Wednesday 5 April 2017

കൊച്ചമ്മാവന്‍

"കാത്തിരുന്ന് മുഷിഞ്ഞു കാണുമല്ലേ...?"

അച്ഛന്‍റെ ശബ്ദമാണ്.

"ഏയ്‌ ഇല്ല..ട്രെയിന്‍ ലേറ്റ് ആണെന്നറിഞ്ഞിരുന്നു...എത്തീട്ട് അധിക നേരമായില്ല."

ആ  ശബ്ദം  തന്നിലുളവാക്കിയ ഊര്‍ജ്ജ പ്രവാഹം അവളറിഞ്ഞു. അമ്മയുടെ തോളിലേക്ക് ചായ്ച്ചു വെച്ചിരുന്ന തല താനേ ഉയര്‍ന്നു. ഉറക്കം തൂങ്ങുന്ന കണ്ണുകള്‍ മിഴിഞ്ഞു....മുഖം നിറഞ്ഞ ചിരിയോടെ അവള്‍ നീട്ടി വിളിച്ചു....

"കൊച്ചമ്മാവാ...."

രണ്ടു മാസത്തെ വെക്കേഷന് റിയാദില്‍ നിന്നും നാട്ടിലേക്കുള്ള വരവിനു എപ്പോഴും  ഒരു ടൈം ടേബിളുണ്ടായിരുന്നു. അച്ഛന്‍റെ തറവാട്ടിലെ രണ്ടാഴ്ച്ചക്കാലത്തെ താമസത്തിനു ശേഷം ചെങ്ങന്നൂരുള്ള  അമ്മാത്തേക്കുള്ള യാത്ര മിക്കപ്പോഴും ട്രെയിനിലാവും. കൊച്ചമ്മാവന് അന്ന് കോട്ടയത്താണ് ജോലി. അത് കൊണ്ട് തന്നെ കോട്ടയം മുതല്‍ അവര്‍ക്കൊപ്പം കൊച്ചമ്മാവനും കാണും.

"ആഹാ...ഉണര്‍ന്നോ കണ്ണടക്കാരി..."

കൊച്ചമ്മാവന്‍ തന്‍റെ സ്വതസിദ്ധമായ കള്ളച്ചിരിയോടെ ചോദിച്ചു.

കണ്ണടക്കാരി-കൊച്ചമ്മാവന്‍ അവള്‍ക്കു ചാര്‍ത്തി നല്‍കിയ അനേകം വിളിപ്പേരുകളില്‍ ഒന്നു മാത്രമാണത്. തനിക്കുള്ള സമ്മാനപ്പൊതി ഒളിഞ്ഞിരിക്കുന്ന കൊച്ചമ്മാവന്‍റെ ബാഗിനു ചുറ്റും മൂളിപ്പറക്കുന്നതിനിടയില്‍ അവളാ ചോദ്യം കേട്ടതായി തോന്നിയില്ല. 

"എന്ത് കോലമാടീ....സ്വര്‍ണ്ണ കണ്ണടയും...കീറിയ ജീന്‍സും....ഹാ....കഷ്ടം"

കൊച്ചമ്മാവന്‍ വിടാന്‍ ഭാവമില്ല.

ഇത്തവണ ഏതായാലും ലക്‌ഷ്യം തെറ്റിയില്ല. അവളുടെ  മുഖത്തെ ചിരി മാഞ്ഞു. മൂക്ക് ചുവന്നു. ചുണ്ടുകള്‍ കൂര്‍പ്പിച്ച് താഴോട്ട് നോക്കിയിരിക്കുന്ന  അവള്‍ക്കു ശുണ്ഠി വന്നിരുന്നു. എങ്ങനെ വരാതിരിക്കും. പുത്തന്‍ ഗോള്‍ഡന്‍ ഫ്രെയിം കണ്ണടയും വെച്ച് ലേറ്റസ്റ്റ് ഫാഷന്‍ ജീന്‍സുമിട്ട് പൂര്‍ണ്ണ സംതൃപ്തിയില്‍ ഇരിക്കുമ്പോഴാണ് ഇങ്ങനൊരു കളിയാക്കല്‍.

അല്ലെങ്കിലും അവളെ ശുണ്ഠി പിടിപ്പിക്കുക, പറഞ്ഞു പറ്റിക്കുക എന്നിവയൊക്കെയാണ് കൊച്ചമ്മാവന്‍റെ പ്രധാന വിനോദങ്ങള്‍. സ്നേഹവും വാത്സല്യവും വാരിക്കോരി നല്‍കുന്ന വല്യമ്മാവനാണ് ഒരു വശത്തെങ്കില്‍ കളിക്കൂട്ടുകാരനായ കൊച്ചമ്മാവനാണ് മറുവശത്ത്. അവളോടുള്ള കൊച്ചമ്മവന്‍റെ കുസൃതി അളക്കാന്‍ ഇനി പറയുന്നത് തന്നെ ധാരാളം.

ചെങ്ങന്നൂര് നിന്നും കോട്ടയം വരെയും തിരിച്ചും ദിവസവും താന്‍ ആനപ്പുറത്താണ് യാത്രയെന്നാണ് കൊച്ചമ്മാവന്‍ അവളോട് പറഞ്ഞിരിക്കുന്നത്. ആനയെ കാണാനായി   ദിവസവും കൊച്ചമ്മാവന്‍റെ  വരവും കാത്തിരിക്കുന്ന അവള്‍ക്ക്   തൊടിയില്‍ കെട്ടിയിട്ടിരിക്കുന്ന ആനയെ അയാള്‍ ചൂണ്ടി കാണിച്ചു കൊടുത്തിരുന്നു. പക്ഷെ തൊടിയിലെ ഇരുട്ട് കാരണം അവള്‍ക്കൊരിക്കലും  ആനയെ കാണാന്‍ പറ്റാറില്ല. എന്നെങ്കിലും തൊടിയിലെ ഇരുട്ട് വറ്റുമെന്നും അപ്പോള്‍ തനിക്ക് ആനയെ കാണാനാവുമെന്നും കരുതി അവള്‍ ആ നോട്ടം തുടര്‍ന്ന് കൊണ്ടേയിരുന്നു. അത്രക്കും സ്വാഭാവികമായിട്ടായിരുന്നു കൊച്ചമ്മാവന്‍  അവളെയാ  "ആന നുണ" പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്.

ഇടയ്ക്കിടെ പിണങ്ങാറുണ്ടെങ്കിലും ദിവസവും വൈകിട്ട് അവള്‍ക്കുള്ള പുസ്തകവുമായി കയറി വരുന്ന കൊച്ചമ്മാവനെ അവള്‍ക്കേറെ ഇഷ്ടമായിരുന്നു.

                                     X--------------------------X------------------------X

വര്‍ഷങ്ങള്‍ക്കിപ്പുറം ദല്‍ഹിയിലെ ഒരു പ്രഭാതം.

ആന കൊമ്പ് കുലുക്കിക്കൊണ്ട് ഓടിയടുക്കുകയാണ്. കൊച്ചമ്മാവന്‍ നിലത്ത് മണ്ണില്‍ മലര്‍ന്നു കിടക്കുന്നു. തുമ്പിക്കൈ ചുരുട്ടി മസ്തകത്തോട് ചേര്‍ത്ത് വെച്ച് കൊണ്ട് ചുറ്റും കിടുങ്ങുമാറുച്ചത്തില്‍ ആന  ചിന്നം വിളിച്ചു.

അവള്‍ ഞെട്ടിയുണര്‍ന്നു. സൈഡ് ടേബിളില്‍ കിടന്നു മൊബൈല്‍ വൈബ്രേറ്റ് ചെയ്ത് കറങ്ങുന്നു.

അച്ഛനാണ്.

"അമ്മൂ....കൊച്ചമ്മാവന്‍ പോയെടീ....."

മൊബൈല്‍ വെട്ടം അണഞ്ഞതോടെ ഹോസ്റ്റൽ മുറിയിലെ ഇരുട്ടിന് കട്ടി കൂടിയതായി അവള്‍ക്കു തോന്നി. ഒരാനയെ ഒളിപ്പിച്ചു നിര്‍ത്താന്‍ മാത്രം കട്ടിയുള്ള ഇരുട്ട്. അവളുടെ ചെവികളിലപ്പോഴുമാ ആനയുടെ  ചിന്നം വിളി മുഴങ്ങിക്കൊണ്ടിരുന്നു.








No comments:

Post a Comment