Thursday 7 September 2017

കഥാബീജം

വണ്ടി ഷൊർണ്ണൂരെത്തിയപ്പോഴേക്കും നാട്ടിലേക്കുള്ള  കണക്ഷൻ എക്സ്പ്രസ്സ് പോയിരുന്നു. ഇനിയുള്ള പാസഞ്ചറിന് ഒരു മണിക്കൂർ കൂടിയുണ്ട്. കൗണ്ടറിൽ ചെന്ന്  ടിക്കറ്റ് എടുത്തു. പ്ലാറ്റ്ഫോമിൽ ലഭിക്കുന്ന ടീ-ബാഗ് ചായ അത്ര പഥ്യമല്ലാത്തതിനാൽ പതുക്കെ സ്റ്റേഷന് പുറത്തേക്ക് നടന്നു.

നേരം മുഴുവനായി പുലർന്നിട്ടില്ല.  രാത്രിമഴയുടെ ഈർപ്പം പിരിയാൻ മടിച്ച് അവിടെ തന്നെ ചുറ്റിപ്പറ്റി നിൽപ്പുണ്ട്. ഉറക്കച്ചടവോടെ വണ്ടിയിറങ്ങി പോകുന്നവരേയും നവോന്മേഷത്തോടെ യാത്രക്കൊരുങ്ങി വന്നവരേയും കൊണ്ട് സ്റ്റേഷന്‍ പരിസരം നിറഞ്ഞിരുന്നു. ചായക്കടയുടെ ഇറയത്ത്‌ നിന്ന് ഒരു സ്ട്രോങ്ങ് ചായ മൊത്തിക്കൊണ്ട്  കാഴ്ചകളെല്ലാം കണ്ട് നില്‍ക്കുമ്പോഴാണ്‌ ഒരു കഥയെഴുതാനുള്ള പുതി മനസ്സില്‍ കയറിപ്പറ്റിയത്. തുടക്കത്തിൽ കണ്ടില്ലെന്ന് നടിച്ചെങ്കിലും  പതുക്കെപ്പതുക്കെ അതങ്ങ് വളർന്ന് അടക്കാനൊക്കാത്ത അത്രയും വലുതായെന്ന് പറഞ്ഞാല്‍ മതിയല്ലോ. എന്നാലോ, എത്ര തന്നെ പരിശ്രമിച്ചിട്ടും, പലപ്പോഴായി കരുതി വെച്ച 'അസംസ്കൃത വസ്തുക്കൾ' പിടി തന്നതേയില്ല. ഒടുവില്‍ കഥ എഴുതാനൊക്കാത്ത ദു:ഖം കഥകൾ വായിച്ചു തീര്‍ക്കാം എന്ന ഉദ്ദ്യേശത്തോടെ രണ്ടാമത്തെ പ്ലാട്ഫോമിലെ  മാതൃഭൂമി ബുക്സ്റ്റാള്‍ ലക്ഷ്യമാക്കി ഫുട്ടോവർ ബ്രിഡ്ജ്  ഇറങ്ങുമ്പോഴാണ് പടികൾക്ക്  താഴെ ആ മുത്തശ്ശിയെ കണ്ടത്. 

പ്രായം പത്തെൺപതെങ്കിലുമായി കാണും. കറുത്ത് മെല്ലിച്ച  ദേഹത്ത് വാരിച്ചുറ്റിയ മുഷിഞ്ഞ മുണ്ടും വേഷ്ടിയും. രണ്ട് കൈകളിലും എടുത്ത് പൊക്കാവുന്നതിലേറെ ഭാരവുമായി പടികൾ കയറാനുള്ള ശ്രമത്തിലാണ്. സിബ്ബ് പോയതിനാലാവണം കയറിട്ട് കെട്ടി വെച്ച ബാഗ്. കുത്തി നിറച്ച ബക്കറ്റിൽ നിന്നും തേഞ്ഞ് തീരാറായ റബ്ബർ ചെരിപ്പുകൾ തല പൊക്കി നിൽപ്പുണ്ട്. ബാഗ് തലയിലേറ്റി വെച്ച് താഴെ നിന്നും ബക്കറ്റ് എടുക്കാൻ ശ്രമിക്കുമ്പോഴേക്കും ബാലൻസ് തെറ്റി ബാഗ്‌ താഴെ പോകുന്നുണ്ട്. ഇത് തന്നെ ഒരുപാട് തവണ ആവർത്തിച്ചിട്ടും അവര്‍ പിന്നെയും ശ്രമിക്കുകയാണ്.

ഞാൻ അരികിലേക്ക് ചെന്നു.

"എവിടെ പോകാനാ? ഞാൻ എടുക്കാം"

മറുപടിക്ക് കാക്കാതെ രണ്ട് കൈകളിലായി ബാഗും ബക്കറ്റും എടുത്തു.

"ടിക്കെറ്റെടുത്തിടത്ത്ന്ന്  വണ്ടി ഇബ്ടെ വരൂന്നാ പറഞ്ഞെ. ഇപ്പൊ വിളിച്ചു പറയ്വാ, അഞ്ചാമത്തെലാ വര്വാന്ന്. എന്ത് പറയാനാ കുട്ട്യേ ആവതില്ലത്തോരെ ഇങ്ങനെ കഷ്ടപ്പെട്ത്താനക്കൊണ്ട്..."

നടുവിന് കൈ കൊടുത്ത് നിന്നു കൊണ്ട് അവര്‍ ദീർഘമായൊന്ന് നിശ്വസിച്ചു. ചുളിവുകളുടെ ധാരാളിത്തമുള്ള ഒട്ടിയ മുഖത്തേക്ക് അപ്പോഴാണ് ശരിക്കും നോക്കിയത്. കണ്ണുകളിലൊന്ന് അടഞ്ഞിരിക്കുന്നു.

"ആഹ്......വേണ്ട...രണ്ടും കൂടി കുട്ട്യെടുക്കണ്ടാ..."

പടികള്‍ കയറിത്തുടങ്ങിയ എന്നോട്  ബക്കറ്റ്  വാങ്ങാനായി കൈ നീട്ടിയെങ്കിലും കൊടുത്തില്ല.

"എന്താ....ആശുപത്രിക്കാ?"

നെഞ്ചോട് ചേർത്ത് പിടിച്ച മെഡിക്കൽ റിപ്പോർട്ട് നോക്കിയാണ് ഞാന്‍ ചോദിച്ചത്.

"ആ...കുട്ട്യേ... ഇനിക്കല്ല. ഇന്‍റെ  മൂപ്പർക്കാ. നടക്കാനാവാത്തോണ്ട്  മൂപ്പരെ ഉന്തുവണ്ടീല് അപ്പറത്തൂടെ കൊണ്ടോരുന്നുണ്ട്. ഇനിക്ക് ഉന്താൻ ആവതില്ലാത്തോണ്ട് സ്റ്റേഷൻ മാഷന്നെ ഒരാളെ എർപ്പാടാക്കി തന്നു...നല്ല മന്ശൻ"

ഓരോ പടിയിലും അല്പം നിന്ന്‌, കിതപ്പാറ്റി, വളരെ പതുക്കെയാണവര്‍ കയറുന്നത്. 

"രണ്ടാഴ്ച്ചായിട്ട് ഇവടെ സർക്കാരാശുത്രീലായിരുന്നു. വീട്ടിന്ന് കൊരച്ച് കൊരച്ച് ചോര തുപ്പ്യപ്പോ നിര്‍ബന്ധിച്ച്  കൊണ്ടോയതാ. കൊറേ നോക്കിട്ട് കൊറവൊന്നുണ്ടായില്ല. ഒടുക്കം അവടെ ഒന്നും ചെയ്യാനില്ലാന്ന് പറഞ്ഞ് പേര് വെട്ടി. തിരോന്തോരത്ത് വല്യോരാശുപത്രില്ലെ... ആറെസ്സെസ്സ്ന്നെന്തോ പറഞ്ഞിട്ട്?"

തിരിഞ്ഞു നോക്കുമ്പോൾ അവരെന്നെ നോക്കി നിൽക്കുകയാണ്.

"ആർ.സി.സി.യാണോ?"

"ആ അതന്നെ... അവടെ കൊണ്ടോയാ മാറുത്രേ. ഞാളെ പോലെ പാവപ്പെട്ടോർക്ക് അവടെ സൗജന്യാ പോലും. കുട്ടീടെ പ്രായം വരണ ഡോക്കിട്ടർ സാറാ ഒക്കെ ശര്യാക്കി തന്നെ. വണ്ടിക്ക് ടിക്കറ്റും മൂപ്പരന്നെ എട്ത്ത് തന്നു."

അവര്‍ കൈവരിയിൽ പിടിച്ച് നിന്ന് കിതക്കുകയാണ്. ഒരു നിമിഷം കണ്ണടച്ചു നിന്ന ശേഷം വീണ്ടും പതുക്കെ പടികൾ കയറി തുടങ്ങി.

മേൽപ്പാലത്തിന് മുകളിലെത്തിയപ്പോഴേക്കും പഴുത്ത് പാകമായി നിന്നിരുന്ന മഴ പൊട്ടി വീണു.

"ഓഹ്....പണ്ടാരം മഴ.. "

അവർ തലയില്‍ കൈ വെച്ച് പ്രാകി.

''മഴ നല്ലതല്ലേ മുത്തശ്ശീ?"

ചോദിച്ചു കഴിഞ്ഞപ്പോൾ വേണ്ടിയിരുന്നില്ലെന്ന് തോന്നി. മഴയോടുള്ള അന്ധമായ പ്രണയം കൊണ്ട് മറ്റൊന്നും ആലോചിക്കാതെ ചോദിച്ചു പോയതാണ്.

"നല്ലതന്യാ കുട്ട്യേ...അടച്ചൊറപ്പുള്ള വീടും കുടീണ്ടേല്ല് മഴ നല്ലതന്യാ. കുട്ടിക്കറിയോ ഞങ്ങടെ പെര മേയാണ്ട് ഇതിപ്പോ മൂന്നാമത്തെ മഴക്കാലാ. ഒന്ന് മേയണേല് ഉറുപ്യ അയ്യായിരാ ചോയ്ക്കണേ. എവിടെന്നെട്ത്ത് കൊട്ക്കാനാ! ആഹ്... ഇത്തവണ ആശുപത്രിലായോണ്ട് ഇങ്ങനങ്ങ് കയിഞ്ഞു പോവും. അടുത്ത മഴയ്ക്ക് എന്താവുന്ന് ആര് കണ്ട്..."

ഒറ്റ കണ്ണിൽ നിന്നും ഉരുണ്ടിറങ്ങിയ കണ്ണീർത്തുള്ളി  മുഖത്തെ ചുളിവുകളിലെവിടെയോ മറഞ്ഞു.

അവരുടെ പുര പത്ത് തവണയെങ്കിലും മേയാൻ മാത്രം മൂല്യമുള്ള മൊബൈൽ കീശയിൽ കിടന്ന് വിറക്കുന്നു. എടുത്ത് നോക്കിയപ്പോൾ, അംബാനിയുടെ ഔദാര്യം തുടരണമെന്നുണ്ടെങ്കിൽ റീച്ചാർജ് ചെയ്യണമെന്ന അറിയിപ്പാണ്.

മുത്തശ്ശി ധൃതിയില്‍ പടികളിറങ്ങിച്ചെന്നത്  പ്ലാറ്റ്ഫോമിലെ സിമൻറ് ബെഞ്ചിനരികിലേക്കാണ്. അതിൽ  മുത്തശ്ശൻ ചുരുണ്ട് കിടക്കുന്നു. ഞാന്‍  ബാഗും ബക്കറ്റും നിലത്തിറക്കി.

സെക്ഷൻ 80G പ്രകാരം ഇൻകം ടാക്സ് കിഴിവ് ലഭിക്കുന്ന വിധത്തിൽ, റസീറ്റ് കിട്ടുന്ന സംഭാവനകൾ മാത്രമേ ഈയിടെയായി ചെയ്യാറുള്ളു. എന്നാലും പഴ്സിൽ നിന്നും അഞ്ഞൂറ് രൂപ നോട്ടെടുത്ത് മുത്തശ്ശിയുടെ കൈയില്‍ തിരുകി കൊടുക്കാതിരിക്കാനായില്ല.

"ഇതൊന്നും വേണ്ട കുട്ട്യേ. ഇപ്പോ തന്നെ വല്യ ഉപകാരാ കുട്ടി ചെയ്തന്നെ "

അവർ നോട്ട്  എനിക്ക് നീട്ടി.

''സാരല്ലാ... ആശുപത്രീല് പോക്വല്ലേ.. വെച്ചോളു."

ഞാൻ പുറകോട്ട് മാറി.

"ഡോക്ടർ സാറേം സ്റ്റേഷൻ മാഷേം കുട്ടീനേം പോലുള്ളോരൊക്കെ ഉള്ളിടത്തോളം ഇബ്ടെ കലികാലൊന്നും വന്നിട്ടില്ല...ഇനിക്കുറപ്പാ..." 

ചുളിഞ്ഞുണങ്ങിയ വിരലുകൾ ചേർത്ത് പിടിച്ച് തൊഴുത് നിൽക്കുന്ന അവരുടെ നിറഞ്ഞ് പെയ്യുന്ന ഒറ്റക്കണ്ണിലേക്ക് നോക്കാനാകാതെ ഞാൻ തിരിഞ്ഞു നടന്നു. ആ കണ്ണീര്‍പ്പെയ്ത്തിൽ ഉള്ളിലൊരു കഥാബീജത്തിന് മുള പൊട്ടുന്നത് ഞാനറിഞ്ഞു.