Monday 12 August 2019

നിഷ്ക്രിയ ആസ്തി

പണിക്കാർക്കൊപ്പം വാഴത്തോപ്പിൽ  നിൽക്കുമ്പോഴാണ് തോമസ് സാറ് കുഴഞ്ഞു വീണത്. കാറ്റേറ്റ വാഴത്തെെ കണക്കെ വരമ്പത്തേക്കങ്ങ് ചാഞ്ഞ് വീഴുകയായിരുന്നത്രേ. വളമിറക്കാൻ വന്ന പിക്കപ്പിന്റെ ഡ്രൈവറാണ്, വീട്ടിലെ കാറിൽ, സാറിനെയും  പെണ്ണമ്മ ചേട്ടത്തിയേയും ആശുപത്രിയിലെത്തിച്ചത്. അറ്റാക്കായിരുന്നു; ബ്ലോക്കുകൾ മൂന്നായത് കാരണം ബൈപ്പാസ് തന്നെ വേണ്ടി വന്നു. രണ്ടാഴ്ച്ചക്കാലത്തെ ഐ.സി.യു. വാസത്തിനു ശേഷം ഇന്നാണ് സാറിനെ വാർഡിലേക്ക് മാറ്റിയത്.

"ഇതിയാൻ ഒറങ്ങുമ്പ സണ്ണിച്ചൻ  വിളിച്ചാരുന്നു. അപ്പനോട് പറയാൻ പറഞ്ഞു."

മുഖത്ത് നോക്കാതെ ഒറ്റ ശ്വാസത്തിൽ പെണ്ണമ്മ പറഞ്ഞ് തീർത്തത് പച്ചക്കളവാണെന്ന്  നന്നായിട്ടറിയാമെങ്കിലും സാറ് നീട്ടിയൊന്ന് മൂളി.

മകന് അമേരിക്കയിൽ ജോലി കിട്ടിയെന്നറിഞ്ഞപ്പോൾ നെഞ്ചും വിരിച്ചു നാട് നീളെ പറഞ്ഞു നടന്ന ആളാണ് സാറ്. അവൻ ഉടനെ ലീവിന് വരുമെന്നും തങ്ങളെയും കൂട്ടിക്കൊണ്ടു പോകുമെന്നുമൊക്കെയായിരുന്നു വീമ്പു പറച്ചിൽ. പറഞ്ഞത്  പോലൊന്നും നടന്നില്ലെങ്കിലും ഒരു തവണ അവന്‍ അമ്മച്ചിയെ കൊണ്ട് പോയിരുന്നു; ഭാര്യയുടെ ആദ്യ പ്രസവത്തിന്. മൂന്നു നാല് മാസം കഴിഞ്ഞാണ് തിരിച്ചു കൊണ്ടാക്കിയത്. ഇനി ചത്താലും അങ്ങോട്ടില്ലെന്ന് പെണ്ണമ്മ തീർത്തു പറഞ്ഞത് അന്നത്തെ ശ്വാസം മുട്ടലോർത്താണ്. അത് കൊണ്ടെന്താ; രണ്ടാമത്തെ പേറിന് ഭാര്യവീട്ടുകാരെ  കുടുംബമടക്കിയാണ് കൊണ്ട് പോയത്.   സാറിന് അതിൽ കലശലായ അമർഷവുമുണ്ട്. പിന്നീട്, അമേരിക്കൻ  യാത്രയെ പറ്റി ആരെങ്കിലും ചോദിച്ചാൽ സാറിന്‍റെ  മറുപടി ഇങ്ങനെയാണ് :

"ഓ...എന്നാ പറയാനാന്നേ. ദിവസവും വിളിക്കുമ്പോ അങ്ങു ചെല്ലാൻ പറയും. ചെന്നാ പിന്നെ വിടത്തില്ലാന്നേ. ഞങ്ങള് കൂടി കടല് കടന്നാപ്പിന്നെ ഈ വീടും പറമ്പുമൊക്കെ അനാഥമായി പോകത്തിലായോ?"

മുമ്പൊക്കെ എല്ലാ ക്രിസ്തുമസിനും മകനും കുടുംബവും മുടങ്ങാതെ നാട്ടിലെത്തിയിരുന്നു. പറമ്പിലെ കപ്പ മീൻകറീം കൂട്ടി അവൻ ആർത്തിയോടെ വിഴുങ്ങുന്നത് സാറും പെണ്ണമ്മയും കണ്ണ് നിറയെ കാണും. പിള്ളേരൊക്കെ സ്‌കൂളിൽ പോയി തുടങ്ങും വരെ ആ പതിവ് തുടർന്നു.  കഴിഞ്ഞ  മൂന്നു ക്രിസ്തുമസിനും  അവർ വന്നിട്ടില്ല. മക്കൾക്ക് നാട്ടിൽ വരുന്നത് തീരെ ഇഷ്ടമല്ലത്രെ. അവിടെ വളർന്ന പിള്ളേരല്ലേ. നിർബന്ധിച്ചു കൊണ്ട് വരാൻ പറ്റുവോ? സാറും പെണ്ണമ്മയും പരസ്പരം ആശ്വസിപ്പിക്കും.

ഇത്തവണത്തെ  വെക്കേഷന് മകനും കുടുംബവും ശ്രീലങ്കയിൽ പോയ ഫോട്ടോസൊക്കെ ഫേസ്ബുക്കിൽ നിന്ന് സാറ് ചേട്ടത്തിക്ക് കാണിച്ചു കൊടുത്തു.

"ഇവ്ടെ വരെ വന്നിട്ട് അവനൊന്നു വീട്ടിൽ കേറി പോകാൻ തോന്നീലല്ലോ?"

ചുവരിൽ തൂക്കിയിട്ട ഭൂപടത്തിലെ ശ്രീലങ്കയിൽ വിരലൂന്നിയുള്ള പെണ്ണമ്മയുടെ ചോദ്യം കേട്ട് തോമസ് സാറിന് ചിരിയും കരച്ചിലും ഒരുമിച്ചു വന്നു.

"സാറിന് എന്നെ ഓർമ്മണ്ടോ?"

പ്രെഷർ നോക്കി ഗേജ് അടച്ചു കൊണ്ടാണ്  സിസ്റ്റർ ചോദിച്ചത്.

അവളുടെ മുഖം അപ്പോഴാണ്  സാറ് ശ്രദ്ധിച്ചത്. നല്ല പരിചയം തോന്നുന്നുണ്ട്. പക്ഷെ എങ്ങനെയെന്ന് ഒരു പിടിയും കിട്ടുന്നില്ല.

"സാറ് കുന്നങ്കരി  ബാങ്കിൽ മാനേജർ അല്ലായിരുന്നോ? എന്‍റെ എഡ്യൂക്കേഷൻ ലോൺ അവിടായിരുന്നു. ആൻ മരിയാന്നാ പേര്. സാറ് കുറേ തവണ വീട്ടിലൊക്കെ വന്നിട്ടുണ്ട്."

ഒരു വരണ്ട ചിരിയോടെ  അവൾ പറഞ്ഞ് നിർത്തുമ്പോൾ സാറിന്റെ ഓർമ്മകൾ വർഷങ്ങളുടെ പടവുകൾ ഇറങ്ങാൻ തുടങ്ങിയിരുന്നു.

"ആൻ മരിയ അഗസ്റ്റിൻ..." അയാൾ മന്ത്രിച്ചു.

ആ പേര് മറക്കാൻ പാടില്ലാത്തതാണ്. 'എൻപിഎ' അഥവാ 'കിട്ടാക്കടം' എന്ന വിളിപ്പേരുകളില്‍ സുപരിചിതമായ 'നിഷ്ക്രിയ ആസ്തി' വളരെ കൂടിയതിനാൽ ഹെഡ് ഓഫീസിന്‍റെ നോട്ടപുള്ളിയായിരുന്ന ആ കുട്ടനാടൻ ശാഖയിൽ  മാനേജരായി ചാർജ്ജെടുത്തിട്ട്  മാസങ്ങളായതേയുള്ളു.     ശാഖയിലെ വായ്പകളിൽ ഭൂരിഭാഗവും കാർഷിക വായ്പയോ വിദ്യാഭ്യാസ വായ്പയോ ആണെന്ന് രേഖകൾ പരിശോധിച്ചപ്പോൾ തന്നെ സാറിന് ബോധ്യമായി. തുടർച്ചയായ കൃഷിനാശവും പരിഹരിക്കപ്പെടാത്ത തൊഴിലില്ലായ്മയും തിരിച്ചടവുകൾ മുടക്കിയതോടെ  വായ്പകൾ മിക്കതും നിഷ്ക്രിയ ആസ്തികളായി തരം തിരിക്കപ്പെട്ടു. പ്രത്യേകിച്ച് ഈടൊന്നുമില്ലാതെ നൽകിയ വായ്‌പകളായതിനാൽ നടപടിക്കൊന്നും പോയിട്ട് വലിയ കാര്യവുമില്ല. എന്നാൽ, രേഖകൾ പ്രകാരം, ആൻ മരിയ അഗസ്റ്റിന്‍റെ  വിദ്യാഭ്യാസ വായ്പ പുരയിടം ഈടു നൽകി എടുത്തിരിക്കുന്നതാണ്. വായ്പയെടുത്ത നാല് ലക്ഷം ഏഴ് വർഷങ്ങൾ കൊണ്ട് പലിശയടക്കം പത്ത്  ലക്ഷത്തോളമായിട്ടുണ്ട്. സർഫേസി നിയമം അനുസരിച്ചു കോടതിയിൽ പോകാതെ തന്നെ ബാങ്കിന് പുരയിടം ജപ്തി ചെയ്യാൻ വകുപ്പുണ്ട്. അതിനുള്ള നടപടികൾ കഴിഞ്ഞ മാനേജരുടെ കാലത്തു തന്നെ ആരംഭിച്ചതുമാണ്.

ബാങ്കിൽ നിന്നയച്ച നോട്ടീസ് പ്രകാരമുള്ള   കാലാവധി തീരുന്ന ശനിയാഴ്ച്ച ഉച്ചയ്ക്കാണ് അഗസ്റ്റിൻ ബാങ്കിലേക്ക് വന്നത്. നോട്ടീസ് പിടിച്ച കൈകള്‍ ചേര്‍ത്തു കൂപ്പിക്കൊണ്ട് അയാൾ തോമസ് സാറിന് മുന്നിൽ നിന്നു. ആ മെല്ലിച്ച കൈകൾ കാറ്റ് പിടിച്ച നെൽക്കതിർ പോലെ പതുക്കെ  വിറക്കുന്നുണ്ടായിരുന്നു. മട വീണ് വെള്ളം കേറി കൃഷി നശിച്ചു പോയതിനാലാണ് അടവ് മുടങ്ങിയതെന്നും മൂത്തവളുടെ കെട്ട്  കഴിഞ്ഞാഴ്ച്ചയാണ് ഉറപ്പിച്ചതെന്നും, അതിനാൽ ജപ്തി ഒഴിവാക്കി കാശടക്കാൻ കുറച്ചു കൂടി സാവകാശം നൽകണമെന്ന അപേക്ഷയുമായി വന്നതാണ്. സംസാരത്തിനിടക്ക്  വിതുമ്പി പോകുന്ന ആ സാധു  മനുഷ്യനെ എങ്ങനെ  ആശ്വസിപ്പിക്കണമെന്നറിയാതെ സാറ് കുഴങ്ങി. ഒടുക്കം മേലാഫീസിൽ വിളിച്ചു ഒരുപാട് കെഞ്ചിയ  ശേഷമാണ് കുടിശ്ശിക തീർക്കാൻ അയാൾക്ക്‌ ഒരു മാസത്തെ അവധി കൂടി നൽകാൻ തീരുമാനമായത്.

നീട്ടിക്കൊടുത്ത അവധിക്കുള്ളിലും  അയാൾ പണമടച്ചില്ല. ബാങ്കിന്‍റെ  റീജിയണൽ  ഓഫീസറുമായി  വീട്ടിലെത്തുമ്പോൾ  അഗസ്റ്റിൻ കോലായിൽ തന്നെ കുന്തിച്ചിരിപ്പുണ്ടായിരുന്നു. അവരെ  കണ്ടതും അയാൾ ഓടി പടിക്കലേക്കു വന്നു. ചതിക്കരുതെന്നും പറഞ്ഞു കാലിലേക്കൊരൊറ്റ വീഴ്ച്ചയായിരുന്നു. തോമസ് സാറാകെ പകച്ചു പോയി. ജപ്തി നടന്നാൽ മോളുടെ ഉറപ്പിച്ച വിവാഹം മാറി പോകുമെന്നും അങ്ങനെയുണ്ടായാൽ ആത്മഹത്യ അല്ലാതെ വേറെ വഴിയില്ലെന്നും പറഞ്ഞ് അയാൾ കരഞ്ഞു. മേലാഫീസറെ മാറ്റി നിർത്തി, ജപ്തി ഒഴിവാക്കാൻ വല്ല വഴിയുമുണ്ടോ എന്നന്വേഷിച്ചപ്പോൾ സാറിനു കിട്ടിയത് ഇംഗ്ലീഷിൽ നല്ല നാല് ചീത്തയാണ്.

നോട്ടീസ് പതിച്ച തൂണിനു താഴെ തലയ്ക്കു കയ്യും കൊടുത്ത് അഗസ്റ്റിൻ തളർന്നിരിക്കുന്നു. തികട്ടി വരുന്ന തേങ്ങലിനെ സാരിത്തലപ്പു കൊണ്ട് തടയാൻ വൃഥാ ശ്രമിക്കുന്ന ഭാര്യയും അവരോട് ചേർന്ന് നിൽക്കുന്ന മൂന്ന് മക്കളും. തിരിഞ്ഞു നോക്കേണ്ടിയിരുന്നില്ല എന്ന് ചിന്തിച്ചു കൊണ്ട് ഓഫീസറിന് പുറകിലായി സാറ് പടികളിറങ്ങി.

ചെണ്ടയും വിളംബരവുമില്ലാതെ നടത്തിയ പ്രതീകാത്മക ജപ്തിയാണെങ്കിലും വിവരം  നാട്ടിലാകെ കാട്ടു തീ പോലെ പടർന്നു. മകളുടെ ഉറപ്പിച്ച വിവാഹം മുടങ്ങി. നെല്ലിനടിക്കാനുള്ള  വിഷം കഴിച്ച് അഗസ്റ്റിൻ ആത്മഹത്യ ചെയ്തു. സുരക്ഷ കണക്കിലെടുത്ത് ബാങ്ക് തോമസ് സാറിനെ  മറ്റൊരു ബ്രാഞ്ചിലേക്കു സ്ഥലം മാറ്റി.

"സാറ് കാരണമല്ല അന്നതൊക്കെ സംഭവിച്ചതെന്ന് ഞങ്ങക്കറിയാം. സാറുള്ളതാ ഒരു ധൈര്യമെന്ന് അപ്പനെപ്പളും പറയ്വാർന്നു. ഞങ്ങക്കത്രെ വിധിച്ചിട്ടുണ്ടാർന്നൊള്ള്..."

അവൾ കണ്ണു തുടച്ചു.

"സാറിനോർമ്മണ്ടോ അന്ന് കൂടെ വന്ന ഓഫീസർ സാറ് പറഞ്ഞത്? വീട്ടിൽ കാശുണ്ടോന്നൊന്നും  നോക്കാതെ, എല്ലാരും നഴ്സിങ്ങെന്നും എഞ്ചിനീറിങ്ങെന്നും പറഞ്ഞിറങ്ങിക്കോളുമെന്ന്. അത് ശെരിയാ സാറേ. എന്‍റെ ഒരാൾടെ നിർബന്ധത്തിനാ അപ്പനെന്നെ നഴ്സിങ്ങിന് ചേർത്തെ. എന്‍റെ  അമ്മാമ്മ നേഴ്സായിരുന്നു. കണ്ടിട്ടില്ലെലും അമ്മാമ്മേ പറ്റി ഒരുപാട് കേട്ടിട്ടുണ്ട്. പണ്ട് അമ്മച്ചീടെ നാട്ടിൽ പോവുമ്പോ നഴ്സമ്മേടെ  പേരകുട്ടികളാണെന്ന് പറഞ്ഞാ എന്തൊരു കാര്യാന്നോ എല്ലാർക്കും. അതൊക്കെ കണ്ടാണ് നേഴ്സാവാൻ ആഗ്രഹം കേറിയേ. കാശില്ലാത്തവർക്ക് അതൊരു അത്യാഗ്രഹമാണെന്നൊന്നും അന്ന് തോന്നിയില്ല."

അവൾ വെറുതെ ചിരിക്കാൻ ശ്രമിച്ചു.

"അതിനെന്നാ മോളേ. അതോണ്ടല്ലേ ഇവിടെ ഇത്രേം പേരെ സേവിക്കാൻ നിനക്ക് അവസരം കിട്ടിയേ. നിങ്ങളൊക്കെ എന്നും കർത്താവിനു പ്രിയപ്പെട്ടവരായിരിക്കും."

പെണ്ണമ്മ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

"എന്ത് സേവനാ അമ്മച്ചീ. ഈ യൂണിഫോമിട്ടോണ്ട് പറയാൻ പാടിലാത്തതാ. ആതുരസേവനൊന്ന്വല്ല ഇവിടെ നടക്കുന്നത്; നല്ല ഒന്നാന്തരം ബിസിനസാ. എടുത്താ പൊങ്ങാത്ത ബില്ലടക്കാൻ  പരക്കം പായുന്ന എത്ര പാവങ്ങളെ കാണുന്നറിയ്വോ ദിവസോം? എന്നിട്ടോ, ദിവസം  പന്ത്രണ്ടും പതിനാലും മണിക്കൂർ പണിയെടുക്കുന്ന ഞങ്ങടെ ശമ്പളം പുറത്ത് പറയാൻ കൊള്ളത്തില്ല. അതീന്നു തന്നെ നല്ലൊരു തുക മെസ് ഫീസെന്നും ബസ് ഫീസെന്നും പറഞ്ഞ് തിരിച്ചു പിടിക്കും. ലോണൊക്കെ പിന്നെങ്ങനെ അടച്ചു തീർക്കാനാ?? ആ...അതൊക്കെ പോട്ടെ. എന്തായാലും ആ സാറിന്‍റെ  അന്നത്തെ വാക്കുകൾ  കൊണ്ടൊരു ഗുണമുണ്ടായി. എന്‍റെ  ഇളയത് ആന്‍റണിയെ ഡിഗ്രിക്കാ വിട്ടേ. ചെറുക്കൻ ഇത്തവണത്തെ പി.എസ്.സി. ലാസ്‌റ്റ്  ഗ്രേഡ് ലിസ്റ്റിലുണ്ട്."

"നിങ്ങടെ വീടോ മോളെ...?"

സാറിന്റെ മനസ്സപ്പോഴും നോട്ടീസ് പതിച്ച ആ തൂണിൽ തങ്ങി നിൽക്കുകയായിരുന്നു.

"ഓ...അതൊക്കെ അന്നേ പോയതാന്നേ.  ബാങ്ക് ലോൺ അടച്ചു തീർത്ത്  അയലത്തെ ജോണിച്ചേട്ടൻ അതങ്ങ് വാങ്ങിച്ചാർന്നു. പുള്ളിക്കാരൻ തന്ന ബാക്കി   കാശിനാ ചേച്ചിടെ കെട്ടും അനിയന്‍റെ   പഠിപ്പുമൊക്കെ നടന്നു പോയത്. അവനും  അമ്മച്ചീമിപ്പൊ അമ്മച്ചീടെ നാട്ടിലൊരു വാടക വീട്ടിലാ. ഇനി അവൻ ജോലി കിട്ടി പോയാൽ അമ്മച്ചിയെ ഇങ്ങു കൊണ്ടൊരെണ്ടി വരും. അതോർക്കുമ്പഴാ. ഇവിടുത്തെ വാടകയൊന്നും താങ്ങത്തില്ലെന്നെ. ആ...എന്തേലും വഴി കാണും. അപ്പോ ഞാൻ പോട്ടെ. സംസാരിച്ചു നിന്ന് നേരം പോയതറിഞ്ഞില്ല..."

അവൾ മുറിയിൽ നിന്നും ഓടിയിറങ്ങിപ്പോയി.

തങ്ങളുടെ ഭാവി ജീവിതത്തെ സംബന്ധിക്കുന്ന സുപ്രധാനമായൊരു തീരുമാനമെടുത്തതിന്റെ നിർവൃതിയിൽ സാറും പെണ്ണമ്മയും അന്നത്തെ രാത്രി സുഖമായി ഉറങ്ങി.

"മോളെ നിനക്ക് ഞങ്ങളുടെ കൂടെ പോന്നൂടെ. എന്തായാലും ഈ വയസ്സാൻ കാലത്തു ഇതിയാനെ തനിച്ചു നോക്കാൻ എന്നെ കൊണ്ടാവത്തില്ല. ഒരു ഹോം നഴ്സിനെ വെക്കാനാ മോൻ പറയുന്നേ. ഏത് തരമാന്നറിയാത്ത ഒരാളെ കൂടെ നിർത്താൻ ഞങ്ങൾക്ക് ധൈര്യം പോരാ. മോൾക്ക് വന്നൂടെ? ഇവിടുന്നു കിട്ടുന്നതിനേക്കാൾ കൂടുതൽ ശമ്പളം എന്തായാലും ഞങ്ങൾ തരും."

പിറ്റേന്ന് കാലത്ത് മുറിയിലെത്തിയപ്പോൾ, അവളുടെ മെലിഞ്ഞ വിരലുകൾ കൂട്ടിപ്പിടിച്ചു കൊണ്ട് പെണ്ണമ്മ ചോദിച്ചു.

"സാമാന്യം വല്യ വീടാ മോളെ. ആകെ ഞങ്ങള് രണ്ടാളല്ലേ ഉള്ളൂ. മോക്ക്  അമ്മച്ചീനേം കൊണ്ടൊരാം. പെണ്ണമ്മക്കതൊരു കൂട്ടാവേം ചെയ്യും..."

അമ്പരന്ന് നിൽക്കുന്ന അവളെ നോക്കി സാറ് പറഞ്ഞു.

രണ്ടാഴ്ചക്കു ശേഷം, ഡിസ്ചാർജ് ചെയ്തു പോകുമ്പോൾ, അവളുടെ കൈയ്യിൽ പിടിച്ചാണ്  സാറ് കാറിലേക്ക് കയറിയത്. ജീവിതത്തിന്‍റെ ബാലൻസ് ഷീറ്റിലെ നിഷ്ക്രിയ ആസ്തികളുടെ അളവ് തുലോം കുറഞ്ഞതായി അപ്പോൾ അയാൾക്ക്‌ തോന്നി.

Sunday 11 August 2019

വൈറ്റ്നെർ

1


"മച്ചാനേ ഞാൻ പറഞ്ഞേ....നടക്കൂല. ക്യാഷ് സെറ്റാക്കീട്ട് നീയിനി വിളിച്ചാ മതി."


"ഡാ....പ്ലീസ്....എ...നിക്ക്....ഇദ്..ലാസ്റ്റാ..."


"ഓസിന് തരാൻ ഇതെന്റെ പൊരേലിണ്ടാക്കണതല്ല പുന്നാര മോനേ. ഇല്ലേ നീയൊര് പണി ചെയ്യ്. പഴേ വൈറ്റ്നറിന്‍റെ  പരിപാടി  തന്നെ നോക്ക്. അദ് വേണേമ്മള് ഫ്രീയായെത്തിക്കാട്ടാ..."


ഒരു കൂട്ടച്ചിരിയോടെ അങ്ങേത്തലക്കൽ കാൾ കട്ടായിട്ടും, ഇപ്പുറത്ത് അവൻ വാക്കുകൾക്കായി പരതി കൊണ്ടിരുന്നു. ഒടുവിൽ മൊബൈൽ  വലിച്ചെറിഞ്ഞ് കിടക്കയിലേക്ക് കമിഴ്ന്നു.


അതേ; എല്ലാത്തിന്‍റെയും തുടക്കം വൈറ്റ്നറിലായിരുന്നു. അസൈൻമെന്റെഴുത്തിന്റെ പേരിൽ സുഹൃത്തിന്റെ വീട്ടിൽ പോയതാണ്. അറ്റം പൊട്ടിച്ച ഒരു വൈറ്റ്നർ നീട്ടി വലിക്കാൻ പറഞ്ഞപ്പോൾ ഒന്നുമാലോചിക്കാതെ ആഞ്ഞു വലിച്ചു. മൂക്കിനകത്തേക്കു തുളഞ്ഞു കയറിയ രൂക്ഷഗന്ധം ഉണ്ടാക്കിയ അസ്വസ്ഥത വിട്ട് പതിയെ ഒരു മയക്കം അനുഭവപ്പെടാൻ തുടങ്ങി. ശരീരത്തിന് ഒട്ടും കനമില്ലാതാവുന്നത് പോലെ.  കടലാസ്സിനെ മാത്രമല്ല മനസ്സിനെയും വെളുപ്പിക്കാൻ വൈറ്റ്നെറിനാകുമെന്ന്  തിരിച്ചറിഞ്ഞതോടെ അതൊരു ശീലമായി. വീടിനെയും  ക്ലാസ്സ് മുറികളെയും അമ്മയെയും ടീച്ചറെയുമൊക്കെ മറന്ന് പാറിപ്പറന്ന പല പല ദിനങ്ങൾ.


കട്ടിലിനടിയിലെ കാർഡ് ബോർഡ് പെട്ടി നിറയെ ഒഴിഞ്ഞ വൈറ്റ്നെറുകൾ കണ്ടെത്തിയത് അനിയത്തിയാണ്. അമ്മക്ക് കാട്ടിക്കൊടുക്കുകയും ചെയ്തു. ചോദിച്ചപ്പോൾ കളക്ഷനാണെന്ന് പറഞ്ഞു. കുട്ടിക്കാലത്ത് തീപ്പെട്ടിക്കൂടും ഗോലികളും  പേനയുടെ അടപ്പുകളും തുടങ്ങി സകല ലൊട്ടുലൊടുക്കുകളുടേയും ശേഖരണമുണ്ടായത് കൊണ്ട്  അവർ എളുപ്പം വിശ്വസിച്ചു.


കോളേജ് കാലമായപ്പോഴേക്കും  ലഹരി  ഒരു സുലഭ വസ്തുവായിരുന്നു. പൊടിയായും ഗുളികയായും സിറിഞ്ചായും പല രൂപത്തിലും കിട്ടിക്കൊണ്ടിരുന്നു; വലിയ വില കൊടുക്കണമെന്നു മാത്രം.  'അസൈൻമെൻറ് ഫീ' , 'സെമിനാർ ഫീ', 'സപ്ലി ഫീ' - എന്നിങ്ങനെ പല പേരുകളിൽ ആവശ്യമുന്നയിക്കുമ്പോഴൊക്കെ, കോളേജിനെ പ്രാകിയിട്ടാണെങ്കിലും, അമ്മ മുടങ്ങാതെ കാശ് അയച്ചിരുന്നു. പഠനം  കഴിഞ്ഞു വീട്ടിലിരിക്കുന്നതിനാൽ ഇപ്പോൾ അത് പറ്റില്ല. ചോദിക്കാനും പറയാനും നിൽക്കാതെ വീട്ടിലുള്ള കാശെടുക്കുകയാണ് പതിവ്. ഇന്നാകട്ടെ വീട് മുഴുവൻ അരിച്ചു പെറുക്കിയിട്ടും ഒരു ചില്ലിക്കാശ് കിട്ടിയില്ല. വേറെ വഴിയൊന്നുമില്ല. അവന്‍റെ  വിറയാർന്ന വിരലുകൾ വിണ്ടു കീറിയ മൊബൈൽ സ്‌ക്രീനിൽ പരതി.


"ഓക്കേ മച്ചാനെ...മനസ്സിലായി...കെടന്നു സീനാക്കല്ലേ. ചില്ലിക്കാശില്ലാതെ സ്റ്റഫ് ഒപ്പിക്കാം. പക്ഷെല് ഞാൻ പറേണ പോലെ ചെയ്യണ്ടി വരും."



2


ആദ്യത്തെ മുട്ടിൽ തന്നെ അവൾ വാതിൽക്കലേക്കോടി. അയാളാണ് എന്ന്  അത്രക്കുറപ്പായിരുന്നു. മുഖത്തിന് നേരെ നീണ്ട ചൂണ്ടുവിരലറ്റത്ത് തൂങ്ങിയാടുന്ന സ്വർണ്ണമാല  കണ്ട് അവളുടെ മഷിയെഴുതിയ കണ്ണുകൾ വിടർന്നു.  കണ്ണിറുക്കി കാണിച്ചു കൊണ്ട് അയാളാ മാല അവളുടെ കഴുത്തിലിട്ടു കൊടുത്തു.


"ന്ത്നാപ്പോ ഇദൊക്കെ..."


അവൾ അയാളുടെ വീതിയേറിയ നെഞ്ചിലമർന്നു.


"നീയാ താലി ചരടിൽ നിന്നൂരി ഇതിലിട്"


അയാളവളെ കൂടുതൽ ചേർത്ത്  നിർത്തി.


                         *------*------*


ഇപ്പോൾ ആശുപത്രി കിടക്കയിലുള്ള അയാളുടെ കാൽക്കലായി അവളിരിക്കുകയാണ്.


അയാൾ കണ്ണുകൾ വലിച്ചു തുറന്ന്, പതിയെ ചുണ്ടുകളനക്കി. വേഗം അടുക്കലേക്ക് നീങ്ങിയിരുന്ന് അവൾ മുഖം താഴ്ത്തി.


"രണ്ടാളേം നല്ലോണം പഠിപ്പിക്കണട്ടോ...."


"മ്മ്...."


തികട്ടി വന്ന തേങ്ങലിനെ അവൾ പിടിച്ചു നിർത്തി.


"പിന്നെ...മ്മടെ മോളെ കെട്ടിച്ച് വിടുമ്പോ, ഇദിടീച്ച് കൊട്ത്ത്ട്ട് അച്ഛന്റെ വകയാന്ന് ഓളോട് പറേണം...."


മുഖത്തിനരികിൽ തൂങ്ങിയാടുന്ന മാല വിറക്കുന്ന ചൂണ്ട് വിരലിൽ കൊരുക്കാൻ ശ്രമിക്കുന്നതിനിടയിൽ അയാളുടെ തൊണ്ടയിടറിപ്പോയി. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടതോടെ ഉറക്കെ കരഞ്ഞു കൊണ്ട് അവൾ നേഴ്സിനെ വിളിക്കാനോടി.


                          *------*------*


"ന്താപ്പാ.... നട്ടപ്പകല് ഇരുന്നൊറങ്ങ്വാ?"


ഞെട്ടി കണ്ണ് തുറന്നത് രഘുവേട്ടന്റെ ചിരിക്കുന്ന മുഖത്തേക്കാണ്.


"അല്ലല്ല...ഓരോന്ന് ഓർത്തങ്ങനെ മയങ്ങിപ്പോയി..."


കണ്ണിനരികിലൂടെ ഒലിച്ചിറങ്ങിയ നനവ് തുടച്ച് അവൾ കസേരയിൽ നിവർന്നിരുന്നു.


അയാളുടെ മുഖത്തെ ചിരി മാഞ്ഞു.


"ഓർക്കാൻ പിന്നെമ്പാടുണ്ടല്ലോ..."


ദീർഘമായൊന്ന് നിശ്വസിച്ച്, അയാൾ കീശയിൽ നിന്നൊരു കടലാസെടുത്ത് നീട്ടി. 


''ദാ... കാശടച്ചേന്റെ രശീതി. മാനേജര്ടടുത്ത് ചെന്ന് ഒപ്പിട്ടു കൊട്ത്ത് മാലയിങ്ങ് വാങ്ങിച്ചോ. നെന്റെയീ ഒഴിഞ്ഞ കഴ്ത്തില് അദ് കെടക്കുന്നെ കണ്ടാലെ ഇനിക്കൊരു സമാധാനൊള്ള്."


അകത്തെവിടെ നിന്നോ വന്ന വിളിയുടെ പുറകെ രഘുവേട്ടൻ കയറി പോയി.


''വെറും ചങ്ങായിയല്ലട്ടോ, ഇന്റെ  ഒടപ്പെറന്നോനാ രഘുവേട്ടൻ" എന്നാണ് അയാളെപ്പഴും പറയാറ്. അവളെയും വിളിച്ചിറക്കി അയാൾ നേരെ ചെന്നതും രഘുവേട്ടന്റെ അടുക്കലേക്കാണ്.  സഹകരണ ബാങ്കിലെ ശിപായിയായിരുന്ന രഘുവേട്ടന്റെ പരിചയങ്ങളിലൂടെയാണ്  അവർക്ക് താമസിക്കാനൊരു വീടും അയാൾക്കൊരു ജോലിയും തരപ്പെട്ടത്.


അവളെണീറ്റ് മാനേജരുടെ കാബിന് നേരെ നടന്നു.



3


രണ്ടു കൂറ്റൻ കന്മതിലുകൾക്കിടയിൽ ഞെരുങ്ങിക്കിടക്കുന്ന റോഡിന്‍റെ ഒരറ്റത്തായി ബൈക്ക് നിർത്താൻ  പുറകിലിരുന്ന സുഹൃത്ത്  ആവശ്യപ്പെട്ടു.


"ഫുൾ സ്പീഡിൽ ഓടിച്ചോണം. അങ്ങേ സൈഡീ നമ്മടെ ടീമ്സ്ണ്ട്. ഇങ്ങട്ടുള്ള വണ്ടികള് അവര് ബ്ലോക്ക് ചെയ്തോളും. നോക്ക്, എന്തുണ്ടായാലും വണ്ടി നിർത്തിയേക്കരുത്."


തീരെ ഇടുങ്ങിയ വഴിയിൽ, അല്പം ദൂരെയായി, നടന്നു പോകുന്ന സ്ത്രീയെ കണ്ടപ്പോൾ അവനൊന്നു പരുങ്ങി.


"വണ്ടി എട്ക്കെടാ മൈരേ..."


ഹെൽമെറ്റ് ചില്ലുകൾ താഴ്ന്നു. വിറക്കുന്ന കൈയ്യിനുള്ളിൽ ആക്സറേറ്റർ തിരിഞ്ഞു. ബൈക്ക് ചീറിപ്പാഞ്ഞു. സുഹൃത്തിന്‍റെ  കൈ സ്ത്രീക്ക് നേരെ നീളുന്നതും അവർ റോഡിലേക്ക്  കമിഴ്ന്നടിച്ചു വീഴുന്നതും  ഒരു മിന്നായം പോലെ റിയർവ്യൂ മിററിൽ അവൻ കണ്ടു.


4

               

ബാങ്കിൽ നിന്നുമിറങ്ങുമ്പോൾ അവളേറെ സന്തോഷവതിയായിരുന്നു. കഴുത്തിലണിഞ്ഞ മാലയിൽ തിരുപ്പിച്ചു കൊണ്ട് സ്വയം പുഞ്ചിരിച്ചു.


വിവാഹത്തിന് ശേഷം അയാൾ ആദ്യമായും അവസാനമായും നൽകിയ സമ്മാനമാണ് ആ സ്വർണ്ണ മാല. ചികിത്സക്കായി മറ്റെല്ലാം വിറ്റു പെറുക്കിയിട്ടും ആ മാല തൊടാൻ അയാളനുവദിച്ചില്ല. 


ഒറ്റക്കുള്ള ജീവിതത്തിന്‍റെ  രണ്ടറ്റം മുട്ടിക്കാനുള്ള പരക്കം പാച്ചിലിൽ കൈകൾ  പലവട്ടം ആ മാലയിലേക്ക് നീണ്ടതാണ്. പക്ഷെ, അയാളുടെ അവസാന വാക്കുകൾ അവളെ  പിന്തിരിപ്പിച്ചു. എന്നിട്ടും, മകന്‍റെ പഠന ചെലവുകൾ വിദ്യാഭ്യാസ വായ്പയിലും  ഒതുങ്ങാതെ വന്നപ്പോൾ അവൾ രഘുവേട്ടന്റെ മുന്നിലെത്തി.


"ഇദ് വേണോ മോളേ... ഓനെണക്ക് നല്ലപ്പം വാങ്ങി തന്നതല്ലേ..."


''ന്താക്കാനാ രഘ്വേട്ടാ... ചെക്കന്റെ പഠിപ്പ് നടക്കണ്ടെ. പിന്നെ വിക്ക്വൊന്നല്ലല്ലോ; ഇങ്ങളെട്ത്ത് ഏൽപ്പിക്ക്യല്ലേ. ഇനിക്കാവ്മ്പോ വന്ന് തിരിച്ചെട്ക്കാം"


അവളൊരു വരണ്ട ചിരി ചിരിച്ചു.


"ന്തേലൊരു വഴിണ്ടാർന്നേല് ഇദ് ഞാൻ സമ്മയ്ക്കൂല്ലായിരുന്നു."


"അദൊന്നും സാരല്ല. ഇങ്ങളിതൊന്ന് വെച്ച് വേഗം കാശെട്ത്ത് തരീ. പൈസ ഇന്നന്നെ കിട്ടണോന്നും പറഞ്ഞ് ഒരുത്തനാട കയറ് പൊട്ടിക്കാ. ബാങ്കടക്കേണെന്റെ മുന്നേ ഇനിക്കതോന്റെ ഏട്ടിയെമ്മിലിട്ട് കൊട്ക്കണം."


ഒരു നിമിഷം കണ്ണടച്ചു പ്രാർത്ഥിച്ചിട്ടാണ്, അവൾ മാല ഊരി രഘുവേട്ടന്റെ കൈയ്യിൽ വെച്ച് കൊടുത്തത്. 


അതൊരു പണയ ഉരുപ്പടിയായിരുന്ന കാലമത്രയും ഉള്ളുരുകുകയായിരുന്നു. ഇന്ന്, സ്വരുക്കൂട്ടി വെച്ചതും കുറി പിടിച്ചതും ചേർത്ത് അത് തിരികെ എടുത്തപ്പോൾ  ലോകം തന്നെ കീഴടക്കിയത് പോലെ അവൾക്ക് തോന്നി.


പക്ഷെ, ഒറ്റ നിമിഷത്തിൽ എല്ലാം മാറി മറിഞ്ഞു. കമിഴ്ന്നടിച്ചുള്ള വീഴ്ച്ചയിൽ ബോധം മറയും മുമ്പെ, ഏതോ വിരലിൽ തൂങ്ങിയാടുന്ന പൊട്ടിയ മാല അവൾ കണ്ടതാണ്. എന്നിട്ടും, ബോധം തെളിഞ്ഞപ്പോൾ അവളുടെ വിരലുകൾ കഴുത്തിൽ പരതി.


                                

5


കടല്‍ക്കാറ്റിന്റെ കുളിരും ലഹരിയുടെ ചൂടും നുകർന്ന്, ഉറക്കത്തിനും ഉണർവിനുമിടയിൽ ചാഞ്ചാടി കൊണ്ട്, ബീച്ചിലെ കാറ്റാടി മരങ്ങൾക്കിടയിൽ  മലര്‍ന്നു കിടക്കുകയായിരുന്ന അവനെ, പോക്കെറ്റിൽ കിടന്ന ഫോണിന്റെ നിർത്താതെയുള്ള വിറയലാണ് ഉണർത്തിയത്. എടുത്ത് നോക്കിയപ്പോൾ അനിയത്തിയാണ്. തികട്ടിക്കയറി വന്ന ഒരു തെറിവാക്ക് പല്ലുകൾക്കിടയിലിട്ട് ഞെരിക്കുന്നതിടയിൽ സ്ക്രീനിലെ ചുവന്ന വൃത്തത്തിൽ അവന്റെ തള്ളവിരലമർന്നു. 


അതേ സമയം, നേരം വളരെയേറെ വൈകിയിട്ടും തിരികെയെത്താത്ത അമ്മയേയും ചേട്ടനേയും ഫോണിൽ വിളിച്ചിട്ടും കിട്ടാതായതോടെ വീട്ടിൽ ഒറ്റക്കായിപ്പോയ പെൺകുട്ടി പരിഭ്രമിച്ചു തുടങ്ങിയിരുന്നു.