Thursday 20 February 2020

ഓണം സ്പെഷ്യൽ ട്രെയിൻ

"ഊശെൻറ്റപ്പാ...ഇപ്പെണ്ണെന്ത്ന്നായീ കാട്ട്ന്ന്..."  

വാതിൽക്കൽ നിൽക്കുന്ന ഫ്രീക്കൻ തന്റെ കളറടിച്ച തലയിൽ കൈ വെച്ച് പോയി. 

ട്രെയിൻ മുഴുവനായും നിൽക്കുന്നതിനു മുമ്പേ തന്നെ അവൾ പ്ലാറ്റഫോമിലേക്കു ചാടിയിറങ്ങിയതാണ്. ഒരുവിധത്തിലാണ് തെന്നി വീഴാതെ  ബാലൻസ് ചെയ്തത്.

തൽക്കാൽ ടിക്കറ്റും കൂടി കിട്ടാതായതോടെ ഇത്തവണത്തെ ഓണത്തിന് നാട്ടിൽ പോകുന്നില്ലെന്ന് തീരുമാനിച്ചിരുന്നതാണ്. പക്ഷെ ഇന്നലെ ഉച്ചക്ക് ഓഫീസിലിരുന്ന് അമ്മയെ വിളിച്ചപ്പോഴാണ് കുട്ടൻ വരുന്നുണ്ടെന്നറിഞ്ഞത്. പിന്നെ ഇരിപ്പുറച്ചില്ല.  വൈകിട്ട് ഓഫീസിൽ നിന്നും ഫ്ലാറ്റിൽ പോകാതെ നേരെ ഇറങ്ങിയതാണ്. ചെന്നൈ സെൻട്രലിലെ പ്രൈവറ്റ് ബസ്സുകളുടെ ബുക്കിങ് ഓഫീസുകൾ തോറും കയറിയിറങ്ങി മടുത്ത് നിൽക്കുമ്പോഴാണ് സ്‌പെഷൽ ട്രെയിനിനെ പറ്റി ആരോ പറഞ്ഞ് കേട്ടത്. നേരെ  സ്റ്റേഷനിലേക്കോടി. ക്യൂ നിന്നെടുത്ത ജനറൽ ടിക്കറ്റുമായി  പ്ലാറ്റഫോമിലെത്തിയപ്പോൾ ഓടാൻ തയ്യാറായി എഞ്ചിൻ ഇരച്ചു നിൽക്കുന്നുണ്ട്. സ്ലീപ്പർ ടിക്കറ്റിലേക്കുള്ള സ്ഥാനക്കയറ്റത്തിന് വിദൂര സാധ്യത പോലുമില്ലെന്ന് ഉറപ്പായിരുന്നിട്ടും അൽപം പുറകിലായി നിൽക്കുന്ന ടി.ടി.ഇ.ക്കടുത്തേക്ക് ഓടിച്ചെന്നു. "സ്ലീപ്പറിൽ ഒഴിവുണ്ടാവോ?" എന്ന ചോദ്യം മുഴുമിപ്പിക്കുന്നതിന് മുമ്പേ തന്നെ "ഇല്ല" എന്ന പരുഷ സ്വരത്തിലുള്ള മറുപടി കേട്ടതോടെ അവൾ തിരിഞ്ഞോടി എഞ്ചിന് തൊട്ട് പുറകിലെ കമ്പാർട്മെൻറ്റിൽ ചെന്ന് കയറി. വണ്ടി അനങ്ങി തുടങ്ങിയപ്പോൾ എവിടുന്നെല്ലാമോ വന്ന് ഓടിക്കയറിയവർ വാതിൽക്കൽ നിൽക്കുന്ന അവളെ അകത്തെ തിരക്കിനുള്ളിലേക്ക് തള്ളിക്കയറ്റി. സീറ്റിനു മുകളിലും സൈഡിലുമുള്ള റാക്കുകളൊക്കെ  ആളുകൾ ബെർത്താക്കി മാറ്റിയതിനാൽ ബാഗ് വെക്കാൻ പോലും സ്ഥലമില്ല. വടക്കെവിടെയോ നിന്നു വരുന്ന വണ്ടിയിൽ ഏതൊക്കെയോ പഴയ കോച്ചുകൾ ചേർത്ത് കെട്ടി സ്പെഷ്യൽ ട്രെയിനാക്കിയതാണ് -  കേന്ദ്രത്തിന്റെ വക പ്രവാസി മലയാളികൾക്കൊരു ഓണസമ്മാനം. സൂചി കുത്താനിടയില്ലാത്ത ആ തിരക്കിനിടയിലും തറയിൽ ആളുകൾ  കൂനിക്കൂടിയിരിപ്പുണ്ട്. പലപല ദേശക്കാർ, ഭാഷക്കാർ, പ്രായക്കാർ, തരക്കാർ, ആണും പെണ്ണും ഭിന്നലിംഗക്കാരും...ഇന്ത്യാ മഹാരാജ്യത്തിന്റെ പരിച്ഛേദം പോലൊരു കമ്പാർട്ട്മെന്റ്. വെള്ളം കണ്ട കാലം മറന്ന ചെമ്പൻ തലകൾക്കും അഴുക്കിന്റെ നിറമുള്ള വസ്ത്രങ്ങൾക്കുമിടയിൽ അവൾക്ക്  ശ്വാസംമുട്ടി. ഇറങ്ങി പുറപ്പെടാൻ തോന്നിയ നിമിഷത്തെ ശപിച്ചു കൊണ്ട് സീറ്റിൽ ചാരി നിൽക്കുന്ന അവളുടെ വിഷമാവസ്ഥ കണ്ടിട്ടാവണം  ഒരു പയ്യൻ  സീറ്റ് ഒഴിഞ്ഞു കൊടുത്ത്, മുന്നിലെ സീറ്റിനടിയിലേക്കു നൂണ്ടു കയറിപ്പോയി.  

ഇരുന്നപ്പോഴേ ഒന്നു ടോയ്‌ലെറ്റിൽ പോയി വരണമെന്ന് തോന്നിയതാണ്. പക്ഷെ സീറ്റിലേക്ക് നട്ടിരിക്കുന്ന അനേകം കണ്ണുകൾ അവളെ ഭയപ്പെടുത്തി. മുകളിൽ കിടക്കുന്നവർ തിരിയുകയും മറിയുകയും ചെയ്യുമ്പോഴുണ്ടാകുന്ന മരപ്പലകകളുടെ ഞരക്കങ്ങൾ ഏറെ വൈകിക്കിട്ടിയ ഉറക്കത്തെ ഇടക്കിടെ മുറിച്ചു. പഴകിയ പലകകൾ പൊട്ടി യാത്രക്കാരുടെ തലയിൽ വീണ സംഭവങ്ങളുടെ ഓർമ്മയിൽ അവൾ പേടിച്ചു. അടിവസ്ത്രത്തിൽ നനവ് പടരുന്നതറിഞ്ഞാണ്  മുറിഞ്ഞും കൂടിയുമുള്ള ആ ഉറക്കത്തിൽ നിന്നും മുഴുവനായും ഉണർന്ന് പോയത്. ബാഗിനകത്ത് കൈ കടത്തി തപ്പുന്നതിനിടയിൽ കഴിഞ്ഞ മാസത്തെ ഡേറ്റ്  ഓർത്തെടുക്കാൻ വെറുതെ ശ്രമിച്ചു നോക്കി. നാശം....ഡേറ്റും പാഡും അവൾക്ക് പിടികൊടുത്തില്ല. പിരീഡ്സായി വഴിയിൽ പെട്ടു പോകുന്ന സെയിൽസ് ഗേളിനെ കുറിച്ചുള്ള ഷോർട്ട് ഫിലിം കണ്ടതിന് ശേഷം ഒരു പാഡ് സ്ഥിരമായി ബാഗിലുണ്ടാകുന്നതാണ്. കഴിഞ്ഞ ദിവസം ഒരു സഹപ്രവർത്തകയുടെ ആവശ്യമറിഞ്ഞ് എടുത്ത് കൊടുത്തതാണ്. മറ്റൊരെണ്ണം എടുത്ത് വെക്കാനും മറന്നു. ഓഫീസിൽ നിന്ന് നേരെ ഇറങ്ങിയതിനാൽ മാറ്റിയിടാൻ പാന്റീസ് പോലുമില്ല. അവളുടെ കണ്ണുകൾ നിറഞ്ഞു. എന്ത് ചെയ്യണമെന്നറിയാതെ കുറച്ച് നേരം മുഖം പൊത്തിയിരുന്നു. പിന്നെ  നിവർന്നിരുന്ന് കണ്ണുകൾ തുടച്ച് കഴുത്തിൽ ചുറ്റിയ സ്റ്റോൾ അഴിച്ചെടുത്ത് നീളത്തിൽ മടക്കി. ബാഗെടുത്ത് സീറ്റിൽ വെച്ച് അവൾ ടോയ്ലെറ്റിലേക്ക് നടന്നു.

പാലക്കാട് വിട്ടതോടെ വണ്ടിയിലെ തിരക്കൽപം കുറഞ്ഞിട്ടുണ്ട്.  വാതിൽക്കൽ കിടന്നുറങ്ങുന്നവരെ ചവിട്ടാതെ ഒരുവിധം ടോയ്‌ലെറ്റിനകത്ത് കയറിപ്പറ്റിയ അവൾ ശരിക്കും കരഞ്ഞു പോയി. പൈപ്പിൽ തുള്ളി വെള്ളമില്ല. വെള്ളമില്ലാത്തതൊന്നും കാര്യമാക്കാതെ ആരൊക്കെയോ കാര്യം സാധിച്ചു പോയതിനാൽ അസഹനീയമായ നാറ്റവുമുണ്ട്. ബാക്കിയുള്ള അൽപ്പം കുടിവെള്ളവുമെടുത്ത് വന്ന് മടക്കിയെടുത്ത സ്റ്റോൾ എങ്ങനെയൊക്കെയോ തിരുകി വെച്ചു. തിരികെ സീറ്റിൽ ചെന്നിരുന്ന അവൾ എപ്പോഴോ മയങ്ങിപ്പോയി. 

ഉണർന്നപ്പോൾ നേരം വെളുത്ത് തുടങ്ങിയിരുന്നു. ചുറ്റുമിരിക്കുന്നവരിൽ പലരും മാറിയിട്ടുണ്ട്. കാലുകൾക്കിടയിൽ നനവ് പടരുന്നുണ്ട്. നനഞ്ഞു കുതിർന്ന തുണിയിൽ നിന്നും നാറ്റം വരുന്നുണ്ടോ?  മാന്യ വസ്ത്രധാരികളായ ചില പുതിയ സഹയാത്രികർ തന്നെ നോക്കി മുഖം ചുളിക്കുന്നതായി തോന്നിയതോടെ അവൾ പതുക്കെയെണീറ്റു. പിൻഭാഗം മറയുന്ന രീതിയിൽ ബാഗ്‌ പരമാവധി താഴ്ത്തിയിട്ടാണ് അവൾ വാതിൽക്കലേക്ക് നടന്നത്.

പുറത്തെ ഇരുട്ട് മുഴുവനായും മാറിയിട്ടില്ല.  പ്രവർത്തിച്ചു തുടങ്ങിയ അടുക്കളകളിൽ നിന്നുള്ള വെട്ടം അങ്ങിങ്ങായി കാണാം. അവൾക്ക് പെട്ടെന്ന് അമ്മയെ ഓർമ്മ വന്നു. തുറന്നിട്ട വാതിലിന്റെ ഇരു വശങ്ങളിലായുള്ള കമ്പികളിൽ പിടിച്ച് അവൾ അൽപം മുന്നോട്ടാഞ്ഞു നിന്നു. മുഖത്തേക്ക് വീശിയ തണുത്ത കാറ്റ് കൺകോണിൽ ഉരുണ്ടു കൂടിയ കണ്ണീർത്തുള്ളികളെ തട്ടിത്തെറിപ്പിച്ചു.

ആദ്യ ദിവസത്തിന്റെ വേദനയും അത്രയും നേരം മൂത്രമൊഴിക്കാതെ പിടിച്ചു വെച്ചതിന്റെ കടച്ചിലും ചേർന്ന് അടിവയറ്റിലെ വേദന അസഹനീയമായിരുന്നു. എങ്ങനെയെങ്കിലുമൊന്ന് ടോയ്ലെറ്റിലെത്തിയാൽ മതിയെന്ന അവസ്ഥയിലായിരുന്നു അവൾ.
സ്ത്രീകളുടെ വെയിറ്റിങ്ങ് റൂമിന്റെ ബോർഡ് കണ്ടതോടെ മറ്റൊന്നുമാലോചിക്കാതെ ചാടി ഇറങ്ങിപ്പോയതാണ്. 

ഓടിച്ചെല്ലുമ്പോഴുണ്ട് വാതിൽക്കൽ തന്നെ  ഒരുത്തൻ കയ്യും കാലുമൊക്കെ നീട്ടി വിശാലമായി കമിഴ്ന്നു കിടക്കുന്നു.

"ഈ പാമ്പിനെയൊന്നും പിടിച്ച്  മാളത്തിലാക്കാൻ ഇവിടാരൂല്ലേ...."

കാശ് വാങ്ങാനിരിക്കുന്ന ചേച്ചിയുടെ  വകയാണ് കമന്റ്. അയാളെ കവച്ചു വെച്ച് അകത്തു കടന്നപ്പോഴുണ്ട് എല്ലാ ടോയ്‌ലെറ്റിന്റെയും വാതിലുകളിൽ ഒന്നും രണ്ടും പേർ വീതം ഊഴം കാത്തു നിൽക്കുന്നു. അവളുടെ വിഷമാവസ്ഥ മനസിലാക്കിയതോടെ ഒരു ചേച്ചി ഒഴിഞ്ഞു കൊടുത്തതിനൊപ്പം കൈയ്യിലുണ്ടായിരുന്ന ഒരു പാഡും നൽകി. റെസ്റ്റ് റൂമിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ വാതിൽക്കൽ പാമ്പിനെ കണ്ടില്ല. വല്ലവരും പിടിച്ചു മാളത്തിലാക്കി കാണണം.

ബാഗിൽ നിന്നും ഫോണെടുത്ത്  നോക്കി. അച്ഛന്റെ വിളിയൊന്നുമില്ല. അങ്ങോട്ട് വിളിച്ചിട്ട് കണക്ടാവുന്നുമില്ല. "ഇറങ്ങി" എന്നൊരു മെസേജുണ്ട്. അത് വെച്ച് നോക്കിയാൽ എത്തണ്ട നേരം കഴിഞ്ഞു. വഴിക്കു വല്ല റിട്ടയേർഡ് സഖാക്കളെയും കണ്ടു കാണും.  "ഈ മനുഷ്യനെ കൊണ്ട് തോറ്റെന്ന്" അമ്മയെ കൊണ്ട് നാഴികക്ക് നാൽപ്പത് വട്ടം പറയിക്കുന്ന അച്ഛന്റെ സ്വഭാവം അവൾക്ക് നന്നായറിയാം. തൽക്കാലം ആശ്വാസമുണ്ടെങ്കിലും വേദന ഇനിയും കൂടുന്നതിന് മുമ്പേ വീട്ടിലെത്തണം. അവൾ പുറത്തിറങ്ങി ഓട്ടോ പിടിച്ചു. സ്റ്റേഷന്റെ ഗേറ്റ് കടക്കുമ്പോഴാണ് അമ്മയുടെ കാൾ വന്നത്.

"ആ...അമ്മെ..."

"ഞാനാടി...എവിടെത്തി  നീ..?" ചെറിയച്ഛനാണ്‌.

"ഓട്ടോയിലാ ചെറിയച്ഛാ...ദാ ജസ്റ്റ്  സ്റ്റാർട്ട് ചെയ്തേള്ളു."

"ആ..നീ ഒരു കാര്യം ചെയ് ..നേരെ മിംസിലേക്കു പോന്നോ..."

"എന്താ...എന്താ പറ്റിയേ? അമ്മയെവിടെ...??" 

 "'അമ്മ ഇവിടുണ്ടെടി നീ വാ. വന്നിട്ട് പറയാം."

"പറയു ചെറിയച്ഛാ....പ്ലീസ്..." 

അവളുടെ ശബ്ദമിടറി. 

"പേടിക്കേണ്ടെടി...ഒന്നൂല്ല. അച്ഛൻ നിന്നെ കൂട്ടാൻ വന്നിരുന്നൂലോ. മൂപ്പരാ പ്ലാറ്റ്ഫോമിലൊന്നു കൊഴഞ്ഞ് വീണു. 
 മൈനർ അറ്റാക്കാന്നൊരു സംശയം പറഞ്ഞു ഡോക്ടറ്. അപ്പൊ ടെസ്റ്റാേളൊക്കെയൊന്ന് ചെയ്യാന്ന് കരുതി. അത്രേള്ളു." 

"ഏ..എന്നിട്ട്...എങ്ങനിണ്ട്പ്പോ  അച്ഛന്..."

തികട്ടിക്കയറി വരുന്ന തേങ്ങൽ കടിച്ചമർത്താൻ ശ്രമിച്ച് അവൾ പരാജയപ്പെട്ടു.

"അയ്യേ...കരയല്ലെടീ...ഞാൻ പറഞ്ഞില്ലെ. ഒന്നൂല്ല...ആരോ വെള്ളടിച്ച് പാമ്പായി കെടക്കാന്നാ ആളോള് ആദ്യം വിചാരിച്ചേ. അതോണ്ട് എത്തിക്കാൻ ലേശം വൈകി. ന്നാലും ഇപ്പൊ പേടിക്ക്യാനൊന്നൂല. നീ നേരെ ഇങ്ങു പോര്. നമ്മക്ക് ഒരുമിച്ചങ്ങ് പൂവാം"

ഓട്ടോക്കാരനോട് "മിംസിലേക്കാ പോണ്ടേ" എന്ന് പറഞ്ഞാെപ്പിച്ച്  മടിയിൽ വെച്ച ബാഗിലേക്ക്  അവൾ കമിഴ്ന്നു.

No comments:

Post a Comment