Monday 10 February 2020

ഓവര്‍ ടൈം

(1)

ഓവര്‍ടൈം അലവന്‍സെന്ന് കേട്ടപ്പോള്‍ തന്നെ എല്ലാവനും കമിഴ്ന്നങ്ങ് വീണു; വര്‍ഗ്ഗബോധമില്ലാത്ത ശവങ്ങള്‍. അങ്ങനെ അവറ്റയെ മാത്രം തിന്നാൻ വിട്ട് മണ്ടനാവാന്‍ പറ്റില്ലല്ലോ. അത് കൊണ്ടെന്താ; വീടെത്തുമ്പോള്‍ പാതിരയാവും. മിക്കപ്പോഴും പാര്‍സല്‍ ചെയ്ത് വരുന്ന ഭക്ഷണം തുറന്നു പോലും നോക്കാതെ കിടക്കയിലേക്ക് വീഴുകയാണ് പതിവ്. കഴിഞ്ഞ ഒരാഴ്ച്ചയായി ഇതായിരുന്നു സ്ഥിതി. ഇന്നാണ് അൽപം നേരത്തെയെത്തിയത്.

ബാച്ചിലര്‍ ലൈഫിനോട് പൂർണ്ണമായി
നീതി പുലർത്തിക്കൊണ്ട്  പ്രവര്‍ത്തനരഹിതമായി കിടക്കുന്ന  അടുക്കളയിലേക്ക് അധികം കടക്കാറില്ല. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിൽ കൊണ്ട് തള്ളിയ പാർസൽ ഫുഡിന്‍റെ ഉളുമ്പ് നാറ്റമങ്ങ് ബെഡ്രൂം വരെ എത്തുന്നുണ്ട്. മൂക്ക് പൊത്തിപ്പിച്ച് അതെല്ലാം വാരിക്കൂട്ടി ഒരു പ്ലാസ്റ്റിക്‌ കവറിലാക്കി പുറത്തേക്കിറങ്ങി. റോഡിനിപ്പുറം നിന്നു കൊണ്ട് അപ്പുറത്തെ ചവറ്റു കൂമ്പാരം ലക്ഷ്യമാക്കി കവര്‍ വലിച്ചെറിഞ്ഞതും, ഇരുട്ടിൽ നിന്നും ചാടി വന്ന ഒരു പയ്യൻ, കവർ താഴെ വീഴുന്നതിന് മുന്‍പേ കൈക്കലാക്കി ശരം വിട്ട പോലെ പാഞ്ഞു പോയി; മൂന്നു നാല് തെരുവ് പട്ടികൾ കുരച്ചു കൊണ്ട് പുറകെയും.

തിരിഞ്ഞു നടക്കുമ്പോഴാണ് ഞാൻ അനീഷിനെ കണ്ടത്. നാട്ടിയതിന്റെ മൂന്നാം പക്കം കെട്ട് പോയ തെരുവ് വിളക്കിനടിയിലെ കലുങ്കിൽ മതിലിനോട് ചാരി ഇരിക്കുകയായിരുന്നു അവൻ. ചീറിപ്പാഞ്ഞു പോയ ട്രെക്കിന്‍റെ ഹെഡ്ലാമ്പ് ചീറ്റിയ വെള്ള വെളിച്ചത്തിൽ പകൽ വെട്ടത്തിലെന്ന പോലെ ഞാൻ അവനെ കണ്ടു.

"അനീ...."

വളരെ സാവധാനത്തിൽ എനിക്ക് നേരെ ഉയര്‍ന്ന തിളങ്ങുന്ന കണ്ണുകൾ ഉണ്ടായിരുന്ന ചെറിയ സംശയം പോലും ഇല്ലാതാക്കി. മുഷിഞ്ഞുലഞ്ഞ വേഷവും ചപ്രശ്ശ മുടിയും കുഴിയില്‍ പോയ കണ്ണുകളും ഒരുപാട് ചോദ്യങ്ങളെ നാക്കിൻ തുമ്പത്തേക്ക് തള്ളിക്കയറ്റി വിടുന്നുണ്ട്. എന്നാൽ  ഒന്നും ചോദിക്കാതെ  അവനേയും കൂട്ടി ഞാൻ ഫ്ലാറ്റിലേക്ക് നടന്നു.

കോളേജില്‍ എന്‍റെ ക്ലാസ്മേറ്റായിരുന്നു അനീഷ്‌. ഒരു ടിപ്പിക്കല്‍ ബുദ്ധിജീവി. പഠന വിഷയങ്ങളില്‍ ഒതുങ്ങി നില്‍ക്കാത്ത ഗഹനമായ വായനയും അറിവുമുള്ള അവന്‍ പഠനത്തോടൊപ്പം തന്നെ സിവില്‍ സര്‍വീസ് പരീക്ഷക്ക്‌ വേണ്ടിയും തയ്യാറെടുത്തിരുന്നു. അങ്ങനെ ഒരാളെ ഈ  അവസ്ഥയില്‍ കാണേണ്ടി വന്നത് എങ്ങനെയെന്ന് ഒരു പിടിയും കിട്ടുന്നില്ല. കാലം ചിലപ്പോഴൊക്കെ അങ്ങനെയാണല്ലോ; കണക്ക് കൂട്ടലുകൾ അപ്പാടെ തെറ്റിച്ച് നമ്മളെ വല്ലാതങ്ങ് കുഴക്കിക്കളയും

"ഡാ...നീ പോയി കുളിച്ചു ഫ്രഷായി വാ. ചേഞ്ച് ചെയ്യാനുള്ള ഡ്രസ്സ് ബെഡിലുണ്ട്"

അവൻ കുളിക്കാൻ കയറിയപ്പോൾ ഞാൻ ബാൽക്കണിയിലേക്ക് ചെന്നു. അനക്കമറ്റ് കറുത്ത് കിടക്കുന്ന കായലിനപ്പുറം വെളിച്ചത്തിന്റെ നേർരേഖ പോലെ വല്ലാർപ്പാടം ടെർമിനൽ കാണാം. മുഖത്തെ തഴുകി കടന്ന് പോകുന്ന തണുത്ത കാറ്റിന് പൂത്ത ഇലഞ്ഞിയുടെ ഗന്ധം. കീശയിൽ നിന്നും സിഗരറ്റെടുത്ത് കത്തിച്ചു.
                         -----------------
ഇലഞ്ഞി മരത്തണലായിരുന്നു ക്യാമ്പസിലെ സ്ഥിരം ഔട്ട്ഡോർ വേദി. അന്ന് പൂത്തുലഞ്ഞ ഇലഞ്ഞിക്ക് താഴെ നിന്നു കൊണ്ട് നടത്തിയ ഹ്രസ്വമായ പ്രസംഗത്തിന് ശേഷം പ്രതിഷേധ സമരപരിപാടി ഉദ്ഘാടനം ചെയ്തതായി ഞാൻ പ്രഖ്യാപിച്ചു. സ്വാശ്രയ കോളേജ് പ്രശ്നം കത്തി നില്‍ക്കുന്ന കാലം. പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്‍റെ പരിമിതികള്‍ക്കകത്ത് നിന്നു കൊണ്ട് നടത്തുന്ന മികവുറ്റ സംഘടനാ പ്രവര്‍ത്തനത്തിന്‍റെ പേരിലാണ് ആര്‍ട്ട്സ് കോളേജുകളിലെ തല മൂത്ത സഖാക്കളെ പോലും മറികടന്ന് ജില്ലാ കമ്മറ്റിയില്‍ സ്ഥാനം നേടിയത്. അതിനു ശേഷം ആദ്യമായി വന്ന സമരമാണ്. എന്ത് വില കൊടുത്തും അത് വിജയിപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍. ക്ലാസ്സുകളില്‍ കയറി ക്യാമ്പയിന്‍ നടത്തി കുട്ടികളെ ഇറക്കുന്നതിനിടയിലാണ് എന്‍റെ ക്ലാസ് വിട്ടിട്ടില്ല എന്നാരോ പറയുന്നത്. അതെനിക്ക് വല്ലാത്ത ക്ഷീണമായിരുന്നു.

എന്ത് വന്നാലും പരീക്ഷ അടുത്തെത്തി നില്‍ക്കുന്ന സമയത്ത് ക്ലാസ് വിട്ടിറങ്ങില്ല എന്ന നിലപാടിലാണ് അനീഷ്‌. എതിര്‍ സംഘടനക്കാര്‍ കൂടെ അവനൊപ്പം നിന്നതോടെ ആകെ ലഹളയായി. എന്‍റെ ഒരു തള്ളില്‍ അനീഷ്‌ ചെന്ന് വീണത് ഇരുമ്പ് ഡെസ്കിലാണ്. നെറ്റി മുറിഞ്ഞ് ചോരയൊഴുകി.
                          ----------------
"സഖാവ് കുറെക്കൊല്ലം പുറകിലെവിടെയോ ആണല്ലോ"

അവന്‍ അടുത്ത് വന്ന് നിന്നത് അറിഞ്ഞിരുന്നില്ല. നനഞ്ഞൊട്ടിയ നീളൻ മുടി  കോതിയൊതുക്കിയപ്പോൾ നെറ്റിയുടെ ഇടത് ഭാഗത്തെ നീണ്ട മുറിവടയാളം തെളിഞ്ഞു കണ്ടു.

എരിയുന്ന സിഗരറ്റ് അവൻ കൈയ്യെത്തിച്ച്  വാങ്ങിച്ചു.

"ഫുഡ് ഓർഡർ ചെയ്തിട്ടുണ്ട്. ഒരു പത്ത് മിനിട്ടോണ്ടെത്തും"

ഫോണിൽ സ്വിഗ്ഗി ഡെലിവറി പയ്യന്റെ ലൊക്കേഷൻ ട്രാക്ക് ചെയ്തു നോക്കി.

വളരെ സാവധാനം ഇരുളിലേക്ക് പുകയൂതി വിട്ടു കൊണ്ട് കൈവരിയിലേക്ക് ചാഞ്ഞുള്ള ആ നിൽപ്പ് കാണുമ്പോൾ തന്നെ അവൻ ഊളിയിടുന്ന ചിന്തകളുടെ ആഴം വ്യക്തമാണ്. അവൻ മുങ്ങി നിവരുന്നതും കാത്ത് ക്ഷമയോടെ നിന്നു. പ്രതീക്ഷിച്ചതിലും പത്ത് മിനിറ്റ് വൈകി വന്ന സ്വിഗ്ഗി പയ്യൻ  കാളിങ്ങ് ബെല്ലടിക്കുന്നത് വരെ ഞങ്ങൾ ആ നിൽപ്പ് തുടർന്നു.

ആരൊടൊക്കെയോ പക തീർക്കുന്നത് പോലെയാണ് അവൻ ഭക്ഷണം കഴിക്കുന്നത്. എന്തൊരു വേഗതയാണ്. ഞാൻ ശരിക്കൊന്ന് തുടങ്ങുമ്പോഴേക്കും അവൻ കഴിച്ചെണീറ്റു. ദിവസങ്ങൾ പഴക്കമുള്ള വിശപ്പ് അവന്റെ പാത്രത്തിൽ ചത്തു മലച്ച് കിടന്നിരുന്നു.

പാത്രങ്ങളെല്ലാം കഴുകി വെച്ച്  ചെല്ലുമ്പോള്‍ അവന്‍ ബാല്‍കണിയില്‍ കൈവരിയിലേക്ക് ചാഞ്ഞുള്ള ആ നിൽപ്പിൽ തന്നെയാണ്‌. അവനടുത്ത് ചെന്ന്  നിന്ന് ഒരു സിഗററ്റ് കത്തിച്ചു. മറ്റൊന്നിന് തീ പകർന്ന് അവന് നീട്ടി.

"നിനക്കെന്നോട് ചോദിക്കാൻ ഒരുപാട് ചോദ്യങ്ങളുണ്ടെന്നറിയാം. പക്ഷെ തൽക്കാലം നമ്മുക്ക് ചോദ്യോത്തര പംക്തി ഒഴിവാക്കാം. ക്യാമ്പസ് വിട്ട ശേഷം ഇന്ന് വരെയുള്ള എന്റെ കഥ ഞാന്‍ തീരെ ചുരുക്കി പറയാം. അതിൽ നിന്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങളുമുണ്ടാകും. എന്താ പോരേ...?"

ദൂരെ എവിടെയോ തറച്ച് വെച്ച നോട്ടം ഇളക്കാതെയാണ് അവൻ പറഞ്ഞത്. ഇരുട്ടിലേക്ക് തുടരെ രണ്ട് മൂന്ന് പുകയൂതി വിട്ട ശേഷം എന്റെ മറുപടിക്ക് കാക്കാതെ അവൻ പറഞ്ഞു തുടങ്ങി.

(2)

കോളേജ് വിട്ട ശേഷം അവന്‍ സ്വന്തം നാടായ കാസർഗോഡിനു പോകുന്നതിനു പകരം നേരെ എതിർദിശയിൽ തിരുവനന്തപുരത്തിന് വണ്ടി കയറി.  സിവില്‍ സര്‍വിസ് പഠനമായിരുന്നു ലക്ഷ്യം. ഉയര്‍ന്ന ജോലി, പദവി എന്നതിനപ്പുറം സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാനാകും എന്ന നിലയിൽ സിവിൽ സർവ്വീസ് മോഹം ചെറുപ്പം തൊട്ടേ കൊണ്ട് നടക്കുന്ന അവന്റെ കാഴ്ച്ചപ്പാട് തലസ്ഥാന നഗരിയിലെ ജീവിതം ആകപ്പാടെ മാറ്റി മറിച്ചു.

സോഷ്യോളജി ഐച്ഛികമായി എടുത്തതോടെയാണ് മാർക്സിയൻ സിദ്ധാന്തങ്ങൾ വായിച്ചു തുടങ്ങിയത്. അത് അവനിൽ വലിയ മാറ്റങ്ങളുണ്ടാക്കി. ലൈബ്രറിയിൽ ചെന്ന് മാർക്സിസം പ്രതിപാദിക്കുന്ന പുസ്തങ്ങൾ തിരഞ്ഞ് പിടിച്ചു വായിച്ചു തുടങ്ങി. പബ്ലിക് ലൈബ്രറിയിലെ സ്ഥിരം സന്ദർശകനായതോടെ അവിടെ നിന്നുണ്ടായ ചില ബന്ധങ്ങൾ വഴി പല കലാ-സാംസ്കാരിക-സാമൂഹിക സംഘടനകളുടേയും ഭാഗമായി. തലസ്ഥാന ജീവിതത്തിന്റെ  ഭാഗമായ പൊതുപരിപാടികൾ, ജനകീയ പ്രതിഷേധങ്ങൾ എന്നിവയിലൊക്കെ സജീവമായി പങ്കെടുക്കുമ്പോൾ അത് വരെ പുറത്ത് നിന്നു മാത്രം നോക്കിക്കണ്ട സമൂഹത്തെ അവൻ തൊട്ടറിയുകയായിരുന്നു.

ആയിടക്കാണ് എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികളേയും കൊണ്ട്  അമ്മമാർ സെക്രട്ടേറിയറ്റ് പടിക്കൽ സമരത്തിനെത്തിയത്. അക്കൂട്ടത്തില്‍ അവന്‍റെ നാട്ടില്‍ നിന്നുള്ള ചിലരുമുണ്ടായിരുന്നു.അങ്ങനെ മിക്ക  വൈകുന്നേരങ്ങളിലും അവൻ സമരപ്പന്തലിലെ സന്ദര്‍ശകനായി. വായിച്ചു തള്ളിയ കനപ്പെട്ട പുസ്തകങ്ങളില്‍ നിന്നും അറിയാത്തത് പലതും ആ പച്ച മനുഷ്യർ പഠിപ്പിച്ചു. ഒടുക്കം, ചാനലിലെ  അന്തിച്ചർച്ചക്ക് എടുക്കാൻ പോലും ഗ്ലാമറില്ലാതെ പോയ ആഴ്ച്ചകൾ നീണ്ട സമരം അവസാനിപ്പിച്ച്, തോൽക്കാനായി ജനിച്ചവര്‍ വീണ്ടുമൊരിക്കൽ കൂടി തോറ്റ് കൊടുത്ത്, നാട്ടിലേക്ക് വണ്ടി കയറി. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ അധികാര കസേരകളേക്കാൾ യോജിച്ച ഇടം ജനമധ്യമാണെന്ന വലിയ പാഠം പഠിച്ചതോടെ പഠനം മതിയാക്കി അവനുമിറങ്ങി.

വയനാട്ടില്‍ അച്ഛന്റെ പേരിലുണ്ടായിരുന്ന കുറച്ചു നിലത്ത്  കൃഷിയിറക്കി. അവിടെ തന്നെ ചെറിയൊരു ഫാം ഹൌസ് കെട്ടിയുണ്ടാക്കി താമസം തുടങ്ങി. അതോടെ ആദിവാസികളുടേത് ഉൾപ്പടെ നാട്ടുകാരുടെ വിഷയങ്ങളില്‍ നേരിട്ട് ഇടപെട്ട് തുടങ്ങി. കർഷക ആത്മഹത്യകൾ സാധാരണമായ നാട്ടിൽ, ആളുകളെ സംഘടിപ്പിച്ച് ജപ്തി നടപടി തടഞ്ഞതിന്‍റെ പേരില്‍ അവൻ അറസ്റ്റ് ചെയ്യപ്പെട്ടു. മാധ്യമ വാർത്തകളെ തുടർന്നുണ്ടായ വമ്പിച്ച ജനകീയ പ്രതിഷേധം കാരണം പെട്ടെന്ന് തന്നെ വിട്ടയച്ചെങ്കിലും അവന്‍ പോലീസിന്‍റെ നോട്ടപ്പുള്ളിയായി. ഫാം ഹൌസില്‍ പല കാരണങ്ങൾ പറഞ്ഞ് പോലീസ് റെയ്ഡ് പതിവായി. വലിയ പുസ്തക ശേഖരത്തിൽ മാർക്സിന്റെയും ഏംഗൽസിന്റെയും പുസ്തകങ്ങളുടെ ഇടയിൽ നിന്നും മാവോയുടേത് മാത്രം പോലീസുകാർ തപ്പിയെടുത്തു. വയനാടന്‍ കാടുകളില്‍ മാവോയിസ്റ്റ് വേട്ട സജീവമായ കാലമായിരുന്നു. പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടയാൾ  അവനോട് സംസാരിക്കുന്നത് കണ്ടതായുള്ള സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ അവന്‍ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. ബൈക്ക് നിർത്തി ചോദിച്ച ഒരാൾക്ക് വഴി പറഞ്ഞു കൊടുക്കുക മാത്രമാണ് ചെയ്തതെന്ന അവന്റെ മൊഴി കോടതി സ്വീകരിച്ചില്ല. എഞ്ചിനിയറിങ്ങ് ബിരുദധാരിയായ ഒരാൾ കൃഷിയുമായി ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്നതിൽ അസ്വാഭാവികത തോന്നുന്നത് ഇക്കാലത്ത് സ്വാഭാവികമാണല്ലോ. ജാമ്യമില്ലാ വകുപ്പ് പ്രകാരം അവനെ ജയിലിലടക്കാൻ ഉത്തരവായി.

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഹര്‍ജിയിന്മേല്‍ അവനെ വിട്ടയക്കാന്‍ മേല്‍ക്കോടതി ഉത്തരവ് വന്നത് കഴിഞ്ഞയാഴ്ചയാണ്. ജയിലില്‍ നിന്നിറങ്ങി നേരെ  പോയത് വയനാട്ടിലേക്കാണ്. പക്ഷെ മാവോയിസ്റ്റായി മുദ്ര കുത്തപ്പെട്ടതോടെ അവന്റെ ഫാം ഹൌസും കൃഷിയും മുഴുവനായി നശിപ്പിക്കപ്പെട്ടിരുന്നു. ഭയം കാരണം ആദിവാസികളും സഹകരിക്കാൻ തയ്യാറായില്ല. പിന്നെ അവൻ അവിടെ നിന്നില്ല.

ഈ നഗരത്തിൽ അവന്‍റെ ഒരു സുഹൃത്തുണ്ട്. തിരുവനന്തപുരത്ത് ഒന്നിച്ചുണ്ടായിരുന്നതാണ്. കുറെ കറങ്ങി ഒടുക്കം ഓഫീസ് കണ്ടു പിടിച്ചപ്പോഴാണ് അവൻ സ്ഥലം മാറ്റമായി ബാംഗ്ലൂർക്ക് പോയെന്നറിയുന്നത്. എന്ത് ചെയ്യണം എന്നറിയാതെ തളര്‍ന്നിരിക്കുമ്പോഴാണ്  ഞാൻ പ്രത്യക്ഷപ്പെട്ടത്.

(3)

പണ്ട് ആഗോള മുതലാളിത്തത്തിനെതിരെ കൊടി പിടിച്ച് നടന്ന ഞാൻ ഇപ്പോള്‍ മള്‍ട്ടി നാഷനല്‍ കമ്പനിക്ക് വേണ്ടി രാവും പകലും ജോലി ചെയ്യുന്നു. പഠന കാലത്ത് തന്നിലേക്ക് മാത്രം ഒതുങ്ങി നിന്ന അനീഷ്‌ ഇന്ന് മറ്റുള്ളവര്‍ക്കായി സ്വന്തം ജീവിതം തന്നെ മാറ്റി വെക്കുന്നു. ഉള്ളിലെവിടെയോ ഒരു വിങ്ങലനുഭവപ്പെട്ടു.

"ടാ...നിന്‍റെ ജോലി മാത്രം കണ്ടാ അവരീ വിവാഹത്തിനു സമ്മതം മൂളിയെ. അതോര്‍ത്തോ... പഠിക്കുന്ന കാലത്തെ പോലെ രാഷ്ട്രീയം കളിച്ചൊഴപ്പാൻ നിക്കണ്ട. പറഞ്ഞേക്കാം"

പ്രേമിച്ച പെണ്ണിന്‍റെ വീട്ടുകാരെ പറ്റിയാണ് അച്ഛന്റെ പരാമർശം.

ഐ.ടി. ജീവനക്കാർക്ക് വേണ്ടി ഔദ്യോഗികമായി ഒരു തൊഴിലാളി സംഘടന ഉണ്ടായത് അടുത്തിടെയാണ്. രൂപീകരണ സമ്മേളനത്തിന് ചെങ്കൊടി പിടിച്ചു നിൽക്കുന്ന ചിത്രം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതാണ് അച്ഛനെ ചൊടിപ്പിച്ചത്.

ശരിയാണ്. പഠനം കഴിഞ്ഞ് ഒരു വര്‍ഷം കൂടിയെടുത്താണ് പേപ്പറുകള്‍ എഴുതി തീര്‍ത്തത്. സംഘടനാ പ്രവർത്തനത്തിന്റെ പേരിൽ ചാർത്തിക്കിട്ടിയ കേസും കൂട്ടവും തീരാൻ പിന്നെയും സമയമെടുത്തു. അതെല്ലാം കഴിഞ്ഞ ശേഷം കിട്ടിയതും പേരിനൊരു  ജോലിയാണ്. പിന്നെ കഠിന പ്രയത്നം ചെയ്താണ് സാമാന്യം നല്ലൊരു ജോലിയിലേക്ക് മാറാനായത്. അതിന് ശേഷമാണ്, ലോണെടുത്താണെങ്കിലും, ചുരുങ്ങിയ കാലം കൊണ്ട് കാറും ഈ ഒന്നര മുറി ഫ്ലാറ്റും സ്വന്തമാക്കാൻ സാധിച്ചത്.

ഞാൻ അനീഷിനെ നോക്കി. എന്റെ ബ്രാൻഡഡ് വസ്ത്രങ്ങൾക്കും അവന്റെ ശരീരത്തിന്റെ കെട്ട കോലം മറക്കാനാകുന്നില്ല. താനൊരാള്‍ വിചാരിച്ചാല്‍ ഈ ലോകം നന്നാവില്ല എന്ന തിരിച്ചറിവില്‍ സ്വന്തം ജീവിതം നന്നാക്കാനുള്ള തീരുമാനമെടുത്തതില്‍ അപ്പോഴെനിക്ക് വല്ലാത്ത അഭിമാനം തോന്നി.

"ഡാ..എനിക്കിപ്പോ നൈറ്റ് ഷിഫ്റ്റാ... ഇപ്പോത്തന്നെ ലേറ്റായി...അപ്പൊ നീ ഇറങ്ങല്ലേ...."

പുറത്തേക്കിറങ്ങിയ അവനു പിന്നില്‍  വാതില്‍ വലിച്ചടച്ച് അമേരിക്കൻ ക്ലയന്റിനു മുന്നില്‍ ഞാന്‍ ജനാല തുറന്നിട്ടു.
                        
(4)

അനീഷെന്ന മാവോയിസ്റ്റ് നേതാവ്  വയനാട്ടിൽ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട വാർത്ത കേൾക്കുന്നത് മാസങ്ങൾക്കപ്പുറമാണ്.

ഫേസ്ബുക്കിലെ പ്രൊഫൈൽ പിക് കറുപ്പ് നിറമാക്കിക്കൊണ്ട് ഭരണകൂടത്തിന്റെ ഫാസിസ്റ്റ് നടപടിയോടുള്ള പ്രതിഷേധം
ശക്തമായി തന്നെ രേഖപ്പെടുത്തി; ജനാധിപത്യ വിശ്വാസിയായി പോയില്ലേ. "പഴയ" സഖാക്കളുടെ വക ഇൻക്വിലാബും ലാൽ സലാമും കമന്റ് ബോക്സിൽ ചറപറ വന്ന് വീണു. ലൈക്കുകളുടേയും കമന്റുകളുടേയും എണ്ണത്തിൽ മനം നിറഞ്ഞ് സുഖമായി ഉറങ്ങി. പിറ്റേന്ന് എന്നെ തേടി വന്നവർ വാതിലിൽ മുട്ടുന്നത് വരെ ഞാൻ ആ സുഖ നിദ്ര തുടർന്നു

No comments:

Post a Comment