Friday 21 February 2020

സ്മാർട്ട്‌ ഫോണ്‍

ഒരു സ്മാർട്ട്  ഫോണില്ലാതെയാണ് ഗോവിന്ദൻ മാഷ് ഇത്രയും കാലം ജീവിച്ചത്. വീട്ടിലാണെങ്കിൽ, ജിയോ സിമ്മിട്ട സ്മാർട്ട്ഫോണുള്ള ഭാര്യയും മരുമകളും സദാ ഓൺലൈനാണ്. അടുക്കളപ്പണി തീർന്നാൽ പിന്നെ വെവ്വേറെ മുറികളിലിരുന്നുള്ള മാരത്തോൺ ചാറ്റിങ്ങാണ്; തമ്മാമ്മിലും അല്ലാതെയും. ഇടക്കിടെ കടലിനക്കരെയിരുന്നു മകനും കൂടും. മരുമകളെ പറ്റി അമ്മയുടെയും  അമ്മായിയമ്മയെ പറ്റി ഭാര്യയുടെയും പരാതികൾ സ്വകാര്യ സന്ദേശങ്ങളായി അയാളെ തേടി കടൽ കടന്ന് ചെല്ലാറുണ്ട്. മൂവരും ചേര്‍ന്ന് വീട്ടുപേരില്ലൊരു വാട്സാപ് ഗ്രൂപ്പുണ്ടാക്കിയിട്ടുണ്ട്. ക്യാമറാ ഫ്ലാഷിൽ കണ്ണടച്ചു പോയ മാഷൊഴികെ മറ്റെല്ലാവരും വെളുക്കെ ചിരിക്കുന്ന കുടുംബചിത്രമാണ് ഗ്രൂപ്പിന്റെ മുഖചിത്രം. ശുഭദിനവും ശുഭരാത്രിയുമാശംസിച്ചും വിശേഷങ്ങൾ പങ്ക് വെച്ചും ഗ്രൂപ്പിനകത്ത്  അവരൊരു മാതൃകാ കുടുംബമാണ്. പല സുപ്രധാന വീട്ടുകാര്യങ്ങളും തീരുമാനിക്കപ്പെടുന്നത് പോലും അവിടെയാണ്. സാങ്കേതികമായി ഗൃഹനാഥനായ മാഷ് ഈ നേരത്തെല്ലാം ഓഫ്‌ലൈനായി വല്ല മൂലയിലിരുന്ന് ഏതെങ്കിലും പത്രമോ പുസ്തകമോ അരിച്ചു പെറുക്കുന്നുണ്ടാകും.

വീട്ടിനകത്ത് മാത്രമല്ല പുറത്തും ഇതൊക്കെ തന്നെയാണവസ്ഥ. കുടുംബ ഗ്രൂപ്പ്, നാട്ടു ഗ്രൂപ്പ്, സഹപാഠി ഗ്രൂപ്പ്, സഹപ്രവർത്തക ഗ്രൂപ്പ്....അങ്ങനെ നാലാള് കൂടിയാൽ, കേരള കോൺഗ്രസ്സിനെ കണക്കെ, പുതിയൊരു ഗ്രൂപ്പ് പിറക്കുന്നു. സ്മാർട്ട്‌ ഫോണില്ലാത്ത മാഷാകട്ടെ ഇത്തരം ഗ്രൂപ്പുകൾക്കൊക്കെ പുറത്താണ്.  

"ഒരു മണിക്കൂറ് ഇൻറർനെറ്റിൽ ചിലവിട്ടാൽ ഒരു നൂറ് പുസ്തകങ്ങൾ വായിച്ച വിവരം  കിട്ടും മാഷേ."

പഞ്ചായത്ത് വായനശാലയിലെ പൊടി പിടിച്ചു കിടക്കുന്ന അലമാരയിൽ ഏതോ പുസ്തകം തിരയുകയായിരുന്ന മാഷിനോട്  മൊബൈലിൽ നിന്ന് മുഖമുയർത്താതെയാണ് ലൈബ്രേറിയൻ പറഞ്ഞത്. ഇത്തരത്തിൽ വിവരം വെച്ച വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മുന്നിൽ പലപ്പോഴും ഉത്തരം മുട്ടിപ്പോകാറുള്ളത് അപ്പോൾ മാഷ് ഓർത്തു പോയി. 

സയൻസ് ക്ലാസ്സിൽ റൈറ്റ് ബ്രദേർസ് വിമാനം കണ്ടു പിടിച്ചതിനെ പറ്റി പറഞ്ഞപ്പോൾ ഒരു മിടുക്കൻ എണീറ്റു നിന്നു പറയുകയാണ് -

"തെറ്റാ മാഷേ.... ഭാരതത്തിലെ ഋഷിമാരാ വിമാനത്തിന്റെ ടെക്നിക്കൊക്കെ കണ്ടു പിടിച്ചത്. അല്ലാണ്ടെ പിന്നെ രാമായണത്തിൽ പുഷ്പകവിമാനമൊക്കെ 
ഉണ്ടാവ്വോ? മാഷ് ഫേസ്ബുക്കിലൊന്നൂല്ലേ?"

ഉത്തരം മുട്ടിയ മാഷ് ക്ലാസ്സവസാനിപ്പിച്ച് സ്റ്റാഫ് റൂമിലേക്ക് പോന്നു.

സാമൂഹ്യപാഠ ക്ലാസ്സിലായിരുന്നു ഇതിലും വലിയ കുഴപ്പം. സ്വാതന്ത്ര്യ സമരം പഠിപ്പിക്കുമ്പോഴേക്കും ക്ലാസ് പ്രത്യക്ഷത്തിൽ രണ്ട് ചേരിയായി. കുട്ടികൾ സീറ്റുകൾ പോലും മാറിയിരുന്നു. ചിലർക്ക് നെഹ്റുവിനെ പറ്റി കേൾക്കണ്ട; പട്ടേലിനെ മതി. ജിന്നയുടെ പേര് പറഞ്ഞപ്പോൾ ആരോ കൂവി. പകരം ഷൂ നക്കി സവർക്കറെന്നാരോ വിളിച്ചു പറഞ്ഞു. ഗാന്ധിജിയുടേയും ഗോഡ്സയുടേയും പക്ഷം പിടിച്ചുള്ള ബഹളം തുടങ്ങിയപ്പോഴേക്കും നീണ്ട ബെല്ലടിച്ചു. മാഷ് ചെവി പൊത്തിക്കൊണ്ട് സ്റ്റാഫ് റൂമിലേക്കോടി.

"ഏഴാം ക്ലാസ്സിലാന്ന് പറഞ്ഞിട്ട് കാര്യല്ല മാഷേ; കുട്ട്യോൾക്കൊക്കെ നല്ല വിവരാ. അതെങ്ങനെ വിവരങ്ങളൊക്കെയിപ്പോ കൈവെള്ളയിലല്ലേ. പരസ്യങ്ങളൊക്കെ കുത്തിനിറച്ച് ബാക്കിള്ള ഇത്തിരിയിടത്ത് അവർക്കിഷ്ടപ്പെട്ട വാർത്തകൾ കൊടുക്കുന്ന ടീവീന്നും പത്രത്തീന്നും കിട്ടുന്നേലും വിവരങ്ങൾ ദേ ഇതീന്ന് കിട്ടും."

സ്മാർട്ട്ഫോൺ ഉയർത്തിപ്പിടിച്ചാണ് ഗോപി മാഷ് പറഞ്ഞത്.

"ഇതൊന്നുല്ലാണ്ടെ ഇപ്പഴത്തെ പിള്ളേരോടൊന്നും പിടിച്ച് നിക്കാമ്പറ്റൂല മാഷേ"

സരോജിനി ടീച്ചറാണ്.

മറുപടിയൊന്നുമില്ലാതെ മാഷ് മുഖം താഴ്ത്തിയിരുന്നു.

ഇത്രയും പറഞ്ഞത് ഇന്നലെ വരെയുള്ള ഗോവിന്ദൻ മാഷിനെ പറ്റിയാണ് കേട്ടോ. ഒന്ന് സിനിമ സ്റ്റൈലിൽ പറഞ്ഞാൽ  മാഷിപ്പോൾ പഴയ മാഷല്ല. 

"ഇന്നേതായാലും സരോജിനി ടീച്ചറും ഗോപി മാഷുമൊക്കെയൊന്നു ഞെട്ടും."

ബാഗിലെ തടിപ്പിൽ കയ്യമർത്തി മാഷ്‌ ഊറിചിരിച്ചു.

മാഷിന്റെ ബാഗിനകത്തുള്ള സ്മാർട്ട്‌ ഫോൺ ഇത്തവണത്തെ പിറന്നാൾ സമ്മാനമായി മകൻ  അയച്ചു കൊടുത്തതാണ്. സത്യം പറഞ്ഞാല്‍ അത് വെക്കാന്‍ വേണ്ടി മാത്രമാണ് മാഷ് ബാഗ്‌ കയ്യിലെടുത്തത്. നേരത്തെയുണ്ടായിരുന്ന മൊബൈല്‍ അയാള്‍ക്ക്‌ കീശയിലോ അരയിലോ വെച്ച് കയ്യും വീശി നടക്കാമായിരുന്നു. ഇതങ്ങനെയാണോ; കൈപ്പത്തിയോളം വലുപ്പത്തിൽ ചില്ല് കഷ്ണം കണക്കെയുള്ള അതൊന്നു പിടിക്കാന്‍ തന്നെ മാഷിന് രണ്ടു കയ്യും തികച്ചും വേണം. ഇങ്ങനെയുള്ള വിപ്ലവകരമായ മാറ്റത്തിനെല്ലാം ഹേതുവായ സംഭവം നടക്കുന്നത് മാഷിന്റെ മകന്‍റെ കഴിഞ്ഞ വരവിലാണ്.

പഴയ വീട് പൊളിച്ച്  അതിന്‍റെ സ്ഥാനത്തൊരു ഇരു നില മാളിക പണിതത് മകന്‍റെ കാശു കൊണ്ടാണ്. ഗൃഹപ്രവേശത്തിന്‍റെ സമയത്ത് അവനു ലീവ് കിട്ടാഞ്ഞതിനാല്‍ ഈ വരവില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായൊരു സത്കാരം ഏര്‍പ്പാട് ചെയ്തിരുന്നു. അങ്ങനെ ഉച്ച ഭക്ഷണം കഴിഞ്ഞ് എല്ലാവരും ഹാളിലിരുന്നു  ഐസ്ക്രീം നുണയുന്നതിനിടയിലാണ് ഗോവിന്ദന്‍ മാഷിന്‍റെ കീശയില്‍ കിടന്ന്‌ മൊബൈല്‍ റിംഗ് ചെയ്തത്. അയാള്‍ കുറച്ചധികം മെനക്കെട്ടിട്ടാണ് പരമാവധി ഉച്ചത്തില്‍ മുഴങ്ങിയ 'നോക്കിയ ട്യൂണ്‍' നിലച്ചത്.

"കസ്റ്റമര്‍കെയറീന്നാ"

ജാള്യത പടര്‍ന്ന മുഖത്തോടെ എല്ലാവരെയുമൊന്നു നോക്കിയ ശേഷം അയാള്‍ ഫോണ്‍ തിരികെ കീശയിലിട്ടു.  

"ഈ ഫോണൊക്കെ ഇപ്പഴും മനുഷന്മാരുപയോഗിക്കുന്നുണ്ടല്ലേ??

 മകന്‍റെ ടെക്കി സുഹൃത്ത്  മൊട്ടത്തലയില്‍ തടവി കൊണ്ട് ചോദിച്ചു.

"എന്തായാലും ആ റിംഗ് ടോണ്‍...അത് വല്ലാത്തൊരു നൊസ്ടാള്ജിയ ക്രിയേറ്റ് ചെയ്തു. താങ്ക്യൂ അങ്കിള്‍"

പറഞ്ഞതെന്താണെന്നു മുഴുവന്‍ മനസിലായില്ലെങ്കിലും മകന്‍റെ പെണ്‍സുഹൃത്ത് കൈ പിടിച്ച്‌ കുലുക്കിയപ്പോള്‍ അയാളും ചിരിച്ചു.

"ഒന്നൂലേല്‍ നീയൊരു ഗള്‍ഫുകാരനല്ലെ. അച്ഛനൊരു നല്ല ഫോണ്‍ വാങ്ങിച്ചു കൊടുത്തൂടെടാ കഞ്ചൂസാ...?"

കൂട്ടത്തിലാരോ കൊളുത്തിയ കൂട്ടച്ചിരിയിൽ പങ്കുചേർന്നെങ്കിലും മകന്റെ വെളുത്ത  മുഖത്ത് പടർന്ന കാളിമ മാഷ് മാത്രം കണ്ടിരുന്നു.

ഇതാദ്യമായാണ് മാഷിന്റെ പിറന്നാളിന് മകന്റെ വകയൊരു സമ്മാനം. അന്നത്തെ സംഭവത്തില്‍ മാഷിന്റെ മൊബൈലോളം ചെറുതായി പോയതിനാലാവണം അച്ഛന് പിറന്നാള്‍ സമ്മാനമെന്ന പേരിലൊരു അഞ്ചരയിഞ്ച് സ്‌ക്രീൻ സൈസുള്ള ഫോർജി സ്മാർട്ട്ഫോൺ അയച്ചു കൊടുത്തത്. 

ട്രെയിനിൽ കയറിയപ്പോൾ തന്നെ മാഷിനു സീറ്റ്‌ കിട്ടിയതാണ്. സാധാരണ ഗതിയിൽ കണ്ണൂര് എത്തും  വരെ പത്രത്തിൽ തല പൂഴ്ത്തിയിരിക്കുന്ന ആളാണ്‌. ഇന്ന് പത്രം എടുക്കാൻ തന്നെ മറന്നു.

മാഷ് ബാഗിൽ നിന്നും ശ്രദ്ധയോടെ ഫോണ്‍ പുറത്തെടുത്തു. ഭാര്യയെ ഒന്ന് ഞെട്ടിച്ചിട്ടു തന്നെ കാര്യം.  ഇന്നലെ ഫോണിന്റെ കുറച്ചു ബാലപാഠങ്ങൾ പേരക്കുട്ടിയോടു ചോദിച്ചു പഠിക്കുമ്പോൾ എന്തായിരുന്നു അവൾടെ പരിഹാസം.

"നായക്ക്  മുഴു തേങ്ങ കിട്ടിയ പോലെ കളിക്കണ കളി കണ്ടില്ലേ ??"

പണ്ടേ  "സ്മാർട്ട്‌ " ആയതിന്‍റെ  അഹങ്കാരം. അല്ലാണ്ടെന്താ പറയ്വാ.

മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന പേരക്കുട്ടി  ഫേസ്ബുക്കും വാട്സാപ്പും യൂടുബുമൊക്കെ പഠിപ്പിക്കാന്‍ ഏറെ ശ്രമിച്ചെങ്കിലും അയാളുടെ പഴക്കം ചെന്ന 'പ്രോസ്സസര്‍' അതിനൊന്നും വഴങ്ങിയില്ല. തൽക്കാലം കാൾ ചെയ്യാൻ മാത്രം പഠിച്ചു. എന്തായാലും ഭാര്യയെ ഒന്നു  വിളിച്ചിട്ടു തന്നെ കാര്യം. ഇതവളൊട്ടും പ്രതീക്ഷിക്കില്ല. 

ഫോണ്‍ മുഖത്തിന്‌ നേരെ പിടിച്ചു ചുണ്ണാമ്പ് തേക്കും പോലെ പതുക്കെയൊന്നു തോണ്ടണം. എന്നാലെ അത്  തുറക്കുവത്രെ.

"ഇടത്തോട്ടോ വലത്തോട്ടോ??"

മാഷിനു സംശയമായി.

രണ്ടും കൽപ്പിച്ച്  വലത്തോട്ട് തോണ്ടി. പെട്ടെന്ന് സ്ക്രീനാകെ കറുപ്പ് നിറമായി. പിന്നെ പതുക്കെ ഒരു പെണ്‍കുട്ടിയുടെ ചിത്രം തെളിഞ്ഞു വന്നു.

"ഏതാ ഈ കുട്ടി...നല്ല മുഖ പരിചയം തോന്നുന്നല്ലോ." - മാഷ്‌ മനസ്സില്‍ കരുതി.

"ഡാ കള്ള കെളവാ ...പെമ്പില്ലേരുടെ പടം പിടിക്കാൻ ഇറങ്ങിയതാണല്ലേ ??"

അരികിൽ നിൽക്കുകയായിരുന്ന ചെറുപ്പക്കാരൻ മാഷിന്‍റെ കയ്യിൽ നിന്നും ഫോണ്‍ പിടിച്ചു വാങ്ങി കൊണ്ട്  അലറി.

മുന്നിലെ സീറ്റിലിരുന്ന പെൺകുട്ടിയുടെ  ബാഗ് തന്റെ മുഖത്തിന് നേരെ വീശിയടുത്തത് മാത്രം മാഷിനോർമ്മയുണ്ട്.
ഒരു തള്ളലിൽ മറിഞ്ഞു വീണു പോയ മാഷ്, ഏതോ കാലിനടിയിൽ ഞെരിഞ്ഞമരുന്ന സ്മാർട്ട്‌ഫോണിന്‍റെ  ഞരക്കം വ്യക്തമായും കേട്ടു.

ഓർഗാനിക്


 രംഗം 1 : മെട്രോ ട്രെയിൻ

മാന്യവസ്ത്രധാരി കമ്പാർട്ട്മെന്റിലേക്ക് കയറി. നല്ല തിരക്കുണ്ട്. പുതിയ ലൈൻ പൂർണ്ണമായും  പ്രവർത്തനക്ഷമമായ ശേഷമിങ്ങനെയാണ്. ആഗോള താപനത്തെ പറ്റിയൊന്നും അത്ര കണ്ട് ബോധവാന്മാരല്ലെങ്കിലും, ട്രാഫിക് ജാമുകളിൽ ഇരമ്പിത്തീരുന്ന സമയത്തെ  പറ്റി എല്ലാവർക്കും നല്ല ബോധമുണ്ട്. ട്രെയിൻ മുഴുവനായും എയർ കണ്ടീഷൻഡ് ആയതിനാൽ അകത്ത്  ചൂടറിയില്ല. പക്ഷെ അടഞ്ഞു കിടക്കുന്ന കമ്പാർട്മെന്റിനുള്ളിൽ അയാളെ പോലെ സുഗന്ധം പരത്തുന്ന മാന്യവസ്ത്രധാരികൾ മാത്രമല്ലല്ലോ ഉള്ളത്. വിയർപ്പിൽ കുതിർന്ന വായു ശ്വസിക്കാനാകാതെ അയാൾക്ക്‌ ശ്വാസം മുട്ടി. ഇതു കൊണ്ടാണ്, കിട്ടിയ അവസരങ്ങളിലെല്ലാം, മെട്രോ ട്രെയിനിൽ ഒരു ഫസ്റ് ക്‌ളാസ് കമ്പാർമെന്റ് ഉൾപ്പെടുത്തുന്നതിനായി അയാൾ വാദിച്ചത്. ആ ആവശ്യം വേണ്ടത്ര പരിഗണിക്കപ്പെടാതെ പോയതോടെ അയാൾ കഴിവതും മെട്രോ ഉപയോഗിക്കാറില്ല; ആഴ്ചയിലൊരിക്കലുള്ള ഈ യാത്രക്കൊഴിച്ച്.  പോകേണ്ട സ്ഥലത്തേക്കുള്ള ഇടുങ്ങിയ റോഡുകളും പാർക്കിങ് സൗകര്യമില്ലായ്മയും മെട്രോ ഉപയോഗിക്കാൻ അയാളെ നിർബന്ധിതനാക്കി.

അലാറം മുഴക്കി അടഞ്ഞു  തുടങ്ങുന്ന വാതിലിലൂടെ ആ മുഷിഞ്ഞ വസ്ത്രധാരി കമ്പാർട്മെന്റിലേക്ക് ചാടിക്കയറി. കയ്യിൽ തൂക്കി പിടിച്ച സഞ്ചിയുടെ ഭാരത്താൽ ബാലൻസ് തെറ്റിയ അയാൾ മാന്യവസ്‌ത്രധാരിയുടെ ദേഹത്തു ചെന്നിടിച്ചു. ഒരു ചെറു പുഞ്ചിരിയോടെ ക്ഷമ യാചിച്ച അയാളെ തള്ളി മാറ്റിക്കൊണ്ട് മാന്യവസ്‌ത്രധാരി വാതിലിനടുത്തേക്കു നീങ്ങി നിന്നു.

രംഗം 2 : കടയുടെ മുൻവശം 

പച്ചക്കറികൾ ഇനം തിരിച്ചു തിരഞ്ഞെടുക്കുന്ന മാന്യ വസ്ത്രധാരി.

"നൂറ്റിയിരുപതോ!!! നിങ്ങളിങ്ങനെ തോന്നിയ പോലെ വില കൂട്ടിയാൽ ഞങ്ങളൊക്കെ വായു ഭക്ഷണമാക്കേണ്ടി വരുമല്ലോ!!"

അയാൾ കടക്കാരനോട്  പരാതിപ്പെട്ടു.

"എന്തു ചെയ്യാനാ സാറേ; സാധനം കിട്ടാനില്ല. പുറത്തെ മാർക്കറ്റിലെ കയറ്റം നോക്ക്യാ ഇതൊന്നുമല്ല. "

കടക്കാരൻ പുറത്തേക്ക് ഇറങ്ങി വന്നു.

"സാറിനറിയാഞ്ഞിട്ടാ; ഈ ജൈവ കൃഷിക്കാരൊക്കെ നല്ല കാശാ ചോദിക്കുന്നെ. ഇപ്പോ ഇതിനൊക്കെ നല്ല ഡിമാന്റാന്ന് അവർക്കറിയാം. അല്ല...അവരേം കുറ്റം പറഞ്ഞിട്ടു കാര്യമില്ല. തീ പറക്കണ ഈ വെയിലത്ത് ഇതൊക്കെ വിളയിച്ചെടുക്കണ്ടേ. പിന്നെ, അറിയാലോ, രാസവളോം കീടനാശിനിയുമൊന്നും അടുപ്പിക്കത്ത് പോലുമില്ല.."

"ആ ഒരൊറ്റ ഉറപ്പിലാ ഇത്രേം ദൂരം കഷ്ടപ്പെട്ട് വന്ന്  ചോദിക്കണ കാശും തന്ന് ഇതൊക്കെ മേടിച്ചോണ്ട് പോകുന്നെ."

"അത്രേള്ളൂ സാറേ...ഇവിടെ കൊറച്ചധികം മൊടക്കിയാലും, ആസ്പത്രി ചെലവില്  ലാഭിക്കാം."  

മഞ്ഞപ്പല്ലുകൾ മുഴുവൻ വെളിയിൽ കാട്ടിയുള്ള അയാളുടെ ചിരി മാന്യവസ്‌ത്രധാരിക്ക് അത്ര പിടിച്ചില്ല. അതു മനസിലാക്കിയിട്ടാവണം കടക്കാരൻ പതുക്കെ അകത്തേക്ക് കയറി പോയി.

രംഗം 3 : കടയുടെ പുറകു വശം 

"എൻ്റെ സാറേ ഇതു കഷ്ടമാ. പുറത്തൊക്കെ എന്താ വില. കഴിഞ്ഞാഴ്ച്ച കിലോക്ക് നൂറു വരെയായി. അതിന്റെ പകുതിയേലും താ സാറേ"

മുഷിഞ്ഞ വസ്ത്രധാരി കെഞ്ചി.

"പിന്നെ നൂറു രൂപ. എടോ...അതൊക്കെ നല്ല രാസവളമിട്ടു കീടനാശിനിയൊക്കെ തളിച്ചു ചുമന്നു തുടുത്തിരിക്കണ തക്കാളിക്കാ. അല്ലാതെ താൻ വല്ല വെണ്ണീറും ചാണകപ്പൊടീമിട്ടുണ്ടാക്കുന്ന ഈ പുഴുക്കുത്തുള്ള സാധനത്തിനല്ല. മുപ്പതു രൂപെന്നു ഒരു പൈസ കൂട്ടി തരില്ല. വേണ്ടെങ്കി എടുത്തോണ്ട് പൊയ്ക്കോ.."

കടക്കാരൻ സ്വരം കടുപ്പിച്ചു.

രംഗം 4  : വീണ്ടും കടയുടെ മുൻവശം 

"ഇതു കണ്ടോ സാറേ..."  

കയ്യിൽ പൊക്കിപിടിച്ച തക്കാളിക്കൂടയുമായി കടക്കാരൻ പുറത്തേക്കു വന്നു.

"നല്ല ഫ്രഷ് സാധനാ. തോട്ടത്തീന്ന്  ഇപ്പൊ പറിച്ച് കൊണ്ടോന്നെള്ളു. സാറിന് വേണ്ടി ഞാനിങ്ങെടുത്തോണ്ട് പോന്നതാ."

മാന്യവസ്‌ത്രധാരി  തക്കാളിയെടുത്തു തിരിച്ചും മറിച്ചും നോക്കുന്നതിനിടയിൽ കടക്കാരൻ തുടർന്നു:

"ഇതാ സാറേ തക്കാളിടൊക്കെ ശെരിക്കുള്ള നെറം. രാസവളോമിട്ടു മെഴുകും പുരട്ടി ചൊകപ്പിച്ചു  തുടുപ്പിച്ചെടുക്കുവല്ലേ.  ആ പുഴുക്കുത്തൊക്കെ കണ്ടോ സാറേ; കീടനാശിനിയൊന്നും  മണപ്പിച്ചിട്ടും കൂടിയില്ല."

രംഗം 5 : വീണ്ടും മെട്രോ ട്രെയിൻ 

അലാറം മുഴക്കി അടഞ്ഞു  തുടങ്ങുന്ന വാതിലിലൂടെ മാന്യവസ്‌ത്രധാരി തിരക്കിട്ട് അകത്തേക്കു കയറി. കയ്യിലെ സഞ്ചിയുടെ ഭാരത്താൽ ബാലൻസ് തെറ്റി അയാൾ മുന്നിലെ സീറ്റിലിരുന്ന  മുഷിഞ്ഞ വസ്ത്രധാരിയെ ചെന്നു മുട്ടി. ഒരു ചെറു പുഞ്ചിരിയോടെ സീറ്റൊഴിഞ്ഞു കൊടുത്ത് വാതിലിനരികിലേക്ക് മാറി നിന്ന മുഷിഞ്ഞ വസ്ത്രധാരിയുടെ കയ്യിൽ ചുരുട്ടിപ്പിടിച്ച കാലി സഞ്ചിയുണ്ടായിരുന്നു.

അപ്പോഴേക്കും  മാന്യവസ്‌ത്രധാരിയുടെ സഞ്ചിയിലെ തക്കാളികൾക്ക്  വിയർപ്പിൽ കുതിർന്ന വായു ശ്വസിക്കാനാകാതെ ശ്വാസം മുട്ടിത്തുടങ്ങിയിരുന്നു.

Thursday 20 February 2020

ഓണം സ്പെഷ്യൽ ട്രെയിൻ

"ഊശെൻറ്റപ്പാ...ഇപ്പെണ്ണെന്ത്ന്നായീ കാട്ട്ന്ന്..."  

വാതിൽക്കൽ നിൽക്കുന്ന ഫ്രീക്കൻ തന്റെ കളറടിച്ച തലയിൽ കൈ വെച്ച് പോയി. 

ട്രെയിൻ മുഴുവനായും നിൽക്കുന്നതിനു മുമ്പേ തന്നെ അവൾ പ്ലാറ്റഫോമിലേക്കു ചാടിയിറങ്ങിയതാണ്. ഒരുവിധത്തിലാണ് തെന്നി വീഴാതെ  ബാലൻസ് ചെയ്തത്.

തൽക്കാൽ ടിക്കറ്റും കൂടി കിട്ടാതായതോടെ ഇത്തവണത്തെ ഓണത്തിന് നാട്ടിൽ പോകുന്നില്ലെന്ന് തീരുമാനിച്ചിരുന്നതാണ്. പക്ഷെ ഇന്നലെ ഉച്ചക്ക് ഓഫീസിലിരുന്ന് അമ്മയെ വിളിച്ചപ്പോഴാണ് കുട്ടൻ വരുന്നുണ്ടെന്നറിഞ്ഞത്. പിന്നെ ഇരിപ്പുറച്ചില്ല.  വൈകിട്ട് ഓഫീസിൽ നിന്നും ഫ്ലാറ്റിൽ പോകാതെ നേരെ ഇറങ്ങിയതാണ്. ചെന്നൈ സെൻട്രലിലെ പ്രൈവറ്റ് ബസ്സുകളുടെ ബുക്കിങ് ഓഫീസുകൾ തോറും കയറിയിറങ്ങി മടുത്ത് നിൽക്കുമ്പോഴാണ് സ്‌പെഷൽ ട്രെയിനിനെ പറ്റി ആരോ പറഞ്ഞ് കേട്ടത്. നേരെ  സ്റ്റേഷനിലേക്കോടി. ക്യൂ നിന്നെടുത്ത ജനറൽ ടിക്കറ്റുമായി  പ്ലാറ്റഫോമിലെത്തിയപ്പോൾ ഓടാൻ തയ്യാറായി എഞ്ചിൻ ഇരച്ചു നിൽക്കുന്നുണ്ട്. സ്ലീപ്പർ ടിക്കറ്റിലേക്കുള്ള സ്ഥാനക്കയറ്റത്തിന് വിദൂര സാധ്യത പോലുമില്ലെന്ന് ഉറപ്പായിരുന്നിട്ടും അൽപം പുറകിലായി നിൽക്കുന്ന ടി.ടി.ഇ.ക്കടുത്തേക്ക് ഓടിച്ചെന്നു. "സ്ലീപ്പറിൽ ഒഴിവുണ്ടാവോ?" എന്ന ചോദ്യം മുഴുമിപ്പിക്കുന്നതിന് മുമ്പേ തന്നെ "ഇല്ല" എന്ന പരുഷ സ്വരത്തിലുള്ള മറുപടി കേട്ടതോടെ അവൾ തിരിഞ്ഞോടി എഞ്ചിന് തൊട്ട് പുറകിലെ കമ്പാർട്മെൻറ്റിൽ ചെന്ന് കയറി. വണ്ടി അനങ്ങി തുടങ്ങിയപ്പോൾ എവിടുന്നെല്ലാമോ വന്ന് ഓടിക്കയറിയവർ വാതിൽക്കൽ നിൽക്കുന്ന അവളെ അകത്തെ തിരക്കിനുള്ളിലേക്ക് തള്ളിക്കയറ്റി. സീറ്റിനു മുകളിലും സൈഡിലുമുള്ള റാക്കുകളൊക്കെ  ആളുകൾ ബെർത്താക്കി മാറ്റിയതിനാൽ ബാഗ് വെക്കാൻ പോലും സ്ഥലമില്ല. വടക്കെവിടെയോ നിന്നു വരുന്ന വണ്ടിയിൽ ഏതൊക്കെയോ പഴയ കോച്ചുകൾ ചേർത്ത് കെട്ടി സ്പെഷ്യൽ ട്രെയിനാക്കിയതാണ് -  കേന്ദ്രത്തിന്റെ വക പ്രവാസി മലയാളികൾക്കൊരു ഓണസമ്മാനം. സൂചി കുത്താനിടയില്ലാത്ത ആ തിരക്കിനിടയിലും തറയിൽ ആളുകൾ  കൂനിക്കൂടിയിരിപ്പുണ്ട്. പലപല ദേശക്കാർ, ഭാഷക്കാർ, പ്രായക്കാർ, തരക്കാർ, ആണും പെണ്ണും ഭിന്നലിംഗക്കാരും...ഇന്ത്യാ മഹാരാജ്യത്തിന്റെ പരിച്ഛേദം പോലൊരു കമ്പാർട്ട്മെന്റ്. വെള്ളം കണ്ട കാലം മറന്ന ചെമ്പൻ തലകൾക്കും അഴുക്കിന്റെ നിറമുള്ള വസ്ത്രങ്ങൾക്കുമിടയിൽ അവൾക്ക്  ശ്വാസംമുട്ടി. ഇറങ്ങി പുറപ്പെടാൻ തോന്നിയ നിമിഷത്തെ ശപിച്ചു കൊണ്ട് സീറ്റിൽ ചാരി നിൽക്കുന്ന അവളുടെ വിഷമാവസ്ഥ കണ്ടിട്ടാവണം  ഒരു പയ്യൻ  സീറ്റ് ഒഴിഞ്ഞു കൊടുത്ത്, മുന്നിലെ സീറ്റിനടിയിലേക്കു നൂണ്ടു കയറിപ്പോയി.  

ഇരുന്നപ്പോഴേ ഒന്നു ടോയ്‌ലെറ്റിൽ പോയി വരണമെന്ന് തോന്നിയതാണ്. പക്ഷെ സീറ്റിലേക്ക് നട്ടിരിക്കുന്ന അനേകം കണ്ണുകൾ അവളെ ഭയപ്പെടുത്തി. മുകളിൽ കിടക്കുന്നവർ തിരിയുകയും മറിയുകയും ചെയ്യുമ്പോഴുണ്ടാകുന്ന മരപ്പലകകളുടെ ഞരക്കങ്ങൾ ഏറെ വൈകിക്കിട്ടിയ ഉറക്കത്തെ ഇടക്കിടെ മുറിച്ചു. പഴകിയ പലകകൾ പൊട്ടി യാത്രക്കാരുടെ തലയിൽ വീണ സംഭവങ്ങളുടെ ഓർമ്മയിൽ അവൾ പേടിച്ചു. അടിവസ്ത്രത്തിൽ നനവ് പടരുന്നതറിഞ്ഞാണ്  മുറിഞ്ഞും കൂടിയുമുള്ള ആ ഉറക്കത്തിൽ നിന്നും മുഴുവനായും ഉണർന്ന് പോയത്. ബാഗിനകത്ത് കൈ കടത്തി തപ്പുന്നതിനിടയിൽ കഴിഞ്ഞ മാസത്തെ ഡേറ്റ്  ഓർത്തെടുക്കാൻ വെറുതെ ശ്രമിച്ചു നോക്കി. നാശം....ഡേറ്റും പാഡും അവൾക്ക് പിടികൊടുത്തില്ല. പിരീഡ്സായി വഴിയിൽ പെട്ടു പോകുന്ന സെയിൽസ് ഗേളിനെ കുറിച്ചുള്ള ഷോർട്ട് ഫിലിം കണ്ടതിന് ശേഷം ഒരു പാഡ് സ്ഥിരമായി ബാഗിലുണ്ടാകുന്നതാണ്. കഴിഞ്ഞ ദിവസം ഒരു സഹപ്രവർത്തകയുടെ ആവശ്യമറിഞ്ഞ് എടുത്ത് കൊടുത്തതാണ്. മറ്റൊരെണ്ണം എടുത്ത് വെക്കാനും മറന്നു. ഓഫീസിൽ നിന്ന് നേരെ ഇറങ്ങിയതിനാൽ മാറ്റിയിടാൻ പാന്റീസ് പോലുമില്ല. അവളുടെ കണ്ണുകൾ നിറഞ്ഞു. എന്ത് ചെയ്യണമെന്നറിയാതെ കുറച്ച് നേരം മുഖം പൊത്തിയിരുന്നു. പിന്നെ  നിവർന്നിരുന്ന് കണ്ണുകൾ തുടച്ച് കഴുത്തിൽ ചുറ്റിയ സ്റ്റോൾ അഴിച്ചെടുത്ത് നീളത്തിൽ മടക്കി. ബാഗെടുത്ത് സീറ്റിൽ വെച്ച് അവൾ ടോയ്ലെറ്റിലേക്ക് നടന്നു.

പാലക്കാട് വിട്ടതോടെ വണ്ടിയിലെ തിരക്കൽപം കുറഞ്ഞിട്ടുണ്ട്.  വാതിൽക്കൽ കിടന്നുറങ്ങുന്നവരെ ചവിട്ടാതെ ഒരുവിധം ടോയ്‌ലെറ്റിനകത്ത് കയറിപ്പറ്റിയ അവൾ ശരിക്കും കരഞ്ഞു പോയി. പൈപ്പിൽ തുള്ളി വെള്ളമില്ല. വെള്ളമില്ലാത്തതൊന്നും കാര്യമാക്കാതെ ആരൊക്കെയോ കാര്യം സാധിച്ചു പോയതിനാൽ അസഹനീയമായ നാറ്റവുമുണ്ട്. ബാക്കിയുള്ള അൽപ്പം കുടിവെള്ളവുമെടുത്ത് വന്ന് മടക്കിയെടുത്ത സ്റ്റോൾ എങ്ങനെയൊക്കെയോ തിരുകി വെച്ചു. തിരികെ സീറ്റിൽ ചെന്നിരുന്ന അവൾ എപ്പോഴോ മയങ്ങിപ്പോയി. 

ഉണർന്നപ്പോൾ നേരം വെളുത്ത് തുടങ്ങിയിരുന്നു. ചുറ്റുമിരിക്കുന്നവരിൽ പലരും മാറിയിട്ടുണ്ട്. കാലുകൾക്കിടയിൽ നനവ് പടരുന്നുണ്ട്. നനഞ്ഞു കുതിർന്ന തുണിയിൽ നിന്നും നാറ്റം വരുന്നുണ്ടോ?  മാന്യ വസ്ത്രധാരികളായ ചില പുതിയ സഹയാത്രികർ തന്നെ നോക്കി മുഖം ചുളിക്കുന്നതായി തോന്നിയതോടെ അവൾ പതുക്കെയെണീറ്റു. പിൻഭാഗം മറയുന്ന രീതിയിൽ ബാഗ്‌ പരമാവധി താഴ്ത്തിയിട്ടാണ് അവൾ വാതിൽക്കലേക്ക് നടന്നത്.

പുറത്തെ ഇരുട്ട് മുഴുവനായും മാറിയിട്ടില്ല.  പ്രവർത്തിച്ചു തുടങ്ങിയ അടുക്കളകളിൽ നിന്നുള്ള വെട്ടം അങ്ങിങ്ങായി കാണാം. അവൾക്ക് പെട്ടെന്ന് അമ്മയെ ഓർമ്മ വന്നു. തുറന്നിട്ട വാതിലിന്റെ ഇരു വശങ്ങളിലായുള്ള കമ്പികളിൽ പിടിച്ച് അവൾ അൽപം മുന്നോട്ടാഞ്ഞു നിന്നു. മുഖത്തേക്ക് വീശിയ തണുത്ത കാറ്റ് കൺകോണിൽ ഉരുണ്ടു കൂടിയ കണ്ണീർത്തുള്ളികളെ തട്ടിത്തെറിപ്പിച്ചു.

ആദ്യ ദിവസത്തിന്റെ വേദനയും അത്രയും നേരം മൂത്രമൊഴിക്കാതെ പിടിച്ചു വെച്ചതിന്റെ കടച്ചിലും ചേർന്ന് അടിവയറ്റിലെ വേദന അസഹനീയമായിരുന്നു. എങ്ങനെയെങ്കിലുമൊന്ന് ടോയ്ലെറ്റിലെത്തിയാൽ മതിയെന്ന അവസ്ഥയിലായിരുന്നു അവൾ.
സ്ത്രീകളുടെ വെയിറ്റിങ്ങ് റൂമിന്റെ ബോർഡ് കണ്ടതോടെ മറ്റൊന്നുമാലോചിക്കാതെ ചാടി ഇറങ്ങിപ്പോയതാണ്. 

ഓടിച്ചെല്ലുമ്പോഴുണ്ട് വാതിൽക്കൽ തന്നെ  ഒരുത്തൻ കയ്യും കാലുമൊക്കെ നീട്ടി വിശാലമായി കമിഴ്ന്നു കിടക്കുന്നു.

"ഈ പാമ്പിനെയൊന്നും പിടിച്ച്  മാളത്തിലാക്കാൻ ഇവിടാരൂല്ലേ...."

കാശ് വാങ്ങാനിരിക്കുന്ന ചേച്ചിയുടെ  വകയാണ് കമന്റ്. അയാളെ കവച്ചു വെച്ച് അകത്തു കടന്നപ്പോഴുണ്ട് എല്ലാ ടോയ്‌ലെറ്റിന്റെയും വാതിലുകളിൽ ഒന്നും രണ്ടും പേർ വീതം ഊഴം കാത്തു നിൽക്കുന്നു. അവളുടെ വിഷമാവസ്ഥ മനസിലാക്കിയതോടെ ഒരു ചേച്ചി ഒഴിഞ്ഞു കൊടുത്തതിനൊപ്പം കൈയ്യിലുണ്ടായിരുന്ന ഒരു പാഡും നൽകി. റെസ്റ്റ് റൂമിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ വാതിൽക്കൽ പാമ്പിനെ കണ്ടില്ല. വല്ലവരും പിടിച്ചു മാളത്തിലാക്കി കാണണം.

ബാഗിൽ നിന്നും ഫോണെടുത്ത്  നോക്കി. അച്ഛന്റെ വിളിയൊന്നുമില്ല. അങ്ങോട്ട് വിളിച്ചിട്ട് കണക്ടാവുന്നുമില്ല. "ഇറങ്ങി" എന്നൊരു മെസേജുണ്ട്. അത് വെച്ച് നോക്കിയാൽ എത്തണ്ട നേരം കഴിഞ്ഞു. വഴിക്കു വല്ല റിട്ടയേർഡ് സഖാക്കളെയും കണ്ടു കാണും.  "ഈ മനുഷ്യനെ കൊണ്ട് തോറ്റെന്ന്" അമ്മയെ കൊണ്ട് നാഴികക്ക് നാൽപ്പത് വട്ടം പറയിക്കുന്ന അച്ഛന്റെ സ്വഭാവം അവൾക്ക് നന്നായറിയാം. തൽക്കാലം ആശ്വാസമുണ്ടെങ്കിലും വേദന ഇനിയും കൂടുന്നതിന് മുമ്പേ വീട്ടിലെത്തണം. അവൾ പുറത്തിറങ്ങി ഓട്ടോ പിടിച്ചു. സ്റ്റേഷന്റെ ഗേറ്റ് കടക്കുമ്പോഴാണ് അമ്മയുടെ കാൾ വന്നത്.

"ആ...അമ്മെ..."

"ഞാനാടി...എവിടെത്തി  നീ..?" ചെറിയച്ഛനാണ്‌.

"ഓട്ടോയിലാ ചെറിയച്ഛാ...ദാ ജസ്റ്റ്  സ്റ്റാർട്ട് ചെയ്തേള്ളു."

"ആ..നീ ഒരു കാര്യം ചെയ് ..നേരെ മിംസിലേക്കു പോന്നോ..."

"എന്താ...എന്താ പറ്റിയേ? അമ്മയെവിടെ...??" 

 "'അമ്മ ഇവിടുണ്ടെടി നീ വാ. വന്നിട്ട് പറയാം."

"പറയു ചെറിയച്ഛാ....പ്ലീസ്..." 

അവളുടെ ശബ്ദമിടറി. 

"പേടിക്കേണ്ടെടി...ഒന്നൂല്ല. അച്ഛൻ നിന്നെ കൂട്ടാൻ വന്നിരുന്നൂലോ. മൂപ്പരാ പ്ലാറ്റ്ഫോമിലൊന്നു കൊഴഞ്ഞ് വീണു. 
 മൈനർ അറ്റാക്കാന്നൊരു സംശയം പറഞ്ഞു ഡോക്ടറ്. അപ്പൊ ടെസ്റ്റാേളൊക്കെയൊന്ന് ചെയ്യാന്ന് കരുതി. അത്രേള്ളു." 

"ഏ..എന്നിട്ട്...എങ്ങനിണ്ട്പ്പോ  അച്ഛന്..."

തികട്ടിക്കയറി വരുന്ന തേങ്ങൽ കടിച്ചമർത്താൻ ശ്രമിച്ച് അവൾ പരാജയപ്പെട്ടു.

"അയ്യേ...കരയല്ലെടീ...ഞാൻ പറഞ്ഞില്ലെ. ഒന്നൂല്ല...ആരോ വെള്ളടിച്ച് പാമ്പായി കെടക്കാന്നാ ആളോള് ആദ്യം വിചാരിച്ചേ. അതോണ്ട് എത്തിക്കാൻ ലേശം വൈകി. ന്നാലും ഇപ്പൊ പേടിക്ക്യാനൊന്നൂല. നീ നേരെ ഇങ്ങു പോര്. നമ്മക്ക് ഒരുമിച്ചങ്ങ് പൂവാം"

ഓട്ടോക്കാരനോട് "മിംസിലേക്കാ പോണ്ടേ" എന്ന് പറഞ്ഞാെപ്പിച്ച്  മടിയിൽ വെച്ച ബാഗിലേക്ക്  അവൾ കമിഴ്ന്നു.

Tuesday 18 February 2020

അഗമ്യഗമനം

റിട്ടയർമെൻറ് ബെനിഫിറ്റിൽ നിന്നുമൊരു തുകയെടുത്ത് വീടൊന്ന് പുതുക്കി പണിയണം; ഭാഗമായി കിട്ടിയ അരയേക്കർ നിലത്ത് കൃഷിയിറക്കണം; പെൻഷൻ തുകയും കൃഷിയിൽ നിന്നുള്ള വരുമാനവും കൊണ്ട് കുടുംബത്തോടൊപ്പം സ്വസ്ഥമായി ജീവിക്കണം; അങ്ങനെ നാടും വീടും വിട്ടു നിന്ന കാലത്ത് നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കണം - പട്ടാളക്കുപ്പായമിടീച്ച വി.ഐ.പി. പെട്ടിക്കൊപ്പം ഇങ്ങനെ കുറെ സ്വപ്നങ്ങളും പൊതിഞ്ഞെടുത്താണ്, പട്ടാളത്തിൽ നിന്നും പിരിഞ്ഞതിന്റെ നാലാം നാൾ രാവുണ്ണി നായർ നാട്ടിലേക്ക് വണ്ടി കയറിയത്. പക്ഷെ, നാട്ടിലെത്തിയതിന്റെ പിറ്റേ മാസം, കൃത്യമായി പറഞ്ഞാൽ പെൻഷൻ ആനുകൂല്യങ്ങൾ വന്നോയെന്നറിയാൻ ടൗണിലെ സ്റ്റേറ്റ് ബാങ്കിൽ പോയതിന്റന്ന്, പൊതിയഴിഞ്ഞ് നിലത്ത് വീണ ആ സ്വപ്നങ്ങളെല്ലാം തിരിച്ചെടുക്കാനാവാത്ത വിധത്തിൽ ചിതറിത്തെറിച്ചു പോയി.

പാസ് ബുക്ക് പതിക്കാനായി വരി നിൽക്കുമ്പോഴാണ് നീളൻ ഹാളിന്റെ മറ്റേയറ്റത്ത് നിന്നും പട്ടാളച്ചുവയുള്ള ഹിന്ദി ഉയർന്ന് കേട്ടത്. വരി തെറ്റിക്കുന്ന അന്യഭാഷാ തൊഴിലാളികളെ ബാങ്കിലെ സെക്യൂരിറ്റി ഗാർഡ് വിരട്ടുകയാണ്. പാസ് ബുക്ക് പതിപ്പിച്ച് തിരിച്ചു പോകുമ്പോൾ  ഗാർഡ് വാതിൽക്കലുണ്ട്. ഇരട്ടക്കുഴൽ തോക്ക് കാലിനോട് ചാരി നിലത്ത് കുത്തി നിർത്തിക്കൊണ്ട് ചുറ്റും കൂടി നിൽക്കുന്നവരുടെ പലതരം സംശയങ്ങൾക്ക് ക്ഷമയോടെ മറുപടി നൽകുകയാണ്. ഒറ്റ നോട്ടത്തിൽ പ്രായം നാൽപ്പതിന് താഴെ നിക്കും. ഇറുകി കിടക്കുന്ന കാക്കി യുണിഫോറം ശരീരത്തിന്റെ മുഴുപ്പുകൾ വ്യക്തമാക്കുന്നുണ്ട്. തലയിൽ ചെരിച്ചു വെച്ചിരിക്കുന്ന ചുവന്ന തൊപ്പിയിലും തോളറ്റങ്ങളിലും ബാങ്കിന്റെ  മുദ്രകൾ തിളങ്ങുന്നു. നെഞ്ചിൽ സ്റ്റീൽ നെയിം ബോർഡ്. തോക്കിലേക്കുള്ള ബുള്ളറ്റ് സൂക്ഷിക്കുന്ന ലെതർ പൗച്ച് വീതിയുള്ള ബെൽറ്റിൽ കൊരുത്തിട്ടിട്ടുണ്ട്. നെഞ്ച് വിരിച്ചു നിൽക്കുന്ന ആ നിൽപ് നോക്കി നിൽക്കെ, ചില്ലുകൂട്ടിലിരിക്കുന്ന മാനേജരല്ല തോക്കുധാരിയായ ആ സെക്യൂരിറ്റി ഗാർഡാണ്  യഥാർത്ഥത്തിൽ ബാങ്ക് ശാഖ ഭരിക്കുന്നതെന്ന ഒരു പട്ടാളച്ചിന്ത നായരുടെ തലയിലൂടെ ഒന്നോടിക്കയറിയിറങ്ങിപ്പോയി. 
തിരക്കൊന്നൊഴിഞ്ഞപ്പോൾ നായർ അയാളോട് പോയി സംസാരിച്ചു.

ഊഹം തെറ്റിയില്ല; എക്സാണ്. എക്സ്റ്റൻഷനെടുക്കാതെ മുപ്പത്തഞ്ചാം വയസ്സിൽ തന്നെ  പിരിഞ്ഞു പോന്നു. ബാങ്കിൽ കയറിയിട്ട് ഇപ്പോൾ രണ്ട് വർഷമാകുന്നു.

"പതിനെട്ട് തെകഞ്ഞപ്പോ യൂണീഫോമിട്ടതാ. ഇട്ട് ഇട്ട് അത് മേത്തെ തൊലി പോലങ്ങായി. പിന്നെ അതൂരുമ്പോ ഒന്നൂടാത്ത പോലൊരു തോന്നലാ. അതോണ്ട് ലീവിന് വരുമ്പോ പോലും യൂണിഫോമിന്റെ ഷർട്ടിട്ടാ പുറത്തിറങ്ങാറ്. പിരിഞ്ഞിട്ടും അങ്ങനെ തന്നെ നടന്നപ്പോ ആളോള് മക്കാറാക്കി തുടങ്ങി. ഇന്റെ വെഷമം കണ്ട് ഭാര്യയാ ഇന്നക്കൊണ്ട് ഇപ്പണിക്ക് അപേക്ഷിപ്പിച്ചേ. കുറേക്കാലം ജനങ്ങടെ ജീവന് കാവല് നിന്നില്ലേ. ഇപ്പോ അവരടെ സ്വത്തിന് കാവല് നിക്കുന്നു. അതൊരു ചില്ലറ കാര്യല്ലല്ലോ.... അല്ലേ സാബ്ജീ...?"

മറുപടിയായി ഒരു പൊള്ളച്ചിരി ചിരിച്ച് അയാൾ യാത്ര പറഞ്ഞിറങ്ങി. റിട്ടയറായി നാട്ടിലെത്തി ഒരു മാസാവുമ്പോഴേക്കും തനിക്കുണ്ടായ തോന്നലുകളാണല്ലോ ആ ചെറുപ്പക്കാരൻ ഗാർഡ് പറഞ്ഞതെന്ന ചിന്ത നായരെ ശരിക്കുമൊന്നുലച്ചു. ലീവിന് വരുമ്പോഴുള്ളത് പോലെയൊന്നുമല്ല; നാട്ടിലിറങ്ങി നടക്കുമ്പോൾ മിലിട്ടറി ക്വോട്ടയിൽ കുപ്പി പറഞ്ഞ് വെച്ച ഒന്ന് രണ്ട് പേര് സലാം വെക്കുമെന്നല്ലാതെ വേറാർക്കും ഒരു മൈൻഡില്ലാത്ത പോലെ. യൂണിഫോമില്ലാതായതോടെ നാട്ടിൽ മാത്രമല്ല വീട്ടിലും തനിക്ക് കാര്യമായ വിലയിടിവ് സംഭവിക്കുന്നുണ്ട് എന്ന തോന്നൽ അയാളുടെ ഉറക്കം കെടുത്തി. അങ്ങനെ ഉറക്കം കിട്ടാത്ത ഒരു രാത്രിയുടെ അവസാനത്തിൽ സുപ്രധാനമായ ആ തീരുമാനമെടുത്തതിന്റെ സുഖാലസ്യത്തിൽ അയാൾ സുഖമായി ഉറങ്ങി.

സർക്കാർ സ്ഥാപനങ്ങളിൽ മാത്രമേ ജോലി ചെയ്യൂ എന്നൊരു നിലപാട് തുടക്കത്തിൽ അയാൾക്കുണ്ടായിരുന്നു. എന്നാൽ, തന്റെ പ്രായം അതിനുള്ള യോഗ്യതാ പരിധി എന്നേ മറികടന്നു എന്ന തിരിച്ചറിവിലാണ് നഗരത്തിലെ ഒരു ഏജൻസിയിൽ അയാൾ പേര് റജിസ്റ്റർ ചെയ്തത്. ആദ്യമാദ്യം വന്നതെല്ലാം ഷോപ്പിങ്ങ് മാളുകളിലേക്കും അപാർട്ട്മെൻറ് സമുച്ചയങ്ങളിലേക്കുമുള്ള വിളികളാണ്. അതെല്ലാം താൽപര്യമില്ലെന്ന് പറഞ്ഞ് ഒഴിവാക്കി. ഒടുവിൽ മനസ്സില്ലാ മനസ്സോടെ ഒരു ആശുപത്രിയിൽ ഡൂട്ടിക്ക് ചേർന്ന് രണ്ടാഴ്ച്ച തികഞ്ഞപ്പോഴാണ് എജൻസിയിൽ നിന്നും വിളി വന്നത്. സ്റ്റേറ്റ് ബേങ്ക് ഏടിഎമ്മുകളുടെ സുരക്ഷ സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചത്രേ.  "അന്ന് നിങ്ങൾ ജനങ്ങളുടെ ജീവന് കാവല് നിന്നു; ഇന്ന് മുതൽ അവരുടെ സ്വത്തിനും." ജോലിക്കുള്ള നിയമന ഉത്തരവ് നൽകി കൊണ്ട് ഏജൻസിയിലെ സൂപ്പർവൈസറായ എക്സ് മിലിട്ടറിക്കാരൻ പറഞ്ഞത് കേട്ട് നായർ അറ്റൻഷനിൽ നിന്നൊരു സല്യൂട്ടടിച്ചു പോയി. ബാങ്കിലുള്ളതിന്റെയത്ര വരില്ലെങ്കിലും ഏടിഎമ്മിനകത്തുള്ളതും പൊതുജനത്തിന്റെ സ്വത്താണല്ലോ. അങ്ങനെ, ഏജൻസിയുടെ സ്റ്റീൽ മുദ്ര പതിച്ച യൂണിഫോമും തൊപ്പിയും ബെൽട്ടും ധരിച്ച് രാവുണ്ണി നായർ നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്റ്റേറ്റ് ബാങ്ക് ഏടിഎമ്മിന് കാവൽ നിന്നു തുടങ്ങി. 

ഡേയും നൈറ്റുമായി ഡ്യൂട്ടികൾ  മാറി മാറി വന്നു. മുമ്പ് വർഷത്തിൽ ഒന്നോ രണ്ടോ തവണ നാട്ടിൽ വരുമ്പോൾ കിട്ടിയിരുന്ന ചൂട് ഭാര്യയുടെ ശരീരത്തിനില്ലെന്ന് തോന്നിത്തുടങ്ങിയതോടെ നൈറ്റ് ഡ്യൂട്ടി രാവുണ്ണി നായർക്കൊരു പ്രശ്നമല്ലാതായി. എന്തിന്, നൈറ്റല്ലാത്ത രാത്രികളിൽ പോലും ഡ്യൂട്ടിയുടെ പേരും പറഞ്ഞ് അയാൾ വീട്ടിൽ നിന്നിറങ്ങി. നഗരത്തിൽ സമയം കൊല്ലാനുള്ള ചില എർപ്പാടുകളെല്ലാം അപ്പോഴേക്കും അയാൾ കണ്ടെത്തിയിരുന്നു. എങ്കിലും അന്നത്തെ ദിവസം, ഡേ ഡ്യൂട്ടി തീരും വരെ പിടിച്ചു നിൽക്കാനുള്ള ക്ഷമയില്ലാതെ, പതിവിലേറെ മദ്യപിച്ചാണ്  അയാൾ വീട്ടിലേക്കു പുറപ്പെട്ടത്. 

അയാളുടെ വീട് നിൽക്കുന്നത് ഒരു കുന്നിൻ പ്രദേശത്താണ്. മണ്ണെടുപ്പുകാരുടെ ഉരുക്ക് നാക്കുകൾ ഇനിയും രുചിച്ചു തുടങ്ങിയിട്ടില്ലാത്തതിനാൽ കുന്ന് കുന്നായി തന്നെ തലയുയർത്തി നിൽക്കുന്നുണ്ട്. നിലത്തുറക്കാത്ത കാലുകൾ വെച്ച് കുത്തനെയുള്ള കയറ്റത്തിലൂടെ സൈക്കിൾ ചവിട്ടി കയറ്റുക അൽപം ക്ലേശകരമായിരുന്നു. കുന്നിനെ ചുറ്റിപ്പോകുന്ന മൺപാതയിലൂടെ സൈക്കിളുമുന്തി ആടിയാടി അയാൾ നടന്നു.  ഇരുട്ട് വിരിച്ചിട്ട നിശബ്ദതയുടെ പുതപ്പിൽ തുരുമ്പെടുത്ത് തുടങ്ങിയ സൈക്കിള്‍ച്ചങ്ങലയുടെ മുറുമുറുപ്പുകൾ മുഴച്ചു നിന്നു. ഉള്ളിലെ മദ്യത്തിനേക്കാൾ ലഹരി പകർന്ന ചിന്ത അയാളുടെ ധമനികളില്‍ ചൂട് പടര്‍ത്തി. ആ മകരക്കുളിരിലും അയാള്‍ വിയര്‍ത്തൊഴുകി.            

അയാളുടെ വീടിരിക്കുന്ന കുന്നിൻപുറം സാങ്കേതികമായി നഗരപ്രദേശമാണ്. കുന്നിനെ ചുറ്റിയൊഴുകുന്ന പുഴയായിരുന്നു പഴയ അതിർത്തി. പുഴക്ക് കുറുകെ പാലം വന്നതോടെ, നഗരസഭ ഭരിക്കുന്ന പാർട്ടിക്ക് ഭൂരിപക്ഷമുള്ള ഈ പ്രദേശം സ്വാഭാവികമായും  നഗരത്തോട് ചേർക്കപ്പെട്ടു. വാതിൽപ്പടിയിലെ വീട്ടു നമ്പറെഴുതിയ  മഞ്ഞ ബോർഡിന്  മേലെ നീലയും വെള്ളയും നിറമുള്ള ബോർഡ്‌ പതിച്ചതും കെട്ടിട നികുതി വർധിച്ചതുമൊഴിച്ചാൽ ആ പ്രദേശം നഗരത്തിന്റെ പകിട്ടൊന്നുമേൽക്കാതെ  കുഗ്രാമമായി തന്നെ നില നിന്നു. എങ്കിലും, എന്നെങ്കിലും, നഗരത്തിന്റെ കൈകൾ നീണ്ട് നീണ്ട് അവിടെയെത്തുമെന്നുറപ്പുള്ള ദീർഘദർശികൾ അവിടെ സ്ഥലം വാങ്ങിയിടാൻ മത്സരിച്ചതോടെ സ്ഥലത്തിനൊക്കെ മോഹവിലയായി. നാട്ടിലെ പറമ്പും വീടും നിലവും വിറ്റ കാശ് മുഴുവൻ കൊടുത്തിട്ടും രണ്ട് മുറി വീടുള്ള അഞ്ച് സെന്റ് സ്ഥലമാണ് നായർക്ക് വാങ്ങാനായത്. അവിടെ ഭാര്യ സുമക്കും മകൾ കുക്കുവുമൊത്താണ് താമസം. അല്ല; കഴിഞ്ഞ ഒരു മാസമായി  സുമയുടെ കുഞ്ഞമ്മയുടെ മകൾ ശാലുവും അവർക്കൊപ്പമുണ്ട്. 

ഒരു ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാനായി നാട്ടിൽ പോയി തിരികെ വരുന്ന വഴി കുഞ്ഞമ്മയുടെ വീട്ടില്‍ കയറണമെന്നത് സുമയുടെ നിർബന്ധമായിരുന്നു. പട്ടാളത്തിലായിരുന്ന കാലമത്രയും അവൾക്കും മകൾക്കും  കുഞ്ഞമ്മയും ചിറ്റപ്പനുമായിരുന്നു കൂട്ടിരുന്നതെന്ന സെന്റിമെൻസിൽ മനസ്സില്ലാ മനസ്സോടെ അയാൾക്ക് വഴങ്ങേണ്ടി വന്നു.

"ഓള് ഞാളെ കൂടെ പോന്നോട്ടെ... കുക്കൂന്‍റെ  സ്കൂളില് ചേരാലോ"

പത്താം തരം പാസ്സായി നിൽക്കുന്ന മകളെ, ഉന്നത പഠന സൗകര്യമില്ലാത്ത ആ മലയോര ഗ്രാമത്തിനു പുറത്തയച്ചു പഠിപ്പിക്കുന്നതിനെ പറ്റിയോർത്തു വശംവദരായ  കുഞ്ഞമ്മക്കും ചിറ്റപ്പനും മുന്നിൽ സുമയാണ് ആ പോംവഴി അവതരിപ്പിച്ചത്. ബന്ധം കൊണ്ട് സുമയുടെ സഹോദരിയാണെങ്കിലും കുക്കുവിൻറെ  അതേ പ്രായമാണ് ശാലുവിനും. രാവുണ്ണി നായരുടെ വരവോടെ വീട്ടു ജോലിയിലുണ്ടായ ക്രമാതീതമായ വർധനവും നഗരത്തിൽ ഒരു ജോലിക്കാരിക്ക്  കൊടുക്കേണ്ടി വരുന്ന തുകയുടെ വലുപ്പവും ആ ദയാവായ്‌പിനു പിന്നിൽ  സുമ സമർത്ഥമായി ഒളിപ്പിച്ചു. 

അവരുടെ  സംഭാഷണം കേട്ടു കൊണ്ടാണ്, തെളിഞ്ഞ ചിരിയുമായി ശാലു  പുറത്തേക്കു വന്നത്. പ്രായത്തിൽ കവിഞ്ഞ വളർച്ചയുള്ള അവളുടെ ശരീരം രാവുണ്ണി നായരിൽ നിന്നുയർന്ന എതിർപ്പിന്‍റെ  മുരൾച്ചയെ സമ്മതത്തിന്‍റെ മൂളലായി പരുവപ്പെടുത്തി. ഏതായാലും അച്ചനമ്മമാരുടെ ഉള്ളിലിരുപ്പ് അറിയാതിരുന്ന കുക്കു ഒരു കൂട്ട് കിട്ടിയതിന്‍റെ സന്തോഷത്തിലായിരുന്നു.   അങ്ങനെ അന്ന് തൊട്ട് ശാലുവും ആ കൊച്ചു  വീട്ടിലെ അംഗമായി. 

കുക്കുവിന്‍റെ  പരീക്ഷ കഴിഞ്ഞതിനാൽ  വീട്ടിലൊന്നു പോയിട്ട്  വരാമെന്ന്   ഇന്നലെ രാത്രിയിലാണ്  സുമ പറഞ്ഞത്. 

"എല്ലണം കൂടെ പെറ്റു കെടക്കാൻ പോയാ ഞാനിവിടെ പട്ടിണി കെടക്കാനാ?"- എന്ന രാവുണ്ണി നായരുടെ ചോദ്യത്തിന് മറുപടിയായി ശാലുവിനെ അവിടെ നിർത്തിയാണ് അന്ന് ഉച്ചക്കത്തെ ബസ്സിന് സുമയും മകളും പോയത്. അതു തന്നെയാണ് അയാളാഗ്രഹിച്ചതും. ദര്‍ശന സുഖവും സ്പര്‍ശന സുഖവുമല്ലാതെ 'കാര്യമായൊന്നും' നടക്കാത്തതില്‍ അയാള്‍ക്ക്‌ ചെറുതല്ലാത്ത അമര്‍ഷമുണ്ടായിരുന്നു.  ശാലു വന്നു കയറിയ നാൾ മുതൽ ഇങ്ങനെ ഒരവസരത്തിനായി കാത്തിരിക്കുകയായിരുന്നു അയാൾ.  

പടികടന്നതും അയാള്‍ സൈക്കിള്‍ മുറ്റത്തിന്റെ ഒരരികിലേക്ക് മറിച്ചിട്ടു. നെറ്റിയിലൊഴുകുന്ന വിയര്‍പ്പുചാല്‍ വിരലുകൊണ്ട് വടിച്ചെറിഞ്ഞ് ഇടറുന്ന കാല്‍വെയ്പ്പുകളോടെ അയാള്‍ പിന്നാമ്പുറത്തേക്ക് നടന്നു. താക്കോൽ അമ്മിക്കല്ലിനടിയിലുണ്ടാകും. സമയവും കാലവും തെറ്റിയുള്ള അയാളുടെ വരവിലും പോക്കിലും ഉറക്കം നഷ്ടപ്പെടാതിരിക്കാൻ  സുമ  ഏർപ്പാടാക്കിയ  ക്രമീകരണമാണത്.

താക്കോല്‍ പരതിയെടുത്ത് അടുക്കള വാതിൽ തുറന്ന അയാൾ അകത്തെ  ഇരുട്ടിലൂടെ   ശബ്ദമുണ്ടാക്കാതെ നടന്നു. അകത്തെ മുറിയിൽ നിന്നും  നനുത്ത കൂർക്കംവലി   കേൾക്കാനുണ്ട്. അതോടൊപ്പം ഉയർന്നു താഴുന്ന മാറിടത്തെ കുറിച്ചുള്ള ചിന്ത അയാളെ ഉന്മത്തനാക്കി. 

കുതറി മാറിയ അവൾ ശബ്ദമുയർത്താൻ തുടങ്ങുമ്പോഴേക്കും അയാളുടെ ബലിഷ്ഠമായ കൈപ്പത്തി അവളുടെ വായ പൊത്തിക്കഴിഞ്ഞിരുന്നു.  ഏറെ നേരത്തെ മൽപ്പിടിത്തത്തിനൊടുവിൽ അവളുടെ ശരീരം കാലുകൾക്കിടയിൽ പിടഞ്ഞു നിശ്ചലമാകുന്നത് അയാളറിഞ്ഞു. അപ്പോഴേക്കും മദ്യത്തിന്‍റെയും കാമത്തിന്‍റെയും ലഹരി അയാളിൽ നിന്നുമൂർന്നു പോയിരുന്നു. അതോടെ പച്ച മനുഷ്യനായിത്തീർന്ന അയാളെ ഭയം ഗ്രഹിച്ചു.

വാതിൽ തുറന്നു മുറ്റത്തിറങ്ങി നിന്നു കിതക്കുന്ന  അയാളുടെ മുഖത്തേക്കാണ് ടോർച്ചിന്‍റെ   വെട്ടം വന്നു വീണു.

"പേടിപ്പിച്ചു കളഞ്ഞല്ലോ മനുഷ്യാ....."

അയല്പക്കത്തു നിന്നും സീരിയൽ  കണ്ടു വരുന്ന സുമയാണ്.

"നീ....നീ....പോയില്ലേ....?"

വിറയ്ക്കുന്ന താടിയെല്ലുകള്‍ക്കിടയിലൂടെ വാക്കുകൾ ചിതറി വീണു.

"ഓ..ഞാള്   സ്റ്റാൻഡിലെത്തിയപ്പോണ്ട്  ചിറ്റപ്പൻ ആസ്പത്രീലാന്നും പറഞ്ഞു കുഞ്ഞമ്മ വിളിക്കുന്നു. പിന്നെ നേരെയിങ്ങ് വന്നാ പെണ്ണിനെ പറഞ്ഞു വിട്ടു. ഇങ്ങളെ പിന്നെ വിളിച്ചാ കിട്ടൂല്ലല്ലോ; കലക്ടറുദ്യോഗല്ലേ. മ്മക്കെന്തായാലും നാളെ ആടെയൊന്ന് പോണം. പറഞ്ഞേക്കാം."

കണ്ണില്‍ ഇരുട്ട് പടരുന്നത് അയാളറിഞ്ഞു.

"അല്ല കുക്കു ഇത് വരെ എണീറ്റില്ലേ....? മോളേ...ഡീ...."

ഉച്ചത്തില്‍ വിളിച്ചു കൊണ്ട് സുമ അകത്തേക്കു കയറിപ്പോയി.

ചുറ്റിലും  തിങ്ങിക്കിടക്കുന്ന കൊഴുത്ത ഇരുട്ടിലേക്ക് അയാള്‍ അലിഞ്ഞില്ലാതായി.

Monday 17 February 2020

തെരുവുവേശ്യയുടെ സദാചാരപ്രസംഗം


മയക്കം വിട്ടുണരുമ്പോൾ അയാളൊരു ഇലക്ട്രിക്ക് പോസ്റ്റിൽ ചാരി ഇരിക്കുകയായിരുന്നു. ഇനിയും ഉറച്ചിട്ടില്ലാത്ത തല വശങ്ങളിലേക്ക് ചുഴറ്റുന്നതിനിടയിൽ റോഡിനെതിർവശത്തെ വെളുത്ത ബോർഡിൽ കണ്ണുകളുടക്കി. അതിൽ കത്തി നിൽക്കുന്ന "B-A-R" എന്ന ചുകപ്പൻ അക്ഷരങ്ങൾ കണ്ടതോടെ അയാൾക്ക് വെളിപാടുണ്ടായി.

(വായനക്കാരുടെ അറിവിലേക്കായി പറഞ്ഞുവെന്നല്ലാതെ, എടുത്തു പറയത്തക്ക പുതുമയൊന്നും മേൽപ്പറഞ്ഞ കാര്യങ്ങൾക്കില്ല.)

തക്കതായ കാരണങ്ങളില്ലാതെ ഒരിക്കലും മദ്യപിക്കാത്ത അയാൾ ഇന്നലെ  പതിവിലധികം മദ്യപിച്ചിരുന്നു. കാരണം, ഇന്നലെ അയാളുടെ വിവാഹ വാർഷികമായിരുന്നു. മൂന്നു വർഷങ്ങൾക്കു മുമ്പ് നിയമപരമായി ബന്ധം വേർപെട്ടുവെങ്കിലും വിവാഹത്തിന്റെ പത്താം വാർഷികം ആഘോഷിക്കപ്പെടേണ്ടതാണ് എന്നായിരുന്നു അയാളുടെ നിലപാട്. അങ്ങ് ഉത്തരേന്ത്യയിൽ ബീഫ് കടത്തിയെന്ന് ആരോപിച്ച്  ആൾക്കൂട്ടം പിന്നെയും ഒരാളെ  തല്ലിക്കൊന്നതായിരുന്നു തലേ ദിവസത്തെ മദ്യപാനത്തിനുള്ള കാരണം. ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയും അയോധ്യ കേസിലെ തീർപ്പും അയാൾ കുപ്പി പൊട്ടിച്ചാണ് ആഘോഷിച്ചത്. ചുരുക്കി പറഞ്ഞാൽ, പതിവായി പതിവിലധികം മദ്യപിക്കാനുള്ള അയാളുടെ കാരണങ്ങൾ ആഗോള താപനത്തിലും സിറിയൻ  യുദ്ധത്തിലും തുടങ്ങി, നോട്ട് നിരോധനവും പ്രളയവും നിപയും ചാന്ദ്രയാൻ രണ്ടിന്റെ പരാജയവും കടന്ന്, മഴയത്ത് പൊട്ടി വീണ അയലത്തെ മാവിൻ കൊമ്പ് വരെ നീണ്ടു കിടന്നു. ഇത്തരം  മദ്യപാനങ്ങൾക്കു "ടച്ചിങ്‌സായി" കനപ്പെട്ട സംവാദങ്ങളും പതിവാണ്. അതിനായി സ്ഥിരം മദ്യപരുടെ ഒരു സംഘവുമുണ്ട്.  സൂര്യന് താഴെയുള്ള, ചിലപ്പോഴൊക്കെ അതിന് മുകളിലുളള, എന്തിനേയും പറ്റി അവർ സംവദിച്ചു. കാശ്മീർ വിഷയത്തിലുളള അയാളുടെ എഫ്.ബി. പോസ്റ്റിനെ അധികരിച്ചു നടന്ന, ആവശ്യത്തിലധികം "ക്രിയാത്‌മകമായ", അത്തരമൊരു സംവാദത്തിന്റെയും അതിനെ തുടർന്ന് ദേശസ്നേഹികളും ദേശദ്രോഹികളും ചേരിതിരിഞ്ഞു നടത്തിയ കൈക്രിയകളുടെയും പരിണിതഫലമാണ്  പോസ്റ്റും ചാരിയുള്ള ഇപ്പോഴത്തെ ഈ ഇരിപ്പ്.

തറയിൽ കൈകളൂന്നി നിവർന്നിരിക്കാനുള്ള ശ്രമത്തിനിടയിൽ  അയാൾ ഒരു വശത്തേക്കു  ചെരിഞ്ഞു വീണു പോയി. ആ കിടപ്പിലെ മട്ടകോൺ ചെരിവുള്ള കാഴ്ച്ചയിലാണ് തനിക്കു നേരെ നടന്നു വരുന്നവളെ കണ്ടത്.  അരികിൽ ചെന്നിരുന്ന്, തന്റെ മെല്ലിച്ച കൈകളാൽ താങ്ങിയെടുത്ത് അയാളെ നേരെയിരുത്താൻ അവൾ ആത്മാർത്ഥമായി തന്നെ പരിശ്രമിച്ചു. കടും ചുകപ്പ് സാരിയിൽ നിന്നുയരുന്ന വിയർപ്പു നാറ്റം മുല്ലപ്പൂ മണവുമായി കലർന്ന്  അയാളുടെ മൂക്കിലേക്ക് തുളഞ്ഞു കയറി.

"വാ സാറേ...എന്തിനാ  ഈ മഞ്ഞത്ത് ഇങ്ങനെയിരിക്കുന്നേ. നമുക്ക് വല്ല ലോഡ്ജിലും പോവാന്നെ."

അയാളുടെ ശരീരത്തിൽ ചുറ്റിയ കൈകൾ  അവളൽപം മുറുക്കി.

"പ്ഫ്ഭാ....നെന്റെ ഒരസലും കൊഞ്ചലും കണ്ടാ ഞാനങ്ങു മയങ്ങി പോകുമെന്ന് കരുതിയോടി കൂത്തിച്ചീ...ഒരു മദാലസ വന്നിരിക്കുന്നു. ത്ഫൂ....."

രൂക്ഷമായ പ്രതികരണത്തിൽ  ഞെട്ടിപ്പോയെങ്കിലും അത് പുറത്തു കാട്ടാതെ, അയാളുടെ കൈയ്യിലൊന്ന് നുള്ളി തല വെട്ടിച്ച് കൊണ്ടവൾ നീങ്ങിയിരുന്നു. 

"എന്താടീ നിന്റെ പേര്?"

അൽപ നേരമങ്ങനെ ഇരുന്ന ശേഷം, അയാൾ ചോദിച്ചു.

"മരതകം"

വശ്യമായ ഒരു പുഞ്ചിരിയോടെ അവൾ അയാൾക്കരികിലേക്കു നീങ്ങിയിരുന്നു.

"തമിഴത്തിയാലേ...പെണ്ണേ, നീയെന്നെയൊന്നു പിടിച്ചെണീപ്പിച്ചേ."

മെല്ലിച്ച കൈകളിൽ തൂങ്ങിയെണീറ്റ്,  അവളെയും കൂട്ടി റോഡിനപ്പുറത്തെ  തട്ടുകട ലക്ഷ്യമാക്കി അയാൾ നടന്നു.

"തമിഴത്തിയായിട്ടും പച്ചവെള്ളം പോലെ മലയാളം പറയുന്നല്ലോ. കുറെ കാലമായോ ഇവിടെ??"

തട്ടുകടയുടെ പുറത്തിട്ട ബെഞ്ചിലിരുന്ന് അയാൾ ചൂട് ചായ മൊത്തി കുടിച്ചു.

"പത്തിരുപതു വർഷമായി സാറേ..."

പൊറോട്ടയും ബീഫും കൂടിക്കുഴഞ്ഞ പാത്രത്തിൽ നിന്നും കണ്ണെടുക്കാൻ ഒരു മുഴുപ്പകലിന്റെ വിശപ്പ് അവളെ അനുവദിച്ചില്ല. 

ശിവകാശിയിലെ ഏതോ പടക്ക നിർമ്മാണശാലക്കകത്ത് അച്ഛനമ്മമാർ കത്തിത്തീർന്നപ്പോഴാണ് റെയിൽവേ കരാർ പണിക്കാരായി അണ്ണനും അവളും കേരളത്തിലെത്തിയത്. മോഷണക്കുറ്റം ചുമത്തി കസ്റ്റടിയിലെടുത്ത അണ്ണൻ പോലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ടു.  അണ്ണനൊപ്പം കസ്റ്റഡിയിലെടുത്ത പതിനഞ്ചുകാരിയെ "വിശദമായി ചോദ്യം ചെയ്യാനായി" എസ്.ഐ. തന്റെ ക്വാർട്ടേഴ്സിലേക്ക് കൊണ്ടു പോയി.
ആർത്തിയോടെ വാരിത്തിന്നു കൊണ്ട്  അവൾ പറഞ്ഞു പോയ ഭൂതകാലം ഒരു കൊത്ത് പൊറാട്ട പോലെ ചിതറിക്കിടന്നു.
 പറഞ്ഞ് തീർത്തപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ബീഫിന് എരിവ് കൂടുതലായിരിക്കുമെന്ന് അയാൾക്ക് തോന്നി.

ആ രാത്രി പോലീസ് ജീപ്പിൽ നിന്നും  തെരുവിലേക്ക് വലിച്ചെറിയപ്പെട്ട അവളെ പിന്നീട്  പല രാത്രികളിലും പലരും വന്നു പെറുക്കിയെടുത്തു കൊണ്ട് പോയി. അനേകം രാത്രികൾക്ക് ശേഷമുള്ള ഒരു പുലർച്ചെ അവൾ ചെന്ന് വീണത് രാക്കമ്മ അക്കച്ചിയുടെ മുന്നിലാണ്.

"എടീ പെണ്ണെ...എന്തായാലും നെന്റെ ശരീരത്തിന് ആവശ്യക്കാരുണ്ട്. നീ കൊടുത്താലും ഇല്ലേലും അവര് വന്നെടുത്തോണ്ട് പോണൂണ്ട്. എന്നാപ്പിന്നെ നെനക്ക് തന്നെ അതിനൊരു വെലയിട്ടൂടേ?"

അക്കച്ചിയുടെ ആ ചോദ്യത്തിനുള്ള ശരിയുത്തരമാണ് അവളുടെ ഇപ്പോഴത്തെ ജീവിതം.

"അന്ന് അക്കച്ചി നീട്ടിയ രണ്ട് മുഴം മല്ലിപ്പൂ കൈ നീട്ടി വാങ്ങിച്ചതാ സാറേ. ഇപ്പഴും അക്കച്ചീടെ കയ്യീന്ന് പൂ വാങ്ങിക്കാതെ  ഞാൻ ഇറങ്ങാറില്ലാ. ഞാൻ മാത്രല്ല, എന്റെ കൂട്ടരൊക്കെ അങ്ങനാ. അക്കച്ചീടെ പൂ വെച്ചാ അന്ന് കച്ചോടം നടക്കും. അതൊരു വിശ്വാസാ...ഇപ്പൊത്തന്നെ കണ്ടില്ലെ, ആദ്യം ആട്ടിപ്പായിച്ച സാറ് തന്നെ എന്നെ തിരിച്ചു വിളിച്ചില്ലേ?"

ഒരു കള്ളച്ചിരിയോടെ അവളെണീറ്റു കൈ കഴുകാനായി പോയി.

അതിവേഗത്തിൽ  വന്ന്  കടയ്ക്കു മുന്നിൽ ബ്രേക്കിട്ടു നിർത്തിയ കാറിൽ നിന്നും ഡ്രൈവറും മറ്റൊരു യുവാവും ഇറങ്ങി  വന്നു. എന്തൊക്കെയോ ഭക്ഷണ സാധനങ്ങൾ പാർസൽ ചെയ്യാൻ  ഓർഡർ നൽകി ഇരുവരും മാറി നിന്ന് സിഗരറ്റ് കത്തിച്ചു. പെട്ടെന്നാണ് ചില്ല് പാതിയിലേറെ താഴ്ത്തിയ പിൻവശത്തെ ജനാലയിലൂടെ  തല പുറത്തേക്കിട്ട് മുഖം കഴുകുന്ന പെൺകുട്ടിയെ അയാൾ കണ്ടത്.

"ഡീ.....മാളൂ...."

കയ്യിലിരുന്ന സ്റ്റീൽ പാത്രം തറയിലെറിഞ്ഞ്,  മരതകം കാറിനടുത്തേക്ക് ഓടിച്ചെന്നു.

"ഡീ...മോളേ...പുറത്തേക്കിറങ്ങെടീ...മാളൂ... നിന്റെ അക്കയാടി വിളിക്കുന്നെ."

അപ്പോഴേക്കും മുഴുവനായും ഉയർന്ന കറുത്ത ചില്ലിൽ തുരുതുരെ ഇടിച്ചു ബഹളം വെക്കുന്ന മരതകത്തെ റോഡിലേക്ക് വലിച്ചിട്ട്  യുവാവ് ചാടിക്കയറിയതും കാർ അതിവേഗത്തിൽ പാഞ്ഞു പോയി.

കാറിൽ വന്നവർ ഓഡർ ചെയ്ത സാധനങ്ങൾ നിറച്ച പ്ലാസ്റ്റിക് കൂടയുമായി വന്ന കടയുടമയും അയാളും എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ അന്തം വിട്ട് നിന്നു.

റോഡിൽ കരഞ്ഞ് കിടക്കുന്ന മരതകത്തിന് നേരെ അയാൾ പതിയെ നടന്നു തുടങ്ങിയപ്പോഴാണ് ഒരു പോലീസ് ജീപ്പ് അവിടെ വന്ന് നിർത്തിയത്. 

"എന്താടി വന്ന് വന്ന് നടുറോട്ടിലായോ നിന്റെയൊക്കെ  അഴിഞ്ഞാട്ടം??"

ജീപ്പിന്റെ പുറകിൽ നിന്നും ഇറങ്ങി വന്ന ഒരു പോലീസുകാരൻ വീണു കിടക്കുന്ന അവളുടെ അടിവയറ്റിൽ ലാത്തിയുടെ അറ്റം കുത്തി നിർത്തിക്കൊണ്ട് ചോദിച്ചു. 

"അയ്യോ സാറേ....എന്റെ മോളെയാ സാറേ അവര് പിടിച്ചോണ്ട് പോയെ. ദാ...ഇപ്പൊ അങ്ങോട്ട് പോയതേയുള്ളു...വേഗം പോയാ കിട്ടും സാറേ."

കാറ് പോയ ദിശയിലേക്ക് ചൂണ്ടിക്കൊണ്ട് അവൾ പോലീസുകാരന്റെ കാൽക്കൽ വീണു നിലവിളിച്ചു.

"നിന്റെ മോളോ?? നിനക്കെവിടാടീ മോള്?"

പഴയ പതിവുകാരനായ പോലീസുകാരൻ അവളെ കാല് കൊണ്ടു തട്ടിമാറ്റി.

"എന്റെ അക്കച്ചീടെ മോളാ സാറേ. സ്‌കൂളീ പോണ കൊച്ചാ. അതിനെ പോറ്റാനാ അക്കച്ചി ഊണുമുറക്കോം കളഞ്ഞു കഷ്ട്ടപെടുന്നേ. രക്ഷിക്കണേ സാറേ..."

"അത് വല്ല ലൈൻ കേസാവും സാറേ. നമ്മളിപ്പോ പെട്രോൾ കത്തിച്ചു പോയിട്ട് കാര്യോന്നുണ്ടാവില്ല..."

ജീപ്പിന്റെ മുൻസീറ്റിൽ നിന്നിറങ്ങിയ ചെറുപ്പക്കാരൻ എസ്‌.ഐയോടായി പോലീസുകാരൻ പറഞ്ഞു.

"അല്ല സാറേ അതൊന്ന്വല്ല...അവന്മാരെ എനിക്കറിയാം. എന്നെ ഇടയ്ക്കൊക്കെ വിളിച്ചോണ്ട് പോകുന്നതാ. അപ്പഴൊക്കെ   ആ വീട്ടില് ഇത് പോലൊള്ള കൊച്ചു പെമ്പിള്ളേരെ ഞാൻ കണ്ടിട്ടുള്ളതാ. എന്റെ മോളെ രക്ഷിക്കണം സാറേ..."

അവൾ എസ്.ഐയ്ക്ക് നേരെ കൈകൂപ്പി തൊഴുതു.

"അപ്പൊ അതാണ് പ്രശ്നം. ഫീൽഡിൽ ന്യൂജൻ പിള്ളേര് വരുമ്പോ ഈ സീനിയർ നടന്മാർക്കുള്ള ഒരു ചൊറിച്ചിലുണ്ടല്ലോ; ഏത്...നമ്മടെ ചാൻസ് പോവോന്നുള്ള പേടി. അതാണ് ലൈൻ."

എസ്.ഐ.  പോലീസുകാരനെ നോക്കി കണ്ണിറുക്കി.

"പുന്നാര മോളെ...വേഗം സ്ഥലം കാലിയാക്കാൻ നോക്ക്. ഇല്ലേൽ തൂക്കിയെടുത്ത് അകത്തിടും  ഞാൻ. അവടെ മറ്റേടത്തെ സദാചാര പ്രസംഗം.  വണ്ടിയെടുക്കെടോ..."

കുത്തിപ്പിടിച്ച അവളുടെ മുടിയിലെ പിടി വിട്ട്  എസ്‌.ഐ. ജീപ്പിലേക്കു ചാടിക്കയറി.

തല കുമ്പിട്ടിരിക്കുന്ന മരതകത്തിന്റെ ചുമലിൽ അയാൾ കൈ വെച്ചു. പതിയെ ഉയർന്ന കലങ്ങിയ കണ്ണുകളിലേക്ക് നോട്ടം  കുത്തിയിറക്കിക്കൊണ്ട് അയാൾ ചോദിച്ചു -
"നിന്റെ റേറ്റ് എത്രയാന്നാ പറഞ്ഞേ?" 

Sunday 16 February 2020

ന്യൂ ജനറേഷന്‍

ഗ്രാമത്തിനും, ഗ്രാമം  ലക്ഷ്യമാക്കി അതിവേഗം വളരുന്ന നഗരത്തിനും ഇടയിലാണ് ദാമുവിന്‍റെ തൊഴിലിടമായ ഷോപ്പിംഗ്‌ മാൾ. വര്‍ഷാവര്‍ഷമുള്ള കൃഷിനാശവും വിളകളുടെ വിലയിടിവും കാരണം  കൃഷിയുപേക്ഷിച്ച്  മറ്റു ജോലികള്‍ തേടി നഗരത്തിലേക്ക് ചേക്കേറിയ അനേകം ഗ്രാമീണരിലൊരാളാണ് ദാമു.


"ഇങ്ങടെ മാളിന്‍റെ  പരസ്യം വന്ന പേപ്പറും പൊക്കിപ്പിടിച്ച്, ഇന്റെ അഛന്‍റെ ആപ്പീസ് കണ്ടോന്നും പറഞ്ഞ്,  നാടൊട്ടുക്കും ഓട്ടായിരുന്നു ചെക്കന്‍....ഇങ്ങക്ക് ഒരീസം ഓനെ ആടെയൊന്ന് കൊണ്ടോയിക്കൂടെ? നല്ല പൂതിണ്ട് ചെക്കന്."


ഉച്ചക്കലേക്കുള്ള ഭക്ഷണപ്പൊതി അയാളുടെ ബാഗിൽ തിരുകി കൊണ്ട് ഭാര്യ പറഞ്ഞു.


ഗ്രാമത്തിന്റെ അതിര് വിട്ട് ഏറെയാെന്നും പോയിട്ടില്ലാത്ത മകനും, അതിലുപരി  ഭാര്യക്കും, തന്‍റെ ജോലിസ്ഥലം കാണാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് അയാള്‍ക്കറിയാം. കൊണ്ട് പോകാൻ പലവട്ടം തുനിഞ്ഞതുമാണ്. പക്ഷെ, എന്തോ ഒന്ന് അയാളെ പിന്നോക്കം വലിച്ചു കൊണ്ടിരുന്നു.


"ദാമ്വോ...നിന്‍റെ ചെക്കനല്ലേ അത്."


മൂന്നാം നിലയിലെ തറ തുടക്കുമ്പോൾ,  നാണ്വേട്ടന്‍റെ ചോദ്യം കേട്ടാണ് അയാൾ താഴേക്കു നോക്കിയത്.


സ്കൂള്‍ യൂണിഫോമിലുള്ള മകനും മറ്റൊരു പയ്യനും  കൂടെ  രണ്ടാം നിലയിലെ ഗള്‍ഫ്‌ ബസാറിലേക്ക് കയറി പോയി.


"ഓൻ വരണത് നെന്നോട് പറഞ്ഞില്ലായിനോ??"


മുഖത്തെ ഭാവമാറ്റം ശ്രദ്ധിച്ചിട്ടാണ്‌  നാണ്വേട്ടന്‍ ചോദിച്ചത്.


"ഇപ്പഴ്ത്തെ പിള്ളേര്‍ടെയൊക്കെ  ഒരു ധൈര്യമേ... പഠിക്കാൻ വിട്ടാ ക്ലാസ്സീ കേറാണ്ടെ തോന്ന്യേടം നെരങ്ങി നടക്കാ. നമ്മക്കൊന്നും കോളേജി പഠിക്കണ കാലത്തില്ല ഇത്രക്ക് ധൈര്യം. അച്ഛന്‍റെ വടിയുടെ ചൂടോര്‍ക്കുമ്പോ ഇപ്പഴും മുട്ടിടിക്കും..."  


നാണ്വേട്ടന്‍ കോളേജിലെന്നല്ല സ്കൂളില്‍ പോലും നേരാംവണ്ണം പോയിട്ടില്ലെന്ന് അറിയാമെങ്കിലും അയാളുടെ വാക്കുകൾ ദാമുവിന്റെയുള്ളിലെ തീ ആളിക്കത്തിച്ചു.


"നീയിപ്പോ അങ്ങട്ട് ചെന്ന് അലമ്പാക്കണ്ട. വീട്ടീ പോയി സമാധാനായിട്ടു ചോദിച്ചാ മതി. വേണേല്‍ രണ്ടെണ്ണം പൊട്ടിച്ചോ. ഇനി ഇമ്മാരി ചെയ്ത്ത് ചെയ്യാന്‍ തോന്നുമ്പോ ഓര്‍മ്മ വരണം. തല്ലി പോറ്റാത്തേന്‍റെ  കേടാ"


കയ്യിലെ കോലും നിലത്തിട്ടു താഴേക്ക്‌ കുതിക്കാനൊരുങ്ങിയ ദാമുവിനെ തടഞ്ഞു കൊണ്ട് നാണ്വേട്ടന്‍ പറഞ്ഞു.


"അല്ലേലും ഇപ്പഴ്ത്തെ  ഒരെണ്ണത്തിനും കുരുത്തം എന്നൊന്നില്ലടോ. എന്‍റെ എളയോനില്ലേ...ആ പോളീല് പടിക്കുന്നോന്‍. ഓൻ പഠിപ്പിന്‍റെടക്ക്   കറണ്ടിന്‍റെ പണിക്കൊക്കെ പോയി കൊറേ ഉണ്ടാക്കുന്നുണ്ട്. അക്കാശിനാ, പെട്ടി പോലെ കൊണ്ട് നടക്കണ കമ്പ്യൂട്ടറില്ലേ;  കഴിഞ്ഞാഴ്ച്ച അങ്ങനൊന്ന് വാങ്ങിച്ചെ.  പത്തുമുപ്പതിനായിരെങ്കില്വായിക്കാണും. ചോദിച്ചപ്പോ പറയാ അതില്ലാണ്ടെ പഠിക്കാനാവൂലാത്രേ. പിന്നേ....ഈ കുന്ത്രാണ്ടൊക്കെ ഇണ്ടായിട്ടാ നമ്മളിവടെ വരെത്ത്യേ? അത് പോട്ടെ....ഞാന്‍ മരുന്ന്  മേടിക്കാന്‍ ഇന്നലെ ഒരഞ്ഞൂറു  ചോയ്ച്ചപ്പോ ഓന്‍റെ കയ്യിലില്ല പോലും. കുരുത്തം കെട്ടോന്‍...."


ബിവറേജസില്‍ നിന്നും "മരുന്ന്" വാങ്ങാന്‍ കാശ് കൊടുക്കാതിരുന്ന മകനോടുള്ള നാണ്വേട്ടന്‍റെ  കലിയടങ്ങിയിരുന്നില്ല .


അന്ന് കാലത്ത്, സ്കൂളിലെ സയന്‍സ്  എക്സിബിഷനാണെന്നും പറഞ്ഞ് മുന്നൂറു  രൂപയും  വാങ്ങി പോയതാണ് മകൻ. പ്രതീക്ഷയത്രയും അവനിലായിരുന്നു. സാമ്പത്തികമായി  ഞെരുങ്ങുമ്പോഴും അവനെ അതൊന്നും അറിയിക്കാതെ വളര്‍ത്താനാണ് ശ്രമിച്ചത്. എന്നിട്ടും അവന്‍ തന്നോട് കളവ് കാണിച്ചു എന്നത് അയാള്‍ക്ക്‌ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഉള്ളില്‍ തിളച്ചു മറിയുന്ന  ദേഷ്യവും സങ്കടവും കൈകളിലേക്കാവാഹിച്ച് അയാള്‍ തറ അമര്‍ത്തിത്തുടച്ചു.


"ആള്‍ക്കാര്‍ടെ കാലിനെടെലാണോടാ നെന്‍റെയൊക്കെ വൃത്തിയാക്കല്..."


ഒറ്റത്തള്ളില്‍ അയാള്‍ തറയിലേക്ക് വീണു പോയി. വര്‍ണ്ണക്കടലാസ്സില്‍ പൊതിഞ്ഞ ചെറിയൊരു പെട്ടിയുമായി ഇറങ്ങി പോകുന്ന മകനെ ആ കിടപ്പിലാണ്  അയാൾ കണ്ടത്.


നന്നായി മദ്യപിച്ച്, രാത്രി ഏറെ വൈകിയാണ്  അയാൾ വീട്ടിലെത്തിയത്.


"എവടായിരുന്നു മനുഷ്യാ? വൈകുമ്പോ ഒന്ന് വിളിച്ചു പറഞ്ഞൂടെ? അങ്ങട്ട് വിളിച്ചാലാണേ എടുക്കൂലാ."


വാതില്‍ക്കല്‍ തടസ്സം നിന്ന ഭാര്യയെ തള്ളി മാറ്റിക്കൊണ്ട് അയാള്‍ അകത്തേക്ക് കയറി.


"അവനിത്രേം നേരം നിങ്ങളേം നോക്കിയിരിപ്പായിരുന്നു. ഇപ്പൊ അങ്ങ് പോയി കെടന്നേയുള്ള്..."


മകന്‍റെ മുറി ലക്ഷ്യമാക്കി ആഞ്ഞു നടക്കുമ്പോൾ പുറകില്‍ നിന്നും ഭാര്യ വിളിച്ചു പറഞ്ഞു. 


മുറിക്കകത്ത് കയറി അയാൾ വാതില്‍ കുറ്റിയിട്ടു. മകൻ കട്ടിലില്‍ കമിഴ്ന്നു കിടക്കുന്നു. കയ്യില്‍ കരുതിയ വടിയെടുത്ത് അവനെ തലങ്ങും വിലങ്ങുമടിക്കാന്‍ തുടങ്ങി. ഞെട്ടിയുണർന്ന മകന്‍ വാവിട്ടു കരഞ്ഞു. ഭാര്യയാകട്ടെ എന്താണ് സംഭവിച്ചതെന്നറിയാതെ വാതിലിൽ ഇടിച്ചിടിച്ചു നിലവിളിച്ചു തളർന്നു. ഒടുക്കം, രണ്ടായി മുറിഞ്ഞ വടി നിലത്തെറിഞ്ഞ് വാതില്‍ക്കലേക്ക് നടക്കുമ്പോഴാണ്  അയാൾ അത് കണ്ടത് - 


മകന്റെ പഠനമേശക്ക് മുകളിൽ, വര്‍ണ്ണക്കടലാസ്സില്‍ പൊതിഞ്ഞ ആ ചെറിയ പെട്ടി. അതിന് മുകളില്‍ ഒട്ടിച്ചു വെച്ച ചെറിയ കടലാസിലെ  കൈയ്യക്ഷരം അയാള്‍ തിരിച്ചറിഞ്ഞു -


"ഹാപ്പി ബര്‍ത്ത്ഡേ അച്ഛാ ..."


Saturday 15 February 2020

സമയ നിഷ്ഠ

ഓഫീസിലെ ക്ലോക്കില്‍ നാലേ മുക്കാലായാല്‍ പിള്ള സാറിന്‍റെ മൊബൈലില്‍ അഞ്ചു മണിയുടെ അലാറം ഉറക്കെയടിക്കും. അതൊരറിയിപ്പാണ്; താന്‍ പോകാറായെന്നും, ആയതിനാല്‍  എന്തെങ്കിലും കടലാസ്സുമായി ഇനിയാരും  തന്‍റെ അടുക്കലേക്ക് വരേണ്ടതിലെന്നും സഹപ്രവര്‍ത്തകര്‍ക്കുള്ള മുന്നറിയിപ്പ്.

അന്നും പതിവ് പോലെ അഞ്ചു മണിയുടെ അലാറം കേട്ട് ബാഗ്‌ ഒരുക്കി വെച്ച് ടോയ്ലെറ്റില്‍ പോയി തിരിച്ചു വരുമ്പോൾ  സാറ് കാണുന്നത് തന്‍റെ മേശയില്‍ കൈകളൂന്നി ചാഞ്ഞു നില്‍ക്കുന്ന ഒരു വൃദ്ധയേയാണ്. അയാളെ കണ്ടതും മേശയിലൂന്നിയ കൈകള്‍ ചേർത്ത് കൂപ്പി പരമാവധി വളഞ്ഞു നില്‍ക്കുന്ന അവരെ ശ്രദ്ധിക്കാതെ സാറ് കസേരയില്‍ ചെന്നിരുന്നു.

"സാറേ...."

പതിഞ്ഞ സ്വരത്തില്‍ അവര്‍ നീട്ടി വിളിച്ചു.

"ഊം...എന്താ കാര്യം? "

മൊബൈല്‍ സ്ക്രീനിൽ പറ്റിച്ചു വെച്ച കണ്ണുകള്‍ പറിച്ചെടുക്കാതെ അയാള്‍ ചോദിച്ചു.

"സാറേ...ഇന്‍റെ പേര് കല്യാണീന്നാ. കഴിഞ്ഞാഴ്ച്ച  ഇബടെ വിധവാ പെന്‍ഷന്‍റെ ഒരപേക്ഷ വെച്ചിര്‍ന്നു. മരണ സര്‍ട്ടീറ്റിലെ കെട്ട്യോന്‍റെ പേരിന്റെ പെശക് തിരുത്തി കൊണ്ടൊരാനാ  സാറന്ന് പറഞ്ഞേ.  അതിപ്പോ തിരുത്തി കിട്ടീണ്ട്."

കായസഞ്ചിയില്‍ നിന്നും വലിച്ചെടുത്ത ഒരു കടലാസ്സും നീട്ടി അവര്‍ അയാളുടെ കസേരക്കരികിലേക്ക് ചെന്നു.

"നിങ്ങളെങ്ങോട്ടാ തള്ളേ ഈ കേറിക്കേറി  വരുന്നേ? തോന്നിയ സമയത്ത് കേറി വരാന്‍ ഇതെന്താ ചന്തയോ...? ഇതൊരു സര്‍ക്കാരാപ്പീസാ. പത്തു മുതല്‍ അഞ്ചു വരെയാ ഇവിടുത്തെ പ്രവര്‍ത്തി സമയം. നിങ്ങളാ ക്ലോക്കിലേക്കൊന്നു നോക്കിക്കേ..."

കസേരയില്‍ നിന്നും ചാടിയെണീറ്റ് സാറ് ശബ്ദമുയർത്തി.

"മണി അഞ്ചായില്ലല്ലോ സാറേ..."

പേടിച്ചരണ്ടു പുറകോട്ടു മാറിയ അവര്‍ ക്ലോക്കിലേക്ക് നോക്കി കൊണ്ട് പതുക്കെ ചോദിച്ചു.

"അത് ശെരി....നിങ്ങളെന്നെ നിയമം പഠിപ്പിക്കാനുള്ള പുറപ്പാടാ?"

"അയ്യോ...അല്ല സാറേ. മൂന്നു ദെവസായി പഞ്ചായത്താപ്പീസില്‍ കയറിയിറങ്ങുന്നു. ഇന്നും കാലത്ത് പത്തു മണിക്ക് പോയതാ. ഓര്ടെയൊക്കെ കാല് പിടിച്ചിട്ടാ മണി നാലായപ്പോ എങ്കിലും കടലാസ്സു ശര്യാക്കി കിട്ട്യേത്. അഞ്ചിനു മുമ്പേ ഇങ്ങെത്താന്‍ ഇല്ലാത്ത കാശിനു ഓട്ടോറിക്ഷേം പിടിച്ചാ വന്നേ. പച്ചവെള്ളല്ലാണ്ടെ ഇന്നേരം വരെ  ഒന്നും കയ്ച്ചിട്ടില്ല. ഇതൊന്നു വാങ്ങി വെക്ക് സാറേ..." 

അവരാ കടലാസ്സു വീണ്ടും അയാള്‍ക്ക്‌ നേരെ നീട്ടി.

"ഇങ്ങനെ നീട്ടുന്ന കടലാസ്സൊക്കെ ചുമ്മാതങ്ങു വാങ്ങി വെച്ചാ മതിയോ? നിങ്ങടെ അപേക്ഷയുള്ള ഫയല്‍ എടുക്കണ്ടേ? ഇപ്പോ അതിനൊക്കെ  നിന്നാല്‍ അഞ്ച് മണിക്ക് എനിക്ക് എറങ്ങാന്‍ പറ്റ്വോ? നിങ്ങളൊക്കെ ഒരു കാര്യം മനസ്സിലാക്കണം. ഞങ്ങക്കൂണ്ട് വീടും കുടുംമ്പോക്കെ. നിങ്ങളിപ്പോ ചെല്ല്. വീട്ടീ പോയി ഭക്ഷണോക്കെ കഴിച്ചാെന്നൊറങ്ങി നാളെ കാലത്തേയിങ്ങ് വാ."

അയാള്‍ ബാഗെടുത്ത് തോളില്‍ തൂക്കി.

"അയ്യോ...അങ്ങനെ പറയല്ലേ സാറേ. ഒള്ളത് പറഞ്ഞാ തിരിച്ചു പോവാന്‍ തന്നെ ഇന്റട്ത്ത് കാശ് തെകയൂലാ."

 തികട്ടി വന്ന വിതുമ്പൽ വേഷ്ടിയുടെ കോന്തല കൊണ്ട് അവർ അമർത്തിപ്പിടിച്ചു. 

"എന്നാ ഒരു കാര്യം ചെയ്തോ. ഇവടെ ആപ്പീസിനു മുന്നിലൊരു കുടില് കെട്ടിക്കോ. അങ്ങ് സെക്രട്ടേറിയറ്റു പടിക്കല് മാത്രം പോരല്ലോ അത്തരം  കലാപരിപാടിയൊക്കെ. അല്ലേ...??"

ഉച്ചത്തിലുള്ള "ഫലിതം" തിരി കൊളുത്തിയ ചിരിയുടെ മാലപ്പടക്കത്തിനിടയിലൂടെ ബാഗും തൂക്കി അയാള്‍ പുറത്തേക്ക് നടന്നു.

മൂന്നാം റൌണ്ട് ചീട്ടു നിരത്തുമ്പോഴാണ്‌ കീശയില്‍ കിടന്ന മൊബൈല്‍ ബെല്ലടിച്ചത്. എടുത്ത് നോക്കിയപ്പോള്‍ ഭാര്യയാണ്.

"നിങ്ങളെവിടാ...."

"ഇറങ്ങീലെടീ. ഓഡിറ്റിന്‍റെ  കുറച്ചു പണീം കൂടെ ബാക്കിണ്ട്. എന്തേ?"

"ആഹ്...നിങ്ങളെപ്പോ ഇറങ്ങിയാലും വേണ്ടൂലാ. തന്നു വിട്ട ലിസ്റ്റിലെ സാധനങ്ങള് മുഴുവനും കൊണ്ടിങ്ങ് വന്നാ മതി."

കാള്‍ കട്ടായി. കീശയില്‍ നിന്നും നീണ്ട ലിസ്റ്റ് എടുത്ത് നോക്കിയപ്പോൾ തന്നെ അടിച്ച സാധനത്തിന്‍റെ കിക്കൊക്കെ  ഇറങ്ങിപ്പോയി. 

"അയ്യോ...അടച്ചു പോയലോ സാറേ."

ധൃതിയില്‍ ബൈക്ക് പാര്‍ക്ക് ചെയ്ത് ഓടിച്ചെന്നപ്പോൾ, വാച്ച്മാന്‍ പാതി താഴ്ത്തിയിട്ട ഷട്ടര്‍ ചൂണ്ടിക്കാണിച്ചു.

"അങ്ങനെ പറഞ്ഞാലെങ്ങനാ. എനിക്ക്  ചില സാധനങ്ങള്‍ അത്യാവശ്യണ്ട്. ഞാനിവിടുത്തെ സ്ഥിരം കസ്റ്റമറാ...ആഹ്..."

സാറ് ഷട്ടറിനടിയിലൂടെ കുനിഞ്ഞ്  അകത്തേക്ക് കയറാന്‍ ശ്രമിച്ചു..

"അയ്യോ..പറ്റില്ല സാറേ. സമയം കഴിഞ്ഞാ ആരെയും കയറ്റി വിടരുതെന്നാ മാനേജര്‍ പറഞ്ഞിരിക്കുന്നേ."

വാച്ച്മാന്‍ ഷട്ടര്‍ അല്‍പം കൂടെ  താഴ്ത്തി.

"എന്നിട്ട് അകത്ത് ആളെ കാണുന്നുണ്ടല്ലോ. നീ മുന്നീന്ന് മാറിക്കേ..."

"അതൊക്കെ നേരത്തെ കയറിയവരാ. സാറ് വെറുതെ വെള്ളമടിച്ചു പ്രശ്നണ്ടാക്കല്ലേ"

വീണ്ടും അകത്തു കയറാന്‍ ശ്രമിച്ചപ്പോൾ  വാച്ച്മാന്‍ അയാളെ പതുക്കെ  തള്ളിമാറ്റി. 

പുറത്തെ ബഹളം കേട്ടാണ്, സൂപ്പർ മാർക്കറ്റിന്റെ മാനേജർ ഇറങ്ങി വന്നത്.

"എന്താ സാര്‍ പ്രശ്നം..."

"ഇവന്‍ തന്നെ പ്രശ്നം. സാധനം വാങ്ങാന്‍ വന്ന എന്നെ അകത്തേക്കു വിടുന്നില്ല ഈ നായീന്‍റെ മോന്‍."

വാച്ച്മാനെ ചൂണ്ടി പിള്ള സാര്‍ അലറി.

"സോറി സാര്‍. ഞങ്ങടെ സമയം ഒമ്പത് വരേയാ. പ്രവര്‍ത്തി സമയം കഴിഞ്ഞാല്‍ പിന്നെ അകത്തേക്ക് ആളെ കടത്തി വിടാനാവില്ല. സാറ് പോയിട്ട് നാളെ വരൂ."

"നിങ്ങടെ റെഗുലര്‍ കസ്റ്റമറാ ഞാന്‍. എനിക്ക് അത്യാവശ്യമായി ചിലത് മേടിക്കാനുണ്ട്. പറ്റുമോ ഇല്ലയോ?  എനിക്കിപ്പോ അതറിയണം.."
   
"പ്ലീസ് സാര്‍...നേരം ഇപ്പോത്തന്നെ ഒമ്പതരയായി. ഇനി അകത്തുള്ളവരെ കൂടി ബില്‍ ചെയ്ത് വരുമ്പോഴേക്കും സമയം പത്താകും. പിന്നേ കാഷ് ക്ലോസ് ചെയ്ത് ഞങ്ങളൊക്കെ എപ്പോ വീട്ടില്‍ പോകാനാ...ദയവു ചെയ്ത് സഹകരിക്കണം."

"എടോ...ഞാനൊരു സര്‍ക്കാര്‍ ജീവനക്കാരനാ. പണി തീര്‍ന്നില്ലെങ്കി ഞങ്ങളും  ഇരിക്കും എത്ര വൈകിയും. ഇപ്പൊ തന്നെ കണ്ടില്ലേ ജോലിത്തിരക്ക് കാരണം  ഇറങ്ങാന്‍ വൈകിയതാ. എന്ന് വെച്ച് കുടുംബത്തെ പട്ടിണിക്കിടാന്‍ പറ്റ്വോ?? ഞങ്ങളൊക്കെ ഉള്ളത് കൊണ്ടാ നീയൊക്കെ ശമ്പളം മേടിക്കുന്നെ. അതോണ്ട് കൂടുതലൊന്നും പറയണ്ട. എനിക്കിവിടുന്നു സാധനം കിട്ടുമോ ഇല്ലയോ...അത് പറ"

"ശെരി...സാറ്  വന്നോളു. ഞാന്‍ അറേഞ്ച് ചെയ്യാം."

പാതിയിലേറെ തുറന്ന ഷട്ടറിനടിയിലൂടെ മാനേജർക്ക് പുറകെ പിള്ള സാർ നൂണ്ടു കയറി.

Friday 14 February 2020

പേടി

റെയില്‍വേ സ്റ്റേഷന്‍റെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും കാര്‍ പുറത്തേക്കെടുക്കുമ്പോഴാണ് അയാളെ കണ്ടത്. അരമതിലിനോട് ചേര്‍ന്നുള്ള തറയിൽ നരച്ച തലയും തൂക്കിയിട്ട് കൂനിക്കൂടി ഇരിക്കുന്ന ആ വൃദ്ധൻ. ഉജാലയുടെ നീലിമ പടര്‍ന്ന വെള്ള ഷര്‍ട്ടും മുണ്ടും അയാളൊരു തെരുവുവാസിയല്ലെന്ന്  തോന്നിച്ചു. കാര്‍ നിര്‍ത്തി അയാള്‍ക്കരികിലേക്ക് ചെല്ലാൻ മനസ്സ് പറഞ്ഞപ്പോൾ അനുസരിച്ചു. 

"എന്താ ഇവിടിരിക്കുന്നെ.....?? സുഖമില്ലേ??"

മറുപടിയില്ല.

"ഭക്ഷണം വല്ലതും കഴിക്കണോ....?"

സാവധാനം എനിക്ക് നേരെ ഉയർന്ന കണ്ണുകള്‍ മുഴുവനായും നിറഞ്ഞിരുന്നു.

പേഴ്സില്‍ നിന്നൊരു നൂറു രൂപാ നോട്ടെടുത്ത്‌ ഞാൻ നീട്ടി. അങ്ങനെ ചെയ്യാനാണ് പെട്ടെന്ന് തോന്നിയത്.  എന്നാൽ അത് വാങ്ങാതെ, എന്റെ കൈ  മുഖത്തോട് ചേർത്ത് പിടിച്ച് അയാൾ തേങ്ങിക്കരയാന്‍ തുടങ്ങി. ഞാനാകെ പകച്ചു പോയി.

"വീടെവിടാ...ഞാന്‍ കൊണ്ടോയി വിടാം."

ഏങ്ങലടിക്കൊത്ത് ഉയർന്നു താഴുന്ന ചുമലില്‍ കൈ അമര്‍ത്തി അങ്ങനെ പറയുമ്പോൾ കൂടുതലൊന്നും ചിന്തിച്ചിരുന്നില്ല എന്നതാണ് നേര്.

അയാള്‍ പറഞ്ഞ സ്ഥലം നഗരത്തില്‍ നിന്നും അധികം ദൂരെയല്ലായിരുന്നു. പിടിച്ചെഴുന്നേല്‍പ്പിച്ചപ്പോൾ അനുസരണയുള്ള ഒരു കുട്ടിയെ പോലെ എനിക്കൊപ്പം കാറിനടുത്തേക്കു നടന്നു.

സീറ്റിലിരുന്നിട്ടും അയാളുടെ തേങ്ങലടങ്ങിയിരുന്നില്ല. 

"എനിക്ക് പേടിയാ മോനേ......"

ഇടറിയ ശബ്ദത്തിൽ അയാള്‍ പറഞ്ഞു.

"ആരൊക്കെയുണ്ട് വീട്ടില്‍....?"

ചോദിച്ചു കഴിഞ്ഞാണ് വേണ്ടിയിരുന്നില്ല എന്ന തോന്നലുണ്ടായത്. മറുപടിയൊന്നും കിട്ടാതായപ്പോൾ ഒരു പക്ഷെ അയാൾ കേട്ടിട്ടുണ്ടാവില്ലെന്ന് ആശ്വസിച്ചു.

"മോനും ഓന്‍റെ  ഭാര്യേം കുട്ട്യോളും...."

കണ്ണടച്ച് സീറ്റിലേക്ക് ചാരിക്കിടക്കുന്ന അയാളോട് എനിക്ക് കൂടുതലൊന്നും ചോദിക്കാനില്ലായിരുന്നു.
 
പ്രായമാകുമ്പോൾ തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന അച്ഛനമ്മമാരെ പത്രവാര്‍ത്തകളിലും സിനിമകളിലും  കഥകളിലുമെല്ലാം ഒരുപാട് കണ്ടിട്ടുണ്ട്. പക്ഷെ യഥാർത്ഥ ജീവിതത്തിൽ  ഇതാദ്യമാണ്. തെരുവിൽ ഉപേക്ഷിച്ച അച്ഛനെയും കൊണ്ട് മുന്നിൽ ചെന്നു നിൽക്കുന്ന എന്റെ സിനിമാ സ്റ്റൈൽ ഹീറോയിസത്തോടുള്ള അയാളുടെ മകന്‍റെ പ്രതികരണം എന്താവുമെന്ന് വെറുതെ ചിന്തിച്ചു നോക്കി. അരിച്ചരിച്ചു കയറുന്ന പേടിയുടെ തണുപ്പിൽ അകമേ ഞാനൊന്ന് വിറച്ചു. അയാൾ സീറ്റിലേക്ക് ചാഞ്ഞു കണ്ണടച്ചു കിടക്കുക തന്നെയാണ്.
 
നഗരത്തിരക്കുകളെ പിന്നിലാക്കി മുന്നോട്ടു പായുന്ന കാര്‍ ചെറിയൊരു അങ്ങാടിയിലെത്തി. കടകളുടെ ബോര്‍ഡുകളില്‍  അയാള്‍ പറഞ്ഞ സ്ഥലപ്പേരു കാണുന്നുണ്ട്. ടാറിട്ട റോഡ്‌  അവിടെത്തീര്‍ന്നു. നേരം സന്ധ്യയായില്ലെങ്കിലും ചെമ്മണ്‍പാതയുടെ വശങ്ങളിലുള്ള വീടുകളില്‍ വിളക്കുകള്‍ തെളിഞ്ഞിരുന്നു. ഏതോ ക്ഷേത്രത്തിന്റെ കവാടം കടന്ന് കാർ അൽപം കൂടി മുന്നോട്ട് പോയി.

"അതാ...അതാ.... ന്റെ വീട്...."

സീറ്റിൽ മുന്നോട്ടാഞ്ഞിരുന്നു വിരല്‍ ചൂണ്ടുമ്പോൾ അയാളുടെ  നരച്ച കണ്ണുകളിൽ കളഞ്ഞു പോയ കളിപ്പാട്ടം തിരികെ കിട്ടിയ കുട്ടിയുടെ ആവേശം കണ്ടു.

പടിക്കല്‍ കാര്‍ നിര്‍ത്തി അയാൾ ഇറങ്ങിയതും മുറ്റത്തുണ്ടായിരുന്ന രണ്ടു കുട്ടികള്‍ "മുത്തച്ഛാ..." എന്നു വിളിച്ചുകൊണ്ട് ഓടിയെത്തി. പിന്നെ അയാളെയും വലിച്ച് വീട്ടിലേക്ക് നടന്നു. അത് കണ്ടിട്ടാവണം, വീടിനകത്ത് നിന്നും ഒരു ചെറുപ്പക്കാരന്‍ ധൃതിപ്പെട്ട് ഇറങ്ങി വന്നു.

എന്ത് സംഭവിക്കുമെന്ന വിചാരത്തിൽ ഞാൻ ശ്വാസം പോലും വിടാൻ മറന്നു.

"എവിടായിരുന്നച്ഛാ.....??"

ഓടിയെത്തിയ ചെറുപ്പക്കാരന്‍ വൃദ്ധനെ മുറുക്കെ കെട്ടിപ്പിടിച്ചു. 

"പേടിപ്പിച്ചു കളഞ്ഞല്ലോ ഞങ്ങളെ.... അച്ഛന്‍റെ കാലെങ്ങനുണ്ടിപ്പോ?"

പുറകെ ഇറങ്ങി വന്ന യുവതി വൃദ്ധന്റെ മുണ്ട് മുട്ടിനു മുകളിലേക്കുയര്‍ത്തി നോക്കി.

അയാളുടെ പഴുത്തൊലിക്കുന്ന തടിച്ച ഇടത് കാൽ അപ്പോഴാണ്‌ ഞാന്‍ കണ്ടത്.

ഒരു നിമിഷം.... ഒരേയൊരു നിമിഷം....

തന്നെ ചുറ്റിവരിഞ്ഞ കൈകൾ വിടുവിച്ച് അയാൾ എനിക്കരികിലേക്ക് വന്നു. അയാളുടെ മുഖം വല്ലാതെ വലിഞ്ഞു മുറുകിയിരുന്നു.

"മോനെന്‍റെ അവസ്ഥ കണ്ടില്ലേ..പകരുന്ന സൂക്കേടാന്നാ ഡോക്ടര്‍മാര്‍ പറയുന്നേ... ഈ കുട്ട്യോള്‍ക്കെങ്ങാന്‍ വന്നാ എനിക്ക് സഹിക്കാന്‍ പറ്റൂല. പേട്യായിട്ടാ   എങ്ങോട്ടേലും പോവാന്നും കരുതി വീട് വിട്ടെറെങ്ങ്യെ. പക്ഷെ മോനെ കണ്ടപ്പോ എനിക്കെന്‍റെ കണ്ണനെ ഓര്‍മ്മ വന്നു.  അതാ വിളിച്ചപ്പോ ഒന്നുമോര്‍ക്കാതെ കൂടെ വന്നേ. ദയവു ചെയ്ത് എന്നെയാ റെയില്‍വേ സ്റ്റേഷനില്‍ തന്നെ ഒന്ന് കൊണ്ട് വിടണം. മോനെ ഒരുപാട് ബുദ്ധിമുട്ടിച്ചെന്നറിയാം. എന്നാലും ഇതും കൂടിയൊന്നു  ചെയ്തു തരണം..."

നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അയാൾ മുന്നില്‍ കൈ കൂപ്പി നിന്നു.

എന്റെ കണ്ണുകൾ അപ്പോഴും അയാളുടെ തടിച്ച കാലിലായിരുന്നു. ഒന്നും പറയാതെ  നില്‍ക്കുന്ന എന്നെ നോക്കിയൊന്ന് പുഞ്ചിരിച്ച്, മാറിക്കിടന്ന മുണ്ട് നേരെയിട്ട്, ആ തടിച്ച കാലും വലിച്ച് വെച്ച് അയാള്‍ പതുക്കെ നടന്നു തുടങ്ങി.

Thursday 13 February 2020

റിവൈവൽ ലെറ്റർ

മാർച്ച് മാസത്തിന്റെ അവസാനത്തെ ആഴ്ച്ചയിലെ ഒരുച്ച നേരത്താണ് അയാൾ ബാങ്കിലേക്ക് കയറി വന്നത്. രാമേട്ടൻ പറഞ്ഞ് വിട്ടതാവണം; അയാൾ നേരെ എന്റെ മേശക്കരികില്‍ വന്നു നിന്നു. എന്നിട്ടും കെട്ടു പിണഞ്ഞു കിടക്കുന്ന കണക്കുകൾക്കിടയിൽ തിരുകി വെച്ച തല ഞാൻ ഉയർത്തിയില്ല.

"സാറേ.."

കുറച്ചു നേരമങ്ങനെ കാത്തു നിന്ന ശേഷം, ശ്രദ്ധയാകർഷിക്കാനുള്ള "മുരടനക്കുക", "ചുമക്കുക" എന്നീ ശ്രമങ്ങള്‍ ഫലവത്താവാതെ വന്നതോടെയാണ് അയാള്‍ പതിഞ്ഞ ശബ്ദത്തിൽ  വിളിച്ചത്.

കൈകൾ കൂപ്പി മുന്നോട്ട് വളഞ്ഞു നിൽക്കുന്ന ആ മധ്യവയസ്ക്കന് സാമാന്യത്തിലധികം പൊക്കവും വണ്ണവുമുണ്ടായിരുന്നു. പുറത്തെ വെയിലിന്‍റെ ചൂട് അയാളുടെ നെറ്റിയിലൂടെ ഒലിച്ചിറങ്ങുന്ന വിയര്‍പ്പു ചാലുകളില്‍ നിന്നും അളന്നെടുക്കാം.

"സാറെ....കഴിഞ്ഞാഴ്ച വീട്ടില് വന്നതാ ഇത്."

വിയര്‍പ്പില്‍ കുതിര്‍ന്ന് ശരീരത്തോട് ഒട്ടിക്കിടന്ന ഷര്‍ട്ടിന്‍റെ പോക്കെറ്റില്‍ നിന്നും നാലായി മടക്കിയ ഒരു കടലാസ്സെടുത്ത് അയാള്‍ നീട്ടി.

"വായ്പേല്‍ കൊറച്ച് കുടിശ്ശികയുണ്ടാവും സാറേ....എടേല് ഒരാശുപത്രി കേസ്കെട്ടു വന്നു. അതാ പറ്റിയെ."

"ആ..കുടിശ്ശിക ഏതായാലും വേഗം അടച്ച് തീര്‍ത്തോളൂ; പക്ഷെ ഇത് അതിനുള്ളതല്ല. റിവൈവല്‍ ലെറ്റര്‍ ഒപ്പിട്ടു തരാനുണ്ട്"

ഓഡിറ്റ് കഴിഞ്ഞപ്പോഴാണ് ബ്രാഞ്ചിൽ  ഉള്ളതിലധികം ഇല്ലാത്ത കടലാസ്സുകളാണെന്ന് തിരിച്ചറിഞ്ഞത്. അന്ന് കുത്തിയിരുന്നെഴുതിയ നോട്ടീസുകളുമായാണ്  ഇപ്പോള്‍ പലരും കയറി വരുന്നത്.

"നിങ്ങളെടുത്ത വായ്പയില്ലേ. അത്  പുതുക്കാനുള്ള അറിയിപ്പാണ്."

അയാളുടെ മുഖത്തെ സംശയഭാവം കണ്ടതോടെ ഞാന്‍ കാര്യങ്ങള്‍ കുറച്ചു കൂടി ലളിതമായി പറഞ്ഞു. 

"പഠിത്തം കഴിഞ്ഞ് പിന്നേം പത്ത് വർഷം കൊണ്ട് അടച്ച് തീർത്താ മതീന്നാണല്ലാേ സാറേ ഇങ്ങളെ മുന്നേ ഇരുന്നയാള് പറഞ്ഞേ. പിന്നെന്തിനാ ഇപ്പോ പുതുക്കുന്നേ?"

അയാളുടെ ശബ്ദത്തിൽ പരിഭ്രമം കലർന്നിരുന്നു.

"ലോണിന് പറഞ്ഞ കാലാവധിണ്ട്. പക്ഷെ അതിന്റെ രേഖകൾ  മുമ്മൂന്നു വര്‍ഷം കൂടുമ്പോ പുതുക്കണം. അങ്ങനെയാ നിയമം. അതിനൊരു ഫോം ഒപ്പിട്ടു തരാനുണ്ട്." 

"ഓ...അത്രെള്ളോ." 
അയാളൊന്നു ദീര്‍ഘമായി നിശ്വസിച്ചു.

"എനിക്കേ പാലക്കാട്ട് ചെത്തിന്‍റെ പണിയാ. മാസത്തിലൊരിക്കലേ വീട്ടിലേക്ക് വരവുള്ളു. ഈ കത്ത് വീട്ടില് വന്നേപ്പിന്നെ കെട്ട്യോള് സ്വൈര്യം തന്നിട്ടില്ല. അതോണ്ട് ഒരാഴ്ചത്തെ പണീം കളഞ്ഞ് വന്നതാ. ഏതായാലും ഒപ്പിടേണ്ട ഫോറം തന്നേക്ക് സാറേ."

മുണ്ടിന്‍റെ കോന്തല കൊണ്ട് മുഖത്തെയും കൈകളിലെയും വിയര്‍പ്പു  തുടച്ച് അയാള്‍ ഒപ്പിടാന്‍ തയ്യാറായി.

"ഇത് മോള്‍ടെ വിദ്യാഭ്യാസ വായ്പയല്ലേ. അപ്പോ നിങ്ങടെ മാത്രം ഒപ്പ് പോരാ; മോള്‍ടേം കൂടെ വേണം."

കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തെളിഞ്ഞ അക്കൗണ്ട്‌ വിവരങ്ങള്‍ നോക്കിക്കൊണ്ട് ഞാന്‍ പറഞ്ഞു.

"അയ്യോ സാറേ...അവള്‍ടെ ഒപ്പ് കിട്ടാന്‍ പ്രയാസവൂലോ."
അയാളുടെ മുഖം മങ്ങി.

"എന്താ മോള് വീട്ടിലില്ലേ...??"

"വീട്ടിത്തന്നെയുണ്ട് സാറേ. പക്ഷെ അവക്കൊരു  ആക്സിടന്റ്റ് പറ്റിയിരിക്കാ. യാത്ര ചെയ്യാമ്പറ്റൂലാ."

"ഓഹ്..അങ്ങനെയാണോ. ഒരു കാര്യം ചെയ്യൂ. നിങ്ങള്‍ മാനേജരോട് പോയൊന്നു സംസാരിക്കൂ."

അയാളെ മാനേജരുടെ ക്യാബിനിലേക്ക്‌ പറഞ്ഞു വിട്ടു. അഞ്ചു മിനിറ്റ് കഴിഞ്ഞു കാണില്ല എന്‍റെ  ഇന്‍റെര്‍കോം സ്ക്രീനില്‍ മാനേജരുടെ നമ്പര്‍ തെളിഞ്ഞു.

"താനിപ്പോ ഇങ്ങോട്ട് പറഞ്ഞു വിട്ട എജുക്കേഷന്‍ ലോണ്‍ കേസ്സില്ലേ. പുള്ളിയുടെ മോള്‍ക്കെന്തോ ആക്സിടെന്റ്റ് പറ്റിയിരിക്കാണത്രെ. താനൊന്ന് പുള്ളീടെ  കൂടെ അവിടെ വരെ ചെല്ല്. സൈന്‍ ചെയ്യാന്‍ പറ്റത്തില്ലെന്നാ പറയുന്നേ. തമ്പ്  ഇമ്പ്രെഷന്‍ എടുക്കേണ്ടി വരും. പിന്നെ, ലോണിൽ ഇപ്പൊ തന്നെ ഡ്യൂസ് കുറച്ചുണ്ട്. സെക്യൂരിറ്റി ഉള്ള ലോണാ. ആക്ഷന്‍ എടുക്കേണ്ടി വന്നാൽ പ്രോപ്പർട്ടീടെ ലൊക്കേഷന്‍ അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ."

മനസില്ലാമനസ്സോടെ "ഓക്കെ" പറഞ്ഞ്  ഫോണ്‍ വെച്ച്  ഫയല്‍ എടുക്കാനായി റെക്കോര്‍ഡ്‌ റൂമിലേക്ക്‌ നടന്നു.

രാമേട്ടൻ തന്റെ വടിവൊത്ത കൈപ്പടയിൽ 'യമുന കെ.എസ്.' എന്ന് വലുതാക്കി എഴുതിയ ഓറഞ്ച് ഫയൽ തുറന്നു. ആദ്യത്തെ ഷീറ്റിന്റെ വലത്തേ മുകളറ്റത്തായി ഭംഗിയായി പുഞ്ചിരിക്കുന്ന ഒരു പെൺകുട്ടിയുടെ ഫോട്ടോ. അതോടെ മടുപ്പൊക്കെ മാറി  ഉഷാറായി. വാഷ്‌ റൂമില്‍ പോയി ഒന്ന് ഫ്രഷ്‌ അപ്പ്‌ ചെയ്ത് മുടി ചീകി ഞാൻ പോകാൻ റെഡിയായി.  

"അങ്കിള്‍...വാ പോകാം...."

പെരുമാറ്റത്തിലെ പെട്ടെന്നുള്ള അന്തരം കണ്ട അമ്പരപ്പിലാവണം, അയാള്‍ ഒരു നിമിഷം എന്നെ പകച്ചു നോക്കി.

"സാറിവിടെ നിന്നോ. ഞാന്‍ ഒരോട്ടോ വിളിച്ച് വരാം."

"ഓ വേണ്ടെന്നേ...നമ്മുക്കെന്‍റെ ബൈക്കില്‍ പോകാം"

അയാള്‍ മറുത്തെന്തെങ്കിലും പറയുന്നതിന് മുന്‍പേ ബൈക്കിനടുത്തെക്ക് നടന്നു.

"സാറേ...ഹെല്‍മെറ്റ്‌ ഇടുന്നില്ലേ?."

ബൈക്കിന്റെ കണ്ണാടിയിൽ കൊരുത്തിട്ടിരിക്കുന്ന ഹെൽമറ്റ് നോക്കിയാണ് അയാളുടെ ചോദ്യം.

"ഓ എന്തിനാ..അടുത്തല്ലേ"

"ശര്യാ സാറേ...എന്നാലും......"

അയാള്‍ പറഞ്ഞു മുഴുമിപ്പിക്കും മുമ്പേ  ഇയര്‍ഫോണ്‍ എടുത്ത് ചെവിയില്‍ തിരുകി. 

പത്ത് മിനിട്ടിനകം അയാളുടെ വീട്ടിലെത്തി.

"സാറിവിടിരുന്നോ...ഞാന്‍ അവളേം വിളിച്ചിപ്പോ വരാം. "

വരാന്തയിലെ നിറം മങ്ങിയ പ്ലാസ്റ്റിക് കസേര ഒഴിവാക്കി, കാവി പതിച്ച ചാരുപടിയില്‍ കയറിയിരുന്നു. വീട്ടുകാരിയാവണം, ഒരു മധ്യവയസ്ക വാതില്‍ക്കല്‍ വന്ന് പകുതി മുഖം നൽകി ചിരിച്ചെന്നു വരുത്തി അകത്തേക്ക് പോയി.

സിമന്റ് തറയില്‍ ചക്രങ്ങളുരുളുന്ന ശബ്ദം കേട്ടാണ്  മൊബൈലില്‍ നിന്നും മുഖമുയര്‍ത്തിയത്. അപ്പോഴേക്കും അയാള്‍ വീല്‍ചെയര്‍ ഉന്തിക്കൊണ്ടു വാതില്‍ക്കലെത്തിയിരുന്നു. വീല്‍ചെയര്‍ മുന്നില്‍ കൊണ്ട് വന്നു നിര്‍ത്തിയതല്ലാതെ അയാളൊന്നും പറഞ്ഞില്ല.

വീൽച്ചെയറിലെ വെളുത്ത തുണി പുതപ്പിച്ചിരിക്കുന്ന രൂപത്തെയും അയാളെയും ഞാൻ മാറി മാറി നോക്കി.

"ഇത്...?"

ഞാന്‍ അയാളെ നോക്കി.

"ന്‍റെ മോളാ...."

അത് പറയുമ്പോഴേക്കും അയാളുടെ തൊണ്ട ഇടറിപ്പോയിരുന്നു. നേരത്തെ കണ്ട സ്ത്രീ വാതില്‍ക്കല്‍ നിന്ന്‌ സാരിത്തലപ്പു കൊണ്ട് കണ്ണുകളമര്‍ത്തി തുടക്കുന്നു.

ഫോട്ടോയിൽ കണ്ട ഭംഗിയുള്ള പുഞ്ചിരി, ആ വിളറി വെളുത്ത മുഖത്ത്  തിരഞ്ഞ് ഞാൻ പരാജയപ്പെട്ടു. എവിടെയോ തറഞ്ഞിരിക്കുന്ന ചലനമറ്റ കണ്ണുകളിലേക്ക് ഒന്നേ നോക്കാനായുള്ളൂ. തമ്പ് ഇമ്പ്രെഷന്‍ എടുക്കാനായി, മഷിയിൽ മുക്കി അയാള്‍  കയ്യില്‍ വെച്ചു തന്ന തണുത്ത  വിരലിലെ മരവിപ്പ് എന്നിലേക്കും പടരുന്നത് പോലെ തോന്നി.

പടികളിറങ്ങി ബൈക്കിനടുത്തേക്ക് നടക്കുമ്പോൾ പുറകെ അയാളും വന്നു.

"ഹോസ്റ്റെലിന്നു കൂട്ടുകാരിടെ സ്കൂട്ടെറുമെടുത്ത് പോയതാ. ഗേറ്റ് കടന്നേയുള്ളെന്നാ കണ്ടോരൊക്കെ പറഞ്ഞത്. പുറകില് ഒരോട്ടോ വന്നിടിച്ചതാ. വേറെ പരിക്കൊന്നും പറ്റിയില്ല; പക്ഷെ വീണത് തല ഇടിച്ചായി പോയി. ഹെല്‍മെറ്റിലാത്തോണ്ട് പറ്റിയെന്നാ ഡോക്ടര്‍മാര്‍ പറഞ്ഞെ. കൊറച്ചു കാലം അവള് പഠിച്ചോണ്ടിരുന്ന ആസ്പത്രീത്തന്നെ ചികിത്സിച്ചു. പിന്നെ കൊണ്ടോയിക്കോളാന്‍ പറഞ്ഞു. വല്യ മാറ്റൊന്നും പ്രതീക്ഷിക്കണ്ടന്നാ ഇവിടുത്തെ ഡോക്ടര്‍മാരും പറഞ്ഞേ. എന്ന് കരുതി കൊണ്ട് കളയാന്‍ പറ്റൂലാല്ലോ സാറേ...."

കരച്ചിൽ നിയന്ത്രിക്കാന്‍ അയാള്‍ നന്നേ പാടുപെട്ടു.

ഹെല്‍മെറ്റ്‌ എടുത്ത് തലയില്‍ വെക്കുമ്പോള്‍, അയാളുടെ കരയുന്ന മുഖത്ത് ഒരു ചെറു പുഞ്ചിരി വിടരുന്നത് റിയർവ്യൂ മിററിൽ ഞാൻ കണ്ടു.

Wednesday 12 February 2020

ഇൻസ്റ്റലേഷൻ

"സാറിവിടെ നിന്നോളി...ഞാമ്പോയി വണ്ട്യായിട്ട് വരാ.."

പ്രീപെയ്ഡ് ടാക്സി കൌണ്ടറില്‍ നിന്നും വാങ്ങിയ റസീറ്റ് ചെറുപ്പക്കാരന് നല്‍കിയിട്ട് കുമാരേട്ടന്‍ ടാക്സി സ്റ്റാന്‍ഡിന് നേരെ ഓടി.

കൊയിലാണ്ടിക്കാരനായ കുമാരേട്ടന്‍ ടാക്സി ഓടിക്കാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ടാവുന്നു. ഡ്രൈവിങ്ങില്‍ കമ്പം കയറി ചെറുപ്പത്തിലേ ബോംബെക്ക് നാട് വിട്ട അപ്പുണ്ണി ഡ്രൈവറുടെ മകന്‍ ഡ്രൈവറായില്ലെങ്കിലേ അദ്ഭുതമുള്ളുവെന്നാണ് നാട്ടുകാരുടെ പക്ഷം. ആകെയുള്ള വീടും പറമ്പും കെട്ടിച്ചയച്ച പെണ്മക്കളുടെ പേരില്‍ എഴുതി വെച്ചിട്ട് അച്ഛന്‍ പോയപ്പോള്‍, ഇരുപതാം വയസ്സില്‍ കുമാരേട്ടനും വീടു വിട്ടിറങ്ങി. ഓഹരിയായി കിട്ടിയ ഒരു തുണ്ട് തരിശു നിലം വിറ്റ് വാങ്ങിയ എഴുപത് മോഡല്‍ അംബാസഡര്‍ കാറായിരുന്നു ഏക സമ്പാദ്യം. നീണ്ടു നിവര്‍ന്നു കിടന്ന റോഡുകളിലായിരുന്നു പിന്നീടങ്ങോട്ടുള്ള അയാളുടെ ജീവിതം. കേരളത്തിനകത്തും പുറത്തുമായി ഒരുപാട് സഞ്ചരിച്ചു. ഒടുവില്‍ തൊള്ളായിരത്തി എമ്പത്തെട്ടില്‍ കരിപ്പൂര്‍ വിമാനത്താവളം വന്നപ്പോള്‍ കുമാരേട്ടനും വണ്ടിയും അവിടുത്തുകാരായി.

കുമാരേട്ടന്‍ കാറുമായി എത്തിയപ്പോള്‍ ചെറുപ്പക്കാരന്‍ മാറി നിന്ന്  ഫോണില്‍ സംസാരിക്കുകയായിരുന്നു. ഡിക്കി തുറന്ന് പെട്ടി അകത്തേക്ക് വെക്കാന്‍ തുടങ്ങുമ്പോഴാണ് "ഏയ്‌...." എന്ന് ഉച്ചത്തിൽ വിളിച്ചു കൊണ്ട് അയാൾ ഓടി വന്നത്.

"പെട്ടി താഴെ വെക്കെടോ...." അതൊരലര്‍ച്ചയായിരുന്നു.

കയ്യിലെടുത്ത പെട്ടി കുമാരേട്ടന്‍ താഴെ വെച്ചു പോയി.

"ഈ പാട്ട വണ്ടീലൊന്നും ഞാൻ കേറില്ലാ..."

"സാറെ.....കാണുമ്പോലല്ല. വണ്ടി നല്ല കണ്ടീശനാ...ഞാനങ്ങനെ കൊണ്ട് നടക്കുന്നതാ. പിന്നെ, ഇതിലിപ്പോ ഏസീം പാട്ട്വോക്കെണ്ട് സാറേ..."

കാശുണ്ടായിട്ടല്ല, സ്റ്റാന്‍ഡിലെ മറ്റുള്ളോരു ഏറെ നിര്‍ബന്ധിച്ചിട്ടാണ്,  ഇന്‍ഷുറന്‍സ് അടക്കാന്‍ വെച്ചതും കടം വാങ്ങിയതും കൂടെ ചേര്‍ത്ത്, കഴിഞ്ഞ മാസം ഏസീം സ്റ്റീരിയോ പ്ലയറും വെപ്പിച്ചത്. 

"അയാള്‍ടെ ഏസീം പാട്ടും...."

ചെറുപ്പക്കാരന്‍ മുഖം വെട്ടിച്ച് കൌണ്ടറിന് നേരെ നടന്നു.

"എനിക്കാ പാട്ട കാറ് വേണ്ടാ. സെഡാന്‍ ഏതെങ്കിലും വേണം."

"സര്‍...അത്...പ്രീപെയ്ഡ് ടാക്സി ആവുമ്പോ അതിങ്ങനെ ഒരു ഓര്‍ഡറിലാ ബുക്ക് ആവുന്നെ. ഒരു തവണ ചെയ്താ പിന്നെ വണ്ടി മാറ്റാനാവൂല്ല."

കൌണ്ടറില്‍ ഇരിക്കുന്ന പയ്യന്‍ നിസ്സഹായത പ്രകടിപ്പിച്ചു.

"ഓക്കെ... എന്നാ വേണ്ട. എന്‍റെ ബുക്കിംഗ് ക്യാന്‍സല്‍   ചെയ്തെക്ക്. എനിക്ക് നിങ്ങൾടെ വണ്ടി വേണ്ട...പോരേ."

"വേണ്ട സാറേ...ക്യാന്‍സല്‍  ചെയ്യണ്ടാ... സാറിന് എന്‍റെ വണ്ടീല്‍ പോകാം."

തിരിഞ്ഞു നടക്കാനൊരുങ്ങിയ ചെറുപ്പക്കാരന് മുന്നിലേക്ക്  ഹുസൈന്‍ കയറി നിന്നു.

"ഏതാ തന്‍റെ കാര്‍?"

ചെറുപ്പക്കാരന്‍ നെറ്റി ചുളിച്ചു.

"ഏറ്റിയോസാ.. പുത്യേ വണ്ട്യാ"

ചെറുപ്പക്കാരനൊന്ന് അമര്‍ത്തി മൂളി.

"സമീറെ....സാറിന്‍റെ റസീറ്റിലാ വണ്ടി നമ്പറൊന്ന് മാറ്റി കൊട്ത്താ."
കാര്‍ എടുക്കാനായി പോകുന്നതിനിടയില്‍ ഹുസൈന്‍ വിളിച്ചു പറഞ്ഞു.

"എന്താ കുമാരേട്ടാ...ഇതിപ്പോ എത്രാമത്തെ തവണയാ..."

ഒരു തളര്‍ന്ന ചിരി പാസാക്കിയതല്ലാതെ  ഹുസ്സൈന്‍റെ  ചോദ്യത്തിന് അയാള്‍ക്ക് മറുപടിയുണ്ടായിരുന്നില്ല.

ഹുസൈന്‍ ചോദിച്ചത് ശര്യാണ്. ഈ ആഴ്ചയില്‍ തന്നെ ഇതിപ്പോ നാലാമത്തെ തവണയാണ്. ദൂരേക്കുള്ള ഓട്ടം കിട്ടാറേയില്ല. കൂടിപ്പോയാല്‍  കിട്ടുക  കൊണ്ടോട്ടിക്കോ രാമനാട്ടുകരക്കോ ഉള്ള ബസ്‌ സ്റ്റാന്‍ഡ്‌  ഓട്ടമാണ്. അതും കൊണ്ട് എത്ര നാള്‍ പിടിച്ചു നില്‍ക്കാനാവും.

തണലില്‍ നിര്‍ത്തിയിട്ട കാറിന്‍റെ ചായ്ച്ചു വെച്ച മുന്‍സീറ്റില്‍ കുമാരേട്ടന്‍ കണ്ണുകളടച്ച്‌ ചാരി കിടന്നു.

എല്ലാരും പറയുന്നത് പോലെ കാര്‍ മാറ്റാതെ വേറെ വഴിയില്ലെന്ന് കുമാരേട്ടനും നന്നായറിയാം. മൂന്നു സെന്‍റ് സ്ഥലം വാങ്ങിച്ച് വീട് കെട്ടാനായി സൊസൈറ്റിയിൽ നിന്നെടുത്ത വായ്പ തിരിച്ചടവ് മുടങ്ങി കുടിശ്ശികയായി കിടക്കുമ്പോഴാണ് മോളെ കെട്ടിക്കാനായി സെക്രട്ടറിയുടെ കയ്യും കാലും പിടിച്ചു ഒരു ലക്ഷം കൂടെ വാങ്ങിച്ചത്. അതിന്‍റെ മാസത്തവണ പോയിട്ട് പലിശ പോലും അടക്കാന്‍ തുടങ്ങിയിട്ടില്ല. കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ സെക്രട്ടറി പറയുകയും ചെയ്തു: 

"വീടും പറമ്പ്വേ ഇങ്ങള കയ്യിലുള്ളു കുമാരേട്ടാ. അതിന്‍റെ ബുക്കും പേപ്പറും ഞാള കയ്യിലാ. അതോർമ്മണ്ടായാ നന്ന്."

ചിരിച്ചു കൊണ്ടാണ് പറഞ്ഞതെങ്കിലും  പറഞ്ഞതിന്‍റെ കാര്യ ഗൗരവം കുമാരേട്ടന് നന്നായി അറിയാം. അത് കൊണ്ട് ഇനി ലോണെന്നും പറഞ്ഞ് സൊസൈറ്റിയുടെ പടി ചവിട്ടാന്‍ പറ്റില്ല. അല്ലെങ്കിൽ പിന്നെ ഹുസ്സൈനും ബാബുവുമൊക്കെ എടുത്ത പോലെ  'മോഡി ലോൺ' കിട്ടാനുള്ള വഴി നോക്കണം. പത്തു ലക്ഷം വരെയുള്ള ലോണിന് ഈടൊന്നും വെക്കണ്ടത്രേ. മാത്രവുമല്ല, തിരിച്ചടക്കാൻ പറ്റിയില്ലെങ്കിൽ എഴുതി തള്ളിക്കോളുമെന്നാണ് കേട്ടത്.

പുതിയ കാര്‍ വാങ്ങിയാലും കുമാരേട്ടൻ അമ്പാസഡർ വിൽക്കില്ല. പണ്ട് വീട് വിട്ടിറങ്ങിയ കാലത്ത് കുറെ കാലം ആ കാറായിരുന്നു അയാളുടെ വീട്. അതിൽ ഓടിത്തീര്‍ത്ത പകലുകളും അതിനകത്ത് തന്നെ ഉറങ്ങിത്തീര്‍ത്ത രാവുകളും എത്രയാണെന്ന് അയാള്‍ക്ക്‌  തന്നെ നിശ്ചയമില്ല. മുപ്പത് വര്‍ഷങ്ങള്‍ക്ക്  മുമ്പത്തെ ഒരു ചിങ്ങത്തില്‍  കല്യാണിയമ്മയെ ആ കാറിന്‍റെ മുന്‍സീറ്റില്‍ ഇരുത്തിയാണ് കുമാരേട്ടന്‍ വീട്ടിലേക്കു കൂട്ടിക്കൊണ്ട് വന്നത്. പിന്നീട്  അവരെയും മക്കളെയും കൊണ്ട് നാടാകെ ചുറ്റിയതും ആ കാറിലാണ്. കഴിഞ്ഞ കര്‍ക്കിടകത്തിലെ കോരിച്ചൊരിയുന്ന മഴയത്ത് പനി പിടിച്ചു തളര്‍ന്ന് കിടന്ന കല്യാണിയമ്മയെയും കൊണ്ട് ആശുപത്രികള്‍ തോറും കയറി ഇറങ്ങിയതും ഒടുവില്‍ തണുത്ത് വിറങ്ങലിച്ച അവരുടെ ശരീരം വീട്ടിലേക്കു കൊണ്ട് വന്നതും അതേ കാറിലാണ്. ആ കാറിനെ  അയാള്‍ക്ക് ഉപേക്ഷിക്കാനാവില്ല.

അടുപ്പിച്ച് രണ്ടു വട്ടം നെഞ്ച് വേദന വന്നതോടെ ഇനി ഡ്രൈവിംഗ് തീരെ വേണ്ടെന്ന് സൈമണ്‍ ഡോക്ടര്‍ തീര്‍ത്ത് പറഞ്ഞതാണ്. ഇടക്കിടെ കാലിൽ നീര് കെട്ടി ആക്സിലേട്ടറും ക്ലച്ചും ചവിട്ടാന്‍ പറ്റാതാവുമ്പോൾ  മരുമകന്‍ സതീശനാണ് വണ്ടിയെടുക്കാറ്. ഇനിയും അവനൊരു സ്ഥിരം പണിയാവാത്തതിന്റെ പ്രയാസം അവന്‍റെ അമ്മയും തന്‍റെ ഇളയ പെങ്ങളുമായ സുശീലക്കുണ്ടെന്ന് കുമാരേട്ടനറിയാം. പുതിയ വണ്ടി വന്നാൽ അവന്‍ ഓടിക്കട്ടെ. മാസം ഒരു തുക ശമ്പളമായി കൊടുക്കുകയും ചെയ്യാം. എന്നിട്ട് വേണം, മുറ്റത്ത്  തലയെടുപ്പോടെ കിടക്കുന്ന അമ്പാസഡറിനെയും നോക്കി,   ഉമ്മറത്തെ ചാരു കസേരയില്‍  നീണ്ടു നിവര്‍ന്നങ്ങനെ കിടക്കാൻ.

"ഇങ്ങളെന്താ നട്ടുച്ചക്ക് കിനാവ് കണ്ട് കെടക്കാ?"

സതീശനാണ്.

"അല്ലെടോ...ചാരിക്കിടന്നങ്ങ് മയങ്ങിപ്പോയി."

കുമാരേട്ടന്‍ സീറ്റില്‍ നിവര്‍ന്നിരുന്നു.

"ഇന്നും കയ്യിക്കിട്ടിയ ഓട്ടം പോയല്ലേ? ഞാന്‍ സ്റ്റാന്‍ഡില്‍ കേറിട്ടാ വരുന്നേ."

സതീശന്‍ ഡോർ തുറന്ന് സൈഡ് സീറ്റില്‍ കയറി ഇരുന്നു.

"ഇങ്ങളേതായാലും ഈ പാട്ട വണ്ടി വിക്കൂല. എന്നാപ്പിന്നെ ഇത് വെച്ചിട്ട് തന്നെ പത്ത് കാശുണ്ടാക്കാനുള്ള ഒരു വഴി ഞാന്‍ പറയട്ടെ"

തന്‍റെ വണ്ടിയെ ഇകഴ്ത്തിയുള്ള പറച്ചിൽ കേട്ട് അയാളുടെ മുഖം കറുത്തു.

"മറ്റന്നാള്‍ കൊച്ചീല് ബിനാലെ തുടങ്ങാ.. നമ്മക്ക് അവടെ വരെയൊന്നു പോവാ."

അയാളുടെ ഭാവമാറ്റമൊന്നും 'മൈൻഡാക്കാതെ' സതീശന്‍ പറഞ്ഞു.

"ബിനാല്യോ...അതെന്താത്?"

കുമാരേട്ടന്‍ ആ വാക്ക് ആദ്യമായി കേള്‍ക്കുകയായിരുന്നു.

"അതൊരു വല്യ ഉത്സവാ...നമ്മടെ തൃശൂര്‍ പൂരൊക്കെല്ലേ; അതേ പോലെ. ലോകത്തിന്‍റെ പല ഭാഗത്ത്ന്നും കൊറേ വിദേശ്യളൊക്കെ വരും."

സുഹൃത്തു പറഞ്ഞ് കേട്ട കാര്യങ്ങൾ സതീശന്‍ അതേ പോലെ അവതരിപ്പിച്ചു.

"ആശ്ശെരി...അല്ലെടോ ഈ വിദേശ്യളൊക്കെ കൊണ്ടോവാന്‍ ഇംഗ്ലീഷറിയണ്ടേ... ഞാനവിടെ ചെന്നിട്ടെന്ത്‌ കാട്ടാനാ? അത്വല്ല എന്നെ അവടെ ഓടാന്‍ അവടത്തെ ടാക്സിക്കാരൊക്കെ സമ്മയ്ക്ക്യോ?"

കുമാരേട്ടന്‍ സംശയങ്ങളുടെ കെട്ടഴിച്ചു.

"ഇങ്ങള് വല്യ വല്യ കാര്യങ്ങളൊന്നും ആലോയ്ച്ച് തല പുണ്ണാക്കണ്ട. എന്‍റെ കൊറേ ചങ്ങായിമാരവിടണ്ട്. അതൊക്കെ അവര് നോക്കിക്കോളും. ഇങ്ങള് നാളെ ഉച്ചക്ക് പോവാന്‍ റെഡ്യായിക്കോളി."

സതീശന്‍ കാറില്‍ നിന്നിറങ്ങി നടന്നു.

അവർ എത്തുമ്പോഴേക്കും നേരം നന്നേ വൈകിയിരുന്നു. പഴയൊരു കെട്ടിടത്തിനു മുന്നിലായി  വണ്ടി നിര്‍ത്തിയിട്ട് സതീശന്‍ അകത്തേക്ക് കയറിപ്പോയി. കുമാരേട്ടന്‍ കാറില്‍ നിന്നിറങ്ങിയില്ല. കുറച്ചു നേരം കഴിഞ്ഞ് പുറത്തേക്കിറങ്ങി വന്ന  സതീശനും വേറെ മൂന്നു പേരും കെട്ടിടത്തിന്‍റെ ഉമ്മറത്ത്‌ നിന്നു സംസാരിക്കുന്നത് കുമാരേട്ടന് കാണാം. സംസാരത്തിനിടയില്‍ ഇടക്കിടെ അവര്‍ കാറിനു നേരെ നോക്കുന്നുമുണ്ട്. ഒടുവിൽ എല്ലാവർക്കും കൈ കൊടുത്ത് പിരിഞ്ഞ ശേഷം സതീശന്‍ കാറിനരികിലേക്ക് വന്നു.

"ഒരുവിധം പറഞ്ഞൊറപ്പിച്ചിണ്ട്. ദിവസം ഒരായിരം ഉറുപ്പ്യ കിട്ടും. എന്താ പോരെ?"

കുമാരേട്ടൻ ഇരിക്കുന്ന വശത്തെ ജനാലയിലേക്ക്  സതീശൻ മുഖം അടുപ്പിച്ചു. 

"ഓ...മതി...മതി. പക്ഷെല്  സതീശാ, ദെവസം എത്ര കിലോമീറ്റെറോടും എത്ര ഡീസല് കത്തുമെന്നൊക്കെയറിയാണ്ടേ ആയിരത്തിനങ്ങോറപ്പിച്ചാ ശെര്യാവ്വോ?"

"ഓഹ്...ഇന്‍റെ മാമാ...ഇങ്ങളെ ഈ മുടിഞ്ഞ സംശയോന്ന് നിര്‍ത്ത്വോ. എല്ലാ ചെലവും കയ്ഞ്ഞിട്ടാ ആയിരം പറഞ്ഞേ. ഇപ്പൊ ഇങ്ങക്ക് സമാധാനായോ? "

കുമാരേട്ടന്‍റെ മുഖം തെളിഞ്ഞു.

"ഇങ്ങളിപ്പോ തല്‍ക്കാലം ആ മുറീല് പോയി ഇരുന്നോളി. ഇനിക്ക് കൊറച്ച് പണീം കൂടെണ്ട്"

സതീശന്‍ കാണിച്ച മുറിയിലേക്ക് അയാൾ കയറി. അരണ്ട വെട്ടം മാത്രമുള്ള മുറി നിറയെ കൂട്ടിയിട്ടിരിക്കുന്ന തോരണങ്ങളും മുളയുമെല്ലാമായി ആകെ അലങ്കോലപ്പെട്ട് കിടക്കുന്നു. ഒഴിഞ്ഞ ഒരു മൂലയില്‍ ബാഗ്‌ കൊണ്ട് പോയി വെച്ച് അയാൾ ചുവരിലേക്ക് ചാരി ഇരുന്നു.

ഉണര്‍ന്നപ്പോള്‍ നേരം നന്നായി വെളുത്തിരുന്നു. മുറിയില്‍ സതീശനെ കണ്ടില്ല. പുറത്തിറങ്ങി നോക്കിയപ്പോള്‍  ഇന്നലെ നിര്‍ത്തിയിട്ടിടത്ത് കാറും കാണുന്നില്ല. ഭയം പിടി മുറുക്കി തുടങ്ങിയതോടെ അയാൾ മുറിയിൽ നിന്നിറങ്ങി നടന്നു. അപ്പോഴേക്കും ചുറ്റിലും തിരക്കായിരുന്നു. സതീശനെയും കാറിനെയും പറ്റി പലരോടും അന്വേഷിച്ചെങ്കിലും മറുപടിയൊന്നും കിട്ടിയില്ല. കുറെ അലഞ്ഞതിന് ശേഷമാണ്  സതീശനുമായി തലേന്ന് സംസാരിച്ച് നിന്നവരില്‍ ഒരാളെ ആൾക്കൂട്ടത്തിൽ നിന്ന് തിരിച്ചറിഞ്ഞത്. ഏതോ വിദേശിയുമായി സംസാരിച്ചു കൊണ്ട് നില്‍ക്കുന്ന അയാള്‍ ആദ്യമൊന്നും കുമാരേട്ടനെ ശ്രദ്ധിച്ചതേയില്ല. പക്ഷെ കുമാരേട്ടൻ വിട്ടില്ല. ഒടുവിൽ സഹികെട്ട്, അന്വേഷണങ്ങള്‍ക്ക്‌ ചെവി നല്‍കിയ അയാള്‍ ചൂണ്ടിക്കാണിച്ചിടത്തേക്ക് കുമാരേട്ടന്‍ ഓടുകയായിരുന്നു. ആള്‍ക്കൂട്ടത്തെ വകഞ്ഞു മാറ്റി മുന്നിലെത്തിയ അയാള്‍ക്ക് തന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല.

നിലത്ത് നിന്നും അല്പമുയരത്തില്‍ കെട്ടിയ തറയിലാണ് കാറ് നിര്‍ത്തിയിരിക്കുന്നത്.  ഊരി മാറ്റിയ ചക്രങ്ങള്‍ നാലും കാറിനെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ മേൽക്കൂരയിൽ കെട്ടിത്തൂക്കിയിരിക്കുന്നു. ബോണറ്റ് തുറന്നു വെച്ചിട്ടുണ്ട്. കടും നിറത്തിലുള്ള ചായങ്ങളടിച്ച ബോഡിയിലാകെ എന്തൊക്കെയോ എഴുതിയും വരച്ചും വെച്ചിരുന്നു.  "OBSOLETE (കാലഹരണപ്പെട്ടത്)" എന്നെഴുതിയ തകര ബോർഡ് കണ്ണാടിയിൽ തൂക്കിയിട്ടുണ്ട്. 

അത് തന്‍റെ കാറ് തന്നെയാണോയെന്ന് ഒരിക്കല്‍ കൂടി ഉറപ്പ് വരുത്താനുള്ള ശക്തി ഇല്ലായിരുന്നു. വേച്ചു വേച്ചു തിരികെ നടക്കുമ്പോൾ  നെഞ്ചിനകത്തെന്തോ കൊളുത്തി വലിക്കുന്നത് പോലെ കുമാരേട്ടന്  തോന്നി. അയാൾ മണലിലേക്ക് കമിഴ്ന്നു വീണു. "മരണം" എന്ന ഇൻസ്റ്റലേഷന് ചുറ്റും ആളുകൾ  കൂടിത്തുടങ്ങി.

Monday 10 February 2020

ഓവര്‍ ടൈം

(1)

ഓവര്‍ടൈം അലവന്‍സെന്ന് കേട്ടപ്പോള്‍ തന്നെ എല്ലാവനും കമിഴ്ന്നങ്ങ് വീണു; വര്‍ഗ്ഗബോധമില്ലാത്ത ശവങ്ങള്‍. അങ്ങനെ അവറ്റയെ മാത്രം തിന്നാൻ വിട്ട് മണ്ടനാവാന്‍ പറ്റില്ലല്ലോ. അത് കൊണ്ടെന്താ; വീടെത്തുമ്പോള്‍ പാതിരയാവും. മിക്കപ്പോഴും പാര്‍സല്‍ ചെയ്ത് വരുന്ന ഭക്ഷണം തുറന്നു പോലും നോക്കാതെ കിടക്കയിലേക്ക് വീഴുകയാണ് പതിവ്. കഴിഞ്ഞ ഒരാഴ്ച്ചയായി ഇതായിരുന്നു സ്ഥിതി. ഇന്നാണ് അൽപം നേരത്തെയെത്തിയത്.

ബാച്ചിലര്‍ ലൈഫിനോട് പൂർണ്ണമായി
നീതി പുലർത്തിക്കൊണ്ട്  പ്രവര്‍ത്തനരഹിതമായി കിടക്കുന്ന  അടുക്കളയിലേക്ക് അധികം കടക്കാറില്ല. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിൽ കൊണ്ട് തള്ളിയ പാർസൽ ഫുഡിന്‍റെ ഉളുമ്പ് നാറ്റമങ്ങ് ബെഡ്രൂം വരെ എത്തുന്നുണ്ട്. മൂക്ക് പൊത്തിപ്പിച്ച് അതെല്ലാം വാരിക്കൂട്ടി ഒരു പ്ലാസ്റ്റിക്‌ കവറിലാക്കി പുറത്തേക്കിറങ്ങി. റോഡിനിപ്പുറം നിന്നു കൊണ്ട് അപ്പുറത്തെ ചവറ്റു കൂമ്പാരം ലക്ഷ്യമാക്കി കവര്‍ വലിച്ചെറിഞ്ഞതും, ഇരുട്ടിൽ നിന്നും ചാടി വന്ന ഒരു പയ്യൻ, കവർ താഴെ വീഴുന്നതിന് മുന്‍പേ കൈക്കലാക്കി ശരം വിട്ട പോലെ പാഞ്ഞു പോയി; മൂന്നു നാല് തെരുവ് പട്ടികൾ കുരച്ചു കൊണ്ട് പുറകെയും.

തിരിഞ്ഞു നടക്കുമ്പോഴാണ് ഞാൻ അനീഷിനെ കണ്ടത്. നാട്ടിയതിന്റെ മൂന്നാം പക്കം കെട്ട് പോയ തെരുവ് വിളക്കിനടിയിലെ കലുങ്കിൽ മതിലിനോട് ചാരി ഇരിക്കുകയായിരുന്നു അവൻ. ചീറിപ്പാഞ്ഞു പോയ ട്രെക്കിന്‍റെ ഹെഡ്ലാമ്പ് ചീറ്റിയ വെള്ള വെളിച്ചത്തിൽ പകൽ വെട്ടത്തിലെന്ന പോലെ ഞാൻ അവനെ കണ്ടു.

"അനീ...."

വളരെ സാവധാനത്തിൽ എനിക്ക് നേരെ ഉയര്‍ന്ന തിളങ്ങുന്ന കണ്ണുകൾ ഉണ്ടായിരുന്ന ചെറിയ സംശയം പോലും ഇല്ലാതാക്കി. മുഷിഞ്ഞുലഞ്ഞ വേഷവും ചപ്രശ്ശ മുടിയും കുഴിയില്‍ പോയ കണ്ണുകളും ഒരുപാട് ചോദ്യങ്ങളെ നാക്കിൻ തുമ്പത്തേക്ക് തള്ളിക്കയറ്റി വിടുന്നുണ്ട്. എന്നാൽ  ഒന്നും ചോദിക്കാതെ  അവനേയും കൂട്ടി ഞാൻ ഫ്ലാറ്റിലേക്ക് നടന്നു.

കോളേജില്‍ എന്‍റെ ക്ലാസ്മേറ്റായിരുന്നു അനീഷ്‌. ഒരു ടിപ്പിക്കല്‍ ബുദ്ധിജീവി. പഠന വിഷയങ്ങളില്‍ ഒതുങ്ങി നില്‍ക്കാത്ത ഗഹനമായ വായനയും അറിവുമുള്ള അവന്‍ പഠനത്തോടൊപ്പം തന്നെ സിവില്‍ സര്‍വീസ് പരീക്ഷക്ക്‌ വേണ്ടിയും തയ്യാറെടുത്തിരുന്നു. അങ്ങനെ ഒരാളെ ഈ  അവസ്ഥയില്‍ കാണേണ്ടി വന്നത് എങ്ങനെയെന്ന് ഒരു പിടിയും കിട്ടുന്നില്ല. കാലം ചിലപ്പോഴൊക്കെ അങ്ങനെയാണല്ലോ; കണക്ക് കൂട്ടലുകൾ അപ്പാടെ തെറ്റിച്ച് നമ്മളെ വല്ലാതങ്ങ് കുഴക്കിക്കളയും

"ഡാ...നീ പോയി കുളിച്ചു ഫ്രഷായി വാ. ചേഞ്ച് ചെയ്യാനുള്ള ഡ്രസ്സ് ബെഡിലുണ്ട്"

അവൻ കുളിക്കാൻ കയറിയപ്പോൾ ഞാൻ ബാൽക്കണിയിലേക്ക് ചെന്നു. അനക്കമറ്റ് കറുത്ത് കിടക്കുന്ന കായലിനപ്പുറം വെളിച്ചത്തിന്റെ നേർരേഖ പോലെ വല്ലാർപ്പാടം ടെർമിനൽ കാണാം. മുഖത്തെ തഴുകി കടന്ന് പോകുന്ന തണുത്ത കാറ്റിന് പൂത്ത ഇലഞ്ഞിയുടെ ഗന്ധം. കീശയിൽ നിന്നും സിഗരറ്റെടുത്ത് കത്തിച്ചു.
                         -----------------
ഇലഞ്ഞി മരത്തണലായിരുന്നു ക്യാമ്പസിലെ സ്ഥിരം ഔട്ട്ഡോർ വേദി. അന്ന് പൂത്തുലഞ്ഞ ഇലഞ്ഞിക്ക് താഴെ നിന്നു കൊണ്ട് നടത്തിയ ഹ്രസ്വമായ പ്രസംഗത്തിന് ശേഷം പ്രതിഷേധ സമരപരിപാടി ഉദ്ഘാടനം ചെയ്തതായി ഞാൻ പ്രഖ്യാപിച്ചു. സ്വാശ്രയ കോളേജ് പ്രശ്നം കത്തി നില്‍ക്കുന്ന കാലം. പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്‍റെ പരിമിതികള്‍ക്കകത്ത് നിന്നു കൊണ്ട് നടത്തുന്ന മികവുറ്റ സംഘടനാ പ്രവര്‍ത്തനത്തിന്‍റെ പേരിലാണ് ആര്‍ട്ട്സ് കോളേജുകളിലെ തല മൂത്ത സഖാക്കളെ പോലും മറികടന്ന് ജില്ലാ കമ്മറ്റിയില്‍ സ്ഥാനം നേടിയത്. അതിനു ശേഷം ആദ്യമായി വന്ന സമരമാണ്. എന്ത് വില കൊടുത്തും അത് വിജയിപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍. ക്ലാസ്സുകളില്‍ കയറി ക്യാമ്പയിന്‍ നടത്തി കുട്ടികളെ ഇറക്കുന്നതിനിടയിലാണ് എന്‍റെ ക്ലാസ് വിട്ടിട്ടില്ല എന്നാരോ പറയുന്നത്. അതെനിക്ക് വല്ലാത്ത ക്ഷീണമായിരുന്നു.

എന്ത് വന്നാലും പരീക്ഷ അടുത്തെത്തി നില്‍ക്കുന്ന സമയത്ത് ക്ലാസ് വിട്ടിറങ്ങില്ല എന്ന നിലപാടിലാണ് അനീഷ്‌. എതിര്‍ സംഘടനക്കാര്‍ കൂടെ അവനൊപ്പം നിന്നതോടെ ആകെ ലഹളയായി. എന്‍റെ ഒരു തള്ളില്‍ അനീഷ്‌ ചെന്ന് വീണത് ഇരുമ്പ് ഡെസ്കിലാണ്. നെറ്റി മുറിഞ്ഞ് ചോരയൊഴുകി.
                          ----------------
"സഖാവ് കുറെക്കൊല്ലം പുറകിലെവിടെയോ ആണല്ലോ"

അവന്‍ അടുത്ത് വന്ന് നിന്നത് അറിഞ്ഞിരുന്നില്ല. നനഞ്ഞൊട്ടിയ നീളൻ മുടി  കോതിയൊതുക്കിയപ്പോൾ നെറ്റിയുടെ ഇടത് ഭാഗത്തെ നീണ്ട മുറിവടയാളം തെളിഞ്ഞു കണ്ടു.

എരിയുന്ന സിഗരറ്റ് അവൻ കൈയ്യെത്തിച്ച്  വാങ്ങിച്ചു.

"ഫുഡ് ഓർഡർ ചെയ്തിട്ടുണ്ട്. ഒരു പത്ത് മിനിട്ടോണ്ടെത്തും"

ഫോണിൽ സ്വിഗ്ഗി ഡെലിവറി പയ്യന്റെ ലൊക്കേഷൻ ട്രാക്ക് ചെയ്തു നോക്കി.

വളരെ സാവധാനം ഇരുളിലേക്ക് പുകയൂതി വിട്ടു കൊണ്ട് കൈവരിയിലേക്ക് ചാഞ്ഞുള്ള ആ നിൽപ്പ് കാണുമ്പോൾ തന്നെ അവൻ ഊളിയിടുന്ന ചിന്തകളുടെ ആഴം വ്യക്തമാണ്. അവൻ മുങ്ങി നിവരുന്നതും കാത്ത് ക്ഷമയോടെ നിന്നു. പ്രതീക്ഷിച്ചതിലും പത്ത് മിനിറ്റ് വൈകി വന്ന സ്വിഗ്ഗി പയ്യൻ  കാളിങ്ങ് ബെല്ലടിക്കുന്നത് വരെ ഞങ്ങൾ ആ നിൽപ്പ് തുടർന്നു.

ആരൊടൊക്കെയോ പക തീർക്കുന്നത് പോലെയാണ് അവൻ ഭക്ഷണം കഴിക്കുന്നത്. എന്തൊരു വേഗതയാണ്. ഞാൻ ശരിക്കൊന്ന് തുടങ്ങുമ്പോഴേക്കും അവൻ കഴിച്ചെണീറ്റു. ദിവസങ്ങൾ പഴക്കമുള്ള വിശപ്പ് അവന്റെ പാത്രത്തിൽ ചത്തു മലച്ച് കിടന്നിരുന്നു.

പാത്രങ്ങളെല്ലാം കഴുകി വെച്ച്  ചെല്ലുമ്പോള്‍ അവന്‍ ബാല്‍കണിയില്‍ കൈവരിയിലേക്ക് ചാഞ്ഞുള്ള ആ നിൽപ്പിൽ തന്നെയാണ്‌. അവനടുത്ത് ചെന്ന്  നിന്ന് ഒരു സിഗററ്റ് കത്തിച്ചു. മറ്റൊന്നിന് തീ പകർന്ന് അവന് നീട്ടി.

"നിനക്കെന്നോട് ചോദിക്കാൻ ഒരുപാട് ചോദ്യങ്ങളുണ്ടെന്നറിയാം. പക്ഷെ തൽക്കാലം നമ്മുക്ക് ചോദ്യോത്തര പംക്തി ഒഴിവാക്കാം. ക്യാമ്പസ് വിട്ട ശേഷം ഇന്ന് വരെയുള്ള എന്റെ കഥ ഞാന്‍ തീരെ ചുരുക്കി പറയാം. അതിൽ നിന്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങളുമുണ്ടാകും. എന്താ പോരേ...?"

ദൂരെ എവിടെയോ തറച്ച് വെച്ച നോട്ടം ഇളക്കാതെയാണ് അവൻ പറഞ്ഞത്. ഇരുട്ടിലേക്ക് തുടരെ രണ്ട് മൂന്ന് പുകയൂതി വിട്ട ശേഷം എന്റെ മറുപടിക്ക് കാക്കാതെ അവൻ പറഞ്ഞു തുടങ്ങി.

(2)

കോളേജ് വിട്ട ശേഷം അവന്‍ സ്വന്തം നാടായ കാസർഗോഡിനു പോകുന്നതിനു പകരം നേരെ എതിർദിശയിൽ തിരുവനന്തപുരത്തിന് വണ്ടി കയറി.  സിവില്‍ സര്‍വിസ് പഠനമായിരുന്നു ലക്ഷ്യം. ഉയര്‍ന്ന ജോലി, പദവി എന്നതിനപ്പുറം സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാനാകും എന്ന നിലയിൽ സിവിൽ സർവ്വീസ് മോഹം ചെറുപ്പം തൊട്ടേ കൊണ്ട് നടക്കുന്ന അവന്റെ കാഴ്ച്ചപ്പാട് തലസ്ഥാന നഗരിയിലെ ജീവിതം ആകപ്പാടെ മാറ്റി മറിച്ചു.

സോഷ്യോളജി ഐച്ഛികമായി എടുത്തതോടെയാണ് മാർക്സിയൻ സിദ്ധാന്തങ്ങൾ വായിച്ചു തുടങ്ങിയത്. അത് അവനിൽ വലിയ മാറ്റങ്ങളുണ്ടാക്കി. ലൈബ്രറിയിൽ ചെന്ന് മാർക്സിസം പ്രതിപാദിക്കുന്ന പുസ്തങ്ങൾ തിരഞ്ഞ് പിടിച്ചു വായിച്ചു തുടങ്ങി. പബ്ലിക് ലൈബ്രറിയിലെ സ്ഥിരം സന്ദർശകനായതോടെ അവിടെ നിന്നുണ്ടായ ചില ബന്ധങ്ങൾ വഴി പല കലാ-സാംസ്കാരിക-സാമൂഹിക സംഘടനകളുടേയും ഭാഗമായി. തലസ്ഥാന ജീവിതത്തിന്റെ  ഭാഗമായ പൊതുപരിപാടികൾ, ജനകീയ പ്രതിഷേധങ്ങൾ എന്നിവയിലൊക്കെ സജീവമായി പങ്കെടുക്കുമ്പോൾ അത് വരെ പുറത്ത് നിന്നു മാത്രം നോക്കിക്കണ്ട സമൂഹത്തെ അവൻ തൊട്ടറിയുകയായിരുന്നു.

ആയിടക്കാണ് എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികളേയും കൊണ്ട്  അമ്മമാർ സെക്രട്ടേറിയറ്റ് പടിക്കൽ സമരത്തിനെത്തിയത്. അക്കൂട്ടത്തില്‍ അവന്‍റെ നാട്ടില്‍ നിന്നുള്ള ചിലരുമുണ്ടായിരുന്നു.അങ്ങനെ മിക്ക  വൈകുന്നേരങ്ങളിലും അവൻ സമരപ്പന്തലിലെ സന്ദര്‍ശകനായി. വായിച്ചു തള്ളിയ കനപ്പെട്ട പുസ്തകങ്ങളില്‍ നിന്നും അറിയാത്തത് പലതും ആ പച്ച മനുഷ്യർ പഠിപ്പിച്ചു. ഒടുക്കം, ചാനലിലെ  അന്തിച്ചർച്ചക്ക് എടുക്കാൻ പോലും ഗ്ലാമറില്ലാതെ പോയ ആഴ്ച്ചകൾ നീണ്ട സമരം അവസാനിപ്പിച്ച്, തോൽക്കാനായി ജനിച്ചവര്‍ വീണ്ടുമൊരിക്കൽ കൂടി തോറ്റ് കൊടുത്ത്, നാട്ടിലേക്ക് വണ്ടി കയറി. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ അധികാര കസേരകളേക്കാൾ യോജിച്ച ഇടം ജനമധ്യമാണെന്ന വലിയ പാഠം പഠിച്ചതോടെ പഠനം മതിയാക്കി അവനുമിറങ്ങി.

വയനാട്ടില്‍ അച്ഛന്റെ പേരിലുണ്ടായിരുന്ന കുറച്ചു നിലത്ത്  കൃഷിയിറക്കി. അവിടെ തന്നെ ചെറിയൊരു ഫാം ഹൌസ് കെട്ടിയുണ്ടാക്കി താമസം തുടങ്ങി. അതോടെ ആദിവാസികളുടേത് ഉൾപ്പടെ നാട്ടുകാരുടെ വിഷയങ്ങളില്‍ നേരിട്ട് ഇടപെട്ട് തുടങ്ങി. കർഷക ആത്മഹത്യകൾ സാധാരണമായ നാട്ടിൽ, ആളുകളെ സംഘടിപ്പിച്ച് ജപ്തി നടപടി തടഞ്ഞതിന്‍റെ പേരില്‍ അവൻ അറസ്റ്റ് ചെയ്യപ്പെട്ടു. മാധ്യമ വാർത്തകളെ തുടർന്നുണ്ടായ വമ്പിച്ച ജനകീയ പ്രതിഷേധം കാരണം പെട്ടെന്ന് തന്നെ വിട്ടയച്ചെങ്കിലും അവന്‍ പോലീസിന്‍റെ നോട്ടപ്പുള്ളിയായി. ഫാം ഹൌസില്‍ പല കാരണങ്ങൾ പറഞ്ഞ് പോലീസ് റെയ്ഡ് പതിവായി. വലിയ പുസ്തക ശേഖരത്തിൽ മാർക്സിന്റെയും ഏംഗൽസിന്റെയും പുസ്തകങ്ങളുടെ ഇടയിൽ നിന്നും മാവോയുടേത് മാത്രം പോലീസുകാർ തപ്പിയെടുത്തു. വയനാടന്‍ കാടുകളില്‍ മാവോയിസ്റ്റ് വേട്ട സജീവമായ കാലമായിരുന്നു. പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടയാൾ  അവനോട് സംസാരിക്കുന്നത് കണ്ടതായുള്ള സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ അവന്‍ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. ബൈക്ക് നിർത്തി ചോദിച്ച ഒരാൾക്ക് വഴി പറഞ്ഞു കൊടുക്കുക മാത്രമാണ് ചെയ്തതെന്ന അവന്റെ മൊഴി കോടതി സ്വീകരിച്ചില്ല. എഞ്ചിനിയറിങ്ങ് ബിരുദധാരിയായ ഒരാൾ കൃഷിയുമായി ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്നതിൽ അസ്വാഭാവികത തോന്നുന്നത് ഇക്കാലത്ത് സ്വാഭാവികമാണല്ലോ. ജാമ്യമില്ലാ വകുപ്പ് പ്രകാരം അവനെ ജയിലിലടക്കാൻ ഉത്തരവായി.

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഹര്‍ജിയിന്മേല്‍ അവനെ വിട്ടയക്കാന്‍ മേല്‍ക്കോടതി ഉത്തരവ് വന്നത് കഴിഞ്ഞയാഴ്ചയാണ്. ജയിലില്‍ നിന്നിറങ്ങി നേരെ  പോയത് വയനാട്ടിലേക്കാണ്. പക്ഷെ മാവോയിസ്റ്റായി മുദ്ര കുത്തപ്പെട്ടതോടെ അവന്റെ ഫാം ഹൌസും കൃഷിയും മുഴുവനായി നശിപ്പിക്കപ്പെട്ടിരുന്നു. ഭയം കാരണം ആദിവാസികളും സഹകരിക്കാൻ തയ്യാറായില്ല. പിന്നെ അവൻ അവിടെ നിന്നില്ല.

ഈ നഗരത്തിൽ അവന്‍റെ ഒരു സുഹൃത്തുണ്ട്. തിരുവനന്തപുരത്ത് ഒന്നിച്ചുണ്ടായിരുന്നതാണ്. കുറെ കറങ്ങി ഒടുക്കം ഓഫീസ് കണ്ടു പിടിച്ചപ്പോഴാണ് അവൻ സ്ഥലം മാറ്റമായി ബാംഗ്ലൂർക്ക് പോയെന്നറിയുന്നത്. എന്ത് ചെയ്യണം എന്നറിയാതെ തളര്‍ന്നിരിക്കുമ്പോഴാണ്  ഞാൻ പ്രത്യക്ഷപ്പെട്ടത്.

(3)

പണ്ട് ആഗോള മുതലാളിത്തത്തിനെതിരെ കൊടി പിടിച്ച് നടന്ന ഞാൻ ഇപ്പോള്‍ മള്‍ട്ടി നാഷനല്‍ കമ്പനിക്ക് വേണ്ടി രാവും പകലും ജോലി ചെയ്യുന്നു. പഠന കാലത്ത് തന്നിലേക്ക് മാത്രം ഒതുങ്ങി നിന്ന അനീഷ്‌ ഇന്ന് മറ്റുള്ളവര്‍ക്കായി സ്വന്തം ജീവിതം തന്നെ മാറ്റി വെക്കുന്നു. ഉള്ളിലെവിടെയോ ഒരു വിങ്ങലനുഭവപ്പെട്ടു.

"ടാ...നിന്‍റെ ജോലി മാത്രം കണ്ടാ അവരീ വിവാഹത്തിനു സമ്മതം മൂളിയെ. അതോര്‍ത്തോ... പഠിക്കുന്ന കാലത്തെ പോലെ രാഷ്ട്രീയം കളിച്ചൊഴപ്പാൻ നിക്കണ്ട. പറഞ്ഞേക്കാം"

പ്രേമിച്ച പെണ്ണിന്‍റെ വീട്ടുകാരെ പറ്റിയാണ് അച്ഛന്റെ പരാമർശം.

ഐ.ടി. ജീവനക്കാർക്ക് വേണ്ടി ഔദ്യോഗികമായി ഒരു തൊഴിലാളി സംഘടന ഉണ്ടായത് അടുത്തിടെയാണ്. രൂപീകരണ സമ്മേളനത്തിന് ചെങ്കൊടി പിടിച്ചു നിൽക്കുന്ന ചിത്രം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതാണ് അച്ഛനെ ചൊടിപ്പിച്ചത്.

ശരിയാണ്. പഠനം കഴിഞ്ഞ് ഒരു വര്‍ഷം കൂടിയെടുത്താണ് പേപ്പറുകള്‍ എഴുതി തീര്‍ത്തത്. സംഘടനാ പ്രവർത്തനത്തിന്റെ പേരിൽ ചാർത്തിക്കിട്ടിയ കേസും കൂട്ടവും തീരാൻ പിന്നെയും സമയമെടുത്തു. അതെല്ലാം കഴിഞ്ഞ ശേഷം കിട്ടിയതും പേരിനൊരു  ജോലിയാണ്. പിന്നെ കഠിന പ്രയത്നം ചെയ്താണ് സാമാന്യം നല്ലൊരു ജോലിയിലേക്ക് മാറാനായത്. അതിന് ശേഷമാണ്, ലോണെടുത്താണെങ്കിലും, ചുരുങ്ങിയ കാലം കൊണ്ട് കാറും ഈ ഒന്നര മുറി ഫ്ലാറ്റും സ്വന്തമാക്കാൻ സാധിച്ചത്.

ഞാൻ അനീഷിനെ നോക്കി. എന്റെ ബ്രാൻഡഡ് വസ്ത്രങ്ങൾക്കും അവന്റെ ശരീരത്തിന്റെ കെട്ട കോലം മറക്കാനാകുന്നില്ല. താനൊരാള്‍ വിചാരിച്ചാല്‍ ഈ ലോകം നന്നാവില്ല എന്ന തിരിച്ചറിവില്‍ സ്വന്തം ജീവിതം നന്നാക്കാനുള്ള തീരുമാനമെടുത്തതില്‍ അപ്പോഴെനിക്ക് വല്ലാത്ത അഭിമാനം തോന്നി.

"ഡാ..എനിക്കിപ്പോ നൈറ്റ് ഷിഫ്റ്റാ... ഇപ്പോത്തന്നെ ലേറ്റായി...അപ്പൊ നീ ഇറങ്ങല്ലേ...."

പുറത്തേക്കിറങ്ങിയ അവനു പിന്നില്‍  വാതില്‍ വലിച്ചടച്ച് അമേരിക്കൻ ക്ലയന്റിനു മുന്നില്‍ ഞാന്‍ ജനാല തുറന്നിട്ടു.
                        
(4)

അനീഷെന്ന മാവോയിസ്റ്റ് നേതാവ്  വയനാട്ടിൽ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട വാർത്ത കേൾക്കുന്നത് മാസങ്ങൾക്കപ്പുറമാണ്.

ഫേസ്ബുക്കിലെ പ്രൊഫൈൽ പിക് കറുപ്പ് നിറമാക്കിക്കൊണ്ട് ഭരണകൂടത്തിന്റെ ഫാസിസ്റ്റ് നടപടിയോടുള്ള പ്രതിഷേധം
ശക്തമായി തന്നെ രേഖപ്പെടുത്തി; ജനാധിപത്യ വിശ്വാസിയായി പോയില്ലേ. "പഴയ" സഖാക്കളുടെ വക ഇൻക്വിലാബും ലാൽ സലാമും കമന്റ് ബോക്സിൽ ചറപറ വന്ന് വീണു. ലൈക്കുകളുടേയും കമന്റുകളുടേയും എണ്ണത്തിൽ മനം നിറഞ്ഞ് സുഖമായി ഉറങ്ങി. പിറ്റേന്ന് എന്നെ തേടി വന്നവർ വാതിലിൽ മുട്ടുന്നത് വരെ ഞാൻ ആ സുഖ നിദ്ര തുടർന്നു