Saturday 24 December 2016

സമത്വം

ശനിയാഴ്ച്ച, ജോലി കഴിഞ്ഞു വീട്ടിലെത്തിയ അയാളെ വസ്ത്രം മാറ്റാന്‍ കൂടെ സമ്മതിക്കാതെ ഭാര്യ വലിച്ചു കൊണ്ട് പോയത് നഗര ഹൃദയത്തില്‍  സ്ഥിതി ചെയ്യുന്ന ടൌണ്‍ ഹാളിലേക്കാണ്. അവര്‍ കടന്നു ചെല്ലുമ്പോള്‍ വേദിയില്‍ മുഖ്യ പ്രഭാഷക  കത്തിക്കയറുകയാണ്. അവര്‍ക്കു പുറകിലായി വലിച്ചു കെട്ടിയ ഫ്ലെക്സില്‍ "വനിതാ ദിനം-സെമിനാര്‍" എന്നെഴുതിയത് വായിച്ച അയാള്‍ ഭാര്യയുടെ മുഖത്തേക്കൊന്നു പാളി നോക്കി.

"പൂച്ചക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം" എന്ന മട്ടിലുള്ള ആ നോട്ടത്തിനു മറുപടിയായി  "നിങ്ങളെ പോലുള്ളവരാ മനുഷനേ ഇതൊക്കെ കേക്കണ്ടത്"   എന്നും പറഞ്ഞ്  അവര്‍  അയാളുടെ കൈയും പിടിച്ച്‌ മുന്നോട്ടു നടന്നു. മടിച്ചു മടിച്ചുള്ള  ആ നടപ്പിനിടയില്‍,  സ്ത്രീ രത്നങ്ങള്‍ തിങ്ങി നിറഞ്ഞ സദസ്സിനിടയില്‍ തന്നെ പോലെ "പണി കിട്ടിയ" ചില പുരുഷ പ്രജകളെയും അയാള്‍ കണ്ടു.

"ഈ നാട്ടിലെ പുരുഷന്മാരോടെനിക്ക് ഒന്നേ പറയാനുള്ളൂ...ഞങ്ങള്‍ സ്ത്രീകള്‍ക്ക് നിങ്ങളുടെ യാതൊരു ഔദാര്യവും വേണ്ട. ഒരു വിധത്തിലുള്ള പ്രത്യേക പരിഗണനയും ഞങ്ങള്‍ക്കു ആവശ്യമില്ല....ഞങ്ങള്‍ നിങ്ങള്‍ക്കു താഴെയാണ് എന്നു വരുത്തിത്തീര്‍ക്കാന്‍ കാലാകാലങ്ങളായി നിങ്ങള്‍ നടത്തുന്ന കുത്സിത  ശ്രമങ്ങള്‍  ഞങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.
ഒന്ന് നിങ്ങള്‍ മനസിലാക്കി കൊള്ളുക. ഞങ്ങളും നിങ്ങളും തുല്യരാണ്...ഒന്ന് ഇരുത്തി  ചിന്തിച്ചാല്‍ നിങ്ങള്‍ക്കും  ഒരുപടി  മുകളിലാണ് ഞങ്ങളുടെ സ്ഥാനം.."

പൊതുവേ എക്കോ കൂടുതലുള്ള ഹാളിന്‍റെ വയസ്സന്‍ ചുവരുകള്‍ വളയിട്ട കരങ്ങള്‍ തീര്‍ക്കുന്ന ഘോഷത്താല്‍ കുലുങ്ങി വിറക്കുമ്പോള്‍ അയാള്‍ കീശയില്‍ നിന്നും തന്‍റെ മൊബൈല്‍ ഫോണ്‍ പുറത്തെടുത്തു.

'ടെക്ക്-സാവി' ആയ ഭാര്യക്ക് വിദേശത്തുള്ള മകന്‍ പുതിയ സ്മാര്‍ട്ട്‌ ഫോണ്‍ അയച്ചു കൊടുത്തപ്പോഴാണ്‌ അയാള്‍ ഒരു മൊബൈല്‍ ഫോണ്‍ ഉടമയായത്. ആ പഴയ നോക്കിയ ഫോണില്‍  കാള്‍ ചെയ്യാനും ടോര്‍ച്ച് കത്തിക്കാനും റേഡിയോ കേള്‍ക്കാനും 'പാമ്പ് ഇര പിടിക്കുന്ന' കളി കളിക്കാനും പഠിക്കുന്നതിനിടയില്‍ ലോകം   3Gയും കടന്നു 4G ആയ വിവരമൊന്നും  അയാളറിഞ്ഞിരുന്നില്ല.

സീതാ ദേവിയില്‍ തുടങ്ങിയ  മലാലയില്‍ എത്തി നില്‍ക്കുന്ന പ്രസംഗത്തിനൊപ്പം അയാളുടെ മൊബൈല്‍ പാമ്പിന്‍റെ നീളവും കൂടിക്കൂടി  വന്നു. ഒടുവില്‍ ചുവരില്‍ തലയിടിച്ചു  പാമ്പ് മരിച്ചതും  "വാ പോകാം"  എന്നും പറഞ്ഞു ഭാര്യ തോണ്ടി വിളിച്ചതും ഒരുമിച്ചായിരുന്നു.

ബസ്‌ സ്റ്റാന്‍ഡിലെത്തിയപ്പോള്‍ നാട്ടിലേക്കുള്ള ബസ്‌ പോകാന്‍ തയ്യാറായി കിടപ്പുണ്ട്.

"ഓ..അതില്‍ സീറ്റൊന്നുമില്ല. അടുത്തത് പത്ത്-പതിനഞ്ചു മിട്ടിനകം വരും... നമ്മുക്കതില്‍ പോകാന്നെ..."

എന്നും പറഞ്ഞു കൊണ്ട് അയാള്‍ സ്റ്റാന്‍ഡിലെ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് നടന്നു. അല്പമൊന്നു മടിച്ചെങ്കിലും പുറകെ  ഭാര്യയും. എന്നാല്‍ അര മണിക്കൂറോളം കഴിഞ്ഞ് അടുത്ത ബസ്‌ വന്നു നിന്നപ്പോഴാണ്  തന്‍റെ  അതെ പ്രതീക്ഷയില്‍ തന്നെയായിരുന്നു ചുറ്റും ഇരുന്നവരില്‍ ഭൂരിഭാഗവുമെന്ന്
അയാള്‍ക്ക് ബോധ്യപ്പെട്ടത്.

തിക്കിത്തിരക്കി കയറിയെങ്കിലും സീറ്റൊന്നും തരപ്പെടാതെ പരുങ്ങുമ്പോഴാണ് ഡ്രൈവറുടെ തൊട്ടു പിന്നിലെ സീറ്റിലിരുന്നു ഭാര്യ കൈ വീശി വിളിക്കുന്നത് അയാള്‍ കണ്ടത്. അവര്‍ അയാള്‍ക്കായി ഒരു സീറ്റ്‌പിടിച്ചിരുന്നു.

"ഞാനില്ലെങ്കിലിപ്പോ കാണായിരുന്നു...ഒരു നശിച്ച ബുദ്ധി...നേരത്തത്തെ ബസിനു പോയിരുന്നേലിപ്പോ വീടെത്തിയേനെ..."

ജാള്യത മറക്കാനായി അയാള്‍ മുഖം തിരിച്ച് പുറത്തേക്കു നോക്കിയിരുന്നു.

പതിയെ നീങ്ങിത്തുടങ്ങിയ ബസ്‌ പെട്ടെന്ന് നിന്നു. ഡോര്‍ തുറന്നു കയറി വരുന്ന മുഖ്യ പ്രഭാഷകയെ കണ്ട അയാള്‍ ഭാര്യയെ വിളിച്ചു കാണിച്ചു. സീറ്റിനരികെ വന്നു നിന്ന അവരോടു അയാളൊന്നു പുഞ്ചിരിച്ചെങ്കിലും രൂക്ഷമായൊരു നോട്ടമായിരുന്നു മറുപടി.

"നാണമില്ലേടോ....സ്ത്രീകളുടെ സീറ്റില്‍ കേറി ഞെളിഞ്ഞിരിക്ക്യാ. എന്നിട്ട് അവര് വരുമ്പോ എണീറ്റ്‌ കൊടുക്കാതെ ഒരുളുപ്പുലാതെ ഇളിക്ക്യേം ചെയ്യാ... എണീക്കെടോ..."

ബസ്‌ മുഴുവന്‍ കിടുക്കുന്ന ആ ശബ്ദപ്രവാഹത്തില്‍  അയാള്‍ തരിച്ചിരുന്നു പോയി. അവര്‍ക്കൊപ്പം ബസിലെ വര്‍ഗ്ഗബോധമില്ലാത്ത പുരുഷ കേസരികള്‍ കൂടി ചേര്‍ന്നപ്പോള്‍ അയാള്‍ക്ക്‌ ആ സീറ്റ്‌ ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു. കാരണം അയാളിരുന്ന സീറ്റ്‌  പുരുഷന്മാര്‍ക്ക് തുല്യരായ, അല്ലെങ്കില്‍ ഒരുപടി മുകളിലുള്ള,  സ്ത്രീകള്‍ക്കായി "സംവരണം" ചെയ്യപ്പെട്ടതായിരുന്നു.   











No comments:

Post a Comment