Sunday 10 February 2013

ആക്സിഡന്റ്

"ഡാ...ചായ എടുത്ത് വെച്ചിട്ടുണ്ട്.കുടിച്ചിട്ട് പോ.." കാര്‍ ഗേറ്റ് കടക്കുമ്പോള്‍ അകത്തു നിന്നും അമ്മ വിളിച്ചു പറയുന്നുണ്ടായിരുന്നു..ഇപ്പൊ തന്നെ സമയം നാല് മണി കഴിഞ്ഞു....നാലരയ്ക്കാണ് ഷോ...ഊണ് കഴിഞ്ഞു മയങ്ങിയതാ പണിയായത്.ഇന്നേതായാലും അവന്‍റെ വായിലിരിക്കുന്നത് മുഴുവന്‍ കേള്‍ക്കേണ്ടി വരും...

ചാറ്റല്‍ മഴയുണ്ട്.വാഹനങ്ങള്‍ പൊതുവേ കുറവ്‌.... ..........,.സ്പീഡോമീറ്റെറിന്‍റെ സൂചി തൊണ്ണൂര്‍ തൊട്ടു.സിഗ്നല്‍ ഗ്രീന്‍ ആണ്.ദൂരെ നിന്നെ കണ്ടു.കത്തിച്ചു വിട്ടിലെങ്കില്‍ കുറച്ചു നേരം സിഗ്നലില്‍ കിടക്കേണ്ടി വരും.കാല്‍ ആക്സിലെറ്ററില്‍ അമര്‍ന്നു.പെട്ടെന്നാണ് ഒരാള്‍ റോഡിലേക്കു കയറി നിന്ന് കൈ നീട്ടുന്നത് ശ്രദ്ധിച്ചത്.കാര്‍ അയാളെ കടന്നു മുന്നോട്ടു ചെന്നാണ് നിന്നത്.അയാള്‍ ഓടി വരുന്നുണ്ട്.പുറകിലായി ഒരാള്‍കൂട്ടം.എന്തോ ആക്സിടെന്‍റ് ആണെന്ന് തോന്നുന്നു.പെട്ടെന്നാണ് സിനിമയുടെ കാര്യം ഓര്‍മ  വന്നത്.അവര്‍ക്ക് വേറെ വല്ല വണ്ടിയും കിട്ടും.കാല്‍ വീണ്ടും ആക്സിലെറ്ററില്‍ അമരുമ്പോള്‍ മഴ തകര്‍ത്തു പെയ്യാന്‍ തുടങ്ങിയിരുന്നു.

തിയെറ്ററില്‍ എത്തിയപ്പോഴേക്കും പടം തുടങ്ങിയിരുന്നു.വണ്ടി പാര്‍ക്ക്‌ ചെയ്ത് അവന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു.റിംഗ് ചെയ്യുന്നതലാതെ അവന്‍ എടുക്കുന്നില്ല. ഒരുപാടു തവണ ശ്രമിച്ചു നോക്കി.മെസ്സേജിനു൦മറുപടിയില്ല.എത്താന്‍ വൈകി എന്ന് വെച്ച്...ഇത് കുറച്ചു കൂടി പോയി..ഇന്‍റര്‍വെല്‍ ആവട്ടെ പണി അപ്പൊ കൊടുക്കാം.സ്നാക്ക്സ് ബാറില്‍ നിന്നും ഒരു കാപ്പി വാങ്ങി അവിടെ സോഫയില്‍ പോയിരുന്നു.പുറത്ത്‌ മഴ തകര്‍ക്കുന്നുണ്ട്.

"ഹലോ....ഡാ...നീയെവിടാ..?? " മറുപടിയില്ല..."ഡാ..ഹലോ..."

"ഹലോ" അപ്പുറത്ത് ഒട്ടും പരിചിതമല്ലാത്ത ശബ്ദം.

"ഹലോ...രോഹന്‍ എവിടെ?? നിങ്ങള്‍?? "

"മോനെ..നിങ്ങള്‍ ആ പയ്യന്‍റെ സുഹൃത്താണോ?"

"അതെ..എന്താ?"

"അവനൊരു ആക്സിടെന്‍റ് പറ്റി...പേടിക്കാന്‍ ഒന്നുല.ഇപ്പൊ ഇവടെ സിറ്റി ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തിരിക്യ.."

അയാള്‍ പറഞ്ഞു മുഴുമിപ്പിക്കു൦ മുന്‍പേ ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു.
ഹോസ്പിറ്റലില്‍ എങ്ങനെ എത്തിയെന്നറിയില്ല.ഐ സി യു വിന്‍റെ വാതില്‍ക്കല്‍ തളര്‍ന്നിരിക്കുന്ന അവന്‍റെ അച്ഛനും അമ്മയും...ചുറ്റിലും ഒരുപാടു പരിചിത മുഖങ്ങള്‍... കുറെ ചോദ്യങ്ങള്‍....... """"""""",,,,,,,,,,,വേച്ചു വേച്ചു ഞാന്‍ തിരിഞ്ഞു നടക്കവേ ഒരു മധ്യ വയസ്ക്കന്‍ എന്‍റെ തോളില്‍ കൈ വെച്ചു.

"എന്നോടാണ് മോനെ നീ കുറച്ചു നേരത്തെ ഫോണില്‍ സംസാരിച്ചത്‌.,,മഴ ആയത് കൊണ്ട് വാഹനം കിട്ടാന്‍ ഒരുപാടു ബുദ്ധിമുട്ടി.കുറച്ചു വൈകിപോയെന്നാ ഡോക്റ്റര്‍ പറഞ്ഞത്‌,.ഇനിയെല്ലാം ദൈവത്തിന്‍റെ കയ്യിലാ..."

പടികളിറങ്ങുമ്പോള്‍ എന്‍റെ കാറിനു കൈ നീട്ടിയത് അയാളായിരുന്നു...എന്‍റെ രോഹന്‍.. .ഞാന്‍ കാരണം.......

ഞെട്ടിയുണരുമ്പോള്‍ ചുറ്റിലും ആകെ ബഹളം..ഇന്‍റെര്‍വെല്‍ ആയി.    പോക്കെറ്റില്‍ കിടന്നു ഫോണ്‍ റിംഗ് ചെയുന്നു.

"ഡാ..എവിടെയാ നീ?? അയാം റിയലി സോറി ഡിയര്‍.....,,തിയെറ്ററിലേക്ക് വരുമ്പോ വഴിയില്‍ ഒരാള്‍ വണ്ടിക്കു കൈ നീട്ടി..നോക്കുമ്പോ ഒരു ആക്സിടെന്‍റ് കേസ് ആണ്.മഴ ആയത് കൊണ്ട് വണ്ടി കിട്ടാതെ ബുദ്ധിമുട്ടി നില്‍കയിരുന്നു.ഒഴിയാന്‍ തോന്നിയില്ല...സമയത്ത് എത്തിയത് കൊണ്ട് പയ്യന്‍ രക്ഷപെടുമെന്ന ഡോക്റ്റര്‍ പറഞ്ഞെ..ആകെ തിരക്കായിരുന്നു.അതാ നിന്‍റെ കാള്‍ എടുക്കാന്‍ പറ്റാഞ്ഞെ.. ദേഷ്യത്തിലാ?? നീ ഒരു കാര്യം ചെയ്യ് ...വീട്ടിലേക്ക് വാ...ഞാന്‍ ഒന്ന് ഫ്രഷ്‌ ആവട്ടെ. നമുക്ക് സെക്കന്‍റ് ഷോക്കു പോകാം.

ബൈ പറഞ്ഞു ഫോണ്‍ വെക്കുമ്പോഴും യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്നു എനിക്കു മനസ്സിലായിരുന്നില്ല.

ഇന്‍റെര്‍വെല്‍ തീര്‍ന്ന ബെല്‍ അടിച്ചു.ആളുകള്‍ അകത്തേക്ക് കയറി തുടങ്ങി.ഞാന്‍ പുറത്തേക്കും.

പുറത്ത്‌ മഴ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു......