Sunday 16 February 2020

ന്യൂ ജനറേഷന്‍

ഗ്രാമത്തിനും, ഗ്രാമം  ലക്ഷ്യമാക്കി അതിവേഗം വളരുന്ന നഗരത്തിനും ഇടയിലാണ് ദാമുവിന്‍റെ തൊഴിലിടമായ ഷോപ്പിംഗ്‌ മാൾ. വര്‍ഷാവര്‍ഷമുള്ള കൃഷിനാശവും വിളകളുടെ വിലയിടിവും കാരണം  കൃഷിയുപേക്ഷിച്ച്  മറ്റു ജോലികള്‍ തേടി നഗരത്തിലേക്ക് ചേക്കേറിയ അനേകം ഗ്രാമീണരിലൊരാളാണ് ദാമു.


"ഇങ്ങടെ മാളിന്‍റെ  പരസ്യം വന്ന പേപ്പറും പൊക്കിപ്പിടിച്ച്, ഇന്റെ അഛന്‍റെ ആപ്പീസ് കണ്ടോന്നും പറഞ്ഞ്,  നാടൊട്ടുക്കും ഓട്ടായിരുന്നു ചെക്കന്‍....ഇങ്ങക്ക് ഒരീസം ഓനെ ആടെയൊന്ന് കൊണ്ടോയിക്കൂടെ? നല്ല പൂതിണ്ട് ചെക്കന്."


ഉച്ചക്കലേക്കുള്ള ഭക്ഷണപ്പൊതി അയാളുടെ ബാഗിൽ തിരുകി കൊണ്ട് ഭാര്യ പറഞ്ഞു.


ഗ്രാമത്തിന്റെ അതിര് വിട്ട് ഏറെയാെന്നും പോയിട്ടില്ലാത്ത മകനും, അതിലുപരി  ഭാര്യക്കും, തന്‍റെ ജോലിസ്ഥലം കാണാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് അയാള്‍ക്കറിയാം. കൊണ്ട് പോകാൻ പലവട്ടം തുനിഞ്ഞതുമാണ്. പക്ഷെ, എന്തോ ഒന്ന് അയാളെ പിന്നോക്കം വലിച്ചു കൊണ്ടിരുന്നു.


"ദാമ്വോ...നിന്‍റെ ചെക്കനല്ലേ അത്."


മൂന്നാം നിലയിലെ തറ തുടക്കുമ്പോൾ,  നാണ്വേട്ടന്‍റെ ചോദ്യം കേട്ടാണ് അയാൾ താഴേക്കു നോക്കിയത്.


സ്കൂള്‍ യൂണിഫോമിലുള്ള മകനും മറ്റൊരു പയ്യനും  കൂടെ  രണ്ടാം നിലയിലെ ഗള്‍ഫ്‌ ബസാറിലേക്ക് കയറി പോയി.


"ഓൻ വരണത് നെന്നോട് പറഞ്ഞില്ലായിനോ??"


മുഖത്തെ ഭാവമാറ്റം ശ്രദ്ധിച്ചിട്ടാണ്‌  നാണ്വേട്ടന്‍ ചോദിച്ചത്.


"ഇപ്പഴ്ത്തെ പിള്ളേര്‍ടെയൊക്കെ  ഒരു ധൈര്യമേ... പഠിക്കാൻ വിട്ടാ ക്ലാസ്സീ കേറാണ്ടെ തോന്ന്യേടം നെരങ്ങി നടക്കാ. നമ്മക്കൊന്നും കോളേജി പഠിക്കണ കാലത്തില്ല ഇത്രക്ക് ധൈര്യം. അച്ഛന്‍റെ വടിയുടെ ചൂടോര്‍ക്കുമ്പോ ഇപ്പഴും മുട്ടിടിക്കും..."  


നാണ്വേട്ടന്‍ കോളേജിലെന്നല്ല സ്കൂളില്‍ പോലും നേരാംവണ്ണം പോയിട്ടില്ലെന്ന് അറിയാമെങ്കിലും അയാളുടെ വാക്കുകൾ ദാമുവിന്റെയുള്ളിലെ തീ ആളിക്കത്തിച്ചു.


"നീയിപ്പോ അങ്ങട്ട് ചെന്ന് അലമ്പാക്കണ്ട. വീട്ടീ പോയി സമാധാനായിട്ടു ചോദിച്ചാ മതി. വേണേല്‍ രണ്ടെണ്ണം പൊട്ടിച്ചോ. ഇനി ഇമ്മാരി ചെയ്ത്ത് ചെയ്യാന്‍ തോന്നുമ്പോ ഓര്‍മ്മ വരണം. തല്ലി പോറ്റാത്തേന്‍റെ  കേടാ"


കയ്യിലെ കോലും നിലത്തിട്ടു താഴേക്ക്‌ കുതിക്കാനൊരുങ്ങിയ ദാമുവിനെ തടഞ്ഞു കൊണ്ട് നാണ്വേട്ടന്‍ പറഞ്ഞു.


"അല്ലേലും ഇപ്പഴ്ത്തെ  ഒരെണ്ണത്തിനും കുരുത്തം എന്നൊന്നില്ലടോ. എന്‍റെ എളയോനില്ലേ...ആ പോളീല് പടിക്കുന്നോന്‍. ഓൻ പഠിപ്പിന്‍റെടക്ക്   കറണ്ടിന്‍റെ പണിക്കൊക്കെ പോയി കൊറേ ഉണ്ടാക്കുന്നുണ്ട്. അക്കാശിനാ, പെട്ടി പോലെ കൊണ്ട് നടക്കണ കമ്പ്യൂട്ടറില്ലേ;  കഴിഞ്ഞാഴ്ച്ച അങ്ങനൊന്ന് വാങ്ങിച്ചെ.  പത്തുമുപ്പതിനായിരെങ്കില്വായിക്കാണും. ചോദിച്ചപ്പോ പറയാ അതില്ലാണ്ടെ പഠിക്കാനാവൂലാത്രേ. പിന്നേ....ഈ കുന്ത്രാണ്ടൊക്കെ ഇണ്ടായിട്ടാ നമ്മളിവടെ വരെത്ത്യേ? അത് പോട്ടെ....ഞാന്‍ മരുന്ന്  മേടിക്കാന്‍ ഇന്നലെ ഒരഞ്ഞൂറു  ചോയ്ച്ചപ്പോ ഓന്‍റെ കയ്യിലില്ല പോലും. കുരുത്തം കെട്ടോന്‍...."


ബിവറേജസില്‍ നിന്നും "മരുന്ന്" വാങ്ങാന്‍ കാശ് കൊടുക്കാതിരുന്ന മകനോടുള്ള നാണ്വേട്ടന്‍റെ  കലിയടങ്ങിയിരുന്നില്ല .


അന്ന് കാലത്ത്, സ്കൂളിലെ സയന്‍സ്  എക്സിബിഷനാണെന്നും പറഞ്ഞ് മുന്നൂറു  രൂപയും  വാങ്ങി പോയതാണ് മകൻ. പ്രതീക്ഷയത്രയും അവനിലായിരുന്നു. സാമ്പത്തികമായി  ഞെരുങ്ങുമ്പോഴും അവനെ അതൊന്നും അറിയിക്കാതെ വളര്‍ത്താനാണ് ശ്രമിച്ചത്. എന്നിട്ടും അവന്‍ തന്നോട് കളവ് കാണിച്ചു എന്നത് അയാള്‍ക്ക്‌ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഉള്ളില്‍ തിളച്ചു മറിയുന്ന  ദേഷ്യവും സങ്കടവും കൈകളിലേക്കാവാഹിച്ച് അയാള്‍ തറ അമര്‍ത്തിത്തുടച്ചു.


"ആള്‍ക്കാര്‍ടെ കാലിനെടെലാണോടാ നെന്‍റെയൊക്കെ വൃത്തിയാക്കല്..."


ഒറ്റത്തള്ളില്‍ അയാള്‍ തറയിലേക്ക് വീണു പോയി. വര്‍ണ്ണക്കടലാസ്സില്‍ പൊതിഞ്ഞ ചെറിയൊരു പെട്ടിയുമായി ഇറങ്ങി പോകുന്ന മകനെ ആ കിടപ്പിലാണ്  അയാൾ കണ്ടത്.


നന്നായി മദ്യപിച്ച്, രാത്രി ഏറെ വൈകിയാണ്  അയാൾ വീട്ടിലെത്തിയത്.


"എവടായിരുന്നു മനുഷ്യാ? വൈകുമ്പോ ഒന്ന് വിളിച്ചു പറഞ്ഞൂടെ? അങ്ങട്ട് വിളിച്ചാലാണേ എടുക്കൂലാ."


വാതില്‍ക്കല്‍ തടസ്സം നിന്ന ഭാര്യയെ തള്ളി മാറ്റിക്കൊണ്ട് അയാള്‍ അകത്തേക്ക് കയറി.


"അവനിത്രേം നേരം നിങ്ങളേം നോക്കിയിരിപ്പായിരുന്നു. ഇപ്പൊ അങ്ങ് പോയി കെടന്നേയുള്ള്..."


മകന്‍റെ മുറി ലക്ഷ്യമാക്കി ആഞ്ഞു നടക്കുമ്പോൾ പുറകില്‍ നിന്നും ഭാര്യ വിളിച്ചു പറഞ്ഞു. 


മുറിക്കകത്ത് കയറി അയാൾ വാതില്‍ കുറ്റിയിട്ടു. മകൻ കട്ടിലില്‍ കമിഴ്ന്നു കിടക്കുന്നു. കയ്യില്‍ കരുതിയ വടിയെടുത്ത് അവനെ തലങ്ങും വിലങ്ങുമടിക്കാന്‍ തുടങ്ങി. ഞെട്ടിയുണർന്ന മകന്‍ വാവിട്ടു കരഞ്ഞു. ഭാര്യയാകട്ടെ എന്താണ് സംഭവിച്ചതെന്നറിയാതെ വാതിലിൽ ഇടിച്ചിടിച്ചു നിലവിളിച്ചു തളർന്നു. ഒടുക്കം, രണ്ടായി മുറിഞ്ഞ വടി നിലത്തെറിഞ്ഞ് വാതില്‍ക്കലേക്ക് നടക്കുമ്പോഴാണ്  അയാൾ അത് കണ്ടത് - 


മകന്റെ പഠനമേശക്ക് മുകളിൽ, വര്‍ണ്ണക്കടലാസ്സില്‍ പൊതിഞ്ഞ ആ ചെറിയ പെട്ടി. അതിന് മുകളില്‍ ഒട്ടിച്ചു വെച്ച ചെറിയ കടലാസിലെ  കൈയ്യക്ഷരം അയാള്‍ തിരിച്ചറിഞ്ഞു -


"ഹാപ്പി ബര്‍ത്ത്ഡേ അച്ഛാ ..."


No comments:

Post a Comment