Thursday 29 December 2016

ടോക്കണ്‍

പാസ്പോര്‍ട്ട്‌ സേവാകേന്ദ്രത്തിന്‍റെ എക്സിറ്റ് കൌണ്‍ടെറില്‍ നിന്നും "പാസ്പോര്‍ട്ട് ഗ്രാന്‍റഡ്" എന്നെഴുതിയ സ്ലിപ്പും കൈപ്പറ്റി പുറത്തു കടക്കുമ്പോള്‍ നേരം ഒരു മണി. വിശപ്പ്‌ അതിന്‍റെ പാരമ്യതയിലെത്തി നില്‍ക്കുന്നു. ഏറ്റവും അടുത്ത ഭക്ഷണശാലയായി  'ഗൂഗിള്‍'  പറഞ്ഞു തന്നിടത്തേക്ക് നടക്കുവാനുള്ള  ദൂരമേയുള്ളൂ എന്നു ഓട്ടോക്കാരന്‍  പറഞ്ഞെങ്കിലും അതെ ഓട്ടോയില്‍ തന്നെ ഞാന്‍ ഹോട്ടലിനു മുന്നില്‍  ചെന്നിറങ്ങി.

റോഡിലേക്ക് നീണ്ടു കിടന്ന ക്യൂ കണ്ടപ്പോള്‍ തന്നെ തല കറങ്ങി. പക്ഷെ  ഇനി മറ്റൊരിടം കണ്ടെത്താനുള്ള ത്രാണി  ഇല്ലാത്തതിനാല്‍  ഞാനാ വരിയുടെ അറ്റത്ത് ചെന്ന് നിന്നു. ഒടുവില്‍ വരി ചുരുങ്ങിച്ചുരുങ്ങി കൌണ്ടെറില്‍ എത്തിയപ്പോള്‍, ഏ.ടി.എം. കാര്‍ഡ്‌ സ്വൈപ് ചെയ്ത് ഞാന്‍ 'ക്യാഷ് ലെസ്സ് ഇക്കോണമിക്ക്'  ഐക്യദ്ധാര്‍ട്യം പ്രകടിപ്പിക്കുകയും ബാങ്കിന് നല്‍കേണ്ടി വരുന്ന സര്‍വീസ് ചാര്‍ജിനെ കുറിച്ചോര്‍ത്ത് കാഷ്യര്‍ മുഖം കറുപ്പിക്കുകയും ചെയ്തു.  ഓഫീസിനടുത്തുള്ള 'അന്നപൂര്‍ണ്ണയില്‍' നിന്നും ഒരാഴ്ച്ചത്തേക്ക്  ഉച്ചയൂണ് കഴിക്കാനുള്ള തുക കയ്യിലെ ടോക്കണില്‍ ഒരുമിച്ച്  കണ്ട എന്‍റെ  കണ്ണുകള്‍ തള്ളി.

പടികള്‍ കയറി ചെല്ലുന്ന ഹാളില്‍ നിറയെ ആളുകളാണ്. ഭക്ഷണ മുറിയുടെ വാതില്‍ക്കലൊരു ശുഭ്ര വസ്ത്രധാരി നില്‍പ്പുണ്ട്. അയാള്‍ തന്‍റെ കയ്യിലെ കടലാസ്സു നോക്കി വിളിക്കുന്ന ടോക്കണ്‍ നമ്പറുകളനുസരിച്ചാണ് അകത്തേക്ക് ആളുകളെ കയറ്റി വിടുന്നത്. നമ്പറിട്ട് കിട്ടാന്‍ കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച ടോക്കണുകളുമായി ശുഭ്ര വസ്ത്രധാരിക്ക്‌ ചുറ്റും  തിക്കിത്തിരക്കുന്ന ആള്‍ക്കൂട്ടത്തിലേക്ക് ഞാനും ചേര്‍ന്നു. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം '68' എന്നു എഴുതിക്കിട്ടിയ ടോക്കണുമായി ഹാളില്‍ നിരത്തിയിട്ടിരിക്കുന്ന ബെഞ്ചുകളില്‍ ഒന്നില്‍ ഒരിടം കണ്ടെത്തി.

ആളുകള്‍ വീണ്ടും വീണ്ടും വന്നു കൊണ്ടിരുന്നു. ചിലര്‍ വന്ന അതെ വേഗതയില്‍ ഇറങ്ങി പോകുന്നു. മറ്റു ചിലര്‍ ആ ശുഭ്ര വസ്ത്രധാരിയോട് കയര്‍ക്കുന്നുണ്ട്. എന്നാല്‍ ഭൂരിപക്ഷവും, അയാളെ പോലെ, കയ്യില്‍ ടോക്കണ്‍ ഉള്ളതിനാല്‍ അല്പം വൈകിയാലും ഭക്ഷണം കിട്ടുമല്ലോ എന്നോര്‍ത്ത് സമാധാനിച്ച്, സാമാന്യത്തിലധികം നീളമുള്ള ഒരു നെടുവീര്‍പ്പില്‍ എല്ലാ അക്ഷമയുമൊതുക്കി കാത്തിരുന്നു.

മൊബൈലില്‍ തുറന്നു വെച്ച ഫേസ്ബുക്ക് പേജിലൂടെ വിരലുകള്‍  അതിവേഗം ചലിച്ചു. അതിനിടയിലെവിടെയോ  യുദ്ധഭൂമിയായ സിറിയയില്‍  ഏതോ സന്നദ്ധ സംഘടന വിതരണം ചെയ്യുന്ന ഭക്ഷണ പൊതികള്‍ക്കായി ഉയര്‍ത്തിപ്പിടിച്ച കൈകളുമായി തിരക്ക് കൂട്ടുന്ന ഒരു ജനക്കൂട്ടത്തിന്‍റെ ചിത്രം ഞാന്‍ കണ്ടു. പക്ഷെ ആ ചിത്രത്തിലെ  കൈകളിലൊന്നും ടോക്കണുകളുണ്ടായിരുന്നില്ല. അതിനാലാവാം,  ഒരേ ഛായയുള്ള  ആ മുഖങ്ങളിലൊന്നും തന്നെ ദിവസങ്ങളായി സംഭരിച്ചു വെച്ച വിശപ്പിനെ ശമിപ്പിക്കാമെന്ന വ്യാമോഹവുമുണ്ടായിരുന്നില്ല.

ഊഴമനുസരിച്ച് അകത്തു കയറിയ എനിക്ക്‌ മുന്നില്‍ ഒന്നിലധികം പേര്‍ക്ക് കഴിക്കാനുള്ള വിഭവങ്ങള്‍ നിരത്തപ്പെട്ടു. ഒടുവില്‍, ഞാന്‍  വേണ്ടെന്നു പറയാഞ്ഞതും വിളമ്പുകാരന്‍ വേണമോയെന്ന് ചോദിക്കാതെ തന്നെ വിളമ്പിയതുമായ  വിഭവങ്ങളില്‍ മിക്കതും ബാക്കി വെച്ച് എണീറ്റു. അപ്പോഴും ടോക്കണില്ലാത്ത കൈയ്യുകള്‍ വായുവില്‍ ഉയര്‍ന്നു തന്നെ നിന്നു.



 

2 comments:

  1. ഒന്നുകൂടി നന്നാക്കാമായിരുന്നോ എന്ന് തോന്നി. നല്ല ഇതിവൃത്തമാണ്. ആശംസകള്‍

    ReplyDelete
    Replies
    1. theerchayaayum...thnks for the comment...will try to improve

      Delete