Sunday, 16 February 2020

ന്യൂ ജനറേഷന്‍

ഗ്രാമത്തിനും, ഗ്രാമം  ലക്ഷ്യമാക്കി അതിവേഗം വളരുന്ന നഗരത്തിനും ഇടയിലാണ് ദാമുവിന്‍റെ തൊഴിലിടമായ ഷോപ്പിംഗ്‌ മാൾ. വര്‍ഷാവര്‍ഷമുള്ള കൃഷിനാശവും വിളകളുടെ വിലയിടിവും കാരണം  കൃഷിയുപേക്ഷിച്ച്  മറ്റു ജോലികള്‍ തേടി നഗരത്തിലേക്ക് ചേക്കേറിയ അനേകം ഗ്രാമീണരിലൊരാളാണ് ദാമു.


"ഇങ്ങടെ മാളിന്‍റെ  പരസ്യം വന്ന പേപ്പറും പൊക്കിപ്പിടിച്ച്, ഇന്റെ അഛന്‍റെ ആപ്പീസ് കണ്ടോന്നും പറഞ്ഞ്,  നാടൊട്ടുക്കും ഓട്ടായിരുന്നു ചെക്കന്‍....ഇങ്ങക്ക് ഒരീസം ഓനെ ആടെയൊന്ന് കൊണ്ടോയിക്കൂടെ? നല്ല പൂതിണ്ട് ചെക്കന്."


ഉച്ചക്കലേക്കുള്ള ഭക്ഷണപ്പൊതി അയാളുടെ ബാഗിൽ തിരുകി കൊണ്ട് ഭാര്യ പറഞ്ഞു.


ഗ്രാമത്തിന്റെ അതിര് വിട്ട് ഏറെയാെന്നും പോയിട്ടില്ലാത്ത മകനും, അതിലുപരി  ഭാര്യക്കും, തന്‍റെ ജോലിസ്ഥലം കാണാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് അയാള്‍ക്കറിയാം. കൊണ്ട് പോകാൻ പലവട്ടം തുനിഞ്ഞതുമാണ്. പക്ഷെ, എന്തോ ഒന്ന് അയാളെ പിന്നോക്കം വലിച്ചു കൊണ്ടിരുന്നു.


"ദാമ്വോ...നിന്‍റെ ചെക്കനല്ലേ അത്."


മൂന്നാം നിലയിലെ തറ തുടക്കുമ്പോൾ,  നാണ്വേട്ടന്‍റെ ചോദ്യം കേട്ടാണ് അയാൾ താഴേക്കു നോക്കിയത്.


സ്കൂള്‍ യൂണിഫോമിലുള്ള മകനും മറ്റൊരു പയ്യനും  കൂടെ  രണ്ടാം നിലയിലെ ഗള്‍ഫ്‌ ബസാറിലേക്ക് കയറി പോയി.


"ഓൻ വരണത് നെന്നോട് പറഞ്ഞില്ലായിനോ??"


മുഖത്തെ ഭാവമാറ്റം ശ്രദ്ധിച്ചിട്ടാണ്‌  നാണ്വേട്ടന്‍ ചോദിച്ചത്.


"ഇപ്പഴ്ത്തെ പിള്ളേര്‍ടെയൊക്കെ  ഒരു ധൈര്യമേ... പഠിക്കാൻ വിട്ടാ ക്ലാസ്സീ കേറാണ്ടെ തോന്ന്യേടം നെരങ്ങി നടക്കാ. നമ്മക്കൊന്നും കോളേജി പഠിക്കണ കാലത്തില്ല ഇത്രക്ക് ധൈര്യം. അച്ഛന്‍റെ വടിയുടെ ചൂടോര്‍ക്കുമ്പോ ഇപ്പഴും മുട്ടിടിക്കും..."  


നാണ്വേട്ടന്‍ കോളേജിലെന്നല്ല സ്കൂളില്‍ പോലും നേരാംവണ്ണം പോയിട്ടില്ലെന്ന് അറിയാമെങ്കിലും അയാളുടെ വാക്കുകൾ ദാമുവിന്റെയുള്ളിലെ തീ ആളിക്കത്തിച്ചു.


"നീയിപ്പോ അങ്ങട്ട് ചെന്ന് അലമ്പാക്കണ്ട. വീട്ടീ പോയി സമാധാനായിട്ടു ചോദിച്ചാ മതി. വേണേല്‍ രണ്ടെണ്ണം പൊട്ടിച്ചോ. ഇനി ഇമ്മാരി ചെയ്ത്ത് ചെയ്യാന്‍ തോന്നുമ്പോ ഓര്‍മ്മ വരണം. തല്ലി പോറ്റാത്തേന്‍റെ  കേടാ"


കയ്യിലെ കോലും നിലത്തിട്ടു താഴേക്ക്‌ കുതിക്കാനൊരുങ്ങിയ ദാമുവിനെ തടഞ്ഞു കൊണ്ട് നാണ്വേട്ടന്‍ പറഞ്ഞു.


"അല്ലേലും ഇപ്പഴ്ത്തെ  ഒരെണ്ണത്തിനും കുരുത്തം എന്നൊന്നില്ലടോ. എന്‍റെ എളയോനില്ലേ...ആ പോളീല് പടിക്കുന്നോന്‍. ഓൻ പഠിപ്പിന്‍റെടക്ക്   കറണ്ടിന്‍റെ പണിക്കൊക്കെ പോയി കൊറേ ഉണ്ടാക്കുന്നുണ്ട്. അക്കാശിനാ, പെട്ടി പോലെ കൊണ്ട് നടക്കണ കമ്പ്യൂട്ടറില്ലേ;  കഴിഞ്ഞാഴ്ച്ച അങ്ങനൊന്ന് വാങ്ങിച്ചെ.  പത്തുമുപ്പതിനായിരെങ്കില്വായിക്കാണും. ചോദിച്ചപ്പോ പറയാ അതില്ലാണ്ടെ പഠിക്കാനാവൂലാത്രേ. പിന്നേ....ഈ കുന്ത്രാണ്ടൊക്കെ ഇണ്ടായിട്ടാ നമ്മളിവടെ വരെത്ത്യേ? അത് പോട്ടെ....ഞാന്‍ മരുന്ന്  മേടിക്കാന്‍ ഇന്നലെ ഒരഞ്ഞൂറു  ചോയ്ച്ചപ്പോ ഓന്‍റെ കയ്യിലില്ല പോലും. കുരുത്തം കെട്ടോന്‍...."


ബിവറേജസില്‍ നിന്നും "മരുന്ന്" വാങ്ങാന്‍ കാശ് കൊടുക്കാതിരുന്ന മകനോടുള്ള നാണ്വേട്ടന്‍റെ  കലിയടങ്ങിയിരുന്നില്ല .


അന്ന് കാലത്ത്, സ്കൂളിലെ സയന്‍സ്  എക്സിബിഷനാണെന്നും പറഞ്ഞ് മുന്നൂറു  രൂപയും  വാങ്ങി പോയതാണ് മകൻ. പ്രതീക്ഷയത്രയും അവനിലായിരുന്നു. സാമ്പത്തികമായി  ഞെരുങ്ങുമ്പോഴും അവനെ അതൊന്നും അറിയിക്കാതെ വളര്‍ത്താനാണ് ശ്രമിച്ചത്. എന്നിട്ടും അവന്‍ തന്നോട് കളവ് കാണിച്ചു എന്നത് അയാള്‍ക്ക്‌ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഉള്ളില്‍ തിളച്ചു മറിയുന്ന  ദേഷ്യവും സങ്കടവും കൈകളിലേക്കാവാഹിച്ച് അയാള്‍ തറ അമര്‍ത്തിത്തുടച്ചു.


"ആള്‍ക്കാര്‍ടെ കാലിനെടെലാണോടാ നെന്‍റെയൊക്കെ വൃത്തിയാക്കല്..."


ഒറ്റത്തള്ളില്‍ അയാള്‍ തറയിലേക്ക് വീണു പോയി. വര്‍ണ്ണക്കടലാസ്സില്‍ പൊതിഞ്ഞ ചെറിയൊരു പെട്ടിയുമായി ഇറങ്ങി പോകുന്ന മകനെ ആ കിടപ്പിലാണ്  അയാൾ കണ്ടത്.


നന്നായി മദ്യപിച്ച്, രാത്രി ഏറെ വൈകിയാണ്  അയാൾ വീട്ടിലെത്തിയത്.


"എവടായിരുന്നു മനുഷ്യാ? വൈകുമ്പോ ഒന്ന് വിളിച്ചു പറഞ്ഞൂടെ? അങ്ങട്ട് വിളിച്ചാലാണേ എടുക്കൂലാ."


വാതില്‍ക്കല്‍ തടസ്സം നിന്ന ഭാര്യയെ തള്ളി മാറ്റിക്കൊണ്ട് അയാള്‍ അകത്തേക്ക് കയറി.


"അവനിത്രേം നേരം നിങ്ങളേം നോക്കിയിരിപ്പായിരുന്നു. ഇപ്പൊ അങ്ങ് പോയി കെടന്നേയുള്ള്..."


മകന്‍റെ മുറി ലക്ഷ്യമാക്കി ആഞ്ഞു നടക്കുമ്പോൾ പുറകില്‍ നിന്നും ഭാര്യ വിളിച്ചു പറഞ്ഞു. 


മുറിക്കകത്ത് കയറി അയാൾ വാതില്‍ കുറ്റിയിട്ടു. മകൻ കട്ടിലില്‍ കമിഴ്ന്നു കിടക്കുന്നു. കയ്യില്‍ കരുതിയ വടിയെടുത്ത് അവനെ തലങ്ങും വിലങ്ങുമടിക്കാന്‍ തുടങ്ങി. ഞെട്ടിയുണർന്ന മകന്‍ വാവിട്ടു കരഞ്ഞു. ഭാര്യയാകട്ടെ എന്താണ് സംഭവിച്ചതെന്നറിയാതെ വാതിലിൽ ഇടിച്ചിടിച്ചു നിലവിളിച്ചു തളർന്നു. ഒടുക്കം, രണ്ടായി മുറിഞ്ഞ വടി നിലത്തെറിഞ്ഞ് വാതില്‍ക്കലേക്ക് നടക്കുമ്പോഴാണ്  അയാൾ അത് കണ്ടത് - 


മകന്റെ പഠനമേശക്ക് മുകളിൽ, വര്‍ണ്ണക്കടലാസ്സില്‍ പൊതിഞ്ഞ ആ ചെറിയ പെട്ടി. അതിന് മുകളില്‍ ഒട്ടിച്ചു വെച്ച ചെറിയ കടലാസിലെ  കൈയ്യക്ഷരം അയാള്‍ തിരിച്ചറിഞ്ഞു -


"ഹാപ്പി ബര്‍ത്ത്ഡേ അച്ഛാ ..."


Saturday, 15 February 2020

സമയ നിഷ്ഠ

ഓഫീസിലെ ക്ലോക്കില്‍ നാലേ മുക്കാലായാല്‍ പിള്ള സാറിന്‍റെ മൊബൈലില്‍ അഞ്ചു മണിയുടെ അലാറം ഉറക്കെയടിക്കും. അതൊരറിയിപ്പാണ്; താന്‍ പോകാറായെന്നും, ആയതിനാല്‍  എന്തെങ്കിലും കടലാസ്സുമായി ഇനിയാരും  തന്‍റെ അടുക്കലേക്ക് വരേണ്ടതിലെന്നും സഹപ്രവര്‍ത്തകര്‍ക്കുള്ള മുന്നറിയിപ്പ്.

അന്നും പതിവ് പോലെ അഞ്ചു മണിയുടെ അലാറം കേട്ട് ബാഗ്‌ ഒരുക്കി വെച്ച് ടോയ്ലെറ്റില്‍ പോയി തിരിച്ചു വരുമ്പോൾ  സാറ് കാണുന്നത് തന്‍റെ മേശയില്‍ കൈകളൂന്നി ചാഞ്ഞു നില്‍ക്കുന്ന ഒരു വൃദ്ധയേയാണ്. അയാളെ കണ്ടതും മേശയിലൂന്നിയ കൈകള്‍ ചേർത്ത് കൂപ്പി പരമാവധി വളഞ്ഞു നില്‍ക്കുന്ന അവരെ ശ്രദ്ധിക്കാതെ സാറ് കസേരയില്‍ ചെന്നിരുന്നു.

"സാറേ...."

പതിഞ്ഞ സ്വരത്തില്‍ അവര്‍ നീട്ടി വിളിച്ചു.

"ഊം...എന്താ കാര്യം? "

മൊബൈല്‍ സ്ക്രീനിൽ പറ്റിച്ചു വെച്ച കണ്ണുകള്‍ പറിച്ചെടുക്കാതെ അയാള്‍ ചോദിച്ചു.

"സാറേ...ഇന്‍റെ പേര് കല്യാണീന്നാ. കഴിഞ്ഞാഴ്ച്ച  ഇബടെ വിധവാ പെന്‍ഷന്‍റെ ഒരപേക്ഷ വെച്ചിര്‍ന്നു. മരണ സര്‍ട്ടീറ്റിലെ കെട്ട്യോന്‍റെ പേരിന്റെ പെശക് തിരുത്തി കൊണ്ടൊരാനാ  സാറന്ന് പറഞ്ഞേ.  അതിപ്പോ തിരുത്തി കിട്ടീണ്ട്."

കായസഞ്ചിയില്‍ നിന്നും വലിച്ചെടുത്ത ഒരു കടലാസ്സും നീട്ടി അവര്‍ അയാളുടെ കസേരക്കരികിലേക്ക് ചെന്നു.

"നിങ്ങളെങ്ങോട്ടാ തള്ളേ ഈ കേറിക്കേറി  വരുന്നേ? തോന്നിയ സമയത്ത് കേറി വരാന്‍ ഇതെന്താ ചന്തയോ...? ഇതൊരു സര്‍ക്കാരാപ്പീസാ. പത്തു മുതല്‍ അഞ്ചു വരെയാ ഇവിടുത്തെ പ്രവര്‍ത്തി സമയം. നിങ്ങളാ ക്ലോക്കിലേക്കൊന്നു നോക്കിക്കേ..."

കസേരയില്‍ നിന്നും ചാടിയെണീറ്റ് സാറ് ശബ്ദമുയർത്തി.

"മണി അഞ്ചായില്ലല്ലോ സാറേ..."

പേടിച്ചരണ്ടു പുറകോട്ടു മാറിയ അവര്‍ ക്ലോക്കിലേക്ക് നോക്കി കൊണ്ട് പതുക്കെ ചോദിച്ചു.

"അത് ശെരി....നിങ്ങളെന്നെ നിയമം പഠിപ്പിക്കാനുള്ള പുറപ്പാടാ?"

"അയ്യോ...അല്ല സാറേ. മൂന്നു ദെവസായി പഞ്ചായത്താപ്പീസില്‍ കയറിയിറങ്ങുന്നു. ഇന്നും കാലത്ത് പത്തു മണിക്ക് പോയതാ. ഓര്ടെയൊക്കെ കാല് പിടിച്ചിട്ടാ മണി നാലായപ്പോ എങ്കിലും കടലാസ്സു ശര്യാക്കി കിട്ട്യേത്. അഞ്ചിനു മുമ്പേ ഇങ്ങെത്താന്‍ ഇല്ലാത്ത കാശിനു ഓട്ടോറിക്ഷേം പിടിച്ചാ വന്നേ. പച്ചവെള്ളല്ലാണ്ടെ ഇന്നേരം വരെ  ഒന്നും കയ്ച്ചിട്ടില്ല. ഇതൊന്നു വാങ്ങി വെക്ക് സാറേ..." 

അവരാ കടലാസ്സു വീണ്ടും അയാള്‍ക്ക്‌ നേരെ നീട്ടി.

"ഇങ്ങനെ നീട്ടുന്ന കടലാസ്സൊക്കെ ചുമ്മാതങ്ങു വാങ്ങി വെച്ചാ മതിയോ? നിങ്ങടെ അപേക്ഷയുള്ള ഫയല്‍ എടുക്കണ്ടേ? ഇപ്പോ അതിനൊക്കെ  നിന്നാല്‍ അഞ്ച് മണിക്ക് എനിക്ക് എറങ്ങാന്‍ പറ്റ്വോ? നിങ്ങളൊക്കെ ഒരു കാര്യം മനസ്സിലാക്കണം. ഞങ്ങക്കൂണ്ട് വീടും കുടുംമ്പോക്കെ. നിങ്ങളിപ്പോ ചെല്ല്. വീട്ടീ പോയി ഭക്ഷണോക്കെ കഴിച്ചാെന്നൊറങ്ങി നാളെ കാലത്തേയിങ്ങ് വാ."

അയാള്‍ ബാഗെടുത്ത് തോളില്‍ തൂക്കി.

"അയ്യോ...അങ്ങനെ പറയല്ലേ സാറേ. ഒള്ളത് പറഞ്ഞാ തിരിച്ചു പോവാന്‍ തന്നെ ഇന്റട്ത്ത് കാശ് തെകയൂലാ."

 തികട്ടി വന്ന വിതുമ്പൽ വേഷ്ടിയുടെ കോന്തല കൊണ്ട് അവർ അമർത്തിപ്പിടിച്ചു. 

"എന്നാ ഒരു കാര്യം ചെയ്തോ. ഇവടെ ആപ്പീസിനു മുന്നിലൊരു കുടില് കെട്ടിക്കോ. അങ്ങ് സെക്രട്ടേറിയറ്റു പടിക്കല് മാത്രം പോരല്ലോ അത്തരം  കലാപരിപാടിയൊക്കെ. അല്ലേ...??"

ഉച്ചത്തിലുള്ള "ഫലിതം" തിരി കൊളുത്തിയ ചിരിയുടെ മാലപ്പടക്കത്തിനിടയിലൂടെ ബാഗും തൂക്കി അയാള്‍ പുറത്തേക്ക് നടന്നു.

മൂന്നാം റൌണ്ട് ചീട്ടു നിരത്തുമ്പോഴാണ്‌ കീശയില്‍ കിടന്ന മൊബൈല്‍ ബെല്ലടിച്ചത്. എടുത്ത് നോക്കിയപ്പോള്‍ ഭാര്യയാണ്.

"നിങ്ങളെവിടാ...."

"ഇറങ്ങീലെടീ. ഓഡിറ്റിന്‍റെ  കുറച്ചു പണീം കൂടെ ബാക്കിണ്ട്. എന്തേ?"

"ആഹ്...നിങ്ങളെപ്പോ ഇറങ്ങിയാലും വേണ്ടൂലാ. തന്നു വിട്ട ലിസ്റ്റിലെ സാധനങ്ങള് മുഴുവനും കൊണ്ടിങ്ങ് വന്നാ മതി."

കാള്‍ കട്ടായി. കീശയില്‍ നിന്നും നീണ്ട ലിസ്റ്റ് എടുത്ത് നോക്കിയപ്പോൾ തന്നെ അടിച്ച സാധനത്തിന്‍റെ കിക്കൊക്കെ  ഇറങ്ങിപ്പോയി. 

"അയ്യോ...അടച്ചു പോയലോ സാറേ."

ധൃതിയില്‍ ബൈക്ക് പാര്‍ക്ക് ചെയ്ത് ഓടിച്ചെന്നപ്പോൾ, വാച്ച്മാന്‍ പാതി താഴ്ത്തിയിട്ട ഷട്ടര്‍ ചൂണ്ടിക്കാണിച്ചു.

"അങ്ങനെ പറഞ്ഞാലെങ്ങനാ. എനിക്ക്  ചില സാധനങ്ങള്‍ അത്യാവശ്യണ്ട്. ഞാനിവിടുത്തെ സ്ഥിരം കസ്റ്റമറാ...ആഹ്..."

സാറ് ഷട്ടറിനടിയിലൂടെ കുനിഞ്ഞ്  അകത്തേക്ക് കയറാന്‍ ശ്രമിച്ചു..

"അയ്യോ..പറ്റില്ല സാറേ. സമയം കഴിഞ്ഞാ ആരെയും കയറ്റി വിടരുതെന്നാ മാനേജര്‍ പറഞ്ഞിരിക്കുന്നേ."

വാച്ച്മാന്‍ ഷട്ടര്‍ അല്‍പം കൂടെ  താഴ്ത്തി.

"എന്നിട്ട് അകത്ത് ആളെ കാണുന്നുണ്ടല്ലോ. നീ മുന്നീന്ന് മാറിക്കേ..."

"അതൊക്കെ നേരത്തെ കയറിയവരാ. സാറ് വെറുതെ വെള്ളമടിച്ചു പ്രശ്നണ്ടാക്കല്ലേ"

വീണ്ടും അകത്തു കയറാന്‍ ശ്രമിച്ചപ്പോൾ  വാച്ച്മാന്‍ അയാളെ പതുക്കെ  തള്ളിമാറ്റി. 

പുറത്തെ ബഹളം കേട്ടാണ്, സൂപ്പർ മാർക്കറ്റിന്റെ മാനേജർ ഇറങ്ങി വന്നത്.

"എന്താ സാര്‍ പ്രശ്നം..."

"ഇവന്‍ തന്നെ പ്രശ്നം. സാധനം വാങ്ങാന്‍ വന്ന എന്നെ അകത്തേക്കു വിടുന്നില്ല ഈ നായീന്‍റെ മോന്‍."

വാച്ച്മാനെ ചൂണ്ടി പിള്ള സാര്‍ അലറി.

"സോറി സാര്‍. ഞങ്ങടെ സമയം ഒമ്പത് വരേയാ. പ്രവര്‍ത്തി സമയം കഴിഞ്ഞാല്‍ പിന്നെ അകത്തേക്ക് ആളെ കടത്തി വിടാനാവില്ല. സാറ് പോയിട്ട് നാളെ വരൂ."

"നിങ്ങടെ റെഗുലര്‍ കസ്റ്റമറാ ഞാന്‍. എനിക്ക് അത്യാവശ്യമായി ചിലത് മേടിക്കാനുണ്ട്. പറ്റുമോ ഇല്ലയോ?  എനിക്കിപ്പോ അതറിയണം.."
   
"പ്ലീസ് സാര്‍...നേരം ഇപ്പോത്തന്നെ ഒമ്പതരയായി. ഇനി അകത്തുള്ളവരെ കൂടി ബില്‍ ചെയ്ത് വരുമ്പോഴേക്കും സമയം പത്താകും. പിന്നേ കാഷ് ക്ലോസ് ചെയ്ത് ഞങ്ങളൊക്കെ എപ്പോ വീട്ടില്‍ പോകാനാ...ദയവു ചെയ്ത് സഹകരിക്കണം."

"എടോ...ഞാനൊരു സര്‍ക്കാര്‍ ജീവനക്കാരനാ. പണി തീര്‍ന്നില്ലെങ്കി ഞങ്ങളും  ഇരിക്കും എത്ര വൈകിയും. ഇപ്പൊ തന്നെ കണ്ടില്ലേ ജോലിത്തിരക്ക് കാരണം  ഇറങ്ങാന്‍ വൈകിയതാ. എന്ന് വെച്ച് കുടുംബത്തെ പട്ടിണിക്കിടാന്‍ പറ്റ്വോ?? ഞങ്ങളൊക്കെ ഉള്ളത് കൊണ്ടാ നീയൊക്കെ ശമ്പളം മേടിക്കുന്നെ. അതോണ്ട് കൂടുതലൊന്നും പറയണ്ട. എനിക്കിവിടുന്നു സാധനം കിട്ടുമോ ഇല്ലയോ...അത് പറ"

"ശെരി...സാറ്  വന്നോളു. ഞാന്‍ അറേഞ്ച് ചെയ്യാം."

പാതിയിലേറെ തുറന്ന ഷട്ടറിനടിയിലൂടെ മാനേജർക്ക് പുറകെ പിള്ള സാർ നൂണ്ടു കയറി.

Friday, 14 February 2020

പേടി

റെയില്‍വേ സ്റ്റേഷന്‍റെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും കാര്‍ പുറത്തേക്കെടുക്കുമ്പോഴാണ് അയാളെ കണ്ടത്. അരമതിലിനോട് ചേര്‍ന്നുള്ള തറയിൽ നരച്ച തലയും തൂക്കിയിട്ട് കൂനിക്കൂടി ഇരിക്കുന്ന ആ വൃദ്ധൻ. ഉജാലയുടെ നീലിമ പടര്‍ന്ന വെള്ള ഷര്‍ട്ടും മുണ്ടും അയാളൊരു തെരുവുവാസിയല്ലെന്ന്  തോന്നിച്ചു. കാര്‍ നിര്‍ത്തി അയാള്‍ക്കരികിലേക്ക് ചെല്ലാൻ മനസ്സ് പറഞ്ഞപ്പോൾ അനുസരിച്ചു. 

"എന്താ ഇവിടിരിക്കുന്നെ.....?? സുഖമില്ലേ??"

മറുപടിയില്ല.

"ഭക്ഷണം വല്ലതും കഴിക്കണോ....?"

സാവധാനം എനിക്ക് നേരെ ഉയർന്ന കണ്ണുകള്‍ മുഴുവനായും നിറഞ്ഞിരുന്നു.

പേഴ്സില്‍ നിന്നൊരു നൂറു രൂപാ നോട്ടെടുത്ത്‌ ഞാൻ നീട്ടി. അങ്ങനെ ചെയ്യാനാണ് പെട്ടെന്ന് തോന്നിയത്.  എന്നാൽ അത് വാങ്ങാതെ, എന്റെ കൈ  മുഖത്തോട് ചേർത്ത് പിടിച്ച് അയാൾ തേങ്ങിക്കരയാന്‍ തുടങ്ങി. ഞാനാകെ പകച്ചു പോയി.

"വീടെവിടാ...ഞാന്‍ കൊണ്ടോയി വിടാം."

ഏങ്ങലടിക്കൊത്ത് ഉയർന്നു താഴുന്ന ചുമലില്‍ കൈ അമര്‍ത്തി അങ്ങനെ പറയുമ്പോൾ കൂടുതലൊന്നും ചിന്തിച്ചിരുന്നില്ല എന്നതാണ് നേര്.

അയാള്‍ പറഞ്ഞ സ്ഥലം നഗരത്തില്‍ നിന്നും അധികം ദൂരെയല്ലായിരുന്നു. പിടിച്ചെഴുന്നേല്‍പ്പിച്ചപ്പോൾ അനുസരണയുള്ള ഒരു കുട്ടിയെ പോലെ എനിക്കൊപ്പം കാറിനടുത്തേക്കു നടന്നു.

സീറ്റിലിരുന്നിട്ടും അയാളുടെ തേങ്ങലടങ്ങിയിരുന്നില്ല. 

"എനിക്ക് പേടിയാ മോനേ......"

ഇടറിയ ശബ്ദത്തിൽ അയാള്‍ പറഞ്ഞു.

"ആരൊക്കെയുണ്ട് വീട്ടില്‍....?"

ചോദിച്ചു കഴിഞ്ഞാണ് വേണ്ടിയിരുന്നില്ല എന്ന തോന്നലുണ്ടായത്. മറുപടിയൊന്നും കിട്ടാതായപ്പോൾ ഒരു പക്ഷെ അയാൾ കേട്ടിട്ടുണ്ടാവില്ലെന്ന് ആശ്വസിച്ചു.

"മോനും ഓന്‍റെ  ഭാര്യേം കുട്ട്യോളും...."

കണ്ണടച്ച് സീറ്റിലേക്ക് ചാരിക്കിടക്കുന്ന അയാളോട് എനിക്ക് കൂടുതലൊന്നും ചോദിക്കാനില്ലായിരുന്നു.
 
പ്രായമാകുമ്പോൾ തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന അച്ഛനമ്മമാരെ പത്രവാര്‍ത്തകളിലും സിനിമകളിലും  കഥകളിലുമെല്ലാം ഒരുപാട് കണ്ടിട്ടുണ്ട്. പക്ഷെ യഥാർത്ഥ ജീവിതത്തിൽ  ഇതാദ്യമാണ്. തെരുവിൽ ഉപേക്ഷിച്ച അച്ഛനെയും കൊണ്ട് മുന്നിൽ ചെന്നു നിൽക്കുന്ന എന്റെ സിനിമാ സ്റ്റൈൽ ഹീറോയിസത്തോടുള്ള അയാളുടെ മകന്‍റെ പ്രതികരണം എന്താവുമെന്ന് വെറുതെ ചിന്തിച്ചു നോക്കി. അരിച്ചരിച്ചു കയറുന്ന പേടിയുടെ തണുപ്പിൽ അകമേ ഞാനൊന്ന് വിറച്ചു. അയാൾ സീറ്റിലേക്ക് ചാഞ്ഞു കണ്ണടച്ചു കിടക്കുക തന്നെയാണ്.
 
നഗരത്തിരക്കുകളെ പിന്നിലാക്കി മുന്നോട്ടു പായുന്ന കാര്‍ ചെറിയൊരു അങ്ങാടിയിലെത്തി. കടകളുടെ ബോര്‍ഡുകളില്‍  അയാള്‍ പറഞ്ഞ സ്ഥലപ്പേരു കാണുന്നുണ്ട്. ടാറിട്ട റോഡ്‌  അവിടെത്തീര്‍ന്നു. നേരം സന്ധ്യയായില്ലെങ്കിലും ചെമ്മണ്‍പാതയുടെ വശങ്ങളിലുള്ള വീടുകളില്‍ വിളക്കുകള്‍ തെളിഞ്ഞിരുന്നു. ഏതോ ക്ഷേത്രത്തിന്റെ കവാടം കടന്ന് കാർ അൽപം കൂടി മുന്നോട്ട് പോയി.

"അതാ...അതാ.... ന്റെ വീട്...."

സീറ്റിൽ മുന്നോട്ടാഞ്ഞിരുന്നു വിരല്‍ ചൂണ്ടുമ്പോൾ അയാളുടെ  നരച്ച കണ്ണുകളിൽ കളഞ്ഞു പോയ കളിപ്പാട്ടം തിരികെ കിട്ടിയ കുട്ടിയുടെ ആവേശം കണ്ടു.

പടിക്കല്‍ കാര്‍ നിര്‍ത്തി അയാൾ ഇറങ്ങിയതും മുറ്റത്തുണ്ടായിരുന്ന രണ്ടു കുട്ടികള്‍ "മുത്തച്ഛാ..." എന്നു വിളിച്ചുകൊണ്ട് ഓടിയെത്തി. പിന്നെ അയാളെയും വലിച്ച് വീട്ടിലേക്ക് നടന്നു. അത് കണ്ടിട്ടാവണം, വീടിനകത്ത് നിന്നും ഒരു ചെറുപ്പക്കാരന്‍ ധൃതിപ്പെട്ട് ഇറങ്ങി വന്നു.

എന്ത് സംഭവിക്കുമെന്ന വിചാരത്തിൽ ഞാൻ ശ്വാസം പോലും വിടാൻ മറന്നു.

"എവിടായിരുന്നച്ഛാ.....??"

ഓടിയെത്തിയ ചെറുപ്പക്കാരന്‍ വൃദ്ധനെ മുറുക്കെ കെട്ടിപ്പിടിച്ചു. 

"പേടിപ്പിച്ചു കളഞ്ഞല്ലോ ഞങ്ങളെ.... അച്ഛന്‍റെ കാലെങ്ങനുണ്ടിപ്പോ?"

പുറകെ ഇറങ്ങി വന്ന യുവതി വൃദ്ധന്റെ മുണ്ട് മുട്ടിനു മുകളിലേക്കുയര്‍ത്തി നോക്കി.

അയാളുടെ പഴുത്തൊലിക്കുന്ന തടിച്ച ഇടത് കാൽ അപ്പോഴാണ്‌ ഞാന്‍ കണ്ടത്.

ഒരു നിമിഷം.... ഒരേയൊരു നിമിഷം....

തന്നെ ചുറ്റിവരിഞ്ഞ കൈകൾ വിടുവിച്ച് അയാൾ എനിക്കരികിലേക്ക് വന്നു. അയാളുടെ മുഖം വല്ലാതെ വലിഞ്ഞു മുറുകിയിരുന്നു.

"മോനെന്‍റെ അവസ്ഥ കണ്ടില്ലേ..പകരുന്ന സൂക്കേടാന്നാ ഡോക്ടര്‍മാര്‍ പറയുന്നേ... ഈ കുട്ട്യോള്‍ക്കെങ്ങാന്‍ വന്നാ എനിക്ക് സഹിക്കാന്‍ പറ്റൂല. പേട്യായിട്ടാ   എങ്ങോട്ടേലും പോവാന്നും കരുതി വീട് വിട്ടെറെങ്ങ്യെ. പക്ഷെ മോനെ കണ്ടപ്പോ എനിക്കെന്‍റെ കണ്ണനെ ഓര്‍മ്മ വന്നു.  അതാ വിളിച്ചപ്പോ ഒന്നുമോര്‍ക്കാതെ കൂടെ വന്നേ. ദയവു ചെയ്ത് എന്നെയാ റെയില്‍വേ സ്റ്റേഷനില്‍ തന്നെ ഒന്ന് കൊണ്ട് വിടണം. മോനെ ഒരുപാട് ബുദ്ധിമുട്ടിച്ചെന്നറിയാം. എന്നാലും ഇതും കൂടിയൊന്നു  ചെയ്തു തരണം..."

നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അയാൾ മുന്നില്‍ കൈ കൂപ്പി നിന്നു.

എന്റെ കണ്ണുകൾ അപ്പോഴും അയാളുടെ തടിച്ച കാലിലായിരുന്നു. ഒന്നും പറയാതെ  നില്‍ക്കുന്ന എന്നെ നോക്കിയൊന്ന് പുഞ്ചിരിച്ച്, മാറിക്കിടന്ന മുണ്ട് നേരെയിട്ട്, ആ തടിച്ച കാലും വലിച്ച് വെച്ച് അയാള്‍ പതുക്കെ നടന്നു തുടങ്ങി.

Thursday, 13 February 2020

റിവൈവൽ ലെറ്റർ

മാർച്ച് മാസത്തിന്റെ അവസാനത്തെ ആഴ്ച്ചയിലെ ഒരുച്ച നേരത്താണ് അയാൾ ബാങ്കിലേക്ക് കയറി വന്നത്. രാമേട്ടൻ പറഞ്ഞ് വിട്ടതാവണം; അയാൾ നേരെ എന്റെ മേശക്കരികില്‍ വന്നു നിന്നു. എന്നിട്ടും കെട്ടു പിണഞ്ഞു കിടക്കുന്ന കണക്കുകൾക്കിടയിൽ തിരുകി വെച്ച തല ഞാൻ ഉയർത്തിയില്ല.

"സാറേ.."

കുറച്ചു നേരമങ്ങനെ കാത്തു നിന്ന ശേഷം, ശ്രദ്ധയാകർഷിക്കാനുള്ള "മുരടനക്കുക", "ചുമക്കുക" എന്നീ ശ്രമങ്ങള്‍ ഫലവത്താവാതെ വന്നതോടെയാണ് അയാള്‍ പതിഞ്ഞ ശബ്ദത്തിൽ  വിളിച്ചത്.

കൈകൾ കൂപ്പി മുന്നോട്ട് വളഞ്ഞു നിൽക്കുന്ന ആ മധ്യവയസ്ക്കന് സാമാന്യത്തിലധികം പൊക്കവും വണ്ണവുമുണ്ടായിരുന്നു. പുറത്തെ വെയിലിന്‍റെ ചൂട് അയാളുടെ നെറ്റിയിലൂടെ ഒലിച്ചിറങ്ങുന്ന വിയര്‍പ്പു ചാലുകളില്‍ നിന്നും അളന്നെടുക്കാം.

"സാറെ....കഴിഞ്ഞാഴ്ച വീട്ടില് വന്നതാ ഇത്."

വിയര്‍പ്പില്‍ കുതിര്‍ന്ന് ശരീരത്തോട് ഒട്ടിക്കിടന്ന ഷര്‍ട്ടിന്‍റെ പോക്കെറ്റില്‍ നിന്നും നാലായി മടക്കിയ ഒരു കടലാസ്സെടുത്ത് അയാള്‍ നീട്ടി.

"വായ്പേല്‍ കൊറച്ച് കുടിശ്ശികയുണ്ടാവും സാറേ....എടേല് ഒരാശുപത്രി കേസ്കെട്ടു വന്നു. അതാ പറ്റിയെ."

"ആ..കുടിശ്ശിക ഏതായാലും വേഗം അടച്ച് തീര്‍ത്തോളൂ; പക്ഷെ ഇത് അതിനുള്ളതല്ല. റിവൈവല്‍ ലെറ്റര്‍ ഒപ്പിട്ടു തരാനുണ്ട്"

ഓഡിറ്റ് കഴിഞ്ഞപ്പോഴാണ് ബ്രാഞ്ചിൽ  ഉള്ളതിലധികം ഇല്ലാത്ത കടലാസ്സുകളാണെന്ന് തിരിച്ചറിഞ്ഞത്. അന്ന് കുത്തിയിരുന്നെഴുതിയ നോട്ടീസുകളുമായാണ്  ഇപ്പോള്‍ പലരും കയറി വരുന്നത്.

"നിങ്ങളെടുത്ത വായ്പയില്ലേ. അത്  പുതുക്കാനുള്ള അറിയിപ്പാണ്."

അയാളുടെ മുഖത്തെ സംശയഭാവം കണ്ടതോടെ ഞാന്‍ കാര്യങ്ങള്‍ കുറച്ചു കൂടി ലളിതമായി പറഞ്ഞു. 

"പഠിത്തം കഴിഞ്ഞ് പിന്നേം പത്ത് വർഷം കൊണ്ട് അടച്ച് തീർത്താ മതീന്നാണല്ലാേ സാറേ ഇങ്ങളെ മുന്നേ ഇരുന്നയാള് പറഞ്ഞേ. പിന്നെന്തിനാ ഇപ്പോ പുതുക്കുന്നേ?"

അയാളുടെ ശബ്ദത്തിൽ പരിഭ്രമം കലർന്നിരുന്നു.

"ലോണിന് പറഞ്ഞ കാലാവധിണ്ട്. പക്ഷെ അതിന്റെ രേഖകൾ  മുമ്മൂന്നു വര്‍ഷം കൂടുമ്പോ പുതുക്കണം. അങ്ങനെയാ നിയമം. അതിനൊരു ഫോം ഒപ്പിട്ടു തരാനുണ്ട്." 

"ഓ...അത്രെള്ളോ." 
അയാളൊന്നു ദീര്‍ഘമായി നിശ്വസിച്ചു.

"എനിക്കേ പാലക്കാട്ട് ചെത്തിന്‍റെ പണിയാ. മാസത്തിലൊരിക്കലേ വീട്ടിലേക്ക് വരവുള്ളു. ഈ കത്ത് വീട്ടില് വന്നേപ്പിന്നെ കെട്ട്യോള് സ്വൈര്യം തന്നിട്ടില്ല. അതോണ്ട് ഒരാഴ്ചത്തെ പണീം കളഞ്ഞ് വന്നതാ. ഏതായാലും ഒപ്പിടേണ്ട ഫോറം തന്നേക്ക് സാറേ."

മുണ്ടിന്‍റെ കോന്തല കൊണ്ട് മുഖത്തെയും കൈകളിലെയും വിയര്‍പ്പു  തുടച്ച് അയാള്‍ ഒപ്പിടാന്‍ തയ്യാറായി.

"ഇത് മോള്‍ടെ വിദ്യാഭ്യാസ വായ്പയല്ലേ. അപ്പോ നിങ്ങടെ മാത്രം ഒപ്പ് പോരാ; മോള്‍ടേം കൂടെ വേണം."

കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തെളിഞ്ഞ അക്കൗണ്ട്‌ വിവരങ്ങള്‍ നോക്കിക്കൊണ്ട് ഞാന്‍ പറഞ്ഞു.

"അയ്യോ സാറേ...അവള്‍ടെ ഒപ്പ് കിട്ടാന്‍ പ്രയാസവൂലോ."
അയാളുടെ മുഖം മങ്ങി.

"എന്താ മോള് വീട്ടിലില്ലേ...??"

"വീട്ടിത്തന്നെയുണ്ട് സാറേ. പക്ഷെ അവക്കൊരു  ആക്സിടന്റ്റ് പറ്റിയിരിക്കാ. യാത്ര ചെയ്യാമ്പറ്റൂലാ."

"ഓഹ്..അങ്ങനെയാണോ. ഒരു കാര്യം ചെയ്യൂ. നിങ്ങള്‍ മാനേജരോട് പോയൊന്നു സംസാരിക്കൂ."

അയാളെ മാനേജരുടെ ക്യാബിനിലേക്ക്‌ പറഞ്ഞു വിട്ടു. അഞ്ചു മിനിറ്റ് കഴിഞ്ഞു കാണില്ല എന്‍റെ  ഇന്‍റെര്‍കോം സ്ക്രീനില്‍ മാനേജരുടെ നമ്പര്‍ തെളിഞ്ഞു.

"താനിപ്പോ ഇങ്ങോട്ട് പറഞ്ഞു വിട്ട എജുക്കേഷന്‍ ലോണ്‍ കേസ്സില്ലേ. പുള്ളിയുടെ മോള്‍ക്കെന്തോ ആക്സിടെന്റ്റ് പറ്റിയിരിക്കാണത്രെ. താനൊന്ന് പുള്ളീടെ  കൂടെ അവിടെ വരെ ചെല്ല്. സൈന്‍ ചെയ്യാന്‍ പറ്റത്തില്ലെന്നാ പറയുന്നേ. തമ്പ്  ഇമ്പ്രെഷന്‍ എടുക്കേണ്ടി വരും. പിന്നെ, ലോണിൽ ഇപ്പൊ തന്നെ ഡ്യൂസ് കുറച്ചുണ്ട്. സെക്യൂരിറ്റി ഉള്ള ലോണാ. ആക്ഷന്‍ എടുക്കേണ്ടി വന്നാൽ പ്രോപ്പർട്ടീടെ ലൊക്കേഷന്‍ അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ."

മനസില്ലാമനസ്സോടെ "ഓക്കെ" പറഞ്ഞ്  ഫോണ്‍ വെച്ച്  ഫയല്‍ എടുക്കാനായി റെക്കോര്‍ഡ്‌ റൂമിലേക്ക്‌ നടന്നു.

രാമേട്ടൻ തന്റെ വടിവൊത്ത കൈപ്പടയിൽ 'യമുന കെ.എസ്.' എന്ന് വലുതാക്കി എഴുതിയ ഓറഞ്ച് ഫയൽ തുറന്നു. ആദ്യത്തെ ഷീറ്റിന്റെ വലത്തേ മുകളറ്റത്തായി ഭംഗിയായി പുഞ്ചിരിക്കുന്ന ഒരു പെൺകുട്ടിയുടെ ഫോട്ടോ. അതോടെ മടുപ്പൊക്കെ മാറി  ഉഷാറായി. വാഷ്‌ റൂമില്‍ പോയി ഒന്ന് ഫ്രഷ്‌ അപ്പ്‌ ചെയ്ത് മുടി ചീകി ഞാൻ പോകാൻ റെഡിയായി.  

"അങ്കിള്‍...വാ പോകാം...."

പെരുമാറ്റത്തിലെ പെട്ടെന്നുള്ള അന്തരം കണ്ട അമ്പരപ്പിലാവണം, അയാള്‍ ഒരു നിമിഷം എന്നെ പകച്ചു നോക്കി.

"സാറിവിടെ നിന്നോ. ഞാന്‍ ഒരോട്ടോ വിളിച്ച് വരാം."

"ഓ വേണ്ടെന്നേ...നമ്മുക്കെന്‍റെ ബൈക്കില്‍ പോകാം"

അയാള്‍ മറുത്തെന്തെങ്കിലും പറയുന്നതിന് മുന്‍പേ ബൈക്കിനടുത്തെക്ക് നടന്നു.

"സാറേ...ഹെല്‍മെറ്റ്‌ ഇടുന്നില്ലേ?."

ബൈക്കിന്റെ കണ്ണാടിയിൽ കൊരുത്തിട്ടിരിക്കുന്ന ഹെൽമറ്റ് നോക്കിയാണ് അയാളുടെ ചോദ്യം.

"ഓ എന്തിനാ..അടുത്തല്ലേ"

"ശര്യാ സാറേ...എന്നാലും......"

അയാള്‍ പറഞ്ഞു മുഴുമിപ്പിക്കും മുമ്പേ  ഇയര്‍ഫോണ്‍ എടുത്ത് ചെവിയില്‍ തിരുകി. 

പത്ത് മിനിട്ടിനകം അയാളുടെ വീട്ടിലെത്തി.

"സാറിവിടിരുന്നോ...ഞാന്‍ അവളേം വിളിച്ചിപ്പോ വരാം. "

വരാന്തയിലെ നിറം മങ്ങിയ പ്ലാസ്റ്റിക് കസേര ഒഴിവാക്കി, കാവി പതിച്ച ചാരുപടിയില്‍ കയറിയിരുന്നു. വീട്ടുകാരിയാവണം, ഒരു മധ്യവയസ്ക വാതില്‍ക്കല്‍ വന്ന് പകുതി മുഖം നൽകി ചിരിച്ചെന്നു വരുത്തി അകത്തേക്ക് പോയി.

സിമന്റ് തറയില്‍ ചക്രങ്ങളുരുളുന്ന ശബ്ദം കേട്ടാണ്  മൊബൈലില്‍ നിന്നും മുഖമുയര്‍ത്തിയത്. അപ്പോഴേക്കും അയാള്‍ വീല്‍ചെയര്‍ ഉന്തിക്കൊണ്ടു വാതില്‍ക്കലെത്തിയിരുന്നു. വീല്‍ചെയര്‍ മുന്നില്‍ കൊണ്ട് വന്നു നിര്‍ത്തിയതല്ലാതെ അയാളൊന്നും പറഞ്ഞില്ല.

വീൽച്ചെയറിലെ വെളുത്ത തുണി പുതപ്പിച്ചിരിക്കുന്ന രൂപത്തെയും അയാളെയും ഞാൻ മാറി മാറി നോക്കി.

"ഇത്...?"

ഞാന്‍ അയാളെ നോക്കി.

"ന്‍റെ മോളാ...."

അത് പറയുമ്പോഴേക്കും അയാളുടെ തൊണ്ട ഇടറിപ്പോയിരുന്നു. നേരത്തെ കണ്ട സ്ത്രീ വാതില്‍ക്കല്‍ നിന്ന്‌ സാരിത്തലപ്പു കൊണ്ട് കണ്ണുകളമര്‍ത്തി തുടക്കുന്നു.

ഫോട്ടോയിൽ കണ്ട ഭംഗിയുള്ള പുഞ്ചിരി, ആ വിളറി വെളുത്ത മുഖത്ത്  തിരഞ്ഞ് ഞാൻ പരാജയപ്പെട്ടു. എവിടെയോ തറഞ്ഞിരിക്കുന്ന ചലനമറ്റ കണ്ണുകളിലേക്ക് ഒന്നേ നോക്കാനായുള്ളൂ. തമ്പ് ഇമ്പ്രെഷന്‍ എടുക്കാനായി, മഷിയിൽ മുക്കി അയാള്‍  കയ്യില്‍ വെച്ചു തന്ന തണുത്ത  വിരലിലെ മരവിപ്പ് എന്നിലേക്കും പടരുന്നത് പോലെ തോന്നി.

പടികളിറങ്ങി ബൈക്കിനടുത്തേക്ക് നടക്കുമ്പോൾ പുറകെ അയാളും വന്നു.

"ഹോസ്റ്റെലിന്നു കൂട്ടുകാരിടെ സ്കൂട്ടെറുമെടുത്ത് പോയതാ. ഗേറ്റ് കടന്നേയുള്ളെന്നാ കണ്ടോരൊക്കെ പറഞ്ഞത്. പുറകില് ഒരോട്ടോ വന്നിടിച്ചതാ. വേറെ പരിക്കൊന്നും പറ്റിയില്ല; പക്ഷെ വീണത് തല ഇടിച്ചായി പോയി. ഹെല്‍മെറ്റിലാത്തോണ്ട് പറ്റിയെന്നാ ഡോക്ടര്‍മാര്‍ പറഞ്ഞെ. കൊറച്ചു കാലം അവള് പഠിച്ചോണ്ടിരുന്ന ആസ്പത്രീത്തന്നെ ചികിത്സിച്ചു. പിന്നെ കൊണ്ടോയിക്കോളാന്‍ പറഞ്ഞു. വല്യ മാറ്റൊന്നും പ്രതീക്ഷിക്കണ്ടന്നാ ഇവിടുത്തെ ഡോക്ടര്‍മാരും പറഞ്ഞേ. എന്ന് കരുതി കൊണ്ട് കളയാന്‍ പറ്റൂലാല്ലോ സാറേ...."

കരച്ചിൽ നിയന്ത്രിക്കാന്‍ അയാള്‍ നന്നേ പാടുപെട്ടു.

ഹെല്‍മെറ്റ്‌ എടുത്ത് തലയില്‍ വെക്കുമ്പോള്‍, അയാളുടെ കരയുന്ന മുഖത്ത് ഒരു ചെറു പുഞ്ചിരി വിടരുന്നത് റിയർവ്യൂ മിററിൽ ഞാൻ കണ്ടു.

Wednesday, 12 February 2020

ഇൻസ്റ്റലേഷൻ

"സാറിവിടെ നിന്നോളി...ഞാമ്പോയി വണ്ട്യായിട്ട് വരാ.."

പ്രീപെയ്ഡ് ടാക്സി കൌണ്ടറില്‍ നിന്നും വാങ്ങിയ റസീറ്റ് ചെറുപ്പക്കാരന് നല്‍കിയിട്ട് കുമാരേട്ടന്‍ ടാക്സി സ്റ്റാന്‍ഡിന് നേരെ ഓടി.

കൊയിലാണ്ടിക്കാരനായ കുമാരേട്ടന്‍ ടാക്സി ഓടിക്കാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ടാവുന്നു. ഡ്രൈവിങ്ങില്‍ കമ്പം കയറി ചെറുപ്പത്തിലേ ബോംബെക്ക് നാട് വിട്ട അപ്പുണ്ണി ഡ്രൈവറുടെ മകന്‍ ഡ്രൈവറായില്ലെങ്കിലേ അദ്ഭുതമുള്ളുവെന്നാണ് നാട്ടുകാരുടെ പക്ഷം. ആകെയുള്ള വീടും പറമ്പും കെട്ടിച്ചയച്ച പെണ്മക്കളുടെ പേരില്‍ എഴുതി വെച്ചിട്ട് അച്ഛന്‍ പോയപ്പോള്‍, ഇരുപതാം വയസ്സില്‍ കുമാരേട്ടനും വീടു വിട്ടിറങ്ങി. ഓഹരിയായി കിട്ടിയ ഒരു തുണ്ട് തരിശു നിലം വിറ്റ് വാങ്ങിയ എഴുപത് മോഡല്‍ അംബാസഡര്‍ കാറായിരുന്നു ഏക സമ്പാദ്യം. നീണ്ടു നിവര്‍ന്നു കിടന്ന റോഡുകളിലായിരുന്നു പിന്നീടങ്ങോട്ടുള്ള അയാളുടെ ജീവിതം. കേരളത്തിനകത്തും പുറത്തുമായി ഒരുപാട് സഞ്ചരിച്ചു. ഒടുവില്‍ തൊള്ളായിരത്തി എമ്പത്തെട്ടില്‍ കരിപ്പൂര്‍ വിമാനത്താവളം വന്നപ്പോള്‍ കുമാരേട്ടനും വണ്ടിയും അവിടുത്തുകാരായി.

കുമാരേട്ടന്‍ കാറുമായി എത്തിയപ്പോള്‍ ചെറുപ്പക്കാരന്‍ മാറി നിന്ന്  ഫോണില്‍ സംസാരിക്കുകയായിരുന്നു. ഡിക്കി തുറന്ന് പെട്ടി അകത്തേക്ക് വെക്കാന്‍ തുടങ്ങുമ്പോഴാണ് "ഏയ്‌...." എന്ന് ഉച്ചത്തിൽ വിളിച്ചു കൊണ്ട് അയാൾ ഓടി വന്നത്.

"പെട്ടി താഴെ വെക്കെടോ...." അതൊരലര്‍ച്ചയായിരുന്നു.

കയ്യിലെടുത്ത പെട്ടി കുമാരേട്ടന്‍ താഴെ വെച്ചു പോയി.

"ഈ പാട്ട വണ്ടീലൊന്നും ഞാൻ കേറില്ലാ..."

"സാറെ.....കാണുമ്പോലല്ല. വണ്ടി നല്ല കണ്ടീശനാ...ഞാനങ്ങനെ കൊണ്ട് നടക്കുന്നതാ. പിന്നെ, ഇതിലിപ്പോ ഏസീം പാട്ട്വോക്കെണ്ട് സാറേ..."

കാശുണ്ടായിട്ടല്ല, സ്റ്റാന്‍ഡിലെ മറ്റുള്ളോരു ഏറെ നിര്‍ബന്ധിച്ചിട്ടാണ്,  ഇന്‍ഷുറന്‍സ് അടക്കാന്‍ വെച്ചതും കടം വാങ്ങിയതും കൂടെ ചേര്‍ത്ത്, കഴിഞ്ഞ മാസം ഏസീം സ്റ്റീരിയോ പ്ലയറും വെപ്പിച്ചത്. 

"അയാള്‍ടെ ഏസീം പാട്ടും...."

ചെറുപ്പക്കാരന്‍ മുഖം വെട്ടിച്ച് കൌണ്ടറിന് നേരെ നടന്നു.

"എനിക്കാ പാട്ട കാറ് വേണ്ടാ. സെഡാന്‍ ഏതെങ്കിലും വേണം."

"സര്‍...അത്...പ്രീപെയ്ഡ് ടാക്സി ആവുമ്പോ അതിങ്ങനെ ഒരു ഓര്‍ഡറിലാ ബുക്ക് ആവുന്നെ. ഒരു തവണ ചെയ്താ പിന്നെ വണ്ടി മാറ്റാനാവൂല്ല."

കൌണ്ടറില്‍ ഇരിക്കുന്ന പയ്യന്‍ നിസ്സഹായത പ്രകടിപ്പിച്ചു.

"ഓക്കെ... എന്നാ വേണ്ട. എന്‍റെ ബുക്കിംഗ് ക്യാന്‍സല്‍   ചെയ്തെക്ക്. എനിക്ക് നിങ്ങൾടെ വണ്ടി വേണ്ട...പോരേ."

"വേണ്ട സാറേ...ക്യാന്‍സല്‍  ചെയ്യണ്ടാ... സാറിന് എന്‍റെ വണ്ടീല്‍ പോകാം."

തിരിഞ്ഞു നടക്കാനൊരുങ്ങിയ ചെറുപ്പക്കാരന് മുന്നിലേക്ക്  ഹുസൈന്‍ കയറി നിന്നു.

"ഏതാ തന്‍റെ കാര്‍?"

ചെറുപ്പക്കാരന്‍ നെറ്റി ചുളിച്ചു.

"ഏറ്റിയോസാ.. പുത്യേ വണ്ട്യാ"

ചെറുപ്പക്കാരനൊന്ന് അമര്‍ത്തി മൂളി.

"സമീറെ....സാറിന്‍റെ റസീറ്റിലാ വണ്ടി നമ്പറൊന്ന് മാറ്റി കൊട്ത്താ."
കാര്‍ എടുക്കാനായി പോകുന്നതിനിടയില്‍ ഹുസൈന്‍ വിളിച്ചു പറഞ്ഞു.

"എന്താ കുമാരേട്ടാ...ഇതിപ്പോ എത്രാമത്തെ തവണയാ..."

ഒരു തളര്‍ന്ന ചിരി പാസാക്കിയതല്ലാതെ  ഹുസ്സൈന്‍റെ  ചോദ്യത്തിന് അയാള്‍ക്ക് മറുപടിയുണ്ടായിരുന്നില്ല.

ഹുസൈന്‍ ചോദിച്ചത് ശര്യാണ്. ഈ ആഴ്ചയില്‍ തന്നെ ഇതിപ്പോ നാലാമത്തെ തവണയാണ്. ദൂരേക്കുള്ള ഓട്ടം കിട്ടാറേയില്ല. കൂടിപ്പോയാല്‍  കിട്ടുക  കൊണ്ടോട്ടിക്കോ രാമനാട്ടുകരക്കോ ഉള്ള ബസ്‌ സ്റ്റാന്‍ഡ്‌  ഓട്ടമാണ്. അതും കൊണ്ട് എത്ര നാള്‍ പിടിച്ചു നില്‍ക്കാനാവും.

തണലില്‍ നിര്‍ത്തിയിട്ട കാറിന്‍റെ ചായ്ച്ചു വെച്ച മുന്‍സീറ്റില്‍ കുമാരേട്ടന്‍ കണ്ണുകളടച്ച്‌ ചാരി കിടന്നു.

എല്ലാരും പറയുന്നത് പോലെ കാര്‍ മാറ്റാതെ വേറെ വഴിയില്ലെന്ന് കുമാരേട്ടനും നന്നായറിയാം. മൂന്നു സെന്‍റ് സ്ഥലം വാങ്ങിച്ച് വീട് കെട്ടാനായി സൊസൈറ്റിയിൽ നിന്നെടുത്ത വായ്പ തിരിച്ചടവ് മുടങ്ങി കുടിശ്ശികയായി കിടക്കുമ്പോഴാണ് മോളെ കെട്ടിക്കാനായി സെക്രട്ടറിയുടെ കയ്യും കാലും പിടിച്ചു ഒരു ലക്ഷം കൂടെ വാങ്ങിച്ചത്. അതിന്‍റെ മാസത്തവണ പോയിട്ട് പലിശ പോലും അടക്കാന്‍ തുടങ്ങിയിട്ടില്ല. കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ സെക്രട്ടറി പറയുകയും ചെയ്തു: 

"വീടും പറമ്പ്വേ ഇങ്ങള കയ്യിലുള്ളു കുമാരേട്ടാ. അതിന്‍റെ ബുക്കും പേപ്പറും ഞാള കയ്യിലാ. അതോർമ്മണ്ടായാ നന്ന്."

ചിരിച്ചു കൊണ്ടാണ് പറഞ്ഞതെങ്കിലും  പറഞ്ഞതിന്‍റെ കാര്യ ഗൗരവം കുമാരേട്ടന് നന്നായി അറിയാം. അത് കൊണ്ട് ഇനി ലോണെന്നും പറഞ്ഞ് സൊസൈറ്റിയുടെ പടി ചവിട്ടാന്‍ പറ്റില്ല. അല്ലെങ്കിൽ പിന്നെ ഹുസ്സൈനും ബാബുവുമൊക്കെ എടുത്ത പോലെ  'മോഡി ലോൺ' കിട്ടാനുള്ള വഴി നോക്കണം. പത്തു ലക്ഷം വരെയുള്ള ലോണിന് ഈടൊന്നും വെക്കണ്ടത്രേ. മാത്രവുമല്ല, തിരിച്ചടക്കാൻ പറ്റിയില്ലെങ്കിൽ എഴുതി തള്ളിക്കോളുമെന്നാണ് കേട്ടത്.

പുതിയ കാര്‍ വാങ്ങിയാലും കുമാരേട്ടൻ അമ്പാസഡർ വിൽക്കില്ല. പണ്ട് വീട് വിട്ടിറങ്ങിയ കാലത്ത് കുറെ കാലം ആ കാറായിരുന്നു അയാളുടെ വീട്. അതിൽ ഓടിത്തീര്‍ത്ത പകലുകളും അതിനകത്ത് തന്നെ ഉറങ്ങിത്തീര്‍ത്ത രാവുകളും എത്രയാണെന്ന് അയാള്‍ക്ക്‌  തന്നെ നിശ്ചയമില്ല. മുപ്പത് വര്‍ഷങ്ങള്‍ക്ക്  മുമ്പത്തെ ഒരു ചിങ്ങത്തില്‍  കല്യാണിയമ്മയെ ആ കാറിന്‍റെ മുന്‍സീറ്റില്‍ ഇരുത്തിയാണ് കുമാരേട്ടന്‍ വീട്ടിലേക്കു കൂട്ടിക്കൊണ്ട് വന്നത്. പിന്നീട്  അവരെയും മക്കളെയും കൊണ്ട് നാടാകെ ചുറ്റിയതും ആ കാറിലാണ്. കഴിഞ്ഞ കര്‍ക്കിടകത്തിലെ കോരിച്ചൊരിയുന്ന മഴയത്ത് പനി പിടിച്ചു തളര്‍ന്ന് കിടന്ന കല്യാണിയമ്മയെയും കൊണ്ട് ആശുപത്രികള്‍ തോറും കയറി ഇറങ്ങിയതും ഒടുവില്‍ തണുത്ത് വിറങ്ങലിച്ച അവരുടെ ശരീരം വീട്ടിലേക്കു കൊണ്ട് വന്നതും അതേ കാറിലാണ്. ആ കാറിനെ  അയാള്‍ക്ക് ഉപേക്ഷിക്കാനാവില്ല.

അടുപ്പിച്ച് രണ്ടു വട്ടം നെഞ്ച് വേദന വന്നതോടെ ഇനി ഡ്രൈവിംഗ് തീരെ വേണ്ടെന്ന് സൈമണ്‍ ഡോക്ടര്‍ തീര്‍ത്ത് പറഞ്ഞതാണ്. ഇടക്കിടെ കാലിൽ നീര് കെട്ടി ആക്സിലേട്ടറും ക്ലച്ചും ചവിട്ടാന്‍ പറ്റാതാവുമ്പോൾ  മരുമകന്‍ സതീശനാണ് വണ്ടിയെടുക്കാറ്. ഇനിയും അവനൊരു സ്ഥിരം പണിയാവാത്തതിന്റെ പ്രയാസം അവന്‍റെ അമ്മയും തന്‍റെ ഇളയ പെങ്ങളുമായ സുശീലക്കുണ്ടെന്ന് കുമാരേട്ടനറിയാം. പുതിയ വണ്ടി വന്നാൽ അവന്‍ ഓടിക്കട്ടെ. മാസം ഒരു തുക ശമ്പളമായി കൊടുക്കുകയും ചെയ്യാം. എന്നിട്ട് വേണം, മുറ്റത്ത്  തലയെടുപ്പോടെ കിടക്കുന്ന അമ്പാസഡറിനെയും നോക്കി,   ഉമ്മറത്തെ ചാരു കസേരയില്‍  നീണ്ടു നിവര്‍ന്നങ്ങനെ കിടക്കാൻ.

"ഇങ്ങളെന്താ നട്ടുച്ചക്ക് കിനാവ് കണ്ട് കെടക്കാ?"

സതീശനാണ്.

"അല്ലെടോ...ചാരിക്കിടന്നങ്ങ് മയങ്ങിപ്പോയി."

കുമാരേട്ടന്‍ സീറ്റില്‍ നിവര്‍ന്നിരുന്നു.

"ഇന്നും കയ്യിക്കിട്ടിയ ഓട്ടം പോയല്ലേ? ഞാന്‍ സ്റ്റാന്‍ഡില്‍ കേറിട്ടാ വരുന്നേ."

സതീശന്‍ ഡോർ തുറന്ന് സൈഡ് സീറ്റില്‍ കയറി ഇരുന്നു.

"ഇങ്ങളേതായാലും ഈ പാട്ട വണ്ടി വിക്കൂല. എന്നാപ്പിന്നെ ഇത് വെച്ചിട്ട് തന്നെ പത്ത് കാശുണ്ടാക്കാനുള്ള ഒരു വഴി ഞാന്‍ പറയട്ടെ"

തന്‍റെ വണ്ടിയെ ഇകഴ്ത്തിയുള്ള പറച്ചിൽ കേട്ട് അയാളുടെ മുഖം കറുത്തു.

"മറ്റന്നാള്‍ കൊച്ചീല് ബിനാലെ തുടങ്ങാ.. നമ്മക്ക് അവടെ വരെയൊന്നു പോവാ."

അയാളുടെ ഭാവമാറ്റമൊന്നും 'മൈൻഡാക്കാതെ' സതീശന്‍ പറഞ്ഞു.

"ബിനാല്യോ...അതെന്താത്?"

കുമാരേട്ടന്‍ ആ വാക്ക് ആദ്യമായി കേള്‍ക്കുകയായിരുന്നു.

"അതൊരു വല്യ ഉത്സവാ...നമ്മടെ തൃശൂര്‍ പൂരൊക്കെല്ലേ; അതേ പോലെ. ലോകത്തിന്‍റെ പല ഭാഗത്ത്ന്നും കൊറേ വിദേശ്യളൊക്കെ വരും."

സുഹൃത്തു പറഞ്ഞ് കേട്ട കാര്യങ്ങൾ സതീശന്‍ അതേ പോലെ അവതരിപ്പിച്ചു.

"ആശ്ശെരി...അല്ലെടോ ഈ വിദേശ്യളൊക്കെ കൊണ്ടോവാന്‍ ഇംഗ്ലീഷറിയണ്ടേ... ഞാനവിടെ ചെന്നിട്ടെന്ത്‌ കാട്ടാനാ? അത്വല്ല എന്നെ അവടെ ഓടാന്‍ അവടത്തെ ടാക്സിക്കാരൊക്കെ സമ്മയ്ക്ക്യോ?"

കുമാരേട്ടന്‍ സംശയങ്ങളുടെ കെട്ടഴിച്ചു.

"ഇങ്ങള് വല്യ വല്യ കാര്യങ്ങളൊന്നും ആലോയ്ച്ച് തല പുണ്ണാക്കണ്ട. എന്‍റെ കൊറേ ചങ്ങായിമാരവിടണ്ട്. അതൊക്കെ അവര് നോക്കിക്കോളും. ഇങ്ങള് നാളെ ഉച്ചക്ക് പോവാന്‍ റെഡ്യായിക്കോളി."

സതീശന്‍ കാറില്‍ നിന്നിറങ്ങി നടന്നു.

അവർ എത്തുമ്പോഴേക്കും നേരം നന്നേ വൈകിയിരുന്നു. പഴയൊരു കെട്ടിടത്തിനു മുന്നിലായി  വണ്ടി നിര്‍ത്തിയിട്ട് സതീശന്‍ അകത്തേക്ക് കയറിപ്പോയി. കുമാരേട്ടന്‍ കാറില്‍ നിന്നിറങ്ങിയില്ല. കുറച്ചു നേരം കഴിഞ്ഞ് പുറത്തേക്കിറങ്ങി വന്ന  സതീശനും വേറെ മൂന്നു പേരും കെട്ടിടത്തിന്‍റെ ഉമ്മറത്ത്‌ നിന്നു സംസാരിക്കുന്നത് കുമാരേട്ടന് കാണാം. സംസാരത്തിനിടയില്‍ ഇടക്കിടെ അവര്‍ കാറിനു നേരെ നോക്കുന്നുമുണ്ട്. ഒടുവിൽ എല്ലാവർക്കും കൈ കൊടുത്ത് പിരിഞ്ഞ ശേഷം സതീശന്‍ കാറിനരികിലേക്ക് വന്നു.

"ഒരുവിധം പറഞ്ഞൊറപ്പിച്ചിണ്ട്. ദിവസം ഒരായിരം ഉറുപ്പ്യ കിട്ടും. എന്താ പോരെ?"

കുമാരേട്ടൻ ഇരിക്കുന്ന വശത്തെ ജനാലയിലേക്ക്  സതീശൻ മുഖം അടുപ്പിച്ചു. 

"ഓ...മതി...മതി. പക്ഷെല്  സതീശാ, ദെവസം എത്ര കിലോമീറ്റെറോടും എത്ര ഡീസല് കത്തുമെന്നൊക്കെയറിയാണ്ടേ ആയിരത്തിനങ്ങോറപ്പിച്ചാ ശെര്യാവ്വോ?"

"ഓഹ്...ഇന്‍റെ മാമാ...ഇങ്ങളെ ഈ മുടിഞ്ഞ സംശയോന്ന് നിര്‍ത്ത്വോ. എല്ലാ ചെലവും കയ്ഞ്ഞിട്ടാ ആയിരം പറഞ്ഞേ. ഇപ്പൊ ഇങ്ങക്ക് സമാധാനായോ? "

കുമാരേട്ടന്‍റെ മുഖം തെളിഞ്ഞു.

"ഇങ്ങളിപ്പോ തല്‍ക്കാലം ആ മുറീല് പോയി ഇരുന്നോളി. ഇനിക്ക് കൊറച്ച് പണീം കൂടെണ്ട്"

സതീശന്‍ കാണിച്ച മുറിയിലേക്ക് അയാൾ കയറി. അരണ്ട വെട്ടം മാത്രമുള്ള മുറി നിറയെ കൂട്ടിയിട്ടിരിക്കുന്ന തോരണങ്ങളും മുളയുമെല്ലാമായി ആകെ അലങ്കോലപ്പെട്ട് കിടക്കുന്നു. ഒഴിഞ്ഞ ഒരു മൂലയില്‍ ബാഗ്‌ കൊണ്ട് പോയി വെച്ച് അയാൾ ചുവരിലേക്ക് ചാരി ഇരുന്നു.

ഉണര്‍ന്നപ്പോള്‍ നേരം നന്നായി വെളുത്തിരുന്നു. മുറിയില്‍ സതീശനെ കണ്ടില്ല. പുറത്തിറങ്ങി നോക്കിയപ്പോള്‍  ഇന്നലെ നിര്‍ത്തിയിട്ടിടത്ത് കാറും കാണുന്നില്ല. ഭയം പിടി മുറുക്കി തുടങ്ങിയതോടെ അയാൾ മുറിയിൽ നിന്നിറങ്ങി നടന്നു. അപ്പോഴേക്കും ചുറ്റിലും തിരക്കായിരുന്നു. സതീശനെയും കാറിനെയും പറ്റി പലരോടും അന്വേഷിച്ചെങ്കിലും മറുപടിയൊന്നും കിട്ടിയില്ല. കുറെ അലഞ്ഞതിന് ശേഷമാണ്  സതീശനുമായി തലേന്ന് സംസാരിച്ച് നിന്നവരില്‍ ഒരാളെ ആൾക്കൂട്ടത്തിൽ നിന്ന് തിരിച്ചറിഞ്ഞത്. ഏതോ വിദേശിയുമായി സംസാരിച്ചു കൊണ്ട് നില്‍ക്കുന്ന അയാള്‍ ആദ്യമൊന്നും കുമാരേട്ടനെ ശ്രദ്ധിച്ചതേയില്ല. പക്ഷെ കുമാരേട്ടൻ വിട്ടില്ല. ഒടുവിൽ സഹികെട്ട്, അന്വേഷണങ്ങള്‍ക്ക്‌ ചെവി നല്‍കിയ അയാള്‍ ചൂണ്ടിക്കാണിച്ചിടത്തേക്ക് കുമാരേട്ടന്‍ ഓടുകയായിരുന്നു. ആള്‍ക്കൂട്ടത്തെ വകഞ്ഞു മാറ്റി മുന്നിലെത്തിയ അയാള്‍ക്ക് തന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല.

നിലത്ത് നിന്നും അല്പമുയരത്തില്‍ കെട്ടിയ തറയിലാണ് കാറ് നിര്‍ത്തിയിരിക്കുന്നത്.  ഊരി മാറ്റിയ ചക്രങ്ങള്‍ നാലും കാറിനെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ മേൽക്കൂരയിൽ കെട്ടിത്തൂക്കിയിരിക്കുന്നു. ബോണറ്റ് തുറന്നു വെച്ചിട്ടുണ്ട്. കടും നിറത്തിലുള്ള ചായങ്ങളടിച്ച ബോഡിയിലാകെ എന്തൊക്കെയോ എഴുതിയും വരച്ചും വെച്ചിരുന്നു.  "OBSOLETE (കാലഹരണപ്പെട്ടത്)" എന്നെഴുതിയ തകര ബോർഡ് കണ്ണാടിയിൽ തൂക്കിയിട്ടുണ്ട്. 

അത് തന്‍റെ കാറ് തന്നെയാണോയെന്ന് ഒരിക്കല്‍ കൂടി ഉറപ്പ് വരുത്താനുള്ള ശക്തി ഇല്ലായിരുന്നു. വേച്ചു വേച്ചു തിരികെ നടക്കുമ്പോൾ  നെഞ്ചിനകത്തെന്തോ കൊളുത്തി വലിക്കുന്നത് പോലെ കുമാരേട്ടന്  തോന്നി. അയാൾ മണലിലേക്ക് കമിഴ്ന്നു വീണു. "മരണം" എന്ന ഇൻസ്റ്റലേഷന് ചുറ്റും ആളുകൾ  കൂടിത്തുടങ്ങി.

Monday, 10 February 2020

ഓവര്‍ ടൈം

(1)

ഓവര്‍ടൈം അലവന്‍സെന്ന് കേട്ടപ്പോള്‍ തന്നെ എല്ലാവനും കമിഴ്ന്നങ്ങ് വീണു; വര്‍ഗ്ഗബോധമില്ലാത്ത ശവങ്ങള്‍. അങ്ങനെ അവറ്റയെ മാത്രം തിന്നാൻ വിട്ട് മണ്ടനാവാന്‍ പറ്റില്ലല്ലോ. അത് കൊണ്ടെന്താ; വീടെത്തുമ്പോള്‍ പാതിരയാവും. മിക്കപ്പോഴും പാര്‍സല്‍ ചെയ്ത് വരുന്ന ഭക്ഷണം തുറന്നു പോലും നോക്കാതെ കിടക്കയിലേക്ക് വീഴുകയാണ് പതിവ്. കഴിഞ്ഞ ഒരാഴ്ച്ചയായി ഇതായിരുന്നു സ്ഥിതി. ഇന്നാണ് അൽപം നേരത്തെയെത്തിയത്.

ബാച്ചിലര്‍ ലൈഫിനോട് പൂർണ്ണമായി
നീതി പുലർത്തിക്കൊണ്ട്  പ്രവര്‍ത്തനരഹിതമായി കിടക്കുന്ന  അടുക്കളയിലേക്ക് അധികം കടക്കാറില്ല. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിൽ കൊണ്ട് തള്ളിയ പാർസൽ ഫുഡിന്‍റെ ഉളുമ്പ് നാറ്റമങ്ങ് ബെഡ്രൂം വരെ എത്തുന്നുണ്ട്. മൂക്ക് പൊത്തിപ്പിച്ച് അതെല്ലാം വാരിക്കൂട്ടി ഒരു പ്ലാസ്റ്റിക്‌ കവറിലാക്കി പുറത്തേക്കിറങ്ങി. റോഡിനിപ്പുറം നിന്നു കൊണ്ട് അപ്പുറത്തെ ചവറ്റു കൂമ്പാരം ലക്ഷ്യമാക്കി കവര്‍ വലിച്ചെറിഞ്ഞതും, ഇരുട്ടിൽ നിന്നും ചാടി വന്ന ഒരു പയ്യൻ, കവർ താഴെ വീഴുന്നതിന് മുന്‍പേ കൈക്കലാക്കി ശരം വിട്ട പോലെ പാഞ്ഞു പോയി; മൂന്നു നാല് തെരുവ് പട്ടികൾ കുരച്ചു കൊണ്ട് പുറകെയും.

തിരിഞ്ഞു നടക്കുമ്പോഴാണ് ഞാൻ അനീഷിനെ കണ്ടത്. നാട്ടിയതിന്റെ മൂന്നാം പക്കം കെട്ട് പോയ തെരുവ് വിളക്കിനടിയിലെ കലുങ്കിൽ മതിലിനോട് ചാരി ഇരിക്കുകയായിരുന്നു അവൻ. ചീറിപ്പാഞ്ഞു പോയ ട്രെക്കിന്‍റെ ഹെഡ്ലാമ്പ് ചീറ്റിയ വെള്ള വെളിച്ചത്തിൽ പകൽ വെട്ടത്തിലെന്ന പോലെ ഞാൻ അവനെ കണ്ടു.

"അനീ...."

വളരെ സാവധാനത്തിൽ എനിക്ക് നേരെ ഉയര്‍ന്ന തിളങ്ങുന്ന കണ്ണുകൾ ഉണ്ടായിരുന്ന ചെറിയ സംശയം പോലും ഇല്ലാതാക്കി. മുഷിഞ്ഞുലഞ്ഞ വേഷവും ചപ്രശ്ശ മുടിയും കുഴിയില്‍ പോയ കണ്ണുകളും ഒരുപാട് ചോദ്യങ്ങളെ നാക്കിൻ തുമ്പത്തേക്ക് തള്ളിക്കയറ്റി വിടുന്നുണ്ട്. എന്നാൽ  ഒന്നും ചോദിക്കാതെ  അവനേയും കൂട്ടി ഞാൻ ഫ്ലാറ്റിലേക്ക് നടന്നു.

കോളേജില്‍ എന്‍റെ ക്ലാസ്മേറ്റായിരുന്നു അനീഷ്‌. ഒരു ടിപ്പിക്കല്‍ ബുദ്ധിജീവി. പഠന വിഷയങ്ങളില്‍ ഒതുങ്ങി നില്‍ക്കാത്ത ഗഹനമായ വായനയും അറിവുമുള്ള അവന്‍ പഠനത്തോടൊപ്പം തന്നെ സിവില്‍ സര്‍വീസ് പരീക്ഷക്ക്‌ വേണ്ടിയും തയ്യാറെടുത്തിരുന്നു. അങ്ങനെ ഒരാളെ ഈ  അവസ്ഥയില്‍ കാണേണ്ടി വന്നത് എങ്ങനെയെന്ന് ഒരു പിടിയും കിട്ടുന്നില്ല. കാലം ചിലപ്പോഴൊക്കെ അങ്ങനെയാണല്ലോ; കണക്ക് കൂട്ടലുകൾ അപ്പാടെ തെറ്റിച്ച് നമ്മളെ വല്ലാതങ്ങ് കുഴക്കിക്കളയും

"ഡാ...നീ പോയി കുളിച്ചു ഫ്രഷായി വാ. ചേഞ്ച് ചെയ്യാനുള്ള ഡ്രസ്സ് ബെഡിലുണ്ട്"

അവൻ കുളിക്കാൻ കയറിയപ്പോൾ ഞാൻ ബാൽക്കണിയിലേക്ക് ചെന്നു. അനക്കമറ്റ് കറുത്ത് കിടക്കുന്ന കായലിനപ്പുറം വെളിച്ചത്തിന്റെ നേർരേഖ പോലെ വല്ലാർപ്പാടം ടെർമിനൽ കാണാം. മുഖത്തെ തഴുകി കടന്ന് പോകുന്ന തണുത്ത കാറ്റിന് പൂത്ത ഇലഞ്ഞിയുടെ ഗന്ധം. കീശയിൽ നിന്നും സിഗരറ്റെടുത്ത് കത്തിച്ചു.
                         -----------------
ഇലഞ്ഞി മരത്തണലായിരുന്നു ക്യാമ്പസിലെ സ്ഥിരം ഔട്ട്ഡോർ വേദി. അന്ന് പൂത്തുലഞ്ഞ ഇലഞ്ഞിക്ക് താഴെ നിന്നു കൊണ്ട് നടത്തിയ ഹ്രസ്വമായ പ്രസംഗത്തിന് ശേഷം പ്രതിഷേധ സമരപരിപാടി ഉദ്ഘാടനം ചെയ്തതായി ഞാൻ പ്രഖ്യാപിച്ചു. സ്വാശ്രയ കോളേജ് പ്രശ്നം കത്തി നില്‍ക്കുന്ന കാലം. പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്‍റെ പരിമിതികള്‍ക്കകത്ത് നിന്നു കൊണ്ട് നടത്തുന്ന മികവുറ്റ സംഘടനാ പ്രവര്‍ത്തനത്തിന്‍റെ പേരിലാണ് ആര്‍ട്ട്സ് കോളേജുകളിലെ തല മൂത്ത സഖാക്കളെ പോലും മറികടന്ന് ജില്ലാ കമ്മറ്റിയില്‍ സ്ഥാനം നേടിയത്. അതിനു ശേഷം ആദ്യമായി വന്ന സമരമാണ്. എന്ത് വില കൊടുത്തും അത് വിജയിപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍. ക്ലാസ്സുകളില്‍ കയറി ക്യാമ്പയിന്‍ നടത്തി കുട്ടികളെ ഇറക്കുന്നതിനിടയിലാണ് എന്‍റെ ക്ലാസ് വിട്ടിട്ടില്ല എന്നാരോ പറയുന്നത്. അതെനിക്ക് വല്ലാത്ത ക്ഷീണമായിരുന്നു.

എന്ത് വന്നാലും പരീക്ഷ അടുത്തെത്തി നില്‍ക്കുന്ന സമയത്ത് ക്ലാസ് വിട്ടിറങ്ങില്ല എന്ന നിലപാടിലാണ് അനീഷ്‌. എതിര്‍ സംഘടനക്കാര്‍ കൂടെ അവനൊപ്പം നിന്നതോടെ ആകെ ലഹളയായി. എന്‍റെ ഒരു തള്ളില്‍ അനീഷ്‌ ചെന്ന് വീണത് ഇരുമ്പ് ഡെസ്കിലാണ്. നെറ്റി മുറിഞ്ഞ് ചോരയൊഴുകി.
                          ----------------
"സഖാവ് കുറെക്കൊല്ലം പുറകിലെവിടെയോ ആണല്ലോ"

അവന്‍ അടുത്ത് വന്ന് നിന്നത് അറിഞ്ഞിരുന്നില്ല. നനഞ്ഞൊട്ടിയ നീളൻ മുടി  കോതിയൊതുക്കിയപ്പോൾ നെറ്റിയുടെ ഇടത് ഭാഗത്തെ നീണ്ട മുറിവടയാളം തെളിഞ്ഞു കണ്ടു.

എരിയുന്ന സിഗരറ്റ് അവൻ കൈയ്യെത്തിച്ച്  വാങ്ങിച്ചു.

"ഫുഡ് ഓർഡർ ചെയ്തിട്ടുണ്ട്. ഒരു പത്ത് മിനിട്ടോണ്ടെത്തും"

ഫോണിൽ സ്വിഗ്ഗി ഡെലിവറി പയ്യന്റെ ലൊക്കേഷൻ ട്രാക്ക് ചെയ്തു നോക്കി.

വളരെ സാവധാനം ഇരുളിലേക്ക് പുകയൂതി വിട്ടു കൊണ്ട് കൈവരിയിലേക്ക് ചാഞ്ഞുള്ള ആ നിൽപ്പ് കാണുമ്പോൾ തന്നെ അവൻ ഊളിയിടുന്ന ചിന്തകളുടെ ആഴം വ്യക്തമാണ്. അവൻ മുങ്ങി നിവരുന്നതും കാത്ത് ക്ഷമയോടെ നിന്നു. പ്രതീക്ഷിച്ചതിലും പത്ത് മിനിറ്റ് വൈകി വന്ന സ്വിഗ്ഗി പയ്യൻ  കാളിങ്ങ് ബെല്ലടിക്കുന്നത് വരെ ഞങ്ങൾ ആ നിൽപ്പ് തുടർന്നു.

ആരൊടൊക്കെയോ പക തീർക്കുന്നത് പോലെയാണ് അവൻ ഭക്ഷണം കഴിക്കുന്നത്. എന്തൊരു വേഗതയാണ്. ഞാൻ ശരിക്കൊന്ന് തുടങ്ങുമ്പോഴേക്കും അവൻ കഴിച്ചെണീറ്റു. ദിവസങ്ങൾ പഴക്കമുള്ള വിശപ്പ് അവന്റെ പാത്രത്തിൽ ചത്തു മലച്ച് കിടന്നിരുന്നു.

പാത്രങ്ങളെല്ലാം കഴുകി വെച്ച്  ചെല്ലുമ്പോള്‍ അവന്‍ ബാല്‍കണിയില്‍ കൈവരിയിലേക്ക് ചാഞ്ഞുള്ള ആ നിൽപ്പിൽ തന്നെയാണ്‌. അവനടുത്ത് ചെന്ന്  നിന്ന് ഒരു സിഗററ്റ് കത്തിച്ചു. മറ്റൊന്നിന് തീ പകർന്ന് അവന് നീട്ടി.

"നിനക്കെന്നോട് ചോദിക്കാൻ ഒരുപാട് ചോദ്യങ്ങളുണ്ടെന്നറിയാം. പക്ഷെ തൽക്കാലം നമ്മുക്ക് ചോദ്യോത്തര പംക്തി ഒഴിവാക്കാം. ക്യാമ്പസ് വിട്ട ശേഷം ഇന്ന് വരെയുള്ള എന്റെ കഥ ഞാന്‍ തീരെ ചുരുക്കി പറയാം. അതിൽ നിന്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങളുമുണ്ടാകും. എന്താ പോരേ...?"

ദൂരെ എവിടെയോ തറച്ച് വെച്ച നോട്ടം ഇളക്കാതെയാണ് അവൻ പറഞ്ഞത്. ഇരുട്ടിലേക്ക് തുടരെ രണ്ട് മൂന്ന് പുകയൂതി വിട്ട ശേഷം എന്റെ മറുപടിക്ക് കാക്കാതെ അവൻ പറഞ്ഞു തുടങ്ങി.

(2)

കോളേജ് വിട്ട ശേഷം അവന്‍ സ്വന്തം നാടായ കാസർഗോഡിനു പോകുന്നതിനു പകരം നേരെ എതിർദിശയിൽ തിരുവനന്തപുരത്തിന് വണ്ടി കയറി.  സിവില്‍ സര്‍വിസ് പഠനമായിരുന്നു ലക്ഷ്യം. ഉയര്‍ന്ന ജോലി, പദവി എന്നതിനപ്പുറം സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാനാകും എന്ന നിലയിൽ സിവിൽ സർവ്വീസ് മോഹം ചെറുപ്പം തൊട്ടേ കൊണ്ട് നടക്കുന്ന അവന്റെ കാഴ്ച്ചപ്പാട് തലസ്ഥാന നഗരിയിലെ ജീവിതം ആകപ്പാടെ മാറ്റി മറിച്ചു.

സോഷ്യോളജി ഐച്ഛികമായി എടുത്തതോടെയാണ് മാർക്സിയൻ സിദ്ധാന്തങ്ങൾ വായിച്ചു തുടങ്ങിയത്. അത് അവനിൽ വലിയ മാറ്റങ്ങളുണ്ടാക്കി. ലൈബ്രറിയിൽ ചെന്ന് മാർക്സിസം പ്രതിപാദിക്കുന്ന പുസ്തങ്ങൾ തിരഞ്ഞ് പിടിച്ചു വായിച്ചു തുടങ്ങി. പബ്ലിക് ലൈബ്രറിയിലെ സ്ഥിരം സന്ദർശകനായതോടെ അവിടെ നിന്നുണ്ടായ ചില ബന്ധങ്ങൾ വഴി പല കലാ-സാംസ്കാരിക-സാമൂഹിക സംഘടനകളുടേയും ഭാഗമായി. തലസ്ഥാന ജീവിതത്തിന്റെ  ഭാഗമായ പൊതുപരിപാടികൾ, ജനകീയ പ്രതിഷേധങ്ങൾ എന്നിവയിലൊക്കെ സജീവമായി പങ്കെടുക്കുമ്പോൾ അത് വരെ പുറത്ത് നിന്നു മാത്രം നോക്കിക്കണ്ട സമൂഹത്തെ അവൻ തൊട്ടറിയുകയായിരുന്നു.

ആയിടക്കാണ് എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികളേയും കൊണ്ട്  അമ്മമാർ സെക്രട്ടേറിയറ്റ് പടിക്കൽ സമരത്തിനെത്തിയത്. അക്കൂട്ടത്തില്‍ അവന്‍റെ നാട്ടില്‍ നിന്നുള്ള ചിലരുമുണ്ടായിരുന്നു.അങ്ങനെ മിക്ക  വൈകുന്നേരങ്ങളിലും അവൻ സമരപ്പന്തലിലെ സന്ദര്‍ശകനായി. വായിച്ചു തള്ളിയ കനപ്പെട്ട പുസ്തകങ്ങളില്‍ നിന്നും അറിയാത്തത് പലതും ആ പച്ച മനുഷ്യർ പഠിപ്പിച്ചു. ഒടുക്കം, ചാനലിലെ  അന്തിച്ചർച്ചക്ക് എടുക്കാൻ പോലും ഗ്ലാമറില്ലാതെ പോയ ആഴ്ച്ചകൾ നീണ്ട സമരം അവസാനിപ്പിച്ച്, തോൽക്കാനായി ജനിച്ചവര്‍ വീണ്ടുമൊരിക്കൽ കൂടി തോറ്റ് കൊടുത്ത്, നാട്ടിലേക്ക് വണ്ടി കയറി. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ അധികാര കസേരകളേക്കാൾ യോജിച്ച ഇടം ജനമധ്യമാണെന്ന വലിയ പാഠം പഠിച്ചതോടെ പഠനം മതിയാക്കി അവനുമിറങ്ങി.

വയനാട്ടില്‍ അച്ഛന്റെ പേരിലുണ്ടായിരുന്ന കുറച്ചു നിലത്ത്  കൃഷിയിറക്കി. അവിടെ തന്നെ ചെറിയൊരു ഫാം ഹൌസ് കെട്ടിയുണ്ടാക്കി താമസം തുടങ്ങി. അതോടെ ആദിവാസികളുടേത് ഉൾപ്പടെ നാട്ടുകാരുടെ വിഷയങ്ങളില്‍ നേരിട്ട് ഇടപെട്ട് തുടങ്ങി. കർഷക ആത്മഹത്യകൾ സാധാരണമായ നാട്ടിൽ, ആളുകളെ സംഘടിപ്പിച്ച് ജപ്തി നടപടി തടഞ്ഞതിന്‍റെ പേരില്‍ അവൻ അറസ്റ്റ് ചെയ്യപ്പെട്ടു. മാധ്യമ വാർത്തകളെ തുടർന്നുണ്ടായ വമ്പിച്ച ജനകീയ പ്രതിഷേധം കാരണം പെട്ടെന്ന് തന്നെ വിട്ടയച്ചെങ്കിലും അവന്‍ പോലീസിന്‍റെ നോട്ടപ്പുള്ളിയായി. ഫാം ഹൌസില്‍ പല കാരണങ്ങൾ പറഞ്ഞ് പോലീസ് റെയ്ഡ് പതിവായി. വലിയ പുസ്തക ശേഖരത്തിൽ മാർക്സിന്റെയും ഏംഗൽസിന്റെയും പുസ്തകങ്ങളുടെ ഇടയിൽ നിന്നും മാവോയുടേത് മാത്രം പോലീസുകാർ തപ്പിയെടുത്തു. വയനാടന്‍ കാടുകളില്‍ മാവോയിസ്റ്റ് വേട്ട സജീവമായ കാലമായിരുന്നു. പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടയാൾ  അവനോട് സംസാരിക്കുന്നത് കണ്ടതായുള്ള സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ അവന്‍ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. ബൈക്ക് നിർത്തി ചോദിച്ച ഒരാൾക്ക് വഴി പറഞ്ഞു കൊടുക്കുക മാത്രമാണ് ചെയ്തതെന്ന അവന്റെ മൊഴി കോടതി സ്വീകരിച്ചില്ല. എഞ്ചിനിയറിങ്ങ് ബിരുദധാരിയായ ഒരാൾ കൃഷിയുമായി ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്നതിൽ അസ്വാഭാവികത തോന്നുന്നത് ഇക്കാലത്ത് സ്വാഭാവികമാണല്ലോ. ജാമ്യമില്ലാ വകുപ്പ് പ്രകാരം അവനെ ജയിലിലടക്കാൻ ഉത്തരവായി.

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഹര്‍ജിയിന്മേല്‍ അവനെ വിട്ടയക്കാന്‍ മേല്‍ക്കോടതി ഉത്തരവ് വന്നത് കഴിഞ്ഞയാഴ്ചയാണ്. ജയിലില്‍ നിന്നിറങ്ങി നേരെ  പോയത് വയനാട്ടിലേക്കാണ്. പക്ഷെ മാവോയിസ്റ്റായി മുദ്ര കുത്തപ്പെട്ടതോടെ അവന്റെ ഫാം ഹൌസും കൃഷിയും മുഴുവനായി നശിപ്പിക്കപ്പെട്ടിരുന്നു. ഭയം കാരണം ആദിവാസികളും സഹകരിക്കാൻ തയ്യാറായില്ല. പിന്നെ അവൻ അവിടെ നിന്നില്ല.

ഈ നഗരത്തിൽ അവന്‍റെ ഒരു സുഹൃത്തുണ്ട്. തിരുവനന്തപുരത്ത് ഒന്നിച്ചുണ്ടായിരുന്നതാണ്. കുറെ കറങ്ങി ഒടുക്കം ഓഫീസ് കണ്ടു പിടിച്ചപ്പോഴാണ് അവൻ സ്ഥലം മാറ്റമായി ബാംഗ്ലൂർക്ക് പോയെന്നറിയുന്നത്. എന്ത് ചെയ്യണം എന്നറിയാതെ തളര്‍ന്നിരിക്കുമ്പോഴാണ്  ഞാൻ പ്രത്യക്ഷപ്പെട്ടത്.

(3)

പണ്ട് ആഗോള മുതലാളിത്തത്തിനെതിരെ കൊടി പിടിച്ച് നടന്ന ഞാൻ ഇപ്പോള്‍ മള്‍ട്ടി നാഷനല്‍ കമ്പനിക്ക് വേണ്ടി രാവും പകലും ജോലി ചെയ്യുന്നു. പഠന കാലത്ത് തന്നിലേക്ക് മാത്രം ഒതുങ്ങി നിന്ന അനീഷ്‌ ഇന്ന് മറ്റുള്ളവര്‍ക്കായി സ്വന്തം ജീവിതം തന്നെ മാറ്റി വെക്കുന്നു. ഉള്ളിലെവിടെയോ ഒരു വിങ്ങലനുഭവപ്പെട്ടു.

"ടാ...നിന്‍റെ ജോലി മാത്രം കണ്ടാ അവരീ വിവാഹത്തിനു സമ്മതം മൂളിയെ. അതോര്‍ത്തോ... പഠിക്കുന്ന കാലത്തെ പോലെ രാഷ്ട്രീയം കളിച്ചൊഴപ്പാൻ നിക്കണ്ട. പറഞ്ഞേക്കാം"

പ്രേമിച്ച പെണ്ണിന്‍റെ വീട്ടുകാരെ പറ്റിയാണ് അച്ഛന്റെ പരാമർശം.

ഐ.ടി. ജീവനക്കാർക്ക് വേണ്ടി ഔദ്യോഗികമായി ഒരു തൊഴിലാളി സംഘടന ഉണ്ടായത് അടുത്തിടെയാണ്. രൂപീകരണ സമ്മേളനത്തിന് ചെങ്കൊടി പിടിച്ചു നിൽക്കുന്ന ചിത്രം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതാണ് അച്ഛനെ ചൊടിപ്പിച്ചത്.

ശരിയാണ്. പഠനം കഴിഞ്ഞ് ഒരു വര്‍ഷം കൂടിയെടുത്താണ് പേപ്പറുകള്‍ എഴുതി തീര്‍ത്തത്. സംഘടനാ പ്രവർത്തനത്തിന്റെ പേരിൽ ചാർത്തിക്കിട്ടിയ കേസും കൂട്ടവും തീരാൻ പിന്നെയും സമയമെടുത്തു. അതെല്ലാം കഴിഞ്ഞ ശേഷം കിട്ടിയതും പേരിനൊരു  ജോലിയാണ്. പിന്നെ കഠിന പ്രയത്നം ചെയ്താണ് സാമാന്യം നല്ലൊരു ജോലിയിലേക്ക് മാറാനായത്. അതിന് ശേഷമാണ്, ലോണെടുത്താണെങ്കിലും, ചുരുങ്ങിയ കാലം കൊണ്ട് കാറും ഈ ഒന്നര മുറി ഫ്ലാറ്റും സ്വന്തമാക്കാൻ സാധിച്ചത്.

ഞാൻ അനീഷിനെ നോക്കി. എന്റെ ബ്രാൻഡഡ് വസ്ത്രങ്ങൾക്കും അവന്റെ ശരീരത്തിന്റെ കെട്ട കോലം മറക്കാനാകുന്നില്ല. താനൊരാള്‍ വിചാരിച്ചാല്‍ ഈ ലോകം നന്നാവില്ല എന്ന തിരിച്ചറിവില്‍ സ്വന്തം ജീവിതം നന്നാക്കാനുള്ള തീരുമാനമെടുത്തതില്‍ അപ്പോഴെനിക്ക് വല്ലാത്ത അഭിമാനം തോന്നി.

"ഡാ..എനിക്കിപ്പോ നൈറ്റ് ഷിഫ്റ്റാ... ഇപ്പോത്തന്നെ ലേറ്റായി...അപ്പൊ നീ ഇറങ്ങല്ലേ...."

പുറത്തേക്കിറങ്ങിയ അവനു പിന്നില്‍  വാതില്‍ വലിച്ചടച്ച് അമേരിക്കൻ ക്ലയന്റിനു മുന്നില്‍ ഞാന്‍ ജനാല തുറന്നിട്ടു.
                        
(4)

അനീഷെന്ന മാവോയിസ്റ്റ് നേതാവ്  വയനാട്ടിൽ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട വാർത്ത കേൾക്കുന്നത് മാസങ്ങൾക്കപ്പുറമാണ്.

ഫേസ്ബുക്കിലെ പ്രൊഫൈൽ പിക് കറുപ്പ് നിറമാക്കിക്കൊണ്ട് ഭരണകൂടത്തിന്റെ ഫാസിസ്റ്റ് നടപടിയോടുള്ള പ്രതിഷേധം
ശക്തമായി തന്നെ രേഖപ്പെടുത്തി; ജനാധിപത്യ വിശ്വാസിയായി പോയില്ലേ. "പഴയ" സഖാക്കളുടെ വക ഇൻക്വിലാബും ലാൽ സലാമും കമന്റ് ബോക്സിൽ ചറപറ വന്ന് വീണു. ലൈക്കുകളുടേയും കമന്റുകളുടേയും എണ്ണത്തിൽ മനം നിറഞ്ഞ് സുഖമായി ഉറങ്ങി. പിറ്റേന്ന് എന്നെ തേടി വന്നവർ വാതിലിൽ മുട്ടുന്നത് വരെ ഞാൻ ആ സുഖ നിദ്ര തുടർന്നു

Saturday, 8 February 2020

സമൻസ്

ബാംഗ്ലൂരിലെ ഒരാഴ്ച്ച നീണ്ട ഇന്‍റർവ്യൂ മഹാമഹം കഴിഞ്ഞ് ഇന്ന് പുലർച്ചെയാണ് അവൻ തിരികെ വീട്ടിലെത്തിയത്. എഞ്ചിനീയറിങ്ങ് പഠനം കഴിഞ്ഞ് വർഷം നാല് കഴിഞ്ഞിട്ടും കൊള്ളാവുന്ന ജോലിയൊന്നും തരമാകാത്തത് കൊണ്ട് ഈ ബാംഗ്ലൂർ യാത്ര മാസം തോറുമുള്ള ഒരു ചടങ്ങാണ്.

നാലാം സെമസ്റ്ററിൽ തന്നെ ക്യാമ്പസ് സെലക്ഷൻ എന്ന സൂപ്പർ ലോട്ടോ അടിച്ച് കൂട്ടുകാരുടേയും വീട്ടുകാരുടേയും കണ്ണു തളളിച്ചവനാണ് നമ്മുടെ കഥാനായകൻ.  തൃശ്ശൂരിലെ എൻട്രൻസ് കോച്ചിങ്ങിന്റെ ഹാങ്ങാേവറിൽ ആദ്യ രണ്ട് സെമസ്റ്ററുകൾ 'നല്ല കുട്ടിയായി' പഠിച്ച് പരീക്ഷ പാസായതിന്‍റെ ഗുണം. എന്നാൽ അവനെ "പ്ലേസ്" ചെയ്ത സത്യം കമ്പനി പൂട്ടിപ്പോയതും സാമ്പത്തിക മാന്ദ്യത്തിന്റെ പേരും പറഞ്ഞ് ഭൂരിപക്ഷം കമ്പനികളും ക്യാമ്പസിലേക്ക് തിരിഞ്ഞു നോക്കാതിരുന്നതും വിധി വൈപരിത്യം എന്നല്ലാതെന്ത് പറയാൻ!!! ഇനി വന്നു പോയ ചുരുക്കം ചില കമ്പനികളാണെങ്കിൽ സപ്ലിക്കടലിൽ നീന്തിത്തുടിക്കുന്നവരെ ശല്യപ്പെടുത്താൻ മിനക്കെട്ടതുമില്ല. കോഴ്സ് കഴിഞ്ഞ് ഒരു വർഷം കൂടി എടുത്താണ് പരീക്ഷകളൊക്കെ എഴുതി ജയിച്ചത്. ആ സർട്ടിഫിക്കറ്റിന്‍റെ  ബലത്തിലാണ് പട്ടണത്തിലെ ഒരു സോഫ്റ്റ് വെയർ കമ്പനിയിൽ ചേര്‍ന്നത്. പേരിൽ ഐ.ടി. തൊഴിലാളിയാണെങ്കിലും  നാട്ടിലെ കൂലിത്തൊഴിലാളിക്ക് കിട്ടുന്നതിന്‍റെ  പാതി  പോലും ശമ്പളമായി കിട്ടുന്നില്ല എന്ന ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യത്തെ പറ്റി ബോധവാനാകുമ്പോഴൊക്കെ മികച്ചാെരു ജോലി തേടി അവൻ ബാംഗ്ലൂർക്ക് വണ്ടി കയറും. രഘുവണ്ണനാണ് അവന്റെ  ഇത്തരം യാത്രകളുടെയെല്ലാം സ്പോൺസർ. 

രഘുവണ്ണൻ കോളേജിൽ അവന്‍റെ  സീനിയറും വഴികാട്ടിയുമായിരുന്നു; സർവ്വോപരി നാട്ടുകാരനും. ക്യാമ്പസ് സെലക്ഷൻ വഴി എണ്ണം പറഞ്ഞ ഐ.ടി. ജോലി നേടി ബാംഗ്ലൂരെത്തിയ അയാൾ നിലവിൽ തിരക്കുള്ള യൂബർ ടാക്സി ഡ്രൈവറാണ്. ജോലി ചെയ്തിരുന്ന കമ്പനി രഘുവണ്ണനെ ഉപേക്ഷിച്ചതാണെന്നും രഘുവണ്ണൻ കമ്പനിയെ ഉപേക്ഷിച്ചതാണെന്നും ഇരുപക്ഷമുള്ളതിൽ അവന് വിശ്വാസം രണ്ടാമത്തേതാണ്. ബാംഗ്ലൂരിനെ എഞ്ചിനീയർമാരുടെ പറുദീസയെന്നാണ് രഘുവണ്ണൻ വിശേഷിപ്പിക്കുന്നത്. അത് കൊണ്ടാണ്, കുറച്ച് കാത്തിരിക്കേണ്ടി വന്നാലും ബാംഗ്ലൂരിൽ തന്നെ അവന് നല്ലൊരു ജോലി കണ്ടെത്താനാകുമെന്ന് അയാൾ ഉറപ്പ് പറയുന്നത്. 

"നീ നോക്കിക്കോ... അടുത്ത തവണ ഉറപ്പായും കിട്ടും" എന്ന പതിവ് 'ഉറപ്പ് ' നൽകിയാണ്  ഇത്തവണയും രഘുവണ്ണൻ അവനെ വണ്ടി കയറ്റി വിട്ടത്.
കൈയ്യിലുള്ള RAC ടിക്കറ്റ് കൺഫേം ആകുമെന്ന പ്രതീക്ഷ തെറ്റിയതാേടെ ബർത്തിന്‍റെ  പാതി അവകാശിയായ തടിയന്‍റെ  കൂർക്കം വലിയും സഹിച്ച് ഒരു മൂലക്ക് ഒതുങ്ങിക്കൂടേണ്ടി വന്നു. വീട്ടിലെത്തി വേഷം പോലും മാറ്റാൻ നിൽക്കാതെ കിടക്കയിലേക്ക് വീണതാണ്.

യാത്രാക്ഷീണം ഉറങ്ങിത്തീർക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നതിനിടയിലാണ് തലയണക്കടിയിൽ കിടന്ന് മൊബൈൽ കരഞ്ഞ് ബഹളം വെക്കുന്നത്. 

'നാശം പിടിക്കാൻ.....അമ്മയാണ്.'

കലശലായ മുട്ടു വേദന കാരണം പടികൾ കയറാൻ പറ്റാത്തതിനാൽ എന്തെങ്കിലും കാര്യത്തിന് ഫോണിൽ വിളിക്കുകയാണ് അമ്മയുടെ പതിവ്. താഴെ നിന്ന് എത്ര തന്നെ ഉച്ചത്തിൽ വിളിച്ചാലും വാതിലടച്ച് ചെവിയിൽ ഇയർഫോണും തിരുകിയിരിക്കുന്ന അവൻ കേൾക്കാൻ പോകുന്നില്ല എന്ന് അവർക്കറിയാം.

"എന്താ...?"

ശബ്ദത്തിൽ പരമാവധി രൂക്ഷത വരുത്തിയാണ് ചോദിച്ചത്.

"മോനേ... പോസ്റ്റ്മേൻ വന്നിട്ടുണ്ട്. മോനെന്തോ റജിസ്ട്രേടുണ്ടത്രേ." 

"റജിസ്ട്രേടോ...?"

"ആ... എന്തോ സമൻസെന്നോറ്റോ പറഞ്ഞു...നെന്റെ കൈയ്യിലേ തരൂത്രേ."

ദൈവമേ സീമെൻസോ!!! 

മനസ്സിൽ അഞ്ചാറു ലഡ്ഡുകൾ ഒരുമിച്ച് പൊട്ടിയതോടെ ഉറക്കം പമ്പ കടന്നു.  കണ്ണാടിക്കു മുമ്പിൽ നിന്ന് മുടി ചീകി നേരെയാക്കുമ്പോൾ സീമെൻസിനെ സമൻസാക്കിയ അമ്മയുടെ വിവരക്കേടോർത്ത് അവന് ചിരി പൊട്ടി.   രഘുവണ്ണന്റെ ഉപദേശ പ്രകാരം ലിങ്ക്ഡിന്നിലും നൗക്രിയിലുമെല്ലാം കണ്ണിൽ കണ്ട ജോലികൾക്ക് അപേക്ഷിച്ചതിന് ഗുണമുണ്ടായല്ലോ എന്നോർത്ത് കൊണ്ട് അവൻ പടികൾ ഓടിയിറങ്ങി.

"സമൻസ്‌ കൈപ്പറ്റാൻ ചാടിത്തുള്ളി വരണ ഒരാളെ  കാണുന്നത് ഇതാദ്യാ... കലികാലം"

പടിയിറങ്ങിപ്പോകുന്ന മധ്യവയസ്കൻ പോസ്റ്റ്മേൻ പിറുപിറുത്തു.
 
അവന്റെ വിറക്കുന്ന കൈകളിൽ നിന്നും കടലാസ് താഴെ വീണു.

"എന്താ മോനേ... ജോലി ശര്യായോ?"

വാതിൽക്കൽ അമ്മയുടെ പ്രതീക്ഷ തുളുമ്പുന്ന മുഖം. മറുപടി നൽകാതെ തറയിൽ കിടന്ന കടലാസ് വാരിയെടുത്ത് ഓടി മുറിയിൽ കയറി കതകടച്ചു.

മൂന്നാമത്തെ ശ്രമത്തിലാണ് കാൾ അറ്റൻഡ് ചെയ്തത്.

"എന്താടാ ...? "

അപ്പുറത്ത് രഘുവണ്ണന്‍റെ  ഉറക്കച്ചടവുള്ള ശബ്ദം.

"അണ്ണാ........അണ്ണാ....."

വാക്കുകൾ കിട്ടാതെ അവൻ തപ്പിത്തടഞ്ഞു.

"നീ കാര്യം പറയെടാ... "

"എനിക്കൊരു സമൻസ് വന്നിട്ടുണ്ട്...."

അവൻ പറഞ്ഞൊപ്പിച്ചു.

"ഏഹ്...സമൻസോ ?? എന്തിന്?"

''എന്തോ... എനിക്കൊന്ന്വറിയില്ലണ്ണാ. ഏതോ സെക്ഷനൊക്കെ എഴുതിട്ടുണ്ട്.  ഒലവക്കോട് സ്റ്റേഷനിൽ ഹാജരാവണം"

"നീ ഒരു കാര്യം ചെയ്യ്. അറിയാവുന്ന ആരെയേലും അതൊന്ന് കാണിക്ക്. വകുപ്പ് ഏതാന്നറിയാലോ."

"വേണ്ട...വേണ്ട...എനിക്കാരേം വിശ്വാസമില്ല. അച്ഛനെങ്ങാൻ അറിഞ്ഞാൽ... " അവന്‍റെ  ശബ്ദമിടറി.

"നീ ഇങ്ങനെ പേടിക്കല്ലടാ...ചിലപ്പോ ആള് മാറിയതാവും. നമ്മുക്കെന്തായാലും പോയി നോക്കാം. നാളെ എനിക്കൊഴിവില്ല. മറ്റന്നാൾ രാവിലെ ഞാൻ പാലക്കാട്ടെത്താം. ഏതായാലും നീയതിന്‍റെ  പടമൊന്ന് വാട്ട്സാപ്പ് ചെയ്തേക്ക്."

കാലത്ത് ഒമ്പതരയോടെ അവർ ഒലവക്കോട്ടെ പോലീസ് സ്റ്റേഷനിലെത്തി. സമൻസ് കാണിച്ചപ്പോൾ രൂക്ഷമായൊന്ന് നോക്കിയിട്ട്  പോലീസുകാരൻ അതുമായി എസ്.ഐ.യുടെ മുറിയിലേക്ക് പോയി. അവർ മുറിയുടെ മൂലയിലേക്ക് ഒതുങ്ങി നിന്നു.

"അണ്ണൻ പറഞ്ഞ പോലെ ആള് മാറിയതാവാനേ സാധ്യതയുള്ളൂലേ?"

കാലിന്‍റെ  വിറയൽ നിയന്തിക്കാൻ വേണ്ടി, മഴവെള്ളം ഒലിച്ചിറങ്ങിയതിന്‍റെ  പാടുകളുള്ള ചുവരിലേക്ക് കൂടുതൽ ചേർന്ന് നിന്നു കൊണ്ട് കൊണ്ട് അവൻ ചോദിച്ചു.

"പിന്നല്ലാതെ. അതിൽ പറഞ്ഞ കുറ്റ്വൊന്നും നീ ചെയ്തില്ലല്ലോ. ആഹ് പിന്നെ.. കൊണ്ടോരാൻ പറഞ്ഞ ടിക്കറ്റെവിടെ..."

അവൻ പഴ്സിൽ നിന്നും നാലായി മടക്കിയ ടിക്കറ്റ് പുറത്തെടുത്തു.

"ഓ...ഓൺലൈൻ ബുക്കിങ്ങല്ലേ...IRCTC പ്രൊഫൈലീന്നാവും അവർക്ക് അഡ്രസ്സ് കിട്ടീത്."

ടിക്കറ്റിലൂടെ കണ്ണോടിച്ചു കൊണ്ട് രഘുവണ്ണൻ പറഞ്ഞു.

നേരത്തെ കണ്ട പോലീസുകാരൻ വാതിൽക്കൽ വന്ന് അകത്തേക്ക് വിളിച്ചു.

"നിങ്ങളിവിടെ നിന്നാ മതി"

രഘുവണ്ണനെ അയാൾ വാതിൽക്കൽ തടഞ്ഞു. അവൻ മടിച്ചു മടിച്ചു അകത്തേക്ക് കയറി. 

"നിന്നെ എന്തിനാ വിളിപ്പിച്ചതെന്ന് മനസ്സിലായില്ലേ?"

 എസ്.ഐ.യുടെ  തമിഴ്ച്ചുവയുള്ള മലയാളം ആ ചെറിയ മുറിയിൽ വല്ലാത്ത മുഴക്കം സൃഷ്ടിച്ചു.

''ഇല്ല..."

ദീർഘമായി ശ്വാസമെടുത്ത് വളരെ പതുക്കെയാണ് അവൻ മറുപടി നൽകിയത്.

"ഇല്ലേ..??"

കസേരയിൽ നിന്നും ചാടിയെഴുന്നേറ്റ് അയാൾ അവനു നേരെ ചെന്നു. ആറടിയിലേറെ പൊക്കവും അതിനൊത്ത തടിയുമുള്ള ആജാനുഭാഹു അവന് മുന്നിൽ ചെന്ന് നിവർന്നു നിന്നു.

"ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയ്യതി ഈ ടിക്കറ്റിൽ എസ് 4 കമ്പാർട്ട്മെന്റിലെ ബെർത്ത് നമ്പർ 41 ൽ പാലക്കാട്ട് നിന്നും ബാംഗ്ലൂരിലേക്ക് യാത്ര ചെയ്തത് നീയല്ലേടാ?"

അയാൾ കൈയ്യിലെ ടിക്കറ്റിന്‍റെ  പ്രിന്റ് ഉയർത്തി കാട്ടി

"അ...അതേ..."

"അപ്പോപ്പിന്നെ, ഓപ്പോസിറ്റ് ബെർത്തിൽ കിടന്നുറങ്ങുന്ന സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ അവർ ബഹളം വെച്ചപ്പോൾ ഓടി രക്ഷപ്പെട്ടതാരാടാ നായേ...നിന്‍റച്ഛനോ? "

വലത് കരണം പുകയുന്നതിനിടയിൽ   അവന്റെ മനസ്സ് ഓർമ്മകളുടെ ട്രാക്കിലൂടെ പുറകോട്ട് പാഞ്ഞു.

ഏതാണ്ട് ഒരു മണിക്കൂറോളം വൈകിയാണ് അന്ന് ട്രെയിൻ പാലക്കാടെത്തിയത്.  ലൈറ്റണച്ച് ആളുകൾ കിടന്നു കഴിഞ്ഞിരുന്നു. മൊബൈൽ ടോർച്ചിന്‍റെ  വെട്ടത്തിൽ ബെർത്ത് കണ്ടുപിടിച്ച് ചെന്നപ്പോൾ അവിടെ ഒരാൾ കിടന്നുറങ്ങുന്നു. മൊബൈലിൽ സേവ് ചെയ്ത ടിക്കറ്റ് നോക്കി ഒന്നു കൂടെ ഉറപ്പ് വരുത്തി. അതെ S4-41 ലോവർ ബർത്ത് തന്നെ. ലൈറ്റ് ഓണ്‍ ചെയ്ത് അയാളെ പതുക്കെ തട്ടിയുണർത്തി. ചെറുപ്പക്കാരനാണ്.

''ചേട്ടാ ഇതെന്‍റെ  ബെർത്താണ്."

"ഓ.. സോറി.. "

അയാൾ പതിയെ എണീറ്റിരുന്നു.

'' നോക്കു..എന്‍റെ അമ്മയാണ് "

അയാൾ അടുത്ത ബർത്തിൽ കിടന്നുറങ്ങുന്ന മധ്യവയസ്കയെ ചൂണ്ടി കാണിച്ചു.

"അമ്മയ്ക്ക് ഒറ്റക്ക് കിടക്കാൻ പേടിയാണ്. എന്‍റെ  ബർത്ത് S7 ലുണ്ട്..33. ലോവർ തന്നെയാണ്. ബുദ്ധിമുട്ടില്ലെങ്കിൽ അങ്ങോട്ടേക്ക് മാറാമോ?"

അയാൾ ചോദിച്ചു.

ടി.ടി.ഇ.യെ കാണാനും സീറ്റ് മാറുന്നത് പറയാനും അയാളും ഒപ്പം ചെന്നു.  ഇടത്തേ തോളിനും ചെവിക്കുമിടയിൽ തിരുകി വെച്ച മൊബൈലിൽ സല്ലപിച്ചു കൊണ്ട് ടി.ടി.ഇ. ടിക്കറ്റ് ചെക്ക് ചെയ്തു കൊടുത്തു. S7 ൽ ചെന്ന് അവന് ബെർത്ത് കാണിച്ചു കൊടുത്താണ് ചെറുപ്പക്കാരൻ മടങ്ങിയത്‌.

"എന്തിനാ വിളിപ്പിച്ചേന്ന് ഇപ്പോ നെനക്ക് മനസ്സിലായോടാ..."

എസ്.ഐ.യുടെ മുഴങ്ങുന്ന ശബ്ദം അവന്റെ കണ്ണുകളിൽ ഇരുട്ട് നിറച്ചു.