Monday 18 November 2013

രേഖാചിത്രം

ചാറ്റല്‍ മഴയുള്ളോരു സായാഹ്നമായിരുന്നു അത്. പ്ലാറ്റ്ഫോമിലെത്തിയപ്പോഴേക്കും ട്രെയിൻ നീങ്ങി തുടങ്ങിയിരുന്നു. കൈയിലുള്ള സീസണ്‍ ടിക്കറ്റിന്‍റെ ബലത്തില്‍ സ്ലീപര്‍ കോച്ചിലേക്ക് ഓടി കയറുമ്പോഴേക്കും മഴ കനത്തു. കമ്പാർട്ട്മെന്റിൽ സാമാന്യം തിരക്കുണ്ടായിരുന്നെങ്കിലും മഴച്ചാറലിൽ നനഞ്ഞ് ആർക്കും വേണ്ടാതെ കിടന്ന ജനലരികിലെ ഒരു സീറ്റ്‌ കിട്ടി.

"വെള്ളം തെറിക്കുന്നത് കണ്ടില്ലെടോ?? ആ ഗ്ലാസ്‌ താഴ്ത്തിക്കെ."

എനിക്കരികിലിരുന്ന 'മാന്യന്‍' കയര്‍ത്തു.

തൊട്ടു മുന്നിലിരുന്ന യാത്രികനെ അപ്പോഴാണ് ശ്രദ്ധിച്ചത്. മുഖത്തേക്ക് തെറിച്ചു വീഴുന്ന മഴ തുള്ളികളെ ഗൌനിക്കാതെയുള്ള യാത്ര ഒരു കാലത്ത് ഞാനും ഇഷ്ടപ്പെട്ടിരുന്നു. ജനലുകള്‍ അടക്കുന്നതും തുറക്കുന്നതുമായി ബന്ധപ്പെട്ട് ട്രെയിനിലും ബസിലുമൊക്കെ സ്ഥിരമായുണ്ടാകാറുള്ള കശപിശ പ്രതീക്ഷിച്ച എന്നെ തിരുത്തി കൊണ്ട് യാതൊരു ഭാവഭേദവും കൂടാതെ ജനാല ചില്ല് താഴ്ത്തി പുറത്തേക്കു നോക്കിയിരുന്ന അയാളിൽ എന്തോ ഒരു പ്രത്യേകത എനിക്ക് തോന്നി.

പണ്ടെങ്ങോ സന്ദര്‍ശിച്ചു മടങ്ങിയ  വസൂരിയുടെ കലകള്‍ നിറഞ്ഞ ചെറിയ  മുഖം. കൂട്ടു പുരികം കുഴിയിലാണ്ട്‌ പോയ കണ്ണുകളെ കൂടുതല്‍ വികൃതമാക്കുന്നു. താടിമീശയെന്നു വിളിക്കാനകാത്ത വിധം അങ്ങിങ്ങ് ചിതറി കിടന്ന രോമങ്ങള്‍. കറ പിടിച്ച പല്ലുകളും മുഷിഞ്ഞ വസ്ത്രവും പാറിപ്പറക്കുന്ന മുടിയുമൊക്കെ കൂടെ അയാളെ ആ "ഉയര്‍ന്ന ക്ലാസ്സ്‌" കോച്ചിന് അനുയോജ്യനല്ലതാക്കിയത്  പോലെ. ചുറ്റുമുള്ള മാന്യ വസ്ത്രധാരികളുടെ നോട്ടം എന്‍റെ തോന്നലിനെ ശരി വെച്ചു.

കയ്യിലെ കല്ലുകളുടെ താളത്തിനൊപ്പം തമിഴ്‌ ഈണത്തിലുള്ള ഹിന്ദി പാട്ടുകളുമായി നിശബ്ദത ഭേദിച്ച് കയറി വന്ന പയ്യന്‍ പുതിയൊരു ചര്‍ച്ചക്ക് വഴിമരുന്നിട്ടു. പിഞ്ചു കുഞ്ഞുങ്ങളെ തട്ടി കൊണ്ട് പോയി ഭിക്ഷാടനം നടത്തി കാശ് വാരുന്ന വമ്പന്‍ റാക്കറ്റുകളെ പറ്റി; ട്രെയിനില്‍ ഭിക്ഷാടനം നിരോധിക്കാനാവാത്ത റെയില്‍വെയുടെ കഴിവ് കേടിനെ പറ്റിയൊക്കെ ചുറ്റിലുമുള്ള 'മാന്യന്‍മാര്‍' ഘോരഘോരം സംസാരിച്ചു. അതിനിടയിലേക്ക്    നീണ്ടു വന്ന ശോഷിച്ച കയ്യ് ആരും ശ്രദ്ധിച്ചില്ല.

"ദിവസവും ആയിരങ്ങളാ ഇവറ്റയൊക്കെ സമ്പാദിക്കണെ. നമ്മളൊക്കെ രാവും പകലും പണിയെടുത്താ കിട്ട്വോ അത്രേം??? ഇതിനൊക്കെ കാശു കൊടുക്കുന്നത് തന്നെ ഒരു പ്രോത്സാഹനമാ."

കൂട്ടത്തില്‍ മുതിര്‍ന്ന മാന്യന്‍ പ്രസ്താവിച്ചു.

നോട്ടുകള്‍ക്കിടയില്‍ പരതിയപ്പോള്‍  കയ്യില്‍ തടഞ്ഞ നാണയം ഞാന്‍ അതെ പോലെ പോക്കെറ്റിലിട്ടു. അപ്പോഴാണ് മുന്നിലിരിക്കുന്ന  'അയോഗ്യന്‍' ഒരു നാണയ൦ ആ കയ്യിലെക്കിട്ടു കൊടുത്തത്‌.

"സാറന്മാരെ..അന്ത കൊളന്തകള്‍ നൂറും ആയിരമോന്നും സമ്പാദിക്കലെ.ഒരു രൂപ കെടച്ചാ സായംകാലം ഒരടി കുറയും.ഉങ്കള്‍ക്കെല്ലാം അന്ത ഒറ്റ രൂപ ഒന്നുമാകാതു.  ആനാ അവര്‍ക്കത്‌ റൊമ്പ മുഖ്യം.സാമിക്ക് കൊടുക്കതിലും പുണ്യം കെടക്കും."

ആ ശബ്ദം സൌമ്യമായിരുന്നെങ്കിലും വാക്കുകള്‍ക്കു വലാത്ത മൂര്‍ച്ച തോന്നി. എവിടൊക്കെയോ കുത്തി നോവിച്ച പോലെ. മാന്യന്മാര്‍ ചര്‍ച്ച വരാനിരിക്കുന്ന ബജറ്റ് പ്രഖ്യാപനത്തിലേക്ക് വ്യാപിപിച്ചു.

"എന്താ പേര്?"   ഞാന്‍ ചോദിച്ചു.

"മുത്തുവേല്‍...ഉങ്ക പേര്?"

ഞാനെന്‍റെ പേര് പറഞ്ഞു. ആ സംസാരം ഞങ്ങള്‍ക്കിടയിലെ അകല൦ പതുക്കെ ഇല്ലാതാക്കി തുടങ്ങി.

സ്വന്തം ഭാര്യയെ തേടിയുള്ള യാത്രയിലായിരുന്നു അയാള്‍. കേരള-തമിഴ്‌നാട്‌ അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തിലായിരുന്നു എഴുത്തുകാരനായ അയാള്‍ ഭാര്യയോടൊപ്പം താമസിച്ചിരുന്നത്. മണ്ണ് കുഴച്ചു പാത്രങ്ങളും ചട്ടികളും ഉണ്ടാക്കി വില്‍ക്കുന്ന ചെട്ടികളായിരുന്നു ചുറ്റിലും. ഒരു ദിവസം  അങ്ങാടിയില്‍ പാത്രങ്ങള്‍ വിറ്റ് തിരികെ വന്ന അവര്‍ കണ്ടത് ഇടിച്ചു നിരപ്പാക്കിയ പാര്‍പ്പിടങ്ങളാണ്.  വില്‍ക്കും. തലമുറകളായി അവര്‍ താമസിച്ചു പോന്ന ഊര് കൈയേറ്റ ഭൂമിയാണത്രെ. പിന്നെയൊരു സമര കാലമായിരുന്നു. അവരുടെ ഊര് നികത്തി വരാന്‍ പോകുന്ന കമ്പനിക്കെതിരെ കൂട്ടു നിന്ന രാഷ്ട്രീയക്കാര്‍ക്കെതിരെ നടന്ന വമ്പിച്ച ജനകീയ സമരത്തിനു മുന്നില്‍ മുത്തുവേലും ഭാര്യയുമുണ്ടായിരുന്നു. പത്ത്  പേര്‍ മരിച്ച പോലീസ് അഴിഞ്ഞാട്ടത്തിലാണ് അയാള്‍ ഭാര്യയുമായി വേര്‍പെട്ടു പോയത്. മാസങ്ങളോളം ബോധമറ്റ് തമിഴ്നാട്ടിലെ വിവിധ ആശുപത്രികളില്‍ അയാള്‍ കഴിഞ്ഞു. ബോധം വന്നപ്പോഴാണ് കൂട്ടാളികളില്‍ നിന്നും മാവോയിസ്റ്റ് ബന്ധം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ഭാര്യയെ പറ്റി അറിഞ്ഞത്. കണ്ണൂരിലെ ജയിലിലുള്ള അവരെ തേടിയാണ് ഈ യാത്രയും. പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. സ്വന്ത൦ ഭാര്യയെ തേടിയുള്ള ഒരെഴുത്തുകാരന്‍റെ യാത്രയെ പറ്റി ഈയിടെ വായിച്ചത് എനിക്കോര്‍മ വന്നു.

ഏതോ സ്റ്റേഷനില്‍ വണ്ടി നിന്നു. പെട്ടെന്ന് കുറെ പോലീസുകാര്‍ കയറി വന്നു മുതുവേലിനെ പിടിച്ചെണീപ്പിക്കുന്നു കയ്യില്‍ വിലങ്ങണിയിക്കുന്നു. എനിക്കൊന്നും മനസിലായില്ല.

"എന്തിനാ ഇയാളെ അറസ്റ്റ് ചെയുന്നെ?? എന്താ പ്രശ്നം?"

ചോദിക്കാതിരിക്കാനായില്ല. 

മറുപടിയായി പോലീസുകാരന്‍ ഉയര്‍ത്തി കാട്ടിയ രേഖാചിത്രത്തിനു മുതുവേലിന്‍റെ മുഖച്ചായയായിരുന്നു.

Sunday 10 November 2013

ചന്ദ്രയാൻ

എയർപോർട്ടിന് പുറത്ത് തന്നെ സ്വീകരിക്കാൻ കാത്തു നിന്നവരോടും ഒപ്പമുള്ള മാധ്യമപ്പടയോടും ഹ്രസ്വമായ ഭാഷയിൽ നന്ദി അറിയിച്ചു കൊണ്ട്, അവരണിയിച്ച മാലയും പൂച്ചെണ്ടുമായി അയാൾ കാറിലേക്ക് കയറി. ചുറ്റിലും മിന്നി മറയുന്ന ക്യാമറ ഫ്ലാഷുകള്‍ക്കിടയിലൂടെ കാര്‍ മുന്നോട്ട് നീങ്ങി.

ആ ദിവസം അയാൾക്ക്‌ ഏറെ പ്രിയപ്പെട്ടതായിരുന്നു. കെട്ടിച്ചമക്കപ്പെട്ട ചാരക്കേസും തുടർ പരാജയങ്ങളും കരിനിഴൽ വീഴ്തിയ ഔദ്യോഗിക ജീവിതത്തിൽ അംഗീകാരത്തിന്‍റെ നറുനിലാവുദിച്ച ദിനം. അന്ന് പുലർച്ചെയാണ് ചന്ദ്രനിലെ ജലസ്ത്രോതസ്സു തേടിയുള്ള പേടകം അയാളും സംഘവും വിജയകരമായി വിക്ഷേപിച്ചത്. ഈ ഒരു ദിവസത്തിന് വേണ്ടിയാണ്  മരണത്തോട് മല്ലിടുന്ന ഭാര്യയെ പോലും തനിച്ചാക്കി  അയാൾ രാപകൽ  അധ്വാനിച്ചത്. രാജ്യദ്രോഹിയിൽ നിന്നും രാഷ്ട്രത്തിന്‍റെ  അഭിമാന-പുരുഷനിലേക്കുള്ള ദൂരം ഏറെയായിരുന്നു. ഉദിച്ചു നില്‍ക്കുന്ന പൂർണ്ണചന്ദ്രനെ കണ്ടു കൊണ്ട്,  കാറിന്‍റെ  പിൻസീറ്റില്‍ അയാള്‍ മയക്കത്തിലേക്ക് വഴുതി വീണു.

" എന്താ നിർത്ത്യെ?? " 
ഉറക്കം നഷ്ടമായ ഈർഷ്യയോടെ  അയാൾ ചോദിച്ചു.
" മുഴുവൻ  ബ്ലോക്കാ സാറേ. എന്താന്നറീല്ല" 

അപ്പോഴേക്കും എസ്കോര്‍ട്ട് വന്ന പോലീസ് ജീപ്പില്‍ നിന്നും ഒരു പോലീസുകാരന്‍ ഇറങ്ങി കാറിനടുത്തെക്ക് വന്നു. 

" വൈപ്പിൻകാരുടെ റോഡ്‌ ഉപരോധമാണ്  സാര്‍. കൂടുതല്‍ ഫോര്‍സിനെ വിളിച്ചിട്ടുണ്ട്. .ഇപ്പൊ ഒഴിവാകും."

ചില്ല് താഴ്ത്തിയ ഡ്രൈവറുടെ ജനാലയിലൂടെ തലയിട്ടു കൊണ്ട് ചെറുപ്പക്കാരന്‍ പോലീസുകാരന്‍ പറഞ്ഞു.

"എത്ര കാലായി...പാവങ്ങള്..."

ജനാലയുടെ ചില്ല് ഉയര്‍ത്തിക്കൊണ്ട് ഡ്രൈവര്‍ ആരോടെന്നില്ലാതെ പറഞ്ഞു.
" എന്തിനാ ഉപരോധം?? "

 " കുടിവെള്ള  പ്രശ്നാ സാറേ. അവരിത്  തുടങീട്ടെത്ര കാലായി. ഒരു കാര്യോല്ല. മാറി മാറി ഭരിക്കുന്നോരോക്കെ വോട്ട് പിടിക്കാന്‍ വരുമ്പോ ഒറപ്പ് കൊടുക്കും. ഭരണം കിട്ടിയാ മറക്കും.  ഇവടെ ചന്ദ്രനിലും ചൊവ്വെലുമൊക്കെ വെള്ളണ്ടോന്നു നോക്കാൻ എല്ലാർക്കും കാശുണ്ട് സമയോണ്ട്. അവറ്റകൾക്ക് ഇത്തിരി വെള്ളമെത്തിക്കാൻ ആർക്കും വയ്യ. ....ആ നീങ്ങി തുടങ്ങീലോ.."
അയാൾ വണ്ടി മുന്നോട്ടെടുത്തു. 
റോഡില്‍  ചിതറി കിടന്ന പല നിറങ്ങളിലുള്ള പ്ലാസ്റ്റിക്‌ കുടങ്ങളെ ചതച്ചരച്ചു കൊണ്ട് കാര്‍ മുന്നോട്ടു പാഞ്ഞു. റോഡരികില്‍ നിര്‍ത്തിയിട്ട  പോലീസ്  വാനിലേക്ക് വരിയായി കയറുന്നവരില്‍ വൃദ്ധരും സ്ത്രീകളും കുട്ടികളുമെല്ലാമുണ്ട്. അപ്പോഴേക്കും, ചന്ദ്രബിംബം മാനത്ത് നിറഞ്ഞ കാര്‍മേഘങ്ങൾക്ക് പുറകിലെവിടെയോ പോയി മറഞ്ഞിരുന്നു.

Sunday 10 February 2013

ആക്സിഡന്റ്

"ഡാ...ചായ എടുത്ത് വെച്ചിട്ടുണ്ട്.കുടിച്ചിട്ട് പോ.." കാര്‍ ഗേറ്റ് കടക്കുമ്പോള്‍ അകത്തു നിന്നും അമ്മ വിളിച്ചു പറയുന്നുണ്ടായിരുന്നു..ഇപ്പൊ തന്നെ സമയം നാല് മണി കഴിഞ്ഞു....നാലരയ്ക്കാണ് ഷോ...ഊണ് കഴിഞ്ഞു മയങ്ങിയതാ പണിയായത്.ഇന്നേതായാലും അവന്‍റെ വായിലിരിക്കുന്നത് മുഴുവന്‍ കേള്‍ക്കേണ്ടി വരും...

ചാറ്റല്‍ മഴയുണ്ട്.വാഹനങ്ങള്‍ പൊതുവേ കുറവ്‌.... ..........,.സ്പീഡോമീറ്റെറിന്‍റെ സൂചി തൊണ്ണൂര്‍ തൊട്ടു.സിഗ്നല്‍ ഗ്രീന്‍ ആണ്.ദൂരെ നിന്നെ കണ്ടു.കത്തിച്ചു വിട്ടിലെങ്കില്‍ കുറച്ചു നേരം സിഗ്നലില്‍ കിടക്കേണ്ടി വരും.കാല്‍ ആക്സിലെറ്ററില്‍ അമര്‍ന്നു.പെട്ടെന്നാണ് ഒരാള്‍ റോഡിലേക്കു കയറി നിന്ന് കൈ നീട്ടുന്നത് ശ്രദ്ധിച്ചത്.കാര്‍ അയാളെ കടന്നു മുന്നോട്ടു ചെന്നാണ് നിന്നത്.അയാള്‍ ഓടി വരുന്നുണ്ട്.പുറകിലായി ഒരാള്‍കൂട്ടം.എന്തോ ആക്സിടെന്‍റ് ആണെന്ന് തോന്നുന്നു.പെട്ടെന്നാണ് സിനിമയുടെ കാര്യം ഓര്‍മ  വന്നത്.അവര്‍ക്ക് വേറെ വല്ല വണ്ടിയും കിട്ടും.കാല്‍ വീണ്ടും ആക്സിലെറ്ററില്‍ അമരുമ്പോള്‍ മഴ തകര്‍ത്തു പെയ്യാന്‍ തുടങ്ങിയിരുന്നു.

തിയെറ്ററില്‍ എത്തിയപ്പോഴേക്കും പടം തുടങ്ങിയിരുന്നു.വണ്ടി പാര്‍ക്ക്‌ ചെയ്ത് അവന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു.റിംഗ് ചെയ്യുന്നതലാതെ അവന്‍ എടുക്കുന്നില്ല. ഒരുപാടു തവണ ശ്രമിച്ചു നോക്കി.മെസ്സേജിനു൦മറുപടിയില്ല.എത്താന്‍ വൈകി എന്ന് വെച്ച്...ഇത് കുറച്ചു കൂടി പോയി..ഇന്‍റര്‍വെല്‍ ആവട്ടെ പണി അപ്പൊ കൊടുക്കാം.സ്നാക്ക്സ് ബാറില്‍ നിന്നും ഒരു കാപ്പി വാങ്ങി അവിടെ സോഫയില്‍ പോയിരുന്നു.പുറത്ത്‌ മഴ തകര്‍ക്കുന്നുണ്ട്.

"ഹലോ....ഡാ...നീയെവിടാ..?? " മറുപടിയില്ല..."ഡാ..ഹലോ..."

"ഹലോ" അപ്പുറത്ത് ഒട്ടും പരിചിതമല്ലാത്ത ശബ്ദം.

"ഹലോ...രോഹന്‍ എവിടെ?? നിങ്ങള്‍?? "

"മോനെ..നിങ്ങള്‍ ആ പയ്യന്‍റെ സുഹൃത്താണോ?"

"അതെ..എന്താ?"

"അവനൊരു ആക്സിടെന്‍റ് പറ്റി...പേടിക്കാന്‍ ഒന്നുല.ഇപ്പൊ ഇവടെ സിറ്റി ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തിരിക്യ.."

അയാള്‍ പറഞ്ഞു മുഴുമിപ്പിക്കു൦ മുന്‍പേ ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു.
ഹോസ്പിറ്റലില്‍ എങ്ങനെ എത്തിയെന്നറിയില്ല.ഐ സി യു വിന്‍റെ വാതില്‍ക്കല്‍ തളര്‍ന്നിരിക്കുന്ന അവന്‍റെ അച്ഛനും അമ്മയും...ചുറ്റിലും ഒരുപാടു പരിചിത മുഖങ്ങള്‍... കുറെ ചോദ്യങ്ങള്‍....... """"""""",,,,,,,,,,,വേച്ചു വേച്ചു ഞാന്‍ തിരിഞ്ഞു നടക്കവേ ഒരു മധ്യ വയസ്ക്കന്‍ എന്‍റെ തോളില്‍ കൈ വെച്ചു.

"എന്നോടാണ് മോനെ നീ കുറച്ചു നേരത്തെ ഫോണില്‍ സംസാരിച്ചത്‌.,,മഴ ആയത് കൊണ്ട് വാഹനം കിട്ടാന്‍ ഒരുപാടു ബുദ്ധിമുട്ടി.കുറച്ചു വൈകിപോയെന്നാ ഡോക്റ്റര്‍ പറഞ്ഞത്‌,.ഇനിയെല്ലാം ദൈവത്തിന്‍റെ കയ്യിലാ..."

പടികളിറങ്ങുമ്പോള്‍ എന്‍റെ കാറിനു കൈ നീട്ടിയത് അയാളായിരുന്നു...എന്‍റെ രോഹന്‍.. .ഞാന്‍ കാരണം.......

ഞെട്ടിയുണരുമ്പോള്‍ ചുറ്റിലും ആകെ ബഹളം..ഇന്‍റെര്‍വെല്‍ ആയി.    പോക്കെറ്റില്‍ കിടന്നു ഫോണ്‍ റിംഗ് ചെയുന്നു.

"ഡാ..എവിടെയാ നീ?? അയാം റിയലി സോറി ഡിയര്‍.....,,തിയെറ്ററിലേക്ക് വരുമ്പോ വഴിയില്‍ ഒരാള്‍ വണ്ടിക്കു കൈ നീട്ടി..നോക്കുമ്പോ ഒരു ആക്സിടെന്‍റ് കേസ് ആണ്.മഴ ആയത് കൊണ്ട് വണ്ടി കിട്ടാതെ ബുദ്ധിമുട്ടി നില്‍കയിരുന്നു.ഒഴിയാന്‍ തോന്നിയില്ല...സമയത്ത് എത്തിയത് കൊണ്ട് പയ്യന്‍ രക്ഷപെടുമെന്ന ഡോക്റ്റര്‍ പറഞ്ഞെ..ആകെ തിരക്കായിരുന്നു.അതാ നിന്‍റെ കാള്‍ എടുക്കാന്‍ പറ്റാഞ്ഞെ.. ദേഷ്യത്തിലാ?? നീ ഒരു കാര്യം ചെയ്യ് ...വീട്ടിലേക്ക് വാ...ഞാന്‍ ഒന്ന് ഫ്രഷ്‌ ആവട്ടെ. നമുക്ക് സെക്കന്‍റ് ഷോക്കു പോകാം.

ബൈ പറഞ്ഞു ഫോണ്‍ വെക്കുമ്പോഴും യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്നു എനിക്കു മനസ്സിലായിരുന്നില്ല.

ഇന്‍റെര്‍വെല്‍ തീര്‍ന്ന ബെല്‍ അടിച്ചു.ആളുകള്‍ അകത്തേക്ക് കയറി തുടങ്ങി.ഞാന്‍ പുറത്തേക്കും.

പുറത്ത്‌ മഴ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു......