Sunday, 2 February 2020

മകൾ

ഒരു ബന്ധുവിനെ കാണാനാണ് അയാൾ ആശുപത്രിയിലെത്തിയത്. ബന്ധുവെന്ന് ഒഴുക്കൻ മട്ടിലങ്ങ് പറഞ്ഞാൽ മതിയാവില്ല. ബന്ധം അൽപസ്വൽപം വളഞ്ഞതാണെങ്കിലും ആശുപത്രിയിൽ കിടക്കുന്നത് വകയിൽ അയാളുടെ അമ്മാവനാണ്. 

- നെഞ്ച് വേദന കഠിനമായതിനെ തുടർന്നാണ് കഴിഞ്ഞ രാത്രിയിൽ അമ്മാവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
- ഗുരുതരമായ പ്രശ്നങ്ങളൊന്നുമില്ലെങ്കിലും കുറച്ച് നാളത്തെ ആശുപത്രി വാസം വേണ്ടി വരും.
- ആസ്ത്രേലിയയിൽ വേരുറപ്പിച്ചിട്ടുള്ള ഏക മകളുടെ സുഹൃത്തിന്റെതാണ് ആശുപത്രി. 
 
വാട്ട്സാപ്പിലെ വിവിധ കുടുംബ ഗ്രൂപ്പുകളിൽ നിന്നുമാണ്  ഇത്രയും വിവരങ്ങൾ അമ്മ സംഘടിപ്പിച്ചത്.

''കൊച്ചൊന്നും അടുത്തില്ലാത്തതല്ലേ  നീയൊന്ന് പോയി ചേട്ടനെ കണ്ടേച്ചും വാ"

മക്കളേയും കൂട്ടി ഭാര്യ കൂട്ടുകാരിയുടെ മകളുടെ വിവാഹത്തിന് പോയതോടെ തനിക്ക് മാത്രമായി കിട്ടിയ ഞായറാഴ്ച്ചയെ എങ്ങനെ പിച്ചിച്ചീന്താമെന്ന ചിന്തയുടെ കടക്കലാണ് അമ്മ കത്തി വെച്ചത്. മുഖത്തെ നിഷേധ ഭാവം വായിച്ചെടുത്താവണം, കോളേജ് പഠനകാലത്ത് അമ്മാവൻ  ചെയ്ത സാമ്പത്തിക സഹായങ്ങളുടെ കണക്കു പുസ്തകം അമ്മ തുറന്നത്. ചരിത്രത്തെ കൂടുതൽ കീറി മുറിക്കാൻ വിടാതെ അയാൾ ആശുപത്രിയിലേക്കിറങ്ങി.

രണ്ടാമത്തെ തട്ടിന്, ഒരു പെൺകുട്ടി വന്ന് വാതിൽ തുറന്നു; സഹായത്തിന് നിർത്തിയതാവണം. അമ്മാവൻ  നല്ല ഉറക്കത്തിലാണ്. വായിച്ചു കൊണ്ടിരുന്ന മാസിക മടക്കി വെച്ച് കട്ടിലിന്റെ കാലിനോട് ചേർത്തിട്ടിരിക്കുന്ന കസേരയിൽ നിന്നും അമ്മായി പതുക്കെ എഴുന്നേറ്റു. തമ്മിൽ കണ്ടിട്ട് വർഷങ്ങളായെങ്കിലും അയാളെ പെട്ടെന്ന് തന്നെ അവർ തിരിച്ചറിഞ്ഞു. സ്വയം പരിചയപ്പെടുത്തൽ ഒഴിവായതിന്റെ ആശ്വാസത്തിൽ അയാൾ എതിർ വശത്തെ സോഫയിലമർന്നു.

സംസാരിക്കുന്നതിനിടയിൽ മുറിയിലാകെ ഒന്ന് കണ്ണോടിച്ചു. സാമാന്യത്തിലധികം വലിപ്പമുള്ള മുറി ഒരു ഹോട്ടൽ റൂമിനെ പോലെയുണ്ട്. നല്ല കാറ്റും വെളിച്ചവും. ആശുപത്രിയുടെ തനതായ രൂക്ഷഗന്ധം ഒട്ടുമില്ല. മകളുടെ സുഹൃത്തിന്റെ ആശുപത്രിയിൽ അമ്മാവന് ലഭിക്കുന്ന പ്രത്യേക പരിഗണന മുറിയുടെ അന്തരീക്ഷത്തിൽ നിന്ന് തന്നെ മനസിലാക്കാം.

അരികിലെ മേശയിൽ വെച്ച പഴക്കൂട കണ്ണിൽപ്പെട്ടതും കൈയ്യും വീശിയാണല്ലോ താൻ വന്നത് എന്നോർത്ത് അയാൾക്ക് ചെറുതല്ലാത്ത ജാള്യത തോന്നി. അമ്മാവൻ ഇനിയുമുണർന്നിട്ടില്ല. അൽപ നേരമിരുന്ന ശേഷം യാത്ര പറഞ്ഞിറങ്ങാൻ തുടങ്ങിയതാണ്. അപ്പോഴാണ് വാതിൽ തുറന്ന് ഡോക്ടർ അകത്തേക്ക് വന്നത്.  ഡോക്ടർ പൾസ് നോക്കുമ്പോഴും ഒപ്പമുള്ള നഴ്സ് ഡ്രിപ്പിന്റെയും മൂത്രത്തിന്റെയും അളവുമെടുക്കുമ്പോഴുമൊക്കെ അമ്മാവൻ നല്ല ഉറക്കത്തിൽ തന്നെയായിരുന്നു. അമ്മാവന്റെ നിലവിലെ ആരോഗ്യസ്ഥിതിയെ പറ്റി ചില കാര്യങ്ങൾ  പറഞ്ഞ ശേഷം ഡോക്ടർ ധൃതിയിൽ പുറത്തേക്കിറങ്ങി.  ആർക്കെന്നില്ലാതെ നഴ്സ് നീട്ടിയ കുറിപ്പടിയും വാങ്ങി അയാൾ താഴെ നിലയിലുള്ള ഫാർമസിയിലേക്ക് ലിഫ്റ്റിലിറങ്ങി.

ഫാർമസിയിൽ വലിയ തിരക്കില്ലായിരുന്നു. പ്രിസ്ക്രിപ്ഷൻ പ്രകാരമുള്ള മരുന്നുകൾ എടുത്ത് വെച്ച ശേഷം ക്യാഷ് കൗണ്ടറിലേക്ക് ചെല്ലാൻ ഫാർമസിസ്റ്റ് പറഞ്ഞു. കൗണ്ടറിന് മുന്നിൽ ഒരു യുവതിയുണ്ട്. നിറം മങ്ങിയ അയഞ്ഞ ചുരിദാറിട്ട അവളുടെ പുറകിലായി അയാൾ ചെന്ന് നിന്നു. വാരി വലിച്ച് ഉയർത്തിക്കെട്ടിയ മുടി അനാവൃതമാക്കിയ പിൻകഴുത്തിൽ, കറുത്ത ചരടിന് ചുറ്റുമായി ചെളി അടിഞ്ഞ് കിടക്കുന്നത് കാണാം. സുഗന്ധലേപനത്തിന്റെ കലർപ്പില്ലാത്ത നല്ല വിയർപ്പ് നാറ്റമടിക്കുന്നുണ്ട്. അയാൾ രണ്ടടി പുറകോട്ട് നിന്നു. പണമടച്ച് മരുന്നുകൾ കൈയ്യിൽ കിട്ടിയിട്ടും യുവതി കൗണ്ടറിന് മുന്നിൽ നിന്നും മാറുന്നില്ല. മരുന്നുകൾ ഓരോന്നും ബില്ലുമായി ചേർത്ത് വെച്ച് നോക്കുകയാണ്. ഇടയിൽ ഒരോ മരുന്നെടുത്ത് അതിന്റെ വിലയിലെ സംശയം തീർക്കുന്നുമുണ്ട്. പല്ലിറുമ്മിയാണ് കൗണ്ടറിലെ പെൺകുട്ടി മറുപടി നൽകുന്നത്. പക്ഷെ അതൊന്നും ആ യുവതി ഗൗനിക്കുന്നതായേ തോന്നിയില്ല. പല നിറത്തിലുള്ള പ്ലാസ്റ്റിക്  വളകളിട്ട കൈകൾ ഉയർത്തിപ്പിടിച്ച് വിരലുകൾ ഒന്നൊന്നായി മടക്കി അവൾ കണക്ക് കൂട്ടുകയാണ്.

"ചേച്ചിയൊന്നങ്ങോട്ട് മാറി നിന്നേ.... പുറകിലാളുണ്ട്."
കൗണ്ടറിലെ പെൺകുട്ടിക്ക് ക്ഷമ നശിച്ചു.

'പുറകിലെ ആ 'ആൾ' താനാണെന്ന അറിവ് അയാളെ പരിഭ്രമിപ്പിച്ചു. യുവതി തിരിഞ്ഞു നിന്ന് വല്ലതും പറയുമോ എന്ന ഭയമുണ്ടായിരുന്നു. ഒന്നുമുണ്ടായില്ല. മിണ്ടാതെ, തലയുയർത്തുക പോലും ചെയ്യാതെ ഒരരികിലേക്ക് നീങ്ങി നിന്ന് അവൾ കണക്ക് കൂട്ടൽ തുടർന്നു.

''ഇതെന്തിനാ...."

നാലഞ്ച് വിക്സ് മിഠായികൾ കൗണ്ടറിന് മുന്നിലേക്ക് നീക്കി വെച്ചാണ് അവളുടെ ചോദ്യം.

"ചില്ലറയില്ല"

മുഖയുയർത്താതെയാണ്  പെൺകുട്ടി മറുപടി നൽകിയത്.

"എനിക്കിത് വേണ്ട. ബാക്കി അഞ്ച് രൂപ തന്നേ"

യുവതിയുടെ ഭാവവും ശബ്ദത്തിലെ ദൃഢതയും തിരിച്ചറിഞ്ഞാവണം, എന്തൊക്കെയോ പിറുപിറുത്ത് കൊണ്ട്, പെൺകുട്ടി അഞ്ച് രൂപ നാണയമെടുത്ത് കൗണ്ടറിന് മുന്നിലേക്കിട്ടു കൊടുത്തു. അത് ഉരുണ്ട് താഴേക്ക് വീഴുകയും ചെയ്തു. മരുന്നുമായി അയാൾ തിരികെ പോകുമ്പോഴും യുവതി കുനിഞ്ഞ് നിന്ന് നാണയം തിരയുകയായിരുന്നു.

ഒരാഴ്ച്ച കഴിഞ്ഞ്, ഉച്ചഭക്ഷണത്തിനായി ഓഫീസ് കാന്റീനിലിരിക്കുമ്പോഴാണ്  അയാളുടെ ഫോണിലേക്ക് ഒരു വിദേശ നമ്പറിൽ നിന്നും കാൾ വരുന്നത്. അത്തരം കാളുകൾ സ്വീകരിച്ചാൽ പോലും ബാങ്ക് അക്കൗണ്ടിലെ കാശ് പോകുമെന്ന അറിവ് വെച്ച് രണ്ട് തവണ അയാൾ കട്ട് ചെയ്തതാണ്. പക്ഷെ വീണ്ടും വന്നപ്പോൾ സീകരിക്കാതിരിക്കാനായില്ല. 

"ധനേട്ടൻ തിരക്കിലാണോ....?"

ധനേട്ടൻ എന്ന് തന്നെ വിളിക്കാറുള്ള ഭാര്യയുടേയും സഹോദരിമാരുടേതുമല്ലാത്ത സ്ത്രീശബ്ദം അയാളെ കുഴക്കി.

''ഞാൻ പവിത്രയാണ്....ശേഖരൻ മാമേടെ...."

അയാൾ ആശുപത്രിയിൽ ചെന്ന് കണ്ട വകയിലെ അമ്മാവനാണ് ശേഖരമ്മാമ. പവിത്ര അദ്ദേഹത്തിന്റെ ഏക മകളാണ്. ഒരേ കലാലയത്തിൽ പഠിക്കുന്ന കാലത്ത് നാണക്കേട് കാരണം ബന്ധുത്വം മറച്ച് പിടിച്ച് അകലം പാലിച്ചവൾ ഇപ്പോൾ അങ്ങ്  ആസ്ത്രേലിയയിൽ നിന്നും തന്റെ നമ്പർ തപ്പി പിടിച്ചു വിളിക്കുന്നതെന്തിനാവും? ചിന്തകളങ്ങനെ കാട് കയറുന്നതിനിടയിലാണ് അവൾ ചോദിച്ചതിന് മറുപടി നൽകിയില്ലല്ലോ എന്നോർത്തത്. 

''ഇല്ല തിരക്കില്ല...പറയൂ..."

"അച്ഛനെ കാണാൻ ചെന്നിരുന്ന കാര്യം അമ്മ ഇന്നലെ വിളിച്ചപ്പോ പറഞ്ഞിരുന്നു. വല്യ ആശ്വാസായി അമ്മക്ക്."

അയാളൊന്ന് മൂളുക മാത്രം ചെയ്തു.

"പ്രായമായ അച്ഛനുമമ്മേം തനിച്ചാക്കി ഇവിടിങ്ങനെ നിക്കുമ്പോ എന്തൊരു സമാധാനക്കേടാന്നറിയോ ധനേട്ടാ.  വയ്യാണ്ടായീന്നൊക്കെയറിയുമ്പോ..."

തൊണ്ട ഇടറുന്നുണ്ടോ??? അവൾ പണ്ടേ നല്ല നടിയാണ്. 

"ഇടക്കൊക്കെ വന്നൂടെ...അതിന് തക്ക ആസ്തീണ്ടല്ലോ."

അയാൾക്ക് ഒന്ന് കുത്താതിരിക്കാനായില്ല.

''ആഗ്രഹമില്ലാഞ്ഞിട്ടല്ല ഏട്ടാ. ഒക്കെ അവസാനിപ്പിച്ച് വരണന്ന്ണ്ട്. പക്ഷേല് ഒറ്റ ദിവസം കൊണ്ട് എല്ലാം ഇട്ടെറിഞ്ഞ് ഓടി വരാൻ പറ്റണ്ടെ. പിന്നെ അങ്ങോർക്കും കുട്ട്യോൾക്കും അത് കേക്ക്വേ വേണ്ട. ആഹ്...എന്റെ വിധി....!!"

അങ്ങയറ്റത്ത് ഒരു തേങ്ങൽ അയാൾ വ്യക്തമായി കേട്ടതാണ്.

"ആഹ്...അതൊക്കെ പോട്ടെ... ഞാനിപ്പോ ധനേട്ടനെ വിളിച്ചത് ഒരു സഹായത്തിനാ. അച്ഛനെ ഇന്നലെ ഐ.സി.യുവിലേക്ക് മാറ്റി. അറിയാലോ; ഹോസ്പിറ്റൽ എന്റെ സുഹൃത്തിന്റെയൊക്കെ തന്ന്യാ. എല്ലാ സൗകര്യവും അവൻ ചെയ്യേം ചെയ്യും. പക്ഷെ അടുത്ത് സ്വന്തക്കാരുണ്ടാവുമ്പോ കിട്ടുന്ന ഒരാശ്വാസമുണ്ടല്ലോ...."

പാതിയിൽ നിർത്തിയത് തന്നിൽ നിന്നുമൊരു മറുപടി പ്രതീക്ഷിച്ചിട്ടാണെന്ന് തീർച്ചയാണ്. എന്നിട്ടും അയാൾ ഒന്ന് മൂളുക പോലും ചെയ്തില്ല.

"ഇപ്പോ എന്നോട് വരാനാ അമ്മ പറയണേ.  ഇത്ര പെട്ടെന്നൊക്കെ ഇങ്ങനെ പറഞ്ഞാ എന്താ ചെയ്യാ. വെക്കേഷൻ സമയമായതോണ്ട് ടിക്കറ്റിനൊക്കെ മൂന്നും നാലുമിരട്ടിയാ ചാർജ്ജ്. അതോണ്ട്...ഏട്ടന് പറ്റുമ്പോഴൊക്കെ ഒന്ന് ആശുപത്രി വരെ ചെല്ലണം. അതൊരു വല്ല്യ ആശ്വാസാവും അമ്മക്ക്.ബുദ്ധിമുട്ടിക്കുകയാണെന്നറിയാം. നിവൃത്തികേട് കൊണ്ടാണ് "

അപ്പുറത്ത് കരച്ചിൽ അണമുറിഞ്ഞൊഴുകി. അയാൾ കാൾ കട്ട് ചെയ്തു. കാലങ്ങൾക്കിപ്പറമുള്ള ബന്ധം പുതുക്കലിന്റെ ഉദ്ദേശ ലക്ഷ്യം ശരിക്കും ബോധ്യമായി. അയാൾ പല്ലിറുമ്മി.

പിറ്റേന്ന്, അയാൾ ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങി  ആശുപത്രിയിലേക്ക് പോയി. സന്ദർശക സമയമാവാൻ കാത്ത് റിസപ്ഷനിലെ സോഫയിൽ ഇരിക്കുമ്പോൾ ബഹളം കേട്ടാണ് ഫാർമസിയുടെ ഭാഗത്തേക്ക് നോക്കിയത്. അവിടെ കൗണ്ടറിന് മുന്നിൽ അന്നത്തെ ആ യുവതി. അതേ മുഷിഞ്ഞ ചുരിദാർ, വാരിക്കെട്ടിയ മുടി, കൈയ്യിൽ മരുന്ന് കവർ; ഒരാഴ്ച്ചക്കാലം അവിടെ മരവിച്ച് നിന്ന് പോയത് പോലെ അയാൾക്ക് തോന്നി. കൗണ്ടറിലെ പെൺകുട്ടിയുടെ ശബ്ദമാണ് ഉയർന്ന് കേൾക്കുന്നത്. അവൾ വിളിച്ചിട്ടാവണം ഒരു സെക്യൂരിറ്റിക്കാരൻ ഓടി വന്നത്. അയാൾക്ക് പുറകെ, അനുസരണയുള്ള കുട്ടിയെ പോലെ യുവതി വാതിൽ കടന്ന് പുറത്തേക്ക് നടന്നു. അയാൾക്ക് പിന്നെ ഇരിപ്പുറച്ചില്ല. ഗേറ്റിന് പുറത്ത് തന്നെ അവൾ നിൽക്കുന്നുണ്ട്. നടപ്പാതയിലൂടെ കടന്ന് പോകുന്നവർ മതിലിൽ മുഖം ചേർത്ത് നിൽക്കുന്ന അവളെ  ശ്രദ്ധിക്കുന്നുണ്ട്. റോഡിലൂടെ പരക്കം പായുന്ന വാഹനങ്ങളുടെ ഇരമ്പൽ അയാൾ കേട്ടതേയില്ല. അയാളുടെ സാമിപ്യം തിരിച്ചറിഞ്ഞ് അവൾ തിരിഞ്ഞു നിന്നു. പിന്നെ ഷാൾ കൊണ്ട് മുഖം അമർത്തി തുടച്ചു.

"എന്താ പറ്റിയത്?"

അയാളുടെ ചോദ്യത്തിന് മറുപടി കിട്ടിയില്ല.

ഒരാഴ്ച്ച മുമ്പേ അവളെ കണ്ടതും ഇപ്പോൾ ഫാർമസിയിൽ വെച്ച് വീണ്ടും കാണാനിടയായതുമെല്ലാം അയാൾ വിവരിച്ചു. പിന്നെ ശബ്ദം ആവുന്നത്ര മയപ്പെടുത്തി ഇത്രയും പറഞ്ഞു:

''പറഞ്ഞോളൂ....എന്താ യഥാർത്ഥത്തിൽ സംഭവിച്ചത്. എനിക്ക് ചിലപ്പോൾ കുട്ടിയെ സഹായിക്കാൻ പറ്റിയേക്കും. ഇതെനിക്ക് പരിചയമുള്ള ഒരാളുടെ ആശുപത്രിയാണ്."

നിറഞ്ഞ കണ്ണുകൾ വിടർന്നു.

"അച്ഛൻ ജനറലാശുപത്രില് കിടപ്പായിരുന്നു. അവിടെ മരുന്ന് കിട്ടാത്തോണ്ട് ഇവിടുന്ന് വാങ്ങാനാ ഡോക്ടർ സാറ് പറഞ്ഞെ. ആയിരം രൂപക്കുള്ള മരുന്നാ ഇത്. മാനം വിറ്റ്ണ്ടാക്ക്യ കാശാ. എന്നിട്ടെന്താ, കൊണ്ട് ചെല്ലുമ്പോഴേക്കും അച്ഛൻ പോയി. പറഞ്ഞിട്ട് കാര്യല്ല. അതിനും മത്യായിക്കാണും."

അവൾ വല്ലാത്തൊരു ചിരി ചിരിച്ചു.

"വീട്ടിൽ പട്ടിണിയാ സാറേ. അച്ഛൻ മരിച്ച് മൂന്നായപ്പോ ഉറ്റോരൊക്കെ പോയി. ഇളയുത്ങ്ങളിപ്പോ വിശന്ന് കരയ്വാ. തെണ്ടാനിറങ്ങിയതാ, അപ്പഴാ ഈന്റെ കാര്യോർത്തത്. പൊട്ടിച്ച്ട്ടും കൂടല്ല. പക്ഷേല് വിറ്റ മരുന്ന് എടുക്കൂല്ലന്നാ അവര് പറയുന്നേ. ഒന്ന് സഹായിക്ക് സാറേ."

അവൾ മുന്നിൽ കൈ കൂപ്പി നിൽക്കുന്നു. വേണമെങ്കിൽ പവിത്രയുടെ ബന്ധമുപയോഗിച്ച് മരുന്ന് തിരിച്ചെടുപ്പിക്കാം. അത് വേണ്ടെന്ന് തോന്നി. കീശയിൽ നിന്നും രണ്ട് അഞ്ഞൂറിന്റെ നോട്ടുകളെടുത്ത് അവൾക്ക് നീട്ടി.

"വേണ്ട സാറേ... മരുന്ന് തിരിച്ചെടുക്ക്വെങ്കി മതി.. ഇല്ലെങ്കി പോട്ടെ..."

കണ്ണുകൾ തുടച്ച് നടന്ന് തുടങ്ങിയ അവളുടെ കൈയ്യിൽ അയാൾ കടന്ന് പിടിച്ചു. പ്ലാസ്റ്റിക് വളകൾ ഞെരിഞ്ഞു. മരുന്നിന്റെ കവർ  വാങ്ങിച്ച്, നോട്ടുകൾ അവളുടെ കൈയ്യിൽ തിരുകി കൊടുത്തു.

"അതിന് ഇത് വെറും മരുന്നുകൾ മാത്രമല്ലല്ലോ...ഇതെനിക്ക് വേണം..."

കേട്ടതിന്റെ പൊരുളറിയാതെ അന്തിച്ച് നിൽക്കുന്ന അവളെ വിട്ട്, അയാൾ ആശുപത്രി ഗേറ്റിന് നേരെ വേഗത്തിൽ നടന്നു.

Wednesday, 15 January 2020

ഗോ റിപബ്ലിക്

കോടതി മുറി തിങ്ങി നിറഞ്ഞിട്ടുണ്ട്. കാരണം, വിചിത്രമായ ഒരു കേസിന്റെ തുടർ വാദമാണ് ഇന്നവിടെ നടക്കുന്നത്. (നിലവിൽ രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന വൈചിത്ര്യങ്ങൾ നോക്കിയാൽ ഈ കേസിനെ വിചിത്രമെന്ന് വിശേഷിപ്പിക്കുന്നതിലെ ശരിമ  തീർച്ചയായും ഒരു തർക്കവിഷയമാണ്.)

"ഒബ്ജെക്ഷൻ ഓവർറൂൾഡ്..യൂ കാൻ പ്രൊസീഡ്" 

ഇല്ലാത്ത ചുറ്റിക കൊണ്ട് ജഡ്‌ജി മേശപ്പുറത്ത്  ആഞ്ഞടിച്ചു.

"താങ്ക്യൂ യുവറോണർ"

ഗൗൺ വലിച്ച് നേരെയിട്ട് പ്രതിഭാഗം വക്കീൽ അൽപം കൂടി മുന്നോട്ട് കയറി നിന്നു.

"പബ്ലിക് പ്രോസിക്യൂട്ടറുടെ വാദങ്ങൾ അംഗീകരിച്ചു കൊണ്ട് തന്നെ പറയട്ടെ; എന്റെ കക്ഷി ഈ രാജ്യത്തെ ഔദ്യോഗിക മത വിഭാഗത്തിൽപ്പെട്ട ഒരാളല്ല. മാത്രവുമല്ല സ്വന്തം പൗരത്വം തെളിയിക്കാനാവശ്യമായ പ്രപിതാമഹൻമാരുടെ രേഖകളൊന്നും അയാൾക്ക് ഹാജരാക്കാനാവില്ല. കാരണം, അയാൾ സ്വന്തം കുടുംബത്തിൽ നിന്നു തന്നെ പുറത്താക്കപ്പെട്ടയാളാണ്."

പബ്ലിക് പ്രോസിക്യൂട്ടറുടെ കനത്ത താടി രോമങ്ങൾക്കിടയിൽ പടരുന്ന നനുത്ത ചിരി  അവഗണിച്ചു കൊണ്ട് പ്രതി ഭാഗം വക്കീൽ തുടർന്നു:

"പക്ഷെ പബ്ലിക് പ്രോസിക്യൂട്ടർ പറയാതെ പോയ ചില കാര്യങ്ങൾ എനിക്ക് ബോധിപ്പിക്കാനുണ്ട്. അതിന് വേണ്ടി, മുൻകൂറായി സമർപ്പിച്ച പട്ടികയിൽ നിന്നും ഒരു വ്യക്തിയെ എനിക്ക് കോടതി മുമ്പാകെ ഹാജരാക്കേണ്ടതുണ്ട്."

"യെസ്...പ്രൊസീഡ്"

മുന്നിലെ പട്ടികയിലൂടെ  കണ്ണോടിച്ചു കൊണ്ട് ജഡ്ജി മുരണ്ടു.

പുറകിൽ ഒന്ന് തട്ടിയപ്പോൾ അവൾ മുന്നോട്ട് കയറി നിന്നു. 

"ഈ വ്യക്തി രാജ്യത്തെ പൗരനാണെന്നതിൽ ആർക്കും എതിർപ്പില്ലെന്ന് വിശ്വസിക്കട്ടെ."

പബ്ലിക് പ്രോസിക്യൂട്ടറെ നോക്കിയാണ് പ്രതിഭാഗം വക്കീൽ ചോദിച്ചത്.

"എന്ത് ചോദ്യമാണ് ഹേ.. നിങ്ങളെന്താ കോടതിയെ കളിയാക്കുകയാണോ? ഇദ്ദേഹം വെറുമൊരു പൗരനാണോ; നമ്മുടെ ദേശീയതയുടെ തന്നെ പ്രതീകമല്ലേ?"

ജഡ്ജി ആകാവുന്നത്രയും മുന്നോട്ട് വളഞ്ഞു നിന്ന് കൈകൾ കൂപ്പി. പബ്ലിക് പ്രോസിക്യൂട്ടർ ഉൾപ്പടെ മുറിയിലെ ഭൂരിപക്ഷവും യാന്ത്രികമായി ജഡ്ജിയെ അനുകരിച്ചു. അത് ഇഷ്ടപ്പെട്ട മട്ടിൽ അവൾ തല കുലുക്കിയപ്പോൾ കഴുത്തിലെ മണി കിലുങ്ങി.

"ക്ഷമിക്കണം; കളിയാക്കാൻ ഉദ്ദേശിച്ചതല്ല."

പ്രതിഭാഗം വക്കീൽ കൈകൂപ്പി തല കുനിച്ചു.

""ഓക്കെ...പ്രൊസീഡ്"

"യുവറോണർ, നമ്മുടെ ദേശീയതയുടെ പ്രതീകമായ ഈ വ്യക്തിയുമായി എന്റെ കക്ഷി തീവ്ര പ്രണയത്തിലാണ്. പതിനഞ്ച് വർഷങ്ങൾക്ക് മുമ്പത്തെ ഒരു പെരുന്നാൾ ദിനത്തിൽ അറവ് കത്തിയുടെ മുനയിൽ നിന്നും ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത് എന്റെ കക്ഷിയാണ്. അന്ന് തുടങ്ങിയ ബന്ധം വീട്ടുകാരുടെ കടുത്ത എതിർപ്പുകൾ മറികടന്നും എന്റെ കക്ഷി തുടരവേയാണ്..."

"ഒബ്ജക്ഷൻ യുവറോണർ"

പബ്ലിക് പ്രോസിക്യൂട്ടർ അലറിക്കൊണ്ട് സീറ്റിൽ നിന്നും ചാടിയെണീറ്റു.

"ഒബ്ജെക്ഷൻ സസ്റ്റെയിന്ഡ്" 

വിരണ്ടു പോയ ജഡ്ജി പറഞ്ഞാെപ്പിച്ചു.

"ദിസ് ഈസെ ക്ലിയർ കേസ് ഓഫ് ലൗ ജിഹാദ്... നമ്മുടെ ദേശീയതയുടെ പ്രതീകത്തെ പോലും പ്രണയക്കുരുക്കിൽപ്പെടുത്തി മതപരിവർത്തനം നടത്താൻ ധൈര്യം കാണിച്ച ഇയാൾക്കെതിരെ കോടതി സ്വമേധയാ കേസെടുക്കണമെന്നാണ് എനിക്ക് പറയാനുളളത്." 

ഒറ്റശ്വാസത്തിൽ പറഞ്ഞ് തീർത്ത് പബ്ലിക് പ്രോസിക്യൂട്ടർ സീറ്റിലമർന്നു.

"നിങ്ങൾക്കെന്താണ് പറയാനുളളത്"

ജഡ്ജി പ്രതിഭാഗത്തെ നോക്കി.

"യുവറോണർ, പബ്ലിക് പ്രോസിക്യൂട്ടറുടെ ഈ ആരോപണം ഞാൻ പ്രതീക്ഷിച്ചതാണ്. പക്ഷെ എന്റെ കക്ഷിയുടെ പ്രണയത്തിന്റെ ആത്മാർത്ഥത എനിക്ക് തെളിയിക്കാനാകും." 

പ്രതിഭാഗം വക്കീൽ മുന്നോട്ട് ചെന്ന് ചില കടലാസ്സുകൾ കോടതി ക്ലാർക്കിന് കൈ മാറി.
 
"സർക്കാർ വക ഗോശാലയിൽ വെച്ച്, ഗോരക്ഷക് പ്രമുഖിന്റെ കാർമ്മികത്വത്തിൽ, കഴിഞ്ഞ മാസം ഇവരുടെ വിവാഹം നടന്നതിന്റെ രേഖകൾ ഇവിടെ സമർപ്പിച്ചിട്ടുള്ളത് താങ്കൾക്ക് പരിശോധിക്കാവുന്നതാണ്. മാത്രവുമല്ല, രാജ്യത്തിന്റെ ഔദ്യോഗിക മതത്തിലേക്ക് മാറാനുള്ള ആഗ്രഹം അറിയിച്ചു കൊണ്ട് ദേശീയ മതപരിവർത്തന കമ്മീഷന് എന്റെ കക്ഷി നൽകിയ  അപേക്ഷയും ഇവിടെ സമർപ്പിച്ചിട്ടുണ്ട്. ഈ വസ്തുതകളെല്ലാം പരിഗണിച്ചു കൊണ്ട് എന്റെ കക്ഷിക്ക്  പൗരത്വം അനുവദിച്ച് നൽകണമെന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു."

ഉച്ച ഭക്ഷണത്തിനായി പിരിഞ്ഞ കോടതി വീണ്ടും ചേർന്നു.

തികട്ടിക്കയറി വന്ന വായു പ്രവാഹത്തെ ഒരിറക്ക് വെള്ളത്തോടൊപ്പം കുടിച്ചിറക്കി കൊണ്ട് ജഡ്ജി ഇങ്ങനെ വിധി പ്രസ്താവിച്ചു:

"രാജ്യത്തിന്റെ നിലവിലെ നിയമ വ്യവസ്ഥയനുസരിച്ച് ഒരു പൗരന്റെ നിയമപരമായ പങ്കാളിക്ക് പൗരത്വത്തിന് അർഹതയുണ്ട്. കോടതിക്ക് മുന്നിൽ സമർപ്പിക്കപ്പെട്ട രേഖകൾ പ്രകാരം പ്രതി ഔദ്യോഗിക മതാചാര പ്രകാരം രാജ്യത്തെ ഒരു പൗരനുമായി വിവാഹം ചെയ്യപ്പെട്ടിട്ടുളളതാണ്. മാത്രവുമല്ല, പ്രതിയുടെ പങ്കാളിയായ പൗരൻ ഒരു വിശിഷ്ട വ്യക്തിയാണെന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ആയതിനാൽ, പ്രതിക്ക് ഉടനടി രാജ്യത്തിന്റെ പൗരത്വം അനുവദിച്ച് നൽകണമെന്നും ആറു മാസത്തിനകം
ഘർ വാപസി പദ്ധതിയിൽ ഉൾപ്പെടുത്തി  പ്രതിയെ രാജ്യത്തിന്റെ ഔദ്യോഗിക മതത്തിലേക്ക് പരിവർത്തനം ചെയ്യണമെന്നും ഈ കോടതി വിധിക്കുന്നു."

ഇല്ലാത്ത ചുറ്റിക  വായുവിൽ പലവട്ടം ഉയർന്നു താഴ്ന്നു.

Monday, 9 December 2019

അജ്ഞാതം


ഉദ്ഘാടനത്തിനു തയ്യാറായി നീണ്ടു നിവർന്നു നില്‍ക്കുന്ന അമ്പത്തൊന്ന് നില ഫ്ലാറ്റ് സമുച്ചയത്തിന്‍റെ പരസ്യ ബോർഡിന് താഴെ, റോഡരികിലാണ്  ആ വൃദ്ധന്‍റെ കിടപ്പ്. ദിവസേന കാലത്തും വൈകിട്ടും, പീജിക്കും മെട്രോ സ്റ്റേഷനുമിടയിലെ നടപ്പിൽ അവന്റെ സ്ഥിരം കാഴ്ച്ചയാണത്. അമ്മിക്കല്ല് പോലെ പരന്ന കല്ലിൽ തല വെച്ച്, ശരീരം മുഴുവൻ മറക്കാനില്ലാത്ത ഒരു കീറക്കമ്പിളി പുതച്ച് ചുരുണ്ടുകൂടി  കിടക്കുന്ന അയാളുടെ മുഖത്തെ ശാന്തത, ബോര്‍ഡിലെ "പ്രശാന്തിയുടെ ഔന്നത്യം"  എന്ന പരസ്യ വാചകത്തെ  അന്വർത്ഥമാക്കുന്നുണ്ട് എന്ന ചിന്ത അവൻ ഒരിക്കൽ സചിത്രം  ഫേസ്ബുക്കിൽ പങ്ക് വെച്ചതാണ്. പതിവ് പോലെ, കയ്യില്‍ കരുതിയ ഭക്ഷണപ്പൊതി അയാളുടെ കാല്‍ക്കല്‍ വെച്ച് മുന്നോട്ട് നടക്കുമ്പോൾ ഫ്ലാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടകനായ കേന്ദ്ര മന്ത്രിയുടെ വരവറിയിച്ചു കൊണ്ടുള്ള അനൌണ്‍സ്മെന്‍റ് വാഹനം എതിരെ പാഞ്ഞു പോയി.

ക്യാമ്പസ്‌ സെലക്ഷന്‍ വഴി നേടിയ ഐ.ടി. ജോലിയുമായി ഈ മെട്രോ നഗരത്തിലേക്ക് വന്നടിഞ്ഞപ്പോഴും ഉള്ളിലെ നാട്ടിമ്പുറത്തുകാരനെ അവൻ കൂടെ കൂട്ടിയിരുന്നു. അത് കൊണ്ടാവണം, കൂറ്റൻ മാളുകള്‍ക്കും പബ്ബുകള്‍ക്കും പേരുകേട്ട ഉദ്യാന നഗരിയിലെ ഇനിയും വറ്റാത്ത തടാകങ്ങളും കത്തി തീരാത്ത  തണലിടങ്ങളും അവനു പ്രിയപ്പെട്ടതായത്. മാറിയ കാലത്തിന്‍റെ വേഗതയോട് സമന്വയപ്പെടാത്ത ചിന്തകളും ചെയ്തികളും ഒപ്പമുള്ളവര്‍ക്കിടയിൽ അവനെ ഒറ്റയാനാക്കി. 

ഹോട്ടലിന്റെ  രണ്ടാം നിലയിൽ, മെനു കാർഡിലെ വിഭവങ്ങൾക്കായി സുഹൃത്തുക്കൾ 'ലേലം വിളി' നടത്തുമ്പോൾ അവൻ ചില്ലു ചുവരിലൂടെ നഗരക്കാഴ്ച്ചകൾ രുചിക്കുകയായിരുന്നു. ഉച്ച വെയിലിൽ തിളച്ചു മറിയുന്ന നഗരത്തിരക്കിലൂടെ  കീറക്കമ്പിളിയും പുതച്ചു നടന്നു മറയുന്ന  വൃദ്ധനെ ഒരു മിന്നായം പോലെയാണ് കണ്ടത്. റോഡരികിലെ കിടപ്പിൽ നിന്നും മാറി അയാളെ മറ്റൊരിടത്തു കാണുന്നത് ഇതാദ്യമാണ്. 

അവന്റെ ജന്മദിനാഘോഷത്തിനാണ്  ഇന്ന് അവരവിടെ  കൂടിയിരിക്കുന്നത്. പത്താമത്തെ വയസ്സിൽ ക്ലീറ്റസങ്കിൾ തേടിയെത്തുന്നത് വരെ ഓർഫനേജ് റജിസ്റ്ററിൽ പേര് ചേർത്ത തീയ്യതിയായിരുന്നു അവന്റെ ജന്മദിനം.  തന്നെ പ്രസവിച്ചിട്ട്  നിമിഷങ്ങള്‍ക്കകം മരണപ്പെട്ട അമ്മയെ പറ്റി അങ്കിളിൽ നിന്നും അറിഞ്ഞതിന് ശേഷം ആഘോഷിക്കപ്പെടാതെ പോയ ഒരോ ജന്മദിനവും അവന് അമ്മയുടെ  ഓര്‍മ്മ ദിനമായിരുന്നു. പക്ഷെ ഇന്ന് എച്ച്.ആർ. ഡിപ്പാർട്മെന്റിൽ നിന്നും ലഭിച്ച  ജന്മദിനാശംസ സഹപ്രവർത്തകർ കണ്ടു പിടിച്ചതോടെ അവരുടെ നിര്‍ബന്ധത്തിനു വഴങ്ങേണ്ടി വന്നു. ആദ്യമായാണ് ഇത്രയും വലിയൊരു ഹോട്ടലിൽ നിന്നും അവൻ ഭക്ഷണം കഴിക്കുന്നത്. എത്ര തന്നെ ശബ്ദമുണ്ടാക്കി കഴിച്ചാലും വിരലുകള്‍ നക്കിത്തുടച്ചാലും ചുളിയാത്ത മുഖങ്ങൾ ചുറ്റുമുള്ള ചെറിയ ഭക്ഷണശാലകളേയാണ്  എന്നും ഇഷ്ടപ്പെട്ടത്. എല്ലാവരും കഴിച്ചെണീറ്റപ്പോഴും 'ലേലം വിളിച്ചെടുത്ത' വിഭവങ്ങൾ മേശയിൽ ബാക്കിയായി. മാസ ശമ്പളത്തിന്‍റെ പകുതിയോളം വരുന്ന ബില്ല്  പേ ചെയ്ത്, ബാക്കി വന്ന ഭക്ഷണം പൊതിഞ്ഞു തരാന്‍ ആവശ്യപ്പെട്ടപ്പോൾ ബെയറര്‍ പയ്യന്‍റെ കണ്ണുകളിൽ വിരിഞ്ഞത് അതിശയമോ പുച്ഛമോ? 

സിഗ്നലിന് മുന്നിലെ പെരുമ്പാമ്പിന്റെ വാലറ്റത്താണ് അവരുടെ കാറ്. കടും നിറത്തിലുള്ള ചേല ചുറ്റിയ ഹിജഡകൾ ശ്യംഗാരവും ഭീഷണിയും കലർന്ന സ്വരത്തിൽ വാഹനങ്ങൾ തോറും നടന്ന് കാശ് പിരിക്കുന്നുണ്ട്. മണ്ണിന്റെ നിറമുള്ള കുട്ടികൾ, പത്ത് രൂപക്ക് രണ്ട് നീളൻ പേനകളും പൂക്കളും വലിയ ബലൂണുകളുമായി ചില്ലുകളിൽ തൊട്ട് തൊട്ട് തിരക്കിലൂടെ ഊളിയിടുന്നു. അവരുടെ കാർ സിഗ്നലിന് മുന്നിലെത്തിയപ്പോഴേക്കും വീണ്ടും  ചുവപ്പ് കത്തി. അവൻ ചില്ലിലേക്ക് തല ചായ്ച്ചു.

അന്യമതസ്ഥരായ അച്ഛന്‍റെയും അമ്മയുടെയും വിപ്ലവപ്രണയത്തിന് സകല പിന്തുണയും നൽകി ഒടുവിൽ അവരുടെ  ഒളിച്ചോട്ട വിവാഹം നടത്തിക്കൊടുത്തതും ക്ലീറ്റസങ്കിളാണ്. അയാളുടെ ബലത്തിലാണ് അവർ ജീവിതം കെട്ടിപ്പടുത്തത്. അങ്കിൾ കൈമാറിയ, അച്ഛന്റെ ചുവന്ന ചട്ടയുള്ള ഒരു ഡയറിയിൽ നിന്ന് വായിച്ചറിഞ്ഞതാണ് ഇതെല്ലാം. ഡയറിയുടെ അവസാന താളിൽ ഒരു ബ്ലാക്ക് ആന്‍റ് വൈറ്റ്‌  ഫോട്ടോയുണ്ട്.  തോളിലൂടെ കൈയ്യിട്ട് അമ്മയെ ചേർത്ത് നിൽക്കുന്ന അച്ഛന്റെ ചിത്രം അവരുടെ പ്രണയകാലത്ത് അങ്കിളെടുത്തതാണ്.

സ്വത്ത് തര്‍ക്കത്തിന്‍റെ പേരില്‍ അച്ഛനെ ആക്രമിക്കാന്‍ അമ്മാവൻമാരുടെ ഗുണ്ടകളെത്തിയപ്പോൾ, അങ്കിൾ മീൻപിടുത്ത ബോട്ടിൽ നടുക്കടലിലായിരുന്നു. അന്ന് ആരുടെയോ ചവിട്ടേറ്റ് പൂർണ്ണ ഗർഭിണിയായ അമ്മ വീണു പോയി. മൃതപ്രായനായ അച്ഛനെ അവരെവിടെയോ കൊണ്ട് പോയി ഉപേക്ഷിച്ചു. പിന്നീട്, പാതിജീവനുമായി തിരിച്ചെത്തിയ അച്ഛനെ, അമ്മയുടെ മരണവാര്‍ത്തയറിഞ്ഞതോടെ  ആരും കണ്ടിട്ടില്ല. അമ്മയോടൊപ്പം അവനും മരിച്ചു പോയെന്ന് അയാൾ കരുതിയിരിക്കണം. 

അങ്കിളാണ് അവനെ പള്ളി വക അനാഥാലയത്തിൽ ചേർത്തത്. അവിടെ നിന്ന് പഠിച്ച് സ്കോളർഷിപ്പോടെ എഞ്ചിനീയറിങ്ങിന് ചേർന്നപ്പോഴും  അയാൾ മുടങ്ങാതെ ചെന്നു കണ്ടു കൊണ്ടിരുന്നു. എന്നാൽ ഇപ്പോൾ, പ്രായമേറിയതിനാൽ,  ഇത്ര ദൂരെ വന്ന് കാണാനുള്ള ആരോഗ്യസ്ഥിതിയിലല്ല. അയാൾക്ക് അതിൽ വലിയ വിഷമമുണ്ട്. പകരം കത്തുകളാണ്. ഓർമ്മകൾ വിടരും മുമ്പേ വിട്ടു പോയ അച്ഛനമ്മമാർ അങ്കിളിന്റെ ഓർമ്മകളിലൂടെ അവനൊപ്പം കൂടുന്നു. വർഷങ്ങൾക്ക് ഇപ്പുറവും  ഓർമ്മകൾ മുറിഞ്ഞ്  കണ്ണീരൊഴുകുന്നു.  

തല ചായ്ച്ചു വെച്ചിരുന്ന ജനലിലെ തട്ട് കേട്ടാണ് അവൻ ചിന്തയിൽ നിന്നുണർന്നത്.  കയ്യിലെ ട്രേ നിറയെ  തലയാട്ടുന്ന  പലതരം പട്ടികളും ഒക്കത്തൊരു കുഞ്ഞുമായി നില്ക്കുന്ന നാടോടി സ്ത്രീ. ചില്ല് പാതി താഴ്ത്തി വിരല്‍ ചൂണ്ടി വില ചോദിക്കുന്ന സുഹൃത്തിനു  ക്ഷമയോടെ ഓരോന്നിന്‍റെയും വില അവള്‍ പറഞ്ഞു കൊടുക്കുന്നുണ്ട്. ഒടുക്കം, ബട്ടന്‍ പൊട്ടിയ ഷര്‍ട്ടിന്റെ വിടവിലൂടെ കാണുന്ന തന്റെ മെല്ലിച്ച ശരീരത്തിന്‍റെ  വിലയാണ് അവൻ ചോദിക്കുന്നതെന്ന്  മനസിലായതോടെ അവള്‍ മുഖം കുനിച്ച് കൊണ്ട്  അടുത്ത വാഹനത്തിനടുത്തേക്ക് പോയി. കാറിനുള്ളിൽ മുഴങ്ങിയ പൊട്ടിച്ചിരിയിൽ പങ്കുചേരാനാകാതെ  അവന്‍ കണ്ണുകളടച്ചു. അമ്മയുടെ തോളിലൂടെയിട്ട അച്ഛന്‍റെ കയ്യിൽ പച്ച കുത്തിയ 'കുരിശിൽ തറച്ച ചെഗുവേര'  കൺമുന്നിൽ തെളിഞ്ഞു വന്നു. 

മെട്രോ ഇറങ്ങി നടക്കുമ്പോൾ  വൃദ്ധനെ കണ്ടില്ല. അയാൾ തല വെച്ചുറങ്ങാറുള്ള കല്ലിൽ ആരോ ഒരു ത്രിവര്‍ണ്ണ പതാക വരച്ചു ചേര്‍ത്തിട്ടുള്ളത്  തെരുവ് വിളക്കിന്‍റെ  അരണ്ട വെട്ടത്തിൽ കണ്ടു. തൊട്ടരികിലായി സ്ഥാപിച്ച കമ്പിക്കൂടിനകത്തെ കുഴിയിലൊരു വൃക്ഷത്തൈയ്യുണ്ട്. ആളുകൾ മത്സരിച്ചൊഴിച്ച വെള്ളം കുഴി നിറഞ്ഞൊഴുകി പുറത്ത് തളം കെട്ടിക്കിടന്നു. കയ്യിൽ കരുതിയ ഭക്ഷണപ്പൊതി ആ കമ്പിക്കൂടില്‍ ചാരി വെച്ച് അവന്‍ നടന്നകന്നു. 

പിന്നീടുള്ള ദിവസങ്ങളിലും വൃദ്ധനെ കണ്ടില്ല. കാരണം, അവൻ വായിക്കാതെ തൂക്കിവിറ്റ  പത്രങ്ങളിലൊന്നില്‍  ക്രൂശിതനായ ചെഗുവേരയെ പച്ചകുത്തിയ കയ്യുള്ള അജ്ഞാത മൃതദേഹമായി അയാൾ ഉറങ്ങിക്കിടന്നിരുന്നു.  അപ്പോഴേക്കും, കമ്പിക്കൂടിനകത്തെ വൃക്ഷത്തൈ വെളളം കിട്ടാതെ കരിഞ്ഞുണങ്ങി പോയിരുന്നു.

Friday, 29 November 2019

തുലാവര്‍ഷം

പേരിനു മാത്രം ഇടിയും മിന്നലുമുള്ള ഒരു തുലാവര്‍ഷ രാത്രിയായിരുന്നു അത്. മഴയൊട്ടു പെയ്യുന്നുമില്ല. മതില്‍ക്കെട്ടില്ലാത്ത ക്ഷേത്രത്തിനു മുന്നിലെ ആല്‍ത്തറയില്‍ ബീഡിപ്പുക ചുരുളുകളായി ഇരുട്ടിലേക്ക് പറത്തി വിട്ടു കൊണ്ട് മലര്‍ന്നു കിടക്കുന്ന അയാളൊരു മോഷ്ടാവാണ്. അറിയാവുന്ന തൊഴില്‍ മോഷണം മാത്രമായതിനാല്‍ അന്ന് രാത്രിയും മോഷ്ടിക്കാനുള്ള അത്യാവശ്യം അയാള്‍ക്കുണ്ട്. എന്നാലെന്ത് കൊണ്ടോ  അന്ന് മോഷ്ടിക്കാനുള്ള ഒരിത് അയാള്‍ക്ക്‌ അശേഷമുണ്ടായിരുന്നില്ല.  അര്‍ദ്ധ മനസ്സോടെ കക്കാനിറങ്ങിയപ്പോഴെല്ലാം പിടിക്കപ്പെട്ടിട്ടുണ്ട് എന്ന അനുഭവത്തിന്‍റെ വെളിച്ചത്തില്‍ മോഷണ ത്വരയെ അയാള്‍ തല്‍ക്കാലം ഉറക്കിക്കിടത്തിയിരിക്കുകയാണ്.
ഇരച്ചെത്തിയ ഒരു വണ്ടി ചരലില്‍ സഡന്‍ ബ്രേക്ക് ചെയ്തു നിര്‍ത്തിയ ശബ്ദം കേട്ടാണ് അയാള്‍ ഞെട്ടിയെണീറ്റത്. വണ്ടിയില്‍ നിന്നുമിറങ്ങിയ രൂപം  ഇടത്തെ തോളിലൊരു  ബാഗും തൂക്കി  അമ്പലത്തിന് നേരെ നടക്കുന്നത് തിരികള്‍ മുഴുവനായും അണഞ്ഞിട്ടില്ലാത്ത കല്‍വിളക്കിന്‍റെ വിളറിയ വെട്ടത്തില്‍ അയാള്‍ കണ്ടു. ആ രൂപമൊരു സ്ത്രീയുടെതാണെന്ന് തിരിച്ചറിഞ്ഞ നിമിഷത്തില്‍,  ഉറക്കമുണര്‍ന്ന് ബാഗില്‍ കണ്ണ് വെച്ച മോഷ്ടാവും കാമദാഹിയായ മൃഗവും അയാള്‍ക്കുള്ളിലൊരു പിടിവലി തന്നെ  നടത്തി. ഏതായാലും ആദ്യം  അവര്‍ക്കരികിലെത്തുക  എന്ന സമവായത്തില്‍ ഇരുവരുമെത്തിയതോടെ  ആല്‍ത്തറയില്‍ നിന്നും  പതുക്കെ താഴെയിറങ്ങിയ നിമിഷത്തിലാണ് ഉഗ്രശബ്ദത്തോടെ ഒരു മിന്നല്‍പ്പിണര്‍ അയാള്‍ക്കരികില്‍ വന്നു നിപതിച്ചത്.
ഒരാര്‍ത്തനാദത്തോടെ പുറകോട്ടു മറിഞ്ഞു വീണ അയാള്‍ നിവര്‍ന്നു നിന്നപ്പോഴേക്കും അമ്പല നടയില്‍ ആ സ്ത്രീ ഉണ്ടായിരുന്നില്ല. ചരലില്‍ ചക്രങ്ങളുരുളുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ അയാളുടെ കാഴ്ച്ചയെ അനാഥമാക്കിക്കൊണ്ട് വണ്ടി ഇരുട്ടിലേക്ക് ഇരമ്പിയകന്നു. നിരാശനായി തിരികെ ആല്‍ത്തറയിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് നിലത്ത് കല്‍വിളക്കിനടുത്തായി  ആ ബാഗ്‌ അയാള്‍ കണ്ടത്. മിന്നലില്‍ ഭയന്ന് ഓടിപ്പോയവള്‍ ബാഗിനായി തിരികെയെത്തും മുന്‍പേ അതിലുള്ളത് കൈക്കലാക്കാനുള്ള വ്യഗ്രതയില്‍  ഉള്ളിലെ മോഷ്ടാവ് അയാളെയും വലിച്ച് ബാഗിനടുത്തേക്കോടി. അയാള്‍ ബാഗിനരികിലെത്തിയതും   അപ്പോള്‍ മാത്രം വീശിയ ഒരു ഇളം കാറ്റില്‍ വിളക്കിലെ ശേഷിച്ച തിരികളും അണഞ്ഞു പോയതും ഒരുമിച്ചായിരുന്നു. ബാഗും, അതികത്ത് എന്തായിരിക്കുമെന്ന ജിജ്ഞാസയോടെ  അയാളും  ഇരുട്ടില്‍ തനിച്ചായി. ഒരു മിന്നല്‍ വെട്ടത്തിനായി കാത്ത് കാത്ത് ക്ഷമ നശിച്ച അയാള്‍ പതിയെ ബാഗിന്‍റെ സിബ്ബ് തുറന്നു തന്‍റെ പരുക്കന്‍ വിരലുകള്‍ അകത്തേക്കിട്ടു.
ബാഗിനുള്ളില്‍ നിന്നും ചിതറി വീണ ചോരക്കുഞ്ഞിന്‍റെ കരച്ചില്‍ ഒരു മിന്നല്‍പ്പിണറായി  അയാളുടെ നെഞ്ചിന്‍ കൂടും തുരന്നു  ചുറ്റിലും കട്ട പിടിച്ചു കിടക്കുന്ന ഇരുട്ടില്‍ ചെന്ന് തറച്ചു. അപ്പോള്‍ അയാളുടെ കണ്ണുകളിലൂടെ തുലാവര്‍ഷം പെയ്തിറങ്ങി.  

Monday, 12 August 2019

നിഷ്ക്രിയ ആസ്തി

പണിക്കാർക്കൊപ്പം വാഴത്തോപ്പിൽ  നിൽക്കുമ്പോഴാണ് തോമസ് സാറ് കുഴഞ്ഞു വീണത്. കാറ്റേറ്റ വാഴത്തെെ കണക്കെ വരമ്പത്തേക്കങ്ങ് ചാഞ്ഞ് വീഴുകയായിരുന്നത്രേ. വളമിറക്കാൻ വന്ന പിക്കപ്പിന്റെ ഡ്രൈവറാണ്, വീട്ടിലെ കാറിൽ, സാറിനെയും  പെണ്ണമ്മ ചേട്ടത്തിയേയും ആശുപത്രിയിലെത്തിച്ചത്. അറ്റാക്കായിരുന്നു; ബ്ലോക്കുകൾ മൂന്നായത് കാരണം ബൈപ്പാസ് തന്നെ വേണ്ടി വന്നു. രണ്ടാഴ്ച്ചക്കാലത്തെ ഐ.സി.യു. വാസത്തിനു ശേഷം ഇന്നാണ് സാറിനെ വാർഡിലേക്ക് മാറ്റിയത്.

"ഇതിയാൻ ഒറങ്ങുമ്പ സണ്ണിച്ചൻ  വിളിച്ചാരുന്നു. അപ്പനോട് പറയാൻ പറഞ്ഞു."

മുഖത്ത് നോക്കാതെ ഒറ്റ ശ്വാസത്തിൽ പെണ്ണമ്മ പറഞ്ഞ് തീർത്തത് പച്ചക്കളവാണെന്ന്  നന്നായിട്ടറിയാമെങ്കിലും സാറ് നീട്ടിയൊന്ന് മൂളി.

മകന് അമേരിക്കയിൽ ജോലി കിട്ടിയെന്നറിഞ്ഞപ്പോൾ നെഞ്ചും വിരിച്ചു നാട് നീളെ പറഞ്ഞു നടന്ന ആളാണ് സാറ്. അവൻ ഉടനെ ലീവിന് വരുമെന്നും തങ്ങളെയും കൂട്ടിക്കൊണ്ടു പോകുമെന്നുമൊക്കെയായിരുന്നു വീമ്പു പറച്ചിൽ. പറഞ്ഞത്  പോലൊന്നും നടന്നില്ലെങ്കിലും ഒരു തവണ അവന്‍ അമ്മച്ചിയെ കൊണ്ട് പോയിരുന്നു; ഭാര്യയുടെ ആദ്യ പ്രസവത്തിന്. മൂന്നു നാല് മാസം കഴിഞ്ഞാണ് തിരിച്ചു കൊണ്ടാക്കിയത്. ഇനി ചത്താലും അങ്ങോട്ടില്ലെന്ന് പെണ്ണമ്മ തീർത്തു പറഞ്ഞത് അന്നത്തെ ശ്വാസം മുട്ടലോർത്താണ്. അത് കൊണ്ടെന്താ; രണ്ടാമത്തെ പേറിന് ഭാര്യവീട്ടുകാരെ  കുടുംബമടക്കിയാണ് കൊണ്ട് പോയത്.   സാറിന് അതിൽ കലശലായ അമർഷവുമുണ്ട്. പിന്നീട്, അമേരിക്കൻ  യാത്രയെ പറ്റി ആരെങ്കിലും ചോദിച്ചാൽ സാറിന്‍റെ  മറുപടി ഇങ്ങനെയാണ് :

"ഓ...എന്നാ പറയാനാന്നേ. ദിവസവും വിളിക്കുമ്പോ അങ്ങു ചെല്ലാൻ പറയും. ചെന്നാ പിന്നെ വിടത്തില്ലാന്നേ. ഞങ്ങള് കൂടി കടല് കടന്നാപ്പിന്നെ ഈ വീടും പറമ്പുമൊക്കെ അനാഥമായി പോകത്തിലായോ?"

മുമ്പൊക്കെ എല്ലാ ക്രിസ്തുമസിനും മകനും കുടുംബവും മുടങ്ങാതെ നാട്ടിലെത്തിയിരുന്നു. പറമ്പിലെ കപ്പ മീൻകറീം കൂട്ടി അവൻ ആർത്തിയോടെ വിഴുങ്ങുന്നത് സാറും പെണ്ണമ്മയും കണ്ണ് നിറയെ കാണും. പിള്ളേരൊക്കെ സ്‌കൂളിൽ പോയി തുടങ്ങും വരെ ആ പതിവ് തുടർന്നു.  കഴിഞ്ഞ  മൂന്നു ക്രിസ്തുമസിനും  അവർ വന്നിട്ടില്ല. മക്കൾക്ക് നാട്ടിൽ വരുന്നത് തീരെ ഇഷ്ടമല്ലത്രെ. അവിടെ വളർന്ന പിള്ളേരല്ലേ. നിർബന്ധിച്ചു കൊണ്ട് വരാൻ പറ്റുവോ? സാറും പെണ്ണമ്മയും പരസ്പരം ആശ്വസിപ്പിക്കും.

ഇത്തവണത്തെ  വെക്കേഷന് മകനും കുടുംബവും ശ്രീലങ്കയിൽ പോയ ഫോട്ടോസൊക്കെ ഫേസ്ബുക്കിൽ നിന്ന് സാറ് ചേട്ടത്തിക്ക് കാണിച്ചു കൊടുത്തു.

"ഇവ്ടെ വരെ വന്നിട്ട് അവനൊന്നു വീട്ടിൽ കേറി പോകാൻ തോന്നീലല്ലോ?"

ചുവരിൽ തൂക്കിയിട്ട ഭൂപടത്തിലെ ശ്രീലങ്കയിൽ വിരലൂന്നിയുള്ള പെണ്ണമ്മയുടെ ചോദ്യം കേട്ട് തോമസ് സാറിന് ചിരിയും കരച്ചിലും ഒരുമിച്ചു വന്നു.

"സാറിന് എന്നെ ഓർമ്മണ്ടോ?"

പ്രെഷർ നോക്കി ഗേജ് അടച്ചു കൊണ്ടാണ്  സിസ്റ്റർ ചോദിച്ചത്.

അവളുടെ മുഖം അപ്പോഴാണ്  സാറ് ശ്രദ്ധിച്ചത്. നല്ല പരിചയം തോന്നുന്നുണ്ട്. പക്ഷെ എങ്ങനെയെന്ന് ഒരു പിടിയും കിട്ടുന്നില്ല.

"സാറ് കുന്നങ്കരി  ബാങ്കിൽ മാനേജർ അല്ലായിരുന്നോ? എന്‍റെ എഡ്യൂക്കേഷൻ ലോൺ അവിടായിരുന്നു. ആൻ മരിയാന്നാ പേര്. സാറ് കുറേ തവണ വീട്ടിലൊക്കെ വന്നിട്ടുണ്ട്."

ഒരു വരണ്ട ചിരിയോടെ  അവൾ പറഞ്ഞ് നിർത്തുമ്പോൾ സാറിന്റെ ഓർമ്മകൾ വർഷങ്ങളുടെ പടവുകൾ ഇറങ്ങാൻ തുടങ്ങിയിരുന്നു.

"ആൻ മരിയ അഗസ്റ്റിൻ..." അയാൾ മന്ത്രിച്ചു.

ആ പേര് മറക്കാൻ പാടില്ലാത്തതാണ്. 'എൻപിഎ' അഥവാ 'കിട്ടാക്കടം' എന്ന വിളിപ്പേരുകളില്‍ സുപരിചിതമായ 'നിഷ്ക്രിയ ആസ്തി' വളരെ കൂടിയതിനാൽ ഹെഡ് ഓഫീസിന്‍റെ നോട്ടപുള്ളിയായിരുന്ന ആ കുട്ടനാടൻ ശാഖയിൽ  മാനേജരായി ചാർജ്ജെടുത്തിട്ട്  മാസങ്ങളായതേയുള്ളു.     ശാഖയിലെ വായ്പകളിൽ ഭൂരിഭാഗവും കാർഷിക വായ്പയോ വിദ്യാഭ്യാസ വായ്പയോ ആണെന്ന് രേഖകൾ പരിശോധിച്ചപ്പോൾ തന്നെ സാറിന് ബോധ്യമായി. തുടർച്ചയായ കൃഷിനാശവും പരിഹരിക്കപ്പെടാത്ത തൊഴിലില്ലായ്മയും തിരിച്ചടവുകൾ മുടക്കിയതോടെ  വായ്പകൾ മിക്കതും നിഷ്ക്രിയ ആസ്തികളായി തരം തിരിക്കപ്പെട്ടു. പ്രത്യേകിച്ച് ഈടൊന്നുമില്ലാതെ നൽകിയ വായ്‌പകളായതിനാൽ നടപടിക്കൊന്നും പോയിട്ട് വലിയ കാര്യവുമില്ല. എന്നാൽ, രേഖകൾ പ്രകാരം, ആൻ മരിയ അഗസ്റ്റിന്‍റെ  വിദ്യാഭ്യാസ വായ്പ പുരയിടം ഈടു നൽകി എടുത്തിരിക്കുന്നതാണ്. വായ്പയെടുത്ത നാല് ലക്ഷം ഏഴ് വർഷങ്ങൾ കൊണ്ട് പലിശയടക്കം പത്ത്  ലക്ഷത്തോളമായിട്ടുണ്ട്. സർഫേസി നിയമം അനുസരിച്ചു കോടതിയിൽ പോകാതെ തന്നെ ബാങ്കിന് പുരയിടം ജപ്തി ചെയ്യാൻ വകുപ്പുണ്ട്. അതിനുള്ള നടപടികൾ കഴിഞ്ഞ മാനേജരുടെ കാലത്തു തന്നെ ആരംഭിച്ചതുമാണ്.

ബാങ്കിൽ നിന്നയച്ച നോട്ടീസ് പ്രകാരമുള്ള   കാലാവധി തീരുന്ന ശനിയാഴ്ച്ച ഉച്ചയ്ക്കാണ് അഗസ്റ്റിൻ ബാങ്കിലേക്ക് വന്നത്. നോട്ടീസ് പിടിച്ച കൈകള്‍ ചേര്‍ത്തു കൂപ്പിക്കൊണ്ട് അയാൾ തോമസ് സാറിന് മുന്നിൽ നിന്നു. ആ മെല്ലിച്ച കൈകൾ കാറ്റ് പിടിച്ച നെൽക്കതിർ പോലെ പതുക്കെ  വിറക്കുന്നുണ്ടായിരുന്നു. മട വീണ് വെള്ളം കേറി കൃഷി നശിച്ചു പോയതിനാലാണ് അടവ് മുടങ്ങിയതെന്നും മൂത്തവളുടെ കെട്ട്  കഴിഞ്ഞാഴ്ച്ചയാണ് ഉറപ്പിച്ചതെന്നും, അതിനാൽ ജപ്തി ഒഴിവാക്കി കാശടക്കാൻ കുറച്ചു കൂടി സാവകാശം നൽകണമെന്ന അപേക്ഷയുമായി വന്നതാണ്. സംസാരത്തിനിടക്ക്  വിതുമ്പി പോകുന്ന ആ സാധു  മനുഷ്യനെ എങ്ങനെ  ആശ്വസിപ്പിക്കണമെന്നറിയാതെ സാറ് കുഴങ്ങി. ഒടുക്കം മേലാഫീസിൽ വിളിച്ചു ഒരുപാട് കെഞ്ചിയ  ശേഷമാണ് കുടിശ്ശിക തീർക്കാൻ അയാൾക്ക്‌ ഒരു മാസത്തെ അവധി കൂടി നൽകാൻ തീരുമാനമായത്.

നീട്ടിക്കൊടുത്ത അവധിക്കുള്ളിലും  അയാൾ പണമടച്ചില്ല. ബാങ്കിന്‍റെ  റീജിയണൽ  ഓഫീസറുമായി  വീട്ടിലെത്തുമ്പോൾ  അഗസ്റ്റിൻ കോലായിൽ തന്നെ കുന്തിച്ചിരിപ്പുണ്ടായിരുന്നു. അവരെ  കണ്ടതും അയാൾ ഓടി പടിക്കലേക്കു വന്നു. ചതിക്കരുതെന്നും പറഞ്ഞു കാലിലേക്കൊരൊറ്റ വീഴ്ച്ചയായിരുന്നു. തോമസ് സാറാകെ പകച്ചു പോയി. ജപ്തി നടന്നാൽ മോളുടെ ഉറപ്പിച്ച വിവാഹം മാറി പോകുമെന്നും അങ്ങനെയുണ്ടായാൽ ആത്മഹത്യ അല്ലാതെ വേറെ വഴിയില്ലെന്നും പറഞ്ഞ് അയാൾ കരഞ്ഞു. മേലാഫീസറെ മാറ്റി നിർത്തി, ജപ്തി ഒഴിവാക്കാൻ വല്ല വഴിയുമുണ്ടോ എന്നന്വേഷിച്ചപ്പോൾ സാറിനു കിട്ടിയത് ഇംഗ്ലീഷിൽ നല്ല നാല് ചീത്തയാണ്.

നോട്ടീസ് പതിച്ച തൂണിനു താഴെ തലയ്ക്കു കയ്യും കൊടുത്ത് അഗസ്റ്റിൻ തളർന്നിരിക്കുന്നു. തികട്ടി വരുന്ന തേങ്ങലിനെ സാരിത്തലപ്പു കൊണ്ട് തടയാൻ വൃഥാ ശ്രമിക്കുന്ന ഭാര്യയും അവരോട് ചേർന്ന് നിൽക്കുന്ന മൂന്ന് മക്കളും. തിരിഞ്ഞു നോക്കേണ്ടിയിരുന്നില്ല എന്ന് ചിന്തിച്ചു കൊണ്ട് ഓഫീസറിന് പുറകിലായി സാറ് പടികളിറങ്ങി.

ചെണ്ടയും വിളംബരവുമില്ലാതെ നടത്തിയ പ്രതീകാത്മക ജപ്തിയാണെങ്കിലും വിവരം  നാട്ടിലാകെ കാട്ടു തീ പോലെ പടർന്നു. മകളുടെ ഉറപ്പിച്ച വിവാഹം മുടങ്ങി. നെല്ലിനടിക്കാനുള്ള  വിഷം കഴിച്ച് അഗസ്റ്റിൻ ആത്മഹത്യ ചെയ്തു. സുരക്ഷ കണക്കിലെടുത്ത് ബാങ്ക് തോമസ് സാറിനെ  മറ്റൊരു ബ്രാഞ്ചിലേക്കു സ്ഥലം മാറ്റി.

"സാറ് കാരണമല്ല അന്നതൊക്കെ സംഭവിച്ചതെന്ന് ഞങ്ങക്കറിയാം. സാറുള്ളതാ ഒരു ധൈര്യമെന്ന് അപ്പനെപ്പളും പറയ്വാർന്നു. ഞങ്ങക്കത്രെ വിധിച്ചിട്ടുണ്ടാർന്നൊള്ള്..."

അവൾ കണ്ണു തുടച്ചു.

"സാറിനോർമ്മണ്ടോ അന്ന് കൂടെ വന്ന ഓഫീസർ സാറ് പറഞ്ഞത്? വീട്ടിൽ കാശുണ്ടോന്നൊന്നും  നോക്കാതെ, എല്ലാരും നഴ്സിങ്ങെന്നും എഞ്ചിനീറിങ്ങെന്നും പറഞ്ഞിറങ്ങിക്കോളുമെന്ന്. അത് ശെരിയാ സാറേ. എന്‍റെ ഒരാൾടെ നിർബന്ധത്തിനാ അപ്പനെന്നെ നഴ്സിങ്ങിന് ചേർത്തെ. എന്‍റെ  അമ്മാമ്മ നേഴ്സായിരുന്നു. കണ്ടിട്ടില്ലെലും അമ്മാമ്മേ പറ്റി ഒരുപാട് കേട്ടിട്ടുണ്ട്. പണ്ട് അമ്മച്ചീടെ നാട്ടിൽ പോവുമ്പോ നഴ്സമ്മേടെ  പേരകുട്ടികളാണെന്ന് പറഞ്ഞാ എന്തൊരു കാര്യാന്നോ എല്ലാർക്കും. അതൊക്കെ കണ്ടാണ് നേഴ്സാവാൻ ആഗ്രഹം കേറിയേ. കാശില്ലാത്തവർക്ക് അതൊരു അത്യാഗ്രഹമാണെന്നൊന്നും അന്ന് തോന്നിയില്ല."

അവൾ വെറുതെ ചിരിക്കാൻ ശ്രമിച്ചു.

"അതിനെന്നാ മോളേ. അതോണ്ടല്ലേ ഇവിടെ ഇത്രേം പേരെ സേവിക്കാൻ നിനക്ക് അവസരം കിട്ടിയേ. നിങ്ങളൊക്കെ എന്നും കർത്താവിനു പ്രിയപ്പെട്ടവരായിരിക്കും."

പെണ്ണമ്മ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

"എന്ത് സേവനാ അമ്മച്ചീ. ഈ യൂണിഫോമിട്ടോണ്ട് പറയാൻ പാടിലാത്തതാ. ആതുരസേവനൊന്ന്വല്ല ഇവിടെ നടക്കുന്നത്; നല്ല ഒന്നാന്തരം ബിസിനസാ. എടുത്താ പൊങ്ങാത്ത ബില്ലടക്കാൻ  പരക്കം പായുന്ന എത്ര പാവങ്ങളെ കാണുന്നറിയ്വോ ദിവസോം? എന്നിട്ടോ, ദിവസം  പന്ത്രണ്ടും പതിനാലും മണിക്കൂർ പണിയെടുക്കുന്ന ഞങ്ങടെ ശമ്പളം പുറത്ത് പറയാൻ കൊള്ളത്തില്ല. അതീന്നു തന്നെ നല്ലൊരു തുക മെസ് ഫീസെന്നും ബസ് ഫീസെന്നും പറഞ്ഞ് തിരിച്ചു പിടിക്കും. ലോണൊക്കെ പിന്നെങ്ങനെ അടച്ചു തീർക്കാനാ?? ആ...അതൊക്കെ പോട്ടെ. എന്തായാലും ആ സാറിന്‍റെ  അന്നത്തെ വാക്കുകൾ  കൊണ്ടൊരു ഗുണമുണ്ടായി. എന്‍റെ  ഇളയത് ആന്‍റണിയെ ഡിഗ്രിക്കാ വിട്ടേ. ചെറുക്കൻ ഇത്തവണത്തെ പി.എസ്.സി. ലാസ്‌റ്റ്  ഗ്രേഡ് ലിസ്റ്റിലുണ്ട്."

"നിങ്ങടെ വീടോ മോളെ...?"

സാറിന്റെ മനസ്സപ്പോഴും നോട്ടീസ് പതിച്ച ആ തൂണിൽ തങ്ങി നിൽക്കുകയായിരുന്നു.

"ഓ...അതൊക്കെ അന്നേ പോയതാന്നേ.  ബാങ്ക് ലോൺ അടച്ചു തീർത്ത്  അയലത്തെ ജോണിച്ചേട്ടൻ അതങ്ങ് വാങ്ങിച്ചാർന്നു. പുള്ളിക്കാരൻ തന്ന ബാക്കി   കാശിനാ ചേച്ചിടെ കെട്ടും അനിയന്‍റെ   പഠിപ്പുമൊക്കെ നടന്നു പോയത്. അവനും  അമ്മച്ചീമിപ്പൊ അമ്മച്ചീടെ നാട്ടിലൊരു വാടക വീട്ടിലാ. ഇനി അവൻ ജോലി കിട്ടി പോയാൽ അമ്മച്ചിയെ ഇങ്ങു കൊണ്ടൊരെണ്ടി വരും. അതോർക്കുമ്പഴാ. ഇവിടുത്തെ വാടകയൊന്നും താങ്ങത്തില്ലെന്നെ. ആ...എന്തേലും വഴി കാണും. അപ്പോ ഞാൻ പോട്ടെ. സംസാരിച്ചു നിന്ന് നേരം പോയതറിഞ്ഞില്ല..."

അവൾ മുറിയിൽ നിന്നും ഓടിയിറങ്ങിപ്പോയി.

തങ്ങളുടെ ഭാവി ജീവിതത്തെ സംബന്ധിക്കുന്ന സുപ്രധാനമായൊരു തീരുമാനമെടുത്തതിന്റെ നിർവൃതിയിൽ സാറും പെണ്ണമ്മയും അന്നത്തെ രാത്രി സുഖമായി ഉറങ്ങി.

"മോളെ നിനക്ക് ഞങ്ങളുടെ കൂടെ പോന്നൂടെ. എന്തായാലും ഈ വയസ്സാൻ കാലത്തു ഇതിയാനെ തനിച്ചു നോക്കാൻ എന്നെ കൊണ്ടാവത്തില്ല. ഒരു ഹോം നഴ്സിനെ വെക്കാനാ മോൻ പറയുന്നേ. ഏത് തരമാന്നറിയാത്ത ഒരാളെ കൂടെ നിർത്താൻ ഞങ്ങൾക്ക് ധൈര്യം പോരാ. മോൾക്ക് വന്നൂടെ? ഇവിടുന്നു കിട്ടുന്നതിനേക്കാൾ കൂടുതൽ ശമ്പളം എന്തായാലും ഞങ്ങൾ തരും."

പിറ്റേന്ന് കാലത്ത് മുറിയിലെത്തിയപ്പോൾ, അവളുടെ മെലിഞ്ഞ വിരലുകൾ കൂട്ടിപ്പിടിച്ചു കൊണ്ട് പെണ്ണമ്മ ചോദിച്ചു.

"സാമാന്യം വല്യ വീടാ മോളെ. ആകെ ഞങ്ങള് രണ്ടാളല്ലേ ഉള്ളൂ. മോക്ക്  അമ്മച്ചീനേം കൊണ്ടൊരാം. പെണ്ണമ്മക്കതൊരു കൂട്ടാവേം ചെയ്യും..."

അമ്പരന്ന് നിൽക്കുന്ന അവളെ നോക്കി സാറ് പറഞ്ഞു.

രണ്ടാഴ്ചക്കു ശേഷം, ഡിസ്ചാർജ് ചെയ്തു പോകുമ്പോൾ, അവളുടെ കൈയ്യിൽ പിടിച്ചാണ്  സാറ് കാറിലേക്ക് കയറിയത്. ജീവിതത്തിന്‍റെ ബാലൻസ് ഷീറ്റിലെ നിഷ്ക്രിയ ആസ്തികളുടെ അളവ് തുലോം കുറഞ്ഞതായി അപ്പോൾ അയാൾക്ക്‌ തോന്നി.

Sunday, 11 August 2019

വൈറ്റ്നെർ

1


"മച്ചാനേ ഞാൻ പറഞ്ഞേ....നടക്കൂല. ക്യാഷ് സെറ്റാക്കീട്ട് നീയിനി വിളിച്ചാ മതി."


"ഡാ....പ്ലീസ്....എ...നിക്ക്....ഇദ്..ലാസ്റ്റാ..."


"ഓസിന് തരാൻ ഇതെന്റെ പൊരേലിണ്ടാക്കണതല്ല പുന്നാര മോനേ. ഇല്ലേ നീയൊര് പണി ചെയ്യ്. പഴേ വൈറ്റ്നറിന്‍റെ  പരിപാടി  തന്നെ നോക്ക്. അദ് വേണേമ്മള് ഫ്രീയായെത്തിക്കാട്ടാ..."


ഒരു കൂട്ടച്ചിരിയോടെ അങ്ങേത്തലക്കൽ കാൾ കട്ടായിട്ടും, ഇപ്പുറത്ത് അവൻ വാക്കുകൾക്കായി പരതി കൊണ്ടിരുന്നു. ഒടുവിൽ മൊബൈൽ  വലിച്ചെറിഞ്ഞ് കിടക്കയിലേക്ക് കമിഴ്ന്നു.


അതേ; എല്ലാത്തിന്‍റെയും തുടക്കം വൈറ്റ്നറിലായിരുന്നു. അസൈൻമെന്റെഴുത്തിന്റെ പേരിൽ സുഹൃത്തിന്റെ വീട്ടിൽ പോയതാണ്. അറ്റം പൊട്ടിച്ച ഒരു വൈറ്റ്നർ നീട്ടി വലിക്കാൻ പറഞ്ഞപ്പോൾ ഒന്നുമാലോചിക്കാതെ ആഞ്ഞു വലിച്ചു. മൂക്കിനകത്തേക്കു തുളഞ്ഞു കയറിയ രൂക്ഷഗന്ധം ഉണ്ടാക്കിയ അസ്വസ്ഥത വിട്ട് പതിയെ ഒരു മയക്കം അനുഭവപ്പെടാൻ തുടങ്ങി. ശരീരത്തിന് ഒട്ടും കനമില്ലാതാവുന്നത് പോലെ.  കടലാസ്സിനെ മാത്രമല്ല മനസ്സിനെയും വെളുപ്പിക്കാൻ വൈറ്റ്നെറിനാകുമെന്ന്  തിരിച്ചറിഞ്ഞതോടെ അതൊരു ശീലമായി. വീടിനെയും  ക്ലാസ്സ് മുറികളെയും അമ്മയെയും ടീച്ചറെയുമൊക്കെ മറന്ന് പാറിപ്പറന്ന പല പല ദിനങ്ങൾ.


കട്ടിലിനടിയിലെ കാർഡ് ബോർഡ് പെട്ടി നിറയെ ഒഴിഞ്ഞ വൈറ്റ്നെറുകൾ കണ്ടെത്തിയത് അനിയത്തിയാണ്. അമ്മക്ക് കാട്ടിക്കൊടുക്കുകയും ചെയ്തു. ചോദിച്ചപ്പോൾ കളക്ഷനാണെന്ന് പറഞ്ഞു. കുട്ടിക്കാലത്ത് തീപ്പെട്ടിക്കൂടും ഗോലികളും  പേനയുടെ അടപ്പുകളും തുടങ്ങി സകല ലൊട്ടുലൊടുക്കുകളുടേയും ശേഖരണമുണ്ടായത് കൊണ്ട്  അവർ എളുപ്പം വിശ്വസിച്ചു.


കോളേജ് കാലമായപ്പോഴേക്കും  ലഹരി  ഒരു സുലഭ വസ്തുവായിരുന്നു. പൊടിയായും ഗുളികയായും സിറിഞ്ചായും പല രൂപത്തിലും കിട്ടിക്കൊണ്ടിരുന്നു; വലിയ വില കൊടുക്കണമെന്നു മാത്രം.  'അസൈൻമെൻറ് ഫീ' , 'സെമിനാർ ഫീ', 'സപ്ലി ഫീ' - എന്നിങ്ങനെ പല പേരുകളിൽ ആവശ്യമുന്നയിക്കുമ്പോഴൊക്കെ, കോളേജിനെ പ്രാകിയിട്ടാണെങ്കിലും, അമ്മ മുടങ്ങാതെ കാശ് അയച്ചിരുന്നു. പഠനം  കഴിഞ്ഞു വീട്ടിലിരിക്കുന്നതിനാൽ ഇപ്പോൾ അത് പറ്റില്ല. ചോദിക്കാനും പറയാനും നിൽക്കാതെ വീട്ടിലുള്ള കാശെടുക്കുകയാണ് പതിവ്. ഇന്നാകട്ടെ വീട് മുഴുവൻ അരിച്ചു പെറുക്കിയിട്ടും ഒരു ചില്ലിക്കാശ് കിട്ടിയില്ല. വേറെ വഴിയൊന്നുമില്ല. അവന്‍റെ  വിറയാർന്ന വിരലുകൾ വിണ്ടു കീറിയ മൊബൈൽ സ്‌ക്രീനിൽ പരതി.


"ഓക്കേ മച്ചാനെ...മനസ്സിലായി...കെടന്നു സീനാക്കല്ലേ. ചില്ലിക്കാശില്ലാതെ സ്റ്റഫ് ഒപ്പിക്കാം. പക്ഷെല് ഞാൻ പറേണ പോലെ ചെയ്യണ്ടി വരും."



2


ആദ്യത്തെ മുട്ടിൽ തന്നെ അവൾ വാതിൽക്കലേക്കോടി. അയാളാണ് എന്ന്  അത്രക്കുറപ്പായിരുന്നു. മുഖത്തിന് നേരെ നീണ്ട ചൂണ്ടുവിരലറ്റത്ത് തൂങ്ങിയാടുന്ന സ്വർണ്ണമാല  കണ്ട് അവളുടെ മഷിയെഴുതിയ കണ്ണുകൾ വിടർന്നു.  കണ്ണിറുക്കി കാണിച്ചു കൊണ്ട് അയാളാ മാല അവളുടെ കഴുത്തിലിട്ടു കൊടുത്തു.


"ന്ത്നാപ്പോ ഇദൊക്കെ..."


അവൾ അയാളുടെ വീതിയേറിയ നെഞ്ചിലമർന്നു.


"നീയാ താലി ചരടിൽ നിന്നൂരി ഇതിലിട്"


അയാളവളെ കൂടുതൽ ചേർത്ത്  നിർത്തി.


                         *------*------*


ഇപ്പോൾ ആശുപത്രി കിടക്കയിലുള്ള അയാളുടെ കാൽക്കലായി അവളിരിക്കുകയാണ്.


അയാൾ കണ്ണുകൾ വലിച്ചു തുറന്ന്, പതിയെ ചുണ്ടുകളനക്കി. വേഗം അടുക്കലേക്ക് നീങ്ങിയിരുന്ന് അവൾ മുഖം താഴ്ത്തി.


"രണ്ടാളേം നല്ലോണം പഠിപ്പിക്കണട്ടോ...."


"മ്മ്...."


തികട്ടി വന്ന തേങ്ങലിനെ അവൾ പിടിച്ചു നിർത്തി.


"പിന്നെ...മ്മടെ മോളെ കെട്ടിച്ച് വിടുമ്പോ, ഇദിടീച്ച് കൊട്ത്ത്ട്ട് അച്ഛന്റെ വകയാന്ന് ഓളോട് പറേണം...."


മുഖത്തിനരികിൽ തൂങ്ങിയാടുന്ന മാല വിറക്കുന്ന ചൂണ്ട് വിരലിൽ കൊരുക്കാൻ ശ്രമിക്കുന്നതിനിടയിൽ അയാളുടെ തൊണ്ടയിടറിപ്പോയി. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടതോടെ ഉറക്കെ കരഞ്ഞു കൊണ്ട് അവൾ നേഴ്സിനെ വിളിക്കാനോടി.


                          *------*------*


"ന്താപ്പാ.... നട്ടപ്പകല് ഇരുന്നൊറങ്ങ്വാ?"


ഞെട്ടി കണ്ണ് തുറന്നത് രഘുവേട്ടന്റെ ചിരിക്കുന്ന മുഖത്തേക്കാണ്.


"അല്ലല്ല...ഓരോന്ന് ഓർത്തങ്ങനെ മയങ്ങിപ്പോയി..."


കണ്ണിനരികിലൂടെ ഒലിച്ചിറങ്ങിയ നനവ് തുടച്ച് അവൾ കസേരയിൽ നിവർന്നിരുന്നു.


അയാളുടെ മുഖത്തെ ചിരി മാഞ്ഞു.


"ഓർക്കാൻ പിന്നെമ്പാടുണ്ടല്ലോ..."


ദീർഘമായൊന്ന് നിശ്വസിച്ച്, അയാൾ കീശയിൽ നിന്നൊരു കടലാസെടുത്ത് നീട്ടി. 


''ദാ... കാശടച്ചേന്റെ രശീതി. മാനേജര്ടടുത്ത് ചെന്ന് ഒപ്പിട്ടു കൊട്ത്ത് മാലയിങ്ങ് വാങ്ങിച്ചോ. നെന്റെയീ ഒഴിഞ്ഞ കഴ്ത്തില് അദ് കെടക്കുന്നെ കണ്ടാലെ ഇനിക്കൊരു സമാധാനൊള്ള്."


അകത്തെവിടെ നിന്നോ വന്ന വിളിയുടെ പുറകെ രഘുവേട്ടൻ കയറി പോയി.


''വെറും ചങ്ങായിയല്ലട്ടോ, ഇന്റെ  ഒടപ്പെറന്നോനാ രഘുവേട്ടൻ" എന്നാണ് അയാളെപ്പഴും പറയാറ്. അവളെയും വിളിച്ചിറക്കി അയാൾ നേരെ ചെന്നതും രഘുവേട്ടന്റെ അടുക്കലേക്കാണ്.  സഹകരണ ബാങ്കിലെ ശിപായിയായിരുന്ന രഘുവേട്ടന്റെ പരിചയങ്ങളിലൂടെയാണ്  അവർക്ക് താമസിക്കാനൊരു വീടും അയാൾക്കൊരു ജോലിയും തരപ്പെട്ടത്.


അവളെണീറ്റ് മാനേജരുടെ കാബിന് നേരെ നടന്നു.



3


രണ്ടു കൂറ്റൻ കന്മതിലുകൾക്കിടയിൽ ഞെരുങ്ങിക്കിടക്കുന്ന റോഡിന്‍റെ ഒരറ്റത്തായി ബൈക്ക് നിർത്താൻ  പുറകിലിരുന്ന സുഹൃത്ത്  ആവശ്യപ്പെട്ടു.


"ഫുൾ സ്പീഡിൽ ഓടിച്ചോണം. അങ്ങേ സൈഡീ നമ്മടെ ടീമ്സ്ണ്ട്. ഇങ്ങട്ടുള്ള വണ്ടികള് അവര് ബ്ലോക്ക് ചെയ്തോളും. നോക്ക്, എന്തുണ്ടായാലും വണ്ടി നിർത്തിയേക്കരുത്."


തീരെ ഇടുങ്ങിയ വഴിയിൽ, അല്പം ദൂരെയായി, നടന്നു പോകുന്ന സ്ത്രീയെ കണ്ടപ്പോൾ അവനൊന്നു പരുങ്ങി.


"വണ്ടി എട്ക്കെടാ മൈരേ..."


ഹെൽമെറ്റ് ചില്ലുകൾ താഴ്ന്നു. വിറക്കുന്ന കൈയ്യിനുള്ളിൽ ആക്സറേറ്റർ തിരിഞ്ഞു. ബൈക്ക് ചീറിപ്പാഞ്ഞു. സുഹൃത്തിന്‍റെ  കൈ സ്ത്രീക്ക് നേരെ നീളുന്നതും അവർ റോഡിലേക്ക്  കമിഴ്ന്നടിച്ചു വീഴുന്നതും  ഒരു മിന്നായം പോലെ റിയർവ്യൂ മിററിൽ അവൻ കണ്ടു.


4

               

ബാങ്കിൽ നിന്നുമിറങ്ങുമ്പോൾ അവളേറെ സന്തോഷവതിയായിരുന്നു. കഴുത്തിലണിഞ്ഞ മാലയിൽ തിരുപ്പിച്ചു കൊണ്ട് സ്വയം പുഞ്ചിരിച്ചു.


വിവാഹത്തിന് ശേഷം അയാൾ ആദ്യമായും അവസാനമായും നൽകിയ സമ്മാനമാണ് ആ സ്വർണ്ണ മാല. ചികിത്സക്കായി മറ്റെല്ലാം വിറ്റു പെറുക്കിയിട്ടും ആ മാല തൊടാൻ അയാളനുവദിച്ചില്ല. 


ഒറ്റക്കുള്ള ജീവിതത്തിന്‍റെ  രണ്ടറ്റം മുട്ടിക്കാനുള്ള പരക്കം പാച്ചിലിൽ കൈകൾ  പലവട്ടം ആ മാലയിലേക്ക് നീണ്ടതാണ്. പക്ഷെ, അയാളുടെ അവസാന വാക്കുകൾ അവളെ  പിന്തിരിപ്പിച്ചു. എന്നിട്ടും, മകന്‍റെ പഠന ചെലവുകൾ വിദ്യാഭ്യാസ വായ്പയിലും  ഒതുങ്ങാതെ വന്നപ്പോൾ അവൾ രഘുവേട്ടന്റെ മുന്നിലെത്തി.


"ഇദ് വേണോ മോളേ... ഓനെണക്ക് നല്ലപ്പം വാങ്ങി തന്നതല്ലേ..."


''ന്താക്കാനാ രഘ്വേട്ടാ... ചെക്കന്റെ പഠിപ്പ് നടക്കണ്ടെ. പിന്നെ വിക്ക്വൊന്നല്ലല്ലോ; ഇങ്ങളെട്ത്ത് ഏൽപ്പിക്ക്യല്ലേ. ഇനിക്കാവ്മ്പോ വന്ന് തിരിച്ചെട്ക്കാം"


അവളൊരു വരണ്ട ചിരി ചിരിച്ചു.


"ന്തേലൊരു വഴിണ്ടാർന്നേല് ഇദ് ഞാൻ സമ്മയ്ക്കൂല്ലായിരുന്നു."


"അദൊന്നും സാരല്ല. ഇങ്ങളിതൊന്ന് വെച്ച് വേഗം കാശെട്ത്ത് തരീ. പൈസ ഇന്നന്നെ കിട്ടണോന്നും പറഞ്ഞ് ഒരുത്തനാട കയറ് പൊട്ടിക്കാ. ബാങ്കടക്കേണെന്റെ മുന്നേ ഇനിക്കതോന്റെ ഏട്ടിയെമ്മിലിട്ട് കൊട്ക്കണം."


ഒരു നിമിഷം കണ്ണടച്ചു പ്രാർത്ഥിച്ചിട്ടാണ്, അവൾ മാല ഊരി രഘുവേട്ടന്റെ കൈയ്യിൽ വെച്ച് കൊടുത്തത്. 


അതൊരു പണയ ഉരുപ്പടിയായിരുന്ന കാലമത്രയും ഉള്ളുരുകുകയായിരുന്നു. ഇന്ന്, സ്വരുക്കൂട്ടി വെച്ചതും കുറി പിടിച്ചതും ചേർത്ത് അത് തിരികെ എടുത്തപ്പോൾ  ലോകം തന്നെ കീഴടക്കിയത് പോലെ അവൾക്ക് തോന്നി.


പക്ഷെ, ഒറ്റ നിമിഷത്തിൽ എല്ലാം മാറി മറിഞ്ഞു. കമിഴ്ന്നടിച്ചുള്ള വീഴ്ച്ചയിൽ ബോധം മറയും മുമ്പെ, ഏതോ വിരലിൽ തൂങ്ങിയാടുന്ന പൊട്ടിയ മാല അവൾ കണ്ടതാണ്. എന്നിട്ടും, ബോധം തെളിഞ്ഞപ്പോൾ അവളുടെ വിരലുകൾ കഴുത്തിൽ പരതി.


                                

5


കടല്‍ക്കാറ്റിന്റെ കുളിരും ലഹരിയുടെ ചൂടും നുകർന്ന്, ഉറക്കത്തിനും ഉണർവിനുമിടയിൽ ചാഞ്ചാടി കൊണ്ട്, ബീച്ചിലെ കാറ്റാടി മരങ്ങൾക്കിടയിൽ  മലര്‍ന്നു കിടക്കുകയായിരുന്ന അവനെ, പോക്കെറ്റിൽ കിടന്ന ഫോണിന്റെ നിർത്താതെയുള്ള വിറയലാണ് ഉണർത്തിയത്. എടുത്ത് നോക്കിയപ്പോൾ അനിയത്തിയാണ്. തികട്ടിക്കയറി വന്ന ഒരു തെറിവാക്ക് പല്ലുകൾക്കിടയിലിട്ട് ഞെരിക്കുന്നതിടയിൽ സ്ക്രീനിലെ ചുവന്ന വൃത്തത്തിൽ അവന്റെ തള്ളവിരലമർന്നു. 


അതേ സമയം, നേരം വളരെയേറെ വൈകിയിട്ടും തിരികെയെത്താത്ത അമ്മയേയും ചേട്ടനേയും ഫോണിൽ വിളിച്ചിട്ടും കിട്ടാതായതോടെ വീട്ടിൽ ഒറ്റക്കായിപ്പോയ പെൺകുട്ടി പരിഭ്രമിച്ചു തുടങ്ങിയിരുന്നു.

Sunday, 27 January 2019

ഗുരുതി

1
ബീച്ച് റോഡരികിന്റെ വിശാലതയിൽ കാറൊതുക്കി ഞാൻ പുറത്തിറങ്ങി. വെയിൽ മങ്ങിയിട്ടും ചൂടാറിയിട്ടില്ലാത്ത പൂഴിമണലിൽ ചെരിപ്പിന്റെ ഉയർന്ന ഹീലുകൾ പൂണ്ട് പോകുന്നു. വേച്ച് വേച്ച് നടന്ന് ചെന്ന് ഒറ്റപ്പെട്ട് നിൽക്കുന്ന കാറ്റാടിയുടെ തണലിലേക്ക് ഞാൻ കയറി നിന്നു. പണ്ടൊന്നും ഇങ്ങനെ ആയിരുന്നില്ല. തിങ്ങി നിറഞ്ഞ കാറ്റാടികളായിരുന്നു. വെയിൽ തൊടാത്ത ഭൂമിക്ക് തണുപ്പായിരുന്നു. ചെരുപ്പിൽ നിന്നും സ്വതന്ത്രമായി ആ മണലിലാഴ്ന്നതിന്റെ കുളിരോർമ്മ കാലുകളെ പൊള്ളിക്കുന്നുണ്ടാകും.   

കടൽ വെള്ളത്തിൽ ചുവപ്പ് പടർന്ന് തുടങ്ങുന്നു. "കാമുകനായ സൂര്യന്റെ സാമീപ്യത്തിൽ നാണം കൊണ്ട്  കടലമ്മയുടെ കവിൾ ചുവക്കുന്നു." 
എന്നോ വായിച്ച കവിതയുടെ ഓർമ്മ ചുണ്ടിൽ ചിരി പടർത്തി. ബാഗിൽ കിടന്ന മൊബൈൽ റിങ്ങ് ചെയ്തു. സ്ക്രീനിൽ തെളിഞ്ഞ പേര് ചിരി മായ്ച്ചു. അമ്മയാണ്. ഫോൺ ചെവിയോട് ചേർത്തു.

''മോളേ......."

മനസ്സ് പറഞ്ഞിട്ടും നാവ് അനങ്ങിയില്ല.

''നാളെയാ ഗുരുതി.... പറഞ്ഞീർന്നില്ലേ ഞാൻ"

അൽപ നേരത്തെ നിശ്ശബ്ദതക്ക് ശേഷം അമ്മ തുടർന്നു.

"അച്ഛന് മടിയായിട്ടാ നെന്നെ വിളിക്കാൻ... മൂപ്പര് പറഞ്ഞിട്ടന്യാ ഞാനീ വിളിക്കണേ...."

അത് അമ്മ പറയാതെ തന്നെ എനിക്കറിയാം. പാത്തും പതുങ്ങിയും ഇടയ്ക്ക് വിളിക്കാറുണ്ടെങ്കിലും വീട്ടിലേക്ക് ക്ഷണിക്കാനുള്ള ധൈര്യമൊന്നും ആ പാവത്തിനില്ല.

"അച്ഛന്റെ വാശി നെനക്കറിയാവുന്നതല്ലേ കുട്ടീ...''

"പണ്ടൊരിക്ക ആ വാശിക്ക് കുരുതി കൊടുത്തതല്ലേ ഇന്റെ ജീവിതം....ഇനീം വേണോ വേറെ ഗുരുതി?"

പറയണമെന്ന് കരുതിയതല്ല. പറഞ്ഞ് പോയതാണ്. ചിലപ്പോഴങ്ങനെയാണ് നാവ് തന്നിഷ്ടപ്രകാരം പെരുമാറുന്നു.

''ന്തൊക്ക്യാ മോളേ നീയ്യി പറയണയത്... നിങ്ങടെടേക്കിടന്ന് തീ തിന്ന് മത്യായിനിക്ക്"

വരാം എന്ന ഒറ്റ വാക്കിൽ തുടർന്ന് വരാനുള്ള ഒരുപാട് പരിവേദനങ്ങളുടെ കഴുത്തറുത്തിട്ടു.

വെയിൽ പാടെ കെട്ടിരുന്നു. അവൻ വരാമെന്ന് പറഞ്ഞ സമയമായി. ഞാൻ കടലിന് നേരെ നടന്നു.

2.

തിരിഞ്ഞു നോക്കിയാൽ നീണ്ടു കിടക്കുന്ന റോഡിന്റെ അറ്റം വരെ കാണാം. ഇല്ല അവനില്ല. ഞാൻ നേരത്തെ തന്നെ പറഞ്ഞല്ലോ. പണ്ട് ഇവിടമിങ്ങനെ ആയിരുന്നില്ല. റോഡിൽ നിന്നും നോക്കിയാൽ ജനലഴികളിലൂടെ എന്ന വണ്ണമാണ് കടലിനെ കാണുക എന്ന് പറയുമ്പോൾ വരിയായി നിവർന്നു നിൽക്കുന്ന കാറ്റാടി മരങ്ങളെ  നിങ്ങൾക്ക് സങ്കൽപ്പിക്കാനാകുന്നില്ലേ? ഇന്നതൊന്നുമില്ല. പിന്നെ, ഈ പണ്ടെന്ന് ഞാൻ പറയുന്നത് അത്ര പണ്ടൊന്നുമല്ല കേട്ടോ. ഇതിന് മുമ്പ് ഒരേയൊരു തവണയാണ് ഞാനിവിടെ വന്നത്. കൃത്യം ഒരു  വർഷം പുറകിൽ; ഇതേ ദിവസം. അന്നത്തെ കാര്യമാണ്. അന്നാണ് അവനെ ഞാൻ പരിചയപ്പെട്ടതും.

അകാലത്തിൽ പിരിഞ്ഞു പോയ പ്രിയ കവിയുടെ അനുസ്മരണമായിരുന്നു അന്ന്. 
ജീവിച്ചിരുന്നപ്പോൾ അകറ്റി നിർത്തിയവർ പോലും അയാളെ വാഴ്ത്തുന്നത് കേട്ട് എനിക്ക് ഓക്കാനം വന്നു. കാരണം അയാളുടെ കവിതകളേക്കാൾ അയാളെ ഞാൻ പ്രണയിച്ചിരുന്നു. എന്നിട്ടെന്തുണ്ടായി എന്ന് നിങ്ങൾ ചോദിച്ചാൽ പലകുറി കേട്ട് പഴകിയ ഒരു നഷ്ടപ്രണയ കഥയാവും എന്റെ മറുപടി. അത് നിങ്ങളെ  മുഷിപ്പിക്കുമെന്ന് തീർച്ചയാണ്.  

ഇനി ഞാനൊരു സത്യം പറയട്ടെ. അയാളെയുമല്ല അയാളുടെ കണ്ണുകളിലാണ് ഞാൻ പ്രണയ പരവശയായത്. ചലനമറ്റ ആ കണ്ണുകൾ ചത്ത മീനുകളെ ഓർമ്മിപ്പിച്ചു. അതിന്റെ ആഴങ്ങളിലേക്കിറങ്ങാൻ പലകുറി ശ്രമിച്ച് പരാജയപ്പെട്ടതാണ് ഞാൻ. ഒന്ന് കൂടി പറയട്ടെ അയാൾ ഏതോ തെരുവിൽ മരിച്ച് മഴ നനഞ്ഞ് കിടക്കുമ്പോൾ ഞാൻ കല്യാണ മണ്ഡപത്തിലായിരിക്കണം. അല്ലെങ്കിൽ ഭർത്താവിനോട് ചേർന്നിരുന്ന് വിവാഹ സദ്യ ഉണ്ണുകയാവും. തീർച്ചയില്ല. ഇനിയെന്റെ പ്രണയത്തെ പറ്റി നിങ്ങളൊന്നും ചോദിക്കില്ലെന്നെനിക്ക് ഉറപ്പുണ്ട്.  

ഒരു മണിക്കൂറോളം നീണ്ട പ്രസംഗ പരാക്രമങ്ങൾക്ക് ശേഷമാണ് അവൻ വേദിയിലെത്തിയത്. അവനൊരു കോളേജ് വിദ്യാർത്ഥിയാണെന്നാണ് സ്വയം പരിചയപ്പെടുത്തിയത്. പിന്നെ ഇടത് കൈയ്യിൽ നിവർത്തിപ്പിടിച്ച കടലാസ്സ് കെട്ടിൽ നോക്കി അവനയാളുടെ കവിതകളോരോന്നായി ചൊല്ലാൻ തുടങ്ങി.  അയാളുടെ ഈണമില്ലാത്ത കവിതകൾ മുഴുവൻ ഊർജ്ജവും നൽകി ചൊല്ലുമ്പോൾ അവന്റെ മെലിഞ്ഞ ദേഹം വിറക്കുന്നുണ്ടായിരുന്നു. പക്ഷെ, അപ്പോഴും എന്റെ ശ്രദ്ധ മുഴുവൻ ചത്ത മീനുകൾ പോലത്തെ അവന്റെ കണ്ണുകളിലായിരുന്നു.

കവിയരങ്ങിനായി സ്വന്തം കവിതകളുമായി കവികൾ വേദിയിൽ നിരന്നപ്പോൾ ഞാൻ പുറത്തേക്കിറങ്ങി; അവനും. ഒരേ മുറിയുടെ രണ്ടു വാതിലുകളിലൂടെ ഞങ്ങൾ പുറത്തെത്തി. അവനൊരു കാറ്റാടി മരത്തോട് ചാരി നിന്ന് സിഗരറ്റ് വലിക്കുന്നു. ഉണങ്ങിയ ചെമ്പൻ മുറി കടൽക്കാറ്റിൽ പാറിപ്പറക്കുന്നു. അവനെ കടന്ന് ഞാൻ നടക്കുമ്പോൾ ആ കണ്ണുകളിലേക്ക് ഞാൻ ആവർത്തിച്ച് നോക്കുന്നത് അവൻ കണ്ടിരിക്കണം. അവൻ വന്നു പരിചയപ്പെട്ടു. ഞങ്ങൾ കടലിനഭിമുഖമായിരുന്ന് സംസാരിച്ചു. ഫോൺ നമ്പർ കൈമാറി. അന്ന് തന്നെ ഞങ്ങൾ പ്രണയത്തിലായെന്ന് അവൻ പിന്നീട് അവകാശപ്പെട്ടു. ഞാൻ തർക്കിച്ചില്ല. യൗവനത്തിന്റെ പച്ചപ്പുള്ള ഹൃദയത്തിൽ പ്രണയം പെട്ടെന്ന് മുളക്കുന്നതിൽ അദ്ഭുതമില്ലല്ലോ.

അവനെനെ ഗാഢമായി പ്രണയിക്കുന്നെന്ന് ഇടക്കിടെ പറഞ്ഞു. ഞാനാകട്ടെ അവനിലൂടെ അയാളെ നിശ്ശബ്ദം പ്രണയിച്ചു. എന്നേക്കാളധികം എന്റെ ശരീരത്തിൽ അവൻ ആസക്തനാകുന്നത് എന്നെ അസ്വസ്ഥയാക്കിയിരുന്നു. എങ്കിലും ഞാനത് പ്രകടിപ്പിച്ചില്ല. കാരണം എന്തിന് വേണ്ടിയാണെങ്കിലും  അവനെ പിരിയുക എന്നത് എനിക്ക് തീർത്തും അസാധ്യമായിക്കഴിഞ്ഞിരുന്നു. എല്ലാ രാത്രികളിലും ഞാനവനെ കൊണ്ട് അയാളുടെ മാത്രം കവിതകൾ ആവർത്തിച്ച് ചൊല്ലിച്ചു. 

പലപ്പോഴായി തന്ത്രപൂർവ്വം ഒഴിവാക്കിയിട്ടും ഒരു ദിവസം ഞാൻ തനിച്ച് താമസിക്കുന്ന ഫ്ലാറ്റിൽ അവൻ വരിക തന്നെ ചെയ്തു. അവന്  എതിർവശത്തായി സോഫയിലിരുന്ന് സംസാരിക്കുന്ന എന്നെ ആർത്തിയോടെ നോക്കുന്നതല്ലാതെ അവനൊന്നും പറഞ്ഞില്ല. പിന്നെയെപ്പോഴോ അവനെണീറ്റ് എനിക്കരികിൽ വന്നിരുന്നു. അവന്റെ ഹൃദയം മിടിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു. എനിക്കെന്തോ സങ്കടം വന്നു. ഞാനവന്റെ കൈകൾ എന്റെ കൈകളിലെടുത്തു. അത് വല്ലാതെ തണുത്തിരുന്നു. പെട്ടെന്നാണ് അവനെന്നെ കെട്ടിപ്പിടിച്ചത്. എനിക്ക് എതിർക്കാൻ തോന്നിയില്ല. എന്നിൽ നിന്നും വേർപെട്ട്, വിറക്കുന്ന വിരലുകളാൽ അവനെന്റെ ഷർട്ടിന്റെ ബട്ടൻസ് അഴിച്ചു. പിന്നെ മുഖം എന്റെ മാറിലേക്കമർത്തി. ഒറ്റ നിമിഷം. ഷോക്കേറ്റ പോലെ അവൻ പിന്മാറി. പിന്നെ മുറിയിൽ നിന്നിറങ്ങിപ്പോയി. അവൻ ഓടുക തന്നെയായിരുന്നു. പിന്നീട് ചോദിച്ചപ്പോൾ അവൻ പറഞ്ഞത് എന്റെ മാറിന് അവന്റെ അമ്മയുടെ ഗന്ധമാണത്രേ. കേട്ടപ്പോഴെനിക്ക് ചിരിയും കരച്ചിലും ഒരുമിച്ച് വന്നു. അതിൽപ്പിന്നെ ഞാനവനെ ഈഡിപ്പസ്സെന്ന് വിളിച്ച് ശുണ്ഠി പിടിപ്പിച്ചു തുടങ്ങി.

പിന്നെ അവനെന്നെ തേടി വന്നില്ല. എന്തിന് എന്നിൽ നിന്നുമകലാൻ പോലും ശ്രമിച്ചു. ഞാനാകട്ടെ അതൊന്നും ഗൗനിക്കാതെ അവന്റെ കണ്ണുകളുടെ ആഴമളന്നു കൊണ്ടേയിരുന്നു.

3.
അവനൊരു പെൺകുട്ടിക്കൊപ്പം വരുന്നത് ഞാൻ ദൂരെ നിന്നേ കണ്ടതാണ്. അവരുടെ വിരലുകൾ പരസ്പരം കൊരുത്തിരുന്നു.  തീരെ മെലിഞ്ഞ ആ പെൺകുട്ടി അവന്റെ കാമുകിയാണ്. അവളുടെ വിടർന്ന കണ്ണുകളിലെ അസ്വസ്ഥത വായിച്ചപ്പോൾ അവന്റെ തോളിലമർന്ന കൈ ഞാൻ പിൻവലിച്ചു. അൽപ നേരം എന്തൊക്കെയോ സംസാരിച്ച ശേഷം അവർ യാത്ര പറഞ്ഞ് പോയി. തിരികെ നടക്കുമ്പോൾ അവളവന്റെ കൈകൾ മുറുകെ പിടിച്ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.

അവിടവിടെയായി ചിന്നിച്ചിതറി നിൽക്കുന്ന കാറ്റാടി മരങ്ങൾക്കൊക്കെ നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി  സിമൻറ് തറകെട്ടിക്കൊടുത്തിട്ടുണ്ട്‌. അതിനിടയിലൂടെയാണ് അവരിരുവരും നടന്നകന്നത്. ആവർത്തിക്കട്ടെ. പണ്ടിവിടെ നിറയെ കാറ്റാടി മരങ്ങളായിരുന്നു. അന്നായിരുന്നെങ്കിൽ അവരങ്ങനെ നടന്ന് പോകുന്നത് എനിക്ക് ഇവിടെ നിന്ന് കാണാനാകുമായിരുന്നില്ല. ആഴത്തിൽ വേരൂന്നിയെന്ന് നമ്മൾ വിശ്വസിക്കുന്ന വന്മരങ്ങളൊക്കെ എത്ര പെട്ടെന്നാണ് കടപുഴകി വീഴുന്നത്; ചില ബന്ധങ്ങൾ പോലെ.

അമ്മ വീണ്ടും വിളിക്കുന്നു.

''കുടുംബത്തിൽ ജീവനോടെയുള്ളവർ മുഴുവനുണ്ടാകണത്രേ ഗുരുതിക്ക്...
ന്നാല്ലേ ഫലംണ്ടാവുന്നാ കർമ്മി പറഞ്ഞേ.... വരില്ലേ മോളേ നീയ്യ്...."

"ഇനിയീ പടി നീ ചവിട്ടരുത്... ചത്തൂന്ന് കൂട്ടിക്കോളും ഞങ്ങള്"

അച്ഛന്റെ ദുരഭിമാനമാണ് അയാളുടെ ജീവനെടുത്തതെന്നറിഞ്ഞ നിമിഷത്തിൽ മാസങ്ങളുടെ മാത്രം ആയുസ്സുള്ള താലിയറുത്ത് വീട്ടിലേക്ക് ഓടിച്ചെന്നതാണ് ഞാൻ. ഒറ്റത്തള്ളിൽ മുറ്റത്ത് കമിഴ്ന്നടിച്ചു കിടക്കുമ്പോൾ പുറകിൽ കേട്ട വാക്കുകൾ മനസ്സിൽ നിന്ന്‌ പാടെ വടിച്ചു കളഞ്ഞു. 

''ഞാൻ കാരണം ഫലം കുറയില്ലാന്ന് അച്ഛനോട് പറയൂ."

ചുവപ്പ് കലങ്ങിയ കടൽ വെള്ളത്തിൽ ആടിയുലയുന്ന തോണികൾ ഓട്ടുരുളിയിലെ ഗുരുതി വെള്ളത്തിൽ ചിതറിക്കിടക്കുന്ന പിച്ചകപ്പൂക്കളെ ഓർമ്മിപ്പിച്ചു. കടലിനെ പുണരാനായി കര നീട്ടിയ കൈകൾ പോലെ നീണ്ടു കിടക്കുന്ന പുലിമുട്ടുകൾ. അതിലൊന്നിന്റെ അറ്റത്ത് ഞാനെത്തിയപ്പോഴേക്കും സൂര്യൻ തന്റെ പ്രണയത്തിന്റെ ആഴങ്ങളിലേക്ക് പൂർണ്ണമായും മുങ്ങിത്താണിരുന്നു.