Monday 12 September 2016

ഓണപ്പൊട്ടൻ

"അമ്മേ... ദാ മാവേലി വര്ണൂ..."         
   
അപ്പൂ ഓടി അടുക്കളയിലെത്തി. മണിക്കിലുക്കം കേട്ടൂത്രേ. സീമ ഉമ്മറത്തേക്ക് ചെന്നു. ശരിയാണ് കിലുക്കം കേൾക്കാനുണ്ട്.

കാലത്തെണീറ്റ് താനൊരുക്കിയ പൂക്കളത്തിന്റെ ഭംഗി ഒന്നൂടെ ആസ്വദിക്കാനാണ് അവൾ മുറ്റത്തേക്കൊന്ന് പാളി നോക്കിയത്. ഉള്ളിൽ നിന്നുയർന്ന  ആർത്തനാദം തൊണ്ടയിൽ കുരുങ്ങി. അപ്പുവിന്റെ കരവിരുതിനാൽ അതൊരു "പൂക്കൊളം" ആയിട്ടുണ്ട്. ചെക്കനെ പിടിച്ച് രണ്ട് പെടക്കാനാണ് ആദ്യം തോന്നിയതെങ്കിലും നല്ലൊരു ദിവസമായിട്ടത് വേണ്ടെന്ന് വെച്ചു.

 "സീമേ... ആ നാഴീം വിളക്കും ഉമ്മറത്തേക്കെടുത്ത് വെച്ചോളൂ"

ഐശ്വര്യവുമായി വന്നു കയറുന്ന മാവേലി കണ്ടാൽ മോശമല്ലേയെന്നും കരുതി പൂക്കളം ഒന്ന് മോടി പിടിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് അകത്ത് നിന്നും അമ്മ വിളിച്ചു പറഞ്ഞത്.

വിളക്കു കത്തിച്ച് നാഴിയിൽ അരി നിറച്ച് ഉമ്മറത്ത് കൊണ്ട് പോയി വെക്കുമ്പോഴേക്കും മണികിലുക്കം പടിക്കലെത്തിയിരുന്നു. മാവേലി മന്നന് ദക്ഷിണയായി നൽകാൻ പത്ത് രൂപ നോട്ട് മുത്തശ്ശി അപ്പുവിന്റെ കൈയ്യിൽ തിരുകി കൊടുത്തു. പടികൾക്കു മീതെ ഉയർന്നു വരുന്ന ഓലക്കുട പ്രതീക്ഷിച്ചു നിന്ന അവർക്കു മുന്നിൽ ഒരു വടിയുടെ അറ്റം തെളിഞ്ഞു വന്നു.

" അക്കാ.... പഞ്ഞി മിഠായി വേണമാ? 
പത്ത് റൂപാക്ക് റണ്ട് പേക്ക്"      

പഞ്ഞി മിഠായി പാക്കറ്റുകൾ നിറഞ്ഞ വടിയുമായി കറുത്ത് മെല്ലിച്ചൊരു പയ്യൻ.

" വേണമാ തമ്പീ....?"     

കയ്യിലെ മണി കിലുക്കി കൊണ്ടുള്ള ചോദ്യം അപ്പുവിനോടാണ്. മുത്തശ്ശിയുടെ വേഷ്ടിത്തുമ്പ് കടിച്ചും കൊണ്ട് "ഓണപ്പൊട്ടനാ"യുള്ള അപ്പുവിന്റെ നിൽപ് കണ്ടപ്പോ സീമക്ക് ചിരി പൊട്ടി.

ഏതായാലും മാവേലിക്ക് നൽകാനിരുന്ന അരിയും കാശും കൊടുത്താണ് പയ്യനെ അവർ പറഞ്ഞു വിട്ടത്.

"നാടും വീടും സ്വത്തുമൊക്കെ ഇട്ടിട്ടു പോയ മാബലിക്കെവിടുന്നാ കിരീടോം ചെങ്കോലും? ഇത് പോലെ വല്ല രൂപത്തിലാവും മൂപ്പർടെ നടപ്പ്"

പടികളിറങ്ങുന്ന പയ്യനെ നോക്കി ഇങ്ങനെ പറഞ്ഞു കൊണ്ട് മുത്തശ്ശി അകത്തേക്ക് നടന്നു. പിറകിൽ വിളക്കും നാഴിയുമായി സീമയും പഞ്ഞി മിഠായി നുണഞ്ഞു കൊണ്ട് അപ്പുവും.