Thursday 23 December 2021

അന്ന് ക്രിസ്തുമസായിരുന്നു

അച്ഛനുമമ്മക്കുമൊപ്പം അഞ്ചാം നിലയിലുള്ള ഫ്ലാറ്റിലാണ് കുട്ടി താമസിച്ചിരുന്നത്.

എല്ലാ കുട്ടികളേയും പോലെ, കളിപ്പാട്ടങ്ങളെന്നാൽ ഈ കുട്ടിക്കും ജീവനായിരുന്നു.

പല തരത്തിലും വലുപ്പത്തിലുമുള്ള പാവകളും പന്തുകളും വണ്ടികളും മൃഗങ്ങളും തോക്കുകളുമൊക്കെയായി കളിപ്പാട്ടങ്ങളുടെ വലിയൊരു ശേഖരം കുട്ടിക്കുണ്ട്. എന്നാലും, എപ്പോൾ പുറത്ത് പോയാലും പുതിയൊരു കളിപ്പാട്ടമില്ലാതെ അവൻ തിരിച്ചു വരാറില്ല. വാങ്ങി കൊടുക്കാതിരിക്കാൻ അച്ഛനുമമ്മയും എത്ര തന്നെ ശ്രമിച്ചാലും ഒടുവിൽ കുട്ടിയുടെ പിടിവാശിക്ക് മുന്നിൽ അവർ തോറ്റു പോകും.

അങ്ങനെയിരിക്കെ, കളിപ്പാട്ടങ്ങളുടെ മൂന്നാമത്തെ പെട്ടിയും നിറഞ്ഞപ്പോൾ അച്ഛനുമമ്മയും ഒന്ന് തീരുമാനിച്ചു; കുട്ടി ഉപയോഗിക്കാത്തതും കേട് വരാത്തതുമായ കളിപ്പാട്ടങ്ങൾ വേറെ ഏതെങ്കിലും കുട്ടികൾക്ക് കൊടുക്കുക. പക്ഷെ കുട്ടിയാകട്ടെ, ഇത് കേട്ടതോടെ അവൻ ഉപയോഗിക്കുന്നില്ലെന്ന് പറഞ്ഞ് അമ്മ മാറ്റി വെച്ച കളിപ്പാട്ടങ്ങൾ കൊണ്ട് കളിക്കാൻ തുടങ്ങി. അതാെക്കെ ബലം പ്രയോഗിച്ച് വാങ്ങാൻ ശ്രമിച്ചപ്പോൾ കുട്ടി നിലത്തുരുണ്ട് കരയാനാരംഭിച്ചു. അങ്ങനെ ഒരിക്കൽ കൂടി കുട്ടിയുടെ വാശി ജയിച്ചു.
നാലാമത്തെ കളിപ്പാട്ടപ്പെട്ടിയും നിറയാൻ തുടങ്ങി.

പിന്നീടൊരു ദിവസം, അച്ഛനും കുട്ടിയും കൂടി അടുത്തുള്ള ഒരു ഷോപ്പിങ്ങ് മാളിലേക്ക് നടക്കുകയായിരുന്നു. 

"നോക്കച്ഛാ... നമ്മടെ വീട്ടിലെ പോലത്തെ പ്ലേ-ടെന്റ്"

റോഡരികിൽ, ഏതോ നാടോടി സംഘം നീല ഷീറ്റ് വലിച്ചു കെട്ടിയുണ്ടാക്കിയ കൂരയെ ചൂണ്ടിയാണ് കുട്ടി പറഞ്ഞത്.

"പ്ലേ-ടെന്റല്ല മോനെ...അതവരുടെ വീടാണ്" - അച്ഛൻ പറഞ്ഞു.

"വീടോ... ഇതോ... അച്ഛൻന്നെ പറ്റിക്ക്യാൻ നോക്കണ്ട" - കുട്ടി മുഖം കൂർപ്പിച്ചു.

മറുപടിയായി, അച്ഛൻ കുട്ടിയെ നോക്കി ചിരിക്കുക മാത്രം ചെയ്തു.

അവരപ്പോഴേക്കും കൂരയുടെ മുന്നിലെത്തിയിരുന്നു.
അതിന്റെ മുന്നിൽ കുറച്ചു കുട്ടികളിരുന്നു കളിക്കുന്നുണ്ട്.

"കണ്ടോച്ഛാ ... ഞാൻ പറഞ്ഞീല്ലേ... ഈ കുട്ടികൾടെ പ്ലേ-ടെന്റാത്"

അച്ഛൻ വീണ്ടും ചിരിക്കാൻ ശ്രമിച്ചു.

"അയ്യേ ...ന്താ കുട്ടികള് ഡ്രെസ്സൊന്നൂടാതെ മണ്ണിലിരിക്കുന്നത്...ജേംസ് വരൂലേ അച്ഛാ"

അച്ഛനൊന്ന് മൂളി കൊണ്ട് നടത്തത്തിന് വേഗത കൂട്ടി.

കുട്ടിയപ്പോഴും തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു.

"നോക്കച്ഛാ... കല്ലോണ്ടൊക്കെയാ അവര് കളിക്കണത്. അങ്ങനെ കളിക്കാൻ പാടുണ്ടോ; വാവു ആവൂല്ലേ."

ഇത്തവണ അച്ഛന് മൂളാൻ സാധിച്ചില്ല.

"മോനേ ഡ്രസ്സ് വാങ്ങാനും കളിപ്പാട്ടം വാങ്ങാനുമൊക്കെ കുറെ പെെസ വേണ്ടെ. ആ കുട്ടികൾടെ അച്ഛനുമമ്മക്കും അത്രക്ക് പൈസ ഉണ്ടാവൂല്ല."

പിന്നീട് കുട്ടിയൊന്നും ചോദിച്ചില്ല. പക്ഷെ, ആ കൂര കാഴ്ച്ചയിൽ നിന്നും മറയുന്നത് വരെ അവൻ ഇടക്കിടെ തിരിഞ്ഞു നോക്കിക്കാെണ്ടിരുന്നു.

അന്ന് മാളിൽ മുഴുവൻ കറങ്ങിയിട്ടും പുതിയൊരു കളിപ്പാട്ടം വാങ്ങാൻ കുട്ടി വാശി പിടിക്കാതിരുന്നത് അച്ഛനെ അദ്ഭുതപ്പെടുത്തി. തിരികെ വീട്ടിലെത്തിയപ്പോൾ, അമ്മയോടത് പങ്ക് വെക്കുകയും ചെയ്തു. 

കുട്ടിയാകട്ടെ, ആ നേരത്ത് തന്റെ പഴയ നഴ്സറി ബാഗിൽ കളിപ്പാട്ടങ്ങൾ കുത്തി നിറക്കുകയായിരുന്നു. നിറഞ്ഞ ബാഗും തോളിൽ തൂക്കി അച്ഛനൊപ്പം പോകാനിറങ്ങിയ കുട്ടിയുടെ തലയിൽ, അമ്മ അവന് സർപ്രൈസ് ഗിഫ്റ്റായി വാങ്ങി വെച്ചിരുന്ന സാന്റാക്ലോസ് തൊപ്പി വെച്ചു കൊടുത്തു. 

അന്ന് ക്രിസ്തുമസായിരുന്നു; കുട്ടിക്കും റോഡരികിലെ കുട്ടികൾക്കും.