Thursday 29 December 2016

ടോക്കണ്‍

പാസ്പോര്‍ട്ട്‌ സേവാകേന്ദ്രത്തിന്‍റെ എക്സിറ്റ് കൌണ്‍ടെറില്‍ നിന്നും "പാസ്പോര്‍ട്ട് ഗ്രാന്‍റഡ്" എന്നെഴുതിയ സ്ലിപ്പും കൈപ്പറ്റി പുറത്തു കടക്കുമ്പോള്‍ നേരം ഒരു മണി. വിശപ്പ്‌ അതിന്‍റെ പാരമ്യതയിലെത്തി നില്‍ക്കുന്നു. ഏറ്റവും അടുത്ത ഭക്ഷണശാലയായി  'ഗൂഗിള്‍'  പറഞ്ഞു തന്നിടത്തേക്ക് നടക്കുവാനുള്ള  ദൂരമേയുള്ളൂ എന്നു ഓട്ടോക്കാരന്‍  പറഞ്ഞെങ്കിലും അതെ ഓട്ടോയില്‍ തന്നെ ഞാന്‍ ഹോട്ടലിനു മുന്നില്‍  ചെന്നിറങ്ങി.

റോഡിലേക്ക് നീണ്ടു കിടന്ന ക്യൂ കണ്ടപ്പോള്‍ തന്നെ തല കറങ്ങി. പക്ഷെ  ഇനി മറ്റൊരിടം കണ്ടെത്താനുള്ള ത്രാണി  ഇല്ലാത്തതിനാല്‍  ഞാനാ വരിയുടെ അറ്റത്ത് ചെന്ന് നിന്നു. ഒടുവില്‍ വരി ചുരുങ്ങിച്ചുരുങ്ങി കൌണ്ടെറില്‍ എത്തിയപ്പോള്‍, ഏ.ടി.എം. കാര്‍ഡ്‌ സ്വൈപ് ചെയ്ത് ഞാന്‍ 'ക്യാഷ് ലെസ്സ് ഇക്കോണമിക്ക്'  ഐക്യദ്ധാര്‍ട്യം പ്രകടിപ്പിക്കുകയും ബാങ്കിന് നല്‍കേണ്ടി വരുന്ന സര്‍വീസ് ചാര്‍ജിനെ കുറിച്ചോര്‍ത്ത് കാഷ്യര്‍ മുഖം കറുപ്പിക്കുകയും ചെയ്തു.  ഓഫീസിനടുത്തുള്ള 'അന്നപൂര്‍ണ്ണയില്‍' നിന്നും ഒരാഴ്ച്ചത്തേക്ക്  ഉച്ചയൂണ് കഴിക്കാനുള്ള തുക കയ്യിലെ ടോക്കണില്‍ ഒരുമിച്ച്  കണ്ട എന്‍റെ  കണ്ണുകള്‍ തള്ളി.

പടികള്‍ കയറി ചെല്ലുന്ന ഹാളില്‍ നിറയെ ആളുകളാണ്. ഭക്ഷണ മുറിയുടെ വാതില്‍ക്കലൊരു ശുഭ്ര വസ്ത്രധാരി നില്‍പ്പുണ്ട്. അയാള്‍ തന്‍റെ കയ്യിലെ കടലാസ്സു നോക്കി വിളിക്കുന്ന ടോക്കണ്‍ നമ്പറുകളനുസരിച്ചാണ് അകത്തേക്ക് ആളുകളെ കയറ്റി വിടുന്നത്. നമ്പറിട്ട് കിട്ടാന്‍ കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച ടോക്കണുകളുമായി ശുഭ്ര വസ്ത്രധാരിക്ക്‌ ചുറ്റും  തിക്കിത്തിരക്കുന്ന ആള്‍ക്കൂട്ടത്തിലേക്ക് ഞാനും ചേര്‍ന്നു. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം '68' എന്നു എഴുതിക്കിട്ടിയ ടോക്കണുമായി ഹാളില്‍ നിരത്തിയിട്ടിരിക്കുന്ന ബെഞ്ചുകളില്‍ ഒന്നില്‍ ഒരിടം കണ്ടെത്തി.

ആളുകള്‍ വീണ്ടും വീണ്ടും വന്നു കൊണ്ടിരുന്നു. ചിലര്‍ വന്ന അതെ വേഗതയില്‍ ഇറങ്ങി പോകുന്നു. മറ്റു ചിലര്‍ ആ ശുഭ്ര വസ്ത്രധാരിയോട് കയര്‍ക്കുന്നുണ്ട്. എന്നാല്‍ ഭൂരിപക്ഷവും, അയാളെ പോലെ, കയ്യില്‍ ടോക്കണ്‍ ഉള്ളതിനാല്‍ അല്പം വൈകിയാലും ഭക്ഷണം കിട്ടുമല്ലോ എന്നോര്‍ത്ത് സമാധാനിച്ച്, സാമാന്യത്തിലധികം നീളമുള്ള ഒരു നെടുവീര്‍പ്പില്‍ എല്ലാ അക്ഷമയുമൊതുക്കി കാത്തിരുന്നു.

മൊബൈലില്‍ തുറന്നു വെച്ച ഫേസ്ബുക്ക് പേജിലൂടെ വിരലുകള്‍  അതിവേഗം ചലിച്ചു. അതിനിടയിലെവിടെയോ  യുദ്ധഭൂമിയായ സിറിയയില്‍  ഏതോ സന്നദ്ധ സംഘടന വിതരണം ചെയ്യുന്ന ഭക്ഷണ പൊതികള്‍ക്കായി ഉയര്‍ത്തിപ്പിടിച്ച കൈകളുമായി തിരക്ക് കൂട്ടുന്ന ഒരു ജനക്കൂട്ടത്തിന്‍റെ ചിത്രം ഞാന്‍ കണ്ടു. പക്ഷെ ആ ചിത്രത്തിലെ  കൈകളിലൊന്നും ടോക്കണുകളുണ്ടായിരുന്നില്ല. അതിനാലാവാം,  ഒരേ ഛായയുള്ള  ആ മുഖങ്ങളിലൊന്നും തന്നെ ദിവസങ്ങളായി സംഭരിച്ചു വെച്ച വിശപ്പിനെ ശമിപ്പിക്കാമെന്ന വ്യാമോഹവുമുണ്ടായിരുന്നില്ല.

ഊഴമനുസരിച്ച് അകത്തു കയറിയ എനിക്ക്‌ മുന്നില്‍ ഒന്നിലധികം പേര്‍ക്ക് കഴിക്കാനുള്ള വിഭവങ്ങള്‍ നിരത്തപ്പെട്ടു. ഒടുവില്‍, ഞാന്‍  വേണ്ടെന്നു പറയാഞ്ഞതും വിളമ്പുകാരന്‍ വേണമോയെന്ന് ചോദിക്കാതെ തന്നെ വിളമ്പിയതുമായ  വിഭവങ്ങളില്‍ മിക്കതും ബാക്കി വെച്ച് എണീറ്റു. അപ്പോഴും ടോക്കണില്ലാത്ത കൈയ്യുകള്‍ വായുവില്‍ ഉയര്‍ന്നു തന്നെ നിന്നു.



 

Saturday 24 December 2016

സമത്വം

ശനിയാഴ്ച്ച, ജോലി കഴിഞ്ഞു വീട്ടിലെത്തിയ അയാളെ വസ്ത്രം മാറ്റാന്‍ കൂടെ സമ്മതിക്കാതെ ഭാര്യ വലിച്ചു കൊണ്ട് പോയത് നഗര ഹൃദയത്തില്‍  സ്ഥിതി ചെയ്യുന്ന ടൌണ്‍ ഹാളിലേക്കാണ്. അവര്‍ കടന്നു ചെല്ലുമ്പോള്‍ വേദിയില്‍ മുഖ്യ പ്രഭാഷക  കത്തിക്കയറുകയാണ്. അവര്‍ക്കു പുറകിലായി വലിച്ചു കെട്ടിയ ഫ്ലെക്സില്‍ "വനിതാ ദിനം-സെമിനാര്‍" എന്നെഴുതിയത് വായിച്ച അയാള്‍ ഭാര്യയുടെ മുഖത്തേക്കൊന്നു പാളി നോക്കി.

"പൂച്ചക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം" എന്ന മട്ടിലുള്ള ആ നോട്ടത്തിനു മറുപടിയായി  "നിങ്ങളെ പോലുള്ളവരാ മനുഷനേ ഇതൊക്കെ കേക്കണ്ടത്"   എന്നും പറഞ്ഞ്  അവര്‍  അയാളുടെ കൈയും പിടിച്ച്‌ മുന്നോട്ടു നടന്നു. മടിച്ചു മടിച്ചുള്ള  ആ നടപ്പിനിടയില്‍,  സ്ത്രീ രത്നങ്ങള്‍ തിങ്ങി നിറഞ്ഞ സദസ്സിനിടയില്‍ തന്നെ പോലെ "പണി കിട്ടിയ" ചില പുരുഷ പ്രജകളെയും അയാള്‍ കണ്ടു.

"ഈ നാട്ടിലെ പുരുഷന്മാരോടെനിക്ക് ഒന്നേ പറയാനുള്ളൂ...ഞങ്ങള്‍ സ്ത്രീകള്‍ക്ക് നിങ്ങളുടെ യാതൊരു ഔദാര്യവും വേണ്ട. ഒരു വിധത്തിലുള്ള പ്രത്യേക പരിഗണനയും ഞങ്ങള്‍ക്കു ആവശ്യമില്ല....ഞങ്ങള്‍ നിങ്ങള്‍ക്കു താഴെയാണ് എന്നു വരുത്തിത്തീര്‍ക്കാന്‍ കാലാകാലങ്ങളായി നിങ്ങള്‍ നടത്തുന്ന കുത്സിത  ശ്രമങ്ങള്‍  ഞങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.
ഒന്ന് നിങ്ങള്‍ മനസിലാക്കി കൊള്ളുക. ഞങ്ങളും നിങ്ങളും തുല്യരാണ്...ഒന്ന് ഇരുത്തി  ചിന്തിച്ചാല്‍ നിങ്ങള്‍ക്കും  ഒരുപടി  മുകളിലാണ് ഞങ്ങളുടെ സ്ഥാനം.."

പൊതുവേ എക്കോ കൂടുതലുള്ള ഹാളിന്‍റെ വയസ്സന്‍ ചുവരുകള്‍ വളയിട്ട കരങ്ങള്‍ തീര്‍ക്കുന്ന ഘോഷത്താല്‍ കുലുങ്ങി വിറക്കുമ്പോള്‍ അയാള്‍ കീശയില്‍ നിന്നും തന്‍റെ മൊബൈല്‍ ഫോണ്‍ പുറത്തെടുത്തു.

'ടെക്ക്-സാവി' ആയ ഭാര്യക്ക് വിദേശത്തുള്ള മകന്‍ പുതിയ സ്മാര്‍ട്ട്‌ ഫോണ്‍ അയച്ചു കൊടുത്തപ്പോഴാണ്‌ അയാള്‍ ഒരു മൊബൈല്‍ ഫോണ്‍ ഉടമയായത്. ആ പഴയ നോക്കിയ ഫോണില്‍  കാള്‍ ചെയ്യാനും ടോര്‍ച്ച് കത്തിക്കാനും റേഡിയോ കേള്‍ക്കാനും 'പാമ്പ് ഇര പിടിക്കുന്ന' കളി കളിക്കാനും പഠിക്കുന്നതിനിടയില്‍ ലോകം   3Gയും കടന്നു 4G ആയ വിവരമൊന്നും  അയാളറിഞ്ഞിരുന്നില്ല.

സീതാ ദേവിയില്‍ തുടങ്ങിയ  മലാലയില്‍ എത്തി നില്‍ക്കുന്ന പ്രസംഗത്തിനൊപ്പം അയാളുടെ മൊബൈല്‍ പാമ്പിന്‍റെ നീളവും കൂടിക്കൂടി  വന്നു. ഒടുവില്‍ ചുവരില്‍ തലയിടിച്ചു  പാമ്പ് മരിച്ചതും  "വാ പോകാം"  എന്നും പറഞ്ഞു ഭാര്യ തോണ്ടി വിളിച്ചതും ഒരുമിച്ചായിരുന്നു.

ബസ്‌ സ്റ്റാന്‍ഡിലെത്തിയപ്പോള്‍ നാട്ടിലേക്കുള്ള ബസ്‌ പോകാന്‍ തയ്യാറായി കിടപ്പുണ്ട്.

"ഓ..അതില്‍ സീറ്റൊന്നുമില്ല. അടുത്തത് പത്ത്-പതിനഞ്ചു മിട്ടിനകം വരും... നമ്മുക്കതില്‍ പോകാന്നെ..."

എന്നും പറഞ്ഞു കൊണ്ട് അയാള്‍ സ്റ്റാന്‍ഡിലെ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് നടന്നു. അല്പമൊന്നു മടിച്ചെങ്കിലും പുറകെ  ഭാര്യയും. എന്നാല്‍ അര മണിക്കൂറോളം കഴിഞ്ഞ് അടുത്ത ബസ്‌ വന്നു നിന്നപ്പോഴാണ്  തന്‍റെ  അതെ പ്രതീക്ഷയില്‍ തന്നെയായിരുന്നു ചുറ്റും ഇരുന്നവരില്‍ ഭൂരിഭാഗവുമെന്ന്
അയാള്‍ക്ക് ബോധ്യപ്പെട്ടത്.

തിക്കിത്തിരക്കി കയറിയെങ്കിലും സീറ്റൊന്നും തരപ്പെടാതെ പരുങ്ങുമ്പോഴാണ് ഡ്രൈവറുടെ തൊട്ടു പിന്നിലെ സീറ്റിലിരുന്നു ഭാര്യ കൈ വീശി വിളിക്കുന്നത് അയാള്‍ കണ്ടത്. അവര്‍ അയാള്‍ക്കായി ഒരു സീറ്റ്‌പിടിച്ചിരുന്നു.

"ഞാനില്ലെങ്കിലിപ്പോ കാണായിരുന്നു...ഒരു നശിച്ച ബുദ്ധി...നേരത്തത്തെ ബസിനു പോയിരുന്നേലിപ്പോ വീടെത്തിയേനെ..."

ജാള്യത മറക്കാനായി അയാള്‍ മുഖം തിരിച്ച് പുറത്തേക്കു നോക്കിയിരുന്നു.

പതിയെ നീങ്ങിത്തുടങ്ങിയ ബസ്‌ പെട്ടെന്ന് നിന്നു. ഡോര്‍ തുറന്നു കയറി വരുന്ന മുഖ്യ പ്രഭാഷകയെ കണ്ട അയാള്‍ ഭാര്യയെ വിളിച്ചു കാണിച്ചു. സീറ്റിനരികെ വന്നു നിന്ന അവരോടു അയാളൊന്നു പുഞ്ചിരിച്ചെങ്കിലും രൂക്ഷമായൊരു നോട്ടമായിരുന്നു മറുപടി.

"നാണമില്ലേടോ....സ്ത്രീകളുടെ സീറ്റില്‍ കേറി ഞെളിഞ്ഞിരിക്ക്യാ. എന്നിട്ട് അവര് വരുമ്പോ എണീറ്റ്‌ കൊടുക്കാതെ ഒരുളുപ്പുലാതെ ഇളിക്ക്യേം ചെയ്യാ... എണീക്കെടോ..."

ബസ്‌ മുഴുവന്‍ കിടുക്കുന്ന ആ ശബ്ദപ്രവാഹത്തില്‍  അയാള്‍ തരിച്ചിരുന്നു പോയി. അവര്‍ക്കൊപ്പം ബസിലെ വര്‍ഗ്ഗബോധമില്ലാത്ത പുരുഷ കേസരികള്‍ കൂടി ചേര്‍ന്നപ്പോള്‍ അയാള്‍ക്ക്‌ ആ സീറ്റ്‌ ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു. കാരണം അയാളിരുന്ന സീറ്റ്‌  പുരുഷന്മാര്‍ക്ക് തുല്യരായ, അല്ലെങ്കില്‍ ഒരുപടി മുകളിലുള്ള,  സ്ത്രീകള്‍ക്കായി "സംവരണം" ചെയ്യപ്പെട്ടതായിരുന്നു.   











Monday 19 December 2016

സ്വാതന്ത്ര്യ ദിനം

റെയില്‍ പാളത്തിനു സമാന്തരമായി കിടക്കുന്ന ഒറ്റയടിപ്പാതയിലൂടെ സാമാന്യം വേഗതയിലാണ് അയാളുടെ നടപ്പ്. പാതയോരത്ത്, പുലര്‍ച്ചെ പെയ്ത മഴയുടെ ഓര്‍മ്മയും പേറി  കുതിര്‍ന്നു നില്‍ക്കുന്ന  പുല്ലുകള്‍ മടക്കിക്കുത്തിയ മുണ്ടിനു താഴെ നഗ്നമായ അയാളുടെ കാലുകളെ അലോസരപ്പെടുത്തി. ഇടയ്ക്കു കീശയില്‍ നിന്നും മൊബൈല്‍ ഉയര്‍ത്തി സമയം നോക്കിയ അയാള്‍ നടത്തത്തിന്‍റെ  വേഗത പിന്നെയും കൂട്ടി.

തിരക്കിട്ട് പാളം മുറിച്ചു കടക്കുന്നതിനിടയിലാണ് അയാള്‍ കാലുടക്കി കമിഴ്ന്നടിച്ചു വീണത്. കൂര്‍ത്ത കരിങ്കല്‍ കഷ്ണങ്ങളിലമര്‍ന്നു കാല്‍മുട്ടില്‍ ചോര കിനിയുന്നതയാളറിഞ്ഞു. ഒരു വിധത്തിലെഴുന്നേറ്റു വളരെ പ്രയാസപ്പെട്ടാണ് പാളത്തിലെ വിള്ളലില്‍ കുരുങ്ങിപ്പോയ ചെരുപ്പ് വലിച്ചെടുത്തത്. ആ വിള്ളലിന് സാമാന്യം വലിപ്പമുണ്ടായിരുന്നു. തിരികെ സ്റ്റേഷന്‍ വരെ ചെന്ന് ഈ വിവരം പറയാമെന്നു കരുതിയെങ്കിലും സമയത്തെക്കുറിച്ചുള്ള ബോധം അയാളെ പിന്തിരിപ്പിച്ചു. ചോരയൊലിക്കുന്ന കാലുകള്‍ വലിച്ചു വെച്ച് അയാള്‍ ധ്രിതിയില്‍ നടന്നു.

ഓഫീസിലേക്ക് തിരിയും മുന്‍പേ, എതിരെ ഓടിപ്പോയ ആള്‍ക്കൂട്ടത്തില്‍ നിന്നും പാളം തെറ്റിയ തീവണ്ടിയെ പറ്റി അയാളറിഞ്ഞിരുന്നു.

പാറിപ്പറക്കുന്ന പതാകയുടെ മുന്നില്‍, സമയം തെറ്റാതെ പതാകയുയർത്താൻ സാധിച്ചതിലുള്ള കൃതാർത്ഥതയോടെ, അയാള്‍ അറ്റെന്‍ഷനില്‍ നിന്നു. നിറഞ്ഞു പെയ്ത ദേശീയബോധം അയാള്‍ക്കുള്ളിലെ കുറ്റബോധത്തിന്‍റെ  കറ കഴുകി കളഞ്ഞു.  റെയിൽ പാളത്തിൽ നിന്നുമുയരുന്ന രോദനങ്ങളെ മുക്കിക്കളഞ്ഞു കൊണ്ട്  അയാളുടെ കീശയിലെ ചൈന മൊബൈല്‍ ഉറക്കെയുറക്കെ ഇന്ത്യൻ ദേശീയ ഗാനം പാടിക്കൊണ്ടിരുന്നു.



     

Saturday 29 October 2016

അവയവദാനം

ഒന്ന്
------
ആശുപത്രിക്കിടക്കയിൽ തനിച്ചാക്കി പോന്ന മകനെ കുറിച്ചായിരുന്നു ആ നീണ്ട ബസ് യാത്രയിൽ മുഴുവൻ യൂസഫിന്റെ ചിന്ത. അവസാന സ്റ്റോപ്പായ ആശുപത്രിപ്പടിയിൽ ബസ് ചെന്ന് നിൽക്കുമ്പോഴും ചിന്തകളുടെ മുൾപ്പടർപ്പിനുള്ളിൽ നിന്നും അയാൾ പുറത്ത് കടന്നിരുന്നില്ല. അത് കൊണ്ടാണ്, പല്ലുകൾക്കിടയിൽ പെട്ട തെറി വാക്കുകൾ കടിച്ചു പൊട്ടിച്ചു കൊണ്ട്, കണ്ടക്ടർക്ക് അയാളെ ചെന്ന് തട്ടിയുണർത്തേണ്ടി വന്നത്.

ബസിൽ നിന്നിറങ്ങി തല നിവർത്തിയത് ആശുപത്രിയുടെ പഴകി ദ്രവിച്ച ബോർഡിലേക്കാണ്. "ആദിവാസികൾക്കായി കേന്ദ്ര ഫണ്ടുപയോഗിച്ച് നിർമ്മിച്ച കെട്ടിടം" എന്ന കറുത്ത അക്ഷരങ്ങൾ മാഞ്ഞും തെളിഞ്ഞും നിരന്ന മഞ്ഞ ബോർഡിന് താഴെ തറയിൽ ചിലർ ഇരിക്കുന്നുണ്ട്. സിമന്റ് തേപ്പിളകി  ചെങ്കല്ലുകൾ വെളിപ്പെട്ട ചുവരും മേൽക്കൂരയിലെ തുരുമ്പെടുത്ത തകര ഷീറ്റും കെട്ടിടത്തിന്റെ പ്രായാധിക്യം വിളിച്ചോതുന്നുണ്ട്. കുന്നിൻ മുകളിലുള്ള ഒരു  കാട്ടുപ്രദേശമായിരുന്നു അത്. കാടിനകത്തേക്ക്  'റ' ആകൃതിയിൽ നിരപ്പാക്കിയെടുത്ത സ്ഥലത്ത് നില കൊള്ളുന്ന ആശുപത്രി കെട്ടിടത്തിന് നേരെ യൂസഫ് നടന്നു.

അടഞ്ഞു കിടക്കുന്ന വാതിലിന് മുന്നിൽ തറയിൽ ഇരിക്കുന്നവർ ചുമ്മാ തുറിച്ച് നോക്കിയതല്ലാതെ അയാളോടൊന്നും ചോദിച്ചില്ല. എന്തിന്, അവർ തമ്മിൽ  വല്ലതും സംസാരിക്കുന്നുണ്ടോ എന്ന് പോലും സംശയമാണ്. കാറ്റത്ത് തകര ഷീറ്റുകളടിച്ചുണ്ടാകുന്ന കടകട ശബ്ദം മാത്രമേ  തിങ്ങിക്കിടന്ന നിശ്ശബ്ദതയെ ഇടക്കെങ്കിലും അലോസരപ്പെടുത്തുന്നുള്ളു. തിളച്ചു മറിയുന്ന നഗര ബഹളങ്ങളിൽ ഊളിയിട്ട് പഴകിയ അയാൾക്ക് ആ ശാന്തതയുമായി പൊരുത്തപ്പെടാൻ ചെറുതല്ലാത്ത പ്രയാസമനുഭവപ്പെടുന്നുണ്ട്.

നിലത്തിരിക്കുന്നവരുടെ കണ്ണുകൾ തന്റെ മേൽ നിന്നും  മാറിയിട്ടില്ലെന്ന് യൂസഫിന് മനസിലായി. അവരുടെ നോട്ടം മുഴുവൻ തന്റെ വസ്ത്രത്തിലേക്കാണെന്ന തോന്നലിൽ അയാളൊന്നു ചൂളി. അത്ര മികച്ച വസ്ത്രങ്ങളൊന്നുമല്ല അയാൾ ധരിച്ചിരുന്നത്. എന്നാൽ അവരുടെ പഴകി മുഷിഞ്ഞ വസ്ത്രങ്ങളേക്കാൾ എത്രയോ മടങ്ങ് മെച്ചമാണെന്നതിൽ സംശയമില്ല. നഗരത്തിരക്കുകളിലൂടെ നിർബാധമൊഴുകാറുള്ള  വില കൂടിയ വസ്ത്രങ്ങളുടെ മിനുപ്പുകളിലേക്ക് നിയന്ത്രണം വിട്ട് നീളാറുള്ള തന്റെ കണ്ണുകളെ പറ്റി പെട്ടെന്നയാൾ ഓർത്തു. വർധിച്ച അസ്വസ്ഥതയും പേറി എതിർവശത്തെ മാടക്കട ലക്ഷ്യമാക്കി അയാൾ പതിയെ നടന്നു.

കടയോട് ചേർന്ന് വലിച്ചു കെട്ടിയ ഫ്ലക്സിനടിയിലെ മരബെഞ്ചിൽ യൂസഫ് ചെന്നിരുന്നു. ചില്ല് ഗ്ലാസിൽ കിട്ടിയ ചായ തണുത്ത കയ്യിൽ ഇളം ചൂട് പകരുന്നുണ്ട്. ആവി പറക്കുന്ന ചായ മൊത്തി കുടിക്കുമ്പോഴാണ് കടയുടെ മൂലയിൽ കൂനിക്കൂടിയിരിക്കുന്ന പയ്യൻ അയാളുടെ കണ്ണിൽപ്പെട്ടത്. ഈർപ്പമകന്ന ചകിരി കണക്കെയുള്ള ചപ്രശ്ശ മുടി, എല്ലുന്തിയ മുഖത്തെ ഒട്ടിയ കവിളുകൾ, മേൽച്ചുണ്ടിൽ മീശയെന്ന് വിളിക്കാനാകാതെ ചിതറി കിടക്കുന്ന  രോമങ്ങൾക്ക് താഴെ മുന്നോട്ട് തള്ളി നിൽക്കുന്ന കറ പിടിച്ച പല്ലുകൾ, മുഷിഞ്ഞു നാറി ഒറ്റ നിറമായ ഷർട്ടും മുണ്ടും - ഒരു പട്ടിണിക്കോലത്തിന് വേണ്ട സർവ്വ ലക്ഷണങ്ങളും തികഞ്ഞിട്ടുണ്ട്. ചൂട് വമിക്കുന്ന സമോവറിനരികിൽ മെല്ലിച്ച കൈകൾ പിണച്ച് ഇരു തോളിലും പിടിച്ച്   കൂനിക്കൂടി ഇരിക്കുന്ന അവന്റെ കുണ്ടിൽ പോയ കണ്ണുകൾ അകലെയെവിടെയോ തറച്ച് വെച്ചിരിക്കുകയാണ്.

"ഇവിടെ ആരെ കാണാനായിരുന്നു?"

കടക്കാരന്റെ ചോദ്യം കേട്ടാണ് യൂസഫ് പയ്യനിൽ നിന്നും നോട്ടം പറിച്ചെടുത്തത്.

പുതിയ ചാലുകൾ എത്ര വന്നടിഞ്ഞാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന സമുദ്രമാണ് നഗരമെങ്കിൽ, ഗ്രാമങ്ങളിൽ സ്ഥിതി വ്യത്യസ്തമാണ്. ഒരു പുറം നാട്ടുകാരൻ  ഗ്രാമീണനിലുണ്ടാക്കുന്ന സ്വാഭാവികമായ ജിജ്ഞാസയാണ് കടക്കാരന്റേത്. വർഗ്ഗീസ് ഡോക്ടർ പറഞ്ഞ പ്രകാരം അദ്ദേഹത്തെ കാണാൻ വന്നതാണെന്ന വിവരം അയാളെ തൃപ്തിപ്പെടുത്തിയിരിക്കണം. നഗരത്തിലെ ആശുപത്രി തിരക്കുകൾക്കിടയിലും ആഴ്ച്ചയിലൊരിക്കൽ കാട് കയറി വന്ന് രോഗികളെ കാണുന്ന ഡോക്ടറുടെ നല്ല മനസ്സിനെ പറ്റി അയാൾ വാചാലനായി. കൂടിയ രോഗമുള്ളവരെ നഗരത്തിലെ ആശുപത്രിയിൽ കൊണ്ട് പോയി പോലും ഡോക്ടർ ചികിത്സിക്കുന്നുണ്ടത്രേ; അതും തികച്ചും സൗജന്യമായി.

പെട്ടെന്നാണ് വികൃതമായ ശബ്ദത്തിൽ കൂകി വിളിച്ച്  കൊണ്ട്  ആ പയ്യൻ കാട്ടിലേക്ക് ഓടിക്കയറിയത്. ആശുപത്രിക്ക് മുന്നിലിരുന്നവരിൽ ഒന്ന് രണ്ട് പേർ അവന് പുറകെയോടി. മറ്റുള്ളവരാകട്ടെ യാതൊന്നും സംഭവിച്ചില്ലെന്ന മട്ടിൽ ആ ഇരിപ്പ് തുടർന്നു.

"ഓനങ്ങനാ സാറേ"

ഇടക്ക് മുറിഞ്ഞ് പോയ സംസാരം കടക്കാരൻ വീണ്ടെടുത്തു.

"എന്തോ കൂടിയ സൂക്കേടായിനു. ടൗണിലെ ഡോക്ടറ്ടെ ആസ്പത്രില് എത്ര കെടന്നിട്ടാ ഉയിര് ബാക്കി കിട്ട്യേന്നറിയോ ഇങ്ങക്ക്.... ഇന്ന്ട്ടും ഒറ്റ പൈസ മൂപ്പര് വാങ്ങീട്ട്ലാ."

യൂസഫിന്റെ ചിന്ത വീണ്ടും മകനിലെത്തി. നഗരത്തിലെ ആശുപത്രിയിൽ കിടക്കുന്ന മകന്റെ രോഗ വിവരം പറയാനായി ഇത്രയുമകലേക്ക് വരാൻ ഡോക്ടർ പറഞ്ഞതെന്തിനാവും? ഡോക്ടറുടെ വലിയ കറുത്ത കാറ് മുന്നിൽ വന്ന് നിർത്തുമ്പോഴും എത്തും പിടിയുമില്ലാത്ത പല ചിന്തകളിലായിരുന്നു അയാൾ.

"ആ...യൂസഫ്....നേരത്തെയെത്തിയോ? അകത്തേക്ക് വരൂ "

തോളിൽ തട്ടിയാണ് ഡോക്ടർ വിളിക്കുന്നത്. യൂസഫ് ഡോക്ടർക്ക് പുറകെ നടന്നു. കാത്തിരുന്നു മുഷിഞ്ഞ കണ്ണുകൾ ബഹുമാനം നിറച്ച് അവരെ പിന്തുടർന്നു.

രണ്ട്
-------
ഡോക്ടറുടെ മുറിയിൽ നിന്നുമിറങ്ങിയ യൂസഫിന് തല തിരിയുന്നത്  പോലെ തോന്നി. വേച്ചുവേച്ച് ജനലിനോട് ചേർത്തിട്ടിരിക്കുന്ന മര ബെഞ്ചിൽ ചെന്നിരുന്നു. അറുപത് വാട്ട് ബൾബിന്റെ അരണ്ട മഞ്ഞ വെട്ടം വരാന്തയിൽ ഒഴുകിപ്പരക്കുന്നു. ജനലഴികളിൽ മുഖം ചേർത്ത് പുറത്തെ ഇരുട്ടിലേക്ക് നോക്കി അയാളിരുന്നു. ഏതോ ഗുഹയിൽ നിന്നെന്ന പോലെ ഡോക്ടറുടെ ശബ്ദം വീണ്ടും വീണ്ടും ചെവിയിൽ മുഴങ്ങുന്നു. എത്ര നേരമങ്ങനെ ഇരുന്നു എന്നറിയില്ല. നിശബ്ദതയെ ചവിട്ടി മെതിക്കുന്ന ബൂട്ടിന്റെ കനത്ത ശബ്ദം തൊട്ടരികിലെത്തിയിട്ടും അയാൾ മുഖമുയർത്തിയില്ല. 

"യൂസഫല്ലേ....?"

കലങ്ങിയ കണ്ണുകൾ ഇടം കൈയാൽ തുടച്ച്  എണീക്കാൻ തുടങ്ങിയ യൂസഫിനെ തടഞ്ഞു കൊണ്ട് വന്നയാൾ ബെഞ്ചിലിരുന്നു.

"ഞാൻ ബാബു...ഇവിടുത്തെ വർഗീസ്  ഡോക്ടറുടെ സുഹൃത്താണ്. നിങ്ങടെ മോന്‍റെ കാര്യമെല്ലാം  ഡോക്ടറെന്നോട് പറഞ്ഞിട്ടുണ്ട്. ഒന്ന് കാണാൻ വേണ്ടിയാ ഞാനിപ്പോൾ വന്നത്. "

യൂസഫ് ഒന്ന് മുരടനക്കി; അത്ര മാത്രം.

"കുട്ടിയുടെ അവസ്ഥ എത്രത്തോളം  മോശമാണെന്ന് ഡോക്ടർ പറഞ്ഞില്ലേ?"

തനിക്ക് നേരെ ഉയർന്ന ആ കണ്ണുകളിലെ തിരയിളക്കം ബാബു പ്രതീക്ഷിച്ചതാണ്.

"പറഞ്ഞിക്കണ് സാറേ...മൂപ്പരെന്തെല്ലോ പറഞ്ഞിക്കണ്. ഓപ്പരേശൻ ഇനീം വെച്ച് താമസിച്ചാൽ ഇന്റെ പൊന്നു മോനെ ഇനിക്ക് തിരികെ കിട്ടൂലാന്നൊക്കെ..."

വാക്കുകൾ മുഴുമിപ്പിക്കാനാകാതെ യൂസഫ് പൊട്ടിപ്പൊട്ടിക്കരഞ്ഞു.

"ഏ...എന്തായിത് യൂസഫ്...നിങ്ങളിങ്ങനെ കൊച്ചു കുട്ടികളെ പോലെ കരയാതെ. നമ്മുക്ക് പരിഹാരമുണ്ടാക്കാം. അതിനല്ലേ ഞങ്ങളൊക്കെ ഇവിടെ"

ബാബുവിന്റെ കൈപ്പത്തി അയാളുടെ തോളിലമർന്നു.

"ഇങ്ങക്കറിയോ സാറേ, ഓൻ പെറന്നത് തന്നെ നെഞ്ചിലീ തൊളേങ്കാെണ്ടാ. ശ്വാസം കിട്ടാണ്ടെ ഓൻ പെടാപ്പാട് പെടണതെമ്പാടും ഞമ്മള് കണ്ടിക്കണ്. കുട്ട്യോൾടൊപ്പരം കളിക്കാനും സ്കൂളില് പൂവാനും പറ്റാണ്ടെ ഓൻ  വെശ്മിക്കുമ്പോയൊക്കെ  വല്തായാ ഒക്കെ ശെര്യാവുന്ന്  ഒറപ്പ് പറഞ്ഞോനാ ഞമ്മള്. പച്ചേങ്കില് അന്നൊന്നും  ഇത്രക്കും വല്യ കൊയ്പ്പണ്ട്ന്ന്  പടച്ചോനാണെ  ഞമ്മക്കറീലാർന്നു. ഓനെന്തേലും പറ്റൂന്നൊക്കെ  കേട്ടാ സഹിക്കാൻ കയ്യൂല സാറേ"

സർവ്വ നിയന്ത്രണവുമറ്റ് നിറഞ്ഞ് തുളുമ്പുന്ന കണ്ണുകൾ ഒളിപ്പിക്കാനായി അയാൾ ഇരുകൈകൾ ചേർത്ത്  മുഖം പൊത്തി.

"അതിനെന്താ യൂസഫെ. ഈ ഓപ്പറേഷൻ ഇപ്പൊ കഴിഞ്ഞാപ്പിന്നെ പേടിക്കാനൊന്നുമില്ലെന്നേ. നിങ്ങള് പറഞ്ഞ കണക്ക് മോന് കളിക്കാനും സ്കൂളിൽ പോവാനുമൊക്കെ പറ്റും. ഡോക്ടറു പറഞ്ഞില്ലേ  അതൊക്കെ? ഛെ...നിങ്ങളിങ്ങനെ കരയാതെ" 

തോളിൽ വെച്ച കൈ കൊണ്ട് അയാൾ യൂസഫിന്റെ പുറത്ത് പതിയെ തട്ടി.

 "മൂപ്പരെല്ലാം പറഞ്ഞിക്ക് സാറേ...പച്ചേങ്കില് ഓനിക്ക് പറ്റിയ ഒരു ഹൃദയം കിട്ടാനും  അത് വെച്ച്  പിടിപ്പിക്കാനുമൊക്കെപ്പാടും  കൂടി  ഒരു മുപ്പത് ലച്ചെങ്കിലും ആവൂല്ലേ. അങ്ങാടി ചുമടെടുക്കണോനാ സാറേ ഞമ്മള്. ഇന്നെ  കൊണ്ടത്തറയൊന്നും കൂട്ട്യാ കൂടൂല്ല."

"അപ്പോ പിന്നെ എന്ത് ചെയ്യാനാ താൻ ഉദ്ദേശിച്ചിരിക്കുന്നേ?? മോൻ അങ്ങ് മരിച്ചു പൊക്കോട്ടേന്നാണോ? "

കൈ പിൻവലിച്ചു കൊണ്ട് ബാബു  ശബ്ദമുയർത്തി.

"ഇന്റള്ളോ...അങ്ങനൊന്നും പറയല്ല സാറേ. ഇത്തറ കാലം ഓനെ ചികിൽസിച്ചെന്റെ കടം തന്നെ വീട്ടി കയിഞ്ഞിക്കില്ല. ഇനി ചോയ്ക്കാൻ പരിചയത്തിലൊരാളും ബാക്കീല്ല. ബന്ധക്കാരും കൂട്ടാരന്മാരൊക്കെ ഇന്നേ പോലെ തന്നെ  പ്രാരാബ്ധക്കാരാ. വേറെ വയിയൊന്നുല്ല സാറേ മുന്നില്...അതാ..."

തികട്ടി വന്ന കരച്ചിലിൽ അയാളുടെ ശബ്ദം മുറിഞ്ഞു.

"ഒന്ന് ഞമ്മളൊറപ്പിച്ചിക്ക്; ഓനെ ചാവാൻ വിട്ടിട്ട് ഞമ്മള് ഉയിരോടുണ്ടാവൂല...."

അയാൾ ഏങ്ങലടിച്ചു.

"പോയങ്ങു മരിച്ചു കളഞ്ഞാൽ നിങ്ങള്  രക്ഷപ്പെടും...നിങ്ങടെ മോനോ? അതോർത്തിട്ടുണ്ടോ?"

"പിന്നെ ഞമ്മളെന്താ സാറേ കാട്ടണ്ടെ ?  ഓനെ പെറ്റിട്ടിട്ട് പോയതാ ഓന്റുമ്മ. ഇനി ഓന്റെ മയ്യത്തും കൂടെ ഇന്നെക്കൊണ്ട് ചൊമക്കാനാവൂല..ചത്താളും സാറേ. അതൊറപ്പിച്ചതാ ഞമ്മള്"

അടക്കിപിടിച്ച കരച്ചിൽ ഒരു വികൃത ശബ്ദത്തോടെ അയാളിൽ നിന്നും പുറത്തേക്കൊഴുകി.

"യൂസഫ്....."

തലകുനിച്ചിരുന്ന് ഏങ്ങലടിക്കുന്ന അയാളെ ബാബു ചേർത്ത് പിടിച്ചു.

"മോനെ രക്ഷപ്പെടുത്താൻ നിങ്ങൾക്കു ചെയ്യാനാവുന്ന ഒരു കാര്യം ഞാൻ പറയാം....''

യൂസഫിന്റെ കലങ്ങിയ കണ്ണുകളിൽ പെട്ടെന്ന് ഒരു  തിളക്കം മിന്നി മറഞ്ഞു.

"ഏതായാലും നിങ്ങൾ മരിക്കാൻ തീരുമാനിച്ചു. എന്നാ പിന്നെ അത് കൊണ്ട് അവന്റെ ജീവനും ജീവിതവും രക്ഷപ്പെടുമെങ്കിൽ അതല്ലേടോ നല്ലത്?"

യൂസഫിന്റെ  വിടരുന്ന കണ്ണുകളിൽ നോക്കി കൊണ്ട് ബാബു തുടർന്നു -

"നിങ്ങളുടെ മകനെ പോലെ പല അവയവങ്ങൾക്കുമായി കാത്തു കിടക്കുന്ന ഒരുപാട് പേരുണ്ട്. ഈ ആരോഗ്യമുള്ള ശരീരത്തിലെ ഓരോ അവയവത്തിനും അതിൽ  പലർക്കും ഒരു പുതു ജീവൻ നൽകാനാകും."

യൂസഫിന്റെ ഉറച്ച ശരീരത്തിൽ വിരലൂന്നിയാണ് അയാളത് പറഞ്ഞത്.

"ഇങ്ങള്  പറയുന്നെ ഇനിക്ക് തിരിയണില്ല സാറേ"

"അതായത് യൂസഫെ...നിങ്ങൾ ഏതായാലും മരിക്കാൻ തീരുമാനിച്ചു. ഞാൻ നേരത്തെ പറഞ്ഞ പോലെ നിങ്ങളുടെ അവയവങ്ങൾ ആവശ്യമുള്ള, അതിനായി കാശെത്ര വേണമെങ്കിലും ചിലവാക്കാൻ   തയ്യാറുള്ള ഒരുപാട് പേര് എന്റെ കസ്റ്റഡിയിലുണ്ട്. അവർ തരുന്ന കാശ് കൊണ്ട് മകന്റെ ഹൃദയം മാറ്റിവെക്കും. ശസ്ത്രക്രിയ കഴിഞ്ഞാലും ശിഷ്ട കാലം ജീവിക്കാനുള്ള ഒരു തുക അവന്റെ പേരിൽ ബാങ്കിലുണ്ടാവുകയും ചെയ്യും."

പറഞ്ഞു നിർത്തി  ബാബു പതുക്കെയെണീറ്റു.

"ആ പിന്നെ...ചുമ്മാ പോയങ്ങു മരിച്ചു കളഞ്ഞാൽ ഇതൊന്നും നടക്കില്ല കേട്ടോ.  ഞങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ, "മസ്തിഷ്ക മരണം" സംഭവിച്ച ഒരാളുടെ അവയവങ്ങൾ മാത്രമേ മറ്റൊരാൾക്ക് മാറ്റി വെക്കാൻ പറ്റൂ. ആഹ്... അക്കാര്യങ്ങളൊക്കെ നിങ്ങളെനിക്ക് വിട്ടേക്ക്. എന്താ  വേണ്ടതെന്നു നന്നായി ആലോചിച്ച് ഒരു തീരുമാനം പറഞ്ഞാൽ  മതി. പിന്നൊരു കാര്യം. ഇപ്പറഞ്ഞതൊന്നും മൂന്നാമതൊരാൾ അറിയരുത് കേട്ടോ. പറഞ്ഞേക്കാം...."

നന്നായി ചിരിച്ച്, യൂസഫിന്റെ തോളിലൊന്ന്  തട്ടി, അയാൾ നടന്നകന്നു.

യൂസഫിന് തന്റെ കണ്ണുകളിൽ ഇരുട്ട് പടരുന്നതായി തോന്നി. ആ ഇരുട്ടിൽ  ആളുകൾ ചുമന്നു കൊണ്ട് പോകുന്ന ഒരു മയ്യത്തു കട്ടിലും കൂട്ടുകാർക്കൊപ്പം  ഉത്സാഹത്തോടെ സ്കൂളിലേക്ക് പോകുന്ന  മകനെയും അയാൾ കണ്ടു. അപ്പോൾ അയാളുടെ വരണ്ട ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർന്നു.

മൂന്ന്
-------
ആദിവാസിക്കോളനി കേന്ദ്രീകരിച്ച് അവയവക്കച്ചവടം നടത്തുന്ന പ്രമുഖ ഡോകടർ അറസ്റ്റിലായ വാർത്തയുമായാണ് നാട്ടിലെ പത്രങ്ങൾ അന്ന് പുറത്തിറങ്ങിയത്. അന്നേ ദിവസത്തെ ഒരു പ്രമുഖ ദിനപത്രത്തിന്റെ "നല്ല വാർത്ത" പേജിൽ മറ്റൊരു വാർത്തയുണ്ടായിരുന്നു - അപകടത്തിൽ മരണപ്പെട്ട മകന്റെ ഹൃദയം ദാനം ചെയ്യാൻ സന്മനസ്സു കാട്ടിയ മാതാപിതാക്കളെയും  സഹപ്രവർത്തകന്റെ മകന്റെ ചികിത്സക്കായി ലക്ഷങ്ങൾ സമാഹരിക്കാൻ മുൻകൈയ്യെടുത്ത ചുമട്ടു തൊഴിലാളികളുടെയും അവർക്കൊപ്പം നിന്ന ഒരു നാടിനേയും കുറിച്ചുള്ള ആ വാർത്തക്കൊപ്പം മകനെ കെട്ടിപ്പിടിച്ചു നിൽക്കുന്ന യൂസഫിന്റെ പുഞ്ചിരിക്കുന്ന ഫോട്ടോയുമുണ്ടായിരുന്നു.

Monday 12 September 2016

ഓണപ്പൊട്ടൻ

"അമ്മേ... ദാ മാവേലി വര്ണൂ..."         
   
അപ്പൂ ഓടി അടുക്കളയിലെത്തി. മണിക്കിലുക്കം കേട്ടൂത്രേ. സീമ ഉമ്മറത്തേക്ക് ചെന്നു. ശരിയാണ് കിലുക്കം കേൾക്കാനുണ്ട്.

കാലത്തെണീറ്റ് താനൊരുക്കിയ പൂക്കളത്തിന്റെ ഭംഗി ഒന്നൂടെ ആസ്വദിക്കാനാണ് അവൾ മുറ്റത്തേക്കൊന്ന് പാളി നോക്കിയത്. ഉള്ളിൽ നിന്നുയർന്ന  ആർത്തനാദം തൊണ്ടയിൽ കുരുങ്ങി. അപ്പുവിന്റെ കരവിരുതിനാൽ അതൊരു "പൂക്കൊളം" ആയിട്ടുണ്ട്. ചെക്കനെ പിടിച്ച് രണ്ട് പെടക്കാനാണ് ആദ്യം തോന്നിയതെങ്കിലും നല്ലൊരു ദിവസമായിട്ടത് വേണ്ടെന്ന് വെച്ചു.

 "സീമേ... ആ നാഴീം വിളക്കും ഉമ്മറത്തേക്കെടുത്ത് വെച്ചോളൂ"

ഐശ്വര്യവുമായി വന്നു കയറുന്ന മാവേലി കണ്ടാൽ മോശമല്ലേയെന്നും കരുതി പൂക്കളം ഒന്ന് മോടി പിടിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് അകത്ത് നിന്നും അമ്മ വിളിച്ചു പറഞ്ഞത്.

വിളക്കു കത്തിച്ച് നാഴിയിൽ അരി നിറച്ച് ഉമ്മറത്ത് കൊണ്ട് പോയി വെക്കുമ്പോഴേക്കും മണികിലുക്കം പടിക്കലെത്തിയിരുന്നു. മാവേലി മന്നന് ദക്ഷിണയായി നൽകാൻ പത്ത് രൂപ നോട്ട് മുത്തശ്ശി അപ്പുവിന്റെ കൈയ്യിൽ തിരുകി കൊടുത്തു. പടികൾക്കു മീതെ ഉയർന്നു വരുന്ന ഓലക്കുട പ്രതീക്ഷിച്ചു നിന്ന അവർക്കു മുന്നിൽ ഒരു വടിയുടെ അറ്റം തെളിഞ്ഞു വന്നു.

" അക്കാ.... പഞ്ഞി മിഠായി വേണമാ? 
പത്ത് റൂപാക്ക് റണ്ട് പേക്ക്"      

പഞ്ഞി മിഠായി പാക്കറ്റുകൾ നിറഞ്ഞ വടിയുമായി കറുത്ത് മെല്ലിച്ചൊരു പയ്യൻ.

" വേണമാ തമ്പീ....?"     

കയ്യിലെ മണി കിലുക്കി കൊണ്ടുള്ള ചോദ്യം അപ്പുവിനോടാണ്. മുത്തശ്ശിയുടെ വേഷ്ടിത്തുമ്പ് കടിച്ചും കൊണ്ട് "ഓണപ്പൊട്ടനാ"യുള്ള അപ്പുവിന്റെ നിൽപ് കണ്ടപ്പോ സീമക്ക് ചിരി പൊട്ടി.

ഏതായാലും മാവേലിക്ക് നൽകാനിരുന്ന അരിയും കാശും കൊടുത്താണ് പയ്യനെ അവർ പറഞ്ഞു വിട്ടത്.

"നാടും വീടും സ്വത്തുമൊക്കെ ഇട്ടിട്ടു പോയ മാബലിക്കെവിടുന്നാ കിരീടോം ചെങ്കോലും? ഇത് പോലെ വല്ല രൂപത്തിലാവും മൂപ്പർടെ നടപ്പ്"

പടികളിറങ്ങുന്ന പയ്യനെ നോക്കി ഇങ്ങനെ പറഞ്ഞു കൊണ്ട് മുത്തശ്ശി അകത്തേക്ക് നടന്നു. പിറകിൽ വിളക്കും നാഴിയുമായി സീമയും പഞ്ഞി മിഠായി നുണഞ്ഞു കൊണ്ട് അപ്പുവും.

Thursday 25 August 2016

വർഗ്ഗസ്നേഹം

സ്വതേ ഉയർന്ന (കഴിഞ്ഞ അസോസിയേഷൻ ഇലക്ഷനിൽ അഡ്വ: ലളിതശ്രീയോടേറ്റ അപ്രതീക്ഷിത പരാജയത്തിനു ശേഷം അല്പം കുനിഞ്ഞ) ശിരസ്സ് ഒന്ന് കൂടി ഉയർത്തി പിടിച്ചാണ് ശ്രീമതി ലീലാമ്മ ഫ്രാൻസിസിന്‍റെ  നടപ്പ്. അതിനു തക്കതായ കാരണവുമുണ്ട്. അവരൊരാളുടെ "മിടുക്ക്‌" കൊണ്ടാണ് അസോസിയേഷന്‍റെ   ഇത്തവണത്തെ പരിസ്ഥിതി ദിനാചരണത്തിന് മുഖ്യാതിഥിയായി ജില്ലാ പോലീസ് മേധാവിയായ യുവ ഐ.പി.എസ്സുകാരനെ തന്നെ കിട്ടിയത്.

താൻ മാനേജരായ ബ്രാഞ്ചിലെ കസ്‌റ്റമറാണെന്ന ഒറ്റ ധൈര്യത്തിലാണ് ഇക്കാര്യം പറഞ്ഞു കൊണ്ട് അങ്ങേരെ ചെന്ന് മുട്ടിയത്. ഔദ്യോഗിക തിരക്കും മറ്റും പറഞ്ഞു ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും, ദിവസങ്ങളോളം അസമയത്തോളം നീളുന്ന "വാട്സാപ്പ് ചാറ്റ്"  യജ്ഞത്തിലൂടെ അത്തരം തിരക്കുകളൊക്കെ മാറ്റിവെപ്പിക്കാൻ ലീലാമ്മക്കു സാധിച്ചു.

"ആ കമ്പും കുറ്റീമൊക്കെ പറിച്ചു കളഞ്ഞേച്ച് അവിടേം കൂടെ കസേര നിരത്തിയേര്" 

കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ നട്ട "വൃക്ഷ തൈകളെ" ചൂണ്ടിയാണ് ലീലാമ്മ പറയുന്നത്.

ഇത്തവണ ഏതായാലും ദിനാചരണത്തോടനുബന്ധിച്ച് കാലിക പ്രസക്തിയുള്ള ഒരു പരിപാടിയാണ് അവർ തീരുമാനിച്ചത്- "തെരുവ് നായ്ക്കളെ കൊന്നൊടുക്കുന്നതിനും വന്ധ്യംകരണമുൾപ്പെടെ നടത്തി പീഢിപ്പിക്കുന്നതിനുമെതിരെ ഒരു പ്രതിഷേധ കൂട്ടായ്മ"

ലീലാമ്മയുടെ മറ്റെല്ലാ നിർദ്ദേശങ്ങളെയും പ്രസിഡൻ്റിന്‍റെ  വീറ്റോ പവർ ഉപയോഗിച്ച് നിർദാക്ഷിണ്യം തള്ളിക്കളഞ്ഞെങ്കിലും ഈ നിർദ്ദേശത്തിന് ലളിതശ്രീയും സമ്മതം മൂളി. ഇതും കൂടെ തള്ളിയാൽ ഉദ്‌ഘാടകന്‍റെ  കാര്യത്തിൽ ലീലാമ്മ കാലു മാറിയേക്കുമെന്ന ഇന്‍റലിജന്‍സ്  വിവരത്തിന്‍റെ  അടിസ്ഥാനത്തിലാണ് ആ നടപടിയെന്നത് അടുക്കള രഹസ്യം.

"ഒരു തെരുവ് പട്ടിയെ ഏറ്റു വാങ്ങിക്കൊണ്ട്  വേണം ഉദ്ഘാടിക്കാനെന്നു കേട്ടപ്പോൾ പുള്ളിക്കാരന്‍റെ   ഞെട്ടലൊന്ന് കാണേണ്ടതാ. ഒടുക്കം ലീനേടെടെ വളർത്തു പട്ടിയാന്നും ഒരാഴ്ച പട്ടിണി കിടത്തി തെരുവ് പട്ടീടെ ലുക്ക് വരുത്തീതാനും പറഞ്ഞപ്പോൾ, എൻ്റെ റോസ്യേ, പുള്ളീടെ ഒരു ദീർഘനിശ്വാസമുണ്ട്. എനിക്ക് ചിരിയടക്കാൻ പറ്റിയില്ല. "

 ലീലാമ്മ പൊട്ടിച്ചിരിച്ചു. കോറസ്സായി മറ്റു സ്ത്രീജനങ്ങളും.

വേദിയിൽ പ്രസിഡൻറ്റിന്‍റെ  സ്വാഗതം പ്രസംഗമാണ്. കസേര അടുത്തേക്ക് നീക്കിയിട്ട്  ഉദ്ഘാടകന്‍റെ   ദേഹത്തേക്ക് അല്പം ചാഞ്ഞു കൊണ്ട് ലീലാമ്മ പറഞ്ഞു:

"സർ, അന്ന് ഞാൻ സംസാരിച്ച  മറ്റേ കാര്യമില്ലേ..."

"ഏതു കാര്യമാ മാഡം..?" 

ഒരുപാട് "മറ്റേ" കാര്യങ്ങൾക്കിടയിൽ ഏതാണെന്ന് ഐ.പി.എസ്സുകാരന് പിടികിട്ടിയില്ല.

"ആ ചേരിക്കാരുടെ...ഇങ്ങോട്ടു വരുമ്പോ സർ കണ്ടില്ലേ ഗേറ്റിനു പുറത്തെ ടെൻറ്റുകൾ...? എവിടുന്നോ വന്നു തമ്പടിച്ച കൂട്ടരാ...വണ്ടീലൊക്കെ വരുമ്പോ ഹോൺ അടിച്ചാ പോലും റോഡീന്നു മാറത്തില്ലാ. പിള്ളേരെയൊക്കെ പുറത്തേക്കു ഒറ്റക്ക് വിടാൻ തന്നെ പേടിയാ...ഇവിടുത്തെ റെസിഡന്‍റസിന്‍റെയൊക്കെ ഒപ്പു ശേഖരിച്ച് ഒരു ഡീറ്റൈൽഡ് മെമോറാണ്ടo റെഡി ആക്കിട്ടുണ്ട്. സാർ അതൊന്നു കൺസിടെർ ചെയ്ത് പെട്ടെന്നൊരു ആക്ഷൻ എടുക്കണം.പ്ലീസ്."

അയാളുടെ കൈക്കു  മീതെ ലീലാമ്മയുടെ വിരലുകളമർന്നു.

എന്നാല്‍, കഴിഞ്ഞയാഴ്ച്ച തെരുവ് പട്ടികൾ  കടിച്ചു കൊന്ന  പിഞ്ചു കുഞ്ഞിന്‍റെ   ശരീരവുമായി  സ്റ്റേഷൻ ഉപരോധിച്ച ചേരി നിവാസികളുടെ ചിത്രമായിരുന്നു അയാളുടെ മനസ്സ് നിറയെ. 

Saturday 30 July 2016

ഡ്യൂവൽ സിം

"ഡീ..നിൻറെ ശബ്ദം കേട്ടാൽ കൊച്ചു പെങ്കുട്ട്യോൾടെ പോലുണ്ടല്ലാ... മുപ്പതായിന്നൊന്നും പറഞ്ഞാ വിശ്വസിക്കൂലാട്ടോ...ഒള്ളതാ..."

അവന്‍റെ  വാക്കുകൾ കേട്ട് ആ നാല്പത്തഞ്ചുകാരി ഊറിച്ചിരിച്ചു.

"നെന്‍റെ ശബ്ദo കേട്ടപ്പോത്തന്നെ തോന്നീക്ക്ണ്  നീയ്യ്  ചുള്ളനാന്ന് ...അതോണ്ടല്ലേ ഞാൻ വീണ് പോയീന്.."

അവളും വിട്ടു കൊടുത്തില്ല.

ചൈനാ മൊബൈലിലെ ശബ്ദം മാറ്റി വിളിക്കാവുന്ന സാങ്കേതിക വിദ്യക്ക് അവരിരുവരും മനസ്സാ നന്ദി പറഞ്ഞു.

"എന്നാ നിന്നെയൊന്നു കാണാൻ പറ്റ്വാ...കൊത്യാവാ..."

അങ്ങേത്തലക്കൽ അവൾ ചിണുങ്ങി.

"എന്ത് ചെയ്യാനാടി..എനിക്ക് കൊതിയിലാഞ്ഞിട്ടാ ..?? തമ്മിൽ കണ്ടോണ്ട് മിണ്ടാന്നു വെച്ചാൽ നിന്‍റെ  ഫോണിൽ വാട്സാപ്പും കുന്തോന്നുലാലോ. നിക്കട്ടെ,അടുത്ത വരവിൽ ഞാനൊരെണ്ണം കൊണ്ടൊരണുണ്ട്."
അയാൾ അവളെ ആശ്വസിപ്പിച്ചു.

"അയ്യോ വേണ്ട...മൂപര് ഇമ്മാസം ഒരെണ്ണം കൊട്ത്തയക്കാന്ന് പറഞ്ഞിക്കണ്"

"അതുഷാറായിക്കണ്...അല്ല...മൂപ്പരീ നേരെത്തെങ്ങാൻ വിളിച്ചിട്ടു കാൾ വെയ്റ്റിംഗ് കണ്ടാ അനക്ക് പണിയാവൂലേ...?? "

അയാൾ തൻറെ ആശങ്ക പങ്കു വെച്ചു.

"ഓ..മൂപ്പർടെ വിളിയൊക്കെ കണക്കാ...അല്ലേലും ഇത് നമ്പർ വേറെയാ മുത്തേ. ഇവിടത്തെ ഒരു പഴേ ഫോണിലിട്ടതാ.മൂപ്പർക്കറിയൂല."

ഒരു കള്ള ചിരിയോടെ അവളതു പറഞ്ഞപ്പോൾ അറിയാതെ അയാളുടെ ഉള്ളിലൊരാന്തലുണ്ടായി. ബെഡ്ഡില്‍ കിടന്ന  മറ്റൊരു ഫോണിൽ നിന്നും അയാൾ ഭാര്യേടെ നമ്പറിലേക്കു വിളിച്ചു.

"എന്‍റെ  പൊന്നേ..നിന്‍റെ  നാക്കു കരിനാക്കാന്നാ തോന്നണേ..ദാ..മൂപ്പര് വിളിക്കുന്നു...വെക്കട്ടെട്ടോ  പിന്നെ വിളിക്കാം."

അയാളുടെ വിറക്കുന്ന കയ്യിൽ നിന്നും മൊബൈലൂർന്നു താഴെ വീണു.       

Friday 29 July 2016

പീഡനം

ബസിൽ മുടിഞ്ഞ തിരക്കാണ്. ഒന്നിരിക്കാൻ പോയിട്ട് കാലുറപ്പിച്ചു നില്ക്കാൻ പോലും സ്ഥലമില്ല.നാശം....അയാൾ മുതലാളിയെ കണക്കിന്  പ്രാകി. അതിനു അയാൾക്ക്‌ തക്കതായ കരണവമുണ്ട്.ചോറ്റുപാത്രമൊക്കെ എടുത്ത് വെച്ച് ട്രെയിനിന്‍റെ  സമയം കണക്കാക്കി ഇറങ്ങാൻ നിക്കുമ്പോഴാ മുതലാളി  വിളിച്ചത്.

"രമേശാ..മൂപ്പർക്കാ ബാറ്റേടെ പുത്യേ മോഡലൊക്കൊന്നു കാട്ടിക്കൊട്"

"അല്ല..മമ്മാലിക്ക..എനിക്ക് എളയോളേം കൊണ്ടൊന്ന് ആസ്പത്രീ പോണം. ഞാമ്പറഞ്ഞീർന്നു.... ഇപ്പോ എറങ്ങീലെൽ  പാസഞ്ചർ കിട്ടൂല."

അയാൾ തല ചൊറിഞ്ഞു.

"എന്നാ ഇഞ്ഞു പൊയ്ക്കോ.വണ്ടി കിട്ടാണ്ടാവണ്ട..ആ പിന്നെ....നാളെ ഇങ്ങട്ട് പോരണ്ട...പണി വേറെ എവ്ടെലും നോക്കിക്കോ" 

ഒരൊറ്റ പഞ്ച് ഡയലോഗിൽ മൂപ്പരാ  സീനിന്  കട്ട്  പറഞ്ഞു.

 വൈകി കേറി വന്ന കസ്റ്റമറാകട്ടെ ബാറ്റ ചെരുപ്പുകളുടെ ഗുണമേന്മയെയും ഈടിനേയും പറ്റി പുകഴ്ത്തിയും കാലഹരണപ്പെട്ട മോഡലുകളെയും വിലക്കൂടുതലിനെയും  പറ്റി ഇകഴ്ത്തിയും പറഞ്ഞു കൊണ്ട് ഇറങ്ങി പോയി.
ഒടുക്കം രമേശനാ  ബസിൽ കമ്പിയിൽ തൂങ്ങി നിൽപ്പുമായി.

കക്ഷത്തിൽ ബാഗും വെച്ചു ഒരു കൈ കൊണ്ട് പിടിച്ചു ബാലൻസ് ചെയ്യുന്നതിനാൽ,  ഓരോ തവണ ബ്രേക്ക് ഇടുമ്പോഴും മുന്നിൽ നിൽക്കുന്ന തരുണീമണികളുടെ രൂക്ഷമായ നോട്ടങ്ങൾക്കു അയാൾ പാത്രമാകുന്നുണ്ട്.
ഭാഗ്യത്തിന് വണ്ടി തലശ്ശേരി ടൗണിലെത്തിയപ്പോഴേക്കും അയാൾക്ക്‌ സീറ്റ് കിട്ടി. കിട്ടിയെന്നു പറഞ്ഞാ ശെരിയാവില്ല. സീറ്റിലിരിക്കുന്നയാൾ എണീക്കുന്നതിനു മുൻപ് തന്നെ ഊർന്നിറങ്ങി ഇരുന്നതിനാൽ ആ സീറ്റിൽ  നട്ടിരുന്ന പല കണ്ണുകളെയും വെട്ടിക്കാനായി. അയാളുടെ വായിൽ നിന്നും വീണ പച്ചത്തെറിയെ വളിഞ്ഞ ചിരിയോടെ ബ്ലോക്ക് ചെയ്ത് പതുക്കെ സീറ്റിലമർന്നു.

ബസ് സ്റ്റാൻഡിൽ കയറിയപ്പോഴേക്കും തിരക്കൊന്നൊതുങ്ങി. അടുത്തിരുന്ന ആളെണീറ്റതിനാൽ അയാൾ ജനലരികിലേക്കു നീങ്ങിയിരുന്നു.അപ്പോഴാണ് ഒരു സ്ത്രീ ഒക്കൊത്തൊരു കുട്ടിയുമായി തിരക്കിലൂടെ നൂണ്ടു വന്ന് അയാളുടെ സീറ്റിനരികെ നിൽപ്പുറപ്പിച്ചത്.കൊച്ചിന് ഒക്കത്തെടുക്കേണ്ട പ്രായമൊക്കെ കഴിഞ്ഞിരിക്കുന്നു. ഏതാണ്ട് തന്‍റെ  സുമേടത്ര വരും. അയാളോർത്തു.

"കുട്ട്യേ വേണേൽ ഇങ്ങോട്ടിരുത്തിക്കോളൂ" എന്ന് ഞാൻ പറഞ്ഞതും, ആ കൊച്ചു ഊർന്നിറങ്ങി മടിയിൽ കയറി ഇരുന്നതും ഏതാണ്ടൊരുമിച്ചായിരുന്നു.

ഇരിപ്പുറപ്പിച്ചത് മുതൽ അവള്‍  നിർത്താതെ സംസാരിച്ചു കൊണ്ടേയിരുന്നു. അതിനിടയിൽ തന്നെ  തന്‍റെ  പേര് ആർച്ച എന്നാണെന്നും രണ്ടാം  ക്ലാസ്സിലേക്ക് ജയിച്ചുവെന്നും ഇപ്പൊ അമ്മേടവിടെ പോയി വരുന്ന വഴിയാണെന്നുമെല്ലാം അവൾ പറഞ്ഞു കഴിഞ്ഞു. പുറത്തു കാണുന്ന എന്തിനെ പറ്റിയും നൂറു സംശയങ്ങൾ അവൾക്കുണ്ട്. ഓരോ തവണയും ഓരോന്ന് ചൂണ്ടിക്കാട്ടാൻ  കൈ പുറത്തിടുമ്പോൾ അയാൾ വിലക്കുന്നുണ്ടെങ്കിലും അവളതു ഗൗനിക്കുന്നതേയില്ല.

പെട്ടെന്നാണതുണ്ടായത്.

"അമ്മേ...ഈ മാമനെന്നെ പീഢിപ്പിക്കുന്നു..."

അതുവരെ  അവരുടെ സംസാരം കൗതുകപൂർവ്വം വീക്ഷിച്ച ആ അമ്മയുടെയും തൊട്ടടുത്തിരുന്ന മദ്ധ്യവയസ്ക്കൻറെയുമുൾപ്പടെ അനേകം കണ്ണുകൾ അയാളുടെ  നേരെ തിരിഞ്ഞു.എന്തു ചെയ്യണമെന്നറിയാതെ പകച്ചു പോയ അയാളുടെ മടിയിൽ നിന്നൂർന്നിറങ്ങി അമ്മയുടെ സാരി തുമ്പു പിടിച്ചു, അയാളെ ചൂണ്ടി ആ കുട്ടി വീണ്ടും പറഞ്ഞു:

"കൈ പുറത്തിട്ടാ ഭൂതം പിടിക്കുമ്പറഞ്ഞു മാമൻ പീഢിപ്പിക്യാ"

അവൾ ചിണുങ്ങി.

ആ കുഞ്ഞു നാവിൽ വിളയാടിയ വികടസരസ്വതി ഒന്ന് മൂലം,  സർവായുധവിഭൂഷിതരായ മാധ്യമ കോമരങ്ങളുടെ മുന്നില്‍  മുഖം മറക്കാന്‍ വിഫല ശ്രമം നടത്തുന്ന തന്‍റെയും തലകുനിച്ചു നിൽക്കുന്ന സ്വന്തം കുടുംബത്തിന്‍റെയും  കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ജയിലുകളുടെയും ചിത്രങ്ങൾ ഒരു തിരശീലയിലെന്ന പോലെ അയാളുടെ മനസിലൂടെ ഓടി മറഞ്ഞു.



Wednesday 29 June 2016

നാളത്തെ കേരളം...

 കടന്നു പോയ ബൈക്കുകാരൻ ലൈറ്റടിച്ചു കാണിച്ചപ്പോഴേ അപകടം മണത്തതാണ്. വളവങ്ങു കഴിഞ്ഞതേയുള്ളു ദേ നിക്കുന്നു യൂണിഫോംധാരികൾ. മൂന്നു നാലു പേരുണ്ട്. അയാൾ കീശ തപ്പി നോക്കി. ആസ് യൂഷ്വൽ;എടുക്കാൻ മറന്നിരിക്കുന്നു.

പയറു  പോലെ ഓടി നടക്കുന്ന അമമായിയച്ഛനെ മരണക്കിടക്കയിലാക്കി കിട്ടിയ  സ്‌പെഷ്യൽ പെർമിഷനുമായിട്ടാണ്  രണ്ടു  സെക്കന്റ് ഷോ ടിക്കറ്റ് പോയെടുത്തത് .അതിങ്ങനെമായി.നാശം...അയാൾ പ്രാകി.

"നമുക്ക് പോയി എടുത്തിട്ടു വന്നാലോ??" 
വണ്ടി തിരിക്കുമ്പോൾ പുറകിലിരുന്നു അവളുടെ ചോദ്യം.

"നേരെ കത്തിച്ചു വിട്ടാത്തന്നെ "ശ്വാസകോശം" കഴിയാണ്ടെത്താൻ പറ്റൂല. അപ്പഴാ പോയിട്ടു എടുത്തോണ്ടുണ്ടാക്കാൻ പോണേ..മിണ്ടാതിരുന്നോ അവിടെ." അയാൾക്ക് കലി അടക്കാനായില്ല.

"നിങ്ങളെന്തിനാ എന്നോട് ചാടികടിക്കാൻ വരണേ. എത്ര നാളായി ഞാൻ പറേണതാ. സുമ ടീച്ചർടെ കയ്യിന്നു കടേടെ അഡ്രസ്സും വാങ്ങി തന്നതാ.എന്നിട്ടോ?
അതെങ്ങനാ എന്റെ വാക്കിനു വല്ല വേലെമുണ്ടോ? എന്നിട്ടിപ്പോ ഞാൻ ചോദിച്ചതായി കുറ്റം...."

പുല്ല് ...മിണ്ടാതിരുന്നാ മതിയായിരുന്നു...പുറകിൽ വാക്കുകൾ അനർഗ്ഗനിർഗ്ഗളം പ്രവഹിച്ചു കൊണ്ടിരിക്കെ അയാൾക്ക്‌ തിരിച്ചറിവുണ്ടായി .

ഏതായാലും പിറ്റേ ദിവസം കാലത്തു തന്നെ, സുമ ടീച്ചർ പറഞ്ഞ കട അയാൾ കണ്ടു പിടിച്ചു. നീണ്ട ക്യൂവിന് പുറകിൽ നിന്നു കൊണ്ടയാൾ മുന്നിലെ ബോർഡ് വായിച്ചു.

"മാര്യേജ്  സർട്ടിഫിക്കറ്റ് ഏടിഎം  കാർഡ് രൂപത്തിലാക്കി കൊടുക്കപ്പെടും"

Sunday 19 June 2016

ഇരട്ടത്താപ്പ്

എന്താവണം ഈയാഴ്ചത്തെ പോസ്റ്റെന്ന് തല പുകക്കുമ്പോഴാണ് കുഞ്ഞച്ചന്‍റെ കണ്ണില്ലാ  പത്രവാർത്ത ഉടക്കിയത്.

"ബാങ്ക് ലയനത്തിനു  കേന്ദ്ര സർക്കാർ അനുമതി"

പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല. മൂത്ത മകൾ മോളിക്കുട്ടി കഴിഞ്ഞ വരവിനു ഇട്ടേച്ചും പോയ ലാപ്ടോപ്  നിവർത്തി വെച്ച്  ജോണിക്കുട്ടിയെ ഉറക്കെ വിളിച്ചു.

സഖാവ് വി.എസ്. ഫേസ്ബുക് പോസ്റ്റിടാൻ തുടങ്ങിയത് മുതൽ ഇതൊരു പതിവാണ്. ആഴ്ചയിലൊരു പോസ്ററ്. തൊണ്ണൂറുകാരൻ വി .എസ്സി നാകാമെങ്കിൽ പത്തിരുപത് വയസ്സിളപ്പമുള്ള തനിക്കുമാകാമെന്നാണ് "തോപ്പ്രാംകുടിയിലെ വി.എസ്." എന്നു  സ്വയം വിശേഷിപ്പിക്കുന്ന കപ്പപ്പുരക്കൽ കുഞ്ഞച്ചന്‍റെ  പക്ഷം. അതിനായി തന്‍റെ   " ഐ.ടി. ഉപദേഷ്ടാവായി " ഇളയ മകൻ പ്ലസ് ടുക്കാരൻ  ജോണിക്കുട്ടിയെയും നിയമിച്ചു. പോസ്റ്റാനുള്ളത് കുഞ്ഞച്ചൻ പറയും, അതു വൃത്തിയായി ടൈപ്പ് ചെയ്ത് ജോണിക്കുട്ടി പോസ്റ്റിടും. പിന്നെ ലൈക്കിന്‍റെയും  കമ്മന്റിന്‍റെയും കണക്കുകൾ അന്നന്നു അപ്പനെ അറിയിക്കും. ഇതിനൊക്കെയുള്ള മാസക്കൂലിയായ അഞ്ഞൂറു രൂപ ചേച്ചി മോളിക്കുട്ടി അയക്കുന്നതിൽ നിന്നും കൃത്യമായി അവൻ കൈപ്പറ്റി പോന്നു.

"ലയനം  മൂലം ഇല്ലാതാകുന്ന കേരളത്തിന്‍റെ  സ്വന്തം ബാങ്കിന്‍റെ  ചരിത്രവും പൈതൃകവും പ്രകീർത്തിച്ചും തന്മൂലം കേരളത്തിനു സംഭവിക്കുന്ന നഷ്ടത്തെ പർവ്വതീകരിച്ചും കേന്ദ്ര സർക്കാരിന്‍റെ  കോർപ്പറേറ്റ് താല്പര്യത്തെ വിമർശിച്ചും ബാങ്കുകളുടെ വലിപ്പം അതിന്‍റെ  തകർച്ചയിലേക്ക് നയിക്കും എന്നതിന് അമേരിക്കൻ ബാങ്കുകളുടെ പതനo ഓർമ്മപ്പെടുത്തിയും  പോസ്റ് മുന്നേറുമ്പോഴാണ് പി.എസ്.സി. പഠനത്തിലൂടെ ലഭിച്ച അറിവ് വെളിപ്പെടുത്താൻ വെമ്പിയ ജോണിക്കുട്ടി ആ ചോദ്യമെറിഞ്ഞത്:

"അപ്പാ...വലുതായാ ബാങ്ക് പൊട്ടുമെങ്കിൽ ആദ്യം പൊട്ടേണ്ടതു ചൈനേലേ ബാങ്കുകളല്ലേ? ലോകത്തെ ഏറ്റവും വലിയ അമ്പത് ബാങ്കുകളിൽ അഞ്ചെണ്ണം അവിടെയാ.."

അവനൊന്നു ഞെളിഞ്ഞിരുന്നു.

"ഡാ ചെറുക്കാ...അതു ചൈന..കമ്മ്യൂണിസ്റ് ചൈന...ആന മുക്കുന്നത് കണ്ടു മുയല് മുക്കീട്ടു കാര്യൊണ്ടോ?"

"അതിനെവിടാപ്പാ ചൈനെലിപ്പോ കമ്മ്യൂണിസം?? ഫുൾ ക്യാപിറ്റലിസമല്ലേ?"

"പ്ഫാ....എരണം കെട്ടവനെ...നീ പറേണതങ്ങോട്ട് എഴുതിയേച്ചാലും മതി."
പാർട്ടി ക്ലാസ്സുകളിൽ കൃത്യമായി പങ്കെടുക്കാത്ത മകനോടുള്ള ഈർഷ്യ അയാൾക്കടക്കാനായില്ല.

"ദേ... മനുഷ്യാ...നിങ്ങളിങ്ങോട്ടൊന്നു വന്നേ..."

താഴേന്നു അന്നമ്മേടെ വിളി വന്നു.

"എന്നാത്തിനാടി  വിളിച്ചു കൂവുന്നേ???" കോണിപ്പടിയിൽ നിന്നു കൊണ്ടയാൾ വിളിച്ചു ചോദിച്ചു.

"ആ ബാങ്കീന്നവന്മാർ വീണ്ടും വന്നിരുന്ന്. നിങ്ങളെ തെരക്കി. ഞാൻ ഇല്ലെന്ന് പറഞ്ഞു.ഇതേ വരെ വന്നോണ്ടിരുന്നവരല്ല..കണക്കിന് പറഞ്ഞേച്ചാ പോയത്. അവടെ ഹോസ്പിറ്റലിൽ വിളിച്ച കാര്യം മോളിക്കുട്ടി പറഞ്ഞില്ലായിരുന്നോ?? ഇനിയിതിങ്ങനെ നീട്ടി കൊണ്ടു പോയാ ശെരിയാകുകേല കേട്ടോ.."

"നീയൊന്നു മിണ്ടാണ്ടിരുന്നേടി... വായ്പ  തിരിച്ചടപ്പിക്കാൻ അവന്മാരങ്ങനെ പല പിപ്പിടീം കാട്ടും. നിന്‍റെ  വാക്കും കേട്ടാ കാർഷിക വായ്പ തിരിച്ചടച്ചിട്ടൊടുക്കമെന്നാ ആയി? കുന്നുമ്മേലെ മണിയാശാന് കുടിശ്ശികയടക്കം രൂപ  ഒരു ലക്ഷം ആയതാ..തിരിച്ചടക്കാതിരുന്നപ്പോ അവന്മാരത് ഇരുപത്തഞ്ചിന് തീർത്തു കൊടുത്തു. ഏതായാലും ഇതങ്ങനെ വിട്ടാ പറ്റത്തില്ല.ഞാനാ ബേബിച്ചനെ ഒന്നു വിളിക്കട്ടെ"

കുഞ്ഞച്ചൻ മടിക്കെട്ടിന്നു മൊബൈൽ എടുത്തു ബേബിച്ചന്‍റെ  നമ്പർ തിരഞ്ഞു.

"ആ..ബേബിച്ചാ...എന്നതാ ഉവ്വേ..നീയൊക്കെ സംഘടനേടെ പേരും പറഞ്ഞു വർഷാവർഷം പിരിക്കുന്നതല്ലാതെ നമുക്കൊന്നും ഒരു പ്രയോജനോമില്ലല്ലോ.."

"അതിനിപ്പോ എന്നാ ഉണ്ടായേ കുഞ്ഞച്ചാ??"

ബേബിച്ചന് കാര്യം പിടികിട്ടിയില്ല. 

"എന്നതാ ഉണ്ടായെന്നോ?? ആ ബാങ്കുകാരിപ്പോ വിദ്യാഭാസ വായ്പ്പയൊക്കെ കൂടെ അംബാനിക്ക് തൂക്കി വിറ്റെക്കുവല്ലേ..അവന്മാരു വീണ്ടും  വീട്ടി കേറി മേയാൻ തുടങ്ങിണ്ടു..മോളികുട്ടിനെ കിട്ടാൻ നമ്പർ തപ്പി പിടിച്ചു  അയർലണ്ടിലെ ആശുപത്രീല്  വിളിച്ചേക്കുന്നു...മാനക്കേടായെന്നും പറഞ്ഞു അവളിന്നലെ വിളിച്ചു കുറെ മോങ്ങി...നിന്‍റെയൊക്കെ ഉറപ്പിലാ ഞാനൊക്കെ  പിടിച്ചു നിക്കുന്നെ." 

"നീയൊന്നു അടങ്ങേടാ ഉവ്വേ...ഞങ്ങൾ ചിലതൊക്കെ പ്ലാൻ ചെയ്തിട്ടുണ്ട്. അടുത്താഴ്ച ബാങ്കിന്‍റെ  റീജിയണൽ ഓഫീസിലൊരു പിക്കെറ്റിങ്ങു്ണ്ട്. നമ്മുക്ക് നോക്കാന്നെ.."

"എന്നതായാലും വേഗമെന്നേലും ചെയ്തേച്ചാ മതി"

കുഞ്ഞച്ചൻ ഫോൺ വെച്ചു.

"അല്ലേലും ഇവന്മാരൊക്കെ  ലയിച്ചില്ലാണ്ടാവുന്നതാ നല്ലത്. എന്നിട്ടു ഐസക് സഖാവ് പറഞ്ഞ പോലെ സഹകരണ ബാങ്കുകളൊക്കെ കൂടെ വല്യൊരു ബാങ്ക്. ആവശ്യത്തിന് വായ്പേം  സൗകര്യപൂർവമുള്ള  തിരിച്ചടവുമൊക്കെയായി കേരളത്തിന്‍റെ  സ്വന്തം ബാങ്ക്. അതാവുമ്പോ ടാറ്റെം അംബാനിമൊന്നും ഇതു പോലെ കേറി നിരങ്ങത്തില്ല."

അന്നാമ്മയോടായി ഇത്രേം പറഞ്ഞുകൊണ്ടയാൾ പടികൾ കയറി.

"ജോണിക്കുട്ട്യേ...എവിടം വരെയായി നമ്മുടെ ലയന വിരുദ്ധ പോസ്ററ്?"

Wednesday 18 May 2016

ആപ്പ്

അപ്പന്‍: "എടീ അമ്മച്ചീടെ കാര്യം ഞാന്‍ ഡോക്ടര്‍ മേനോനുമായൊന്നു ഡിസ്കസ് ചെയ്താരുന്നു..."

അമ്മ: "ആഹാ..എന്നിട്ട്..."

അപ്പന്‍:  "വാഗമണ്ണിലുള്ള ഓള്‍ഡ്‌ ഏജ് ഹോമാ പുള്ളിക്കാരന്‍ സജ്ജസ്റ്റ്‌ ചെയ്തെ. നമ്മളെ പോലുള്ള എന്‍ആര്‍ഐസിന്‍റെ അപ്പനമ്മമാരാത്രെ മുഴുവന്‍. അതോണ്ടന്നെ കത്തി റേറ്റാ പറയണേ. പിന്നൊരു മെച്ചെന്താന്നാ, അവര്‍ക്കൊരു മൊബൈല്‍ ആപ്പുണ്ട്. അമ്മച്ചി എന്ത് കഴിച്ചൂന്നും  ഷുഗര്‍ ലെവലെത്രാന്നുമൊക്കെ ഡെയിലി അപ്ഡേറ്റ് ചെയ്യും. അപ്പൊ പിന്നെ  കഴിച്ചോ പെടുത്തോന്നൊക്കെ ചോദിക്കാന്‍ ഇടയ്ക്കിടെ വിളിച്ചു കാശു കളയേണ്ടല്ലോ"

മകന്‍: "അപ്പാ...ഗുഡ് ഡിസിഷന്‍. ഷീ വില്‍ ബി ഹാപ്പി. ഏജ്ട് ആയാ പിന്നെ സെയിം ഏജ് ഗ്രൂപിന്‍റെ  കൂടെ സ്പെന്‍റെയ്യണതന്യാ നല്ലത്."

പിന്‍സീറ്റിലിരിക്കുന്ന മകന്‍റെ അഭിപ്രായം കേട്ട്  അപ്പനും അമ്മയും ഒന്ന് തിരിഞ്ഞു നോക്കി....പിന്നെ പതുക്കെ മുന്നോട്ടും.



Saturday 30 April 2016

സെല്‍ഫി-അഥവാ അവനവനിസം

ടാപ്പിംഗ് തൊഴിലാളിയായ  പുത്തമ്പുരയ്ക്കല്‍ വര്‍ക്കിച്ചന്‍ ആത്മഹത്യ ചെയ്തു. റബ്ബര്‍ പാലിലൊഴിക്കുന്ന ആസിഡ് കുടിച്ചതാണ്. കര്‍ഷക ആത്മഹത്യയെന്നും പറഞ്ഞ് മാധ്യമങ്ങളും രാഷട്രീയക്കാരും മുറവിളി കൂട്ടുമ്പോഴും അതങ്ങനെയല്ലെന്ന് വര്‍ക്കിച്ചന്‍റെ ഭാര്യ ത്രേസ്യാമ്മ ചേട്ടത്തിക്കറിയാമായിരുന്നു. കാരണം, അവരു മാത്രം വായിച്ച, അയാളുടെ ആത്മഹത്യാക്കുറിപ്പു ഇങ്ങനെയായിരുന്നു:

"അവന്‍ നമ്മളെ ചതിച്ചെടി...എനിക്കതു താങ്ങാന്‍ മേല."

രണ്ടു ദിവസം മുമ്പാണ്, തോട്ടത്തില്‍ നിന്നും പണി കഴിഞ്ഞെത്തിയ വര്‍ക്കിച്ചന് ത്രേസ്യാമ്മ ആ കടലാസ്സെടുത്തു കൊടുത്തത്.

"ബാങ്കീന്ന് മാനേജര്‍ സാറും വേറെ രണ്ടാളും വന്നാരുന്നു. ഈ പത്തിന് മുമ്പേ ഒരു പതിനായിരമെങ്കിലും കെട്ടണംന്നാ പറഞ്ഞെ. ഇല്ലേല്‍ കേസു കൊടുക്കുത്രേ. കെട്ടുപ്രായം തികഞ്ഞ പെണ്ണാ. കേസും കൂട്ടവുമായി നടന്നാ പിന്നെ... "

കയ്യിലെ വര്‍ണ്ണക്കടലാസും നോക്കി കുന്തിച്ചിരിക്കുന്ന അയാളോട് കൂടുതലൊന്നും പറയാനാകാതെ  അവരകത്തേക്കു നടന്നു.

"എട്യേ...ഞാനൊന്നു പൊറത്തോട്ട് എറങ്ങ്യേച്ചും വരാം."

ത്രേസ്യാമ്മ എടുത്ത കഞ്ഞിവെള്ളം പോലും കുടിക്കാന്‍ നില്‍ക്കാതെ അയാള്‍ പടിയിറങ്ങിപ്പോയി.

മൂത്തവളുടെ  കെട്ടു  കഴിഞ്ഞ് നടുവൊടിഞ്ഞു നില്‍ക്കുമ്പോഴാണ് രണ്ടാമത്തവള്‍ റോസ്‌ലിന്‍ ഉയര്‍ന്ന മാര്‍ക്കോടെ പ്ലസ്‌ടു പാസ്സായത്. നഴ്സിംഗ് പഠിക്കണമെന്ന അവളുടെ ആഗ്രഹത്തിനു എതിരു നില്‍ക്കാനായില്ല. ബാങ്ക് ലോണെടുത്ത് പഠിപ്പിച്ച അവള്‍ ഉത്തരേന്ത്യയിലെ പേരറിയാത്ത ഏതോ ഗ്രാമത്തില്‍ ജോലി ചെയ്യുന്നുണ്ട്. കിട്ടുന്ന ശമ്പളം താമസത്തിനും ഭക്ഷണത്തിനും പോലും തികയാത്ത അവസ്ഥ. നേരത്തെയായിരുന്നെങ്കില്‍ എങ്ങനേലും ലോണ്‍ അടച്ചു തീര്‍ക്കാമെന്ന ഉറപ്പുണ്ടായിരുന്നു. പക്ഷെ, ദിനംപ്രതി റബ്ബറിന്‍റെ വില താഴോട്ടാണ്. കര്‍ത്താവ്‌ ഒരു വഴി കാട്ടാതിരിക്കില്ല.

വിശപ്പും വെയിലും തളര്‍ത്താത്ത ഉറച്ച കാല്‍വെയ്പ്പുകളോടെ ഇടവഴിയിലൂടെ നടന്നു പോകുന്ന അയാളേയും നോക്കി പടിക്കലിരുന്ന് ചേടത്തി കുരിശ് വരച്ചു.

"എട്യേ...നീ ഇങ്ങോട്ടൊന്നു വന്നേ..."

വിളിയുടെ  കരുത്ത് കേട്ടപ്പോൾ തന്നെ പോയ കാര്യം നടന്നെന്നു ത്രേസ്യാമ്മക്കു മനസ്സിലായി.

"ആ റപ്പായീടെ കയ്യീന്നു രൂപ പതിനായിരം മേടിച്ചു. നൂറ്റുക്കിരുപതാ പലിശ. എന്നാലെന്താ...കാര്യം നടക്കട്ടെന്നേ.

ഇത് കേട്ടു കൊണ്ടാണ് മോനായി പുറത്തേക്കു വന്നത്. വര്‍ക്കിച്ചന്‍-ത്രേസ്യാമ്മ ദമ്പതികളുടെ ഇളയ സന്തതിയാണ് പ്ലസ്‌ടു വിദ്യാര്‍ഥിയായ മോനായി എന്ന ഫിലിപ്പ് വര്‍ഗ്ഗീസ്.

"അപ്പാ...എനിക്കൊരു പുതിയ മൊബൈല്‍ വേണം."

"എന്നാത്തിനാടാ ഇപ്പൊ പുതിയത്? ഒരെണ്ണം വാങ്ങിച്ചിട്ട് മാസം മൂന്നായില്ലല്ലോ?"

ത്രേസ്യാമ്മക്കു അരിശം കേറി .

"അതില് സെല്‍ഫി എടുക്കാനൊക്കത്തില്ല..."

അമ്മയുടെ മുഖത്ത് നോക്കാതെയാണ് മോനായി പറഞ്ഞത്.

"സെല്‍ഫിയോ....എന്തുവാ അത് ?" വര്‍ക്കിച്ചന് മനസ്സിലായില്ല

"നമ്മടെ തന്നെ പടം എടുക്കണതിനെയാ സെല്‍ഫീന്നു പറയണെ. അതിനു മുന്നിലും ക്യാമറ വേണം"

"ഇപ്പൊ ഉള്ളതിന് കാമറ ഉണ്ടല്ലോ. അതൊന്നു തിരിച്ചു പിടിച്ചാ പോരെ. രണ്ടറ്റം മുട്ടിക്കാന്‍ മനുഷരിവിടെ പെടാപ്പാട് പെടുമ്പഴാ  ചെറുക്കന്‍റെ അഹങ്കാരം. പൊക്കോണമവിടുന്ന്..."

ത്രേസ്യാമ്മക്ക് കലി അടക്കാനായില്ല.

"നിങ്ങളോട് ചോദിച്ചോ ഞാന്‍....ഇല്ലല്ലോ? ഇടെല്‍ കേറി വളവളാന്നു  പറഞ്ഞോളും നാശം..."

പറഞ്ഞു തീര്‍ക്കും മുന്‍പേ വര്‍ക്കിച്ചന്‍റെ കൈ അവന്‍റെ കവിളില്‍ ആഞ്ഞു പതിച്ചു.

രണ്ടു പെമ്പിള്ളേര്‍ക്ക് ശേഷം കിട്ടിയ അവനിലായിരുന്നു അയാളുടെ പ്രതീക്ഷയത്രയും. ത്രേസ്യാമ്മ പലപ്പോഴും വിലക്കുമെങ്കിലും ഒരുപാട് ലാളിച്ചാണ്  വളര്‍ത്തിയത്. അതിന്റെ ഏനക്കേട് ചെറുക്കനുണ്ട്. ആദ്യമായാണ് അവനെ തല്ലിയത്. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അയാള്‍ക്ക്‌ ഉറക്കം വന്നില്ല. നേരം പാതിരാത്രി കഴിഞ്ഞിരിക്കുന്നു. ഭാര്യയെ ഉണര്‍ത്താതെ പതുക്കെ എഴുന്നേറ്റു അവന്‍റെ മുറിയിലേക്ക് നടന്നു.

ഇല്ല...കട്ടിലില്‍ അവനില്ല. ലൈറ്റ് ഇട്ടു മുറിയാകെ നോക്കി. അവന്‍റെ സ്കൂള്‍ ബാഗും കാണുന്നില്ല. ത്രേസ്യാമ്മയെ വിളിക്കാനായി മുറിക്കു പുറത്തിറങ്ങിയപ്പോഴാണ് കണ്ടത്; മേശ വലിപ്പ് തുറന്നു കിടക്കുന്നു. കാശിന്‍റെ പൊതി അകത്തില്ല. കണ്ണില്‍ ഇരുട്ട് കയറുന്നതായി അയാള്‍ക്ക് തോന്നി.

ഒരാഴ്ച്ചക്ക് ശേഷമുള്ള ദിനപത്രത്തില്‍ ഇങ്ങനെയൊരു വാര്‍ത്തയുണ്ടായിരുന്നു:

"സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പ്ലസ്‌ടു വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു.  പരേതനായ പുത്തന്‍പുരക്കല്‍ വര്‍ഗ്ഗീസിന്‍റെ മകനാണ് മരിച്ച മോനായി എന്ന ഫിലിപ്പ് വര്‍ഗ്ഗീസ്....."

Wednesday 16 March 2016

രാജ്യസ്നേഹം

മത്തായിച്ചന്‍റെ ഔട്ട്‌ ഹൗസിലായിരുന്നു അന്നത്തെ ആഴ്ച്ചക്കൂട്ടം. ഭാര്യമാരെ പേടിക്കാതെ രണ്ടെണ്ണം അടിക്കാനും, അവരുടെ ഭാഷയില്‍ പറഞ്ഞാല്‍, സൂര്യനു താഴെ കഴിഞ്ഞ ഒരാഴ്ചയില്‍ സംഭവിച്ചതെല്ലാം അവലോകനം ചെയ്യാനുമായി, അമേരിക്കയില്‍ താമസമാക്കിയ നാട്ടുകാരായ കുറച്ചു അമ്മാവന്മാരുടെ കൂട്ടായ്മ-അതാണ്‌ ആഴ്ച്ചക്കൂട്ടം.

"ഇവന്മാരിതെന്തൊക്കെയാ നാട്ടില്‍ കാട്ടിക്കൂട്ടുന്നെ??"
ഒരു സിപ്പെടുത്തു കൊണ്ടു ജോസൂട്ടി അന്നത്തെ ചര്‍ച്ചക്ക് തിരി കൊളുത്തി.

"ഹാ...നമ്മടെ JNU പിള്ളേരെ...."

കാര്യം പിടികിട്ടാതെ വാപൊളിച്ചു നിന്നവര്‍ക്കായി അയാള്‍ വിശദീകരിച്ചു കൊടുത്തു.

"രാജ്യദ്രോഹികള്‍...അവര്‍ക്കിപ്പോ ആസാദി വേണമത്രേ.... പാകിസ്ഥാനിലേക്ക് നാട് കടത്തണം ഇവറ്റെയൊക്കെ...."

അരവിന്ദേട്ടന് അമര്‍ഷം അടക്കാനായില്ല..

"ആ കന്നയ്യ കുമാറിന് പത്തുമുപ്പത് വയസ്സായി... ഇപ്പഴും അംഗനവാടി ജോലിക്കാരിയായ അമ്മേടെ ശമ്പളത്തിലാ ജീവിക്കുന്നെ...സ്വന്തം കാലില്‍ നില്ക്കാറായിട്ടില്ലാത്തവനാ ആസാദി വേണ്ടത്..."

മത്തായിച്ചന്‍ ആവേശഭരിതനായി.

മുപ്പത്തിയഞ്ചാം വയസ്സില്‍, അമേരിക്കയില്‍ നേഴ്സായ ത്രേസ്യാമ്മ ചേടത്തിടെ രണ്ടാം ഭര്‍ത്താവായി നാടു വിടും വരെ തല്ലിപ്പൊളിയായി നടന്ന മത്തായിച്ചന്‍റെ ഭൂതകാലം, അയാളോഴിച്ചു കൊടുത്ത വിസ്കിയോടൊപ്പം മറ്റുള്ളവര്‍ തൊണ്ട തൊടാതെ വിഴുങ്ങി.

"എന്‍റെ വിഷമം പാവം പട്ടാളക്കാരെ ഓര്‍ത്തിട്ടാ...നാടും വീടും വിട്ട്  രാപകലില്ലാതെ അതിര്‍ത്തിയില്‍ അവര്‍ കാവല്‍ നിക്കുമ്പോഴാ ഇവിടെ ഇവന്മാര് പാകിസ്ഥാന് ജയ് വിളിക്കുന്നേ..."

തോമാച്ചന്‍ വികാരാധീനനായി.

"തോമക്ക് പണ്ടേ പട്ടാളക്കാരോട് ഒടുക്കത്തെ സഹതാപമല്ലേ... ജവാന്‍ രാമേന്ദ്രന്‍റെ ഭാര്യോടു പണ്ട് കുളക്കടവില്‍ വെച്ച് സഹതപിച്ചത് ഓര്‍മയില്ലേ..?? "

മത്തായിച്ചന്‍റെ ചോദ്യമുയര്‍ത്തിയ കൂട്ടചിരിക്കിടയിലാണ് തോമാച്ചന്‍റെ മൊബൈല്‍ റിംഗ് ചെയ്തത്. നിശബ്ദരാകാന്‍ ആംഗ്യo കാണിച്ചു അയാള്‍ ഫോണ്‍ എടുത്തു..

"ആ ജോര്‍ജ്ജീ ...പറയെടാ...  ആന്നോ....അത് പൊളിച്ചല്ലോ...നീയൊരു കാര്യം ചെയ്യ്...ഒരു ഫിഫ്ടി ഇപ്പൊ ട്രാന്‍സ്ഫര്‍ ചെയ്തോ..ബാക്കി ഞാന്‍ ത്രേസ്യയോട് ചോദിച്ചിട്ട് പറയാം."

അയാള്‍ ഫോണ്‍ കട്ട്‌ ചെയ്തിട്ട് മറ്റുള്ളവന്‍മാരോടായി പറഞ്ഞു :

"ഡാ... റുപ്പീ പിന്നേം കൂപ്പുകുത്തിന്നു...ഡോളര്‍നു റെക്കോര്‍ഡ്‌  കയറ്റാ... ഇവന്മാരവിടെ കിടന്നിങ്ങനെ ഇടയ്ക്കിടെ ഓരോന്ന് കാട്ടുന്നോണ്ട് നമ്മളെ പോലുള്ലോര്‍ക്കാ ചാകര... ആ രഘുവണ്ണന്‍ വല്ല മാജിക്കും കാട്ടുന്നെനു മുമ്പേ കുറച്ചു ഫണ്ട്‌ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ നോക്ക്..."

"ഏത് രഘുവണ്ണനാ മത്തായിച്ചാ..."

അരവിന്ദേട്ടന്‍ നിഷ്കളങ്കമായി ചോദിച്ചു.

"മ്മടെ രഘുറാം രാജന്‍...അല്ലാണ്ടാരാ..."

ഒരു കൂട്ടചിരിയോടെ അന്നത്തെ ആഴ്ച്ചക്കൂട്ടത്തിനു തിരശീല വീണു.