Monday 17 February 2020

തെരുവുവേശ്യയുടെ സദാചാരപ്രസംഗം


മയക്കം വിട്ടുണരുമ്പോൾ അയാളൊരു ഇലക്ട്രിക്ക് പോസ്റ്റിൽ ചാരി ഇരിക്കുകയായിരുന്നു. ഇനിയും ഉറച്ചിട്ടില്ലാത്ത തല വശങ്ങളിലേക്ക് ചുഴറ്റുന്നതിനിടയിൽ റോഡിനെതിർവശത്തെ വെളുത്ത ബോർഡിൽ കണ്ണുകളുടക്കി. അതിൽ കത്തി നിൽക്കുന്ന "B-A-R" എന്ന ചുകപ്പൻ അക്ഷരങ്ങൾ കണ്ടതോടെ അയാൾക്ക് വെളിപാടുണ്ടായി.

(വായനക്കാരുടെ അറിവിലേക്കായി പറഞ്ഞുവെന്നല്ലാതെ, എടുത്തു പറയത്തക്ക പുതുമയൊന്നും മേൽപ്പറഞ്ഞ കാര്യങ്ങൾക്കില്ല.)

തക്കതായ കാരണങ്ങളില്ലാതെ ഒരിക്കലും മദ്യപിക്കാത്ത അയാൾ ഇന്നലെ  പതിവിലധികം മദ്യപിച്ചിരുന്നു. കാരണം, ഇന്നലെ അയാളുടെ വിവാഹ വാർഷികമായിരുന്നു. മൂന്നു വർഷങ്ങൾക്കു മുമ്പ് നിയമപരമായി ബന്ധം വേർപെട്ടുവെങ്കിലും വിവാഹത്തിന്റെ പത്താം വാർഷികം ആഘോഷിക്കപ്പെടേണ്ടതാണ് എന്നായിരുന്നു അയാളുടെ നിലപാട്. അങ്ങ് ഉത്തരേന്ത്യയിൽ ബീഫ് കടത്തിയെന്ന് ആരോപിച്ച്  ആൾക്കൂട്ടം പിന്നെയും ഒരാളെ  തല്ലിക്കൊന്നതായിരുന്നു തലേ ദിവസത്തെ മദ്യപാനത്തിനുള്ള കാരണം. ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയും അയോധ്യ കേസിലെ തീർപ്പും അയാൾ കുപ്പി പൊട്ടിച്ചാണ് ആഘോഷിച്ചത്. ചുരുക്കി പറഞ്ഞാൽ, പതിവായി പതിവിലധികം മദ്യപിക്കാനുള്ള അയാളുടെ കാരണങ്ങൾ ആഗോള താപനത്തിലും സിറിയൻ  യുദ്ധത്തിലും തുടങ്ങി, നോട്ട് നിരോധനവും പ്രളയവും നിപയും ചാന്ദ്രയാൻ രണ്ടിന്റെ പരാജയവും കടന്ന്, മഴയത്ത് പൊട്ടി വീണ അയലത്തെ മാവിൻ കൊമ്പ് വരെ നീണ്ടു കിടന്നു. ഇത്തരം  മദ്യപാനങ്ങൾക്കു "ടച്ചിങ്‌സായി" കനപ്പെട്ട സംവാദങ്ങളും പതിവാണ്. അതിനായി സ്ഥിരം മദ്യപരുടെ ഒരു സംഘവുമുണ്ട്.  സൂര്യന് താഴെയുള്ള, ചിലപ്പോഴൊക്കെ അതിന് മുകളിലുളള, എന്തിനേയും പറ്റി അവർ സംവദിച്ചു. കാശ്മീർ വിഷയത്തിലുളള അയാളുടെ എഫ്.ബി. പോസ്റ്റിനെ അധികരിച്ചു നടന്ന, ആവശ്യത്തിലധികം "ക്രിയാത്‌മകമായ", അത്തരമൊരു സംവാദത്തിന്റെയും അതിനെ തുടർന്ന് ദേശസ്നേഹികളും ദേശദ്രോഹികളും ചേരിതിരിഞ്ഞു നടത്തിയ കൈക്രിയകളുടെയും പരിണിതഫലമാണ്  പോസ്റ്റും ചാരിയുള്ള ഇപ്പോഴത്തെ ഈ ഇരിപ്പ്.

തറയിൽ കൈകളൂന്നി നിവർന്നിരിക്കാനുള്ള ശ്രമത്തിനിടയിൽ  അയാൾ ഒരു വശത്തേക്കു  ചെരിഞ്ഞു വീണു പോയി. ആ കിടപ്പിലെ മട്ടകോൺ ചെരിവുള്ള കാഴ്ച്ചയിലാണ് തനിക്കു നേരെ നടന്നു വരുന്നവളെ കണ്ടത്.  അരികിൽ ചെന്നിരുന്ന്, തന്റെ മെല്ലിച്ച കൈകളാൽ താങ്ങിയെടുത്ത് അയാളെ നേരെയിരുത്താൻ അവൾ ആത്മാർത്ഥമായി തന്നെ പരിശ്രമിച്ചു. കടും ചുകപ്പ് സാരിയിൽ നിന്നുയരുന്ന വിയർപ്പു നാറ്റം മുല്ലപ്പൂ മണവുമായി കലർന്ന്  അയാളുടെ മൂക്കിലേക്ക് തുളഞ്ഞു കയറി.

"വാ സാറേ...എന്തിനാ  ഈ മഞ്ഞത്ത് ഇങ്ങനെയിരിക്കുന്നേ. നമുക്ക് വല്ല ലോഡ്ജിലും പോവാന്നെ."

അയാളുടെ ശരീരത്തിൽ ചുറ്റിയ കൈകൾ  അവളൽപം മുറുക്കി.

"പ്ഫ്ഭാ....നെന്റെ ഒരസലും കൊഞ്ചലും കണ്ടാ ഞാനങ്ങു മയങ്ങി പോകുമെന്ന് കരുതിയോടി കൂത്തിച്ചീ...ഒരു മദാലസ വന്നിരിക്കുന്നു. ത്ഫൂ....."

രൂക്ഷമായ പ്രതികരണത്തിൽ  ഞെട്ടിപ്പോയെങ്കിലും അത് പുറത്തു കാട്ടാതെ, അയാളുടെ കൈയ്യിലൊന്ന് നുള്ളി തല വെട്ടിച്ച് കൊണ്ടവൾ നീങ്ങിയിരുന്നു. 

"എന്താടീ നിന്റെ പേര്?"

അൽപ നേരമങ്ങനെ ഇരുന്ന ശേഷം, അയാൾ ചോദിച്ചു.

"മരതകം"

വശ്യമായ ഒരു പുഞ്ചിരിയോടെ അവൾ അയാൾക്കരികിലേക്കു നീങ്ങിയിരുന്നു.

"തമിഴത്തിയാലേ...പെണ്ണേ, നീയെന്നെയൊന്നു പിടിച്ചെണീപ്പിച്ചേ."

മെല്ലിച്ച കൈകളിൽ തൂങ്ങിയെണീറ്റ്,  അവളെയും കൂട്ടി റോഡിനപ്പുറത്തെ  തട്ടുകട ലക്ഷ്യമാക്കി അയാൾ നടന്നു.

"തമിഴത്തിയായിട്ടും പച്ചവെള്ളം പോലെ മലയാളം പറയുന്നല്ലോ. കുറെ കാലമായോ ഇവിടെ??"

തട്ടുകടയുടെ പുറത്തിട്ട ബെഞ്ചിലിരുന്ന് അയാൾ ചൂട് ചായ മൊത്തി കുടിച്ചു.

"പത്തിരുപതു വർഷമായി സാറേ..."

പൊറോട്ടയും ബീഫും കൂടിക്കുഴഞ്ഞ പാത്രത്തിൽ നിന്നും കണ്ണെടുക്കാൻ ഒരു മുഴുപ്പകലിന്റെ വിശപ്പ് അവളെ അനുവദിച്ചില്ല. 

ശിവകാശിയിലെ ഏതോ പടക്ക നിർമ്മാണശാലക്കകത്ത് അച്ഛനമ്മമാർ കത്തിത്തീർന്നപ്പോഴാണ് റെയിൽവേ കരാർ പണിക്കാരായി അണ്ണനും അവളും കേരളത്തിലെത്തിയത്. മോഷണക്കുറ്റം ചുമത്തി കസ്റ്റടിയിലെടുത്ത അണ്ണൻ പോലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ടു.  അണ്ണനൊപ്പം കസ്റ്റഡിയിലെടുത്ത പതിനഞ്ചുകാരിയെ "വിശദമായി ചോദ്യം ചെയ്യാനായി" എസ്.ഐ. തന്റെ ക്വാർട്ടേഴ്സിലേക്ക് കൊണ്ടു പോയി.
ആർത്തിയോടെ വാരിത്തിന്നു കൊണ്ട്  അവൾ പറഞ്ഞു പോയ ഭൂതകാലം ഒരു കൊത്ത് പൊറാട്ട പോലെ ചിതറിക്കിടന്നു.
 പറഞ്ഞ് തീർത്തപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ബീഫിന് എരിവ് കൂടുതലായിരിക്കുമെന്ന് അയാൾക്ക് തോന്നി.

ആ രാത്രി പോലീസ് ജീപ്പിൽ നിന്നും  തെരുവിലേക്ക് വലിച്ചെറിയപ്പെട്ട അവളെ പിന്നീട്  പല രാത്രികളിലും പലരും വന്നു പെറുക്കിയെടുത്തു കൊണ്ട് പോയി. അനേകം രാത്രികൾക്ക് ശേഷമുള്ള ഒരു പുലർച്ചെ അവൾ ചെന്ന് വീണത് രാക്കമ്മ അക്കച്ചിയുടെ മുന്നിലാണ്.

"എടീ പെണ്ണെ...എന്തായാലും നെന്റെ ശരീരത്തിന് ആവശ്യക്കാരുണ്ട്. നീ കൊടുത്താലും ഇല്ലേലും അവര് വന്നെടുത്തോണ്ട് പോണൂണ്ട്. എന്നാപ്പിന്നെ നെനക്ക് തന്നെ അതിനൊരു വെലയിട്ടൂടേ?"

അക്കച്ചിയുടെ ആ ചോദ്യത്തിനുള്ള ശരിയുത്തരമാണ് അവളുടെ ഇപ്പോഴത്തെ ജീവിതം.

"അന്ന് അക്കച്ചി നീട്ടിയ രണ്ട് മുഴം മല്ലിപ്പൂ കൈ നീട്ടി വാങ്ങിച്ചതാ സാറേ. ഇപ്പഴും അക്കച്ചീടെ കയ്യീന്ന് പൂ വാങ്ങിക്കാതെ  ഞാൻ ഇറങ്ങാറില്ലാ. ഞാൻ മാത്രല്ല, എന്റെ കൂട്ടരൊക്കെ അങ്ങനാ. അക്കച്ചീടെ പൂ വെച്ചാ അന്ന് കച്ചോടം നടക്കും. അതൊരു വിശ്വാസാ...ഇപ്പൊത്തന്നെ കണ്ടില്ലെ, ആദ്യം ആട്ടിപ്പായിച്ച സാറ് തന്നെ എന്നെ തിരിച്ചു വിളിച്ചില്ലേ?"

ഒരു കള്ളച്ചിരിയോടെ അവളെണീറ്റു കൈ കഴുകാനായി പോയി.

അതിവേഗത്തിൽ  വന്ന്  കടയ്ക്കു മുന്നിൽ ബ്രേക്കിട്ടു നിർത്തിയ കാറിൽ നിന്നും ഡ്രൈവറും മറ്റൊരു യുവാവും ഇറങ്ങി  വന്നു. എന്തൊക്കെയോ ഭക്ഷണ സാധനങ്ങൾ പാർസൽ ചെയ്യാൻ  ഓർഡർ നൽകി ഇരുവരും മാറി നിന്ന് സിഗരറ്റ് കത്തിച്ചു. പെട്ടെന്നാണ് ചില്ല് പാതിയിലേറെ താഴ്ത്തിയ പിൻവശത്തെ ജനാലയിലൂടെ  തല പുറത്തേക്കിട്ട് മുഖം കഴുകുന്ന പെൺകുട്ടിയെ അയാൾ കണ്ടത്.

"ഡീ.....മാളൂ...."

കയ്യിലിരുന്ന സ്റ്റീൽ പാത്രം തറയിലെറിഞ്ഞ്,  മരതകം കാറിനടുത്തേക്ക് ഓടിച്ചെന്നു.

"ഡീ...മോളേ...പുറത്തേക്കിറങ്ങെടീ...മാളൂ... നിന്റെ അക്കയാടി വിളിക്കുന്നെ."

അപ്പോഴേക്കും മുഴുവനായും ഉയർന്ന കറുത്ത ചില്ലിൽ തുരുതുരെ ഇടിച്ചു ബഹളം വെക്കുന്ന മരതകത്തെ റോഡിലേക്ക് വലിച്ചിട്ട്  യുവാവ് ചാടിക്കയറിയതും കാർ അതിവേഗത്തിൽ പാഞ്ഞു പോയി.

കാറിൽ വന്നവർ ഓഡർ ചെയ്ത സാധനങ്ങൾ നിറച്ച പ്ലാസ്റ്റിക് കൂടയുമായി വന്ന കടയുടമയും അയാളും എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ അന്തം വിട്ട് നിന്നു.

റോഡിൽ കരഞ്ഞ് കിടക്കുന്ന മരതകത്തിന് നേരെ അയാൾ പതിയെ നടന്നു തുടങ്ങിയപ്പോഴാണ് ഒരു പോലീസ് ജീപ്പ് അവിടെ വന്ന് നിർത്തിയത്. 

"എന്താടി വന്ന് വന്ന് നടുറോട്ടിലായോ നിന്റെയൊക്കെ  അഴിഞ്ഞാട്ടം??"

ജീപ്പിന്റെ പുറകിൽ നിന്നും ഇറങ്ങി വന്ന ഒരു പോലീസുകാരൻ വീണു കിടക്കുന്ന അവളുടെ അടിവയറ്റിൽ ലാത്തിയുടെ അറ്റം കുത്തി നിർത്തിക്കൊണ്ട് ചോദിച്ചു. 

"അയ്യോ സാറേ....എന്റെ മോളെയാ സാറേ അവര് പിടിച്ചോണ്ട് പോയെ. ദാ...ഇപ്പൊ അങ്ങോട്ട് പോയതേയുള്ളു...വേഗം പോയാ കിട്ടും സാറേ."

കാറ് പോയ ദിശയിലേക്ക് ചൂണ്ടിക്കൊണ്ട് അവൾ പോലീസുകാരന്റെ കാൽക്കൽ വീണു നിലവിളിച്ചു.

"നിന്റെ മോളോ?? നിനക്കെവിടാടീ മോള്?"

പഴയ പതിവുകാരനായ പോലീസുകാരൻ അവളെ കാല് കൊണ്ടു തട്ടിമാറ്റി.

"എന്റെ അക്കച്ചീടെ മോളാ സാറേ. സ്‌കൂളീ പോണ കൊച്ചാ. അതിനെ പോറ്റാനാ അക്കച്ചി ഊണുമുറക്കോം കളഞ്ഞു കഷ്ട്ടപെടുന്നേ. രക്ഷിക്കണേ സാറേ..."

"അത് വല്ല ലൈൻ കേസാവും സാറേ. നമ്മളിപ്പോ പെട്രോൾ കത്തിച്ചു പോയിട്ട് കാര്യോന്നുണ്ടാവില്ല..."

ജീപ്പിന്റെ മുൻസീറ്റിൽ നിന്നിറങ്ങിയ ചെറുപ്പക്കാരൻ എസ്‌.ഐയോടായി പോലീസുകാരൻ പറഞ്ഞു.

"അല്ല സാറേ അതൊന്ന്വല്ല...അവന്മാരെ എനിക്കറിയാം. എന്നെ ഇടയ്ക്കൊക്കെ വിളിച്ചോണ്ട് പോകുന്നതാ. അപ്പഴൊക്കെ   ആ വീട്ടില് ഇത് പോലൊള്ള കൊച്ചു പെമ്പിള്ളേരെ ഞാൻ കണ്ടിട്ടുള്ളതാ. എന്റെ മോളെ രക്ഷിക്കണം സാറേ..."

അവൾ എസ്.ഐയ്ക്ക് നേരെ കൈകൂപ്പി തൊഴുതു.

"അപ്പൊ അതാണ് പ്രശ്നം. ഫീൽഡിൽ ന്യൂജൻ പിള്ളേര് വരുമ്പോ ഈ സീനിയർ നടന്മാർക്കുള്ള ഒരു ചൊറിച്ചിലുണ്ടല്ലോ; ഏത്...നമ്മടെ ചാൻസ് പോവോന്നുള്ള പേടി. അതാണ് ലൈൻ."

എസ്.ഐ.  പോലീസുകാരനെ നോക്കി കണ്ണിറുക്കി.

"പുന്നാര മോളെ...വേഗം സ്ഥലം കാലിയാക്കാൻ നോക്ക്. ഇല്ലേൽ തൂക്കിയെടുത്ത് അകത്തിടും  ഞാൻ. അവടെ മറ്റേടത്തെ സദാചാര പ്രസംഗം.  വണ്ടിയെടുക്കെടോ..."

കുത്തിപ്പിടിച്ച അവളുടെ മുടിയിലെ പിടി വിട്ട്  എസ്‌.ഐ. ജീപ്പിലേക്കു ചാടിക്കയറി.

തല കുമ്പിട്ടിരിക്കുന്ന മരതകത്തിന്റെ ചുമലിൽ അയാൾ കൈ വെച്ചു. പതിയെ ഉയർന്ന കലങ്ങിയ കണ്ണുകളിലേക്ക് നോട്ടം  കുത്തിയിറക്കിക്കൊണ്ട് അയാൾ ചോദിച്ചു -
"നിന്റെ റേറ്റ് എത്രയാന്നാ പറഞ്ഞേ?" 

No comments:

Post a Comment