Friday, 10 November 2017

ആപ്പിൾ

സത്യത്തിൽ ആപ്പിൾ വാങ്ങിക്കാനുള്ള ഒരുദ്ദേശവും എനിക്കുണ്ടായിരുന്നില്ല. റോഡരികിൽ ബൈക്ക്  പാർക്ക് ചെയ്ത് ഭാര്യ വാട്ട്സാപ്പ് ചെയ്ത വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റ് പരതി. ഇല്ല ആപ്പിളില്ല. അല്ലെങ്കിലും കഴിഞ്ഞ തവണ വാങ്ങിച്ചതിൽ ഭൂരിഭാഗവും അതേ പോലെ  ഡൈനിങ്ങ് ടേബിളിലെ  പ്ലാസ്റ്റിക് കൂടയിൽ തന്നെ കാണും. അവളെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. തിരക്കിനിടക്ക് എടുത്ത് കഴിക്കാൻ വിട്ടു പോകുന്നതാണ്. ഒടുവിൽ ഇരുന്നിരുന്ന് അടിഭാഗത്തെ നിറം മാറി തുടങ്ങുമ്പോൾ എടുത്ത് ഡസ്റ്റ് ബിന്നിലിടുകയാണ് പതിവ്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും റോഡിനപ്പുറത്തെ ചക്രവണ്ടിയിൽ ഭംഗിയായി അടുക്കി വെച്ച ആപ്പിളുകൾ ഒന്ന് നോക്കാതെ പോകാൻ മനസ്സ് വന്നില്ല. ഞാൻ ബൈക്ക് തിരിച്ചു.

ചുവന്ന് തുടുത്ത മുഴുത്ത ആപ്പിളുകൾ ചക്രവണ്ടിയുടെ മരപ്പലകയിൽ  പിരമിഡ് രൂപത്തിൽ  ഭംഗിയായി അടുക്കിയിരിക്കുന്നു. വാക്സ് പുരട്ടുന്നതിനാലാണ് ഇത്രയും തുടുപ്പെന്നൊക്കെ  അറിയാമെങ്കിലും, പുഴുക്കുത്തും ചതവുമുള്ളതൊന്നും ഒന്ന് നോക്കാൻ പോലും തോന്നാറില്ല. വില പേശൽ ഒഴിവാക്കാനാകണം "Rs-150/kg" എന്ന് വലുപ്പത്തിൽ എഴുതിയ കാർഡ് ബോർഡ് ആപ്പിളുകൾക്കിടയിൽ കുത്തി നിർത്തിയിട്ടുണ്ട്.

"ഒന്ത് കിലോ കൊടി"

കേട്ട് മനസ്സിലാക്കാൻ മാത്രമല്ല വന്ന് വന്ന് ശരി തെറ്റുകൾ ഗൗനിക്കാതെ  കന്നഡ സംസാരിക്കാനും തുടങ്ങിയിട്ടുണ്ട്.

മൂന്ന് ആപ്പിളുകൾ വെച്ചപ്പോഴേക്കും തട്ട് താഴ്ന്നു.

"സ്വല്പ ജാസ്തി ഇതേ"

കാശ് അധികം വേണമെന്നാവും പറയുന്നത്. എതായാലും ഞാനത് കേട്ട ഭാവം നടിച്ചില്ല.  നൂറിന്റെയും അമ്പതിന്റെയും ഓരോ നോട്ട് നൽകി പ്ലാസ്റ്റിക് കൂട വാങ്ങുമ്പോഴാണ് അടക്കിപ്പിടിച്ചുള്ള ഒരു കരച്ചിൽ ശ്രദ്ധിച്ചത്. ചക്രവണ്ടിക്കടിയിൽ നിന്നാണ്. പാളി  നോക്കിയപ്പോൾ കച്ചവടക്കാരനരികിൽ വണ്ടിയുടെ ചക്രത്തോട് ചേർന്ന് നിലത്തിരിക്കുന്ന ഒരു സ്ത്രീയും കുഞ്ഞും. കൈയ്യിലെ പ്ലാസ്റ്റിക് കൂടയിൽ നിന്നും  പുഴുങ്ങിയ എന്തോ കിഴങ്ങെടുത്ത് കുഞ്ഞിന്റെ വായിൽ വെച്ച് കൊടുക്കാനുള്ള ശ്രമത്തിലാണവർ.  കഴിക്കാൻ കൂട്ടാക്കാതെ ഏങ്ങിയേങ്ങി കരഞ്ഞു കൊണ്ട് തല വെട്ടിക്കുന്ന കുഞ്ഞാകട്ടെ ഇടയ്ക്കിടെ മേലേക്ക് വിരൽ ചൂണ്ടി "ആപ്പിൾ... ആപ്പിൾ..." എന്ന് മന്ത്രിക്കുന്നുണ്ട്.

ഞാൻ നോക്കിയപ്പോൾ അയാൾ തല കുനിച്ച് നിൽക്കുകയാണ്.

"ഒന്തെ ആപ്പിൾ കൊടുക്ക കൂടാതാ?"

കന്നഡയും തമിഴും കലർത്തിയുള്ള എന്റെ ചോദ്യം അയാൾക്ക് മനസ്സിലായി കാണണം. മറുപടിയായി അയാൾ പറഞ്ഞത് മലയാളത്തിൽ പരിഭാഷപ്പെടുത്തിയാൽ ഇപ്രകാരമായിരുന്നു:

"സാറെ... മുമ്പൊക്കെയാണെങ്കിൽ വരുന്ന ആപ്പിളുകളിൽ കുറച്ചൊക്കെ ചതഞ്ഞതും പുഴുക്കുത്തേറ്റതുമൊക്കെ കാണും. എന്നാലിപ്പോ വരുന്നതെല്ലാം ഒന്നാന്തരമാണ്. ഒരാപ്പിളിന് അമ്പത് രൂപ വരും. അതെങ്ങനെയെടുത്ത് കൊടുക്കാനാ...?"

കൈയ്യിലെ പ്ലാസ്റ്റിക് കൂടയ്ക്ക് പെട്ടെന്ന് കനമേറിയത് പോലെ. അതോ  നെഞ്ചിനകത്താണോ കനം തോന്നുന്നത്?

Thursday, 7 September 2017

കഥാബീജം

വണ്ടി ഷൊർണ്ണൂരെത്തിയപ്പോഴേക്കും നാട്ടിലേക്കുള്ള  കണക്ഷൻ എക്സ്പ്രസ്സ് പോയിരുന്നു. ഇനിയുള്ള പാസഞ്ചറിന് ഒരു മണിക്കൂർ കൂടിയുണ്ട്. കൗണ്ടറിൽ ചെന്ന്  ടിക്കറ്റ് എടുത്തു. പ്ലാറ്റ്ഫോമിൽ ലഭിക്കുന്ന ടീ-ബാഗ് ചായ അത്ര പഥ്യമല്ലാത്തതിനാൽ പതുക്കെ സ്റ്റേഷന് പുറത്തേക്ക് നടന്നു.

നേരം മുഴുവനായി പുലർന്നിട്ടില്ല.  രാത്രിമഴയുടെ ഈർപ്പം പിരിയാൻ മടിച്ച് അവിടെ തന്നെ ചുറ്റിപ്പറ്റി നിൽപ്പുണ്ട്. ഉറക്കച്ചടവോടെ വണ്ടിയിറങ്ങി പോകുന്നവരേയും നവോന്മേഷത്തോടെ യാത്രക്കൊരുങ്ങി വന്നവരേയും കൊണ്ട് സ്റ്റേഷന്‍ പരിസരം നിറഞ്ഞിരുന്നു. ചായക്കടയുടെ ഇറയത്ത്‌ നിന്ന് ഒരു സ്ട്രോങ്ങ് ചായ മൊത്തിക്കൊണ്ട്  കാഴ്ചകളെല്ലാം കണ്ട് നില്‍ക്കുമ്പോഴാണ്‌ ഒരു കഥയെഴുതാനുള്ള പുതി മനസ്സില്‍ കയറിപ്പറ്റിയത്. തുടക്കത്തിൽ കണ്ടില്ലെന്ന് നടിച്ചെങ്കിലും  പതുക്കെപ്പതുക്കെ അതങ്ങ് വളർന്ന് അടക്കാനൊക്കാത്ത അത്രയും വലുതായെന്ന് പറഞ്ഞാല്‍ മതിയല്ലോ. എന്നാലോ, എത്ര തന്നെ പരിശ്രമിച്ചിട്ടും, പലപ്പോഴായി കരുതി വെച്ച 'അസംസ്കൃത വസ്തുക്കൾ' പിടി തന്നതേയില്ല. ഒടുവില്‍ കഥ എഴുതാനൊക്കാത്ത ദു:ഖം കഥകൾ വായിച്ചു തീര്‍ക്കാം എന്ന ഉദ്ദ്യേശത്തോടെ രണ്ടാമത്തെ പ്ലാട്ഫോമിലെ  മാതൃഭൂമി ബുക്സ്റ്റാള്‍ ലക്ഷ്യമാക്കി ഫുട്ടോവർ ബ്രിഡ്ജ്  ഇറങ്ങുമ്പോഴാണ് പടികൾക്ക്  താഴെ ആ മുത്തശ്ശിയെ കണ്ടത്. 

പ്രായം പത്തെൺപതെങ്കിലുമായി കാണും. കറുത്ത് മെല്ലിച്ച  ദേഹത്ത് വാരിച്ചുറ്റിയ മുഷിഞ്ഞ മുണ്ടും വേഷ്ടിയും. രണ്ട് കൈകളിലും എടുത്ത് പൊക്കാവുന്നതിലേറെ ഭാരവുമായി പടികൾ കയറാനുള്ള ശ്രമത്തിലാണ്. സിബ്ബ് പോയതിനാലാവണം കയറിട്ട് കെട്ടി വെച്ച ബാഗ്. കുത്തി നിറച്ച ബക്കറ്റിൽ നിന്നും തേഞ്ഞ് തീരാറായ റബ്ബർ ചെരിപ്പുകൾ തല പൊക്കി നിൽപ്പുണ്ട്. ബാഗ് തലയിലേറ്റി വെച്ച് താഴെ നിന്നും ബക്കറ്റ് എടുക്കാൻ ശ്രമിക്കുമ്പോഴേക്കും ബാലൻസ് തെറ്റി ബാഗ്‌ താഴെ പോകുന്നുണ്ട്. ഇത് തന്നെ ഒരുപാട് തവണ ആവർത്തിച്ചിട്ടും അവര്‍ പിന്നെയും ശ്രമിക്കുകയാണ്.

ഞാൻ അരികിലേക്ക് ചെന്നു.

"എവിടെ പോകാനാ? ഞാൻ എടുക്കാം"

മറുപടിക്ക് കാക്കാതെ രണ്ട് കൈകളിലായി ബാഗും ബക്കറ്റും എടുത്തു.

"ടിക്കെറ്റെടുത്തിടത്ത്ന്ന്  വണ്ടി ഇബ്ടെ വരൂന്നാ പറഞ്ഞെ. ഇപ്പൊ വിളിച്ചു പറയ്വാ, അഞ്ചാമത്തെലാ വര്വാന്ന്. എന്ത് പറയാനാ കുട്ട്യേ ആവതില്ലത്തോരെ ഇങ്ങനെ കഷ്ടപ്പെട്ത്താനക്കൊണ്ട്..."

നടുവിന് കൈ കൊടുത്ത് നിന്നു കൊണ്ട് അവര്‍ ദീർഘമായൊന്ന് നിശ്വസിച്ചു. ചുളിവുകളുടെ ധാരാളിത്തമുള്ള ഒട്ടിയ മുഖത്തേക്ക് അപ്പോഴാണ് ശരിക്കും നോക്കിയത്. കണ്ണുകളിലൊന്ന് അടഞ്ഞിരിക്കുന്നു.

"ആഹ്......വേണ്ട...രണ്ടും കൂടി കുട്ട്യെടുക്കണ്ടാ..."

പടികള്‍ കയറിത്തുടങ്ങിയ എന്നോട്  ബക്കറ്റ്  വാങ്ങാനായി കൈ നീട്ടിയെങ്കിലും കൊടുത്തില്ല.

"എന്താ....ആശുപത്രിക്കാ?"

നെഞ്ചോട് ചേർത്ത് പിടിച്ച മെഡിക്കൽ റിപ്പോർട്ട് നോക്കിയാണ് ഞാന്‍ ചോദിച്ചത്.

"ആ...കുട്ട്യേ... ഇനിക്കല്ല. ഇന്‍റെ  മൂപ്പർക്കാ. നടക്കാനാവാത്തോണ്ട്  മൂപ്പരെ ഉന്തുവണ്ടീല് അപ്പറത്തൂടെ കൊണ്ടോരുന്നുണ്ട്. ഇനിക്ക് ഉന്താൻ ആവതില്ലാത്തോണ്ട് സ്റ്റേഷൻ മാഷന്നെ ഒരാളെ എർപ്പാടാക്കി തന്നു...നല്ല മന്ശൻ"

ഓരോ പടിയിലും അല്പം നിന്ന്‌, കിതപ്പാറ്റി, വളരെ പതുക്കെയാണവര്‍ കയറുന്നത്. 

"രണ്ടാഴ്ച്ചായിട്ട് ഇവടെ സർക്കാരാശുത്രീലായിരുന്നു. വീട്ടിന്ന് കൊരച്ച് കൊരച്ച് ചോര തുപ്പ്യപ്പോ നിര്‍ബന്ധിച്ച്  കൊണ്ടോയതാ. കൊറേ നോക്കിട്ട് കൊറവൊന്നുണ്ടായില്ല. ഒടുക്കം അവടെ ഒന്നും ചെയ്യാനില്ലാന്ന് പറഞ്ഞ് പേര് വെട്ടി. തിരോന്തോരത്ത് വല്യോരാശുപത്രില്ലെ... ആറെസ്സെസ്സ്ന്നെന്തോ പറഞ്ഞിട്ട്?"

തിരിഞ്ഞു നോക്കുമ്പോൾ അവരെന്നെ നോക്കി നിൽക്കുകയാണ്.

"ആർ.സി.സി.യാണോ?"

"ആ അതന്നെ... അവടെ കൊണ്ടോയാ മാറുത്രേ. ഞാളെ പോലെ പാവപ്പെട്ടോർക്ക് അവടെ സൗജന്യാ പോലും. കുട്ടീടെ പ്രായം വരണ ഡോക്കിട്ടർ സാറാ ഒക്കെ ശര്യാക്കി തന്നെ. വണ്ടിക്ക് ടിക്കറ്റും മൂപ്പരന്നെ എട്ത്ത് തന്നു."

അവര്‍ കൈവരിയിൽ പിടിച്ച് നിന്ന് കിതക്കുകയാണ്. ഒരു നിമിഷം കണ്ണടച്ചു നിന്ന ശേഷം വീണ്ടും പതുക്കെ പടികൾ കയറി തുടങ്ങി.

മേൽപ്പാലത്തിന് മുകളിലെത്തിയപ്പോഴേക്കും പഴുത്ത് പാകമായി നിന്നിരുന്ന മഴ പൊട്ടി വീണു.

"ഓഹ്....പണ്ടാരം മഴ.. "

അവർ തലയില്‍ കൈ വെച്ച് പ്രാകി.

''മഴ നല്ലതല്ലേ മുത്തശ്ശീ?"

ചോദിച്ചു കഴിഞ്ഞപ്പോൾ വേണ്ടിയിരുന്നില്ലെന്ന് തോന്നി. മഴയോടുള്ള അന്ധമായ പ്രണയം കൊണ്ട് മറ്റൊന്നും ആലോചിക്കാതെ ചോദിച്ചു പോയതാണ്.

"നല്ലതന്യാ കുട്ട്യേ...അടച്ചൊറപ്പുള്ള വീടും കുടീണ്ടേല്ല് മഴ നല്ലതന്യാ. കുട്ടിക്കറിയോ ഞങ്ങടെ പെര മേയാണ്ട് ഇതിപ്പോ മൂന്നാമത്തെ മഴക്കാലാ. ഒന്ന് മേയണേല് ഉറുപ്യ അയ്യായിരാ ചോയ്ക്കണേ. എവിടെന്നെട്ത്ത് കൊട്ക്കാനാ! ആഹ്... ഇത്തവണ ആശുപത്രിലായോണ്ട് ഇങ്ങനങ്ങ് കയിഞ്ഞു പോവും. അടുത്ത മഴയ്ക്ക് എന്താവുന്ന് ആര് കണ്ട്..."

ഒറ്റ കണ്ണിൽ നിന്നും ഉരുണ്ടിറങ്ങിയ കണ്ണീർത്തുള്ളി  മുഖത്തെ ചുളിവുകളിലെവിടെയോ മറഞ്ഞു.

അവരുടെ പുര പത്ത് തവണയെങ്കിലും മേയാൻ മാത്രം മൂല്യമുള്ള മൊബൈൽ കീശയിൽ കിടന്ന് വിറക്കുന്നു. എടുത്ത് നോക്കിയപ്പോൾ, അംബാനിയുടെ ഔദാര്യം തുടരണമെന്നുണ്ടെങ്കിൽ റീച്ചാർജ് ചെയ്യണമെന്ന അറിയിപ്പാണ്.

മുത്തശ്ശി ധൃതിയില്‍ പടികളിറങ്ങിച്ചെന്നത്  പ്ലാറ്റ്ഫോമിലെ സിമൻറ് ബെഞ്ചിനരികിലേക്കാണ്. അതിൽ  മുത്തശ്ശൻ ചുരുണ്ട് കിടക്കുന്നു. ഞാന്‍  ബാഗും ബക്കറ്റും നിലത്തിറക്കി.

സെക്ഷൻ 80G പ്രകാരം ഇൻകം ടാക്സ് കിഴിവ് ലഭിക്കുന്ന വിധത്തിൽ, റസീറ്റ് കിട്ടുന്ന സംഭാവനകൾ മാത്രമേ ഈയിടെയായി ചെയ്യാറുള്ളു. എന്നാലും പഴ്സിൽ നിന്നും അഞ്ഞൂറ് രൂപ നോട്ടെടുത്ത് മുത്തശ്ശിയുടെ കൈയില്‍ തിരുകി കൊടുക്കാതിരിക്കാനായില്ല.

"ഇതൊന്നും വേണ്ട കുട്ട്യേ. ഇപ്പോ തന്നെ വല്യ ഉപകാരാ കുട്ടി ചെയ്തന്നെ "

അവർ നോട്ട്  എനിക്ക് നീട്ടി.

''സാരല്ലാ... ആശുപത്രീല് പോക്വല്ലേ.. വെച്ചോളു."

ഞാൻ പുറകോട്ട് മാറി.

"ഡോക്ടർ സാറേം സ്റ്റേഷൻ മാഷേം കുട്ടീനേം പോലുള്ളോരൊക്കെ ഉള്ളിടത്തോളം ഇബ്ടെ കലികാലൊന്നും വന്നിട്ടില്ല...ഇനിക്കുറപ്പാ..." 

ചുളിഞ്ഞുണങ്ങിയ വിരലുകൾ ചേർത്ത് പിടിച്ച് തൊഴുത് നിൽക്കുന്ന അവരുടെ നിറഞ്ഞ് പെയ്യുന്ന ഒറ്റക്കണ്ണിലേക്ക് നോക്കാനാകാതെ ഞാൻ തിരിഞ്ഞു നടന്നു. ആ കണ്ണീര്‍പ്പെയ്ത്തിൽ ഉള്ളിലൊരു കഥാബീജത്തിന് മുള പൊട്ടുന്നത് ഞാനറിഞ്ഞു.

Saturday, 19 August 2017

ഒരു ക്രൈം സ്റ്റോറി

ബസ് സ്റ്റാൻഡിൽ വെച്ചാണ് അയാളെ ഞാൻ ആദ്യം കണ്ടത്. സ്റ്റാൻഡിന് പുറത്തേക്ക് നീളുന്ന ചെമ്മൺപാതയിൽ ചാറ്റൽ മഴ നനഞ്ഞ് നടക്കുമ്പോഴാണ് സ്റ്റാൻഡിലെ തിരക്കിലെവിടെയോ മുങ്ങിപ്പോയ അയാളെ പിന്നീട് കാണുന്നത്. കാൽപ്പെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ പുറകിൽ അയാളുണ്ട്. അയാൾ എന്നെ തന്നെ നോക്കുകയായിരുന്നുവെന്ന് തീർച്ചയാണ്. ഞാൻ നോക്കിയത് കണ്ടിട്ടാവണം അയാളുടെ നോട്ടം കൈയ്യിലെ മൊബൈലിലേക്കായി.

നഗരഹൃദയമായിരുന്നിട്ടും സമയം അത്രയൊന്നും 'അസമയം' ആയിട്ടില്ലെങ്കിലും അവിടവിടെ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളും ചാറ്റൽ മഴയിൽ നിന്നും രക്ഷ നേടാനായി അതിനടിയിൽ ചുരുണ്ടുകൂടിയ തെരുവ് പട്ടികളുമൊഴികെ അവിടം എതാണ്ട് പൂർണ്ണമായും തന്നെ വിജനമായിരുന്നു.
സ്റ്റാൻഡിലെ ഹൈമാസ്റ്റ് ലൈറ്റിൽ നിന്നും വരുന്ന വെട്ടത്തിനപ്പുറം ഇരുട്ട് കനത്ത് പെയ്യുകയാണ്.

അയാൾ കടന്ന് പോകട്ടെ എന്ന് കരുതി ഞാൻ നടത്തത്തിന്റെ വേഗത അൽപം കുറച്ചു. പക്ഷെ പ്രതീക്ഷിച്ച പോലെ അടുത്തടുത്ത് വരുന്ന കാലൊച്ച കേൾക്കാനായില്ല. അയാളും വേഗത കുറച്ച് കാണണം. ഒന്ന് രണ്ട് തവണ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ ഷൂ ലേസ് കെട്ടാനെന്ന വ്യാജേന ഞാൻ മുന്നോട്ട് കുനിഞ്ഞു നിന്നു. എന്നെ തറപ്പിച്ച് നോക്കിക്കൊണ്ട് കടന്ന് പോയ അയാൾ മുന്നിലെ ഇരുട്ടിൽ മറഞ്ഞു.

ഇടക്കിടെ തെളിയുന്ന മൊബൈൽ സ്ക്രീനിന്റെ വെട്ടം നോക്കിയാണ് അയാളിലേക്കുള്ള ദൂരം ഞാൻ നിജപ്പെടുത്തിയത്. ഒറ്റത്തള്ളിൽ തന്നെ അയാൾ മറിഞ്ഞു പോയിരുന്നു. വീഴുന്നതിന് മുമ്പായി അയാളുടെ മൊബൈലും പാന്റിന്റെ കീശയിലുണ്ടായിരുന്ന തടിച്ച പഴ്സും ഇരുട്ടിലേക്ക് ഓടിയകലുന്ന എന്റെ കൈകളിലായി കഴിഞ്ഞിരുന്നു.

Sunday, 6 August 2017

ഗോസ് ഓൺ കൺട്രി

ഉത്തരേന്ത്യയിലെ ജോലി സ്ഥലത്ത് നിന്നും നാട്ടിലേക്കുള്ള യാത്രയിലായിരുന്നു അയാൾ. ഉറക്കമുണർന്നപ്പോൾ ട്രെയിൻ ഏതോ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയാണ്. നേരം മുഴുവനായും പുലർന്നിട്ടില്ല. ആ സ്റ്റേഷൻ ഏതാണെന്ന് അറിയില്ലെങ്കിലും അവിടെ ഒരു അരമണിക്കൂറോളം ഹാൾട്ട് ഉണ്ടെന്ന് അടുത്തിരുന്നയാൾ പറഞ്ഞു. തലേന്ന് ഏറെ വൈകിയാണ് ലീവ് സാങ്ഷനായത്. അതിനാൽ ഭക്ഷണം കഴിക്കാനൊന്നും നിൽക്കാതെ ആദ്യം കിട്ടിയ വണ്ടിക്ക് കയറിപ്പോരേണ്ടി വന്നു. നന്നായി വിശക്കുന്നുണ്ട്. ബാത്ത്റൂമിൽ കയറി പല്ലു തേച്ചെന്നു വരുത്തി അയാൾ പുറത്തേക്കിറങ്ങി. പ്ലാറ്റ്ഫോമിന്റെ അറ്റത്തായി ഒരു കട കാണാനുണ്ട്. അയാൾ അങ്ങോട്ട് നടന്നു.

തൂവെള്ള കുർത്തയും പൈജാമയും ധരിച്ച ഒരാൾ കടയുടെ മുന്നിൽ നിന്ന് ആളുകളെ സ്വീകരിക്കുന്നുണ്ട്. വെളുത്ത നെറ്റിയിൽ നീട്ടി വരച്ച ഗോപിക്കുറിയുമായി  ഹിന്ദി സിനിമകളിലും സീരിയലുകളിലുമൊക്കെ കാണാറുള്ള പുരോഹിതനെ ഓർമ്മപ്പെടുത്തുന്ന അയാൾ കടയുടമയാവാനേ തരമുള്ളു. നേരം വെളുത്തില്ലെങ്കിലും കടയിൽ സാമാന്യം നല്ല തിരക്കുണ്ട്. ധൃതി വെച്ച് കഴിച്ച് പുറത്തിറങ്ങിയ അയാൾ ഒരു സിഗരറ്റ് കത്തിച്ച് ചുറ്റും കണ്ണോടിച്ചു. കടയുടെ മുന്നിൽ തൂക്കിയിട്ട റാന്തലിന്റെ വെട്ടത്തിനപ്പുറം പ്ലാറ്റ്ഫോമപ്പോഴും ഇരുട്ടിലാണ്. ചുണ്ടിലെരിയുന്ന സിഗരറ്റുമായി അയാളാ ഇരുട്ടിലൂടെ നടന്നു.  പാതിയെരിഞ്ഞ സിഗരറ്റ് താഴെയിട്ട് ഷൂസ് കൊണ്ട് ഞെരിച്ച്  അയാൾ അനങ്ങിത്തുടങ്ങിയ വണ്ടിയിലേക്ക് വലിഞ്ഞ് കയറി.  ഉരുളുന്ന വണ്ടിയുടെ വാതിൽക്കൽ നിന്നാണ്  അയാളാ കാഴ്ച്ച കാണുന്നത്.

ഭക്ഷണശാലയുടെ ചുവരിനോടു ചേർന്ന് തറയിൽ ചുരുണ്ടു കൂടിക്കിടക്കുന്ന ഒരു മനുഷ്യൻ. അയാൾ ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്ന്  എല്ലും തോലുമായിരിക്കുന്ന കോലം വിളിച്ച് പറയുന്നുണ്ട്. അത്രയും നേരം അവിടെ ചുറ്റിത്തിരിഞ്ഞിട്ടും അങ്ങനെയൊരാൾ കണ്ണിൽപ്പെടാഞ്ഞതിൽ വിഷമിച്ചു നിൽക്കുമ്പോഴാണ്  ശുഭ്രവസ്ത്രധാരിയായ കടയുടമ കൈയ്യിൽ ഒരു താലം നിറയെ ഭക്ഷണവുമായി അയാൾക്ക് നേരെ നടന്നു പോകുന്നത് കണ്ടത്. അയാൾക്കു വല്ലാത്ത ആശ്വാസം തോന്നി. ഏതൊരു നിരീശ്വരവാദിയുംയും ഈശ്വരനുണ്ടെന്ന് വിശ്വസിച്ചു പോകുന്ന ഇത്തരം ചില സന്ദർഭങ്ങളുണ്ടാവും. എന്നാൽ അയാൾ നോക്കി നിൽക്കെ, നിലത്തു കിടക്കുന്നവന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ കടയുടമ മുന്നോട്ട് നടന്നു. പ്ലാറ്റഫോമിന്റെ അറ്റത്തെ മരച്ചുവട്ടിൽ അയവെട്ടി കിടക്കുന്ന പശുവിനു മുന്നിൽ ആ പാത്രം വെച്ച് അയാൾ കൈ കൂപ്പി നിന്നു.




Thursday, 3 August 2017

മരീചിക


"ദാസാ.....ഞാന്‍  നാട്ടിലൊരു വീട് വെക്കാമ്പോവ്വാടോ..ആ പുഴയോരത്തെ വസ്തൂല്.."

"നന്നായി ബാലെട്ടാ..നല്ല കാര്യം..ഇപ്പഴെലും തോന്നീലോ..........പക്ഷെ ബാലേട്ടാ, ചേച്ചീം കുട്ട്യോളും..ഓര് സമ്മതിച്ചോ??"

"ഓര്ടെ സമ്മതം ഇനിയിനിക്ക്  വേണ്ടടോ. ഓര്‍ക്കായി  ഹോമിച്ചതാ കഴിഞ്ഞ പത്തു മുപ്പതു കൊല്ലത്തെ ഇന്‍റെ  ജീവിതോം  സ്വപ്നങ്ങളും.ഇനി ഞാന് ഇനിക്ക് വേണ്ടി ജീവിക്കാന്‍  പോവ്വാ..ഞാനായിട്ട്. പിന്നെ നെന്നെ കണ്ടോണ്ടാടോ ഞാനിതൊക്കെ  സ്വപ്നം കാണുന്നെ. വീടിന്‍റെ  പണി തീരും വരെയെങ്കിലും ഇനിക്കിവിടെ നിന്നെ പറ്റൂ. നീയന്നെ  വേണം എല്ലാം നോക്കി നടത്താന്‍"

"ഞാനുണ്ടാവും ബാലേട്ടാ. ഇങ്ങളൊന്നോണ്ടും ബേജാറാവണ്ട..."

പിന്നീടെല്ലാം കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു. ദാസന്‍  ഏര്‍പ്പാടാക്കിയ എഞ്ചിനീയര്  ഇമെയില്‍  ചെയ്ത് കൊടുത്ത  രണ്ടു മൂന്നു പ്ലാനുകളില്‍ നിന്ന്‌ പുഴയിലേക്ക് ജനലുകള്‍ തുറക്കുന്ന ബെഡ്രൂം ഉള്ളത് അയാള്‍ തിരഞ്ഞെടുത്തു. സത്യത്തിൽ അത്  മാത്രമായിരുന്നു അയാളുടെ ഡിമാന്റ്റ്.
വിരസമായി ഇഴഞ്ഞു നീങ്ങിയിരുന്ന അയാളുടെ പകലുകൾക്ക് പുതിയൊരു ലക്ഷ്യം വന്നു. പുഴയെ കണി കണ്ടുണരുന്ന പുലരികൾ സ്വപ്നം കണ്ട് രാത്രികളില്‍ അയാള്‍ നന്നായുറങ്ങി.

വീടു പണിയുടെ ഓരോ  ഘട്ടവും  ദാസൻ വാറ്റ്സാപ്പിൽ ഷെയർ  ചെയ്ത  ഫോട്ടോകളിലൂടെ അയാളാസ്വദിച്ചു.
"ബാലേട്ടാ... നാളെ തേപ്പു തുടങ്ങാട്ടോ..."
"ഡാ... കാശു  വല്ലോം ഇടണോ ഞാൻ ?"
"ഇപ്പൊ ഒന്നും വേണ്ട...വേണ്ടപ്പോ ഞാനറിയിക്കാം. പിന്നെ പറ്റ്വെങ്കി ഇങ്ങള്   കുറച്ചു പൂഴി ഇങ്ങോട്ട് കയറ്റി അയച്ചോ. അവ്ടെ അതെമ്പാടൂണ്ടല്ലോ.   ഇവ്ടെ ഇപ്പൊ അതാ കിട്ടാനില്ലാതെ." 

"ആണോ... പ്രശ്നാവ്വോ ?? " 

"ഏയ്..ഞാന്‍ തമാശ പറഞ്ഞതാ. നമ്മുക്കെന്താ  പ്രശ്നം. പുഴയല്ലേ മുന്നിൽ. ഒന്നിറങ്ങി വാരണ്ട പണിയേള്ളൂ."

"ഓ.. ഞാനൊന്ന് പേടിച്ചു. ഡോ..നീയില്ലേൽ ഇതൊരു സ്വപ്നം മാത്രായി  ശേഷിച്ചേനെ. നെനക്കറിയോ...ഒടുക്കം ഞാന്‍ നാട്ടിൽ വന്നു പോയിട്ടിപ്പോ  വർഷം എട്ടു കഴിഞ്ഞു. അന്ന് തൊട്ട് ഞാൻ  കൊണ്ട് നടക്കണ  സ്വപ്നാത്..."

അയാളുടെ ശബ്ധമിടറിപ്പോയി.

"എന്താ ബാലേട്ടാ ഇത്.. ഒക്കെ  ശെര്യായില്ലേ ഇപ്പൊ"

ഫ്ലൈറ്റ് വൈകിയത് കാരണം അയാളെത്തിയപ്പോഴേക്കും  സന്ധ്യയായി . ഗൃഹപ്രവേശത്തിനു പ്രത്യേക ചടങ്ങും ക്ഷണവുമൊന്നും വേണ്ടെന്ന് അയാളുടെ തീരുമാനമായിരുന്നു. രാത്രി ദാസന്‍റെ  വീട്ടിൽ നിന്നും അത്താഴം കഴിച്ച്  അയാൾ പുതിയ വീട്ടിലേക്കു പോയി. പുഴയെ കണി കണ്ടുണരുന്ന പുലരി സ്വപ്നം കണ്ടുറങ്ങാനായി.
രാവിലെ കർട്ടൻ നീക്കി  ജനലിലൂടെ നോക്കിയ അയാൾക്ക് തന്‍റെ  കണ്ണുകളെ വിശ്വസിക്കാനായില്ല.

                                                          *****************************
രംഗം: നാലും കൂടിയ മുക്കിലെ ചായക്കട
വറ്റി വരണ്ട പുഴയുടെ മണൽപ്പരപ്പിലൂടെ പെട്ടിയും തൂക്കി നടന്നു പോകുന്ന അയാളെ കണ്ടുവെന്ന് ഒരാൾ പറഞ്ഞു.
പുതിയ വീടിന്‍റെ  ഗേറ്റിൽ  തൂക്കിയ  "വീട് വില്പ്പനക്ക്" എന്ന ബോർഡ് കണ്ടുവെന്ന് മറ്റൊരാളും  സാക്ഷ്യപ്പെടുത്തി.
"ഇതീ  ഗൾഫുകാരുടെ സ്ഥിരം പരിപാടിയാ. നല്ലൊരു  സ്ഥലം നോക്കി വീട് വെക്കും. പണി കഴിഞ്ഞാ പിറ്റേന്ന് തന്നെ വിക്ക്വേം  ചെയ്യും. ലാഭം എത്ര്യാന്ന്  വെച്ചിട്ടാ!!"  

ഈ  പൊതു പ്രസ്ഥാവനയോടെ രംഗം അവസാനിക്കുന്നു.


Saturday, 15 July 2017

ഡിഫറന്റ്ലി ഏബ്ൾഡ്

ഷൊർണ്ണൂരിൽ ഇറങ്ങിയപ്പോൾ തന്നെ എതിർവശത്തെ പ്ലാറ്റ്ഫോമിൽ സയാമീസ് ഇരട്ടകളായ  അമൃത-രാജ്യറാണിമാരെ കണ്ടത് കൊണ്ടാണ് ടിക്കറ്റ് കൗണ്ടറിലേക്ക് ഓടിയത്. യശ്വന്ത്പൂർ-കണ്ണൂരുകാരൻ സ്ഥിരം വൈകിയോട്ടക്കാരനായതിനാൽ മിക്കവാറും എഴിന്‍റെ  പാസഞ്ചറേ കിട്ടാറുള്ളു. അതാവുമ്പോൾ സാവധാനത്തിൽ പോയി ടിക്കറ്റെടുത്ത് ഒരു ചായയും കുടിച്ച് സോഷ്യൽ മീഡിയ ഇടങ്ങളിലൊക്കെ രണ്ട് റൗണ്ടടിച്ച് വന്നാലും സമയം ബാക്കിയാവും. ഇന്നേതായാലും അത് വേണ്ടി വന്നില്ല.
ചെറുകരക്കുള്ള എക്സ്പ്രസ്സ് ടിക്കറ്റുമായി ഓടിക്കിതച്ചെത്തുമ്പോൾ, ട്രെയിൻ അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിൽ നിൽക്കുന്നു എന്ന് അനൗൺസ് ചെയ്തതേയുള്ളു. അപ്പോൾ പുറപ്പെടാനിനിയും പത്ത് മിനിട്ടുണ്ട്.
ജനറൽ കമ്പാർട്ടമെന്റുകളിൽ കാല് കുത്താനിടയില്ല. മാത്രമല്ല, ഇനിയും കയറാനുള്ളവർ ''നീ കേറ്...നീ കേറ്.." എന്ന ഭാവത്തിൽ പ്ലാറ്റ്ഫോമിൽ വാതിലിനടുത്തായി  നിൽക്കുന്നുണ്ട്. ട്രെയിൻ പുറപ്പെട്ട് എറ്റവുമൊടുവിൽ ചാടിക്കയറുന്ന 'ധീരന്' വാതിൽക്കൽ സ്ഥാനമുറപ്പിക്കാം.
തിരക്കിൽ ഞെങ്ങി ഞെരുങ്ങാൻ താൽപര്യമില്ലാത്തതിനാലും രക്തത്തിൽ ധൈര്യത്തിന്‍റെ  അളവ് ജന്മനാ കുറവായതിനാലും ഒന്ന് ചുറ്റി നടന്ന് നോക്കാൻ തീരുമാനിച്ചു. ഒന്നും പറ്റിയില്ലെങ്കിൽ സ്ലീപ്പറിൽ കയറാം. രണ്ട് സ്റ്റോപ്പിന്‍റെ  കാര്യമല്ലേയുള്ളു; പിടിച്ചാൽ ഫൈനടക്കാമെന്നൊക്കെ കണക്ക് കൂട്ടി നടക്കുമ്പോഴാണ് ലേഡീസിനും ഗാർഡ് റൂമിനുമിടയിൽ 'ഡിഫറന്റ്ലി ഏബ്ൾഡ്' എന്നെഴുതിയ കുട്ടി കോച്ച് ശ്രദ്ധയിൽ പെട്ടത്. രണ്ടും കൽപ്പിച്ച് കയറി. അകത്ത് ആകെയുള്ള രണ്ട് സീറ്റുകളും കാലിയാണ്. ഇനി അഥവാ ആരെങ്കിലും വന്നാൽ ഒഴിഞ്ഞ് കൊടുക്കാം. ബസിലൊക്കെ അതാണല്ലോ പതിവ്. ഞാൻ കയറിയത് കണ്ടാവണം പുറത്ത് പരുങ്ങി നിന്ന മൂന്ന് നാല് 'അയോഗ്യർ' കൂടെ കയറി. ഹെഡ്സെറ്റ് ചെവിയിൽ തിരുകി സീറ്റിലേക്ക് ചാഞ്ഞിരുന്നു. 

അഞ്ച് മിനിറ്റായി കാണില്ല കോച്ചിലേക്ക് ഒരു റെയിൽവേ പോലീസുകാരൻ കയറി വന്നു. അയാളെന്തോ ചോദിച്ചതും ഒപ്പമുണ്ടായിരുന്നവർ ഇറങ്ങിപ്പോയി. ചെവിയിൽ അലയടിക്കുന്ന സംഗീതത്തിരയിൽ ആ ചോദ്യം മുങ്ങിപ്പോയിരുന്നതിനാൽ മുഖത്തൊരു ചോദ്യചിഹ്നവുമായി ഇരിക്കുന്ന എന്നെയൊന്ന് സൂക്ഷിച്ച് നോക്കിയിട്ട് ആ പോലീസുകാരൻ ഇറങ്ങിപ്പോയി. ഹിയറിങ്ങ് ഏയ്ഡ് പോലെയുണ്ടെന്ന് ഭാര്യ കളിയാക്കാറുള്ള പുത്തൻ ബ്ലൂടൂത്ത് ഹെഡ്സെറ്റ് അപ്പോഴും ചെവിയിലിരുന്ന് നീല വെളിച്ചം മിന്നിച്ച് കൊണ്ടിരുന്നു.

Thursday, 13 July 2017

ഗൂഗിള്‍ മാപ്പ്

വരാന്തയിലെ സോഫയില്‍, അച്ഛന്‍റെ വക പിറന്നാള്‍ സമ്മാനമായി കിട്ടിയ ഐപ്പാഡില്‍ ഫുട്ബോളും കളിച്ചു കിടക്കുമ്പോഴാണ് ഗേറ്റ് തുറന്ന്  അയാള്‍ അകത്തേക്ക് വന്നത്. ഏതാണ്ട് അവന്‍റെ മുത്തശ്ശനോളം പ്രായം തോന്നിക്കുന്ന ഒരു കൃശഗാത്രന്‍. തൂവെള്ള താടിയും മുടിയും. സോഡാ ഗ്ലാസ്‌ കണ്ണട. പിന്നെ തോളിലൊരു തുണി സഞ്ചിയും. ആകെപ്പാടെ ഒരു ടിപ്പിക്കല്‍ "ബുജി" ലുക്ക്.

"മോനെ...ഇതെവിടാന്നൊന്നു പറയാമോ??"

കയ്യിലെ കടലാസ് നീട്ടിക്കൊണ്ട്  ആ അപ്പൂപ്പന്‍ ചോദിച്ചു.

അതൊരു ക്ഷണക്കത്തായിരുന്നു."പ്രബോധിനി ലൈബ്രറി & റീഡിംഗ് റൂം" വായന ദിനത്തോടനുബന്ധിച്ച് നടത്തുന്ന  സെമിനാറിനുള്ള ക്ഷണം. ഊഹം തെറ്റിയില്ല ആളൊരു "ബുജി" തന്നെ. അവന്‍ മനസ്സില്‍ കരുതി.

"ഇവടെ ഹരിത നഗറില്‍ തന്നെയാണെന്നാ വിളിച്ചപ്പോ അവരു പറഞ്ഞെ. ഇപ്പൊ വിളിച്ചിട്ടാണെല്‍ അവരെയോട്ടു കിട്ടുന്നൂല്ല. ഇതിപ്പോ അഞ്ചാമത്തെ വീടാ ഞാന്‍ കയറുന്നെ. കഴിഞ്ഞ നാല് വീട്ടിലും പട്ടികള് മാത്രേള്ളു. പിന്നെ അവറ്റെടെ  ഭാഷ വശമില്ലാത്തോണ്ട് വഴി ചോദിക്കാന്‍ പറ്റിയില്ല."

വാര്‍ധക്യത്തിലും കൈമോശം വന്നിട്ടിലാത്ത നര്‍മ്മബോധമോര്‍ത്ത് അയാള്‍ ഊറി ചിരിക്കുന്നത് അവന്‍ ശ്രദ്ധിച്ചു.

എത്രയൊക്കെ തല പുകച്ചിട്ടും തന്‍റെ കോളനിയിലെ അങ്ങനൊരു ലൈബ്രറി അവനു പിടികിട്ടിയില്ല.പെട്ടെന്നാണ് അവന് കയ്യിലിരിക്കുന്ന കുന്ത്രാണ്ടത്തെ പറ്റി ബോധം വന്നത്‌.

"അപ്പൂപ്പാ ...ജസ്റ്റ്‌ എ മിനിട്"

വൈഫൈ കണക്ട് ചെയ്ത്  ഗൂഗിള്‍ മാപ്പ് തുറന്നു പരതാന്‍ തുടങ്ങിയ അവന്‍  മുന്നില്‍ തെളിഞ്ഞു വരുന്ന മാപ്പ് കണ്ട് വായും പൊളിച്ചിരുന്നു പോയി.

പുറകിലെ ഗേറ്റ് തുറന്നു അപ്പൂപ്പനെ ചൂണ്ടിക്കാട്ടുമ്പോള്‍, ഒഴിഞ്ഞ മൈതാനത്തിന് എതിര്‍വശത്തുള്ള പഴയ കെട്ടിടത്തിന്‍റെ മഞ്ഞ ബോര്‍ഡ്‌ അവന്‍ വ്യക്തമായി വായിച്ചു:

"പ്രബോധിനി ലൈബ്രറി & റീഡിംഗ് റൂം"