചു കാണിച്ചു. സീറ്റിനരികെ വന്നു നിന്ന അവരോടു അയാളൊന്നു പുഞ്ചിരിച്ചെങ്കിലും രൂക്ഷമായൊരു നോട്ടമായിരുന്നു മറുപടി.

"നാണമില്ലേടോ....സ്ത്രീകളുടെ സീറ്റില്‍ കേറി ഞെളിഞ്ഞിരിക്ക്യാ. എന്നിട്ട് അവര് വരുമ്പോ എണീറ്റ്‌ കൊടുക്കാതെ ഒരുളുപ്പുലാതെ ഇളിക്ക്യേം ചെയ്യാ... എണീക്കെടോ..."

ബസ്‌ മുഴുവന്‍ കിടുക്കുന്ന ആ ശബ്ദപ്രവാഹത്തില്‍  അയാള്‍ തരിച്ചിരുന്നു പോയി. അവര്‍ക്കൊപ്പം ബസിലെ വര്‍ഗ്ഗബോധമില്ലാത്ത പുരുഷ കേസരികള്‍ കൂടി ചേര്‍ന്നപ്പോള്‍ അയാള്‍ക്ക്‌ ആ സീറ്റ്‌ ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു. കാരണം അയാളിരുന്ന സീറ്റ്‌  പുരുഷന്മാര്‍ക്ക് തുല്യരായ, അല്ലെങ്കില്‍ ഒരുപടി മുകളിലുള്ള,  സ്ത്രീകള്‍ക്കായി "സംവരണം" ചെയ്യപ്പെട്ടതായിരുന്നു.   











Monday, 19 December 2016

സ്വാതന്ത്ര്യ ദിനം

റെയില്‍ പാളത്തിനു സമാന്തരമായി കിടക്കുന്ന ഒറ്റയടിപ്പാതയിലൂടെ സാമാന്യം വേഗതയിലാണ് അയാളുടെ നടപ്പ്. പാതയോരത്ത്, പുലര്‍ച്ചെ പെയ്ത മഴയുടെ ഓര്‍മ്മയും പേറി  കുതിര്‍ന്നു നില്‍ക്കുന്ന  പുല്ലുകള്‍ മടക്കിക്കുത്തിയ മുണ്ടിനു താഴെ നഗ്നമായ അയാളുടെ കാലുകളെ അലോസരപ്പെടുത്തി. ഇടയ്ക്കു കീശയില്‍ നിന്നും മൊബൈല്‍ ഉയര്‍ത്തി സമയം നോക്കിയ അയാള്‍ നടത്തത്തിന്‍റെ  വേഗത പിന്നെയും കൂട്ടി.

തിരക്കിട്ട് പാളം മുറിച്ചു കടക്കുന്നതിനിടയിലാണ് അയാള്‍ കാലുടക്കി കമിഴ്ന്നടിച്ചു വീണത്. കൂര്‍ത്ത കരിങ്കല്‍ കഷ്ണങ്ങളിലമര്‍ന്നു കാല്‍മുട്ടില്‍ ചോര കിനിയുന്നതയാളറിഞ്ഞു. ഒരു വിധത്തിലെഴുന്നേറ്റു വളരെ പ്രയാസപ്പെട്ടാണ് പാളത്തിലെ വിള്ളലില്‍ കുരുങ്ങിപ്പോയ ചെരുപ്പ് വലിച്ചെടുത്തത്. ആ വിള്ളലിന് സാമാന്യം വലിപ്പമുണ്ടായിരുന്നു. തിരികെ സ്റ്റേഷന്‍ വരെ ചെന്ന് ഈ വിവരം പറയാമെന്നു കരുതിയെങ്കിലും സമയത്തെക്കുറിച്ചുള്ള ബോധം അയാളെ പിന്തിരിപ്പിച്ചു. ചോരയൊലിക്കുന്ന കാലുകള്‍ വലിച്ചു വെച്ച് അയാള്‍ ധ്രിതിയില്‍ നടന്നു.

ഓഫീസിലേക്ക് തിരിയും മുന്‍പേ, എതിരെ ഓടിപ്പോയ ആള്‍ക്കൂട്ടത്തില്‍ നിന്നും പാളം തെറ്റിയ തീവണ്ടിയെ പറ്റി അയാളറിഞ്ഞിരുന്നു.

പാറിപ്പറക്കുന്ന പതാകയുടെ മുന്നില്‍, സമയം തെറ്റാതെ പതാകയുയർത്താൻ സാധിച്ചതിലുള്ള കൃതാർത്ഥതയോടെ, അയാള്‍ അറ്റെന്‍ഷനില്‍ നിന്നു. നിറഞ്ഞു പെയ്ത ദേശീയബോധം അയാള്‍ക്കുള്ളിലെ കുറ്റബോധത്തിന്‍റെ  കറ കഴുകി കളഞ്ഞു.  റെയിൽ പാളത്തിൽ നിന്നുമുയരുന്ന രോദനങ്ങളെ മുക്കിക്കളഞ്ഞു കൊണ്ട്  അയാളുടെ കീശയിലെ ചൈന മൊബൈല്‍ ഉറക്കെയുറക്കെ ഇന്ത്യൻ ദേശീയ ഗാനം പാടിക്കൊണ്ടിരുന്നു.