Thursday 13 February 2020

റിവൈവൽ ലെറ്റർ

മാർച്ച് മാസത്തിന്റെ അവസാനത്തെ ആഴ്ച്ചയിലെ ഒരുച്ച നേരത്താണ് അയാൾ ബാങ്കിലേക്ക് കയറി വന്നത്. രാമേട്ടൻ പറഞ്ഞ് വിട്ടതാവണം; അയാൾ നേരെ എന്റെ മേശക്കരികില്‍ വന്നു നിന്നു. എന്നിട്ടും കെട്ടു പിണഞ്ഞു കിടക്കുന്ന കണക്കുകൾക്കിടയിൽ തിരുകി വെച്ച തല ഞാൻ ഉയർത്തിയില്ല.

"സാറേ.."

കുറച്ചു നേരമങ്ങനെ കാത്തു നിന്ന ശേഷം, ശ്രദ്ധയാകർഷിക്കാനുള്ള "മുരടനക്കുക", "ചുമക്കുക" എന്നീ ശ്രമങ്ങള്‍ ഫലവത്താവാതെ വന്നതോടെയാണ് അയാള്‍ പതിഞ്ഞ ശബ്ദത്തിൽ  വിളിച്ചത്.

കൈകൾ കൂപ്പി മുന്നോട്ട് വളഞ്ഞു നിൽക്കുന്ന ആ മധ്യവയസ്ക്കന് സാമാന്യത്തിലധികം പൊക്കവും വണ്ണവുമുണ്ടായിരുന്നു. പുറത്തെ വെയിലിന്‍റെ ചൂട് അയാളുടെ നെറ്റിയിലൂടെ ഒലിച്ചിറങ്ങുന്ന വിയര്‍പ്പു ചാലുകളില്‍ നിന്നും അളന്നെടുക്കാം.

"സാറെ....കഴിഞ്ഞാഴ്ച വീട്ടില് വന്നതാ ഇത്."

വിയര്‍പ്പില്‍ കുതിര്‍ന്ന് ശരീരത്തോട് ഒട്ടിക്കിടന്ന ഷര്‍ട്ടിന്‍റെ പോക്കെറ്റില്‍ നിന്നും നാലായി മടക്കിയ ഒരു കടലാസ്സെടുത്ത് അയാള്‍ നീട്ടി.

"വായ്പേല്‍ കൊറച്ച് കുടിശ്ശികയുണ്ടാവും സാറേ....എടേല് ഒരാശുപത്രി കേസ്കെട്ടു വന്നു. അതാ പറ്റിയെ."

"ആ..കുടിശ്ശിക ഏതായാലും വേഗം അടച്ച് തീര്‍ത്തോളൂ; പക്ഷെ ഇത് അതിനുള്ളതല്ല. റിവൈവല്‍ ലെറ്റര്‍ ഒപ്പിട്ടു തരാനുണ്ട്"

ഓഡിറ്റ് കഴിഞ്ഞപ്പോഴാണ് ബ്രാഞ്ചിൽ  ഉള്ളതിലധികം ഇല്ലാത്ത കടലാസ്സുകളാണെന്ന് തിരിച്ചറിഞ്ഞത്. അന്ന് കുത്തിയിരുന്നെഴുതിയ നോട്ടീസുകളുമായാണ്  ഇപ്പോള്‍ പലരും കയറി വരുന്നത്.

"നിങ്ങളെടുത്ത വായ്പയില്ലേ. അത്  പുതുക്കാനുള്ള അറിയിപ്പാണ്."

അയാളുടെ മുഖത്തെ സംശയഭാവം കണ്ടതോടെ ഞാന്‍ കാര്യങ്ങള്‍ കുറച്ചു കൂടി ലളിതമായി പറഞ്ഞു. 

"പഠിത്തം കഴിഞ്ഞ് പിന്നേം പത്ത് വർഷം കൊണ്ട് അടച്ച് തീർത്താ മതീന്നാണല്ലാേ സാറേ ഇങ്ങളെ മുന്നേ ഇരുന്നയാള് പറഞ്ഞേ. പിന്നെന്തിനാ ഇപ്പോ പുതുക്കുന്നേ?"

അയാളുടെ ശബ്ദത്തിൽ പരിഭ്രമം കലർന്നിരുന്നു.

"ലോണിന് പറഞ്ഞ കാലാവധിണ്ട്. പക്ഷെ അതിന്റെ രേഖകൾ  മുമ്മൂന്നു വര്‍ഷം കൂടുമ്പോ പുതുക്കണം. അങ്ങനെയാ നിയമം. അതിനൊരു ഫോം ഒപ്പിട്ടു തരാനുണ്ട്." 

"ഓ...അത്രെള്ളോ." 
അയാളൊന്നു ദീര്‍ഘമായി നിശ്വസിച്ചു.

"എനിക്കേ പാലക്കാട്ട് ചെത്തിന്‍റെ പണിയാ. മാസത്തിലൊരിക്കലേ വീട്ടിലേക്ക് വരവുള്ളു. ഈ കത്ത് വീട്ടില് വന്നേപ്പിന്നെ കെട്ട്യോള് സ്വൈര്യം തന്നിട്ടില്ല. അതോണ്ട് ഒരാഴ്ചത്തെ പണീം കളഞ്ഞ് വന്നതാ. ഏതായാലും ഒപ്പിടേണ്ട ഫോറം തന്നേക്ക് സാറേ."

മുണ്ടിന്‍റെ കോന്തല കൊണ്ട് മുഖത്തെയും കൈകളിലെയും വിയര്‍പ്പു  തുടച്ച് അയാള്‍ ഒപ്പിടാന്‍ തയ്യാറായി.

"ഇത് മോള്‍ടെ വിദ്യാഭ്യാസ വായ്പയല്ലേ. അപ്പോ നിങ്ങടെ മാത്രം ഒപ്പ് പോരാ; മോള്‍ടേം കൂടെ വേണം."

കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തെളിഞ്ഞ അക്കൗണ്ട്‌ വിവരങ്ങള്‍ നോക്കിക്കൊണ്ട് ഞാന്‍ പറഞ്ഞു.

"അയ്യോ സാറേ...അവള്‍ടെ ഒപ്പ് കിട്ടാന്‍ പ്രയാസവൂലോ."
അയാളുടെ മുഖം മങ്ങി.

"എന്താ മോള് വീട്ടിലില്ലേ...??"

"വീട്ടിത്തന്നെയുണ്ട് സാറേ. പക്ഷെ അവക്കൊരു  ആക്സിടന്റ്റ് പറ്റിയിരിക്കാ. യാത്ര ചെയ്യാമ്പറ്റൂലാ."

"ഓഹ്..അങ്ങനെയാണോ. ഒരു കാര്യം ചെയ്യൂ. നിങ്ങള്‍ മാനേജരോട് പോയൊന്നു സംസാരിക്കൂ."

അയാളെ മാനേജരുടെ ക്യാബിനിലേക്ക്‌ പറഞ്ഞു വിട്ടു. അഞ്ചു മിനിറ്റ് കഴിഞ്ഞു കാണില്ല എന്‍റെ  ഇന്‍റെര്‍കോം സ്ക്രീനില്‍ മാനേജരുടെ നമ്പര്‍ തെളിഞ്ഞു.

"താനിപ്പോ ഇങ്ങോട്ട് പറഞ്ഞു വിട്ട എജുക്കേഷന്‍ ലോണ്‍ കേസ്സില്ലേ. പുള്ളിയുടെ മോള്‍ക്കെന്തോ ആക്സിടെന്റ്റ് പറ്റിയിരിക്കാണത്രെ. താനൊന്ന് പുള്ളീടെ  കൂടെ അവിടെ വരെ ചെല്ല്. സൈന്‍ ചെയ്യാന്‍ പറ്റത്തില്ലെന്നാ പറയുന്നേ. തമ്പ്  ഇമ്പ്രെഷന്‍ എടുക്കേണ്ടി വരും. പിന്നെ, ലോണിൽ ഇപ്പൊ തന്നെ ഡ്യൂസ് കുറച്ചുണ്ട്. സെക്യൂരിറ്റി ഉള്ള ലോണാ. ആക്ഷന്‍ എടുക്കേണ്ടി വന്നാൽ പ്രോപ്പർട്ടീടെ ലൊക്കേഷന്‍ അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ."

മനസില്ലാമനസ്സോടെ "ഓക്കെ" പറഞ്ഞ്  ഫോണ്‍ വെച്ച്  ഫയല്‍ എടുക്കാനായി റെക്കോര്‍ഡ്‌ റൂമിലേക്ക്‌ നടന്നു.

രാമേട്ടൻ തന്റെ വടിവൊത്ത കൈപ്പടയിൽ 'യമുന കെ.എസ്.' എന്ന് വലുതാക്കി എഴുതിയ ഓറഞ്ച് ഫയൽ തുറന്നു. ആദ്യത്തെ ഷീറ്റിന്റെ വലത്തേ മുകളറ്റത്തായി ഭംഗിയായി പുഞ്ചിരിക്കുന്ന ഒരു പെൺകുട്ടിയുടെ ഫോട്ടോ. അതോടെ മടുപ്പൊക്കെ മാറി  ഉഷാറായി. വാഷ്‌ റൂമില്‍ പോയി ഒന്ന് ഫ്രഷ്‌ അപ്പ്‌ ചെയ്ത് മുടി ചീകി ഞാൻ പോകാൻ റെഡിയായി.  

"അങ്കിള്‍...വാ പോകാം...."

പെരുമാറ്റത്തിലെ പെട്ടെന്നുള്ള അന്തരം കണ്ട അമ്പരപ്പിലാവണം, അയാള്‍ ഒരു നിമിഷം എന്നെ പകച്ചു നോക്കി.

"സാറിവിടെ നിന്നോ. ഞാന്‍ ഒരോട്ടോ വിളിച്ച് വരാം."

"ഓ വേണ്ടെന്നേ...നമ്മുക്കെന്‍റെ ബൈക്കില്‍ പോകാം"

അയാള്‍ മറുത്തെന്തെങ്കിലും പറയുന്നതിന് മുന്‍പേ ബൈക്കിനടുത്തെക്ക് നടന്നു.

"സാറേ...ഹെല്‍മെറ്റ്‌ ഇടുന്നില്ലേ?."

ബൈക്കിന്റെ കണ്ണാടിയിൽ കൊരുത്തിട്ടിരിക്കുന്ന ഹെൽമറ്റ് നോക്കിയാണ് അയാളുടെ ചോദ്യം.

"ഓ എന്തിനാ..അടുത്തല്ലേ"

"ശര്യാ സാറേ...എന്നാലും......"

അയാള്‍ പറഞ്ഞു മുഴുമിപ്പിക്കും മുമ്പേ  ഇയര്‍ഫോണ്‍ എടുത്ത് ചെവിയില്‍ തിരുകി. 

പത്ത് മിനിട്ടിനകം അയാളുടെ വീട്ടിലെത്തി.

"സാറിവിടിരുന്നോ...ഞാന്‍ അവളേം വിളിച്ചിപ്പോ വരാം. "

വരാന്തയിലെ നിറം മങ്ങിയ പ്ലാസ്റ്റിക് കസേര ഒഴിവാക്കി, കാവി പതിച്ച ചാരുപടിയില്‍ കയറിയിരുന്നു. വീട്ടുകാരിയാവണം, ഒരു മധ്യവയസ്ക വാതില്‍ക്കല്‍ വന്ന് പകുതി മുഖം നൽകി ചിരിച്ചെന്നു വരുത്തി അകത്തേക്ക് പോയി.

സിമന്റ് തറയില്‍ ചക്രങ്ങളുരുളുന്ന ശബ്ദം കേട്ടാണ്  മൊബൈലില്‍ നിന്നും മുഖമുയര്‍ത്തിയത്. അപ്പോഴേക്കും അയാള്‍ വീല്‍ചെയര്‍ ഉന്തിക്കൊണ്ടു വാതില്‍ക്കലെത്തിയിരുന്നു. വീല്‍ചെയര്‍ മുന്നില്‍ കൊണ്ട് വന്നു നിര്‍ത്തിയതല്ലാതെ അയാളൊന്നും പറഞ്ഞില്ല.

വീൽച്ചെയറിലെ വെളുത്ത തുണി പുതപ്പിച്ചിരിക്കുന്ന രൂപത്തെയും അയാളെയും ഞാൻ മാറി മാറി നോക്കി.

"ഇത്...?"

ഞാന്‍ അയാളെ നോക്കി.

"ന്‍റെ മോളാ...."

അത് പറയുമ്പോഴേക്കും അയാളുടെ തൊണ്ട ഇടറിപ്പോയിരുന്നു. നേരത്തെ കണ്ട സ്ത്രീ വാതില്‍ക്കല്‍ നിന്ന്‌ സാരിത്തലപ്പു കൊണ്ട് കണ്ണുകളമര്‍ത്തി തുടക്കുന്നു.

ഫോട്ടോയിൽ കണ്ട ഭംഗിയുള്ള പുഞ്ചിരി, ആ വിളറി വെളുത്ത മുഖത്ത്  തിരഞ്ഞ് ഞാൻ പരാജയപ്പെട്ടു. എവിടെയോ തറഞ്ഞിരിക്കുന്ന ചലനമറ്റ കണ്ണുകളിലേക്ക് ഒന്നേ നോക്കാനായുള്ളൂ. തമ്പ് ഇമ്പ്രെഷന്‍ എടുക്കാനായി, മഷിയിൽ മുക്കി അയാള്‍  കയ്യില്‍ വെച്ചു തന്ന തണുത്ത  വിരലിലെ മരവിപ്പ് എന്നിലേക്കും പടരുന്നത് പോലെ തോന്നി.

പടികളിറങ്ങി ബൈക്കിനടുത്തേക്ക് നടക്കുമ്പോൾ പുറകെ അയാളും വന്നു.

"ഹോസ്റ്റെലിന്നു കൂട്ടുകാരിടെ സ്കൂട്ടെറുമെടുത്ത് പോയതാ. ഗേറ്റ് കടന്നേയുള്ളെന്നാ കണ്ടോരൊക്കെ പറഞ്ഞത്. പുറകില് ഒരോട്ടോ വന്നിടിച്ചതാ. വേറെ പരിക്കൊന്നും പറ്റിയില്ല; പക്ഷെ വീണത് തല ഇടിച്ചായി പോയി. ഹെല്‍മെറ്റിലാത്തോണ്ട് പറ്റിയെന്നാ ഡോക്ടര്‍മാര്‍ പറഞ്ഞെ. കൊറച്ചു കാലം അവള് പഠിച്ചോണ്ടിരുന്ന ആസ്പത്രീത്തന്നെ ചികിത്സിച്ചു. പിന്നെ കൊണ്ടോയിക്കോളാന്‍ പറഞ്ഞു. വല്യ മാറ്റൊന്നും പ്രതീക്ഷിക്കണ്ടന്നാ ഇവിടുത്തെ ഡോക്ടര്‍മാരും പറഞ്ഞേ. എന്ന് കരുതി കൊണ്ട് കളയാന്‍ പറ്റൂലാല്ലോ സാറേ...."

കരച്ചിൽ നിയന്ത്രിക്കാന്‍ അയാള്‍ നന്നേ പാടുപെട്ടു.

ഹെല്‍മെറ്റ്‌ എടുത്ത് തലയില്‍ വെക്കുമ്പോള്‍, അയാളുടെ കരയുന്ന മുഖത്ത് ഒരു ചെറു പുഞ്ചിരി വിടരുന്നത് റിയർവ്യൂ മിററിൽ ഞാൻ കണ്ടു.

No comments:

Post a Comment