Friday 12 May 2017

ഓർമ്മ

"വയസ്സിപ്പോ എത്രായിക്കാണും മൂപ്പര്‍ക്ക് ?"

ഗാന്ധിജിയുടെയും പേരറിയാത്ത ഏതോ സന്യാസിയുടെയും ചില്ലിട്ട പടങ്ങള്‍ക്ക് കീഴെ,  കറങ്ങുന്ന കസേരയിലിരുന്നു കൊണ്ട് കട്ടിമീശക്കാരന്‍ ചോദിച്ചു. അയാളുടെ ശബ്ദം കുട്ടികളുടെത് പോലെ മൃദുലമായിരുന്നു.

"എണ്‍പത്...അല്ലല്ല എഴുപത്തെട്ട്....ല്ലേ...."

മേശക്കെതിർവശത്തായി  കസേരയിലിരിക്കുന്ന മധ്യവയസ്ക്കന്‍ അടുത്തിരിക്കുന്ന ഭാര്യയെ നോക്കി. മറുപടിയായി, മൊബൈലില്‍ പൂഴ്ത്തി വെച്ചിരിക്കുന്ന കണ്ണുകളുയര്‍ത്താതെ തന്നെ അവരൊന്നു മൂളി.

"അല്ല മാഷേ...ഇങ്ങള് പിരിഞ്ഞില്ല്യാന്നുണ്ടോ?"

തിളങ്ങുന്ന കഷണ്ടിയുടെ അതിരുകളിൽ ഫോറിൻ ഡൈയുടെ മിനുമിനുപ്പോടെ തിങ്ങി നില്‍ക്കുന്ന കറുത്ത മുടിയിലേക്ക് നോക്കിയാണ് കട്ടിമീശക്കാരനത് ചോദിച്ചത്.

"ഉവ്വ്....ഞാന്‍ കഴിഞ്ഞാണ്ടില് പിരിഞ്ഞു. പക്ഷെ പറഞ്ഞിട്ടെന്താ കുട്ട്യോളൊക്കെ പൊറത്തല്ലേ...അവര്ടട്ത്തേക്കൊന്നു പോവാന്ന് വെച്ചാ നടക്കുന്നില്ലാ.... എനിക്കെളെത് നാല് പെണ്ണുണ്ട്...തറവാട് വീട് ഇമ്മക്ക് കിട്ട്യോണ്ട് അച്ഛനെ നോക്കണ്ട ബാദ്ധ്യത ഇന്‍റെ മാത്രാന്നാ അവറ്റോടെ ഭാവം. ആയിക്കോട്ടെ ഞാനായിട്ട് ഒന്നിന്‍റെo കാല് പിടിക്കാന്‍ പോവില്ലാ..."

 മധ്യവയസ്ക്കന്‍റെ വെളുത്ത മുഖം ചുവന്നു തുടുത്തിരുന്നു.

"ഇത്തവണ എങ്ങോട്ടാ... അമേരിക്കക്കാരന്‍റടുക്കലെക്കാ?? മൂപ്പര് കഴിഞ്ഞ വരവിന് ഇവടെ വന്ന് കാര്യങ്ങളൊക്കെ അന്വേഷിച്ചിരുന്നു."

ഒരു കള്ളച്ചിരിയിടെയാണ് കട്ടിമീശക്കാരനത് പറഞ്ഞത്.

"ഏയ്‌...ആസ്റ്റ്രേലിയക്കാ..എളയോനവിടല്ലേ...ഓന്‍റെ ഭാര്യ രണ്ടാമതും ഗര്‍ഭിണിയാ... പ്രസവോം അവിടുന്നാ. ഓക്ക് ഞാനില്ലാണ്ടെ പറ്റൂലാന്നു തീര്‍ത്തു പറഞ്ഞാ എന്താപ്പോ വഴി..."

4ജി ഡാറ്റ തീര്‍ന്നത് കാരണം  ഇന്‍റെര്‍നെറ്റിന്‍റെ സമാന്തര ലോകത്ത് നിന്നും പുറത്തിറങ്ങിയ  ഭാര്യ ചാടിക്കേറി പറഞ്ഞു.

"നൂറായുസ്സാ...ചെക്കനതാ വിളിക്കുന്നു...."

അവര്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് പുറത്തേക്ക് നടന്നു.

"പ്രധാന പ്രശ്നം ഇതൊന്ന്വല്ല...വന്നു വന്ന് മൂപ്പര്‍ക്കിപ്പോ സ്ഥലകാല ബോധമെന്നൊന്നില്ല....ഇങ്ങക്കറിയാലോ  തറവാട് വീട് തട്ടീട്ടാ നമ്മള്‍ പുത്യേവീട് വെച്ചത്. ഇപ്പോഴത്തെ ഹാളിന്‍റെ ഒരറ്റത്തായിരുന്നു പണ്ട് അച്ഛന്‍റെ മുറി. അതിന്‍റെ മൂലക്കൊരു ഓവുണ്ടായിരുന്നു... രാത്രിലോക്കെ മൂപ്പരവിടെയാ പെടുത്തിരുന്നെ...എന്നാ ഇപ്പൊ അതിന്‍റെ  സ്ഥാനത്തായിട്ടാ ഇന്‍ഡോര്‍ ഗ്രാസൊക്കെ പിടിപ്പിച്ച് വെയിലും മഴേം കൊള്ളുന്ന രീതിയില്‍ കോര്‍ട്ട്യാര്‍ഡ്‌ സെറ്റ് ചെയ്തിരിക്കുന്നെ. ഇന്നലെ രാത്രില് ഞാന്‍ നോക്കുമ്പോണ്ട് മൂപ്പര് മുണ്ടൊക്കെ പൊക്കി അതിലിരുന്നു പെടുക്കുന്നു...ജീവന്‍ പോയീന്ന് പറഞ്ഞാ മതീലോ....കാശ് കൊറേ അതുമ്മല് ചെലവാക്കീട്ടിണ്ടേ...എന്താ ചെയ്യാ ഇങ്ങനെ ഒരോര്‍മ്മേം കഥേമില്ലാണ്ടായാ...!!"

പഴയതൊക്കെ നന്നായി ഓർക്കുന്നത് കൊണ്ടല്ലേ ഇങ്ങനൊക്കെ ചെയ്യുന്നേന്ന് തോന്നിയെങ്കിലും കട്ടിമീശക്കാരന്‍ അത് ചോദിച്ചില്ല.

"ഹോം നഴ്സിനെ  വെക്കാന്നു വെച്ചാ എത്തരക്കാരാ വരുന്നേന്നു അറിയില്ലല്ലോ... വീട്ടിലാണേല് വെലപിടിപ്പുള്ള സാധനങ്ങള്‍ എമ്പാടുണ്ട്. പിന്നേ നിങ്ങളെ പോലെ പേരും പ്രവൃത്തി പരിചയവുമുള്ള സ്ഥാപനമാവുമ്പോ ഞങ്ങക്കൊരു ധൈര്യമാ...ഇടയ്ക്കിടെ ഓടിപ്പിടച്ച് വരേണ്ടി വരൂല്ലല്ലോ..."

തന്‍റെ സ്ഥാപനത്തെ കുറിച്ചുള്ള നല്ല വാക്കുകള്‍ കേട്ട് ഹര്‍ഷപുളകിതനായ കട്ടിമീശക്കാരന്‍ ഒന്നിളകി നിവര്‍ന്നിരുന്നു.

അപ്പോള്‍ വരാന്തയിലെ  ബെഞ്ചില്‍ വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുന്ന വൃദ്ധന്‍റെ  ചുണ്ടിലൊരു പുഞ്ചിരിയുണ്ടായിരുന്നു.

അലക്കിത്തേച്ച ഷര്‍ട്ടുമിട്ട് പുറത്തെവിടെയോ പോകാനൊരുങ്ങുന്ന അച്ഛന്‍. അച്ഛനെ കണ്ടതും വാശി പിടിച്ചു കരയുന്ന മകന്‍. അച്ഛന്‍ ഒക്കത്തെടുത്തതും മകന്‍ അച്ഛന്‍റെ മേല്‍ മൂത്രമൊഴിച്ചു. ഒടുക്കം മാറ്റിയിടാന്‍ വേറെ ഷര്‍ട്ടില്ലാതെ മൂത്രത്തിന്‍റെ നനവുള്ള  ഷര്‍ട്ടുമിട്ട് പടിയിറങ്ങിപ്പോകുന്ന അച്ഛന്‍റെ ചുണ്ടിലും ഒരു പുഞ്ചിരിയുണ്ടായിരുന്നു.