Sunday 23 September 2012

ഫേസ്ബുക്ക്

      കോഴിക്കോട്  മൊഫ്യുസല്‍ ബസ്‌സ്റ്റാന്‍ഡില്‍ വന്നിറങ്ങിയപ്പോള്‍ മുന്നില്‍ ഒരാള്‍കൂട്ടം...അടുത്ത് ചെന്ന് നോക്കിയപ്പോളാണ് ആള്‍ക്കൂട്ടത്തിനു നടുവില്‍ ഒരു വൃദ്ധനെ കണ്ടത്.മുഷിഞ്ഞു നാറിയ വേഷത്തില്‍ ജടപിടിച്ച തടിയും മുടിയുമായി ഒരു കൃശഗാത്രന്‍....,.അയാള്‍ തന്‍റെ കയ്യിലെ പല നിറങ്ങളിലുള്ള ചോക്ക് കഷ്ണങ്ങള്‍ കൊണ്ട് മൂത്രപ്പുരയുടെ ചുമരില്‍ ഒരു മനോഹരമായ പ്രകൃതി ദൃശ്യം വരക്കുകയായിരുന്നു...അസാമാന്യമായ കൈവിരുത്‌ ഏവരെയും പോലെ എന്നെയും അത്ഭുതപ്പെടുത്തി.എന്‍റെ ചുറ്റിലും ക്ലിക്ക് ചെയ്യപ്പെടുന്ന മൊബൈല്‍ ക്യാമറകള്‍ ഒരു "റാമ്പിനെ" ഓര്‍മപ്പെടുത്തി...

      ചിത്രത്തിലെ അവസാന മിനുക്കു പണിയും കഴിഞ്ഞു,ഒട്ടിയ വയറില്‍ ഇടതു കൈ അമര്‍ത്തി നിറം പുരണ്ട വലതു കൈ നീട്ടിയത് പിരിഞ്ഞു പോകുന്ന ആള്‍കൂട്ട൦  കണ്ടതേയില്ല...ഞങ്ങള്‍,അപ്പോഴെടുത്ത ഫോട്ടോസ് ഫേസ്ബുക്കില്‍ അപ്‌ലോഡ്‌ ചെയ്യുന്ന തിരക്കിലായിരുന്നു...

Sunday 29 July 2012

ബാലവേല

        ഒരു നാണയത്തുട്ട് ആ മെലിച്ച കൈകളിലിട്ടു കൊടുക്കുമ്പോള്‍ ഒരു കാര്യം എനിക്കുറപ്പായിരുന്നു;കുഴിയിലാണ്ട് പോയ ആ കണ്ണുകളിലെ തിളക്കം എനിക്കേറേ പരിചിതമാണ്.ഓര്‍മകളില്‍ ഞാന്‍ പരതി തുടങ്ങവേ,തന്‍റെ ഷര്‍ട്ട് കൊണ്ട് കമ്പാര്‍ട്ട്മെന്റിന്‍റെ അഴുക്ക് തറ തുടച്ചു കൊണ്ടവന്‍ തിരക്കിലൂടെ ഇഴഞ്ഞു നീങ്ങി.

        ഏറണാകുളം സൗത്ത്‌ റെയില്‍വേ സ്റ്റേഷനടുത്തുള്ള ഒരു ബ്രാഹ്മിന്‍സ് ഹോട്ടലില്‍ വെച്ചാണ്‌ ഞാനവനെ ആദ്യമായ്‌ കണ്ടത്‌;അവസാനമായും. കയ്യിലൊരു മുഷിഞ്ഞ തുണിക്കഷ്‌ണവുമായി എന്‍റെ മേശ തുടച്ചു വൃത്തിയാക്കാന്‍ വന്ന കറുത്ത് മെലിച്ച പയ്യന്‍...

          കൈകഴുകി ഞാന്‍ തിരികെ വരുമ്പോഴും മേശപ്പുറത്തെ ഇന്ത്യ ടുഡേ മറിച്ചു നോക്കി കൊണ്ട് അവനവിടെ നില്‍പ്പുണ്ട്.

"നിനക്ക് വായിക്കാനൊക്കെ അറിയുമോ??"

പുറകില്‍ നിന്നുള്ള ചോദ്യം കേട്ട് ഒട്ടൊന്നു പരിഭ്രമിച്ചെങ്കിലും രജനികാന്തിന്‍റെ തിളങ്ങുന്ന ഒരു കളര്‍പടം എനിക്കു നേരെ പിടിച്ചു കൊണ്ട് അവന്‍ പുഞ്ചിരിച്ചു. അവന്‍റെ കണ്ണുകളിലെ തിളക്കം ഞാന്‍ ശ്രദ്ധിച്ചു.

"അപ്പൊ നീ അണ്ണന്‍ ഫാന്‍ താനെ??" അറിയാവുന്ന തമിഴില്‍ ഞാന്‍ ചോദിച്ചു.

"ആമ.." വീണ്ടും പുഞ്ചിരി.

"പെരെന്നത്??"

"ഗണേശന്‍"""""""''  ഒട്ടൊന്നു ശങ്കിച്ചു തന്ന മറുപടിയില്‍ അവനു തന്നെ തീര്‍ച്ചയില്ലാത്ത പോലെ തോന്നി.

അവന്‍റെ തിളങ്ങുന്ന കണ്ണുകള്‍ അപ്പോഴും മാസികയില്‍ ഓടിനടന്നു.

കീശയില്‍ മൊബൈല്‍ ശബ്ദിച്ചു.

"ഹലോ...ആ..അമ്മെ,ഞാന്‍ എത്തീട്ടോ.കഴിക്കാന്‍ കേറീതാ..പിന്നെ വിളിക്കാം "

"നായീന്‍റെ മോനെ...പുസ്തകം വായിച്ചു നിക്കാനാണോഡാ ഞാന്‍ നിന്നെയൊക്കെ തീറ്റിപോറ്റുന്നേ? ആളുകള്‍ വന്നത് കണ്ടില്ലേ?? പോയി മേശ തുടച്ചു വൃത്തിയാക്കെടാ..."
കൈ ചൂണ്ടിക്കൊണ്ടാ തടിയന്‍ ആക്രോശിച്ചു.

പുറത്ത്‌ വീണ അടിയില്‍ തന്നെ അവന്‍റെ കയ്യില്‍ നിന്നും മാസിക ഊര്‍ന്നു താഴെ വീണിരുന്നു.അടുത്തുള്ള മേശയില്‍ താങ്ങിപ്പിടിച്ചു അവന്‍ വീഴാതെ നിന്നു.
പിന്നെ പതറിയ കാല്‍വെയ്പുകളോടെ അടുത്ത മേശക്കരികിലേക്ക് നടന്നു.

"അവന്‍ ചെറിയ കുട്ടിയല്ലേ...ഇങ്ങനെ തല്ലാന്‍ മാത്രം അവന്‍ എന്ത് തെറ്റാ ചെയ്തെ??ഞാനാ അവനോടു പലതും ചോദിച്ചേ.അതുകൊണ്ടാ അവന്‍ ഇവിടെ തന്നെ നിന്നത്." ഒറ്റ ശ്വാസത്തില്‍ ഇത്രയും പറയുമ്പോള്‍ എന്‍റെ ശരീരമാകെ വിറക്കുന്നുണ്ടായിരുന്നു.

"സാറേ...പണിയെടുക്കാനാ ഞാനവനൊക്കെ ശമ്പളം കൊടുക്കുന്നെ...അത് എടുപ്പിക്കാനും എനിക്കു നന്നായറിയാം.സാറിനെന്താ കഴിക്കാന്‍ വേണ്ടെന്നു പറ.രാവിലെ ആളെ മെനക്കെടുത്താതെ."

പല നിറത്തിലുള്ള കുറികള്‍ നീട്ടി വരച്ച നെറ്റി ചുളിച്ചു കൊണ്ടയാള്‍ പറഞ്ഞു.

ഒന്നും പറയാതെ,ദേഷ്യം കടിച്ചമര്‍ത്തി പുറത്തേക്കു നടക്കുമ്പോള്‍ എന്‍റെ വിരലുകള്‍ മൊബൈലില്‍ സേവ് ചെയ്ത 'ചില്‍ഡ്രന്‍സ്‌ ഹെല്‍പ്‌ലൈന്‍' നമ്പര്‍ പരതുകയായിരുന്നു.

അരമണിക്കൂറിനകം പോലീസ് അകമ്പടിയോടെ ഹെല്‍പ്‌ലൈന്‍ പ്രവര്‍ത്തകര്‍ എത്തി.ഞാന്‍ ചെന്ന് അവരോടു കാര്യങ്ങള്‍ സംസാരിച്ചു.ചില കടലാസുകളില്‍ ഒപ്പിട്ടു കൊടുത്തു.

വാനിന്‍റെ ജനാലയിലൂടെ എന്നെ നോക്കുന്ന കണ്ണുകള്‍ക്ക് പഴയ തിളക്കമില്ലയിരുന്നു.മനസ്സിനകത്തെ ആഹ്ലാദത്തിന്‍റെയും അഭിമാനത്തിന്‍റെയും വേലിയേറ്റത്തില്‍ ഞാനതു ശ്രദ്ധിച്ചതേയില്ല.



Friday 23 March 2012

കുഞ്ഞുമാലാഖ


തികച്ചും അപ്രതീക്ഷിതമായാണ് ഒരു ട്രെയിനിംഗ് തരപ്പെട്ടത്. ഫോ൪ട്ട് കൊച്ചിയില്‍ കടലിന് അഭിമുഖമായുള്ള ട്രെയിനിംഗ് സെന്റര്‍ എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. മനം മടുപ്പിക്കുന്ന ആവ൪‍ത്തനങ്ങളില്‍ നിന്നും താൽകാലികമെങ്കിലും ഒരൊളിച്ചോട്ടം ആവശ്യമായിരുന്നു.

പുലര്‍ച്ചെ ആറിന് കോഴിക്കോട് നിന്നും പുറപ്പെടുന്ന ജനശതാബ്ധി എക്സ്പ്രസിലാണ് യാത്ര. അവധി ദിവസമായതിനാലാവാം കമ്പാ൪‍ട്ട്മെന്‍റ് പൊതുവേ വിജനമാണ്. എന്റെ സീറ്റിന് എതി൪വശത്തായി ഇരിക്കുന്നത് ഒരു യുവതിയും മകളുമാണ്. ഏതോ ഇംഗ്ലീഷ് മാസിക കാ൪‍ന്നു തിന്നുന്നതിനിടയിൽ എനിക്കു നേരെ ഒരു നോട്ടമയച്ചെങ്കിലും ഞാന്‍ ചിരിച്ചത് യുവതി കണ്ടിലെന്നു തോന്നുന്നു. കണ്ണടച്ചില്ലിലൂടെ കണ്ട അവരുടെ കണ്ണുകൾക്ക് പ്രായത്തിനു ചേരാത്ത ഗൗരവമുള്ളത് പോലെ.
കഷ്ടി മൂന്നോ നാലോ വയസ്സ് മാത്രം പ്രായം വരുന്ന പെൺകുട്ടി  സീറ്റില്‍ കമിഴ്ന്നു കിടന്നു ചിത്രങ്ങള്‍ക്ക് ചായം കൊടുക്കുന്നു. പല നിറങ്ങളിലുള്ള വ൪ണ്ണ പെന്‍സിലുകള്‍ ചുറ്റിലും ചിതറി കിടപ്പുണ്ട്.

ബാഗ്‌ റാക്കിൽ ഒതുക്കി വെച്ച് ടോയ്‌ലറ്റില്‍ പോയി വരുമ്പോള്‍ ആ കുഞ്ഞ് എന്റെ സീറ്റില്‍  ഇരിക്കുകയാണ്. ജനലഴികളില്‍ മുഖം ചേർത്ത് വെച്ച് പുറം കാഴ്ച്ചകളിൽ മുഴുകിയുള്ള ഇരിപ്പാണ്.

"സോഫീ...ഇങ്ങ് വരൂ...അത് അങ്കിളിന്റെ സീറ്റാണ്."

മാസികയില്‍ നിന്നും തലയുയ൪‍ത്തി യുവതി വിളിച്ചു. പക്ഷെ കല്ലായി പുഴയുടെ ഭംഗിയില്‍ മുങ്ങിപ്പോയ കുഞ്ഞ് അത് കേട്ടതായി തോന്നിയില്ല.

"മോളെ...പറഞ്ഞത് കേട്ടില്ലേ ??"

അവരുടെ ശബ്ദമുയർന്നു.

"വേണ്ടാട്ടോ...മോള്‍ അവിടെയിരുന്നോ..."

വാടിയ മുഖത്തോടെ എണീക്കാന്‍ ഒരുങ്ങിയ കുഞ്ഞിനെ തടഞ്ഞു കൊണ്ട് ഞാന്‍
അവൾക്കരികിൽ ഇരുന്നു. കുഞ്ഞരി പല്ലുകളെല്ലാം കാണിച്ച് ഒരു ചിരി എനിക്ക് സമ്മാനിച്ചു കൊണ്ട് അവള്‍ വീണ്ടും പുറം കാഴ്ച്ചകളിലേക്ക് മടങ്ങി.‍ തൂവെള്ള ഉടുപ്പിൽ അവളൊരു കുഞ്ഞുമാലാഖയെ ഓർമ്മപ്പെടുത്തി.

അൽപ നേരം കഴിഞ്ഞ് എണീറ്റ് പോയ അവൾ വർണ്ണ പെൻസിലുകളുമായി സീറ്റിലേക്ക് കമിഴ്ന്നു. ഇയർഫോൺ ചെവിയിൽ തിരുകിക്കൊണ്ട് ഞാൻ ജനലിനരികിലേക്ക് നീങ്ങിയിരുന്നു. എത്ര നേരമങ്ങനെ മയങ്ങിയെന്നറിയില്ല. കവിളിൽ പിഞ്ചു വിരലുകളുടെ ഇക്കിളിപ്പെടുത്തലറിഞ്ഞാണ് ഉണർന്നത്.
അവളെനിക്കരികിലായി സീറ്റിൽ മുട്ട് കുത്തി നിൽക്കുന്നു. എനിക്ക് നേരെ നീട്ടിയ കടലാസിൽ ഒഴുകുന്ന നീല പുഴയും അതിനു മുകളിലൂടെ പുക തുപ്പിപ്പായുന്ന ചുകന്ന തീവണ്ടിയും. ശരിക്കും അദ്ഭുതപ്പെട്ട് പോയ ഞാൻ അവളുടെ കുഞ്ഞ് കരങ്ങൾ ചുണ്ടോമർത്തി.

എത്ര പെട്ടെന്നാണ് ഞങ്ങള്‍ അടുത്തതെന്നറിയില്ല. ഒരുപാട് കാലത്തെ പരിചയമുള്ളതു പോലെയാണ് അവളെന്നോട്  പെരുമാറിയത്. അവള്‍ ചായം കൊടുത്ത ചിത്രങ്ങളെനിക്ക് കാണിച്ചു തന്നു. നേഴ്സറിയില്‍ നിന്ന് പഠിച്ച പാട്ടുകള്‍ പാടി തന്നു. എന്റെ മടിയില്‍ ഇരുന്നു പുറത്തു കാണുന്നതിനെ പറ്റിയെല്ലാം നിര്‍ത്താതെ ചോദിച്ചു കൊണ്ടേയിരുന്നു. അവളുടെ ചോദ്യങ്ങള്‍ക്ക് പലതിനും എനിക്ക് ഉത്തരമില്ലായിരുന്നു.

കുഞ്ഞ് എന്നോടിത്ര അടുത്തിടപഴകുന്നതിലുള്ള നീരസം കണ്ണടയിലൂടെ ഇടയ്ക്കിടെ നീളുന്ന ഗൗരവം തുളുമ്പുന്ന കണ്ണുകളിൽ  പ്രകടമായിരുന്നു. അല്ലെങ്കിലും എല്ലാ മാതാപിതാക്കളു൦ സ്വന്തം മക്കളുടെ കാര്യത്തില്‍ ഒരൽപം സ്വാര്‍ത്ഥമതികളാവുമല്ലോ. ഏതായാലും തല്‍കാലം അത് കണ്ടില്ലെന്നു നടിക്കാനേ എനിക്കപ്പോൾ സാധിച്ചുള്ളു.

വണ്ടി ഷൊ൪ണ്ണൂ൪ എത്തിയിരുന്നു. ജനലരികില്‍ വന്ന ചായക്കാരനോട് ഒരു സെറ്റ്‌ വട വാങ്ങിച്ചു. അതിലൊരെണ്ണം ഞാനാ കുഞ്ഞിന്റെ കൈയ്യിൽ വെച്ച് കൊടുത്തു.

"സോഫീ...നോ...അത് തിരിച്ചു കൊടുക്ക്..."

ആ കുഞ്ഞു കൈകള്‍ അത് എനിക്ക് നേരെ നീട്ടി.

"കുഞ്ഞല്ലേ ....ഒരു വട കഴിച്ചാല്‍ എന്തു സംഭവിക്കാനാ?"

എനിക്ക് ചോദിക്കാതിരിക്കാനായില്ല.

"അവള്‍ക്കു അതൊന്നും കഴിക്കാന്‍ പാടില്ല...മരുന്ന് കഴിക്കുന്നതാണ്"

പുസ്തകത്തില്‍ നിന്നും തലയുയ൪ത്താതെയുള്ള ആ മറുപടി പച്ചക്കള്ളമാണെന്ന് എനിക്കുറപ്പായിരുന്നു.
എനിക്കെന്തോ വല്ലാതെ ദേഷ്യവും സങ്കടവും വന്നു. പാക്കറ്റ് അതേപടി ഡസ്റ്റ് ബിന്നിൽ കൊണ്ട് പോയിട്ട്  ഞാന്‍ തൊട്ടടുത്തുള്ള സീറ്റിലേക്ക് മാറിയിരുന്നു.

"അങ്കിളേ ...ഈ കഥ പറഞ്ഞു തര്വോ...??"

കഥാ പുസ്തകവുമായി എനിക്കരികെ വന്നിരിക്കുന്ന ആ കുഞ്ഞു മാലാഖയെ അവഗണിക്കാനായില്ല.

"വാവ എന്തിനാ മരുന്ന് കഴിക്കുന്നെ??" 

മടിയിലിരിക്കുന്ന അവളോട്‌ ഞാന്‍ പതുക്കെ ചോദിച്ചു .

"മോള്‍ക്ക്‌ കാന്‍സറാ...ഡോക്ടറങ്കിളിനെ കാണാന്‍ തിരോന്തരം പോവാ...അല്ലേ മമ്മീ...??"

കേട്ടത് വിശ്വസിക്കാനാകാതെ യുവതിക്ക് നേരെ കണ്ണയച്ച എനിക്ക്, അവരുടെ ഗൗരവം പൂണ്ട കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കാണാമായിരുന്നു.

വണ്ടി എവിടെയോ നിർത്തിയിരുന്നു. കുഞ്ഞിനെ ചേ൪ത്ത് പിടിച്ചു, നെറ്റിയില്‍ ചുംബിച്ചു ഒന്നും പറയാനാകാതെ പാതി വഴിയിൽ ഇറങ്ങി പോകാനേ അന്നെനിക്ക് സാധിച്ചുള്ളു.

മാസങ്ങള്‍ക്കിപ്പുറം എന്‍റെ കയ്യിലെ പത്രത്താളില്‍ നിന്നും ആ കുഞ്ഞുമാലാഖ എന്നെ നോക്കി പുഞ്ചിരിക്കുമ്പോള്‍ അവളുടെ കുഞ്ഞു വിരലുകളുടെ സ്പ൪ശനമേറ്റ കവിളുകള്‍ നനയുന്നത് ഞാന്‍ അറിഞ്ഞു.‌‍‍