Friday, 23 March 2012

കുഞ്ഞുമാലാഖ


തികച്ചും അപ്രതീക്ഷിതമായാണ് ഒരു ട്രെയിനിംഗ് തരപ്പെട്ടത്. ഫോ൪ട്ട് കൊച്ചിയില്‍ കടലിന് അഭിമുഖമായുള്ള ട്രെയിനിംഗ് സെന്റര്‍ എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. മനം മടുപ്പിക്കുന്ന ആവ൪‍ത്തനങ്ങളില്‍ നിന്നും താൽകാലികമെങ്കിലും ഒരൊളിച്ചോട്ടം ആവശ്യമായിരുന്നു.

പുലര്‍ച്ചെ ആറിന് കോഴിക്കോട് നിന്നും പുറപ്പെടുന്ന ജനശതാബ്ധി എക്സ്പ്രസിലാണ് യാത്ര. അവധി ദിവസമായതിനാലാവാം കമ്പാ൪‍ട്ട്മെന്‍റ് പൊതുവേ വിജനമാണ്. എന്റെ സീറ്റിന് എതി൪വശത്തായി ഇരിക്കുന്നത് ഒരു യുവതിയും മകളുമാണ്. ഏതോ ഇംഗ്ലീഷ് മാസിക കാ൪‍ന്നു തിന്നുന്നതിനിടയിൽ എനിക്കു നേരെ ഒരു നോട്ടമയച്ചെങ്കിലും ഞാന്‍ ചിരിച്ചത് യുവതി കണ്ടിലെന്നു തോന്നുന്നു. കണ്ണടച്ചില്ലിലൂടെ കണ്ട അവരുടെ കണ്ണുകൾക്ക് പ്രായത്തിനു ചേരാത്ത ഗൗരവമുള്ളത് പോലെ.
കഷ്ടി മൂന്നോ നാലോ വയസ്സ് മാത്രം പ്രായം വരുന്ന പെൺകുട്ടി  സീറ്റില്‍ കമിഴ്ന്നു കിടന്നു ചിത്രങ്ങള്‍ക്ക് ചായം കൊടുക്കുന്നു. പല നിറങ്ങളിലുള്ള വ൪ണ്ണ പെന്‍സിലുകള്‍ ചുറ്റിലും ചിതറി കിടപ്പുണ്ട്.

ബാഗ്‌ റാക്കിൽ ഒതുക്കി വെച്ച് ടോയ്‌ലറ്റില്‍ പോയി വരുമ്പോള്‍ ആ കുഞ്ഞ് എന്റെ സീറ്റില്‍  ഇരിക്കുകയാണ്. ജനലഴികളില്‍ മുഖം ചേർത്ത് വെച്ച് പുറം കാഴ്ച്ചകളിൽ മുഴുകിയുള്ള ഇരിപ്പാണ്.

"സോഫീ...ഇങ്ങ് വരൂ...അത് അങ്കിളിന്റെ സീറ്റാണ്."

മാസികയില്‍ നിന്നും തലയുയ൪‍ത്തി യുവതി വിളിച്ചു. പക്ഷെ കല്ലായി പുഴയുടെ ഭംഗിയില്‍ മുങ്ങിപ്പോയ കുഞ്ഞ് അത് കേട്ടതായി തോന്നിയില്ല.

"മോളെ...പറഞ്ഞത് കേട്ടില്ലേ ??"

അവരുടെ ശബ്ദമുയർന്നു.

"വേണ്ടാട്ടോ...മോള്‍ അവിടെയിരുന്നോ..."

വാടിയ മുഖത്തോടെ എണീക്കാന്‍ ഒരുങ്ങിയ കുഞ്ഞിനെ തടഞ്ഞു കൊണ്ട് ഞാന്‍
അവൾക്കരികിൽ ഇരുന്നു. കുഞ്ഞരി പല്ലുകളെല്ലാം കാണിച്ച് ഒരു ചിരി എനിക്ക് സമ്മാനിച്ചു കൊണ്ട് അവള്‍ വീണ്ടും പുറം കാഴ്ച്ചകളിലേക്ക് മടങ്ങി.‍ തൂവെള്ള ഉടുപ്പിൽ അവളൊരു കുഞ്ഞുമാലാഖയെ ഓർമ്മപ്പെടുത്തി.

അൽപ നേരം കഴിഞ്ഞ് എണീറ്റ് പോയ അവൾ വർണ്ണ പെൻസിലുകളുമായി സീറ്റിലേക്ക് കമിഴ്ന്നു. ഇയർഫോൺ ചെവിയിൽ തിരുകിക്കൊണ്ട് ഞാൻ ജനലിനരികിലേക്ക് നീങ്ങിയിരുന്നു. എത്ര നേരമങ്ങനെ മയങ്ങിയെന്നറിയില്ല. കവിളിൽ പിഞ്ചു വിരലുകളുടെ ഇക്കിളിപ്പെടുത്തലറിഞ്ഞാണ് ഉണർന്നത്.
അവളെനിക്കരികിലായി സീറ്റിൽ മുട്ട് കുത്തി നിൽക്കുന്നു. എനിക്ക് നേരെ നീട്ടിയ കടലാസിൽ ഒഴുകുന്ന നീല പുഴയും അതിനു മുകളിലൂടെ പുക തുപ്പിപ്പായുന്ന ചുകന്ന തീവണ്ടിയും. ശരിക്കും അദ്ഭുതപ്പെട്ട് പോയ ഞാൻ അവളുടെ കുഞ്ഞ് കരങ്ങൾ ചുണ്ടോമർത്തി.

എത്ര പെട്ടെന്നാണ് ഞങ്ങള്‍ അടുത്തതെന്നറിയില്ല. ഒരുപാട് കാലത്തെ പരിചയമുള്ളതു പോലെയാണ് അവളെന്നോട്  പെരുമാറിയത്. അവള്‍ ചായം കൊടുത്ത ചിത്രങ്ങളെനിക്ക് കാണിച്ചു തന്നു. നേഴ്സറിയില്‍ നിന്ന് പഠിച്ച പാട്ടുകള്‍ പാടി തന്നു. എന്റെ മടിയില്‍ ഇരുന്നു പുറത്തു കാണുന്നതിനെ പറ്റിയെല്ലാം നിര്‍ത്താതെ ചോദിച്ചു കൊണ്ടേയിരുന്നു. അവളുടെ ചോദ്യങ്ങള്‍ക്ക് പലതിനും എനിക്ക് ഉത്തരമില്ലായിരുന്നു.

കുഞ്ഞ് എന്നോടിത്ര അടുത്തിടപഴകുന്നതിലുള്ള നീരസം കണ്ണടയിലൂടെ ഇടയ്ക്കിടെ നീളുന്ന ഗൗരവം തുളുമ്പുന്ന കണ്ണുകളിൽ  പ്രകടമായിരുന്നു. അല്ലെങ്കിലും എല്ലാ മാതാപിതാക്കളു൦ സ്വന്തം മക്കളുടെ കാര്യത്തില്‍ ഒരൽപം സ്വാര്‍ത്ഥമതികളാവുമല്ലോ. ഏതായാലും തല്‍കാലം അത് കണ്ടില്ലെന്നു നടിക്കാനേ എനിക്കപ്പോൾ സാധിച്ചുള്ളു.

വണ്ടി ഷൊ൪ണ്ണൂ൪ എത്തിയിരുന്നു. ജനലരികില്‍ വന്ന ചായക്കാരനോട് ഒരു സെറ്റ്‌ വട വാങ്ങിച്ചു. അതിലൊരെണ്ണം ഞാനാ കുഞ്ഞിന്റെ കൈയ്യിൽ വെച്ച് കൊടുത്തു.

"സോഫീ...നോ...അത് തിരിച്ചു കൊടുക്ക്..."

ആ കുഞ്ഞു കൈകള്‍ അത് എനിക്ക് നേരെ നീട്ടി.

"കുഞ്ഞല്ലേ ....ഒരു വട കഴിച്ചാല്‍ എന്തു സംഭവിക്കാനാ?"

എനിക്ക് ചോദിക്കാതിരിക്കാനായില്ല.

"അവള്‍ക്കു അതൊന്നും കഴിക്കാന്‍ പാടില്ല...മരുന്ന് കഴിക്കുന്നതാണ്"

പുസ്തകത്തില്‍ നിന്നും തലയുയ൪ത്താതെയുള്ള ആ മറുപടി പച്ചക്കള്ളമാണെന്ന് എനിക്കുറപ്പായിരുന്നു.
എനിക്കെന്തോ വല്ലാതെ ദേഷ്യവും സങ്കടവും വന്നു. പാക്കറ്റ് അതേപടി ഡസ്റ്റ് ബിന്നിൽ കൊണ്ട് പോയിട്ട്  ഞാന്‍ തൊട്ടടുത്തുള്ള സീറ്റിലേക്ക് മാറിയിരുന്നു.

"അങ്കിളേ ...ഈ കഥ പറഞ്ഞു തര്വോ...??"

കഥാ പുസ്തകവുമായി എനിക്കരികെ വന്നിരിക്കുന്ന ആ കുഞ്ഞു മാലാഖയെ അവഗണിക്കാനായില്ല.

"വാവ എന്തിനാ മരുന്ന് കഴിക്കുന്നെ??" 

മടിയിലിരിക്കുന്ന അവളോട്‌ ഞാന്‍ പതുക്കെ ചോദിച്ചു .

"മോള്‍ക്ക്‌ കാന്‍സറാ...ഡോക്ടറങ്കിളിനെ കാണാന്‍ തിരോന്തരം പോവാ...അല്ലേ മമ്മീ...??"

കേട്ടത് വിശ്വസിക്കാനാകാതെ യുവതിക്ക് നേരെ കണ്ണയച്ച എനിക്ക്, അവരുടെ ഗൗരവം പൂണ്ട കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കാണാമായിരുന്നു.

വണ്ടി എവിടെയോ നിർത്തിയിരുന്നു. കുഞ്ഞിനെ ചേ൪ത്ത് പിടിച്ചു, നെറ്റിയില്‍ ചുംബിച്ചു ഒന്നും പറയാനാകാതെ പാതി വഴിയിൽ ഇറങ്ങി പോകാനേ അന്നെനിക്ക് സാധിച്ചുള്ളു.

മാസങ്ങള്‍ക്കിപ്പുറം എന്‍റെ കയ്യിലെ പത്രത്താളില്‍ നിന്നും ആ കുഞ്ഞുമാലാഖ എന്നെ നോക്കി പുഞ്ചിരിക്കുമ്പോള്‍ അവളുടെ കുഞ്ഞു വിരലുകളുടെ സ്പ൪ശനമേറ്റ കവിളുകള്‍ നനയുന്നത് ഞാന്‍ അറിഞ്ഞു.‌‍‍

Friday, 16 December 2011

പണപ്പെരുപ്പം


ആഴ്ച്ചയവധി കഴിഞ്ഞ് ഞായറാഴ്ച വൈകുന്നേരം ഹോസ്റ്റലിലേക്കുളള മടക്കയാത്ര. കോഴിക്കോട് സ്റ്റേഷന്‍ സ്വാഗതമോതുന്നത്  കേട്ടു കൊണ്ട് ഇന്‍റെര്‍സിറ്റി  എക്സ്പ്രസ്സ്‌ മൂന്നാം നമ്പര്‍ പ്ലാട്ഫോമിലേക്ക് വന്നു നിന്നു. ആളുകള്‍ ഇറങ്ങിത്തീരും മുമ്പേ  തിക്കിത്തിരക്കി കയറിപ്പറ്റിയിട്ടും  കാര്യമുണ്ടായില്ല. കമ്പാര്‍ട്ട്മെന്‍റ്റിനകത്ത്   പതിവ്‌ "ഇന്‍റെര്‍സിറ്റിയന്‍" തിരക്ക് തന്നെ. തിരക്കിനകത്തേക്ക് പോകാന്‍ താല്‍പര്യമില്ലാത്തതിനാല്‍ അമ്മയുടെ ഉപദേശം മറന്നു കൊണ്ട് വാതില്‍ക്കല്‍ സ്ഥാനമുറപ്പിച്ചു.
തനിച്ചുള്ള യാത്രകളെ ഇഷ്ടപെട്ടിരുന്നെങ്കിലും ഇന്നെന്തോ ആകെയൊരു മടുപ്പ് തോന്നി. തിരക്കിലൂടെ വെറുതെ  കണ്ണോടിച്ചെങ്കിലും പരിചിത മുഖങ്ങളൊന്നും കണ്ടില്ല. ഇയര്‍ഫോണ്‍സും ചെവിയില്‍ തിരുകി സ്റ്റെപ്പിലിരുന്നു.  പുറത്തെ ചാറ്റല്‍ മഴ കാറ്റിനൊപ്പം ഇടക്കിടെയെത്തി മുഖവും മനസ്സും തണുപ്പിക്കുന്നുണ്ടായിരുന്നു.
വണ്ടി തിരൂര്‍ സ്റ്റേഷനില്‍ നിന്നും നീങ്ങിത്തുടങ്ങുമ്പോഴാണ്  തന്നെക്കാള്‍ വലുപ്പമുള്ള ഹാര്‍മോണിയം പെട്ടിയുമായി ഒരു പയ്യന്‍ കമ്പാര്‍ട്ട്മെന്‍റ്റിലേക്ക് ഓടിക്കയറിയത്. അവന്‍റെ കയ്യില്‍ത്തൂങ്ങി കഷ്ടിച്ചു മൂന്നോ നാലോ വയസ്സ് മാത്രം തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയും. തങ്ങള്‍ക്ക് മേല്‍ ചൊരിയപ്പെടുന്ന ശകാരവര്‍ഷം പാടെ അവഗണിച്ചു കൊണ്ട്  അവര്‍ തിരക്കിനുള്ളിലേക്ക് ഊളിയിട്ടു മറഞ്ഞു.
മഴ മാറിയെങ്കിലും ഇളം കാറ്റ് വീശിക്കൊണ്ടിരുന്നു. കൂട്ടായി ഇയര്‍ഫോണ്‍ സംഗീതവും ട്രെയിനിന്‍റെ താളത്തിലുള്ള ചാഞ്ചാട്ടവും. പാതി മയക്കത്തിലേക്ക് വീണു പോയ ഞാന്‍ ഞെട്ടിയുണര്‍ന്നത് ചെവി തുളയ്ക്കുന്ന "കാതല്‍ റോജാവേ....." കേട്ടാണ്.   തൊണ്ടകീറി പാടുന്നതിനൊപ്പം പയ്യന്‍റെ മെലിഞ്ഞ വിരലുകള്‍ ഹാര്‍മോണിയത്തിലെ കറുപ്പും വെളുപ്പും കട്ടകളില്‍  വേഗത്തില്‍ ചലിച്ചു കൊണ്ടിരുന്നു. വണ്ടി ഇനിയും ഷൊര്‍ണൂര്‍ എത്തിയിട്ടില്ല. മയക്കം നഷ്ടപെട്ട ഈര്‍ഷ്യയോടെ ഇരുട്ടിലേക്ക് നോക്കിയിരിക്കുമ്പോഴാണ് പുറത്ത്  ആരോ തോണ്ടുന്നത്. തിരിഞ്ഞു നോക്കിയപ്പോള്‍ നേരത്തെ  കണ്ട പെണ്‍കുട്ടിയാണ്. എനിക്ക് നേരെ കൈ നീട്ടി നില്‍ക്കുകയാണവള്‍. ഞാന്‍ നോക്കിയത് കണ്ടിട്ടും അവളാ അഴുക്ക് പുരണ്ട കൈ കൊണ്ട് വീണ്ടുമെന്നെ തോണ്ടി.  ഉള്ളിലെ ദേഷ്യം മുഴുവനും മുഖത്ത് വരുത്തി ഒന്നുമില്ലെന്ന് പറഞ്ഞ്‌ ഞാന്‍ തല വെട്ടിച്ചെങ്കിലും എന്തോ പ്രതീക്ഷിച്ചു കൊണ്ട്  കുറച്ചു നേരം കൂടെ അവളവിടെത്തന്നെ നിന്നു.
പ്ലാട്ഫോ൦  ടിവിയില്‍ നിന്നുള്ള പരസ്യ കോലാഹലങ്ങള്‍ കേട്ട് കൊണ്ടാണ്  വണ്ടി ഷോര്‍ണൂര്‍ സ്റ്റേഷനിലേക്കെത്തിയത്. ടീസ്റ്റാളിലെ തിരക്കിലൂടെ  ഒരു വിധത്തില്‍ ചായയും പഴമ്പൊരിയും വാങ്ങി തിരിയുമ്പോഴേക്ക് വണ്ടി നീങ്ങിത്തുടങ്ങിയിരുന്നു. ഓടി കയറുന്നതിനിടയില്‍ കയ്യിലെ പഴംപൊരി താഴെ പോയതറിഞ്ഞില്ല. അകത്ത് തിരക്ക് നന്നെ കുറഞ്ഞിട്ടുണ്ട്. ഒരപ്പൂപ്പന്‍റെ  കാരുണ്യത്താല്‍ ഇരിക്കാനായി സീറ്റിന്‍റെ അരിക് തരപ്പെടുകയും ചെയ്തു.
ടോയ്‌ലറ്റില്‍ പോയി തിരികെ വരുമ്പോഴാണ് വാതിലിനരികില്‍, മടിയില്‍ വെച്ച ഹാര്‍മോണിയം പെട്ടിയില്‍ തല ചായ്ച്ച് കൂനിക്കൂടിയിരിക്കുന്ന പയ്യനെ ശ്രദ്ധിച്ചത്. കയ്യിലെ പഴംപൊരിയില്‍ പുരണ്ട മണ്ണ് തട്ടിക്കളഞ്ഞു കൊണ്ട്  പെണ്‍കുട്ടിയും അരികിലിരിപ്പുണ്ട്. സീറ്റില്‍ വന്നിരിക്കുമ്പോള്‍ മനസ്സ് വല്ലാതെ  അസ്വസ്ഥമായിരുന്നു.
തൃശ്ശൂരില്‍ വണ്ടിയിറങ്ങി നടക്കുമ്പോള്‍ മുന്നിലായി ആ കുട്ടികളും ഉണ്ടായിരുന്നു.വേഗത്തില്‍ നടന്നു അവര്‍ക്കൊപ്പമെത്തി. പോക്കറ്റില്‍ തപ്പിയപ്പോള്‍ കയ്യില്‍ തടഞ്ഞ പത്തു രൂപ നോട്ട് ആ പെണ്‍കുട്ടിയുടെ കുഞ്ഞുകൈയില്‍ തിരുകുമ്പോള്‍ ആരും കാണുന്നിലെന്നു ഞാന്‍ ഉറപ്പു വരുത്തിയിരുന്നു. എന്നാല്‍ ആ നോട്ടിലെക്കൊന്ന്  നോക്കുക പോലും ചെയ്യാതെ ചില്ലറ തുട്ടുകള്‍ കിലുക്കി കൊണ്ടു അവള്‍ എനിക്കു നേരെ കൈ നീട്ടി മന്ത്രിച്ചു "കാശ്.....കാശ്....."

"പണപ്പെരുപ്പം നിയന്ത്രണാതീതം. രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു." പ്ലാറ്റ്‌ഫോം ടിവിയില്‍ നിന്നുള്ള ശബ്ദം എന്‍റെ ചെവിയില്‍ മുഴങ്ങി. കയ്യിലെ പത്തു രൂപ നോട്ടിലെ ഗാന്ധിജി എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. .