Saturday 15 July 2017

ഡിഫറന്റ്ലി ഏബ്ൾഡ്

ഷൊർണ്ണൂരിൽ ഇറങ്ങിയപ്പോൾ തന്നെ എതിർവശത്തെ പ്ലാറ്റ്ഫോമിൽ സയാമീസ് ഇരട്ടകളായ  അമൃത-രാജ്യറാണിമാരെ കണ്ടത് കൊണ്ടാണ് ടിക്കറ്റ് കൗണ്ടറിലേക്ക് ഓടിയത്. യശ്വന്ത്പൂർ-കണ്ണൂരുകാരൻ സ്ഥിരം വൈകിയോട്ടക്കാരനായതിനാൽ മിക്കവാറും എഴിന്‍റെ  പാസഞ്ചറേ കിട്ടാറുള്ളു. അതാവുമ്പോൾ സാവധാനത്തിൽ പോയി ടിക്കറ്റെടുത്ത് ഒരു ചായയും കുടിച്ച് സോഷ്യൽ മീഡിയ ഇടങ്ങളിലൊക്കെ രണ്ട് റൗണ്ടടിച്ച് വന്നാലും സമയം ബാക്കിയാവും. ഇന്നേതായാലും അത് വേണ്ടി വന്നില്ല.
ചെറുകരക്കുള്ള എക്സ്പ്രസ്സ് ടിക്കറ്റുമായി ഓടിക്കിതച്ചെത്തുമ്പോൾ, ട്രെയിൻ അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിൽ നിൽക്കുന്നു എന്ന് അനൗൺസ് ചെയ്തതേയുള്ളു. അപ്പോൾ പുറപ്പെടാനിനിയും പത്ത് മിനിട്ടുണ്ട്.
ജനറൽ കമ്പാർട്ടമെന്റുകളിൽ കാല് കുത്താനിടയില്ല. മാത്രമല്ല, ഇനിയും കയറാനുള്ളവർ ''നീ കേറ്...നീ കേറ്.." എന്ന ഭാവത്തിൽ പ്ലാറ്റ്ഫോമിൽ വാതിലിനടുത്തായി  നിൽക്കുന്നുണ്ട്. ട്രെയിൻ പുറപ്പെട്ട് എറ്റവുമൊടുവിൽ ചാടിക്കയറുന്ന 'ധീരന്' വാതിൽക്കൽ സ്ഥാനമുറപ്പിക്കാം.
തിരക്കിൽ ഞെങ്ങി ഞെരുങ്ങാൻ താൽപര്യമില്ലാത്തതിനാലും രക്തത്തിൽ ധൈര്യത്തിന്‍റെ  അളവ് ജന്മനാ കുറവായതിനാലും ഒന്ന് ചുറ്റി നടന്ന് നോക്കാൻ തീരുമാനിച്ചു. ഒന്നും പറ്റിയില്ലെങ്കിൽ സ്ലീപ്പറിൽ കയറാം. രണ്ട് സ്റ്റോപ്പിന്‍റെ  കാര്യമല്ലേയുള്ളു; പിടിച്ചാൽ ഫൈനടക്കാമെന്നൊക്കെ കണക്ക് കൂട്ടി നടക്കുമ്പോഴാണ് ലേഡീസിനും ഗാർഡ് റൂമിനുമിടയിൽ 'ഡിഫറന്റ്ലി ഏബ്ൾഡ്' എന്നെഴുതിയ കുട്ടി കോച്ച് ശ്രദ്ധയിൽ പെട്ടത്. രണ്ടും കൽപ്പിച്ച് കയറി. അകത്ത് ആകെയുള്ള രണ്ട് സീറ്റുകളും കാലിയാണ്. ഇനി അഥവാ ആരെങ്കിലും വന്നാൽ ഒഴിഞ്ഞ് കൊടുക്കാം. ബസിലൊക്കെ അതാണല്ലോ പതിവ്. ഞാൻ കയറിയത് കണ്ടാവണം പുറത്ത് പരുങ്ങി നിന്ന മൂന്ന് നാല് 'അയോഗ്യർ' കൂടെ കയറി. ഹെഡ്സെറ്റ് ചെവിയിൽ തിരുകി സീറ്റിലേക്ക് ചാഞ്ഞിരുന്നു. 

അഞ്ച് മിനിറ്റായി കാണില്ല കോച്ചിലേക്ക് ഒരു റെയിൽവേ പോലീസുകാരൻ കയറി വന്നു. അയാളെന്തോ ചോദിച്ചതും ഒപ്പമുണ്ടായിരുന്നവർ ഇറങ്ങിപ്പോയി. ചെവിയിൽ അലയടിക്കുന്ന സംഗീതത്തിരയിൽ ആ ചോദ്യം മുങ്ങിപ്പോയിരുന്നതിനാൽ മുഖത്തൊരു ചോദ്യചിഹ്നവുമായി ഇരിക്കുന്ന എന്നെയൊന്ന് സൂക്ഷിച്ച് നോക്കിയിട്ട് ആ പോലീസുകാരൻ ഇറങ്ങിപ്പോയി. ഹിയറിങ്ങ് ഏയ്ഡ് പോലെയുണ്ടെന്ന് ഭാര്യ കളിയാക്കാറുള്ള പുത്തൻ ബ്ലൂടൂത്ത് ഹെഡ്സെറ്റ് അപ്പോഴും ചെവിയിലിരുന്ന് നീല വെളിച്ചം മിന്നിച്ച് കൊണ്ടിരുന്നു.

Thursday 13 July 2017

ഗൂഗിള്‍ മാപ്പ്

വരാന്തയിലെ സോഫയില്‍, അച്ഛന്‍റെ വക പിറന്നാള്‍ സമ്മാനമായി കിട്ടിയ ഐപ്പാഡില്‍ ഫുട്ബോളും കളിച്ചു കിടക്കുമ്പോഴാണ് ഗേറ്റ് തുറന്ന്  അയാള്‍ അകത്തേക്ക് വന്നത്. ഏതാണ്ട് അവന്‍റെ മുത്തശ്ശനോളം പ്രായം തോന്നിക്കുന്ന ഒരു കൃശഗാത്രന്‍. തൂവെള്ള താടിയും മുടിയും. സോഡാ ഗ്ലാസ്‌ കണ്ണട. പിന്നെ തോളിലൊരു തുണി സഞ്ചിയും. ആകെപ്പാടെ ഒരു ടിപ്പിക്കല്‍ "ബുജി" ലുക്ക്.

"മോനെ...ഇതെവിടാന്നൊന്നു പറയാമോ??"

കയ്യിലെ കടലാസ് നീട്ടിക്കൊണ്ട്  ആ അപ്പൂപ്പന്‍ ചോദിച്ചു.

അതൊരു ക്ഷണക്കത്തായിരുന്നു."പ്രബോധിനി ലൈബ്രറി & റീഡിംഗ് റൂം" വായന ദിനത്തോടനുബന്ധിച്ച് നടത്തുന്ന  സെമിനാറിനുള്ള ക്ഷണം. ഊഹം തെറ്റിയില്ല ആളൊരു "ബുജി" തന്നെ. അവന്‍ മനസ്സില്‍ കരുതി.

"ഇവടെ ഹരിത നഗറില്‍ തന്നെയാണെന്നാ വിളിച്ചപ്പോ അവരു പറഞ്ഞെ. ഇപ്പൊ വിളിച്ചിട്ടാണെല്‍ അവരെയോട്ടു കിട്ടുന്നൂല്ല. ഇതിപ്പോ അഞ്ചാമത്തെ വീടാ ഞാന്‍ കയറുന്നെ. കഴിഞ്ഞ നാല് വീട്ടിലും പട്ടികള് മാത്രേള്ളു. പിന്നെ അവറ്റെടെ  ഭാഷ വശമില്ലാത്തോണ്ട് വഴി ചോദിക്കാന്‍ പറ്റിയില്ല."

വാര്‍ധക്യത്തിലും കൈമോശം വന്നിട്ടിലാത്ത നര്‍മ്മബോധമോര്‍ത്ത് അയാള്‍ ഊറി ചിരിക്കുന്നത് അവന്‍ ശ്രദ്ധിച്ചു.

എത്രയൊക്കെ തല പുകച്ചിട്ടും തന്‍റെ കോളനിയിലെ അങ്ങനൊരു ലൈബ്രറി അവനു പിടികിട്ടിയില്ല.പെട്ടെന്നാണ് അവന് കയ്യിലിരിക്കുന്ന കുന്ത്രാണ്ടത്തെ പറ്റി ബോധം വന്നത്‌.

"അപ്പൂപ്പാ ...ജസ്റ്റ്‌ എ മിനിട്"

വൈഫൈ കണക്ട് ചെയ്ത്  ഗൂഗിള്‍ മാപ്പ് തുറന്നു പരതാന്‍ തുടങ്ങിയ അവന്‍  മുന്നില്‍ തെളിഞ്ഞു വരുന്ന മാപ്പ് കണ്ട് വായും പൊളിച്ചിരുന്നു പോയി.

പുറകിലെ ഗേറ്റ് തുറന്നു അപ്പൂപ്പനെ ചൂണ്ടിക്കാട്ടുമ്പോള്‍, ഒഴിഞ്ഞ മൈതാനത്തിന് എതിര്‍വശത്തുള്ള പഴയ കെട്ടിടത്തിന്‍റെ മഞ്ഞ ബോര്‍ഡ്‌ അവന്‍ വ്യക്തമായി വായിച്ചു:

"പ്രബോധിനി ലൈബ്രറി & റീഡിംഗ് റൂം"

Tuesday 4 July 2017

അമ്മമനസ്സ്

ഞങ്ങൾ കയറുമ്പോൾ പോണ്ടിച്ചേരി എക്സ്പ്രസ്സ് യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷന്റെ മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ നിന്നും പുറപ്പെടാൻ അര മണിക്കൂർ കൂടെയുണ്ടായിരുന്നു. ഞങ്ങളുടെ സൈഡ്  സീറ്റിനരികെയുള്ള സീറ്റിൽ ഒരു മുത്തശ്ശനും മുത്തശ്ശിയുമാണ്. എന്തോ കാര്യമായ സംസാരത്തിൽ മുഴുകിയിരിക്കുന്ന അവർ ഞങ്ങൾ കയറിയത് അറിഞ്ഞത് പോലുമില്ലെന്ന് തോന്നി. തമിഴിലുള്ള സംസാരത്തിനിടയിൽ ഇടക്കിടെ മലയാളം വാക്കുകളും കടന്നു വരുന്നുണ്ട്. സീറ്റിൽ അവർക്കടുത്തായി അടച്ച് വെച്ച ബൈബിളും മീതെ ചുറ്റിയിട്ട ഒരു കൊന്തയും. ഇത്രക്ക് പ്രായമായിട്ടും എന്താണിത്ര സംസാരിക്കാൻ എന്നോർത്ത് കൊണ്ട് ഞാൻ മൊബൈലിൽ 4 ജി ഡാറ്റ ഓൺ ചെയ്തു. ഒളികണ്ണിട്ടു നോക്കുമ്പോൾ അവളും മൊബൈലിലെന്തോ നോക്കുകയാണ്. കാരണം മറന്ന് പോയതിനാൽ തീർക്കാനൊക്കാത്ത സൗന്ദര്യ പിണക്കത്തിലായിരുന്നു ഞങ്ങൾ.

അൽപ നേരം കഴിഞ്ഞ് കാണും. മൊബൈലും ചാർജറുമായി വന്ന മുത്തശ്ശൻ ഞങ്ങളുടെ  സീറ്റിലെ പ്ലഗ് പോയന്റിൽ കുത്തി നോക്കി നിരാശനായി എന്തോ പിറുറുത്ത് കൊണ്ട് അടുത്ത സീറ്റിലേക്ക് നടന്നു. അപ്പോൾ മുതൽ മുത്തശ്ശി അസ്വസ്ഥയാണ്. സീറ്റിന്റെ അറ്റത്തേക്ക് നീങ്ങിയിരുന്ന് കഴുത്തെത്തിച്ച് നോക്കുന്ന അവരുടെ മുഖത്തെ പരിഭ്രമം കണ്ടാണ് ഞാൻ എണീറ്റ് പോയി നോക്കിയത്. കമ്പാർട്ട്മെന്റിന്റെ മറ്റേ അറ്റത്തായി മുത്തശ്ശൻ ഇരിപ്പുണ്ട്. ഫോൺ ചാർജ്ജ് ചെയ്യാനായി കുത്തി വെച്ചിരിക്കുന്നു.

"മുത്തശ്ശൻ അവിടെ ഇരിക്കുന്നുണ്ട്. ചാർജ്ജ് ചെയ്തിട്ട് വരാന്ന് പറഞ്ഞു. കുഴപ്പൊന്നൂല്ല"

എന്‍റെ  വാക്കുകൾ അവരെ സമാധാനിപ്പിച്ചിരിക്കണം. എനിക്ക് ഭംഗിയുള്ള ഒരു പുഞ്ചിരി അവർ സമ്മാനിച്ചു.

ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു. മൊബൈലിൽ നിന്നും കണ്ണുയർത്തിയപ്പോഴാണ്, സീറ്റിൽ പിടിച്ചു പിടിച്ചു പതുക്കെ നടക്കാൻ ശ്രമിക്കുന്ന മുത്തശ്ശിയെ കണ്ടത്. ഞാൻ അവളെ നോക്കി. എന്നെ രൂക്ഷമായി നോക്കിയതല്ലാതെ അവളൊന്നും പറഞ്ഞില്ല.

"അവിടെ ഇരുന്നോളു. അവൻ മുത്തശ്ശന്‍റെ  പോയി നോക്കിക്കോളും"

അവൾ മുത്തശ്ശിയെ സീറ്റിൽ ഇരിക്കാൻ സഹായിച്ചു കൊണ്ട് അവർക്കരികിലായി ഇരുന്നു. ഞാൻ വീണ്ടും മുത്തശ്ശനരികിലേക്ക് നടന്നു.
ഞാൻ ചെല്ലുമ്പോൾ അയാൾ ജനലിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുകയാണ്. എന്തോ കാര്യമായ ചിന്തയിലാണ്. ഞാന്‍ മുത്തശ്ശനൊപ്പം  അവിടെയിരിക്കുന്ന കാര്യം അവളെ മൊബൈലില്‍ വിളിച്ചു പറഞ്ഞു. മുത്തശ്ശിക്ക് സമാധാനമായി കാണും.

 മുന്നിലായി ചെന്നിരുന്ന എന്നെ നോക്കി മുത്തശ്ശന്‍  പുഞ്ചിരിച്ചു. മലയാളിയാണെന്നറിഞ്ഞതോടെ സന്തോഷമായി. ഹോട്ടൽ ബിസിനസുമായി കുടുംബം പാലായിൽ നിന്നും സേലത്തേക്ക് കുടിയേറിയതും അവിടുത്തെ കോളേജ് പഠന കാലത്ത് മുത്തശ്ശിയെ പ്രണയിച്ച് വിവാഹം ചെയ്തതുമെല്ലാം പറയുമ്പോൾ ആ നരച്ച കണ്ണുകളിൽ ചെറുപ്പത്തിന്റെ തിളക്കം ഞാൻ കണ്ടു.

ഓമനിച്ച് വളർത്തിയ ഏക മകൻ വിവാഹ ശേഷം അവരിൽ നിന്നുമകലാൻ ശ്രമിച്ചിരുന്നു. അവൻ ആവശ്യപ്പെട്ടത് പോലെ ബിസിനസും സ്വത്തുമെല്ലാം അവന്റെ പേരിലാക്കി നൽകിയിരുന്നു. ഒടുക്കം തറവാട് വീടിനു മേലും അവൻ ആവശ്യമുന്നയിച്ചപ്പോൾ അയാൾക്കത് തള്ളിക്കളയേണ്ടി വന്നു. അതൊരു കാരണമാക്കി അവൻ അവരെ തനിച്ചാക്കി വേറെ താമസം തുടങ്ങി. ഭാര്യ എത്ര തന്നെ കാലു പിടിച്ചിട്ടും അവനെ തിരിച്ചു വിളിക്കാൻ അയാളുടെ അഭിമാനം അനുവദിച്ചില്ല.

പ്രായത്തോടൊപ്പം അസുഖങ്ങളും ഏറിയപ്പോൾ ഒറ്റക്കുള്ള താമസം വയ്യാതായി. ഹോം നേഴ്സിനായുള്ള അന്വേഷണത്തിനിടയിലാണ് അയാളുടെ ആത്മസുഹൃത്തും മകനും വന്നത്. ബാംഗ്ലൂരിൽ വൃദ്ധ ദമ്പതികൾക്കായി അവനും കൂട്ടുകാരും ചേർന്ന് നിർമ്മിക്കുന്ന വില്ലാ പ്രൊജക്ടിനെ പറ്റി പറഞ്ഞു. ആശുപത്രിയും പള്ളിയും പൂന്തോട്ടവും കൂടാതെ ശ്രുശ്രൂഷിക്കാൻ ആളുകളും. വീടും സ്ഥലവും വിറ്റാണ് വില്ല ബുക്ക് ചെയ്തത്. പക്ഷെ അവിടെ എത്തിയപ്പോഴാണ് ചതി പറ്റിയത് തിരിച്ചറിഞ്ഞത്. പുരുഷൻമാർക്കും സ്ത്രീകൾക്കുമായി കിലോമീറ്ററുകളുടെ അകലത്തിൽ വെവ്വേറെ കെട്ടിടങ്ങൾ. അതും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ. ഞായറാഴ്ച്ചകളിൽ കുർബാനക്കായി പോകുമ്പോൾ മാത്രമാണ് അവർക്ക് തമ്മിൽ കാണാനാകുന്നത്.

കഴിഞ്ഞാഴ്ച്ച വന്ന സുഹൃത്തിന്റെ കത്തിൽ നിന്നാണ് വീട് കൈക്കലാക്കാൻ മകൻ ഒരുക്കിയ കെണിയായിരുന്നു എല്ലാമെന്ന് അയാൾ മനസ്സിലാക്കിയത്. തകർന്ന് പോയെങ്കിലും ആ ദു:ഖമെല്ലാം ഇല്ലാതാക്കുന്ന ഒരു വാർത്ത കൂടി കത്തിലുണ്ടായിരുന്നു. അവർക്കൊരു കൊച്ചു മകൾ പിറന്നിരിക്കുന്നു. പിറ്റേന്ന് പള്ളിയിൽ വെച്ച് കണ്ട ഭാര്യയോട് അയാൾ ആ വാർത്ത മാത്രമേ പങ്കു വെച്ചുള്ളു. വരുന്ന ഞായറാഴ്ച്ച നടക്കുന്ന കുഞ്ഞിന്റെ മാമോദീസയിൽ പങ്കെടുക്കണമെന്ന് അവർ തീർത്ത് പറഞ്ഞു. ഇന്ന് ആശുപത്രിയിലേക്കുള്ളവരുടെ കൂട്ടത്തിൽ പുറത്തിറങ്ങിയതാണ് ഇരുവരും. അവിടുന്ന് കണ്ണ് വെട്ടിച്ച് ഒരുമിച്ചിറങ്ങി. അങ്ങനെയാണ് ട്രെയിൻ കയറിയത്.

ട്രെയിൻ ഏതോ സ്റ്റേഷനിൽ നിർത്തി. സീറ്റിലേക്ക് ആളുകൾ വന്നതോടെ ഞങ്ങളെണീറ്റു.

പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾ അവരുടെ സീറ്റ് കാലിയാണ്. ഞാൻ താഴെയിറങ്ങി അവളുടെ മുമ്പിലായി ഇരുന്നു. അവളെന്നെ നോക്കി പുഞ്ചിരിച്ചു. ഒരു പിണക്കത്തിന്റെ കൂടെ ആയുസറ്റത് ഞാനറിഞ്ഞു.

"എന്നാലും മുത്തശ്ശനെ സമ്മതിക്കണം. ഈ പ്രായത്തിലും എന്തൊരു വാശിയാ. സമയം ഇല്ലാത്തത് കൊണ്ട് മകന് നേരിട്ട് വന്ന് കൂട്ടി കൊണ്ട് പോകാനായില്ല. വണ്ടി അയക്കാന്ന് പറഞ്ഞതാത്രെ. അവരേം കൂട്ടി ഒറ്റക്ക് ട്രെയിനിൽ പുറപ്പെട്ടു. പാവം മുത്തശ്ശി. പറയുമ്പോ കരഞ്ഞു പോയി. അല്ലേലും നിങ്ങൾ ആണുങ്ങൾടെ വാശി കാരണം കരയാനെ ഞങ്ങൾക്ക് നേരം കാണു. "' 

അടുത്ത പിണക്കത്തിന് അരങ്ങൊരുങ്ങി തുടങ്ങുമ്പോൾ മക്കളുടെ എത്ര വലിയ തെറ്റുകളും ഒളിപ്പിക്കുവാനാകുന്ന അമ്മ മനസ്സിന്‍റെ  ആഴമോർത്ത് അദ്ഭുതപ്പെടുകയായിരുന്നു ഞാൻ.