Thursday 25 August 2016

വർഗ്ഗസ്നേഹം

സ്വതേ ഉയർന്ന (കഴിഞ്ഞ അസോസിയേഷൻ ഇലക്ഷനിൽ അഡ്വ: ലളിതശ്രീയോടേറ്റ അപ്രതീക്ഷിത പരാജയത്തിനു ശേഷം അല്പം കുനിഞ്ഞ) ശിരസ്സ് ഒന്ന് കൂടി ഉയർത്തി പിടിച്ചാണ് ശ്രീമതി ലീലാമ്മ ഫ്രാൻസിസിന്‍റെ  നടപ്പ്. അതിനു തക്കതായ കാരണവുമുണ്ട്. അവരൊരാളുടെ "മിടുക്ക്‌" കൊണ്ടാണ് അസോസിയേഷന്‍റെ   ഇത്തവണത്തെ പരിസ്ഥിതി ദിനാചരണത്തിന് മുഖ്യാതിഥിയായി ജില്ലാ പോലീസ് മേധാവിയായ യുവ ഐ.പി.എസ്സുകാരനെ തന്നെ കിട്ടിയത്.

താൻ മാനേജരായ ബ്രാഞ്ചിലെ കസ്‌റ്റമറാണെന്ന ഒറ്റ ധൈര്യത്തിലാണ് ഇക്കാര്യം പറഞ്ഞു കൊണ്ട് അങ്ങേരെ ചെന്ന് മുട്ടിയത്. ഔദ്യോഗിക തിരക്കും മറ്റും പറഞ്ഞു ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും, ദിവസങ്ങളോളം അസമയത്തോളം നീളുന്ന "വാട്സാപ്പ് ചാറ്റ്"  യജ്ഞത്തിലൂടെ അത്തരം തിരക്കുകളൊക്കെ മാറ്റിവെപ്പിക്കാൻ ലീലാമ്മക്കു സാധിച്ചു.

"ആ കമ്പും കുറ്റീമൊക്കെ പറിച്ചു കളഞ്ഞേച്ച് അവിടേം കൂടെ കസേര നിരത്തിയേര്" 

കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ നട്ട "വൃക്ഷ തൈകളെ" ചൂണ്ടിയാണ് ലീലാമ്മ പറയുന്നത്.

ഇത്തവണ ഏതായാലും ദിനാചരണത്തോടനുബന്ധിച്ച് കാലിക പ്രസക്തിയുള്ള ഒരു പരിപാടിയാണ് അവർ തീരുമാനിച്ചത്- "തെരുവ് നായ്ക്കളെ കൊന്നൊടുക്കുന്നതിനും വന്ധ്യംകരണമുൾപ്പെടെ നടത്തി പീഢിപ്പിക്കുന്നതിനുമെതിരെ ഒരു പ്രതിഷേധ കൂട്ടായ്മ"

ലീലാമ്മയുടെ മറ്റെല്ലാ നിർദ്ദേശങ്ങളെയും പ്രസിഡൻ്റിന്‍റെ  വീറ്റോ പവർ ഉപയോഗിച്ച് നിർദാക്ഷിണ്യം തള്ളിക്കളഞ്ഞെങ്കിലും ഈ നിർദ്ദേശത്തിന് ലളിതശ്രീയും സമ്മതം മൂളി. ഇതും കൂടെ തള്ളിയാൽ ഉദ്‌ഘാടകന്‍റെ  കാര്യത്തിൽ ലീലാമ്മ കാലു മാറിയേക്കുമെന്ന ഇന്‍റലിജന്‍സ്  വിവരത്തിന്‍റെ  അടിസ്ഥാനത്തിലാണ് ആ നടപടിയെന്നത് അടുക്കള രഹസ്യം.

"ഒരു തെരുവ് പട്ടിയെ ഏറ്റു വാങ്ങിക്കൊണ്ട്  വേണം ഉദ്ഘാടിക്കാനെന്നു കേട്ടപ്പോൾ പുള്ളിക്കാരന്‍റെ   ഞെട്ടലൊന്ന് കാണേണ്ടതാ. ഒടുക്കം ലീനേടെടെ വളർത്തു പട്ടിയാന്നും ഒരാഴ്ച പട്ടിണി കിടത്തി തെരുവ് പട്ടീടെ ലുക്ക് വരുത്തീതാനും പറഞ്ഞപ്പോൾ, എൻ്റെ റോസ്യേ, പുള്ളീടെ ഒരു ദീർഘനിശ്വാസമുണ്ട്. എനിക്ക് ചിരിയടക്കാൻ പറ്റിയില്ല. "

 ലീലാമ്മ പൊട്ടിച്ചിരിച്ചു. കോറസ്സായി മറ്റു സ്ത്രീജനങ്ങളും.

വേദിയിൽ പ്രസിഡൻറ്റിന്‍റെ  സ്വാഗതം പ്രസംഗമാണ്. കസേര അടുത്തേക്ക് നീക്കിയിട്ട്  ഉദ്ഘാടകന്‍റെ   ദേഹത്തേക്ക് അല്പം ചാഞ്ഞു കൊണ്ട് ലീലാമ്മ പറഞ്ഞു:

"സർ, അന്ന് ഞാൻ സംസാരിച്ച  മറ്റേ കാര്യമില്ലേ..."

"ഏതു കാര്യമാ മാഡം..?" 

ഒരുപാട് "മറ്റേ" കാര്യങ്ങൾക്കിടയിൽ ഏതാണെന്ന് ഐ.പി.എസ്സുകാരന് പിടികിട്ടിയില്ല.

"ആ ചേരിക്കാരുടെ...ഇങ്ങോട്ടു വരുമ്പോ സർ കണ്ടില്ലേ ഗേറ്റിനു പുറത്തെ ടെൻറ്റുകൾ...? എവിടുന്നോ വന്നു തമ്പടിച്ച കൂട്ടരാ...വണ്ടീലൊക്കെ വരുമ്പോ ഹോൺ അടിച്ചാ പോലും റോഡീന്നു മാറത്തില്ലാ. പിള്ളേരെയൊക്കെ പുറത്തേക്കു ഒറ്റക്ക് വിടാൻ തന്നെ പേടിയാ...ഇവിടുത്തെ റെസിഡന്‍റസിന്‍റെയൊക്കെ ഒപ്പു ശേഖരിച്ച് ഒരു ഡീറ്റൈൽഡ് മെമോറാണ്ടo റെഡി ആക്കിട്ടുണ്ട്. സാർ അതൊന്നു കൺസിടെർ ചെയ്ത് പെട്ടെന്നൊരു ആക്ഷൻ എടുക്കണം.പ്ലീസ്."

അയാളുടെ കൈക്കു  മീതെ ലീലാമ്മയുടെ വിരലുകളമർന്നു.

എന്നാല്‍, കഴിഞ്ഞയാഴ്ച്ച തെരുവ് പട്ടികൾ  കടിച്ചു കൊന്ന  പിഞ്ചു കുഞ്ഞിന്‍റെ   ശരീരവുമായി  സ്റ്റേഷൻ ഉപരോധിച്ച ചേരി നിവാസികളുടെ ചിത്രമായിരുന്നു അയാളുടെ മനസ്സ് നിറയെ.