Thursday 6 August 2020

രാമനും റഹീമും

അതിരാവിലെ തന്നെ, നിർത്താതെയുള്ള ഡോർബെൽ കേട്ടാണ് റഹീം പാതിയുറക്കത്തിൽ ചെന്ന് വാതിൽ തുറന്നത്. 


"അല്ല രാമേട്ടനോ ... എന്തായീ നട്ടപ്പൊലച്ചക്ക്?"


അഴിഞ്ഞു പോകാൻ തുടങ്ങിയ കള്ളിമുണ്ട് വലിച്ചുടുത്ത് കൊണ്ട് റഹീം ഉമ്മറത്തേക്കിറങ്ങി നിന്നു.


"വരീ... കയറിയിരിക്കി..."


രാമേട്ടനൊപ്പം കണ്ട് പരിചയമില്ലാത്ത മൂന്ന് പേർ കൂടിയുണ്ട്.


"വേണ്ട...വേണ്ട... നിങ്ങളവിടെ തന്നെ നിന്നാ മതി."


മാസ്ക് വലിച്ചു താഴ്ത്തിക്കൊണ്ട്, കൂട്ടത്തിൽ നിന്നും ഒരു നരച്ച താടിക്കാരൻ മുന്നാേട്ട് കയറി നിന്നു.


വന്നവർക്കെല്ലാം മാസ്കുണ്ട്. താൻ മാസ്കിട്ടില്ലെന്ന കാര്യം അപ്പോഴാണ് റഹീം ഓർത്തത്. 


"ഞങ്ങളീ വസ്തൂന്റെ കാര്യം പറയാൻ വന്നതാ" - താടിക്കാരൻ തുടർന്നു.


"ഏഹ്...ഏത് വസ്തൂന്റെ " - റഹീം ഉറക്കച്ചടവുള്ള കണ്ണുകൾ അമർത്തി തിരുമ്മി.


"ഗതികെട്ട കാലത്ത് ഇദ്ദേഹം നിങ്ങൾക്ക് വിറ്റ് പോയ ഈ വസ്തൂനെ പറ്റ്യന്നെ..."


- കറുപ്പും വെളുപ്പും ഇന്റർലോക്ക് കട്ടകൾ പാകിയ തറയിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് താടിക്കാരൻ കടുത്ത സ്വരത്തിൽ പറഞ്ഞു നിർത്തി.


റഹീം രാമനെ നോക്കി. മുഖത്തിന്റെ മുക്കാലും മാസ്ക് മറച്ചിട്ടുണ്ടെങ്കിലും, ആ കണ്ണുകളിൽ കിടന്നുരുളുന്ന ഭയത്തെ റഹീം വ്യക്തമായി കണ്ടു.


"ഞങ്ങടെ കാർന്നോമാരുടെ ഗതികേട് ഇങ്ങളെ കൂട്ടര് വേണ്ട്വോളം  മൊതലാക്കീട്ട്ണ്ടല്ലോ..."


മുന്നോട്ട് കയറി നിന്ന ചെറുപ്പക്കാരനെ കൂടുതൽ പറയാൻ വിടാതെ താടിക്കാരൻ കൈ കാട്ടി വിലക്കി.


"ഞങ്ങടെ കുടുംബത്തിന്റെ പരദേവത കുടിയിരിക്കുന്ന വസ്തുവാത്" 


-  താടിക്കാരന്റെ സ്വരത്തിന് വല്ലാത്തൊരു മുഴക്കം കൈവന്നു.


"അദ്നിക്കറിയാല്ലോ... അതോണ്ടന്നെ ഞാനത് തൊട്ടിട്ടേയില്ലപ്പാ. അവിടല്ലേ രാമേട്ടൻ മാസം തോറും വന്ന് വിളക്ക് കത്തിക്കല്..."


റഹീമിന്റെ നോട്ടത്തിന് പിടി നൽകാതെ രാമേട്ടന്റെ കണ്ണുകൾ തറയിലെ കറുപ്പും വെളുപ്പും കളങ്ങളിലൂടെ തെന്നി നീങ്ങി.


"അത് കൊണ്ടായില്ല. കുടുംബത്തിന്റെ ഐശ്വര്യത്തിന് അവിടൊരമ്പലം പണിയണന്നാ പ്രശ്നവശാൽ കണ്ടത്. "


"ആയ്ക്കോട്ടെ...ഞമ്മക്കതിന് പ്രശ്നൊന്നൂല്ലാന്ന്..."


ഇതായിരുന്നോ കാര്യമെന്ന നിലയിൽ റഹീമൊരു ആശ്വാസച്ചിരി ചിരിച്ചു.


"അമ്പലം...മേത്തന്റെ പറമ്പില്... ബെസ്റ്റ് .."


ചെറുപ്പക്കാരൻ വീണ്ടും ഇടക്ക് കയറിയതിലുള്ള അനിഷ്ടം മൂർച്ചയുള്ള ഒരു നോട്ടത്താൽ താടിക്കാരൻ പ്രകടിപ്പിച്ചു.


"അങ്ങനെ വെറുതെയൊരു അമ്പലമല്ല. നാട്ടിലേക്കും വെച്ച് വല്ല്യാെരു ക്ഷേത്രം പണിയണംന്നാണ് ഞങ്ങളുടെ തീരുമാനം."


- താടിക്കാരന്റെ സ്വരം ഭക്തിസാന്ദ്രമായി


"ഇവിടെ ഇങ്ങനൊരു ക്ഷേത്രം വന്നാപ്പിന്നെ നാടിന്റെ ഗതിയെന്താ. ഇത് കേട്ടറിഞ്ഞിട്ട്, പുറംദേശത്ത് പണിയെടുക്കുന്ന ഇന്നാട്ടിലെ ഭക്തന്മാർ ക്ഷേത്രം പണിക്കുള്ള കല്ലുകൾ വരെ സ്പോൺസർ ചെയ്ത് തുടങ്ങി "


ഇത്തവണ താടിക്കാരൻ ചെറുപ്പക്കാരനെ തടഞ്ഞില്ല.


"ഒന്നും വെറുതെ വേണ്ട... ഇദ്ദേഹം നിങ്ങളോട് വാങ്ങിയ കാശ് മുഴുവനായും തിരികെ തരും"


"പത്തിരുപത് കൊല്ലം മുമ്പത്തെ വെലയോ?"


- ഒക്കെ കേട്ട് അന്തംവിട്ട് പോയ റഹീമിന് പെട്ടെന്ന് അങ്ങനെ ചോദിക്കാനാണ് തോന്നിയത്.


"പണം വേണ്ടെങ്കിൽ വേണ്ട; വേറെ വസ്തു തരാം."


താടിക്കാരൻ വല്ലാത്തൊരു ചിരി ചിരിച്ചു. 


"അപ്പോന്റെ വീടോ...?"


"അത് പൊളിക്കാൻ ഏർപ്പാടാക്കാന്ന്.  നമ്മടെ കസ്റ്റഡീല് തന്നെ പറ്റ്യ ആളോളുണ്ട്."


- അത്രയും നേരം മിണ്ടാതെ നിൽക്കുകയായിരുന്ന കാവി മുണ്ടുകാരൻ പെട്ടെന്ന് കയറി പറഞ്ഞു.


"ഇപ്പോ കാര്യങ്ങൾക്കെല്ലാം ഒത്തുതീർപ്പായില്ലേ... പോയി വരാം"


അൽപദൂരം നടന്ന ശേഷം താടിക്കാരൻ തിരിഞ്ഞു നിന്നു.


"ഇനി കേസും കോടതിയുമൊക്കെ ആക്കാനാണേൽ; അറിയാല്ലോ ..."


കൈയ്യിലെ ചരട് തിരുപ്പിച്ച് കൊണ്ട് അയാൾ വക്രിച്ചാെരു ചിരി ചിരിച്ചു. അതിന്റെ മൂർച്ചയേറ്റ് റഹീമിന്റെ അകം മുറിഞ്ഞു.


ഏറ്റവും പുറകിലായി തല കുമ്പിട്ടു നടക്കുന്ന രാമനെ, ചോര കിനിയുന്ന കണ്ണുകളോടെ റഹീം നോക്കി നിന്നു.