Sunday 10 November 2013

ചന്ദ്രയാൻ

എയർപോർട്ടിന് പുറത്ത് തന്നെ സ്വീകരിക്കാൻ കാത്തു നിന്നവരോടും ഒപ്പമുള്ള മാധ്യമപ്പടയോടും ഹ്രസ്വമായ ഭാഷയിൽ നന്ദി അറിയിച്ചു കൊണ്ട്, അവരണിയിച്ച മാലയും പൂച്ചെണ്ടുമായി അയാൾ കാറിലേക്ക് കയറി. ചുറ്റിലും മിന്നി മറയുന്ന ക്യാമറ ഫ്ലാഷുകള്‍ക്കിടയിലൂടെ കാര്‍ മുന്നോട്ട് നീങ്ങി.

ആ ദിവസം അയാൾക്ക്‌ ഏറെ പ്രിയപ്പെട്ടതായിരുന്നു. കെട്ടിച്ചമക്കപ്പെട്ട ചാരക്കേസും തുടർ പരാജയങ്ങളും കരിനിഴൽ വീഴ്തിയ ഔദ്യോഗിക ജീവിതത്തിൽ അംഗീകാരത്തിന്‍റെ നറുനിലാവുദിച്ച ദിനം. അന്ന് പുലർച്ചെയാണ് ചന്ദ്രനിലെ ജലസ്ത്രോതസ്സു തേടിയുള്ള പേടകം അയാളും സംഘവും വിജയകരമായി വിക്ഷേപിച്ചത്. ഈ ഒരു ദിവസത്തിന് വേണ്ടിയാണ്  മരണത്തോട് മല്ലിടുന്ന ഭാര്യയെ പോലും തനിച്ചാക്കി  അയാൾ രാപകൽ  അധ്വാനിച്ചത്. രാജ്യദ്രോഹിയിൽ നിന്നും രാഷ്ട്രത്തിന്‍റെ  അഭിമാന-പുരുഷനിലേക്കുള്ള ദൂരം ഏറെയായിരുന്നു. ഉദിച്ചു നില്‍ക്കുന്ന പൂർണ്ണചന്ദ്രനെ കണ്ടു കൊണ്ട്,  കാറിന്‍റെ  പിൻസീറ്റില്‍ അയാള്‍ മയക്കത്തിലേക്ക് വഴുതി വീണു.

" എന്താ നിർത്ത്യെ?? " 
ഉറക്കം നഷ്ടമായ ഈർഷ്യയോടെ  അയാൾ ചോദിച്ചു.
" മുഴുവൻ  ബ്ലോക്കാ സാറേ. എന്താന്നറീല്ല" 

അപ്പോഴേക്കും എസ്കോര്‍ട്ട് വന്ന പോലീസ് ജീപ്പില്‍ നിന്നും ഒരു പോലീസുകാരന്‍ ഇറങ്ങി കാറിനടുത്തെക്ക് വന്നു. 

" വൈപ്പിൻകാരുടെ റോഡ്‌ ഉപരോധമാണ്  സാര്‍. കൂടുതല്‍ ഫോര്‍സിനെ വിളിച്ചിട്ടുണ്ട്. .ഇപ്പൊ ഒഴിവാകും."

ചില്ല് താഴ്ത്തിയ ഡ്രൈവറുടെ ജനാലയിലൂടെ തലയിട്ടു കൊണ്ട് ചെറുപ്പക്കാരന്‍ പോലീസുകാരന്‍ പറഞ്ഞു.

"എത്ര കാലായി...പാവങ്ങള്..."

ജനാലയുടെ ചില്ല് ഉയര്‍ത്തിക്കൊണ്ട് ഡ്രൈവര്‍ ആരോടെന്നില്ലാതെ പറഞ്ഞു.
" എന്തിനാ ഉപരോധം?? "

 " കുടിവെള്ള  പ്രശ്നാ സാറേ. അവരിത്  തുടങീട്ടെത്ര കാലായി. ഒരു കാര്യോല്ല. മാറി മാറി ഭരിക്കുന്നോരോക്കെ വോട്ട് പിടിക്കാന്‍ വരുമ്പോ ഒറപ്പ് കൊടുക്കും. ഭരണം കിട്ടിയാ മറക്കും.  ഇവടെ ചന്ദ്രനിലും ചൊവ്വെലുമൊക്കെ വെള്ളണ്ടോന്നു നോക്കാൻ എല്ലാർക്കും കാശുണ്ട് സമയോണ്ട്. അവറ്റകൾക്ക് ഇത്തിരി വെള്ളമെത്തിക്കാൻ ആർക്കും വയ്യ. ....ആ നീങ്ങി തുടങ്ങീലോ.."
അയാൾ വണ്ടി മുന്നോട്ടെടുത്തു. 
റോഡില്‍  ചിതറി കിടന്ന പല നിറങ്ങളിലുള്ള പ്ലാസ്റ്റിക്‌ കുടങ്ങളെ ചതച്ചരച്ചു കൊണ്ട് കാര്‍ മുന്നോട്ടു പാഞ്ഞു. റോഡരികില്‍ നിര്‍ത്തിയിട്ട  പോലീസ്  വാനിലേക്ക് വരിയായി കയറുന്നവരില്‍ വൃദ്ധരും സ്ത്രീകളും കുട്ടികളുമെല്ലാമുണ്ട്. അപ്പോഴേക്കും, ചന്ദ്രബിംബം മാനത്ത് നിറഞ്ഞ കാര്‍മേഘങ്ങൾക്ക് പുറകിലെവിടെയോ പോയി മറഞ്ഞിരുന്നു.

No comments:

Post a Comment