Wednesday 30 November 2022

ഫെമിനിച്ചി

കഥയുടെ പേര് വായിച്ച് തെറ്റിദ്ധരിക്കണ്ട; ഇതെന്റെ കഥയാണ്. 

ഞാനൊരു പട്ടിയാണ്; നെറ്റി ചുളിക്കേണ്ട, അസ്സൽ പെൺപട്ടി തന്നെ.

പേരോ........??? എനിക്ക് പേരില്ല. 

ഊരും പേരുമില്ലാതെ തെരുവിൽ വന്നടിയുന്ന എന്നെ പോലുള്ളവരെ നിങ്ങൾ വിളിക്കുന്ന പേരില്ലേ; അത് തന്നെ വിളിച്ചോളൂ. കേൾക്കാൻ അത്ര സുഖമില്ലെങ്കിലും മുഖം കറുപ്പിക്കാതെ, വാലാട്ടി നിന്ന് ഞാൻ വിളി കേൾക്കാം. പക്ഷെ, ദയവ് ചെയ്ത്, നിങ്ങളെന്റെ കഥ മുഴുവനായും ശ്രദ്ധിച്ച് കേൾക്കണം.

നഗരത്തിരിക്കിന് വെളിയിൽ, എന്നാൽ മുൻസിപ്പാലിറ്റി പരിധിയിലെ ഒരു ചെറിയ വീടിന്റെ വിറകു പുരയിലാണ് എന്റെ പിറവി. അമ്മയുടെ കന്നിപ്രസവമായിരുന്നു- ഞാനും നാല് സഹോദരൻമാരും. അമ്മയുടെ ചൂടു പറ്റിക്കിടന്ന്, മത്സരിച്ച് അമ്മിഞ്ഞ കുടിച്ച്, വിറക് പുരക്കുള്ളിൽ ചാടിമറിഞ്ഞ്... ഓ... എന്തൊരു രസമായിരുന്നു. എന്നാൽ അധിക നാൾ അത് നീണ്ടില്ല. പാമ്പ് കടിയേറ്റാണ് അമ്മ മരിച്ചത്; ക്ഷമിക്കണം, ചത്തത്. വിറക് കൂനയിൽ നിന്നും ഞങ്ങൾക്ക് നേരെ പടം വിരിച്ചെത്തിയ പാമ്പിനെ ഏറെ പണിപ്പെട്ടാണ് അമ്മ കൊന്നത്. രണ്ടായി മുറിഞ്ഞ പാമ്പിനരികിൽ നീലിച്ച ശരീരവുമായി അമ്മ കുഴഞ്ഞു വീണപ്പോഴാണ്, കെട്ടി മറിച്ചിലിനിടയിൽ അമ്മക്കു കൊത്തേറ്റിരുന്നെന്ന്  ഞങ്ങളറിഞ്ഞത്. ഞങ്ങളെ പേര് ചൊല്ലി വിളിക്കുന്നതിന് മുമ്പേയാണ് അമ്മ പോയത്. നേരത്തെ തന്നെ പറഞ്ഞുവല്ലോ; എനിക്ക് പേരില്ല.

അവഗണനകളുടെ, വിവേചനങ്ങളുടെ നാളുകളായിരുന്നു പിന്നീടങ്ങോട്ട്. പെണ്ണായത് കൊണ്ട് മാത്രം ഞാൻ ആ വീട്ടുകാരുടെ കണ്ണിലെ കരടായി.  അവരെന്നെ പലവട്ടം ഓടിച്ചു വിടാൻ ശ്രമിച്ചതാണ്; ഞാൻ പോയില്ല. സഹോദരൻമാർക്ക് കിണ്ണത്തിൽ നിറയെ പാൽ കിട്ടിയപ്പോൾ, അവർ ബാക്കിയാക്കിയത് ഞാൻ നക്കിത്തുടച്ചു. അവർക്ക് മീനും ഇറച്ചിയും, എനിക്ക്  ചവച്ചു തുപ്പിയ എല്ലും മുള്ളും. നിങ്ങൾ മനുഷ്യരോളം സ്ത്രീ വിരുദ്ധർ വേറെയില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞ നാളുകൾ. മാസങ്ങൾ  കഴിഞ്ഞു പോകെ സഹോദരർ തടിച്ചുരുണ്ടും ഞാൻ ശോഷിച്ചുമിരുന്നു. ഞങ്ങളെ കണ്ടാൽ ഒരേ പ്രായക്കാരാണെന്ന് ആരും പറയില്ല. 

അങ്ങനെയിരിക്കെ, ആ വീട്ടിലേക്ക് ഒരാൾ വന്നു. വീട്ടുകാരൻ  എന്റെ തടിച്ചുരുണ്ട സഹോദരരെ അയാൾക്ക് മുന്നിൽ നിരത്തി; അയാളുടെ മുഖം തെളിഞ്ഞു. ഒരു പിടി നോട്ടുകൾ വീട്ടുകാരന് നൽകി അയാൾ അവരെയെല്ലാം ഒരു ചട്ടപ്പെട്ടിയിലാക്കി കൊണ്ട് പോയി. എനിക്ക് വല്ലാത്ത വിഷമമായി. ഞാൻ കുരച്ചു കൊണ്ടു പുറകെയോടിച്ചെന്നു. അയാളെ മടക്കി വിളിച്ച വീട്ടുകാരൻ എന്നെ ചൂണ്ടി എന്തോ പറഞ്ഞു. അയാൾ നിഷേധാർത്ഥത്തിൽ കൈയ്യും തലയുമിളക്കി. ഒടുക്കം കിട്ടിയ നോട്ടുകളിൽ ചിലത് വീട്ടുകാരൻ തിരിച്ച് നൽകിയപ്പോൾ അയാൾ എന്നെയുമെടുത്ത് ആ പെട്ടിയിലേക്കിട്ടു.

പിക്കപ്പ് ഓട്ടോയുടെ പുറകിൽ, കുലുങ്ങിക്കൊണ്ടിരുന്ന പെട്ടിക്കുള്ളിൽ, ഞങ്ങൾ ശ്വാസം മുട്ടിയിരുന്നു. ഞങ്ങളുടെ മോങ്ങലിനു മീതെ മുരണ്ടു കൊണ്ട് ഓട്ടോ കുലുങ്ങിപ്പാഞ്ഞു. അവിടെ എത്തുമ്പോൾ ഞാൻ നല്ല ഉറക്കമായിരുന്നു.

അതൊരു വീടല്ലായിരുന്നു. അവിടെ ഞങ്ങളെ പോലെ പലതരം ജീവികളുണ്ടായിരുന്നു. കൂടുകളിൽ മുയലുകൾ, പട്ടികൾ, അണ്ണാൻ തുടങ്ങിയവ; തൂക്കിയിട്ട കൂടുകളിൽ പക്ഷികൾ; ചില്ലു കുടങ്ങളിൽ നീന്തുന്ന മത്സ്യങ്ങൾ; കാടും കടലും ആകാശവും ആ തകര ഷെഡിൽ സംയോജിച്ച പോലെ. അവിടെ ഒരു പെൺകുട്ടിയുണ്ട്; അയാളുടെ മകളാവണം. അവളാണ് ഞങ്ങൾക്ക് ഭക്ഷണം തരുന്നത്. ദിവസവും അവിടെ പലരും വന്ന് പോയി കൊണ്ടിരുന്നു. ചിലർ ഞങ്ങളുടെ കൂടിനരികിലും വന്നിരുന്നു. കുട്ടികൾ കൂടുതലും വർണ്ണ മീനുകൾക്കരികെ ചുറ്റിപറ്റി നിൽക്കും. ഒരിക്കൽ, ഒരു കുട്ടി അവന്റെ കൈയ്യിലെ കമ്പ് മീനുകളുടെ ചില്ലുകൂട്ടിനക്കത്തിട്ട് ഇളക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. കഴിഞ്ഞ ദിവസം ആരോ വാങ്ങി കൊണ്ട് പോയ ഇണയെ ഓർത്ത് ദുഖിച്ചിരുന്ന സ്വർണ്ണ മത്സ്യം ആ ഇത്തിരി ജലത്തിൽ പേടിച്ച് പരക്കം പായുന്നത് കണ്ടപ്പോൾ എനിക്ക് പ്രതികരിക്കാതിരിക്കാനായില്ല. ഞാൻ ഉറക്കെ കുരച്ചു. അതോടെ അവന്റെ ശ്രദ്ധ എന്നിലായി. എന്നെ തന്നെ തുറിച്ച്  നോക്കുന്നത് കണ്ട് പേടി തോന്നിയെങ്കിലും സ്വർണ്ണ മീനിനെ രക്ഷിക്കാനായതിൽ ഞാൻ സന്തോഷിച്ചു. പക്ഷെ, അവനെനിക്ക് നേരെ ഓടി വന്നു കണ്ണിൽ ഒറ്റക്കുത്ത്. ഹൗ...ഓർക്കുമ്പോൾ ഇപ്പോഴും വേദനിക്കുന്നു.

ഏതായാലും രണ്ടാഴ്ച്ചക്കുള്ളിൽ എന്റെ മൂന്ന് സഹോദരൻമാരേയും ആരൊക്കേയോ വാങ്ങിക്കൊണ്ട് പോയി. മുറിച്ചെവിയനും ഞാനും മാത്രം ബാക്കിയായി. ഒരു ദിവസം കടക്കാരൻ ഞങ്ങളെയും പെട്ടിയിലാക്കി ഇറങ്ങി. ഉച്ചവരെ കറങ്ങിയപ്പോഴേക്കും ഏതോ വീട്ടിൽ അവനെ കൊടുത്തു. പെൺപട്ടിയെ വേണ്ടെന്ന് എല്ലാവരും തീർത്തു പറഞ്ഞു. പിന്നെയും പല വീടുകൾ കയറിയിറങ്ങി; കാര്യമുണ്ടായില്ല. വൈകിട്ട് തിരിച്ചു പോരും വഴി പുഴക്കരയിൽ വണ്ടി നിർത്തി അയാൾ എന്നെയിട്ട ചട്ടപ്പെട്ടി വലിച്ചെറിഞ്ഞു. അത് ചെന്ന് വീണത്  മാലിന്യം തള്ളാനെത്തിയ ലോറിയിലാണ്.  പെട്ടിയിൽ നിന്നും ഞാനൊരു വിധം പുറത്ത് കടന്നപ്പോഴേക്കും ലോറി നീങ്ങി തുടങ്ങിയിരുന്നു. രാവിലെ തൊട്ട് ഒന്നും കഴിക്കാത്തത് കൊണ്ട് നല്ല വിശപ്പുണ്ടായിരുന്നു. ലോറിയുടെ നിലത്ത്  പറ്റിപ്പിടിച്ചു കിടന്ന ഭക്ഷണ സാധനങ്ങൾ ഞാൻ ഓടി നടന്നു തിന്നു തുടങ്ങി. ഒടുവിൽ, തളർന്ന്  ഒരു മൂലയിൽ ചുരുണ്ടു. 

അടിവയറ്റിലേറ്റ തൊഴിയുടെ ഊക്കിൽ ഞാൻ പുറത്തേക്ക് തെറിച്ചു വീണു.  നേരം പരപരാ വെളുത്തിരുന്നു. നിർത്തിയിട്ട ലോറിയിലേക്ക് വീണ്ടും മാലിന്യം നിറക്കുകയാണ്. അതൊരു ബാറിന്റെ അടുക്കളപ്പുറമാണെന്ന് പറഞ്ഞത് അവിടെ പ്രാതൽ കഴിക്കാനെത്തിയ പതിവുകാരാണ്. അങ്ങനെ ഞാനും ആ കൂട്ടത്തിലൊന്നായി.

കാലം കടന്നു പോയി. ഇറച്ചിയും മീനും തിന്ന് തിന്ന് എന്റെ മെല്ലിച്ച ദേഹം തടിച്ചു കൊഴുക്കാൻ തുടങ്ങി; ഞാനൊരു ഒത്ത പെണ്ണായി. കന്നി മാസമല്ലാതിരുന്നിട്ടും, എന്റെ ദേഹത്തിന്റെ മിനുപ്പ് കണ്ട് പലരും മണത്ത് പുറകെ വരാൻ തുടങ്ങിയെങ്കിലും ഞാൻ താൽപര്യം കാണിച്ചില്ല. പക്ഷെ, നിങ്ങളെ പോലെയല്ല കേട്ടോ; ഒരുത്തനും ബലം പ്രയോഗിച്ച് എന്നെ കീഴ്പ്പെടുത്തിയില്ല. അങ്ങനെ ജീവിതം പൊതുവെ സുഖകരമായി പോകുമ്പോഴാണ് അത് സംഭവിച്ചത്. സർക്കാരുത്തരവിൽ ബാർ പൂട്ടി. അതാേടെ ഞങ്ങളുടെ അന്നം മുട്ടി. 

അവിടിന്നിറങ്ങിയ നടത്തം ചെന്ന് നിന്നത് ഒരു കോളനിയിലാണ്. കുറെ അലഞ്ഞിട്ടാണ് എന്തെങ്കിലുമൊന്ന് നക്കാൻ തന്നെ കിട്ടിയത്. അവിടെ മിക്കവാറും കൂരകളിൽ പട്ടിണിയായിരുന്നു;  കഴിക്കാൻ തികയാത്തിടത്തെങ്ങനെയാണ് കളയാനുണ്ടാവുക. എങ്കിലും, അവിടുത്തുകാർ ദയവുള്ളവരായിരുന്നു. ഉള്ളതിൽ ഒരു പങ്ക് അവരെനിക്ക് തന്നു കൊണ്ടിരുന്നു.

ഒരു ദിവസം രാത്രിഭക്ഷണം കഴിഞ്ഞ് മടങ്ങുമ്പോഴാണ്  വഴിയരികിൽ ചോരയൊലിപ്പിച്ച്  കിടക്കുന്ന അവനെ ഞാൻ കാണുന്നത്. നന്നായാെന്ന് നക്കിത്തുടച്ചപ്പോൾ ചോരയൊലിപ്പ് നിന്നു; അവൻ കണ്ണ് മിഴിച്ചു. നാടനല്ല; ഏതോ നല്ല വീട്ടിൽ വളർന്നതാണ്. വീട്ടുകാരൻ മരിച്ചപ്പോൾ അയാളുടെ ഓർമ്മകളോടൊപ്പം വീട്ടുകാർ അവനേയും തല്ലിയിറക്കിയത്രേ. വരത്തനായതിനാൽ തെരുവിലെ കൂട്ടർ കടിച്ചു കുടഞ്ഞതാണ്. മതിൽക്കെട്ടിനകത്തെ സുഖ ജീവിതത്തിനിടയിൽ, പ്രതികൂല സാഹചര്യങ്ങളോട് പൊരുതി നിൽക്കാനൊന്നും അവൻ പരിശീലിക്കപ്പെട്ടിരുന്നില്ല. ഞാനവന് കുറച്ച് ഭക്ഷണം കൊണ്ട് കൊടുത്തു. എണീറ്റ് നടക്കാറായപ്പോൾ പിന്നെ ഒരുമിച്ചായി നടപ്പ്.  അത് വരെ ഒറ്റയായിരുന്ന ഞങ്ങൾ പെട്ടെന്ന് കൂട്ടായി. 

മഴ പെയ്ത് തോർന്ന ഒരു രാത്രി, തെരുവ് വിളക്കിന്റെ മഞ്ഞവെട്ടം പെയ്യുന്ന ഒഴിഞ്ഞ റോഡിലൂടെ നടക്കുമ്പോൾ, അവനെന്നോട് കൂടുതൽ ഒട്ടുന്നത് പോലെ എനിക്ക് തോന്നി; അവന്റെ രോമാവൃതമായ വാൽ എന്നെ ഇക്കിളിപ്പെടുത്തി. അവനെന്നോട് എന്തോ പറയാനുണ്ടെന്ന് എനിക്കുറപ്പായിരുന്നു. ഞാൻ മുമ്പോട്ട് നടന്ന് അവന് നേരെ തിരിഞ്ഞു നിന്നു. കേൾക്കാനാഗ്രഹിച്ചത് ആ തിളങ്ങുന്ന കണ്ണുകളിൽ ഞാൻ വായിച്ചെടുത്തു. ആ രാത്രി ഞങ്ങൾ ഉറങ്ങിയില്ല.

"ഉളുപ്പില്ലാത്ത... നായിന്റ മക്കള്.. മാന്യൻമാര് താമസിക്കുന്നോടത്താ  തോന്ന്യാസം"

മൂർച്ചയുള്ള വാക്കുകൾക്കൊപ്പം വീശിയ സദാചാര ചൂരൽ പുറത്ത് വീണപ്പോഴാണ് എന്റെ പുറകിൽ നിന്നിറങ്ങി അവൻ ഓടിയത്. ഞാനെത്തുമ്പോഴേക്കും അവനെ ചതച്ചരച്ച് പാഞ്ഞ ചരക്ക് ലോറി വളവ് തിരിഞ്ഞു മറഞ്ഞിരുന്നു. ചോരയിൽ കുളിച്ചു കിടന്ന അവനെ ഒന്നേ നോക്കിയുള്ളു. ശരീരത്തിലൂടെ  ഇനിയും വണ്ടികൾ കയറാതിരിക്കാൻ  ഞാനവനെ കഷ്ടപ്പെട്ട് വലിച്ച് റോഡരികിലാക്കി. അൽപനേരം മുമ്പ് അവനുരുമ്മിയ എന്റെ കവിളുകളിൽ അവന്റെ ചോരയുടെ ചൂട് പടർന്നു.

അവന്റെ ശരീരത്തിന് രണ്ട് ദിവസം ഞാൻ കാവലിരുന്നു. നിങ്ങളുടെ കൂട്ടർ അരികിലൂടെ മൂക്ക് പൊത്തി കടന്ന് പോയി. തിരിഞ്ഞു നോക്കാത്തതിൽ എനിക്കദ്ഭുതമില്ല. വണ്ടി ഇടിച്ചു കിടന്ന സ്വന്തം കൂട്ടത്തിൽപ്പെട്ടവനെ നിങ്ങൾ ചോര വാർന്ന് ചാകാൻ വിട്ടതിന് ഞാനൊരിക്കൽ സാക്ഷിയായിട്ടുണ്ട്. ഒടുവിൽ, സമരം തീർന്ന് മുൻസിപ്പാലിറ്റിക്കാർ വന്ന് അവനേയും തൂക്കി വണ്ടിയിലിട്ട് ഓടിച്ച് പോയി. വണ്ടി കാഴ്ച്ചയിൽ നിന്നും മറഞ്ഞപ്പോൾ ഞാനെതിർദിശയിലേക്ക് ലക്ഷ്യമില്ലാതെ പാഞ്ഞു.

ആ ഓട്ടം ചെന്ന് നിന്നത് ഒരു  അപാർട്ട്മെന്റ് സമുച്ചയത്തിന്റെ ഗേറ്റിലാണ്. ബഹുനില കെട്ടിടത്തിന്റെ അറ്റം കാണാൻ കഴുത്ത് വില്ലിച്ചു  ശ്രമിക്കുമ്പോഴാണ് മുന്നിൽ ബിസ്കറ്റ് കഷ്ണങ്ങൾ വന്നു വീണത്. നോക്കിയപ്പോൾ, അരികിലെ ജനാലയ്ക്കൽ ഒരു ചിരിക്കുന്ന മുഖം;  ആ കെട്ടിടത്തിന്റെ കാവൽക്കാരനാണ്. അതൊരു പതിവായി. ദിവസവും രാവിലെ ഞാനവിടെ ചെന്ന്  പിൻകാലുകളിലമർന്ന് മുൻകാലുകളിലുയർത്തി അയാളെ നോക്കും.  അയാളെനിക്ക് ബിസ്കറ്റുകളോ റൊട്ടി കഷ്ണങ്ങളോ ഇട്ട് തരും. എന്നെ തലോടും, വിശേഷങ്ങൾ പറയും. ഒരു ദിവസം, ഞാൻ ബിസ്കറ്റും തിന്ന് അയാൾക്കരികിലിരിക്കുമ്പോഴാണ് ആ കൊമ്പൻ മീശക്കാരൻ വന്നത്.  മേലുദ്യോസ്ഥനെ കണ്ടതും കാവൽക്കാരൻ ചാടിയെണീറ്റ് സല്യൂട്ട് ചെയ്തു. എന്നാൽ, കൊമ്പൻ മീശക്കാരൻ സല്യൂട്ട് മടക്കാതെ എന്നെയും മുന്നിലെ ബിസ്കറ്റിനെയും തുറിച്ചു നോക്കി.

"അപ്പോ ഡ്യൂട്ടി സമയത്ത് ഇതാണ് പരിപാടി"

അയാളുടെ ചോരക്കണ്ണുകൾ നേരിടാനാവാതെ കാവൽക്കാരൻ മുഖം കുനിച്ചു.

"അയ്ശ്ശെരി... പെണ്ണാ...."

എന്റെ വേണ്ടാത്തിടത്തേക്കാണ് അയാളുടെ നോട്ടം എന്നറിഞ്ഞപ്പോൾ ഞാൻ ചൂളിപ്പോയി.

"ഇനി ഇതിന്റെ മണം പിടിച്ച് നാട്ടിലെ സകലയെണ്ണം ഈ ഗേറ്റിന്റെ മുന്നിലുണ്ടാവും.. നോക്കിക്കോ..."

എനിക്ക് നല്ല ദേഷ്യം വന്നു. അയാൾക്കിട്ടൊരു കടി കൊടുക്കാൻ പോലും തോന്നിയതാണ്. ഞങ്ങളുടെ വാലുകൾ കുഴലിലിട്ടാൽ ചിലപ്പോൾ നിവർന്നെന്ന് വരാം. എന്നാലും,  സ്ത്രീകളോടുള്ള നിങ്ങളുടെ മനോഭാവത്തിൽ യാതൊരു മാറ്റവുമുണ്ടാകില്ല എന്നെനിക്കുറപ്പായി.

"ഫോ.... " എന്ന കൊമ്പന്റെ ആട്ടലിൽ ആദ്യം ഓടണമെന്ന് കരുതിയതാണ്. എന്നാൽ, ബിസ്കറ്റിൽ കണ്ണും നട്ട് ഗേറ്റിലിരിക്കുന്ന കാക്കയെ കണ്ടപ്പോൾ അനങ്ങാനായില്ല.

"പേടിണ്ടോന്ന് നോക്ക് പട്ടിച്ചിക്ക്"

ബൂട്ടിട്ട പുറംകാലനടി കവിളിൽ വീണപ്പോൾ തല തിരിഞ്ഞു പോയി.

അതിന് ശേഷം ഞാൻ ഗേറ്റിന് മുന്നിലേക്ക് പോകാറില്ല. മതിലിനോട് ചേർന്ന കുറ്റിക്കാട്ടിലിരുന്നാൽ മതി,  കാവൽക്കാരന്റെ ചിരിയും ബിസ്കറ്റുകളും എന്നെത്തേടിയെത്തും.

ആയിടക്കാണ്  അവളെ ഞാൻ പരിചയപ്പെടുന്നത്. അപാർട്ട്മെന്റിലെ താമസക്കാരിയാണ്. ഉടമയായ സ്ത്രീ അപ്പിയിടിക്കാനായി അവളെ കുറ്റിക്കാട്ടിലേക്ക് കൊണ്ട് വരുന്നതാണ്.  ആ സ്ത്രീയുടെ ചെവിയോടൊട്ടിപ്പിടിച്ച പോലെ  എല്ലായ്പ്പോഴും മൊബൈലുണ്ടാവും. അതിൽ സംസാരിക്കുമ്പോൾ അവർ മറ്റേതോ ലോകത്താണ്. അതു കൊണ്ട് ഞങ്ങൾക്ക് സ്വാതന്ത്ര്യത്താേടെ ഇടപഴകാനായി. മൂന്നാം ദിവസം ഞാനെന്റെ കഥ പറഞ്ഞ് തീർത്തപ്പോൾ അവൾ ചുണ്ടുകൾ കോട്ടി സഹതാപം രേഖപ്പെടുത്തി.

''എനിക്കൊരിക്കലും ഇത്തരം അവഗണനകൾ നേരിടേണ്ടി വന്നില്ല" എന്നും പറഞ്ഞ് അവൾ തല ഉയർത്തിപ്പിടിച്ചു.  അത് കണ്ടിട്ടാവണം, യജമാനത്തി ചങ്ങലയിലെ പിടി ഒന്നു മുറുക്കി; ഉയർന്ന തല പതുക്കെ താഴ്ന്നു.

എനിക്കവളോട് കടുത്ത അസൂയ തോന്നി. കഴുത്തിൽ കുടുക്കുണ്ടെങ്കിലെന്താണ്, സമയത്ത് ഭക്ഷണം, ശ്രുശ്രൂഷ, പരമസുഖം. സ്വർണ നിറത്തിലുള്ള ആ കുടുക്ക് കാണാൻ തന്നെന്തൊരു ഭംഗിയാണ്. 

സ്വാതന്ത്ര്യമെന്നൊക്കെ ചുമ്മാ പറയാൻ കൊള്ളാം; ദിവസവും വയറ് നിറക്കാൻ എന്തൊരു പെടാപ്പാടാണ്.  കഴുത്തിൽ അങ്ങനൊരു കുരുക്ക് വീഴാൻ ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു.

എന്റെ നേർക്ക് പറന്നു വരുന്ന കുരുക്ക്  കണ്ടതും ഞാൻ കഴുത്ത് നീട്ടിക്കൊടുത്തു. പ്രാർത്ഥന ഇത്ര വേഗം കേട്ടതിന് ഒരു നിമിഷം കണ്ണടച്ച് ദൈവത്തിന് നന്ദി പറഞ്ഞു.

"ഇന്നത്തെ കണക്കിൽ ഒരു നൂറ്റമ്പത് കൂടി എഴുതിക്കോ"

കുരുക്കിനറ്റത്തെ അവസാന പിടച്ചിലിനിടയിൽ ഞാൻ അവസാനമായി കേട്ടു.