Friday 10 November 2017

ആപ്പിൾ

സത്യത്തിൽ ആപ്പിൾ വാങ്ങിക്കാനുള്ള ഒരുദ്ദേശവും എനിക്കുണ്ടായിരുന്നില്ല. റോഡരികിൽ ബൈക്ക്  പാർക്ക് ചെയ്ത് ഭാര്യ വാട്ട്സാപ്പ് ചെയ്ത വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റ് പരതി. ഇല്ല ആപ്പിളില്ല. അല്ലെങ്കിലും കഴിഞ്ഞ തവണ വാങ്ങിച്ചതിൽ ഭൂരിഭാഗവും അതേ പോലെ  ഡൈനിങ്ങ് ടേബിളിലെ  പ്ലാസ്റ്റിക് കൂടയിൽ തന്നെ കാണും. അവളെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. തിരക്കിനിടക്ക് എടുത്ത് കഴിക്കാൻ വിട്ടു പോകുന്നതാണ്. ഒടുവിൽ ഇരുന്നിരുന്ന് അടിഭാഗത്തെ നിറം മാറി തുടങ്ങുമ്പോൾ എടുത്ത് ഡസ്റ്റ് ബിന്നിലിടുകയാണ് പതിവ്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും റോഡിനപ്പുറത്തെ ചക്രവണ്ടിയിൽ ഭംഗിയായി അടുക്കി വെച്ച ആപ്പിളുകൾ ഒന്ന് നോക്കാതെ പോകാൻ മനസ്സ് വന്നില്ല. ഞാൻ ബൈക്ക് തിരിച്ചു.

ചുവന്ന് തുടുത്ത മുഴുത്ത ആപ്പിളുകൾ ചക്രവണ്ടിയുടെ മരപ്പലകയിൽ  പിരമിഡ് രൂപത്തിൽ  ഭംഗിയായി അടുക്കിയിരിക്കുന്നു. വാക്സ് പുരട്ടുന്നതിനാലാണ് ഇത്രയും തുടുപ്പെന്നൊക്കെ  അറിയാമെങ്കിലും, പുഴുക്കുത്തും ചതവുമുള്ളതൊന്നും ഒന്ന് നോക്കാൻ പോലും തോന്നാറില്ല. വില പേശൽ ഒഴിവാക്കാനാകണം "Rs-150/kg" എന്ന് വലുപ്പത്തിൽ എഴുതിയ കാർഡ് ബോർഡ് ആപ്പിളുകൾക്കിടയിൽ കുത്തി നിർത്തിയിട്ടുണ്ട്.

"ഒന്ത് കിലോ കൊടി"

കേട്ട് മനസ്സിലാക്കാൻ മാത്രമല്ല വന്ന് വന്ന് ശരി തെറ്റുകൾ ഗൗനിക്കാതെ  കന്നഡ സംസാരിക്കാനും തുടങ്ങിയിട്ടുണ്ട്.

മൂന്ന് ആപ്പിളുകൾ വെച്ചപ്പോഴേക്കും തട്ട് താഴ്ന്നു.

"സ്വല്പ ജാസ്തി ഇതേ"

കാശ് അധികം വേണമെന്നാവും പറയുന്നത്. എതായാലും ഞാനത് കേട്ട ഭാവം നടിച്ചില്ല.  നൂറിന്റെയും അമ്പതിന്റെയും ഓരോ നോട്ട് നൽകി പ്ലാസ്റ്റിക് കൂട വാങ്ങുമ്പോഴാണ് അടക്കിപ്പിടിച്ചുള്ള ഒരു കരച്ചിൽ ശ്രദ്ധിച്ചത്. ചക്രവണ്ടിക്കടിയിൽ നിന്നാണ്. പാളി  നോക്കിയപ്പോൾ കച്ചവടക്കാരനരികിൽ വണ്ടിയുടെ ചക്രത്തോട് ചേർന്ന് നിലത്തിരിക്കുന്ന ഒരു സ്ത്രീയും കുഞ്ഞും. കൈയ്യിലെ പ്ലാസ്റ്റിക് കൂടയിൽ നിന്നും  പുഴുങ്ങിയ എന്തോ കിഴങ്ങെടുത്ത് കുഞ്ഞിന്റെ വായിൽ വെച്ച് കൊടുക്കാനുള്ള ശ്രമത്തിലാണവർ.  കഴിക്കാൻ കൂട്ടാക്കാതെ ഏങ്ങിയേങ്ങി കരഞ്ഞു കൊണ്ട് തല വെട്ടിക്കുന്ന കുഞ്ഞാകട്ടെ ഇടയ്ക്കിടെ മേലേക്ക് വിരൽ ചൂണ്ടി "ആപ്പിൾ... ആപ്പിൾ..." എന്ന് മന്ത്രിക്കുന്നുണ്ട്.

ഞാൻ നോക്കിയപ്പോൾ അയാൾ തല കുനിച്ച് നിൽക്കുകയാണ്.

"ഒന്തെ ആപ്പിൾ കൊടുക്ക കൂടാതാ?"

കന്നഡയും തമിഴും കലർത്തിയുള്ള എന്റെ ചോദ്യം അയാൾക്ക് മനസ്സിലായി കാണണം. മറുപടിയായി അയാൾ പറഞ്ഞത് മലയാളത്തിൽ പരിഭാഷപ്പെടുത്തിയാൽ ഇപ്രകാരമായിരുന്നു:

"സാറെ... മുമ്പൊക്കെയാണെങ്കിൽ വരുന്ന ആപ്പിളുകളിൽ കുറച്ചൊക്കെ ചതഞ്ഞതും പുഴുക്കുത്തേറ്റതുമൊക്കെ കാണും. എന്നാലിപ്പോ വരുന്നതെല്ലാം ഒന്നാന്തരമാണ്. ഒരാപ്പിളിന് അമ്പത് രൂപ വരും. അതെങ്ങനെയെടുത്ത് കൊടുക്കാനാ...?"

കൈയ്യിലെ പ്ലാസ്റ്റിക് കൂടയ്ക്ക് പെട്ടെന്ന് കനമേറിയത് പോലെ. അതോ  നെഞ്ചിനകത്താണോ കനം തോന്നുന്നത്?