Sunday 30 April 2017

കമ്മൽ

"അള്ള്...നോക്കുമ്മാ ഇയ്യിക്കാക്ക കമ്മലിട്ട്ക്ക്ണ്......"
എതിർ സീറ്റിലിരിക്കുന്ന ഉമ്മക്കുട്ടി തന്‍റെ  അടുത്തിരിക്കുന്ന ഉമ്മയെ തോണ്ടി വിളിച്ചു.

തല മുഴുവനായും മറച്ച് താടിക്ക് കീഴെ പിൻ ചെയ്ത് വെച്ച മഫ്തയിലൂടെ കാണുന്ന കുഞ്ഞ് മുഖത്തിന് വല്ലാത്തൊരു ഓമനത്തം തോന്നി. അടുത്തിരിക്കുന്ന ഭാര്യയോട്  അത് പറയാനായി  തിരിഞ്ഞപ്പോഴാവണം ഉമ്മക്കുട്ടി എന്‍റെ  ഇടത് ചെവിയിലെ സ്റ്റഡ്‌ കണ്ടത്. ഏതായാലും "ചങ്ക് ബ്രോ ലുക്ക്" കിട്ടാൻ വേണ്ടി കാത് കുത്തുന്ന വേദനയും പിന്നെയത് 'പഴുത്ത' വേദനയും സഹിച്ച എനിക്കൽപം ക്ഷീണമായി. ഭാര്യയുടെ കൈമുട്ട് കൊണ്ടുള്ള പരിഹാസച്ചുവയുള്ള തട്ടും കൂടിയായപ്പോൾ പൂർത്തിയായി.
കൈയ്യിലെ സ്മാർട്ട് ഫോണിൽ ആകെ പൂണ്ടിരിക്കുന്ന ഉമ്മ  ഇടക്കൊന്ന് കരക്ക് കേറി എന്നെ നോക്കി ചിരിച്ച് തിരിച്ചിറങ്ങി പോയി. ഉമ്മക്കുട്ടിയപ്പോഴും മുൻനിരയിലെ പല്ലുകൾ ഒന്നു പോലുമില്ലാത്ത വായ പൊത്തി കുണുങ്ങി കുണുങ്ങി ചിരിക്കുകയായിരുന്നു.

"ഇന്‍റയ്ശ്വോ...കാത്ങ്ങനെ ഒയ്ച്ചിടാണ്ടെ അനക്കൊരു കമ്മലിടത്ത്ട്ടൂടെ... എത്ര ബർക്കത്ത്ണ്ടാവുന്നാ... ഇബ്ടെ ആങ്കുട്ട്യോള് വരെ കമ്മലിട്ട് നടക്ക്മ്പഴാ."

മുഖം മൊബൈലിൽ പൂഴ്ത്തി വെച്ച് തന്നെയാണ് അവരത്രയും പറഞ്ഞത്.
ജനലിനരികിലേക്ക് നീങ്ങിയിരിക്കുന്ന  കൗമാരക്കാരിയെ അപ്പോഴാണ് ശ്രദ്ധിച്ചത്. പർദ്ദ  തന്നെയാണ് വേഷം. തട്ടം തലയിൽ നിന്നൂർന്ന് കഴുത്തിൽ വീണു കിടക്കുന്നു. ആ സ്ത്രീ പറഞ്ഞത് ശരിയാണെന്നെനിക്കും  തോന്നി. അവളുടെ മെലിഞ്ഞു നീണ്ട മുഖത്തിന് കമ്മൽ നന്നായി ചേരും.
പുറം കാഴ്ചകളിൽ മുഴുകിയിരിക്കുകയായിരുന്ന അവൾ മറുപടിയൊന്നും പറയാതെ തട്ടമെടുത്ത് നേരെയിട്ടു. ഇപ്പോഴവളുടെ ഒഴിഞ്ഞ കാതുകളും മുഖവും എനിക്ക് കാണാനാവില്ല.

"അതിന് ഉമ്മാക്ക് കമ്മലൊക്കെണ്ടല്ലോ... പുത്യേത് മാറ്റി വാങ്ങാൻ ഉപ്പാക്ക് ഊരിക്കൊട്ത്തതാ... ല്ലേ ഉമ്മാ...?"

അവൾക്കും ജനലിനുമിടയിലായിരിക്കുന്ന മൊട്ടച്ചെറുക്കൻ മറുപടിക്കായി അവളുടെ മുഖത്തേക്കുറ്റ് നോക്കി.

"ഉമ്മാ..." എന്ന വിളി എന്നെ ശരിക്കും അദ്ഭുതപ്പെടുത്തി. എങ്ങനെ നോക്കിയാലും ആ പയ്യന്‍റെ  ഉമ്മയാകാനുള്ള പ്രായം പെൺകുട്ടിക്കുട്ടിക്കുണ്ടെന്ന് തോന്നിയില്ല.  "മമ്മീ" എന്ന് വിളിച്ചു കൊണ്ടോടി വരുന്ന കുട്ടിയെ കാണുമ്പോൾ ആശ്‌ചര്യത്തോടെ "ചർമ്മം കണ്ടാൽ പ്രായം തോന്നുകയേയില്ല" എന്ന് പറയുന്ന പരസ്യ ചിത്രം ഓര്‍ത്തെടുക്കുമ്പോള്‍   തട്ടത്തിന് പുറകിലെ ഈറനണിഞ്ഞ കണ്ണുകൾ  എനിക്ക് കാണാമായിരുന്നു.

No comments:

Post a Comment