Wednesday 16 March 2016

രാജ്യസ്നേഹം

മത്തായിച്ചന്‍റെ ഔട്ട്‌ ഹൗസിലായിരുന്നു അന്നത്തെ ആഴ്ച്ചക്കൂട്ടം. ഭാര്യമാരെ പേടിക്കാതെ രണ്ടെണ്ണം അടിക്കാനും, അവരുടെ ഭാഷയില്‍ പറഞ്ഞാല്‍, സൂര്യനു താഴെ കഴിഞ്ഞ ഒരാഴ്ചയില്‍ സംഭവിച്ചതെല്ലാം അവലോകനം ചെയ്യാനുമായി, അമേരിക്കയില്‍ താമസമാക്കിയ നാട്ടുകാരായ കുറച്ചു അമ്മാവന്മാരുടെ കൂട്ടായ്മ-അതാണ്‌ ആഴ്ച്ചക്കൂട്ടം.

"ഇവന്മാരിതെന്തൊക്കെയാ നാട്ടില്‍ കാട്ടിക്കൂട്ടുന്നെ??"
ഒരു സിപ്പെടുത്തു കൊണ്ടു ജോസൂട്ടി അന്നത്തെ ചര്‍ച്ചക്ക് തിരി കൊളുത്തി.

"ഹാ...നമ്മടെ JNU പിള്ളേരെ...."

കാര്യം പിടികിട്ടാതെ വാപൊളിച്ചു നിന്നവര്‍ക്കായി അയാള്‍ വിശദീകരിച്ചു കൊടുത്തു.

"രാജ്യദ്രോഹികള്‍...അവര്‍ക്കിപ്പോ ആസാദി വേണമത്രേ.... പാകിസ്ഥാനിലേക്ക് നാട് കടത്തണം ഇവറ്റെയൊക്കെ...."

അരവിന്ദേട്ടന് അമര്‍ഷം അടക്കാനായില്ല..

"ആ കന്നയ്യ കുമാറിന് പത്തുമുപ്പത് വയസ്സായി... ഇപ്പഴും അംഗനവാടി ജോലിക്കാരിയായ അമ്മേടെ ശമ്പളത്തിലാ ജീവിക്കുന്നെ...സ്വന്തം കാലില്‍ നില്ക്കാറായിട്ടില്ലാത്തവനാ ആസാദി വേണ്ടത്..."

മത്തായിച്ചന്‍ ആവേശഭരിതനായി.

മുപ്പത്തിയഞ്ചാം വയസ്സില്‍, അമേരിക്കയില്‍ നേഴ്സായ ത്രേസ്യാമ്മ ചേടത്തിടെ രണ്ടാം ഭര്‍ത്താവായി നാടു വിടും വരെ തല്ലിപ്പൊളിയായി നടന്ന മത്തായിച്ചന്‍റെ ഭൂതകാലം, അയാളോഴിച്ചു കൊടുത്ത വിസ്കിയോടൊപ്പം മറ്റുള്ളവര്‍ തൊണ്ട തൊടാതെ വിഴുങ്ങി.

"എന്‍റെ വിഷമം പാവം പട്ടാളക്കാരെ ഓര്‍ത്തിട്ടാ...നാടും വീടും വിട്ട്  രാപകലില്ലാതെ അതിര്‍ത്തിയില്‍ അവര്‍ കാവല്‍ നിക്കുമ്പോഴാ ഇവിടെ ഇവന്മാര് പാകിസ്ഥാന് ജയ് വിളിക്കുന്നേ..."

തോമാച്ചന്‍ വികാരാധീനനായി.

"തോമക്ക് പണ്ടേ പട്ടാളക്കാരോട് ഒടുക്കത്തെ സഹതാപമല്ലേ... ജവാന്‍ രാമേന്ദ്രന്‍റെ ഭാര്യോടു പണ്ട് കുളക്കടവില്‍ വെച്ച് സഹതപിച്ചത് ഓര്‍മയില്ലേ..?? "

മത്തായിച്ചന്‍റെ ചോദ്യമുയര്‍ത്തിയ കൂട്ടചിരിക്കിടയിലാണ് തോമാച്ചന്‍റെ മൊബൈല്‍ റിംഗ് ചെയ്തത്. നിശബ്ദരാകാന്‍ ആംഗ്യo കാണിച്ചു അയാള്‍ ഫോണ്‍ എടുത്തു..

"ആ ജോര്‍ജ്ജീ ...പറയെടാ...  ആന്നോ....അത് പൊളിച്ചല്ലോ...നീയൊരു കാര്യം ചെയ്യ്...ഒരു ഫിഫ്ടി ഇപ്പൊ ട്രാന്‍സ്ഫര്‍ ചെയ്തോ..ബാക്കി ഞാന്‍ ത്രേസ്യയോട് ചോദിച്ചിട്ട് പറയാം."

അയാള്‍ ഫോണ്‍ കട്ട്‌ ചെയ്തിട്ട് മറ്റുള്ളവന്‍മാരോടായി പറഞ്ഞു :

"ഡാ... റുപ്പീ പിന്നേം കൂപ്പുകുത്തിന്നു...ഡോളര്‍നു റെക്കോര്‍ഡ്‌  കയറ്റാ... ഇവന്മാരവിടെ കിടന്നിങ്ങനെ ഇടയ്ക്കിടെ ഓരോന്ന് കാട്ടുന്നോണ്ട് നമ്മളെ പോലുള്ലോര്‍ക്കാ ചാകര... ആ രഘുവണ്ണന്‍ വല്ല മാജിക്കും കാട്ടുന്നെനു മുമ്പേ കുറച്ചു ഫണ്ട്‌ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ നോക്ക്..."

"ഏത് രഘുവണ്ണനാ മത്തായിച്ചാ..."

അരവിന്ദേട്ടന്‍ നിഷ്കളങ്കമായി ചോദിച്ചു.

"മ്മടെ രഘുറാം രാജന്‍...അല്ലാണ്ടാരാ..."

ഒരു കൂട്ടചിരിയോടെ അന്നത്തെ ആഴ്ച്ചക്കൂട്ടത്തിനു തിരശീല വീണു.