Saturday, 8 February 2020
സമൻസ്
Thursday, 6 February 2020
വിശ്വാസം
ഇടവിട്ട് മഴ പെയ്യുന്ന ഒരു ദിവസമായിരുന്നു അത്. ആറരയുടെ പാസഞ്ചർ കടന്നു പോയതോടെ സ്റ്റേഷൻ ഏതാണ്ട് വിജനമായി. പ്ലാറ്റ്ഫോമിന്റെ ഒരറ്റത്തെ മഴത്തണുപ്പ് പുതച്ചുറങ്ങുന്ന സിമന്റ് ബെഞ്ചിലിരുന്ന് ആരോ മറന്ന് വെച്ച സായാഹ്ന പത്രം മറിച്ചു നോക്കുകയായിരുന്നു ഞാൻ. സ്വാധീനക്കുറവുള്ള ഇടങ്കാലും വലിച്ചു കൊണ്ട് അയാൾ മുന്നിൽ വന്നു നിന്നു. കാലങ്ങൾക്ക് ശേഷം കണ്ടു മുട്ടിയ ഉറ്റ ചങ്ങാതിയോടെന്ന പോലെ അയാൾ എന്നെ നോക്കി പുഞ്ചിരിക്കുന്നു. അത്രയും ആത്മാർത്ഥമായ ഒരു അഭിവാദനത്തിന് അർഹമായ മറുപടി നൽകാനാവില്ല എന്ന ഉറപ്പുള്ളതിനാൽ ഞാൻ മുഖം പത്രത്താളിന് പുറകിലൊളിപ്പിച്ചു.
"സാറേ...തൃശ്ശൂർക്കുള്ള പാസഞ്ചർ ഇവിടല്ലേ വര്വാ?"
സ്ത്രീകളുടേത് പോലെ സൗമ്യമായിരുന്നു അയാളുടെ ശബ്ദം.
"ഉം... "
മുഖം കൊടുക്കാതെ മൂളുക മാത്രം ചെയ്തിട്ടും അയാൾ അവിടെ തന്നെ ചുറ്റിപ്പറ്റി നിൽക്കുകയാണ്.
"വണ്ടി വരാൻ ഇനീമൊരു മണിക്കൂറാവും. കുറച്ചൂടെ മുന്നോട്ട് നടന്നാ വെയറ്റിങ്ങ് റൂമ്ണ്ട്"
അയാൾ പോവും എന്ന് കരുതി പറഞ്ഞതാണ്. പക്ഷെ അയാൾക്ക് പോകാനുള്ള ഉദ്ദേശമുണ്ടെന്ന് തോന്നിയില്ല. ഒറ്റക്കാലിൽ ഊന്നിയുള്ള ആ നിൽപ്പ് കണ്ട് സഹതാപം തോന്നിയിട്ടോ എന്തോ, എന്നെ തന്നെ അദ്ഭുതപ്പെടുത്തി കൊണ്ട്, ബാഗ് അരികിലേക്ക് നീക്കി വെച്ച് അയാൾക്ക് ഇരിക്കാനുള്ള സ്ഥലം നൽകി.
"ഇനിക്കെല്ലാരേം പേട്യാ..."
മുന്നിലെ ഇരുളിലേക്ക് നോക്കിയാണ് അയാൾ സംസാരിക്കുന്നത്.
''ഇരുട്ടത്ത് ഒറ്റക്ക് നടക്കുന്ന കുട്ടീടെ മനസ്സാ സാറേ ഇനിക്ക്. ഒരാക്രമണം ഏതു ഭാഗത്ത് നിന്നുണ്ടായാലും തടയാനുള്ള കെൽപ്പില്ല. കള്ളൻമാർക്ക് പിടിച്ചു പറിക്കാൻ മാത്രമൊന്നും എന്‍റട്ത്തില്ല. പക്ഷേല് ആക്രമിക്കാൻ വരുന്നോർക്ക് അതറീലാല്ലോ. ഒറ്റക്കാലും വെച്ച് ജീവിക്കാൻ പെടുന്ന പാട് ഇനിക്കേ അറിയൂ. ഇതീ കൂടുതലൊന്നും താങ്ങാനുള്ള ശേഷിയില്ല..."
അയാളുടെ ശബ്ദമിടറി.
"ഇനിക്കാരേം വിശ്വാസമില്ല സാറേ..."
അയാളുടെ കൈകൾ ബാഗിന് മീതെ മുറുകുന്നത് കണ്ട് എന്‍റെ കണ്ണുകൾ തിളങ്ങി.
"എന്നേയും?"
ക്രൂരമായൊരു ആനന്ദത്തോടെയാണ് ഞാനത് ചോദിച്ചത്.
"ഇങ്ങളെ എനിക്ക് വിശ്വാസാ... ഇങ്ങടെ കണ്ണ് കണ്ടാലറിയാ ഇങ്ങളൊര് പഞ്ചപ്പാവാന്ന് "
ശരീരത്തിനും, അതിലേറെ മനസ്സിനും ഒരുപാട് മാറ്റങ്ങൾ വരുത്തി കടന്ന് പോയ കാലം എന്റെ കണ്ണുകളെ മറന്നുവെന്ന് വേണം കരുതാൻ. പിറന്ന് വീണ കുഞ്ഞിന്‍റെയത്രയും നിഷ്കളങ്കത തുളുമ്പുന്ന കണ്ണുകളിൽ ഒരു തവണ നോക്കിയ ആർക്കും എന്നെ അവിശ്വസിക്കാനാകുമായിരുന്നില്ല.
കറ കളഞ്ഞ വിശ്വാസം ഒന്ന് കൊണ്ട് മാത്രമാണല്ലോ വീട് പണയപ്പെടുത്തിയും കടം വാങ്ങിയും പെങ്ങളുടെ വിവാഹത്തിനായി സ്വരുക്കൂട്ടിയതെല്ലാം അച്ഛനമ്മമാർ എന്നെ സൂക്ഷിക്കാനേൽപ്പിച്ചതും അതുമായി എനിക്ക് നാടു വിടാനായതും. ഒപ്പം ഞാനുമുണ്ടാകും എന്ന അന്ധമായ വിശ്വാസത്തിലാണ് ഗർഭിണിയായ കാമുകി കടലിലേക്കെടുത്തു ചാടിയത്. പോലീസുകാരന് എന്‍റെ മേലുണ്ടായ വിശ്വാസം കാരണമാണ് കോടതിയിലേക്കുള്ള വഴിമധ്യേ എനിക്ക് രക്ഷപ്പെടാനായത്.
പക്ഷെ, ഇപ്പോൾ, അയാളുടെ പുഞ്ചിരി പെയ്യുന്ന കണ്ണുകളെ നേരിടാനാകാതെ എന്‍റെ നിഷ്കളങ്ക മിഴികൾ താഴ്ന്നു പോകുന്നു.
"ഹാ..ഇത്രയൊക്കെ ആയിട്ടും നമ്മൾ പരിചയപ്പെട്ടില്ലല്ലോ...ഞാൻ ശിവൻ; ഇവിടെ ആയിലോട് പഞ്ചായത്തിലെ ക്ലാർക്കാ. വീടും അട്ത്തന്നെ."
അയാളുടെ തണുത്ത കൈപ്പത്തിക്കുള്ളിൽ എന്‍റെ വിരലുകളമർന്നു.
മറുപടിയായി ഞാൻ വായിൽ തോന്നിയ ഒരു പേര് പറഞ്ഞു. സംസാരം അവിടെ അവസാനിക്കട്ടെ എന്ന് കരുതി കീശയിൽ നിന്നും ഒരു സിഗരറ്റെടുത്ത് കത്തിച്ചു.
"മുളങ്കുന്നത്ത്കാവിലെ 'കില'യില്ലേ. നാളെ അവിടെ ഒറ്റ ദിവസത്തെ ട്രെയിനിങ്ങുണ്ട്. ഒപ്പമുള്ളോരൊക്കെ നാളെ കാലത്തെ വരൂ. ഒറ്റക്കാലും വെച്ച് മഴേത്തൊക്കെ ഇഴഞ്ഞെത്താൻ വല്യ പാടാ. അതാ ഇന്നേയിങ്ങ് പോന്നേ."
ദു:ഖം കനത്ത് പെയ്യാനൊരുങ്ങുന്ന മുഖത്തിനായി പാളി നോക്കിയ ഞാൻ ഞെട്ടി. അയാൾക്കെങ്ങനെ ഇത്രയും തുറന്ന് ചിരിക്കാനാവുന്നു. എനിക്കയാളോട് ഇർഷ്യ തോന്നി.
"അല്ല... ജോലി എവിടെയാന്ന് പറഞ്ഞില്ലല്ലോ?"
ഒറ്റക്കാലൻ വിടാൻ ഭാവമില്ല.
"വക്കീലാ..."
പറഞ്ഞത് പച്ചക്കള്ളമാണെങ്കിലും പണ്ട് അങ്ങനെയൊരു മോഹം കൊണ്ട് നടന്നിരുന്നു. നിമിഷ നേരം കൊണ്ട് ഒന്നാന്തരം കള്ളക്കഥകൾ ചമയ്ക്കാനും അത് ഭംഗിയായി അവതരിപ്പിക്കാനുമുള്ള പാടവം കണ്ട് അഞ്ചാം ക്ലാസ്സിൽ മലയാളം പഠിപ്പിച്ച പണിക്കര് മാഷാണ് എന്നിൽ മികച്ചൊരു വക്കീൽ ഭാവി കണ്ടത്. അമ്മയുടെ അലക്കിയലക്കി നിറം മങ്ങിയ കറുത്ത അടിപ്പാവാട സ്കൂൾ യൂണിഫോമിന് മുകളിൽ ഗൗണായി അണിഞ്ഞു നടന്ന, നായക-പ്രതിനായക ഭേദമന്യേ സ്ക്രീനിൽ കണ്ട വക്കീലന്മാർക്ക് കൈയ്യടിച്ച ഒരു ബാല്യം വിദൂര സ്മൃതിയിലുണ്ട്. ആ ആഗ്രഹം എത്ര കാലം കൊണ്ട് നടന്നെന്നോ എപ്പോൾ എവിടെ ഉപേക്ഷിച്ചെന്നോ ഓർക്കുന്നില്ല.
ട്രെയിനിന്‍റെ വരവറിയിച്ചു കൊണ്ടുള്ള അറിയിപ്പ് കേട്ടതും ഞാൻ എണീറ്റ് മുന്നോട്ട് നടന്നു. അപ്പോൾ മാത്രം ചാറിത്തുടങ്ങിയ മഴ വണ്ടി പ്ലാറ്റ്ഫോമിലെത്തിയപ്പോഴേക്കും കോരിച്ചൊരിയാൻ തുടങ്ങിയിരുന്നു. ഓടി വണ്ടിയിൽ കയറിയതിനാൽ കാര്യമായി നനഞ്ഞില്ല. വയ്യാത്ത കാലും വലിച്ചെത്തിയപ്പോഴേക്കും അയാൾ മുഴുവനായും നനഞ്ഞൊലിച്ചിരുന്നു. ഏതോ എക്സ്പ്രസ്സിന് പോകാനായി പിടിച്ചിട്ടിരിക്കുന്ന ട്രെയിൻ പുറപ്പെടാൻ ഇനിയും സമയമുണ്ട്.
"ഞാനീ വേഷമൊന്ന് മാറ്റിയിട്ട് വരാം."
സീറ്റിൽ വെച്ച ബാഗിൽ നിന്നും ഒരു തോർത്തും ഷർട്ടുമായി അയാൾ ടോയ്ലെറ്റിലേക്ക് പോയി.
അകത്ത് കയറി വാതിലടച്ചു എന്നുറപ്പായതോടെ ഞാൻ അയാളുടെ ബാഗ് പരിശോധിക്കാൻ തുടങ്ങി. മൊബൈലും വാച്ചുമേ വിലപിടിച്ചതായുള്ളു. പിന്നെ പഴ്സിലും ബാഗിന്‍റെ രഹസ്യ അറയിലും വസ്ത്രങ്ങൾക്കിടയിലുമായി സൂക്ഷിച്ച മൂവായിരത്തിച്ചില്വാനും രൂപയും.
പ്ലാറ്റ്ഫോമിന്‍റെ എതിർവശത്തേക്ക് ചാടിയിറങ്ങി, എതിർദിശയിലേക്ക് കുതിക്കാനായി കൂകിയാർക്കുന്ന വണ്ടിയിൽ വലിഞ്ഞു കയറുമ്പോൾ ഒരു വിശ്വാസ ഗോപുരം കൂടി തച്ചുടച്ചതിന്‍റെ നിർവൃതിയിൽ നിഷ്കളങ്ക മിഴികൾ തിളങ്ങി.
ആൾദൈവം
Tuesday, 4 February 2020
അച്ഛൻ
ബാംഗ്ലൂരിലെ ഒരു പരീക്ഷാ കേന്ദ്രം.
"ഓ പിന്നെ...അവരക്ക് പണി വെക്കം തീർത്ത് വീട്ടീ പോകാനക്കൊണ്ടാണ്"
പത്ത് മണിയുടെ പരീക്ഷക്ക് ഒമ്പത് മണിക്ക് തന്നെ പരീക്ഷാർത്ഥികൾ ഹാളിനകത്ത് കയറണമെന്ന അറിയിപ്പ് കേട്ടതോടെ അസ്വസ്ഥനായ മകനോടായി അയാൾ പറഞ്ഞു.
"മോൻ സമാധാനായി കഴിച്ചോ. ദേ...ഈ ബ്രഡ് കൂടി എട്ക്കട്ടെ."
പ്ലാസ്റ്റിക് കൂടയിൽ നിന്നും പൊട്ടിച്ചിട്ടില്ലാത്ത ബ്രഡിന്റെ പാക്കറ്റ് അയാൾ എടുത്തുയർത്തി.
"ഞാനിതെല്ലാം കൂടി വലിച്ചെറിഞ്ഞേച്ച് പോണോ?"
പകുതി കഴിച്ച റോബസ്റ്റ പഴമുയർത്തിയാണ് മകന്റെ ഉറക്കെയുള്ള ചോദ്യം.
"ഓ..വേണ്ട...വേണ്ട... അല്ലേലും മോനിപ്പം എന്നാ പെട്ടെന്നാ ദേഷ്യം വരുന്നേ!!"
ചുരുട്ടിപ്പിടിച്ച പ്ലാസ്റ്റിക് കൂടയിലേക്ക് നോക്കി ശബ്ദം താഴ്ത്തി അയാൾ പറഞ്ഞു.
"നാശം പിടിക്കാൻ..."
പഴം അയാൾക്ക് മുന്നിലേക്ക് വലിച്ചെറിഞ്ഞ് അവൻ ധൃതിയിൽ നടന്നു പോയി.
തരിച്ചിരുന്നു പോയ അയാൾക്ക് മുന്നിലേക്കാണ് ആ അച്ഛനും മകളും വന്നത്. കാലിൽ തൊട്ട് വണങ്ങിയ മകളെ അച്ഛൻ മൂർദ്ധാവിൽ കൈ വെച്ചനുഗ്രഹിക്കുന്നു. ഇത് കണ്ടതും, അയാൾ ധൃതിയിൽ എണീറ്റ്, ഓടിച്ചെന്ന് ഹാളിലേക്ക് കയറുന്ന മകന്റെ കൈയ്യിൽ പിടിച്ചു. ഞെട്ടിത്തിരിഞ്ഞ അവനെ ചേർത്ത് പിടിച്ച് ഒരു നിമിഷം കണ്ണടച്ചു പ്രാർത്ഥിച്ചു. പിന്നെ പിടി വിട്ട് പതിയെ തിരിഞ്ഞു നടന്നു.
മരത്തണലിൽ ചെന്നിരുന്നപ്പോൾ അടുത്തിരുന്ന കോഴിക്കോട്ടുകാരൻ മിണ്ടിത്തുടങ്ങി. രാഷ്ട്രീയവും, വിലപ്പെരുപ്പവും, കാലാവസ്ഥയുമായി വിഷയങ്ങൾ ഒന്നിനു പുറകെ ഒന്നായി വന്നു പോയി. മതപ്രകാരമുള്ള വസ്ത്രം ധരിക്കാൻ പോലും അനുവദിക്കാത്ത പരീക്ഷാ ഹാളിലെ പരിശോധനകളെ പറ്റി പറഞ്ഞ് കോഴിക്കോട്ടുകാരൻ പല്ലിറുമ്മിയപ്പോൾ, ആർക്കും ആരെയും വിശ്വാസമില്ലാത്ത കെട്ട കാലത്തെ പഴിച്ച് അയാൾ ആശ്വസിപ്പിച്ചു.
കുറെ നേരമങ്ങനെ സംസാരിച്ചിരുന്ന ശേഷം, ഇരുന്നും കിടന്നും ഉറക്കം കിട്ടാതെയുള്ള തലേന്നത്തെ RAC ടിക്കറ്റ് യാത്രയുടെ വൈഷമ്യം പങ്കിട്ടു കൊണ്ട്, അയാൾ അരമതിലിൽ വിരിച്ച പത്രത്താളുകളിലേക്ക് ചാഞ്ഞു.
''റൂമെടുത്തില്ലേ ?"
കോഴിക്കോട്ടുകാരന്റെ ചോദ്യത്തിന് മറുപടിയായി അയാൾ ചൂണ്ടിക്കാണിച്ച ലോഡ്ജിന്റെ ബോർഡ് അവിടെയിരുന്നു തന്നെ വായിക്കാമായിരുന്നു.
''പരീക്ഷ കയ്യാൻ ഇനീം നേരെമ്പാടൂണ്ട്. ഇങ്ങക്കെന്തേലും കയ്ച്ച് ഒന്നൊറങ്ങി വന്നൂടെ?"
"ഏയ് അത് ശര്യാവൂല. മോൻ ഒന്നും കഴിക്കാതെ പോയതോർത്തിട്ടൊരു സമാധാനോമില്ല. അവനിറങ്ങിയാൽ കഴിപ്പിക്കാനുള്ളതാ..."
അയാൾ പ്ലാസ്റ്റിക് കൂട ഉയർത്തിക്കാട്ടി.
"ഞാനിവിടെ കെടന്നോളാം. നമ്മുക്കിതൊക്കെയാ ശീലം."
വലത് കൈ മടക്കി തലയിണയാക്കി അയാൾ ചെരിഞ്ഞു കിടന്നു കണ്ണടച്ചു.
ഹാളിന് പുറത്തേക്കിറങ്ങുന്ന കുട്ടികളുടെ ബഹളം കേട്ടാണ് ഉണർന്നത്. തിരക്കിനിടയിലൂടെ നടന്ന് വരുന്ന മകനെ കണ്ടതും അയാൾ വേഗത്തിൽ അരികിലേക്ക് ചെന്നു.
"എങ്ങനുണ്ടായി മോനേ?"
ഒരു മൂളൽ മാത്രമായിരുന്നു മറുപടി.
"ഓ...അതൊക്കെ ശര്യാവുന്നേ. മോനിതെടുത്തങ്ങ് കഴിച്ചേ."
അയാൾ ബ്രഡ് പാക്കറ്റെടുത്ത് നീട്ടി.
"നിങ്ങൾ റൂമിലേക്ക് പൊക്കോ... ഫ്രണ്ട്സുണ്ട്....ഞാൻ കഴിച്ചേച്ചങ്ങെത്താം.
ഒരു നിമിഷ നേരമങ്ങനെ നിന്ന ശേഷം, മകനെയും പുറകിലിരുത്തി പാഞ്ഞു പോകുന്ന ബൈക്കിന് പുറകെ അയാൾ സാവധാനം നടന്നു തുടങ്ങി.