Sunday 30 April 2017

കമ്മൽ

"അള്ള്...നോക്കുമ്മാ ഇയ്യിക്കാക്ക കമ്മലിട്ട്ക്ക്ണ്......"
എതിർ സീറ്റിലിരിക്കുന്ന ഉമ്മക്കുട്ടി തന്‍റെ  അടുത്തിരിക്കുന്ന ഉമ്മയെ തോണ്ടി വിളിച്ചു.

തല മുഴുവനായും മറച്ച് താടിക്ക് കീഴെ പിൻ ചെയ്ത് വെച്ച മഫ്തയിലൂടെ കാണുന്ന കുഞ്ഞ് മുഖത്തിന് വല്ലാത്തൊരു ഓമനത്തം തോന്നി. അടുത്തിരിക്കുന്ന ഭാര്യയോട്  അത് പറയാനായി  തിരിഞ്ഞപ്പോഴാവണം ഉമ്മക്കുട്ടി എന്‍റെ  ഇടത് ചെവിയിലെ സ്റ്റഡ്‌ കണ്ടത്. ഏതായാലും "ചങ്ക് ബ്രോ ലുക്ക്" കിട്ടാൻ വേണ്ടി കാത് കുത്തുന്ന വേദനയും പിന്നെയത് 'പഴുത്ത' വേദനയും സഹിച്ച എനിക്കൽപം ക്ഷീണമായി. ഭാര്യയുടെ കൈമുട്ട് കൊണ്ടുള്ള പരിഹാസച്ചുവയുള്ള തട്ടും കൂടിയായപ്പോൾ പൂർത്തിയായി.
കൈയ്യിലെ സ്മാർട്ട് ഫോണിൽ ആകെ പൂണ്ടിരിക്കുന്ന ഉമ്മ  ഇടക്കൊന്ന് കരക്ക് കേറി എന്നെ നോക്കി ചിരിച്ച് തിരിച്ചിറങ്ങി പോയി. ഉമ്മക്കുട്ടിയപ്പോഴും മുൻനിരയിലെ പല്ലുകൾ ഒന്നു പോലുമില്ലാത്ത വായ പൊത്തി കുണുങ്ങി കുണുങ്ങി ചിരിക്കുകയായിരുന്നു.

"ഇന്‍റയ്ശ്വോ...കാത്ങ്ങനെ ഒയ്ച്ചിടാണ്ടെ അനക്കൊരു കമ്മലിടത്ത്ട്ടൂടെ... എത്ര ബർക്കത്ത്ണ്ടാവുന്നാ... ഇബ്ടെ ആങ്കുട്ട്യോള് വരെ കമ്മലിട്ട് നടക്ക്മ്പഴാ."

മുഖം മൊബൈലിൽ പൂഴ്ത്തി വെച്ച് തന്നെയാണ് അവരത്രയും പറഞ്ഞത്.
ജനലിനരികിലേക്ക് നീങ്ങിയിരിക്കുന്ന  കൗമാരക്കാരിയെ അപ്പോഴാണ് ശ്രദ്ധിച്ചത്. പർദ്ദ  തന്നെയാണ് വേഷം. തട്ടം തലയിൽ നിന്നൂർന്ന് കഴുത്തിൽ വീണു കിടക്കുന്നു. ആ സ്ത്രീ പറഞ്ഞത് ശരിയാണെന്നെനിക്കും  തോന്നി. അവളുടെ മെലിഞ്ഞു നീണ്ട മുഖത്തിന് കമ്മൽ നന്നായി ചേരും.
പുറം കാഴ്ചകളിൽ മുഴുകിയിരിക്കുകയായിരുന്ന അവൾ മറുപടിയൊന്നും പറയാതെ തട്ടമെടുത്ത് നേരെയിട്ടു. ഇപ്പോഴവളുടെ ഒഴിഞ്ഞ കാതുകളും മുഖവും എനിക്ക് കാണാനാവില്ല.

"അതിന് ഉമ്മാക്ക് കമ്മലൊക്കെണ്ടല്ലോ... പുത്യേത് മാറ്റി വാങ്ങാൻ ഉപ്പാക്ക് ഊരിക്കൊട്ത്തതാ... ല്ലേ ഉമ്മാ...?"

അവൾക്കും ജനലിനുമിടയിലായിരിക്കുന്ന മൊട്ടച്ചെറുക്കൻ മറുപടിക്കായി അവളുടെ മുഖത്തേക്കുറ്റ് നോക്കി.

"ഉമ്മാ..." എന്ന വിളി എന്നെ ശരിക്കും അദ്ഭുതപ്പെടുത്തി. എങ്ങനെ നോക്കിയാലും ആ പയ്യന്‍റെ  ഉമ്മയാകാനുള്ള പ്രായം പെൺകുട്ടിക്കുട്ടിക്കുണ്ടെന്ന് തോന്നിയില്ല.  "മമ്മീ" എന്ന് വിളിച്ചു കൊണ്ടോടി വരുന്ന കുട്ടിയെ കാണുമ്പോൾ ആശ്‌ചര്യത്തോടെ "ചർമ്മം കണ്ടാൽ പ്രായം തോന്നുകയേയില്ല" എന്ന് പറയുന്ന പരസ്യ ചിത്രം ഓര്‍ത്തെടുക്കുമ്പോള്‍   തട്ടത്തിന് പുറകിലെ ഈറനണിഞ്ഞ കണ്ണുകൾ  എനിക്ക് കാണാമായിരുന്നു.

Wednesday 26 April 2017

ഷെയർ

"ചേട്ടനിതൊന്ന് നോക്കിക്കേ.. എന്നിട്ട് പറ"

അവൻ മൊബൈൽ ഫോൺ അടുത്തിരുന്ന കാവി മുണ്ടുകാരന് നീട്ടി.       

"ഇതത് തന്ന്യാ....ഒര് സംശ്യോല്യാ..."  

വായിൽ നിറഞ്ഞ മുറുക്കാൻ തുളുമ്പാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ടാണ് അയാൾ മറുപടി നൽകിയത്.
     
ട്രാക്കിലേക്കൊന്ന് നീട്ടിത്തുപ്പി, പല നിറത്തിലുള്ള ചരടുകൾ വരിഞ്ഞു കെട്ടിയ വലത് കൈ കൊണ്ട് ചിറിയൊന്ന് തുടച്ച്, അയാളാ മൊബൈൽ വാങ്ങി കൂടെയുള്ളവരെ കാണിച്ചു. 

"ദേ ഫോട്ടോല് കാണണ കൊച്ചിനെ കൊറച്ചീസായി കാണാനില്യാന്ന് പറഞ്ഞ് ഈ ചേട്ടന് വാട്ട്സാപ്പിലാരോ ഷേയറേയ്തതാ... കൊച്ചല്ലേ ദാ അവിടെ  കെടക്കണത്. നോക്ക്യേ നിങ്ങള്..."

പ്ലാറ്റ്ഫോമിലെ സിമന്റ്  ബഞ്ചിൽ മലർന്ന് കിടന്നുറങ്ങുന്ന കുഞ്ഞിന് നേരെയാണ് അയാൾ വിരൽ ചൂണ്ടിയത്. തൊട്ടരികിലായി, പാറിപ്പറക്കുന്ന ചെമ്പൻ മുടിയും നീട്ടി വളർത്തിയ താടിയുമുള്ള മുഷിഞ്ഞ വസ്ത്രധാരിയായ ഒരു ചെറുപ്പക്കാരൻ ഇരിക്കുന്നുണ്ട്അവരുടെ
നോട്ടവും സംസാരവും ശ്രദ്ധിച്ചിട്ടാവണം അയാൾ ഇടക്കിടെ പാളി നോക്കുന്നുണ്ട്. അത് അവരുടെ സംശയം ബലപ്പെടുത്തി. പിന്നെയൊട്ടും അമാന്തിച്ചില്ല. അവരൊരു കൂട്ടമായി അയാൾക്കരികിലേക്ക് നീങ്ങി.

തുടക്കത്തിൽ അവരുടെ ചോദ്യങ്ങൾക്കുള്ള മറുപടികൾ കൃത്യമായിരുന്നുവെങ്കിലും  അവര്‍  റാപ്പിഡ് ഫയർ റൗണ്ടിലേക്ക് കടന്നതോടെ അയാൾക്ക് അടിപതറി. അതോടെ അവരുടെ സംശയം സ്ഥിതീകരിക്കപ്പെട്ടു. തികച്ചും അപ്രതീക്ഷിതമായാണ് അവർക്കിടയിൽ നിന്നും ഒരു കൈ നീണ്ടു ചെന്ന് അയാൾക്ക് മേൽ പതിച്ചത്. അതൊരു തുടക്കം മാത്രമായിരുന്നു. പല നിറത്തിലും സൈസിലുമുള്ള കരങ്ങൾ അയാളുടെ മെലിഞ്ഞ ശരീരത്തിൽ നിർബാധം വന്ന് പതിച്ചു കൊണ്ടിരുന്നു. റെയിൽവേ പോലീസുകാർ വന്ന് ലാത്തി വീശും വരെ ആ കലാപരിപാടി തുടർന്നു.

കരഞ്ഞു തളർന്ന കുഞ്ഞിനോടൊപ്പം  സ്റ്റേഷനിലേക്ക് കൊണ്ടു പോയ അവരെ പോലീസുകാർ എസ്.ഐയുടെ റൂമിന് പുറത്ത് ബെഞ്ചിലിരുത്തി. ഡിസ്പൻസറിയിൽ കൊണ്ട് പോയി മുറിവുകളിൽ മരുന്ന് വെച്ച് കെട്ടിയ ശേഷമാണ് ചെറുപ്പക്കാരനെ കൊണ്ട് വന്നത്. അപ്പോഴേക്കും സൽപ്രവർത്തിയുടെ ക്രെഡിറ്റ് ഷെയർ ചെയ്തു പോകണ്ടയെന്ന 'സദുദ്ദേശത്തോടെ' അവൻ കൂടെയുളളവരെയൊക്കെ നിർബന്ധിച്ച് പറഞ്ഞയച്ചു കഴിഞ്ഞിരുന്നു.

പോലീസുകാരുടെയും,  അവർ പറഞ്ഞറിഞ്ഞ സ്റ്റേഷനിൽ വന്നു പോകുന്നവരുടെയും ബഹുമാനത്തോടെയുള്ള നോട്ടം കണ്ട് അവന്‍റെ  നട്ടെല്ല് കൂടുതൽ നിവർന്നു.

"സാറേ ഇവിടെ വൈഫൈയുണ്ടോ?"

അവൻ മുന്നിലിരിക്കുന്ന റൈറ്ററോട് ചോദിച്ചു.

"ഉണ്ടല്ലോ" 

"പാസ് വേഡ് ഒന്ന് തരാമോ? അത്യാവശ്യമായൊരു മെയിൽ ചെക്ക് ചെയ്യാനുണ്ടായിരുന്നു." 

"ഓ.. പിന്നെന്താ.."

അയാൾ കാര്യം മനസ്സിലാക്കിയ പോലൊരു ചിരി പാസാക്കി. പാസ്‌വേഡ് കിട്ടിയതും അവൻ എഫ്.ബി.യിൽ കേറി അന്നുണ്ടായ സംഭവം അൽപം പൊലിപ്പിച്ചും, അവന്‍റെ  സമയോചിതമായ ഇടപെടൽ ഹൈലൈറ്റ്  ചെയ്തും കൊണ്ടൊരു പോസ്റ്റിട്ടു.

മൊബൈലിൽ നിന്നും അവൻ കണ്ണുകളുയർത്തിയത് മുന്നിൽ നിൽക്കുന്ന എസ്.ഐയുടെ ചുവന്നു തുടുത്ത മുഖത്തേക്കാണ്. "നായിന്‍റെ  മോനേ" എന്നൊരു വിളിയോടെ എസ്.ഐയുടെ വലിയ കൈപത്തി വലത് കരണം പുകച്ചത് മാത്രമേ അവനോർമ്മയുള്ളു.

കുട്ടിയെ കാണാനില്ലെന്ന മെസേജ് പലരും ഷെയർ ചെയ്ത് അവന്‍റെ  മൊബൈലിലെത്താൻ ഏതാണ്ട് ഒരു മാസമെടുത്തെന്നും അതിനിടയിലെപ്പഴോ കുട്ടിയെ മാതാപിതാക്കൾക്ക് തിരിച്ച് കിട്ടിയിരുന്നെന്നും സുഹൃത്തുക്കൾ പറഞ്ഞ് അവനറിഞ്ഞു. അപ്പോഴേക്കും, ലൈക്കുകളും കമന്ടുകളും കുമിഞ്ഞു കൂടിയ അവന്റെ എഫ്.ബി. പോസ്റ്റ് ഒരുപാട് പേർ ഷെയർ ചെയ്ത് കഴിഞ്ഞിരുന്നു.

Tuesday 11 April 2017

ഓട്ടോക്കാരന്‍

റോഡിലേക്ക് ഇറങ്ങി നിന്ന്‌ കൈ കാണിച്ചിട്ടും കുറേയേറെ മുന്നോട്ട് ചെന്നാണ് ഓട്ടോ നിര്‍ത്തിയത്. പത്തിരുപത് മിനിട്ട് നേരത്തെ പരിശ്രമത്തിന് ശേഷം ആദ്യമായി നിർത്തിയ ഓട്ടോയാണ് എന്ന ഒറ്റക്കാരണത്താൽ പതഞ്ഞു പൊങ്ങിയ ദേഷ്യം കടിച്ചമര്‍ത്തി ഓടിച്ചെന്നു. ഞാൻ കയറുമ്പോഴേക്കും ഓട്ടോ നീങ്ങിത്തുടങ്ങി. ഒരു വിധത്തിലാണ് വീഴാതെ സീറ്റിലിരുന്നത്.

"തനിക്കെന്താടോ കണ്ണ് കണ്ടൂടെ...."

ദേഷ്യമടക്കാനായില്ല. പക്ഷെ   ഓട്ടോക്കാരന്റെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവുമുണ്ടായില്ല. അതോടെ ഞാനുമൊന്ന് മയപ്പെട്ടു.

"ചേട്ടാ...റെയില്‍വേ സ്റ്റേഷനിലേക്കാ.... മീറ്ററിട്ടില്ലാ...."

അയാളത് കേട്ടതായി പോലും ഭാവിക്കാത്തതിനാൽ ഞാന്‍ തന്നെ മീറ്റര്‍ കറക്കിയിട്ടു. എന്നിട്ടും അപ്പുറത്ത് അനക്കമില്ല.

റോഡിന്‍റെ ഇരുവശങ്ങളും തൊട്ട് വളഞ്ഞു പുളഞ്ഞ് സാമാന്യം വേഗത്തിലാണ് ഓട്ടോ പോകുന്നത്. ട്രെയിനിന്‍റെ സമയം അടുത്തതിനാല്‍  കൂടുതലൊന്നും പറയാതെ മുന്നിലെ കമ്പിയില്‍ മുറുകെ പിടിച്ചിരുന്നു. കഷ്ടി ഒരു കിലോമീറ്റര്‍ പോയിക്കാണും. ഇട റോഡില്‍ നിന്നും കയറി വന്ന സൈക്കിളിനെ ഇടിച്ചു തെറിപ്പിച്ചാണ് ഓട്ടോ നിന്നത്.

റോഡിലേക്ക് തെറിച്ചു വീണ എന്നെ ഓടിക്കൂടിയവരിലാരോ പിടിച്ചെഴുന്നേല്‍പ്പിച്ചു. ചോരയൊലിപ്പിച്ചു  കിടന്ന സൈക്കിളുകാരന്‍ പയ്യനുമായി ഒരു കാര്‍ ആശുപത്രിയിലേക്ക് ചീറിപ്പാഞ്ഞു പോയി. ഓട്ടോക്കാരൻ അപ്പോഴും ഹാന്‍ഡിലില്‍ മുറുകെപ്പിടിച്ചു കൊണ്ട് മുന്നിലേക്ക്‌ നോക്കി ഇരിക്കുകയാണ്. ചില്ലില്‍ ചെന്നിടിച്ചതാവണം, നെറ്റി മുറിഞ്ഞൊഴുകുന്ന ചോര അയാളുടെ മുഖത്താകെ പടര്‍ന്നിരുന്നു.

"ഇയാളാ....ഇയാള് തോന്നിയ പോലെ വണ്ടി ഓടിച്ചിട്ടാ  ഇതുണ്ടായെ...."

ഞാന്‍ ആരോടെന്നില്ലാതെ വിളിച്ചു പറഞ്ഞു.

"ഇത്രയൊക്കെയായിട്ടും കൂളായി ഇരിക്കുന്ന കണ്ടില്ലേ....വല്ല കള്ളോ കഞ്ചാവോ ആയിരിക്കും."

ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ അഭിപ്രായപെട്ടു.

സ്ഥലത്തെത്തിയ ഹൈവേ പോലീസ്  ഓട്ടോക്കാരനെ വലിച്ചിറക്കി ജീപ്പിലേക്കു കൊണ്ട് പോയി. കയ്യിലും കാലിലും മുറിവ് പറ്റിയ എന്നെയും അവര്‍ ജീപ്പിലിരുത്തി.   ജീപ്പിലിരുന്ന് ഞാൻ പോലീസുകാരോട്  അപകടത്തെ പറ്റി വിവരിക്കുമ്പോഴും അയാള്‍ക്ക് യാതൊരു ഭാവഭേദവുമില്ല. ഞങ്ങളെ നേരെ ആശുപത്രിയിലേക്കാണ് കൊണ്ട് പോയത്.  മുറിവുകളില്‍ മരുന്ന് വെച്ച് കെട്ടി വിട്ടപ്പോൾ, പോലീസുകാർ പറഞ്ഞ പ്രകാരം, ഞാന്‍ നേരെ ട്രാഫിക് പോലീസ് സ്റ്റേഷനില്‍ ചെന്ന് ഓട്ടോക്കാരനെതിരേ വിശദമായൊരു പരാതിയും എഴുതി നല്‍കിയാണ്‌ വീട്ടിലേക്ക് പോയത്.

ആ സംഭവം കഴിഞ്ഞിട്ട് ഏതാണ്ട് മൂന്നു മാസം കഴിഞ്ഞു കാണും. ഇന്ന് തികച്ചും അപ്രതീക്ഷിതമായി അയാളെ വീണ്ടും കണ്ടപ്പോഴാണ് ഞാൻ ഇതെല്ലാം ഓർത്തെടുത്തത്.

"സാറിനെന്നെ മനസ്സിലായോ?"

പാസ്പോര്‍ട്ട് വെരിഫിക്കേഷൻ കഴിഞ്ഞ് പോലീസ് സ്റ്റേഷനില്‍ നിന്നും പുറത്തേക്കിറങ്ങുമ്പോൾ മുന്നിലേക്ക്‌  കയറി നിന്ന അയാളെ പെട്ടെന്ന് തിരിച്ചറിയാനായില്ല.

"സാറ് പണ്ട് എനിക്കെതിരെ ഇവിടെയൊരു പരാതി കൊടുത്തിട്ടുണ്ട്..."

ചിരിച്ചു കൊണ്ടാണ് അയാൾ പറഞ്ഞതെങ്കിലും ഞാന്‍ രണ്ടടി പുറകോട്ടു വെച്ചു.

"അയ്യോ സാറേ...ഞാൻ വഴക്കുണ്ടാക്കാന്‍ വന്നതൊന്നുമല്ല..."

എന്‍റെ ഭാവമാറ്റം ശ്രദ്ധിച്ചിട്ടാവണം അയാള്‍ കൈകള്‍ കൂപ്പിക്കൊണ്ട് അടുത്തേക്ക് വന്നു.

"സത്യം പറഞ്ഞാല്‍ എനിക്ക് സാറിനെ മനസിലായില്ല...അന്ന് ഞാന്‍ സാറിന്‍റെ മുഖം പോലും കണ്ടില്ലാരുന്നു. ആട്ത്തെ പോലീസുകാരാ സാറിനെ ഇപ്പോ കാണിച്ചു തന്നത്"

അതെ കോമ്പൗണ്ടിലുള്ള ട്രാഫിക് സ്റ്റേഷന് നേരെ അയാള്‍ വിരൽ ചൂണ്ടി.

"എനിക്ക് പിന്നെ വന്ന് കാണണന്ന്ണ്ടായിരുന്നു. ഞാൻ കാരണം കൊറേ ബുദ്ധിമുട്ടിയതല്ലേ. അന്നെന്താ ശരിക്ക് സംഭവിച്ചേന്ന് സാറിനോടെങ്കിലും പറയണന്ന് തോന്നി. പക്ഷെല് നടന്നില്ല. ഇപ്പൊ ഒരു പത്തു മിനിറ്റ് കാണ്വോ? ഇനി കണ്ടില്ലെങ്കിലോ"

അയാളുടെ പെരുമാറ്റവും സംസാരവും  എന്നിലെ ഭയം ഇല്ലാതാക്കിയിരുന്നു. ഞാന്‍ തലയാട്ടി സമ്മതമറിയിച്ചു.

"എന്നാ നമ്മുക്കങ്ങോട്ടിരിക്കാം സാറേ..."

അയാൾ  അടുത്തുള്ള ചായക്കടയിലേക്ക് നടന്നു. പുറകെ ഞാനും.

ഒരു സ്റ്റൂള്‍ വലിച്ചിട്ടു തന്നിട്ട് അയാൾ അരത്തിണ്ണയിലിരുന്നു.

"ചായ പറയട്ടെ സാറേ...."

മറുപടിക്ക് കാക്കാതെ തന്നെ രണ്ട് ചായ ഓര്‍ഡര്‍ ചെയ്ത് കഴിഞ്ഞു.

"അയ്യോ സാറേ ഞാന്‍ ചോദിക്കാന്‍ മറന്നു...അന്ന് സാറിന് വല്ലതും പറ്റിയായിരുന്നോ...?"

അയാള്‍ എനിക്കരികിലേക്ക് നീങ്ങിയിരുന്നു.

"ഏയ്‌..ഇല്ലാ...കുറച്ചു പോറി....അത്രേള്ളൂ..."

"സത്യം പറഞ്ഞാല്‍ അന്ന് ഞാന്‍ സാറിനെ കേറ്റാന്‍ വേണ്ടി നിര്‍ത്തിതല്ല. കൈ നീളുന്നത് കാണുമ്പോ അറിയാതെ നിര്‍ത്തിപ്പോയതാ...പത്തിരുപത് കൊല്ലായിട്ട്ള്ള ശീലല്ലേ..."

കടക്കാരന്‍ ചായ കൊണ്ട് തന്നു.

"അന്ന് വല്ലാത്തൊരു ദിവസായിരുന്നു സാറേ...കാലത്ത് കെട്ട്യോളാെന്ന് തല കറങ്ങി വീണിരുന്നു.  ആസ്പത്രീല്‍ കൊണ്ടോയപ്പോ ഓരവിടുന്നു സ്കാനൊക്കെ ചെയ്യിപ്പിച്ചു. വൈകിട്ട്
 അതിന്‍റെ റിപ്പോര്‍ട്ട് വാങ്ങാന്‍ പോയതാ...അപ്പോഴാ പറയുന്നേ ഓള്‍ക്ക് ബ്രെയിന്‍ ട്യൂമറാ... സീരിയസ്സാ... ഇനി കഷ്ടി ഒന്നോ രണ്ടോ മാസം കൂട്യേ ഉണ്ടാവൂന്നൊക്കെ... കണ്ണിലാകെ ഇരുട്ട് കേറിപ്പോയി സാറേ.... റിപ്പോര്‍ട്ടുങ്കൂടെ വാങ്ങാണ്ടെ ഇറങ്ങിപ്പോരണ വഴിക്കാ സാറ് കേറീത്..."

 ചൂട് ചായ ഒറ്റവലിക്ക് കുടിച്ചിട്ട് അയാൾ ചിറി അമര്‍ത്തിത്തുടച്ചു.

"ഓക്കെപ്പോം  തലവേന്യാര്‍ന്നു...പണീം കയ്ഞ്ഞു ഞാൻ ചെന്നു കേറുമ്പോ ഓള്  ചെലപ്പോ കെടക്കാവും. അപ്പം വരുന്ന കലിക്ക് വായിത്തോന്നുന്നതൊക്കെ പറയും.. ഇടക്ക് രണ്ടു പെടക്കേം ചെയ്യും... എന്നാലും ഓള് ഒന്നും മിണ്ടാണ്ടെ  ചെന്ന് ഇനിക്ക് തിന്നാനുള്ളതൊക്കെ എട്ത്ത് വെക്കും. പക്ഷെല് അന്നൊന്നും ഇനിക്കറിഞ്ഞൂടാരുന്നല്ലോ......."

കൈകളില്‍ മുഖമമര്‍ത്തി അയാള്‍ തേങ്ങിക്കരയാന്‍ തുടങ്ങി. ഞാന്‍ പതുക്കെ ചെന്ന് അയാളുടെ തോളില്‍ കൈ വെച്ചു.

"ഇല്ല സാറേ...എനിക്കിപ്പോ  വെഷമൊന്നൂലാ. ഓള്  പോയിട്ടിപ്പോ മാസം ഒന്ന് കയ്ഞ്ഞു. കണ്ണില്ലാത്തപ്പഴെ കണ്ണിന്‍റെ വെലയറിയൂന്നൊക്കെ പഴമക്കാര് പറയുന്നത് വെറുതെയല്ലാട്ടോ..."

 മുണ്ടിന്‍റെ കോന്തല കൊണ്ട് അയാള്‍ മുഖം തുടച്ചു.

"അന്ന് ഞാന്‍ ഇടിച്ചിട്ട പയ്യനില്ലേ. അത് ആരൂല്ലാത്തോനാ. ഞാക്കാണേൽ മക്കളോന്നൂല്ലാരുന്നു. അതോണ്ട് ഓനിപ്പോ ഇന്‍റെ കൂടെണ്ട്. അന്നോന്‍റെ രണ്ടു കാലിനും ഓപ്പറേഷന്‍ വേണ്ടി വന്നു. വണ്ടീന്റെ ഇന്‍ഷുറന്‍സൊന്നും കൃത്യം അടക്കാത്തോണ്ട് ഒന്നും കിട്ടീലാ. ഒടുക്കം ഞാനാ വണ്ടി കൊടുത്തു സാറേ. ഓന്‍റെ ചികില്‍സ കയ്ഞ്ഞുള്ള ബാക്കി കാശിനു ഒരു ഉന്തുവണ്ടി വാങ്ങിച്ചു. ഇപ്പൊ അതില് പച്ചക്കറി കൊണ്ട് നടന്നു വിക്കലാ. അങ്ങനങ്ങ് ജീവിച്ചു പോണു. തോറ്റ് കൊടുക്കാന്‍ പറ്റൂലാല്ലോ..."

മുന്നിൽ എണീറ്റ്‌ നിന്നപ്പോൾ അയാള്‍ക്ക് ഒരുപാട് ഉയരം വെച്ചത് പോലെ.

"എന്നാ ഞാന്‍ വിടട്ടെ സാറേ. നമ്മടെ ആ കേസ് തീര്‍ന്നെന്‍റെ പേപ്പര്‍ ഇവിടുന്നു കിട്ടണം...എന്നാലെ വണ്ടി വാങ്ങ്യോന്‍റെ പേരിലാക്കാന്‍ പറ്റൂ. ചായേന്‍റെ കാശ് ഞാന്‍ കൊട്ത്ത്ട്ട്ണ്ടേ"

കൈകള്‍ വീശിക്കാണിച്ച് അയാള്‍ വേഗത്തിൽ നടന്നകന്നു.

Wednesday 5 April 2017

കൊച്ചമ്മാവന്‍

"കാത്തിരുന്ന് മുഷിഞ്ഞു കാണുമല്ലേ...?"

അച്ഛന്‍റെ ശബ്ദമാണ്.

"ഏയ്‌ ഇല്ല..ട്രെയിന്‍ ലേറ്റ് ആണെന്നറിഞ്ഞിരുന്നു...എത്തീട്ട് അധിക നേരമായില്ല."

ആ  ശബ്ദം  തന്നിലുളവാക്കിയ ഊര്‍ജ്ജ പ്രവാഹം അവളറിഞ്ഞു. അമ്മയുടെ തോളിലേക്ക് ചായ്ച്ചു വെച്ചിരുന്ന തല താനേ ഉയര്‍ന്നു. ഉറക്കം തൂങ്ങുന്ന കണ്ണുകള്‍ മിഴിഞ്ഞു....മുഖം നിറഞ്ഞ ചിരിയോടെ അവള്‍ നീട്ടി വിളിച്ചു....

"കൊച്ചമ്മാവാ...."

രണ്ടു മാസത്തെ വെക്കേഷന് റിയാദില്‍ നിന്നും നാട്ടിലേക്കുള്ള വരവിനു എപ്പോഴും  ഒരു ടൈം ടേബിളുണ്ടായിരുന്നു. അച്ഛന്‍റെ തറവാട്ടിലെ രണ്ടാഴ്ച്ചക്കാലത്തെ താമസത്തിനു ശേഷം ചെങ്ങന്നൂരുള്ള  അമ്മാത്തേക്കുള്ള യാത്ര മിക്കപ്പോഴും ട്രെയിനിലാവും. കൊച്ചമ്മാവന് അന്ന് കോട്ടയത്താണ് ജോലി. അത് കൊണ്ട് തന്നെ കോട്ടയം മുതല്‍ അവര്‍ക്കൊപ്പം കൊച്ചമ്മാവനും കാണും.

"ആഹാ...ഉണര്‍ന്നോ കണ്ണടക്കാരി..."

കൊച്ചമ്മാവന്‍ തന്‍റെ സ്വതസിദ്ധമായ കള്ളച്ചിരിയോടെ ചോദിച്ചു.

കണ്ണടക്കാരി-കൊച്ചമ്മാവന്‍ അവള്‍ക്കു ചാര്‍ത്തി നല്‍കിയ അനേകം വിളിപ്പേരുകളില്‍ ഒന്നു മാത്രമാണത്. തനിക്കുള്ള സമ്മാനപ്പൊതി ഒളിഞ്ഞിരിക്കുന്ന കൊച്ചമ്മാവന്‍റെ ബാഗിനു ചുറ്റും മൂളിപ്പറക്കുന്നതിനിടയില്‍ അവളാ ചോദ്യം കേട്ടതായി തോന്നിയില്ല. 

"എന്ത് കോലമാടീ....സ്വര്‍ണ്ണ കണ്ണടയും...കീറിയ ജീന്‍സും....ഹാ....കഷ്ടം"

കൊച്ചമ്മാവന്‍ വിടാന്‍ ഭാവമില്ല.

ഇത്തവണ ഏതായാലും ലക്‌ഷ്യം തെറ്റിയില്ല. അവളുടെ  മുഖത്തെ ചിരി മാഞ്ഞു. മൂക്ക് ചുവന്നു. ചുണ്ടുകള്‍ കൂര്‍പ്പിച്ച് താഴോട്ട് നോക്കിയിരിക്കുന്ന  അവള്‍ക്കു ശുണ്ഠി വന്നിരുന്നു. എങ്ങനെ വരാതിരിക്കും. പുത്തന്‍ ഗോള്‍ഡന്‍ ഫ്രെയിം കണ്ണടയും വെച്ച് ലേറ്റസ്റ്റ് ഫാഷന്‍ ജീന്‍സുമിട്ട് പൂര്‍ണ്ണ സംതൃപ്തിയില്‍ ഇരിക്കുമ്പോഴാണ് ഇങ്ങനൊരു കളിയാക്കല്‍.

അല്ലെങ്കിലും അവളെ ശുണ്ഠി പിടിപ്പിക്കുക, പറഞ്ഞു പറ്റിക്കുക എന്നിവയൊക്കെയാണ് കൊച്ചമ്മാവന്‍റെ പ്രധാന വിനോദങ്ങള്‍. സ്നേഹവും വാത്സല്യവും വാരിക്കോരി നല്‍കുന്ന വല്യമ്മാവനാണ് ഒരു വശത്തെങ്കില്‍ കളിക്കൂട്ടുകാരനായ കൊച്ചമ്മാവനാണ് മറുവശത്ത്. അവളോടുള്ള കൊച്ചമ്മവന്‍റെ കുസൃതി അളക്കാന്‍ ഇനി പറയുന്നത് തന്നെ ധാരാളം.

ചെങ്ങന്നൂര് നിന്നും കോട്ടയം വരെയും തിരിച്ചും ദിവസവും താന്‍ ആനപ്പുറത്താണ് യാത്രയെന്നാണ് കൊച്ചമ്മാവന്‍ അവളോട് പറഞ്ഞിരിക്കുന്നത്. ആനയെ കാണാനായി   ദിവസവും കൊച്ചമ്മാവന്‍റെ  വരവും കാത്തിരിക്കുന്ന അവള്‍ക്ക്   തൊടിയില്‍ കെട്ടിയിട്ടിരിക്കുന്ന ആനയെ അയാള്‍ ചൂണ്ടി കാണിച്ചു കൊടുത്തിരുന്നു. പക്ഷെ തൊടിയിലെ ഇരുട്ട് കാരണം അവള്‍ക്കൊരിക്കലും  ആനയെ കാണാന്‍ പറ്റാറില്ല. എന്നെങ്കിലും തൊടിയിലെ ഇരുട്ട് വറ്റുമെന്നും അപ്പോള്‍ തനിക്ക് ആനയെ കാണാനാവുമെന്നും കരുതി അവള്‍ ആ നോട്ടം തുടര്‍ന്ന് കൊണ്ടേയിരുന്നു. അത്രക്കും സ്വാഭാവികമായിട്ടായിരുന്നു കൊച്ചമ്മാവന്‍  അവളെയാ  "ആന നുണ" പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്.

ഇടയ്ക്കിടെ പിണങ്ങാറുണ്ടെങ്കിലും ദിവസവും വൈകിട്ട് അവള്‍ക്കുള്ള പുസ്തകവുമായി കയറി വരുന്ന കൊച്ചമ്മാവനെ അവള്‍ക്കേറെ ഇഷ്ടമായിരുന്നു.

                                     X--------------------------X------------------------X

വര്‍ഷങ്ങള്‍ക്കിപ്പുറം ദല്‍ഹിയിലെ ഒരു പ്രഭാതം.

ആന കൊമ്പ് കുലുക്കിക്കൊണ്ട് ഓടിയടുക്കുകയാണ്. കൊച്ചമ്മാവന്‍ നിലത്ത് മണ്ണില്‍ മലര്‍ന്നു കിടക്കുന്നു. തുമ്പിക്കൈ ചുരുട്ടി മസ്തകത്തോട് ചേര്‍ത്ത് വെച്ച് കൊണ്ട് ചുറ്റും കിടുങ്ങുമാറുച്ചത്തില്‍ ആന  ചിന്നം വിളിച്ചു.

അവള്‍ ഞെട്ടിയുണര്‍ന്നു. സൈഡ് ടേബിളില്‍ കിടന്നു മൊബൈല്‍ വൈബ്രേറ്റ് ചെയ്ത് കറങ്ങുന്നു.

അച്ഛനാണ്.

"അമ്മൂ....കൊച്ചമ്മാവന്‍ പോയെടീ....."

മൊബൈല്‍ വെട്ടം അണഞ്ഞതോടെ ഹോസ്റ്റൽ മുറിയിലെ ഇരുട്ടിന് കട്ടി കൂടിയതായി അവള്‍ക്കു തോന്നി. ഒരാനയെ ഒളിപ്പിച്ചു നിര്‍ത്താന്‍ മാത്രം കട്ടിയുള്ള ഇരുട്ട്. അവളുടെ ചെവികളിലപ്പോഴുമാ ആനയുടെ  ചിന്നം വിളി മുഴങ്ങിക്കൊണ്ടിരുന്നു.