Tuesday 11 April 2017

ഓട്ടോക്കാരന്‍

റോഡിലേക്ക് ഇറങ്ങി നിന്ന്‌ കൈ കാണിച്ചിട്ടും കുറേയേറെ മുന്നോട്ട് ചെന്നാണ് ഓട്ടോ നിര്‍ത്തിയത്. പത്തിരുപത് മിനിട്ട് നേരത്തെ പരിശ്രമത്തിന് ശേഷം ആദ്യമായി നിർത്തിയ ഓട്ടോയാണ് എന്ന ഒറ്റക്കാരണത്താൽ പതഞ്ഞു പൊങ്ങിയ ദേഷ്യം കടിച്ചമര്‍ത്തി ഓടിച്ചെന്നു. ഞാൻ കയറുമ്പോഴേക്കും ഓട്ടോ നീങ്ങിത്തുടങ്ങി. ഒരു വിധത്തിലാണ് വീഴാതെ സീറ്റിലിരുന്നത്.

"തനിക്കെന്താടോ കണ്ണ് കണ്ടൂടെ...."

ദേഷ്യമടക്കാനായില്ല. പക്ഷെ   ഓട്ടോക്കാരന്റെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവുമുണ്ടായില്ല. അതോടെ ഞാനുമൊന്ന് മയപ്പെട്ടു.

"ചേട്ടാ...റെയില്‍വേ സ്റ്റേഷനിലേക്കാ.... മീറ്ററിട്ടില്ലാ...."

അയാളത് കേട്ടതായി പോലും ഭാവിക്കാത്തതിനാൽ ഞാന്‍ തന്നെ മീറ്റര്‍ കറക്കിയിട്ടു. എന്നിട്ടും അപ്പുറത്ത് അനക്കമില്ല.

റോഡിന്‍റെ ഇരുവശങ്ങളും തൊട്ട് വളഞ്ഞു പുളഞ്ഞ് സാമാന്യം വേഗത്തിലാണ് ഓട്ടോ പോകുന്നത്. ട്രെയിനിന്‍റെ സമയം അടുത്തതിനാല്‍  കൂടുതലൊന്നും പറയാതെ മുന്നിലെ കമ്പിയില്‍ മുറുകെ പിടിച്ചിരുന്നു. കഷ്ടി ഒരു കിലോമീറ്റര്‍ പോയിക്കാണും. ഇട റോഡില്‍ നിന്നും കയറി വന്ന സൈക്കിളിനെ ഇടിച്ചു തെറിപ്പിച്ചാണ് ഓട്ടോ നിന്നത്.

റോഡിലേക്ക് തെറിച്ചു വീണ എന്നെ ഓടിക്കൂടിയവരിലാരോ പിടിച്ചെഴുന്നേല്‍പ്പിച്ചു. ചോരയൊലിപ്പിച്ചു  കിടന്ന സൈക്കിളുകാരന്‍ പയ്യനുമായി ഒരു കാര്‍ ആശുപത്രിയിലേക്ക് ചീറിപ്പാഞ്ഞു പോയി. ഓട്ടോക്കാരൻ അപ്പോഴും ഹാന്‍ഡിലില്‍ മുറുകെപ്പിടിച്ചു കൊണ്ട് മുന്നിലേക്ക്‌ നോക്കി ഇരിക്കുകയാണ്. ചില്ലില്‍ ചെന്നിടിച്ചതാവണം, നെറ്റി മുറിഞ്ഞൊഴുകുന്ന ചോര അയാളുടെ മുഖത്താകെ പടര്‍ന്നിരുന്നു.

"ഇയാളാ....ഇയാള് തോന്നിയ പോലെ വണ്ടി ഓടിച്ചിട്ടാ  ഇതുണ്ടായെ...."

ഞാന്‍ ആരോടെന്നില്ലാതെ വിളിച്ചു പറഞ്ഞു.

"ഇത്രയൊക്കെയായിട്ടും കൂളായി ഇരിക്കുന്ന കണ്ടില്ലേ....വല്ല കള്ളോ കഞ്ചാവോ ആയിരിക്കും."

ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ അഭിപ്രായപെട്ടു.

സ്ഥലത്തെത്തിയ ഹൈവേ പോലീസ്  ഓട്ടോക്കാരനെ വലിച്ചിറക്കി ജീപ്പിലേക്കു കൊണ്ട് പോയി. കയ്യിലും കാലിലും മുറിവ് പറ്റിയ എന്നെയും അവര്‍ ജീപ്പിലിരുത്തി.   ജീപ്പിലിരുന്ന് ഞാൻ പോലീസുകാരോട്  അപകടത്തെ പറ്റി വിവരിക്കുമ്പോഴും അയാള്‍ക്ക് യാതൊരു ഭാവഭേദവുമില്ല. ഞങ്ങളെ നേരെ ആശുപത്രിയിലേക്കാണ് കൊണ്ട് പോയത്.  മുറിവുകളില്‍ മരുന്ന് വെച്ച് കെട്ടി വിട്ടപ്പോൾ, പോലീസുകാർ പറഞ്ഞ പ്രകാരം, ഞാന്‍ നേരെ ട്രാഫിക് പോലീസ് സ്റ്റേഷനില്‍ ചെന്ന് ഓട്ടോക്കാരനെതിരേ വിശദമായൊരു പരാതിയും എഴുതി നല്‍കിയാണ്‌ വീട്ടിലേക്ക് പോയത്.

ആ സംഭവം കഴിഞ്ഞിട്ട് ഏതാണ്ട് മൂന്നു മാസം കഴിഞ്ഞു കാണും. ഇന്ന് തികച്ചും അപ്രതീക്ഷിതമായി അയാളെ വീണ്ടും കണ്ടപ്പോഴാണ് ഞാൻ ഇതെല്ലാം ഓർത്തെടുത്തത്.

"സാറിനെന്നെ മനസ്സിലായോ?"

പാസ്പോര്‍ട്ട് വെരിഫിക്കേഷൻ കഴിഞ്ഞ് പോലീസ് സ്റ്റേഷനില്‍ നിന്നും പുറത്തേക്കിറങ്ങുമ്പോൾ മുന്നിലേക്ക്‌  കയറി നിന്ന അയാളെ പെട്ടെന്ന് തിരിച്ചറിയാനായില്ല.

"സാറ് പണ്ട് എനിക്കെതിരെ ഇവിടെയൊരു പരാതി കൊടുത്തിട്ടുണ്ട്..."

ചിരിച്ചു കൊണ്ടാണ് അയാൾ പറഞ്ഞതെങ്കിലും ഞാന്‍ രണ്ടടി പുറകോട്ടു വെച്ചു.

"അയ്യോ സാറേ...ഞാൻ വഴക്കുണ്ടാക്കാന്‍ വന്നതൊന്നുമല്ല..."

എന്‍റെ ഭാവമാറ്റം ശ്രദ്ധിച്ചിട്ടാവണം അയാള്‍ കൈകള്‍ കൂപ്പിക്കൊണ്ട് അടുത്തേക്ക് വന്നു.

"സത്യം പറഞ്ഞാല്‍ എനിക്ക് സാറിനെ മനസിലായില്ല...അന്ന് ഞാന്‍ സാറിന്‍റെ മുഖം പോലും കണ്ടില്ലാരുന്നു. ആട്ത്തെ പോലീസുകാരാ സാറിനെ ഇപ്പോ കാണിച്ചു തന്നത്"

അതെ കോമ്പൗണ്ടിലുള്ള ട്രാഫിക് സ്റ്റേഷന് നേരെ അയാള്‍ വിരൽ ചൂണ്ടി.

"എനിക്ക് പിന്നെ വന്ന് കാണണന്ന്ണ്ടായിരുന്നു. ഞാൻ കാരണം കൊറേ ബുദ്ധിമുട്ടിയതല്ലേ. അന്നെന്താ ശരിക്ക് സംഭവിച്ചേന്ന് സാറിനോടെങ്കിലും പറയണന്ന് തോന്നി. പക്ഷെല് നടന്നില്ല. ഇപ്പൊ ഒരു പത്തു മിനിറ്റ് കാണ്വോ? ഇനി കണ്ടില്ലെങ്കിലോ"

അയാളുടെ പെരുമാറ്റവും സംസാരവും  എന്നിലെ ഭയം ഇല്ലാതാക്കിയിരുന്നു. ഞാന്‍ തലയാട്ടി സമ്മതമറിയിച്ചു.

"എന്നാ നമ്മുക്കങ്ങോട്ടിരിക്കാം സാറേ..."

അയാൾ  അടുത്തുള്ള ചായക്കടയിലേക്ക് നടന്നു. പുറകെ ഞാനും.

ഒരു സ്റ്റൂള്‍ വലിച്ചിട്ടു തന്നിട്ട് അയാൾ അരത്തിണ്ണയിലിരുന്നു.

"ചായ പറയട്ടെ സാറേ...."

മറുപടിക്ക് കാക്കാതെ തന്നെ രണ്ട് ചായ ഓര്‍ഡര്‍ ചെയ്ത് കഴിഞ്ഞു.

"അയ്യോ സാറേ ഞാന്‍ ചോദിക്കാന്‍ മറന്നു...അന്ന് സാറിന് വല്ലതും പറ്റിയായിരുന്നോ...?"

അയാള്‍ എനിക്കരികിലേക്ക് നീങ്ങിയിരുന്നു.

"ഏയ്‌..ഇല്ലാ...കുറച്ചു പോറി....അത്രേള്ളൂ..."

"സത്യം പറഞ്ഞാല്‍ അന്ന് ഞാന്‍ സാറിനെ കേറ്റാന്‍ വേണ്ടി നിര്‍ത്തിതല്ല. കൈ നീളുന്നത് കാണുമ്പോ അറിയാതെ നിര്‍ത്തിപ്പോയതാ...പത്തിരുപത് കൊല്ലായിട്ട്ള്ള ശീലല്ലേ..."

കടക്കാരന്‍ ചായ കൊണ്ട് തന്നു.

"അന്ന് വല്ലാത്തൊരു ദിവസായിരുന്നു സാറേ...കാലത്ത് കെട്ട്യോളാെന്ന് തല കറങ്ങി വീണിരുന്നു.  ആസ്പത്രീല്‍ കൊണ്ടോയപ്പോ ഓരവിടുന്നു സ്കാനൊക്കെ ചെയ്യിപ്പിച്ചു. വൈകിട്ട്
 അതിന്‍റെ റിപ്പോര്‍ട്ട് വാങ്ങാന്‍ പോയതാ...അപ്പോഴാ പറയുന്നേ ഓള്‍ക്ക് ബ്രെയിന്‍ ട്യൂമറാ... സീരിയസ്സാ... ഇനി കഷ്ടി ഒന്നോ രണ്ടോ മാസം കൂട്യേ ഉണ്ടാവൂന്നൊക്കെ... കണ്ണിലാകെ ഇരുട്ട് കേറിപ്പോയി സാറേ.... റിപ്പോര്‍ട്ടുങ്കൂടെ വാങ്ങാണ്ടെ ഇറങ്ങിപ്പോരണ വഴിക്കാ സാറ് കേറീത്..."

 ചൂട് ചായ ഒറ്റവലിക്ക് കുടിച്ചിട്ട് അയാൾ ചിറി അമര്‍ത്തിത്തുടച്ചു.

"ഓക്കെപ്പോം  തലവേന്യാര്‍ന്നു...പണീം കയ്ഞ്ഞു ഞാൻ ചെന്നു കേറുമ്പോ ഓള്  ചെലപ്പോ കെടക്കാവും. അപ്പം വരുന്ന കലിക്ക് വായിത്തോന്നുന്നതൊക്കെ പറയും.. ഇടക്ക് രണ്ടു പെടക്കേം ചെയ്യും... എന്നാലും ഓള് ഒന്നും മിണ്ടാണ്ടെ  ചെന്ന് ഇനിക്ക് തിന്നാനുള്ളതൊക്കെ എട്ത്ത് വെക്കും. പക്ഷെല് അന്നൊന്നും ഇനിക്കറിഞ്ഞൂടാരുന്നല്ലോ......."

കൈകളില്‍ മുഖമമര്‍ത്തി അയാള്‍ തേങ്ങിക്കരയാന്‍ തുടങ്ങി. ഞാന്‍ പതുക്കെ ചെന്ന് അയാളുടെ തോളില്‍ കൈ വെച്ചു.

"ഇല്ല സാറേ...എനിക്കിപ്പോ  വെഷമൊന്നൂലാ. ഓള്  പോയിട്ടിപ്പോ മാസം ഒന്ന് കയ്ഞ്ഞു. കണ്ണില്ലാത്തപ്പഴെ കണ്ണിന്‍റെ വെലയറിയൂന്നൊക്കെ പഴമക്കാര് പറയുന്നത് വെറുതെയല്ലാട്ടോ..."

 മുണ്ടിന്‍റെ കോന്തല കൊണ്ട് അയാള്‍ മുഖം തുടച്ചു.

"അന്ന് ഞാന്‍ ഇടിച്ചിട്ട പയ്യനില്ലേ. അത് ആരൂല്ലാത്തോനാ. ഞാക്കാണേൽ മക്കളോന്നൂല്ലാരുന്നു. അതോണ്ട് ഓനിപ്പോ ഇന്‍റെ കൂടെണ്ട്. അന്നോന്‍റെ രണ്ടു കാലിനും ഓപ്പറേഷന്‍ വേണ്ടി വന്നു. വണ്ടീന്റെ ഇന്‍ഷുറന്‍സൊന്നും കൃത്യം അടക്കാത്തോണ്ട് ഒന്നും കിട്ടീലാ. ഒടുക്കം ഞാനാ വണ്ടി കൊടുത്തു സാറേ. ഓന്‍റെ ചികില്‍സ കയ്ഞ്ഞുള്ള ബാക്കി കാശിനു ഒരു ഉന്തുവണ്ടി വാങ്ങിച്ചു. ഇപ്പൊ അതില് പച്ചക്കറി കൊണ്ട് നടന്നു വിക്കലാ. അങ്ങനങ്ങ് ജീവിച്ചു പോണു. തോറ്റ് കൊടുക്കാന്‍ പറ്റൂലാല്ലോ..."

മുന്നിൽ എണീറ്റ്‌ നിന്നപ്പോൾ അയാള്‍ക്ക് ഒരുപാട് ഉയരം വെച്ചത് പോലെ.

"എന്നാ ഞാന്‍ വിടട്ടെ സാറേ. നമ്മടെ ആ കേസ് തീര്‍ന്നെന്‍റെ പേപ്പര്‍ ഇവിടുന്നു കിട്ടണം...എന്നാലെ വണ്ടി വാങ്ങ്യോന്‍റെ പേരിലാക്കാന്‍ പറ്റൂ. ചായേന്‍റെ കാശ് ഞാന്‍ കൊട്ത്ത്ട്ട്ണ്ടേ"

കൈകള്‍ വീശിക്കാണിച്ച് അയാള്‍ വേഗത്തിൽ നടന്നകന്നു.

No comments:

Post a Comment