Friday, 29 November 2019

തുലാവര്‍ഷം

പേരിനു മാത്രം ഇടിയും മിന്നലുമുള്ള ഒരു തുലാവര്‍ഷ രാത്രിയായിരുന്നു അത്. മഴയൊട്ടു പെയ്യുന്നുമില്ല. മതില്‍ക്കെട്ടില്ലാത്ത ക്ഷേത്രത്തിനു മുന്നിലെ ആല്‍ത്തറയില്‍ ബീഡിപ്പുക ചുരുളുകളായി ഇരുട്ടിലേക്ക് പറത്തി വിട്ടു കൊണ്ട് മലര്‍ന്നു കിടക്കുന്ന അയാളൊരു മോഷ്ടാവാണ്. അറിയാവുന്ന തൊഴില്‍ മോഷണം മാത്രമായതിനാല്‍ അന്ന് രാത്രിയും മോഷ്ടിക്കാനുള്ള അത്യാവശ്യം അയാള്‍ക്കുണ്ട്. എന്നാലെന്ത് കൊണ്ടോ  അന്ന് മോഷ്ടിക്കാനുള്ള ഒരിത് അയാള്‍ക്ക്‌ അശേഷമുണ്ടായിരുന്നില്ല.  അര്‍ദ്ധ മനസ്സോടെ കക്കാനിറങ്ങിയപ്പോഴെല്ലാം പിടിക്കപ്പെട്ടിട്ടുണ്ട് എന്ന അനുഭവത്തിന്‍റെ വെളിച്ചത്തില്‍ മോഷണ ത്വരയെ അയാള്‍ തല്‍ക്കാലം ഉറക്കിക്കിടത്തിയിരിക്കുകയാണ്.
ഇരച്ചെത്തിയ ഒരു വണ്ടി ചരലില്‍ സഡന്‍ ബ്രേക്ക് ചെയ്തു നിര്‍ത്തിയ ശബ്ദം കേട്ടാണ് അയാള്‍ ഞെട്ടിയെണീറ്റത്. വണ്ടിയില്‍ നിന്നുമിറങ്ങിയ രൂപം  ഇടത്തെ തോളിലൊരു  ബാഗും തൂക്കി  അമ്പലത്തിന് നേരെ നടക്കുന്നത് തിരികള്‍ മുഴുവനായും അണഞ്ഞിട്ടില്ലാത്ത കല്‍വിളക്കിന്‍റെ വിളറിയ വെട്ടത്തില്‍ അയാള്‍ കണ്ടു. ആ രൂപമൊരു സ്ത്രീയുടെതാണെന്ന് തിരിച്ചറിഞ്ഞ നിമിഷത്തില്‍,  ഉറക്കമുണര്‍ന്ന് ബാഗില്‍ കണ്ണ് വെച്ച മോഷ്ടാവും കാമദാഹിയായ മൃഗവും അയാള്‍ക്കുള്ളിലൊരു പിടിവലി തന്നെ  നടത്തി. ഏതായാലും ആദ്യം  അവര്‍ക്കരികിലെത്തുക  എന്ന സമവായത്തില്‍ ഇരുവരുമെത്തിയതോടെ  ആല്‍ത്തറയില്‍ നിന്നും  പതുക്കെ താഴെയിറങ്ങിയ നിമിഷത്തിലാണ് ഉഗ്രശബ്ദത്തോടെ ഒരു മിന്നല്‍പ്പിണര്‍ അയാള്‍ക്കരികില്‍ വന്നു നിപതിച്ചത്.
ഒരാര്‍ത്തനാദത്തോടെ പുറകോട്ടു മറിഞ്ഞു വീണ അയാള്‍ നിവര്‍ന്നു നിന്നപ്പോഴേക്കും അമ്പല നടയില്‍ ആ സ്ത്രീ ഉണ്ടായിരുന്നില്ല. ചരലില്‍ ചക്രങ്ങളുരുളുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ അയാളുടെ കാഴ്ച്ചയെ അനാഥമാക്കിക്കൊണ്ട് വണ്ടി ഇരുട്ടിലേക്ക് ഇരമ്പിയകന്നു. നിരാശനായി തിരികെ ആല്‍ത്തറയിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് നിലത്ത് കല്‍വിളക്കിനടുത്തായി  ആ ബാഗ്‌ അയാള്‍ കണ്ടത്. മിന്നലില്‍ ഭയന്ന് ഓടിപ്പോയവള്‍ ബാഗിനായി തിരികെയെത്തും മുന്‍പേ അതിലുള്ളത് കൈക്കലാക്കാനുള്ള വ്യഗ്രതയില്‍  ഉള്ളിലെ മോഷ്ടാവ് അയാളെയും വലിച്ച് ബാഗിനടുത്തേക്കോടി. അയാള്‍ ബാഗിനരികിലെത്തിയതും   അപ്പോള്‍ മാത്രം വീശിയ ഒരു ഇളം കാറ്റില്‍ വിളക്കിലെ ശേഷിച്ച തിരികളും അണഞ്ഞു പോയതും ഒരുമിച്ചായിരുന്നു. ബാഗും, അതികത്ത് എന്തായിരിക്കുമെന്ന ജിജ്ഞാസയോടെ  അയാളും  ഇരുട്ടില്‍ തനിച്ചായി. ഒരു മിന്നല്‍ വെട്ടത്തിനായി കാത്ത് കാത്ത് ക്ഷമ നശിച്ച അയാള്‍ പതിയെ ബാഗിന്‍റെ സിബ്ബ് തുറന്നു തന്‍റെ പരുക്കന്‍ വിരലുകള്‍ അകത്തേക്കിട്ടു.
ബാഗിനുള്ളില്‍ നിന്നും ചിതറി വീണ ചോരക്കുഞ്ഞിന്‍റെ കരച്ചില്‍ ഒരു മിന്നല്‍പ്പിണറായി  അയാളുടെ നെഞ്ചിന്‍ കൂടും തുരന്നു  ചുറ്റിലും കട്ട പിടിച്ചു കിടക്കുന്ന ഇരുട്ടില്‍ ചെന്ന് തറച്ചു. അപ്പോള്‍ അയാളുടെ കണ്ണുകളിലൂടെ തുലാവര്‍ഷം പെയ്തിറങ്ങി.  

Monday, 12 August 2019

നിഷ്ക്രിയ ആസ്തി

പണിക്കാർക്കൊപ്പം വാഴത്തോപ്പിൽ  നിൽക്കുമ്പോഴാണ് തോമസ് സാറ് കുഴഞ്ഞു വീണത്. കാറ്റേറ്റ വാഴത്തെെ കണക്കെ വരമ്പത്തേക്കങ്ങ് ചാഞ്ഞ് വീഴുകയായിരുന്നത്രേ. വളമിറക്കാൻ വന്ന പിക്കപ്പിന്റെ ഡ്രൈവറാണ്, വീട്ടിലെ കാറിൽ, സാറിനെയും  പെണ്ണമ്മ ചേട്ടത്തിയേയും ആശുപത്രിയിലെത്തിച്ചത്. അറ്റാക്കായിരുന്നു; ബ്ലോക്കുകൾ മൂന്നായത് കാരണം ബൈപ്പാസ് തന്നെ വേണ്ടി വന്നു. രണ്ടാഴ്ച്ചക്കാലത്തെ ഐ.സി.യു. വാസത്തിനു ശേഷം ഇന്നാണ് സാറിനെ വാർഡിലേക്ക് മാറ്റിയത്.

"ഇതിയാൻ ഒറങ്ങുമ്പ സണ്ണിച്ചൻ  വിളിച്ചാരുന്നു. അപ്പനോട് പറയാൻ പറഞ്ഞു."

മുഖത്ത് നോക്കാതെ ഒറ്റ ശ്വാസത്തിൽ പെണ്ണമ്മ പറഞ്ഞ് തീർത്തത് പച്ചക്കളവാണെന്ന്  നന്നായിട്ടറിയാമെങ്കിലും സാറ് നീട്ടിയൊന്ന് മൂളി.

മകന് അമേരിക്കയിൽ ജോലി കിട്ടിയെന്നറിഞ്ഞപ്പോൾ നെഞ്ചും വിരിച്ചു നാട് നീളെ പറഞ്ഞു നടന്ന ആളാണ് സാറ്. അവൻ ഉടനെ ലീവിന് വരുമെന്നും തങ്ങളെയും കൂട്ടിക്കൊണ്ടു പോകുമെന്നുമൊക്കെയായിരുന്നു വീമ്പു പറച്ചിൽ. പറഞ്ഞത്  പോലൊന്നും നടന്നില്ലെങ്കിലും ഒരു തവണ അവന്‍ അമ്മച്ചിയെ കൊണ്ട് പോയിരുന്നു; ഭാര്യയുടെ ആദ്യ പ്രസവത്തിന്. മൂന്നു നാല് മാസം കഴിഞ്ഞാണ് തിരിച്ചു കൊണ്ടാക്കിയത്. ഇനി ചത്താലും അങ്ങോട്ടില്ലെന്ന് പെണ്ണമ്മ തീർത്തു പറഞ്ഞത് അന്നത്തെ ശ്വാസം മുട്ടലോർത്താണ്. അത് കൊണ്ടെന്താ; രണ്ടാമത്തെ പേറിന് ഭാര്യവീട്ടുകാരെ  കുടുംബമടക്കിയാണ് കൊണ്ട് പോയത്.   സാറിന് അതിൽ കലശലായ അമർഷവുമുണ്ട്. പിന്നീട്, അമേരിക്കൻ  യാത്രയെ പറ്റി ആരെങ്കിലും ചോദിച്ചാൽ സാറിന്‍റെ  മറുപടി ഇങ്ങനെയാണ് :

"ഓ...എന്നാ പറയാനാന്നേ. ദിവസവും വിളിക്കുമ്പോ അങ്ങു ചെല്ലാൻ പറയും. ചെന്നാ പിന്നെ വിടത്തില്ലാന്നേ. ഞങ്ങള് കൂടി കടല് കടന്നാപ്പിന്നെ ഈ വീടും പറമ്പുമൊക്കെ അനാഥമായി പോകത്തിലായോ?"

മുമ്പൊക്കെ എല്ലാ ക്രിസ്തുമസിനും മകനും കുടുംബവും മുടങ്ങാതെ നാട്ടിലെത്തിയിരുന്നു. പറമ്പിലെ കപ്പ മീൻകറീം കൂട്ടി അവൻ ആർത്തിയോടെ വിഴുങ്ങുന്നത് സാറും പെണ്ണമ്മയും കണ്ണ് നിറയെ കാണും. പിള്ളേരൊക്കെ സ്‌കൂളിൽ പോയി തുടങ്ങും വരെ ആ പതിവ് തുടർന്നു.  കഴിഞ്ഞ  മൂന്നു ക്രിസ്തുമസിനും  അവർ വന്നിട്ടില്ല. മക്കൾക്ക് നാട്ടിൽ വരുന്നത് തീരെ ഇഷ്ടമല്ലത്രെ. അവിടെ വളർന്ന പിള്ളേരല്ലേ. നിർബന്ധിച്ചു കൊണ്ട് വരാൻ പറ്റുവോ? സാറും പെണ്ണമ്മയും പരസ്പരം ആശ്വസിപ്പിക്കും.

ഇത്തവണത്തെ  വെക്കേഷന് മകനും കുടുംബവും ശ്രീലങ്കയിൽ പോയ ഫോട്ടോസൊക്കെ ഫേസ്ബുക്കിൽ നിന്ന് സാറ് ചേട്ടത്തിക്ക് കാണിച്ചു കൊടുത്തു.

"ഇവ്ടെ വരെ വന്നിട്ട് അവനൊന്നു വീട്ടിൽ കേറി പോകാൻ തോന്നീലല്ലോ?"

ചുവരിൽ തൂക്കിയിട്ട ഭൂപടത്തിലെ ശ്രീലങ്കയിൽ വിരലൂന്നിയുള്ള പെണ്ണമ്മയുടെ ചോദ്യം കേട്ട് തോമസ് സാറിന് ചിരിയും കരച്ചിലും ഒരുമിച്ചു വന്നു.

"സാറിന് എന്നെ ഓർമ്മണ്ടോ?"

പ്രെഷർ നോക്കി ഗേജ് അടച്ചു കൊണ്ടാണ്  സിസ്റ്റർ ചോദിച്ചത്.

അവളുടെ മുഖം അപ്പോഴാണ്  സാറ് ശ്രദ്ധിച്ചത്. നല്ല പരിചയം തോന്നുന്നുണ്ട്. പക്ഷെ എങ്ങനെയെന്ന് ഒരു പിടിയും കിട്ടുന്നില്ല.

"സാറ് കുന്നങ്കരി  ബാങ്കിൽ മാനേജർ അല്ലായിരുന്നോ? എന്‍റെ എഡ്യൂക്കേഷൻ ലോൺ അവിടായിരുന്നു. ആൻ മരിയാന്നാ പേര്. സാറ് കുറേ തവണ വീട്ടിലൊക്കെ വന്നിട്ടുണ്ട്."

ഒരു വരണ്ട ചിരിയോടെ  അവൾ പറഞ്ഞ് നിർത്തുമ്പോൾ സാറിന്റെ ഓർമ്മകൾ വർഷങ്ങളുടെ പടവുകൾ ഇറങ്ങാൻ തുടങ്ങിയിരുന്നു.

"ആൻ മരിയ അഗസ്റ്റിൻ..." അയാൾ മന്ത്രിച്ചു.

ആ പേര് മറക്കാൻ പാടില്ലാത്തതാണ്. 'എൻപിഎ' അഥവാ 'കിട്ടാക്കടം' എന്ന വിളിപ്പേരുകളില്‍ സുപരിചിതമായ 'നിഷ്ക്രിയ ആസ്തി' വളരെ കൂടിയതിനാൽ ഹെഡ് ഓഫീസിന്‍റെ നോട്ടപുള്ളിയായിരുന്ന ആ കുട്ടനാടൻ ശാഖയിൽ  മാനേജരായി ചാർജ്ജെടുത്തിട്ട്  മാസങ്ങളായതേയുള്ളു.     ശാഖയിലെ വായ്പകളിൽ ഭൂരിഭാഗവും കാർഷിക വായ്പയോ വിദ്യാഭ്യാസ വായ്പയോ ആണെന്ന് രേഖകൾ പരിശോധിച്ചപ്പോൾ തന്നെ സാറിന് ബോധ്യമായി. തുടർച്ചയായ കൃഷിനാശവും പരിഹരിക്കപ്പെടാത്ത തൊഴിലില്ലായ്മയും തിരിച്ചടവുകൾ മുടക്കിയതോടെ  വായ്പകൾ മിക്കതും നിഷ്ക്രിയ ആസ്തികളായി തരം തിരിക്കപ്പെട്ടു. പ്രത്യേകിച്ച് ഈടൊന്നുമില്ലാതെ നൽകിയ വായ്‌പകളായതിനാൽ നടപടിക്കൊന്നും പോയിട്ട് വലിയ കാര്യവുമില്ല. എന്നാൽ, രേഖകൾ പ്രകാരം, ആൻ മരിയ അഗസ്റ്റിന്‍റെ  വിദ്യാഭ്യാസ വായ്പ പുരയിടം ഈടു നൽകി എടുത്തിരിക്കുന്നതാണ്. വായ്പയെടുത്ത നാല് ലക്ഷം ഏഴ് വർഷങ്ങൾ കൊണ്ട് പലിശയടക്കം പത്ത്  ലക്ഷത്തോളമായിട്ടുണ്ട്. സർഫേസി നിയമം അനുസരിച്ചു കോടതിയിൽ പോകാതെ തന്നെ ബാങ്കിന് പുരയിടം ജപ്തി ചെയ്യാൻ വകുപ്പുണ്ട്. അതിനുള്ള നടപടികൾ കഴിഞ്ഞ മാനേജരുടെ കാലത്തു തന്നെ ആരംഭിച്ചതുമാണ്.

ബാങ്കിൽ നിന്നയച്ച നോട്ടീസ് പ്രകാരമുള്ള   കാലാവധി തീരുന്ന ശനിയാഴ്ച്ച ഉച്ചയ്ക്കാണ് അഗസ്റ്റിൻ ബാങ്കിലേക്ക് വന്നത്. നോട്ടീസ് പിടിച്ച കൈകള്‍ ചേര്‍ത്തു കൂപ്പിക്കൊണ്ട് അയാൾ തോമസ് സാറിന് മുന്നിൽ നിന്നു. ആ മെല്ലിച്ച കൈകൾ കാറ്റ് പിടിച്ച നെൽക്കതിർ പോലെ പതുക്കെ  വിറക്കുന്നുണ്ടായിരുന്നു. മട വീണ് വെള്ളം കേറി കൃഷി നശിച്ചു പോയതിനാലാണ് അടവ് മുടങ്ങിയതെന്നും മൂത്തവളുടെ കെട്ട്  കഴിഞ്ഞാഴ്ച്ചയാണ് ഉറപ്പിച്ചതെന്നും, അതിനാൽ ജപ്തി ഒഴിവാക്കി കാശടക്കാൻ കുറച്ചു കൂടി സാവകാശം നൽകണമെന്ന അപേക്ഷയുമായി വന്നതാണ്. സംസാരത്തിനിടക്ക്  വിതുമ്പി പോകുന്ന ആ സാധു  മനുഷ്യനെ എങ്ങനെ  ആശ്വസിപ്പിക്കണമെന്നറിയാതെ സാറ് കുഴങ്ങി. ഒടുക്കം മേലാഫീസിൽ വിളിച്ചു ഒരുപാട് കെഞ്ചിയ  ശേഷമാണ് കുടിശ്ശിക തീർക്കാൻ അയാൾക്ക്‌ ഒരു മാസത്തെ അവധി കൂടി നൽകാൻ തീരുമാനമായത്.

നീട്ടിക്കൊടുത്ത അവധിക്കുള്ളിലും  അയാൾ പണമടച്ചില്ല. ബാങ്കിന്‍റെ  റീജിയണൽ  ഓഫീസറുമായി  വീട്ടിലെത്തുമ്പോൾ  അഗസ്റ്റിൻ കോലായിൽ തന്നെ കുന്തിച്ചിരിപ്പുണ്ടായിരുന്നു. അവരെ  കണ്ടതും അയാൾ ഓടി പടിക്കലേക്കു വന്നു. ചതിക്കരുതെന്നും പറഞ്ഞു കാലിലേക്കൊരൊറ്റ വീഴ്ച്ചയായിരുന്നു. തോമസ് സാറാകെ പകച്ചു പോയി. ജപ്തി നടന്നാൽ മോളുടെ ഉറപ്പിച്ച വിവാഹം മാറി പോകുമെന്നും അങ്ങനെയുണ്ടായാൽ ആത്മഹത്യ അല്ലാതെ വേറെ വഴിയില്ലെന്നും പറഞ്ഞ് അയാൾ കരഞ്ഞു. മേലാഫീസറെ മാറ്റി നിർത്തി, ജപ്തി ഒഴിവാക്കാൻ വല്ല വഴിയുമുണ്ടോ എന്നന്വേഷിച്ചപ്പോൾ സാറിനു കിട്ടിയത് ഇംഗ്ലീഷിൽ നല്ല നാല് ചീത്തയാണ്.

നോട്ടീസ് പതിച്ച തൂണിനു താഴെ തലയ്ക്കു കയ്യും കൊടുത്ത് അഗസ്റ്റിൻ തളർന്നിരിക്കുന്നു. തികട്ടി വരുന്ന തേങ്ങലിനെ സാരിത്തലപ്പു കൊണ്ട് തടയാൻ വൃഥാ ശ്രമിക്കുന്ന ഭാര്യയും അവരോട് ചേർന്ന് നിൽക്കുന്ന മൂന്ന് മക്കളും. തിരിഞ്ഞു നോക്കേണ്ടിയിരുന്നില്ല എന്ന് ചിന്തിച്ചു കൊണ്ട് ഓഫീസറിന് പുറകിലായി സാറ് പടികളിറങ്ങി.

ചെണ്ടയും വിളംബരവുമില്ലാതെ നടത്തിയ പ്രതീകാത്മക ജപ്തിയാണെങ്കിലും വിവരം  നാട്ടിലാകെ കാട്ടു തീ പോലെ പടർന്നു. മകളുടെ ഉറപ്പിച്ച വിവാഹം മുടങ്ങി. നെല്ലിനടിക്കാനുള്ള  വിഷം കഴിച്ച് അഗസ്റ്റിൻ ആത്മഹത്യ ചെയ്തു. സുരക്ഷ കണക്കിലെടുത്ത് ബാങ്ക് തോമസ് സാറിനെ  മറ്റൊരു ബ്രാഞ്ചിലേക്കു സ്ഥലം മാറ്റി.

"സാറ് കാരണമല്ല അന്നതൊക്കെ സംഭവിച്ചതെന്ന് ഞങ്ങക്കറിയാം. സാറുള്ളതാ ഒരു ധൈര്യമെന്ന് അപ്പനെപ്പളും പറയ്വാർന്നു. ഞങ്ങക്കത്രെ വിധിച്ചിട്ടുണ്ടാർന്നൊള്ള്..."

അവൾ കണ്ണു തുടച്ചു.

"സാറിനോർമ്മണ്ടോ അന്ന് കൂടെ വന്ന ഓഫീസർ സാറ് പറഞ്ഞത്? വീട്ടിൽ കാശുണ്ടോന്നൊന്നും  നോക്കാതെ, എല്ലാരും നഴ്സിങ്ങെന്നും എഞ്ചിനീറിങ്ങെന്നും പറഞ്ഞിറങ്ങിക്കോളുമെന്ന്. അത് ശെരിയാ സാറേ. എന്‍റെ ഒരാൾടെ നിർബന്ധത്തിനാ അപ്പനെന്നെ നഴ്സിങ്ങിന് ചേർത്തെ. എന്‍റെ  അമ്മാമ്മ നേഴ്സായിരുന്നു. കണ്ടിട്ടില്ലെലും അമ്മാമ്മേ പറ്റി ഒരുപാട് കേട്ടിട്ടുണ്ട്. പണ്ട് അമ്മച്ചീടെ നാട്ടിൽ പോവുമ്പോ നഴ്സമ്മേടെ  പേരകുട്ടികളാണെന്ന് പറഞ്ഞാ എന്തൊരു കാര്യാന്നോ എല്ലാർക്കും. അതൊക്കെ കണ്ടാണ് നേഴ്സാവാൻ ആഗ്രഹം കേറിയേ. കാശില്ലാത്തവർക്ക് അതൊരു അത്യാഗ്രഹമാണെന്നൊന്നും അന്ന് തോന്നിയില്ല."

അവൾ വെറുതെ ചിരിക്കാൻ ശ്രമിച്ചു.

"അതിനെന്നാ മോളേ. അതോണ്ടല്ലേ ഇവിടെ ഇത്രേം പേരെ സേവിക്കാൻ നിനക്ക് അവസരം കിട്ടിയേ. നിങ്ങളൊക്കെ എന്നും കർത്താവിനു പ്രിയപ്പെട്ടവരായിരിക്കും."

പെണ്ണമ്മ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

"എന്ത് സേവനാ അമ്മച്ചീ. ഈ യൂണിഫോമിട്ടോണ്ട് പറയാൻ പാടിലാത്തതാ. ആതുരസേവനൊന്ന്വല്ല ഇവിടെ നടക്കുന്നത്; നല്ല ഒന്നാന്തരം ബിസിനസാ. എടുത്താ പൊങ്ങാത്ത ബില്ലടക്കാൻ  പരക്കം പായുന്ന എത്ര പാവങ്ങളെ കാണുന്നറിയ്വോ ദിവസോം? എന്നിട്ടോ, ദിവസം  പന്ത്രണ്ടും പതിനാലും മണിക്കൂർ പണിയെടുക്കുന്ന ഞങ്ങടെ ശമ്പളം പുറത്ത് പറയാൻ കൊള്ളത്തില്ല. അതീന്നു തന്നെ നല്ലൊരു തുക മെസ് ഫീസെന്നും ബസ് ഫീസെന്നും പറഞ്ഞ് തിരിച്ചു പിടിക്കും. ലോണൊക്കെ പിന്നെങ്ങനെ അടച്ചു തീർക്കാനാ?? ആ...അതൊക്കെ പോട്ടെ. എന്തായാലും ആ സാറിന്‍റെ  അന്നത്തെ വാക്കുകൾ  കൊണ്ടൊരു ഗുണമുണ്ടായി. എന്‍റെ  ഇളയത് ആന്‍റണിയെ ഡിഗ്രിക്കാ വിട്ടേ. ചെറുക്കൻ ഇത്തവണത്തെ പി.എസ്.സി. ലാസ്‌റ്റ്  ഗ്രേഡ് ലിസ്റ്റിലുണ്ട്."

"നിങ്ങടെ വീടോ മോളെ...?"

സാറിന്റെ മനസ്സപ്പോഴും നോട്ടീസ് പതിച്ച ആ തൂണിൽ തങ്ങി നിൽക്കുകയായിരുന്നു.

"ഓ...അതൊക്കെ അന്നേ പോയതാന്നേ.  ബാങ്ക് ലോൺ അടച്ചു തീർത്ത്  അയലത്തെ ജോണിച്ചേട്ടൻ അതങ്ങ് വാങ്ങിച്ചാർന്നു. പുള്ളിക്കാരൻ തന്ന ബാക്കി   കാശിനാ ചേച്ചിടെ കെട്ടും അനിയന്‍റെ   പഠിപ്പുമൊക്കെ നടന്നു പോയത്. അവനും  അമ്മച്ചീമിപ്പൊ അമ്മച്ചീടെ നാട്ടിലൊരു വാടക വീട്ടിലാ. ഇനി അവൻ ജോലി കിട്ടി പോയാൽ അമ്മച്ചിയെ ഇങ്ങു കൊണ്ടൊരെണ്ടി വരും. അതോർക്കുമ്പഴാ. ഇവിടുത്തെ വാടകയൊന്നും താങ്ങത്തില്ലെന്നെ. ആ...എന്തേലും വഴി കാണും. അപ്പോ ഞാൻ പോട്ടെ. സംസാരിച്ചു നിന്ന് നേരം പോയതറിഞ്ഞില്ല..."

അവൾ മുറിയിൽ നിന്നും ഓടിയിറങ്ങിപ്പോയി.

തങ്ങളുടെ ഭാവി ജീവിതത്തെ സംബന്ധിക്കുന്ന സുപ്രധാനമായൊരു തീരുമാനമെടുത്തതിന്റെ നിർവൃതിയിൽ സാറും പെണ്ണമ്മയും അന്നത്തെ രാത്രി സുഖമായി ഉറങ്ങി.

"മോളെ നിനക്ക് ഞങ്ങളുടെ കൂടെ പോന്നൂടെ. എന്തായാലും ഈ വയസ്സാൻ കാലത്തു ഇതിയാനെ തനിച്ചു നോക്കാൻ എന്നെ കൊണ്ടാവത്തില്ല. ഒരു ഹോം നഴ്സിനെ വെക്കാനാ മോൻ പറയുന്നേ. ഏത് തരമാന്നറിയാത്ത ഒരാളെ കൂടെ നിർത്താൻ ഞങ്ങൾക്ക് ധൈര്യം പോരാ. മോൾക്ക് വന്നൂടെ? ഇവിടുന്നു കിട്ടുന്നതിനേക്കാൾ കൂടുതൽ ശമ്പളം എന്തായാലും ഞങ്ങൾ തരും."

പിറ്റേന്ന് കാലത്ത് മുറിയിലെത്തിയപ്പോൾ, അവളുടെ മെലിഞ്ഞ വിരലുകൾ കൂട്ടിപ്പിടിച്ചു കൊണ്ട് പെണ്ണമ്മ ചോദിച്ചു.

"സാമാന്യം വല്യ വീടാ മോളെ. ആകെ ഞങ്ങള് രണ്ടാളല്ലേ ഉള്ളൂ. മോക്ക്  അമ്മച്ചീനേം കൊണ്ടൊരാം. പെണ്ണമ്മക്കതൊരു കൂട്ടാവേം ചെയ്യും..."

അമ്പരന്ന് നിൽക്കുന്ന അവളെ നോക്കി സാറ് പറഞ്ഞു.

രണ്ടാഴ്ചക്കു ശേഷം, ഡിസ്ചാർജ് ചെയ്തു പോകുമ്പോൾ, അവളുടെ കൈയ്യിൽ പിടിച്ചാണ്  സാറ് കാറിലേക്ക് കയറിയത്. ജീവിതത്തിന്‍റെ ബാലൻസ് ഷീറ്റിലെ നിഷ്ക്രിയ ആസ്തികളുടെ അളവ് തുലോം കുറഞ്ഞതായി അപ്പോൾ അയാൾക്ക്‌ തോന്നി.

Sunday, 11 August 2019

വൈറ്റ്നെർ

1


"മച്ചാനേ ഞാൻ പറഞ്ഞേ....നടക്കൂല. ക്യാഷ് സെറ്റാക്കീട്ട് നീയിനി വിളിച്ചാ മതി."


"ഡാ....പ്ലീസ്....എ...നിക്ക്....ഇദ്..ലാസ്റ്റാ..."


"ഓസിന് തരാൻ ഇതെന്റെ പൊരേലിണ്ടാക്കണതല്ല പുന്നാര മോനേ. ഇല്ലേ നീയൊര് പണി ചെയ്യ്. പഴേ വൈറ്റ്നറിന്‍റെ  പരിപാടി  തന്നെ നോക്ക്. അദ് വേണേമ്മള് ഫ്രീയായെത്തിക്കാട്ടാ..."


ഒരു കൂട്ടച്ചിരിയോടെ അങ്ങേത്തലക്കൽ കാൾ കട്ടായിട്ടും, ഇപ്പുറത്ത് അവൻ വാക്കുകൾക്കായി പരതി കൊണ്ടിരുന്നു. ഒടുവിൽ മൊബൈൽ  വലിച്ചെറിഞ്ഞ് കിടക്കയിലേക്ക് കമിഴ്ന്നു.


അതേ; എല്ലാത്തിന്‍റെയും തുടക്കം വൈറ്റ്നറിലായിരുന്നു. അസൈൻമെന്റെഴുത്തിന്റെ പേരിൽ സുഹൃത്തിന്റെ വീട്ടിൽ പോയതാണ്. അറ്റം പൊട്ടിച്ച ഒരു വൈറ്റ്നർ നീട്ടി വലിക്കാൻ പറഞ്ഞപ്പോൾ ഒന്നുമാലോചിക്കാതെ ആഞ്ഞു വലിച്ചു. മൂക്കിനകത്തേക്കു തുളഞ്ഞു കയറിയ രൂക്ഷഗന്ധം ഉണ്ടാക്കിയ അസ്വസ്ഥത വിട്ട് പതിയെ ഒരു മയക്കം അനുഭവപ്പെടാൻ തുടങ്ങി. ശരീരത്തിന് ഒട്ടും കനമില്ലാതാവുന്നത് പോലെ.  കടലാസ്സിനെ മാത്രമല്ല മനസ്സിനെയും വെളുപ്പിക്കാൻ വൈറ്റ്നെറിനാകുമെന്ന്  തിരിച്ചറിഞ്ഞതോടെ അതൊരു ശീലമായി. വീടിനെയും  ക്ലാസ്സ് മുറികളെയും അമ്മയെയും ടീച്ചറെയുമൊക്കെ മറന്ന് പാറിപ്പറന്ന പല പല ദിനങ്ങൾ.


കട്ടിലിനടിയിലെ കാർഡ് ബോർഡ് പെട്ടി നിറയെ ഒഴിഞ്ഞ വൈറ്റ്നെറുകൾ കണ്ടെത്തിയത് അനിയത്തിയാണ്. അമ്മക്ക് കാട്ടിക്കൊടുക്കുകയും ചെയ്തു. ചോദിച്ചപ്പോൾ കളക്ഷനാണെന്ന് പറഞ്ഞു. കുട്ടിക്കാലത്ത് തീപ്പെട്ടിക്കൂടും ഗോലികളും  പേനയുടെ അടപ്പുകളും തുടങ്ങി സകല ലൊട്ടുലൊടുക്കുകളുടേയും ശേഖരണമുണ്ടായത് കൊണ്ട്  അവർ എളുപ്പം വിശ്വസിച്ചു.


കോളേജ് കാലമായപ്പോഴേക്കും  ലഹരി  ഒരു സുലഭ വസ്തുവായിരുന്നു. പൊടിയായും ഗുളികയായും സിറിഞ്ചായും പല രൂപത്തിലും കിട്ടിക്കൊണ്ടിരുന്നു; വലിയ വില കൊടുക്കണമെന്നു മാത്രം.  'അസൈൻമെൻറ് ഫീ' , 'സെമിനാർ ഫീ', 'സപ്ലി ഫീ' - എന്നിങ്ങനെ പല പേരുകളിൽ ആവശ്യമുന്നയിക്കുമ്പോഴൊക്കെ, കോളേജിനെ പ്രാകിയിട്ടാണെങ്കിലും, അമ്മ മുടങ്ങാതെ കാശ് അയച്ചിരുന്നു. പഠനം  കഴിഞ്ഞു വീട്ടിലിരിക്കുന്നതിനാൽ ഇപ്പോൾ അത് പറ്റില്ല. ചോദിക്കാനും പറയാനും നിൽക്കാതെ വീട്ടിലുള്ള കാശെടുക്കുകയാണ് പതിവ്. ഇന്നാകട്ടെ വീട് മുഴുവൻ അരിച്ചു പെറുക്കിയിട്ടും ഒരു ചില്ലിക്കാശ് കിട്ടിയില്ല. വേറെ വഴിയൊന്നുമില്ല. അവന്‍റെ  വിറയാർന്ന വിരലുകൾ വിണ്ടു കീറിയ മൊബൈൽ സ്‌ക്രീനിൽ പരതി.


"ഓക്കേ മച്ചാനെ...മനസ്സിലായി...കെടന്നു സീനാക്കല്ലേ. ചില്ലിക്കാശില്ലാതെ സ്റ്റഫ് ഒപ്പിക്കാം. പക്ഷെല് ഞാൻ പറേണ പോലെ ചെയ്യണ്ടി വരും."



2


ആദ്യത്തെ മുട്ടിൽ തന്നെ അവൾ വാതിൽക്കലേക്കോടി. അയാളാണ് എന്ന്  അത്രക്കുറപ്പായിരുന്നു. മുഖത്തിന് നേരെ നീണ്ട ചൂണ്ടുവിരലറ്റത്ത് തൂങ്ങിയാടുന്ന സ്വർണ്ണമാല  കണ്ട് അവളുടെ മഷിയെഴുതിയ കണ്ണുകൾ വിടർന്നു.  കണ്ണിറുക്കി കാണിച്ചു കൊണ്ട് അയാളാ മാല അവളുടെ കഴുത്തിലിട്ടു കൊടുത്തു.


"ന്ത്നാപ്പോ ഇദൊക്കെ..."


അവൾ അയാളുടെ വീതിയേറിയ നെഞ്ചിലമർന്നു.


"നീയാ താലി ചരടിൽ നിന്നൂരി ഇതിലിട്"


അയാളവളെ കൂടുതൽ ചേർത്ത്  നിർത്തി.


                         *------*------*


ഇപ്പോൾ ആശുപത്രി കിടക്കയിലുള്ള അയാളുടെ കാൽക്കലായി അവളിരിക്കുകയാണ്.


അയാൾ കണ്ണുകൾ വലിച്ചു തുറന്ന്, പതിയെ ചുണ്ടുകളനക്കി. വേഗം അടുക്കലേക്ക് നീങ്ങിയിരുന്ന് അവൾ മുഖം താഴ്ത്തി.


"രണ്ടാളേം നല്ലോണം പഠിപ്പിക്കണട്ടോ...."


"മ്മ്...."


തികട്ടി വന്ന തേങ്ങലിനെ അവൾ പിടിച്ചു നിർത്തി.


"പിന്നെ...മ്മടെ മോളെ കെട്ടിച്ച് വിടുമ്പോ, ഇദിടീച്ച് കൊട്ത്ത്ട്ട് അച്ഛന്റെ വകയാന്ന് ഓളോട് പറേണം...."


മുഖത്തിനരികിൽ തൂങ്ങിയാടുന്ന മാല വിറക്കുന്ന ചൂണ്ട് വിരലിൽ കൊരുക്കാൻ ശ്രമിക്കുന്നതിനിടയിൽ അയാളുടെ തൊണ്ടയിടറിപ്പോയി. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടതോടെ ഉറക്കെ കരഞ്ഞു കൊണ്ട് അവൾ നേഴ്സിനെ വിളിക്കാനോടി.


                          *------*------*


"ന്താപ്പാ.... നട്ടപ്പകല് ഇരുന്നൊറങ്ങ്വാ?"


ഞെട്ടി കണ്ണ് തുറന്നത് രഘുവേട്ടന്റെ ചിരിക്കുന്ന മുഖത്തേക്കാണ്.


"അല്ലല്ല...ഓരോന്ന് ഓർത്തങ്ങനെ മയങ്ങിപ്പോയി..."


കണ്ണിനരികിലൂടെ ഒലിച്ചിറങ്ങിയ നനവ് തുടച്ച് അവൾ കസേരയിൽ നിവർന്നിരുന്നു.


അയാളുടെ മുഖത്തെ ചിരി മാഞ്ഞു.


"ഓർക്കാൻ പിന്നെമ്പാടുണ്ടല്ലോ..."


ദീർഘമായൊന്ന് നിശ്വസിച്ച്, അയാൾ കീശയിൽ നിന്നൊരു കടലാസെടുത്ത് നീട്ടി. 


''ദാ... കാശടച്ചേന്റെ രശീതി. മാനേജര്ടടുത്ത് ചെന്ന് ഒപ്പിട്ടു കൊട്ത്ത് മാലയിങ്ങ് വാങ്ങിച്ചോ. നെന്റെയീ ഒഴിഞ്ഞ കഴ്ത്തില് അദ് കെടക്കുന്നെ കണ്ടാലെ ഇനിക്കൊരു സമാധാനൊള്ള്."


അകത്തെവിടെ നിന്നോ വന്ന വിളിയുടെ പുറകെ രഘുവേട്ടൻ കയറി പോയി.


''വെറും ചങ്ങായിയല്ലട്ടോ, ഇന്റെ  ഒടപ്പെറന്നോനാ രഘുവേട്ടൻ" എന്നാണ് അയാളെപ്പഴും പറയാറ്. അവളെയും വിളിച്ചിറക്കി അയാൾ നേരെ ചെന്നതും രഘുവേട്ടന്റെ അടുക്കലേക്കാണ്.  സഹകരണ ബാങ്കിലെ ശിപായിയായിരുന്ന രഘുവേട്ടന്റെ പരിചയങ്ങളിലൂടെയാണ്  അവർക്ക് താമസിക്കാനൊരു വീടും അയാൾക്കൊരു ജോലിയും തരപ്പെട്ടത്.


അവളെണീറ്റ് മാനേജരുടെ കാബിന് നേരെ നടന്നു.



3


രണ്ടു കൂറ്റൻ കന്മതിലുകൾക്കിടയിൽ ഞെരുങ്ങിക്കിടക്കുന്ന റോഡിന്‍റെ ഒരറ്റത്തായി ബൈക്ക് നിർത്താൻ  പുറകിലിരുന്ന സുഹൃത്ത്  ആവശ്യപ്പെട്ടു.


"ഫുൾ സ്പീഡിൽ ഓടിച്ചോണം. അങ്ങേ സൈഡീ നമ്മടെ ടീമ്സ്ണ്ട്. ഇങ്ങട്ടുള്ള വണ്ടികള് അവര് ബ്ലോക്ക് ചെയ്തോളും. നോക്ക്, എന്തുണ്ടായാലും വണ്ടി നിർത്തിയേക്കരുത്."


തീരെ ഇടുങ്ങിയ വഴിയിൽ, അല്പം ദൂരെയായി, നടന്നു പോകുന്ന സ്ത്രീയെ കണ്ടപ്പോൾ അവനൊന്നു പരുങ്ങി.


"വണ്ടി എട്ക്കെടാ മൈരേ..."


ഹെൽമെറ്റ് ചില്ലുകൾ താഴ്ന്നു. വിറക്കുന്ന കൈയ്യിനുള്ളിൽ ആക്സറേറ്റർ തിരിഞ്ഞു. ബൈക്ക് ചീറിപ്പാഞ്ഞു. സുഹൃത്തിന്‍റെ  കൈ സ്ത്രീക്ക് നേരെ നീളുന്നതും അവർ റോഡിലേക്ക്  കമിഴ്ന്നടിച്ചു വീഴുന്നതും  ഒരു മിന്നായം പോലെ റിയർവ്യൂ മിററിൽ അവൻ കണ്ടു.


4

               

ബാങ്കിൽ നിന്നുമിറങ്ങുമ്പോൾ അവളേറെ സന്തോഷവതിയായിരുന്നു. കഴുത്തിലണിഞ്ഞ മാലയിൽ തിരുപ്പിച്ചു കൊണ്ട് സ്വയം പുഞ്ചിരിച്ചു.


വിവാഹത്തിന് ശേഷം അയാൾ ആദ്യമായും അവസാനമായും നൽകിയ സമ്മാനമാണ് ആ സ്വർണ്ണ മാല. ചികിത്സക്കായി മറ്റെല്ലാം വിറ്റു പെറുക്കിയിട്ടും ആ മാല തൊടാൻ അയാളനുവദിച്ചില്ല. 


ഒറ്റക്കുള്ള ജീവിതത്തിന്‍റെ  രണ്ടറ്റം മുട്ടിക്കാനുള്ള പരക്കം പാച്ചിലിൽ കൈകൾ  പലവട്ടം ആ മാലയിലേക്ക് നീണ്ടതാണ്. പക്ഷെ, അയാളുടെ അവസാന വാക്കുകൾ അവളെ  പിന്തിരിപ്പിച്ചു. എന്നിട്ടും, മകന്‍റെ പഠന ചെലവുകൾ വിദ്യാഭ്യാസ വായ്പയിലും  ഒതുങ്ങാതെ വന്നപ്പോൾ അവൾ രഘുവേട്ടന്റെ മുന്നിലെത്തി.


"ഇദ് വേണോ മോളേ... ഓനെണക്ക് നല്ലപ്പം വാങ്ങി തന്നതല്ലേ..."


''ന്താക്കാനാ രഘ്വേട്ടാ... ചെക്കന്റെ പഠിപ്പ് നടക്കണ്ടെ. പിന്നെ വിക്ക്വൊന്നല്ലല്ലോ; ഇങ്ങളെട്ത്ത് ഏൽപ്പിക്ക്യല്ലേ. ഇനിക്കാവ്മ്പോ വന്ന് തിരിച്ചെട്ക്കാം"


അവളൊരു വരണ്ട ചിരി ചിരിച്ചു.


"ന്തേലൊരു വഴിണ്ടാർന്നേല് ഇദ് ഞാൻ സമ്മയ്ക്കൂല്ലായിരുന്നു."


"അദൊന്നും സാരല്ല. ഇങ്ങളിതൊന്ന് വെച്ച് വേഗം കാശെട്ത്ത് തരീ. പൈസ ഇന്നന്നെ കിട്ടണോന്നും പറഞ്ഞ് ഒരുത്തനാട കയറ് പൊട്ടിക്കാ. ബാങ്കടക്കേണെന്റെ മുന്നേ ഇനിക്കതോന്റെ ഏട്ടിയെമ്മിലിട്ട് കൊട്ക്കണം."


ഒരു നിമിഷം കണ്ണടച്ചു പ്രാർത്ഥിച്ചിട്ടാണ്, അവൾ മാല ഊരി രഘുവേട്ടന്റെ കൈയ്യിൽ വെച്ച് കൊടുത്തത്. 


അതൊരു പണയ ഉരുപ്പടിയായിരുന്ന കാലമത്രയും ഉള്ളുരുകുകയായിരുന്നു. ഇന്ന്, സ്വരുക്കൂട്ടി വെച്ചതും കുറി പിടിച്ചതും ചേർത്ത് അത് തിരികെ എടുത്തപ്പോൾ  ലോകം തന്നെ കീഴടക്കിയത് പോലെ അവൾക്ക് തോന്നി.


പക്ഷെ, ഒറ്റ നിമിഷത്തിൽ എല്ലാം മാറി മറിഞ്ഞു. കമിഴ്ന്നടിച്ചുള്ള വീഴ്ച്ചയിൽ ബോധം മറയും മുമ്പെ, ഏതോ വിരലിൽ തൂങ്ങിയാടുന്ന പൊട്ടിയ മാല അവൾ കണ്ടതാണ്. എന്നിട്ടും, ബോധം തെളിഞ്ഞപ്പോൾ അവളുടെ വിരലുകൾ കഴുത്തിൽ പരതി.


                                

5


കടല്‍ക്കാറ്റിന്റെ കുളിരും ലഹരിയുടെ ചൂടും നുകർന്ന്, ഉറക്കത്തിനും ഉണർവിനുമിടയിൽ ചാഞ്ചാടി കൊണ്ട്, ബീച്ചിലെ കാറ്റാടി മരങ്ങൾക്കിടയിൽ  മലര്‍ന്നു കിടക്കുകയായിരുന്ന അവനെ, പോക്കെറ്റിൽ കിടന്ന ഫോണിന്റെ നിർത്താതെയുള്ള വിറയലാണ് ഉണർത്തിയത്. എടുത്ത് നോക്കിയപ്പോൾ അനിയത്തിയാണ്. തികട്ടിക്കയറി വന്ന ഒരു തെറിവാക്ക് പല്ലുകൾക്കിടയിലിട്ട് ഞെരിക്കുന്നതിടയിൽ സ്ക്രീനിലെ ചുവന്ന വൃത്തത്തിൽ അവന്റെ തള്ളവിരലമർന്നു. 


അതേ സമയം, നേരം വളരെയേറെ വൈകിയിട്ടും തിരികെയെത്താത്ത അമ്മയേയും ചേട്ടനേയും ഫോണിൽ വിളിച്ചിട്ടും കിട്ടാതായതോടെ വീട്ടിൽ ഒറ്റക്കായിപ്പോയ പെൺകുട്ടി പരിഭ്രമിച്ചു തുടങ്ങിയിരുന്നു.

Sunday, 27 January 2019

ഗുരുതി

1
ബീച്ച് റോഡരികിന്റെ വിശാലതയിൽ കാറൊതുക്കി ഞാൻ പുറത്തിറങ്ങി. വെയിൽ മങ്ങിയിട്ടും ചൂടാറിയിട്ടില്ലാത്ത പൂഴിമണലിൽ ചെരിപ്പിന്റെ ഉയർന്ന ഹീലുകൾ പൂണ്ട് പോകുന്നു. വേച്ച് വേച്ച് നടന്ന് ചെന്ന് ഒറ്റപ്പെട്ട് നിൽക്കുന്ന കാറ്റാടിയുടെ തണലിലേക്ക് ഞാൻ കയറി നിന്നു. പണ്ടൊന്നും ഇങ്ങനെ ആയിരുന്നില്ല. തിങ്ങി നിറഞ്ഞ കാറ്റാടികളായിരുന്നു. വെയിൽ തൊടാത്ത ഭൂമിക്ക് തണുപ്പായിരുന്നു. ചെരുപ്പിൽ നിന്നും സ്വതന്ത്രമായി ആ മണലിലാഴ്ന്നതിന്റെ കുളിരോർമ്മ കാലുകളെ പൊള്ളിക്കുന്നുണ്ടാകും.   

കടൽ വെള്ളത്തിൽ ചുവപ്പ് പടർന്ന് തുടങ്ങുന്നു. "കാമുകനായ സൂര്യന്റെ സാമീപ്യത്തിൽ നാണം കൊണ്ട്  കടലമ്മയുടെ കവിൾ ചുവക്കുന്നു." 
എന്നോ വായിച്ച കവിതയുടെ ഓർമ്മ ചുണ്ടിൽ ചിരി പടർത്തി. ബാഗിൽ കിടന്ന മൊബൈൽ റിങ്ങ് ചെയ്തു. സ്ക്രീനിൽ തെളിഞ്ഞ പേര് ചിരി മായ്ച്ചു. അമ്മയാണ്. ഫോൺ ചെവിയോട് ചേർത്തു.

''മോളേ......."

മനസ്സ് പറഞ്ഞിട്ടും നാവ് അനങ്ങിയില്ല.

''നാളെയാ ഗുരുതി.... പറഞ്ഞീർന്നില്ലേ ഞാൻ"

അൽപ നേരത്തെ നിശ്ശബ്ദതക്ക് ശേഷം അമ്മ തുടർന്നു.

"അച്ഛന് മടിയായിട്ടാ നെന്നെ വിളിക്കാൻ... മൂപ്പര് പറഞ്ഞിട്ടന്യാ ഞാനീ വിളിക്കണേ...."

അത് അമ്മ പറയാതെ തന്നെ എനിക്കറിയാം. പാത്തും പതുങ്ങിയും ഇടയ്ക്ക് വിളിക്കാറുണ്ടെങ്കിലും വീട്ടിലേക്ക് ക്ഷണിക്കാനുള്ള ധൈര്യമൊന്നും ആ പാവത്തിനില്ല.

"അച്ഛന്റെ വാശി നെനക്കറിയാവുന്നതല്ലേ കുട്ടീ...''

"പണ്ടൊരിക്ക ആ വാശിക്ക് കുരുതി കൊടുത്തതല്ലേ ഇന്റെ ജീവിതം....ഇനീം വേണോ വേറെ ഗുരുതി?"

പറയണമെന്ന് കരുതിയതല്ല. പറഞ്ഞ് പോയതാണ്. ചിലപ്പോഴങ്ങനെയാണ് നാവ് തന്നിഷ്ടപ്രകാരം പെരുമാറുന്നു.

''ന്തൊക്ക്യാ മോളേ നീയ്യി പറയണയത്... നിങ്ങടെടേക്കിടന്ന് തീ തിന്ന് മത്യായിനിക്ക്"

വരാം എന്ന ഒറ്റ വാക്കിൽ തുടർന്ന് വരാനുള്ള ഒരുപാട് പരിവേദനങ്ങളുടെ കഴുത്തറുത്തിട്ടു.

വെയിൽ പാടെ കെട്ടിരുന്നു. അവൻ വരാമെന്ന് പറഞ്ഞ സമയമായി. ഞാൻ കടലിന് നേരെ നടന്നു.

2.

തിരിഞ്ഞു നോക്കിയാൽ നീണ്ടു കിടക്കുന്ന റോഡിന്റെ അറ്റം വരെ കാണാം. ഇല്ല അവനില്ല. ഞാൻ നേരത്തെ തന്നെ പറഞ്ഞല്ലോ. പണ്ട് ഇവിടമിങ്ങനെ ആയിരുന്നില്ല. റോഡിൽ നിന്നും നോക്കിയാൽ ജനലഴികളിലൂടെ എന്ന വണ്ണമാണ് കടലിനെ കാണുക എന്ന് പറയുമ്പോൾ വരിയായി നിവർന്നു നിൽക്കുന്ന കാറ്റാടി മരങ്ങളെ  നിങ്ങൾക്ക് സങ്കൽപ്പിക്കാനാകുന്നില്ലേ? ഇന്നതൊന്നുമില്ല. പിന്നെ, ഈ പണ്ടെന്ന് ഞാൻ പറയുന്നത് അത്ര പണ്ടൊന്നുമല്ല കേട്ടോ. ഇതിന് മുമ്പ് ഒരേയൊരു തവണയാണ് ഞാനിവിടെ വന്നത്. കൃത്യം ഒരു  വർഷം പുറകിൽ; ഇതേ ദിവസം. അന്നത്തെ കാര്യമാണ്. അന്നാണ് അവനെ ഞാൻ പരിചയപ്പെട്ടതും.

അകാലത്തിൽ പിരിഞ്ഞു പോയ പ്രിയ കവിയുടെ അനുസ്മരണമായിരുന്നു അന്ന്. 
ജീവിച്ചിരുന്നപ്പോൾ അകറ്റി നിർത്തിയവർ പോലും അയാളെ വാഴ്ത്തുന്നത് കേട്ട് എനിക്ക് ഓക്കാനം വന്നു. കാരണം അയാളുടെ കവിതകളേക്കാൾ അയാളെ ഞാൻ പ്രണയിച്ചിരുന്നു. എന്നിട്ടെന്തുണ്ടായി എന്ന് നിങ്ങൾ ചോദിച്ചാൽ പലകുറി കേട്ട് പഴകിയ ഒരു നഷ്ടപ്രണയ കഥയാവും എന്റെ മറുപടി. അത് നിങ്ങളെ  മുഷിപ്പിക്കുമെന്ന് തീർച്ചയാണ്.  

ഇനി ഞാനൊരു സത്യം പറയട്ടെ. അയാളെയുമല്ല അയാളുടെ കണ്ണുകളിലാണ് ഞാൻ പ്രണയ പരവശയായത്. ചലനമറ്റ ആ കണ്ണുകൾ ചത്ത മീനുകളെ ഓർമ്മിപ്പിച്ചു. അതിന്റെ ആഴങ്ങളിലേക്കിറങ്ങാൻ പലകുറി ശ്രമിച്ച് പരാജയപ്പെട്ടതാണ് ഞാൻ. ഒന്ന് കൂടി പറയട്ടെ അയാൾ ഏതോ തെരുവിൽ മരിച്ച് മഴ നനഞ്ഞ് കിടക്കുമ്പോൾ ഞാൻ കല്യാണ മണ്ഡപത്തിലായിരിക്കണം. അല്ലെങ്കിൽ ഭർത്താവിനോട് ചേർന്നിരുന്ന് വിവാഹ സദ്യ ഉണ്ണുകയാവും. തീർച്ചയില്ല. ഇനിയെന്റെ പ്രണയത്തെ പറ്റി നിങ്ങളൊന്നും ചോദിക്കില്ലെന്നെനിക്ക് ഉറപ്പുണ്ട്.  

ഒരു മണിക്കൂറോളം നീണ്ട പ്രസംഗ പരാക്രമങ്ങൾക്ക് ശേഷമാണ് അവൻ വേദിയിലെത്തിയത്. അവനൊരു കോളേജ് വിദ്യാർത്ഥിയാണെന്നാണ് സ്വയം പരിചയപ്പെടുത്തിയത്. പിന്നെ ഇടത് കൈയ്യിൽ നിവർത്തിപ്പിടിച്ച കടലാസ്സ് കെട്ടിൽ നോക്കി അവനയാളുടെ കവിതകളോരോന്നായി ചൊല്ലാൻ തുടങ്ങി.  അയാളുടെ ഈണമില്ലാത്ത കവിതകൾ മുഴുവൻ ഊർജ്ജവും നൽകി ചൊല്ലുമ്പോൾ അവന്റെ മെലിഞ്ഞ ദേഹം വിറക്കുന്നുണ്ടായിരുന്നു. പക്ഷെ, അപ്പോഴും എന്റെ ശ്രദ്ധ മുഴുവൻ ചത്ത മീനുകൾ പോലത്തെ അവന്റെ കണ്ണുകളിലായിരുന്നു.

കവിയരങ്ങിനായി സ്വന്തം കവിതകളുമായി കവികൾ വേദിയിൽ നിരന്നപ്പോൾ ഞാൻ പുറത്തേക്കിറങ്ങി; അവനും. ഒരേ മുറിയുടെ രണ്ടു വാതിലുകളിലൂടെ ഞങ്ങൾ പുറത്തെത്തി. അവനൊരു കാറ്റാടി മരത്തോട് ചാരി നിന്ന് സിഗരറ്റ് വലിക്കുന്നു. ഉണങ്ങിയ ചെമ്പൻ മുറി കടൽക്കാറ്റിൽ പാറിപ്പറക്കുന്നു. അവനെ കടന്ന് ഞാൻ നടക്കുമ്പോൾ ആ കണ്ണുകളിലേക്ക് ഞാൻ ആവർത്തിച്ച് നോക്കുന്നത് അവൻ കണ്ടിരിക്കണം. അവൻ വന്നു പരിചയപ്പെട്ടു. ഞങ്ങൾ കടലിനഭിമുഖമായിരുന്ന് സംസാരിച്ചു. ഫോൺ നമ്പർ കൈമാറി. അന്ന് തന്നെ ഞങ്ങൾ പ്രണയത്തിലായെന്ന് അവൻ പിന്നീട് അവകാശപ്പെട്ടു. ഞാൻ തർക്കിച്ചില്ല. യൗവനത്തിന്റെ പച്ചപ്പുള്ള ഹൃദയത്തിൽ പ്രണയം പെട്ടെന്ന് മുളക്കുന്നതിൽ അദ്ഭുതമില്ലല്ലോ.

അവനെനെ ഗാഢമായി പ്രണയിക്കുന്നെന്ന് ഇടക്കിടെ പറഞ്ഞു. ഞാനാകട്ടെ അവനിലൂടെ അയാളെ നിശ്ശബ്ദം പ്രണയിച്ചു. എന്നേക്കാളധികം എന്റെ ശരീരത്തിൽ അവൻ ആസക്തനാകുന്നത് എന്നെ അസ്വസ്ഥയാക്കിയിരുന്നു. എങ്കിലും ഞാനത് പ്രകടിപ്പിച്ചില്ല. കാരണം എന്തിന് വേണ്ടിയാണെങ്കിലും  അവനെ പിരിയുക എന്നത് എനിക്ക് തീർത്തും അസാധ്യമായിക്കഴിഞ്ഞിരുന്നു. എല്ലാ രാത്രികളിലും ഞാനവനെ കൊണ്ട് അയാളുടെ മാത്രം കവിതകൾ ആവർത്തിച്ച് ചൊല്ലിച്ചു. 

പലപ്പോഴായി തന്ത്രപൂർവ്വം ഒഴിവാക്കിയിട്ടും ഒരു ദിവസം ഞാൻ തനിച്ച് താമസിക്കുന്ന ഫ്ലാറ്റിൽ അവൻ വരിക തന്നെ ചെയ്തു. അവന്  എതിർവശത്തായി സോഫയിലിരുന്ന് സംസാരിക്കുന്ന എന്നെ ആർത്തിയോടെ നോക്കുന്നതല്ലാതെ അവനൊന്നും പറഞ്ഞില്ല. പിന്നെയെപ്പോഴോ അവനെണീറ്റ് എനിക്കരികിൽ വന്നിരുന്നു. അവന്റെ ഹൃദയം മിടിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു. എനിക്കെന്തോ സങ്കടം വന്നു. ഞാനവന്റെ കൈകൾ എന്റെ കൈകളിലെടുത്തു. അത് വല്ലാതെ തണുത്തിരുന്നു. പെട്ടെന്നാണ് അവനെന്നെ കെട്ടിപ്പിടിച്ചത്. എനിക്ക് എതിർക്കാൻ തോന്നിയില്ല. എന്നിൽ നിന്നും വേർപെട്ട്, വിറക്കുന്ന വിരലുകളാൽ അവനെന്റെ ഷർട്ടിന്റെ ബട്ടൻസ് അഴിച്ചു. പിന്നെ മുഖം എന്റെ മാറിലേക്കമർത്തി. ഒറ്റ നിമിഷം. ഷോക്കേറ്റ പോലെ അവൻ പിന്മാറി. പിന്നെ മുറിയിൽ നിന്നിറങ്ങിപ്പോയി. അവൻ ഓടുക തന്നെയായിരുന്നു. പിന്നീട് ചോദിച്ചപ്പോൾ അവൻ പറഞ്ഞത് എന്റെ മാറിന് അവന്റെ അമ്മയുടെ ഗന്ധമാണത്രേ. കേട്ടപ്പോഴെനിക്ക് ചിരിയും കരച്ചിലും ഒരുമിച്ച് വന്നു. അതിൽപ്പിന്നെ ഞാനവനെ ഈഡിപ്പസ്സെന്ന് വിളിച്ച് ശുണ്ഠി പിടിപ്പിച്ചു തുടങ്ങി.

പിന്നെ അവനെന്നെ തേടി വന്നില്ല. എന്തിന് എന്നിൽ നിന്നുമകലാൻ പോലും ശ്രമിച്ചു. ഞാനാകട്ടെ അതൊന്നും ഗൗനിക്കാതെ അവന്റെ കണ്ണുകളുടെ ആഴമളന്നു കൊണ്ടേയിരുന്നു.

3.
അവനൊരു പെൺകുട്ടിക്കൊപ്പം വരുന്നത് ഞാൻ ദൂരെ നിന്നേ കണ്ടതാണ്. അവരുടെ വിരലുകൾ പരസ്പരം കൊരുത്തിരുന്നു.  തീരെ മെലിഞ്ഞ ആ പെൺകുട്ടി അവന്റെ കാമുകിയാണ്. അവളുടെ വിടർന്ന കണ്ണുകളിലെ അസ്വസ്ഥത വായിച്ചപ്പോൾ അവന്റെ തോളിലമർന്ന കൈ ഞാൻ പിൻവലിച്ചു. അൽപ നേരം എന്തൊക്കെയോ സംസാരിച്ച ശേഷം അവർ യാത്ര പറഞ്ഞ് പോയി. തിരികെ നടക്കുമ്പോൾ അവളവന്റെ കൈകൾ മുറുകെ പിടിച്ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.

അവിടവിടെയായി ചിന്നിച്ചിതറി നിൽക്കുന്ന കാറ്റാടി മരങ്ങൾക്കൊക്കെ നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി  സിമൻറ് തറകെട്ടിക്കൊടുത്തിട്ടുണ്ട്‌. അതിനിടയിലൂടെയാണ് അവരിരുവരും നടന്നകന്നത്. ആവർത്തിക്കട്ടെ. പണ്ടിവിടെ നിറയെ കാറ്റാടി മരങ്ങളായിരുന്നു. അന്നായിരുന്നെങ്കിൽ അവരങ്ങനെ നടന്ന് പോകുന്നത് എനിക്ക് ഇവിടെ നിന്ന് കാണാനാകുമായിരുന്നില്ല. ആഴത്തിൽ വേരൂന്നിയെന്ന് നമ്മൾ വിശ്വസിക്കുന്ന വന്മരങ്ങളൊക്കെ എത്ര പെട്ടെന്നാണ് കടപുഴകി വീഴുന്നത്; ചില ബന്ധങ്ങൾ പോലെ.

അമ്മ വീണ്ടും വിളിക്കുന്നു.

''കുടുംബത്തിൽ ജീവനോടെയുള്ളവർ മുഴുവനുണ്ടാകണത്രേ ഗുരുതിക്ക്...
ന്നാല്ലേ ഫലംണ്ടാവുന്നാ കർമ്മി പറഞ്ഞേ.... വരില്ലേ മോളേ നീയ്യ്...."

"ഇനിയീ പടി നീ ചവിട്ടരുത്... ചത്തൂന്ന് കൂട്ടിക്കോളും ഞങ്ങള്"

അച്ഛന്റെ ദുരഭിമാനമാണ് അയാളുടെ ജീവനെടുത്തതെന്നറിഞ്ഞ നിമിഷത്തിൽ മാസങ്ങളുടെ മാത്രം ആയുസ്സുള്ള താലിയറുത്ത് വീട്ടിലേക്ക് ഓടിച്ചെന്നതാണ് ഞാൻ. ഒറ്റത്തള്ളിൽ മുറ്റത്ത് കമിഴ്ന്നടിച്ചു കിടക്കുമ്പോൾ പുറകിൽ കേട്ട വാക്കുകൾ മനസ്സിൽ നിന്ന്‌ പാടെ വടിച്ചു കളഞ്ഞു. 

''ഞാൻ കാരണം ഫലം കുറയില്ലാന്ന് അച്ഛനോട് പറയൂ."

ചുവപ്പ് കലങ്ങിയ കടൽ വെള്ളത്തിൽ ആടിയുലയുന്ന തോണികൾ ഓട്ടുരുളിയിലെ ഗുരുതി വെള്ളത്തിൽ ചിതറിക്കിടക്കുന്ന പിച്ചകപ്പൂക്കളെ ഓർമ്മിപ്പിച്ചു. കടലിനെ പുണരാനായി കര നീട്ടിയ കൈകൾ പോലെ നീണ്ടു കിടക്കുന്ന പുലിമുട്ടുകൾ. അതിലൊന്നിന്റെ അറ്റത്ത് ഞാനെത്തിയപ്പോഴേക്കും സൂര്യൻ തന്റെ പ്രണയത്തിന്റെ ആഴങ്ങളിലേക്ക് പൂർണ്ണമായും മുങ്ങിത്താണിരുന്നു.









Tuesday, 19 June 2018

റിമൈന്റർ

"പത്തൊക്കെ ഏത് കാലത്തെ ചാർജ്ജാ സാറേ...ഇങ്ങളിദേത് ലോകത്താ?"

തടിച്ച ശരീരത്തിന്റെ അൽപം മാത്രം കമ്പിയിലും ബാക്കി മുഴുവൻ ചുറ്റും തിങ്ങി നിൽക്കുന്ന സ്ത്രീകളിലുമായി ചാരി വെച്ച് നിൽക്കുന്ന കണ്ടക്ടർ പല്ലുകൾ മുഴുക്കെ കാട്ടി ഇളിച്ചു.  കീശയിൽ നിന്നും ഒരു പത്ത് രൂപ നോട്ട് കൂടിയെടുത്ത് നീട്ടുമ്പോൾ ഓർത്തു നോക്കി - എത്ര കാലമായി കാണും ബസ്സിൽ കേറിയിട്ട്? വീട്ടിൽ തന്നെ കാറുകൾ രണ്ടാണ്; പുറമെ ഓഫീസ് ക്യാബും.  നിലവിലെ ബസ് ചാർജ്ജാെക്കെ പിന്നെങ്ങനെ അറിയാനാണ്. അല്ലെങ്കിലും, ഓഹരി സൂചികയിലെ ഏറ്റക്കുറച്ചിലുകളല്ലാതെ മറ്റൊന്നിന്‍റെയും വില വ്യതിയാനങ്ങൾ കാര്യമായി  ശ്രദ്ധയിൽ പെടാറില്ല. "പെട്രോൾ വില വർധന എന്നെ ബാധിക്കില്ല; കാരണം ഞാനെപ്പോഴും നൂറ് രൂപക്കാണ് പെട്രോൾ അടിക്കാറ്" എന്ന വാട്ട്സാപ്പ് തമാശ തന്നെ ഏറെ പണിപ്പെട്ടാണ് ഞാൻ മനസിലാക്കിയെടുത്തതെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പമ്പിൽ കയറി ആയിരത്തിനോ രണ്ടായിരത്തിനോ അടിക്കാൻ പറയുന്നതല്ലാതെ എത്ര ലിറ്റർ കയറിയെന്നൊന്നും നോക്കാറില്ല എന്നതാണ് സത്യം.

സർവ്വീസ് ചെയ്ത് വൈകിട്ട് ആറിനു മുമ്പെ കാർ ഓഫീസിലെത്തിക്കാൻ കാലത്ത് പിക്ക് ചെയ്യാൻ വന്നവനോട്  പ്രത്യേകം പറഞ്ഞതാണ്. പറഞ്ഞ സമയം കഴിഞ്ഞും കാണാതായതോടെയാണ് വിളിച്ച് നോക്കിയത്. പണി തീർന്നില്ല; നാളെ തരാമെന്ന്. ചൂടായപ്പോൾ അവരുടെ വക കുറെ 'ടെക്നിക്കൽ' ന്യായീകരണങ്ങളും. എരിവും പുളിയും കൂട്ടി  മാരുതിയുടെ കസ്റ്റമർ കെയറിലേക്കയച്ച കംപ്ലയിന്‍റ് മെയിൽ പോയെന്ന് ഒന്ന് കൂടെ ഉറപ്പ് വരുത്തിയിട്ടാണ് ലാപ്പ്ടോപ്പ് ഷട്ട് ഡൗൺ ചെയ്തത്. കഷ്ടകാലം വരുമ്പോൾ ഒരുമിച്ചാവുമെന്ന് പറയാറില്ലേ. ഓൺലൈൻ ടാക്സിക്കാരുടെ മിന്നൽ പണിമുടക്ക് കാരണം ഓഫീസ് ക്യാബ് സ്ത്രീ ജീവനക്കാർക്ക്  വിട്ടു കൊടുക്കേണ്ടി വന്നു.  ഏതായാലും റോയിയുടെ കൂടെ ബസ് സ്റ്റാൻഡ് വരെ പോകാൻ തോന്നിയത് നന്നായി; ബസില്‍ സീറ്റ് കിട്ടി.

പുറപ്പെടാറായപ്പോഴേക്കും ബസിൽ കാല് കുത്താനിടയില്ലാത്ത തിരക്കായി. ഞാൻ ഇരിക്കുന്ന സീറ്റിനോട് ചേർന്നാണ് ആ സ്ത്രീ നിൽക്കുന്നത്. കൈയെത്തിച്ച് മുകളിലെ കമ്പിയിൽ പിടിക്കാൻ മാത്രം ഉയരമില്ലാത്തതിനാൽ എന്‍റെ സീറ്റിനരികിലെ കമ്പിയിൽ ചുറ്റിപ്പിടിച്ചാണ് നിൽപ്പ്. ഇടത് കൈയ്യിലെ വലിയ സഞ്ചിയിൽ ഭാരമുള്ളതെന്തോ ആവണം; ബാലൻസ് തെറ്റി ഇടക്കിടെ എന്‍റെ  മേലേക്ക് ചായുന്നുണ്ട്. യുണിഫോം കണ്ടിട്ട് ഏതോ പെട്രോൾ പമ്പിലെ ജോലിക്കാരിയാണ്. പാതിയിലേറെ നരച്ചു കഴിഞ്ഞ മുടിയിൽ വാടിക്കരിഞ്ഞ മുല്ലപ്പൂമാല ഞാന്നു കിടക്കുന്നു. വിയർപ്പിന്‍റെയും പെട്രോളിന്‍റെയും മുല്ലപ്പൂവിന്‍റെതും ചേർന്ന് രൂക്ഷമായ ഗന്ധം മൂക്കിലേക്ക് അടിച്ചു കയറുന്നുണ്ട്. 

എന്റെ മുഖത്തോടുരുമ്മി കിടക്കുന്ന അവരുടെ ഹാന്‍റ്ബാഗിൽ കിടന്ന് മൊബൈൽ കരഞ്ഞു വിളിക്കാൻ തുടങ്ങിയിട്ട് നേരം കുറച്ചായി. ഏതോ ക്രിസ്തീയ ഭക്തി ഗാനമാണ്. ദൈവങ്ങളുടേയും, പിന്നെ 'മുകളിൽ' പിടിപാടുളളവരുടെയും കെട്ടിടങ്ങൾ ഒഴിവാക്കി നിർമ്മിക്കപ്പെട്ട വളവുകളും തിരിവുകളുമേറെയുള്ള റോഡിലൂടെ ബസ്സങ്ങനെ ആടിയുലഞ്ഞ് നീങ്ങുകയാണ്.  കമ്പിയിലെ പിടി വിട്ടാൽ നിലതെറ്റി വീഴുമെന്ന് ഉറപ്പുള്ളതിനാൽ, അവർ നിസ്സഹായതയോടെ ബാഗിലേക്ക്  നോക്കി കൊണ്ടിരുന്നു. അടുത്ത സ്റ്റോപ്പിൽ ബസ് നിർത്തിയതും ഒരുവിധത്തിൽ ബാഗ് തുറന്ന് അപ്പോഴും നിലവിളിച്ചു കൊണ്ടിരുന്ന മൊബൈൽ പുറത്തെടുത്തു. അതോടെ ഉച്ഛസ്ഥായിയിലായ നിലവിളി കേട്ട സത്യ കൃസ്ത്യാനികൾ കുരിശ് വരക്കുകയും പാപികൾ നെറ്റി ചുളിക്കുകയും ചെയ്തു.

"മോനേ അമ്മച്ചി ബസിലാടാ...ഇപ്പോ വരാടാ. ഓ...ഒണ്ട്...വാങ്ങിച്ചിട്ടൊണ്ട്. നീയൊന്ന് സമാധാനപ്പെട്.... "

മുന്നറിയിപ്പില്ലാതെ ബസ് മുന്നോട്ടെടുത്തതും ബാലൻസ് തെറ്റി പുറകോട്ട് മറിഞ്ഞു കൊണ്ട് അവർ ന്യൂട്ടന്റെ ഒന്നാം നിയമം സാക്ഷ്യപ്പെടുത്തി.

"അയ്യോ... സോറി... സോറി..."

കമ്പിയിൽ പിടിച്ച് വലിഞ്ഞെണീക്കുന്നതിനിടയിൽ അവർ ആരോടെന്നില്ലാതെ ഉരുവിട്ട് കൊണ്ടിരുന്നു. തെറിച്ചു പോയ ഫോൺ രണ്ടു മൂന്നു കഷ്ണങ്ങളായി ആരോക്കെയോ എടുത്ത് കൊടുത്തു.

''ആ സാറായിരുന്നോ...ഞാന്‍ കണ്ടില്ലായിരുന്നു"

കമ്പിയില്‍ പിടിച്ച് നിലയുറപ്പിക്കുന്നതിനിടയിൽ എന്നെ നോക്കി അവർ വെളുക്കെ ചിരിച്ചു.

ചെരിഞ്ഞൊന്ന് നോക്കിയപ്പോൾ അരികിലിരിക്കുന്നയാൾ ഉറങ്ങുകയാണ്. അതോടെ അവർ എന്നോട് തന്നെയാണ്  സംസാരിക്കുന്നത് എന്നുറപ്പായി.

"സാറിനെന്നെ മനസ്സിലായില്ലേ? ഞാനാ കോളേജ് പടിക്കലെ ഇൻഡ്യൻ ഓയിൽ പമ്പിലെയാ...സാറ് സ്ഥിരം അവിടുന്നല്ലേ പെട്രോളടിക്കുന്നേ.”

സാമാന്യം ഉറക്കെയാണവരുടെ സംസാരം. ചുറ്റുമുള്ളവര്‍ ശ്രദ്ധിക്കുന്നത് കണ്ട് ഞാനൊന്നു പരുങ്ങി. മറുപടി ഒരു ചിരിയിലൊതുക്കി.

“അല്ല ഇന്ന് കാറെടുത്തില്ലേ?"

അവര്‍ വിടാന്‍ ഭാവമില്ല.

"ഇല്ല സർവ്വീസിന് കൊടുത്തതാ."

തുടര്‍ന്നുള്ള സംഭാഷണം ഒഴിവാക്കുവാനായി ഞാൻ പോക്കെറ്റില്‍ നിന്നും മൊബൈലെടുത്ത് എന്തോ പരതി തുടങ്ങി.

അവർ പറഞ്ഞത് ശരിയാണ്. ആഴ്ചയിൽ കുറഞ്ഞത് രണ്ട് തവണയെങ്കിലും ആ പമ്പിൽ കയറാറുണ്ട്. എന്നാലെന്തോ അവരുടെ മുഖം തീരെ ഓർത്തെടുക്കാനാവുന്നില്ല. ഇടക്കിടെ മാറുന്ന ഡീപികളും പ്രൊഫൈൽ പിക്കുകളുമല്ലാതെ മുഖങ്ങളൊന്നും ഇപ്പോൾ മനസ്സിൽ തങ്ങാറില്ല.

"മോനുള്ള ക്രിക്കറ്റ് കിറ്റാ സഞ്ചീല്. ഓനാ ഈ വിളിച്ചോണ്ടിരിക്കുന്നെ. ഇന്നേം നോക്കി ഇപ്പം പടിക്കല് നിക്കുന്നുണ്ടാകും ചെക്കൻ"

അടുത്ത സ്റ്റോപ്പില്‍  ബസ് നിന്നപ്പോൾ കമ്പിയില്‍ പിടിച്ചിരുന്ന കൈയ്യൊന്ന് നിവർത്തിക്കൊണ്ട് അവര്‍ പറഞ്ഞു. അന്നേരം, അവരുടെ വട്ടമുഖത്തെ വിയർപ്പുത്തുള്ളികളൊന്നാകെ വെട്ടിത്തിളങ്ങുന്നത് പോലെ താേന്നി.

"നല്ല കനൊണ്ട് സാധനത്തിന്; അത്രന്നെണ്ട് വെലേം. ആവതുണ്ടായിട്ടൊന്ന്വല്ല സാറേ. ഇതന്നെ അടുത്ത മാസത്തെ ശമ്പളത്തിന് കൊറച്ച് അഡ്വാൻസായി വാങ്ങീട്ടാ തെകഞ്ഞേ. അച്ഛൻ ഇല്ലാണ്ട വളർന്ന കുട്ടിയാ. എന്നാ ഓനും അയിന്‍റെ തരം വിട്ട് പെരുമാറീട്ടില്ല. ഇന്‍റെ ബുദ്ധിമുട്ട് കണ്ടാവണം ചെറുപ്പത്തിലെ വലുതായ പോലെയാ ചെക്കൻ. സാറിനറിയോ, ഇതാ ഓനിന്നോട് ആദ്യായിട്ട് ആവശ്യപ്പെട്ട ഒര് കാര്യം. അതന്നെ കഴിഞ്ഞാഴ്ച്ച ഓന്‍റെ  പിറന്നാളായിട്ട് ഞാനത്രേം നിർബന്ധിച്ചിട്ടാ. പിന്നെ മാഷന്മാരും ഓന്‍റെ കൂട്ടാരന്മാരൊക്കെ പറേണത് ഓൻ നല്ലോണം കളിക്കുന്നാ; ജില്ലാ ടീമിലേക്കൊക്കെ കിട്ടീണ്ടത്രേ. എന്തോ അറീല്ല....എന്നെ കൊണ്ട് ചെയ്യാമ്പറ്റ്ന്നേ ചെയ്ത് കൊട്ക്കന്നെ."

അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ബസ് വീണ്ടും നീങ്ങിത്തുടങ്ങി. കാറ്റിൽ എന്‍റെ മുഖത്തേക്ക് പാറി വീഴുന്ന  മുടിയിഴകൾക്ക് അപ്പോൾ മാത്രം വിടർന്ന മുല്ലപ്പൂവിന്‍റെ  സുഗന്ധം.

ഞാൻ ഓര്‍ക്കുകയായിരുന്നു; കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി ഒന്നാം ക്ലാസുകാരൻ മകൻ ആവശ്യപെടുന്നതാണ് ഒരു കളർ പെൻസിൽ ബോക്സ്. വരുന്ന ഞായറാഴ്ച്ച ഏതോ ഡ്രോയിങ്ങ് കോമ്പറ്റീഷനുണ്ട്. ദിവസവും രാവിലെ  കാറിൽ കയറി പുറപ്പെടും വരെ പുറകിൽ വന്ന് ഓർമ്മപ്പെടുത്തും. എന്നാലും, അവന്റെ കാത്തിരിപ്പിനാൽ തളർന്ന  കണ്ണുകൾ ഹെഡ്ലൈറ്റ് വെട്ടത്തിൽ തിളങ്ങുന്നത് കാണുമ്പോഴേ ഓർമ്മ വരികയുള്ളു. മേലധികാരികളാലും സഹപ്രവർത്തകരാലും സ്ഥിരമായി പുകഴ്ത്തപ്പെടുന്ന ഓർമ്മശക്തിയെ ഓർത്ത് എനിക്ക് ചിരി വന്നു. വാങ്ങിയില്ലെന്ന് പറഞ്ഞാലും കാറിന്‍റെ  ഡാഷ്  ബോർഡ് മുഴുവൻ തപ്പിയാലെ വിശ്വാസമാവുകയുള്ളു. നിറഞ്ഞ കണ്ണുകളോടെ കിടപ്പ് മുറിയിലേക്ക് പോകുന്ന അവനെ ആശ്വസിപ്പിക്കാൻ നിൽക്കാതെ ഞാൻ വാതിലടക്കും.

സ്ക്രോൾ ചെയ്ത് തള്ളിയ അനേകം വാട്സപ്പ് സന്ദേശങ്ങൾക്കിടയിൽ നിന്നും, ഭാര്യയുടെ ഫോണെടുത്ത് മകൻ അയച്ച റിമൈന്‍റെറുകൾ പരതിയെടുത്തു.
അടുത്ത സ്റ്റോപ്പിൽ നിർത്താനായി ബസ് സ്ലോ ചെയ്തപ്പോൾ ഞാൻ പതുക്കെ എണീറ്റു.

"സാറിന്‍റെ  സ്ഥലം ഇവിടാണോ?"

സീറ്റിലേക്ക് ഊർന്നിറങ്ങുന്നതിനിടയിൽ  അവർ ചോദിച്ചു.

"അല്ല...ഇവിടൊരാളെ കാണണം"

ടൗണിലേക്കുള്ള ബസും കാത്ത് സ്റ്റോപ്പിൽ നിൽക്കുമ്പോൾ മകന്‍റെ തിളങ്ങുന്ന കണ്ണുകളായിരുന്നു മനസ്സ് നിറയെ. മുഖത്തേക്ക് വീശിയ തണുത്ത കാറ്റിന് അപ്പോൾ മാത്രം വിടർന്ന മുല്ലപ്പൂവിന്‍റെ  സുഗന്ധമായിരുന്നു.

Tuesday, 19 December 2017

ദയ

കാഷ്യറുടെ കൈയ്യിൽ നിന്നും അന്നത്തെ കൂലിയായ അമ്പത് രൂപ വാങ്ങി, തനിക്കും ഭാര്യക്കും അന്തിക്കലേക്കുള്ള ഭക്ഷണപ്പൊതിയുമായി പുറത്തേക്കിറങ്ങുകയായിരുന്നു ആ വൃദ്ധൻ. പൊടി പാറിച്ചു കൊണ്ട് അയാൾക്കരികിൽ വന്ന് നിർത്തിയ, ഏതാണ്ട് അയാളോളം തന്നെ പൊക്കമുള്ള, കാറിന്റെ  ജനാലച്ചില്ല് താഴ്ത്തിക്കൊണ്ട് ചെറുപ്പക്കാരനായ മുതലാളി അയാളെ മാടി വിളിച്ചു

"ന്താ ഗോപാലേട്ടാ... സുഖല്ലേ?"

മെലിഞ്ഞുണങ്ങി വിറക് കൊള്ളികൾ പോലെ തോന്നിക്കുന്ന  നീണ്ട വിരലുകൾ ചേർത്ത് പിടിച്ച് കൊണ്ട് വൃദ്ധൻ പതിയെ തലയാട്ടി.

''ങ്ങള്... നാളെത്തൊട്ട് വരണ്ടാട്ടോ''

കേട്ടത് വിശ്വസിക്കാനാവാതെ വൃദ്ധന്റെ പാതിയടഞ്ഞ മിഴികൾ വികസിച്ചു. വെയിലേറ്റ് വാടിയ ശരീരം, കാറ്റേൽക്കുന്ന ഉണങ്ങിയ ഇല പോലെ, നിന്ന് വിറച്ചു.

"ങ്ങളെ പോലൊരു വയസ്സനെ കൊണ്ട് ഇമ്മാരി പണി എടുപ്പിക്കുന്നേന് എല്ലാരും പണ്ടേന്നെ കുറ്റം പറയ്ന്നതാ....ഇപ്പതാ ഏതോര്ത്തൻ ഇങ്ങളെ ഫോട്ടോട്ത്ത് ഫേസ്ബുക്കിലിട്ടത് കണ്ട് ആളോള്ന്നെ തെറി വിളിയാ... ഞാന്ത്നാ ഈനൊക്കെ നിക്ക്ന്നേ..."

വരണ്ട ചുണ്ടുകൾ അനങ്ങിത്തുടങ്ങുമ്പോഴേക്കും കറുത്ത ചില്ല് വൃദ്ധന് മുന്നിൽ ഉയർന്ന് കഴിഞ്ഞിരുന്നു. അതിൽ പ്രതിഫലിക്കുന്ന തന്റെ മുഖത്തേക്ക് നോക്കാനാവാതെ അയാൾ തല കുനിച്ചു. അയാളുടെ കാലിനരികിലായി വീണ രണ്ട് തുള്ളി കണ്ണുനീർ മണലിൽ അലിഞ്ഞു ചേരാൻ കാത്ത് നിൽക്കാതെ ആ വലിയ കാർ ചീറിപ്പാഞ്ഞു പോയി.

വൃദ്ധൻ നോക്കി നിൽക്കെ റോഡരികിൽ വന്നു നിന്ന പെട്ടി ഓട്ടോറിക്ഷയിൽ നിന്നും രണ്ട് പേർ ചേർന്ന് ഒരു പ്ലാസ്റ്റിക് പ്രതിമ ഇറക്കി നിലത്ത് കുത്തനെ നിർത്തി. പാൻറും ഷർട്ടുമിട്ട ഒരാൾ പൊക്കമുള്ള വെളുത്ത മനുഷ്യ രൂപം. തൊപ്പിക്കു താഴെ വിടർന്ന കണ്ണുകളും, നീണ്ട മൂക്കും, ചുവന്ന ചുണ്ടുകളുമുള്ള, ഭംഗിയായി ചിരിക്കുന്ന ആ  മുഖം അയാൾക്കിഷ്ടപ്പെട്ടു.

ദിവസവും കാലത്ത് തൊട്ട് വൈകിട്ട് വരെ താൻ പിടിച്ചു നിൽക്കാറുള്ള, ചുവന്ന അക്ഷരങ്ങളിൽ ''HOTEL" എന്നെഴുതിയ, വെളുത്ത ബോർഡ് പ്രതിമയുടെ കൈയ്യിൽ ആരോ തിരുകി കൊടുത്തത് കണ്ടപ്പോൾ വൃദ്ധന്റെ വരണ്ട ചുണ്ടുകളിൽ  ചിരി പടർന്നു.

മുതലാളിയുടെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റിനു താഴെ അയാളുടെ ദയാവായ്‌പിനേയും  സൽപ്രവർത്തിയേയും പ്രകീർത്തിക്കുന്ന കമന്റുകൾ വന്ന് നിറഞ്ഞു കൊണ്ടിരുന്നു.

Saturday, 2 December 2017

സെപിയ മോഡിലൊരു നഗരദൃശ്യം

എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ  നഗരത്തില്‍ ഞാന്‍ കാലു കുത്തുന്നത്. മാസത്തില്‍ ചുരുങ്ങിയത് ഒരു തവണയെങ്കിലും ഇത് വഴി കടന്ന് പോകാറുണ്ടെങ്കിലും, ജന്മസ്ഥലം എന്ന കോളത്തില്‍ സംശയമേതുമില്ലാതെ എഴുതിച്ചേർക്കുന്ന, ഈ നഗരത്തില്‍ ഒന്നിറങ്ങാന്‍ തോന്നാറില്ല. അതിന് കാരണമെന്തെന്ന് ചോദിച്ചാൽ, ബാല്യവും കൌമാരവും യൌവനത്തിന്‍റെ തുടക്കവും ചേര്‍ത്ത് ജീവിതത്തിന്‍റെ രണ്ടര  ദശാബ്ദത്തോളം ചിലവഴിച്ച ഇവിടെ എനിക്ക് വേണ്ടപ്പെട്ടവരാരും തന്നെയില്ലായെന്ന് കള്ളം പറയാം. ചരിത്രങ്ങള്‍ ഒരുപാട്  ഉറങ്ങിക്കിടക്കുന്ന ഈ മണ്ണില്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത (മറക്കാന്‍ കഷ്ടപ്പെടുന്ന) ചില ചരിത്രങ്ങള്‍  കണ്ണും മിഴിച്ച് ഉണര്‍ന്നിരിപ്പുണ്ട് എന്ന എന്‍റെ പേടിയാവണം മനപ്പൂര്‍വമുള്ള ഇത്തരം ഒഴിഞ്ഞു മാറലിനുള്ള കാരണം. എന്ത് തന്നെയായാലും കഥയില്‍ ചോദ്യത്തിന് പ്രസക്തിയില്ലല്ലോ. പക്ഷെ ഒന്നുണ്ട് - ലോകത്തിന്‍റെ ഏതു കോണില്‍ പോയാലും ഈ നഗരവുമായി ബന്ധിപ്പിക്കുന്ന എന്തോ ഒന്ന് എന്‍റെ മേല്‍ കൊരുത്ത് വെച്ചിരിക്കുന്ന പോലെ. എത്ര തന്നെ മറച്ചു പിടിക്കാന്‍ ശ്രമിച്ചാലും, ഭാഷയില്‍, പെരുമാറ്റത്തില്‍, ഈ നഗരം കടന്ന് വരുന്നു. ആദ്യമായി പരിചയപ്പെടുന്നവര്‍ പോലും "നിങ്ങള്‍  __________കാരനല്ലേ എന്ന് ചോദിക്കുന്നു". പറിച്ചു മാറ്റാനാവാത്ത ഒരാവരണമായി ഈ നഗരം അത്ര കണ്ട് സ്വാഭാവികമായി എന്നിൽ അലിഞ്ഞു ചേര്‍ന്നത്‌ പോലെ.    

സത്യത്തില്‍ ഈ വരവും മുന്‍കൂട്ടി നിശ്ചയിച്ചതല്ല. പുറപ്പെടാനുള്ള സമയം കഴിഞ്ഞിട്ടും വണ്ടി പ്ലാട്ഫോമില്‍ അനക്കമറ്റു കിടക്കുകയായിരുന്നു. മുന്നിലെ ട്രാക്കിലെവിടെയോ പാളം തെറ്റിക്കിടക്കുന്ന ഗുഡ്സ് വണ്ടി യാത്രയില്‍ മൂന്നോ നാലോ മണിക്കൂറുകളുടെ താമസം വരുത്തുമെന്ന് റെയില്‍വേ ഖേദപ്രകടനം നടത്തുന്നു. ബസിനു പോയാല്‍ സമയം നഷ്ടമാവാതെ എത്തുമെന്ന് അകത്തിരുന്ന് പ്രായോഗികന്‍ പ്രസ്താവിച്ചു. ബസ്‌ യാത്രയുടെ മുഷിപ്പും വഴിയിലുണ്ടായേക്കാവുന്ന ട്രാഫിക്ക് കുരുക്കുകളും ഉയർത്തിക്കാണിച്ച് ഞാൻ എതിര്‍പ്പുയര്‍ത്തിയെങ്കിലും ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. അങ്ങനെയാണ് ട്രെയിനിൽ നിന്നുമിറങ്ങിയത്. 

വണ്ടി നിന്നിരുന്നത് അവസാനത്തെ പ്ലാട്ഫോര്‍മിലായിരുന്നു. പുറത്ത്   നിരന്നു കിടക്കുന്ന ഓട്ടോറിക്ഷകള്‍ മഞ്ഞയും കറുപ്പും നിറത്തിലുള്ള മറ്റൊരു തീവണ്ടിയെ പോലെ തോന്നിച്ചു. മടിശീലയിൽ കനമില്ലാത്തവനെന്ന് ഒറ്റ നോട്ടത്തിൽ തിരിച്ചറിഞ്ഞിട്ടാവണം, അസമയത്തെ വില പേശൽ ഭയന്ന്, ഞങ്ങളുടെ നേരെ വരല്ലേ എന്ന് ചില്ലുകൾക്ക് പുറകിലെ കണ്ണുകള്‍ പറയുന്നത് പോലെ തോന്നി. അങ്ങനെയാണ് കഷ്ടി മൂന്നു കിലോമീറ്ററോളം അകലെയുള്ള ബസ്‌ സ്റ്റാന്റിലേക്ക്  നടക്കാമെന്ന് തീരുമാനിച്ചത്.  എന്ത് കൊണ്ടോ പ്രായോഗികൻ എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല. 

സ്റ്റേഷന്‍ കവാടത്തിലെ വിളക്കുമരത്തിനു താഴെ പമ്മി നില്‍ക്കുന്ന ഇരുട്ടില്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും അവരുണ്ട്. കടും നിറമുള്ള ചേല ചുറ്റി, ചായം തേച്ച ചുണ്ടുകളുമായി, അന്നത്തെ വേട്ടക്കാരനായി കാത്തു നില്‍ക്കുന്ന ഇരകള്‍. തൊട്ടാല്‍ ചിരിക്കുന്ന കുപ്പിവളകളണിഞ്ഞിരുന്ന കൈകളില്‍   മൊബൈലുകൾ കിലുങ്ങുന്നു.   തൊഴിലിടങ്ങളില്‍ നിന്നും മടങ്ങുന്ന വീട്ടമ്മമാര്‍, ക്ഷീണിതമെങ്കിലും ശാന്തമായ മുഖങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്, അവര്‍ക്ക് മുന്നിലൂടെ വേഗത്തില്‍ നടന്നു പോകുന്നു. അവര്‍ക്ക് പുറകിലായി ഞാനും  റോഡിലേക്കിറങ്ങി. ഒരു തിരിവു കഴിഞ്ഞാല്‍ റോഡ്‌ നേരെ ചെന്ന് നില്‍ക്കുന്നത് അങ്ങാടിയുടെ മുന്നിലാണ്. രാജ്യത്തിനു വെളിയില്‍ പോലും ഏറെ പേര് കേട്ടിട്ടുള്ള അങ്ങാടിയാണത്. നഗരത്തെ കീറിമുറിച്ച് കൊണ്ട് പുതിയതായി എളുപ്പ വഴികളേറെ വന്നിട്ടുണ്ടാകാമെങ്കിലും അങ്ങാടിക്കുള്ളിലൂടെ നടക്കാനാണ് ഇഷ്ടപ്പെട്ടത്. പൊട്ടിത്തകര്‍ന്ന സ്ലാബുകൾ നിരന്നിരുന്ന നടപ്പാത കറുപ്പും വെള്ളയും  കട്ടകള്‍ പാകി ഭംഗിയാക്കിയിരിക്കുന്നു. കൃത്യമായ ഇടവേളകളില്‍  വിളക്കു കാലുകളും ഇരിക്കാനായി ഇരുമ്പ്  ബെഞ്ചുകളും. മുഴുവൻ വിളക്കുകളും കത്തുന്നില്ലെങ്കിലും അത്യാവശ്യത്തിന് പ്രകാശം അവിടെയുണ്ട്.  ബെഞ്ചുകളില്‍ അത് സംഭാവന ചെയ്ത പ്രമുഖന്‍റെ പേര് വലിയ അക്ഷരങ്ങളില്‍ എഴുതിയത് ആ അരണ്ട വെട്ടത്തിലും വെട്ടിത്തിളങ്ങുന്നു. കോടികള്‍ മുടക്കി നഗര സൗന്ദര്യവല്‍ക്കരണം നടത്തിയ മേയര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു കൊണ്ടുള്ള വലിയ ഫ്ലക്സ് ബോര്‍ഡ് വഴിയിൽ കണ്ടു. അടുത്ത മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അദ്ദേഹത്തിന്റെ ചിരിക്കുന്ന പടമുള്ള പോസ്റ്ററുകളും പലയിടത്തായി പതിച്ചിട്ടുണ്ട്.

റെയിൽവേ മേല്‍പ്പാലത്തിലാണ് റോഡ്‌ തിരിയുന്നത്. താഴെ പാളങ്ങളില്‍ ചത്തു കിടക്കുന്ന ഇരുട്ടിലേക്കും നോക്കി കൊണ്ട് കൈവരിയില്‍ പിടിച്ചു നിന്നു. ഒഴിഞ്ഞ പാളങ്ങളിലൂടെ ഓർമ്മകൾ എന്നെയും വലിച്ചു  പരക്കം പാഞ്ഞു തുടങ്ങിയപ്പോള്‍ ഒരു മൂളിപ്പാട്ട് ചുണ്ടിൽ കിടന്ന്  ഞെരിപിരി കൊണ്ടു. കൈകൊട്ടി വിളിച്ചത് കേട്ട്, അല്‍പം നീരസത്തോടെയാണെങ്കിലും, എന്നെ കടന്ന് പോയ കടല വില്‍പ്പനക്കാരൻ മടങ്ങി വന്നു. പരമാവധി കോലനാക്കിയ കടലാസ്സു പൊതിയില്‍ അയാള്‍ കടലമണികള്‍ നിറച്ചു. അത് പത്തു രൂപയ്ക്കു  മാത്രമൊന്നുമില്ലെന്ന് പ്രായോഗികന്‍ ഉള്ളിലിരുന്ന് കണക്കുകള്‍ നിരത്തിയപ്പോൾ ഞാന്‍ അയാളോട് വഴക്കിട്ടു. ഇത്തരം ചീളുകളാലൊന്നും അങ്ങനെ പറ്റിക്കപ്പെടാന്‍ പാടില്ലല്ലോ.  ശീലമായതിനാലാവണം, അയാൾ വേഗം തോൽവി സമ്മതിച്ചു. പൊതിയില്‍ കൊള്ളാത്തതിനാല്‍  അധികം വന്ന കടലമണികള്‍ കൈയ്യിലിട്ടു തന്നു. പിന്നെ, എന്തൊക്കെയോ പിറുപിറുത്ത് കൊണ്ട് ഇരുട്ടിലേക്ക് നടന്നു മറഞ്ഞു.

അധികമായി കിട്ടിയ കടലമണികള്‍ താഴെ പോകാതിരിക്കാനായി മുറുക്കെ ചുരുട്ടിപ്പിടിച്ച കൈ കൊണ്ട് തന്നെയാണ് തടിച്ച പേഴ്സ് ജീന്‍സിന്‍റെ പിന്‍കീശയിലേക്ക് തള്ളിക്കയറ്റാൻ ശ്രമിച്ചത്. അപ്പോഴാണത് സംഭവിച്ചത്. കാറ്റിന്റെ വേഗതയിൽ, എങ്ങു നിന്നോ പറന്ന് വന്ന ഒരുത്തൻ ആ പേഴ്സും തട്ടിപ്പറിച്ച് ഓടുന്നു. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ അൽപ നേരമെടുത്തു. കടലമണികള്‍ നടപ്പാതയില്‍ വീണുരുണ്ടു ചിരിച്ചു. അധികം ദൂരമായില്ല, പതിച്ചു കഴിഞ്ഞ്  ബാക്കി വന്ന കട്ടകള്‍ കൂട്ടിയിട്ടതില്‍ തട്ടിയാവണം, അവന്‍ കമിഴ്ന്നടിച്ച് വീണു. അപ്പോഴും, എന്‍റെ പഴ്സ് അവന്‍റെ  പക്കലാണ് എന്നത് പോലുമോര്‍ക്കാതെ  വെറുമൊരു കാഴ്ചക്കാരനായി നില്‍ക്കുകയാണെന്ന തിരിച്ചറിവില്‍ ഞാന്‍ അവനു നേരെ ഓടി. 

അവൻ നിലത്തു നിന്നും എഴുന്നേറ്റിട്ടില്ല. കാല്‍ മുട്ടുകള്‍ കുത്തി മുഖം കൈകളില്‍ പൂഴ്ത്തിയാണ് ഇരിക്കുന്നത്. അടുത്തെത്തിയപ്പോള്‍ വേഗത്തിൽ  ഉയര്‍ന്നു താഴുന്ന അവന്‍റെ പുറം ഭാഗം ശ്രദ്ധിച്ചു. അവൻ കരയുകയാണ്. അല്പനേരമങ്ങനെ നോക്കി നിന്ന ശേഷമാണ് അവന്റെ തോളില്‍ പതുക്കെ കൈ അമര്‍ത്തിയത്. ഉള്ളിലിരുന്ന് പ്രായോഗികന്‍ വിളിച്ചു പറയുന്നതൊന്നും ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല. അവന്റെ മുഖത്തിന് നേരെ കുനിഞ്ഞപ്പോള്‍  പ്രാവിന്‍റെ കുറുകല്‍ പോലെയുള്ള തേങ്ങല്‍ വ്യക്തമായി കേട്ടു. ഞാനവനെ പതുക്കെ പിടിച്ചെഴുന്നെല്പിക്കാന്‍ ശ്രമിച്ചു.

അവന്‍ തീരെ ചെറിയകുട്ടിയായിരുന്നില്ല. എന്നാല്‍ പത്തു വയസിനു മുകളില്‍ പ്രായം അവനില്ലെന്ന് തീര്‍ച്ചയാണ്.  ഞാനവനെ താങ്ങി ബെഞ്ചിലിരിക്കാന്‍ സഹായിച്ചു. ചായ നിറച്ച ഫ്ലാസ്കുകളുമായി ഒരാൾ സൈക്കിളുന്തി അത് വഴി വന്നു. അപ്പോഴും എങ്ങലടിച്ച് കരയുന്ന അവന് ഞാനൊരു ചായ വാങ്ങിച്ചു കൊടുത്തു. ചായ കുടിക്കുന്നതിനിടയിലും ഇടയ്ക്കിടെ വിതുമ്പി പോകുമ്പോൾ അവന്റെ വായില്‍ നിന്നും ചായയും തുപ്പലും കലർന്നൊഴുകുന്നത് കണ്ട്  ഓക്കാനം വന്നു. തികട്ടി വന്നത് പുറകിലെ ഇരുട്ടിലേക്ക് നീട്ടിത്തുപ്പിക്കൊണ്ട് ഞാനവനു നേരെ തിരിഞ്ഞു.

"ഇനിക്ക്...ഇനിക്കെന്‍റെ എച്ചീനെ കാണണം"

എനിക്കെന്തെങ്കിലും ചോദിക്കാന്‍ സാവകാശം തരാതെ അവന്‍ എങ്ങലടിച്ച് തുടങ്ങി.

"എവിടെയാ നിന്‍റെ ഏച്ചി...?"  

"അവര് പിട്ച്ചോണ്ട് പോയതാ.ഇനിക്കെന്‍റെ എച്ചീന്‍റടുത്ത് പോണേ..."

അവന്റെ കരച്ചിൽ ഉറക്കെയായി.

അൽപം ദൂരെ മാറി ആ സൈക്കിളുകാരന്‍   ഞങ്ങളെ തന്നെ നോക്കിക്കൊണ്ട്‌ നില്‍ക്കുകയാണ്. എന്‍റെ നോട്ടം കണ്ടിട്ടാവണം അയാള്‍ സൈക്കിളുമുന്തി നടന്നു പോയി. 
  
"ആരാ അവര്...? എന്താണ്ടേയെന്നു പറ നീയ്...ഞാന്‍  കൊണ്ടോവാം നിന്നെ ഏച്ചീന്‍റടുക്കെ..."

അവന്‍റെ തോളില്‍ വെച്ച കൈ അമര്‍ത്തി കൊണ്ട്  ഞാനങ്ങനെ പറഞ്ഞത് എന്തിന്‍റെ ബലത്തിലാണെന്നറിയില്ല. ഒരു വേള, വര്‍ഷങ്ങള്‍ക്കു മുന്‍പ്  ഈ നഗരത്തില്‍ ഉപേക്ഷിച്ചു പോയ കുപ്പായം വീണ്ടുമെടുത്ത്  അണിയാന്‍ പോവുകയാണോ എന്ന് പോലും പ്രായോഗികന്‍ ചോദിച്ചു. എനിക്കതിന്  ഉത്തരമില്ലായിരുന്നു. പക്ഷെ ഒന്നുറപ്പാണ്. കലർപ്പില്ലാത്ത ആത്മാര്‍ത്ഥതയോടെയാണ്  ഞാനങ്ങനെ പറഞ്ഞത്. അത് മനസിലായിട്ടാവണം അവന്‍റെ  കരച്ചിലൊന്നൊതുങ്ങി; പിന്നെ പതുക്കെ പറഞ്ഞു തുടങ്ങി:

എന്നുമെന്ന പോലെ ആ വൈകുന്നേരവും അങ്ങാടിയിലൂടെ കൈകള്‍ കോര്‍ത്തു നടക്കുകയായിരുന്നു അവര്‍. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ബേക്കറിക്ക് മുന്നിലെത്തിയപ്പോള്‍ അന്നും സ്വിച്ചിട്ട പോലെ അവന്‍ നിന്നു. അവന്‍റെ കണ്ണുകള്‍ ചില്ലുകൂട്ടിലെ ആ ചുവന്ന പലഹാരത്തില്‍ തന്നെയാണ്. എന്നാല്‍, എന്നും ചെയ്യാറുള്ള  പോലെ ചേച്ചി അവനെ പിടിച്ചു വലിച്ചില്ല. പകരം അവളുടെ പാവാടച്ചരടിന്‍റെ  അറ്റത്ത് തൂക്കിയിട്ടിരുന്ന തുണിസഞ്ചിയുടെ വായ പിളര്‍ത്തി ഉള്ളിലെ ചില്ലറത്തുട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തി. പിന്നെ അവനോട് ഒരു കള്ളച്ചിരി ചിരിച്ച് അവിടെ    
തന്നെ നില്‍ക്കാന്‍ പറഞ്ഞു കൊണ്ട് അവള്‍ കടയിലേക്ക് കയറിപ്പോയി. അല്പം കഴിഞ്ഞു കാണും; കുനിഞ്ഞ ശിരസ്സോടെയാണ് അവള്‍ തിരിച്ചു വന്നത്.

"അമ്പത് റൂപയില്‍  കമ്മി തരൂല പോലും...ത്ഫൂ..." 

അവള്‍ ആരുടെയൊക്കെയോ മുഖത്തേക്ക് നീട്ടിത്തുപ്പി. അവളുടെ  ശൂന്യമായ കൈകളിലേക്ക് നോക്കി പകച്ചു നിന്ന അവനെയും വലിച്ചു കൊണ്ട് അവള്‍ വേഗത്തില്‍ നടന്നു.

അങ്ങാടിയുടെ ഉള്‍വഴികളിലൂടെ അവരൊരുപാട് നടന്നു കാണണം. വഴിയത്രയും അവന്‍ എങ്ങലടിക്കുകയായിരുന്നു. അവരിപ്പോള്‍  ഒരു മൈതാനിയിലെ കലുങ്കില്‍ ഇരിക്കുകയാണ്. തന്‍റെ മടിയില്‍ മുഖമര്‍ത്തി തേങ്ങുന്ന അനിയന്‍റെ  തലമുടിയിലൂടെ അവള്‍ വിരലോടിക്കുകയാണ്. അല്‍പനേരം കഴിഞ്ഞ് കാണും; എന്തോ ചിന്തിച്ചുറപ്പിച്ചത്  പോലെ അവനെ നേരെയിരുത്തി അവള്‍ എണീറ്റു.

"ഇവിടെ ഇരി തമ്പീ...ഏച്ചി ശീഗ്രം പോയി കൊണ്ട് വരേ..."

അവനെ നോക്കി കണ്ണിറുക്കി അവള്‍ ഇരുട്ടിലേക്ക് ഓടിപ്പോയി. ഇടത് കൈ കൊണ്ട് നനവ് തുടച്ച കണ്ണുകളില്‍ പ്രതീക്ഷയുടെ നാളം തെളിച്ചു കൊണ്ട്  അവനാ ഇരുട്ടിലേക്ക് നോക്കിയിരുന്നു. നേരം അധികമായില്ല. നെഞ്ചോടടുക്കി പിടിച്ചിരുന്ന പലഹാരം അവന് നീട്ടിക്കൊണ്ട് അവള്‍ നിന്നു കിതച്ചു. ആര്‍ത്തിയോടെ അവനത് വാങ്ങി തിന്നു തുടങ്ങി. അവന്റെ പല്ലുകൾ രണ്ടാമതും പലഹാരത്തിൽ അമർന്നതും പുറകില്‍ നിന്നുള്ള ശക്തമായ തള്ളലില്‍ അവള്‍ മണ്ണിലേക്ക്‌ കമിഴ്ന്നടിച്ചു വീണു; ഒപ്പം അവന്റെ കൈയ്യിൽ ബാക്കിയായ പലഹാരക്കഷ്ണവും.

"നായിന്മോളെ...ഓടിയാ പിടിക്കില്ലെന്ന് കര്‍ത്യോ"

ഹിന്ദി കലര്‍ന്ന മലയാളം പറയുന്ന രണ്ടു പേർ അവളെയും വലിച്ചു കൊണ്ട് ഒരു കെട്ടിടത്തിലേക്ക് പോകുന്നു. പുറകെ പോയി കാലില്‍ വലിക്കുന്ന അവനെ അവര്‍ ചവിട്ടിത്തെറിപ്പിച്ചു.

"പോടാ..പോയി നൂറു റൂപാ കൊണ്ട് വാ...എന്നാ കൊണ്ടോവാം ഇവളെ...പോ"

വീണിടത്ത് അൽപ നേരമങ്ങനെ കിടന്ന ശേഷം അവനെണീറ്റ് പുറകിലെ ഇരുട്ടിലേക്കോടി മറഞ്ഞു.

"സാറ് ഇനിക്കൊരു നൂറുറുപ്പ്യ തര്വോ?"

കഥ കേട്ടിരിക്കുന്ന എന്‍റെ കണ്ണിലേക്കു നോക്കിയാണ് അവന്‍റെ ചോദ്യം.

"നീ വാ...."

ഞാനവനെയും കൊണ്ടാണോ അതോ അവനെന്നെയും വലിച്ചാണോ ഓടിയതെന്നറിയില്ല; ഞങ്ങളിപ്പോള്‍ ആ മൈതാനിയിലാണ്. ഓടു മേഞ്ഞ ഒരേ പോലെയുള്ള ഇരുനില കെട്ടിടങ്ങളുടെ ഒരു നിരയാണ് മൈതാനിക്ക് അതിരിടുന്നത്. അതിന് ഒത്ത നടുക്കായി ഉയർന്ന് നിൽക്കുന്ന അതി പുരാതനമായ വിളക്ക് മരം. അതിൽ നിന്നും പെയ്യുന്ന മഞ്ഞ വെട്ടത്തില്‍ ആകെ കുളിച്ച് നിൽക്കുന്ന ആ നഗര ദൃശ്യം സെപിയ മോഡിലെടുത്ത ഒരു ചിത്രത്തെ ഓര്‍മ്മപ്പെടുത്തി. 

"അങ്ങോട്ടാ...എച്ചീനെ ഓര് കൊണ്ടോയെ..."

നിരയിലെ ഒരു കെട്ടിടത്തെ ചൂണ്ടിയാണ് അവന്‍ പറയുന്നത്. 

മരക്കോവണി ഞരങ്ങുന്ന ശബ്ദം കേട്ടാണ് ഞാന്‍ കുനിഞ്ഞു നോക്കിയത്. പടികളിറങ്ങി വരുന്ന പെണ്‍കുട്ടി. ഏറെ പരിചിതമായി തോന്നിയ ആ മെലിഞ്ഞു നീണ്ട മുഖം ഓര്‍ത്തെടുക്കാൻ ശ്രമിക്കുമ്പോള്‍ അടുത്ത് നിന്നും കുരുന്നു ചുണ്ടുകള്‍ "ഏച്ചി" എന്ന്   മന്ത്രിക്കുന്നത് എനിക്ക് കേള്‍ക്കാം.

ചോരയിറ്റുന്ന ചുണ്ടിന്‍റെ കോണില്‍ പുഞ്ചിരിയുമായി അവളിറങ്ങി വന്നു.  തിളങ്ങുന്ന കണ്ണുകളില്‍ ഒരു കുട്ടിക്ക് ചേരാത്ത ഗൗരവം നിറഞ്ഞിരുന്നു. അടുത്ത് നില്‍ക്കുന്ന എന്നെയൊന്നു നോക്കുക പോലും ചെയ്യാതെ അവള്‍  ചെന്ന് അവന്‍റെ മുടിയിലൂടെ വിരലോടിക്കാന്‍ തുടങ്ങി. പെട്ടെന്നെന്തോ ഓര്‍ത്ത പോലെ കയ്യില്‍ ചുരുട്ടിപ്പിടിച്ച നോട്ടെടുത്ത് കുടുക്ക് പൊട്ടിക്കിടക്കുന്ന മേലുടുപ്പിനുള്ളില്‍ തിരുകി. പിന്നെ പാവാടച്ചരടിലെ സഞ്ചി തുറന്ന് ആ പലഹാരമെടുത്ത് അവള്‍ അവനു നീട്ടി. വിദേശികള്‍ ആ പലഹാരത്തിന് നല്‍കിയ പേര് "മധുരമൂറുന്ന മാംസം" എന്നാണെന്ന് അവനോട് ഞാന്‍ പറഞ്ഞിരുന്നില്ല. അല്ലെങ്കിലും എല്ലാമൊന്നും അറിയേണ്ട പ്രായം അവനായിട്ടില്ലല്ലോ. ആ പലഹാരം  രണ്ടു കൈയ്യും നീട്ടി അവന്‍ വാങ്ങിച്ചു. പിന്നെ ഇരുവരും കൈകള്‍ കോര്‍ത്ത്  നടന്നു തുടങ്ങി. 'പ്രകാശം പരത്തുന്ന പെണ്‍കുട്ടിക്ക്' ഞാന്‍ സങ്കല്‍പ്പിച്ചു നല്‍കിയ മുഖമാണ് അവളുടേതെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും അവരാ ഇരുട്ടില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു.

നീണ്ട ഹോണ്‍ കേട്ടാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്. അപ്പോഴേക്കും   കിതച്ചു കൊണ്ട്  വണ്ടി ഇളകിത്തുടങ്ങിയിരുന്നു.