Wednesday, 29 June 2016

നാളത്തെ കേരളം...

 കടന്നു പോയ ബൈക്കുകാരൻ ലൈറ്റടിച്ചു കാണിച്ചപ്പോഴേ അപകടം മണത്തതാണ്. വളവങ്ങു കഴിഞ്ഞതേയുള്ളു ദേ നിക്കുന്നു യൂണിഫോംധാരികൾ. മൂന്നു നാലു പേരുണ്ട്. അയാൾ കീശ തപ്പി നോക്കി. ആസ് യൂഷ്വൽ;എടുക്കാൻ മറന്നിരിക്കുന്നു.

പയറു  പോലെ ഓടി നടക്കുന്ന അമമായിയച്ഛനെ മരണക്കിടക്കയിലാക്കി കിട്ടിയ  സ്‌പെഷ്യൽ പെർമിഷനുമായിട്ടാണ്  രണ്ടു  സെക്കന്റ് ഷോ ടിക്കറ്റ് പോയെടുത്തത് .അതിങ്ങനെമായി.നാശം...അയാൾ പ്രാകി.

"നമുക്ക് പോയി എടുത്തിട്ടു വന്നാലോ??" 
വണ്ടി തിരിക്കുമ്പോൾ പുറകിലിരുന്നു അവളുടെ ചോദ്യം.

"നേരെ കത്തിച്ചു വിട്ടാത്തന്നെ "ശ്വാസകോശം" കഴിയാണ്ടെത്താൻ പറ്റൂല. അപ്പഴാ പോയിട്ടു എടുത്തോണ്ടുണ്ടാക്കാൻ പോണേ..മിണ്ടാതിരുന്നോ അവിടെ." അയാൾക്ക് കലി അടക്കാനായില്ല.

"നിങ്ങളെന്തിനാ എന്നോട് ചാടികടിക്കാൻ വരണേ. എത്ര നാളായി ഞാൻ പറേണതാ. സുമ ടീച്ചർടെ കയ്യിന്നു കടേടെ അഡ്രസ്സും വാങ്ങി തന്നതാ.എന്നിട്ടോ?
അതെങ്ങനാ എന്റെ വാക്കിനു വല്ല വേലെമുണ്ടോ? എന്നിട്ടിപ്പോ ഞാൻ ചോദിച്ചതായി കുറ്റം...."

പുല്ല് ...മിണ്ടാതിരുന്നാ മതിയായിരുന്നു...പുറകിൽ വാക്കുകൾ അനർഗ്ഗനിർഗ്ഗളം പ്രവഹിച്ചു കൊണ്ടിരിക്കെ അയാൾക്ക്‌ തിരിച്ചറിവുണ്ടായി .

ഏതായാലും പിറ്റേ ദിവസം കാലത്തു തന്നെ, സുമ ടീച്ചർ പറഞ്ഞ കട അയാൾ കണ്ടു പിടിച്ചു. നീണ്ട ക്യൂവിന് പുറകിൽ നിന്നു കൊണ്ടയാൾ മുന്നിലെ ബോർഡ് വായിച്ചു.

"മാര്യേജ്  സർട്ടിഫിക്കറ്റ് ഏടിഎം  കാർഡ് രൂപത്തിലാക്കി കൊടുക്കപ്പെടും"

Sunday, 19 June 2016

ഇരട്ടത്താപ്പ്

എന്താവണം ഈയാഴ്ചത്തെ പോസ്റ്റെന്ന് തല പുകക്കുമ്പോഴാണ് കുഞ്ഞച്ചന്‍റെ കണ്ണില്ലാ  പത്രവാർത്ത ഉടക്കിയത്.

"ബാങ്ക് ലയനത്തിനു  കേന്ദ്ര സർക്കാർ അനുമതി"

പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല. മൂത്ത മകൾ മോളിക്കുട്ടി കഴിഞ്ഞ വരവിനു ഇട്ടേച്ചും പോയ ലാപ്ടോപ്  നിവർത്തി വെച്ച്  ജോണിക്കുട്ടിയെ ഉറക്കെ വിളിച്ചു.

സഖാവ് വി.എസ്. ഫേസ്ബുക് പോസ്റ്റിടാൻ തുടങ്ങിയത് മുതൽ ഇതൊരു പതിവാണ്. ആഴ്ചയിലൊരു പോസ്ററ്. തൊണ്ണൂറുകാരൻ വി .എസ്സി നാകാമെങ്കിൽ പത്തിരുപത് വയസ്സിളപ്പമുള്ള തനിക്കുമാകാമെന്നാണ് "തോപ്പ്രാംകുടിയിലെ വി.എസ്." എന്നു  സ്വയം വിശേഷിപ്പിക്കുന്ന കപ്പപ്പുരക്കൽ കുഞ്ഞച്ചന്‍റെ  പക്ഷം. അതിനായി തന്‍റെ   " ഐ.ടി. ഉപദേഷ്ടാവായി " ഇളയ മകൻ പ്ലസ് ടുക്കാരൻ  ജോണിക്കുട്ടിയെയും നിയമിച്ചു. പോസ്റ്റാനുള്ളത് കുഞ്ഞച്ചൻ പറയും, അതു വൃത്തിയായി ടൈപ്പ് ചെയ്ത് ജോണിക്കുട്ടി പോസ്റ്റിടും. പിന്നെ ലൈക്കിന്‍റെയും  കമ്മന്റിന്‍റെയും കണക്കുകൾ അന്നന്നു അപ്പനെ അറിയിക്കും. ഇതിനൊക്കെയുള്ള മാസക്കൂലിയായ അഞ്ഞൂറു രൂപ ചേച്ചി മോളിക്കുട്ടി അയക്കുന്നതിൽ നിന്നും കൃത്യമായി അവൻ കൈപ്പറ്റി പോന്നു.

"ലയനം  മൂലം ഇല്ലാതാകുന്ന കേരളത്തിന്‍റെ  സ്വന്തം ബാങ്കിന്‍റെ  ചരിത്രവും പൈതൃകവും പ്രകീർത്തിച്ചും തന്മൂലം കേരളത്തിനു സംഭവിക്കുന്ന നഷ്ടത്തെ പർവ്വതീകരിച്ചും കേന്ദ്ര സർക്കാരിന്‍റെ  കോർപ്പറേറ്റ് താല്പര്യത്തെ വിമർശിച്ചും ബാങ്കുകളുടെ വലിപ്പം അതിന്‍റെ  തകർച്ചയിലേക്ക് നയിക്കും എന്നതിന് അമേരിക്കൻ ബാങ്കുകളുടെ പതനo ഓർമ്മപ്പെടുത്തിയും  പോസ്റ് മുന്നേറുമ്പോഴാണ് പി.എസ്.സി. പഠനത്തിലൂടെ ലഭിച്ച അറിവ് വെളിപ്പെടുത്താൻ വെമ്പിയ ജോണിക്കുട്ടി ആ ചോദ്യമെറിഞ്ഞത്:

"അപ്പാ...വലുതായാ ബാങ്ക് പൊട്ടുമെങ്കിൽ ആദ്യം പൊട്ടേണ്ടതു ചൈനേലേ ബാങ്കുകളല്ലേ? ലോകത്തെ ഏറ്റവും വലിയ അമ്പത് ബാങ്കുകളിൽ അഞ്ചെണ്ണം അവിടെയാ.."

അവനൊന്നു ഞെളിഞ്ഞിരുന്നു.

"ഡാ ചെറുക്കാ...അതു ചൈന..കമ്മ്യൂണിസ്റ് ചൈന...ആന മുക്കുന്നത് കണ്ടു മുയല് മുക്കീട്ടു കാര്യൊണ്ടോ?"

"അതിനെവിടാപ്പാ ചൈനെലിപ്പോ കമ്മ്യൂണിസം?? ഫുൾ ക്യാപിറ്റലിസമല്ലേ?"

"പ്ഫാ....എരണം കെട്ടവനെ...നീ പറേണതങ്ങോട്ട് എഴുതിയേച്ചാലും മതി."
പാർട്ടി ക്ലാസ്സുകളിൽ കൃത്യമായി പങ്കെടുക്കാത്ത മകനോടുള്ള ഈർഷ്യ അയാൾക്കടക്കാനായില്ല.

"ദേ... മനുഷ്യാ...നിങ്ങളിങ്ങോട്ടൊന്നു വന്നേ..."

താഴേന്നു അന്നമ്മേടെ വിളി വന്നു.

"എന്നാത്തിനാടി  വിളിച്ചു കൂവുന്നേ???" കോണിപ്പടിയിൽ നിന്നു കൊണ്ടയാൾ വിളിച്ചു ചോദിച്ചു.

"ആ ബാങ്കീന്നവന്മാർ വീണ്ടും വന്നിരുന്ന്. നിങ്ങളെ തെരക്കി. ഞാൻ ഇല്ലെന്ന് പറഞ്ഞു.ഇതേ വരെ വന്നോണ്ടിരുന്നവരല്ല..കണക്കിന് പറഞ്ഞേച്ചാ പോയത്. അവടെ ഹോസ്പിറ്റലിൽ വിളിച്ച കാര്യം മോളിക്കുട്ടി പറഞ്ഞില്ലായിരുന്നോ?? ഇനിയിതിങ്ങനെ നീട്ടി കൊണ്ടു പോയാ ശെരിയാകുകേല കേട്ടോ.."

"നീയൊന്നു മിണ്ടാണ്ടിരുന്നേടി... വായ്പ  തിരിച്ചടപ്പിക്കാൻ അവന്മാരങ്ങനെ പല പിപ്പിടീം കാട്ടും. നിന്‍റെ  വാക്കും കേട്ടാ കാർഷിക വായ്പ തിരിച്ചടച്ചിട്ടൊടുക്കമെന്നാ ആയി? കുന്നുമ്മേലെ മണിയാശാന് കുടിശ്ശികയടക്കം രൂപ  ഒരു ലക്ഷം ആയതാ..തിരിച്ചടക്കാതിരുന്നപ്പോ അവന്മാരത് ഇരുപത്തഞ്ചിന് തീർത്തു കൊടുത്തു. ഏതായാലും ഇതങ്ങനെ വിട്ടാ പറ്റത്തില്ല.ഞാനാ ബേബിച്ചനെ ഒന്നു വിളിക്കട്ടെ"

കുഞ്ഞച്ചൻ മടിക്കെട്ടിന്നു മൊബൈൽ എടുത്തു ബേബിച്ചന്‍റെ  നമ്പർ തിരഞ്ഞു.

"ആ..ബേബിച്ചാ...എന്നതാ ഉവ്വേ..നീയൊക്കെ സംഘടനേടെ പേരും പറഞ്ഞു വർഷാവർഷം പിരിക്കുന്നതല്ലാതെ നമുക്കൊന്നും ഒരു പ്രയോജനോമില്ലല്ലോ.."

"അതിനിപ്പോ എന്നാ ഉണ്ടായേ കുഞ്ഞച്ചാ??"

ബേബിച്ചന് കാര്യം പിടികിട്ടിയില്ല. 

"എന്നതാ ഉണ്ടായെന്നോ?? ആ ബാങ്കുകാരിപ്പോ വിദ്യാഭാസ വായ്പ്പയൊക്കെ കൂടെ അംബാനിക്ക് തൂക്കി വിറ്റെക്കുവല്ലേ..അവന്മാരു വീണ്ടും  വീട്ടി കേറി മേയാൻ തുടങ്ങിണ്ടു..മോളികുട്ടിനെ കിട്ടാൻ നമ്പർ തപ്പി പിടിച്ചു  അയർലണ്ടിലെ ആശുപത്രീല്  വിളിച്ചേക്കുന്നു...മാനക്കേടായെന്നും പറഞ്ഞു അവളിന്നലെ വിളിച്ചു കുറെ മോങ്ങി...നിന്‍റെയൊക്കെ ഉറപ്പിലാ ഞാനൊക്കെ  പിടിച്ചു നിക്കുന്നെ." 

"നീയൊന്നു അടങ്ങേടാ ഉവ്വേ...ഞങ്ങൾ ചിലതൊക്കെ പ്ലാൻ ചെയ്തിട്ടുണ്ട്. അടുത്താഴ്ച ബാങ്കിന്‍റെ  റീജിയണൽ ഓഫീസിലൊരു പിക്കെറ്റിങ്ങു്ണ്ട്. നമ്മുക്ക് നോക്കാന്നെ.."

"എന്നതായാലും വേഗമെന്നേലും ചെയ്തേച്ചാ മതി"

കുഞ്ഞച്ചൻ ഫോൺ വെച്ചു.

"അല്ലേലും ഇവന്മാരൊക്കെ  ലയിച്ചില്ലാണ്ടാവുന്നതാ നല്ലത്. എന്നിട്ടു ഐസക് സഖാവ് പറഞ്ഞ പോലെ സഹകരണ ബാങ്കുകളൊക്കെ കൂടെ വല്യൊരു ബാങ്ക്. ആവശ്യത്തിന് വായ്പേം  സൗകര്യപൂർവമുള്ള  തിരിച്ചടവുമൊക്കെയായി കേരളത്തിന്‍റെ  സ്വന്തം ബാങ്ക്. അതാവുമ്പോ ടാറ്റെം അംബാനിമൊന്നും ഇതു പോലെ കേറി നിരങ്ങത്തില്ല."

അന്നാമ്മയോടായി ഇത്രേം പറഞ്ഞുകൊണ്ടയാൾ പടികൾ കയറി.

"ജോണിക്കുട്ട്യേ...എവിടം വരെയായി നമ്മുടെ ലയന വിരുദ്ധ പോസ്ററ്?"

Wednesday, 18 May 2016

ആപ്പ്

അപ്പന്‍: "എടീ അമ്മച്ചീടെ കാര്യം ഞാന്‍ ഡോക്ടര്‍ മേനോനുമായൊന്നു ഡിസ്കസ് ചെയ്താരുന്നു..."

അമ്മ: "ആഹാ..എന്നിട്ട്..."

അപ്പന്‍:  "വാഗമണ്ണിലുള്ള ഓള്‍ഡ്‌ ഏജ് ഹോമാ പുള്ളിക്കാരന്‍ സജ്ജസ്റ്റ്‌ ചെയ്തെ. നമ്മളെ പോലുള്ള എന്‍ആര്‍ഐസിന്‍റെ അപ്പനമ്മമാരാത്രെ മുഴുവന്‍. അതോണ്ടന്നെ കത്തി റേറ്റാ പറയണേ. പിന്നൊരു മെച്ചെന്താന്നാ, അവര്‍ക്കൊരു മൊബൈല്‍ ആപ്പുണ്ട്. അമ്മച്ചി എന്ത് കഴിച്ചൂന്നും  ഷുഗര്‍ ലെവലെത്രാന്നുമൊക്കെ ഡെയിലി അപ്ഡേറ്റ് ചെയ്യും. അപ്പൊ പിന്നെ  കഴിച്ചോ പെടുത്തോന്നൊക്കെ ചോദിക്കാന്‍ ഇടയ്ക്കിടെ വിളിച്ചു കാശു കളയേണ്ടല്ലോ"

മകന്‍: "അപ്പാ...ഗുഡ് ഡിസിഷന്‍. ഷീ വില്‍ ബി ഹാപ്പി. ഏജ്ട് ആയാ പിന്നെ സെയിം ഏജ് ഗ്രൂപിന്‍റെ  കൂടെ സ്പെന്‍റെയ്യണതന്യാ നല്ലത്."

പിന്‍സീറ്റിലിരിക്കുന്ന മകന്‍റെ അഭിപ്രായം കേട്ട്  അപ്പനും അമ്മയും ഒന്ന് തിരിഞ്ഞു നോക്കി....പിന്നെ പതുക്കെ മുന്നോട്ടും.



Saturday, 30 April 2016

സെല്‍ഫി-അഥവാ അവനവനിസം

ടാപ്പിംഗ് തൊഴിലാളിയായ  പുത്തമ്പുരയ്ക്കല്‍ വര്‍ക്കിച്ചന്‍ ആത്മഹത്യ ചെയ്തു. റബ്ബര്‍ പാലിലൊഴിക്കുന്ന ആസിഡ് കുടിച്ചതാണ്. കര്‍ഷക ആത്മഹത്യയെന്നും പറഞ്ഞ് മാധ്യമങ്ങളും രാഷട്രീയക്കാരും മുറവിളി കൂട്ടുമ്പോഴും അതങ്ങനെയല്ലെന്ന് വര്‍ക്കിച്ചന്‍റെ ഭാര്യ ത്രേസ്യാമ്മ ചേട്ടത്തിക്കറിയാമായിരുന്നു. കാരണം, അവരു മാത്രം വായിച്ച, അയാളുടെ ആത്മഹത്യാക്കുറിപ്പു ഇങ്ങനെയായിരുന്നു:

"അവന്‍ നമ്മളെ ചതിച്ചെടി...എനിക്കതു താങ്ങാന്‍ മേല."

രണ്ടു ദിവസം മുമ്പാണ്, തോട്ടത്തില്‍ നിന്നും പണി കഴിഞ്ഞെത്തിയ വര്‍ക്കിച്ചന് ത്രേസ്യാമ്മ ആ കടലാസ്സെടുത്തു കൊടുത്തത്.

"ബാങ്കീന്ന് മാനേജര്‍ സാറും വേറെ രണ്ടാളും വന്നാരുന്നു. ഈ പത്തിന് മുമ്പേ ഒരു പതിനായിരമെങ്കിലും കെട്ടണംന്നാ പറഞ്ഞെ. ഇല്ലേല്‍ കേസു കൊടുക്കുത്രേ. കെട്ടുപ്രായം തികഞ്ഞ പെണ്ണാ. കേസും കൂട്ടവുമായി നടന്നാ പിന്നെ... "

കയ്യിലെ വര്‍ണ്ണക്കടലാസും നോക്കി കുന്തിച്ചിരിക്കുന്ന അയാളോട് കൂടുതലൊന്നും പറയാനാകാതെ  അവരകത്തേക്കു നടന്നു.

"എട്യേ...ഞാനൊന്നു പൊറത്തോട്ട് എറങ്ങ്യേച്ചും വരാം."

ത്രേസ്യാമ്മ എടുത്ത കഞ്ഞിവെള്ളം പോലും കുടിക്കാന്‍ നില്‍ക്കാതെ അയാള്‍ പടിയിറങ്ങിപ്പോയി.

മൂത്തവളുടെ  കെട്ടു  കഴിഞ്ഞ് നടുവൊടിഞ്ഞു നില്‍ക്കുമ്പോഴാണ് രണ്ടാമത്തവള്‍ റോസ്‌ലിന്‍ ഉയര്‍ന്ന മാര്‍ക്കോടെ പ്ലസ്‌ടു പാസ്സായത്. നഴ്സിംഗ് പഠിക്കണമെന്ന അവളുടെ ആഗ്രഹത്തിനു എതിരു നില്‍ക്കാനായില്ല. ബാങ്ക് ലോണെടുത്ത് പഠിപ്പിച്ച അവള്‍ ഉത്തരേന്ത്യയിലെ പേരറിയാത്ത ഏതോ ഗ്രാമത്തില്‍ ജോലി ചെയ്യുന്നുണ്ട്. കിട്ടുന്ന ശമ്പളം താമസത്തിനും ഭക്ഷണത്തിനും പോലും തികയാത്ത അവസ്ഥ. നേരത്തെയായിരുന്നെങ്കില്‍ എങ്ങനേലും ലോണ്‍ അടച്ചു തീര്‍ക്കാമെന്ന ഉറപ്പുണ്ടായിരുന്നു. പക്ഷെ, ദിനംപ്രതി റബ്ബറിന്‍റെ വില താഴോട്ടാണ്. കര്‍ത്താവ്‌ ഒരു വഴി കാട്ടാതിരിക്കില്ല.

വിശപ്പും വെയിലും തളര്‍ത്താത്ത ഉറച്ച കാല്‍വെയ്പ്പുകളോടെ ഇടവഴിയിലൂടെ നടന്നു പോകുന്ന അയാളേയും നോക്കി പടിക്കലിരുന്ന് ചേടത്തി കുരിശ് വരച്ചു.

"എട്യേ...നീ ഇങ്ങോട്ടൊന്നു വന്നേ..."

വിളിയുടെ  കരുത്ത് കേട്ടപ്പോൾ തന്നെ പോയ കാര്യം നടന്നെന്നു ത്രേസ്യാമ്മക്കു മനസ്സിലായി.

"ആ റപ്പായീടെ കയ്യീന്നു രൂപ പതിനായിരം മേടിച്ചു. നൂറ്റുക്കിരുപതാ പലിശ. എന്നാലെന്താ...കാര്യം നടക്കട്ടെന്നേ.

ഇത് കേട്ടു കൊണ്ടാണ് മോനായി പുറത്തേക്കു വന്നത്. വര്‍ക്കിച്ചന്‍-ത്രേസ്യാമ്മ ദമ്പതികളുടെ ഇളയ സന്തതിയാണ് പ്ലസ്‌ടു വിദ്യാര്‍ഥിയായ മോനായി എന്ന ഫിലിപ്പ് വര്‍ഗ്ഗീസ്.

"അപ്പാ...എനിക്കൊരു പുതിയ മൊബൈല്‍ വേണം."

"എന്നാത്തിനാടാ ഇപ്പൊ പുതിയത്? ഒരെണ്ണം വാങ്ങിച്ചിട്ട് മാസം മൂന്നായില്ലല്ലോ?"

ത്രേസ്യാമ്മക്കു അരിശം കേറി .

"അതില് സെല്‍ഫി എടുക്കാനൊക്കത്തില്ല..."

അമ്മയുടെ മുഖത്ത് നോക്കാതെയാണ് മോനായി പറഞ്ഞത്.

"സെല്‍ഫിയോ....എന്തുവാ അത് ?" വര്‍ക്കിച്ചന് മനസ്സിലായില്ല

"നമ്മടെ തന്നെ പടം എടുക്കണതിനെയാ സെല്‍ഫീന്നു പറയണെ. അതിനു മുന്നിലും ക്യാമറ വേണം"

"ഇപ്പൊ ഉള്ളതിന് കാമറ ഉണ്ടല്ലോ. അതൊന്നു തിരിച്ചു പിടിച്ചാ പോരെ. രണ്ടറ്റം മുട്ടിക്കാന്‍ മനുഷരിവിടെ പെടാപ്പാട് പെടുമ്പഴാ  ചെറുക്കന്‍റെ അഹങ്കാരം. പൊക്കോണമവിടുന്ന്..."

ത്രേസ്യാമ്മക്ക് കലി അടക്കാനായില്ല.

"നിങ്ങളോട് ചോദിച്ചോ ഞാന്‍....ഇല്ലല്ലോ? ഇടെല്‍ കേറി വളവളാന്നു  പറഞ്ഞോളും നാശം..."

പറഞ്ഞു തീര്‍ക്കും മുന്‍പേ വര്‍ക്കിച്ചന്‍റെ കൈ അവന്‍റെ കവിളില്‍ ആഞ്ഞു പതിച്ചു.

രണ്ടു പെമ്പിള്ളേര്‍ക്ക് ശേഷം കിട്ടിയ അവനിലായിരുന്നു അയാളുടെ പ്രതീക്ഷയത്രയും. ത്രേസ്യാമ്മ പലപ്പോഴും വിലക്കുമെങ്കിലും ഒരുപാട് ലാളിച്ചാണ്  വളര്‍ത്തിയത്. അതിന്റെ ഏനക്കേട് ചെറുക്കനുണ്ട്. ആദ്യമായാണ് അവനെ തല്ലിയത്. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അയാള്‍ക്ക്‌ ഉറക്കം വന്നില്ല. നേരം പാതിരാത്രി കഴിഞ്ഞിരിക്കുന്നു. ഭാര്യയെ ഉണര്‍ത്താതെ പതുക്കെ എഴുന്നേറ്റു അവന്‍റെ മുറിയിലേക്ക് നടന്നു.

ഇല്ല...കട്ടിലില്‍ അവനില്ല. ലൈറ്റ് ഇട്ടു മുറിയാകെ നോക്കി. അവന്‍റെ സ്കൂള്‍ ബാഗും കാണുന്നില്ല. ത്രേസ്യാമ്മയെ വിളിക്കാനായി മുറിക്കു പുറത്തിറങ്ങിയപ്പോഴാണ് കണ്ടത്; മേശ വലിപ്പ് തുറന്നു കിടക്കുന്നു. കാശിന്‍റെ പൊതി അകത്തില്ല. കണ്ണില്‍ ഇരുട്ട് കയറുന്നതായി അയാള്‍ക്ക് തോന്നി.

ഒരാഴ്ച്ചക്ക് ശേഷമുള്ള ദിനപത്രത്തില്‍ ഇങ്ങനെയൊരു വാര്‍ത്തയുണ്ടായിരുന്നു:

"സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പ്ലസ്‌ടു വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു.  പരേതനായ പുത്തന്‍പുരക്കല്‍ വര്‍ഗ്ഗീസിന്‍റെ മകനാണ് മരിച്ച മോനായി എന്ന ഫിലിപ്പ് വര്‍ഗ്ഗീസ്....."

Wednesday, 16 March 2016

രാജ്യസ്നേഹം

മത്തായിച്ചന്‍റെ ഔട്ട്‌ ഹൗസിലായിരുന്നു അന്നത്തെ ആഴ്ച്ചക്കൂട്ടം. ഭാര്യമാരെ പേടിക്കാതെ രണ്ടെണ്ണം അടിക്കാനും, അവരുടെ ഭാഷയില്‍ പറഞ്ഞാല്‍, സൂര്യനു താഴെ കഴിഞ്ഞ ഒരാഴ്ചയില്‍ സംഭവിച്ചതെല്ലാം അവലോകനം ചെയ്യാനുമായി, അമേരിക്കയില്‍ താമസമാക്കിയ നാട്ടുകാരായ കുറച്ചു അമ്മാവന്മാരുടെ കൂട്ടായ്മ-അതാണ്‌ ആഴ്ച്ചക്കൂട്ടം.

"ഇവന്മാരിതെന്തൊക്കെയാ നാട്ടില്‍ കാട്ടിക്കൂട്ടുന്നെ??"
ഒരു സിപ്പെടുത്തു കൊണ്ടു ജോസൂട്ടി അന്നത്തെ ചര്‍ച്ചക്ക് തിരി കൊളുത്തി.

"ഹാ...നമ്മടെ JNU പിള്ളേരെ...."

കാര്യം പിടികിട്ടാതെ വാപൊളിച്ചു നിന്നവര്‍ക്കായി അയാള്‍ വിശദീകരിച്ചു കൊടുത്തു.

"രാജ്യദ്രോഹികള്‍...അവര്‍ക്കിപ്പോ ആസാദി വേണമത്രേ.... പാകിസ്ഥാനിലേക്ക് നാട് കടത്തണം ഇവറ്റെയൊക്കെ...."

അരവിന്ദേട്ടന് അമര്‍ഷം അടക്കാനായില്ല..

"ആ കന്നയ്യ കുമാറിന് പത്തുമുപ്പത് വയസ്സായി... ഇപ്പഴും അംഗനവാടി ജോലിക്കാരിയായ അമ്മേടെ ശമ്പളത്തിലാ ജീവിക്കുന്നെ...സ്വന്തം കാലില്‍ നില്ക്കാറായിട്ടില്ലാത്തവനാ ആസാദി വേണ്ടത്..."

മത്തായിച്ചന്‍ ആവേശഭരിതനായി.

മുപ്പത്തിയഞ്ചാം വയസ്സില്‍, അമേരിക്കയില്‍ നേഴ്സായ ത്രേസ്യാമ്മ ചേടത്തിടെ രണ്ടാം ഭര്‍ത്താവായി നാടു വിടും വരെ തല്ലിപ്പൊളിയായി നടന്ന മത്തായിച്ചന്‍റെ ഭൂതകാലം, അയാളോഴിച്ചു കൊടുത്ത വിസ്കിയോടൊപ്പം മറ്റുള്ളവര്‍ തൊണ്ട തൊടാതെ വിഴുങ്ങി.

"എന്‍റെ വിഷമം പാവം പട്ടാളക്കാരെ ഓര്‍ത്തിട്ടാ...നാടും വീടും വിട്ട്  രാപകലില്ലാതെ അതിര്‍ത്തിയില്‍ അവര്‍ കാവല്‍ നിക്കുമ്പോഴാ ഇവിടെ ഇവന്മാര് പാകിസ്ഥാന് ജയ് വിളിക്കുന്നേ..."

തോമാച്ചന്‍ വികാരാധീനനായി.

"തോമക്ക് പണ്ടേ പട്ടാളക്കാരോട് ഒടുക്കത്തെ സഹതാപമല്ലേ... ജവാന്‍ രാമേന്ദ്രന്‍റെ ഭാര്യോടു പണ്ട് കുളക്കടവില്‍ വെച്ച് സഹതപിച്ചത് ഓര്‍മയില്ലേ..?? "

മത്തായിച്ചന്‍റെ ചോദ്യമുയര്‍ത്തിയ കൂട്ടചിരിക്കിടയിലാണ് തോമാച്ചന്‍റെ മൊബൈല്‍ റിംഗ് ചെയ്തത്. നിശബ്ദരാകാന്‍ ആംഗ്യo കാണിച്ചു അയാള്‍ ഫോണ്‍ എടുത്തു..

"ആ ജോര്‍ജ്ജീ ...പറയെടാ...  ആന്നോ....അത് പൊളിച്ചല്ലോ...നീയൊരു കാര്യം ചെയ്യ്...ഒരു ഫിഫ്ടി ഇപ്പൊ ട്രാന്‍സ്ഫര്‍ ചെയ്തോ..ബാക്കി ഞാന്‍ ത്രേസ്യയോട് ചോദിച്ചിട്ട് പറയാം."

അയാള്‍ ഫോണ്‍ കട്ട്‌ ചെയ്തിട്ട് മറ്റുള്ളവന്‍മാരോടായി പറഞ്ഞു :

"ഡാ... റുപ്പീ പിന്നേം കൂപ്പുകുത്തിന്നു...ഡോളര്‍നു റെക്കോര്‍ഡ്‌  കയറ്റാ... ഇവന്മാരവിടെ കിടന്നിങ്ങനെ ഇടയ്ക്കിടെ ഓരോന്ന് കാട്ടുന്നോണ്ട് നമ്മളെ പോലുള്ലോര്‍ക്കാ ചാകര... ആ രഘുവണ്ണന്‍ വല്ല മാജിക്കും കാട്ടുന്നെനു മുമ്പേ കുറച്ചു ഫണ്ട്‌ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ നോക്ക്..."

"ഏത് രഘുവണ്ണനാ മത്തായിച്ചാ..."

അരവിന്ദേട്ടന്‍ നിഷ്കളങ്കമായി ചോദിച്ചു.

"മ്മടെ രഘുറാം രാജന്‍...അല്ലാണ്ടാരാ..."

ഒരു കൂട്ടചിരിയോടെ അന്നത്തെ ആഴ്ച്ചക്കൂട്ടത്തിനു തിരശീല വീണു.


Wednesday, 7 October 2015

വിഗ്രഹങ്ങള്‍ ഉടയുമ്പോള്‍

"അവള്‍ പലപ്പോഴായി കുറിച്ചിട്ട കവിതകള്‍ ചേര്‍ത്ത് ഒരു പുസ്തകമായി പ്രസിദ്ധീകരിക്കുക. ആനിയുടെ ഓര്‍മ്മക്കായി ഞങ്ങള്‍ക്ക് ചെയ്യാനാവുന്ന ഏറ്റവുമുചിതമായ കാര്യമതായിരുന്നു. അക്കാദമി ഹാളില്‍ വെച്ചു നടന്ന തീര്‍ത്തും ലളിതമായ ചടങ്ങിനു പ്രൌഡിയേകിയത് കലാ-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെ സജീവ സ്ത്രീശബ്ദമായ ടീച്ചറുടെ സാന്നിധ്യമാണ്. ആനിയെപ്പോലെ ആണിന്‍റെ കാമവെറി പിച്ചിചീന്തിയ പെണ്‍കുട്ടികളുടെ, പുരുഷ മേധാവിത്വം തീര്‍ത്ത ചുറ്റുമതിലുകള്‍ക്കുള്ളില്‍ എരിഞ്ഞു തീരുന്ന സ്ത്രീ ജന്മങ്ങളുടെ, സമൂഹത്തിന്‍റെ സര്‍വ്വ തലങ്ങളിലും അവഗണിക്കപ്പെടുന്ന പെണ്മയുടെ ചിത്രങ്ങള്‍ ഹ്രസ്വ-തീവ്രമായ വാക്കുകളില്‍ ടീച്ചര്‍ വരച്ചിട്ടപ്പോള്‍ മൂകമായ കരഘോഷത്തോടെയാണ് സദസ്സ് അതിനെ സ്വീകരിച്ചത്. നഷ്ടപ്പെട്ട  തന്‍റെ മകളെയോര്‍ത്ത് ഒരേ സമയം ദുഖിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന ആ പിതാവിന്‍റെ കരങ്ങള്‍, ടീച്ചറില്‍ നിന്നും പുസ്തകം ഏറ്റു വാങ്ങുമ്പോള്‍ വിറക്കുന്നുണ്ടായിരുന്നു...."

" ചേട്ടാ.... ഇറങ്ങണില്ലേ...?? "

ഓട്ടോക്കാരന്‍റെ ചോദ്യം കേട്ടാണ് മായയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും തലയുയര്‍ത്തിയത്.

ഓ.. സ്റ്റേഷനെത്തിയിരിക്കുന്നു.

ചടങ്ങില്‍ പങ്കെടുക്കാമെന്നു അവളോട്‌ ഉറപ്പ് പറഞ്ഞിരുന്നെങ്കിലും നഗരത്തിലുണ്ടായിട്ടു പോലും അതിന് സാധിച്ചില്ല. അതിന്‍റെ പരിഭാവത്തിലാവണം പലതവണ വിളിച്ചിട്ടും അവള്‍ കാള്‍ അറ്റന്‍ഡ് ചെയ്യാത്തത്.പക്ഷെ അവളെയൊന്നുചെന്ന് കാണാനും പിണക്കം മാറ്റാനുമുള്ള സാവകാശം അന്ന് അവനില്ലായിരുന്നു. ജേര്‍ണലിസം കഴിഞ്ഞ് കുറച്ചധികം അലഞ്ഞ ശേഷം കിട്ടിയ ജോലിയാണ്. പ്രൊബേഷന്‍ കഴിഞ്ഞ് കിട്ടുന്ന ആദ്യ അസൈന്‍മെന്ടാണ്. എങ്ങനെയും നാളെ രാവിലെ തിരുവനന്തപുരത്തെത്തിയെ പറ്റൂ. അത് കൊണ്ടാണ് റിസര്‍വേഷനിലാത്തതൊന്നും കാര്യമാക്കാതെ കിട്ടുന്ന വണ്ടിക്ക് കയറി പോകാമെന്ന് വെച്ചത്.      

കമ്പാര്‍ട്ട്മെന്‍റ്റില്‍ സാമാന്യം നല്ല തിരക്കുണ്ട്‌. ബാഗ്‌ സൈഡ് റാക്കില്‍ വെച്ചു സീറ്റില്‍ ചാരി നില്‍ക്കുമ്പോഴാണ് പുറകിലൊരു തോണ്ടല്‍.

തിരിഞ്ഞു നോക്കിയപ്പോള്‍  മുറുക്കാന്‍ കറ പിടിച്ച പല്ലുകള്‍ കാട്ടി വെളുക്കെ ചിരിച്ചു കൊണ്ടൊരു ബംഗാളി. (അതിപ്പോ അങ്ങനെയാണല്ലോ..മുമ്പ് നമ്മള്‍ തെക്കേ ഇന്ത്യക്കാരെയെല്ലാം വടക്കന്മാര്‍ മദിരാശികളെന്നു വിളിക്കുമ്പോലെ ഇപ്പോ വടക്കരൊക്കെ നമുക്ക് ബംഗാളികള്‍)

"ഭയ്യാ.... ബൈട്ടിയേ...."

ജനാലക്കരികിലേക്ക് നീങ്ങിയിരുന്ന് ബാക്കിയുള്ള സീറ്റില്‍ തട്ടിക്കൊണ്ട് അയാള്‍ ക്ഷണിക്കുകയാണ്.

വെള്ളം തൊടാത്ത ചെമ്പന്‍ മുടിയും മുഷിഞ്ഞു നാറുന്ന വേഷവും നോക്കി ആദ്യമൊന്നറച്ചെങ്കിലും, ആ ഓഫര്‍ വേണ്ടെന്നു വെക്കാനൊക്കാത്ത വിധം തളര്‍ന്നിരുന്നു.

ആലുവയില്‍ ആളുകള്‍ കുറെയിറങ്ങി. തിരക്കൊന്നൊതുങ്ങിയപ്പോഴാണ്  നേരെ എതിര്‍വശത്തായി രണ്ടു സീറ്റ് അപ്പുറത്ത് ടീച്ചറിരിക്കുന്നത് കണ്ടത്. ജനാലയിലൂടെ അലസമായി പുറത്തേക്കു നോക്കിയിരിപ്പാണ്. കയ്യിലേതോ മാസിക ചുരുട്ടി പിടിച്ചിട്ടുണ്ട്. അവളുടെ പേരും പറഞ്ഞ്  അടുത്ത് പോയി പരിചയപ്പെട്ടാലോ എന്നാലോചിച്ചെങ്കിലും തന്‍റെ പാതി സീറ്റിലേക്ക് നട്ടിരിക്കുന്ന അനേകം കണ്ണുകള്‍ ആ ആലോചന പിന്‍വലിപ്പിച്ചു.

അപ്പോഴാണ് പുറകില്‍ വീണ്ടുമൊരു തോണ്ടല്‍.

"ഭയ്യാ..... സീറ്റ് ഉസ്കോ ദേ ദേ ??"

 ടീച്ചറുടെ സീറ്റും ചാരി വിഷമിച്ചു നില്‍ക്കുന്ന  ഗര്‍ഭിണിയെ ചൂണ്ടിയാണ് അയാള്‍ ചോദിക്കുന്നത്.

സീറ്റില്‍ നിന്നും ഏഴുന്നേല്‍ക്കുമ്പോള്‍ ടീച്ചര്‍ക്ക്‌ നേരെ ഒന്നു നോക്കി, അവരുടെ മുഖം ഏതാണ്ട് മുഴുവനായി തന്നെ ആ മാസിക മറച്ചിരുന്നു.



Saturday, 28 March 2015

കാഴ്ചവട്ടം

സ്ഥലം : എറണാകുളം  നോർത്ത്  റെയിൽവേ സ്റ്റേഷൻ
സമയം : പുലർച്ചെ 3 മണി
രാജ്യറാണി  എക്സ്പ്രസ്സ്  അര മണിക്കൂർ വൈകി ഓടുന്നതിനാൽ  യാത്രക്കാർക്ക് നേരിട്ട അസൌകര്യത്തിൽ  ഖേദിച്ചു കൊണ്ടുള്ള അറിയിപ്പു കേട്ടു കൊണ്ടാണ് മനുഷ്യരും പട്ടികളും പലയിടത്തായി ചുരുണ്ട് കൂടിക്കിടന്നുറങ്ങുന്ന പ്ലാറ്റ്ഫോമിലേക്കു കാലെടുത്ത് വെച്ചത്. ടീ സ്റ്റാളില്‍ നിന്നും വാങ്ങിയ  ചായയും മൊത്തിക്കൊണ്ട്  ഒരിടത്തിരുന്നപ്പോഴാണ് അവരെന്‍റെ   ശ്രദ്ധയിൽപ്പെട്ടത്. 

ഇരുമ്പ് ബെഞ്ചില്‍ ചുരുണ്ട്  കൂടി  കിടന്നുറങ്ങുന്ന  ഒരു വൃദ്ധനും ബെഞ്ചിന്‍റെ അറ്റത്തായി  പത്തു പതിനെട്ടു വയസ്സ് തോന്നിക്കുന്ന  പട്ടു പാവാടക്കാരിയും. കറുത്ത കണ്ണട വെച്ച  വൃദ്ധൻ ഉറക്കത്തിനിടയിലും എന്തൊക്കെയോ പുലംബുന്നുണ്ട്. മദ്യപിച്ചിട്ടുണ്ടാവണം. തേന്മാവിൻ കൊമ്പിലെ  കുതിരവട്ടം പപ്പുവിനെയും ശോഭനയേയുമാണ് പെട്ടെന്നെനിക്കോർമ്മ വന്നത്.
കഴുകൻ കൂട്ടം ഇരക്കു ചുറ്റും സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു. ചൂളമടിച്ചും പലതും പറഞ്ഞും ശ്രദ്ധയാകർഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഒരു മന്ദസ്മിതത്തോടെ  മുന്നിൽ പരന്നു കിടക്കുന്ന ഇരുളിലേക്ക്  നോക്കിയിരിക്കുന്ന അവളതൊന്നും ശ്രദ്ധിക്കുന്നതായി പോലും  തോന്നിയില്ല.
ഏതോ ട്രെയിൻ പ്ലാറ്റ്ഫൊമിലെക്കു വന്നു കൊണ്ടിരിക്കുന്നതായി അറിയിപ്പ് വന്നതും അവളാ വൃദ്ധനെ  തട്ടിയുണർത്തി, താഴേക്ക് കുനിഞ്ഞു സീറ്റിനടിയിൽ നിന്നും ചക്രങ്ങള്‍ പിടിപ്പിച്ചൊരു മരപ്പലക  വലിച്ചെടുത്തു. അതിലിരുന്നു കൊണ്ട് എനിക്ക് മുന്നിലൂടെ നിരങ്ങി നീങ്ങി മുന്നോട്ടു പോകുന്ന അവളെ ഞാനെന്‍റെ മൊബൈല്‍ ക്യാമറയില്‍ ഒപ്പിയെടുത്തു.