Monday 19 December 2016

സ്വാതന്ത്ര്യ ദിനം

റെയില്‍ പാളത്തിനു സമാന്തരമായി കിടക്കുന്ന ഒറ്റയടിപ്പാതയിലൂടെ സാമാന്യം വേഗതയിലാണ് അയാളുടെ നടപ്പ്. പാതയോരത്ത്, പുലര്‍ച്ചെ പെയ്ത മഴയുടെ ഓര്‍മ്മയും പേറി  കുതിര്‍ന്നു നില്‍ക്കുന്ന  പുല്ലുകള്‍ മടക്കിക്കുത്തിയ മുണ്ടിനു താഴെ നഗ്നമായ അയാളുടെ കാലുകളെ അലോസരപ്പെടുത്തി. ഇടയ്ക്കു കീശയില്‍ നിന്നും മൊബൈല്‍ ഉയര്‍ത്തി സമയം നോക്കിയ അയാള്‍ നടത്തത്തിന്‍റെ  വേഗത പിന്നെയും കൂട്ടി.

തിരക്കിട്ട് പാളം മുറിച്ചു കടക്കുന്നതിനിടയിലാണ് അയാള്‍ കാലുടക്കി കമിഴ്ന്നടിച്ചു വീണത്. കൂര്‍ത്ത കരിങ്കല്‍ കഷ്ണങ്ങളിലമര്‍ന്നു കാല്‍മുട്ടില്‍ ചോര കിനിയുന്നതയാളറിഞ്ഞു. ഒരു വിധത്തിലെഴുന്നേറ്റു വളരെ പ്രയാസപ്പെട്ടാണ് പാളത്തിലെ വിള്ളലില്‍ കുരുങ്ങിപ്പോയ ചെരുപ്പ് വലിച്ചെടുത്തത്. ആ വിള്ളലിന് സാമാന്യം വലിപ്പമുണ്ടായിരുന്നു. തിരികെ സ്റ്റേഷന്‍ വരെ ചെന്ന് ഈ വിവരം പറയാമെന്നു കരുതിയെങ്കിലും സമയത്തെക്കുറിച്ചുള്ള ബോധം അയാളെ പിന്തിരിപ്പിച്ചു. ചോരയൊലിക്കുന്ന കാലുകള്‍ വലിച്ചു വെച്ച് അയാള്‍ ധ്രിതിയില്‍ നടന്നു.

ഓഫീസിലേക്ക് തിരിയും മുന്‍പേ, എതിരെ ഓടിപ്പോയ ആള്‍ക്കൂട്ടത്തില്‍ നിന്നും പാളം തെറ്റിയ തീവണ്ടിയെ പറ്റി അയാളറിഞ്ഞിരുന്നു.

പാറിപ്പറക്കുന്ന പതാകയുടെ മുന്നില്‍, സമയം തെറ്റാതെ പതാകയുയർത്താൻ സാധിച്ചതിലുള്ള കൃതാർത്ഥതയോടെ, അയാള്‍ അറ്റെന്‍ഷനില്‍ നിന്നു. നിറഞ്ഞു പെയ്ത ദേശീയബോധം അയാള്‍ക്കുള്ളിലെ കുറ്റബോധത്തിന്‍റെ  കറ കഴുകി കളഞ്ഞു.  റെയിൽ പാളത്തിൽ നിന്നുമുയരുന്ന രോദനങ്ങളെ മുക്കിക്കളഞ്ഞു കൊണ്ട്  അയാളുടെ കീശയിലെ ചൈന മൊബൈല്‍ ഉറക്കെയുറക്കെ ഇന്ത്യൻ ദേശീയ ഗാനം പാടിക്കൊണ്ടിരുന്നു.



     

No comments:

Post a Comment