Friday 16 December 2011

പണപ്പെരുപ്പം


ആഴ്ച്ചയവധി കഴിഞ്ഞ് ഞായറാഴ്ച വൈകുന്നേരം ഹോസ്റ്റലിലേക്കുളള മടക്കയാത്ര. കോഴിക്കോട് സ്റ്റേഷന്‍ സ്വാഗതമോതുന്നത്  കേട്ടു കൊണ്ട് ഇന്‍റെര്‍സിറ്റി  എക്സ്പ്രസ്സ്‌ മൂന്നാം നമ്പര്‍ പ്ലാട്ഫോമിലേക്ക് വന്നു നിന്നു. ആളുകള്‍ ഇറങ്ങിത്തീരും മുമ്പേ  തിക്കിത്തിരക്കി കയറിപ്പറ്റിയിട്ടും  കാര്യമുണ്ടായില്ല. കമ്പാര്‍ട്ട്മെന്‍റ്റിനകത്ത്   പതിവ്‌ "ഇന്‍റെര്‍സിറ്റിയന്‍" തിരക്ക് തന്നെ. തിരക്കിനകത്തേക്ക് പോകാന്‍ താല്‍പര്യമില്ലാത്തതിനാല്‍ അമ്മയുടെ ഉപദേശം മറന്നു കൊണ്ട് വാതില്‍ക്കല്‍ സ്ഥാനമുറപ്പിച്ചു.
തനിച്ചുള്ള യാത്രകളെ ഇഷ്ടപെട്ടിരുന്നെങ്കിലും ഇന്നെന്തോ ആകെയൊരു മടുപ്പ് തോന്നി. തിരക്കിലൂടെ വെറുതെ  കണ്ണോടിച്ചെങ്കിലും പരിചിത മുഖങ്ങളൊന്നും കണ്ടില്ല. ഇയര്‍ഫോണ്‍സും ചെവിയില്‍ തിരുകി സ്റ്റെപ്പിലിരുന്നു.  പുറത്തെ ചാറ്റല്‍ മഴ കാറ്റിനൊപ്പം ഇടക്കിടെയെത്തി മുഖവും മനസ്സും തണുപ്പിക്കുന്നുണ്ടായിരുന്നു.
വണ്ടി തിരൂര്‍ സ്റ്റേഷനില്‍ നിന്നും നീങ്ങിത്തുടങ്ങുമ്പോഴാണ്  തന്നെക്കാള്‍ വലുപ്പമുള്ള ഹാര്‍മോണിയം പെട്ടിയുമായി ഒരു പയ്യന്‍ കമ്പാര്‍ട്ട്മെന്‍റ്റിലേക്ക് ഓടിക്കയറിയത്. അവന്‍റെ കയ്യില്‍ത്തൂങ്ങി കഷ്ടിച്ചു മൂന്നോ നാലോ വയസ്സ് മാത്രം തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയും. തങ്ങള്‍ക്ക് മേല്‍ ചൊരിയപ്പെടുന്ന ശകാരവര്‍ഷം പാടെ അവഗണിച്ചു കൊണ്ട്  അവര്‍ തിരക്കിനുള്ളിലേക്ക് ഊളിയിട്ടു മറഞ്ഞു.
മഴ മാറിയെങ്കിലും ഇളം കാറ്റ് വീശിക്കൊണ്ടിരുന്നു. കൂട്ടായി ഇയര്‍ഫോണ്‍ സംഗീതവും ട്രെയിനിന്‍റെ താളത്തിലുള്ള ചാഞ്ചാട്ടവും. പാതി മയക്കത്തിലേക്ക് വീണു പോയ ഞാന്‍ ഞെട്ടിയുണര്‍ന്നത് ചെവി തുളയ്ക്കുന്ന "കാതല്‍ റോജാവേ....." കേട്ടാണ്.   തൊണ്ടകീറി പാടുന്നതിനൊപ്പം പയ്യന്‍റെ മെലിഞ്ഞ വിരലുകള്‍ ഹാര്‍മോണിയത്തിലെ കറുപ്പും വെളുപ്പും കട്ടകളില്‍  വേഗത്തില്‍ ചലിച്ചു കൊണ്ടിരുന്നു. വണ്ടി ഇനിയും ഷൊര്‍ണൂര്‍ എത്തിയിട്ടില്ല. മയക്കം നഷ്ടപെട്ട ഈര്‍ഷ്യയോടെ ഇരുട്ടിലേക്ക് നോക്കിയിരിക്കുമ്പോഴാണ് പുറത്ത്  ആരോ തോണ്ടുന്നത്. തിരിഞ്ഞു നോക്കിയപ്പോള്‍ നേരത്തെ  കണ്ട പെണ്‍കുട്ടിയാണ്. എനിക്ക് നേരെ കൈ നീട്ടി നില്‍ക്കുകയാണവള്‍. ഞാന്‍ നോക്കിയത് കണ്ടിട്ടും അവളാ അഴുക്ക് പുരണ്ട കൈ കൊണ്ട് വീണ്ടുമെന്നെ തോണ്ടി.  ഉള്ളിലെ ദേഷ്യം മുഴുവനും മുഖത്ത് വരുത്തി ഒന്നുമില്ലെന്ന് പറഞ്ഞ്‌ ഞാന്‍ തല വെട്ടിച്ചെങ്കിലും എന്തോ പ്രതീക്ഷിച്ചു കൊണ്ട്  കുറച്ചു നേരം കൂടെ അവളവിടെത്തന്നെ നിന്നു.
പ്ലാട്ഫോ൦  ടിവിയില്‍ നിന്നുള്ള പരസ്യ കോലാഹലങ്ങള്‍ കേട്ട് കൊണ്ടാണ്  വണ്ടി ഷോര്‍ണൂര്‍ സ്റ്റേഷനിലേക്കെത്തിയത്. ടീസ്റ്റാളിലെ തിരക്കിലൂടെ  ഒരു വിധത്തില്‍ ചായയും പഴമ്പൊരിയും വാങ്ങി തിരിയുമ്പോഴേക്ക് വണ്ടി നീങ്ങിത്തുടങ്ങിയിരുന്നു. ഓടി കയറുന്നതിനിടയില്‍ കയ്യിലെ പഴംപൊരി താഴെ പോയതറിഞ്ഞില്ല. അകത്ത് തിരക്ക് നന്നെ കുറഞ്ഞിട്ടുണ്ട്. ഒരപ്പൂപ്പന്‍റെ  കാരുണ്യത്താല്‍ ഇരിക്കാനായി സീറ്റിന്‍റെ അരിക് തരപ്പെടുകയും ചെയ്തു.
ടോയ്‌ലറ്റില്‍ പോയി തിരികെ വരുമ്പോഴാണ് വാതിലിനരികില്‍, മടിയില്‍ വെച്ച ഹാര്‍മോണിയം പെട്ടിയില്‍ തല ചായ്ച്ച് കൂനിക്കൂടിയിരിക്കുന്ന പയ്യനെ ശ്രദ്ധിച്ചത്. കയ്യിലെ പഴംപൊരിയില്‍ പുരണ്ട മണ്ണ് തട്ടിക്കളഞ്ഞു കൊണ്ട്  പെണ്‍കുട്ടിയും അരികിലിരിപ്പുണ്ട്. സീറ്റില്‍ വന്നിരിക്കുമ്പോള്‍ മനസ്സ് വല്ലാതെ  അസ്വസ്ഥമായിരുന്നു.
തൃശ്ശൂരില്‍ വണ്ടിയിറങ്ങി നടക്കുമ്പോള്‍ മുന്നിലായി ആ കുട്ടികളും ഉണ്ടായിരുന്നു.വേഗത്തില്‍ നടന്നു അവര്‍ക്കൊപ്പമെത്തി. പോക്കറ്റില്‍ തപ്പിയപ്പോള്‍ കയ്യില്‍ തടഞ്ഞ പത്തു രൂപ നോട്ട് ആ പെണ്‍കുട്ടിയുടെ കുഞ്ഞുകൈയില്‍ തിരുകുമ്പോള്‍ ആരും കാണുന്നിലെന്നു ഞാന്‍ ഉറപ്പു വരുത്തിയിരുന്നു. എന്നാല്‍ ആ നോട്ടിലെക്കൊന്ന്  നോക്കുക പോലും ചെയ്യാതെ ചില്ലറ തുട്ടുകള്‍ കിലുക്കി കൊണ്ടു അവള്‍ എനിക്കു നേരെ കൈ നീട്ടി മന്ത്രിച്ചു "കാശ്.....കാശ്....."

"പണപ്പെരുപ്പം നിയന്ത്രണാതീതം. രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു." പ്ലാറ്റ്‌ഫോം ടിവിയില്‍ നിന്നുള്ള ശബ്ദം എന്‍റെ ചെവിയില്‍ മുഴങ്ങി. കയ്യിലെ പത്തു രൂപ നോട്ടിലെ ഗാന്ധിജി എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. .