Thursday, 6 February 2020

വിശ്വാസം

ഇടവിട്ട് മഴ പെയ്യുന്ന ഒരു ദിവസമായിരുന്നു അത്. ആറരയുടെ പാസഞ്ചർ കടന്നു പോയതോടെ സ്റ്റേഷൻ ഏതാണ്ട്  വിജനമായി. പ്ലാറ്റ്ഫോമിന്റെ ഒരറ്റത്തെ മഴത്തണുപ്പ് പുതച്ചുറങ്ങുന്ന സിമന്റ് ബെഞ്ചിലിരുന്ന് ആരോ മറന്ന് വെച്ച സായാഹ്ന പത്രം മറിച്ചു നോക്കുകയായിരുന്നു ഞാൻ.  സ്വാധീനക്കുറവുള്ള ഇടങ്കാലും വലിച്ചു കൊണ്ട് അയാൾ മുന്നിൽ വന്നു നിന്നു. കാലങ്ങൾക്ക് ശേഷം കണ്ടു മുട്ടിയ ഉറ്റ ചങ്ങാതിയോടെന്ന പോലെ അയാൾ എന്നെ നോക്കി പുഞ്ചിരിക്കുന്നു. അത്രയും ആത്മാർത്ഥമായ ഒരു അഭിവാദനത്തിന് അർഹമായ മറുപടി നൽകാനാവില്ല എന്ന ഉറപ്പുള്ളതിനാൽ ഞാൻ മുഖം പത്രത്താളിന് പുറകിലൊളിപ്പിച്ചു.


"സാറേ...തൃശ്ശൂർക്കുള്ള പാസഞ്ചർ ഇവിടല്ലേ വര്വാ?"


സ്ത്രീകളുടേത് പോലെ സൗമ്യമായിരുന്നു അയാളുടെ ശബ്ദം.


"ഉം... "


മുഖം കൊടുക്കാതെ മൂളുക മാത്രം ചെയ്തിട്ടും അയാൾ അവിടെ തന്നെ ചുറ്റിപ്പറ്റി നിൽക്കുകയാണ്.


"വണ്ടി വരാൻ ഇനീമൊരു മണിക്കൂറാവും. കുറച്ചൂടെ മുന്നോട്ട് നടന്നാ വെയറ്റിങ്ങ് റൂമ്ണ്ട്"


അയാൾ പോവും എന്ന് കരുതി പറഞ്ഞതാണ്. പക്ഷെ അയാൾക്ക് പോകാനുള്ള ഉദ്ദേശമുണ്ടെന്ന് തോന്നിയില്ല. ഒറ്റക്കാലിൽ ഊന്നിയുള്ള ആ നിൽപ്പ് കണ്ട് സഹതാപം തോന്നിയിട്ടോ എന്തോ, എന്നെ തന്നെ അദ്ഭുതപ്പെടുത്തി കൊണ്ട്, ബാഗ് അരികിലേക്ക് നീക്കി വെച്ച് അയാൾക്ക് ഇരിക്കാനുള്ള സ്ഥലം നൽകി.


"ഇനിക്കെല്ലാരേം പേട്യാ..."


മുന്നിലെ ഇരുളിലേക്ക് നോക്കിയാണ്  അയാൾ സംസാരിക്കുന്നത്.


''ഇരുട്ടത്ത് ഒറ്റക്ക് നടക്കുന്ന കുട്ടീടെ മനസ്സാ സാറേ ഇനിക്ക്. ഒരാക്രമണം ഏതു ഭാഗത്ത് നിന്നുണ്ടായാലും തടയാനുള്ള  കെൽപ്പില്ല. കള്ളൻമാർക്ക് പിടിച്ചു പറിക്കാൻ മാത്രമൊന്നും എന്‍റട്ത്തില്ല. പക്ഷേല് ആക്രമിക്കാൻ വരുന്നോർക്ക് അതറീലാല്ലോ. ഒറ്റക്കാലും വെച്ച് ജീവിക്കാൻ പെടുന്ന പാട് ഇനിക്കേ അറിയൂ. ഇതീ കൂടുതലൊന്നും താങ്ങാനുള്ള ശേഷിയില്ല..."


അയാളുടെ ശബ്ദമിടറി.


"ഇനിക്കാരേം വിശ്വാസമില്ല സാറേ..."


അയാളുടെ കൈകൾ ബാഗിന് മീതെ  മുറുകുന്നത് കണ്ട് എന്‍റെ  കണ്ണുകൾ തിളങ്ങി.


"എന്നേയും?"


ക്രൂരമായൊരു ആനന്ദത്തോടെയാണ് ഞാനത് ചോദിച്ചത്.


"ഇങ്ങളെ എനിക്ക് വിശ്വാസാ... ഇങ്ങടെ കണ്ണ് കണ്ടാലറിയാ ഇങ്ങളൊര് പഞ്ചപ്പാവാന്ന് "


ശരീരത്തിനും, അതിലേറെ മനസ്സിനും ഒരുപാട് മാറ്റങ്ങൾ വരുത്തി കടന്ന് പോയ കാലം എന്റെ കണ്ണുകളെ മറന്നുവെന്ന് വേണം കരുതാൻ. പിറന്ന് വീണ കുഞ്ഞിന്‍റെയത്രയും  നിഷ്കളങ്കത തുളുമ്പുന്ന കണ്ണുകളിൽ ഒരു തവണ നോക്കിയ ആർക്കും എന്നെ അവിശ്വസിക്കാനാകുമായിരുന്നില്ല.


കറ കളഞ്ഞ വിശ്വാസം ഒന്ന് കൊണ്ട് മാത്രമാണല്ലോ വീട് പണയപ്പെടുത്തിയും കടം വാങ്ങിയും പെങ്ങളുടെ വിവാഹത്തിനായി  സ്വരുക്കൂട്ടിയതെല്ലാം അച്ഛനമ്മമാർ എന്നെ സൂക്ഷിക്കാനേൽപ്പിച്ചതും അതുമായി എനിക്ക് നാടു വിടാനായതും. ഒപ്പം ഞാനുമുണ്ടാകും എന്ന അന്ധമായ വിശ്വാസത്തിലാണ് ഗർഭിണിയായ കാമുകി കടലിലേക്കെടുത്തു ചാടിയത്. പോലീസുകാരന് എന്‍റെ  മേലുണ്ടായ വിശ്വാസം കാരണമാണ് കോടതിയിലേക്കുള്ള വഴിമധ്യേ എനിക്ക് രക്ഷപ്പെടാനായത്.


പക്ഷെ, ഇപ്പോൾ, അയാളുടെ പുഞ്ചിരി പെയ്യുന്ന കണ്ണുകളെ നേരിടാനാകാതെ എന്‍റെ  നിഷ്കളങ്ക മിഴികൾ താഴ്ന്നു പോകുന്നു.


"ഹാ..ഇത്രയൊക്കെ ആയിട്ടും നമ്മൾ പരിചയപ്പെട്ടില്ലല്ലോ...ഞാൻ ശിവൻ; ഇവിടെ ആയിലോട് പഞ്ചായത്തിലെ ക്ലാർക്കാ. വീടും അട്ത്തന്നെ."


അയാളുടെ തണുത്ത കൈപ്പത്തിക്കുള്ളിൽ എന്‍റെ  വിരലുകളമർന്നു.


മറുപടിയായി ഞാൻ വായിൽ തോന്നിയ ഒരു പേര് പറഞ്ഞു. സംസാരം അവിടെ അവസാനിക്കട്ടെ എന്ന് കരുതി കീശയിൽ നിന്നും ഒരു സിഗരറ്റെടുത്ത് കത്തിച്ചു.


"മുളങ്കുന്നത്ത്കാവിലെ 'കില'യില്ലേ. നാളെ അവിടെ ഒറ്റ ദിവസത്തെ ട്രെയിനിങ്ങുണ്ട്. ഒപ്പമുള്ളോരൊക്കെ നാളെ കാലത്തെ വരൂ. ഒറ്റക്കാലും വെച്ച് മഴേത്തൊക്കെ ഇഴഞ്ഞെത്താൻ  വല്യ പാടാ. അതാ ഇന്നേയിങ്ങ് പോന്നേ."


ദു:ഖം കനത്ത് പെയ്യാനൊരുങ്ങുന്ന മുഖത്തിനായി പാളി നോക്കിയ ഞാൻ ഞെട്ടി. അയാൾക്കെങ്ങനെ ഇത്രയും തുറന്ന് ചിരിക്കാനാവുന്നു. എനിക്കയാളോട് ഇർഷ്യ തോന്നി.


"അല്ല... ജോലി എവിടെയാന്ന് പറഞ്ഞില്ലല്ലോ?"


ഒറ്റക്കാലൻ വിടാൻ ഭാവമില്ല.


"വക്കീലാ..."


പറഞ്ഞത് പച്ചക്കള്ളമാണെങ്കിലും പണ്ട് അങ്ങനെയൊരു മോഹം കൊണ്ട് നടന്നിരുന്നു. നിമിഷ നേരം കൊണ്ട് ഒന്നാന്തരം കള്ളക്കഥകൾ ചമയ്ക്കാനും അത് ഭംഗിയായി അവതരിപ്പിക്കാനുമുള്ള പാടവം കണ്ട് അഞ്ചാം ക്ലാസ്സിൽ മലയാളം പഠിപ്പിച്ച പണിക്കര് മാഷാണ് എന്നിൽ മികച്ചൊരു വക്കീൽ ഭാവി കണ്ടത്.  അമ്മയുടെ അലക്കിയലക്കി നിറം മങ്ങിയ  കറുത്ത അടിപ്പാവാട സ്കൂൾ യൂണിഫോമിന് മുകളിൽ ഗൗണായി അണിഞ്ഞു നടന്ന, നായക-പ്രതിനായക ഭേദമന്യേ സ്ക്രീനിൽ കണ്ട വക്കീലന്മാർക്ക് കൈയ്യടിച്ച ഒരു ബാല്യം വിദൂര സ്മൃതിയിലുണ്ട്. ആ ആഗ്രഹം എത്ര കാലം കൊണ്ട് നടന്നെന്നോ എപ്പോൾ എവിടെ ഉപേക്ഷിച്ചെന്നോ ഓർക്കുന്നില്ല.


ട്രെയിനിന്‍റെ  വരവറിയിച്ചു കൊണ്ടുള്ള അറിയിപ്പ് കേട്ടതും ഞാൻ എണീറ്റ് മുന്നോട്ട് നടന്നു. അപ്പോൾ മാത്രം ചാറിത്തുടങ്ങിയ മഴ വണ്ടി പ്ലാറ്റ്ഫോമിലെത്തിയപ്പോഴേക്കും കോരിച്ചൊരിയാൻ തുടങ്ങിയിരുന്നു. ഓടി വണ്ടിയിൽ കയറിയതിനാൽ കാര്യമായി നനഞ്ഞില്ല. വയ്യാത്ത കാലും വലിച്ചെത്തിയപ്പോഴേക്കും അയാൾ മുഴുവനായും നനഞ്ഞൊലിച്ചിരുന്നു. ഏതോ എക്സ്പ്രസ്സിന് പോകാനായി പിടിച്ചിട്ടിരിക്കുന്ന ട്രെയിൻ പുറപ്പെടാൻ ഇനിയും സമയമുണ്ട്. 


"ഞാനീ വേഷമൊന്ന് മാറ്റിയിട്ട് വരാം."


സീറ്റിൽ വെച്ച ബാഗിൽ നിന്നും ഒരു തോർത്തും ഷർട്ടുമായി അയാൾ ടോയ്ലെറ്റിലേക്ക് പോയി. 


 അകത്ത് കയറി വാതിലടച്ചു എന്നുറപ്പായതോടെ ഞാൻ അയാളുടെ ബാഗ് പരിശോധിക്കാൻ തുടങ്ങി. മൊബൈലും വാച്ചുമേ വിലപിടിച്ചതായുള്ളു. പിന്നെ പഴ്സിലും ബാഗിന്‍റെ  രഹസ്യ അറയിലും വസ്ത്രങ്ങൾക്കിടയിലുമായി സൂക്ഷിച്ച മൂവായിരത്തിച്ചില്വാനും രൂപയും.


പ്ലാറ്റ്ഫോമിന്‍റെ  എതിർവശത്തേക്ക് ചാടിയിറങ്ങി, എതിർദിശയിലേക്ക്  കുതിക്കാനായി  കൂകിയാർക്കുന്ന വണ്ടിയിൽ വലിഞ്ഞു കയറുമ്പോൾ ഒരു വിശ്വാസ ഗോപുരം കൂടി തച്ചുടച്ചതിന്‍റെ  നിർവൃതിയിൽ നിഷ്കളങ്ക മിഴികൾ തിളങ്ങി.


ആൾദൈവം

"അട്യേനിന്ന് ഉച്ച്യാമ്പ്ലക്ക് പോണമ്പ്രാട്ട്യേ...കുടീല് പെണ്ണ് ഒറ്റക്കാ..." 

മുറ്റത്തെ ഒതുക്ക് കല്ലിനപ്പുറം നിന്ന്, കണ്ടങ്കുട്ടി സ്വതവേ വളഞ്ഞ നടു അൽപം കൂടി വളച്ചു.

"നെനക്ക് തോന്നുമ്പോ വരാനും പോവാനും ഇതെന്താ സർക്കാരാപ്പീസാ നായേ.. ആ തെക്കേത്തൊടി മാന്താൻ തൊടങ്ങീട്ട് രണ്ടീസായില്ലെ...  ഇന്നത് തീർത്തില്ലെങ്കിലാ. ങ്‌ഹാ..." 

ഉമ്മറ വാതിൽക്കൽ ചെറ്യമ്പ്രാന്റെ ചുവന്നു തുടുത്ത മുഖം തെളിഞ്ഞതും വല്ല്യമ്പ്രാട്ടി കൂനിക്കൂടി അകായിലേക്ക് മറഞ്ഞു.
മുറ്റത്ത് നിന്ന് നോക്കുമ്പോൾ  അകായിലെപ്പോഴും ഇരുട്ടാണ്. ആ ഇരുട്ടിന് തന്റെ നിറമാണെന്ന് കണ്ടങ്കുട്ടിക്ക് തോന്നാറുണ്ട്.

"ചെറ്യമ്പ്രാ..." 

അയാളുടെ തൊണ്ടയിൽ നിന്നും ഞെങ്ങിഞ്ഞെരുങ്ങി പുറത്ത് ചാടിയ വിളി ചീറിപ്പാഞ്ഞകലുന്ന കറുത്ത കാറിന്റെ ഇരമ്പലിൽ ചതഞ്ഞരഞ്ഞു.

തെക്കേത്തൊടിയെന്ന ഒരേക്കർ പറമ്പിന്റെ ഒരറ്റത്ത് കണ്ടങ്കുട്ടി കൈക്കോട്ടുമായി നിന്നു. വർഷങ്ങളായി കേസിൽ പെട്ട് കിടന്ന പറമ്പിൽ കാവ് നിൽക്കുന്നിടത്ത് ചെറ്യമ്പ്രാന് ക്ഷേത്രം പണിയാമെന്ന് കോടതി വിധിച്ചത്
കഴിഞ്ഞാഴ്ച്ചയാണ്.  മനുഷ്യ സ്പർശമേൽക്കാതെ കാടു മൂടിക്കിടന്ന് ഉറച്ചു പോയ മണ്ണ് കണ്ടങ്കുട്ടിയുടെ പാറ പോലെ ഉറച്ച മെയ്യിനും മനസ്സിനും വഴങ്ങിത്തുടങ്ങിയതാണ്. എന്നാൽ പറമ്പ് മുഴുവനായും തെളിച്ചെടുക്കാൻ ഒരാഴ്ച്ചയെങ്കിലും വേണം; ചെറ്യമ്പ്രാനും അതറിയാവുന്നതാണ്. എന്നിട്ടാണ് ഇങ്ങനെ കണ്ണ് പൊട്ടുന്ന ചീത്ത പറയുന്നത്. വേഗത്തിൽ ഉയർന്ന് താഴുന്ന കൈക്കോട്ട് മണ്ണിൽ വിള്ളലുകൾ തീർത്തു.

ഉച്ചവെയിൽ ഉച്ചിയിലെത്തി നിൽക്കുന്നു. മാളുവിനെ ഊണ് നൽകി ഉറക്കി കിടത്തി പന്ത്രണ്ടരയുടെ ബസ് പിടിക്കാനായി ചീരു ഇറങ്ങിക്കാണും. മാളു ഉണരുമ്പോഴേക്കും താനെത്തും എന്ന ഒറ്റ ഉറപ്പിലാണ് ചീരു പോകുന്നതെന്ന് അയാൾക്കറിയാം. ചെന്നിയിലൂടെ ഒലിച്ചിറങ്ങുന്ന വിയർപ്പിന്റെ ഉപ്പ് രസം അയാൾ നാവിലറിഞ്ഞു.

കണ്ടങ്കുട്ടിയുടേയും ചീരുവിന്റേയും മൂത്ത മകളുടെ മകളാണ് മാളു. അമ്മ മരിച്ചപ്പോൾ ബുദ്ധിസ്ഥിരതയില്ലാത്ത മാളുവിനെ  ഉപേക്ഷിച്ചാണ് അച്ഛൻ രണ്ടാങ്കെട്ടിനൊപ്പം പൊറുതി തുടങ്ങിയത്. അന്ന് തൊട്ട് അവൾ മുത്തനും മുത്തിക്കുമൊപ്പമാണ്. 

പാടത്തും പാടം നികന്ന പറമ്പിലും കണ്ടങ്കുട്ടിക്ക് ഒപ്പത്തിനൊപ്പം നിന്ന് പണിയെടുക്കുന്ന ഉശിരുള്ള പണിക്കാരിയായിരുന്നു ചീരു. മാളു വന്നതോടെ ചീരു പാടത്തേയും പറമ്പിലേയും പണിയുപേക്ഷിച്ച്  ചുറ്റുമുള്ള വലിയ വീടുകിൽ പുറമ്പണിക്ക് പോയിത്തുടങ്ങി. ഒപ്പം മാളുവിനേയും  കൂട്ടും. എന്നാൽ പ്രായം മറന്ന് ശരീരം വളർന്ന് തുടങ്ങിയപ്പോൾ, അവളെ വീട്ടിലടച്ചു വളർത്തുകയല്ലാതെ ആ വൃദ്ധർക്ക് വേറെ വഴിയില്ലായിരുന്നു. അങ്ങനെ കുട്ടയും പായയും മെടഞ്ഞ് ചീരു കുടിയിൽ തന്നെ ഒതുങ്ങിക്കൂടി.

ആദ്യമായാണ് മാളുവിനെ വിട്ട് ചീരു  എങ്ങോട്ടെങ്കിലും പോകുന്നത്. അതും തീരെ നിവൃത്തിയില്ലാത്തത് കൊണ്ടാണ്. ഇളയ മകളെ പ്രസവത്തിനായി ആശുപത്രീലാക്കിയെന്ന് ഇന്ന് പുലർച്ചെയാണ് അയലത്തെ മാപ്ലാര്ടവിടെ ഫോൺ വന്നത്. പോകാതിരിക്കാനാവില്ലല്ലോ; മാളുവിനെ കൊണ്ട് പോകാനുമാവില്ല. ഒടുക്കം കണ്ടങ്കുട്ടിയെ എല്ലാം പറഞ്ഞേൽപ്പിച്ച് മനസ്സില്ലാമനസ്സോടെയാണ് ചീരു പോകാൻ തീരുമാനിച്ചത്. 

താനെത്തുന്നത് വരെ കുടിയിൽ മാളു തനിച്ചാണെന്ന ചിന്ത അയാളെ അസ്വസ്ഥനാക്കി. അവളുടെ അടുത്തേക്ക് ഓടിച്ചെല്ലാൻ മനസ്സു വെമ്പുമ്പോഴും കാലുകൾ അനങ്ങാൻ കൂട്ടാക്കുന്നില്ല; എതോ ചങ്ങലയാൽ ബന്ധിക്കപ്പെട്ടത് പോലെ. അയാൾക്ക് വല്ലാത്ത ദാഹം തോന്നി. പറമ്പിന്റെ കിഴക്കേ മൂലയിലുള്ള വെട്ടുകിണറ്റിലെ വെള്ളം എത്ര കോരിക്കുടിച്ചിട്ടും ദാഹം ശമിച്ചില്ല. 

"അടിമച്ചങ്ങല പൊട്ടിച്ചെറിയുക" എന്ന മുദ്രാവാക്യവുമായി പകലു മുഴുവൻ കൊടി പിടിച്ചു നടന്ന്, അന്തിക്ക്  കെട്ട്യോൾക്കും കുട്ട്യോൾക്കുമൊപ്പം പട്ടിണി കിടക്കുന്ന  അനുജൻ കോരനോട് അയാൾക്കെന്നും പുച്ഛമായിരുന്നു. ചങ്ങലക്കിട്ടാലും തീറ്റ തരുന്നവന്റെ മുന്നിൽ വാലാട്ടി നിൽക്കാൻ ബുദ്ധിയും വിവരവുമില്ലാത്ത നായക്കു പറ്റുമെങ്കിൽ മനുഷ്യനെന്തു കൊണ്ടായിക്കൂടാ എന്നാണയാളുടെ ചോദ്യം. കമ്യൂണിസ്റ്റുകാർ അവകാശപ്പെടുമ്പോലെ, വഴി നടക്കാനും അമ്പലത്തിൽ കയറാനും പെണ്ണുങ്ങൾക്ക് മാറ് മറക്കാനുമൊക്കെയുള്ള അനുവാദം കൊടി പിടിച്ച് നേടിയെടുത്തതല്ലെന്നും, രാജ്യം ഭരിക്കുന്ന എതോ വിക്കൻ നമ്പൂതിരിപ്പാട് പതിച്ചു നൽകിയതാണെന്നും മറ്റു പലരേയും പോലെ അയാളും വിശ്വസിച്ചു പോന്നു.

കണ്ടങ്കുട്ടിക്ക് എങ്ങനേയും മാളുവിനടുത്ത് എത്തണം. അനങ്ങുമ്പോൾ കാലിൽ നിന്നുയരുന്ന ചങ്ങലക്കിലുക്കം അയാളുടെ ചിന്തകളേയും വിശ്വാസങ്ങളേയും മാറ്റി മറിച്ചു. വെള്ളമെത്ര കുടിച്ചിട്ടും ശമിക്കാൻ കൂട്ടാക്കാത്ത ദാഹം സ്വാതന്ത്ര്യത്തിന് വേണ്ടിയാണെന്ന് തിരിച്ചറിഞ്ഞ നിമിഷത്തിൽ കൈയ്യിൽ നിന്നും വഴുതിപ്പോയ കൈക്കോട്ട്  ഇടം കാലിലെ തള്ള വിരൽ അറുത്തെടുത്തു. തെക്കേത്തൊടിയിൽ നിന്നും കുടിയിലേക്കുള്ള ദൂരം അയാൾ രക്തത്താൽ അടയാളപ്പെടുത്തി.

വേലിക്കലെത്തി കിതക്കുന്ന അയാളുടെ  നോട്ടം ചെന്ന് തറച്ചത് കുടിയുടെ വാതിൽക്കൽ തെളിഞ്ഞ ചെറ്യമ്പ്രാന്റെ വിളറി വെളുത്ത മുഖത്താണ്.    

"പെണ്ണിന്റെ നെലോളി കേട്ടിട്ട് കേറീതാ ഞാൻ. ഒരുത്തൻ ആ മാപ്ലാര്ടെ മതില് ചാടി പോണത് കണ്ടു."   

ചെറ്യെമ്പ്രാൻ മുറ്റത്തേക്കിറങ്ങി. 

"എന്താടാ... നെനക്ക് ഞാമ്പറഞ്ഞത് വിശ്വാസായില്ലേ?"   

"ഓമ്പ്രാ..." 

കത്തി ജ്വലിക്കുന്ന തീക്കണ്ണുകൾ ചവിട്ടി നിൽക്കുന്ന മണ്ണിനെ പഴുപ്പിച്ചു.

അകത്ത് തറയിൽ മാളു നൂൽബന്ധമില്ലാതെ ചോരയൊലിപ്പിച്ച്  കിടക്കുന്നു. ഇറങ്ങി പോവുന്ന വഴി ചെറ്യമ്പ്രാൻ തിരുകിക്കൊടുത്ത നോട്ടുകൾ  കൈവെള്ളയിലിരുന്ന് പൊള്ളി. അയാളിൽ നിന്നുയർന്ന ആർത്തനാദം ചതച്ചരച്ചു കൊണ്ട് ആ കറുത്ത കാർ ഇരമ്പിയകന്നു.

                   ********************
തീച്ചാമുണ്ഡിയുടെ വരവറിയിച്ചു കൊണ്ട് വാദ്യഘോഷം മുറുകി. ആർപ്പ് വിളിയോടെ തെയ്യക്കോലം പ്രവേശിക്കുന്നു. കുരുത്തോലയാൽ പൊതിഞ്ഞ ഉടലിനെ ചുറ്റിയ കയറു പിടിച്ചവർ ഇരുവശത്തുമുണ്ട്. മുറ്റത്തിന് നടുവിൽ കൂട്ടിയിട്ട തീക്കൂനക്ക് ചുറ്റും തെയ്യം വലം വെക്കുന്നു. ഇടക്ക് അതിലേക്കെടുത്ത് ചാടുമ്പോൾ ഒപ്പമുള്ളവർ കയറ് വലിച്ച് പുറത്തേക്കിടുന്നു. ചുറ്റുമുള്ളവർ ചിതറി തെറിച്ച കനലുകൾ കൂനയിലേക്ക് പെറുക്കിക്കൂട്ടുന്നു. പൊയ്ക്കണ്ണിന്റെ സൂചിപ്പഴുതിലൂടെ ആൾക്കൂട്ടത്തെ ഉഴിയുന്ന നോട്ടം കാണികൾക്ക് മുന്നിലായി മരക്കസേരയിരിക്കുന്ന ചെറ്യമ്പ്രാന്റെ ചുവന്ന് തുടുത്ത മുഖത്ത് ചെന്ന് തറക്കുന്നു. തള്ളവിരലില്ലാത്ത ഇടംകാൽ നിലത്താഞ്ഞ് ചവിട്ടി തെയ്യം കൂകിയാർക്കുന്നു. വാദ്യമേളം മുറുകുന്നു. ചുറ്റിപ്പിടിച്ച കയറു പൊട്ടിച്ച് തീക്കൂനയിലേക്ക് ഓടിക്കയറുന്ന തീച്ചാമുണ്ഡിയുടെ കറുത്ത കൈക്കും കുരുത്തോല ദേഹത്തിനുമിടയിൽ ചെറ്യമ്പ്രാന്റെ വെളുത്ത കഴുത്ത് ഞെരിഞ്ഞമർന്നു.

Tuesday, 4 February 2020

അച്ഛൻ

ബാംഗ്ലൂരിലെ ഒരു പരീക്ഷാ കേന്ദ്രം.

"ഓ പിന്നെ...അവരക്ക് പണി വെക്കം തീർത്ത് വീട്ടീ പോകാനക്കൊണ്ടാണ്"

പത്ത് മണിയുടെ പരീക്ഷക്ക്  ഒമ്പത് മണിക്ക് തന്നെ പരീക്ഷാർത്ഥികൾ ഹാളിനകത്ത് കയറണമെന്ന അറിയിപ്പ് കേട്ടതോടെ അസ്വസ്ഥനായ മകനോടായി അയാൾ പറഞ്ഞു.

"മോൻ സമാധാനായി കഴിച്ചോ. ദേ...ഈ ബ്രഡ് കൂടി എട്ക്കട്ടെ."

പ്ലാസ്റ്റിക് കൂടയിൽ നിന്നും പൊട്ടിച്ചിട്ടില്ലാത്ത ബ്രഡിന്റെ പാക്കറ്റ് അയാൾ എടുത്തുയർത്തി.

"ഞാനിതെല്ലാം കൂടി വലിച്ചെറിഞ്ഞേച്ച് പോണോ?"

പകുതി കഴിച്ച റോബസ്റ്റ പഴമുയർത്തിയാണ് മകന്റെ ഉറക്കെയുള്ള ചോദ്യം.

"ഓ..വേണ്ട...വേണ്ട... അല്ലേലും മോനിപ്പം എന്നാ പെട്ടെന്നാ  ദേഷ്യം വരുന്നേ!!"

ചുരുട്ടിപ്പിടിച്ച പ്ലാസ്റ്റിക് കൂടയിലേക്ക് നോക്കി ശബ്ദം താഴ്ത്തി അയാൾ പറഞ്ഞു. 

"നാശം പിടിക്കാൻ..."

പഴം അയാൾക്ക് മുന്നിലേക്ക് വലിച്ചെറിഞ്ഞ് അവൻ ധൃതിയിൽ നടന്നു പോയി.

തരിച്ചിരുന്നു പോയ അയാൾക്ക് മുന്നിലേക്കാണ് ആ അച്ഛനും മകളും വന്നത്. കാലിൽ തൊട്ട് വണങ്ങിയ മകളെ അച്ഛൻ മൂർദ്ധാവിൽ കൈ വെച്ചനുഗ്രഹിക്കുന്നു. ഇത് കണ്ടതും, അയാൾ ധൃതിയിൽ എണീറ്റ്, ഓടിച്ചെന്ന് ഹാളിലേക്ക് കയറുന്ന മകന്റെ കൈയ്യിൽ പിടിച്ചു. ഞെട്ടിത്തിരിഞ്ഞ അവനെ ചേർത്ത് പിടിച്ച് ഒരു നിമിഷം കണ്ണടച്ചു പ്രാർത്ഥിച്ചു. പിന്നെ പിടി വിട്ട് പതിയെ തിരിഞ്ഞു നടന്നു.

മരത്തണലിൽ ചെന്നിരുന്നപ്പോൾ അടുത്തിരുന്ന കോഴിക്കോട്ടുകാരൻ മിണ്ടിത്തുടങ്ങി. രാഷ്ട്രീയവും, വിലപ്പെരുപ്പവും, കാലാവസ്ഥയുമായി വിഷയങ്ങൾ ഒന്നിനു പുറകെ ഒന്നായി വന്നു പോയി. മതപ്രകാരമുള്ള വസ്ത്രം ധരിക്കാൻ പോലും അനുവദിക്കാത്ത പരീക്ഷാ ഹാളിലെ പരിശോധനകളെ പറ്റി പറഞ്ഞ് കോഴിക്കോട്ടുകാരൻ പല്ലിറുമ്മിയപ്പോൾ, ആർക്കും ആരെയും വിശ്വാസമില്ലാത്ത കെട്ട കാലത്തെ പഴിച്ച് അയാൾ ആശ്വസിപ്പിച്ചു.

കുറെ നേരമങ്ങനെ സംസാരിച്ചിരുന്ന ശേഷം, ഇരുന്നും കിടന്നും ഉറക്കം കിട്ടാതെയുള്ള തലേന്നത്തെ RAC ടിക്കറ്റ് യാത്രയുടെ വൈഷമ്യം പങ്കിട്ടു കൊണ്ട്, അയാൾ അരമതിലിൽ വിരിച്ച പത്രത്താളുകളിലേക്ക്  ചാഞ്ഞു.

''റൂമെടുത്തില്ലേ ?"

കോഴിക്കോട്ടുകാരന്റെ ചോദ്യത്തിന് മറുപടിയായി അയാൾ ചൂണ്ടിക്കാണിച്ച ലോഡ്ജിന്റെ ബോർഡ് അവിടെയിരുന്നു തന്നെ വായിക്കാമായിരുന്നു.

''പരീക്ഷ കയ്യാൻ ഇനീം നേരെമ്പാടൂണ്ട്. ഇങ്ങക്കെന്തേലും കയ്ച്ച് ഒന്നൊറങ്ങി വന്നൂടെ?"

"ഏയ് അത് ശര്യാവൂല. മോൻ ഒന്നും കഴിക്കാതെ പോയതോർത്തിട്ടൊരു സമാധാനോമില്ല. അവനിറങ്ങിയാൽ കഴിപ്പിക്കാനുള്ളതാ..."

അയാൾ പ്ലാസ്റ്റിക് കൂട ഉയർത്തിക്കാട്ടി.

"ഞാനിവിടെ കെടന്നോളാം. നമ്മുക്കിതൊക്കെയാ ശീലം."

വലത് കൈ മടക്കി തലയിണയാക്കി അയാൾ ചെരിഞ്ഞു കിടന്നു കണ്ണടച്ചു.

ഹാളിന് പുറത്തേക്കിറങ്ങുന്ന കുട്ടികളുടെ ബഹളം കേട്ടാണ് ഉണർന്നത്. തിരക്കിനിടയിലൂടെ നടന്ന് വരുന്ന മകനെ കണ്ടതും അയാൾ വേഗത്തിൽ അരികിലേക്ക് ചെന്നു.

"എങ്ങനുണ്ടായി മോനേ?"

ഒരു മൂളൽ മാത്രമായിരുന്നു മറുപടി.

"ഓ...അതൊക്കെ ശര്യാവുന്നേ. മോനിതെടുത്തങ്ങ് കഴിച്ചേ."

അയാൾ ബ്രഡ് പാക്കറ്റെടുത്ത് നീട്ടി.

"നിങ്ങൾ റൂമിലേക്ക് പൊക്കോ... ഫ്രണ്ട്സുണ്ട്....ഞാൻ കഴിച്ചേച്ചങ്ങെത്താം.

ഒരു നിമിഷ നേരമങ്ങനെ നിന്ന ശേഷം, മകനെയും പുറകിലിരുത്തി പാഞ്ഞു പോകുന്ന ബൈക്കിന് പുറകെ അയാൾ സാവധാനം നടന്നു തുടങ്ങി.


Sunday, 2 February 2020

മകൾ

ഒരു ബന്ധുവിനെ കാണാനാണ് അയാൾ ആശുപത്രിയിലെത്തിയത്. ബന്ധുവെന്ന് ഒഴുക്കൻ മട്ടിലങ്ങ് പറഞ്ഞാൽ മതിയാവില്ല. ബന്ധം അൽപസ്വൽപം വളഞ്ഞതാണെങ്കിലും ആശുപത്രിയിൽ കിടക്കുന്നത് വകയിൽ അയാളുടെ അമ്മാവനാണ്. 

- നെഞ്ച് വേദന കഠിനമായതിനെ തുടർന്നാണ് കഴിഞ്ഞ രാത്രിയിൽ അമ്മാവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
- ഗുരുതരമായ പ്രശ്നങ്ങളൊന്നുമില്ലെങ്കിലും കുറച്ച് നാളത്തെ ആശുപത്രി വാസം വേണ്ടി വരും.
- ആസ്ത്രേലിയയിൽ വേരുറപ്പിച്ചിട്ടുള്ള ഏക മകളുടെ സുഹൃത്തിന്റെതാണ് ആശുപത്രി. 
 
വാട്ട്സാപ്പിലെ വിവിധ കുടുംബ ഗ്രൂപ്പുകളിൽ നിന്നുമാണ്  ഇത്രയും വിവരങ്ങൾ അമ്മ സംഘടിപ്പിച്ചത്.

''കൊച്ചൊന്നും അടുത്തില്ലാത്തതല്ലേ  നീയൊന്ന് പോയി ചേട്ടനെ കണ്ടേച്ചും വാ"

മക്കളേയും കൂട്ടി ഭാര്യ കൂട്ടുകാരിയുടെ മകളുടെ വിവാഹത്തിന് പോയതോടെ തനിക്ക് മാത്രമായി കിട്ടിയ ഞായറാഴ്ച്ചയെ എങ്ങനെ പിച്ചിച്ചീന്താമെന്ന ചിന്തയുടെ കടക്കലാണ് അമ്മ കത്തി വെച്ചത്. മുഖത്തെ നിഷേധ ഭാവം വായിച്ചെടുത്താവണം, കോളേജ് പഠനകാലത്ത് അമ്മാവൻ  ചെയ്ത സാമ്പത്തിക സഹായങ്ങളുടെ കണക്കു പുസ്തകം അമ്മ തുറന്നത്. ചരിത്രത്തെ കൂടുതൽ കീറി മുറിക്കാൻ വിടാതെ അയാൾ ആശുപത്രിയിലേക്കിറങ്ങി.

രണ്ടാമത്തെ തട്ടിന്, ഒരു പെൺകുട്ടി വന്ന് വാതിൽ തുറന്നു; സഹായത്തിന് നിർത്തിയതാവണം. അമ്മാവൻ  നല്ല ഉറക്കത്തിലാണ്. വായിച്ചു കൊണ്ടിരുന്ന മാസിക മടക്കി വെച്ച് കട്ടിലിന്റെ കാലിനോട് ചേർത്തിട്ടിരിക്കുന്ന കസേരയിൽ നിന്നും അമ്മായി പതുക്കെ എഴുന്നേറ്റു. തമ്മിൽ കണ്ടിട്ട് വർഷങ്ങളായെങ്കിലും അയാളെ പെട്ടെന്ന് തന്നെ അവർ തിരിച്ചറിഞ്ഞു. സ്വയം പരിചയപ്പെടുത്തൽ ഒഴിവായതിന്റെ ആശ്വാസത്തിൽ അയാൾ എതിർ വശത്തെ സോഫയിലമർന്നു.

സംസാരിക്കുന്നതിനിടയിൽ മുറിയിലാകെ ഒന്ന് കണ്ണോടിച്ചു. സാമാന്യത്തിലധികം വലിപ്പമുള്ള മുറി ഒരു ഹോട്ടൽ റൂമിനെ പോലെയുണ്ട്. നല്ല കാറ്റും വെളിച്ചവും. ആശുപത്രിയുടെ തനതായ രൂക്ഷഗന്ധം ഒട്ടുമില്ല. മകളുടെ സുഹൃത്തിന്റെ ആശുപത്രിയിൽ അമ്മാവന് ലഭിക്കുന്ന പ്രത്യേക പരിഗണന മുറിയുടെ അന്തരീക്ഷത്തിൽ നിന്ന് തന്നെ മനസിലാക്കാം.

അരികിലെ മേശയിൽ വെച്ച പഴക്കൂട കണ്ണിൽപ്പെട്ടതും കൈയ്യും വീശിയാണല്ലോ താൻ വന്നത് എന്നോർത്ത് അയാൾക്ക് ചെറുതല്ലാത്ത ജാള്യത തോന്നി. അമ്മാവൻ ഇനിയുമുണർന്നിട്ടില്ല. അൽപ നേരമിരുന്ന ശേഷം യാത്ര പറഞ്ഞിറങ്ങാൻ തുടങ്ങിയതാണ്. അപ്പോഴാണ് വാതിൽ തുറന്ന് ഡോക്ടർ അകത്തേക്ക് വന്നത്.  ഡോക്ടർ പൾസ് നോക്കുമ്പോഴും ഒപ്പമുള്ള നഴ്സ് ഡ്രിപ്പിന്റെയും മൂത്രത്തിന്റെയും അളവുമെടുക്കുമ്പോഴുമൊക്കെ അമ്മാവൻ നല്ല ഉറക്കത്തിൽ തന്നെയായിരുന്നു. അമ്മാവന്റെ നിലവിലെ ആരോഗ്യസ്ഥിതിയെ പറ്റി ചില കാര്യങ്ങൾ  പറഞ്ഞ ശേഷം ഡോക്ടർ ധൃതിയിൽ പുറത്തേക്കിറങ്ങി.  ആർക്കെന്നില്ലാതെ നഴ്സ് നീട്ടിയ കുറിപ്പടിയും വാങ്ങി അയാൾ താഴെ നിലയിലുള്ള ഫാർമസിയിലേക്ക് ലിഫ്റ്റിലിറങ്ങി.

ഫാർമസിയിൽ വലിയ തിരക്കില്ലായിരുന്നു. പ്രിസ്ക്രിപ്ഷൻ പ്രകാരമുള്ള മരുന്നുകൾ എടുത്ത് വെച്ച ശേഷം ക്യാഷ് കൗണ്ടറിലേക്ക് ചെല്ലാൻ ഫാർമസിസ്റ്റ് പറഞ്ഞു. കൗണ്ടറിന് മുന്നിൽ ഒരു യുവതിയുണ്ട്. നിറം മങ്ങിയ അയഞ്ഞ ചുരിദാറിട്ട അവളുടെ പുറകിലായി അയാൾ ചെന്ന് നിന്നു. വാരി വലിച്ച് ഉയർത്തിക്കെട്ടിയ മുടി അനാവൃതമാക്കിയ പിൻകഴുത്തിൽ, കറുത്ത ചരടിന് ചുറ്റുമായി ചെളി അടിഞ്ഞ് കിടക്കുന്നത് കാണാം. സുഗന്ധലേപനത്തിന്റെ കലർപ്പില്ലാത്ത നല്ല വിയർപ്പ് നാറ്റമടിക്കുന്നുണ്ട്. അയാൾ രണ്ടടി പുറകോട്ട് നിന്നു. പണമടച്ച് മരുന്നുകൾ കൈയ്യിൽ കിട്ടിയിട്ടും യുവതി കൗണ്ടറിന് മുന്നിൽ നിന്നും മാറുന്നില്ല. മരുന്നുകൾ ഓരോന്നും ബില്ലുമായി ചേർത്ത് വെച്ച് നോക്കുകയാണ്. ഇടയിൽ ഒരോ മരുന്നെടുത്ത് അതിന്റെ വിലയിലെ സംശയം തീർക്കുന്നുമുണ്ട്. പല്ലിറുമ്മിയാണ് കൗണ്ടറിലെ പെൺകുട്ടി മറുപടി നൽകുന്നത്. പക്ഷെ അതൊന്നും ആ യുവതി ഗൗനിക്കുന്നതായേ തോന്നിയില്ല. പല നിറത്തിലുള്ള പ്ലാസ്റ്റിക്  വളകളിട്ട കൈകൾ ഉയർത്തിപ്പിടിച്ച് വിരലുകൾ ഒന്നൊന്നായി മടക്കി അവൾ കണക്ക് കൂട്ടുകയാണ്.

"ചേച്ചിയൊന്നങ്ങോട്ട് മാറി നിന്നേ.... പുറകിലാളുണ്ട്."
കൗണ്ടറിലെ പെൺകുട്ടിക്ക് ക്ഷമ നശിച്ചു.

'പുറകിലെ ആ 'ആൾ' താനാണെന്ന അറിവ് അയാളെ പരിഭ്രമിപ്പിച്ചു. യുവതി തിരിഞ്ഞു നിന്ന് വല്ലതും പറയുമോ എന്ന ഭയമുണ്ടായിരുന്നു. ഒന്നുമുണ്ടായില്ല. മിണ്ടാതെ, തലയുയർത്തുക പോലും ചെയ്യാതെ ഒരരികിലേക്ക് നീങ്ങി നിന്ന് അവൾ കണക്ക് കൂട്ടൽ തുടർന്നു.

''ഇതെന്തിനാ...."

നാലഞ്ച് വിക്സ് മിഠായികൾ കൗണ്ടറിന് മുന്നിലേക്ക് നീക്കി വെച്ചാണ് അവളുടെ ചോദ്യം.

"ചില്ലറയില്ല"

മുഖയുയർത്താതെയാണ്  പെൺകുട്ടി മറുപടി നൽകിയത്.

"എനിക്കിത് വേണ്ട. ബാക്കി അഞ്ച് രൂപ തന്നേ"

യുവതിയുടെ ഭാവവും ശബ്ദത്തിലെ ദൃഢതയും തിരിച്ചറിഞ്ഞാവണം, എന്തൊക്കെയോ പിറുപിറുത്ത് കൊണ്ട്, പെൺകുട്ടി അഞ്ച് രൂപ നാണയമെടുത്ത് കൗണ്ടറിന് മുന്നിലേക്കിട്ടു കൊടുത്തു. അത് ഉരുണ്ട് താഴേക്ക് വീഴുകയും ചെയ്തു. മരുന്നുമായി അയാൾ തിരികെ പോകുമ്പോഴും യുവതി കുനിഞ്ഞ് നിന്ന് നാണയം തിരയുകയായിരുന്നു.

ഒരാഴ്ച്ച കഴിഞ്ഞ്, ഉച്ചഭക്ഷണത്തിനായി ഓഫീസ് കാന്റീനിലിരിക്കുമ്പോഴാണ്  അയാളുടെ ഫോണിലേക്ക് ഒരു വിദേശ നമ്പറിൽ നിന്നും കാൾ വരുന്നത്. അത്തരം കാളുകൾ സ്വീകരിച്ചാൽ പോലും ബാങ്ക് അക്കൗണ്ടിലെ കാശ് പോകുമെന്ന അറിവ് വെച്ച് രണ്ട് തവണ അയാൾ കട്ട് ചെയ്തതാണ്. പക്ഷെ വീണ്ടും വന്നപ്പോൾ സീകരിക്കാതിരിക്കാനായില്ല. 

"ധനേട്ടൻ തിരക്കിലാണോ....?"

ധനേട്ടൻ എന്ന് തന്നെ വിളിക്കാറുള്ള ഭാര്യയുടേയും സഹോദരിമാരുടേതുമല്ലാത്ത സ്ത്രീശബ്ദം അയാളെ കുഴക്കി.

''ഞാൻ പവിത്രയാണ്....ശേഖരൻ മാമേടെ...."

അയാൾ ആശുപത്രിയിൽ ചെന്ന് കണ്ട വകയിലെ അമ്മാവനാണ് ശേഖരമ്മാമ. പവിത്ര അദ്ദേഹത്തിന്റെ ഏക മകളാണ്. ഒരേ കലാലയത്തിൽ പഠിക്കുന്ന കാലത്ത് നാണക്കേട് കാരണം ബന്ധുത്വം മറച്ച് പിടിച്ച് അകലം പാലിച്ചവൾ ഇപ്പോൾ അങ്ങ്  ആസ്ത്രേലിയയിൽ നിന്നും തന്റെ നമ്പർ തപ്പി പിടിച്ചു വിളിക്കുന്നതെന്തിനാവും? ചിന്തകളങ്ങനെ കാട് കയറുന്നതിനിടയിലാണ് അവൾ ചോദിച്ചതിന് മറുപടി നൽകിയില്ലല്ലോ എന്നോർത്തത്. 

''ഇല്ല തിരക്കില്ല...പറയൂ..."

"അച്ഛനെ കാണാൻ ചെന്നിരുന്ന കാര്യം അമ്മ ഇന്നലെ വിളിച്ചപ്പോ പറഞ്ഞിരുന്നു. വല്യ ആശ്വാസായി അമ്മക്ക്."

അയാളൊന്ന് മൂളുക മാത്രം ചെയ്തു.

"പ്രായമായ അച്ഛനുമമ്മേം തനിച്ചാക്കി ഇവിടിങ്ങനെ നിക്കുമ്പോ എന്തൊരു സമാധാനക്കേടാന്നറിയോ ധനേട്ടാ.  വയ്യാണ്ടായീന്നൊക്കെയറിയുമ്പോ..."

തൊണ്ട ഇടറുന്നുണ്ടോ??? അവൾ പണ്ടേ നല്ല നടിയാണ്. 

"ഇടക്കൊക്കെ വന്നൂടെ...അതിന് തക്ക ആസ്തീണ്ടല്ലോ."

അയാൾക്ക് ഒന്ന് കുത്താതിരിക്കാനായില്ല.

''ആഗ്രഹമില്ലാഞ്ഞിട്ടല്ല ഏട്ടാ. ഒക്കെ അവസാനിപ്പിച്ച് വരണന്ന്ണ്ട്. പക്ഷേല് ഒറ്റ ദിവസം കൊണ്ട് എല്ലാം ഇട്ടെറിഞ്ഞ് ഓടി വരാൻ പറ്റണ്ടെ. പിന്നെ അങ്ങോർക്കും കുട്ട്യോൾക്കും അത് കേക്ക്വേ വേണ്ട. ആഹ്...എന്റെ വിധി....!!"

അങ്ങയറ്റത്ത് ഒരു തേങ്ങൽ അയാൾ വ്യക്തമായി കേട്ടതാണ്.

"ആഹ്...അതൊക്കെ പോട്ടെ... ഞാനിപ്പോ ധനേട്ടനെ വിളിച്ചത് ഒരു സഹായത്തിനാ. അച്ഛനെ ഇന്നലെ ഐ.സി.യുവിലേക്ക് മാറ്റി. അറിയാലോ; ഹോസ്പിറ്റൽ എന്റെ സുഹൃത്തിന്റെയൊക്കെ തന്ന്യാ. എല്ലാ സൗകര്യവും അവൻ ചെയ്യേം ചെയ്യും. പക്ഷെ അടുത്ത് സ്വന്തക്കാരുണ്ടാവുമ്പോ കിട്ടുന്ന ഒരാശ്വാസമുണ്ടല്ലോ...."

പാതിയിൽ നിർത്തിയത് തന്നിൽ നിന്നുമൊരു മറുപടി പ്രതീക്ഷിച്ചിട്ടാണെന്ന് തീർച്ചയാണ്. എന്നിട്ടും അയാൾ ഒന്ന് മൂളുക പോലും ചെയ്തില്ല.

"ഇപ്പോ എന്നോട് വരാനാ അമ്മ പറയണേ.  ഇത്ര പെട്ടെന്നൊക്കെ ഇങ്ങനെ പറഞ്ഞാ എന്താ ചെയ്യാ. വെക്കേഷൻ സമയമായതോണ്ട് ടിക്കറ്റിനൊക്കെ മൂന്നും നാലുമിരട്ടിയാ ചാർജ്ജ്. അതോണ്ട്...ഏട്ടന് പറ്റുമ്പോഴൊക്കെ ഒന്ന് ആശുപത്രി വരെ ചെല്ലണം. അതൊരു വല്ല്യ ആശ്വാസാവും അമ്മക്ക്.ബുദ്ധിമുട്ടിക്കുകയാണെന്നറിയാം. നിവൃത്തികേട് കൊണ്ടാണ് "

അപ്പുറത്ത് കരച്ചിൽ അണമുറിഞ്ഞൊഴുകി. അയാൾ കാൾ കട്ട് ചെയ്തു. കാലങ്ങൾക്കിപ്പറമുള്ള ബന്ധം പുതുക്കലിന്റെ ഉദ്ദേശ ലക്ഷ്യം ശരിക്കും ബോധ്യമായി. അയാൾ പല്ലിറുമ്മി.

പിറ്റേന്ന്, അയാൾ ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങി  ആശുപത്രിയിലേക്ക് പോയി. സന്ദർശക സമയമാവാൻ കാത്ത് റിസപ്ഷനിലെ സോഫയിൽ ഇരിക്കുമ്പോൾ ബഹളം കേട്ടാണ് ഫാർമസിയുടെ ഭാഗത്തേക്ക് നോക്കിയത്. അവിടെ കൗണ്ടറിന് മുന്നിൽ അന്നത്തെ ആ യുവതി. അതേ മുഷിഞ്ഞ ചുരിദാർ, വാരിക്കെട്ടിയ മുടി, കൈയ്യിൽ മരുന്ന് കവർ; ഒരാഴ്ച്ചക്കാലം അവിടെ മരവിച്ച് നിന്ന് പോയത് പോലെ അയാൾക്ക് തോന്നി. കൗണ്ടറിലെ പെൺകുട്ടിയുടെ ശബ്ദമാണ് ഉയർന്ന് കേൾക്കുന്നത്. അവൾ വിളിച്ചിട്ടാവണം ഒരു സെക്യൂരിറ്റിക്കാരൻ ഓടി വന്നത്. അയാൾക്ക് പുറകെ, അനുസരണയുള്ള കുട്ടിയെ പോലെ യുവതി വാതിൽ കടന്ന് പുറത്തേക്ക് നടന്നു. അയാൾക്ക് പിന്നെ ഇരിപ്പുറച്ചില്ല. ഗേറ്റിന് പുറത്ത് തന്നെ അവൾ നിൽക്കുന്നുണ്ട്. നടപ്പാതയിലൂടെ കടന്ന് പോകുന്നവർ മതിലിൽ മുഖം ചേർത്ത് നിൽക്കുന്ന അവളെ  ശ്രദ്ധിക്കുന്നുണ്ട്. റോഡിലൂടെ പരക്കം പായുന്ന വാഹനങ്ങളുടെ ഇരമ്പൽ അയാൾ കേട്ടതേയില്ല. അയാളുടെ സാമിപ്യം തിരിച്ചറിഞ്ഞ് അവൾ തിരിഞ്ഞു നിന്നു. പിന്നെ ഷാൾ കൊണ്ട് മുഖം അമർത്തി തുടച്ചു.

"എന്താ പറ്റിയത്?"

അയാളുടെ ചോദ്യത്തിന് മറുപടി കിട്ടിയില്ല.

ഒരാഴ്ച്ച മുമ്പേ അവളെ കണ്ടതും ഇപ്പോൾ ഫാർമസിയിൽ വെച്ച് വീണ്ടും കാണാനിടയായതുമെല്ലാം അയാൾ വിവരിച്ചു. പിന്നെ ശബ്ദം ആവുന്നത്ര മയപ്പെടുത്തി ഇത്രയും പറഞ്ഞു:

''പറഞ്ഞോളൂ....എന്താ യഥാർത്ഥത്തിൽ സംഭവിച്ചത്. എനിക്ക് ചിലപ്പോൾ കുട്ടിയെ സഹായിക്കാൻ പറ്റിയേക്കും. ഇതെനിക്ക് പരിചയമുള്ള ഒരാളുടെ ആശുപത്രിയാണ്."

നിറഞ്ഞ കണ്ണുകൾ വിടർന്നു.

"അച്ഛൻ ജനറലാശുപത്രില് കിടപ്പായിരുന്നു. അവിടെ മരുന്ന് കിട്ടാത്തോണ്ട് ഇവിടുന്ന് വാങ്ങാനാ ഡോക്ടർ സാറ് പറഞ്ഞെ. ആയിരം രൂപക്കുള്ള മരുന്നാ ഇത്. മാനം വിറ്റ്ണ്ടാക്ക്യ കാശാ. എന്നിട്ടെന്താ, കൊണ്ട് ചെല്ലുമ്പോഴേക്കും അച്ഛൻ പോയി. പറഞ്ഞിട്ട് കാര്യല്ല. അതിനും മത്യായിക്കാണും."

അവൾ വല്ലാത്തൊരു ചിരി ചിരിച്ചു.

"വീട്ടിൽ പട്ടിണിയാ സാറേ. അച്ഛൻ മരിച്ച് മൂന്നായപ്പോ ഉറ്റോരൊക്കെ പോയി. ഇളയുത്ങ്ങളിപ്പോ വിശന്ന് കരയ്വാ. തെണ്ടാനിറങ്ങിയതാ, അപ്പഴാ ഈന്റെ കാര്യോർത്തത്. പൊട്ടിച്ച്ട്ടും കൂടല്ല. പക്ഷേല് വിറ്റ മരുന്ന് എടുക്കൂല്ലന്നാ അവര് പറയുന്നേ. ഒന്ന് സഹായിക്ക് സാറേ."

അവൾ മുന്നിൽ കൈ കൂപ്പി നിൽക്കുന്നു. വേണമെങ്കിൽ പവിത്രയുടെ ബന്ധമുപയോഗിച്ച് മരുന്ന് തിരിച്ചെടുപ്പിക്കാം. അത് വേണ്ടെന്ന് തോന്നി. കീശയിൽ നിന്നും രണ്ട് അഞ്ഞൂറിന്റെ നോട്ടുകളെടുത്ത് അവൾക്ക് നീട്ടി.

"വേണ്ട സാറേ... മരുന്ന് തിരിച്ചെടുക്ക്വെങ്കി മതി.. ഇല്ലെങ്കി പോട്ടെ..."

കണ്ണുകൾ തുടച്ച് നടന്ന് തുടങ്ങിയ അവളുടെ കൈയ്യിൽ അയാൾ കടന്ന് പിടിച്ചു. പ്ലാസ്റ്റിക് വളകൾ ഞെരിഞ്ഞു. മരുന്നിന്റെ കവർ  വാങ്ങിച്ച്, നോട്ടുകൾ അവളുടെ കൈയ്യിൽ തിരുകി കൊടുത്തു.

"അതിന് ഇത് വെറും മരുന്നുകൾ മാത്രമല്ലല്ലോ...ഇതെനിക്ക് വേണം..."

കേട്ടതിന്റെ പൊരുളറിയാതെ അന്തിച്ച് നിൽക്കുന്ന അവളെ വിട്ട്, അയാൾ ആശുപത്രി ഗേറ്റിന് നേരെ വേഗത്തിൽ നടന്നു.

Wednesday, 15 January 2020

ഗോ റിപബ്ലിക്

കോടതി മുറി തിങ്ങി നിറഞ്ഞിട്ടുണ്ട്. കാരണം, വിചിത്രമായ ഒരു കേസിന്റെ തുടർ വാദമാണ് ഇന്നവിടെ നടക്കുന്നത്. (നിലവിൽ രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന വൈചിത്ര്യങ്ങൾ നോക്കിയാൽ ഈ കേസിനെ വിചിത്രമെന്ന് വിശേഷിപ്പിക്കുന്നതിലെ ശരിമ  തീർച്ചയായും ഒരു തർക്കവിഷയമാണ്.)

"ഒബ്ജെക്ഷൻ ഓവർറൂൾഡ്..യൂ കാൻ പ്രൊസീഡ്" 

ഇല്ലാത്ത ചുറ്റിക കൊണ്ട് ജഡ്‌ജി മേശപ്പുറത്ത്  ആഞ്ഞടിച്ചു.

"താങ്ക്യൂ യുവറോണർ"

ഗൗൺ വലിച്ച് നേരെയിട്ട് പ്രതിഭാഗം വക്കീൽ അൽപം കൂടി മുന്നോട്ട് കയറി നിന്നു.

"പബ്ലിക് പ്രോസിക്യൂട്ടറുടെ വാദങ്ങൾ അംഗീകരിച്ചു കൊണ്ട് തന്നെ പറയട്ടെ; എന്റെ കക്ഷി ഈ രാജ്യത്തെ ഔദ്യോഗിക മത വിഭാഗത്തിൽപ്പെട്ട ഒരാളല്ല. മാത്രവുമല്ല സ്വന്തം പൗരത്വം തെളിയിക്കാനാവശ്യമായ പ്രപിതാമഹൻമാരുടെ രേഖകളൊന്നും അയാൾക്ക് ഹാജരാക്കാനാവില്ല. കാരണം, അയാൾ സ്വന്തം കുടുംബത്തിൽ നിന്നു തന്നെ പുറത്താക്കപ്പെട്ടയാളാണ്."

പബ്ലിക് പ്രോസിക്യൂട്ടറുടെ കനത്ത താടി രോമങ്ങൾക്കിടയിൽ പടരുന്ന നനുത്ത ചിരി  അവഗണിച്ചു കൊണ്ട് പ്രതി ഭാഗം വക്കീൽ തുടർന്നു:

"പക്ഷെ പബ്ലിക് പ്രോസിക്യൂട്ടർ പറയാതെ പോയ ചില കാര്യങ്ങൾ എനിക്ക് ബോധിപ്പിക്കാനുണ്ട്. അതിന് വേണ്ടി, മുൻകൂറായി സമർപ്പിച്ച പട്ടികയിൽ നിന്നും ഒരു വ്യക്തിയെ എനിക്ക് കോടതി മുമ്പാകെ ഹാജരാക്കേണ്ടതുണ്ട്."

"യെസ്...പ്രൊസീഡ്"

മുന്നിലെ പട്ടികയിലൂടെ  കണ്ണോടിച്ചു കൊണ്ട് ജഡ്ജി മുരണ്ടു.

പുറകിൽ ഒന്ന് തട്ടിയപ്പോൾ അവൾ മുന്നോട്ട് കയറി നിന്നു. 

"ഈ വ്യക്തി രാജ്യത്തെ പൗരനാണെന്നതിൽ ആർക്കും എതിർപ്പില്ലെന്ന് വിശ്വസിക്കട്ടെ."

പബ്ലിക് പ്രോസിക്യൂട്ടറെ നോക്കിയാണ് പ്രതിഭാഗം വക്കീൽ ചോദിച്ചത്.

"എന്ത് ചോദ്യമാണ് ഹേ.. നിങ്ങളെന്താ കോടതിയെ കളിയാക്കുകയാണോ? ഇദ്ദേഹം വെറുമൊരു പൗരനാണോ; നമ്മുടെ ദേശീയതയുടെ തന്നെ പ്രതീകമല്ലേ?"

ജഡ്ജി ആകാവുന്നത്രയും മുന്നോട്ട് വളഞ്ഞു നിന്ന് കൈകൾ കൂപ്പി. പബ്ലിക് പ്രോസിക്യൂട്ടർ ഉൾപ്പടെ മുറിയിലെ ഭൂരിപക്ഷവും യാന്ത്രികമായി ജഡ്ജിയെ അനുകരിച്ചു. അത് ഇഷ്ടപ്പെട്ട മട്ടിൽ അവൾ തല കുലുക്കിയപ്പോൾ കഴുത്തിലെ മണി കിലുങ്ങി.

"ക്ഷമിക്കണം; കളിയാക്കാൻ ഉദ്ദേശിച്ചതല്ല."

പ്രതിഭാഗം വക്കീൽ കൈകൂപ്പി തല കുനിച്ചു.

""ഓക്കെ...പ്രൊസീഡ്"

"യുവറോണർ, നമ്മുടെ ദേശീയതയുടെ പ്രതീകമായ ഈ വ്യക്തിയുമായി എന്റെ കക്ഷി തീവ്ര പ്രണയത്തിലാണ്. പതിനഞ്ച് വർഷങ്ങൾക്ക് മുമ്പത്തെ ഒരു പെരുന്നാൾ ദിനത്തിൽ അറവ് കത്തിയുടെ മുനയിൽ നിന്നും ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത് എന്റെ കക്ഷിയാണ്. അന്ന് തുടങ്ങിയ ബന്ധം വീട്ടുകാരുടെ കടുത്ത എതിർപ്പുകൾ മറികടന്നും എന്റെ കക്ഷി തുടരവേയാണ്..."

"ഒബ്ജക്ഷൻ യുവറോണർ"

പബ്ലിക് പ്രോസിക്യൂട്ടർ അലറിക്കൊണ്ട് സീറ്റിൽ നിന്നും ചാടിയെണീറ്റു.

"ഒബ്ജെക്ഷൻ സസ്റ്റെയിന്ഡ്" 

വിരണ്ടു പോയ ജഡ്ജി പറഞ്ഞാെപ്പിച്ചു.

"ദിസ് ഈസെ ക്ലിയർ കേസ് ഓഫ് ലൗ ജിഹാദ്... നമ്മുടെ ദേശീയതയുടെ പ്രതീകത്തെ പോലും പ്രണയക്കുരുക്കിൽപ്പെടുത്തി മതപരിവർത്തനം നടത്താൻ ധൈര്യം കാണിച്ച ഇയാൾക്കെതിരെ കോടതി സ്വമേധയാ കേസെടുക്കണമെന്നാണ് എനിക്ക് പറയാനുളളത്." 

ഒറ്റശ്വാസത്തിൽ പറഞ്ഞ് തീർത്ത് പബ്ലിക് പ്രോസിക്യൂട്ടർ സീറ്റിലമർന്നു.

"നിങ്ങൾക്കെന്താണ് പറയാനുളളത്"

ജഡ്ജി പ്രതിഭാഗത്തെ നോക്കി.

"യുവറോണർ, പബ്ലിക് പ്രോസിക്യൂട്ടറുടെ ഈ ആരോപണം ഞാൻ പ്രതീക്ഷിച്ചതാണ്. പക്ഷെ എന്റെ കക്ഷിയുടെ പ്രണയത്തിന്റെ ആത്മാർത്ഥത എനിക്ക് തെളിയിക്കാനാകും." 

പ്രതിഭാഗം വക്കീൽ മുന്നോട്ട് ചെന്ന് ചില കടലാസ്സുകൾ കോടതി ക്ലാർക്കിന് കൈ മാറി.
 
"സർക്കാർ വക ഗോശാലയിൽ വെച്ച്, ഗോരക്ഷക് പ്രമുഖിന്റെ കാർമ്മികത്വത്തിൽ, കഴിഞ്ഞ മാസം ഇവരുടെ വിവാഹം നടന്നതിന്റെ രേഖകൾ ഇവിടെ സമർപ്പിച്ചിട്ടുള്ളത് താങ്കൾക്ക് പരിശോധിക്കാവുന്നതാണ്. മാത്രവുമല്ല, രാജ്യത്തിന്റെ ഔദ്യോഗിക മതത്തിലേക്ക് മാറാനുള്ള ആഗ്രഹം അറിയിച്ചു കൊണ്ട് ദേശീയ മതപരിവർത്തന കമ്മീഷന് എന്റെ കക്ഷി നൽകിയ  അപേക്ഷയും ഇവിടെ സമർപ്പിച്ചിട്ടുണ്ട്. ഈ വസ്തുതകളെല്ലാം പരിഗണിച്ചു കൊണ്ട് എന്റെ കക്ഷിക്ക്  പൗരത്വം അനുവദിച്ച് നൽകണമെന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു."

ഉച്ച ഭക്ഷണത്തിനായി പിരിഞ്ഞ കോടതി വീണ്ടും ചേർന്നു.

തികട്ടിക്കയറി വന്ന വായു പ്രവാഹത്തെ ഒരിറക്ക് വെള്ളത്തോടൊപ്പം കുടിച്ചിറക്കി കൊണ്ട് ജഡ്ജി ഇങ്ങനെ വിധി പ്രസ്താവിച്ചു:

"രാജ്യത്തിന്റെ നിലവിലെ നിയമ വ്യവസ്ഥയനുസരിച്ച് ഒരു പൗരന്റെ നിയമപരമായ പങ്കാളിക്ക് പൗരത്വത്തിന് അർഹതയുണ്ട്. കോടതിക്ക് മുന്നിൽ സമർപ്പിക്കപ്പെട്ട രേഖകൾ പ്രകാരം പ്രതി ഔദ്യോഗിക മതാചാര പ്രകാരം രാജ്യത്തെ ഒരു പൗരനുമായി വിവാഹം ചെയ്യപ്പെട്ടിട്ടുളളതാണ്. മാത്രവുമല്ല, പ്രതിയുടെ പങ്കാളിയായ പൗരൻ ഒരു വിശിഷ്ട വ്യക്തിയാണെന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ആയതിനാൽ, പ്രതിക്ക് ഉടനടി രാജ്യത്തിന്റെ പൗരത്വം അനുവദിച്ച് നൽകണമെന്നും ആറു മാസത്തിനകം
ഘർ വാപസി പദ്ധതിയിൽ ഉൾപ്പെടുത്തി  പ്രതിയെ രാജ്യത്തിന്റെ ഔദ്യോഗിക മതത്തിലേക്ക് പരിവർത്തനം ചെയ്യണമെന്നും ഈ കോടതി വിധിക്കുന്നു."

ഇല്ലാത്ത ചുറ്റിക  വായുവിൽ പലവട്ടം ഉയർന്നു താഴ്ന്നു.

Monday, 9 December 2019

അജ്ഞാതം


ഉദ്ഘാടനത്തിനു തയ്യാറായി നീണ്ടു നിവർന്നു നില്‍ക്കുന്ന അമ്പത്തൊന്ന് നില ഫ്ലാറ്റ് സമുച്ചയത്തിന്‍റെ പരസ്യ ബോർഡിന് താഴെ, റോഡരികിലാണ്  ആ വൃദ്ധന്‍റെ കിടപ്പ്. ദിവസേന കാലത്തും വൈകിട്ടും, പീജിക്കും മെട്രോ സ്റ്റേഷനുമിടയിലെ നടപ്പിൽ അവന്റെ സ്ഥിരം കാഴ്ച്ചയാണത്. അമ്മിക്കല്ല് പോലെ പരന്ന കല്ലിൽ തല വെച്ച്, ശരീരം മുഴുവൻ മറക്കാനില്ലാത്ത ഒരു കീറക്കമ്പിളി പുതച്ച് ചുരുണ്ടുകൂടി  കിടക്കുന്ന അയാളുടെ മുഖത്തെ ശാന്തത, ബോര്‍ഡിലെ "പ്രശാന്തിയുടെ ഔന്നത്യം"  എന്ന പരസ്യ വാചകത്തെ  അന്വർത്ഥമാക്കുന്നുണ്ട് എന്ന ചിന്ത അവൻ ഒരിക്കൽ സചിത്രം  ഫേസ്ബുക്കിൽ പങ്ക് വെച്ചതാണ്. പതിവ് പോലെ, കയ്യില്‍ കരുതിയ ഭക്ഷണപ്പൊതി അയാളുടെ കാല്‍ക്കല്‍ വെച്ച് മുന്നോട്ട് നടക്കുമ്പോൾ ഫ്ലാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടകനായ കേന്ദ്ര മന്ത്രിയുടെ വരവറിയിച്ചു കൊണ്ടുള്ള അനൌണ്‍സ്മെന്‍റ് വാഹനം എതിരെ പാഞ്ഞു പോയി.

ക്യാമ്പസ്‌ സെലക്ഷന്‍ വഴി നേടിയ ഐ.ടി. ജോലിയുമായി ഈ മെട്രോ നഗരത്തിലേക്ക് വന്നടിഞ്ഞപ്പോഴും ഉള്ളിലെ നാട്ടിമ്പുറത്തുകാരനെ അവൻ കൂടെ കൂട്ടിയിരുന്നു. അത് കൊണ്ടാവണം, കൂറ്റൻ മാളുകള്‍ക്കും പബ്ബുകള്‍ക്കും പേരുകേട്ട ഉദ്യാന നഗരിയിലെ ഇനിയും വറ്റാത്ത തടാകങ്ങളും കത്തി തീരാത്ത  തണലിടങ്ങളും അവനു പ്രിയപ്പെട്ടതായത്. മാറിയ കാലത്തിന്‍റെ വേഗതയോട് സമന്വയപ്പെടാത്ത ചിന്തകളും ചെയ്തികളും ഒപ്പമുള്ളവര്‍ക്കിടയിൽ അവനെ ഒറ്റയാനാക്കി. 

ഹോട്ടലിന്റെ  രണ്ടാം നിലയിൽ, മെനു കാർഡിലെ വിഭവങ്ങൾക്കായി സുഹൃത്തുക്കൾ 'ലേലം വിളി' നടത്തുമ്പോൾ അവൻ ചില്ലു ചുവരിലൂടെ നഗരക്കാഴ്ച്ചകൾ രുചിക്കുകയായിരുന്നു. ഉച്ച വെയിലിൽ തിളച്ചു മറിയുന്ന നഗരത്തിരക്കിലൂടെ  കീറക്കമ്പിളിയും പുതച്ചു നടന്നു മറയുന്ന  വൃദ്ധനെ ഒരു മിന്നായം പോലെയാണ് കണ്ടത്. റോഡരികിലെ കിടപ്പിൽ നിന്നും മാറി അയാളെ മറ്റൊരിടത്തു കാണുന്നത് ഇതാദ്യമാണ്. 

അവന്റെ ജന്മദിനാഘോഷത്തിനാണ്  ഇന്ന് അവരവിടെ  കൂടിയിരിക്കുന്നത്. പത്താമത്തെ വയസ്സിൽ ക്ലീറ്റസങ്കിൾ തേടിയെത്തുന്നത് വരെ ഓർഫനേജ് റജിസ്റ്ററിൽ പേര് ചേർത്ത തീയ്യതിയായിരുന്നു അവന്റെ ജന്മദിനം.  തന്നെ പ്രസവിച്ചിട്ട്  നിമിഷങ്ങള്‍ക്കകം മരണപ്പെട്ട അമ്മയെ പറ്റി അങ്കിളിൽ നിന്നും അറിഞ്ഞതിന് ശേഷം ആഘോഷിക്കപ്പെടാതെ പോയ ഒരോ ജന്മദിനവും അവന് അമ്മയുടെ  ഓര്‍മ്മ ദിനമായിരുന്നു. പക്ഷെ ഇന്ന് എച്ച്.ആർ. ഡിപ്പാർട്മെന്റിൽ നിന്നും ലഭിച്ച  ജന്മദിനാശംസ സഹപ്രവർത്തകർ കണ്ടു പിടിച്ചതോടെ അവരുടെ നിര്‍ബന്ധത്തിനു വഴങ്ങേണ്ടി വന്നു. ആദ്യമായാണ് ഇത്രയും വലിയൊരു ഹോട്ടലിൽ നിന്നും അവൻ ഭക്ഷണം കഴിക്കുന്നത്. എത്ര തന്നെ ശബ്ദമുണ്ടാക്കി കഴിച്ചാലും വിരലുകള്‍ നക്കിത്തുടച്ചാലും ചുളിയാത്ത മുഖങ്ങൾ ചുറ്റുമുള്ള ചെറിയ ഭക്ഷണശാലകളേയാണ്  എന്നും ഇഷ്ടപ്പെട്ടത്. എല്ലാവരും കഴിച്ചെണീറ്റപ്പോഴും 'ലേലം വിളിച്ചെടുത്ത' വിഭവങ്ങൾ മേശയിൽ ബാക്കിയായി. മാസ ശമ്പളത്തിന്‍റെ പകുതിയോളം വരുന്ന ബില്ല്  പേ ചെയ്ത്, ബാക്കി വന്ന ഭക്ഷണം പൊതിഞ്ഞു തരാന്‍ ആവശ്യപ്പെട്ടപ്പോൾ ബെയറര്‍ പയ്യന്‍റെ കണ്ണുകളിൽ വിരിഞ്ഞത് അതിശയമോ പുച്ഛമോ? 

സിഗ്നലിന് മുന്നിലെ പെരുമ്പാമ്പിന്റെ വാലറ്റത്താണ് അവരുടെ കാറ്. കടും നിറത്തിലുള്ള ചേല ചുറ്റിയ ഹിജഡകൾ ശ്യംഗാരവും ഭീഷണിയും കലർന്ന സ്വരത്തിൽ വാഹനങ്ങൾ തോറും നടന്ന് കാശ് പിരിക്കുന്നുണ്ട്. മണ്ണിന്റെ നിറമുള്ള കുട്ടികൾ, പത്ത് രൂപക്ക് രണ്ട് നീളൻ പേനകളും പൂക്കളും വലിയ ബലൂണുകളുമായി ചില്ലുകളിൽ തൊട്ട് തൊട്ട് തിരക്കിലൂടെ ഊളിയിടുന്നു. അവരുടെ കാർ സിഗ്നലിന് മുന്നിലെത്തിയപ്പോഴേക്കും വീണ്ടും  ചുവപ്പ് കത്തി. അവൻ ചില്ലിലേക്ക് തല ചായ്ച്ചു.

അന്യമതസ്ഥരായ അച്ഛന്‍റെയും അമ്മയുടെയും വിപ്ലവപ്രണയത്തിന് സകല പിന്തുണയും നൽകി ഒടുവിൽ അവരുടെ  ഒളിച്ചോട്ട വിവാഹം നടത്തിക്കൊടുത്തതും ക്ലീറ്റസങ്കിളാണ്. അയാളുടെ ബലത്തിലാണ് അവർ ജീവിതം കെട്ടിപ്പടുത്തത്. അങ്കിൾ കൈമാറിയ, അച്ഛന്റെ ചുവന്ന ചട്ടയുള്ള ഒരു ഡയറിയിൽ നിന്ന് വായിച്ചറിഞ്ഞതാണ് ഇതെല്ലാം. ഡയറിയുടെ അവസാന താളിൽ ഒരു ബ്ലാക്ക് ആന്‍റ് വൈറ്റ്‌  ഫോട്ടോയുണ്ട്.  തോളിലൂടെ കൈയ്യിട്ട് അമ്മയെ ചേർത്ത് നിൽക്കുന്ന അച്ഛന്റെ ചിത്രം അവരുടെ പ്രണയകാലത്ത് അങ്കിളെടുത്തതാണ്.

സ്വത്ത് തര്‍ക്കത്തിന്‍റെ പേരില്‍ അച്ഛനെ ആക്രമിക്കാന്‍ അമ്മാവൻമാരുടെ ഗുണ്ടകളെത്തിയപ്പോൾ, അങ്കിൾ മീൻപിടുത്ത ബോട്ടിൽ നടുക്കടലിലായിരുന്നു. അന്ന് ആരുടെയോ ചവിട്ടേറ്റ് പൂർണ്ണ ഗർഭിണിയായ അമ്മ വീണു പോയി. മൃതപ്രായനായ അച്ഛനെ അവരെവിടെയോ കൊണ്ട് പോയി ഉപേക്ഷിച്ചു. പിന്നീട്, പാതിജീവനുമായി തിരിച്ചെത്തിയ അച്ഛനെ, അമ്മയുടെ മരണവാര്‍ത്തയറിഞ്ഞതോടെ  ആരും കണ്ടിട്ടില്ല. അമ്മയോടൊപ്പം അവനും മരിച്ചു പോയെന്ന് അയാൾ കരുതിയിരിക്കണം. 

അങ്കിളാണ് അവനെ പള്ളി വക അനാഥാലയത്തിൽ ചേർത്തത്. അവിടെ നിന്ന് പഠിച്ച് സ്കോളർഷിപ്പോടെ എഞ്ചിനീയറിങ്ങിന് ചേർന്നപ്പോഴും  അയാൾ മുടങ്ങാതെ ചെന്നു കണ്ടു കൊണ്ടിരുന്നു. എന്നാൽ ഇപ്പോൾ, പ്രായമേറിയതിനാൽ,  ഇത്ര ദൂരെ വന്ന് കാണാനുള്ള ആരോഗ്യസ്ഥിതിയിലല്ല. അയാൾക്ക് അതിൽ വലിയ വിഷമമുണ്ട്. പകരം കത്തുകളാണ്. ഓർമ്മകൾ വിടരും മുമ്പേ വിട്ടു പോയ അച്ഛനമ്മമാർ അങ്കിളിന്റെ ഓർമ്മകളിലൂടെ അവനൊപ്പം കൂടുന്നു. വർഷങ്ങൾക്ക് ഇപ്പുറവും  ഓർമ്മകൾ മുറിഞ്ഞ്  കണ്ണീരൊഴുകുന്നു.  

തല ചായ്ച്ചു വെച്ചിരുന്ന ജനലിലെ തട്ട് കേട്ടാണ് അവൻ ചിന്തയിൽ നിന്നുണർന്നത്.  കയ്യിലെ ട്രേ നിറയെ  തലയാട്ടുന്ന  പലതരം പട്ടികളും ഒക്കത്തൊരു കുഞ്ഞുമായി നില്ക്കുന്ന നാടോടി സ്ത്രീ. ചില്ല് പാതി താഴ്ത്തി വിരല്‍ ചൂണ്ടി വില ചോദിക്കുന്ന സുഹൃത്തിനു  ക്ഷമയോടെ ഓരോന്നിന്‍റെയും വില അവള്‍ പറഞ്ഞു കൊടുക്കുന്നുണ്ട്. ഒടുക്കം, ബട്ടന്‍ പൊട്ടിയ ഷര്‍ട്ടിന്റെ വിടവിലൂടെ കാണുന്ന തന്റെ മെല്ലിച്ച ശരീരത്തിന്‍റെ  വിലയാണ് അവൻ ചോദിക്കുന്നതെന്ന്  മനസിലായതോടെ അവള്‍ മുഖം കുനിച്ച് കൊണ്ട്  അടുത്ത വാഹനത്തിനടുത്തേക്ക് പോയി. കാറിനുള്ളിൽ മുഴങ്ങിയ പൊട്ടിച്ചിരിയിൽ പങ്കുചേരാനാകാതെ  അവന്‍ കണ്ണുകളടച്ചു. അമ്മയുടെ തോളിലൂടെയിട്ട അച്ഛന്‍റെ കയ്യിൽ പച്ച കുത്തിയ 'കുരിശിൽ തറച്ച ചെഗുവേര'  കൺമുന്നിൽ തെളിഞ്ഞു വന്നു. 

മെട്രോ ഇറങ്ങി നടക്കുമ്പോൾ  വൃദ്ധനെ കണ്ടില്ല. അയാൾ തല വെച്ചുറങ്ങാറുള്ള കല്ലിൽ ആരോ ഒരു ത്രിവര്‍ണ്ണ പതാക വരച്ചു ചേര്‍ത്തിട്ടുള്ളത്  തെരുവ് വിളക്കിന്‍റെ  അരണ്ട വെട്ടത്തിൽ കണ്ടു. തൊട്ടരികിലായി സ്ഥാപിച്ച കമ്പിക്കൂടിനകത്തെ കുഴിയിലൊരു വൃക്ഷത്തൈയ്യുണ്ട്. ആളുകൾ മത്സരിച്ചൊഴിച്ച വെള്ളം കുഴി നിറഞ്ഞൊഴുകി പുറത്ത് തളം കെട്ടിക്കിടന്നു. കയ്യിൽ കരുതിയ ഭക്ഷണപ്പൊതി ആ കമ്പിക്കൂടില്‍ ചാരി വെച്ച് അവന്‍ നടന്നകന്നു. 

പിന്നീടുള്ള ദിവസങ്ങളിലും വൃദ്ധനെ കണ്ടില്ല. കാരണം, അവൻ വായിക്കാതെ തൂക്കിവിറ്റ  പത്രങ്ങളിലൊന്നില്‍  ക്രൂശിതനായ ചെഗുവേരയെ പച്ചകുത്തിയ കയ്യുള്ള അജ്ഞാത മൃതദേഹമായി അയാൾ ഉറങ്ങിക്കിടന്നിരുന്നു.  അപ്പോഴേക്കും, കമ്പിക്കൂടിനകത്തെ വൃക്ഷത്തൈ വെളളം കിട്ടാതെ കരിഞ്ഞുണങ്ങി പോയിരുന്നു.

Friday, 29 November 2019

തുലാവര്‍ഷം

പേരിനു മാത്രം ഇടിയും മിന്നലുമുള്ള ഒരു തുലാവര്‍ഷ രാത്രിയായിരുന്നു അത്. മഴയൊട്ടു പെയ്യുന്നുമില്ല. മതില്‍ക്കെട്ടില്ലാത്ത ക്ഷേത്രത്തിനു മുന്നിലെ ആല്‍ത്തറയില്‍ ബീഡിപ്പുക ചുരുളുകളായി ഇരുട്ടിലേക്ക് പറത്തി വിട്ടു കൊണ്ട് മലര്‍ന്നു കിടക്കുന്ന അയാളൊരു മോഷ്ടാവാണ്. അറിയാവുന്ന തൊഴില്‍ മോഷണം മാത്രമായതിനാല്‍ അന്ന് രാത്രിയും മോഷ്ടിക്കാനുള്ള അത്യാവശ്യം അയാള്‍ക്കുണ്ട്. എന്നാലെന്ത് കൊണ്ടോ  അന്ന് മോഷ്ടിക്കാനുള്ള ഒരിത് അയാള്‍ക്ക്‌ അശേഷമുണ്ടായിരുന്നില്ല.  അര്‍ദ്ധ മനസ്സോടെ കക്കാനിറങ്ങിയപ്പോഴെല്ലാം പിടിക്കപ്പെട്ടിട്ടുണ്ട് എന്ന അനുഭവത്തിന്‍റെ വെളിച്ചത്തില്‍ മോഷണ ത്വരയെ അയാള്‍ തല്‍ക്കാലം ഉറക്കിക്കിടത്തിയിരിക്കുകയാണ്.
ഇരച്ചെത്തിയ ഒരു വണ്ടി ചരലില്‍ സഡന്‍ ബ്രേക്ക് ചെയ്തു നിര്‍ത്തിയ ശബ്ദം കേട്ടാണ് അയാള്‍ ഞെട്ടിയെണീറ്റത്. വണ്ടിയില്‍ നിന്നുമിറങ്ങിയ രൂപം  ഇടത്തെ തോളിലൊരു  ബാഗും തൂക്കി  അമ്പലത്തിന് നേരെ നടക്കുന്നത് തിരികള്‍ മുഴുവനായും അണഞ്ഞിട്ടില്ലാത്ത കല്‍വിളക്കിന്‍റെ വിളറിയ വെട്ടത്തില്‍ അയാള്‍ കണ്ടു. ആ രൂപമൊരു സ്ത്രീയുടെതാണെന്ന് തിരിച്ചറിഞ്ഞ നിമിഷത്തില്‍,  ഉറക്കമുണര്‍ന്ന് ബാഗില്‍ കണ്ണ് വെച്ച മോഷ്ടാവും കാമദാഹിയായ മൃഗവും അയാള്‍ക്കുള്ളിലൊരു പിടിവലി തന്നെ  നടത്തി. ഏതായാലും ആദ്യം  അവര്‍ക്കരികിലെത്തുക  എന്ന സമവായത്തില്‍ ഇരുവരുമെത്തിയതോടെ  ആല്‍ത്തറയില്‍ നിന്നും  പതുക്കെ താഴെയിറങ്ങിയ നിമിഷത്തിലാണ് ഉഗ്രശബ്ദത്തോടെ ഒരു മിന്നല്‍പ്പിണര്‍ അയാള്‍ക്കരികില്‍ വന്നു നിപതിച്ചത്.
ഒരാര്‍ത്തനാദത്തോടെ പുറകോട്ടു മറിഞ്ഞു വീണ അയാള്‍ നിവര്‍ന്നു നിന്നപ്പോഴേക്കും അമ്പല നടയില്‍ ആ സ്ത്രീ ഉണ്ടായിരുന്നില്ല. ചരലില്‍ ചക്രങ്ങളുരുളുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ അയാളുടെ കാഴ്ച്ചയെ അനാഥമാക്കിക്കൊണ്ട് വണ്ടി ഇരുട്ടിലേക്ക് ഇരമ്പിയകന്നു. നിരാശനായി തിരികെ ആല്‍ത്തറയിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് നിലത്ത് കല്‍വിളക്കിനടുത്തായി  ആ ബാഗ്‌ അയാള്‍ കണ്ടത്. മിന്നലില്‍ ഭയന്ന് ഓടിപ്പോയവള്‍ ബാഗിനായി തിരികെയെത്തും മുന്‍പേ അതിലുള്ളത് കൈക്കലാക്കാനുള്ള വ്യഗ്രതയില്‍  ഉള്ളിലെ മോഷ്ടാവ് അയാളെയും വലിച്ച് ബാഗിനടുത്തേക്കോടി. അയാള്‍ ബാഗിനരികിലെത്തിയതും   അപ്പോള്‍ മാത്രം വീശിയ ഒരു ഇളം കാറ്റില്‍ വിളക്കിലെ ശേഷിച്ച തിരികളും അണഞ്ഞു പോയതും ഒരുമിച്ചായിരുന്നു. ബാഗും, അതികത്ത് എന്തായിരിക്കുമെന്ന ജിജ്ഞാസയോടെ  അയാളും  ഇരുട്ടില്‍ തനിച്ചായി. ഒരു മിന്നല്‍ വെട്ടത്തിനായി കാത്ത് കാത്ത് ക്ഷമ നശിച്ച അയാള്‍ പതിയെ ബാഗിന്‍റെ സിബ്ബ് തുറന്നു തന്‍റെ പരുക്കന്‍ വിരലുകള്‍ അകത്തേക്കിട്ടു.
ബാഗിനുള്ളില്‍ നിന്നും ചിതറി വീണ ചോരക്കുഞ്ഞിന്‍റെ കരച്ചില്‍ ഒരു മിന്നല്‍പ്പിണറായി  അയാളുടെ നെഞ്ചിന്‍ കൂടും തുരന്നു  ചുറ്റിലും കട്ട പിടിച്ചു കിടക്കുന്ന ഇരുട്ടില്‍ ചെന്ന് തറച്ചു. അപ്പോള്‍ അയാളുടെ കണ്ണുകളിലൂടെ തുലാവര്‍ഷം പെയ്തിറങ്ങി.